സാഹിത്യവാരഫലം 1987 04 05
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1987 04 05 |
ലക്കം | 603 |
മുൻലക്കം | 1987 03 29 |
പിൻലക്കം | 1987 04 12 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
തെക്കൻ തിരുവിതാംകൂറിൽ തക്കല എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്നും നാഗർകോവിലിലേക്കു വലിയ ദൂരമില്ല. എന്റെ കുട്ടിക്കാലത്ത് ഞാൻ തക്കല താമസിച്ചിട്ടുണ്ട്. റോഡിനരികെയുള്ള വീട്. കാലത്തു വീട്ടിന്റെ വരാന്തയിലിറങ്ങി നിന്നാൽ രസമുള്ള പല കാഴ്ച്ചകളും കാണാം. പനങ്കള്ളു കാലത്തെ മോന്തിക്കൊണ്ടു ഓടുന്ന ശ്യാമള ഗാത്രന്മാർ; ലഹരിയില്ലാത്ത അക്കാനി കുടിച്ചു കൊണ്ട് അലസ ഗമനം ചെയ്യുന്ന ചെറുപ്പക്കാരും വയസ്സന്മാരും. കാതിൽ കുറഞ്ഞതു അഞ്ചു പവന്റെ ആഭരണം തൂക്കിയിട്ട് ഉടുത്ത ചേലയുടെ അഗ്രം കൊണ്ട് മാറുമറച്ചു പോകുന്ന സ്ത്രീകൾ. ഭാരം കയറ്റിയ വലിയ ചക്കടാവണ്ടികൾ. അങ്ങനെ എന്തെല്ലാം ദൃശ്യങ്ങൾ! ബസ്സ് വല്ലപ്പോഴുമേ വരൂ. കാലത്തു ഒൻപതേകാൽ മണിക്കു കൃത്യമായി ഒരു ബസ്സ് ഞങ്ങളുടെ വീട്ടിന്റെ മുൻപിലെത്തിയിരുന്നു. എത്തിയാൽ ഡ്രൈവർ ബ്രേക്ക് ചവിട്ടി അല്പമൊന്നു നിറുത്തും. വീട്ടിന്റെ മുൻവശത്തെ മുറ്റത്തേക്കു സാകൂതം നോക്കും. അവിടെ ചൂലെടുത്ത് എന്റെ വീട്ടിലെ പരിചാരിക നിൽക്കുന്നുണ്ടാവും. പുഞ്ചിരി, കണ്ണെറിയൽ, അംഗവിക്ഷേപം ഇങ്ങനെ പലതും നടക്കും. ഇത് ദിനംപ്രതിയുള്ള പരിപാടി ആയിരുന്നു. അങ്ങനെയിരിക്കെ പരിചാരികയെ കാണാതായി. പോലീസ് സ്റ്റേഷനിൽ അറിയിച്ചു. അവളുടെ ബന്ധുക്കളെ കാര്യം ഗ്രഹിപ്പിച്ചു. അന്വേഷണത്തോട് അന്വേഷണം. ഒടുവിൽ ഞങ്ങൾക്ക് അറിവു കിട്ടി. വേലക്കാരി ആ ബസ്സ് ഡ്രൈവറോടൊരുമിച്ച് നാഗർകോവിലിൽ താമസിക്കുകയാണെന്ന്. കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിന് വിജാതീയനായ ഒരു വിരൂപനോടു പ്രേമം ജനിക്കാൻ കാരണമെന്താണെന്ന് ഞാൻ അന്നും പിൽക്കാലത്തും ആലോചിച്ചു നോക്കിയിട്ടുണ്ട്. ഉത്തരം കിട്ടിയിരുന്നില്ല. വർഷങ്ങളേറെക്കഴിഞ്ഞ്, വടക്കൻ പറവൂർ — വരാപ്പുഴ റോഡിൽ ബസ്സോടിച്ചിരുന്ന ഒരുത്തനോടു കൂടി സമുന്നതനായ ഒരുദ്യോഗസ്ഥന്റെ ഭാര്യ ഒളിച്ചോടി എന്ന വാർത്ത കേട്ടപ്പോൾ വരാപ്പുഴ കോൺവെന്റ് വിദ്യാലയത്തിലെ മലയാള അദ്ധ്യാപകൻ എനിക്കതിന്റെ രഹസ്യം പറഞ്ഞു തന്നു. “ഒളിച്ചോടിയ സ്ത്രീ നിന്റെ ജാതിയിൽ പെട്ടവൾ. ഡ്രൈവർ ചെട്ടി. അയാൾ കാണാൻ കൊള്ളില്ല. റൗഡിയുടെ ഛായ. എങ്കിലും സുന്ദരിയായ അവൾക്കു അയാളുടെ കൂടെ ഒളിച്ചോടാൻ തോന്നി. കാരണമെന്തെന്നോ? ഡ്രൈവർ വളയം തിരിക്കുന്നവനാണ്. ഏതാപത്തിലും സമർത്ഥമായി അതു തിരിച്ച് തന്നെയും യാത്രക്കാരെയും രക്ഷിക്കാൻ അയാൾക്കറിയാം. പത്തു മണിക്ക് ഓഫീസിൽ എത്തേണ്ടവരെ അയാൾ അതിനു മുൻപ് എത്തിക്കുന്നു. ബസ്സ് ഓടിക്കുമ്പോൾ ഒരു കുട്ടി കുറുകെ ചാടിയാൽ അയാൾ പെട്ടെന്നു വാഹനം നിറുത്തും. ആ മനുഷ്യന്റെ കൈയിൽ ജീവിതം സുരക്ഷിതമാണ്. ഈ തോന്നലാണ് സ്ത്രീയെ ഡ്രൈവറോട് അടുപ്പിക്കുന്നത്. വൈരൂപ്യം സ്ത്രീ പരിഗണിക്കുന്നില്ല. ജീവിതത്തിന്റെ സുരക്ഷിതത്വമാണ് അവൾക്കു പ്രധാനമായത്. ഇനിയും സ്ത്രീകൾ ഡ്രൈവറന്മാരോടു കൂടി ഒളിച്ചോടും. ചെറുപ്പക്കാരനായ ഡ്രൈവറോടു കൂടി ചെറുപ്പക്കാരിയായ ഭാര്യയേയോ മകളേയോ കാറിൽ അയയ്ക്കുന്നതു ശരിയല്ല.” സാറ് ഇത്രയും പറഞ്ഞിട്ട് മലയാളമനോരമ പത്രം നിവർത്തി വെണ്ണിക്കുളത്തിന്റെ കാവ്യം വായിച്ചു. വിമാനം വട്ടമിട്ടു ബോംബിടാൻ ശ്രമിക്കുമ്പോൾ താഴെ കുട്ടികൾ ഓടുന്നതിന്റെ ചിത്രം കാവ്യത്തിൽ. ‘നല്ല കവിത’ എന്നു പറഞ്ഞിട്ടു സാറ് പത്രം മടക്കി വച്ചു (വർഷം 1938). അധ്യാപകന്റെ പേരു ഞാൻ മറന്നു പോയിരിക്കുന്നു. മാത്യു എന്നോ മത്തായിയെന്നോ ആണ്. അദ്ദേഹം പറഞ്ഞു തന്ന സത്യം മറ്റു പല കാര്യങ്ങളെ സംബന്ധിച്ചും സത്യം തന്നെയാണ്. അശ്വാരൂഢനായ പട്ടാളക്കാരനോടു സ്ത്രീകൾക്കു പെട്ടെന്നു സ്നേഹം തോന്നും. അയാളുടെ പൗരുഷ്യമാർന്ന മുഖം അവർക്കു “പ്രശ്ന”മല്ല.
വർണ്ണോജ്ജ്വലമായ യൂണിഫോമിലൂടെ അവർ ജീവിതത്തിന്റെ വർണ്ണോജ്ജ്വലത കാണുന്നു. കുതിരയെ കടിഞ്ഞാൺ പിടിച്ച് താനുദ്ദേശിച്ച മാർഗ്ഗത്തിലൂടെ നടത്തുന്നതു പോലെ ജീവിതത്തെയും സുനിശ്ചിത പഥത്തിലൂടെ അയാൾ നയിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഡ്രൈവർ, പട്ടാളക്കാരൻ, യൂണിഫോം ധരിച്ച മറ്റുദ്യോഗസ്ഥൻ ഇവരോടുള്ള ഒളിച്ചോട്ടം തെറ്റായിരുന്നുവെന്ന് പിന്നീടേ സ്ത്രീ മനസ്സിലാക്കൂ. അപ്പോഴുണ്ടാകുന്ന മോഹഭംഗം വല്ലാത്ത മട്ടിലുള്ളതായിരിക്കും. സദൃശമായ മാനസിക നിലയാണ് ചില നോവലുകൾ വായിക്കാൻ തുടങ്ങുന്ന സ്ത്രീക്ക് ഉണ്ടാകുന്നത്. അസത്യമായത് സത്യമാണെന്ന് അവൾ കരുതുന്നു. അസത്യമായതിലൂടെ സത്യ സാക്ഷാത്ക്കാരത്തിനു ശ്രമിക്കുന്നു. വളരെക്കാലം കഴിഞ്ഞ് അവൾക്കു മോഹഭംഗമുണ്ടാകും.
Contents
അയഥാർത്ഥീകരണം
വേറൊരു വിധത്തിലുള്ള മോഹഭംഗമാണ് സതീഷ്ബാബു പയ്യന്നൂരിന്റെ ‘ഏകാന്തരാത്രികൾ’ എന്ന കഥ വായിച്ചപ്പോൾ എനിക്കുണ്ടായത് (മനോരാജ്യം വാരികയിലാണ് ഇക്കഥ). സതീഷ്ബാബു ഭേദപ്പെട്ട എഴുത്തുകാരനാണെന്ന് ഞാൻ എങ്ങനെയോ ധരിച്ചു വച്ചിരുന്നു. ചീട്ടുകൊണ്ടു കുട്ടി ഉണ്ടാക്കി വച്ച കൊട്ടാരത്തെ ആ കുട്ടിയോ മുതിർന്നവനോ ഒറ്റയടിക്കു തകർക്കുന്നതു പോലെ എന്റെ ഈ മോഹക്കൊട്ടാരത്തെ കഥാകാരനോ എന്നിലുള്ള വിമർശകനോ തകർത്തു കളഞ്ഞിരിക്കുന്നു. ഒരു പത്രമാപ്പീസിലെ ജോലിക്കാർ ഒരുത്തന്റെ വീട് വാടകയ്ക്ക് എടുത്തു കഴിഞ്ഞു കൂടുന്നു. ഉടമസ്ഥന്റെ പരാതി അവരിലൊരുത്തൻ രാത്രിയിൽ അയാളുടെ ഉറക്കമുറിയിൽ ചെന്ന് ഒളിഞ്ഞു നോക്കുന്നുവെന്നാണ്. വാടകയ്ക്കു താമസിക്കുന്നവർ ആ ആരോപണം കള്ളമാണെന്നു പറഞ്ഞു തള്ളിക്കളഞ്ഞു. എന്നാൽ അവരിലൊരാൾക്ക് ഉടമസ്ഥന്റെ മകളുമായി ബന്ധമുണ്ട്. ഒരു ദിവസം രാത്രി അയാൾ അവളോടു സംസാരിച്ചു കൊണ്ടു നിൽക്കുമ്പോൾ തന്ത ഉണർന്നു. കാമുകൻ പേടിച്ച് ഓടി. പിന്നീടുണ്ടായ ബഹളത്തിൽ ഓടിയവന്റെ ചെരിപ്പ് ഹാജരാക്കപ്പെട്ടു. ആ ബഹളത്തിനിടയിൽത്തന്നെ കാമുകൻ കാമുകിയെ വിളിച്ചു കൊണ്ടു പോരുന്നു. ഏതോ വെള്ളരിക്കപ്പട്ടണത്തിൽ നടക്കുന്ന കഥയായിട്ടേ സഹൃദയൻ ഇതിനെ പരിഗണിക്കൂ. ആനന്ദിന്റെ കഥകൾ ആശയങ്ങളെ സുപ്രധാനങ്ങളാക്കി കാണിക്കുന്നു. അപ്പോൾ കല്പനകൾക്കും ശൈലിക്കും പ്രാധാന്യമില്ല. ബഷീറിന്റെ കഥകൾ ചാരുതയ്ക്ക് പ്രാമുഖ്യം നൽകുന്നു; ഉദാഹരണം ‘പൂവമ്പഴം’. കാരൂരിന്റെ കഥകൾ തീക്ഷണമായ ജീവിതഗന്ധം പ്രസരിപ്പിക്കുന്നു; ഉദാഹരണം ‘മരപ്പാവകൾ’. എസ്. കെ. പൊറ്റക്കാടിന്റെ കഥകൾ ഇമേജിനറിയിലൂടെ ഒരു നൂതന ലോകം സൃഷ്ടിക്കുന്നു (അദ്ദേഹത്തിന്റെ ഏതു കഥയും ഉദാഹരണം തന്നെ). സതീഷ്ബാബു പയ്യന്നൂരിന്റെ ഇക്കഥ ഒന്നും അനുഷ്ഠിക്കുന്നില്ല. അതിലെ ക്രിയാംശത്തിലൂടെ വായനക്കാർ ഒഴുകുന്നില്ല. കഥാപാത്രങ്ങളുമായി അവർ താദാത്മ്യം പ്രാപിക്കുന്നില്ല. ആ കഥാപാത്രങ്ങൾക്കു പ്രേതങ്ങളുടെ അവ്യക്തത മാത്രമേയുള്ളൂ. കഥ പറയുന്നതിന്റെ സുഖമുണ്ടല്ലോ, അതുമില്ല ഇതിൽ. ജീവിതത്തെ അയഥാർത്ഥീകരിക്കുന്ന ഇക്കഥ വ്യർത്ഥരചനയത്രേ.
കേശവദേവ്, തകഴി, പൊറ്റെക്കാട്, ഉറൂബ്, ബഷീർ ഇവരെ ടോൾസ്റ്റോയി, ദസ്തയേവ്സ്കി, മെൽവിൻ, റ്റോമാസ്മാൻ ഇവരോടു താരതമ്യപ്പെറ്റുത്തുന്നതു ശരിയോ?
- ശരിയല്ല. ദേവും തകഴിയും പൊറ്റെക്കാടും ഉറൂബും ബഷീറും തങ്ങളുടെ കൃതികൾ കൊണ്ട് ഉളവാക്കിയത് താൽക്കാലിക ഫലങ്ങളാണ്. ടോൾസ്റ്റോയി തുടങ്ങിയവരുടെ കൃതികൾ നിർമ്മിച്ചത് ശാശ്വത ഫലങ്ങളും. അതുകൊണ്ടാണ് അവയെ ‘ഗ്രെയ്റ്റ്’ എന്ന് വിശേഷിപ്പിക്കുന്നത്.
സാഹിത്യ അക്കാഡമിയുടെ സമ്മാനത്തിനുവേണ്ടി സ്വന്തം കൃതികൾ അയച്ചുകൊടുക്കുന്നവരെക്കുറിച്ച് എന്താണ് അഭിപ്രായം?
- കൃതികൾ — രചനകൾ — ഉത്കൃഷ്ടങ്ങളാണെങ്കിൽ ‘ഡിവൈൻ’ എന്നാണ് അവയെ വിശേഷിപ്പിക്കേണ്ടത്. അവയെ “മാത്സര്യത്തിന്” വിധേയങ്ങളാക്കുന്നത് ശരിയല്ല. രചന ‘ഐശ്വര്യ’മാണെങ്കിൽ സമ്മാനം അതിനെ തേടിവരും.
അത്യന്ത സുന്ദരമായ ഒരു ചെറുകഥയുടെ പേരു പറയൂ?
- സ്ലോവീനിയൻ സാഹിത്യകാരനായ ഇവൊൻ റ്റ്സാങ്കറുടെ (Ivan Canker, 1876–1918) Children and Old Folk) എന്ന ചെറുകഥ.
നിങ്ങളൂടെ സ്നേഹിതന്മാർ ആരെല്ലാം?
- വ്യാസൻ, വാൽമീകി, കാളിദാസൻ, ഷേക്സ്പിയർ, ടോൾസ്റ്റോയി, ദസ്തെയേവ്സ്കി, മാർസൽ പ്രൂസ്ത് — ഇവരെക്കവിഞ്ഞ് വേറെ ഏതു കൂട്ടുകാരെ വേണം?
ഞാൻ നിങ്ങളായി മാറിയാൽ? നിങ്ങൾ ഞാനായി മാറിയാൽ?
- നിങ്ങൾ ഞാനായി മാറിയാൽ ശത്രുക്കളേ കാണൂ നിങ്ങൾക്ക്. ഞാൻ നിങ്ങളായി മാറിയാൽ ഇന്ന് എനിക്കുള്ള സാഹിത്യാഭിരുചി നഷ്ടപ്പെടരുത്. നഷ്ടമാവുകയില്ല എന്നുണ്ടെങ്കിൽ മാറ്റത്തിന് ഒരു വൈമനസ്യവുമില്ല.
ലഘുലേഖ
സാഹിത്യം വികാരം ആവിഷ്കരിക്കാം. നിത്യജീവിതസംഭവങ്ങൾ ആകർഷകമായ രീതിയിൽ ചിത്രീകരിക്കാം. കോമള പദങ്ങളുടെ സന്നിവേശവിശേഷം കൊണ്ട് ചെവിക്ക് സുഖം നൽകാം. ആന്തരലയത്തിന്റെ നിവേശത്താൽ അന്തരംഗത്തിന് ആഹ്ലാദാനുഭൂതി നൽകാം. ഇങ്ങനെ എല്ലാ വിധത്തിലും സാഹിത്യം പ്രവർത്തിച്ചിട്ടുണ്ട്; പ്രവർത്തിക്കുകയും ചെയ്യും. അതേസമയം അതു സുശക്തമായ രീതിയിൽ രാജവാഴ്ചയെ അനുകൂലിക്കാം. (കാളീദാസന്റെ ശാകുന്തളം) സ്വേച്ഛാധിപത്യത്തിന് വീടുപണി ചെയ്യാം. (മുസ്സോളിനിയെ വാഴ്ത്തിയ ഇറ്റലിക്കാരൻ ഗാബ്രീലാ ദാനുന്ത്സിയോയുടെ കൃതികൾ) സ്വേച്ഛാധിപത്യത്തെ എതിർക്കാം. (ഈന്യാത്സിയോ സീലോനെയുടെ നോവലുകൾ (Ignazio Silone)) വേദാന്തചിന്തയെ വാഴ്ത്താം. (കുമാരനാശാന്റെ നളിനി) ബുദ്ധമതതത്വത്തെ ആവിഷ്കരിക്കാം. (കുമാരനാശന്റെ കരുണ) സമഗ്രാധിപത്യത്തിന് സ്തുതിഗീതം പാടാം. (സ്റ്റാലിന്റെ കാലത്തെ സാഹിത്യകാരൻ ഫദ്യേവിന്റെ കൃതികൾ) കത്തോലിക്കാമതത്തിന് ദാസ്യവേല ചെയ്യാം. (ഫ്രാങ്സ്വമോറിയാക്കിന്റെ നോവലുകൾ) എന്തു ചെയ്താലും കലയ്ക്കു പ്രാധാന്യം വരണം. അങ്ങനെ പ്രാധാന്യം വരുമ്പോൽ ആശയവും മൂല്യവും മെരുങ്ങിയ അവസ്ഥയിൽ വരും. എന്നാൽ ആശയത്തിനും മൂല്യത്തിനും ആവേശത്തോടുകൂടി ഉറപ്പിക്കൽ വരുത്തിയാൽ അത് മുക്കുറയിടുന്ന പ്രചാരണമായിത്തീരും. അപ്പോൾ അതിന് പേര് വരുന്നത് ലഘുലേഖ എന്നായിരിക്കും. ആ വിധത്തിലുള്ള ലഘുലേഖയാണ് മുരളീധരൻ ചെമ്പ്രയുടെ “കുമ്മിണിനാഗൻ ചിരിച്ചുംകൊണ്ടു വരുന്നു” എന്ന കഥ (ദേശാഭിമാനി വാരിക). ഖദർ ധരിച്ച കുമ്മിണിനാഗൻ തന്റെ പാർട്ടിക്കുവേണ്ടി ഒരുത്തനെക്കൊണ്ട് കള്ളവോട്ട് ചെയ്യിക്കുന്നതാണ് കഥയുടെ വിഷയം. ഈ വിഷയത്തോട് എനിക്ക് ഒരെതിർപ്പുമില്ല. പ്രതിഭാശാലികളിൽ ആരെങ്കിലുമാണ് ഇത് കൈകാര്യം ചെയ്തിരുന്നതെങ്കിൽ രാഷ്ട്രവ്യവഹാരസംബന്ധിയായ മനോഭാവം ഇത്ര കണ്ട് പ്രകടമാവുകയില്ലായിരുന്നു. കലാപരമായ അംശങ്ങൾക്ക് ഇപ്പോഴുള്ള അപകർഷം വരില്ലായിരുന്നു. കലത്മകമായ ഘടനയിൽ ഐഡിയോളജി മുങ്ങണം. നെറുതയുടെ കാവ്യങ്ങളിൽ അതാണു സംഭവിക്കുന്നത്. അതിനാലാണ് ആന്റി കമ്മ്യൂണിസ്റ്റുകളും അദ്ദേഹത്തിന്റെ കവിത വായിച്ച് ഭേഷ്!, ഭേഷ്! എന്ന് പറയുന്നത്. ഈ വസ്തുതയൊന്നും പ്രചാരണ സാഹിത്യം സൃഷ്ടിക്കുന്നവർക്ക് അറിഞ്ഞുകൂടാ.
ഇംഗ്ലീഷിൽ ‘Literature of silence’ എന്നു വിളിക്കുന്ന നിശ്ശബ്ദസാഹിത്യത്തിന്റെ സ്വഭാവമെന്ത്?
- സാമൂഹികവും വ്യക്തിനിഷ്ഠവുമായ വ്യവസ്ഥകൾ തകർന്നു വീഴുന്നതു കാണുമ്പോൾ കലാകാരന് ഭയമുണ്ടാകുന്നു. ആ പേടിയുടെ ഫലമായി അവൻ ഭാഷയെ നിരാകരിച്ച് മിണ്ടാതിരിക്കുന്നു. ഈ മൗനം തന്നെയാണ് നിശ്ശബ്ദ സാഹിത്യം. ഇതിന് അബ്സേഡ് സാഹിത്യവുമായി അടുത്ത ബന്ധമുണ്ട്.
ചേട്ടൻ, ചേട്ടൻ
ഒരിക്കൽ സി. എൻ. ശ്രീകണ്ഠൻ നായർ ഒരു ചെറുകഥയുടെ കൈയെഴുത്തുപ്രതി എന്നെക്കാണിച്ചു. ‘സിന്ദൂരം’ എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്. “എന്റെ കഥയെങ്ങനെ?” എന്ന് അദ്ദേഹം ചോദിച്ചപ്പോൾ “നന്നായില്ല” എന്ന് ഞാൻ മറുപടി നൽകി. ശ്രീകണ്ഠൻ നായരുടെ മുഖഭാവം മാറിയില്ല. അദ്ദേഹം പറഞ്ഞു: “അച്ചടിച്ചുവരട്ടെ കഥ. കൃഷ്ണൻ നായർ വീണ്ടും വായിക്കുമ്പോൾ നന്നായിരിക്കുന്നു എന്നു പറയും.” ഞാൻ മിണ്ടിയില്ല. പക്ഷേ മനസ്സിൽ എന്നോടൊരു ചോദ്യം ചോദിച്ചു: “How can a stupidity be dignified when one puts it in print?” ബുദ്ധിശൂന്യത വാമൊഴിയായി വന്നാലും വരമൊഴിയായി വന്നാലും അച്ചുക്കുടത്തിന്റെ ‘അഭിമർദ്ദപീഡ’ അനുഭവിച്ചു വന്നാലും ബുദ്ധിശൂന്യത തന്നെ. ഹരിപ്രഭ ‘കുങ്കുമം’ വാരികയിലെഴുതിയ ‘ശ്രാദ്ധം’ എന്ന കഥ വായിച്ചപ്പോൾ ഈ യത്നസംഭവമാണ് എനിക്ക് ഓർമ്മ വന്നത്. ഭർത്താവ് ചെറുപ്പത്തിൽ മരിച്ചു. ഭാര്യയും കുഞ്ഞുമുണ്ട്. ഒരുവർഷം കഴിഞ്ഞപ്പോൾ ചിത്രഗുപ്തന്റെ പെർമിഷനോടുകൂടി ഭർത്താവ് ഭൂമിയിലേക്കു പോന്നു. വീട്ടുകാർ ബലിയിടുമല്ലോ. അപ്പോൾ ബലിക്കാക്കയായി ചെന്നാൽ ഭാര്യയെയും കുഞ്ഞിനേയും കാണാം. ചെന്നു. ഭാര്യ ചത്തവന്റെ സ്നേഹിതനെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു. അയാൾ തന്റെ സ്കൂട്ടർ ഉപയോഗിക്കുന്നത് പരലോകവാസി കണ്ടു. ഭാര്യയും പുതിയ ഭർത്താവും ശൃംഗരിക്കുന്നതുകണ്ടിട്ട് അയാൾ ചിത്രഗുപ്തന്റെ നാട്ടിലേക്കു തിരിച്ചുപോന്നു. നമുക്കു ഒഴിവാക്കാൻ വയ്യാത്തതു സഹിച്ചല്ലേ പറ്റൂ. ശരീരത്തിലെവിടെയെങ്കിലും പരുവന്നെന്നു വിചാരിക്കു. അതു പഴുത്ത് പൊട്ടുന്നതുവരെ വേദന അനുഭവിക്കാതെ തരമില്ല. ഭാര്യയ്ക്കു ഭർത്താവും ഭർത്താവിനു ഭാര്യയും വേദനിപ്പിക്കുന്ന പരുക്കളാണ്. ശസ്ത്രക്രിയ ചെയ്തു വേദന അകറ്റണമെങ്കിലും പരു പഴുത്തേ പറ്റൂ. വിവാഹമോചനം കൊണ്ടു ദുഃഖമകറ്റണമെങ്കിലും ദാമ്പത്യത്തിന്റെ യാതന പരകോടിയിലെത്തണം. ഈ തീവ്രവേദന പ്രേമവിവാഹത്തിന്റെ ഫലമായ ദാമ്പത്യജീവിത്തിൽ വളരെക്കൂടുതലാണ്. ‘അറേഞ്ച്ഡ് മാരിജ്ജി’ൽ അതു അല്പം കുറയുമെന്നേയുള്ളൂ. രണ്ടും ദു:ഖദായകങ്ങൾ. ആരെയും കുറ്റം പറയാനില്ല. ലോകത്തു പൊരുത്തമല്ല പൊരുത്തക്കേടാണുള്ളത്. രാത്രിയും പകലും, ശരത്കാലവും ഹേമന്തകാലവും, വലിയ ശബ്ദവും ചെറിയ ശബ്ദവും, ക്രൂരതയും കാരുണ്യവും. ഈ പൊരുത്തക്കേടുകളിൽ ഒന്നുവീതം മൃദുലമായി കാണുന്നു. ദാമ്പത്യജീവിതത്തിലാകട്ടെ രണ്ടും പരുക്കനത്രേ. ഭർത്താവിനോട് ഒരിക്കലും ഭാര്യ യോജിക്കില്ല. കുഞ്ഞുങ്ങൾ കാലത്തെ ഉണരണം എന്നു ഭർത്താവു പറഞ്ഞാൽ അയാൾ പറഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ടു ഭാര്യ അത് എതിർക്കും. ഭാര്യയോട് ഭർത്താവ് ഒരിക്കലും യോജിക്കുകയില്ല. ‘മാറ്റിനേ’യാണ് നല്ലതെന്നു ഭാര്യ അഭിപ്രായപ്പെട്ടാൽ അതു തെറ്റ് ഫസ്റ്റ്ഷോയാണ് മെച്ചമെന്നു അയാൾ പ്രഖ്യാപിക്കും. ഫസ്റ്റ്ഷോക്ക് പൊകാമെന്ന് ഭാര്യ നിർദ്ദേശിച്ചാൽ ‘മാറ്റിനേ’ക്കു പോയാൽ മതിയെന്ന് ഭർത്താവു കല്പിക്കും.
ഈ വൈരുദ്ധ്യങ്ങളും സംഘട്ടനങ്ങളുമാണ് ദാമ്പത്യജീവിതം. അതു മറയ്ക്കാൻ വേണ്ടി അവൾ “ചേട്ടൻ, ചേട്ടൻ” എന്നു എല്ലാവരോടും പറയുന്നു. “ഞാൻ എന്റെ ഭാര്യയെ സ്നേഹിക്കുന്നു” എന്ന് അയാളും. സത്യമിതായതുകൊണ്ട് കുങ്കുമം വാരികയിലെ കഥാകാരനോട് എനിക്കു യോജിക്കാൻ സന്തോഷമാണുള്ളത്. പക്ഷേ അതു കഥയല്ല. ഭാവനാത്മകമായ അനുഭവത്തെയാണ് സാഹിത്യസൃഷ്ടിയെന്നു വിളിക്കുന്നത്. ജേണലിസത്തെയല്ല.
എന്റെ വീട്ടിൽ ഹിന്ദു, മലയാളമനോരമ, കേരളകൗമുദി, ഈനാട്, എക്സ്പ്രസ്സ് (തൃശൂർ), കേരളഭൂഷണം, ദീപിക വാരന്ത്യപ്പതിപ്പ് ഇവ വരാറുണ്ട്. ചിലതു പണം കൊടുത്ത്; മറ്റുചിലത് സൗജന്യമായി. മാതൃഭൂമിപ്പത്രം ദിവസവും കാണാറുണ്ട്. പക്ഷേ കുറെക്കാലമായി ഞാൻ ഒരു പത്രവും വായിക്കാറില്ല. കാരണം എഴുതാൻ പേടിയുണ്ട്. ഇനി മാർച്ച് മാസം കഴിഞ്ഞിട്ടേ ഞാൻ പത്രങ്ങൾ വായിക്കു. പക്ഷേ ആ തീരുമാനത്തിന് ഞാനറിയാതെ ഇളക്കം തട്ടിപ്പോകുന്നുണ്ട്. ജേണലിസം ഒഴിവാക്കിയെങ്കിലും ജേണലിസത്തിനു തുല്യമായ ഹരിപ്രഭമാർ എഴുതുന്ന കഥകൾ വായിക്കുന്നുണ്ടല്ലോ. അപ്പോൾ എന്റെ തീരുമാനത്തിന് എന്ത് ഉറപ്പിരിക്കുന്നു? എന്തു വിശുദ്ധിയിരിക്കുന്നു.
“എല്ലാം മാസ്റ്റർപീസുകളായാൽ സാഹിത്യവാരഫലം നിന്നുപോകില്ലേ സുഹൃത്തേ?
” “ശരിയാണ് സ്നേഹിതാ. വെയിലത്തുനടന്നു തളർന്നുവരുമ്പോൾ ഒരു വന്മരം കണ്ടാൽ അതിന്റെ തണലിൽ നിൽക്കാം. അതു ആശ്വാസപ്രദമാണ്. എന്നാൽ റോഡാകെ വന്മരങ്ങളാണുള്ളതെങ്കിൽ കൊടും വെയിലിനുവേണ്ടി നമ്മൾ കൊതിക്കും. സ്ത്രീയുടെ സ്പർശം സുഖദായകം. എന്നാൽ ലോകത്തുള്ള എല്ലാ പെണ്ണുങ്ങളും നമ്മുടെ കൈയിൽ കേറി പിടിക്കാൻ തുടങ്ങിയാൽ? നമ്മൾ വിഷമിച്ചുപോകും.”
“നിങ്ങളെ ഏറ്റവും രസിപ്പിച്ച ഒരു ചൊല്ല് കേൾക്കട്ടെ.”
“ലോകത്തേക്കു തുറക്കുന്ന ജാലകത്തെ ഒരു വർത്തമാനപ്പത്രം കൊണ്ടുമൂടാം.”
ബി. ഉണ്ണികൃഷ്ണൻ — ഒ. വി. ഉഷ
യൂഗോയുടെ ‘പാവങ്ങൾ’ എന്ന നോവലിലെ പ്രധാന കഥാപാത്രമായ ഷാങ് വൽഷാങ് പത്തൊൻപതു വർഷത്തെ കാരഗ്രഹജീവിതത്തിനുശേഷം നാട്ടിലേക്ക് ഇറങ്ങി. മഞ്ഞ പാസ്‌പോർട്ടുള്ള അയാൾക്ക് ഒരു ഭക്ഷണശാലയിൽ നിന്നും ഭക്ഷണം കിട്ടുകയില്ല. ഒരിടത്തുനിന്ന് അയാളെ ആട്ടിപ്പായിച്ചു. ഷാങ് വൽഷാങ് തിരിഞ്ഞുനോക്കാതെ നടന്നു. യൂഗോ പറയുന്നു “അപമാനിക്കപ്പെട്ട മനുഷ്യൻ തിരിഞ്ഞുനോക്കുകയില്ലെന്ന്.” ഷാങ് വൽഷാങ് തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ കുട്ടികൾ ഗോഷ്ടികൾ കാണിക്കുന്നതു കാണുമായിരുന്നുവെന്ന് (ഓർമ്മയിൽ നിന്ന്). നമ്മളോരോരുത്തരും അപമാനിക്കപ്പെടുന്നു ജീവിതത്തിൽ. അതു നമ്മെ നോക്കി ഗോഷ്ടികൾ കാണിക്കുന്നു. നമ്മൾ തിരിഞ്ഞുനോക്കാതെ നടക്കുന്നു. അല്ലെങ്കിൽ നമ്മളിൽ ഓരോ വ്യക്തിയും മുടന്തനാണെന്നു വിചാരിക്കു. മുടന്തി മുടന്തിപ്പോകുന്ന നമ്മളെ ജീവിതം കല്ലെറിയുന്നു. എന്നിട്ട് അതു രസിക്കുന്നു. ആ ജീവിതത്തെയാണ് ബി. ഉണ്ണികൃഷ്ണൻ താഴെ ചേർക്കുന്ന വരികളിലൂടെ സ്ഫുടീകരിച്ചുതരുന്നത്.
ഒക്കെ സഹിച്ചിടാം, നിന്നുമിനീരിന്റെ
നിത്യമധുരമലയടിച്ചെത്തുമോ?
ആർക്കറിയാം മരുപ്പച്ചകൾ തേടിനാ-
മാർത്തലയ്ക്കുന്നതും, വീണ്ടും പരസ്പരം-
നേർക്കുനേർ കാണാതെയീന്തപ്പനങ്കാട്ടി-
ലാർത്തരായ് ചങ്കുതർന്നുഴലുന്നതും,
വെട്ടിത്തിളയ്ക്കുന്നോരുച്ചവെയ്‌ലിൽ നിന്നു
നട്ടം തിരിയുന്നു പിന്നെയും ജീവിതം
തമ്മിലൊരുനോക്കു കാണാനുമാവാതെ
സന്നിപാതജ്വരം കൊള്ളുന്നു ജീവിതം
സന്നിപാതജ്വരം കൊള്ളുന്നു ജീവിതം
(കലാകൗമുദി — ‘സന്നിപാതജ്വരം’ എന്ന കാവ്യം). ഞാൻ താജ്മഹൽ കണ്ടിട്ടില്ല്ല. അതിന്റെ ഓരോ മാർബിൾശിലയെക്കുറിചും പുറങ്ങളോളം എഴുതാം. താജ്മഹലിന്റെ വാസ്തുശില്പത്തെക്കുറിച്ച് അതിന്റെ നിർമ്മാണത്തിനുവേണ്ടിവന്ന പ്രയത്നത്തെക്കുറിച്ച് ഗ്രന്ഥങ്ങൾ എഴുതാം. പക്ഷേ എത്രയെത്ര ഗ്രന്ഥങ്ങളെഴുതിയാലും താജ്മഹലിന്റെ ചൈതന്യത്തെ സ്പർശിക്കാനാവില്ല. എന്നാൽ ടാഗോർ ആ ശവകുടീരത്തെക്കുറിച്ച് ഏതാനും വാക്കുകൾ എഴുതിക്കഴിയുമ്പോൾ ചൈതന്യം സഹൃദയനു പകർന്നു കിട്ടുകയുണ്ടായി. ‘വൃശ്ചികസന്ധ്യ’യുടെ വർണ്ണനങ്ങൾ എത്ര വേണമെങ്കിലും എഴുതാം. എന്നാൽ ഒ. വി. ഉഷയ്ക്ക് അതിന്റെ ചൈതന്യം വാക്കുകൾ കൊണ്ടു പിടിച്ചെടുക്കാൻ കഴിയും. കേട്ടാലും:
വൃശ്ചികസന്ധ്യ! തണുക്കുന്നു മൂടലിൽ
നന്നെച്ചുവന്ന ചരമാർക്കബിംബവും…
പാല വിരിഞ്ഞ സുഗന്ധത്തിലുന്മത്ത-
മായ വഴിത്താര, യേകാന്തയാത്രികർ…
എണ്ണമറ്റൊത്തു ചേക്കേറും കിളിക്കൂട്ട-
മെങ്ങോ മെനയുന്ന രാഗസംഗീതവും…
ആഴത്തിലാഴത്തിലെന്റെ ചിദാകാശ-
മാഴിയും, നീരന്ധ്രമായി നിറകയായ്…
എന്റെയുള്ളം തനിച്ചായീ, നിറവുറ്റ
നന്ദിയിൽ, സന്ധ്യ തന്നാർദ്രബിംബങ്ങളിൽ…
ഈയുടലിന്റെയൊടുക്കമകലെയ
ല്ലായതെന്നോർക്കുകകൂടി ഞാൻ ചെയ്കയാൽ,
ദൂരമെൻ നൊന്ത മനംകൊണ്ടു താണ്ടി നിൻ
ചാരെ, യെതിർക്കാതെ, യെത്തിച്ചിരിച്ചു ഞാൻ.
- (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ‘വൃശ്ചികസന്ധ്യ’ എന്ന കാവ്യം)
നക്ഷത്രങ്ങൾക്കു താഴെ പ്രകൃതിയുടെ നൃത്തം. ആ നൃത്തത്തിന്റെ ഒരു ഭാഗമാണ് സന്ധ്യ. അതുകണ്ട് കവി ശാന്തി കൈവരിക്കുന്നു. സഹൃദയനും മനശ്ശാന്തി.
നിങ്ങൾ ദമ്പത്യജീവിതത്തെ നിന്ദിക്കുന്നു. വിവാഹം കഴിക്കാതെ ജീവിക്കുന്നതാണ് നല്ലത് എന്നാണോ നിങ്ങളുടെ അഭിപ്രായം?
- അല്ല. തമ്മിൽ ഭേദം തൊമ്മൻ എന്ന മട്ടിൽ വൈവാഹികജീവിതമാണ് ഭേദം. പരിചാരകരോടുകൂടി ജീവിതാന്ത്യംവരെ കഴിയാമെന്നു വിചാരിക്കുന്ന ചില അവിവാഹിതരെ എനിക്കറിയാം. ഓരോ പരിചാരകനും അയാളുടെ ശത്രുവായിരിക്കും. ഭാര്യയെക്കൊണ്ടുള്ള ഉപദ്രവത്തെക്കാൾ വലിയ ഉപദ്രവമായിരിക്കും പരിചാരകരുടേത്. അതുകൊണ്ട് അവിവാഹിതരേ വേഗം വിവാഹം കഴിക്കൂ. വേലക്കാരുമായി കഴിയാമെന്ന അഭിലാഷം ഉപേക്ഷിക്കൂ.
മരിപ്പിക്കുന്ന കഥ
തിരുവനന്തപുരത്തെ പാളയം എന്ന സ്ഥലത്ത് ടൗൺഹോട്ടലുണ്ട്. അതിന്റെ ഉടമസ്ഥനായിരുന്ന സഹദേവൻ. പാളയത്തെ ഒരു വലിയ വ്യാപാരശാലയുടെ ഉടമസ്ഥനായിരുന്ന കെ. വിജയരാഘവൻ ഇവർ രണ്ടുപേരും എന്റെ സഹപാഠികളായിരുന്നു. ഞങ്ങൾ മൂന്നുപേരും ഇന്റർമീഡിയറ്റ് ക്ലാസ്സിൽ ഏറ്റവും പിറകിലത്തെ ബഞ്ചിലിരിക്കും. ഒരദ്ധ്യാപകൻ തകർത്തു പഠിപ്പിക്കുകയാണ്. അപ്പോൾ അദ്ദേഹത്തെ ചൂണ്ടി സഹദേവൻ പറഞ്ഞു:- “എടേ, മൂപ്പരു പറ്റിച്ച പണി അറിഞ്ഞോ? ഒരു മാസത്തിനുമുമ്പ് ഇങ്ങേരു പാലോട്ടുപോയി [സ്ഥലപ്പേരു മാറ്റി എഴുതുകയാണ്]. അവിടെവച്ച് ഒരു ചെറുപ്പക്കാരി നടന്നുപോകുന്നതു കണ്ടു. പുള്ളി അവളുടെ പിറകുവശമേ കണ്ടുള്ളു. പിറകേപോയി. അവൾ ചെന്നുകയറിയ വീട്ടിൽ ചെന്നുകയറി. പെണ്ണിന്റെ തന്ത വന്നു കാര്യമന്വേഷിച്ചു. ഇങ്ങേരു പറഞ്ഞു: ‘ഞാൻ ഇന്നു കോളേജിൽ ഇന്നാരാണ്. എനിക്കു ഭാര്യയും മക്കളുമുണ്ട്. നിങ്ങളുടെ മകളെക്കൂടി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.’ തന്ത പുതിയ ബന്ധത്തിനു സമ്മതം മൂളി. പുള്ളിക്കാരൻ അവളെ വിളിച്ചുകൊണ്ടുവന്ന് ഇവിടെ താമസവുമായി. രണ്ടാഴ്ച കഴിഞ്ഞില്ല അതിനുമുൻപ് അവളുടെ ചെകിട്ടത്ത് രണ്ടടികൊടുത്തു തിരിച്ചു പാലോട്ടു കൊണ്ടാക്കി.” ഉൽക്കടമായ കാമം വേഗം തണുക്കും. തണുത്താൽ അതു വെറുപ്പായും മാറും.
റോഡിൽവച്ച് ആദ്യമായി പുരുഷൻ കാണുന്ന ഏതു സ്ത്രീയും സുന്ദരിയാണ് അയാൾക്ക്. അടുത്തദിവസം കാണുമ്പോൾ അത്ര സുന്ദരിയല്ലെന്നു തോന്നും. തുടരെത്തുടരെ കാണുമ്പോൾ സുന്ദരിയേയല്ലെന്നു തോന്നും. അവൾ ഭാഗ്യം ചെയ്‌തവളാണെങ്കിൽ അയാൾ ‘എന്തൊരു വൈരൂപ്യം’ എന്നു ഉദ്ദീരണം ചെയ്യുന്നതിനുമുമ്പ് മറ്റൊരു റോഡേ യാത്ര നടത്തിത്തുടങ്ങിയിരിക്കും. ഇതു സ്ത്രീയെയും പുരുഷനെയും സംബന്ധിച്ച സാമാന്യനിയമം. ക്ഷുദ്രവികാരങ്ങളെ ക്ഷുദ്രതരമായോ ക്ഷുദ്രതമമായോ ചിത്രീകരിക്കുന്ന കഥകൾ ആദ്യദർശനത്തിൽത്തന്നെ വിരൂപമായി അനുഭവപ്പെടും. വീണ്ടും വീണ്ടും കണ്ടാൽ വൈരൂപ്യ പ്രതീതി വർദ്ധിച്ചൂവരും. ഇതു കഥകളെസ്സംബന്ധിച്ച സാമാന്യനിയമം. ഈ സാമാന്യ നിയമത്തെ ആദരിക്കുന്നു എബ്രഹാം കരിക്കത്തിന്റെ “മഞ്ഞുമലയിൽ സൂര്യാസ്തമയം” എന്ന കഥ. വിദേശത്തു ജോലിയായിരിക്കുന്ന ഒരു സ്ത്രീക്കു അറിവു കിട്ടുന്നു നാട്ടിൽ താമസിക്കുന്ന സന്താനത്തിന്റെ രോഗാവസ്ഥ ഗുരുതരമാണെന്ന്. അവൾ പറന്നെത്തുന്നു. സന്താനം അമ്മയെ കാണുന്നു, മരിക്കുന്നു. കഥാകാരൻ ഒടുവുലൊരു ‘കവിത’ അങ്ങു കാച്ചിയിരിക്കുന്നു. കണ്ടാലും: “വിറങ്ങലിച്ച മാതൃത്വത്തിന്റെ മുറവിളി ഏറ്റുവാങ്ങാൻ മഞ്ഞുമലയ്ക്ക് ത്രാണിയില്ലാഞ്ഞിട്ടാകാം അതിലും ഉച്ചത്തിൽ ആർത്തുവിളിക്കാൻ അവ വൻമരങ്ങളോട് ആവശ്യപ്പെട്ടു.” “മരണമല്ല, മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് എനിക്കു പേടിയുളവാക്കുന്നത്” എന്നു പണ്ടാരോ പറഞ്ഞില്ലേ? മരണത്തെക്കാൾ എന്നെ മരിപ്പിക്കുന്ന ഈ കഥ എന്നെ പേടിപ്പിക്കുന്നു.
പാറേക്കാട്ടിൽ
സാഹിത്യത്തിൽ താൽപര്യമുള്ള ആരോടും എനിക്കു സ്നേഹവും ബഹുമാനവുമുണ്ട്. ആ നിലയിൽ അന്തരിച്ച കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിനെ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നത് ദീപിക ആഴ്ച്ചപ്പതിപ്പിന്റെ എഡിറ്റർ സെഡ് എം. മുഴൂർ എഴുതിയ പത്രാധിപക്കുറിപ്പിൽ നിന്നാണ്. അദ്ദേഹം എഴുതുന്നു: “കർദ്ദിനാൾ ലോകത്തോട് വിടപറയുന്നതിന് രണ്ടാഴ്ച്ചമുൻപാണ് പ്രശസ്ത കവി ചെറിയാൻ കുനിയന്തോടത്തുമൊത്ത് ഞാൻ അവസാനമായി അദ്ദേഹത്തെ സന്ദർശിച്ചത്. ലിസി ഹോസ്പിറ്റലിൽ രോഗിയായി കിടക്കുകയായിരുന്നെങ്കിലും മണിക്കൂറുകൾ ഞങ്ങളോടു സംസാരിച്ചു. കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും കലാപോഷണത്തിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഉദാത്തമായ ആദർശങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു,’’
മഹാവൃക്ഷം ഭൂമിയിൽനിന്ന് കിട്ടുന്ന ഏതും വലിച്ചെടുത്ത് ഇലകളും കായ്കളുമാക്കി മാറ്റി ലോകത്തിന് പ്രയോജനമരുളുന്നു. കൊച്ചു ചെടികൾക്ക് എല്ലാ നീരുകളും സ്വായത്തമാക്കാനാവില്ല. മതപരങ്ങളായ കാര്യങ്ങളിൽ തൽപരനായിരുന്ന കർദ്ദിനാൾ സാഹിത്യാദികലകളിൽ താല്പര്യം കാണിച്ചതിനു ഹേതു അദ്ദേഹം മഹാവൃക്ഷ്മായിരുന്നു എന്നതു തന്നെയാണ്.
നക്ഷത്രപൂർണമായ ആകാശത്തിനുതാഴെ വേമ്പനാട്ടുകായലിൽ തോണി തുഴഞ്ഞു പോയാൽ നിങ്ങൾക്കു എന്തു തോന്നും?
- ഞാൻ ചെറുപ്പമായിരുന്നെങ്കിൽ! കൂടെ തോണി തുഴയാൻ ഒരാളുകൂടി ഉണ്ടായിരുന്നെങ്കിൽ!
|
|