സാഹിത്യവാരഫലം 1985 07 14
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1985 07 14 |
ലക്കം | 513 |
മുൻലക്കം | 1985 07 07 |
പിൻലക്കം | 1985 07 21 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ശാരദയുടെ ലജ്ജ പുരണ്ട കണ്ണുകള്‍ ഷീലയ്ക്ക് ഇല്ലാത്തതെന്താണ്? ഷീലയുടെ നടത്തത്തിന്റെ മാദകത്വം സീമയ്ക്ക് ഇല്ലാത്തതെന്നതാണ്? ബുദ്ധിശൂന്യങ്ങളായ ചോദ്യങ്ങളാണിവ. ഓഴ്സണ്‍ വെല്‍സ്, മക്‍ബത്തായി അഭിനയിക്കുമ്പോള്‍ ജനിക്കുന്ന ഉദാത്തമായ അനുഭൂതി പൃഥ്വിരാജ്, അലക്സാണ്ടറായി അഭിനയിക്കുമ്പോള്‍ ജനിക്കാത്തതെന്ത് എന്ന ചോദ്യത്തിനും സാംഗത്യമില്ല. ഓരോ വ്യക്തിക്കും സവിശേഷതയുണ്ട്. ആ സവിശേഷത അവര്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആളുകള്‍ ആഹ്ലാദിക്കുന്നുവെന്നേയുള്ളു. സാഹിത്യത്തെ സംബന്ധിച്ചും ഇതു ശരിയാണു്. തകഴി ശിവശങ്കപ്പിള്ള സി.വി. രാമന്‍പിള്ളയെപ്പോലെ എഴുതണം എന്നു് അഭിപ്രായപ്പെടുന്നതില്‍ ഒരര്‍ത്ഥവുമില്ല. ഈ സത്യം സിതോപലം പോലെ തെളിഞ്ഞതാണു്. അതിനാല്‍ പടിഞ്ഞാറന്‍ സാഹിത്യകാരന്മാരെപ്പോലെ കേരളത്തിലെ സാഹിത്യകാരന്മാര്‍ എഴുതണം എന്നാരും പറയുകയില്ല. ഈ ലേഖകന്‍ അങ്ങനെ ഒരിക്കലും പഠഞ്ഞിട്ടില്ല. കലാശൂന്യമായ ഒരു കഥയുടെ വൈരൂപ്യം വ്യക്തമാക്കാന്‍ കലാത്മകമായ ഒരു പടിഞ്ഞാറന്‍ കഥയുടെ സൗന്ദര്യം എടുത്തുകാണിച്ചിട്ടുണ്ട്. ആ താരതമ്യ വിവേചനമില്ലാതെ സാഹിത്യാസ്വാദനം സാദ്ധ്യമല്ല തന്നെ. എന്റെ വീട്ടിലിരിക്കുന്ന പുഷ്പഭാജനത്തിലെ പുഷ്പങ്ങളുടെ സംവിധാനം നന്നായില്ല എന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍, അതിനു ഹേതു നിങ്ങളുടെ വീട്ടിലെ പുഷ്പസംവിധാനം രമണീയമാണു് എന്നതത്രേ. റ്റോമാസ് മാനിന്റെ ‘ബുഡ്ഡന്‍ബ്രോക്ക്സ്’ എന്ന നോവല്‍ മഹനീയമാണ്. കേശവദേവിന്റെ ‘അയല്‍ക്കാര്‍’ മോശമായ നോവലാണെന്നു് എനിക്കു തോന്നുന്നതു് ഞാന്‍ ബുഡ്ഡന്‍ ബ്രോക്ക്സ് വായിച്ചു് അതിന്റെ ഔജ്ജ്വല്യം കണ്ടറിഞ്ഞു എന്നതാണു്. വിവാഹം കഴിഞ്ഞു: ആദ്യരാത്രി, വരന്‍ വധുവിനോടു് “തങ്കം, ജയഭാരതിയെപ്പോലെ ചിരിക്കൂ” എന്നു ആവശ്യപ്പെട്ടാല്‍ അയാള്‍ ഫൂളാണു്.
Contents
സൗരഭ്യം കൂടുമ്പോള്‍
സൗരഭ്യത്തിന്റെ തീക്ഷ്ണസ്വഭാവമുണ്ടു് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വരുന്ന സെന്റുകള്‍ക്കു്. അതുകൊണ്ടു് ഒരു ഫോറിന്‍ പെര്‍ഫ്യൂമും എനിക്കു് സഹിക്കാനാവില്ല. താമരപ്പൂവിന്റെയോ റോസാപ്പൂവിന്റെയോ പരിമളത്തിനു ഹൃദ്യതയുണ്ടു്. എന്നാല്‍ ആ പരിമളത്തിന്റെ തീക്ഷ്ണത വര്‍ദ്ധിപ്പിക്കു. ആ മണം അപ്പോള്‍ അസഹനീയമാവും. ഷര്‍ട്ടും പാന്‍റ്സുമൊക്കെ മനുഷ്യനു വേണം. നിറമുള്ള സാരി സ്ത്രീയുടെ സൗന്ദര്യം കൂട്ടും. എന്നാല്‍ അറേബ്യന്‍ കടലു കടന്നു് തിരിച്ചുവരുന്ന ചില മലയാളികള്‍ കോമാളിവേഷം കെട്ടി നടക്കുമ്പോള്‍ വിവേകമുള്ളവര്‍ പുച്ഛിക്കും. വിദേശവസ്തുക്കളോടുള്ള താല്പര്യത്താല്‍ നമ്മുടെ സ്ത്രീകള്‍ വര്‍ണ്ണോജ്ജ്വലങ്ങളായ സാരികള്‍ ഉടുക്കുമ്പോള്‍ അവരുടെ സൗന്ദര്യം ഇല്ലാതാവുന്നു. കാഴ്ചക്കാര്‍ക്കു പുച്ഛവും, ‘സാര്‍ടോറിയില്‍ സ്പ്ലെന്‍ഡര്‍’ — വേഷവിധാനത്തെ സംബന്ധിച്ച ഉജ്ജ്വലത പരിഹാസജനകമാണു്. ആഭരണം ഭംഗി വര്‍ദ്ധിപ്പിക്കും. പക്ഷേ, തെക്കന്‍തിരുവിതാംകൂറിലെ — ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ — ചില പെണ്ണുങ്ങളെപ്പോലെ ആഭരണക്കടയായി നടക്കാനാണു് ഭാവമെങ്കിലോ? കാര്‍ക്കിച്ചു തുപ്പാന്‍ തോന്നും. ചുരുക്കത്തില്‍; ഒന്നും അതിരു കടക്കരുതു്. വികാരം അതിന്റെ പാകത്തിനു വീഴട്ടെ കഥയിലും കവിതയിലും, നന്നു്. അതിരു ലംഘിച്ചാല്‍ അപഹാസ്യമാവും സംശയമില്ല. വികാരത്തിന്റെ ഈ അതിരുകടക്കലിനെയാണു് അതിഭാവുകത്വം എന്നു വിളിക്കുന്നതു്. ഈ അതിഭാവുകത്വമാണു ‘കളിപ്പാട്ടങ്ങള്‍’ എന്ന ചെറുകഥയുടെ മുദ്ര (കുങ്കുമം വാരിക, ബി. അശോക് കുമാര്‍) രണ്ടാമത്തെ വിവാഹത്തിനു വേണ്ടി പ്രഥമ വിവാഹത്തിന്റെ ഫലമായ കുഞ്ഞിനെ അനാഥാലയത്തിലാക്കിയിട്ടു് അമ്മ വിദേശത്തു പോകുന്നു. രണ്ടാമത്തെ ഭര്‍ത്താവുമായി നാലുവര്‍ഷം അവിടെ താമസിച്ചിട്ടു് തിരിച്ചു നാട്ടിലെത്തുന്നു. കുട്ടിയെക്കാണാന്‍ അനാഥാലയത്തില്‍ അവള്‍ എത്തുന്നു. മകനെ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു് വളരെദൂരം അവളെ നടത്തിക്കുന്നു അനാഥാലയത്തിലെ ഫാദര്‍. ഒടുവില്‍ ഒരു ശവക്കുഴിയുടെ അടുത്തു് അവളെ എത്തിച്ചിട്ടു് ഇതാ നിന്റെ മകന്‍ എന്നോ മറ്റോ പറയുന്നു. ശബരിമലയില്‍ പോകുന്നവര്‍ അങ്ങു ദൂരെയിരിക്കുന്ന ശാസ്താവിനു കേള്‍ക്കാന്‍വേണ്ടി “സ്വാമിയേ അയ്യപ്പോ” എന്നു ഉറക്കെ വിളിക്കുന്നതു പോലെ തൊണ്ട പൊട്ടുമാറു് വിളിക്കുകയാണു് കഥാകാരന്‍. എന്റെ ഈ ‘കഥാസാമഗ്രികള്‍ വാങ്ങൂ’ എന്നാണു് അദ്ദേഹത്തിന്റെ നിലവിളി. പ്ലാസ്റ്റിക് സാധനങ്ങള്‍ വഴിവക്കില്‍ നിരത്തിയിട്ടു് കച്ചവടക്കാരന്‍ ഏതെടുത്താലും ഒരു രൂപ എന്നു നിലവിളിക്കാറില്ലേ ഭക്തിയുള്ളവന്‍ ഉറക്കെ ശരണം വിളിക്കില്ല. വില്പനവസ്തുക്കളുടെ നന്മയില്‍ വിശ്വാസമുള്ളവന്‍ ഏതു വസ്തുവിനും ഒരുരൂപ എന്നു പറയുകയില്ല. അതിഭാവുകത്വം അസത്യമാണു്. അസത്യം വിറ്റേതീരൂ കഥാകാരനു്. അദ്ദേഹം ഉറക്കെ വിളിക്കുന്നു. മാറിനടക്കൂ സാഹിത്യപലത്തില്‍ സഞ്ചരിക്കുന്നവരേ.
വിശ്വവിഖ്യാതനായ ഹെര്‍ബര്‍ട്ട്റീഡ് An extraordinary book എന്ന Prose style of astonishing beauty എന്നും വാഴ്ത്തിയ The Journals of Anais Nin എന്ന പുസ്തകത്തില്‍ (ആറു് വാല്യങ്ങള്‍) അമേരിക്കന്‍ കവി ഗിന്‍സ് ബര്‍ഗ്ഗിന്റെ ഒരു അസാധാരണമായ പെരുമാറ്റത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. ഗിന്‍സ്ബര്‍ഗ്ഗ് തന്റെ പ്രഖ്യതമായ Howl എന്ന കാവ്യം വായിക്കുകയായിരുന്നു. കേള്‍ക്കാനെത്തിയവരില്‍ നിന്നു് ഒരാള്‍ എഴുന്നേറ്റു് കവിയോടു ചോദിച്ചു: “ചേരിപ്രദേശങ്ങളെക്കുറിച്ചു് നിങ്ങള്‍ എഴുതുന്നതെന്തിന്? നമുക്കു് അതു് ആവശ്യത്തിലധികമായി ഉണ്ടല്ലോ.” ഗിന്‍സ്ബര്‍ഗ്ഗ് കോപത്താല്‍ ഭ്രാന്തനായി. അദ്ദേഹം ധരിച്ചിരുന്ന ഓരോന്നും വാരി ദൂരെയെറിഞ്ഞു്. പൂര്‍ണ്ണ നഗ്നനായി നിന്നു. തന്നെപ്പോലെ വികാരവും ആത്മാവും നഗ്നമാക്കിക്കാണിക്കാന്‍ അദ്ദേഹം ചോദ്യകര്‍ത്താവിനെ വെല്ലുവിളിച്ചു. “ഇവിടവന്നു് ആളുകളുടെ മുന്‍പില്‍ നഗ്നനായിനില്‍ക്കു…കവി എപ്പോഴും ലോകത്തിന്റെ മുന്‍പില്‍ നഗ്നനായി നില്‍ക്കുകയാണു്.” ചോദ്യക്കര്‍ത്താവു് സ്ഥലംവിടാന്‍’ ഒരുമ്പെട്ടപ്പോള്‍ ഗിന്‍സ്ബര്‍ഗ്ഗ് വീണ്ടും പറഞ്ഞു: “താന്‍ അനുഭവിക്കുന്നതു് നഗ്നമായി പ്രദര്‍ശിപ്പിക്കുന്ന കവിയെ അപമാനിക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ എന്നു കാണട്ടെ” ആളുകള്‍ ചോദ്യം ചോദിച്ചയാളിനെ കൂവി അയാള്‍ പോകുന്നതുവരെ കൂവി. അവര്‍കള്‍ വസ്ത്രങ്ങള്‍ എറിഞ്ഞുകൊടുത്തു ഗിന്‍സ്ബര്‍ഗ്ഗിനു്. എന്നിട്ടും അദ്ദേഹം അവയെടുത്തു് ധരിച്ചില്ല. കവിയുടെ ഈ പ്രവൃത്തിയെ നീതിമത്കരിക്കുന്ന മട്ടിലാണു് അനൈസ് നീന്‍ എഴുതുന്നതു്. സംസ്കാരശൂന്യമായ നാട്ടില്‍ സംസ്കാരരഹിതരായ കുറെ സാഹിത്യകാരന്മാര്‍! ഒരാള്‍ ഒരു ചോദ്യം ചോദിച്ചാല്‍ ട്രൗസേഴ്സ് അഴിച്ചു കാണിക്കുകയാണോ വേണ്ടതു്? അയാള്‍ കവിയായാലെന്തു്? അല്ലെങ്കിലെന്തു്? എങ്കിലും കലാകാരന്‍ ആത്മാവിനെ അതിഭാവുകത്വത്തിന്റെ കഞ്ചുകമണിയിക്കാതെ നഗ്നമാക്കി കാണിക്കേണ്ടതാണു് എന്ന ആശയത്തോടു ഞാന്‍ യോജിക്കുന്നു (The Journals of Anais Nin, Vol VI, Pages 64, 65. Quartet Books, London).
കനേറ്റിയും ബഷീറും
ഐന്‍സ്റ്റെന്റെ ആപേക്ഷികതാസിദ്ധാന്തം ഡൊല്‍റ്റന്റെ അറ്റോമിക്‍ സിദ്ധാന്തത്തെക്കാള്‍ മഹനീയമാണു്. ടാഗോറിന്റെ ‘ഗീതാഞ്ജലി’ അദ്ദേഹത്തിന്റെ ‘ഉദ്യാനപാലക’നെക്കാള്‍ മഹനീയമാണു്. സി.വി. രാമന്‍പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ്മ’യെക്കാള്‍ മഹനീയം ‘ധര്‍മ്മരാജാ’; ധര്‍മ്മരാജായെക്കാള്‍ മഹനീയം ‘രാമരാജാ ബഹദൂര്‍.’ മഹത്ത്വത്തിന്റെ മാനദണ്ഡം ഉള്‍ക്കാഴ്ചയാണു്. എത്രകണ്ടു പ്രതിപാദ്യവിഷയത്തിന്റെ അഗാധതയിലേക്കു ചെല്ലാന്‍ കലാകാരനു കഴിയുമോ അത്രകണ്ടു് കലാസൃഷ്ടിയുടെ മഹത്ത്വം കൂടും. ഉള്‍ക്കാഴ്ചയും ഗഹനതയും വിഷയത്തിന്റെ ഔജ്ജ്വല്യവും ‘യുദ്ധവും സമാധാനവും’ എന്ന നോവലിനു് മഹത്ത്വമെന്ന ഗുണം നല്കുന്നു. ഹെല്ലറുടെ Catch-22 എന്ന നോവലില്‍ ഈ ഗുണങ്ങളില്ല. അതിനാല്‍ അതു മഹനീയമായ കൃതിയല്ല. സങ്കീര്‍ണ്ണതയും രൂപശില്പത്തിന്റെ അന്യാദൃശസ്വഭാവവും കലാശില്പത്തിനു മഹത്ത്വം നല്‍കുന്നു. ധൈഷണിക ജീവിതം നയിച്ച ഒരു വിയന്നാക്കാരന്റെ ദുരന്തം ചിത്രീകരിച്ചു് “ഇന്റലക്വച്ചല്‍സി”ന്റെയാകെയുള്ള ദുരന്തത്തെ വ്യജ്ഞിപ്പിക്കുന്ന Auto da Fe’ എന്ന നോവല്‍ (1981-ല്‍ നോബല്‍ സമ്മാനം നേടിയ ഈല്യാസ് കനേറ്റി എഴുതിയതു്) പ്രതിപാദ്യവിഷയത്തിലും സൗന്ദര്യത്തിലും രൂപശില്പത്തിലും ഒക്കെ മഹനീയമാണു്. സങ്കീര്‍ണ്ണതയിലും ഔജ്ജ്വല്യത്തിലും അതു നിസ്തുലമാണു്. ഇതു ഞാന്‍ പറയുന്നതല്ല. മഹാന്മാരായ നിരൂപകരും വിമര്‍ശകരും അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണു്. ഈ രീതിയില്‍ ഉത്കൃഷ്ടമായ Auto da Fe’ ബഷീറിന്റെ ‘പാത്തുമ്മയുടെ ആടി’നെക്കാള്‍ മോശമാണെന്നു് പ്രത്യക്ഷമായിട്ടല്ലെങ്കിലും പരോക്ഷമായി എം. മുകുന്ദന്‍ പറയുന്നു. (മനോരാജ്യം, ലക്കം 30) “ഈയിടെ നോവല്‍ പുരസ്കാരം ലഭിച്ച കാനറ്റിയേക്കാള്‍ ഭേദപ്പെട്ട സാഹിത്യകാരനാണു് ബഷീര്‍ എന്നു പറഞ്ഞാല്‍ ആരും തര്‍ക്കിക്കാന്‍ വരുകയില്ലല്ലോ.” എന്നും അദ്ദേഹമെഴുതുന്നു. ഇതു തികഞ്ഞ അജ്ഞാതയാണു്. ഇംഗ്ലീഷ് അറിയാന്‍ പാടില്ലാത്തവരെ വഴിതെറ്റിക്കലാണു്. ഇത്തരം ‘ഇന്റലക്‍ച്ച്വല്‍ ഡിസോണസ്റ്റി’ നമ്മുടെ സംസ്കാരത്തെ തകര്‍ത്തുകളയും.
സാഹിത്യമെന്ന നാട്യം
തിരുവനന്തപുരത്തുള്ള ഒരു പുസ്തകക്കടയില്‍ യാദൃച്ഛികമായി ചെന്നു കയറിയപ്പോള്‍ ഭാജനത്തിന്റെ ആകൃതിയിലുള്ള നിറമാര്‍ന്ന ‘മെഴുകുതിരി’ കണ്ടു. പെട്ടെന്നു് ഒരു കൗതുകം. വില നോക്കി. ഇരുപത്തെട്ടുരൂപ. കൗതുകം കെട്ടടങ്ങി. (വിലക്കൂടുതല്‍ കൊണ്ടല്ല) കണ്ണുകള്‍ മറ്റു ‘കൗതുക വസ്തുക്ക’ളിലേക്കു തിരിയുകയായി. ഒറ്റ നോട്ടം. അപ്പോഴേക്കും കണ്ടതുമതി എന്ന തോന്നല്‍. എന്നാല്‍ മ്യൂസിയത്തില്‍ വച്ചിരിക്കുന്ന ഒരു ചിത്രം നോക്കുമ്പോള്‍ — നിക്കലൗസ് റോറിഹ് വരച്ച ഹിമാലയ പര്‍വ്വതത്തിന്റെ ചിത്രം നോക്കുമ്പോള്‍ — കണ്ടതു പോര എന്നു തോന്നുന്നു. കാരണമെന്താവാം? ഒരു ഹിമാലയദൃശ്യം ജനിപ്പിച്ച വികാരത്തെ റോറിഹ് ചായത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു എന്നതാണ്. ആ ചിത്രം നോക്കുമ്പോള്‍ റോറിഹിന്റെ വികാരം എന്റേതായിത്തീരുന്നു. വികാരം ജീവിതമായതുകൊണ്ടു് ചിത്രം ജീവിതാവബോധം ഉളവാക്കുന്നു. ജീവിതാവബോധം സത്യദര്‍ശനത്തിനു തുല്യമാണു്. സത്യദര്‍ശനം ആഹ്ളാദദായകമത്രേ. അതിനാല്‍ ഞാന്‍ രസിക്കുന്നു. ചിത്രത്തില്‍ നിന്നു കണ്ണെടുക്കാതെ അവിടെത്തന്നെ നില്ക്കുന്നു.
ചിത്രത്തെക്കുറിച്ചു പറഞ്ഞതു് കഥയ്ക്കും നോവലിനും ചേരും. പെരുന്ന പി.ആര്‍. എഴുതുന്നതൊക്കെ ഞാന്‍ വളരെക്കാലമായി വായിക്കുന്നു. ഇന്നുവരെ അദ്ദേഹത്തിന്റെ ഒരു രചനയും ജീവിതാനുഭൂതി പ്രദാനം ചെയ്തിട്ടില്ല. കുമാരി വാരികയില്‍ അദ്ദേഹമെഴുതിയ ‘ഒറ്റപ്പെടുന്ന നെടുവീര്‍പ്പുകള്‍’ എന്ന കഥയുടെ സ്ഥിതിയും വിഭിന്നമല്ല. സ്നേഹിച്ചിരുന്ന സ്ത്രീ വേറൊരുത്തന്റെ ഭാര്യയായി. അയാള്‍ മരിച്ചു. അപ്പോള്‍ പൂര്‍വ്വകാമുകന്‍ ചെന്നു് അവളെ വിളിച്ചു. പുതിയ ജീവിതം തുടങ്ങാന്‍ അവള്‍ പോയില്ല. ആയിരമായിരം ആളുകള്‍ ചവച്ചുതുപ്പിയ ഈ കരിമ്പിന്‍ ചണ്ടിയെടുത്തു് കഥാകാരന്‍ കുമാരി വാരികയുടെ വെള്ളത്താളില്‍ വച്ചുതരുന്നു; നമ്മുടെ ഈസ്ത്തെറ്റിക് ഡിജസ്ച്ചെനുവേണ്ടി (aesthetic digestion) അന്യന്റെ വായില്‍നിന്നു വീണ ചണ്ടിതൊടാന്‍പോലും വയ്യ. പിന്നീടല്ലേ ദഹനക്രിയയ്ക്കുവേണ്ടി അതു ഇട്ടുകൊടുക്കേണ്ടതു്? പെരുന്ന പി. ആറിന്റെ കഥയില്‍ കൃത്രിമങ്ങളായ വാക്യങ്ങളേയുള്ളു. ഭാവമില്ല.
- “ആവര്‍ത്തനത്തിനു വേണ്ടി ഞാന്‍ മെനക്കെടാറില്ല”
- “ഞാന്‍ മെനക്കെടാറുണ്ട്”
അധ്യാപകനോടു ‘തര്‍ക്കുത്തരം’ പറയുന്ന വിദ്യാര്‍ത്ഥിയെപ്പോലെയാണു് കഥാകാരന്റെ നായിക സംസാരിക്കുന്നതു്. ഒറ്റവാക്യത്തില്‍ എഴുതാം — പെരുന്ന പി. ആര്‍ സാഹിത്യകാരനല്ല.
വയലാര്‍ രാമവര്‍മ്മ മരിച്ചില്ല
വയലാര്‍ രാമവര്‍മ്മ തന്റെ ‘മഴവില്ല്’ എന്ന കാവ്യം തിരുവനന്തപുരത്തുവച്ചുകൂടിയ സാഹിത്യപരിഷത്തിന്റെ സമ്മേളനത്തില്‍ വായിക്കുന്നതു ഞാന്‍ കേട്ടു. തിരുവനന്തപുരത്തേക്കു പോരുമ്പോള്‍ തീവണ്ടിയില്‍വച്ചു കുറിച്ചതാണു് കാവ്യം എന്നു പറഞ്ഞുകൊണ്ടാണു് കവി വായന തുടങ്ങിയതു്. (എന്റെ അടുത്തിരുന്ന പ്രശസ്തനായ വേറൊരു കവി: “തീപ്പെട്ടിക്കൂടിന്റെ പുറത്താണു് എഴുതിയതു്. അതു രാമവര്‍മ്മ പറയുന്നില്ലെന്നേയുള്ളു”). കാവ്യത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു:
- മാനത്തെത്തിയ മഴവില്‍ക്കൊടിയേ,
- മായരുതേ, നീ മായരുതേ,
- നീരദപാളികള്‍ തോളിലുയര്‍ത്തിയ
- നീലപ്പീലിക്കാവടിയേ.
ഇതുചൊല്ലിയ രാമവര്‍മ്മ മരിച്ചുപോയില്ലേ? മരിച്ചെന്നാണു് എന്റെ ഓര്‍മ്മ. തിരുവനന്തപുരത്തെ ടൌണ്‍ഹാളില്‍ അദ്ദേഹത്തിന്റെ നിശ്ചേതനശരീരം മൂക്കു കണ്ണാടിയുംവച്ചു കിടക്കുന്നതു് ഞാന്‍ കണ്ടല്ലോ? അതോ ഓര്‍മ്മപ്പശകോ? ജനയുഗം വാരികയില്‍ വി. സുന്ദരേശന്‍ എഴുതിയ ചില വരികള്‍ വായിച്ച് വിമര്‍ശിക്കുന്നു. അദ്ദേഹത്തോടു യോജിക്കാന്‍ പ്രയാസമില്ല.
നൂതന പ്രകാശത്തില്‍
ഫ്രാന്റ്സ് കാഫ്കയുടെ America എന്ന നോവല്‍ അടുത്തുണ്ടു്. അതിലെ ആദ്യത്തെ വാക്യം:
- As Karl Ross-mann, a boy of sixteen who had been packed off to America by his parents because a servant girl had seduced him and got herself with child by him, stood on the liner slowly entering the harbour of New Yourk, a sudden burst of sunshine seemed to illumine the Statue of Liberty, so that he saw it in a new light, although he had sighted it long before.
മുന്‍പു കണ്ടിട്ടുള്ളതാണെങ്കിലും നൂതന പ്രകാശത്തില്‍ എല്ലാം കാണുക എന്നതാണു പ്രധാന്യമര്‍ഹിക്കുന്നതു്. അതു കൊണ്ടാണു് അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും പോയവരുടെ വിവരങ്ങള്‍ നമ്മളെ രസിപ്പിക്കുന്നതു്. കേരളത്തിലെതന്നെ എല്ലാസ്ഥലങ്ങളും കണ്ടിട്ടില്ലാത്ത എനിക്കു് ഈ വര്‍ണ്ണനങ്ങള്‍ തികച്ചും രസകരങ്ങളാണു്. കാസാന്‍ദ് സാക്കീസിന്റെയും ലോറന്‍സ് ഡൂറലിന്റെയും യാത്രാ വിവരണങ്ങള്‍ വിസ്മയാദി വികാരങ്ങളോടെയാണു് ഞാന്‍ വായിക്കാറു്. പി. ഭാസ്കരന്‍ നായര്‍ ഐ.പി.എസ്. നിര്‍വ്വഹിച്ച ഒരു യാത്രയുടെ വിവരണം മാമാങ്കം വാരികയില്‍ പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ആകര്‍ഷകങ്ങളായ കൊച്ചുവാക്യങ്ങള്‍കൊണ്ടു് വായനക്കാരെ രസിപ്പിക്കാന്‍ അദ്ദേഹത്തിനു് അറിയാം. നോക്കുക:
- “തിങ്ങിക്കൂട്ടിയിട്ടിരിക്കുന്ന ശുഭ്രധവളമായ പഞ്ഞിക്കെട്ടുകള്‍ പോലെ അനന്തമായി വ്യാപിച്ചുകിടക്കുന്ന വെള്ളി മേഘപടലങ്ങളില്‍ സുഖരശ്മി പതിക്കുമ്പോള്‍ ഉണ്ടാകുന്ന ആ തിളക്കമേറിയ ദൃശ്യം എന്തെന്തു് വികാരങ്ങളേയാണിളക്കിവിടാത്തതു്! ആദ്യന്തവിഹീനമായ ഈ പ്രപഞ്ചത്തിന്റെ നിയാമകസൃഷ്ടിയേയും സ്രഷ്ടാവിന്റെ അപ്രമേയത്വത്തേയും മനുഷ്യന്റെ നിസ്സാരതയേയും ഒക്കെച്ചുറ്റി അടുക്കില്ലാതെ എന്റെ ചിന്തകള്‍ പാറി നടന്നുകൊണ്ടിരുന്നു.”
നൂതനപ്രകാശത്തില്‍ വസ്തുക്കളെയും വസ്തുതകളെയും അവതരിപ്പിക്കാന്‍ ലേഖകനു കഴിയട്ടെ.
നിര്‍വ്വചനങ്ങള്‍
- തിരുവനന്തപുരം
- ശീതോഷ്ണാവസ്ഥ സുഖപ്രദമായതുകൊണ്ടു് വടക്കു നിന്നു ജോലിക്കെത്തുന്നവര്‍ ഒരിക്കലും വിട്ടുപോകാത്തസ്ഥലം.
- പ്രഭാഷകന്‍
- ആദ്യം പ്രസംഗിച്ചവനെ പുലഭ്യംപറയുന്ന സംസ്കാരഹീനന്‍.
- ഡോക്ടര്‍
- നമ്മളെ മരണത്തില്‍നിന്നു രക്ഷിക്കുന്ന ഇദ്ദേഹത്തിനു് പത്തുരൂപ (ആയിരം പൈസ) വെള്ളക്കവറിലാക്കി ഭക്ത്യാദരപൂര്‍വ്വം കൊടുക്കുമ്പോള്‍ ഇരുപത്തഞ്ചെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ അതു സ്വീകരിക്കുന്ന പരോപകാരി.
- ഭാര്യ
- ഏതു കൊള്ളരുതാത്ത ഭര്‍ത്താവിനെയും മറ്റുള്ളവരുടെ മുന്‍പില്‍ യോഗ്യനായി അവതരിപ്പിക്കുന്ന ഭാഗ്യം കെട്ടവള്‍.
- ഭര്‍ത്താവു്
- ഏതു കൊള്ളരുതാത്ത ഭാര്യയെയും കൊള്ളരുതാത്തവള്‍ എന്നു് പരസ്യമായി പറയുന്ന ആള്‍.
- സ്ത്രീജിതന്‍
- സ്ത്രീകള്‍ രഹസ്യമായി ആദരിക്കുകയും പരസ്യമായി നിന്ദിക്കുകയും ചെയ്യുന്നവന്‍.
- പെങ്ങളേ!
- തന്റെ സെക്സ് മറയ്ക്കാനായി കൂട്ടുകാരന്‍ കേള്‍ക്കേ അയാളുടെ ഭാര്യയുടെ നേര്‍ക്കു് ഒരുവന്‍ നടത്തുന്ന സംബുദ്ധി. (വിളിക്കുന്നവനു്, അതിന്റെ അര്‍ത്ഥമറിയാം; കേള്‍ക്കുന്നവള്‍ക്കു് അറിയാം; പക്ഷേ, ഭര്‍ത്താവെന്ന തടിമാടനു് അറിഞ്ഞുകൂടാ).
നിരീക്ഷണങ്ങള്‍
അനുശോചനയോഗത്തിലും സ്വാഗത പ്രഭാഷണത്തിലും കവിതയിലും അത്യുക്തിയാകാം. വേറൊരിടത്തും പാടില്ല. രണ്ടായിരം ആളുകള്‍ കൂടിയ ഒരു സമ്മേളനത്തെ മനുഷ്യശിരസ്സുകളുടെ മഹാസമുദ്രം എന്നു് വിശേഷിപ്പിക്കുന്ന പത്രറിപ്പോര്‍ട്ടര്‍ ജനവഞ്ചന നടത്തുകയാണു്. അതുകൊണ്ടു് “മയ്യഴിയെ അനശ്വരമാക്കിയ കഥാകരന്‍” എന്ന തലക്കെട്ടു് (ചന്ദ്രിക ആഴ്ചപ്പതിപ്പില്‍) വഞ്ചനാത്മകമാണു്. വാല്മീകി, ഹോമര്‍, വ്യാസന്‍ ഇവര്‍ക്കുപോലും മയ്യഴിയെ അനശ്വരമാക്കാന്‍ പറ്റില്ല.
അരുവിക്കര വിജയകുമാറിന്റെ ‘മുത്തുമാലതേടി’ എന്ന മിനിക്കഥ പൗരധ്വനി വാരികയില്‍. മുത്തുമാല വില്‍ക്കുന്നവള്‍ തന്റെ അനുജത്തിയെപ്പോലെ സുന്ദരിയാണെന്നു് ഒരുത്തന്‍ പറയുമ്പോള്‍ അവള്‍ സാരിയുടെ തോളറ്റം മാറ്റി ഒരു കൈയില്ലെന്നു ഗ്രഹിപ്പിക്കുന്നു. ഇത്തരം കഥകള്‍ സാഹിത്യത്തെ മാത്രമല്ല പേടിപ്പിക്കുന്നതു്. കേരളീയരെയാകെ ഭീഷണിപ്പെടുത്തുകയാണു്.
മണിക്കൂറുകള്‍ മാത്രം
ഞാന്‍ രണ്ടു കൊല്ലത്തിനകം മരിക്കുമെന്നും അതോടെ വിമര്‍ശനമെന്ന് ഉപദ്രവം ഒഴിയുമെന്നും കാണിച്ചുകൊണ്ടു് വടക്കേയിന്ത്യയിലെ ഒരു മാന്യന്‍ അടുത്തകാലത്തു് ഒരു ചെറുകഥ എഴുതിയിരുന്നു. (ജീവിച്ചിരിക്കുന്ന ഒരു നോവലിസ്റ്റ് വൈകാതെ മരിക്കുമെന്നും അതിലുണ്ടായിരുന്നു.) ഞാന്‍ വാരികയെടുത്തു് ഒളിച്ചുവച്ചു. എങ്കിലും അതു കണ്ടെടുത്തു് ഭാര്യയും മക്കളും വായിച്ചു. അവര്‍ കരഞ്ഞു: “ഇതെഴുതിയവനു ഭാര്യയും പിള്ളേരുമില്ലേ?” എന്നു് ആരോ ചോദിച്ചു. ചോദിച്ചയാളിനെ ഞാന്‍ സമാധാനപ്പെടുത്തി. “അങ്ങനെയൊന്നും ചോദിക്കരുതു്. അദ്ദേഹം എഴുതിയതു തന്നെ കാരുണ്യപൂര്‍വമായിട്ടാണു്. രണ്ടു വര്‍ഷമല്ല ഏതാനും മാസങ്ങളേയുള്ള എനിക്കു ജീവിതം. ചിലപ്പോള്‍ മണിക്കൂറുകള്‍ മാത്രമേ കാണുകയുള്ളു. ആരറിഞ്ഞു?” കഥാകാരന്‍ ഇത്രയല്ലേ എഴുതിയുള്ളു! അദ്ദേഹം തോക്കുമായി തിരുവനന്തപുരത്തുവന്നു വെടിയുണ്ട എന്റെ നേര്‍ക്കയച്ചാല്‍ എനിക്കു് ആ വെടിയുണ്ടയെ കൈകൊണ്ടു തടുക്കാന്‍ സാധിക്കുമോ? ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തെ ഗ്രാമമായ പ്ലാസിയില്‍ 1757-ല്‍ ക്ലൈവ് ബംഗാള്‍ സൈന്യത്തെ തോല്പിച്ചില്ലേ? ഇന്നു് എനിക്കു് ആ സൈന്യത്തിലെ ഒരു ഭടനാകാന്‍ പറ്റുമോ? എന്നും രാത്രി എവറസ്റ്റ് കൊടുമുടിയില്‍ ചെന്നു കിടന്നുറങ്ങിയിട്ടു് കാലത്തു് തിരുവനന്തപുരത്തു് എത്താന്‍ കവിയുമോ എനിക്കു്? കലാത്മകത്വം ഒട്ടുമില്ലാത്ത കാവ്യം ഉറക്കെച്ചൊല്ലി അതു് ഉത്കൃഷ്ടമായ കവിതയാണെന്നു ശ്രോതാക്കള്‍ക്കു തെറ്റിദ്ധാരണയുണ്ടാക്കാമോ? ആകാമെന്നു് കേരളത്തിലെ കവികള്‍ തെളിയിച്ചിരിക്കുന്നു. അതു നടക്കുന്നതുകൊണ്ടു് എനിക്കു്, പാഞ്ഞുവരുന്ന വെടിയുണ്ട കൈകൊണ്ടു തടയാം. പ്ലാസിയുദ്ധത്തില്‍ ക്ലൈവിനെ എതിര്‍ക്കാം. ചൊല്ലിയാലും അച്ചടിച്ചു വന്നാലും കുരീപ്പുഴ ശ്രീകുമാറിന്റെ കാവ്യത്തിനു് വിഭിന്ന സ്വഭാവമില്ല. മനുഷ്യന്റെ വേദനയെ പ്രഗല്ഭമായി ആവിഷ്കരിക്കുന്ന ‘കാവല്‍ക്കാരന്‍’ എന്ന കാവ്യം വായിച്ചപ്പോള്‍ (കലാകൗമുദി) വായിച്ചപ്പോള്‍ ഇങ്ങിനെ എഴുതുവാന്‍ തോന്നി.
|
|