close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 04 14


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 04 14
ലക്കം 813
മുൻലക്കം 1991 04 07
പിൻലക്കം 1991 04 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

നോവലെന്നത് നോവലിസ്റ്റ് എന്തെല്ലാം പറയുന്നിവോ അവയുടെയൊക്കെ സാകല്യാവസ്ഥയാണ്. അതില്‍നിന്ന് ഒരു വാക്കുപോലും മാറ്റാനാവില്ല.

തിരുവനന്തപുരത്തു പൂജപ്പുര എന്ന സ്ഥലത്താണ് ഞാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് താമസിച്ചത്. പതിനഞ്ചു ദിവസത്തിലൊരിക്കല്‍ മുടി പറ്റെ വെട്ടിക്കൊള്ളണമെന്നാണ് അച്ഛന്റെ ആജ്ഞ. തിരുവനന്തപുരത്തെ ചാല ഇംഗ്ളീഷ് ഹൈസ്കുളില്‍ പഠിക്കുകയായിരുന്നു ഞാന്‍. സ്കൂളില്‍ പോകേണ്ട സമയത്ത് ബാര്‍ബര്‍ എത്തും. അച്ഛന്റെ രക്തരൂഷിതങ്ങളായ കണ്ണുകളിലേക്കു നോക്കാന്‍ ഭയന്നു ഞാന്‍ ക്ഷുരകന്റെ മുന്‍പിലിരുന്നുകൊടുക്കും. ശിരോരൂഹഛേദനം ‘തിരുതകൃതി’യായി നടത്തുമ്പോള്‍ ഛേദകന്‍ ചോദിക്കും: “കുഞ്ഞേ, കമ്മ്യൂണിസ്റ്റായ ആ കെ.വി. സുരേന്ദ്രനാഥനെന്ന കുട്ടിയുമായി കുഞ്ഞുകൂട്ടുകൂടുന്നല്ലോ. കുഞ്ഞും കമ്മ്യൂണിസ്റ്റാണോ?” ഞാന്‍ മറുപടി നല്കാതെ സൂത്രത്തില്‍ അങ്ങോട്ടു ചോദിക്കും. “വൈദ്യര്‍ കമ്മ്യൂണിസ്റ്റാണോ?” ഹര്‍ഷാതിശയത്തോടെ അയാള്‍ പറയും “സംശയമെന്ത്? കമ്മ്യൂണിസം വരാതെ നമുക്കെന്താണു രക്ഷ?” സംശയം തീര്‍ന്നുകിട്ടിയതുകൊണ്ടു ഞാന്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കും. “ഞാന്‍ കമ്മ്യൂണിസ്റ്റാണ്.” വൈദ്യര്‍ക്കു തൃപ്തിയായി. വൈക്കത്ത് പഠിക്കുന്ന കാലത്ത് തലമുടി വെട്ടാന്‍ വരാറുണ്ടായിരുന്നത് രാജവാഴ്ചയുടെ സ്തോതാവായ ബാര്‍ബറായിരുന്നു. അയാള്‍ ‘തലയിലൂടെ യന്ത്രം ഓടിക്കുമ്പോള്‍ ഞാന്‍ തികഞ്ഞ രാജഭക്തനാണ്. കാലം കഴിഞ്ഞു. നക്സലൈറ്റ് പ്രസ്ഥാനം വന്നപ്പോഴും എന്റെ തലയില്‍ മുടിയുണ്ടായിരുന്നു. പിന്നീടാണ് ബ്രഹ്മാവു ഞാനറിയാതെ ക്ഷൗരം നടത്തിത്തുടങ്ങിയത്. മുടിമുറിക്കുന്ന വേളയില്‍ ക്ഷുരകന്‍ വീറോടെ എന്നോടു പറഞ്ഞു: സാര്‍ ഞാന്‍ നക്സലൈറ്റാണ്. ഉടനെ എന്റെ മറുപടിച്ചോദ്യം. “പിന്നെ ഞാനാരെന്നാ നിങ്ങളുടെ വിചാരം? ഞാന്‍ ഒന്നാന്തരം നക്സലൈറ്റാണ്.” കേശച്ഛേദകന് വലിയ സന്തോഷം ഇങ്ങനെ ക്ഷുരകന്റെ കൈയില്‍ കത്തിരിയും കത്തിയും ഉള്ളിടത്തോളംകാലം അയാളുടെ പൊളിറ്റിക്സ് എന്റെയും പൊളിറ്റിക്സ് തന്നെ. ബ്രഹ്മക്ഷൗരം സമ്പൂര്‍ണ്ണമായപ്പോള്‍ ശിരോരൂഹച്ഛേദനപ്രക്രിയ വേണ്ടെന്നു വന്നു. അന്നു മുതല്‍ ഒറ്റപ്പൊളിറ്റിക്സേ എനിക്കുള്ളു.

ചിലര്‍ക്കു ചെറുകഥ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പില്‍ വന്നോ, എങ്കില്‍ അത് ഉജ്ജ്വലമാണ്. ‘മംഗള’ത്തിലോ ‘മനോരമ’യിലോ വന്നോ, എങ്കില്‍ പൈങ്കിളിയാണ്. വാരികയുടെ സ്വഭാവം അഭിരുചിയെയും മൂല്യനിര്‍ണ്ണയത്തെയും ബാധിക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. എനിക്കിപ്പോള്‍ ഒരുത്തന്റെയും മുന്‍പില്‍ പേടിയോടെ ഇരിക്കേണ്ടതില്ലാത്തതുകൊണ്ട് സംശയലേശം കൂടാതെ പറയുകയാണ്. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വന്നു എന്നതുകൊണ്ട് മാത്രം ശ്രീമതി എം.ഡി. രാധികയുടെ “ആകാശപാഠങ്ങള്‍” എന്ന ചെറുകഥ ആ പേരിന് അര്‍ഹമല്ല. ഭാര്യയും ഭര്‍ത്താവും കുട്ടിയും സുഖമായി വസിക്കുന്ന കാലത്ത് ഭര്‍ത്താവിന്റെ അമ്മ അവരുടെ കൂടെ പാര്‍ക്കാനെത്തുന്നു. അടുത്ത വീട്ടിലെ ദുഷ്പേരുള്ള സ്ത്രീയെയും അവരുടെ തന്തയില്ലാത്ത കുഞ്ഞിനെയും ആ അമ്മയുടെ മരുമകന്‍ അകറ്റി നിറുത്തിയിരുന്നതാണ്. പക്ഷേ അമ്മ വന്നതോടെ കാര്യങ്ങളാകെ മാറി. അവര്‍ ആ വീട്ടില്‍ പോയി. അവരുടെ പേരക്കുട്ടി ആ ചീത്തസ്ത്രീയുടെ മകനുമായി കളിച്ചുതുടങ്ങി. അമ്മ പോകാനായി ഭാവിച്ചപ്പോള്‍ തന്തയില്ലാച്ചെറുക്കന്റെ കൈയില്‍ ഇരുപതു രൂപ വച്ചുകൊടുക്കുകയും ചെയ്തു. മനുഷ്യത്വത്തെ ഒന്നുയര്‍ത്തിക്കാണിക്കാനാണ് കഥയെഴുത്തുകാരിയുടെ യത്നം. സംഭവനിവേദനത്തിലോ കഥാപാത്രസ്വഭാവാവിഷ്കാരത്തിലോ മൗലികതയൊട്ടുമില്ലാത്ത ഒരു കഥ. അഗാധത കാണാതെ ഉപരിതല സ്പര്‍ശം നടത്തുന്ന ഒരു കഥ. ധിഷണയ്ക്കോ ഭാവനയ്ക്കോ പ്രാമുഖ്യം കല്പിക്കാത്ത ഒരു കഥ. പ്രതിപാദ്യവിഷയത്തെ സാക്ഷാത്കരിക്കാന്‍ കഥയെഴുതുന്ന ആളിനു ശക്തിവിശേഷം വേണം. അതില്ലെങ്കില്‍ ഇമ്മട്ടിലുള്ള ചതഞ്ഞ കഥകളേ ഉണ്ടാവൂ.

* * *

പ്രാര്‍ത്ഥിക്കുന്ന ചുണ്ടുകളെക്കാള്‍ പ്രവര്‍ത്തിക്കുന്ന കരങ്ങളാണ് പാവനം.

ബ്രഹ്മക്ഷൗരം നടന്നതുകൊണ്ട് ഓരോ വ്യക്തിയുടെയും മുന്‍പില്‍ ഓരോ ആളായി ഭാവിക്കേണ്ടതില്ല എനിക്കെന്ന് നേരത്തെ എഴുതിയല്ലോ. കഥാസങ്കല്പത്തെക്കുറിച്ചും അതുതന്നെയാണ് പറയാനുള്ളത്. കൈയില്‍ കിട്ടുന്ന ‘ആര്‍ടിഫാക്റ്റി’നെ (artifact) ആ സങ്കല്പത്തിന് അനുകൂലമായി വീക്ഷിക്കേണ്ടതേയുള്ളു നിരൂപകന്. ആ ശില്പം നല്കിയ ആളിന് വയസ്സെത്ര എന്ന് അന്വേഷിക്കേണ്ടതില്ല. ടാഗോര്‍ ഏഴാമത്തെ വയസ്സിലെഴുതിയ പ്രേമഗാനവും എഴുപതാമത്തെ വയസ്സിലെഴുതിയ പ്രേമഗാനവും ഒരേ വിധത്തില്‍ സുന്ദരമാണ്. ചങ്ങമ്പുഴയ്ക്ക് പതിനേഴു വയസ്സുണ്ടായിരുന്ന കാലത്ത് അദ്ദേഹമെഴുതിയ കാവ്യങ്ങള്‍ മരിക്കാറായപ്പോള്‍ രചിച്ച കാവ്യങ്ങളുമായി സൌന്ദര്യത്തിന്റെ കാര്യത്തില്‍ വിഭിന്നത പുലര്‍ത്തുന്നില്ല. അതുകൊണ്ട് വിമര്‍ശിക്കുമ്പോള്‍ രചയിതാവിന്റെ പ്രായംകൂടി പരിഗണിക്കണമെന്നും അനാഗതാര്‍ത്തവകളുടെയും അനാഗതശ്മശ്രുക്കളുടെയും സൃഷ്ടികളെ പ്രോത്സാഹജനകമാംവിധത്തില്‍ പ്രകീര്‍ത്തിക്കണമെന്നും പറയുന്നതു തെറ്റാണ്. പ്രോത്സാഹിപ്പിക്കല്‍ മറ്റു മണ്ഡലങ്ങളിലാകാം. പതിനേഴു വയസ്സുള്ള വിദ്യാര്‍ത്ഥിക്ക് ഫീസ് കൊടുക്കാന്‍ മാര്‍ഗ്ഗമില്ലെങ്കില്‍, എനിക്ക് പണം ഉണ്ടെങ്കില്‍ അത് നല്കി അയാളെ സഹായിക്കാം. പക്ഷേ അയാളെഴുതിക്കൊണ്ടുവന്ന പറട്ടക്കഥ വായിച്ചിട്ട് “ഹാഹാ നിങ്ങള്‍ ഭാഷയിലെ മോപസാങ്ങാണ്” എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അതു വഞ്ചനയാണ്. ആത്മവഞ്ചനയും ജനവഞ്ചനയുമാണ്. അതു ഞാന്‍ ചെയ്യുന്നില്ലെന്ന് — പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് — ഒരഭിവന്ദ്യ സുഹൃത്ത് ഒരു സമ്മേളനത്തില്‍ പരസ്യമായിപ്പറഞ്ഞു. അങ്ങനെ ചെയ്യാത്തതിലാണ് ഇതെഴുതുന്ന ആളിന്റെ ആര്‍ജ്ജവമിരിക്കുന്നത്. വയസ്സ് സാഹിത്യനിരൂപണത്തില്‍ ‘ക്രൈറ്റീയരിയന്‍’ (criterion = മാനദണ്ഡം) അല്ല ഒരിക്കലും. പത്തുവയസ്സേയുള്ളോ രചയിതാവിന്? എന്നാല്‍ സൃഷ്ടി മനോഹരം. അറുപതു വയസ്സുണ്ടോ അയാള്‍ക്ക്? എന്നാല്‍ മോശം. ഇമ്മട്ടിലെങ്ങനെ പറയും? പറഞ്ഞാല്‍ നിരൂപണം വിരൂപണമാകും. “Bad literature is a crime against society” എന്ന് അല്‍ഡസ് ഹക്സിലി പറഞ്ഞിട്ടുണ്ട്. അതിനെ പ്രമാണമാക്കി വയസ്സു നോക്കാതെ ഞാന്‍ നന്‍മതിന്‍മകള്‍ എടുത്തുകാണിക്കുന്നു. അതിനേ ആര്‍ക്കും കഴിയുകയുള്ളു. കലാസൃഷ്ടി സൗന്ദര്യസൃഷ്ടിയാണ്. അനുഗൃഹീതനായ കുഞ്ഞും അനുഗൃഹീതനായ വൃദ്ധനും സൗന്ദര്യം സൃഷ്ടിക്കും. ആ ‘ആര്‍ടിഫാക്ടി’നെ നോക്കി നിരൂപകന്‍ ‘ഭേഷ് ഭേഷ്’ എന്നു പ്രഖ്യാപിക്കും. സുഹൃത്ത് എന്നെ കുറ്റപ്പെടുത്തിയപ്പോള്‍ സദസ്സാകെ കൈയടിച്ചു എന്നു പത്രവാര്‍ത്ത. ഞാന്‍ ബധിരനായതുകൊണ്ടാവാം, അതു കേട്ടില്ല. അന്ധനായതുകൊണ്ടാവാം കൈകള്‍ തമ്മില്‍ ചേരുന്നതും കണ്ടില്ല.

സംഭവങ്ങള്‍

  1. ഹിറ്റ്‌ലറുടെ ആത്മകഥ “മൈന്‍ കാംഫ്” വിരസമാണ്. അതിന്റെ ചില പുറങ്ങളേ ഞാന്‍ വായിച്ചിട്ടുള്ളു. ജര്‍മ്മന്‍ നാത്സി ഉദ്യോഗസ്ഥനായിരുന്ന ഐഹ്‌മാനെ (Eichmann) പില്ക്കാലത്ത് കോടതിയില്‍ വിസ്തരിച്ചപ്പോള്‍ അയാള്‍ പറഞ്ഞു “മൈന്‍ കാംഫ്” വായിച്ചിട്ടില്ലെന്ന്. ജര്‍മ്മന്‍ — അമേരിക്കന്‍ political theorist ഹാനാ ആറന്റ് (Hannah Arendt) എഴുതിയ “Eichmann in Jerusalem” വായിച്ച ഓര്‍മ്മയില്‍ നിന്ന്.
  2. ഓടിക്കൂടി, ചാടിക്കൂടി, പാടിക്കൂടി, കോടിക്കൂടി എന്ന മട്ടില്‍ “മയൂരസന്ദേശമെന്ന കുത്സിത കാവ്യമെഴുതിയ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ഹരിപ്പാട്ടു വഴി യാത്ര ചെയ്യുമ്പോള്‍ “ഹരിപ്പാട്ടു കുട്ടപ്പപ്പണിക്കരുടെ സാപ്പാട്ടു ഹോട്ടല്‍” എന്ന ബോര്‍ഡ് ഒരു ഭക്ഷണശാലയില്‍ കണ്ടു. കുട്ടപ്പപ്പണിക്കരെ അദ്ദേഹം തിരുവനന്തപുരത്തു വിളിച്ചു വരുത്തി ഒരു പവന്റെ മോതിരം കൊടുത്തു എന്നാണ് കഥ. മുണ്ടശ്ശേരിയുടെ ഒരു പുസ്തകത്തില്‍ കണ്ടതാണിത്.
  3. എന്റെ അഭിവന്ദ്യ സുഹൃത്തും മഹാപണ്ഡിതനുമായിരുന്ന പ്രഫെസര്‍ ഈ.വി. ദാമോദരന്‍ പ്രകാശത്തിനു ഭാരമുണ്ടെന്നു കാണിച്ച് പ്രബന്ധമെഴുതി സി.വി. രാമനു അയച്ചു കൊടുത്തു. രാമന്‍ അയച്ച മറുപടി ദാമോദരന്‍ സാറ് എന്നെക്കാണിച്ചു. ആലോചിക്കേണ്ട വിഷയമാണ് അതെന്നായിരുന്നു മറുപടിയുടെ സാരം. നോണ്‍സെന്‍സ് എന്ന വാക്കു വലിയ ആളുകള്‍ പറയാറില്ലല്ലോ. ധവളരശ്മി പരിശുദ്ധമാണെന്നും അതില്‍ വേറൊരു കലര്‍പ്പുമില്ലെന്നും ഗോയ്റ്റെ വാദിച്ചു. പിന്നീട് അതു തെറ്റാണെന്നു തെളിഞ്ഞു. പല നിറങ്ങള്‍ ഒരുമിച്ചു ചേര്‍ന്നതാണ് ധവളരശ്മിയെന്നു കണ്ടുപിടിച്ചു.
  4. ഒരു കിളി മരിച്ചാല്‍ കരയുന്ന ഒരു കവി പലരെയും വെള്ളത്തില്‍ മുക്കിപ്പിടിച്ചു കൊന്നിട്ടുണ്ട്. എന്റെ ഒരു കാരണവരെയും അദ്ദേഹം അങ്ങനെ കൊന്നു. “ചാരിത്രത്തിനു വെണ്‍മയല്ലാത്തതൊന്നും ചെയ്യാത്ത” സ്ത്രീകളെ വാഴ്ത്തിയ വേറൊരു കവി സ്ത്രീജിതനായിരുന്നു. സോഷലിസ്റ്റ് റിയലിസത്തിന്റെ ഉപജ്ഞാതാവായ മാക്സിം ഗോര്‍ക്കി പ്രചാരണത്മകമായ “Mother എന്ന നോവലെഴുതിയത് ന്യൂയോര്‍ക്ക് സ്റ്റെയ്റ്റിന് അടുത്തുള്ള ഒരു മുതലാളിത്ത പ്രദേശത്തുവച്ചാണ്.
  5. കവിയുടെ മരണശേഷം എന്നു പാണ്ഡിത്യമുള്ളവര്‍ പോലും എഴുതിക്കണ്ടിട്ടുണ്ട് ഞാന്‍. ‘കവിയുടെ’ എന്നത് അന്വയിക്കുന്നത് ‘മരണ’ത്തോടല്ല, ‘ശേഷ’ത്തോടാണ്. അതുകൊണ്ട് ആ പ്രയോഗം ശരിയാണോ എന്നു ഞാന്‍ ശൂരനാട്ടു കുഞ്ഞന്‍പിള്ളസ്സാറിനോടു ചോദിച്ചു. ആ പ്രയോഗം തെറ്റാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. എങ്കിലും പ്രയോഗസാധുത്വമുണ്ടെന്നും അറിയിച്ചു.
  6. കേശവദേവ് രാഷ്ട്രവ്യവഹാരത്തെസ്സംബന്ധിച്ചിടത്തോളം സ്ഥിരീകൃതമായ മനസ്സുണ്ടായിരുന്ന ആളല്ലായിരുന്നു. കോണ്‍ഗ്രസ്സുകാരുടെ സമ്മേളനങ്ങളില്‍ ആര്‍. ശങ്കറിനു വേണ്ടിയും ആര്‍.എസ്.പി.ക്കാരുടെ സമ്മേളനങ്ങളില്‍ ദിവാകരനും വേണ്ടിയും കമ്മ്യൂണിസ്റ്റുകാരുടെ സമ്മേളനങ്ങളില്‍ ഡാങ്കേക്കു വേണ്ടിയും അദ്ദേഹം പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒരു ദിവസം മന്‍മഥന്‍ സാറും ദേവും കൂടി തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. കൊല്ലത്തെത്തിയപ്പോള്‍ ദേവ് മന്‍മഥന്‍ സാറിനോടു യാത്ര പറഞ്ഞു തീവണ്ടിയില്‍ നിന്നിറങ്ങി. ഉടനെ അദ്ദേഹം ദേവിനോടു ചോദിച്ചു: “ദേവ് എന്നാണ് ഡി.എം.കെ.യിലെ അംഗമാവുക?”

    ദേവ് ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പറഞ്ഞ ഒരു നേരമ്പോക്ക് ഓര്‍മ്മയിലെത്തുന്നു. രണ്ടുപേരുടെ സംഭാഷണമായിട്ടാണ് അദ്ദേഹം അതാവിഷ്കരിച്ചത്.

    ജോര്‍ജ്
    എന്താ ജോണേ നിങ്ങള്‍ തിങ്കളാഴ്ച തോറുമുള്ള പാര്‍ടി മീറ്റിങ്ങിനു കാണാത്തത്?
    ജോണ്‍
    എനിക്കു താല്‍പ്പര്യമില്ല.
    ജോര്‍ജ്
    താല്‍പ്പര്യമില്ലേ? എന്നാല്‍ പറയൂ ഏംഗല്‍സ് ആരാണ്?
    ജോണ്‍
    എനിക്കറിഞ്ഞുകൂടാ.
    ജോര്‍ജ്
    “സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കു. നിങ്ങള്‍ക്കു നഷ്ടപ്പെടാന്‍ കൈച്ചങ്ങലകളല്ലാതെ വേറൊന്നുമില്ല” എന്നു പറഞ്ഞത് ആര്? എവിടെ?
    ജോണ്‍
    അറിഞ്ഞുകൂടാ.
    ജോര്‍ജ്
    അറിഞ്ഞുകൂടേ? പിന്നെ തനിക്കെന്തറിയാം?
    ജോണ്‍
    ഒരു കാര്യമറിയാം.
    ജോര്‍ജ്
    എന്താണത്?
    ജോണ്‍
    ഹെന്‍ട്രി ആരാണ്?
    ജോര്‍ജ്
    എനിക്കറിഞ്ഞുകൂടാ.
    ജോണ്‍
    എന്നാല്‍ ഞാനതു പറഞ്ഞുതരാം. അയാള്‍ ഫാക്ടറിത്തൊഴിലാളിയാണ്. എല്ലാ തിങ്കളാഴ്ചയും രാത്രി അയാള്‍ ഉറങ്ങുന്നതു നിങ്ങളുടെ ഭാര്യയോട് ഒരുമിച്ചാണ്.

ശരിയല്ല

പ്രശാന്താവസ്ഥയില്‍ അനുധ്യാനം ചെയ്യപ്പെടുന്ന വികാരമാണ് കവിതയെന്നത്. പ്രശസ്തനായ ഒരു ഇംഗ്ളീഷ് കവി പറഞ്ഞതാണ്. പക്ഷെ നമ്മുടെ പല കവികള്‍ക്കും ആ പ്രശാന്താവസ്ഥ കൈവരുത്താന്‍ ക്ഷമയില്ല.

Jonathan Livingston Seagull എന്ന പുസ്തകമെഴുതിയ Richard Bach വിശ്വവിഖ്യാതനാണ്. ഒരു കടല്‍ക്കൊക്കിന്റെ ജീവിതത്തെ അതിന്റെ ബോധമണ്ഡലത്തിനു യോജിച്ച വിധത്തില്‍ പ്രതിപാദിച്ച ഈ ഗ്രന്ഥകാരന്‍ പറ‍ഞ്ഞു: ഞാന്‍ എഴുത്തുകാരനാണ്, ഗ്രന്ഥകാരനല്ല. ഇക്കഥയില്‍ ഞാനൊന്നും കണ്ടുപിടിച്ചില്ല. ഇതിലെ സംഭവങ്ങള്‍ ഞാന്‍ നിര്‍മ്മിച്ചതുമല്ല. മറ്റാരോ പറഞ്ഞു കൊടുക്കുന്ന രീതിയില്‍ താന്‍ എഴുതിയെന്നും തന്റെ ഇച്ഛാശക്തിക്ക് അതില്‍ പങ്കൊന്നുമില്ലെന്നുമാണ് ഈ കലാകാരന്റെ വാദം. അതു ശരിയാണുതാനും. എവിടെ ഇച്ഛാശക്തിയുടെ പ്രസരമുണ്ടാകുന്നുവോ അവിടെ കല അസ്തമിക്കും. ദൗര്‍ഭാഗ്യംകൊണ്ട് നമ്മുടെ നാട്ടിലുണ്ടാക്കുന്ന പല കഥകളും കാവ്യങ്ങളും ഇച്ഛാ ശക്തിയുടെ ഫലങ്ങളാണ്. രചനകള്‍ ഹൃദയത്തില്‍നിന്നു വരുമ്പോള്‍ (വികാരത്തിന്റെ സന്തതികളാവുമ്പോള്‍) സ്വാഭാവികങ്ങളായിരിക്കും. ശ്രീ. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ “കോമ്രേഡ് അപ്പൂണ്യാര്” (കലാകൗമുദി) ഒരുതരം Willed Writing ആണ്. അതുപോകട്ടെ സഖാവായിരിക്കുക അതേസമയം കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരിക്കുക. ഈ വൈരുദ്ധ്യത്തെ നേരിയ പരിഹാസം കര്‍ലത്തി വര്‍ണ്ണിക്കാനാണ് കഥാകാരനു കൗതുകം. അതില്‍ ഒട്ടൊക്കെ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.

പക്ഷേ അരുതാത്തത് അദ്ദേഹം പ്രവര്‍ത്തിക്കുന്നു എന്നാണ് എന്റെ പക്ഷം. ചെറുകാടിന്റെ അറുപതാം ജന്മദിനത്തില്‍ അദ്ദേഹം കൈവിരലില്‍ മൂകാംബികയുടെ മുദ്രയുള്ള മോതിരമിട്ടു നടന്നുവെന്ന് അദ്ദേഹം എഴുതിയിരിക്കുന്നു. ഒളപ്പമണ്ണ മനയ്ക്കലെ ഒ.എം.സി. ഈറന്‍ തോര്‍ത്തുടുത്ത് അമ്പലത്തിനകത്തു പ്രദക്ഷിണം നടത്തിയെന്നും. ഒ.എം.സി, സംഘടനയിലെ (കമ്മ്യൂണിസ്റ്റ് സംഘടനയെന്നാവാം കഥാകാരന്‍ ഉദ്ദേശിച്ചത്) അംഗമായിരുന്നത്രേ: ചെറുകാടും ഒ.എം.സിയും അങ്ങനെ പ്രവര്‍ത്തിച്ചോ എന്നതു വേറൊരു കാര്യം. ഒരെഴുത്തുകാരനു യഥാര്‍ത്ഥ വ്യക്തികളെ അങ്ങനെ പരിഹസിക്കാന്‍ എന്തു അധികാരം? വിശേഷിച്ചും ഫിക്ഷനില്‍. ഇപ്പോഴുമുള്ള ഒരു സാഹിത്യകാരന്‍ വയലാര്‍ രാമവര്‍മ്മയുടെ ദ്വിതീയ വിവാഹത്തെ കളിയാക്കി നോവലെഴുതി. നോവലിസ്റ്റ് ചെയ്തതു തെറ്റ്. ഒരു സംശയവുമില്ല. ആ നോവലിസ്റ്റ് എന്റെ സുഹൃത്താണ്. വയലാര്‍ രാമവര്‍മ്മ എന്നെ ശ്വാനന്‍ എന്നു വിളിച്ചു. എന്നിട്ടും സുഹൃത്തിന്റെ പ്രവൃത്തി ഗര്‍ഹണീയമാണെന്നു ഞാന്‍ പറഞ്ഞു. സാഹിത്യം പാവനമാണ്. അതിനെ വ്യഭിചരിക്കാന്‍ പാടില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png “ഏതു തരത്തിലുള്ള മരണമാണ് നിങ്ങള്‍ക്കു വേണ്ടത്?

“റോമന്‍ തത്ത്വചിന്തകന്‍ സെനിക്ക (Seneca) പറഞ്ഞിട്ടുണ്ട് ഇടിവെട്ടേറ്റു മരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന്. ഞാന്‍ അത്തരത്തിലുള്ള മരണം കൊതിക്കുന്നു. ‘ദ്രോഹി, അവന്‍ ഇടിവീണു ചത്തു.’ എന്ന് ശത്രുക്കള്‍ പറയും. സാരമില്ല. മരിച്ചു കഴിഞ്ഞതിനു ശേഷം ആരെന്തു പറഞ്ഞാലെന്ത്? എങ്ങനെ ശവം സംസ്കരിച്ചാലെന്ത്? എല്ലാം ഒന്നു പോലെ. പ്രമേഹരോഗമുള്ളവര്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ മരിക്കും. അതും സുഖപ്രദമായ മരണം തന്നെ.”

Symbol question.svg.png “അന്യരുടെ മുന്‍പില്‍ തലയുയര്‍ത്തി നടക്കണമെങ്കില്‍ എന്തുവേണം?”

“ഞാന്‍ അമ്പലത്തില്‍ പോകുന്നവനല്ല. എങ്കിലും ദിവസവും കാലത്ത് അവിടെച്ചെന്ന് ഭക്തിയോടെ തലകുനിച്ചു നിന്നാല്‍ ഏതൊരുവന്റെയും മുന്‍പില്‍ തലയുയര്‍ത്തി നടക്കാം.”

Symbol question.svg.png “മലയാളത്തിലെ പൈങ്കിളി സിനിമകള്‍ക്കായി പ്രത്യേകം സിനിമാശാലകള്‍ ഉണ്ടാക്കുന്നതല്ലേ നല്ലത്?”

“നല്ല ആശയം. സിനിമാശാലകള്‍ നിര്‍മ്മിച്ചിട്ട് വീതിയുള്ള ഒരു exit ഉണ്ടാക്കണം. അവിടെ ചുവന്ന അക്ഷരത്തില്‍ ‘വീട്ടിലേക്കു ഓടാനുള്ള വഴി’ എന്ന് രണ്ടു മിനിറ്റിലൊരിക്കല്‍ വിദ്യുച്ഛക്തികൊണ്ട് എഴുതിക്കാണിക്കണം. അബദ്ധത്തില്‍ അവിടെ കയറിപ്പോയവന് ഓടി രക്ഷപ്പെടണമല്ലോ.”

Symbol question.svg.png “ജീവിതത്തില്‍ സ്വീകരിക്കാവുന്ന ഏതെങ്കിലും ഒരു പ്രധാനപ്പെട്ട തത്ത്വം പറഞ്ഞുതരൂ.”

“ആരെക്കണ്ടു സംസാരിച്ചിട്ടു പിരിഞ്ഞു പോകുമ്പോഴും നല്ല വാക്കുകളേ പറയാവൂ. നല്ല പ്രവൃത്തിയേ ചെയ്യാവൂ. ആരറിഞ്ഞു പിന്ന ആ ആളിനെ കാണുമെന്ന്? നമ്മളെ അയാള്‍ കാണുമെന്ന്? ഉറങ്ങിപ്പോയ സഹധര്‍മ്മിണിയെ വിളിച്ചുണര്‍ത്തി മരുന്നുകൊടുത്തു ജി. അരവിന്ദന്‍. അതോടെ അദ്ദേഹം കുഴഞ്ഞുവീണു. അന്ത്യശ്ശ്വാസം വലിക്കുകയും ചെയ്തു. മിസ്സിസ് അരവിന്ദന്‍ ആ സംഭവും ഒരിക്കലും മറക്കില്ല. പദ്മരാജന്‍ മരിക്കുന്നതിനു അഞ്ചുദിവസം മുന്‍പ് ഞാന്‍ അദ്ദേഹത്തെ ടെലിഫോണില്‍ വിളിച്ചു നന്ദി പറഞ്ഞു എന്റെ പേര് വലിയ അക്ഷരത്തില്‍ “ഞാന്‍ ഗന്ധര്‍വ്വന്‍” എന്ന സിനിമയില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചതിന്. “സാറത് അര്‍ഹിക്കുന്നു” എന്ന് അദ്ദേഹം സൗമ്യമായി മൃദുലമായി പറഞ്ഞത് ഞാന്‍ ഒരിക്കലം വിസ്മരിക്കില്ല. ആരെപ്പിരിഞ്ഞു പോകുമ്പോഴും അതു താല്‍ക്കാലികമാണെങ്കിലും നല്ല വാക്കേ പറയാവൂ. നല്ല പ്രവൃത്തിയേ ചെയ്യാവൂ.

ഏഴാച്ചേരി

പ്രതിപാദ്യ വിഷയത്തെ സാക്ഷാത്കരിക്കാന്‍ കഥയെഴുതുന്ന ആളിനു ശക്തിവിശേഷം വേണം.

സീമോന്‍ ദ ബോവ്വാര്‍ അവരുടെ കാലയളവിലെ ഏറ്റവും വലിയ ബുദ്ധിശാലിനി ആയിരുന്നു. അവരുടെ ആത്മകഥ പ്രൌഢമാണ്. അതിലെ “Force of Circumstance” എന്ന വാല്യത്തില്‍ മനുഷ്യന്റെ കഷ്ടപ്പാട്, വിപ്ളവം, കല ഇവയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ചിന്തോദ്ദീപകമത്രേ.

“യാഥാര്‍ത്ഥ്യം ഇപ്പോഴും എനിക്കു താല്‍പ്പര്യജനകംതന്നെ. പക്ഷേ ഭീതിദമായ മിന്നല്‍ പ്രവാഹമെന്ന പോലെ അതിപ്പോള്‍ പ്രകാശിക്കുന്നിലല്. സൗന്ദര്യം, അതേ, സൗന്ദര്യം ഇപ്പോഴുമുണ്ട്. അത് വെളിപാടുകള്‍കൊണ്ട് എന്നെ ഞെട്ടിക്കുന്നില്ലെങ്കിലും, അതിന്റെ രഹസ്യങ്ങളില്‍ ഏറിയ കൂറും വിരസമായിപ്പോയെങ്കിലും കാലത്തെ പിടിച്ചുനിറുത്തുന്ന നിമിഷങ്ങളുണ്ട് അതിന്. പക്ഷേ പലപ്പോഴും ഞാനതിനെയും വെറുക്കുന്നുണ്ട്. ഒരു കൂട്ടക്കൊലയ്ക്കു ശേഷം ഞാന്‍ ബേറ്റ് ഹോഫന്റെ ‘ആന്‍ദാന്‍തേ’ (andante മന്ദഗതിയിലും ഒരേ രീതിയിലുമുള്ള സംഗീതം) കേള്‍ക്കുകയായിരുന്നു. പകുതിയായപ്പോള്‍ ദേഷ്യംകൊണ്ട് ഞാന്‍ ആ റെക്കേര്‍ഡ് നിറുത്തി… വേറൊരു ദിവസം മറ്റൊരു കൂട്ടക്കൊലയ്ക്കുശേഷം — അങ്ങനെ അനേകം കൊലകളുണ്ടായിരുന്നു — എനിക്കാഗ്രഹമുണ്ടായി അത്തരം വ്യാജസൗന്ദര്യത്തെയാകെ നശിപ്പിക്കണമെന്ന്. ഇന്ന് ആ ഭീതിയുടെ വികാരം കെട്ടടങ്ങിയിരിക്കുന്നു.” (Penguin Books, Pages 669, 670.)

ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്‍ രചിച്ച “കഴുകുമ്മൂല” എന്ന കാവ്യത്തില്‍ (ദേശാഭിമാനി വാരിക) ഒരു നൃശംസതയുടെ വര്‍ണ്ണനമുണ്ട്. അക്കാലത്ത് അതു ഭയജനകമായിരുന്നു. ഉടനെ കാവ്യം രചിച്ചെങ്കില്‍ ഉണ്ടാകാവുന്ന കാവ്യസൗന്ദര്യത്തെ സീമൊനെപ്പോലെ വ്യാജസൗന്ദര്യം എന്നു കവി വിളിച്ചേനേ. പക്ഷേ പ്രശാന്തതയില്‍ അനുധ്യാനം ചെയ്യപ്പെടുന്ന വികാരമാണല്ലോ കവിത. ആ അനുധ്യാനത്തിന്റെ ഫലമായി “കഴുകുമ്മൂല” എന്ന കാവ്യം ഉണ്ടായിരിക്കുന്നു.

“മാരന്‍ കായല്‍ നികന്നീലാ
മറുതാപ്പാടമുണങ്ങീലാ
ചെമ്പാവേല പഴുത്തു മണക്കും
കന്നിമാസക്കാറ്റടങ്ങീലാ
വള്ളത്തിലാവഴി പോകുമ്പോള്‍, കുഞ്ഞിലേന്‍
ചുമ്മാതോരോന്നു ചിന്തിച്ചു”

എന്ന കാവ്യത്തിന്റെ ആരംഭം. വികാരതീക്ഷ്ണത ജനിപ്പിക്കാന്‍ കവിക്ക് ഉദ്ദേശ്യമില്ല. നാടോടി പാട്ടിന്റെ വൃത്തവിഷയകമായ സ്വാതന്ത്ര്യം വികാരസംയമത്തിനു സാഹചര്യമരുളുന്നു. ശ്രീഘ്രഗതിയാര്‍ന്ന ലയവുമില്ല. ഇവയൊക്കെ ഗുണങ്ങളായിട്ടാണ് ഞാന്‍ കാണുന്നത്. എന്തിന്? അവസാനത്തെ നാലു വരികളില്‍ ആവിഷ്കരിക്കുന്ന ആശയത്തിനുവേണ്ടി.

പകവതിത്തോറ്റവും പൈങ്കിളിത്തോറ്റവും
മയക്കു തോറ്റവും മാറ്റിവച്ച്
മാറ്റത്തിന്റെ പെരുന്തോറ്റം
കാറ്റും കായലും ചൊല്ലുന്നു.

ആ മാറ്റം വരാന്‍ പോകുന്നു. അതിനു ഹേതു കാവ്യത്തില്‍ വര്‍ണ്ണിച്ച ക്രൂരതയാണ് എന്നാണ് കവി അഭിവ്യഞ്ജിപ്പിക്കുന്നത്. വിപ്ളവ കാവ്യമെഴുതുമ്പോള്‍ അതു പടപ്പാട്ടാകാതെ കവി നിസ്സംഗത പരിപാലിച്ചാല്‍ കവിത വിജയിക്കും എന്ന തത്ത്വത്തിനു നിദര്‍ശകമായിട്ടുണ്ട് ഏഴാച്ചേരി രാമചന്ദ്രന്റെ കാവ്യം.

* * *

പ്രശാന്താവസ്ഥയില്‍ അനുധ്യാനം ചെയ്യപ്പെടുന്ന വികാരമാണ് കവിതയെന്നത്. പ്രശസ്തനായ ഒരു ഇംഗ്ളീഷ് കവി പറ‍ഞ്ഞതാണ്. പക്ഷേ നമ്മുടെ പല കവികള്‍ക്കും ആ പ്രശാന്താവസ്ഥ കൈവരുത്താന്‍ ക്ഷമയില്ല. ഗള്‍ഫ് യുദ്ധമെന്നു കേട്ടാലുടനെ സദാമിനെ നിന്ദിച്ചോ പ്രകീര്‍ത്തിച്ചോ അവര്‍ കാവ്യമെഴുതുന്നു. ബുഷിനെ രാക്ഷസനായോ ദേവനായോ അവര്‍ അവതരിപ്പിക്കുന്നു. അപ്പോള്‍ ക്ഷോഭമല്ലാതെ അനുധ്യാനത്തിന്റെ പ്രശാന്താവസ്ഥ ഇല്ല. എന്റെ ഒരു സ്നേഹിതന്‍ കവിതയെഴുതാന്‍ പേനയെടുത്തപ്പോള്‍ ഗള്‍ഫ് യുദ്ധം തീര്‍ന്നു വെന്നു ടെലിവിഷനിലൂടെ വാര്‍ത്ത വന്നു. അദ്ദേഹത്തിന് നൈരാശ്യം ഉണ്ടായിപ്പോയി. പണ്ട് ചെങ്കടല്‍ രണ്ടായി മാറിയപ്പോള്‍ അതിന്റെ കരയിലെത്തിയ മോസസ്സ് പറഞ്ഞുപോലും: “ഈശ്വരാ അങ്ങ് എന്തു കടുങ്കൈയാണ് ചെയ്തത്. ഞാന്‍ ഒന്നു മുങ്ങിക്കുളിക്കാന്‍ ഭാവിക്കുകയായിരുന്നല്ലോ.” എന്റെ സ്നേഹിതനു കാവ്യമെഴുതാന്‍ വേണ്ടിയെങ്കിലും ബുഷ് ഒരു മണിക്കൂര്‍കൂടി ഇറാക്കില്‍ ബോംബ് വര്‍ഷിക്കേണ്ടിയിരുന്നു.

ഡോക്ടര്‍ ജി. വേലായുധന്‍

പടിഞ്ഞാറുള്ള ധിഷണാശാലികളെക്കുറിച്ചു മാത്രം പറയാറുള്ള ഈ പംക്തിക്കു സമനിലവരുത്താനായി ഭാരത്തിലും വിശേഷിച്ചു കേരളത്തിലുമുള്ള ധിഷണാശാലികളെക്കുറിച്ചു എഴുതണമെന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. കഴിഞ്ഞിട്ടില്ല. ഇനിയെങ്കിലും അതു വേണമെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ട് എന്റെ സ്നേഹബഹുമാനങ്ങള്‍ക്കു പാത്രമായ ഡോക്ടര്‍ ജി. വേലായുധനെക്കുറിച്ച് ഇത്തവണ എഴുതുകയാണ്. സാഹിത്യകാരന്‍മാര്‍ മാത്രമല്ല സംസ്കാരത്തെ വികസിപ്പിക്കുന്ന, മനുഷ്യത്വത്തെ വികസിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കന്‍മാരും സാമൂഹിക പ്രവര്‍ത്തകരും ഈ പംക്തിയില്‍ വരും. ഇന്ത്യയിലെ പ്രമുഖരായ ഗൈനക്കോളജിസ്റ്റുകളില്‍ ഒരാളാണ് ‍ഡോക്ടര്‍ ജി. വേലായുധന്‍. ഗോള്‍ഡ്സ്മിത്ത് ഒരിക്കല്‍ പറഞ്ഞു: The doctors found when she was dead/Her last disorder mortal. രോഗിണികളെ മരണത്തിലേക്കു നീക്കാതെ അവരെ ചികിത്സിച്ച് ജീവിപ്പിക്കുന്ന ഭിഷഗ്വരനാണ് ശ്രീ. വേലായുധന്‍. എല്ലാ ഡോക്ടര്‍മാരും അതല്ലേ ചെയ്യുന്നതെന്നു ചിലര്‍ ചോദിച്ചേക്കാം. ശരിതന്നെ. പക്ഷേ അറിവില്ലായ്മകൊണ്ടും പരിചയക്കുറവുകൊണ്ടും ചില ഡോക്ടര്‍മാര്‍ മരണത്തിന്റെ വക്കിലേക്ക് എത്തിച്ച ചില രോഗിണികളെ പെട്ടെന്നുള്ള ശസ്ത്രക്രിയകൊണ്ട് ഈ ഡോക്ടര്‍ രക്ഷിച്ചിട്ടുണ്ട്. അവരില്‍ ചിലര്‍ എന്റെ ബന്ധുക്കളായതുകൊണ്ടാണ് ഞാനിത് ഉറപ്പിച്ചുപറയുന്നത്.

അതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയുകയില്ല. അത് ഡോക്ടര്‍ക്കും എനിക്കും ‘ഇംബാരസ്മെന്റ്’ — ആകുലാവസ്ഥ — ഉളവാക്കും.

വളരെക്കാലം ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍ക്കു മേശമേല്‍ കിടക്കുന്ന രോഗിയെ വെറും യന്ത്രമായി കരുതാനുള്ള പ്രവണത. ഉണ്ടാകുന്നതില്‍ അദ്ഭുതത്തിന് അവകാശമില്ല. മഹാന്‍മാരായ ഡോക്ടര്‍മാര്‍ക്കു പോലും ഈ മാനസികനില ഉണ്ടാകും. അവിടെയാണ് ഡോക്ടര്‍ വേലായുധന്‍ വിഭിന്നനായി നില്ക്കുക. വര്‍ഷങ്ങൾ ഏറെയായി അദ്ദേഹം ചികിത്സ തുടങ്ങിയിട്ട്. പക്ഷേ ഇന്നും തന്റെ മുന്‍പില്‍ കിടക്കുന്ന ഏതു രോഗിണിയും ഈ ഡോക്ടര്‍ക്കു മനുഷ്യജീവിതന്നെയാണ്. ഈ മനുഷ്യത്വവും കാരുണ്യവുമാണ് ചിലര്‍ക്ക് കോളനിയുണ്ടാക്കിക്കൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് എനിക്കു തോന്നുന്നു. കോവളത്തിനടുത്ത് പനത്തറ എന്ന സ്ഥലത്ത് ഉപ്പുകാറ്റേറ്റു തളര്‍ന്നും മണലടിഞ്ഞു കയറുന്ന ചെറ്റക്കുടിലില്‍ മരണത്തോടു മല്ലടിച്ചും കഴിയുന്ന ചില പാവപ്പെട്ടവര്‍ക്ക് അദ്ദേഹം ഒരു രണ്ടുനില കെട്ടിടം നിര്‍മ്മിച്ചു കൊടുത്തു. പതിനാറു കുടുംബങ്ങള്‍ക്ക് അവിടെ താമസിക്കാം. പതിനഞ്ചു കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നു. അവര്‍ക്കായി ശുചിത്വമുള്ള പതിനാറ് മറപ്പുരകളും. അവ ആധുനികരീതിയിലുള്ളവയാണ്. താമസിച്ചാല്‍ മാത്രം പോരല്ലോ. ഭക്ഷണവും വേണം. കയറുകൊണ്ടു പല വിധത്തിലുള്ള സാധനങ്ങള്‍ നിര്‍മ്മിക്കാനായി ഒരു വര്‍ക്ക്ഷോപ്പും മറ്റുപകരണങ്ങളും അവിടെ ഒരുക്കിയിരിക്കുന്നു. എല്ലാംകൂടി ഏതാണ്ട് നാലു ലക്ഷം രൂപ ഡോക്ടര്‍ ഇതിനുവേണ്ടി ചെലവാക്കിയിരിക്കും എന്നാണ് എന്റെ വിചാരം. മനുഷ്യത്വത്തെ വിളിച്ചോതുന്ന ഈ കോളനി — ഡോക്ടര്‍ പല്പൂനഗര്‍ — ഞാന്‍ ചെന്നുകാണുകയുണ്ടായി. പ്രാര്‍ത്ഥിക്കുന്ന ചുണ്ടുകളെക്കാള്‍ പ്രവര്‍ത്തിക്കുന്ന കരങ്ങളാണ് പാവനം. ആ പാവനത്വമുള്ള ഡോക്ടര്‍ ജി. വേലായുധന് എന്റെ വിനയം കലര്‍ന്ന അഭിവാദനം.

മരണം

അലക്സാണ്ടര്‍ ഈസിവിച്ച് സൊള്‍ഷെനീറ്റ്സിന്‍ (Aleksandr Isayevich Solzhenitsyn, 1918 — ) മരണത്തെക്കുറിച്ചെഴുതിയത് അന്യാദൃശമായ രീതിയിലാണ്. ഏതാനും വാക്കുകള്‍ മാത്രം ഭാഷാന്തരീകരണം ചെയ്തു നല്കാം.

“സര്‍വ്വോപരി നാം മരണത്തെയും മരിക്കുന്നവരെയും പേടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏതെങ്കിലും കുടുംബത്തില്‍ മരണമുണ്ടായാല്‍ നമ്മള്‍ അങ്ങോട്ടു എഴുതുന്നതും ചെല്ലുന്നതും ഒഴിവാക്കാന്‍ ശ്രമിക്കുന്നു. കാരണം മരണത്തെക്കുറിച്ച് എന്തു പറയണമെന്നു നമുക്കറിഞ്ഞുകൂടാ എന്നതാണ്… മരിച്ചവനെ ഒരുപട്ടണത്തില്‍നിന്നു വേറൊരു പട്ടണത്തിലേക്കു മാറ്റുക! എന്താണത്? അതിലേക്കായി ആരും നിങ്ങള്‍ക്കു കാറുതരില്ല. നിങ്ങള്‍ ആരുമല്ലെങ്കില്‍ ശവവണ്ടി കിട്ടില്ല. ശവസംസ്കാരഘോഷയാത്രയുമില്ല. ലോറിയിലുള്ള തിടുക്കമാര്‍ന്ന യാത്രമാത്രം.

പിന്നെ ജന്‍മഭൂമിക്കു വേണ്ടി മരിച്ചവരുണ്ട്. അത് നിങ്ങള്‍ക്കും എനിക്കും സംഭവിക്കാം. സമരഭൂമിയില്‍ വീണവരെ ഓര്‍മ്മിക്കാന്‍ വേണ്ടി ഒരുദിവസം മാറ്റിവയ്ക്കുന്ന ഏര്‍പ്പാടു മുന്‍പുണ്ടായിരുന്നു പള്ളിക്ക്. ‘പോപ്പിഡേ’ എന്ന പേരില്‍ ഇംഗ്ളണ്ട് ഇത് ചെയ്യുന്നു. നമുക്കെല്ലാവര്‍ക്കും വേണ്ടി മരിച്ചവരെ ഓര്‍മ്മിക്കാനായി എല്ലാ രാജ്യങ്ങളും ഒരു ദിവസം മാറ്റിവയ്ക്കുന്നു.

മറ്റേതൊരു ജനതയ്ക്കുംവേണ്ടി മരിച്ചതിനെക്കാള്‍ കൂടുതലായി റഷ്യാക്കാരായ ഞങ്ങള്‍ക്കുവേണ്ടി ആളുകള്‍ മരിച്ചു. എന്നിട്ടും അത്തരത്തിലൊരു ദിവസം ഞങ്ങള്‍ക്കില്ല. നിങ്ങള്‍ മരിച്ചവരെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരുന്നാല്‍ നൂതനലോകം നിര്‍മ്മിക്കാന്‍ ആരുണ്ട്? മൂന്നു യുദ്ധങ്ങളില്‍ ഞങ്ങള്‍ക്ക് എത്ര ഭര്‍ത്താക്കന്‍മാരും ആണ്‍മക്കളും കാമുകന്‍മാരുമാണ് നഷ്ടമായത്! എങ്കിലും അവരെക്കുറിച്ചുള്ള ചിന്ത നമ്മളെ വെറുപ്പിക്കുന്നു. അവര്‍ മരിച്ചുകഴിഞ്ഞു. ചായമടിച്ച മരക്കുറ്റികള്‍ക്കു താഴെ അവരെ കുഴിച്ചുമൂടിയിരിക്കുന്നു. അവരെന്തിനു നമ്മുടെ ജീവിതത്തില്‍ കടന്നുകയറണം? കാരണം നമ്മള്‍ ഒരിക്കലും മരിക്കില്ലല്ലോ.”

മരണത്തിന്റെ പേരിലുള്ള കാപട്യത്തെ സോള്‍ഷെനിറ്റ്സിന്‍ എത്ര ഭംഗിയായി നമുക്കു കാണിച്ചുതരുന്നു! എങ്കിലും സ്നേഹഭാജനങ്ങള്‍ മരിക്കുമ്പോള്‍ താല്‍ക്കാലികമായിട്ടെങ്കിലും നമുക്കു വിഷാദമുണ്ടാകും. ആ വിഷാദത്തെ ഒരു നിമിഷത്തിലൊതുക്കിക്കാണിക്കുന്ന “കണ്ണോക്ക്” എന്ന കഥയ്ക്ക് (ശ്രീ. കെ. ആര്‍. പ്രസാദ്, കുങ്കുമം വാരിക) കലാപരമായ ചാരുതയുണ്ട്. ഒരുകാലത്ത് ഇഷ്ടമായിരുന്ന പുരുഷനും സ്ത്രീയും. അവര്‍ രോഗിണിയായിരുന്നപ്പോള്‍ അയാള്‍ കാണാന്‍ ചെന്നതാണ്. ദര്‍ശനം സ്ത്രീ നിഷേധിച്ചു. എങ്കിലും മരണത്തിന് അയാള്‍ എത്തി. മൃതദേഹം കാണേണ്ടതില്ല എന്ന് അയാള്‍ തീരുമാനിച്ചെങ്കിലും സ്നേഹത്തിന്റെ പ്രേരണയാല്‍ ശവക്കോടി കീറി ശവത്തിന്റെ മുഖം നോക്കി. വാചാലതയല്ല, വാഗ്മിതയാണ് ഈ കഥയുടെ മുദ്ര. വാച്യഭംഗിയല്ല വ്യംഗ്യഭംഗിയാണ് ഇതിന്റെ സവിശേഷത.

* * *

കരിങ്കുളം നാരായണപിള്ളസ്സാറ് എന്റെ ഗുരുനാഥനായിരുന്നു. അദ്ദേഹത്തിന്റെ ചേട്ടന്‍ അന്തരിച്ചുവെന്ന് ആരോ പറഞ്ഞതുകേട്ട് എന്റെ ഇംഗ്ളീഷ് പ്രഫെസറായ ഈ.റ്റി. തോമസ്, പ്രഫെസര്‍ എസ്. ഗുപ്തന്‍ നായര്‍ ഇവരോടൊരുമിച്ച് ഞാന്‍ സാറിന്റെ വീട്ടിലെത്തി. സാറാകട്ടെ ഒരു ചാഞ്ചല്യവുമില്ലാതെ പൂമുഖത്തു നില്ക്കുകയായിരുന്നു. “ബ്രദര്‍ പോയി അല്ലേ?” എന്ന് തോമസ്സ്സാര്‍ ചോദിച്ചപ്പോള്‍ കരിങ്കുളം നാരായണപിള്ളസ്സാര്‍ പറഞ്ഞു: “ബ്രദറല്ല. ഒരകന്ന ബന്ധുവാണു മരിച്ചത്.” ഉടനെ ഈ.റ്റി. തോമസ് പറഞ്ഞു: “ഭാഗ്യമായി അപ്പോള്‍ ക്യാഷ്യുല്‍ ലീവ് (casual leave) എടുക്കണ്ടല്ലോ.”

ഇ.എം.എസ്.

എം.പി. പോളിന്റെ ‘നോവല്‍സാഹിത്യം’ തുടങ്ങിയ കൃതികള്‍ മൗലികങ്ങളല്ല. അവ തികച്ചും പരകീയങ്ങളാണ്. നിരൂപകനെന്ന നിലയിലും അദ്ദേഹത്തിനുള്ള സ്ഥാനം അസൂയാര്‍ഹമല്ല. സൗന്ദര്യത്തെ നിഷേധിച്ചു കൊണ്ടുള്ള സമീപനമാണ് പോളിന്റേത്. ‘ഇന്ദുലേഖ’യിലെ കുപ്രസിദ്ധമായ ഒരു നീണ്ട അദ്ധ്യായത്തിന് ഒരു സാംഗത്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞതിന് ശ്രീ ഇ.എം.എസ്. നമ്പൂതിരിപ്പാട് സമുചിതമായ മറുപടി നല്കിയിരിക്കുന്നു (സാഹിത്യലോകം, ജനുവരി–ഫെബ്രുവരി). ദീർഘമായ അദ്ധ്യായത്തിന് സാംഗത്യമുണ്ടെന്നു തന്നെയാണ് ഇ.എം.എസ്. പറയുന്നത്. ഇതെഴുതുന്ന ആളും അദ്ദേഹത്തോട് യോജിക്കുന്നു. റ്റോമസ് മന്നിന്റെ ‘മാജിക് മൗണ്ട’നിൽ എത്രയെത്ര അദ്ധ്യായങ്ങളാണ് അമൂർത്തങ്ങളായ ആശയങ്ങളെക്കുറിച്ചുള്ള വിമർശനത്തിന് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. അവ എടുത്തു കളഞ്ഞാൽ കലാസൃഷ്ടിയെന്ന നിലയിൽ ‘മാജിക് മൗണ്ടൻ’ തകരും. നോവലെന്നത് നോവലിസ്റ്റ് എന്തെല്ലാം പറയുന്നുവോ അവയുടെയൊക്കെ സാകല്യാവസ്ഥയാണ്. അതിൽനിന്ന് ഒരു വാക്കു പോലും മാറ്റാനാവില്ല. പോളിന്റെ നിഷേധാത്മകമായ വിമർശനത്തിന് ഇ.എം.എസ്. നല്കുന്ന മറുപടി ഉചിതജ്ഞതയുള്ളതു തന്നെ.