close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 02 01


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 02 01
ലക്കം 594
മുൻലക്കം 1987 01 25
പിൻലക്കം 1987 02 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

അമ്പതു കൊല്ലം മുൻപാണ്. ഞാൻ വരാപ്പുഴെ താമസിക്കുന്ന കാലം. അക്കാലത്തു കൊച്ചിയിൽനിന്ന് അരിയും മറ്റും കയറ്റി വരുന്ന കെട്ടുവള്ളങ്ങൾ പരിശോധിച്ച് മരുന്നു തളിക്കാനായി ഒരു ഡോക്ടർ വരാപ്പുഴെ വന്നെത്തി. അതിസുന്ദരനായിരുന്ന ആ ചെറുപ്പക്കാരൻ മധ്യവയസ്കനായ എന്റെ അച്ഛന്റെ കൂട്ടുകാരനായി തീർന്നു. ഡോക്ടർ പലപ്പോഴും ഊണു കഴിക്കാൻ വീട്ടിൽ വന്നിരുന്നു. അദ്ദേഹത്തിനു ചോറു വിളമ്പിക്കൊടുത്തിരുന്ന ഞങ്ങളുടെ വീട്ടിലെ പരിചാരിക “കണ്ണുകൊണ്ട് അദ്ദേഹത്തിന്റെ സൗന്ദര്യം പാനം ചെയ്യു”ന്നത് വിദ്യാർത്ഥിയായിരുന്ന ഞാൻ കണ്ടുപിടിച്ചു. ഒരു ദിവസം രാത്രി പത്തുമണിയോട് അടുപ്പിച്ച് അവൾക്കു വല്ലാത്ത വയറ്റുവേദന വന്നു. അമ്മ ഇഞ്ചി തല്ലിപ്പിഴിഞ്ഞ് പഞ്ചാരയിട്ടു കൊടുത്തു. ഒരു വൈദ്യന്റെ വീട്ടിലോടി മരുന്നു വാങ്ങിക്കൊണ്ടു കൊടുത്തു ഞാൻ. വേദന കുറയുന്നേ ഇല്ല. വേദനകൊണ്ട് പുളയുന്നതിനിടയിൽ പരിചാരിക അറിയാതെ പറഞ്ഞു പോയി. “ചവുക്കയിലെ ഡോക്ടറെ കൊണ്ടുവരണം.” ഡോക്ടർ വേമ്പനാട്ടു കായലിനക്കരെയുള്ള കസ്റ്റംസ് ഹൗസിലാണ് പാർത്തിരുന്നത്. അമ്മയുടെ ആജ്ഞയനുസരിച്ച് ഞാൻ വള്ളത്തിൽ കയറി മുക്കാൽ മണിക്കൂറോളം തുഴഞ്ഞ് കസ്റ്റംസ് ഹൗസിലെത്തി. ഡോക്ടർ വലിയ വൈമനസ്യമൊന്നുമില്ലാതെ എന്റെ കൂടെ വള്ളത്തിൽ വന്നു. മുറിയടച്ച് പരിചാരികയെ പരിശോധിച്ചു. അവളുടെ വയറ്റിലും മറ്റും അദ്ദേഹം പിതുക്കിയിരിക്കണം. മരുന്നെഴുതിത്തന്നിട്ട് അദ്ദേഹം യാത്ര പറഞ്ഞു. ഞാൻ വീണ്ടും വഞ്ചി തുഴഞ്ഞു. രാത്രി സമയത്തു എവിടെനിന്നു മരുന്നു കിട്ടും. എങ്കിലും പരിശോധനയുടെ ഫലമായി അവളുടെ വേദന പോയി. നേരം വെളുത്തിട്ടും ആരും മരുന്നു വാങ്ങാൻ പോയതുമില്ല. പക്ഷേ ഇവിടംകൊണ്ട് അവസാനിച്ചില്ല അക്കാര്യം. പരിചാരികയ്ക്ക് ആഴ്ചയിലൊരിക്കൽ രാത്രി പത്തുമണിക്കു ശേഷം വയറ്റുവേദന വരുമായിരുന്നു. രണ്ടോ മൂന്നോ തവണകൂടി ഞാൻ വഞ്ചി തുഴഞ്ഞു. “ചവുക്കയിലെ ഡോക്ടറെ കൊണ്ടുവരണം” എന്നു പരിചാരിക നാലാമത്തെ തവണ പറഞ്ഞപ്പോൾ എനിക്കും സംശയമായി. എങ്കിലും സംശയത്തെ അവലംബിച്ച് അവൾക്കു വയറ്റുവേദനയില്ലെന്ന് എനിക്കെങ്ങനെ തീരുമാനിക്കാൻ കഴിയും? യഥാർത്ഥത്തിൽ വയറ്റുവേദനയുണ്ടെങ്കിൽ ഡോക്ടറെ കൊണ്ടുവരാൻ പോകാത്ത ഞാൻ പാപിയായിത്തീരുകയില്ലേ? എന്തുമാകട്ടെ ഞാൻ കസ്റ്റംസ് ഹൗസിലേക്കു പോയില്ല. പരിചാരിക അതോടെ ഞങ്ങളുടെ വീടുപേക്ഷിച്ചു പോകുകയും ചെയ്തു. “ചവുക്കയിലെ ഡോക്ടറെ കൊണ്ടുവരണം” എന്നു പെണ്ണു പറയുമ്പോൾ അത് തികച്ചും സെക്സിനോടു ബന്ധപ്പെട്ടതാണെന്ന് സ്ഥാപിക്കാൻ എനിക്കു യുക്തികളില്ല. എങ്കിലും എന്റെ മനസ്സ് അന്നു പറഞ്ഞു അതു കള്ളമാണെന്ന്. ഇന്നും പറയുന്നു അതു കള്ളമായിരുന്നുവെന്ന്. നവീന നിരൂപണ സാഹിത്യത്തിന്റെ സ്ഥിതിയും ഇതു തന്നെ. സ്റ്റ്രക്ചറലിസത്തിലൂടെയും പോസ്റ്റ് സ്റ്റ്രക്ചറലിസത്തിലൂടെയും നമ്മുടെ ചില ഛോട്ടാ സാഹിത്യകാരന്മാരുടെ സാഹിത്യ കൃതികളെ നവീന നിരൂപകർ സംവീക്ഷണം ചെയ്യുമ്പോൾ അതു തെറ്റാണെന്നു സ്ഥാപിക്കാൻ യുക്തികളില്ല നമുക്ക്. എങ്കിലും സഹൃദയരുടെ മനസ്സു പറയുന്നു, ഹാ ഇത് “കുലീനമാം കള്ളം!” എന്ന്. ‘നെഞ്ചു കീറി നേരിനെ’ കാണിക്കാൻ ഒരു നിരൂപകനും തയ്യാറാവുന്നില്ല. നമ്മൾ അക്കൂട്ടരെ വിശ്വസിച്ച് വഞ്ചിയിറക്കുന്നു, തുഴയുന്നു, വിയർക്കുന്നു, ശരീരത്തിനു തളർച്ചയുണ്ടാക്കുന്നു. എന്നാലും മനസ്സു പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുന്നു ഇതാകെ അസ്ത്യമാണെന്ന്. നവീന നിരൂപണത്തിന്റെ വിളയാട്ടം ഇനി അധിക കാലം ഉണ്ടാവില്ല. വടക്കൻ പറവൂർകാരിയായ വേലക്കാരി വരാപ്പുഴെനിന്നു കൂനമ്മാവിലൂടെ, ചെറിയപ്പള്ളിയിലൂടെ ഓടി സ്വന്തം നാട്ടിലെത്തിയതുപോലെ കേരളത്തിന്റെ നാനാഭാഗങ്ങളിലുമുള്ള നവീന നിരൂപകർ പടിഞ്ഞാറൻ ദേശങ്ങളിലേക്കു ഓടിത്തുടങ്ങും.

ബർട്രൻഡ് റസ്സലിന്റെ ഏതോ പുസ്തകത്തിൽ ‘ഇന്റലക്ച്ച്വൽ റബിഷ്’ എന്നൊരു പ്രയോഗം കണ്ടതായി ഓർമ്മയുണ്ട്. ധിഷണയോടു ബന്ധപ്പെട്ടതാണു ചിന്തകൾ. പക്ഷേ അവ ചവറുമാണ്. പടിഞ്ഞാറൻ നവീന നിരൂപണം പലപ്പോഴും ചവറാണ്. കേരളത്തിലെ നവീന നിരൂപണം എപ്പോഴും ചവറാണ്.

ഫാന്റസിയുടെ പേരിൽ

ഇറ്റാലോ കാൽവീനോ എന്ന മഹാനായ സാഹിത്യകാരൻ മരിച്ചപ്പോൾ അമേരിക്കയിലെ ടൈം വാരിക എഴുതിയ ലേഖന‌ത്തിൽ അദ്ദേഹത്തെ ‘സെറിബ്രൽ ആർടിസ്റ്റ്’ എന്നു വിശേഷിപ്പിച്ചിരുന്നു. മസ്തിഷ്കത്തോടു ബന്ധപ്പെട്ട രചനകളാണോ കാൽവിനോയുടേത്? ആണെങ്കിൽ ആയിക്കൊള്ളട്ടെ. എങ്കിലും ഭാവനകൊണ്ട് അദ്ദേഹം സൃഷ്ടിക്കുന്ന ലോകങ്ങൾ യഥാർത്ഥങ്ങളായി എനിക്കനുഭവപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ Invisible Cities എന്ന നോവലിനെക്കുറൈച്ച് ഈ പംക്തിയിൽ എഴുതിയിട്ടുണ്ട്. താൻ സന്ദർശിച്ച നഗരങ്ങളെക്കുറിച്ച് വെനീഷൻ സഞ്ചാരിയായ മാർകോ പോളോ ചൈനയിലെ മംഗോൾ വംശത്തിന്റെ സ്ഥാപകനായ കുബ്‌ലൈ ഖാനോടു പറയുന്നു. എല്ലാം ഭാവനയാണ്. നഗരങ്ങൾ യഥാർത്ഥത്തിൽ ഇല്ല. പക്ഷേ മാർകോ പോളോയുടെ വാക്കുകൾ അവ സൃഷ്ടിക്കുന്നു. ശക്തിയുള്ള സൗന്ദര്യമുള്ള രചനയാണിത്. അതേ സമയം തികഞ്ഞ ഫാന്റസിയും. ഫാന്റസിക്കുണ്ടായിരിക്കേണ്ട ഈ ശക്തിയും സൗന്ദര്യവും ടി. വി. കൊച്ചുബാവയുടെ “പറക്കും ലോക”ത്തിനില്ല (കലാകൗമുദി). ഒരു ബിസ്കറ്റ് തിന്നയുടനെ ഒരു കുഞ്ഞ് ബോധംകെട്ടു വീണു. കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർ മുന്നൂറു രൂപ വിലയുള്ള മരുന്നു കുത്തിവയ്ക്കുന്നു. ശിശു എഴുന്നേല്ക്കുന്നില്ല. വീണ്ടും മറ്റൊരു കുത്തിവയ്പ്. കുട്ടി കഷണം കഷണമായി ചിതറി വീണു. ഓരോ കഷണവും അന്തരീക്ഷത്തിൽ പറന്നുപോലും. ആ കഷ്ണങ്ങൾക്കു ചുണ്ടുകൾ ഉണ്ടായിപോലും. ആ ചുണ്ടുകൾക്കിടയിൽ ബിസ്കറ്റ്. ഏതെങ്കിലും ഒരാശയം തോന്നുക. ഉടനെ അതിനെ ‘നോൺസെൻസിക്ക’ലായി പ്രതിപാദിക്കുക. — ഇതാണ് നമ്മുടെ എഴുത്തുകാരുടെ രീതി. ഫാന്റസി എന്നത് നോൺസെൻസല്ല. അത് യാഥാർത്ഥിന്റെ മറ്റൊരു രൂപമാണ്.

അതു മനസ്സിലാക്കാതെ ഇങ്ങനെ നിരർത്ഥകമായി അതുമിതും പറയുന്നത് നിഷ്പ്രയോജനമത്രേ.

* * *

ഫ്രഞ്ച് കവി ഷാങ് കൊക്തൊ എഴുതിയ ഒരു കൊച്ചു കഥ. അദ്ദേഹത്തിന് മുൻപ് പലരും പറഞ്ഞിട്ടുള്ളതാണിത്. എങ്കിലും തന്റേതായ രീതിയിൽ കൊക്തൊ അതു പുനരാഖ്യാനം ചെയ്യുന്നു: യുവാവായ തോട്ടക്കാരൻ രാജകുമാരനോടു പറഞ്ഞു. ‘എന്നെ രക്ഷിക്കൂ. ഞാൻ ഇന്നു രാവിലെ പൂന്തോട്ടത്തിൽ വച്ച് മരണത്തെ കണ്ടു. അവൻ പേടിപ്പിക്കുന്ന ഒരാംഗ്യം കാണിച്ചു. ഇന്നു രാത്രി ഏതെങ്കിലും അദ്ഭുത പ്രവർത്തനത്തിലൂടെ എനിക്ക് ഇസ്പഹാനിലെത്താൻ കഴിഞ്ഞെങ്കിൽ.’ രാജകുമാരൻ വേഗം കൂടിയ കുതിരയെ തോട്ടക്കാരന് കൊടുത്തു. അന്നുച്ചയ്ക്ക് പൂന്തോട്ടത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന രാജകുമാരൻ മരണത്തെ കണ്ടു. ‘നീ എന്തിനാണ് ഇന്ന് കാലത്ത് എന്റെ ഉദ്യാനപാലകനെ നോക്കി ഭയജനകമായ ആംഗ്യം കാണിച്ചത്?’ എന്ന് രാജകുമാരൻ ചോദിച്ചു. മരണം മറുപടി നൽകി: ‘അത് ഭീതിദമായ ആംഗ്യമായിരുന്നില്ല. അദ്ഭുതത്തിന്റെ ഫലമായ ആംഗ്യമായിരുന്നു. ഞാനിന്ന് അയാളെ ഇസ്പഹാനിൽ നിന്ന് വളരെ ദൂരെയായി കണ്ടു. ഇന്ന് അവിടെ വച്ചാണ് എനിക്കയാളെ പിടികൂടേണ്ടത്.’ ഫാന്റസിയാണിത്. പക്ഷേ ഇതിൽ നിന്ന് സത്യത്തിന്റെ നാദം നമ്മൾ കേൾക്കുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png സന്മാർഗ്ഗത്തിന് എന്ത് വിലയുണ്ട്?

ലോകമലയാള സമ്മേളനത്തിന് തിരുവനന്തപുരത്തു നിന്ന് ബർലിൻ വരെ മാത്രം പോകാനുള്ള വിമാനക്കൂലിയുടെ വിലയുണ്ട്.

Symbol question.svg.png ഒരു കാര്യത്തിൽ എല്ലാ സ്ത്രീകളും ഒരുപോലെയാണ്. എപ്പോൾ?

വ്യഭിചാരകർമ്മത്തിൽപ്പെട്ട സ്ത്രീയെ ‘തൊട്ടകൈക്ക്’ ബന്ധു പിടിക്കുമ്പോൾ അവൾ ധിക്കാരം കാണിക്കുന്ന സന്ദർഭത്തിൽ.

Symbol question.svg.png എന്നു പറഞ്ഞാൽ?

ഇതെന്റെ ഇഷ്ടമാണ്. താനാരാ ചോദിക്കാൻ?’ എന്ന് അവൾ പറയും. ആ മറുപടി എല്ലാ വ്യഭിചാരിണികളും നൽകും.

Symbol question.svg.png ഏതു മണ്ഡലത്തിലും സത്യമായിത്തീരുന്ന പ്രസ്താവമുണ്ടോ?

ഉണ്ട്. കവിതയിൽ! ‘വെള്ളത്താമരപോൽ വിശുദ്ധി വഴിയും സ്ത്രീചിത്തമേ’ എന്നു കവി പറയുമ്പോൾ സത്യം പ്രകാശിക്കുന്നു. ‘അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ’ എന്ന് അതേ കവി പറയുമ്പോഴും സത്യം.

Symbol question.svg.png എന്തുകൊണ്ടാണിത്?

മീലാൻ കുന്ദേര എന്ന സാഹിത്യകാരൻ ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്. ഭാവാത്മക കവിക്ക് ഒന്നും തെളിയിക്കേണ്ടതായില്ല. സ്വന്തം വികാരത്തിന്റെ തീവ്രത തന്നെയാണ് ആ തെളിവ്.

Symbol question.svg.png എവിടെയാണ് കുന്ദേര ഇതെഴുതിയത്?

‘Life is Elesewhere’ എന്ന നോവലിൽ. 1986-ലാണ് അതിന്റെ ഇംഗ്ലീഷ് തർജ്ജമ നമുക്കു ലഭിച്ചത്.

Symbol question.svg.png നവീനസാഹിത്യത്തിലെ പ്രതിഭാശാലികൾ ആരെല്ലാം?

മീലാൻ കുന്ദേര, വാൾട്ടർ അബിഷ്, ബ്രേതൻ ബ്രേതൻ ബാഹ്, കാവ് റീറ ഇൻഫാന്റേ, മാറിയോ വാർഗാസ് യോസ, അമാദു, ഏതൽ ഫൂഗാഡ്.

Symbol question.svg.png ഏതൽ ഫൂഗാഡാണോ വൊള സൊയിങ്കയാണോ വലിയ എഴുത്തുകാരൻ?

സംശയമില്ല. ഏതൽ ഫൂഗാഡ്. അദ്ദേഹത്തിന്റെ ‘റോഡ് റ്റു മെക്ക’ എന്ന നാടകത്തിന്റെ അടുത്തു വരുന്ന ഒരു നാടകം സൊയിങ്ക എഴുതിയിട്ടില്ല.

ഒ. വി. വിജയൻ

സത്യം കാണാൻ ആഗ്രഹിക്കുന്നവർ ഋജുവായി ചിന്തിക്കണം. ബുദ്ധിയുള്ളവർ പോലും അങ്ങനെ ചിന്തിക്കാതെ ആത്മരക്ഷാപരമായ വാചാടോപത്തിൽ മുഴുകുന്നു എന്നതിന് ഉദാഹരണമാണ് ഫാദർ വടക്കന്റെ ലേഖനം.(ക്രിസ്തുവിന് മുറിവേറ്റത് തങ്കമണിയിൽ ബലാൽസംഗം നടന്നപ്പോഴാണ് എന്ന മട്ടിലുള്ള മൈതാനപ്രസംഗം ഫാദറിന്റെ ലേഖനത്തിലുണ്ടായിരുന്നു.) വേറെ ചിലർ ദുർബ്ബലമായ സാമ്യാനുമാനത്തെ ആശ്രയിക്കുന്നു. കാസാന്ദ് സാക്കീസിന്റെ നോവലിൽ യേശുക്രിസ്തു വേശ്യയായ മഗ്ദലന മറിയത്തെ ലൈംഗിക വേഴ്ചയ്ക്കായി കൊതിച്ചുവന്ന് വ്യക്തമായ പ്രസ്താവമുണ്ട്. (it’s her I want, her I want) അവൾക്ക് റോസാപ്പൂ നീട്ടിയിട്ട് അപസ്മാര രോഗത്തിന്റെ ആക്രമണത്തിനു വിധേയനായിവീണു എന്നും പറഞ്ഞിട്ടുണ്ട്. ഇതിന്റെ തുടർച്ചയാണ് കുരിശിൽ കിടന്നുകൊണ്ടുള്ള സ്വപ്നദർശനം. മഗ്ദലന മറിയവുമായുള്ള വേഴ്ചയ്ക്കു ശേഷം അവളോട് “what shall we name the son we are going to have?” എന്ന് യേശു ചോദിക്കുന്നു. സുവിശേഷങ്ങളിൽ നിന്ന് രൂപം കൊണ്ടുവരുന്ന യേശുവിന് ഈ സ്വഭാവമൊന്നും ഇല്ല. അതുണ്ടെന്ന് സ്ഥാപിച്ച് യേശുവിനെ നിന്ദിച്ചത് ശരിയായോ എന്നതാണ് ചോദ്യം. ‘ശരിയായി’ എന്ന് വേണമെങ്കിൽ ഒ. വി. വിജയന് പറയാം. എന്നാൽ അങ്ങനെ പറയാതെ ദുർബ്ബലങ്ങളായ സാമ്യാനുമാനങ്ങൾക്കായി അദ്ദേഹം യത്നിക്കുന്നു. ഒന്നാമത്തേത് ഇറ്റലിയിലെ നോവലിസ്റ്റായ ജോവാനീഗ്വാറസ്കിയുടെ (Givanni Guareschi) ഡൺ കമീലോ കഥകളെക്കുറിച്ചാണ്. കമ്മ്യൂണിസ്റ്റ് മേയർ പുതിയ ഓഡിറ്റോറിയമായ People‘s Palace-ൽ സിനിമ കാണിക്കാൻ തീരുമാനിച്ചു. ഡൺ കമീലോ എന്ന പാരിഷ് പ്രീസ്റ്റിന് ഇതു സഹിച്ചില്ല. അങ്ങനെ അയാൾ വിഷമിച്ചിരിക്കുമ്പോൾ വലിയ മഴയും കൊടുങ്കാറ്റും ഉണ്ടായി. വിദ്യുച്ഛക്തി പ്രവാഹം നിലച്ചതു കൊണ്ട് സിനിമയുടെ പ്രദർശനം സാദ്ധ്യമല്ലാതെ വന്നു. പാതിരി ക്രിസ്തുവിന്റെ പ്രതിമയുടെ മുൻപിൽ ചെന്ന് മുട്ടുകുത്തി.

“പ്രഭോ, ഞാന്‍ നന്ദി പറയുന്നു.”

“എന്തിന് ഡണ്‍ കമീലോ?”

“കൊടുങ്കാററയച്ചു വിദ്യുച്ഛക്തിക്കു തടസ്സമുണ്ടാക്കിയതിന്.”

“ഡണ്‍ കമീലോ. വിളക്കുകള്‍ കെട്ടതിന് ഞാനല്ല കാരണക്കാരന്‍. ഞാന്‍ ആശാരിയാണ്, ഇലക്ട്രീഷ്യനല്ല…”

[ഈ കഥ തെററായിട്ടാണ് വിജയന്‍ സംഗ്രഹിച്ചിരിക്കുന്നത്] ഗ്വാറസ്കിയുടെ ഈ കഥാഭാഗം വിജയന്‍ ഒരു ഇററല്യന്‍ പാതിരിയോടു പറഞ്ഞപ്പോള്‍ അയാള്‍ സന്തോഷിച്ചതേയുള്ളു. ഈ പാതിരിയുടെ മനോഭാഗവം ഇവിടത്തെ പുരോഹിതന്‍മാര്‍ക്ക് ഇല്ലല്ലോ എന്നാണ് വിജയന്‍റെ ഖേദം. എന്തൊരു ‘അന്‍അലജി’യാണിത്! (analogy) ഗ്വാറസ്കി ഹാസ്യത്തിന് ഊന്നല്‍ നല്കി യേശുക്രിസ്തുവിന്‍റെ പാവനത്വത്തിനു ക്ഷതമേല്പിക്കാതെ എഴുതുകയാണ്. ക്രിസ്തു വ്യഭിചരിച്ചു എന്നെഴുതുന്നതിനോട് ആ രചനയ്ക്ക് എന്തു സാദൃശ്യമിരിക്കുന്നു?

“കുഞ്ചന്‍ നമ്പ്യാര്‍ ഹൈന്ദവ ദേവതകളെ പരിഹാസത്തിലൂടെ ആരാധിച്ചത് വായിച്ചു നോക്കാന്‍ ഞാന്‍ ശ്രീ ജേക്കബ്ബിനോട് അഭ്യര്‍ത്ഥിക്കുന്നു” എന്നെഴുതി വിജയന്‍ നമ്പ്യാരുടെ പരിഹാസത്തിനും കാസാന്‍ദ് സാക്കീസിന്‍റെ നിന്ദനത്തിനും സാദ‍ൃശ്യം കല്പിക്കുന്നു. ഈ ലോജിക്കല്‍ ഫാലസി ഒ. വി. വിജയനില്‍ നിന്നുണ്ടായതില്‍ ഞാന്‍ അദ്ഭുതപ്പെടുന്നു. ക്രിസ്തുവിനെ വ്യഭിചാരിയായി ചിത്രീകരിക്കുമ്പോള്‍ നമ്മള്‍ ഉത്കൃഷ്ടമൂല്യങ്ങളെ നിരസിക്കുകയാണ്, നിന്ദിക്കുകയാണ്. അവ രണ്ടും നമ്മുടെ സംസ്കാരത്തെ തകര്‍ക്കും. (ഒ. വി. വിജയന്‍റെ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍).

എന്തൊരു ദിവസം

“അടുത്ത കാലത്തെ ഏററവും വലിയ സംഭവം ‘ഈശ്വരന്‍ മരിച്ചു’ എന്നതാണ്. ‘ക്രിസ്ത്യാനികളുടെ ഈശ്വര’നിലുള്ള വിശ്വാസം വിശ്വാസ്യമല്ല എന്നത് അതിന്‍റെ ആദ്യത്തെ നിഴലുകള്‍ യൂറോപ്പില്‍ വീഴ്ത്താന്‍ തുടങ്ങിയിരിക്കുന്നു. [Cast its first shadows എന്ന ഇംഗ്ലീഷ് തര്‍ജ്ജിമയില്‍. വരാനിരിക്കുന്ന ദൗര്‍ഭാഗ്യത്തെയാണ് ആ പ്രയോഗം സൂചിപ്പിക്കുന്നത്. ഇവിടെ ശൈലി അതേ രീതിയില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു --- ലേഖകന്‍] നീച്ചെയുടെ The Gay Science എന്ന ഗ്രന്ഥത്തിലെ ഒരദ്ധ്യായം ഇങ്ങനെയാണ് ആരംഭിക്കുന്നത്. ‘ക്രൈസ്തവദൈവ’ത്തിലുള്ള വിശ്വാസത്തിന്‍റെ തകര്‍ച്ചയും നിരീശ്വര വിശ്വാസത്തിന്‍റെ വിജയവും തികച്ചും അഭിനന്ദനാര്‍ഹമാണെന്നു നീച്ചേ വീണ്ടും പറയുന്നു.” “നമുക്കു കാലത്തു വിളക്കുകള്‍ കത്തിക്കേണ്ടേ? ഈശ്വരനെ കുഴിച്ചുമൂടുന്ന ശവക്കുഴി തോണ്ടുന്നവരുടെ ശബ്ദമല്ലാതെ വേറെ വല്ലതും നമ്മൾ കേള്‍ക്കുന്നുണ്ടോ? ദൈവത്തിന്‍റെ അഴുകലില്‍നിന്നുയരുന്ന നാററമല്ലാതെ വേറെന്താണ് നാം ശ്വസിക്കുന്നത്? ഈശ്വരന്‍മാരും അഴകും, ഈശ്വരന്‍ മരിച്ചു” എന്നു അദ്ദേഹം എഴുതുന്നു. സംവത്സരങ്ങള്‍ക്കുമുന്‍പ് നീച്ചേ ആവിഷ്കരിച്ച ഈ ആശയം വി. ജി. മാരാമുററം ഇപ്പോള്‍ ഒരു ചെറുകഥയിലൂടെ സ്ഫുടീകരിച്ചിരിക്കുന്നു. ഈ പാഴ്‌വേല വേണ്ടിയിരുന്നില്ല. ഒരുത്തന്‍ തൂങ്ങിനില്ക്കുന്നു. ശവം കൈകൊണ്ടു മുഖം പൊത്തിയിരുന്നു. അതുകൊണ്ട് ആത്മഹത്യ ചെയ്തവന്‍ ആരെന്ന് അറിഞ്ഞുകൂടാ. രണ്ടുപേരെ സംശയിച്ചു. അവരെ പിന്നീട് ജീവനോടെ കണ്ടപ്പോള്‍ സംശയം മാറി. ഒടുവില്‍ ഗ്രഹിക്കാന്‍ കഴിഞ്ഞു. ചത്തത് ഈശ്വരന്‍ തന്നെയാണെന്ന് കഥാകാരന്‍റെ ഈ ദാസ്യമനോഭാവം ലജ്ജാവഹമാണെന്നു മാത്രം പറയട്ടെ.

* * *

“ഒരു കാര്യം പറഞ്ഞുകഴിഞ്ഞാല്‍, നല്ല പോലെ പറഞ്ഞുകഴിഞ്ഞാല്‍ വൈഷമ്യമേ വേണ്ട. അതെടുക്കൂ, പകര്‍ത്തൂ. റെഫ്റന്‍സസ് നല്കണോ? എന്തിന്? നിങ്ങളുടെ വായനക്കാര്‍ക്ക് അറിയാം എവിടെനിന്നാണ് നിങ്ങള്‍ ആ ഭാഗമെടുത്തതെന്ന്. അതുകൊണ്ട് മൂന്നറിയിപ്പ് പ്രയോജനശൂന്യമാണ്. അല്ലെങ്കില്‍ വായനക്കാര്‍ക്ക് അതറിഞ്ഞുകൂടാ. അപ്പോള്‍ റെഫ്റന്‍സ് നല്കിയാല്‍ നിങ്ങള്‍ അവരെ പീഡിപ്പിക്കുകയാരിക്കും” — അനതോല്‍ ഫ്രാങ്സ്.

കൂട്ടിക്കുഴയ്ക്കല്‍

ഞാനൊരു രാത്രിയില്‍ ശംഖുമുഖം കടപ്പുറത്ത് ഇരിക്കുകയായിരുന്നു. പഞ്ചാരമണല്‍. അതില്‍ പല നിറമാര്‍ന്ന ചിപ്പികള്‍. കപ്പലണ്ടിത്തോടുകള്‍. കുട്ടികള്‍ കുഴിച്ചുവച്ച കുഴികള്‍. കടലിനു മഷിയുടെ നിറം. ഇരമ്പിക്കൊണ്ട് തീരത്തുവന്നടിച്ച് സ്വയം തകരുന്ന തിരകള്‍ക്കു ഇളം നീലനിറം. ദൂരെ തകരുന്ന തിരകള്‍ക്ക് ഇളം നീലനിറം. ദൂരെ വള്ളങ്ങള്‍ കയററിവച്ചിരിക്കുന്നു. രണ്ടു വള്ളങ്ങള്‍ക്കിടയില്‍ വല്ല കറുത്തമ്മയും അവളുടെ പരീക്കുട്ടിയും ഇരുന്നു സംസാരിക്കുകയാവാം. കറുത്തമ്മ അച്ഛനമ്മമാരെയും സമുദായത്തെയും ഭയന്ന് എഴുന്നേററു പോയിരിക്കാം. പരീക്കുട്ടി വള്ളത്തില്‍ ചാരിയിരുന്നു പാടുന്നുണ്ടാവും. ദൂരം കൂടിയതുകൊണ്ട് ഞാന്‍ കേള്‍ക്കാത്തതാവാം. എന്‍റെ അടുത്തേക്ക് ഒരു യുവാവും യുവതിയും വരുന്നുണ്ട്. എന്നെക്കണ്ട് മാത്രയില്‍ ചെറുപ്പക്കാരന്‍ ഷര്‍ട്ടിന്‍റെ ബട്ടണ്‍ പിടിച്ചു തിരിക്കാന്‍ തുടങ്ങി. അതില്‍നിന്നു മനസ്സിലായി അയാള്‍ അവളുടെ ഭര്‍ത്താവല്ലെന്ന്; കാമുകനല്ലെന്ന്; അല്ലെങ്കില്‍ ഒരു രാത്രിയിലേക്കു മാത്രമുള്ള പരിചയക്കാരനാണെന്ന് — സംഭവങ്ങളുടെയും വ്യക്തികളുടെയും സങ്കല്പങ്ങളുടെയും ഈ കൂട്ടിക്കുഴയ്ക്കല്‍ വായനക്കാര്‍ക്കു വൈഷമ്യം ഉളവാക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ നിറുത്തിയേക്കാം. നിറുത്തിയിതിനുശേഷം ഒരഭ്യര്‍ത്ഥനകൂടി. ജനയുഗം വാരികയില്‍ എ. പി. ഐ. സാദ്ദിഖ് എഴുതിയ ‘അന്യവല്‍ക്കരണം’ എന്ന കഥ വായിക്കരുത്. വായിച്ചാല്‍ ഇതേ വ്യാമിത്രത കാണും. അത് അസ്വസ്ഥത ജനിപ്പിക്കുകയും ചെയ്യും. കഥയുടെ പേരില്‍ എന്തെല്ലാമാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. എന്നിട്ട് ആ മാലിന്യക്കൂമ്പാരത്തിന്‍റെ അഗ്രത്തില്‍ എഴുന്നേററു നില്ക്കുകയും ചെയ്യുന്നു. വ്യക്തികളാണ് സാഹിത്യം സൃഷ്ടിക്കുന്നത്. സി. വി. രാമന്‍പിളള, ചന്തുമേനോന്‍, തകഴി, കേശവദേവ്, ഉറൂബ് ഇങ്ങനെ പലരും സാഹിത്യം സൃഷ്ടിച്ചു. അവര്‍ സൃഷ്ടിച്ച സാഹിത്യ സാമ്രാജ്യത്തില്‍ നിശീഥിനി വന്നുകൂടുമ്പോള്‍ ഗോസ്ററിനെപ്പോലെ ചിലര്‍ പ്രത്യക്ഷരാകും. അവരുട ‘കലപില’ ശബ്ദം നമ്മളെ പേടിപ്പിക്കും. തൂലികേ അടങ്ങ്. ദുഷ്ടരചന കാണുമ്പോള്‍ നിനക്കു രോഷമുണ്ടാകുന്നതു സ്വാഭാവികം. എങ്കിലും അതു അതിരു കടന്നാല്‍ വായനക്കാര്‍ക്ക് ഇഷ്ടമാവില്ല. അതുകൊണ്ട് അടങ്ങ്.

പലരും പലതും

1) ഒരതിമദ്യപന് പട്ടിണി കിടക്കുന്ന ഭാര്യയെയും മക്കളെയും കണ്ടപ്പോള്‍ ദുഃഖം. അയാള്‍ക്ക് വേണ്ടുവോളം മദ്യം വാങ്ങിക്കൊടുക്കുന്ന ഓരോ കൂട്ടുകാരനോടും പണം കടം ചോദിച്ചു. ആരും കോടുത്തില്ല — വിജയന്‍ വിളക്കുമാടം ചന്ദ്രിക ആഴ്ചപ്പതിപ്പിലെഴുതിയ “സത്യത്തിന്‍റെ ഗന്ധം” എന്ന കഥയുടെ സാരമാണിത്. ഏതു സാധനവും നമുക്കു വില്ക്കാം. വിജയന്‍ വിളക്കുമാടത്തിന്‍റെ ഉപന്യാസമെന്ന ഈ ചരക്കു വാങ്ങാന്‍ ഈ ലോകത്ത് ഒരുത്തനുമുണ്ടാവില്ല.

2) താന്‍ സ്നേഹിച്ചിരുന്ന ദാസ് മരിച്ചപ്പോള്‍ യമുനയ്ക്കു ദുഖം — മുരളിചേത്തേക്കുടത്ത് സഖി വാരികയില്‍ എഴുതിയ “വിറങ്ങലിച്ച ഓര്‍മ്മകള്‍” എന്ന കഥയാണിത്. ഓരോ ദിവസം കഴിയുന്തോറും നമ്മള്‍ മരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. ഇത്തരം കഥകള്‍ പതിവായി വായിച്ചാല്‍ ആയുസ്സ് എത്തുന്നതിനും മുന്‍പുതന്നെ മരിച്ചുപോകും നാം.

3) “വികാരങ്ങളെ അടക്കിനില്‍ത്താനുള്ള മരുന്നും മന്ത്രവും അങ്ങാടിയില്‍ കിട്ടില്ല; സയന്‍സിന്‍റെ പരീക്ഷണശാലകളിലുമില്ല; ധാര്‍മ്മികതയുടെ ദിവ്യസങ്കേതങ്ങളിലേ ഉള്ളൂ — സിദ്ധാര്‍ത്ഥന്‍ മനോരാജ്യം വാരികയില്‍ എഴുതിയതാണിത്. വലിയൊരു തത്ത്വചിന്തകന്‍ പറഞ്ഞു. സദാചാരത്തെസ്സംബന്ധിച്ചാണെങ്കില്‍ മററുള്ളവര്‍ ചെയ്യുന്നതുപോലെ ചെയ്യൂ.”

കലയെ സംബന്ധിച്ചാണെങ്കിൽ അതൊരിക്കലുമരുത്. മറ്റുള്ളവർ എന്നു പറഞ്ഞത് ഉന്നതന്മാരായ വ്യക്തികളെക്കുറിച്ചാവണം. ശ്രീരാമകൃഷ്ണ പരമഹംസനും വിവേകാനന്ദനും ഗാന്ധിജിയും യേശു ക്രിസ്തുവും പ്രവർത്തിച്ചതുപോലെ എല്ലാവരും പ്രവർത്തിച്ചാൽ ഈ ലോകം വാസയോഗ്യമായി ഭവിക്കും.

ഫ്രഞ്ച് ജോത്സ്യനായിരുന്ന നൊസ്റ്റ്രഡേമസിന്റെ ഭാവികഥനങ്ങളെക്കുറിച്ചു പി.വി. രവീന്ദ്രൻ ചോദിച്ച ചോദ്യത്തിന് ഉത്തരമായി തിക്കുറിശ്ശി സുകുമാരൻ നായർ പറയുന്നു: “[നൊസ്റ്റ്രഡേമസിന്റെ]” പല പ്രവചനങ്ങളും യാഥാർത്ഥ്യമായി എന്നെനിക്കറിയാം. എന്നാൽ അദ്ദേഹം കുറഞ്ഞ കാലയളവിനുള്ളിൽ വച്ച് മുസ്ലീം മതം ഇല്ലാതെയായിത്തീരും എന്നു പ്രവചിച്ചിരുന്നു. ഇന്നത്തെ ചുറ്റുപാടുകൾ വച്ചുനോക്കുമ്പോൾ ഇവിടെ മുസ്ലീങ്ങൾ കൂടുതൽ വ്യാപിക്കുകയും വ്യാപരിക്കുകയും ചെയ്യുന്നുവെന്ന് സാമന്യബുദ്ധിയുള്ളവർക്കു ഗ്രഹിക്കുവാൻ കഴിയുന്നു (കുങ്കുമം വാരിക).

നൊസ്റ്റ്രഡേമസിന്റെ പല ഭവിഷ്യത്കഥനങ്ങളും യാഥാർത്ഥ്യമായി എന്നു തിക്കുറിശ്ശി എഴുതുന്നതു ശരിയാണ്. The blood of the just requires London to be burned with fire in sixty six എന്നു നൊസ്റ്റ്രഡേമസ് പ്രഖ്യാപിച്ചു. ലണ്ടനിൽ 1666-ൽ വലിയ അഗ്നിബാധയുണ്ടായി. ഇംഗ്ലണ്ടിലെ രാജ്ഞിയായി ഇലിസബത്ത് വരുന്നതിനു മുൻപ് നൊസ്റ്റ്രഡേമസ് എഴുതി:

The rejected one shall accede to the throne.
Her enemies shall be found to be conspirators.
Her time shall triumph as never before.
At 70 she shall surely die, in the 3rd year of the century.

ഇതെല്ലാം സംഭവിച്ചു. ഇലിസബത്ത് 1603-ലാണ് മരിച്ചത്.

ഞാൻ നൊസ്റ്റ്രഡേമസിന്റെ “Prophecies” എന്ന ഗ്രന്ഥം വായിച്ചിട്ടുണ്ട്. തിടുക്കത്തിൽ വായിച്ചതുകൊണ്ടാണോ എന്നറിവില്ല. ഇസ്ലാം മതത്തെക്കുറിച്ചുള്ള പ്രസ്താവം എനിക്കു കാണാൻ കഴിഞ്ഞില്ല.

4) ഈ ഭവിഷ്യത്കഥനങ്ങൾ എത്രകണ്ടു ശരിയാണ്? ഹിറ്റ്‌ലറെപ്പോലും പേടിപ്പിച്ച ഇവയ്ക്കു സ്ത്യാത്മകതയുണ്ടോ? ഉത്തരം നൽകാൻ പ്രയാസമുണ്ട്. നവീന ഭൗതികശാസ്ത്രം, ഭൂതം, വർത്തമാനം, ഭാവി ഇവ ഒരുമിച്ചു വർത്തിക്കുന്നുവെന്നു സ്ഥാപിക്കുന്നു. നമ്മുടെ ബോധം മാത്രമേ ചലനംകൊള്ളുന്നുള്ളു. അതിനാൽ ഭാവി കഥനങ്ങൾ തെറ്റാണെന്നു പറയാൻ വയ്യ എന്ന് ഐൻസ്റ്റെന്റെ ശിഷ്യന്മാർ അഭിപ്രായപ്പെട്ടേക്കും (ഈ ആശയം മൗലികമല്ല).

5) അവൾ അയാളെ സ്നേഹിച്ചു. അച്ഛനമ്മമാരുടെ നിർബ്ബന്ധത്താൽ അവൾ ഗൾഫ് രാജ്യത്ത് ജോലിയുള്ള ഒരാളെ വിവാഹം കഴിച്ചു. അവിടത്തെ അസാന്മാർഗ്ഗിക ജീവിതത്തിനുശേഷം തിരിച്ചു വരുന്നു. ദു:ഖിക്കുന്നു. — എൻ.കെ. ബാലകൃഷ്ണൻ എക്സ്പ്രസ്സ് വാരികയിലെഴുതിയ “നഷ്ടസ്മൃതികൾ” എന്ന കഥ വായിച്ചപ്പോൾ ആശുപത്രികളിൽ പതിവായി കാണുന്ന കഴ്ചയാണ് എന്റെ മനക്കണ്ണിന്റെ മുൻപിൽ വന്നത്. അത്ര പ്രായമാകാത്ത രോഗി മരിക്കുന്നു. പഴയ ഒരു വാൻ (van) കൊണ്ടു വരുന്നു. അതിനകത്ത് ആശുപത്രി ജീവനക്കാർ പ്രേതമെടുത്തു തിരുകുന്നു. കൂടെ മരിച്ചയാളിന്റെ ഭാര്യയും കുഞ്ഞുങ്ങളും. അവരുടെ നിലവിളിയെ വകവയ്ക്കാതെ വാൻ ഭയങ്കരമായ ശബ്ദം കേൾപ്പിച്ചുകൊണ്ട് ഒറ്റച്ചാട്ടവും മുൻപോട്ടുള്ള പോക്കും. തങ്ങൾ ചെയ്യേണ്ടതു ചെയ്തുവെന്നു ആശുപത്രി ജോലിക്കാരുടെ ഭാവം. കഥയുടെ രൂപശില്പം പഴയ വാനാണ്. അതിൽ പഴഞ്ചൻ ആശയമാകുന്ന ഡെഡ് ബോഡി ബാലകൃഷ്ണൻ എടുത്തുകേറ്റുന്നു. കൂടെയിരിക്കാൻ നമ്മളും. പേടിയോടെ, വെറുപ്പോടെ നമ്മൾ ഇരിക്കുന്നു. ആശുപത്രിയല്ലേ? ദിനംപ്രതി മരണമുണ്ടാവും. വാൻ വരും. മൃതദേഹങ്ങൾ ജീവനുള്ള ബന്ധുക്കളോടുകൂടി മുന്നോട്ടു നീങ്ങും. സാഹിത്യമല്ലേ. പൈങ്കിളിക്കഥകളുടെ ജഡങ്ങൾ രൂപത്തിൽ കയറ്റിക്കൊണ്ടുപോകും. ഇതു വിധിയോടു (fate) ബന്ധപ്പെട്ടിരിക്കുന്നു. സഹിച്ചേ മതിയാകൂ. ഇക്കാഴ്ച ഒഴിവാക്കണമെന്നുണ്ടെങ്കിൽ ആശുപത്രിയുടെ അടുത്തു പോകാതിരിക്കണം.

യോസ

പെറുവിലെ പ്രസിഡന്റ് ഫേർനാൻഡോ ബേലാ ഊണ്ടേ റ്റേറി (Fernando Belaunde Terry) മഹാനായ നോവലിസ്റ്റ് മാറിയോ വാർഗാസ് യോസയെ (Mario Vargas Llosa) പ്രധാനമന്ത്രിയാകാൻ 1984-ൽ ക്ഷണിച്ചു. അദ്ദേഹം ആ ക്ഷണം നിരസിച്ചു. സാഹിത്യത്തിൽ മാത്രമല്ല രാഷ്ട്രവ്യവഹാരത്തിലും വിദഗ്ദനാണ് യോസയെന്നു ഇതു തെളിയിക്കുന്നു.

നോബൽ സമ്മാനം കിട്ടേണ്ട ഈ പെറുവിയൻ നോവലിസ്റ്റിന്റെ ഏറ്റവും പുതിയ നോവലിന്റെ ഇംഗ്ലീഷ് തർജ്ജമ ഇംഗ്ലണ്ടിൽ പ്രസിദ്ധിപ്പെടുത്തിയിരിക്കുന്നു. — ആലേഹാന്ദ്രോ മായിറ്റയുടെ യഥാർത്ഥ ജീവിതം The Real Life of Alefandro Mayta എന്നാണ് നോവലിന്റെ പേര്. തന്റെ ജന്മഭൂമിയായ പെറുവിൽ മുൻപുണ്ടായ ഒരു യഥാർത്ഥ വിപ്ലവത്തെ ആസ്പദമാക്കിയാണ് ഈ നോവൽ യോസ എഴുതിയത്. സോവിയറ്റ് യൂണിയൻ, ക്യൂബ, ബൊളിവിയ ഈ രാജ്യങ്ങളുടെ സഹായത്തോടെ വിപ്ലവകാരികൾ പെറുവിയൻ സർക്കാരിനെ തകിടം മറിക്കാൻ ശ്രമിക്കുന്നു. സർക്കാരിന് അമേരിക്കയുടെ സഹായമുണ്ട്. പെറുവിയൻ സർക്കാർ പരാജയപ്പെടുന്നതോടൊപ്പം രാജ്യവും ജീർണ്ണിക്കുന്നു. ഈ പശ്ചാത്തലത്തിൽ കഥ പറയുന്നയാൾ തന്റെ കൂടെപ്പഠിച്ച ട്രോട്സ്കിയിസ്റ്റ് ആലേഹാന്ദ്രോ മായിറ്റയെ അന്വേഷിക്കുന്നു. ആ അന്വേഷണത്തിലൂടെ, അതിന്റെ ആവിഷ്ക്കാരത്തിലൂടെ ആ വിപ്ലവകാരിയുടെ രൂപം തെളിയുന്നു. വിപ്ലവാസക്തിയുടെ ട്രാജഡിയിലാണ് യോസയ്ക്കു താല്പര്യം; തന്റെ രാജ്യത്തിന്റെ ജീർണ്ണത എടുത്തു കാണിക്കുന്നതിലും. നോവൽ തുടങ്ങുമ്പോൾ ലീമപ്പട്ടണത്തിൽ എച്ചിലിന്റെ നാറ്റം — stenking garbage എന്നു യോസ. ചേരികളുടെ വൈരൂപ്യം (But if you think that just because there is misery in these slums they must contain revolutionary potential, you’re mistaken). നോവൽ അവസാനിക്കുമ്പോഴും നഗരത്തിൽ കുന്നു കൂടുന്ന എച്ചിലിന്റെ നാറ്റം (I’m ending it by speaking about the garbage that is invading every neighbourhood in the capital or Peru). മാന്ത്രിക ശക്തിയുള്ള നോവലാണ് ഇതെന്ന് നിരൂപകർ പറയുന്നു.