close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 02 17


സാഹിത്യവാരഫലം
Mkn-10.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 02 17
ലക്കം 492
മുൻലക്കം 1985 02 10
പിൻലക്കം 1985 02 24
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

മണ്ണടിക്ഷേത്രത്തിൽ ആശ്രയസ്ഥാനം തേടിയ വേലുത്തമ്പിദളവ കഠാര നെഞ്ചിൽ കുത്തിയിറക്കി ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ അനിയൻ ചേട്ടന്റെ തല വെട്ടിയെടുത്തുകൊണ്ട് ഓടിപ്പോയി. പ്രതികാരതല്പരരായ ഇംഗ്ലീഷുകാർ തലയില്ലാത്തശരീരമെടുത്തു കണ്ണമ്മൂലയിലെ കഴുമരത്തിൽ കെട്ടിത്തൂക്കി. ശതാബ്ദങ്ങൾ കഴിഞ്ഞ് ജനങ്ങൾ അദ്ദേഹത്തിനു തല വച്ചു കൊടുത്ത് തിരുവനന്തപുരത്തെ ഹജൂർക്കച്ചേരിയുടെ മുൻപിൽ പ്രതിഷ്ഠിച്ചു. “വിശാഖം തിരുനാളിന്റെ കാലത്തായിരുന്നെങ്കിൽ ഈ ഉദ്യോഗസ്ഥവ്യഭിചാരിയുടെ കുറുക്ക് കുതിരക്കവഞ്ചികൊണ്ടടിച്ചു കുളംകോരിക്കുമായിരുന്നു” എന്നു ദിവാൻ രാജഗോപാലാചാരിയെക്കുറിച്ച് എഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ അന്നത്തെ സർക്കാർ രാജദ്രോഹത്തിന്റെ പേരിൽ നാടുകടത്തി. സംവത്സരങ്ങൾ കഴിഞ്ഞു. രാമകൃഷ്ണപിള്ള മറുനാട്ടിൽ കിടന്നു മരിച്ചു. കാലമേറെ ചെന്നപ്പോൾ രാമകൃഷ്ണപിള്ളയെ തിരുവനന്തപുരത്തെ അക്കൗണ്ടന്റ് ജനറലാഫീസിന്റെ ഒരു ഭാഗത്ത് പകുതിയായിട്ടാണെങ്കിലും കൊണ്ടിരുത്തി.

ഇവിടെ മാത്രമല്ല പടിഞ്ഞാറൻ ദേശങ്ങളിലും സംഭവിക്കുന്നത് ഇതു തന്നെയാണ്. ഫ്രഞ്ചു വിപ്ലവകാരി ദാങ് തൊങിന്റെ (Danton) കഴുത്തുമുറിച്ചത് അദ്ദേഹത്തിന്റെ കൂട്ടുകാരായിരുന്ന വിപ്ലവകാരികൾ തന്നെയായിരുന്നു. പക്ഷേ കാലം കഴിഞ്ഞപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ പ്രതിമ പാരീസിന്റെ ഒരു ഭാഗത്ത് സ്ഥാപിച്ചു. വാങ്ദൊം (Vendome) കോളത്തിൽ നെപ്പോളിയന്റെ പ്രതിമയുണ്ടായിരുന്നു. അതിനു സമരസന്നദ്ധസ്വഭാവമുണ്ട്. കലാപരമല്ല എന്ന കുറ്റം പറഞ്ഞ് ഫ്രഞ്ച് ചിത്രകാരൻ കൂർബേ (Courbet) അതു പീഠത്തിൽ നിന്ന് ഇളക്കിയെടുത്തു. സർക്കാർ അദ്ദേഹത്തെ ജയിലിലാക്കിയിട്ട് കുറെ പണം ഈടാക്കി. ബാക്കി തുക കൊടുത്തില്ലെങ്കിൽ വീണ്ടും ജയിലിൽ പോകുമെന്നു കണ്ട കൂർബേ സ്വിറ്റ്സർലണ്ടിലേക്കു ഒളിച്ചോടി. അവിടെ എവിടെയോ കിടന്നു മരിച്ചു. ഇപ്പോൾ പാരീസിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു റോഡുണ്ട്. പ്രതിഭാശാലികൾ ജീവിച്ചിരിക്കുമ്പോൾ അംഗീകരിക്കപ്പെടാറില്ല. മരിച്ചു കഴിഞ്ഞാൽ അവരുടെ പ്രതിമകൾ ആവിർഭവിക്കും. അവർക്കുവേണ്ടി കീർത്തിസ്തംഭങ്ങൾ ഉയരും. അതുകൊണ്ട് ജി. ശങ്കരക്കുറുപ്പിന്റെയും ഇടപ്പള്ളി രാഘവൻപിള്ളയുടെയും പി. കുഞ്ഞിരാമൻനായരുടെയും പ്രതിമകൾ നിർമ്മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. മഹാകവി കുമാരനാശാന്റെ കവിത്വത്തെ അവഗണിച്ചിട്ട് അദ്ദേഹത്തെ രണോത്സുകനായി സർവ്വകലാശാല ഓഫീസിന്റെ മുൻപിൽ നിറുത്തിയിരിക്കുന്നു. ക്രിസ്തുസദൃശ്യനായ മഹാത്മഗാന്ധിയുടെ തികച്ചും ബീഭത്സമായ ഒരു പ്രതിമ കിഴക്കേക്കോട്ടയ്ക്ക് അടുത്തുണ്ട്. ഡോ. കെ. ഭാസ്കരൻനായർ എഴുതിയതു പോലെ അന്തിക്കു പിച്ചതെണ്ടിയിറങ്ങിയവന്റെ മട്ടുണ്ട് ആ പ്രതിമയ്ക്ക്. കൂർബേമാർ തിരുവനന്തപുരത്തില്ല എന്നത് വ്യക്തം.

ഞാൻ ഓടട്ടെ

കൂർബേമാരുണ്ടായിരുന്നെങ്കിൽ ദീന പി.കെ. ചന്ദ്രിക ആഴ്ചപ്പതിപ്പിലെഴുതിയ “ഉദയം കാണാത്തവർ” എന്ന കഥയ്ക്കും നാശം വരുമായിരുന്നു. ആഴ്ചപ്പതിപ്പിനോടുള്ള ബഹുമാനംകൊണ്ടു കേരളത്തിലെ കൂർബേ അതിനെ ഒന്നും ചെയ്യുകയില്ല. പക്ഷേ കഥ അച്ചടിച്ച കടലാസ്സു കീറിയെടുത്ത് കാറ്റിൽ പറത്തും. സംശയമില്ല. അത്രയ്ക്കുണ്ട് അതിന്റെ കലാശൂന്യത. ജയറാമിന്റെ കാമുകി അനു മരിച്ചു. ദുഃഖിച്ചു നടന്ന ജയറാമിന് ഗീതി എന്ന പെൺകുട്ടിയെ അയാളുടെ കൂട്ടുകാരൻ ശ്രീനി കാണിച്ചു കൊടുത്തു. അവൾക്ക് അനുവിന്റെ ഛായയുണ്ട്. ഗീതി ജയറാമിന്റെ പ്രേമാഭ്യർത്ഥന നിരാകരിക്കുമ്പോൾ അയാൾ സ്ഥലം മാറ്റം വാങ്ങി പോകുന്നു. ഇത്തരം കഥകളെ വിമർശിക്കുന്നത് ആഖ്യാനപാടവമില്ല, വിഷനില്ല എന്നൊക്കെ പറയുന്നത് — വിമർശനത്തെത്തന്നെ അപമാനിക്കാലാണ്. അതുകൊണ്ടാണ് നിത്യ ജീവിതത്തിലെ ചില സംഭവങ്ങളെടുത്ത് പറഞ്ഞ് ഇവയുടെ കൽസിതത്വത്തെ വ്യഞ്ജിപ്പിക്കുന്നത്. അമ്മട്ടിൽ ഇപ്പോഴും പ്രവർത്തിക്കുന്നു. തിരുവനന്തപുരത്ത് ഒരു ഹനുമാൻ പണ്ടാരമുണ്ടായിരുന്നു. “കിടന്നു പെടുക്കുന്ന പിള്ളേരുണ്ടോ? പള്ളിക്കൂടത്തിൽ പോകാത്ത പിള്ളേരുണ്ടോ? ഉണ്ടെങ്കിൽ ഒരു കിണ്ടി പച്ചവെള്ളവും അവനെയും കൊണ്ടു വാ” എന്ന് ഉറക്കെപ്പറഞ്ഞു കൊണ്ട് ഹനുമാന്റെ മുഖം വച്ചു കെട്ടി തുള്ളുമ്പോൾ കുട്ടി അമ്മയുടെ പിറകുവശത്ത് ഒളിക്കും. പണ്ടാരം തുള്ളി തുള്ളി അടുത്തു വരുമ്പോൾ അവൻ വീടിനകത്തേക്ക് ഓടും. ഈ കഥാപണ്ടാരത്തെക്കണ്ട് പ്രായം കൂടിയ ഞാൻ ഓടുന്നു.

ഏതെല്ലാം കാണുമ്പോൾ ഓടും? അല്ലെങ്കിൽ ഓടാൻ തോന്നും? പുരുഷന്മാർ തമ്മിൽ ചുംബിക്കുമ്പോൾ, സ്ഥാനാർത്ഥി ജീപ്പിൽ വടിപോലെ നിന്ന് ആളുകളെ നോക്കി കള്ളച്ചിരി ചിരിക്കുമ്പോൾ, നവീന സാഹിത്യത്തെ ഉള്ളുകൊണ്ട് അംഗീകരിക്കാത്തവർ ‘പോളിസി’യെന്ന മട്ടിൽ അതിനെ പ്രശംസിക്കുമ്പോൾ, സ്ത്രീ പുരുഷത്വം പ്രദർശിപ്പിക്കുമ്പോൾ, ക്ലാസിൽ അശ്ലീലം പറഞ്ഞിട്ട് പെൺകുട്ടികൾ ചിരിക്കുന്നോ എന്നറിയാൻ വേണ്ടി അവർ ഇരിക്കുന്ന സ്ഥലത്തേക്ക് ഏറുകണ്ണിട്ടുനോക്കുമ്പോൾ, ചെറുപ്പക്കാരിയോടു സംസാരിക്കുന്ന ചെറുപ്പക്കാരൻ കൂടെക്കൂടെ ട്രൗസർ — പോക്കറ്റിൽ കൈയിടുമ്പോൾ… അങ്ങനെ പലതും.

മാധവിക്കുട്ടി

അങ്ങനെ പലതുള്ള ഈ ലോകത്ത് വിരളമായി ഒന്നേയുള്ളൂ. അതാണു ജീനിയസ്സ്. പക്ഷേ ‘ജീനിയസ്സ്’. ‘മാസ്റ്റർപീസ്’ ഈ വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കണമെന്നു ജെ. ബി. പ്രീസ്റ്റ്‌ലി പറഞ്ഞിട്ടുണ്ട്. ലോകമാകെ നോക്കിയാലും ‘മാസ്റ്റർപീസു’കളും ‘ജീനിയസ്സു’കളും വളരെക്കുറച്ചേ ഉള്ളൂവെന്ന് അദ്ദേഹം ക്യൂബൻ നോവലിസ്റ്റ് ആലേഹോ കാർപന്റ്യെറുടെ The lost steps എന്ന നോവലിനു എഴുതിയ അവതാരികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രീസ്റ്റ്‌ലിയോട് ആരും യോജിക്കും. യോജിച്ചുകൊണ്ടു തന്നെ മാധവിക്കുട്ടി ജീനിയസ്സാണെന്ന് അവർ സമ്മതിക്കുകയും ചെയ്യും. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീമതി എഴുതിയ “ആനമലയിൽ” എന്ന കൊച്ചു ലേഖനം നോക്കിയാലും. മനുഷ്യന്റെ ഏകാന്തതയെ മാധ്വിക്കുട്ടി എത്ര ചേതോഹരമായി ആവിഷ്കരിച്ചിരിക്കുന്ന! “Man’s life is thought and he despite his terror cannot cease. Ravening through century after century. That he may come. Into the desolation of reality” എന്ന് യേറ്റ്സ്.യാഥാർത്ഥ്യത്തിന്റെ ഈ വിവിക്തതയിൽ മാധവിക്കുട്ടി എത്തിയതിന്റെ ഫലമെന്തെന്ന് അറിയണമെങ്കിൽ മാതൃഭൂമിയിലെ കവിതപോലെ സുന്ദരമായ ലേഖനം വായിക്കണം. ഭാവന കൊണ്ട് ഏകാന്തതയെ ആകർഷകമാക്കിയിരുന്നു അവർ.

* * *

E = mc2 എന്ന സമവാക്യം പ്രപഞ്ചരഹസ്യം അനാവരണം ചെയ്തു. ‘ഹാംലിറ്റ്’ എന്ന നാടകം മറ്റൊരു മഹാരഹസ്യം സ്പഷ്ടമാക്കി. ഐൻസ്റ്റൈനും ഷേക്സ്പിയറും ശൂന്യതയിൽ നിന്ന് ചിരസ്ഥായിത്വമുള്ള ചില കാര്യങ്ങൾ സൃഷ്ടിക്കുകയായിരുന്നു. അതിന് അവരെ സഹായിക്കുന്ന ശക്തിവിശേഷത്തിന്റെ സ്വഭാവത്തെക്കുറിച്ച് നമുക്കൊന്നും അറിഞ്ഞുകൂടാ.

ക്രാങ്ക്

അനിയത സ്വഭാവം കാണിക്കുന്നവരാണ് ‘ക്രാങ്കു’കൾ. ഇവർ ശാസ്ത്രത്തിലുണ്ട്, സാഹിത്യത്തിലുണ്ട്… സൗദി അറേബ്യയിൽ മഹാവിഷ്ണുവിന്റെ ജനനം കണ്ടുപിടിക്കുകയും, പാൽക്കുളങ്ങര സരസ്വതി അമ്മയേയും കെടാമംഗലം പപ്പുക്കുട്ടിയെയും മഹാകവികളായി കാണുകയും ചെയ്ത എ. ബാലകൃഷ്ണപിള്ള നമ്പർ ഒൺ ക്രാങ്കാണ്.

അനിയത സ്വഭാവം കാണിക്കുന്നവരെ ‘ക്രാങ്കു’കൾ (Cranks) എന്നു വിളിക്കും. ഇവർ ശാസ്ത്രത്തിലുണ്ട്, സാഹിത്യത്തിലുണ്ട്. സ്റ്റോവ് കൊണ്ട് അരിയിൽ എഴുതി ഭാവികാലസംഭവം വെളിപ്പെടുത്തുന്നവർ ക്രാങ്കുകളാണ്. ഏതാണ്ടൊരു ന്യൂറോസിസാണ് അതിന് ഹേതു. Worlds in Collission തുടങ്ങിയ ഗ്രന്ഥങ്ങൾ എഴുതിയ വെലികോവ്സ്കി എന്ന പടിഞ്ഞാറൻ വ്യക്തി വലിയ ക്രാങ്കാണ്. സൗദി അറേബ്യയിൽ മഹാവിഷ്ണുവിന്റെ ജനനം കണ്ടുപിടിക്കുകയും, പാൽക്കുളങ്ങര സരസ്വതി അമ്മയേയും കെടാമംഗലം പപ്പുക്കുട്ടിയെയും മഹാകവികളായി കാണുകയും ചെയ്ത എ. ബാലകൃഷ്ണപിള്ള നമ്പർ ഒൺ ക്രാങ്കാണ്. കാവ്യകവികൾ (poetic poets) തങ്ങളുടെ ജീവിതകാലത്ത് ജനസമ്മതി നേടുകയില്ല. ഗദ്യകവികൾ (prosaic poets)മഹാ യശസ്കരാവുകയും ചെയ്യും. അതുപോലെ സത്യത്തിന്റെ നാദമുയർത്തുന്ന കവികളും ശാസ്ത്രജ്ഞരും അവരുടെ ജീവിതകലത്ത് അവഗണിക്കപ്പെടും. അസത്യത്തിന്റെ ഭാഷയിൽ കവിതയെഴുതുന്നവർ, നോവലെഴുതുന്നവർ , ശാസ്ത്രസിദ്ധാന്തം ആവിഷ്കരിക്കുന്നവർ ഇവരൊക്കെ കൊണ്ടാടപ്പെടുകയും ചെയ്യും.

ഇതേപ്പറ്റി കോട്ടയം ചന്തയിലൊരു കഥയുണ്ട്. പുതുതായി ഒരു ‘മ’ പ്രസിദ്ധീകരണം ആരംഭിക്കാൻ ശ്രമിച്ച ചിലർ മുട്ടത്തുവർക്കിയെപ്പോയി കാണുന്നു. ഒരു നോവൽ വേണം. മുട്ടൻ അവരോടു തിരക്കുന്നു, എത്ര രൂപ കൊണ്ടുവന്നിട്ടുണ്ടെന്ന്. ‘രണ്ടായിരം രൂപ ചെറിയൊരു അഡ്വാൻസായിട്ട്’. മുട്ടൻ (ഇത് ദീപികയാപ്പീസിൽ അദ്ദേഹത്തെ വിളിച്ചിരുന്ന ഓമനപ്പേരാണ്.) അല്പം ആലോചിച്ചിട്ട് പറയുന്നു: “നിങ്ങൾ ഇതാ തകഴിക്കോ മറ്റോ കൊടുത്തു വല്ലതും എഴുതിത്തരാൻ പറ. എനിക്കു സമയമുണ്ടാകുമെന്നു തോന്നുന്നില്ല”. ഈ ഭാഗം കലാകൗമുദിയിൽ വായിച്ചപ്പോൾ പൂർവ്വഖണ്ഡികയിൽ സ്ഫുടീകരിച്ച സത്യം കൂടുതൽ ബലപ്പെട്ടുവരുന്നതായി എനിക്കു തോന്നി.

നോട്ടവും അതിഭാവുകത്വവും

രണ്ടുപേർ തമ്മിൽ കാണുകയും കണ്ണുകൾ തമ്മിലുള്ള ബന്ധം ഉളവാക്കുകയും ചെയ്യുമ്പോൾ പെട്ടെന്നുള്ള ഒരു സംഘട്ടനാവസ്ഥയിൽ തങ്ങൾ ചെന്നുവീണതായി അവർക്കു തോന്നും. അവർക്ക് അന്യോന്യം നോക്കണം. അതേസമയം അവർക്ക് നോക്കാതിരിക്കുകയും വേണം — ഏതാണ്ടിങ്ങനെ ഡെസ്മണ്ട് മോറിസ് പറഞ്ഞിട്ടുണ്ട്. രണ്ടുപേർക്കും മാന്യതയുണ്ടെന്ന് തെളിയുന്നു. പുരുഷന് സ്ത്രീയെ നോക്കാൻ കൗതുകം. സ്ത്രീക്ക് പുരുഷനെ നോക്കാനും. പരസ്പരം നോക്കുന്നു. പക്ഷേ നോട്ടത്തിന് ആക്രമണസ്വഭവമുള്ളതായി രണ്ടുപേർക്കുമറിയാം. അതുകൊണ്ട് പുരുഷൻ നോട്ടം പിൻവലിച്ച് ദൂരെ നോക്കുന്നു. പുരുഷനേക്കാൾ വേഗത്തിൽ സ്ത്രീ ദൂരെ നോക്കിക്കളയും. ആദ്യം പറഞ്ഞതുപോലെ രണ്ടുപേർക്കും മന്യതയുള്ളതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. എന്നാൽ പല പുരുഷന്മാരും മാന്യരല്ല. അവർ തുറിച്ചു നോക്കും, സ്ത്രീകളെ. കടന്നുപൊയ്ക്കഴിഞ്ഞാൽ തിരിഞ്ഞുനോക്കുന്ന പുരുഷന്മാർ ധാരാളം. സ്ത്രീ മാന്യതയുള്ളവളാണെങ്കിലും ശരി, ഇല്ലാത്തവളാണെങ്കിലും ശരി – ഇടവിടാതെയുള്ള പുരുഷന്റെ നോട്ടം അവൾക്കിഷ്ടമില്ല. അതുകൊണ്ട് ‘നോട്ടക്കാരൻ’ ദൂരെ നിന്ന് വരുന്നതു കാണുമ്പോൾ തന്നെ അവർ മറുവശത്തേക്ക് നോക്കിക്കൊണ്ട് കടന്നു പോകും. പുരുഷന്മാർ തുറിച്ചു നോക്കുമ്പോൾ സ്ത്രീ തല താഴ്ത്തിയാലോ? ‘നിങ്ങളുടെ പൗരുഷത്തെ, ശക്തിയെ ഞാൻ അംഗീകരിക്കുന്നു. എന്റെ സ്ത്രീത്വവും, എന്റെ ശക്തിയില്ലായ്മയും അവയ്ക്കു താഴെയാണ്’ എന്നാണ് അതിന്റെ അർഥം.

ഡോക്ടർ ജെ. കട്ടയ്ക്കൽ ദീപിക ആഴ്ചപ്പതിപ്പിലെഴുതിയ “ടീച്ചറേ, മരിച്ചാലും ഞാൻ മറക്കുകയില്ല.” എന്ന സെന്റിമെന്റൽ സ്റ്റോറിയിൽ ഏറുകണ്ണിട്ട് ചെറുപ്പക്കാരനെ നോക്കുന്നത് അവനേക്കാൾ പ്രായമുള്ള തരുണിയാണ്. ആ നോട്ടം പ്രേമമായി വികസിക്കുന്നു; ദുരന്തം സംഭവിക്കുന്നു.

* * *

വിരലുകളുടെ എക്സ്റ്റൻഷൻ സ്പൂൺ. കണ്ണുകളുടെ എക്സ്റ്റൻഷൻ ടെലിസ്കോപ്പ്. രോഗിയുള്ള വീടിന്റെ എക്സ്റ്റൻഷൻ ആശുപത്രി (പരകീയങ്ങളായ ആശയങ്ങൾ. ഒരമേരിക്കൻ സ്യൂഡോ ചിന്തകന്റേതാണ്.). സുന്ദരിയായ തരുണിയെ കാണുമ്പോൾ പുരുഷന്റെ മനസ്സിലുണ്ടാകുന്ന ഇമേജിന്റെ എക്സ്റ്റൻഷൻ തരുണികലുടെ നഗ്നചിത്രങ്ങൾ.

സരസ്വതി ഓടുന്നു

പതിനാറുകൊല്ലമായി ഈ ലേഖനപരമ്പര എഴുതുന്നു. മൂല്യനിർണ്ണയം തെറ്റിപ്പോയിരിക്കാം. പക്ഷേ, ഈ പതിനാറു കൊല്ലത്തിനിടയ്ക്ക് ഒരു തവണ പോലും കള്ളം പറഞ്ഞിട്ടില്ല. ജീവിതത്തിലൊരിക്കലും മറക്കാനാവത്ത ഉപകാരങ്ങൾ ചെയ്ത ചില സാഹിത്യകാരന്മാർ തങ്ങളുടെ പത്താം തരം കൃതികളെക്കുരിച്ച് അനുകൂലമായി ഈ പംക്തിയിൽ എഴുതണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എഴുതിയിട്ടില്ല. ശത്രുക്കളുടെ കൃതികൾ നല്ലതെന്നു കണ്ടാൽ വാഴ്ത്തിയിട്ടുണ്ട്; മിത്രങ്ങളുടെ കൃതികൾ മോശമാണെന്നു കണ്ടാൽ നിന്ദിച്ചിട്ടുമുണ്ട്. ഇതിന്റെയൊക്കെ ഫലം കടുത്ത ശത്രുത. ശത്രുത കൊണ്ട് എന്നെ അവഗണിക്കുന്നു, ഇവിടത്തെ സഹിത്യകാരന്മാർ. ഈ അവഗണന എന്നെ സ്പർശിക്കുന്നില്ലെന്ന് കണ്ടപ്പോൾ ശത്രുക്കൾ പുച്ഛിച്ച് ചിരിക്കാൻ തുടങ്ങി. അതും വിഫലീഭവിച്ചപ്പോൾ ടെലിഫോണിൽ വിളിച്ച് തെറിപറായാൻ തുടങ്ങിയിരിക്കുന്നു. ഇതു കൊണ്ടൊന്നും ആരും ഒന്നും നേടാൻ പോകുന്നില്ല. തെറി വിളിച്ചതു കൊണ്ടോ, അടിച്ചതു കൊണ്ടോ, കൊല്ലാൻ വന്നതു കൊണ്ടോ സത്യം പറയാനുള്ള അഭിലാഷം ഇന്നുവരെ കെട്ടടങ്ങിയിട്ടില്ല. ആ സത്യാന്വേഷണ താല്പരത്വത്തോടു കൂടി എഴുതട്ടെ. എൻ. വി. ദേവൻ മനോരാജ്യം വാരികയിലെഴുതിയ “രണ്ടാം ജന്മം” എന്ന കഥ സാഹിത്യത്തെ നോക്കിയുള്ള കൊഞ്ഞനം കാണിക്കലാണെന്ന്. ബസ്സ് അപകടമുണ്ടായിയെന്ന് കേട്ട ഭർത്താവിന് പേടി ഭാര്യ ആ ബസ്സിൽ ഉണ്ടായിരുന്നോ എന്ന്. വീട്ടിൽ അയാൾ ചെന്നപ്പോൾ ഭാര്യ അവിടെയുണ്ടെന്നു കണ്ടു. അവൾ ആ ബസ്സിൽ കയറിയില്ലത്രേ. വെറും കൊഞ്ഞനം കുത്തലല്ല ഇത്. ഇടതു തള്ളവിരൽ മൂക്കിന്റെ അറ്റത്തു വച്ച് മൂക്കുയർത്തി നാസാ രന്ധ്രങ്ങൾ ഗുഹപോലെയാക്കി തൊണ്ടക്കുഴി കാണുന്നതു വരെ നാക്കുനീട്ടിക്കാണിക്കലാണിത്. സരസ്വതീദേവി എന്നെപ്പോലെ ക്ഷോഭിക്കാതിരിക്കുന്നില്ല. അവൾ വളരെ സെൻസിറ്റീവാണ്. പാവം പുറംതിരിഞ്ഞ് ഓടുന്നു.

തിക്കുറിശ്ശി

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സച്ചിദാനന്റേതായി “രാമനാഥൻ പാടുമ്പോൾ” എന്നൊരു രചനയുണ്ടായിരുന്നു. അതിന് തിക്കുറിശ്ശി സുകുമാരൻ നായർ ഒരു ഹാസ്യാനുകരണം രചിച്ചിരിക്കുന്നു.

സച്ചിദാനന്ദൻ

മൗനത്തിന്റെ ഇടവേളകൾക്കു കുറുകേ
നാദത്തിന്റെ പൊന്മാൻ ചാടുന്നു.
സ്ഥലചരങ്ങളോടും ജലചരങ്ങളോടും
രാമൻ അവന്റെ വ്യാകുലമായ ചോദ്യമാവർത്തിക്കുന്നു.

തിക്കുറിശ്ശി

സ്റ്റേഡിയത്തിന്റെ ഇടനാഴികൾക്കു നെടുകേ
ഭാരതത്തിന്റെ പൊൻമാൻ ചാടുന്നു
സ്തനചലനങ്ങളോടും ജഘനചലനങ്ങളോടും
ഉഷ അവളുടെ വ്യാപകമായ ഓട്ടമാവർത്തിക്കുന്നു.

സച്ചിദാനന്ദൻ

ത്യാഗരാജന്റെ മറഞ്ഞുപോയ സീതമ്മ
വാടാത്ത അശോക വനിയായി പൂത്തുയരുന്നു

തിക്കുറിശ്ശി

ഒളിമ്പിക്സിൽ പരാജിതയായ വൽസമ്മ
വാടിയ അശോകവനി പോലെ പൂക്കാതെ നിൽക്കുന്നു.

(ഈനാട് 25-1-85)

അമിതത്വമാണ് സച്ചിദാനന്ദന്റെ രചനകളുടെ ദോഷം. അലങ്കാര പ്രയോഗത്തിൽ, പദസന്നിവേശക്രമത്തിൽ, ഇമേജുകളുടെ നിവേശത്തിൽ ഒക്കെ ഈ ആധിക്യം കാണാം. ‘കട്ടിലിൽ മേഘത്തുണ്ട്, ആകാശത്തിൽ വെളുത്ത കിടക്ക – ടോർച്ച് ലൈറ്റിനകത്ത് നക്ഷത്രം. അന്തരീക്ഷത്തിൽ സീറോവാട്ട് ബൾബ്’ എന്ന മട്ടിൽ ഇമേജുകളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള മാറ്റം. ഇതും അമിതത്വത്തിന്റെ ഒരു ഭാഗമാണ്. രചനയിൽ ആധിക്യത്തിന്റെ ദോഷമുണ്ടാകുമ്പോൾ ഭാവശില്പം തകരും. ഈ തകർച്ച കണ്ട് ജനിക്കുന്ന പരിഹാസമാണ് പാരഡിയുടെ ജനനത്തിന് ഹേതുവാകുന്നത്. തിക്കുറിശ്ശിയുടെ പാരഡി അസ്സലായിട്ടുണ്ട്. സച്ചിദാനന്ദൻ “ജലത്തിന്റെ ഹിന്ദോളം” എന്നു പറയുമ്പോൾ തിക്കുറിശ്ശി “വികാരത്തിന്റെ വെപ്രാളം” എന്നു പറയുന്നു. “ഹിമവലയങ്ങളുടെ ശങ്കരാഭരണം” എന്ന് സച്ചിദാനന്ദൻ. “പരാജയ പ്രതീക്ഷയുടെ സങ്കടാവരണം” എന്ന് തിക്കുറിശ്ശി. പാരഡിക്ക് ഹാസ്യാനുകരണമെന്നാണ് തർജമയെങ്കിലും, തിക്കുറിശ്ശിയുടേത് വെറും അനുകരണമല്ല. അത് മൗലികമാണ്. ഹാസ്യാത്മകമാണ്.

മണൽക്കാട്ടിലെ റോസാപ്പൂവ്

അരയന്നങ്ങൾ ജലാശയത്തിൽ ആകർഷകമായി നീന്തുമ്പോൾ താറാവുകൾ കഴുത്തുവളച്ച് ആ ജലാശത്തിന്റെ ഉപരിതലത്തെ ചുണ്ടുകൾ കൊണ്ട് സ്പർശിക്കുകയും വൃത്തികെട്ട ശരീരചലനങ്ങളോടു കൂടി നീന്തുകയും ചെയ്യുന്നു. യേശുദാസൻ പാടുന്നു, തീവണ്ടിയിലെ യാചകൻ യാത്രക്കാരുടെ കാതു പൊളിക്കുന്നു. ചങ്ങമ്പുഴ പാടി, കെ. പി. ജി. നമ്പൂതിരി ഗർജ്ജിച്ചു. ചെറുകഥാരചനയെന്ന പേരിൽ സമുദായദ്രോഹികൾ മനുഷ്യരെ കഷ്ടപ്പെടുത്തുമ്പോൾ എസ്. മഹാദേവൻ തമ്പി അവർക്ക് നല്ല കഥ പ്രദാനം ചെയ്ത് ആശ്വാസമരുളുന്നു. ഭൂപരിഷ്കരണ നിയമം വന്നപ്പോൾ ജന്മിയായ നമ്പൂതിരി ദരിദ്രനായി, പാട്ടക്കാർ സമ്പന്നരും. നമ്പൂതിരിയുടെ ഭാര്യ കുളത്തിൽ ചാടി ചത്തു. പെൺകുട്ടികൾ അവിവാഹിതകളായി ഇരുന്നു. മരണത്തിലേക്ക് നീങ്ങുന്ന നമ്പൂതിരിയുടെ ദയനീയാവസ്ഥ കണ്ട് സമ്പന്നനായ ഒരു പാട്ടക്കാരൻ പശ്ചാത്താപവിവശനായി നല്ലൊരു തുക അദ്ദേഹത്തിന് കൊടുക്കുന്നു. അഭിമാനിയും ആത്മധീരനും അഭിജാതനുമായ നമ്പൂതിരി അതു വാങ്ങാതെ നടന്നുപോകുന്നു. ആർദ്രീകരണ ശക്തിയുള്ള കഥ. മണൽക്കാട്ടിൽ വിരിഞ്ഞു നിൽക്കുന്ന ഒറ്റ റോസാപ്പൂവ് (അഗ്നിജ്വാലകൾ എന്ന കഥ കുങ്കുമം വാരികയിൽ).

അബ്ബാസ് പറയുന്നു

Asian Literary Market Review എന്ന പ്രസാധനത്തിൽ (കോട്ടയത്തെ കുറിച്ചി എന്ന സ്ഥലത്തു നിന്ന് കെ. പി. പുന്നൂസ് പ്രസിദ്ധപ്പെടുത്തുന്നത്) ക്വാജ അഹമ്മദ് അബ്ബാസ് ‘They need each other’ എന്നൊരു ലേഖനമെഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നു:

…“Thakazhi Sivasankara Pillai can afford to write his novels in peace and security because he lives modestly in a village and book lovers in Kerala are many and the co-operative Society of Malayalee authors can bring out editions in several thousands and pay thirty percent royalty to the authors— including Thakazhi.”

തകഴി ശിവശങ്കരപ്പിള്ളയെക്കുറിച്ച് അബ്ബാസ് പറയുന്നത് ശരിയാവാം. പക്ഷേ കഴിവുള്ള എല്ലാവർക്കും പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്താൻ സാധിക്കുന്നില്ല. ഇന്നത്തെ പ്രസിദ്ധരായ നോവലിസ്റ്റുകൾക്കും കവികൾക്കുമുള്ള കഴിവിന്റെ ആയിരമിരട്ടി വൈദഗ്ധ്യമുള്ളവർ കൈയെഴുത്തു പ്രതികൾ അലമാരിയിൽ വച്ച് മിണ്ടാതിരിക്കുന്നു. ജന്മനാ എഴുത്തുകാരായ അവർക്ക് കൃതികൾ പ്രസിദ്ധപ്പെടുത്താൻ സൗകര്യം കിട്ടുന്നില്ല. ക്ലിക്കുകളിലെ അംഗങ്ങളായാലേ കേരളത്തിൽ ഗ്രന്ഥപ്രസിദ്ധീകരണത്തിനു, സൗകര്യം ലഭിക്കൂ.

നിർവ്വചനങ്ങൾ

ജയന്തിജനത, കെ. കെ. എക്സ്പ്രസ്സ്
ഉച്ചയ്ക്കും രാത്രിയിലും കൊടുക്കുന്ന ചോറുകൊണ്ട് യാത്രക്കാർക്ക് ‘ഗാസ്ട്രോ എന്ററൈറ്റിസ്’ എന്ന രോഗം പ്രദാനം ചെയ്യുന്ന തീവണ്ടികൾ
പോപ് ഡാൻസ്
ആഭാസം
ഈ. വി., സി. വി. കുഞ്ഞുരാമൻ, സഞ്ജയൻ
മനോഹരമായ മലയാളം എഴുതാൻ കഴിഞ്ഞവർ
കവിയരങ്ങുകൾ
പ്രസിദ്ധപ്പെടുത്തിയതും പല സ്ഥലങ്ങളിലും ചൊല്ലിയതുമായ കാവ്യങ്ങൾ പിന്നീടും ചൊല്ലി ശ്രോതാക്കളെ പീഡിപ്പിക്കുന്ന സമ്പ്രദായം.
സിനിമയിലെ ഡാൻസ്
ഉഡാൻസ്
തിരുവനന്തപുരം
ക്ലിക്കുകളുടെ ഭാരം കൊണ്ട് അനന്തന്റെ പത്തിക്ക് വേദനയുളവാക്കുന്ന പട്ടണം.
നവീന കവിത
വ്യാകരണം അറിയാത്തവർ ആധുനികോത്തരം എന്ന് വിളിക്കുന്നത്. എനിക്ക് മനസ്സിലാകാത്തതുകൊണ്ട്, എനിക്ക് ഒരു ഉപദ്രവവും ചെയ്യാത്തത്.

കമന്റുകൾ

സ്കൂളിൽ ഉച്ചയ്ക്ക് ഉപ്പുമാവുണ്ടെന്ന് പറഞ്ഞ മകനെ അമ്മ അടിക്കുന്നു. റഷീദ് പരപ്പനങ്ങാടിയുടെ “മമ്മിയുടെ ദുഃഖം” എന്ന കഥ (ചന്ദ്രിക‌) — കത്തികൊണ്ട് കുത്താൻ വരുന്നവനെ കണ്ടാൽ ഓടി രക്ഷപ്പെടാം. ഇത്തരം കഥകളിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല.

“എന്റെ മൗനപ്പൊന്നമ്പലത്തിലെ മഞ്ജുളാരാദ്ധ്യ ശില്പമേ” സഖി വാരികയിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ കാവ്യത്തിന്റെ തുടക്കം — ഇത്തരം കാവ്യങ്ങൾ പതിവായി വായിക്കുന്നത് കൊള്ളാം. ചെയ്ത പാപങ്ങൾ കുറഞ്ഞുകുറഞ്ഞ് തീരെയില്ലാതെയായി സ്വർഗ്ഗത്തു പോകാം. “ഈയാഴ്ച” വാരികയിലെ (ലക്കം 13) കുട്ടൻ എന്ന ഹാസ്യചിത്രം — അസഹനീയം. ഇസ് എ മൈൽഡ് എക്സ്പ്രഷൺ.

* * *

എം. ടി. വാസുദേവൻ നായരുടെ “രണ്ടാമൂഴം” എന്ന നോവലിനെക്കുറിച്ച് യുവാവായ ഒരു നിരൂപകൻ എന്നോടു ചോദിച്ചു: “എം. ടി. മഹഭാരതത്തെ ‘ഡിമിസ്റ്റിഫൈ’ ചെയ്തിരിക്കുകയാണെന്നറിയാമോ?” ഞാൻ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. “രണ്ടാമൂഴം” വായിച്ചിട്ടില്ലാത്തതുകൊണ്ട്. സാഹിത്യകാരൻ ഒരു മായാദർശനം ഉളവാക്കി ഏതിനെയും ആദ്ധ്യാത്മിക പരിവേഷത്തിനകത്ത് ആക്കുകയാണ്. ആ മായാദർശനത്തെ, മിഥ്യയെ തകർക്കുകയാണ് തത്വചിന്തകൻ. ഞാനിങ്ങനെ വിചാരിച്ചെങ്കിലും ആ യുവാവിനോട് അതു പറഞ്ഞില്ല.