സാഹിത്യവാരഫലം 1991 03 31
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1991 03 31 |
ലക്കം | 811 |
മുൻലക്കം | 1991 03 24 |
പിൻലക്കം | 1991 04 07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
കലാകാരനെ നമ്മള്‍ മനസ്സിലാക്കുന്നതു നിരൂപകനിലൂടെയാണ്. നിരൂപകനെ നമ്മള്‍ മനസ്സിലാക്കുന്നത് കലാകാരന്‍ തിരിച്ചുനല്‍കുന്ന പ്രശംസയിലൂടെയല്ല. നിരൂപകന്റെ നിര
വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഈ യഥാര്‍ത്ഥ സംഭവം അക്കാലത്തുതന്നെ മലയാളനാട് വാരികയില്‍ വന്നതാണ്. കാലമേറെക്കഴിഞ്ഞതുകൊണ്ടും കുറച്ചാളുകളേ അതു വായിച്ചിരിക്കാനിടയുള്ളു എന്നതുകൊണ്ടും ആവര്‍ത്തനത്തിനു മുതിരുകയാണ്. അതിനെക്കുറിച്ച് വിചാരിക്കുമ്പൊഴെല്ലാം ഞാന്‍ ഞെട്ടിപ്പോകുന്നു. ആ ഞെട്ടലോടുകൂടി ഇതു കുറിക്കട്ടെ. വായിച്ചവരുടെ സ്മൃതിപഥത്തില്‍ നിന്ന് അതു മാഞ്ഞുപോയിട്ടില്ലെങ്കില്‍ അവര്‍ ഈ ഭാഗം വിട്ടിട്ടു ശേഷമുള്ള ഭാഗം വായിച്ചാല്‍ മതിയാവും.
ഒരു പത്രാധിപര്‍ അയച്ച ആയിരം രൂപ, മണിയോര്‍ഡര്‍ ഫോമില്‍ ഒപ്പിട്ടുകൊടുത്തു വാങ്ങിച്ചപ്പോഴാണ് ഇന്ത്യാകിംഗ്സ് സിഗ്ററ്റ് തീര്‍ന്നു പോയല്ലോ എന്നു തോന്നിയത്. ആ കാട്ടുപ്രദേശത്തിനിന്ന് ഇരുപത്തഞ്ചുനാഴിക അകലെയുള്ള പട്ടണത്തില്‍ച്ചെന്ന് അതു വാങ്ങാമെന്നു ഞാന്‍ തീരുമാനിച്ചു. വൈകുന്നേരം നാലുമണിയോട് അടുപ്പിച്ച് ഞാന്‍ ബസ്സില്‍ കയറി. നഗരത്തില്‍ ചെന്നു സിഗ്ററ്റ് വാങ്ങി തിരിച്ചു വാസസ്ഥലത്തുപോരാന്‍ ബസ് സ്റ്റേഷനില്‍ വന്നു നിലയുറപ്പിച്ചു. രാത്രി എട്ടരമണിയായിട്ടും ബസ് ഇല്ല. രാംടേക് എന്ന സ്ഥലത്തുനിന്ന് (കാളിദാസന്റെ ‘മേഘസന്ദേശ’ത്തിലെ രാമഗിരി) ഒരു ബസ് വരാനുണ്ടെന്നും വന്നാല്‍ അതില്‍ പോകാമെന്നും അധികാരികള്‍ അറിയിച്ചു. പിന്നെയും കാത്തുനിന്നു സമയം കളയുന്നതു ബുദ്ധിശൂന്യതയായിരിക്കുമെന്നു വിചാരിച്ച് ഞാന്‍ ഒരാട്ടോറിക്ഷ ഏര്‍പ്പാടു ചെയ്തു. നൂറ്റിയിരുപതുരൂപ കൂലി എന്നാണ് എന്റെ ഓര്‍മ്മ. ഓട്ടോറിക്ഷ നഗരം കഴിഞ്ഞ് ഭീതിദമായ വിജന പ്രദേശത്ത് എത്തി. വീതി നന്നേ കുറഞ്ഞ റോഡ്. രണ്ടുവശത്തും കുത്തനെയുള്ള ചരിവുകള്‍. ഡ്രൈവര്‍ പെട്ടെന്ന് വാഹനം ചരിവിലൂടെയിറക്കി നിറുത്തി. ഇറങ്ങിപ്പോകുകയും ചെയ്തു. എന്തിന് എവിടെപ്പോകുന്നു? എന്നു ഹിന്ദിയില്‍ ചോദിക്കാനറിഞ്ഞു കൂടാത്തതു കൊണ്ട് “ജല്ദി വാപസ് ആനാ” — “വേഗം തിരിച്ചു വരു” എന്നു ഞാന്‍ അയാളോടു പറഞ്ഞു. ഒരക്ഷരംപോലും മിണ്ടാതെ പോയ അയാള്‍ അരമണിക്കൂര്‍ കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ ഒരു ഭീമാകാരന്‍ കൂടി ഉണ്ടായിരുന്നു. കുടിച്ചുമറിഞ്ഞെത്തിയ അയാള്‍ എന്നെ ഓട്ടോറിക്ഷയില്‍ തള്ളിക്കയറ്റിയിട്ട് അപ്പുറത്തായി ഇരുന്നു. വാഹനം വേഗത്തില്‍ ഓടുകയാണ്. കുടിയന്‍ ബീഡിയെടുത്തു ചുണ്ടില്‍ വയ്ക്കും. തീപ്പെട്ടിക്കോലെടുത്തു ഉരയ്ക്കുന്ന സന്ദര്‍ഭത്തില്‍ ശരീരം വളച്ച് എന്റെ അടുത്തേക്കുവന്നു പോക്കറ്റിലെ നോട്ടുകളില്‍ നോക്കും. അങ്ങനെ പലതവണ ചെയ്തിട്ടും ഞാന്‍ അനങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ഹിന്ദിയില്‍ തെറിവിളിക്കാന്‍ തുടങ്ങി. കഴുത്തില്‍ പിടികൂടാനായി അടുത്തശ്രമം. അപ്പോള്‍ ഞാന്‍ അയാളെ ഇടതുകൈകൊണ്ടു തള്ളിമാറ്റിക്കൊണ്ടിരുന്നു. അവര്‍ക്ക് സൗകര്യമുള്ള സ്ഥലത്തെത്തണം. എന്നെ ഞെക്കിക്കൊന്നു പണം അപഹരിക്കണം. ശവം വല്ല സ്ഥലത്തും ഇട്ടിട്ടു കടന്നുകളയണം. ഇതാണ് ഉദ്ദേശ്യമെന്ന് മനസ്സിലാക്കി ഞാന്‍ വല്ലാതെ ഭയന്ന് ഈശ്വരനാമം ഉച്ചരിച്ചു കൊണ്ട് ഇരുന്നു, രണ്ടു മിനിറ്റിലൊരിക്കല്‍ അയാളെ തള്ളിനീക്കുകയും. കുടിയനായിരുന്നതുകൊണ്ട് എന്റെ തള്ളലേറ്റ് അയാള്‍ നീങ്ങിപ്പോയിരുന്നു. മരണത്തെ മുന്നില്‍ക്കണ്ടുകൊണ്ട് അങ്ങനെ യാത്ര ചെയ്യുമ്പോള്‍ വാഹനം പെട്ടെന്നു നിന്നു. ‘ലെവല്‍ ക്രോസിങ്ങിലെ ഗെയ്റ്റ് അടച്ചിരുന്നതു കൊണ്ടാണ് ഓട്ടോറിക്ഷ നിറുത്തിയത്. അതുതന്നെ തക്കസമയം എന്നു മനസ്സിലാക്കിക്കൊണ്ട് ഞാന്‍ ആ മദ്യപനെ തള്ളി മാറ്റി റോഡില്‍ച്ചാടി ഓടി ഗെയ്റ്റിന്റെ അടുത്തുള്ള ഇടുങ്ങിയ വഴിയിലൂടെ ഓടി മറ്റേ ഗെയ്റ്റിന്റെ അപ്പുറത്തെത്തി. സര്‍വശക്തികളോടുംകൂടി ഞാന്‍ ഓടുകയാണ്. അപ്പോഴുണ്ട് തോക്കെടുത്ത രണ്ടു ‘ദര്‍വാന്മാര്‍’ “ക്യാഹേ” — “എന്താ കാര്യം” — എന്നു ചോദിച്ചുകൊണ്ടു വരുന്നു. എനിക്ക് അവരെ അറിയാം. അവര്‍ക്കു എന്നെയും മുറിഹിന്ദിയില്‍ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു. അവര്‍ എന്നെയുംകൊണ്ട് ഓട്ടോറിക്ഷയുടെ അടുത്തെത്തി. നാലുപേര്‍ ഞെരുങ്ങിയിരുന്നു. ഓട്ടോറിക്ഷ എന്റെ വാസസ്ഥലത്തിന്റെ മുമ്പിലെത്തിയപ്പോള്‍ ഭടന്മാരുടെ ഓഫീസറായ എന്റെ ബന്ധു വന്നു പൊലീസുകാരെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. അതുകേട്ട മാത്രയില്‍ ഭീമന്‍ പല്ലുകളുടെ അകവശം കാണത്തക്കവിധത്തില്‍ വാ തുറന്നു പുച്ഛിച്ചു ചിരിച്ചു. എങ്കിലും രണ്ടു പൊലീസ് കണ്‍സ്റ്റബിള്‍സ് എത്തി. അവര്‍ മദ്യപനെ കണ്ടയുടനെ ‘അറ്റന്‍ഷനാ’യി നിന്നു. ‘സല്യൂട്ട്’ ചെയ്തു. എന്നെക്കൊല്ലാന്‍ ശ്രമിച്ചവന്‍ ആ ഡിസ്റ്റ്രിക്ടിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. പിന്നീട് വാദി, പ്രതിയാവുമെന്നുകണ്ട് കൂലി അമ്പതുരൂപകൂടെ കൊടുത്തു നല്ല വാക്കോടെ അവരെയാത്രയാക്കി. പോകാന്‍ നേരത്ത് ഭീമാകാരന്‍ എന്നെ നോക്കി “സബ് ഠീക് ഹൈ” — എല്ലാം ശരി — എന്നു ചിരിയോടെ പറഞ്ഞു. ഈ സംഭവം ഇതുപോലെയോ അല്ലെങ്കില്‍ അല്പം വിഭിന്നമായോ ആ പ്രദേശത്തു ഇപ്പോഴും നടക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യം ഇന്ത്യയല്ല എന്നു വായനക്കാര്‍ ധരിച്ചു കൊള്ളണം.
രണ്ടുവശങ്ങളിലും മണല്‍ക്കാടുകള്‍ പോലെ വിസ്തൃതമായിക്കിടന്ന ഭൂപ്രദേശങ്ങള്‍ക്കിടയിലുള്ള ആ പാതയിലൂടെ മരണം പ്രതീക്ഷിച്ച് സഞ്ചരിച്ചപ്പോള്‍ ഞാന്‍ ഈ ലോകത്തുനിന്നു പോകുന്നു എന്ന വിചാരമേ ഉണ്ടായിരുന്നുള്ളു. ഇന്ന് ഇവിടെയിരുന്ന് ഇതെഴുതുമ്പോള്‍ ആ മണല്‍ക്കാടുകള്‍ നവീന മലയാള ഗദ്യമാണെന്ന് എനിക്ക് തോന്നുന്നു. മദ്യപനായ ആ ഭീമാകാരന്‍ —അസഭ്യങ്ങളായ ഹിന്ദി പദങ്ങള്‍ പറഞ്ഞ് എന്നെ ഞെക്കിക്കൊല്ലാന്‍ ശ്രമിച്ച ആ പൊലീസ് ഉദ്യോഗസ്ഥന്‍ നവീന മലയാള ഗദ്യത്തിന്റെ രചയിതാവാണെന്നു തോന്നുന്നു. അന്ന് അവിടത്തെ അന്തരീക്ഷത്തില്‍ വിളറിയ ചന്ദ്രക്കല ഉണ്ടായിരുന്നു. അതിന്റെ ദുര്‍ബലങ്ങളായ രശ്മികള്‍ എന്റെ പേടികൂട്ടിയതേയുള്ളു. ഇന്ന് ഋജുവായും ലളിതമായും ആരെങ്കിലും എഴുതുന്നുണ്ടെങ്കില്‍ അത് ദുര്‍ബലമാണെന്ന് എനിക്ക് തോന്നുന്നു. അതിന്റെ അവ്യക്ത പ്രകാശം ഭാഷയെസ്സംബന്ധിച്ച എന്റെ ഉത്കണ്ഠയ്ക്ക് ലോപം വരുത്തുന്നില്ല. ഈ കുത്സിതരചനകള്‍ എന്നെങ്കിലും ഇല്ലാതാവും എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ ആ വ്യക്തി കേരളത്തിലല്ല ജീവിക്കുന്നതെന്ന് ഗ്രഹിച്ചുകൊള്ളണം പ്രിയപ്പെട്ട വായനക്കാര്‍.
Contents
ആളുവില കല്ലുവില
മഷി — ഇരുമ്പിന്റെ Taunogallate, ഗം അറബിക്, വെള്ളം ഇവ ചേര്‍ത്തുണ്ടാക്കുന്ന ദുഷ്ടമായ കോംപൗണ്ട്. മണ്ടത്തരം പകര്‍ത്തിക്കൊടുക്കുന്നതിനും ധിഷണയെ സംബന്ധിച്ച കുറ്റം വര്‍ദ്ധിപ്പിക്കുന്നതിനും പറ്റിയ സാധനം.
എന്റെ മുത്തച്ഛന് കാറ് വാങ്ങണം. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ യാത്രയായി. ആദ്യമായി ചെന്നുകയറിയതു തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള ഒരു വീട്ടില്‍. വെള്ളച്ചായം തേച്ച് കറുത്ത വരകള്‍ അങ്ങിങ്ങായി ചേര്‍ത്തു ഷെഡ്ഡില്‍ നിറുത്തിയ വാഹനം. മനോഹരം എന്നു ഞാന്‍ പറഞ്ഞുപോയി. മുത്തച്ഛന്‍ അതിന്റെ എഞ്ചിന്‍ പരിശോധിച്ചിട്ട് എന്നെയും കൂട്ടി തിരുമല എന്ന സ്ഥലത്തു ചെന്നു. മനുഷ്യര്‍ക്ക് ‘ല്യൂക്കോഡേമ’ (leucoderma) വന്നുകണ്ടിട്ടില്ലേ? അതുപോലെ പല സ്ഥലങ്ങളിലും ചായമിളകി വെളുപ്പ്. മറ്റു സ്ഥലങ്ങളില്‍ കറുപ്പു നിറം. കാറ് കണ്ടപ്പോള്‍ എനിക്ക് അറപ്പും വെറുപ്പും ഉണ്ടായി. മുത്തച്ഛന്‍ ‘ബോണിറ്റ്’ തുറന്ന് എഞ്ചിന്‍ നോക്കി. ഇതുമതിയെന്ന് പറഞ്ഞ് വാങ്ങിക്കല്‍ ഉറപ്പിക്കുകയും ചെയ്തു. “മറ്റേക്കാറല്ലേ നല്ലത്?” എന്നു ഞാന്‍ ചോദിച്ചപ്പോള്‍ “മണ്ടാ അത് പെയിന്റ് മാത്രമാണെടാ” എന്ന് അദ്ദേഹം കളിയാക്കി പറഞ്ഞു. മുത്തച്ഛന്‍ വാങ്ങിയ രണ്ടാമത്തെ കാറ് വളരെ വര്‍ഷം അദ്ദേഹം ഓടിച്ചു. ബാഹ്യാകൃതി നമ്മളെ പലപ്പോഴും വഞ്ചിക്കും. ചില സ്ത്രീകള്‍ സുന്ദരികളായിരിക്കും. പക്ഷേ അവര്‍ എഴുന്നേറ്റ് ഒന്നു നടന്നാല്‍ നമുക്ക് വെറുപ്പ് ഉണ്ടാകും. “Sitting beauties are not always walking beauties” എന്നു യൂഗോ പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. അല്ലെങ്കില്‍ അവരൊന്നു നാവനക്കിയാല്‍ മതി. ‘ശുദ്ധ അലവലാതി’ എന്നു നമ്മള്‍ പറയും. തൃശൂര്‍ കലക്ടറായിരുന്ന ശ്രീ സോമസുന്ദരം ഒരാളെ വാഴ്ത്തിസ്സംസാരിച്ചപ്പോള്‍ എന്റെ ശിഷ്യനായിരുന്ന സോമസുന്ദരത്തോടു ഞാന്‍ പറഞ്ഞു: Don’t judge persons by externals.” പിന്നീട് അദ്ദേഹം ഒന്നും മിണ്ടിയില്ല.
കാവ്യമെഴുതിയെഴുതി ചില ആളുകള്‍ക്ക് ഇതുപോലെ പുറംപൂച്ച് വരും. അതു വന്നുകഴിഞ്ഞാല്‍ അവരെഴുതുന്നതെന്തും വാരികകളില്‍ മഷിപുരണ്ടുവരും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ. പാലൂര് എഴുതിയ ‘മിഠായിത്തെരുവ്’ എന്ന ‘കാവ്യ’മൊന്നു വായിച്ചുനോക്കുക. പാലൂര് എന്ന പേരിന്റെ പുറംപൂച്ചല്ലേ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് “അച്ചുക്കൂടത്തിന്റെ അഭിമര്‍ദ്ദ പീഡയനുഭവിക്കാന്‍” ഹേതുവായിബ്ഭവിച്ചത്? ഞാന്‍ ഒരു വരിയും എടുത്തെഴുതുന്നില്ല അതില്‍ നിന്ന്. മാതൃഭൂമിയാപ്പീസിലെ ചവറ്റുകുട്ടയില്‍ ചെന്നുവീഴേണ്ട ഈ കാവ്യത്തെ അങ്ങോട്ടു നയിക്കാതെ ഉത്കൃഷ്ടമായ വാരികയുടെ ധവള പത്രത്തിലേക്ക് ആനയിച്ചത് കവിനാമധേയത്തിന്റെ ബാഹ്യശോഭമാത്രമാണ്. ‘ആളുവില കല്ലുവില’.
അംബ്രോസ് ബീര്‍സിന്റെ നിര്‍വചനങ്ങള്‍
- കൈലേസ്
- ശവസംസ്കാര വേളയില്‍ അവിടെ കൂടിനില്‍ക്കുന്നവരുടെ കണ്ണീരില്ലായ്മയെ മറയ്ക്കാന്‍ ഉപകരിക്കുന്ന ഒരു തുണ്ടുതുണി. ഷെയ്ക്സ്പിയര്‍ ‘ഒഥല്ലോ’ നാടകത്തില്‍ കൈലേസ് കൊണ്ടുവന്നതു കാലപ്രമാദമാണ്. പിന്നീടാണ് കൈലേസിന്റെ ഉപയോഗം. ഡെസ്ഡിമോന മൂക്കു തുടച്ചിരുന്നതു അവളുടെ പാവാടകൊണ്ടാണ്.
- ഹോമിയോപ്പതി ഡോക്ടര്‍
- മെഡിക്കല്‍ പ്രഫെഷനിലെ വിദൂഷകന്‍.
- മാനനഷ്ടം വരുത്തല്‍
- മറ്റുള്ളവനെക്കുറിച്ചു സത്യം പറയുക എന്നത്.
- വലിഞ്ഞു കയറുന്നവന്‍
- തിടുക്കത്തില്‍ അയാളെ ചവിട്ടിപ്പുറത്താക്കരുത്. ചിലപ്പോള്‍ അയാള്‍ പത്രറിപ്പോര്‍ട്ടറായിരിക്കും.
- ഹസ്തരേഖാ ശാസ്ത്രം
- കള്ളംപറഞ്ഞു പണമുണ്ടാക്കാനുള്ള 947-ആമത്തെ മാര്‍ഗ്ഗം.
- മഷി
- ഇരുമ്പിന്റെ taunogallate, ഗം അറബിക്, വെള്ളം ഇവ ചേര്‍ത്തുണ്ടാക്കുന്ന ദുഷ്ടമായ കോംപൗണ്ട്. മണ്ടത്തരം പകര്‍ത്തിക്കൊടുക്കുന്നതിനും ധിഷണയെസ്സംബന്ധിച്ച കുറ്റം വര്‍ദ്ധിപ്പിക്കുന്നതിനും പറ്റിയ സാധനം.
- നിഘണ്ടു നിര്‍മ്മാതാവ്
- ഭാഷയുടെ ഒരു കാലയളവിന്റെ വികാസത്തെ രേഖപ്പെടുത്തുന്നുവെന്ന മട്ടില്‍ അതിന്റെ വളര്‍ച്ചയെ തടയുകയും അയഞ്ഞ അവസ്ഥയെ കര്‍ക്കശാവസ്ഥയാക്കുകയും ചെയ്യുന്ന കീടം.
- പ്രശസ്തനായ സാഹിത്യകാരന്‍ (സാഹിത്യവാരഫലക്കാരന്റെ നിര്‍വചനം)
- പത്രം തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്നതാണെങ്കില്‍ ആ പത്രാധിപര്‍ക്കുമാത്രം പരിചയമുള്ള ആള്‍. കോഴിക്കോട്ട് നിന്നാണു പത്രം പ്രസിദ്ധപ്പെടുത്തുന്നതെങ്കില്‍ ആ പത്രാധിപര്‍ക്കുമാത്രം അറിയാവുന്നയാള്‍. പത്രാധിപര്‍ക്കുള്ള കത്തുകള്‍ എന്ന കോളത്തില്‍ മാത്രം ഒന്നോ രണ്ടോ കത്തുകള്‍ എഴുതിയിട്ടുള്ളവന്‍ മരിച്ചാല്‍ അയാള്‍ക്കു പത്രം നല്‍കുന്ന വിശേഷണം.
പ്രിന്‍സിപ്പലും പശുവും
കലാകാരനെ നമ്മള്‍ മനസ്സിലാക്കുന്നതു നിരൂപകനിലൂടെയാണ്. നിരൂപകനെ നമ്മള്‍ മനസ്സിലാക്കുന്നത് കലാകാരന്‍ തിരിച്ചു നല്‍കുന്ന പ്രശംസയിലൂടെയല്ല. നിരൂപകന്റെ നിരൂപണത്തില്‍ കൂടിത്തന്നെയാണ്.
അങ്ങ് വടക്കൊരു കോളേജില്‍ പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം മാസന്തോറും കൊണ്ടു വരുന്ന ശമ്പളം ഭാര്യ പിടിച്ചുവാങ്ങിച്ച് പെട്ടിയില്‍ വയ്ക്കും. വീട്ടുചെലവിനും സ്വന്തം ചെലവിനും പ്രിന്‍സിപ്പലിന് പണമില്ല. അതുകൊണ്ട് അദ്ദേഹം ഒരു ട്രിക് എടുത്തു: “കൃഷ്ണന്‍ നായരേ, ഒന്നാന്തരം കറാച്ചി പശു നില്‍ക്കുന്നു എന്റെ വീട്ടില്‍. പത്തിടങ്ങഴി പാലാണു കിട്ടുന്നത്. കൃഷ്ണന്‍ നായര്‍ക്കായതുകൊണ്ട് ആയിരം രൂപയ്ക്ക് തരാം വേണോ?” എന്ന് ചോദ്യം. “എനിക്ക് പശുവെന്നല്ല ഒരു മൃഗത്തിനെയും ഇഷ്ടമല്ല സാര്‍” എന്ന് എന്റെ മറുപടി. പ്രിന്‍സിപ്പല്‍ അതുകേട്ട് ഗോപാലന്‍ നായരെ വിളിക്കുന്നു” പാലായില്‍ എന്തെല്ലാം വിശേഷം ഗോപാലന്‍ നായരെ? “അദ്ദേഹം മറുപടി പറയുന്നതിനുമുമ്പ് പ്രിന്‍സിപ്പല്‍ കാര്യത്തിലേക്ക് കടക്കുന്നു “ഗോപാലന്‍ നായരെ എന്റെ വീട്ടില്‍ ഒന്നാന്തരം ഇംഗ്ളീഷ് കൗ നില്‍ക്കുന്നു പത്തടി നീളം ഇരുപതിടങ്ങഴി പാല്‍ കിട്ടും. നിങ്ങൾക്കായതുകൊണ്ട് രണ്ടായിരം രൂപയ്ക്ക് തരാം” ശുദ്ധാത്മാവായ ഗോപാലന്‍ നായര്‍ അപ്പോള്‍ തന്നെ ബാങ്കില്‍ നിന്ന് രൂപ എടുത്ത് പ്രിന്‍സിപ്പലിനു കൊടുത്തു. വൈകുന്നേരം പശുവിനെ കൊണ്ടുപോകാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ പ്രിന്‍സിപ്പലിന്റെ മൊഴിയാണ്” അയ്യോ പത്തുമിനിട്ടുമുമ്പ് പശുവിനെ വേറൊരാള്‍ക്കു കൊടുത്തു. നിങ്ങളുടെ പണം ഞാന്‍ അടുത്ത മാസം ശമ്പളം വാങ്ങുമ്പോള്‍ തന്നുകൊള്ളാം” അങ്ങനെ ഗോപാലന്‍ നായര്‍ക്ക് 2000 രൂപ നഷ്ടമാകുന്നു. ഇങ്ങനെ പ്രിന്‍സിപ്പല്‍ പലപ്പോഴും പശുക്കളെ വിറ്റു. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു കാലത്തും പശുവുണ്ടായിരുന്നില്ലതാനും.
ഈ പ്രിന്‍സിപ്പലിനെപ്പോലെ ഒരാളെ ഇപ്പോള്‍ കാണുന്നത് ശ്രീ. പി. ജയരാജന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘ജംഗമവസ്തുക്കള്‍’ എന്ന ചെറുകഥയിലാണ്. മേശ വില്ക്കാനുണ്ടെന്നു മാന്തക്ക. അതിനുശേഷം പറ വില്ക്കാനുണ്ടെന്ന് പറയുക. പണംകൊടുക്കുമ്പോള്‍ രണ്ടുമില്ലെന്ന് അറിയിക്കുന്നു. ഒരു വ്യത്യാസമുണ്ട് പ്രിന്‍സിപ്പല്‍ കരുതിക്കൂട്ടി മറ്റുള്ളവരെ പറ്റിക്കുന്നു. മാന്തക്കയ്ക്ക് ആ വിധത്തിലൊരു ലക്ഷ്യമില്ല. ഒരേസമയം നിഷ്കളങ്കനും കുറ്റക്കാരനുമായ ഒരുത്തനെ ചിത്രീകരിച്ചിരിക്കുന്നു കഥാകാരന്‍. “പറേം മേസ്യോന്നും ഇങ്ങായ് നിലാഞ്ചെകുട്ട്യേ അത്യോഞ്ഞ്” എന്നു കഥയുടെ ഒടുവിലായിക്കണ്ട വാക്യത്തിന്റെ അര്‍ത്ഥം പറയും മേശയും ഒന്നും ഉണ്ടായിരുന്നില്ല എന്നാവാം എന്നു സങ്കല്പിച്ചാണ് ഞാന്‍ മുകളില്‍ക്കാണും വിധം എഴുതിയത്. അതിന്റെ അര്‍ത്ഥം മറ്റൊന്നാണെങ്കില്‍ എന്റെ മൂല്യ നിര്‍ണ്ണയം തെറ്റായിരിക്കും. ഗ്രാമ്യഭാഷ എഴുതുമ്പോള്‍ അതു പഴയ തിരുവിതാംകൂറിലുള്ളവര്‍ക്കും മനസ്സിലാകണമെന്നു കഥാകാരന്‍ വിചരിക്കാത്തത് കഷ്ടം തന്നെ.
കലയുടെ സംസ്കാരം
കൃത്രിമമായത്, സ്ഥൂലീകരിക്കപ്പെട്ടത്, മൗലികതയുടെ നാട്യമുള്ളത് എന്നൊക്കെയാണ് ഞാന്‍ ശ്രീ.എം. രാജീവ്കുമാറിന്റെ അത്യാഹിതത്തിന്റെ തിണ്ണ എന്ന കഥയെ വിശേഷിപ്പിക്കുക. (കഥ ദേശാഭിമാനി വാരികയില്‍) ഡോക്ടര്‍മാര്‍ പണിമുടക്കു നടത്തുന്ന ആശുപത്രിയില്‍ പാമ്പുകടിയേറ്റ് ഒരുത്തനെ അയാളുടെ ഭാര്യയും മകനുംകൂടി കൊണ്ടുവരുന്നു. പാമ്പിനെയും ഒരു പ്ളാസ്റ്റിക് കൂടയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍ സമരാവേശത്തില്‍ പ്രസംഗങ്ങള്‍ തകര്‍ക്കുന്നതേയുള്ളു. ആരെയും ശുശ്രൂഷിക്കാന്‍ എത്തുന്നില്ല. വിഷം രക്തത്തില്‍ വ്യാപിച്ചു നീലനിറമാര്‍ന്ന അയാള്‍ മരിക്കാറായി. അപ്പോള്‍ പാമ്പു കൂടയില്‍ നിന്നിറങ്ങി മുറിവില്‍ ചുംബിച്ചു വിഷം വലിച്ചെടുക്കുന്നു. അതിനു മുന്‍പ് ഡോക്ടര്‍മാരെ കടിച്ച് മരണത്തിലേക്കു നയിക്കുന്നു. കടിയേറ്റ മനുഷ്യന്‍ പാമ്പിന്റെ ഔദ്യര്യംകൊണ്ട് രക്ഷപ്പെടുന്നു. സമരത്തെ വാഴ്ത്തിയോ നിന്ദിച്ചോ കഥയെഴുതാം. രൂപശില്പവും ഭാവശില്പവും അനന്യമാണെങ്കില്‍ സഹൃദയന്‍ ഏതിലും രസിക്കും. അതുകൊണ്ട് ഡോക്ടര്‍മാരുടെ സമരത്തെ നിന്ദിച്ചതുകൊണ്ട് എനിക്കു പരാതിയില്ല. സമരത്തെ പ്രകീര്‍ത്തിച്ചാലും നന്ന്. പക്ഷേ ഭാവവും രൂപവും സമരഞ്ജസമായി സമ്മേളിക്കാത്തതുകൊണ്ട് കലയുടെ സംസ്കാരം ഇതിനില്ല. ഋജുത, സ്വാഭാവികത, മൗലികത ഈ മാനദണ്ഡങ്ങള്‍ കൊണ്ട് രാജീവ് കുമാറിന്റെ കഥയെ അളക്കുമ്പോള്‍ അതു ഋജുതയുള്ളതല്ല, സ്വാഭാവികതയുള്ളതല്ല, മൗലികതയുള്ളതല്ല എന്നു പറയേണ്ടതായിവരും. രാജീവ്കുമാര്‍ വിമര്‍ശനത്തില്‍ അസഹിഷ്ണുത കാണിക്കില്ല. വിശേഷിച്ച് അദ്ദേഹത്തിന്റെ അദ്ധ്യാപകന്റെ വിമര്‍ശനത്തില്‍. അതല്ല അല്പമെങ്കിലും വല്ലായ്മയുണ്ടാകുമെങ്കില്‍ ശ്രീ ആര്‍. നരേന്ദ്രപ്രസാദിന്റെ, താഴെച്ചേര്‍ക്കുന്ന വാക്യങ്ങള്‍ അദ്ദേഹത്തിന് അനല്പമായ ആശ്വാസം നല്‍കും:
- “എന്‍.എസ്.മാധവന്‍, സി.വി. ബാലകൃഷ്ണന്‍, എം. രാജീവ്കുമാര്‍, ബാബു കുഴിമറ്റം, വി.എസ്. അനില്‍കുമാര്‍, പി.സുരേന്ദ്രന്‍, വിനയകുമാര്‍, എന്‍.പി. ഹാഫീസ് മുഹമ്മദ്, അഷ്ടമൂര്‍ത്തി, തോമസ് ജോസഫ്, പി.എഫ്. മാത്യൂസ്, ജയരാജ്, വി.ആര്‍. സുധീഷ്, അക്‌ബര്‍ കക്കട്ടില്‍, ഇ.വി. ശ്രീധരന്‍, എന്‍. പ്രഭാകരന്‍, വത്സലന്‍ വാതുശ്ശേരി, എം. സുധാകരന്‍, ഈ ലിസ്റ്റ് ഇനിയും നീട്ടാം.
- ഇവരുടെ കഥകളെപ്പറ്റി ഞാന്‍ ദീര്‍ഘമായൊരു പഠനം എഴുതാന്‍ ശ്രമിക്കുകയാണ്.”
നരേന്ദ്രപ്രസാദിന്റെ ഈ പ്രഖ്യാപനം കുങ്കുമം വാരികയില്‍ കാണാം. അതനുസരിച്ച് അദ്ദേഹം പഠനം — ദീര്‍ഘമായ പഠനം — എഴുതി നവീന കഥാകാരന്‍മാരുടെ ഹൃദയങ്ങളിലും ശ്രോത്രങ്ങളിലും അമൃതസേചനം നടത്തട്ടെ.
കലാകാരനെ നമ്മള്‍ മനസ്സിലാക്കുന്നതു നിരൂപകനിലൂടെയാണ്. നിരൂപകനെ നമ്മള്‍ മനസ്സിലാക്കുന്നത് കലാകാരന്‍ തിരിച്ചു നല്‍കുന്ന പ്രശംസയിലൂടെയല്ല. നിരൂപകന്റെ നിരൂപണത്തില്‍ കൂടിത്തന്നെയാണ്.
ചോദ്യം, ഉത്തരം
ചിരി പകരുമ്പോലെ, കരച്ചില്‍ പകരുമ്പോലെ ആത്മഹത്യയും പകരും.
“ആത്മഹത്യ നടത്താതിരിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?”
- കുട്ടിയുടെ എഴുത്തില്‍ അങ്ങിങ്ങായി അക്ഷരങ്ങള്‍ നനഞ്ഞ് പടര്‍ന്നിരിക്കുന്നത് കണ്ടു. അത് വെള്ളംതൊട്ടു തേച്ചതോ കണ്ണീര്‍ വീണതോ? രണ്ടായാലും നിന്ദ്യം. വെള്ളം തൊട്ടുതേച്ചതാണെങ്കില്‍ കുട്ടി വ്യാജപ്രവൃത്തി നടത്തി. യഥാര്‍ത്ഥത്തില്‍ കണ്ണീര്‍ വീണതാണെങ്കില്‍ എഴുത്തു മാറ്റിയെഴുതേണ്ടിയിരുന്നു. ഒരു പരിചയവുമില്ലാത്ത ഒരുത്തനെ കരഞ്ഞു എന്നറിയിക്കുന്നത് ഒരു പെണ്‍കുട്ടിക്കും ഭൂഷണമല്ല. ആത്മഹത്യക്ക് ഉറച്ചവര്‍ അന്യരുടെ ഉപദേശം തേടുകയില്ല. കുട്ടിയുടേത് വെറും സെന്റിമെന്റലിസമാണ്. സഹതാപത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലാണ്. ഉത്തരത്തിന് മാര്‍ദ്ദവമില്ലെങ്കില്‍ ക്ഷമിക്കൂ.”
“സര്‍റീയലിസം ഇഷ്ടമാണോ നിങ്ങള്‍ക്ക്?”
- “സറീയലിസമെന്നേ പറയാവൂ. സറീയലിസം സ്വപ്നമാണ്. ഉറക്കത്തിലേ സ്വപ്നമുണ്ടാകൂ. അത് കലയാവാന്‍ പ്രയാസം. ഉണര്‍ന്നിരുന്നു എഴുതുന്നതാണ് കല. ടോള്‍സ്റ്റോയിയും ദസ്തെയെവ്സ്കിയും ഡാവിഞ്ചിയും കാവാബാത്തയും ഉണര്‍ന്നിരുന്നാണ് ശില്പങ്ങള്‍ സൃഷ്ടിച്ചത്. ഡാലി ഉറക്കത്തിലെഴുതിയ ചിത്രങ്ങള്‍ നശിച്ചു പോകും.”
“എറിക്ക ജൊങ്ങിന്റെ നോവലുകള്‍ നിങ്ങള്‍ക്കിഷ്ടമാണോ?” (മുകളിലത്തെ ചോദ്യവും ഇതും ഒരാളിന്റേത്.)
- “എനിക്കിഷ്ടമല്ല. പക്ഷേ എഴുതാന്‍ പ്രാഗല്ഭ്യമുണ്ട് അവര്‍ക്ക്. എറിക്കയുടെ ഒരു പ്രസ്താവം എനിക്ക് ഇഷ്ടപ്പെട്ടു. അത് ഇതാ: ‘Phallocentric, someone said of Freud. He thought the Sun revolved around the penis. And the daughter too.’”
“ചോദ്യങ്ങള്‍ നിങ്ങള്‍ തന്നെ ഉണ്ടാക്കുന്നവയല്ലേ? ഇതു വായനക്കാരോട് ചെയ്യുന്ന അപരാധമല്ലേ?”
- “ഏറെ ചോദ്യങ്ങള്‍ പോസ്റ്റില്‍ വരും. പലതും ‘സ്റ്റുപിഡ്’ ആയിരിക്കും. ചിലതു തിരഞ്ഞെടുത്തു ഉത്തരമെഴുതും. ചിലത് ഞാന്‍ തന്നെ എഴുതുന്നതാണ്. അത് അപരാധമായിരിക്കാം. പക്ഷേ ഉത്തരങ്ങളില്‍ ധിഷണയുടെ സ്ഫുലിംഗമുണ്ടെങ്കില്‍ ആ അപരാധത്തിന്റെ തീക്ഷ്ണത വളരെക്കുറയും.”
“കേരളത്തിലെ ഏറ്റവും നല്ല ഫിക്ഷന്‍ റൈറ്റര്‍ ആര്?”
- ഒരാളല്ല. അനേകം പേരുണ്ട്. നവീന നിരൂപകരെല്ലാം വളരെ നല്ല ഫിക്ഷന്‍ റൈറ്റേഴ്സാണ്.”
“നിങ്ങളുടെ ചെറുപ്പകാലത്തെ സാഹിത്യകാരന്മാരും ഇപ്പോഴത്തെ സാഹിത്യകാരന്മാരും തമ്മില്‍ വ്യത്യാസമുണ്ടോ?”
- ഇന്നുള്ളിടത്തോളം സാഹിത്യബോറന്മാര്‍ അന്നില്ലായിരുന്നു. അക്കാലത്ത് വാരനാട്ടു കെ.പി. ശാസ്ത്രികളെപ്പോലുള്ള കവികള്‍ ഉണ്ടായിരുന്നെങ്കിലും സാഹിത്യം ബഹുജനത്തെ പീഡിപ്പിച്ചിരുന്നില്ല.”
“നിങ്ങള്‍ക്ക് സൈക്കിള്‍ ചവിട്ടാനറിയാമോ? ചീട്ടുകളി അറിയാമോ? കളിച്ചുതോറ്റു ദുഃഖിച്ചിട്ടുണ്ടോ?”
- “ഞാന്‍ സൈക്കിള്‍ ചവിട്ടുകാരനായിരുന്നു. അക്കാലത്തെ സണ്‍ബീം, ബി.എസ്.എ, റാലി ഈ സൈക്കിളുകളില്‍ കേറിയിരുന്നാല്‍ റോള്‍സ് റോയ്സ് കാറിലിരിക്കുന്ന സുഖമാണ്. ഇന്ന് അത്തരം സൈക്കിളുകള്‍ ഇല്ല. ചീട്ടുകളിയില്‍ 28 എന്നു വിളിക്കുന്ന കളി അറിയാം. സന്തോഷവും സങ്കടവും എതിരാളിയെ ആശ്രയിച്ചിരിക്കും. പരുക്കന്‍ പുരുഷനാണ് എതിരാളിയെങ്കില്‍ അയാള്‍ എന്നെ തോല്പിക്കുന്നതു ഖേദകരമായിരുന്നു. സുന്ദരിയായ കളിക്കൂട്ടുകാരിയുമായി ചീട്ടുകളിക്കുമ്പോള്‍ കരുതിക്കൂട്ടി തോറ്റുകൊടുക്കുന്നത് ആഹ്ളാദാനുഭൂതി ഉളവാക്കും.”
വേനല്‍
പ്രചണ്ഡമാരുതന്റെ ആഘാതമേറ്റ് ആടിയുലയുന്ന കാനനരാശികളെ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കില്‍ സങ്കല്പിക്കാനെങ്കിലും കഴിയുകയില്ലേ? പ്രാകൃതികങ്ങളായ ശക്തിവിശേഷങ്ങള്‍ യൂഗോയുടെ നോവലില്‍ ആഞ്ഞടിക്കുന്നു.
‘നിങ്ങള്‍ ശവസംസ്കാരങ്ങള്‍ക്കു പോയിട്ടുണ്ടോ എന്നെനിക്ക് അറിഞ്ഞുകൂടാ. അല്ലെങ്കില്‍ ആരെങ്കിലും മരിച്ച വീട്ടില്‍ പോയിട്ടുണ്ടോ? നിങ്ങള്‍ അല്പമായിട്ടെങ്കിലും നിങ്ങളെത്തന്നെ നിരീക്ഷണം ചെയ്യണം. അല്ലെങ്കില്‍ ഒന്നും കണ്ടെന്നു വരില്ല. അങ്ങനെ അല്പമായി നിരീക്ഷണം ചെയ്യുമ്പോള്‍ ആ മനുഷ്യന്‍ മരിച്ചതില്‍ നിങ്ങള്‍ക്കു സവിശേഷതയാര്‍ന്ന രീതിയില്‍ ദുഃഖിക്കാനൊന്നുമില്ല എന്നതു മനസ്സിലാകും. മരിച്ചയാള്‍ മറ്റുള്ള പലരെപ്പോലെയുമാണ്. ഈ മരണം സംഭവിച്ചു. സാമൂഹിക പരിതഃസ്ഥിതികളുടെ ഒത്തുചേരല്‍കൊണ്ടു നിങ്ങള്‍ ആ വീട്ടില്‍ ചെന്നു എന്നേയുള്ളു. എന്തുകൊണ്ടെന്നോ എങ്ങനെയെന്നോ അറിയാതെ നിങ്ങളള്‍ പെട്ടെന്നു ശക്തിയാര്‍ന്ന വികാരത്തിനു വിധേയനാവുന്നു. വലിയ ദുഃഖത്തിനോ അഗാധമായ വേദനക്കോ വശംവദനാകുന്നു. നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കുന്നു. “എനിക്ക് ഈ അസ്വസ്ഥത എന്തുകൊണ്ട്? സ്പന്ദനങ്ങള്‍ നിങ്ങളില്‍ കടന്നുകൂടി. എന്നല്ലാതെ വേറൊന്നുമില്ല… ഓ അവരുടെ ദുഃഖമാണ് എന്റെ അന്തരംഗത്തില്‍ വന്നത്.”
അരവിന്ദാശ്രമത്തിലെ അമ്മ പറഞ്ഞതാണിത്. അന്യന്റെ മരണത്തില്‍ നമുക്കുണ്ടാകുന്ന ദുഃഖം നമ്മുടെ ദുഃഖമല്ല മറ്റുള്ളവന്റെ ദുഃഖത്തിന്റെ പകര്‍ന്നുകിട്ടലാണ്. ഈ മതത്തില്‍ സത്യമില്ലാതില്ല. അതുകൊണ്ടല്ലേ മരണം നടന്ന വീട്ടില്‍നിന്നും പുറത്തുവരുന്നതോടെ നമ്മുടെ ദുഃഖം ഇല്ലാതാവുന്നത്?
സ്നേഹിതന്റെ ഭാര്യക്കു സ്തനാര്‍ബ്ബുദം. അയാളുടെ ദുഃഖമന്വേഷിച്ച് കൂട്ടുകാരന്‍ പോകുന്നു. താല്‍ക്കാലികമായ വിഷാദം. അരവിന്ദഘോഷിന്റെ ആശ്രമത്തിലെ അമ്മ പറഞ്ഞതുപോലെ വിഷാദം പകര്‍ന്നു കിട്ടുന്നു. അയാള്‍ തിരിച്ചുവീട്ടിലെത്തിയപ്പോള്‍ മകനെ വിളിച്ചു ചോദിക്കുന്നു: ‘സോ ഉണ്ണി വാട്ടെബൗട്ട് എ ഷോര്‍ട്ട് റൈഡ്?’ ഇത്രയേയുള്ളു. ചോദിക്കുന്ന ആ അച്ഛന്‍ മരിച്ചാലും മകന് — ഉണ്ണിക്ക് — കുറെനേരത്തേക്കേ ദുഃഖമുണ്ടായിരിക്കു. ശ്രീ ഗൗതമന്‍ കലാകൗമുദിയില്‍ എഴുതിയ ‘മറ്റുള്ളവരുടെ വേനല്‍’ എന്ന ലക്ഷ്യവേധിയായ ചെറുകഥ ഈ സത്യത്തെ അഭിവ്യജ്ഞിപ്പിക്കുന്നു. മറ്റുള്ളവരുടെ വേനല്‍ അവരുടെ വേനല്‍ മാത്രം. നമ്മുടെ വേനലല്ല. നമ്മുടെ വേനലായി നമ്മള്‍ കാണിക്കുന്നുവെന്നു മാത്രം.
ഒരിടത്തു ഒരാത്മഹത്യ നടന്നാല്‍ പിന്നീട് പലരും അവിടെത്തന്നെ അതു നടത്തും. തിരുവനന്തപുരത്ത് ഒരു റെയില്‍വേ പാലത്തിനടുത്ത് പല ആത്മഹത്യകളും തുടരെത്തുടരെ ഉണ്ടായി. ഇതൊരു പകര്‍ച്ചവ്യാധിയാണെന്ന് അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ആശുപത്രിയിലെ ഒരു കൊളുത്തില്‍ അടുത്തടുത്ത കാലയളവിലായി പതിനഞ്ചുപേര്‍ തൂങ്ങിമരിച്ചതായി ഏമീല്‍ ദ്യുര്‍കെമിന്റെ (Emile Durkheim, ഫ്രഞ്ച് ദാര്‍ശനികന്‍, സമൂഹ ശാസ്ത്രജ്ഞ, 1858–1917) ‘Suicide’ എന്ന ഗ്രന്ഥത്തില്‍ കണ്ടതായി എനിക്കോര്‍മ്മയുണ്ട്. കൊളുത്തു മാറ്റിയപ്പോള്‍ ആശുപത്രിയിലെ ആത്മഹത്യകളും അവസാനിച്ചു. ചിരി പകരുമ്പോലെ കരച്ചില്‍ പകരുമ്പോലെ ആത്മഹത്യയും പകരും.
ഇന്ത്യയും വിശ്വസാഹിത്യവും
എന്താണ് വിശ്വസാഹിത്യം? മൂന്നുത്തരങ്ങള്‍ നല്‍കാം: 1) ലോകമാകെയുള്ള സാഹിത്യത്തിന്റെ സമാഹാരം. 2) സാഹിത്യത്തിലെ മാസ്റ്റര്‍ പീസുകളുടെ സമാഹാരം. 3) അന്യോന്യ ബന്ധമുള്ള എല്ലാ സര്‍ഗ്ഗാത്മക കൃതികളുടെയും സാകല്യാവസ്ഥ. അല്ലെങ്കില്‍ സദൃശങ്ങളായ സൃഷ്ടികളുടെ സാകല്യാവസ്ഥ. ഈ മൂന്നാമത്തേതിനെയാണ് ദില്ലി യൂണിവേഴ്സിറ്റിയിലെ പ്രഫെസര്‍ Abjai & Maurya വിശ്വസാഹിത്യമായി കാണുന്നത്. ഈ മാനദണ്ഡത്തെ അവലംബിച്ച് അഭയ് മൗര്യ നടത്തിയ സിമ്പോസിയത്തില്‍ എണ്‍പതു പ്രബന്ധങ്ങള്‍ പണ്ഡിതന്മാര്‍ വായിച്ചു. അവയെ സമാഹരിച്ച് ‘India and World Literature എന്ന പേരില്‍ Indian Council for Cultural Relations, New Delhi പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. സിമ്പോസിയത്തിന്റെ (ഇംഗ്ളീഷുച്ചാരണം ഇതല്ല) ഡയറക്ടറായ (ഇവിടെയും ഉച്ചാരണം വിഭിന്നം) അഭയ് വായിച്ച പ്രബന്ധത്തിലാണ് വിശ്വസാഹിത്യത്തെക്കുറിച്ചുള്ള ഈ മതങ്ങള്‍ ഉള്ളത്. Keynote Address, Theories, Concepts, Approaches, India and World Literature–Epics, India and World Literature–Asia — Arabic & Persia, India and World Literatue — Asia — Chinese, Japanese, Indonesian, India and World Literature–Europe — French, Spanish, Italian, Latin American ഇങ്ങനെ പതിമ്മൂന്ന് ഭാഗങ്ങളുണ്ട്. ഇതില്‍ എഴുന്നൂറ്റിരണ്ട് പുറങ്ങളുള്ള ഈ ഗ്രന്ഥത്തിലെ നാലു ഉപന്യാസങ്ങളേ എനിക്ക് വായിക്കാന്‍ കഴിഞ്ഞുള്ളു. വിരസമായ ഇംഗ്ളീഷ് ഭാഷയിലൂടെ വിദ്വജ്ജനോചിതങ്ങളായ അറിവുകള്‍ അവ പ്രദാനം ചെയ്യുന്നുണ്ട്. ശേഷമുള്ള പ്രബന്ധങ്ങളും അത്തരത്തിലാകാനേ തരമുള്ളു. പ്രബന്ധ കര്‍ത്താക്കന്മാര്‍ പണ്ഡിതന്മാരായതു കൊണ്ടാണ് ആ അഭ്യൂഹത്തിന് ഞാന്‍ തുനിഞ്ഞത്.
Croce and Tagore: Divinity as Expression എന്ന പ്രബന്ധം ചന്ദ്രമോഹന്റേതാണ്. 1926-ല്‍ ടാഗോര്‍ ക്രോചെയെ ഇറ്റലിയില്‍വച്ചു കണ്ടപ്പോള്‍ ക്രോചെ പറഞ്ഞു: ‘My idea of divinity is similar to yours. God is not a Being amongst Beings, but the Being of Beings” അപ്പോള്‍ ടാഗോര്‍ നല്‍കിയ മറുപടി:
“That is exactly my idea” ഇതൊക്കെ അറിയുന്നത് രസകരമാണല്ലോ. ഒന്നേ ദോഷമായി പറയേണ്ടതുള്ളു. നവീന സാഹിത്യത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ കുറവാണിതില്‍. എങ്കിലും ഒരു റെഫറന്‍സ് ഗ്രന്ധമെന്ന നിലയില്‍ ഇത് പ്രയോജനം ചെയ്യും — പ്രബന്ധകാരന്മാരുടെ മതങ്ങളോടു നമ്മള്‍ യോജിച്ചില്ലെങ്കിലും. ഇന്ത്യയിലെ പ്രസാധകര്‍ ഇന്‍ഡെക്സ് നല്‍കുന്നതില്‍ വിമുഖരാണല്ലോ. ആ വൈമുഖ്യവും ഇതിന്റെ മറ്റൊരു ദോഷംതന്നെ.
- (വില 225 രൂപ)
കൊടുങ്കാറ്റ്
ഇതെഴുതുന്നയാളിനെ പാശ്ചാത്യ സാഹിത്യത്തിന്റെ സ്തോതാവായും മലയാള സാഹിത്യത്തിന്റെ നിന്ദകനായും ചിലര്‍ ചിത്രീകരിക്കാറുണ്ട്. ഇതിനു മറുപടി പറയാം. എന്റെ അനുഭവങ്ങള്‍ക്ക് തീക്ഷ്ണത നല്‍കുകയും അവയെ അഗാധതലത്തിലേക്ക് നയിക്കുകയും ചെയ്യുന്നു യൂഗോയുടെ “പാവങ്ങള്‍” എന്ന നോവല്‍. അതിലെ ബിഷപ്പും ഷാങ്വല്‍ ഷാങും ജീവിക്കാനുള്ള രീതിയെന്തെന്ന് എന്നെ ഗ്രഹിപ്പിക്കുന്നു. ലോകത്തെസ്സംബന്ധിച്ച എന്റെ വീക്ഷണഗതിക്കു ആദരണീയമായ മാറ്റം വരുത്തുന്നു. ഈ പരിവര്‍ത്തനത്തോടുകൂടി ഞാന്‍ കേശവദേവിന്റെ ‘ഓടയില്‍ നിന്ന്’ എന്ന നോവല്‍ വായിക്കുമ്പോള്‍ വിശേഷിച്ച് എനിക്കൊരു മാറ്റവും ഉണ്ടാകുന്നില്ല. തികച്ചും ബഹിര്‍ഭാഗസ്ഥമായ ഒരു വിവരണമായേ അതെനിക്ക് അനുഭവപ്പെടുന്നുള്ളു. അതുകൊണ്ട് ആ കൊച്ചുനോവല്‍ വായിച്ചിട്ട് ഞാനതു ദൂരെയെറിഞ്ഞു. ‘പാവങ്ങള്‍’ വായിച്ചിട്ട് വീണ്ടും വീണ്ടും വായിക്കാനായി സൂക്ഷിച്ചുവയ്ക്കുന്നു. പ്രചണ്ഡമാരുതന്റെ ആഘാതമേറ്റ് ആടിയുലയുന്ന കാനനരാശികളെ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കില്‍ സങ്കല്പിക്കാനെങ്കിലും കഴിയുകയില്ലേ? പ്രാകൃതികങ്ങളായ ശക്തിവിശേഷങ്ങള്‍ യൂഗോയുടെ നോവലില്‍ ആഞ്ഞടിക്കുന്നു. ‘ഓടയില്‍ നിന്ന്’ എന്ന കൃതി അരയിഞ്ച് പൊക്കത്തില്‍ നില്‍ക്കുന്ന ഒരു പുല്ക്കൊടി മാത്രമാണ്. ഏതു പ്രചണ്ഡവാതത്തിലും അത് അനങ്ങാതെ നില്‍ക്കുകയേയുള്ളു. ഈ സത്യം മനസ്സിലാക്കിയാല്‍ എന്റെ നേര്‍ക്കുള്ള ഉപാലംഭത്തിന് സാംഗത്യമില്ലെന്നു മനസ്സിലാക്കാം.
|
|