close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 08 26


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 08 26
ലക്കം 466
മുൻലക്കം 1984 08 19
പിൻലക്കം 1984 09 02
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എഴുത്തച്ഛൻ കുടിയനായിരുന്നുവെന്നു വിവരമുള്ളവർ പോലും പറയാറുണ്ട്. കാവ്യത്തിൽ ഒരിടത്ത് പരമാനന്ദലഹരിയെന്ന് അദ്ദേഹം പ്രയോഗിച്ചു എന്നതാണ് ഈ അനുമാനത്തിന് ആസ്പദം. ചേതോഹരമാണ് ഈ മഹാകവിയുടെ കവിത. മദ്യം ചെലുത്തിയാലേ അമ്മാതിരിയുള്ള കവിത ജനിക്കൂ എന്ന വിശ്വാസവും ഈ ദുഷ്പ്രവാദത്തിനു കാരണമായി ഭവിച്ചിരിക്കാം. ആധുനികകാലത്തെ പല കവികളും വാരുണീസേവയിൽ അഭിരമിക്കുന്നുണ്ട്. അതിനാൽ കവിയായ എഴുത്തച്ഛനും കുടിയനായിരുന്നു എന്ന തീരുമാനത്തിലെത്തുകയാണ് ഇവർ.

ഞാനൊരിക്കൽ പ്രശസ്തനായ ഒരു സാഹിത്യകാരനോടൊരുമിച്ച് ഒരു സമ്മേളനത്തിനു പോയിട്ട് തിരിച്ചു വരികയായിരുന്നു. കാറിൽ കരുതിവെച്ചിരുന്ന മദ്യക്കുപ്പികൾ ഒഴിഞ്ഞപ്പോൾ ഒരോ ചാരായഷാപ്പിന്റെയും മുൻപിൽ കാറ് നിറുത്തിച്ച് അദ്ദേഹം കുടിച്ചു. ഒടുവിൽ തീരെ കുടിക്കാൻ വയ്യാതായി അദ്ദേഹത്തിന്. ചാരായഷാപ്പ് അടുക്കുകയും ചെയ്തു. സാഹിത്യകാരൻ കാറ് നിറുത്താൻ ആജ്ഞാപിച്ചു. റോഡരുകിൽ ഇരുന്നു. തൊണ്ടയിലേക്കു രണ്ടു വിരൽ കടത്തി ഛർദ്ദിച്ചു. അതിനു ശേഷം ഷാപ്പിൽ കയറി കുടിച്ചു. “എന്തിനിങ്ങനെ?” എന്നു ഞാൻ പിന്നീട് ചോദിച്ചപ്പോൾ “ഇന്നു രാത്രി എനിക്കൊരു നോവലെഴുതി തുടങ്ങണം. അതിനു കുടിച്ചാലേ പറ്റൂ.” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചങ്ങമ്പുഴയുടെ ബന്ധുക്കളോടു മാപ്പു ചോദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞ ഒരു കാര്യം ഇവിടെ എഴുതുകയാണ്. ഇതു സത്യമാണെങ്കിൽത്തന്നെയും അവർ സദയം ക്ഷമിക്കണം. ഷൂസിനകത്ത് കഞ്ചാവുവച്ചുകൊണ്ട് രണ്ടു രണ്ടര നാഴിക നടന്നുചെന്ന് കവി ചാരായം കുടിക്കുമായിരുന്നു പോലും. എന്നിട്ട്, നടത്തംകൊണ്ട് അമർന്നു മിനുസപ്പെട്ടുകിട്ടിയ കഞ്ചാവ് ബീഡിയിലേക്ക് പൊതിഞ്ഞ് വലിക്കുമായിരുന്നത്രേ. പിന്നീട് പറമ്പിൽ അങ്ങോട്ടും ഇങ്ങോട്ടും നടത്തം. പാതിരാകഴിഞ്ഞ് കവിതയെഴുത്തു തുടങ്ങുന്നു. താനറിയാതെ കവി “അദ്വൈതാമല ഭാവസ്പന്ദിത വിദ്യുന്മേഖല പൂകീ ഞാൻ” എന്ന മട്ടിലുള്ള വരികൾ എഴുതുന്നു.

എഴുത്തച്ഛനെയും ചങ്ങമ്പുഴയെയും സംബന്ധിച്ചുള്ള ഈ പ്രസ്താവങ്ങൾക്ക് സത്യാത്മകതയുണ്ടോ? ഉണ്ടെങ്കിലും ഇല്ലങ്കിലും കാവ്യരചനയ്ക്ക് മദ്യം സഹായിക്കുകയില്ലെന്നു തീർത്തു പറയാം. മദ്യം അകത്തുചെല്ലുമ്പോൾ രണ്ടനുഭവങ്ങളാണ് ഉണ്ടാവുക. ഒന്ന്: ലോകം മങ്ങലോടുകൂടി പ്രത്യക്ഷപ്പെടുന്നു. രണ്ട്: അല്ലെങ്കിൽ ഏതും സ്ഥൂലീകരിച്ച് കാണുന്നു. ഇല വീഴുന്ന ശബ്ദം ഇടിവെട്ടുന്ന ശബ്ദമായി മാറും. മങ്ങലേറ്റതോ സ്ഥൂലീകരിക്കപ്പെട്ടതോ ആയ ലോകത്തെ വാക്കുകളിലൂടെ ആവിഷ്കരിക്കാനാവില്ല. ആവിഷ്കരിച്ചാലും അത് “മലരൊളി തിരളും മധു ചന്ദ്രികയിൽ മഴവില്ക്കൊടിയുടെ മുനമുക്കി എഴുതാനുഴറീ കല്പന ദിവ്യമൊരഴകിനെയെന്നെ മറന്നൂ ഞാൻ” എന്ന രീതിയിലുള്ള വരികളായി രൂപംകൊള്ളുകയുമില്ല.

വായിക്കേണ്ട പുസ്തകമാണ് വില്യം ജേംസിന്റെ “The Varieties of Religioas Experience.” അതിൽ ‘The sway of alcohol over mankind is unquestionably due to its power to stimulate mystical faculties of human nature, usually crushed to earth by the cold facts and dry criticisms of the sober hour’ എന്നു പറഞ്ഞിട്ടുണ്ട്. വില്യം ജേംസ് എവിടെ? ഞാനെവിടെ? എങ്കിലും സായ്പിന്റെ ഭംഗിയാർന്ന വാക്യം കള്ളം പറയുകയാണ്. ശ്രീരാമകൃഷ്ണപരമഹംസനും രമണമഹർഷിയും ലോകം കണ്ട മിസ്റ്റുക്കുകളിൽ പ്രധാനർ ആയിരുന്നു. അവർ കുടിച്ചിട്ടല്ല മിസ്റ്റിസിസത്തിലെത്തിയത്. നല്ല കാവ്യം രചിക്കാൻ കൂടിക്കണോ? നോൺസെൻസ്. ജി. ശങ്കരക്കുറുപ്പ് മദ്യം തൊട്ടിട്ടില്ല. തികഞ്ഞ സദാചാരനിഷ്ഠയുള്ള മഹാകവിയായിരുന്നു അദ്ദേഹം.

മഹാകവി ജി.

ജി ശങ്കരക്കുറുപ്പ് ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്ന കാലം. വഴുതയ്ക്കാട്ടുള്ള ഒരു വലിയ കെട്ടിടത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഞാൻ ആദ്യമായി അദ്ദേഹത്തെ കാണാൻ ചെന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ തിക്കുറുശ്ശി സുകുമാരൻ നായരും ഹാസ്യസാഹിത്യകാരൻ സീതാരാമനും ചിറയൻകീഴ് സുധീന്ദ്രനും എത്തി. ഗുപ്തൻനായരുമുണ്ടായിരുന്നു. കൂറെനേരം സംസാരിച്ചിരുന്നു. നേരം ഇരുളുന്നതുകണ്ട് ഞാൻ യാത്ര ചോദിച്ചു. കവി പറഞ്ഞു: “ഞാനും നടക്കാൻ വരാം.” തൊട്ടടുത്തു താമസിച്ചിരുന്ന തിക്കുറിശ്ശി വീട്ടിലേക്കു പോയി. ഞങ്ങൾ ശാസ്താംകോവിലിനു മുൻപിലെത്തിയപ്പോൾ ദീപാരാധന. കവി തെല്ലുനേരം കൈകൂപ്പിനിന്നു: എന്നിട്ട് ഞങ്ങളോട് പറഞ്ഞു: “എനിക്കു വ്യക്തിഗതനായ ഈശ്വരനിലും വിഗ്രഹാരാധനയിലും വിശ്വാസമില്ല. എങ്കിലും താമസിക്കുന്നതിനടുത്ത് അമ്പലമുണ്ടായിരിക്കുന്നത് നന്ന്.” ഞങ്ങൾ വിമൻസ് കോളേജിലേക്കു പോകുന്ന റോഡേ നടന്നു. മനോഹരമായ രാത്രി. ചന്ദ്രികാ ചർച്ചിതമായ രാത്രി. പൂർണ്ണചന്ദ്രൻ.

“ഏഴിലമ്പാലപ്പൂവിൻ തൂമണം തുളുമ്പുന്നുണ്ടൂഴി
തൻ നിശ്വാസത്തിലെന്തു മോഹന രാത്രി!”

ചന്ദ്രനും നിലാവിനും അജ്ഞാതവും അജ്ഞേയവുമായ ഒരു നിഗൂഢതയുണ്ട്. ആ നിഗൂഢതയെ, ഗഹനതയെ തേടുകയും സാക്ഷാത്കരിക്കുകയും ചെയ്ത കവിയാണ് എന്റെകൂടെ.വിമൻസ് കോളേജിന്റെ മുൻപിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: “ഇനി ഞാൻ തിരിച്ചു പോകട്ടെ. എന്റെ പ്രിയതമ ആ വലിയ വീട്ടിൽ തനിച്ചിരിക്കുകയാണ്. പേടിക്കുകയാണ്.”

വർഷങ്ങൾ കഴിഞ്ഞു. കവി ഹൃദ്രോഗത്താൽ അവശനായി തിരുവനന്തപുരത്തെ മെഡിക്കൽ കോളേജാശുപത്രിയിൽ കിടക്കുകയാണ്. എന്നും വൈകുന്നേരം ഞാനദ്ദേഹത്തെ കാണാൻ ചെല്ലും. ഭർത്താവിന്റെ രോഗം ആശങ്കാജനകമായി തോന്നിയതുകൊണ്ടാവണം ഒരുദിവസം അദ്ദേഹത്തിന്റെ സഹധർമ്മിണി ദുഃഖത്തോടെ നിന്നു. അവരുടെ ദുഃഖവും നീരസവും ഹൃദ്രോഗിയായ ഭർത്താവിനെക്കൊണ്ട് സംസാരിപ്പിക്കുന്ന സന്ദർശകന്റെ ഇടവിടാതെയുള്ള സാന്നിദ്ധ്യത്തിന്റെ ഫലമായിരിക്കാമെന്ന് അയാൾ (സന്ദർശകൻ) തെറ്റിദ്ധരിച്ചു. ഞാൻ ആശുപത്രിയിൽ പോകാതായി. “കൃഷ്ണൻനായരെ ഇപ്പോൾ കാണാനില്ല” എന്നു കവി അവിടെ ചെല്ലുന്നവരോടെല്ലാം പറയുമായിരുന്നു. രോഗമൊക്കെ ഭേദമായി അദ്ദേഹം എറണാകുളത്തു ചെന്നപ്പോൾ ഞാൻ സന്ദർശനം മുടക്കിയതിന്റെ കാരണം എഴുതി അയച്ചു. മരണത്തിന്റെ വക്കോളം എത്തിനിന്ന ആത്മനാഥനെ ശുശ്രൂഷിച്ച് കദനത്തിന്റെ രൂപമാർന്നു നിന്ന ഒരു സാധ്വിയെയാണ് ഞാൻ കുറ്റപ്പെടുത്തിയതെന്ന് അദ്ദേഹം എനിക്കെഴുതി അയച്ചു. അതു വായിച്ചപ്പോൾ എനിക്ക് ശങ്കരക്കുറുപ്പിനോടു ബഹുമാനം തൊന്നിയതേയുള്ളൂ. ദമ്പതീവിഷയകമായ സ്നേഹത്തിന്റെ ശാശ്വതപ്രതീകങ്ങളാണു’ ജി. യും അദ്ദേഹത്തിന്റെ സഹധർമ്മിണിയുമെന്ന് എനിക്കു മനസ്സിലായി. ആ പ്രിയതമയെക്കുറിച്ച് പറഞ്ഞുകൊണ്ടാണു് ജി. യുടെ ആത്മകഥയുടെ രണ്ടാം ഭാഗം തുടങ്ങുന്നത് (മാതൃഭൂമി ആഴ്ച്ചപ്പതിപ്പു്). ഹൃദ്യവും ഹൃദയസ്പർശകവുമായ സമാരംഭം. ആത്മകഥയുടെ ഇനിയുള്ള ഭാഗങ്ങളും ഇതുപോലെതന്നെയായിരിക്കട്ടെ. “പ്രിയതമ ആ വലിയ വീട്ടിൽ തനിച്ചിരിക്കുന്നു” എന്ന സ്നേഹ സാന്ദ്രമായ വാക്കുകൾ പറഞ്ഞിട്ടാണു് കവി വിമൻസ് കോളേജിന്റെ മുൻവശത്തുവച്ചു് എന്നെ പിരിഞ്ഞുപോയത്. ഇന്നു് അവർ തനിച്ചിരിക്കുന്നു. നമ്മുടെ ജീവിതപ്രവാഹത്തെ തടഞ്ഞുനിറുത്തുന്നതിനെയൊക്കെ നമ്മൾ വിധിയെന്നു വിളിക്കുന്നു. ആ വിധി യദൃശ്ചികത്വം മാത്രം. എങ്കിലും കണ്ണീരോലിക്കുന്നു.

വൺ പൗണ്ട് ഒഫ് ഫ്‌ളെഷ്

ശങ്കരക്കുറിപ്പിനെപ്പോലുള്ള ഉത്കൃഷ്‌ട പുരുഷന്മാർ അന്തരിക്കുമ്പോൾ മാത്രമല്ല നമ്മുടെ കണ്ണീരൊലിക്കുന്നതു്. പട്ടണത്തിലെ വീട്ടുടമസ്ഥരുടെ “വൺ പൗണ്ട് ഓഫ് ഫ്‌ളെഷ് ” എന്ന വിളി കേൾക്കുമ്പോഴാണ്. ഈ ഷൈലക്കുകളെ നിയന്ത്രിക്കാൻ ഒരു സർക്കാരിനും കഴിയുകയില്ല. നമ്മൾ താമസമായി ആറു മാസം കഴിയുന്നതിനുമുൻപു് വാടക കൂടുതൽ ചോദിക്കും. വീടു ചോരുന്നുവെന്നു പറഞ്ഞാൽ ദേഷ്യപ്പെടും. താരതമ്യപ്പെടുത്തിയാൽ ഇവിടെയുള്ള ഷൈലക്കുകൾ വടക്കോട്ടുള്ള ഷൈലക്കുകളെക്കാൾ ഭേദമാണ്. 1968-ൽ ഞാൻ ചിറ്റൂരെ തത്തമംഗലം എന്ന സ്ഥലത്തുള്ള ഒരു വീട് ദല്ലാളിന്റെ സഹായത്തോടെ വാടകയ്ക്കെടുത്തു. ഒരു ദിവസം കാലത്തു് അമ്പതു വയസ്സു കഴിഞ്ഞ ഒരു സ്ത്രീയും പുരുഷനും ആ വീട്ടിൽ കയറിവന്നു. വീട്ടുടമസ്ഥരെന്നു മനസ്സിലാക്കിയ ഞാൻ മര്യാദയോടു പെരുമാറി. അനുമതി കൂടാതെ അവർ കക്കൂസ്, കുളിമുറി ഇവ ഉപയോഗിച്ചു. കുളികഴിഞ്ഞു വന്ന ഇവർക്കു കാപ്പികൊടുത്തു. ഉച്ചയായി. ഊണുകഴിഞ്ഞു, അതിനുശേഷം രണ്ടുപേരും കട്ടിലുകളിൽ കയറിക്കിടന്നു് ഉറങ്ങി. വൈകുന്നേരം കാപ്പി കൊടുത്തു. സന്ധ്യയായി. രാത്രിയായി. ഊണുനല്കി. മണി പത്തായി. എന്നിട്ടും പോകുന്നില്ല. “ഇനി ഉറങ്ങേണ്ടേ? നിങ്ങൾക്കു പോകാൻ ഇനി ബസ്സ് കിട്ടുമോ?” എന്നു ഞാൻ വിനയത്തോടെ ചോദിച്ചു.

“ഞങ്ങൾ പോകുന്നില്ല” എന്നായിരുന്നു വീട്ടുടമസ്ഥന്റെ മറുപടി. അവരെ കിടത്താൻ സ്ഥലമില്ലായിരുന്നതുകൊണ്ടു് ഞാന‌വരോടു പോകാൻ അഭ്യർതഥിച്ചു. “ഇവിടെ ഇങ്ങനെയാണു് പതിവ്. ഉടമസ്ഥർക്കു് അവരുടെ വീട്ടിൽ ചെന്നു താമസിക്കാം ഇഷ്ടംപോലെ” എന്നു് അയാൾ ദേഷ്യത്തോടെ അറിയിച്ചപ്പോൾ ഞാൻ അടുത്ത വീട്ടിൽ വാടകയ്ക്കുതാമസിക്കുന്ന കുറെ ചെറുപ്പക്കാരെ വിളിച്ചുകൊണ്ടുവന്നു. അവരുടെ നിർദ്ദേശവും പൊലീസിനെ വിളിക്കുമെന്ന ഭീഷണിയും ഫലപ്പെട്ടു. രണ്ടുപേരും വീട്ടിൽനിന്നിറങ്ങിപ്പോയി. ഒരാഴ്ചയ്ക്കുകം ഞാൻ കോളേജിനടുത്തുള്ള ഓട്ടുകമ്പനിക്കാരുടെ ഒരു കെട്ടിടത്തിലേക്കുമാറി.

I am a Jew. Hath not a jew eyes? Hath not a Jew hands, organs dimensions, senses, affections, passions? എന്നാണു് ഷൈലക്ക് ചോദിച്ചതൂ്. ശരിയാണ്. അയാൾ വെറും രാക്ഷസനല്ല, മനുഷ്യനായിരുന്നു. മനുഷ്യത്വം ഒട്ടുമില്ലാത്ത വീട്ടുടമസ്ഥരെ പരിഹാസച്ഛായയോടെ അവതരിപ്പിക്കുന്നു കെ. ആർ. മല്ലിക. (മാതൃഭൂമിയിലെ “നഗരത്തിലെ വാടകവീടുകൾ” എന്ന കഥ.)

രത്നങ്ങൾ എന്തുകൊണ്ടു് അമൂല്യങ്ങളായിത്തീരുന്നുവെന്നു ആൽഡസ്‌ഹക്‌സിലി ചോദിക്കുന്നു. തത്ത്വചിന്തകനായ സാന്തായാന അതിനു ഉത്തരം നൽകിയതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ടു്. ഏതും ക്ഷണികസ്വഭാവമാർന്ന ഈ ലോകത്തു് കുറച്ചെങ്കിലും ശാശ്വതസ്വഭാവമാർന്നതു രത്നങ്ങളാണു്. അതുകൊണ്ടാണു് അവ വിലമതിക്കാൻ പാടില്ലാത്തവയായി ഭവിച്ചതു്. ഇതു് ഭാഗികസത്യം മാത്രമാണെന്നു് ഹക്‌സിലി എഴുതുന്നു. എന്നാൽ പ്ലോട്ടിനസിന്റെ മതം കുറെക്കൂടി സമ്പൂർണ്ണസത്യത്തിലേക്കു് അടുക്കുന്നു. പ്ലേറ്റോണിക് ആശയങ്ങളടങ്ങിയ ലോകത്തു് ഏതും പ്രകാശിക്കുന്നു. അതിനാൽ ഈ ലോകത്തു് ഏറ്റവും മനോഹരം അഗ്നിയാണു്. രത്നങ്ങളിൽ അഗ്നിയടങ്ങിയിരിക്കുന്നു. അഗ്നിയുള്ള രത്നം അമൂല്യം. കഥയിലെ ആശയം അഗ്നിയാവുന്നതു് എഴുത്തുകാരന്റെ ഭാവനയുടെ പ്രകാശം ഏല്‌ക്കുമ്പോഴാണു്. ഇക്കഥയിൽ അഗ്നിയില്ല. അതുകൊണ്ടു ശോഭയുമില്ല.

യോസായുടെ നോവൽ

അഗ്നിയും അതിന്റെ ശോഭയും ഉള്ള നോവലാണു് പെറൂവ്യൻ നോവലിസ്റ്റ് മാര്യോ വാർഗാസ് യോസായുടെ (Mario Vargas Liosa, 1936 —) Aunt Julia and the Scriptwriter. തെക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തുള്ള റിപ്പബ്‌ളിക്കാണു് പെറു. അതിന്റെ തലസ്ഥാനമായ ലീമാനഗരത്തിൽ കഥ നടക്കുന്നു; ഏതാണ്ടു് മുപ്പത്തിരണ്ടു കൊല്ലം മുമ്പ്. ഇവിടെ പതിനെട്ടുവയസ്സുള്ള മാര്യോ കഴിഞ്ഞുകൂടുന്നു. സാൻമർകസ് സർവകലാശലയിൽ നിയമം പഠിക്കുന്ന ആ ബാലന്റെ ജോലി ദിന പത്രങ്ങളിൽ വരുന്ന വാർത്തകൾ വെട്ടിയെടുത്തു് ബ്രോഡ്‌കാസ്റ്റ് ചെയ്യുക എന്നതാണു്. ഒരു മിനിറ്റ് നേരത്തേക്കുള്ള ന്യൂസ് ബുള്ളറ്റിനാണതു്. ലീമയിൽ ബൊലീവിയക്കാരനായ പേദ്രോ കാമാച്ചോ (Pedro Camacho) വരുന്നു. റേഡിയോക്കുവേണ്ടി ‘സോപ്പ് ഓപ്ര’ തയ്യാറാക്കുന്ന എഴുത്തുകാരനാണു് അയാൾ (സോപ്പ് ഓപ്ര = ഗാർഹിക കാര്യങ്ങൾ തുടർച്ചയായി റേഡിയോയിലൂടെ ആവിഷ്കരിക്കുന്നതു്), പേദ്രോയുടെ അമ്മായിയുടെ അനുജത്തി ഹൂല്യോയും (Aunt Julia) ബൊലീവിയയിൽ നിന്നു ലീമയിൽ എത്തുന്നു. മുപ്പത്തിരണ്ടുവയസ്സുള്ള ഹൂല്യോ ഭർത്താവിനെ ഉപേക്ഷിച്ചവളാണു്. കാരണം അയാളുടെ ധ്വജഭംഗം. എന്തിനുപേക്ഷിച്ചുവെന്നു് അമ്മായിയമ്മ ചോദിച്ചപ്പോൾ ഹൂല്യോ മറുപടി നൽകിയതു് ഇങ്ങനെയാണു്: Beause Senora, the only use to which your son puts that particular piece of equipment that men are endowed with is to make peepee.” (peepee = കുഞ്ഞുങ്ങൾ മൂത്രമൊഴിക്കുന്നതിനെ പറയുന്ന വാക്കു്). ഹൂല്യോ ഭർത്താവിനെ തേടിയാണു് അവിടെ എത്തിയതു്. അവളും മാര്യോയും നിഷിദ്ധമായ രീതിയിൽ ബന്ധപ്പെട്ടു. The love affair of a baby and an old lady(Page 90) എന്നു ഹൂല്യോ തന്നെ വിശേഷിപ്പിക്കുന്ന ഈ ബന്ധം നോവലിന്റെ ഒരു തന്തു. പേദ്രോ കാമാച്ചിയുടെ ഉയർച്ചയും താഴ്ച്ചയും മറ്റൊരു തന്തു. ഒന്നിടവിട്ട അദ്ധ്യയങ്ങളിൽ ചെറുകഥകൾ. എല്ലാ കഥകളും വായനക്കാരെ ചലനം കൊള്ളിക്കുന്നു. ഒരു കഥ ഏതാനും വാക്യങ്ങളിൽ പറയട്ടെ. ഒരു സുന്ദരിയായ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു. പാട്ടുകച്ചേരി നടക്കുകയാണു്. പെട്ടെന്ന് വധു ബോധംകെട്ടു വീണു. അവളുടെ ബന്ധുവായ ഒരു ഡോക്‌ടർ മുറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ അവൾ വയർ ബൽറ്റ്കൊണ്ട് വലിച്ചിറുക്കിക്കെട്ടിവച്ചിരിക്കുന്നതു കണ്ടു. ബോധക്കേടിന് ഒരു കാരണമായിരുന്നു അത്. നാലുമാസം ഗർഭം. അതു മറയ്ക്കാനായിരുന്നു അരപ്പട്ട കൊണ്ടുള്ള പ്രയോഗം. വധു ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ വരന് അദ്ഭുതം. കൊടും വിഷാദം. അപ്പോൾ പെണ്ണിന്റെ സഹോദരൻ ‘റിവോൾവർ’ അന്വേഷിക്കുന്നത് ഡോക്ടർ കേട്ടു. എന്തിന്? അയാൾക്ക് ആത്മഹത്യ ചെയ്യാൻ. അഗമ്യഗമനത്തെ യോസാ പരിഹാസാത്മകമായി ചിത്രീകരിക്കുന്നു. ഇത്തരം കഥകളെയും പ്രധാനപ്പെട്ട രണ്ടു കഥാതന്തുക്കളെയും വിദഗ്ധമായി കൂട്ടിയിണക്കി യോസോ ചേതോഹരമായ കലാശില്പം നിർമ്മിച്ചിരിക്കുന്നു. പെറൂവ്യൻ സമുദായത്തിന്റെ ചിത്രം മുഴുവൻ ഇതിലുണ്ട്.

അഴിമുഖം

ഈ കലാശില്പത്തിന്റെ ഭംഗി കണ്ടതിനു ശേഷമാണ് കലാകൗമുദി കൈയിലെടുത്തത്; എൻ. പി. രാജശേഖരന്റെ “അഴിമുഖം” എന്ന കഥ വായിച്ചു തുടങ്ങിയത്. കുറ്റം പറയേണ്ടതായി വന്നേക്കുമോ എന്ന ആശങ്കയോടു കൂടി കഥ വായിച്ചു തുടങ്ങി. വായിച്ചവസാനിപ്പിക്കുകയും ചെയ്തു. കുറ്റം പറയാനില്ല. ഭേദപ്പെട്ട കഥയാണിത്. ജനറേഷൻ ഗ്യാപ്പാണ് — തലമുറകൾ തമ്മിലുള്ള അന്തരമാണ് — ഇതിന്റെ വിഷയം. തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശിയോടു ചെറുമകന് വെറുപ്പേ കാണൂ. പക്ഷേ, ആ മുത്തശ്ശിയുടെ സ്നേഹം അവനെ മറ്റൊരാളാക്കി മാറ്റുന്നു. ‘വയലിൻ വക്കിൽത്താവും കൊച്ചു മുക്കുറ്റിപ്പൂവും’ നക്ഷത്ര പ്രകാശമേറ്റ് ‘സ്വയമുദ്യോതിക്കുന്ന നക്ഷത്രമായി’ മാറുന്നു. വിഷാദാത്മകത്വത്തെ ഗളഹസ്തം ചെയ്തിട്ട് കഥാകാരന്മാർ പ്രസാദാത്മകത്വത്തെ സ്വാഗതം ചെയ്യുമ്പോൾ അനുവാചകർക്ക് എന്ത് ആഹ്ലാദമാണെന്നോ? ആ ആഹ്ലാദം ചെറിയൊരളവിൽ ഞാനും അനുഭവിച്ചു. ആഹ്ലാദം പ്രവർത്തനത്തിന്റെ ഉപോല്പന്നമാണ്. ഒരു സിഗററ്റ് വലിക്കു ആഹ്ലാദം ഫലം. ആഹ്ലാദത്തിനു വേണ്ടി ഉടനെ ഒരു സിഗററ്റു കൂടി വലിച്ചാൽ ദുഃഖം. ആഹ്ലാദത്തിന്റെ പിറകേ പോയാൽ വിഷാദമേ ഉണ്ടാകൂ. സാഹിത്യത്തിന്റെ കാര്യത്തിൽ അതു ശരിയല്ല. നല്ല സാഹിത്യം പല പരിവൃത്തി വായിക്കാം. ഓരോ തവണയും ആഹ്ലാദാനുഭൂതി ഉണ്ടാകും.

കൊമ്പന്റെ പിറകേ മോഴ

ആഹ്ലാദത്തിൽ മുഴുകിയ മനസ്സിനെ വിഷാദത്തിലേയ്ക്ക് എറിയും അർത്ഥശൂന്യങ്ങളായ പ്രയോഗങ്ങളും വ്യാകരണത്തെറ്റുകളും. കേരള സർക്കാരിന്റെ “സാംസ്ക്കാരിക പ്രസിദ്ധീകരണ വകുപ്പ്” മാസന്തോറും പ്രസാധനം ചെയ്യുന്ന “സംസ്ക്കാര കേരളം” ഞാൻ കാണാറുണ്ട്. സംസ്ക്കാര കേരളമോ? അങ്ങനെയുമുണ്ടോ ഒരു കേരളം? പണ്ട് പ്രീഡിഗ്രി ക്ലാസ്സിലെ കുട്ടികൾക്കു പഠിക്കാനുണ്ടായിരുന്ന ഒരു പുസ്തകത്തിന്റെ പേരാണ് “കാവ്യകൈരളി” എന്നത്. അതിന്റെ അർത്ഥമെന്താണെന്നു പ്രസാധകർക്കേ അറിഞ്ഞു കൂടൂ. അതുപോലെ അർത്ഥരഹിതമായ പേരാണ് “സംസ്ക്കാര കേരളം.” മധ്യമപദം ലോപിപ്പിച്ചു കർമ്മധാരയ സമാസമുണ്ടാക്കിയതാണ് ‘സംസ്ക്കാര കേരള’മെന്ന് പത്രാധിപർ സമാധാനം നൽകിയേക്കും. ശാകത്തിൽ പ്രിയനായ രാജാവിനെ ശാകപാർത്ഥിവഃ എന്നു പറയാറുണ്ടല്ലോ. അതുപോലെ സംസ്ക്കാരമുള്ള കേരളമെന്നാണ് സംസ്ക്കാര കേരളത്തിന്റെ അർത്ഥമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടുവെന്ന് വരാം. ഏതിനാണ് സമാധാനമില്ലാത്തത്? ഈ “സംസ്ക്കാര കേരള”ത്തിൽ “പിതൃപുത്ര ബന്ധം” എന്ന പ്രയോഗം കാണുന്നു (പുറം 44). ‘പുത്ര’ ശബ്ദം പിൻവരുമ്പോൾ പൂർവ്വ പദാന്ത്യമായ ‘ഋ’ കാരത്തിന് ‘ആ’ കാരാദേശം വരും. പിതൃ + പുത്ര = പിതാ പുത്രൗ അതുകൊണ്ട് ‘പിതൃപുത്ര ബന്ധം’ തെറ്റ്. “പിതാപുത്ര ബന്ധം” ശരി. “സംസ്ക്കാര കേരള” ത്തിനു യോജിച്ചിരിക്കുന്നു “പിതൃപുത്ര ബന്ധം” എന്ന പ്രയോഗം.

* * *

മുകളിലെഴുതിയത് സത്യമാണെങ്കിലും ഞാനെന്തിന് ഇങ്ങനെ ചെയ്യണം? തെറ്റു കണ്ടാൽ, അതു തിരുത്തണമെന്ന് തോന്നിയാൽ തെറ്റു വരുത്തിയ ആളിന് ഒരു സ്വകാര്യക്കത്ത് അയയ്ക്കുകയേ പാടുള്ളൂ. ശരിയാണിത്. എന്നാലും ഇതിനു മറുപുറമുണ്ട്. തെറ്റ്, പ്രചാരമുള്ള ഒരു മാസികയിൽ വരുമ്പോൾ ലക്ഷക്കണക്കിനുള്ള ആളുകളാണ് അതു വായിച്ച് വഴിതെറ്റുന്നത്. അങ്ങനെ വഴിതെറ്റുന്നവർക്ക് ശരിയായ മാർഗ്ഗം കാണിച്ചുകൊടുക്കേണ്ടതു നമ്മുടെ കർത്തവ്യമാണ്. പക്ഷേ അതു ചൂണ്ടിക്കാണിക്കുന്നവൻ തെറ്റു വരുത്താത്തവനായിരിക്കണം. ഒരു കണക്കിൽ തനിയെ നന്നായാൽമതി; മറ്റുള്ളവരെ നന്നാക്കേണ്ടതില്ല. സ്ക്കൂൾക്ലാസ്സിൽ പഠിക്കുമ്പോൾ കണക്കിനു എനിക്കു നല്ല മാർക്ക് കിട്ടിയിരുന്നില്ല. ഞാൻ കഥയെഴുതുന്ന വിദ്യാർത്ഥിയാണെന്നു മനസ്സിലാക്കിക്കൊണ്ട് എന്റെ ഗുരുനാഥൻ പറഞ്ഞു: Krishna, before creating characters you should improve your own character. ആ വാക്യം ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നു.

ജ്ഞാനിയായിത്തീർന്ന ഒരാൾ പറഞ്ഞു: “യൗവനകാലത്ത് ഞാൻ ലോകം മുഴുവൻ നന്നാക്കാൻ ശ്രമിച്ചു. പ്രായം കൂടി വന്നപ്പോൾ ഇതു സാദ്ധ്യമല്ലെന്നു ഗ്രഹിച്ച ഞാൻ എന്റെ പട്ടണത്തിലെ ആളുകളെ നന്നാക്കാൻ യത്നിച്ചു. നിഷ്ഫലം. പ്രായം കുറെക്കൂടെ കൂടിയപ്പോൾ എന്റെ കുടുംബം നന്നാക്കിക്കളയാമെന്നുകരുതി. പിന്നെയും പരാജയം. വൃദ്ധനായപ്പോൾ ഞാൻ മനസ്സിലാക്കി ഞാൻ എന്നെത്തന്നെ നന്നാക്കാൻ ശ്രമിക്കേണ്ടിയിരുന്നുവെന്ന്. അങ്ങനെ ചെയ്തെങ്കിൽ ഞാനിപ്പോൾ നന്മയുള്ളവനായേനേ.”

പുരുഷൻ മാത്രം ചീത്ത

മലയാളമനോരമ ആഴ്ചപ്പതിപ്പിൽ വേളൂർ കൃഷ്ണൻകുട്ടി എഴുതാറുള്ള ഹാസ്യ നിഘണ്ടുവിൽ ‘ബൊക്കെ’ (ബുക്കേ) എന്ന പദത്തിന് “സമ്മേളനങ്ങളിലും മറ്റും പ്രസംഗിക്കാൻ വേണ്ടി പുരുഷന്മാരോടൊപ്പം എത്തുന്ന ഉന്നതകളായ സ്ത്രീകളുടെ കരസ്പർശനത്തിനുവേണ്ടി യോഗഭാരവാഹികൾ കണ്ടു പിടിച്ചിട്ടുള്ള ഒരു ഉപാധി” എന്ന് അർത്ഥം നല്കിയിരിക്കുന്നു. ചിരിപ്പിക്കണമെന്നേ വേളൂർ കൃഷ്ണൻകുട്ടിക്ക് ഉദ്ദേശ്യമുള്ളൂ. അതു മനസ്സിലാക്കികൊണ്ടുതന്നെ ചോദിക്കട്ടെ ഇങ്ങനെയുള്ള കാര്യങ്ങളിൽ പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയാണോ എന്ന്. (കൃഷ്ണൻകുട്ടിയുടെ അർത്ഥപ്രദർശനത്തിന്റെ വിമർശനമല്ല ഇത് എന്ന് ഒന്നു കൂടെ പറയട്ടെ). സ്ത്രീയെ തൊടാൻ പുരുഷന് എത്ര കൗതുകമുണ്ടോ അതിലേറെ കൗതുകമുണ്ട് സ്ത്രീക്ക് പുരുഷനെ സ്പർശിക്കാൻ. പുരുഷൻ അന്യൻ കണ്ടാലും വേണ്ടില്ല എന്ന മട്ടിൽ സ്പർശനം നടത്തുന്നു. സ്ത്രീ അന്യൻ കാണാതെ അത് നിർവ്വഹിക്കുന്നു. ബസ്സുകളിൽ കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരുടെ മുതുകിൽ നെഞ്ചമർത്തുന്ന എത്രയോ തരുണികളുണ്ട്. ഇന്നലെയും കണ്ടു ഞാൻ അക്കാഴ്ച. രാജേഷ്ഖന്നയ്ക്കും അമിതാഭ്ബച്ചനും ചെറുപ്പക്കാരികളിൽ നിന്ന് ഏല്ക്കേണ്ടിവന്നിട്ടുള്ള പീഡനങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞിട്ടു വേണ്ടേ വായന‌ക്കാർക്കു മനസ്സിലാക്കാൻ. യേശുദാസൻ ഒരു വിമൻസ് കോളേജിൽ ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിനു ചെന്നു. കാപ്പികുടിച്ച സന്ദർഭത്തിൽ അദ്ദേഹം നിന്ന പാളയന്തോടൻ പഴത്തിന്റെ തൊലി അവിടത്തെ ഒരു പെൺകുട്ടി എടുത്തുതിന്നുകളഞ്ഞു. ആ കുട്ടിയെ എനിക്ക് നേരിട്ടറിയാം. അദ്ദേഹത്തിനു കാപ്പികൊണ്ടു കൊടുത്തപ്പോൾ ഒരു പെൺകുട്ടിയുടെ ചെറുവിരൽ യേശുദാസിന്റെ വിരൽത്തുമ്പിൽ അദ്ദേഹമറിയാതെ സ്പർശിച്ചു. ആ വിരലും പൊക്കിക്കൊണ്ട് അവൾ പറഞ്ഞു നടന്നു: “യേശുദാസൻ തൊട്ട വിരൽ.” പ്രേംനസീറിനെ ഓട്ടോഗ്രാഫിനുവേണ്ടി വളഞ്ഞ സുന്ദരികൾ അദ്ദേഹത്തെ തോടാൻ ശ്രമിച്ചതും തൊട്ടിട്ടും മതിയാകാതെ വീണ്ടും അതിനു ശ്രമിച്ചതും സദാചാരതല്പരനായ പ്രേംനസീർ ഒഴിഞ്ഞുമാറിയതുമൊക്കെ ഒരു വുമൻ പ്രിൻസിപ്പൽ പറഞ്ഞ് എനിക്കറിയാം.

ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എ.പി. ഉദയഭാനു മനോരാജ്യം വാരികയിലെഴുതിയ “പ്രച്ഛന്നരതിക്കേകൻ പ്രാർത്ഥിച്ചാൻ” എന്ന നല്ല ലേഖനത്തിലും ഭാഗികവീക്ഷണമേയുള്ളൂ. പുരുഷന്മാർ സ്ത്രീകളെ കടന്നാക്രമിക്കുന്നതിന്റെ പേരിലുള്ള ഉപാലംഭമാണ് ആ പ്രബന്ധം. ഉപാലംഭത്തിൽ തെറ്റില്ല. പക്ഷേ, പുരുഷന്മാരൊക്കെ സാപരാധർ, സ്ത്രീകളൊക്കെ നിരപരാധകൾ എന്ന വീക്ഷണഗതി വികലമത്രേ. സന്തത്യുല്പാദനത്തിനു വേണ്ടി പ്രകൃതി സ്ത്രീക്കും പുരുഷനും നൽകിയ വികാരമാണ് രതി. അതു ചിലപ്പോൾ സ്ത്രീയിൽ കൂടുതലായി പ്രത്യക്ഷപ്പെടും. അതിനെ നിഷേധിച്ചിട്ടു പുരുഷനെ മാത്രം വൃത്തികെട്ടവനായി ചിത്രീകരിക്കരുത്.

വിശ്വവിഖ്യാതനായ ഫ്രഞ്ച് പ്രതിമാ നിർമ്മിതാവ് റൊഡങിനെ (Rodin) കണ്ടതിനെക്കുറിച്ച് മഹായശസ്കയായ ഇസഡോറ ഡങ്കൻ പറയുന്നു: “അദ്ദേഹം എന്റെ കഴുത്തിലും നെഞ്ചിലും കൈയോടിച്ചു. കൈകളിൽ തടവി. അരക്കെട്ടിലും നഗ്നങ്ങളായ കാലുകളിലും കൈയോടിച്ചു. എന്റെ ശരീരം മുഴുവൻ കളിമണ്ണെന്നപോലെ കശക്കി. അദ്ദേഹത്തിൽ നിന്ന് ചൂടുയർന്നു. അതെന്നെ പൊള്ളിക്കുകയും ഉരുക്കുകയും ചെയ്തു. എന്റെ ആഗ്രഹം മുഴുവൻ എന്റെ സത്തയെ അദ്ദേഹത്തിനു വിധേയമാക്കിക്കൊടുക്കുക എന്നതായിരുന്നു. എന്നെ വളർത്തിക്കൊണ്ടുവന്നതിന്റെ ഭോഷത്തമില്ലായിരുന്നെങ്കിൽ ഞാനതു ചെയ്യുമായിരുന്നു. ആ ഭോഷത്തം കൊണ്ടു ഞാൻ പേടിച്ചു പിന്മാറി. അടിക്കുപ്പായത്തിന്റെ മേൽ ഡ്രസ്സ് വലിച്ചിട്ട് അദ്ദേഹത്തെ പേടിപ്പിച്ചു. എത്ര കഷ്ടം! ഈ ബാലിശമായ തെറ്റിദ്ധാരണയിൽ ഞാനെത്ര തവണ പശ്ചാത്തപിച്ചില്ല. കന്യകാത്വം നശിപ്പിക്കുക എന്ന ദൈവികമായ സൗകര്യം ഞാൻ ഇല്ലാതാക്കിയല്ലോ…”

ഇവിടെ പുരുഷനാണ് സ്ത്രീയെ ആക്രമിക്കുന്നത്. പക്ഷേ, അതിനേക്കാളേറെ ആക്രമണോത്സുകത സ്ത്രീക്കുണ്ട്. പേടി കൊണ്ട് അവൾ അത് നിയന്ത്രിച്ചെന്നേയുള്ളൂ.

രാക്ഷസീയത

ഭാര്യ നഷ്ടപ്പെട്ട ഒരുത്തൻ കടപ്പുറത്തു വന്നിരിക്കുനു. ഒരു മുക്കുവബാലന്റെ ജീവിതവൈഷമ്യത്തിൽ അലിവു തോന്നുന്നു അയാൾക്ക്. മണി കുങ്കുമം വാരികയിലെഴുതിയ “സ്നേഹം” എന്ന കഥയുടെ സാരമിതാണ്. — ഭംഗിയുള്ള വാരികയാണ് കുങ്കുമം. അതിൽ ഇങ്ങനെയൊരു രാക്ഷസീയത. കരുണൻ വിലങ്ങിറ കുമാരി വാരികയിലെ ശകുനിയോടു പറയുന്നു: ഉണ്ണിമേരി അഭിനയിച്ച ഒരു ചിത്രം ഈയിടെ കണ്ടു. എനിക്കു തോന്നുന്നത് അവൾ എഴുപത്തഞ്ചു ശതമാനവും ഭംഗിയായി അഭിനയിച്ചിട്ടുണ്ടെന്നാണ്. ഇതിനു ശകുനിയുടെ പ്രതികരണം: സെൻസർബോർഡ് ഇല്ലായിരുന്നെങ്കിൽ അവൾ നൂറു ശതമാനവും ഭംഗിയായി അഭിനയിച്ചേനേ. — ഇതിനു കമന്റില്ല. കാരണം ശകുനിക്കു കഴിയുന്നതിനേക്കാൾ ഭംഗിയായി എന്തെങ്കിലും പറയാൻ എനിക്കു വൈദഗ്ദ്ധ്യമില്ല എന്നതുതന്നെ. ഭാര്യയ്ക്ക് ഭർത്താവ് എപ്പോഴും അടുത്തുണ്ടായിരിക്കണം. ഭർത്താവിന് അതിഷ്ടമല്ല. അയാൾ കരുതിക്കൂട്ടി നാടുവിട്ടു പോയി. ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ പോയപ്പോൾ അയാൾക്കു പശ്ചാത്താപം. തിരിച്ചു വന്നു. തന്റെ കുഞ്ഞിനെ കണ്ടപ്പോൾ അയാൾക്ക് ആഹ്ലാദം. പരിഭവമൊക്കെ അകന്നു. ഇതാണ് തുളസി കോട്ടൂക്കൽ ദീപിക വാരികയിലെഴുതിയ “മഴത്തുള്ളികളുടെ സംഗീതം” എന്ന കഥയുടെ സാരം. — വളരെക്കാലം ഒരു കള്ളം നാം ആവർത്തിച്ചുകൊണ്ടിരുന്നാൽ അതു നമുക്കു തന്നെ സത്യമായിത്തോന്നും. തുളസി കോട്ടുക്കലിന് തന്റെ കഥകൾ സത്യമായി തോന്നുന്നുണ്ടാവും. ലാറ്റിനമേരിക്കൻ സാഹിത്യകാരൻ ബോർഹെസ്സിന്റെ ഒരു കഥ ശരത്ചന്ദ്രൻ തർജ്ജമ ചെയ്തിരിക്കുന്നു. (മലയാളസാഹിത്യം മാസിക). — “കല്ലിന്റെ പുറത്ത് ഒന്നും നിർമ്മിക്കപ്പെടുന്നില്ല. എല്ലാം മണലിന്റെ പുറത്താണ് നിർമ്മിക്കുക. പക്ഷേ, മണലിനെ കല്ലായിക്കരുതി നമ്മൾ നിർമ്മാണം നടത്തണം” എന്നു ബോർഹെസ് തന്നെ പറഞ്ഞിട്ടുണ്ട്. കല്ലിൽ തന്നെ നിർമ്മിച്ച ശില്പങ്ങളാണ് ബോർഹെസ്സിന്റേത്. ആ ശില്പങ്ങളെ കാണിച്ചുകൊടുക്കുന്നരീതി നന്മയാർന്നതാണ്.

* * *

പാതിരി കാട്ടിൽകഴിഞ്ഞുകൂടുന്ന ഒരുത്തനോടു ചോദിച്ചു: “തിന്മയെന്നാൽ എന്താണ്?” അയാളുടെ മറുപടി: “അന്യൻ എന്റെ കന്നുകാലികളെയും എന്റെ ഭാര്യയെയും മോഷ്ടിച്ചാൽ അതു തിന്മ.”

“നന്മയോ?” പാതിരിയുടെ ചോദ്യം.

“അന്യന്റെ ഭാര്യയെയും കന്നുകാലികളെയും ഞാൻ മോഷ്ടിച്ചാൽ അതു നന്മ.”

നന്മയെ നിർവ്വചിക്കുന്ന വാക്യത്തിൽ നിന്നു “ഭാര്യയെയും കന്നുകാലികളെയും” എന്ന വാക്കുകൾ മാറ്റിയിട്ട് അവിടെ ‘സാഹിത്യസൃഷ്ടികളെ’ എന്ന വാക്കു വയ്ക്കു. കേരളത്തെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കും.