സാഹിത്യവാരഫലം 1985 07 28
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1985 07 28 |
ലക്കം | 515 |
മുൻലക്കം | 1985 07 21 |
പിൻലക്കം | 1985 08 04 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
കീര്‍ത്തി എന്നതു പണമെറിയുമ്പോള് പൊന്മേനി കാണിക്കുന്ന വേശ്യയല്ല. ചാടുവചനങ്ങള്‍ പറഞ്ഞും എഴുത്തുകൊടുത്തും വശീകരിക്കാവുന്ന കോളേജ് വിജ്യാര്ത്ഥിനിയുമല്ല. “ആഹ്ലാദത്തിന്റെ പാല്ക്കടലില്നിന്നു് ഉയര്‍ന്നുവരുന്ന ലക്ഷ്മീദേവി”ക്കു സദൃശയായ നവവധുവാണു് അവള്. വരനോടൊത്തു് അവള് രമിക്കുമ്പോള്‍ എന്നും പ്രഥമരാത്രിയാണു് അയാള്‍ക്കു്. സൂക്ഷിച്ചു പെരുമാറിയാല്‍ എല്ലാക്കാലവും അയാള്‍ക്കു് ആ ആഹ്ലാദാനുഭൂതി ഉണ്ടാകും. വള്ളത്തോളം ചങ്ങമ്പുഴയും ഇടപ്പള്ളിയും അവളുടെ മടിയില്‍ തലവച്ചു കിടന്നവരാണു്. അവളുടെ പട്ടുപോലത്തെ തലമുടി തടവിത്തടവി പുളകംകൊണ്ടവരാണു്.
കീര്‍ത്തി വേറെ, ലോകപ്രിയത വേറെ. ലോകപ്രിയതയ്ക്ക് പടിഞ്ഞാറുള്ളവര്‍ പോപ്യുലാരിറ്റി എന്നാണു് പേരിട്ടതു്. ഇന്നത്തെ പല കവികളും നോവലെഴുത്തുകാരും നിരൂപകരും പോപ്യുലാരിറ്റി ഉള്ളവരാണു്. അവര്‍ കീര്ത്തിയാര്ജ്ജിച്ചവരല്ല. ധൈഷണിക ജീവിതം നയിക്കുന്നവര്‍ വ്യക്തിയുടെ പ്രതിഭകണ്ടു് അതിനെ അംഗീകരിക്കുമ്പോള്‍ ജനിക്കുന്നതാണു് കീര്‍ത്തി, യശസ്സു്. ധിഷണാപരമായി ജീവിതത്തോടു് ഒരു ബന്ധവുമില്ലാതെ, ക്ഷുദ്രവികാരങ്ങളെ പ്രതിപാദിക്കുന്ന കൃതികളെമാത്രം നെഞ്ചേറ്റിലാളിക്കുന്നവര്ക്കു പ്രതിഭ കണ്ടറിയാന്‍ പ്രാഗല്ഭ്യമില്ല. അവര്‍ പത്താംതരം എഴുത്തുകാരെ അംഗീകരിക്കുന്നു. ആ അംഗീകാരത്തില്‍നിന്നു ജനിക്കുന്ന പോപ്യുലാരിറ്റി — ലോകപ്രിയത വെറും കാപട്യമാണു്. ആ കാപട്യത്തെ യാഥാര്‍ത്ഥ്യമായി — യശസ്സായി — കരുതുന്നു ഈ എഴുത്തുകാര്‍. യശസ്സിനെയും ലോകപ്രിയതയെയും വേര്തിരിച്ചറിയേണ്ടിരിക്കുന്നു നമ്മള്.
ക്ളംസി
ഈ തിരിച്ചറിവു് ആര്‍ക്കില്ലയോ ആ ആള് കലാകാരനല്ല എന്നതു നിശ്ചയം. ഒരു ശാസ്ത്രജ്ഞനു് ഒരു പൂച്ചയുണ്ടായിരുന്നു. പൂച്ചയ്ക്കു കൂടക്കൂടെ വീട്ടിനു പുറത്തു പോകണം. തിരിച്ചുവരണം. ഓരോ തവണയും വാതില്‍ തുറന്നുകൊടുത്തും അടച്ചും ശാസ്ത്രജ്ഞന് നന്നേതളര്ന്നു. അയാള്‍ ഒരു കല്ലാശാരിയെ വിളിച്ചു ചുവരില്‍ ഒരു ദ്വാരം ഇടാന്‍ പറഞ്ഞു. പിന്നീടു് ആ ദ്വാരത്തിലൂടെയായി പൂച്ചയുടെ പോക്കും വരവും. അങ്ങനെയിരിക്കെ ആ പൂച്ച പ്രസവിച്ചു. ശാസ്ത്രകാരന് ആശാരിയെ വീണ്ടും വിളിച്ചുവരുത്തി ഭിത്തിയില്‍ ഒരു ചെറിയ ദ്വാരമിടാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ഒരു വലിയ ദ്വാരവും ഒരു ചെറിയ ദ്വാരവും. എന്നാല്‍ വലിയ ദ്വാരത്തിലൂടെ പൂച്ചക്കുട്ടിക്കും കടന്നുപോകാമെന്ന വിചാരം ശാസ്ത്രജ്ഞനു് ഉണ്ടായില്ല. മാനസി കലാകൌമുദിയില് (ലക്കം 513) എഴുതിയ ‘ഉണ്ണിക്കൃഷ്ണനും അച്ഛനും’ എന്ന ചെറുകഥ വായിച്ചപ്പോള്‍ എനിക്കോര്‍മ്മവന്നതു് ഈ പൂച്ചക്കഥയാണു്. വൃദ്ധനായ അച്ഛനോടു് മകനു സ്നേഹവും കടപ്പാടും. മകന്റെ ഭാര്യയ്ക്കു് അവയില്ല എന്നതില്‍ അദ്ഭുതപ്പെടാനില്ല. ആദ്യം ഭര്‍ത്താവിന്റെ അച്ഛനോടുകൂടി താമസിച്ചിരുന്ന അവള് അയാളെ ഉപേക്ഷിച്ചു് ഭര്‍ത്താവിന്റെ ജോലിസ്ഥലത്തേക്കു പോന്നു. വൃദ്ധനു രോഗം കൂടി. ദാരിദ്ര്യം കൂടി. മകന് ഭാര്യയുടെ വളയും കുഞ്ഞിന്റെ മാലയും വിറ്റു് അച്ഛനു പണമയച്ചു. അതോടെ കഥയുടെ പര്യവസാനം. വൃദ്ധനോ മകനോ മരിക്കുന്നു. ‘ക്ലംസി’യായ രചനയാണു മാനസിയുടേതു്. അതുകൊണ്ടു് മരിച്ചതു് ആരാണെന്നു് എനിക്കു പിടികിട്ടിയില്ല. ആരു ചത്താലും കുഴപ്പമില്ല. ആരുടെയും നേര്‍ക്കു സഹതാപത്തിന്റെ നീര്‍ച്ചാലു് ഒഴുകാതിരിക്കത്തക്കവിധത്തിലാണു് മാനസിയുടെ രചന. വൈദഗ്ദ്ധ്യമുള്ളവരുടെ കൈയില്‍ കലാശില്പമായിത്തീരേണ്ട ഒരു വിഷയം ഇവിടെ വിരൂപമായി ഭവിക്കുന്നു; ചുട്ട പപ്പടം പോലെ. ഇക്കഥയിലെ പ്രധാന വികാരം കഷ്ടപ്പെടുന്ന അച്ഛനെ അവലംബിച്ചുള്ളതാണു്. അതൊരു വലിയ ദ്വാരമാണു്. അതിലൂടെ വായനക്കാരന് ഗതാഗതം നടത്തിക്കൊള്ളും. പക്ഷേ കഥയെഴുത്തുകാരിയുടെ നിര്ബന്ധത്താലെന്നപോലെ ‘അനേകമനേകം’ കൊച്ചു ദ്വാരങ്ങള്‍ ഉണ്ടായിരിക്കുന്നു. അലങ്കാരമുപേക്ഷിച്ചു പറഞ്ഞാല്‍ കേന്ദ്രസ്ഥിതമായ വികാരത്തെ പരിപോഷിപ്പിച്ചു കൊണ്ടുവരാതെ മറ്റു വികാരങ്ങളിലേക്കു മാനസി ഓടിച്ചെല്ലുന്നു. ഫലം പ്രധാനപ്പെട്ട വികാരം ദുര്‍ബ്ബലമായിത്തീരുന്നു. അതിന്റെ ഫലം കഥ ദയനീയമായ പരാജയം. തള്ളപ്പൂച്ച കടക്കുന്ന ദ്വാരത്തിലൂടെ തന്നെ പൂച്ചക്കുട്ടിയും കടക്കുമെന്നു് നമ്മുടെ കഥയെഴുത്തുകാര്‍ അറിഞ്ഞാല്‍ നന്നു്. ഒറ്റ വാക്കുകൊണ്ടു് ഈ കഥയെവിശേഷിപ്പിക്കാം. അതു് പറഞ്ഞുകഴിഞ്ഞു. എങ്കിലും ആവര്‍ത്തിക്കുന്നു; ക്ലംസി.
തിരുവനന്തപുരത്തെ ഒരു കോളേജില്‍ ഒരു ഫിലോസഫി പ്രൊഫസറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സു് വിചിത്രമായ രീതിയിലാണു് പ്രവര്‍ത്തിച്ചിരുന്നതു്. “കീടനാശിനി ചേര്‍ന്ന പഞ്ചാര ഉപയോഗിച്ചതുകൊൻട് രണ്ടായിരക്കണക്കിനു് ആളുകള്‍ മരിച്ചു.” എന്ന വാര്‍ത്ത പത്രത്തില്‍ വന്നെന്നിരിക്കട്ടെ. ഉടനെ പ്രൊഫസര്‍ ചോദിക്കും. “ഓ, കീടനാശിനീ കീടം എന്നാല്‍ പുഴു — അല്ലേ? ക്യാറ്റര്‍ പില്ലര്‍. ക്യാറ്റര്‍ പില്ലര്‍ ക്യാറ്റ് പൂച്ചയല്ലേ? പൂച്ചയെന്നാല്‍ സുന്ദരിയെന്നല്ലേ ചെക്ക്
തുക വസ്തുക്കള്‍ നിരത്തി കുറെ കടലാസ്സു ചുരുളുകളുമായി വഴിവക്കില്‍ നിന്നു് “വരൂ, വരൂ. ഭാഗ്യം പരീക്ഷിക്കു” എന്നു് ആഹ്വാനം ചെയ്യുന്നവര്‍ പണ്ടു് തിരുവനന്തപുരത്തുണ്ടായിരുന്നു. ഒരു ചക്രം അങ്ങോട്ടു് ഇടണം. അപ്പോള്‍ ഒരു കടലാസ്സു ചുരുളെടുക്കാന് അനുവദിക്കും. അതു വാങ്ങി തുറന്നു നോക്കിയിട്ടു് വാണിഭക്കാരന് പറയും: “ഭാഗ്യവാന് അടിച്ചല്ലോ മൂന്നു മൊട്ടുസൂചി,” പലകപ്പുറത്തിരിക്കുന്ന ചന്തമുള്ള പാവ, തെര്മസ്ഫ്ളാസ്ക്, സേഫ്റ്റി റെയ്സര്‍ ഇവയിലേതെങ്കിലും ഒന്നു് വീട്ടില്‍ കൊണ്ടുപോകാമെന്നു കരുതി തുണ്ടെടുക്കുമ്പോഴാണു് ഈ പ്രഖ്യാപനം. എല്ലാവര്ക്കും കിട്ടുന്നതു മൊട്ടുസൂചിയോ സേഫ്റ്റി പിന്നോ താക്കോല്‍ വളയമോ ആയിരിക്കും. അക്കാലത്തു് ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നു. ചാലയില്‍ നിന്നു പൂജപ്പുരയിലേക്കു സിറ്റി ബസ്സില്‍ പോകാനുള്ള ഒരു ചക്രം കൈയിലുണ്ടു്. നാലു നാഴിക നടന്നാലും വേണ്ടില്ല തെര്‍മസ് ഫ്ളാസ്ക് കരസ്ഥമാക്കണമെന്ന ആഗ്രഹത്തോടെ ആ നാണയം തട്ടിലേക്കിട്ടു. കടലാസ്സു ചുരുളെടുത്തു. അയാള്‍ നോക്കിയിട്ടു പറഞ്ഞു: “അടിച്ചല്ലോ ഭാഗ്യവാന് മൂടില്ലാത്ത മഷിക്കുപ്പിയൊന്നു്.” ഞാന്‍ ഏന്തിവലിഞ്ഞു് പൂജപ്പുരയിലേക്കു നടന്നു.
കുങ്കുമം വാരികയുടെ 44-ആം ലക്കം. ആകര്‍ഷകങ്ങളായ വില്പനവസ്തുക്കള് അതില്‍ നിരത്തിയിരിക്കുന്നു. ഒരു ചക്രമല്ല ഒന്നര രൂപ ഇടണം. ഇട്ട കൈയില്‍ കിട്ടിയതു “മൂടില്ലാത്ത മഷിക്കുപ്പിയൊന്നു്.” ഈ മഷിക്കുപ്പിക്കു വേറൊരു പേരുണ്ടു് “ലില്ലിപ്പൂക്കള്‍.” അതു നിര്‍മ്മിച്ചതു ദേവസ്സി ചിറ്റമ്മല്‍. പട്ടണത്തില്‍ രണ്ടു സ്നേഹിതര്‍ അവരില്‍ ഒരുത്തന് ലില്ലിയെന്ന സുന്ദരിയെക്കണ്ടു് പ്രേമത്തില്‍ വീഴുന്നു. അപ്പോഴുണ്ടു് നാട്ടില്‍ നിന്നു് ഒരു കത്തു വരുന്നു, അയാളുടെ കൂട്ടുകാരന് വീട്ടിലേക്കു പണമയയ്ക്കുന്നില്ലെന്നു കാണിച്ച്. ധര്‍മ്മരോഷത്തോടെ അയാള്‍ കൂട്ടുകാരനെച്ചെന്നു കണ്ടു കാര്യമന്വേഷിക്കുന്നു. അന്വേഷണത്തിനു് എത്തിയവനും വീട്ടിലേക്കു പണമയയ്ക്കുന്നില്ലെന്നു കാണിച്ചു വന്ന എഴുത്തു് അയാളെടുത്തു കൈയില്‍ കൊടുക്കുന്നു. എന്നിട്ടു് തന്റെ അവഗണനയ്ക്കു ഹേതു പ്രേമമാണെന്നു വ്യക്തമാക്കാനായി അയാള്‍ ഒരു ഫോട്ടോയെടുത്തു കാണിക്കുന്നു. ഫോട്ടോ ലില്ലിയുടേതു്. തങ്ങള്‍ രണ്ടുപേരും ഒരേ പെണ്ണിനെ സ്നേഹിച്ചാണല്ലോ ജാഡ്യത്തില്‍ വീണതെന്നു മനസ്സിലാക്കി അവര്‍ അദ്ഭുതാദിവികാരങ്ങള്ക്കു വിധേയരായി നില്ക്കുന്നു. ഇതു കഥയല്ല, കഥാഭാസമാണു്; ഇതു കലയല്ല, കലാഭാസമാണു്. ഇങ്ങനെ പൂര്വകല്പിത രൂപങ്ങളില്‍ വാര്‍ന്നു വീഴുന്ന വൈരുപ്യങ്ങളെ ഒരു കാലത്തും സാഹിത്യമായി പരിഗണിച്ചിട്ടുമില്ല. ഇതു പൈറോടെക്നിക്സാണു്; കമ്പക്കെട്ടാണു്. മൂടില്ലാത്ത മഷിക്കുപ്പിയാണു്.
വായിക്കേണ്ട ജേണലാണു് German Book Review (Published by Hans Winterberg Goethe Institute Boston). എന്റെ കൈയില്‍ കിട്ടിയ ഏറ്റവും പുതിയ ജേണല്‍ 2/1984. അതില്‍ Karl Marx and World Literature എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും ഓക്സ്ഫോഡിലെ ജര്‍മ്മന്‍ പ്രൊഫസറുമായ S.S. Prawer കാഫ്കയെക്കുറിച്ചുള്ള ഏറ്റവും പുതിയ പുസ്തകം — The Nightmare of Reason: A Life of Franz Kafka — റിവ്യൂ ചെയ്തിരിക്കുന്നു. ആസ്ട്രിയന്‍ നാടക കര്‍ത്താവു് പേറ്റര്‍ ഹന്‍ഡ്കെ (Peter Handke) ഇന്നു വിശ്വവിഖ്യാതനാണു്. അദ്ദേഹത്തിന്റെ The Weight of the world എന്ന ഗ്രന്ഥത്തിന്റെ വിമര്‍ശനവും ഇതു് ഉള്‍ക്കൊള്ളുന്നു. പുസ്തകത്തിന്റെ സ്വഭാവം കാണിക്കാന്‍ അതില്‍നിന്നു് ഒരുഭാഗം എടുത്തെഴുതുന്നു. (വിമര്ശനത്തില്നിന്നാണു്. പുസ്തകം ഞാന്‍ കണ്ടിട്ടില്ല.)
- “Defiantly the woman in the cafe butters her bread, enjoying a brief respite from her routine unhappiness.
- The moment I enter the department store I seem automatically, under the neon light, to put an idiotic face.
- I prepare myself for the hug, but also for the embarrassment after it.
- Brief feeling of warmth during the day when I know that a rare film or a football game will be shown on television that evening (even when, a usual, I have no intention of tuning in).
- A beautiful, serious — looking woman. Suddenly her frozen face bursts into a smile — it’s as. If she were making water.”
നിത്യജീവിതാനുഭവത്തെ ഹന്‍ഡ്കെ അസാധാരണമായി കാണുകയാണിവിടെ എന്നു് ഗ്രന്ഥം നിരൂപണം ചെയ്യുന്ന സ്റ്റാന്‍ലി കൗഫ്മാന്‍.
ഹൈന്റിഹ് ബോയ്ലിന്റെ പുതിയ പുസ്തകത്തിന്റെ നിരൂപണം, ഉജ്ജ്വലങ്ങളായ ചലച്ചിത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഇവയെല്ലാം ഈ ജേണലിന്റെ മോടികൂട്ടുന്നു. വായിച്ചു കഴിഞ്ഞതിനു ശേഷം സൂക്ഷിച്ചു വയ്ക്കേണ്ടവിധത്തില് ഔത്കൃഷ്ട്യമുണ്ടു് ഇതിനു്.
ധര്‍മ്മസങ്കടം
ധര്‍മ്മസങ്കടം ഏതു് മഹനീയമായ കൃതിയിലും ആവിഷ്കരിച്ചിട്ടുണ്ടാവും. പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങള്‍ക്കു് വ്യക്തി അഭിമുഖീഭവിച്ചു നില്ക്കുന്നു. അവയില്‍ ഏതു് അനുഷ്ഠിക്കണം എന്നതില്‍ സംശയം. ഇതിനെയാണു് ധര്മ്മസങ്കടമെന്നു പറയുന്നതു്. ‘മഹാഭാരത’ത്തിലെങ്ങും ഈ സന്ദര്‍ഭങ്ങള്‍ കാണാം. എല്ലാവര്ക്കും അറിയാവുന്ന അവ എടുത്തു കാണിക്കേണ്ടതില്ല. അതുകൊണ്ടു് പടിഞ്ഞാറന്‍ സാഹിത്യത്തിലേക്കു പോവുകയാണു്. വിക്തര്‍ യൂഗോയുടെ ‘പാവങ്ങള്‍’ എന്ന നോവല്‍. അതിലെ ഒരു കഥാപാത്രമായ ഒരു കന്യാസ്ത്രീയുടെ മുറിയില്‍ ഷാങ്വല്‍ ഷാങ് കടന്നു ചെന്നു. അയാളെ ഇന്‍സ്പെക്ടര്‍ ഷാവേല് അറസ്റ്റ് ചെയ്യുമെന്നു കണ്ടു് അവള് മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥിക്കുന്ന കന്യാസ്ത്രീയുടെ മുറിയില്‍ ആര്‍ക്കും പ്രവേശിച്ചുകൂടാ, ഇന്‍സ്പെക്ടര്‍ കതകിനു പിറകില്‍ മറഞ്ഞു നില്ക്കുന്ന ഷാങ്വല്‍ ഷാങ്ങിനെ കാണാതെ ചോദിച്ചു:
“സിസ്റ്റര്‍, ഭവതി മാത്രമേയുള്ളോ ഈ മുറിയില്‍?” “കന്യാസ്ത്രീ പ്രാര്ത്ഥിക്കുന്നിടത്തു് മറ്റാരെങ്കിലും ഉണ്ടാവുമോ?” എന്നു് അവരുടെ മറു ചോദ്യം. ജീവിതത്തിലൊരിക്കലും കള്ളം പറഞ്ഞിട്ടില്ലാത്ത ആ സിസ്റ്റര്‍ ധര്‍മ്മസങ്കടത്തിനു തെല്ലുനേരം വിധേയയായതിനുശേഷമാണു് ആ കള്ളം പറഞ്ഞതു്. ഈ അസത്യപ്രസ്താവം അവര്‍ക്കു മാലാഖമാരുടെ ഇടയില്‍ സ്ഥാനം നേടിക്കൊടുത്തെന്നു് യൂഗോ. ഇതിനെക്കാള്‍ ഹൃദയാവര്‍ജ്ജകമായ മറ്റൊരു ഭാഗം ആ നോവലിലുണ്ടു്. ഷാങ്വല്‍ ഷാങ്ങാണെന്നു സംശയിച്ചു് ഒരു പാവത്തിനെ അറസ്റ്റു ചെയ്തു കാരാഹൃഹത്തിലാക്കാന് പോകുന്നു, താന്‍ നിശ്ശബ്ദനായിരുന്നാല്‍ തന്റെ ഭാവിജീവിതം സുരക്ഷിതമായിരിക്കുമെന്നു് ഷാങ്വല്‍ ഷാങ്ങിനു തോന്നി. പക്ഷേ, ആ ധര്മ്മസങ്കടത്തില്നിന്നു് അയാള്‍ മോചനം നേടി. രാത്രി മുഴുവന്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു അയാള്‍. നേരം വെളുക്കാറായപ്പോള്‍ തലേദിവസം ഏര്‍പ്പെടുത്തിയ കുതിരവണ്ടി വന്നുനിന്നു. താനറിയാതെ ഷാങ് വല്‍ഷാങ് അതില്‍ക്കയറി വിചാരണ നടക്കുന്ന പട്ടണത്തിലേക്കു യാത്രയായി. വികാരവിവശരാകാതെ നമുക്കു് ഈ രംഗം കാണാന്‍ കഴിയുകയില്ല. മുരളീധരന് ചെമ്പ്ര ദേശാഭിമാനി വാരികയിലെഴുതിയ “ഇയ്യാത്തുമ്മ, ഉണ്ണൂനീലി, കൃഷ്ണന്‍കുട്ടി.” എന്ന കഥയിലുമുണ്ടു് ഒരു ധര്മ്മസങ്കടപ്രതിപാദനം. താന്‍ അദ്ധ്യാപകനായിരുന്നപ്പോള്‍ ശുപാര്‍ശയുമായി എത്തിയവളോടു അയാള്‍ പറഞ്ഞൊഴിഞ്ഞു തനിക്കു അധികാരമില്ലെന്നു്. ഹെഡ് മാസ്റ്ററായി കയറ്റം കിട്ടിയപ്പോള്‍ അധികാരം കൈവന്നു. പക്ഷേ അപ്പോള്‍ നീതിയും അനീതിയും പരിഗണിക്കേണ്ടി വരുന്നു. ഒരുഭാഗത്തു് കാരുണ്യം, മറുഭാഗത്തു് ധര്‍മ്മചിന്ത. ഈ സംഘട്ടനത്തെ കഥാകാരന് ഭേദപ്പെട്ട രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ടു്. പ്രചാരണത്തിന്റെ ചുവന്ന തുണിയെടുത്തു വീശാതെ തന്നെ ഇന്നത്തെ സമുദായത്തിന്റെ മലിനഭാഗങ്ങളെ കഥാകാരന് നമുക്കു കാണിച്ചു തരുന്നു.
സാമുദായിക ഘടന ജനിപ്പിക്കുന്ന പാരതന്ത്ര്യത്തെ ആന്ന അക്മാത്തവ എന്ന റഷ്യന്‍ കവി (കവയിത്രി) സ്ഫുടീകരിക്കുന്നതു് അന്യാദൃശമായ രീതിയിലാണു്. വ്യക്തമല്ലാത്ത കുറ്റങ്ങളുടെ പേരില്‍ അവരുടെ മകനെ ഇരുപത്തിരണ്ടു കൊല്ലം കാരാഗൃഹത്തില്‍ പാര്‍പ്പിച്ചു സര്‍ക്കാര്‍. പതിനേഴു മാസം എല്ലാ ദിവസവും അവര്‍ കാരാഗൃഹത്തിന്റെ മുന്പില് ക്യൂവില്‍ നിന്നിരുന്നു. മകനെ കണ്ടില്ല. അതിനെക്കുറിച്ചു് അവരെഴുതിയ ആര്‍ദ്രീകരണശക്തിയുള്ള ഒരു കാവ്യം അവസാനിക്കുന്നതു് ഇങ്ങനെ:
- And let the melting snow stream
- like tears from my motionless, bronze eyelids,
- Let the prison dove call in the distance
- and the boats go quietly on the Neva.
ശുഷ്കം
കാവ്യം പ്രാചീനമാവട്ടെ, നവീനമാകട്ടെ. അതിനു വൈകാരികസ്വാഭാവം ഉണ്ടായിരിക്കണം. ഈ വൈകാരികത്വം ആശയത്തോടും ലയത്തോടും ചേര്‍ന്നുവരുമ്പോള്‍ അതിനു രൂപശില്പം ലഭിക്കുകയായി. ‘കന്യാകുമാരി’ എന്ന കാവ്യം രമേശന് നായരുടേതാണു് (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ലക്കം 17). ദേവിയെ അഭിസംബോധന ചെയ്തു കൊണ്ടു രചിച്ച ഈ കാവ്യത്തില്‍ വൈകാരികത്വം ഒട്ടുമില്ല. തീക്ഷ്ണതയാര്‍ന്ന വികാരമില്ല എന്നല്ല പറയേണ്ടതു്. വികാരമേയില്ല.
- കാത്തിരിപ്പിന്റെ കടംകഥ നീ; കര്‍മ്മ
- കാണ്ഡങ്ങള്‍ നീറ്റും നിതാന്ത വിരഹിണി
- തെറ്റിയതെന്തേ മുഹൂര്‍ത്തം നിനക്കന്നു
- പറ്റലരായതു ദേവ സ്വാര്ത്ഥങ്ങളോ
- ഇന്നും ചമയമഴിക്കാതെ നോറ്റിരി
- ക്കുന്നൂ പ്രതിശ്രുതരുദ്രന്, വരന്, ഹരന്
ഇങ്ങനെ മിത്തിനെ ആവിഷ്കരിക്കുന്നതില്‍ തല്പരനായ രമേശന്‍നായര്‍ അതിലടങ്ങിയ വികാരത്തെ താനറിയാതെ ചോര്‍ത്തിക്കളയുന്നു. ഏതനുഭവത്തിന്റെ വൈകാരികാംശത്തെ കലാകാരന് നശിപ്പിക്കുന്നുവോ ആ അനുഭവം വിരസവും ജുഗുപ്സാവഹവും ബഹിര്ഭാഗസ്ഥവുമായി പരിണമിക്കുന്നു. ഈ കാവ്യത്തിന്റെ ദോഷം അതുതന്നെയാണു്. “വാക്യഝംകൃതിയില്” അഭിരമിക്കുന്ന കവി മിത്തിനെയും അതിനോടു ബന്ധപ്പെട്ട വികാരത്തെയും അയഥാര്ത്ഥീകരിക്കുകയാണു്. ആ പ്രക്രിയ നടക്കുമ്പോള്‍ ഫലം ആഹ്ളാദമാല്ല, യാതനയാണു്. നീവ്രവേദനയോടുകൂടിയാണു് ഞാന്‍ രമേശന്‍നായരുടെ കാവ്യം വായിച്ചു തീര്‍ത്തതു് ദുഃഖത്തോടുകൂടിയാണു് ഞാന്‍ ഇതു കുറിക്കുന്നതു്. കാരണം രമേശന് നായര്‍ എന്റെ അഭിവന്ദ്യമിത്രമാണു് എന്നതത്രേ. സാഹിത്യത്തോടു ബന്ധപ്പെട്ട വേറെ ഏതെങ്കിലും രചന ആഴ്ചപ്പതിപ്പിലുണ്ടായിരുന്നെങ്കില് ഞാന്‍ ഈ കാവ്യത്തെക്കുറിച്ചു എഴുതുകില്ലായിരുന്നു. വാരികയെ അവഗയമിക്കരുതല്ലോ. പറയുന്നതു സത്യം ആകണം. അതിനാലാണു് ഈ വിമര്‍ശനം.
“സെന്‍ ബുദ്ധിസ”ത്തെക്കുറിച്ചു പ്രതിപാദിക്കുന്ന പല ഗ്രന്ഥങ്ങളും വായിക്കാന്‍ കഴിഞ്ഞിട്ടുണ്ടു് എനിക്കു്. ഏതോ ഗ്രന്ഥത്തില്‍ നിന്നു കിട്ടിയ ഒരാശയം ഇവിടെ എഴുതട്ടെ. ആചാര്യന് പറഞ്ഞു: അന്തരീക്ഷത്തില്‍ ചന്ദ്രന്റെ സ്ഥാനം കാണിക്കാനായി ഞാന്‍ ഈ ചൂണ്ടുവിരല്‍ ചൂണ്ടുന്നു. നോക്കു. ചന്ദ്രനെ കാണാം. എന്നാല്‍ ചന്ദ്രനെ കാണാനായി എന്റെ ചൂണ്ടുവിരലില്‍ നോക്കിയാല്‍ പോരാ. കാവ്യത്തിലെ കവിതയുടെ അംശം ചന്ദ്രനെപ്പോലെ തിളങ്ങണം. വാക്കാകുന്ന ചൂണ്ടുവിരലാണു് ആ ചന്ദ്രനെ കാണിച്ചുതരുന്നതു്. കവി, വാക്കിലേക്കു മാത്രം നോക്കിയാല്‍ മതിയാവില്ല. (ആശയം മുഴുവനും പരകീയം.)
സി.പി. നായര്‍
എന്റെ ഒരു സ്നേഹിതന് അവിവാഹിതയായ ഒരു കോളേജദ്ധ്യാപികയെ വിളിച്ചിരുത്തി ലേശം അശ്ളീലം കലര്‍ത്തി സംസാരിക്കുമായിരുന്നു. അവള്‍ക്കു് ആ തെറി മനസ്സിലായിരുന്നു. എങ്കിലും മനസ്സിലായില്ലെന്ന മട്ടില്‍ ചിരിച്ചുകൊണ്ടിരിക്കും. അശ്ളീലത്തിന്റെ അളവു കൂടിക്കൂടിവന്നു. “എന്തിനിങ്ങനെ സംസാരിക്കുന്നു?” എന്നു ഞാന്‍ ഒരു ദിവസം അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ This is verbal seduction എന്നു് മറുപടികിട്ടി. യുവതിക്കു് അശ്ലീലഭാഷണം രസകരമാണെന്നു കണ്ടപ്പോള്‍ സ്നേഹിതന് ‘വെര്‍ബല്‍ സെഡക്ഷന്’ വിട്ടു് ‘വെര്‍ബല്‍ കോയിറ്റ’സിലേക്കു ചെന്നു. അതു യഥാര്‍ത്ഥമായ വേഴ്ചയായി മാറിയപ്പോള്‍ സംഭാഷണത്തിന്റെ ആവശ്യകത ഇല്ലാതായി. പിന്നീടു് രണ്ടുപേരും മൗനം. വാക്കിന്റെ ശക്തിയാണു് ഇതു കാണിക്കുന്നതു്. മുദ്രാവാക്യങ്ങള്‍ വെര്‍ബല്‍ കോയിറ്റസാണു നടത്തുന്നതെന്നു് എനിക്കു തോന്നുന്നു. അതു് അസത്യാത്മകമാണു്, സ്ഥൂലീകരിക്കപ്പെട്ടതാണു്. പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്നകാലത്തു് അദ്ദേഹത്തിന്റെ വിദ്യാഭ്യാസനയങ്ങളെ എതിര്‍ക്കാന്‍ വേണ്ടി ചിലര്‍ ജാഥകള്‍ നടത്തി. ഒരു ജാഥയില്‍ ഞാന്‍ കേട്ട മുദ്രാവാക്യം ഇങ്ങനെ: “മണ്ടാമുണ്ടാ മുണ്ടശ്ശേരി…” ജോസഫ് മുണ്ടശ്ശേരി ധിഷണാശാലിയായിരുന്നു. അതു് മുദ്രാവാക്യം വിളിച്ചവര്‍ക്കുമറിയാം. എങ്കിലും രാഷ്ട്രീയമായ ലക്ഷ്യത്തോടെ അസത്യാത്മകമായ മുദ്രാവാക്യംവിളിച്ചു പ്രതിയോഗികള്‍. “അരിയെവിടെ തുണിയെവിടെ? പറയൂ പറയൂ നമ്പൂരി” ആരു ഭരിച്ചാലും അരിക്കും തുണിക്കും ക്ഷാമംവരും. ജനപ്പെരുപ്പമാണു് അതിനു കാരണം. അപ്പോള്‍ അരിയുടെയും തുണിയുടെയും ദൗര്‍ല്ലഭ്യത്തിനു കാരണക്കാരന്‍ നമ്പൂരിയാണെന്നു പറയുന്നതു കള്ളം. എങ്കിലും രാഷ്ട്രവ്യവഹാരത്തിന്റെ ആവശ്യകതയ്ക്കു് യോജിച്ച മട്ടില്‍ മുദ്രാവാക്യം മുഴക്കുന്നു. “ഇതു പോലൊരു നാറിയഭരണം കേരളമക്കള്‍ കണ്ടിട്ടില്ല” എന്നു വേറൊരു മുദ്രാവാക്യം. ഏതു സര്‍ക്കാരിന്റെ കാലത്തായാലും ഇതു കള്ളമാണു്. അതിനെക്കാള്‍ നാറിയ ഭരണം പലതും കേരളമക്കള്‍ കണ്ടിട്ടുണ്ടല്ലോ. ഇങ്ങനെ അസത്യം കലര്‍ന്ന മുദ്രാവാക്യങ്ങള്‍ പല പരിവൃത്തി വിളിക്കുമ്പോള്‍ അവയിലെ അസത്യാംശം വിസ്മരിക്കപ്പെടുന്നു. അവ സത്യമാണെന്നു തോന്നുകയും ചെയ്യുന്നു. ജനം ഒരുമിച്ചുകൂടുമ്പോള്‍ ഒരു തരത്തിലുള്ള വിഷം വ്യാപിക്കും. ഈ വിഷം ഇന്ദ്രിയങ്ങളെ തളര്‍ത്തും. തളര്‍ന്ന ഇന്ദ്രിയങ്ങള്‍ക്കു അസത്യത്തെ സത്യമായി സ്വീകരിക്കാന്‍ പ്രയാസമുണ്ടാവുകയില്ല. ഞാനിത്രയും വിരസമായി എഴുതിയതു് സി.പി. നായരുടെ ‘മുദ്രാവാക്യസാഹിത്യം സിന്ദാബാദ്’ എന്ന സരസമായ ലേഖനം വായിച്ചതിനാലാണു്. (മനോരമ ദിനപത്രം ജൂലൈ 4) ഏതു ശുഷ്കമായ വിഷയവും സി.പി. നായരുടെ തൂലികാസ്പര്ശംകൊണ്ടു് രസപ്രദമാകും. ആ കഴിവു് ഈ ഹാസ്യലേഖനത്തിലും ദര്‍ശിക്കാം. മന്നത്തു പത്മാനാഭന്, എം.എന്‍. ഗോവിന്ദൻനായർ എന്നീ മഹാവ്യക്തികളെ രസിപ്പിച്ചിരിക്കാന് ഇടയുള്ള ചില മുദ്രാവാക്യങ്ങള്‍ ഈ ലേഖനത്തിലുള്ളതു് ഇവിടെ എടുത്തെഴുതട്ടെ.
“മന്നം സിംഹം ഗര്‍ജ്ജിക്കുമ്പോള്‍ എം. എന്‍. ജംബുകനോരിയിടുന്നു” “എം. എന്‍. ജംബുകനാണെങ്കില് മന്നം കോഴിക്കുഞ്ഞാണു്.” “മന്നം കോഴിക്കുഞ്ഞാണെങ്കില്‍ എം.എന്‍. വെറുമൊരു ചിതലാണു്” “എം. എന്‍. വെറുമൊരു ചിതലാണെങ്കില് മന്നം വെറുമൊരു മതിലാണു്.” ചിരിപുരണ്ട കടക്കണ്ണുകൊണ്ടു് സി. പി. നായര്‍ മുദ്രാവാക്യം വിളിക്കുന്നവരെ നോക്കുന്നു. ആ നോട്ടം എന്നെപ്പോലുള്ളവരെ രസിപ്പിക്കുന്നു.
നിരീക്ഷണങ്ങള്‍
മദ്ധ്യവയസ്കന്റെ ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യയെ ഒരു ചെറുപ്പക്കാരന് കടന്നുപിടിക്കുന്നു. അവള് അയാളെ അടിക്കുന്നു. പക്ഷേ, ഭര്‍ത്താവിനോടു് ഒന്നും പറയുന്നില്ല മനോരാജ്യത്തില്‍ (ലക്കം 32). രാജഗോപാല്‍ എഴുതിയ കഥയുടെ സാരമാണിതു്. ചേരചത്തു ചെളിയില്‍ കിടക്കയോ?…? രണ്ടും അല്ല. രാജഗോപാലിന്റെ കഥ ഉത്കൃഷ്ടമായ ഒരു വാരികയില്‍ കിടക്കുകയാണു്. മൂക്കുപൊത്തു.
“സ്വന്തമായൊരു പിടി പദങ്ങള്‍ വേണം ഇന്നെന്നന്തരംഗത്തില് തുടികൊട്ടുന്ന വികാരങ്ങള്‍ ഭാവപൂര്ണ്ണമായ് തീവ്രശക്തമായ് പകര്ന്നീടാന്” ഇതു് എക്സ്പ്രസ്സ് വാരികയില്‍ ‘പദങ്ങള്‍’ എന്ന പദ്യമെഴുതിയ ധീരപാലന്‍ ചാളിപ്പാട്ടിന്റെ ആഗ്രഹമാണു് — ആഗ്രഹങ്ങളെല്ലാം കുതിരകളായിന്നെങ്കില് യാചകര്‍ കുതിരസ്സവാരി നടത്തുമായിരുന്നു.
ജൊനതന്‍ ഷെല്ലിന്റെ The Fate of the Earth 1982-ല്‍ പ്രസിദ്ധപ്പെടുത്തി. ന്യൂക്ളിയര്‍ ആയുധങ്ങള്‍ നശിപ്പിച്ചിട്ടു് ലോകഗവണ്മെന്റ് രൂപവത്കരിക്കാന്‍ ഷെല്‍ അതിലൂടെ ആഹ്വാനം ചെയ്തു. 1984-ല്‍ പ്രസിദ്ധപ്പെടുത്തിയ The Abolition എന്ന ഗ്രന്ഥത്തില്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ നശിപ്പിക്കുന്നതെങ്ങനെയാണെന്നും രാഷ്ട്രങ്ങള്‍ക്കു പരമാധികാരം നിലനിറുത്താന്‍ സാധിക്കുന്നതു് എപ്രകാരമാണെന്നും ഷെല്‍ വ്യക്തമാക്കിയിരിക്കുന്നു. രണ്ടും പ്രധാനപ്പെട്ട ഗ്രന്ഥങ്ങള്‍ തന്നെ. ഡോക്ടര്‍ എം.എം. ബഷീര്‍ ‘ജനയുഗം’ വാരികയില്‍ (ലക്കം 31) The Fate of the Earth എന്ന ഗ്രന്ഥത്തെക്കുറിച്ചു് എഴുതിയിരിക്കുന്നു. സാഹിത്യപഞ്ചാനന്‍ പി.കെ.യുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആദരണീയങ്ങളും സ്വീകരണീയങ്ങളുമാണു്.
തിരുവനന്തപുരത്തെ ‘ചര്‍ച്ചാവേദി’യുടെ ഒരു സമ്മേളനത്തില്‍ പ്രൊഫസര്‍ എസ്. ഗുപ്തന്നായര് പറഞ്ഞുപോലും “ഇടപ്പള്ളി രാഘവന്പിള്ളയെക്കാള് വലിയ കവിയാണു് വി.സി. ബാലകൃഷ്ണപ്പണിക്ക”രെന്നു്. ആഹ്ലാദദായകമല്ല ആ പ്രസ്താവം. കവിതയ്ക്കു ഭൂഷണങ്ങള്‍ ചാര്ത്തിക്കൊടുക്കുന്നതിലായിരുന്നു ബാലകൃഷ്ണപ്പണിക്കര്ക്കു കൗതുകം. “വിശ്വരൂപം” വായിക്കു. കണ്‍സീറ്റുകള്‍ കൊണ്ടു നിറച്ച ആ കാവ്യം നമുക്കു് ചെടിപ്പു് ഉണ്ടാക്കും. ‘ഇടപ്പള്ളി രാഘവന്‍പിള്ള ഭാഷ ഉപയോഗിച്ചതു് അലങ്കാരപ്പണിക്കല്ല; അലങ്കൃത സൗധത്തിന്റെ അകത്തു പാര്‍ക്കുന്ന മനുഷ്യരെ കാണാനാണു്. അദ്ദേഹം അവരെ കണ്ടു. അവരുടെ വേദനകള്‍ പകര്‍ത്തി. ആ വേദനകള്‍ നമ്മളുടേതുമാണു്. ഇടപ്പള്ളിക്കവിത ജനിപ്പിക്കുന്ന ‘ഇന്റിമസി’ ബാലകൃഷ്ണപ്പണിക്കരുടെ കവിത ജനിപ്പിക്കുന്നില്ല. ബാലകൃഷ്ണപ്പണിക്കരെക്കാൾ പൊക്കം കൂടുതലാണ് ഇടപ്പള്ളിക്ക്.
|
|