സാഹിത്യവാരഫലം 1985 08 04
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1985 08 04 |
പുസ്തകം | 517 |
മുൻലക്കം | 1985 07 28 |
പിൻലക്കം | 1985 08 11 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
കാലം! അതിനൊട്ടും കാരുണ്യമില്ല. വസ്തു സുന്ദരമാകട്ടെ, അസുന്ദരമാകട്ടെ. അതിനെ നശിപ്പിച്ചുകൊണ്ടുകാലം പുതിയ വസ്തുവിനെ സൃഷ്ടിക്കുന്നു. അതിനെയും നിഗ്രഹിച്ചുകൊണ്ടു നൂതനമായതിനെ നിര്‍മ്മിക്കുന്നു. ശുചീന്ദ്രത്തുനിന്നു് ഏതാനുംനാഴിക കിഴക്കോട്ടുപോയാല്‍ മരുത്വാമലയില്‍ ചെല്ലാം. അതിന്റെ താഴ്‌വരയില്‍ വലിയ ചുറ്റളവില്‍ ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. ഏതോ രാജാവു് ശത്രുക്കളെ ഭയന്നു കെട്ടിയതാവണം ആ കോട്ട. അതിനുള്ളില്‍ അദ്ദേഹം ഭയരഹിതനായി, ആഹ്ളാദഭരിതനായി വാണരുളിയിരിക്കണം. കാലം കൈയമര്‍ത്തി. രാജാവു് പോയി. കോട്ട പോയി. എന്റെ കുട്ടിക്കാലത്തു് തിരുവനന്തപുരത്തെ ചെമ്മണ്ണു നിറഞ്ഞ വഴികളില്‍കൂടി സന്ധ്യാവേളയില്‍ നടന്നാല്‍ ഓരോ ഭവനത്തില്‍നിന്നും “രാമ രാമ പാഹിമാം” എന്നു് ഈണത്തില്‍ പ്രാര്‍ത്ഥനാഗാനമുയരുന്നതു കേള്‍ക്കാം. നോക്കൂ. കത്തിച്ചുവച്ച വിളക്കിന്റെ ചേതോഹരമായ ദീപത്തിനുചുറ്റും ബാലികമാര്‍ ഇരിക്കുന്നു. അവരുടെ ചെറിയ ഗളനാളങ്ങളില്‍നിന്നുയരുന്ന ആ ഗാനങ്ങള്‍ ഹിന്ദുക്കളല്ലാത്തവരെയും കോരിത്തരിപ്പിക്കും. കാലം കൈയമര്‍ത്തി. അവര്‍ പോയി. ഇന്നു നിലവിളക്കില്ല. പകരം ടെലിവിഷനുണ്ടു്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും പുസ്തകങ്ങള്‍ ദൂരെയെറിഞ്ഞു് അതിനടുത്തു് ഇരിക്കുന്നു. ‘ചിത്രഗീതം.’ കുളികഴിഞ്ഞു് ഈറന്‍ തുണിയോടെ കരയ്ക്കുകയറുന്ന നായികയെ നേരത്തെ കളത്തില്‍ ചാടിയിട്ടു് കരയില്‍ കയറിനിന്ന നായകന്‍ കെട്ടിപ്പിടിക്കുന്നു. ചുംബനം പാടില്ല. അതുകൊണ്ടു ചുംബനത്തോളം എത്തുന്ന അധരസ്പര്‍ശം കാണിക്കുന്നു. പിന്നീടു് നായിക ഡാന്‍സ് എന്ന മട്ടില്‍ ചന്തിയും മുലയും കുലുക്കിക്കാണിക്കുന്നു. നായകന്‍ ഒട്ടിയ പൃഷ്ഠം പാന്റ്സിലൂടെ കാണിച്ചുകൊണ്ടു് യഥാര്‍ത്ഥത്തില്‍ ഉഡാന്‍സായ ഡാന്‍സ് നടത്തുന്നു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും രസം. കാലം കൈയുയര്‍ത്തി നില്‍ക്കുന്നു. വളരെ വൈകാതെ അതു താഴത്തേക്കു പോരും. പക്ഷേ “കാലത്തിന്റെ കരുത്തേറിയ കരങ്ങള്‍”ക്കു് ഒന്നും ചെയ്യാനാവാത്തതായ ഒരെണ്ണമുണ്ടു്. അതാണു് ‘തപ്പും തുടിയും’. പല്ലുപോയ ചില കിഴവന്മാര്‍ തോലുപൊതിഞ്ഞ ഒരു വട്ടം കൈയിലെടുത്തു് അതിലടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടു് സംഗീതത്തെ കൊല്ലുന്നു. ‘ഫോള്‍ക്ക് ആര്‍ട്’ എന്നാണു് അതിന്റെ പേരു്. അതിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണു്. കാലം പല സര്‍ക്കാരുകളെയും തകര്‍ത്തിട്ടുണ്ടെങ്കിലും തപ്പും തുടിയും എന്നതിനോടു് അതിനു് ഒന്നുംചെയ്യാന്‍പറ്റില്ല. അതിനാല്‍ ടെലിവിഷന്‍ ഉള്ളകാലംവരം ഈ ബീഭത്സത മനുഷ്യരെ ആക്രമിച്ചുകൊണ്ടിരിക്കും.
മഹനീയമായ കാലമേ, നിന്നെ ക്ഷുദ്രമായ ‘തപ്പു തുടിയും’ എന്ന ഗര്‍ഹണീയതയോടു ബന്ധപ്പെടുത്തിയ എന്റെ അനൗചിത്യത്തിനു മാപ്പുതരൂ. നിനക്കു പരാജയം സംഭവിക്കുന്ന ഉത്കൃഷ്ടങ്ങളായ സ്ഥലങ്ങളും സംഭവങ്ങളും വേറെയുണ്ടു്. വാല്മീകിരാമായണത്തെ, മഹാഭാരതത്തെ, കാളിദാസകൃതികളെ, ഷേക്‍സ്പിയര്‍ നാടകങ്ങളെ നിനക്കു സ്പര്‍ശിക്കാനാവുമോ? ഇല്ല. അതു പറഞ്ഞാല്‍ നിനക്കു വല്ലായ്മയുണ്ടാവുകയില്ല. അപകൃഷ്ടമായതിനോടു ബന്ധപ്പെടുത്തി നിന്റെ പരാജയത്തെക്കുറിച്ചു ഞാന്‍ പറയാന്‍ പാടില്ലായിരുന്നു.
Contents
പരുക്കന്‍ സ്പര്‍ശം
പറയാന്‍ പാടില്ലായിരുന്നുവെന്നു പിന്നീടു പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും പറഞ്ഞുപോയിട്ടുണ്ടു്. ഇതെഴുതുന്ന കാലംവരെ പറയേണ്ടതായുംവരും. കത്സിത രചനകള്‍ സമുദായദ്രോഹമാണല്ലോ. അതു കണ്ടുകൊണ്ടു മൗനം അവലംബിക്കുന്നതു ശരിയല്ല. കഴിവുകേടിന്റെ വിരൂപമായ ആകൃതി കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുന്ന ഒരു ചെറുകഥയുണ്ടു് ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ 50-ആം ലക്കത്തിൽ. സുപ്രസാദ് തറോപ്പൊയില്‍ എഴുതിയ ‘എങ്കിലും അച്ഛാ ഇതു വേണ്ടായിരുന്നു’ എന്ന കഥ. അച്ഛനെന്താണു് മകനെ വിഷാദത്തില്‍ എറിയുന്ന മട്ടില്‍ ചെയ്തുകളഞ്ഞതു്? മകന്‍ ഒന്നാംക്ലാസ്സില്‍ ജയിച്ചിട്ടും അവനു ജോലികിട്ടിയില്ല. പെണ്‍പിള്ളേര്‍ സ്ഥിരം ശൈലിയില്‍ പുരനിറഞ്ഞു നില്ക്കുന്നു. കിട്ടുന്ന പണംകൊണ്ടു് റേഷനരിപോലും വാങ്ങാന്‍ വയ്യ. ഈ കഷ്ടതയ്ക്കൊക്കെ എളുപ്പമാര്‍ന്ന പരിഹാരമുണ്ടു്. അച്ഛന്‍ ആത്മഹത്യചെയ്തു. ഇങ്ങനെ എത്രയെത്ര ആത്മഹത്യകള്‍ ഈ ലോകത്തു നടക്കുന്നു! അതു് സാഹിത്യത്തിനു വിഷയമാകാം. വിഷയമായാല്‍ മാത്രം പോരല്ലോ. അസദൃശമായ രീതിയില്‍ അതു പ്രതിപാദിക്കപ്പെടണം. നൂതനമായ ഉള്‍ക്കാഴ്ച വേണം. ആയിരമായിരം വര്‍ഷങ്ങളായി ആ വിഷയം ആരും മഷികൊണ്ടുതൊട്ടിട്ടില്ല എന്നു വായനക്കാരനു തോന്നണം. ഇതൊക്കെ ഉണ്ടാവണമെങ്കില്‍ എഴുത്തുകാരന്‍ പ്രതിഭാശാലിയായിരിക്കണം. ഈ കഥാകാരന്‍ പ്രതിഭാദരിദ്രനാണു്. അദ്ദേഹത്തിനു കഥയെഴുതാനറിഞ്ഞു കൂടാ. ഉപന്യാസമെഴുതാനേ അറിയൂ. ജോലിചെയ്തു തഴമ്പുവീണ കൈകൊണ്ടു പതിനെട്ടുവയസ്സായ ജോലിക്കാരിപ്പെണ്ണു് ഗൃഹനായകന്റെ മകനും സുന്ദരനുമായ യുവാവിന്റെ പട്ടുപോലുള്ള കൈയില്‍ കയറിപ്പിടിച്ചാല്‍ അവനു് എന്തുതോന്നും? എന്തുതോന്നുമോ അതാണു് ഇക്കഥവായിച്ചപ്പോള്‍ എനിക്കു തോന്നിയതു്. കൈ മരംപോലെയാണെങ്കിലും പിടിച്ചതു പെണ്ണല്ലേ എന്നു വിചാരിച്ചു് ചെറുപ്പക്കാരന്‍ മിണ്ടാതെനിന്നെന്നു വരും. ഞാന്‍ മിണ്ടാതെ നില്ക്കുന്നില്ല.
പ്രഭാതനക്ഷത്രത്തിന്റെ ശോഭ നിമിഷംതോറും മങ്ങിവരുന്നതുപോലെ നമ്മുടെ ചെറുകഥാസാഹിത്യത്തിന്റെ ശോഭയും മങ്ങിവരുന്നു.
സ്ഫടികഭാജനം
ശോഭമങ്ങുന്നതു കഥയുടേതു മാത്രമല്ല; കാവ്യത്തിന്റേതുമാണു്. “വെറുതേ സ്നേഹിക്കാന്‍ ശ്രമിക്കു”ന്ന ശരത്ചന്ദ്രലാലിന്റെ (ദീപിക ആഴ്ചപ്പതിപ്പു്) ഒരു കാവ്യത്തിന്റെ ഒരു ഭാഗം കേട്ടാലും;
- “തകരപ്പാട്ടപ്പുറത്താണിത്തുമ്പുരയ്ക്കുമ്പോ-
- ളുയരും സ്വരം പ്രേമമെന്നു ഞാനറിയുന്നു.
- ജീവിതച്ചെളിക്കുണ്ടില്‍ താഴുമെന്‍ ചുറ്റും കൈകള്‍
- നീണ്ടതു തഴുകാനല്ലിനിയും താഴ്ത്താന്‍ മാത്രം
- പഴുത്ത പേപ്പട്ടികള്‍ കരപെയ്യുന്നൂ റോഡില്‍
- കറുത്ത പൂച്ചക്കൂട്ടം കടികൂടുന്നു കീഴില്‍
- സുനന്ദേ”
ഇങ്ങനെയൊക്കെ എഴുതാന്‍ ചങ്കൂറ്റമല്ലാതെ വേറെ വല്ലതും വേണ്ടതുണ്ടോ?
- “പരുക്കന്‍പാറപ്പുറത്താച്ചിരട്ട കൊണ്ടുരയ്ക്കുമ്പോ-
- ളുയരും ശബ്ദം കാവ്യമെന്നുഞാനറിയിന്നു
കവിതേ”
എന്നു ഞാനെഴുതുന്നതും ശരത്ചന്ദ്രലാല്‍ എഴുതുന്നതും തമ്മില്‍ എന്തേ വ്യത്യാസം? ഉണ്ടു് ഒരു വ്യത്യാസം. ലാല്‍ അക്ഷരസംഖ്യ ക്രമപ്പെടുത്തിയിട്ടുണ്ടു്. എന്റെ വരികളില്‍ അതില്ല.
ഗൃഹനായകനോടും ഗൃഹനായികയോടും ജോലിക്കാര്‍ ദേഷ്യം തീര്‍ക്കുന്നതു് കണ്ണാടിപ്പാത്രങ്ങള്‍ പൊട്ടിച്ചാണു്. അതുകൊണ്ടു് അവരെ അത്തരം പാത്രങ്ങല്‍ വിശ്വസിച്ചേല്പിക്കാന്‍ വയ്യ. കവിയെ ജോലിക്കാരനായി ഞാന്‍ കരുതുകയല്ല. അലങ്കാരം തോന്നിയതു് വെറുതെ കളയേണ്ട, പ്രയോഗിച്ചുകളയാം എന്നു തോന്നിയതുകൊണ്ടു പറയുകയാണു്. കവിത ഒരു സ്ഫടിക ഭാജനമാണു്. ശരത്ചന്ദ്രലാല്‍ അതു കൈകൊണ്ടു തൊട്ടാല്‍ അദ്ദേഹമറിയാതെതന്നെ അതു താഴെ വീഴും, പൊട്ടിച്ചിതറും. “പൊട്ടിച്ചെറിഞ്ഞാനവന്‍ എന്റെ നേരേ” എന്നു പഴയ കവിയെപ്പോലെ എനിക്കു പറയേണ്ടതായും വരും.
മഹാഭാരതത്തില്‍, രാമായണത്തില്‍, രഘുവംശത്തില്‍ ഞാന്‍ മിഴിചേര്‍ത്തിരിക്കുമ്പോള്‍ ധര്‍മ്മപുത്രരും രാമനും രഘുവും എഴുന്നേറ്റുവരുന്നു. മേഘ സന്ദേശം നോക്കുമ്പോള്‍ സംഗീതത്തിന്റെയും സൗന്ദര്യത്തിന്റെയും മഹാത്ഭുതങ്ങള്‍ കാണുന്നു. ഇപ്പോഴോ? ബ്ലാക്ക് ഹോള്‍ മാത്രം…
നവീന ചെറുകഥയുടെ സൗന്ദര്യം കാണണമെന്നുണ്ടോ? എങ്കില്‍ റേമണ്ട് കാര്‍വറുടെ ചെറുകഥകള്‍ വായിക്കണം. അദ്ദേഹത്തിന്റെ ‘കത്തീഡ്രല്‍’ എന്ന കഥ വായിച്ചാല്‍ നമ്മള്‍ കലാസൗഭഗം കണ്ടു അദ്ഭുതപ്പെടും. ഒരു അന്ധന്‍ കൂട്ടുകാരന്റെ വീട്ടിലെത്തുന്നു. ആഹാരമെല്ലാം കഴിഞ്ഞു് അയാള്‍ അങ്ങനെയിരിക്കുമ്പോള്‍ ഗൃഹനായകന്‍ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിച്ചു. കത്തീഡ്രലിനെക്കുറിച്ചുള്ള ഡോക്യുമെന്ററിച്ചിത്രമാണു് ടെലിവിഷനില്‍. അതിനെക്കുറിച്ചു് അന്ധനു് പറഞ്ഞുകൊടുത്താല്‍ കൊള്ളാമെന്നുണ്ടു് ഗൃഹനായകനു്. പക്ഷേ, അയാള്‍ക്കു് ആശയങ്ങളില്ല; ആവിഷ്കരണ സാമര്‍ത്ഥ്യമില്ല. അതുകൊണ്ടു് “ഒന്നുമില്ല വെറും കത്തീഡ്രല്‍” എന്നു പറഞ്ഞു് ഒഴിയുന്നു. അജ്ഞതയുടെ അന്ധകാരവും കാഴ്ചയില്ലാത്തതിന്റെ ഫലമായ അന്ധകാരവും ഒരുമിച്ചുചേര്‍ന്നു് കൂരിരുട്ടിന്റെ ലോകം നമ്മുടെ മുന്‍പിലെത്തുന്നു. വല്ലാത്ത ആര്‍ദ്രീകരണ ശക്തിയാണു് ഇക്കഥയ്ക്ക്.
മകനുമായി പിണക്കത്തിലായ അച്ഛന്‍ അവനെ കാണാന്‍ ആഗ്രഹിക്കുന്നതും തീവണ്ടിയാപ്പീസില്‍ വന്നുനില്ക്കുന്ന അവനെ കാണാന്‍ ശ്രമിക്കാതെ അയാള്‍ കടന്നുപോകുന്നതുമായ മറ്റൊരു കഥ — ട്രാജഡിയുടെ തീക്ഷ്ണത ആവഹിക്കുന്ന വേറൊരു കഥ — ഞാന്‍ വായിച്ചിട്ടുണ്ടു്. കത്തീഡ്രല്‍ എന്ന കഥയെപ്പോലെ ഇതും മനോഹരമാണു്. (കഥയുടെ പേരു് ഓര്‍മ്മിക്കുന്നില്ല) ഇതൊക്കെ വായിക്കുന്നവര്‍ക്കും വായിക്കാത്തവര്‍ക്കും അഷിതയുടെ ‘സംശയാലുവായ തോമസ്’ എന്ന ചെറുകഥ (ഗൃഹലക്ഷ്മി, ലക്കം 1) വെറും നാട്യമായിത്തന്നെ തോന്നും. തലമുറകളുടെ അന്തരം ചിത്രീകരിക്കാന്‍ മദ്ധ്യവയസ്കയായ ഒരു കോളേജ് അദ്ധാപികയെയും കുടിയനായ ഒരു വിദ്യാര്‍ത്ഥിയെയും അവതരിപ്പിക്കുന്ന ഇക്കഥയില്‍ പ്രിട്ടെന്‍ഷന്‍ അല്ലാതെ മറ്റൊന്നുമില്ല.
പെര്‍വേര്‍ഷന്‍
ഗ്യുന്തര്‍ഗ്രാസ്സിന്റെ ‘തകരച്ചെണ്ട’ എന്ന നോവല്‍ വായിച്ചിട്ടു കാലമേറെയായി. ഓര്‍മ്മയില്‍ നിന്നെഴുതുകയാണു്. നോവലിലെ പ്രധാന കഥാപാത്രമായ ആ മുണ്ടന്‍ (പേരു് മറന്നുപോയി) ആഹാരം കഴിക്കാനായി മേശയ്ക്കരികില്‍ ഇരിക്കുമ്പോള്‍ അവന്റെ അമ്മയുടെ പാവാടയ്ക്കകത്തേക്കു് ഒരുത്തന്റെ സ്റ്റോക്കിങ് ഇട്ട കാലുയരുന്നതു് അവന്‍ കാണുന്നു. ബ്രിട്ടീഷ്-അമേരിക്കന്‍ ഗ്രന്ഥകാരനായ ഫ്രാങ്ക് ഹാരിസിന്റെ കപ്രസിദ്ധമായ My Life and Loves എന്ന ഗ്രന്ഥം ഞാന്‍ കണ്ടിട്ടില്ല. അതില്‍ അദ്ദേഹം താന്‍ കുട്ടിയായിരുന്നപ്പോള്‍ ചെയ്യാറുള്ള ഒരു പ്രവൃത്തി വര്‍ണ്ണിച്ചിട്ടുണ്ടു്. അതു മറ്റുള്ളവര്‍ എടുത്തെഴുതിയതു ഞാന്‍ വായിച്ചിട്ടുണ്ടു്. ആ ബാലന്‍ മേശയ്ക്കടിയിലേക്കു പെന്‍സില്‍ ഉരുട്ടും. അതെടുക്കാനെന്ന മട്ടില്‍ ‘നാലുകാലില്‍’ ഇഴഞ്ഞു മേശയ്ക്കടിയിലേക്കു ചെല്ലും. മേശയ്ക്കു ചുറ്റുമിരിക്കുന്ന പെണ്‍കുട്ടികളുടെ കാലുകള്‍ കാണാനുള്ള വിദ്യയായിരുന്നു അതു്. ഈ പെര്‍വേര്‍ഷനെല്ലാം ഞാനിവിടെ എഴുതുന്നതു ശരിയല്ലെന്നു വിചാരിച്ചു് വായനക്കാര്‍ നെറ്റിചുളിക്കുന്നോ? ഉണ്ടെങ്കില്‍ ആ ധര്‍മ്മരോഷം ശരി. മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ കൂര്യനാടു് ചന്ദ്രന്‍ എഴുതിയ ‘സുനന്ദ’ എന്ന കഥവായിച്ചപ്പോള്‍ ഗ്രാസ്സിന്റെ കഥാപാത്രവും ഫ്രാങ്ക്ഹാരിസും കാണിച്ച പെര്‍വേര്‍ഷന്‍ എത്ര നിസ്സാരമെന്നു് എനിക്കു തോന്നിപ്പോയി. “സുനന്ദ പ്രസവിച്ചു. ദാസ് ആശിച്ചിരുന്നതുപോലെ കുട്ടന്‍ തന്നെ” എന്ന കത്തു് ഭര്‍ത്താവിനു വന്നതു ഭാര്യയെടുത്ത് ഒളിച്ചുവച്ചു. എന്നിട്ടു കരയാന്‍തുടങ്ങി. കൂത്താട്ടുകളത്താണു് സുനന്ദ പാര്‍ക്കുന്നതു്. അന്നു തന്നെ അവിടത്തേക്കു് അയാള്‍ക്കു ട്രാന്‍സ്ഫര്‍ കിട്ടി. വാതോരാതെ കരയുന്ന ഭാര്യയെയും കൂട്ടിക്കൊണ്ടു് അയാള്‍ കൂത്താട്ടുകളത്തുചെന്നു. പ്രസവിച്ച സുനന്ദയെ കണ്ടു. സുനന്ദ പശുവാണു്. അപ്പോള്‍ അവള്‍ (ഭാര്യ) കണ്ണീരോടെ ചിരിച്ചുപോലും. ഇതു് പെര്‍വേര്‍ഷനല്ലെങ്കില്‍ പിന്നെന്താണു്? ഹാവ്ലക് എല്ലിസ് മഹാനായ ലൈംഗിക ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം കാമുകിമാരെ മൂത്രവിസര്‍ജ്ജനം ചെയ്യിച്ചു് അതുകണ്ടുരസിക്കുമായിരുന്നു. ഈ യൂറോലഗ്നിയ (urolagnia) ഞെട്ടിപ്പിക്കുന്നതുതന്നെ. പക്ഷേ, എല്ലിസ്, താങ്കളെത്ര പാവന ചരിതന്‍! താങ്കളെയും സാഹിത്യം കൊണ്ടു് തോല്പിക്കുന്നവര്‍ ഞങ്ങളുടെ നാട്ടിലുണ്ടു്.
ശവസംസ്കാര കേരളം
“സംസ്കാര കേരളം ഇനി നമ്മെ ശല്യം ചെയ്യുകയില്ലല്ലോ. ആശ്വാസമായി. പുനര്‍ജനി നേടുമോ എന്നു് ശങ്ക ഇല്ലാതില്ല. ‘ശവസംസ്കാര കേരളം’ എന്ന അന്വര്‍ത്ഥനാമത്തിലെത്തിയാണു് അതു് അന്തരിച്ചതു്. ഹോ. അതിലെനായകാഭരണം’ പൊടിപൊടിച്ചു. ശൃംഗാരക്കുഴമ്പു് പഴകിയതുകൊണ്ടായിരിക്കാം ഇത്ര നാറ്റം…”
മനുഷ്യനെ മൃഗത്തില്‍നിന്നു വേര്‍തിരിച്ചു നിറുത്തുന്നതു് സംസ്കാരമാണു്. ഒരു ദേശത്തിന്റെ ആശയങ്ങളും ആചാര ക്രമങ്ങളും ഒരുമിച്ചു ചേരുന്നതിനെ സംസ്കാരമെന്നു വിളിക്കുന്നു. അതു് ആ ദേശത്തിന്റേതു മാത്രമാണു്. പിന്നീടു് പിന്നീടു് വരുന്നവര്‍ ആ ആശയങ്ങള്‍ക്കും ആചാരക്രമങ്ങള്‍ക്കും ഭംഗമോ ലോപമോ വരുത്താതെ സ്വകീയങ്ങളായ സംഭാവനകള്‍ കൊണ്ടു് അതിനു വികാസം വരുത്തണം. ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തിനു് അതിന്റേതായ സംസ്കാരമുണ്ടെന്നു കാണാം. ആ സംസ്കാരത്തോടു സര്‍ക്കാര്‍ പ്രസാധനമായ ‘സംസ്കാരകേരള’ത്തിനു ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഇല്ലെന്നു മാത്രമല്ല അതിനെ അവഗണിക്കുവാന്‍ പോലും അധിപന്മാര്‍ ശ്രമിച്ചിരുന്നു. ശങ്കരസൂരിക്കും ശ്രീധരകവിരാജനും തപോവനത്തിനും വിഹരിക്കുവാന്‍ പറ്റിയ ഒരു കളം ഈ മാസിക ഒരുക്കിക്കൊടുത്തു എന്നതു മാത്രമാണു സത്യം. ലോകത്തു് ഒരു മാസികയും ഇവരുടെ രചനകള്‍ പ്രസിദ്ധപ്പെടുത്തുകയില്ല. അത്രയ്ക്കു വിലക്ഷണങ്ങളാണു് അവ. അപ്പോഴുണ്ടു് സര്‍ക്കാരുവക പുറമ്പോക്കായ “സംസ്കാരകേരളം” കിടക്കുന്നു. പുറമ്പോക്കു സൂക്ഷിക്കാന്‍ നിയമിക്കപ്പെട്ട വ്യക്തിയുടെ സമ്മതത്തോടുകൂടി അവര്‍ തങ്ങളുടെ രചനാഭാസങ്ങള്‍ അവിടേക്കു വലിച്ചെറിഞ്ഞു. വളരെക്കാലം കേരളീയര്‍ ക്ഷമിച്ചു; സര്‍ക്കാരും ക്ഷമിച്ചു. ഇപ്പോള്‍ സംസ്കാരകേരളമില്ല. അതു നിറുത്തിയ സര്‍ക്കാരിനെ ഞാന്‍ സവിനയം അഭിനന്ദിക്കുന്നു.
ഈ വിഷയത്തെക്കുറിച്ചു് ടി. വേണു ഗോപാലന്‍ എഴുതിയ ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പു് ലക്കം 18) മനസ്സിരുത്തിയാണു് ഞാന്‍ വായിച്ചതു്. ലേഖകന്റെ പല മതങ്ങളോടും യോജിക്കാന്‍ പ്രയാസമുണ്ടായില്ല. വേണുഗോപാലന്‍ തന്റേതായ അഭിപ്രായങ്ങളാണു് ആവിഷ്കരിക്കുന്നതു്. എന്റേതല്ല. അതുകൊണ്ടു് ചില അഭിപ്രാങ്ങളോടു് ഞാന്‍ യോജിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. കേരളീയരെയും കേരളസര്‍ക്കാരിനെയും അഴുക്കു ചാലിലേക്കു് എറിഞ്ഞുകൊണ്ടിരുന്ന ഒരു പ്രസാധനത്തെക്കുറിച്ചു് എഴുതണമെന്നു് അദ്ദേഹത്തിനു തോന്നിയതുതന്നെ വലിയ കാര്യം.
കേരളത്തിലെ ഒരുജ്ജ്വലപ്രതിഭാശാലി എനിക്കെഴുതിയ ഒരു കത്തില്‍നിന്നു ചില ഭാഗങ്ങള്‍ എടുത്തെഴുതട്ടെ: “സംസ്കാരകേരളം ഇനി നമ്മെ ശല്യം ചെയ്യുകയില്ലല്ലോ. ആശ്വാസമായി! പുനര്‍ജനി നേടുമോ എന്നു ശങ്കയില്ലാതില്ല. ‘ശവ സംസ്കാരകേരളം’ എന്ന അന്വര്‍ത്ഥനാമത്തിലെത്തിയാണു് അതു് അന്തരിച്ചതു്. ഹോ, അതിലെ ‘നായകാഭരണം’ പൊടി പോടിച്ചു. ശൃംഗാരക്കുഴമ്പു്; പഴകിയതുകൊണ്ടായിരിക്കാം ഇത്ര നാറ്റം. മുകിലനോടു യുദ്ധത്തിനുപോയ പടയാളികള്‍ (നായകന്മാര്‍) കള്ളുഷാപ്പു് വഴി വേശ്യാലയങ്ങളില്‍ തുമുലയുദ്ധം നടത്തിവെളുപ്പിച്ചു. എങ്ങനെയുണ്ടു് സംസ്കാരം? മൃതഭാഷയെ സംസ്കരിച്ചുകഴിഞ്ഞു. വാല്മീകിവ്യാസകാളിദാസന്മാര്‍ ചൈതന്യമേകി വികസിപ്പിച്ച അമൃത ഭാഷ കേരളത്തിലെത്തി മൃതമായി. പിന്നെ സംസ്കരിക്കാതെ നിവൃത്തിയുണ്ടോ? അതു സര്‍ക്കാര്‍ ചെലവില്‍ തന്നെ മാന്യമായി നടന്നു.”
ഭയജനകം
തികച്ചും മനുഷ്യത്വശൂന്യവും ഭീതിജനകവുമായ കഥയാണു് മേതില്‍ രാജേശ്വരിയുടെ “കഴുകന്മാര്‍” (കുങ്കുമം, ലക്കം 45). വിവാഹിതയായ കൂട്ടുകാരി ശാലിനിയെ കാണാന്‍ റോസി തോമസ് വരുന്നു. ശാലിനിയുടെ ഭര്‍ത്താവിനെ അവള്‍ക്കു കണ്ടേതീരൂ. അയാളുടെ പടം ശാലിനി കാണിച്ചുകൊടുത്തു. സുന്ദരന്‍ അതുപോരെ എന്നു ശാലിനി. പോര, നേരിട്ടു കാണണമെന്നു റോസിതോമസ്. പറമ്പുതാണ്ടി അവര്‍ ചെന്നു. ഒരു ഭ്രാന്തനെ ഒരൊഴിഞ്ഞ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നു. ശാലിനി വികാരവിവശയായി അയാളുടെ തലയെടുത്ത് സ്വന്തം ശരീരത്തില്‍ ബന്ധിപ്പിക്കുമ്പോള്‍ കഥ അവസാനിക്കുന്നു. കഥ എഴുതുന്നവര്‍ക്കു് ജീവിതത്തെ സംബന്ധിച്ചു് ഏതു ‘വിഷനുമാകാം. അതു് ഇക്കഥയിലെന്നപോലെ രോഗാര്‍ത്തവുമാകട്ടെ. പക്ഷേ, പാരായണം കഴിയുമ്പോള്‍ പ്രതിപാദനത്തിന്റെ സവിശേഷതകൊണ്ടു് ഭാരതിയലങ്കാരികന്‍ പറയുന്ന വിശ്രാന്തി അനുവാചകനു് ഉണ്ടാകണം. അല്ലെങ്കില്‍ ഇറ്റലിയിലെ തത്ത്വചിന്തകന്‍ ക്രോചെ പറഞ്ഞ “അനുധ്യാനത്തിന്റെ പ്രശാന്തത” ഉളവാകണം. വിശ്രാന്തിയോ പ്രശാന്തതയോ ജനിപ്പിക്കാന്‍ ഇക്കഥ അസമര്‍ത്ഥമാണു്. അതിലെ ‘ഇമോഷനല്‍ വയലന്‍സ് രോഗാര്‍ത്തമാക്കുന്നു വായനക്കാരന്റെ മനസ്സിനെ. സംസ്കൃത സാഹിത്യ ചിന്തകന്മാര്‍ രണ്ടുതരത്തിലുള്ള വൃത്തികളെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. തദ്വൃത്തിയും തത്സമവൃത്തിയും. കൊലപാതകം നേരിട്ടുകണ്ടാല്‍ ഉണ്ടാകുന്ന ഭയവും ഞെട്ടലുമാണു് കൊലപാതകവര്‍ണ്ണനം ജനിപ്പിക്കുന്നതെങ്കില്‍ ആദ്യത്തെ വൃത്തിയാണു് നടക്കുന്നതു്. വര്‍ണ്ണനം രസാനുഭൂതിക്ക് കാരണമായാല്‍ രണ്ടാമത്തെ വൃത്തി. ഒഥല്ലോ വായിക്കുമ്പോള്‍ ഇതാണു് ഉണ്ടാകുന്നതു്. അടുത്തവീട്ടിലെ കൊലപാതകമോ ചില വാരികകളിലെ കൊലപാതക റിപ്പോര്‍ട്ടുകളോ ആദ്യം എഴുതിയ വൃത്തിയോടു ബന്ധപ്പെട്ടിരിക്കുന്നു. മേതില്‍ രാജേശ്വരിയുടെ കഥ സാഹിത്യമല്ല! അതു് Vulgar depravity മാത്രം.
പാവയ്ക്കയുടെ കയ്പു്
ഈ വള്‍ഗര്‍ ഡിപ്രേവിറ്റി — ആഭാസത്തരത്തോളം ചെല്ലുന്നവഷളത്തം — ദാമ്പത്യജീവിതത്തിലാണു് കൂടുതലും കാണുന്നതു്. ഭാരതീയകവികള്‍ ഇതു മുന്‍കൂട്ടിക്കണ്ടു് മനുഷ്യരെ അതില്‍നിന്നു രക്ഷിക്കാനായി ദാമ്പത്യജീവിതത്തെ “ആദര്‍ശാത്മകമായി” ചിത്രീകരിച്ചു. സീതയുടെയും ശ്രീരാമന്റെയും കഥ ഒരുദാഹരണം. ദമയന്തിയുടെയും നളന്റെയും കഥ വേറൊരുദാഹരണം. ഈ ചിത്രീകരണങ്ങള്‍ ദമ്പതിമാര്‍ക്കു സഞ്ചരിക്കേണ്ട മാര്‍ഗ്ഗം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും കാപട്യത്തിന്റെ സന്തതികളത്രേ. പടിഞ്ഞാറന്‍ സാഹിത്യകാരന്മാര്‍ റീയലിസ്റ്റിക്കാണു്. റോമന്‍ സറ്റയറിസ്റ്റ് പിട്രോണിയസിന്റെ കഥയാണെന്നാണു് എന്റെ ഓര്‍മ്മ. സര്‍ക്കാര്‍ ചില കള്ളന്മാരെ കുരിശില്‍ തറച്ചുകൊന്നു. അവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ മോഷ്ടിച്ചുകൊണ്ടു പോകാതിരിക്കാന്‍വേണ്ടി ഒരു പട്ടാളക്കാരനെയും നിയമിച്ചു. അന്നുതന്നെ സ്വാഭാവികമായി മരിച്ച ഒരാളിന്റെ ശരീരം ഒരു ഗുഹയ്ക്കകത്താക്കി വച്ചിരുന്നു. (അവിടത്തെ ആചാരം അങ്ങനെയായിരുന്നു.) അയാളുടെ ഭാര്യ ദുഃഖം സഹിക്കാന്‍ വയ്യാതെ ആ മൃതദേഹത്തിനടുത്തു വന്നിരുന്നു നെഞ്ചിലടിക്കുകയും മുടി പിച്ചിപ്പറിക്കുകയും ചെയ്തു. കള്ളന്മാരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന പട്ടാളക്കാരന്‍ സുന്ദരിയായ വിധവയുടെ അടുക്കലെത്തി. ആശ്വാസവചനങ്ങല്‍ അരുളി. ആഹാരം നല്കി. മുന്തിരിച്ചാറു കുടിക്കാന്‍ കൊടുത്തു. വിശപ്പു മാറിയപ്പോള്‍ ശരീരത്തിന്റെ മറ്റാവശ്യങ്ങല്‍ ഉയര്‍ന്നു. എന്തിനേറെപ്പറയുന്നു അവര്‍ രണ്ടുപേരും രാത്രി ഗുഹയ്ക്കകത്തുകിടന്നു. പട്ടാളക്കാരന്‍ പോയെന്നു കണ്ടപ്പോള്‍ ബന്ധുക്കള്‍ വന്നു് ഒരു മൃതദേഹമെടുത്തു കൊണ്ടുപോയി. മൃതദേഹം നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ പട്ടാളക്കാരനെ കൊല്ലും. അയാള്‍ വാളു് വലിച്ചൂരി ആത്മഹത്യയ്ക്കു് ഭാവിച്ചപ്പോള്‍ അവള്‍ പറഞ്ഞു, ഭര്‍ത്താവിന്റെ ശവമെടുത്തു് കുരിശില്‍ കൊണ്ടുവയ്ക്കാന്‍. രാത്രി നഷ്ടപ്പെട്ട മൃതദേഹം പിന്നീടു് കുരിശില്‍ വന്നതെങ്ങനെയെന്നു വിചാരിച്ചു് ആളുകള്‍ അത്ഭുതപ്പെട്ടു. “so speak of the woe that is in marriage” എന്നതു മില്‍റ്റന്റെ വാക്കുകളാണു്. അദ്ദേഹമാണു് ദാമ്പത്യജീവിതത്തിന്റെ യാതനയെക്കുറിച്ചു് ആദ്യമായി എഴുതിയതെന്നു് എ. അല്‍വറസ് പറയുന്നു (Life after Marriage എന്ന പുസ്തകം). ഭാരതീയ സാഹിത്യകാരന്മാര്‍ നല്ല ഉദ്ദേശ്യത്തോടുകൂടി പച്ചക്കള്ളം പ്രഖ്യാപിക്കുന്നു. പടിഞ്ഞാറുള്ളവര്‍ സത്യത്തെ സത്യമായി കാണുന്നു. ഒരു വികാരത്തിനും സ്ഥിരതയില്ല എന്നതുകൊണ്ടാണു് ദാമ്പത്യജീവിതം പരാജയപ്പെടുന്നതു്. ജീവിതകാലം മുഴുവന്‍ ഒരാളെത്തന്നെ സ്നേഹിച്ചുകൊണ്ടിരിക്കാന്‍ സാദ്ധ്യമല്ല. അതുപോലെ ജീവിതകാലമത്രയും ഒരാളെ വെറുത്തുകൊണ്ടിരിക്കാനും വയ്യ. വലിയ ശത്രുക്കള്‍ ഏതാനും ദിവസങ്ങള്‍കൊണ്ടു് ഉറ്റമിത്രങ്ങളാകും. ‘നീയല്ലാതെ ഈ ലോകത്തു് എനിക്കാരുമില്ല’ എന്നു മധുവിധുകാലത്തു് ഉദ്ഘോഷിച്ച ഭര്‍ത്താവു് ഒരു മാസം കഴിയുന്നതിനുമുന്‍പു് കോടാലിക്കൈ തട്ടിയൂരി അവളെ അടിക്കും. മരിച്ചാല്‍ കെട്ടിത്തൂക്കും. “it [the family] will give him power and authority when no one else will. It will extend to him the palm of success, when no sign of even basic respect is forthcoming from any other quarter.” എന്നു് Sex and Destiny എന്ന ഗ്രന്ഥത്തില്‍ (Germaine Greer) പറയുന്നതു കള്ളമാണു്. ദാമ്പത്യജീവിതത്തിന്റെ ഈ അസത്യാവസ്ഥയിലേക്കു രാജൂനായര്‍ വിദഗ്ദ്ധമായി കൈചൂണ്ടുന്നു. “വിവാഹവാര്‍ഷികമല്ലേ നാളെ. എന്താണു സ്പെഷലായിട്ടു് ഉണ്ടാക്കേണ്ടതു്? പാല്പായസമോ അടപ്രഥമനോ പാച്ചോറോ?” എന്നു ഭാര്യയുടെ ചോദ്യം. “ഓര്‍മ്മപുതുക്കാനാണോ? എന്നാല്‍ പാവയ്ക്കകൊണ്ടുള്ള ഏതെങ്കിലും കറിയായാലോ?” എന്നു് ഭര്‍ത്താവിന്റെ അങ്ങോട്ടുള്ള ചോദ്യം (ദീപിക വാരികയിലെ കാര്‍ട്ടൂണ്‍).
ഇരുട്ടിലാണ്ട മുറി. ഭര്‍ത്താവും ഭാര്യയും വേറെ വേറെ കിടക്കുന്നു. ഭര്‍ത്താവു് ഉണര്‍ന്നു്: “തങ്കം, ഉറങ്ങിയോ?” ഭാര്യ ഉണര്‍ന്നു: “എന്തു വേണം?” ഭര്‍ത്താവു്: “ഇങ്ങുവാ” ഭാര്യ എഴുന്നേറ്റു് അയാളുടെ കട്ടിലിലേക്കു പോകുമ്പോള്‍ കാലു് കട്ടിലിന്റെ കാലില്‍ തട്ടുന്നു. അവള്‍ക്കു വല്ലാത്ത വേദന. “അയ്യോ” എന്നു വിളിക്കുന്നു. ഭര്‍ത്താവു് ചാടിയെഴുന്നേറ്റു” അവളെ എടുത്തു കട്ടിലില്‍ കിടത്തി വിരല്‍ തടവിക്കൊടുക്കുന്നു. ആശ്വാസവചനങ്ങള്‍ അരുളിക്കൊണ്ടുള്ള ഭര്‍ത്താവിന്റെ രതി ക്രീഡ വളരെ വേഗത്തില്‍. അഞ്ചുമിനിട്ടു കഴിഞ്ഞു് ഭാര്യ സ്വന്തം കട്ടിലിലേക്കു നടക്കുമ്പോള്‍ വീണ്ടും കാലുതട്ടുന്നു. നിലവിളിക്കുന്നു. അതുകേട്ടു് ഭര്‍ത്താവു് കോപിച്ചു് “എന്തെടീ നോക്കി നടന്നുകൂടേ. ശവം”.
കെ. ബാലകൃഷ്ണന്‍
കെ. ബാലകൃഷ്ണന്‍ മരിച്ചിട്ടു് ഒരു വര്‍ഷമായി. കാലം എത്ര വേഗം പോകുന്നു! ഒരുമാസംപോലുമായില്ല ചരമം കഴിഞ്ഞിട്ടെന്നു് എനിക്കു തോന്നുന്നു. നമുക്കു് ഇഷ്ടമുള്ളവരുടെ മരണം കാലദൈര്‍ഘ്യത്തിന്റെ പ്രതീതി ഉളവാക്കുകില്ലായിരിക്കും. ഞാന്‍ പറഞ്ഞിട്ടു വേണ്ട ബാലകൃഷ്ണന്റെ മഹത്ത്വം കേരളീയര്‍ മനസ്സിലാക്കാന്‍. “ബാലന്‍ ജീനിയസ്സാ”ണെന്നു് കൈനിക്കര പത്മനാഭപിള്ള — പ്രസ്താവങ്ങളില്‍ മിതത്വം പാലിച്ചിരുന്ന കൈനിക്കര പത്മനാഭപിള്ള — രണ്ടുതവണ എന്നോടു പറഞ്ഞിട്ടുണ്ടു്. അദ്ദേഹം പറഞ്ഞ സത്യം ഒന്നുകൂടെ വിശദമാക്കുന്നു കലാകൗമുദിയുടെ സ്റ്റാഫ് ലേഖകന്‍ (കെ. ബാലകൃഷ്ണനെ ഓര്‍മ്മിക്കുമ്പോള്‍ എന്ന ലേഖനം. പുറം 7, 8). മരിക്കുന്നതിനു മുന്‍പു് മനുഷ്യത്വത്തിലേക്കും പുരുഷത്വത്തിലേക്കും ഉയര്‍ന്നുചെന്നു് ഉത്കൃഷ്ടമണ്ഡലങ്ങള്‍ അനാവരണം ചെയ്ത വലിയ വ്യക്തിയായിരുന്നു. കെ. ബാലകൃഷ്ണന്‍.
“എടാ, ഉവ്വേ, ഞാന്‍ ടോള്‍സ്റ്റോയിയെക്കാള്‍ വലിയ എഴുത്തുകാരനാണടൊ” കേശവദേവ് ഇങ്ങനെ പലപ്പോഴും പറഞ്ഞിരുന്നു. ഈവിധത്തിലുള്ള മതിഭ്രമത്തില്‍ പെട്ടിരിക്കുകയാണു് നമ്മുടെ കവികളും കഥാകാരന്മാരും. കൊച്ചു കുട്ടികള്‍ പാവകളെ ലാളിക്കുമ്പോള്‍ അവാസ്തവികമായ ലോകത്തു് പ്രവേശിക്കുമല്ലോ. അതിനു സദൃശമായ വിധത്തില്‍ ഇവരും അസത്യാത്മകമായ ലോകത്തെത്തുന്നു സ്വന്തം കളിപ്പാട്ടങ്ങളിലൂടെ.
|
|