മലയാളസാഹിത്യകാരന്മാർ
|
Contents
ഇ ഹരികുമാർ
സാഹിത്യവാരഫലം 1986 03 16
ഞാന്‍ കുഞ്ഞുനാളില്‍ നിലവിളക്കിനടുത്തിരുന്നാണു് “പൂ, പൂച്ച, പൂച്ചട്ടി” എന്നു് ഒന്നാംപാഠം വായിച്ചിരുന്നതു്. കാലം കഴിഞ്ഞപ്പോള്‍ എന്റെ നാട്ടില്‍ വിദ്യുച്ഛക്തിയുടെ പ്രകാശം വന്നു. ഭാഗ്യമുള്ളവര്‍ക്കു മാത്രം ലഭിച്ചിരുന്നു ആ പ്രകാശം. അപ്പോഴും സെക്കന്‍ഡ് ഫോമില്‍ പഠിച്ചിരുന്ന ഞാന്‍ മണ്ണെണ്ണ വിളക്കിന്റെ മുന്‍പിലിരുന്നാണു് വായിച്ചത്. ഇ.വി. കൃഷ്ണപിള്ള പറയുന്നതു പോലെ മണ്ണെണ്ണ വിളക്കിനു് ഒരു വലിയ ദോഷമുണ്ടായിരുന്നു. എങ്ങോട്ടു തിരിച്ചു വച്ചാലും അതിന്റെ കരിപ്പുക അടുത്തിരിക്കുന്നവന്റെ മൂക്കില്‍ത്തന്നെ കയറും. ഇന്നു്, മഹാകവി പറഞ്ഞ രീതിയില്‍ “സ്ഫാടിക മൂടുപടത്തിലൂടെ എന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്ന” മേശവിളക്കിന്റെ അടുത്തിരുന്നു് എഴുതുന്നു വായിക്കുന്നു. അവളെ തൊട്ടാല്‍ തൊടുന്നവന്‍ ഭസ്മം. നിലവിളക്കിന്റെ ദീപനാളത്തിലൂടെ വിരലോടിക്കാം. ചൂടു പോലും അനുഭവപ്പെടില്ല. മണ്ണെണ്ണ വിളക്കിന്റെ തിരിയില്‍ മൂക്കുത്തിക്കല്ലു പോലെ ചുവന്ന കല്ലുകള്‍ ഉണ്ടാകും. വിരലു കൊണ്ടു തട്ടിക്കളയാം. പൊള്ളുകില്ല. മാറ്റം. സര്‍വത്ര മാറ്റം. ജലദോഷപ്പനി വന്നാല്‍ പണ്ടു കരുപ്പട്ടിക്കാപ്പിയായിരുന്നു ദിവ്യമായ ഔഷധം. ഒരു ചക്രം (പതിനാറുകാശു്) ചെലവു്. ഇന്നു് ആന്റി ബയോട്ടിക്സ്, ഡോക്ടറുടെ ഫീ ഉള്‍പ്പെടെ രൂപ ഇരുന്നൂറു വേണം. കുട്ടിക്കാലത്തു് അമിട്ടു പൊട്ടുന്നതു് ആദരാദ്ഭുതങ്ങളോടെ നോക്കി നിന്നിട്ടുണ്ടു്. ഇന്നു് ചൊവ്വയിലേക്കു പോകുന്ന ഉപകരണത്തെ വേണമെങ്കില്‍ എനിക്കു കാണം. വിവാഹം കഴിഞ്ഞു് ഒരു കാളവണ്ടിയില്‍ കയറിയാണു് ഞാനും വധുവും പുതിയ താമസസ്ഥലത്തേക്കു പോകുന്നതു്. വധുവിന്റെ പുടവക്കസവിന്റെ സ്വര്‍ണ്ണപ്രഭ നയനങ്ങള്‍ക്കു് ആഹ്ലാദം പകര്‍ന്നു. ഇന്നത്തെ വരനും വധുവും അമേരിക്കയിലേക്കു പറക്കുന്നു. അവളുടെ ഫോറിന്‍ സാരിക്കു തീക്ഷ്ണശോഭ. അന്നു നാണിച്ചു് തല താഴ്ത്തിയിരുന്നു വധു. ഇന്നു് അവള്‍ തൊട്ടടുത്തിരുന്നുകൊണ്ടു് ‘ഹലോ ഡിയര്‍’ എന്നു വിളിക്കുന്നു. ലജ്ജയുടെ മൂടുപടം നീക്കി സൗന്ദര്യാതിശയം കണ്ടിരുന്നു എന്റെ യൗവന കാലത്തെ ചെറുപ്പക്കാര്‍, ഇന്നു് ലജ്ജയില്ല. മൂടുപടമില്ല. സൗന്ദര്യമുണ്ടെങ്കിലും പാരുഷ്യം. ഈ പാരുഷ്യം — വ്യക്തികള്‍ക്കുണ്ടായിരിക്കുന്ന പാരുഷ്യം — ലോകത്തിനാകെ ഉണ്ടായിരിക്കുന്നു. പണ്ടു് ലോകമാകെ ഒന്നു്. ഇന്നു് സാര്‍ത്ര് പറയുന്ന Otherness. ഈ മാറ്റത്തെ കലാത്മകമായി ചിത്രീകരിച്ചു് പ്രേമത്തിന്റെയും പ്രേമഭംഗത്തിന്റെയും പാരുഷ്യത്തിന്റെയും കഥ പറയുന്നു, ഹരികുമാര്‍ (കലാകൗമുദിയിലെ ‘നഗരം’ എന്ന കഥ). സമകാലിക ലോകത്തിന്റെ അന്ധകാരം ഇതിലുണ്ടു്. സ്നേഹനാട്യത്തിന്റെയും വഞ്ചനയുടെയും ചിത്രങ്ങള്‍ ഇതിലുണ്ടു്. വഞ്ചന മനുഷ്യനെ മൃഗീയതയിലേക്കു നയിക്കുന്നതിന്റെ ചിത്രങ്ങളും ഇതിലുണ്ടു്.
എ രാമചന്ദ്രന്‍
സാഹിത്യവാരഫലം 1987 03 01
ഒരു ദിവസം തിരുവനന്തപുരത്തെ ഇന്‍ഡ്യന്‍ കോഫി ഹൌസിലേക്കു ഞാന്‍ ചെന്നപ്പോള്‍ എം. കെ. കുമാരനും ചിത്രകാരന്‍ എ. രാമചന്ദ്രനും ഇവിടെ ഇരിക്കുന്നു. കൂടെ രണ്ടു മൂന്നുപേരുമുണ്ട്. കൂമാരന്‍, രാമചന്ദ്രന്‍ വരച്ച മയിലിന്റെ ചിത്രമെടുത്തു നിവര്‍ത്തി ആസ്വദിക്കുകയായിരുന്നു. നിസ്തുലമായ കലാശില്പമാണ് അതെന്ന് എനിക്കു തോന്നി. ഈ സംഭവത്തിനുശേഷം ഞാന്‍ രാമചന്ദ്രന്റെ അച്ഛന്‍ അച്ചുതന്‍ നായരെ കാണാന്‍ കുളത്തുരേക്കു പോയി. അപ്പോള്‍ രാമചന്ദ്രന്റെ അമ്മ പരാതി പറഞ്ഞു:— “ഇവന്‍ ചുവരാകെ പടംവരച്ചു വൃത്തികേടാക്കിയിരിക്കുന്നു” ഞാന്‍ നോക്കി. അസാധാരണമായ പ്രാഗൽഭ്യം വിളിച്ചോതുന്ന ചിത്രമാണ് ഓരോന്നും. ‘അമ്മേ, ഭവതി ധന്യയാണ്’ എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. രാമചന്ദ്രന്റെ സഹോദരന്‍ സുകുമാരന്‍ നായരെയും (ഇപ്പോഴത്തെ പ്രോവൈസ് ചാന്‍സലര്‍) കാണാനാണ് ഞാന്‍ പോയത്. എന്നെ അത്രകണ്ടു ഇഷ്ടപ്പെടാത്ത രാമചന്ദ്രന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി. എങ്കിലും കലാകാരനായ രാമചന്ദ്രനെ ഞാന്‍ വെറുത്തില്ല. ബഹുമാനിച്ചതേയുള്ളു. ഇന്ന് അദ്ദേഹം എത്രകണ്ടുയര്‍ന്നിരിക്കുന്നു എന്നത് ‘കലാകൗമുദി’യില്‍ നിന്നു ഗ്രഹിക്കാം. രാമചന്ദ്രന്റെ യയാതി എന്ന ചിത്രകലാ കാവ്യം നിരുപമമാണെന്ന് വി. രാധാകൃഷ്ണന്‍ എഴുതുന്നു. ആയിരിക്കും. കലാനുഭവത്തിന്റെ ആഹ്ലാദാതിരേകത്തില്‍ നിന്നേ ഉത്തരം വാക്കുകള്‍ ഉണ്ടാവൂ. ചിത്രകാരനായ എ. രാമചന്ദ്രനെയും ലേഖകനായ വി. രാധാകൃഷ്ണനെയും ഞാന്‍ സാദരം അഭിനന്ദിക്കുന്നു. മദ്ധ്യഹ്നമാണിപ്പോള്‍. സൂര്യന് എന്നോടെന്തിന് ഈ കോപം. എങ്കിലും ആ ഗോളത്തിന് എന്തൊരു ഔജ്ജ്വല്യം. ആ ഔജ്ജ്വല്യത്തിനു മുന്‍പില്‍ ആ കോപത്തെ ഞാന്‍ മറക്കുന്നു.
എൻ കൃഷ്ണപിള്ള
സാഹിത്യവാരഫലം 1986 05 18
സ്വര്‍ണ്ണമുരച്ചു നോക്കുന്നതു ചാണയിലാണു്. മൂല്യത്തിന്റെ നികഷോപലമോ? അതു് ജീവിതസംതൃപ്തിയാണ് ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സംതൃപ്തിയോടെ ജീവിക്കുന്ന പുരുഷരത്നമാണു് പ്രൊഫസര്‍ എന്‍. കൃഷ്ണപിള്ള. അദ്ദേഹം നാടകകര്‍ത്താവാനു്. നാടകരചനയില്‍ വിജയംവരിച്ചു എന്ന നിലയില്‍ സംതൃപ്തിയുണ്ടു് അദ്ദേഹത്തിനു്. അദ്ധ്യാപകന്‍, നിരൂപകന്‍, പ്രഭാഷകന്‍ ഈ നിലകളിലും വിജയ ശ്രീലാളിതനത്രേ കൃഷ്ണപിള്ളസ്സാര്‍. മനുഷ്യനെന്ന നിലയിലും അദ്ദേഹം പരിഗണനാര്‍ഹനായിരിക്കുന്നു. ആരെയും ദുഷിക്കാതെ അദ്ദേഹം നല്ല കര്‍മ്മങ്ങളില്‍ മുഴുകിജീവിക്കുന്നു. ഈ മണ്ഡലങ്ങളിലെല്ലാം സംതൃപ്തിയാര്‍ന്നതുകൊണ്ടു് അദ്ദേഹം സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നടക്കാറില്ല. ഇങ്ങോട്ടു വന്നുകയറുന്നതിനെപ്പോലും നിരാകരിക്കാനേ അദ്ദേഹത്തിനു് പ്രവണതയുള്ളു. അതിനാല്‍ മൂല്യവത്തായ ജീവിതമാണു് കൃഷ്ണപിള്ളസ്സാറിന്റേതെന്നു് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാം. അദ്ദേഹത്തിനു് എഴുപതുവയസ്സു് തികയുന്നു. ഈ സന്ദര്‍ഭത്തില്‍ ടി.എന്‍. ഗോപിനാഥന്‍ നായര്‍ അദ്ദേഹത്തിന്റെ സിദ്ധികളെ അവലോകനം ചെയ്തുകൊണ്ടു് മനോരമ ആഴ്ചപ്പതിപ്പില്‍ എഴുതിയിരിക്കുന്നു. സത്യത്തിന്റെ ദര്‍ശനം ആഹ്ളാദോയകമായതുകൊണ്ടു് ആ ലേഖനം എന്നെ ആഹ്ളാദിപ്പിച്ചു.
ഏതാനും ദിവസങ്ങള്‍ക്കുമുന്‍പു് പ്രസാധനം ചെയ്ത ‘പ്രതിപാത്രം ഭാഷണഭേദം’ എന്ന എന്‍. കൃഷ്ണപിള്ളയുടെ വിമര്‍ശനഗ്രന്ഥം തികച്ചും ഉജ്ജ്വലമാണു്. സി.വി. രാമന്‍പിള്ളയുടെ ചരിത്രനോവലുകളിലെ കഥാപാത്രങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഭാഷാപരമായ ‘ഇന്ററാക്ഷന്‍’ കൊണ്ടു് മറ്റൊരു ലോകം ആവിഷ്കൃതമാകുന്നതിനെ കലാപരമായ ദൃഢപ്രത്യയം ഉളവാകുമാറു് എടുത്തുകാണിക്കുന്ന ഈ ഗ്രന്ഥം കൃഷ്ണപിള്ളസ്സാറിന്റെ ‘മാഗ്നം ഓപസ്’ (മഹനീയമായ കൃതി) ആണെന്നു മാത്രം പറഞ്ഞാല്‍ പോരാ. മലയാള നിരൂപണ സാഹിത്യത്തിലെ അദ്വിതിയമായ ഗ്രന്ഥമാണതു്. മറ്റു ഭാരതീയ ഭാഷകളിലും ഇതുപോലൊരു കൃതികാണുമോ എന്നു സംശയം.
ഒ വി വിജയൻ
സാഹിത്യവാരഫലം 1985 11 10
ടെക്നിക്കിനു് അപ്പുറത്തുള്ള ഒരു മണ്ഡലത്തില്‍ സാഹിത്യകാരന്‍ എത്തുമ്പോഴാണു് അയാളെ യഥാര്‍ത്ഥത്തിലുള്ള സാഹിത്യകാരനായി കരുതുന്നതു് സമുദായമദ്ധ്യത്തിലെ താല്‍കാലിക ക്ഷോഭങ്ങളെ ആകര്‍ഷകമായി അവതരിപ്പിച്ചാല്‍ ബഹുജനപ്രീതിയുണ്ടാകും. പക്ഷേ ധൈഷണിക ജീവിതം നയിക്കുന്നവരുടെ അംഗീകാരം അയാള്‍ക്കു ലഭിക്കുകയില്ല. ഒ. വി. വിജയന്‍ ആ ക്ഷോഭങ്ങള്‍ക്കുമതീതമായുള്ള മണ്ഡലങ്ങളിലേക്കു ഭാവനകൊണ്ടു കടന്നുചെല്ലുന്നു. ഉള്‍ക്കാഴ്ചയുടെ അഗാധത എന്നു പറയുന്നതു് അതാണു്. അതു് ഒ. വി. വിജയനുള്ളതുകൊണ്ടാണു് അദ്ദേഹത്തെ സുപ്രധാനനായ കലാകാരനായി അഭിജ്ഞന്മാര്‍ കാണുന്നതു് കഥകളിലും ‘ഖസാക്കിന്റെ ഇതിഹാസ’മെന്ന നോവലിലും ഈ ‘അഗാധത’ പ്രദര്‍ശിപ്പിച്ച വിജയനെ ദില്ലിയില്‍ വച്ചു് കഥാകാരനായ വി. നടരാജന്‍ കാണുകയുണ്ടായി. ആ കൂടിക്കാഴ്ചയുടെ ആകര്‍ഷകത്വമുള്ള റിപ്പോര്‍ട്ടു് ‘ശ്രീരാഗം’ മാസികയുടെ രണ്ടാം ലക്കത്തിലുണ്ടു്.
എന്നും കാലത്തെഴുന്നേറ്റു് പെണ്‍കുട്ടി കണ്ണാടിജന്നലില്‍ മുഖമര്‍പ്പിച്ചു് പാതയിലേക്കു നോക്കുന്നു. പുതിയ മുഖം കാണാനുള്ള ആഗ്രഹമാണു് അവള്‍ക്കു്. പക്ഷേ, കാണുന്നതൊക്കെ മുന്‍പുകണ്ട മുഖങ്ങള്‍ അങ്ങനെയിരിക്കെ ഒരു നവയുവാവു വരുന്നു. എന്തൊരു സൗന്ദര്യം! പെണ്‍കുട്ടിയുടെ മുഖത്തു് അരുണിമ. രോമാഞ്ചം. അവള്‍ ജന്നല്‍ തുറന്നിട്ടു് അയാളെ നോക്കി ചിരിക്കുന്നു. യുവാവിന്റെ മുഖവും തിളങ്ങുന്നു. ഈ പെണ്‍കുട്ടിയാണു് മലയാള സാഹിത്യം. ഈ യുവാവാണു് ഒ.വി. വിജയന്‍.
കാമ്പിശ്ശേരി
സാഹിത്യവാരഫലം 1986 03 16
കാമ്പിശ്ശേരി കരുണാകരനെക്കുറിച്ചു് തോപ്പില്‍ കൃഷ്ണപിള്ള ജനയുഗം വാരികയിലെഴുതിയതു് വായിച്ചപ്പോള്‍ കാമ്പിശ്ശേരി വയലാര്‍ രാമവര്‍മ്മയോടു കൂടി ഞാന്‍ ജോലി നോക്കിയിരുന്ന സംസ്കൃത കോളേജില്‍ ഒരിക്കല്‍ വന്നതു് ഓര്‍മ്മിച്ചു. കാമ്പിശ്ശേരിക്കും രാമവര്‍മ്മയ്ക്കും സംസ്കൃതം നല്ലപോലെ അറിയാമായിരുന്നു. ഏതോ ഒരു സംസ്കൃത ഗ്രന്ഥം വേണമെന്നു പറഞ്ഞാണു് അവരെത്തിയതു്. കോളേജോഫീസിലെ ഒരു ക്ലാര്‍ക്ക് ഭംഗിയായി പാടുമായിരുന്നു. ശനിയാഴ്ചയായിരുന്നതിനാല്‍ വിദ്യാര്‍ത്ഥികളില്ല. ഞങ്ങൾ സ്റ്റാഫ് റൂമിലിരുന്നു. ക്ലാര്‍ക്കു് രാമവര്‍മ്മയുടെ ‘ശകുന്തളേ നിന്നെ ഓര്‍മ്മ വരും’ എന്ന പാട്ടു പാടി. അദ്ദേഹത്തിനു സന്തോഷമായി. കാമ്പിശ്ശേരി പതിഞ്ഞ ശബ്ദത്തില്‍ നേരമ്പോക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു. മൗലികതയുള്ള, കേട്ടാല്‍ ആരും സ്വയമറിയാതെ ചിരിച്ചു പോകുന്ന ഹൃദ്യങ്ങളായ ഹാസ്യോക്തികളായിരുന്നു കാമ്പിശ്ശേരിയുടേതു്. അങ്ങനെ ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്ത്തന്നെ അദ്ദേഹം എന്നോടു പറഞ്ഞു:“ഞാന്‍ സംസ്കൃത കോളേജിലാണു പഠിച്ചതു്. പ്രിന്‍സിപ്പലായിരുന്ന എന്‍. ഗോപാലപിള്ളസ്സാര്‍ എന്നെ കോളേജില്‍ നിന്നു് ഡിസ്മിസ് ചെയ്തു്. ആ ഫയലൊന്നു എടുത്തു തരുമോ?” അക്കാലത്തു് എനിക്കു പ്രിന്‍സിപ്പലിന്റെ ‘ചാര്‍ജ്ജ്’ ഉണ്ടായിരുന്നു. എങ്കിലും സര്‍ക്കാര്‍ ഫയല്‍ എടുത്തു കൊടുക്കുന്നതു ശരിയല്ലല്ലോ. അതുകൊണ്ടു് എനിക്കു കാമ്പിശ്ശേരിയോടു കള്ളം പറയേണ്ടതായിവന്നു. “ഇന്‍ഡിസിപ്ലിന്‍ സംബന്ധിച്ച ഫയലുകള്‍ മൂന്നു വര്‍ഷമേ സൂക്ഷിച്ചു വയ്ക്കൂ. അതിനു ശേഷം അവ കത്തിച്ചു കളയും. താങ്കളെ ഡിസ്മിസ് ചെയ്തതിനെ സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ കാണുകില്ല.” അദ്ദേഹം എന്നെ നോക്കി ഒന്നു ചിരിച്ചു. യാത്ര പറഞ്ഞു പോകുകയും ചെയ്തു. വയലാര്‍ രാമവര്‍മ്മ ആര്‍ഷ സംസ്കാരത്തിന്റെ മഹനീയതയെക്കുറിച്ചു എന്തൊക്കെയോ ഉദീരണം ചെയ്തു കൊണ്ടാണു് കോളേജിന്റെ പടിക്കെട്ടുകള്‍ ഇറങ്ങിയതു്. അവിശ്വാസം പ്രകടിപ്പിക്കുന്ന കണ്ണുകളില്‍ വിശ്വാസജനകമായി നോക്കാന്‍ കാമ്പിശ്ശേരിക്കു് അറിയാമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ സംശയത്തിന്റെ നിഴല്‍ പോലും ആ കണ്ണുകളില്‍ ഉണ്ടായിരിക്കില്ല. ജീവിതത്തെ ഹാസ്യാത്മകതയോടെ വീക്ഷിച്ച ആ നല്ല മനുഷ്യന്റെ തിരോധാനത്തില്‍ എനിക്കിന്നും വല്ലായ്മയുണ്ടു്.
ജി എന്‍ പണിക്കര്‍
സാഹിത്യവാരഫലം 1986 08 17
കഴിഞ്ഞകാലത്തിന്റെ കാല്പനിക ഭംഗിയും വര്‍ത്തമാനകാലത്തിന്റെ വാസ്തവികചാരുതയും ലയാത്മകമായ സംഭാഷണങ്ങളിലൂടെ ആവിഷ്കരിക്കാന്‍ ജി. എന്‍. പണിക്കര്‍ക്കുള്ള പ്രാഗല്ഭ്യത്തിനു ഉദാഹരണമായിട്ടുണ്ടു്. കലാകൗമുദിയിലെ അദ്ദേഹത്തിന്റെ ‘മാറി വീഴുന്ന രേഖകള്‍’ എന്ന ചെറുകഥ. യൗവനകാലത്തെ റൊമാന്‍റിക് അഹ്ലാദം. വര്‍ദ്ധക്യകാലത്തെ നിരാശത കലര്‍ന്ന സന്തോഷം. രണ്ടിനും വ്യാപകാവസ്ഥയുണ്ടു്. അവയെ സ്ഥൂലീകരിക്കാതെ ആകര്‍ഷകമായി കഥാകാരന്‍ ചിത്രീകരിക്കുന്നതു് നായികയുടെയും നായകന്റെയും വികാരം കലര്‍ന്ന സംഭാഷണത്തിലൂടെയാണു്. വിധിയെ ആര്‍ക്കു മാറ്റാന്‍ കഴിയും? കാലത്തിന്റെ വേഗത്തിലുള്ള പ്രവാഹത്തെ ആര്‍ക്കു തടയാന്‍ കഴിയും. അനിവാര്യമായതു സംഭവിക്കും. ആ തളര്‍ച്ചയും ജീര്‍ണ്ണതയും സംഭവിക്കുമ്പോഴും സ്നേഹം പീലി വിരിച്ചു നിന്നാടുന്നു. ചില കഥകളുടെ ശക്തി “രാഷ്ട്രീയ”ത്തിലാണിരിക്കുന്നതു്. മററു ചില കഥകളുടേതു് സാമൂഹികാവസ്ഥയിലും. ജി. എന്‍. പണിക്കരുടെ ഇക്കഥയുടെ ശക്തി കലാത്മകതയിലാണു് എന്നതു് ഈ ലേഖകനെ ആഹ്ലാദിപ്പിച്ചു. ചിരപരിചിതമായ വിഷയാമായിരിക്കാം അദ്ദേഹം കൈകാര്യം ചെയ്യുന്നതു്. ആയിക്കൊള്ളട്ടെ. എങ്കിലും അതില്‍ അദ്ദേഹത്തിന്റെ മുദ്രയുണ്ടു്. അദ്ദേഹത്തിന്റേതു മാത്രമായ കാഴ്ചപ്പാടുണ്ടു്. അതില്‍ക്കൂടുതലായി സഹൃദയനു് വേറൊന്നും വേണ്ട.
ഹൈന്ദവ സങ്കല്പമനുസരിച്ചു പുരുഷന്റെ തുടയ്ക്കു പ്രാധാന്യുമുണ്ടു്. ശക്തിയുടെ ഇരിപ്പിടമാണത്രേ അതു്. ഗുസ്തിക്കാര്‍ മല്പിടിത്തത്തിനു് ഇറങ്ങുമ്പോള്‍ തുടകളില്‍ കൈകള്‍കൊണ്ടു് അടിച്ചുകൊണ്ടാണു് അങ്ങനെ ചെയ്യുക. ഭാരതയുദ്ധത്തിന്റെ പതിനെട്ടാം ദിവസം ഭീമന്‍ ദുര്യോധനനെ കൊന്നതു് അയാളുടെ തുടയടിച്ചു പൊട്ടിച്ചാണു്. സ്ത്രീയെസ്സംബന്ധിച്ചും തുടയാണു് ശക്തിക്ക് ഇരിപ്പിടം. ഔര്‍വ്വന്‍ അമ്മയുടെ തുടയില്‍നിന്നാണു് ജനിച്ചതു്. ആ കുഞ്ഞിന്റെ ശോഭകണ്ടു ശത്രുക്കള്‍ അന്ധരായിപ്പോയി. ഗ്രീക്കു് ദേവന്‍ സൂസ്സിന്റെ തുടയില്‍ നിന്നാണു് ഡൈനൈസസ് ദേവന്‍ ജനിച്ചതു്. സ്ത്രീയുടെ തുട ശക്തിക്ക് ആസ്പദം മാത്രമല്ല; സൗന്ദര്യത്തിന്റെ ഇരിപ്പിടവുമാണതു്. അതുകൊണ്ടാണു് സാഹിത്യത്തില്‍ എപ്പോഴും ആ അവയവം വര്‍ണ്ണിക്കപ്പെടുന്നതു്.
“തുമ്പിക്കരത്തിനിഹ തോലിനു കട്ടി കൊണ്ടും
രംഭാദ്രുമത്തിനൊഴിയാത്ത തണുപ്പിനാലു
ആകാരമൊത്തളവിലും ലഭിയാതെ പോയി
തന്വംഗി തന്റെ തുടകള്‍ക്കുപമാനം ഭാവം”
എന്നു കവി. സത്യമാണിതെല്ലാം. എങ്കിലും അതു കാണിക്കേണ്ട രീതിയില്‍ കാണിക്കണം. ഇല്ലെങ്കില്‍ ഛര്‍ദ്ദിക്കാന്‍ തോന്നും. ചില തമിഴ്നടികള്‍ ഒരേ ഷേപ്പിലുളള തുടകള്‍ കാണിച്ചു കൊണ്ടു് ചലച്ചിത്രത്തില്‍ പ്രത്യക്ഷകളാകുമ്പോള്‍ ശൃംഗാര പ്രതീതിയല്ല ബീഭത്സ പ്രതീതിയാണു് കാഴ്ചക്കാര്‍ക്കുണ്ടാവുക. ജി. എന്‍. പണിക്കരുടെ മുകളില്‍പ്പറഞ്ഞ കഥയില്‍ നായിക “സാരി ഉയര്‍ത്തി ഇടുപ്പില്‍ തിരുകിനിന്നു ജോലി ചെയ്യുന്ന”തിന്റെ ചിത്രമുണ്ടു്. അപ്പോല്‍ അവളുടെ “തടിച്ചകാലുകള്‍” നായകന്‍ കണ്ടു കാമത്തില്‍ വീണുപോലും. ഞാനും ജി. എന്‍. പണിക്കരും ചിറ്റൂര്‍കോളേജില്‍ ജോലിനോക്കിയിരുന്നു. ചിറ്റൂരെ ചെറുപ്പക്കാരികള്‍ കാലത്തു റോഡില്‍ ജോലിചെയ്യുമ്പോല്‍ സാരി വളരെ ഉയര്‍ത്തിവച്ചിരിക്കും. പക്ഷേ ആപത്തില്ല. പാവാട മറയ്ക്കേണ്ട ഭാഗം മറച്ചിരിക്കും. ജി. എന്‍. പണിക്കരുടെ നായികയ്ക്കു പാവാടയില്ലെന്നു തോന്നുന്നു. അതുകൊണ്ടാണു് ‘അവോമിന്‍’ എവിടെ എന്നു് എനിക്കു ചോദിക്കേണ്ടി വരുന്നതു്. (അവോമിന്‍ = ഛര്‍ദ്ദി ഒഴിവാക്കുന്ന ഗുളിക.)
സക്കറിയ
സാഹിത്യവാരഫലം 1986 03 16
സക്കറിയയുടെ ‘കുഴിയാനകളുടെ ഉദ്യാനം’ എന്ന ചെറുകഥയ്ക്കു സമകാലികങ്ങളായ മറ്റെല്ലാക്കഥകളില്‍ നിന്നും വ്യത്യസ്തതയുണ്ടു്. ശൈലിയില്‍, ഇമേജുകളുടെ നിവേശനത്തില്‍, ടെക്നിക്കിന്റെ പ്രയോഗത്തില്‍, കാവ്യാത്മകത്വത്തില്‍ ഇവയിലെല്ലാം ഇക്കഥ മറ്റു കഥകളില്‍ നിന്നു് അതിദൂരം അകന്നു നില്‍ക്കുന്നു. ഒരു തിരുമ്മുകാരന്‍ വൈദ്യനെയും ഉളുക്കു പറ്റിയ ഒരു പെണ്ണിനെയും അവതരിപ്പിച്ചിട്ടു കഥാകാരന്‍ നന്മയുടെയും തിന്മയുടെയും ലൈംഗികത്വത്തിന്റെയും ലോകം സൃഷ്ടിക്കുന്നു. ലോകം എന്നു പറയുന്നതിനെക്കാള്‍ ശക്തി വിശേഷങ്ങള്‍ എന്നു പറയുന്നതാവും ശരി. ഈ ശക്തി വിശേഷങ്ങള്‍ നമ്മെ അനുധാവനം ചെയ്യുന്നു.
ഭാവാത്മകതയാണു് ഇക്കഥയുടെ മുദ്ര. ഭാവാത്മകത ഒരു വികാരത്തിന്റെ സൂക്ഷ്മാംശത്തെ വ്യക്തമാക്കിത്തരുമെങ്കിലും അസ്പഷ്ടത ആവഹിക്കാതിരിക്കില്ല. പോള്‍ ബര്‍ലേന്റെയോ ചങ്ങമ്പുഴയുടെയോ ഭാവഗാനത്തില്‍ നമ്മള്‍ ആമജ്ജനം ചെയ്യുമ്പോള്‍ ഉള്ളു കുളിര്‍ക്കും എന്നതില്‍ സംശയമില്ല. പക്ഷേ, കുളിര്‍മ്മ നല്കുന്ന എല്ലാ അംശങ്ങളുടെയും സ്വഭാവം മനസ്സിലാകുകയുമില്ല. ഭാവാത്മകമായ ഇക്കഥയ്ക്കുമുണ്ടു് ഒരസ്പഷ്ഠത.
സേതു
സാഹിത്യവാരഫലം 1986 05 18
സേതു മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ദൂതു്’ എന്ന ചെറുകഥ മലയാള ചെറുകഥാസാഹിത്യത്തിലെ ഒരു നൂതന നിഷ്ക്രമണം തന്നെയാണു്. ശുദ്ധമായ കഥ മാത്രമുള്ള ചെറുകഥകള്‍ നമുക്കുണ്ടു്. അവ വായിച്ചു് നമ്മള്‍ രസിക്കുന്നു. ആ കഥ പറയുന്നതോടൊപ്പം സൂചനകളിലൂടെയും വാഗ്മിതയാര്‍ന്ന മൗനത്തിലൂടെയും മറ്റൊരു ലോകത്തെ ചിത്രീകരിക്കുന്ന കഥകള്‍ അധികമില്ല. വിരളമായ അത്തരം കഥകളില്‍ അദ്വിതീയമായ സ്ഥാനമുണ്ടു് ദൂതിനു്. അച്ഛനും മകനും പിണക്കം. മകന്‍ ജോലി സ്ഥലത്തു്. മകന്റെ ആദ്യത്തെ കുട്ടിയെ അച്ഛന്‍ കണ്ടിട്ടില്ല. അവനു രണ്ടാമത്തെ കുട്ടി ജനിച്ചെന്നും കഴിഞ്ഞതൊക്കെ മറന്നു് ആ മകനു് അച്ഛനെ വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നും അറിയിക്കാനാണു് അയാളുടെ സ്നേഹിതന്‍ വൃദ്ധന്റെ അടുക്കലെത്തിയിരിക്കുന്നതു്. പക്ഷേ, വയസ്സന്‍ ഉറച്ചുതന്നെ നില്ക്കുന്നു. ദിവ്യമായ വിഗ്രഹംപോലും ഉപദ്രവകരമാണെന്നു കണ്ടപ്പോള്‍ കിണറ്റിലെറിഞ്ഞവനാണു് മകനെന്നു പറഞ്ഞു് ദൂതന്‍ ആ മകന്റെ നിശ്ചയദാര്‍ഢ്യത്തേയും അച്ഛനോടു് പിണങ്ങാനുള്ള ധൈര്യത്തേയും അഭിവ്യഞ്ജിപ്പിക്കുമ്പോള്‍ ആ പിതാവു് അതിനു പകരമായി മറ്റൊരു സംഭവം ആഖ്യാനംചെയ്തു് തന്റെ നിലയെ നീതിമത്കരിക്കുന്നു. രേഖാരൂപത്തിലുള്ള ആഖ്യാനമല്ല ഈ കഥയ്ക്കുള്ളതു്. ചാക്രികരുപമാണിതിനു്. അതിലൂടെ രണ്ടു വ്യക്തികള്‍ — അച്ഛനും മകനും — ഉരുത്തിരഞ്ഞു വരുന്നു. അവരില്‍ അച്ഛന്റെ രൂപത്തിനു തിളക്കമേറും. മകനു വരണമെങ്കില്‍ വരാം. പക്ഷേ, അച്ഛന്‍ അവനെ കാണില്ല. എന്താ കാരണമെന്നു് ദൂതന്റെ അന്വേഷണം ഉത്തരവും തുടര്‍ന്നുള്ള ഭാഗവും അനുഗൃഹീതനായ കഥാകാരന്റെ വാക്കുകളില്‍ത്തന്നെ കേട്ടാലും:
- “ഞാന്‍ യാത്രയാണല്ലോ”
- “എങ്ങോട്ടു്?”
- “ഈ പ്രായത്തിലു് യാത്രപോകുന്നവരോടു് എങ്ങോട്ടെന്നു ചോയ്ക്കണതു് വെറും ഭോഷ്കല്ലേ ചങ്ങാതി, ഒരു നീണ്ടയാത്രയാന്നന്നെ നിരീച്ചോളു.”
- “അപ്പോള്‍ അച്ചുതൻ കുട്ടിയോടു്-”
- “യാത്രയാന്ന് പറയൂ.”
- “അവന്‍ വരികയാണെങ്കിലോ-”
- “യാത്രയാന്ന് പറയൂ.”
- “ഒന്നുകാണണമെന്നുവച്ചാല്‍-”
- “യാത്രയാന്നന്നെ പറയാല്ലോ.”
മരണം വരെയും മകനെ കാണില്ല എന്നു അച്ഛന്റെ നിശ്ചയദാര്‍ഢ്യം. സ്വര്‍ണ്ണാഭരണത്തില്‍ രത്നം പതിച്ചാല്‍ എന്തു ശോഭയായിരിക്കും! ആ ശോഭയാണു് ഈ കഥയുടെ പര്യവസാനത്തിനും. ഈ കഥ വായിച്ചുകഴിഞ്ഞപ്പോള്‍ മലയാളകഥാസാഹിത്യത്തിനു് ലജ്ജിക്കാനൊന്നുമില്ലെന്നു് എനിക്കു തോന്നി. കഥയുടെ ബാഹ്യലോകവും അതിന്റെ ഉപലോകവും ഒരേ മട്ടില്‍ എന്നെ ‘ഹോണ്‍ട്’ ചെയ്യുന്നു.
സാഹിത്യവാരഫലം 1987 03 08
ഒരു കാലത്ത്. അന്നു മുക്കുന്നിമല കണ്ടപ്പോള്‍ ഞാനതില്‍ വലിഞ്ഞു കയറി. ഉള്ളം കാലു പൊട്ടി. വീണു മുട്ടു മുറിഞ്ഞു. അഗ്രത്തിലെത്താന്‍ നന്നേ പാടുപെട്ടു. അന്നു വേമ്പനാട്ടു കായലിന്റെ തീരത്തു നില്ക്കുകയായിരുന്നു. യന്ത്രബോട്ടുകള്‍ നുര ചിതറിച്ചു കൊണ്ടു നീങ്ങുന്നു. എന്റെ അടുത്ത് ഒരു കൊതുമ്പു വളളം മാത്രം. ഞാനതില്‍ കയറിയിരുന്നു തുഴഞ്ഞു. അക്കരെ ചെല്ലണം. അരുക്കുറ്റിയിലെ തേവര്‍ വീട്ടില്‍ ഭാസ്കരപ്പണിക്കര്‍ വിളിച്ചു പറഞ്ഞു: “ചങ്ങാതി ആപത്താണ്” എങ്കിലും ഞാന്‍ തുഴഞ്ഞു. അന്ന് സയന്‍സ് കോളേജിന്റെ മുന്‍പിലുള്ള മാവിന്റെ ചുവട്ടില്‍ ഉത്കണ്ഠയോടെ നിന്നു. ആദ്യത്തെ പീരിയെഡ് കഴിഞ്ഞ് കോളേജ് ബ്യൂട്ടി അതിലേവരും. അവളെ കാണണം. വന്നു. സുന്ദരനായ ഒരു ആണ്‍കുട്ടിയുമായി സംസാരിച്ചുകൊണ്ടു അവള്‍ പോയി. അന്ന് — നട്ടുച്ചനേരം. വല്ലാത്ത ദാഹം. പൂജപ്പുര സെന്‍ട്രല്‍ ജയിലിനടുത്തുള്ള കയറ്റം കയറുകയായിരുന്നു ഞാന്‍. അകലെ വാട്ടര്‍ ടാപ്പ്. അതു തിരിച്ചാല്‍ ശുദ്ധജലം ശക്തിയോടെ ഒഴുകും. ഞാന്‍ ദാഹം ശമിപ്പിക്കാന്‍ ഓടി.
ഇന്നു മുക്കുന്നിമല കണ്ടാല്‍ ഞാന്‍ അതിനെ നോക്കുക പോലുമില്ല. ഇന്നു വേമ്പനാട്ടു കായലിന്റെ തീരത്തു ചെല്ലുകില്ല. ചെന്നാല്‍, കൊതുമ്പു വളളം കണ്ടാല്‍, ജുഗുപ്സയോടെ തിരിച്ചു പോരും. ഇന്ന് ഏതു സൗന്ദര്യധാമത്തെ കണ്ടാലും ഞാന്‍ നോക്കുക പോലുമില്ല. ഇന്നു ദാഹിച്ചാല്‍ ‘പൈപ്പി’നടുത്തേക്കു പോകില്ല. ദാഹം സഹിച്ചു കൊണ്ടു നടക്കുകയേയുള്ളു. അന്ന് ഏതു പ്രവര്‍ത്തനത്തിനും ലക്ഷ്യമുണ്ടായിരുന്നു. ഇന്ന് ഒരു പ്രവര്‍ത്തനത്തിനും ലക്ഷ്യമില്ല. വാച്ചിന്റെ സൂചി കറങ്ങുന്നു. മിനിറ്റ് ഹാര്‍ഡ് എപ്പോള്‍ നില്ക്കുമെന്നു ഞാന്‍ നോക്കുന്നതേയുള്ളു. എന്റെ ഈ ചിന്താഗതിയെ മറ്റൊരു രീതിയില്‍ പ്രതിഫലിപ്പിക്കുന്ന ചെറുകഥയാണു് സേതുവിന്റെ “ഇതുപോലെ ഒരിടം”. ഒരു സഞ്ചാരി ഒരു സ്ഥലത്ത് വരുന്നു. അയാളെ സഹായിക്കാന്‍ വേറൊരുത്തന്‍ കൂട്ടുകൂടുന്നു. സഞ്ചാരി ലക്ഷ്യമില്ലാതെ അവിടം മുഴുവന്‍ കറങ്ങി. “പിച്ചും പ്രാന്തു”മെന്നപോലെ ജീവിതത്തിന്റെ വ്യര്‍ത്ഥതയെക്കുറിച്ചു പുലമ്പി. നാലരയുടെ ബസ്സ് കാത്തിരുന്നു. ബസ്സ് വന്നപ്പോള്‍ സഞ്ചാരിക്കു ചിരിക്കാനാണു തോന്നിയത്. സേതുവിന്റെ കഥ നിങ്ങളില്‍ ആഘാതമേല്പിക്കും. അത് പനിനീര്‍പ്പൂ പോലെ നിങ്ങളെ സ്പര്‍ശിക്കും. നിങ്ങള്‍ ചിരിക്കും, കരയും ഇതില്‍ക്കൂടുതലായി ഒരു കായ്ക്ക് എന്താണു ചെയ്യാനുള്ളത്?
“ആളുകള്‍ നിങ്ങളെക്കുറിച്ച് എന്തു വിചാരിക്കുന്നു എന്നതു വേണം ആലോചിക്കാൻ, അവര്‍ എന്തു പറയുന്നു എന്നതല്ല.” — ഗർദ്യേവ്.
|
|