close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 10 07


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 10 07
ലക്കം 473
മുൻലക്കം 1984 09 30
പിൻലക്കം 1984 10 14
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ജര്‍മ്മന്‍ ഗാനരചയിതാവായ റിച്ചാര്‍ഡ് വാഗ്നര്‍ (Richard Wagner, 1813–1883) ഒരു ദിവസം ബര്‍ലിനിലെ രാജവീഥിയിലൂടെ നടക്കുകയായിരുന്നു. തെരുവിലിരുന്നു ഗാനോപകരണം വായിച്ചു് ജീവിക്കാന്‍ വേണ്ടതു നേടുന്ന ഒരു പാട്ടുകാരനെ അദ്ദേഹം അവിടെ കണ്ടു. വാഗ്നറുടെ ടാന്‍ഹോയ്സര്‍ (Tannhauser) എന്ന സംഗീതികയ്ക്കു പ്രാരംഭമെന്ന നിലയില്‍ അയാള്‍ ഒരു ലഘുവാദനം നടത്തുകയായിരുന്നു. അതുകേട്ടു വാഗ്നര്‍ അവിടെ നിന്നു. അയാളോടു് അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ വളരെ വേഗത്തിലാണു വായിക്കുന്നതു്. ഇത്രവേഗം പാടില്ല.” തെരുവുഗായകന്‍ വാഗ്നറെ കണ്ടറിഞ്ഞു: “വാഗ്നര്‍, അങ്ങയ്ക്കു നന്ദി. വാഗ്നര്‍, നന്ദി,” അടുത്ത ദിവസവും വാഗ്നര്‍ അവിടെയെത്തി. അയാള്‍ ശരിയായ ടെംപോയില്‍ — കാലത്തില്‍ — ഗാനോപകരണം വായിക്കുന്നു. പിറകില്‍ വലിയ അക്ഷരത്തിലെഴുതിയ ഒരു ബോര്‍ഡും; “വാഗ്നറുടെ ശിഷ്യന്‍.”

തെരുവിലെ പാട്ടുകാരന്‍ വാഗ്നറുടെ ശിഷ്യനെന്നല്ലേ എഴുതിവച്ചുള്ളു! അയാള്‍ യോഗ്യനാണു്. എന്റെ ഒരു ശിഷ്യന്‍ തൃപ്പൂണിത്തുറയിലെ ഒരു ഹോട്ടലില്‍ ചെന്നുകയറി “ഞാന്‍ എം. കൃഷ്ണന്‍ നായരാണു്” എന്നു പറഞ്ഞു. ഹോട്ടലുടമസ്ഥന്‍ സാഹിത്യാസ്വാദകനായതുകൊണ്ടു് വന്നയാളിനെ ബഹുമാനിച്ചു. നല്ലൊരു മുറിയും ഒരുക്കിക്കൊടുത്തു. അയാള്‍ അവിടെ താമസിക്കുകയാണു്. ദിവസവും ഭീമമായ പറ്റ്. ടാക്സിയില്‍ കയറി സഞ്ചാരം. ടാക്സിക്കൂലി ഹോട്ടലുടമസ്ഥന്‍ കൊടുക്കും. കൃഷ്ണന്‍ നായര്‍ പോകുമ്പോള്‍ പണം ഒരുമിച്ചു വാങ്ങാമല്ലോ എന്നായി അദ്ദേഹത്തിന്റെ വിചാരം. തുക ആയിരം കവിഞ്ഞു. ഒരു ദിവസം കൃഷ്ണന്‍നായരെ കാണാനില്ല. ദിവസങ്ങള്‍ കഴിഞ്ഞു. ഉടമസ്ഥന്‍ പലതും ഉറക്കെപ്പറഞ്ഞകൂട്ടത്തില്‍ സാഹിത്യനിരൂപകന്‍ എന്നു ഭാവിച്ചു നടക്കുന്ന കള്ളന്‍ എം. കൃഷ്ണന്‍നായരെക്കുറിച്ചും പറഞ്ഞു. ഇതു കേട്ടുകൊണ്ടിരുന്ന മാധവന്‍ നായര്‍ (ഇപ്പോള്‍ തിരുവനന്തപുരത്തെ സംസ്കൃതകോളേജിലെ പ്രൊഫസര്‍) ഹോട്ടലുടമസ്ഥനെ അറിയിച്ചു്. “എം. കൃഷ്ണന്‍നായര്‍ എന്റെ ഗുരുനാഥനാണു്. അദ്ദേഹം ഇങ്ങനെ ആരെയും പറ്റിക്കില്ല. നിങ്ങളെ ആരോകളിപ്പിച്ചതാണു്.” ഉടമസ്ഥനു വിശ്വാസമായില്ല. “അവന്‍തന്നെ കള്ളറാസ്കല്‍ സാഹിത്യവുമായി നടക്കുന്ന കായംങ്കുളം കൊച്ചുണ്ണി.” മാസങ്ങള്‍ കഴിഞ്ഞു. എം. കൃഷ്ണന്‍നായരായി ഭാവിച്ച് ഹോട്ടലില്‍ താമസിച്ച ആള്‍ ഹോട്ടലിന്റെ മുന്‍പിലുള്ള റോഡില്‍ക്കൂടി തിടുക്കത്തില്‍ നടന്നുപോകുന്നതു ഉടമസ്ഥന്‍ കണ്ടു. അദ്ദേഹം ഓടിച്ചെന്നു് “സാര്‍ വരണം കാപ്പി കുടിച്ചിട്ടു പോകാം.” എന്നു മധുര ശബ്ദത്തില്‍ ക്ഷണിച്ചു. ഗത്യന്തരമില്ലാതെ അയാള്‍ കയറിച്ചെന്നു. ഉടമസ്ഥന്‍ പൊലീസിനെ അറിയിച്ചു. രണ്ടുദിവസം അയാള്‍ സ്റ്റേഷനിലിരുന്നു. പിന്നീടു് ചേട്ടനെത്തി ഹോട്ടലിലെ പണംകൊടുത്തു് അനുജനെ മോചിപ്പിച്ചുകൊണ്ടുപോയി. പ്രൊഫസര്‍ മാധവന്‍നായര്‍ക്കു ഞാന്‍ വീണ്ടും നന്ദി പറയുന്നു.

സാഹിത്യത്തിലുമുണ്ടു് ഈ ആള്‍മാറാട്ടം സാര്‍ത്രിന്റെ ശിഷ്യന്‍, കമ്യുവിന്റെ ശിഷ്യന്‍, സ്റ്റൈന്‍ബക്കിന്റെ ശിഷ്യന്‍ എന്നൊക്കെ എഴുതിവയ്ക്കാന്‍ അവര്‍ക്കു വയ്യ. അതിനു പകരമായി സാര്‍ത്ര കമ്യു, സ്റ്റൈന്‍ബക്ക് എന്നൊക്കെ ബോര്‍ഡുകളെഴുതി പിറകില്‍ വച്ചുകൊണ്ട് അവര്‍ ഇരിക്കുന്നു. പലരും അവരുടെ മുന്‍പിലെത്തി സാഷ്ടാംഗ നമസ്കാരം നടത്തുന്നു. ഹോട്ടലുടമസ്ഥന്മാര്‍ അവരുടെ തനിനിറം കണ്ടുപിടിക്കുന്നകാലം അത്ര അകലെയല്ല.

ദിവ്യവചനം

“ഭൂമി ഉരുണ്ടതാണു്” — എന്നു് … ബോര്‍ഡ് മെമ്പര്‍. “കുട്ടികള്‍ക്കു് അഞ്ചു വയസ്സിലെങ്കിലും അക്ഷരം പഠിപ്പിച്ചു കൊടുക്കണം” — എന്നു്…ത്തെ കളക്ടര്‍. “കുമാരനാശാന്‍ കവിയായിരുന്നു” എന്നു്… കോളേജിന്റെ പ്രിന്‍സിപ്പല്‍. ഇങ്ങനെയൊക്കെ പത്രങ്ങളില്‍ വലിയ തലക്കെട്ടുകള്‍ കാണുമ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോകാറുണ്ടു്. ഞെട്ടേണ്ട കാര്യമില്ല. എന്നതു താഴെച്ചേര്‍ക്കുന്ന സംഭാഷണം തെളിയിക്കും.

പത്രറിപ്പോര്‍ട്ടര്‍
അങ്ങയുടെ തിരുവായ്മൊഴികള്‍ ലോകമാകെ അറിയാന്‍ എന്തുചെയ്യാന്‍ പോകുന്നു?
സന്ന്യാസിപ്രമുഖന്‍
റേഡിയോവഴിയായും ടെലിവിഷന്‍വഴിയായും അതു പ്രചരിപ്പിച്ചുകഴിഞ്ഞു. ഇനി ഞാന്‍ ഒന്നും ചെയ്യേണ്ടതില്ല.
റിപ്പോര്‍ട്ടര്‍
ആ തിരുവായ്മൊഴികളില്‍ ചിലതു നല്കി അടിയനെ അനുഗ്രഹിച്ചാലും. അടിയനെ പ്രബുദ്ധനാക്കിയാലും.
സന്ന്യാസി
കേട്ടാലും, “കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞു്”, “അടിയോളമുതകാ അണ്ണന്‍തമ്പി”, “ഉരലിന്റെ വേദന മദ്ദളത്തോടോ?”
റിപ്പോര്‍ട്ടര്‍
ഇതു് നിരക്ഷരന്മാരോട് പറയുന്ന പഴഞ്ചൊല്ലുകളല്ലേ?
സന്ന്യാസി
അതേ. നിരക്ഷരന്മാര്‍ പോലും ഇവ മനസ്സിലാക്കത്തക്കവിധത്തില്‍ റേഡിയോയും ടെലിവിഷനും എനിക്കുവേണ്ടി പ്രവര്‍ത്തിച്ചു കഴിഞ്ഞു. എന്റെ ഈ വചനങ്ങള്‍ ലോകം മുഴുവന്‍ ഗ്രഹിച്ചു എന്നതിന്റെ തെളിവുതന്നെയാണിതു്.

“ഭൂമി ഉരുണ്ടതാണ്” എന്ന മട്ടിലുള്ള സൂക്തങ്ങള്‍ പണ്ടേയുള്ളതൊന്നുമല്ല. കളക്ടറന്മാരും സെക്രിട്ടറിമാരും പ്രിന്‍സിപ്പല്‍മാരും കണ്ടുപിടിച്ച അത്തരം ഗഹനതത്ത്വങ്ങൾ റേഡിയോ. ടെലിവിഷന്‍ ഇവയുടെ സഹായത്തോടെ അവര്‍ ലോകമെമ്പാടും നേരത്തേ പരത്തിക്കഴിഞ്ഞു. അതുറപ്പിക്കാന്‍ വേണ്ടി അവര്‍ വീണ്ടും മൊഴിയാടുന്നതേയുള്ളു. ‘കേരളകൗമുദി’യും ‘മാതൃഭൂമി’യും ‘മലയാളമനോരമ’യും മറ്റും ഈ ദിവ്യസൂക്തങ്ങള്‍ വെണ്ടക്കാലിപിയില്‍ അച്ചടിക്കാന്‍ നിര്‍ബ്ബദ്ധരാകുന്നു. അത്രമാത്രം.

ഇതിനു സദൃശമായ ഒരു ദിവ്യവചനം തന്നെയാണു തോമസ് പള്ളിക്കലിന്റെ “ശങ്കു അളിയന്റെ നിധി” എന്ന രചന (മലയാളമനോരമ ആഴ്ചപ്പതിപ്പു്). ഒരുത്തന്‍ കരിങ്കല്‍ക്കഷണങ്ങള്‍ കുടത്തിലാക്കി കുഴിച്ചുവയ്ക്കുന്നു. അതു നിധിയാണെന്നു വേറൊരുത്തനെ ധരിപ്പിക്കുന്നു. അയാളുടെ കൈയില്‍നിന്നു പണം അപഹരിക്കുന്നു. അപ്പോള്‍ കള്ളിവെളിച്ചത്താകുന്നു. ഇതാണു് ദിവ്യമായ അരുളപ്പാടു്. ഇതു് സര്‍വ്വസാധാരണമല്ലേ? ഹാസ്യമൊട്ടുമില്ലാത്ത വെറും ചവറല്ലേ? എന്നൊക്കെ നമ്മള്‍ ചോദിക്കുന്നുണ്ടെങ്കില്‍ അതു് നമ്മുടെ വിവരക്കേടു് എന്നു മാത്രം ധരിച്ചാല്‍ മതി. മഹാനായ തോമസ് പള്ളിക്കല്‍ ഈ തിരുവചനങ്ങള്‍ പണ്ടേ പല ‘മീഡിയ’വഴി പ്രചരിപ്പിച്ചു കഴിഞ്ഞതാണു്. തന്റെ ആശയങ്ങളുടെ മൗലികത ഒന്നുകൂടി ഉറപ്പിക്കാന്‍ വേണ്ടി അദ്ദേഹം മനോരമ ആഴ്ചപ്പതിപ്പിലൂടെ അവ ആവര്‍ത്തിക്കുന്നതേയുള്ളൂ. ചോദ്യകര്‍ത്താക്കളായ നമ്മള്‍ മണ്ടന്മാര്‍.

* * *

ടി.എന്‍. ഗോപിനാഥന്‍നായര്‍ മനോരാജ്യം വാരികയിലെഴുതിയ ഒരു ലേഖനത്തില്‍ (‍ഡോക്ടര്‍ ടി. വി. രാമാനുജം “കാല്‍ച്ചിലങ്കകളുടെ മഞ്ജീരശിഞ്ജിതം എന്നു കാച്ചിയിരിക്കുന്നു. അറിവില്ലാത്തതുകൊണ്ടു ചോദിച്ചു പോകുകയാണു് ഞാന്‍. മഞ്ജീരത്തിന്റെ അര്‍ത്ഥം ചിലമ്പ് എന്നല്ലേ? ചിലമ്പും ചിലങ്കയും കിങ്ങിണിത്തളകളല്ലേ? അല്ല എന്നാണു് ഉത്തരമെങ്കില്‍ പാദാംഗദതുലാകോടി നൂപുരങ്ങളുടെ മഞ്ജീരശിഞ്ജിതം എന്നു് എനിക്കെഴുതാമോ? [പാദാംഗദം = കാല്‍ച്ചിലമ്പു്; തുലാകോടി = കാല്‍ച്ചിലമ്പു്: മഞ്ജീരം = കാല്‍ച്ചിലമ്പു്; നൂപുരം = കാല്‍ച്ചിലമ്പു്.]

ഏമ്പക്കം

ചിലര്‍ക്കു സര്‍ഗ്ഗശക്തി ഏമ്പക്കമായിവരും. വേറെ ചിലര്‍ക്കു് ഇക്കിളായിവരും. മറ്റു ചിലര്‍ക്കു തികട്ടലായി അതു് ആവിര്‍ഭവിക്കും. ദീപിക ആഴ്ചപ്പതിപ്പില്‍ “ഇംഗ്ലീഷ് സംസാരിക്കുന്ന പട്ടി” എന്ന ചെറുകഥ എഴുതിയ സുജാതന്‍ പോത്തന്‍കോടിനു് ഏമ്പക്കമായിട്ടാണു് സര്‍ഗ്ഗശക്തി വരുന്നതു്. ഏമ്പക്കമോ ഇക്കിളോ തികട്ടലോ ഏതുമാവട്ടേ ആളുകള്‍ക്കു അടുത്തു നില്‍ക്കാന്‍ പറ്റുകില്ല. ഞാന്‍ കുറച്ചൊന്നുമാറിനില്ക്കട്ടെ പോത്തന്‍കോട്ടെ ഈ സുജാതന്റെ അടുത്തുനിന്നു്. പട്ടി ഇംഗ്ലീഷ് സംസാരിക്കുന്നുവെന്നു വേലക്കാരി പറഞ്ഞു് അറിഞ്ഞ ഉടമസ്ഥന്‍ വെപ്രാളപ്പെട്ടു. ന്യൂസ് പരന്നു. ബഹളമായി. രണ്ടു കക്ഷികള്‍, അവര്‍ ബഹളം വച്ചുകൊണ്ടിരിക്കെ പട്ടി ഇംഗ്ലീഷ് സംസാരിക്കുന്നില്ല, അതിനു മിണ്ടാട്ടം പോലുമില്ല എന്ന സത്യം വെളിവാകുന്നു. ഇതാണു് സുജാതന്റെ ‘രാഷ്ട്രീയ സറ്റയര്‍.’ അമിതഭക്ഷണത്തിന്റെ ഫലമായി വായു മേല്പോട്ടുവരുന്നതിനെയാണു് ഏമ്പക്കം എന്നു പറയുന്നതു്. കാര്‍മിസൈഡ് സ്റ്റ്രോങ് രണ്ടു ടീസ്പൂണ്‍ കഴിച്ചാല്‍ മതി. ഇല്ലെങ്കില്‍ ഒരു ഡോസ് കാര്‍ബനേറ്റീവ് മിക്‍സ്ച്ചര്‍ ഉള്ളിലാക്കിയാല്‍ മതി. അവയിലേതെങ്കിലും ചെയ്തു് സുജാതന്‍ ഈ രോഗം മാറ്റുമെന്നു് ഞാന്‍ വചാരിക്കുന്നു. മാറ്റണം: മാറ്റിയേതീരൂ. കഴിയുന്നിടത്തോളം നമ്മള്‍ അന്യരെ ഉപദ്രവിക്കാതെ വേണമല്ലോ ഈ ലോകത്തു കഴിഞ്ഞുകൂടാന്‍.

* * *

“ഞാനല്ല ഈ പുസ്തകത്തിന്റെ രചയിതാവു്. ഞാന്‍ പേന കൈയില്‍വച്ചിരുന്നു. അത്രേയുള്ളു. അപ്പോള്‍ പ്രത്യക്ഷ ശരീരമില്ലാത്ത ഒരാള്‍ എന്റെ പേനയും എന്റെ മനസ്സും ഉപയോഗിച്ചു് അയാള്‍ അഭിലഷിച്ചതു് എഴുതുകയായിരുന്നു. ചൈതന്യത്തെ പ്രവഹിപ്പിക്കുന്ന ഒരദൃശ്യഹസ്തമുണ്ടു്…’ രവീന്ദ്രനാഥ ടാഗോറാണു് ഇങ്ങനെ പറഞ്ഞതു്. സര്‍ഗ്ഗശക്തിക്കു് അവലംബമായി വര്‍ത്തിക്കുന്ന ഈ പ്രചോദനം പലര്‍ക്കുമില്ല. നാലു് ഇംഗ്ളീഷ് നോവലുകള്‍ വായിച്ചിട്ടു് ഒരു മലായളം നോവല്‍ എഴുതിവയ്ക്കുന്നവരെ ഇവിടെ ‘ജീനിയസ്’ എന്നുവിളിക്കുന്നു. ആ നോവലിനെ മാസ്റ്റര്‍പീസായി കൊണ്ടാടുന്നു.

വൈരുദ്ധ്യങ്ങള്‍

യേശുദാസിന്റെ നാവു് മധുരസംഗീതം പൊഴിക്കുന്നു: റൗഡിയുടെ നാക്കു് തെറിയുടെ പൂരം നിര്‍മ്മിക്കുന്നു! ഈശ്വരന്‍ പൂവമ്പഴം നല്കുന്നു; ചെകുത്താന്‍ അമോണിയം സള്‍ഫേറ്റ് കൊണ്ടു് അതു വലുതാക്കി കൊള്ളരുതാത്തതാക്കുന്നു. ജനങ്ങളുടെ ധര്‍മ്മബോധം വേലുത്തമ്പി ദളവയായി പ്രത്യക്ഷമാകുന്നു; സര്‍ക്കാരിന്റെ നൃശംസത വേലുത്തമ്പിയുടെ പ്രതിമ നിര്‍മ്മിച്ചു് അതില്‍ കാക്കയെ കാഷ്ഠിപ്പിക്കുന്നു. പ്രകൃതി പനിനീര്‍പ്പൂവിനു ജന്മമരുളുന്നു; വാര്‍ദ്ധക്യത്തിന്റെ കാമാസക്തി അതിനെ നരച്ച തലമുടിയില്‍ എടുത്തുവയ്ക്കുന്നു. ജനതയുടെ നീതിതല്‍പരത്വം പ്രജാധിപത്യവ്യവസ്ഥിതി ഉണ്ടാക്കുന്നു: ആന്ധ്രയിലെ ഭാസ്കരറാവു അതിനെ വ്യഭിചരിക്കുന്നു. ഈശ്വരവിശ്വാസം ദേവാലയങ്ങള്‍ക്കു രൂപം കൊടുക്കുന്നു; മനുഷ്യന്റെ അത്യാര്‍ത്തി അവയെ കല്യാണമണ്ഡപങ്ങളാക്കുന്നു. ജെയിംസ്‌വാട്ട് മോട്ടോര്‍ എന്‍ജിന്‍ കണ്ടുപിടിക്കുന്നു; ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ സിറ്റി സര്‍വ്വീസ് നടത്തുന്നു. മനുഷ്യന്റെ സംസ്കാരം ഭാഷയ്ക്കു വികാസം നല്‍കുന്നു; എം.എച്ച്.എം. സാലി ‘വിടരാന്‍ കൊതിച്ച മോഹം’ എന്ന കഥയെഴുതി (കുമാരി വാരിക) അതിനെ മലീമസമാക്കുന്നു.

കാരൂര്‍

“ഈശ്വരന്‍ നിശ്ശബ്ദതയുടെ സുഹൃത്താണു്. വൃക്ഷങ്ങളും പൂക്കളും പുല്ലുകളും നിശ്ശബ്ദതയില്‍ വളരുന്നു. നക്ഷത്രങ്ങളും ചന്ദ്രനും സൂര്യനും നിശ്ശബ്ദമായി നീങ്ങുന്നതു് എന്നു മദര്‍തെറീസ പറഞ്ഞിട്ടുണ്ട്. “കാണുന്നതെല്ലാം നിശ്ശബ്ദത” എന്നൊരു മഹാകവിയും. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ കല നിശ്ശബ്ദതയുടേതാണു്. അര്‍ത്ഥംകൊണ്ടു ധ്വനിപ്പിക്കുന്നതിനെക്കാളേറെ അദ്ദേഹം നിശ്ശബ്ദത കൊണ്ടു ധ്വനിപ്പിക്കുന്നു. വിശ്വസാഹിത്യത്തിന്റെ മാനദണ്ഡം കൊണ്ടളന്നാലും ഒരു ന്യൂനതയും വരാത്ത “മരപ്പാവകള്‍” എന്ന കഥയിലാണു് ഈ നിശ്ശബ്ദതയുടെ ധ്വനി പാരമ്യത്തില്‍ എത്തിനില്ക്കുന്നതു്. കുങ്കുമം വാരികയില്‍ എടുത്തു ചേര്‍ത്തിരിക്കുന്ന “ചെകുത്താന്‍” എന്ന ചേതോഹരമായ കഥയിലും ഈ സവിശേഷത കാണാം. അച്ഛന്റെ ചികിത്സയ്ക്കു വേണ്ട പണം നേടാനായി അവിവാഹിതയായ മകള്‍ വ്യഭിചരിക്കുന്നു. സര്‍വസാധാരണമായ ഈ വിഷയം അതിനു് അനുരൂപമായ വൈകാരികാന്തരീക്ഷത്തോടുകൂടി കാരൂര്‍ ആവിഷ്കരിക്കുന്നു. വേദനയനുഭവിക്കുന്ന മൂന്നു കഥാപാത്രങ്ങള്‍ ഇക്കഥയിലുണ്ടു്. രോഗത്താന്‍ വിവശനായ പുരുഷന്‍. ആ രോഗം കണ്ടു് ദുഃഖിക്കുന്ന ഭാര്യ. വിവാഹപ്രായമെത്തിയ മകളെ വിവാഹം കഴിച്ചയയ്ക്കാന്‍ മാര്‍ഗ്ഗമില്ലാത്തതു കണ്ടും അവര്‍ യാതന അനുഭവിക്കുന്നു. അച്ഛന്റെ രോഗം കണ്ടും ദാരിദ്ര്യംകൊണ്ടും തീവ്രവേദനയില്‍ വീണ മകള്‍. പണത്തിനുവേണ്ടി അവള്‍ക്കു വ്യഭിചരിക്കേണ്ടിവരുമ്പോള്‍ ആ വേദന പാരമ്യത്തിലെത്തിയിരിക്കും. ന്യൂനോക്തികൊണ്ടു് — അല്ല നിശ്ശബ്ദതകൊണ്ടു്… കാരൂര്‍ ഈ വേദനയാകെ ചിത്രീകരിക്കുന്നു. അനുവാചകന്‍ ഞെട്ടുന്നു. അയാളുടെ മിഴികള്‍ ആര്‍ദ്രങ്ങളാവുന്നു.

കഥാകാരന്‍ പ്രയോഗിക്കുന്ന അലങ്കാരങ്ങള്‍ കഥാസന്ദര്‍ഭത്തില്‍നിന്നു ജനിക്കുകയും ആ കഥാസന്ദര്‍ഭത്തിലേക്കുതന്നെ സംക്രമിക്കുകയും ചെയ്യുന്നു. ഒരുദാഹരണം: “അവള്‍ പാതിരായ്ക്കു കടലയ്ക്കാച്ചിമ്മിനി കത്തിച്ചു. തല തിരിച്ചുവച്ച ഒരു കെട്ടുതാലിപോലെ അതിന്റെ മിന്നി. ആ വെളിച്ചത്തില്‍ അമ്മ മകളെ അടിമുടി പലവുരു നോക്കി. കണ്ണീര്‍കൊണ്ടു് അവരുടെ കാഴ്ച മങ്ങി. വിളക്കു താനേ അണഞ്ഞു. എന്റെ കര്‍ത്താവേ! മകളെ വിവാഹം കഴിച്ചയയ്ക്കാന്‍ വയ്യാതെ ദുഃഖിക്കുന്ന അമ്മയ്ക്കു ചിമ്മിനി ദീപം തലതിരിച്ചുവച്ച കെട്ടുതാലിപോലെ തോന്നിയതു് എത്ര സ്വാഭാവികം. കാരൂര്‍ നീലകണ്ഠപ്പിള്ള ഇവിടെ പ്രതിഭാശാലിയായ കവിയായി മാറുകയാണു്. ഈ ലോകത്തു് എത്രയെത്ര രാജ്ഞിമാരും രാജാക്കന്മാരും മരിച്ചു! എത്രയെത്ര മഹാന്മാരും മഹതികളും മരിച്ചു! കാരൂര്‍ നീലകണ്ഠപ്പിള്ള സൃഷ്ടിച്ച ശോശാമ്മ എന്ന കഥാപാത്രം മരണത്തിന്റെ വേദനയെക്കാള്‍ വലിയ വേദന അനുഭവിച്ചുകൊണ്ടു് സാഹിത്യത്തിന്റെ ലോകത്തു ജീവിച്ചിരിക്കുന്നു. അവള്‍ നിശ്ശബ്ദയായി കണ്ണിരൊഴുക്കുന്നു. കഥാകാരന്‍ ഒരു നിശ്ശബ്ദമണ്ഡലത്തില്‍ അവളെ പ്രതിഷ്ഠിച്ചിരിക്കുന്നു.

* * *

ഉത്കൃഷ്ടങ്ങളായ ചില ചെറുകഥകള്‍: (1) Gimpel the fool (ബാഷേവിയ സിങ്ങര്‍) (2) The Fly (പീറാന്തെല്ലോ) (3) The Dead Are Silent (ഒര്‍റ്റൂര്‍ ഷ്നിറ്റ്സ്സര്‍) (4) The Darling (ചെക്കോവ്) (5) Children and Old Folk (ഈവൊണ്‍ ത്സാന്‍കര്‍ — Ivan Cankar) (6)The Handkerchief (അക്കൂട്ടഗാവ) (7) മരപ്പാവകള്‍ (കാരൂര്‍) (8) The Red Flower (ഗാര്‍ഷിന്‍)

നമുക്കു പാടില്ല

എസ്. ഗുപ്തന്‍ നായരുടെ “വിജ്ഞാനസാഹിത്യത്തിലൂടെ” എന്ന പ്രബന്ധത്തില്‍ (കലാകൗമുദി) “സാമൂഹ്യ പരിഷ്കര്‍ത്താവായ സി.വി.യും…” എന്നു കാണുന്നു. സാമൂഹ്യപരിഷ്കര്‍ത്താവു് എന്ന പ്രയോഗത്തില്‍ രണ്ടു തെറ്റുകളുണ്ടു്.

  1. സാമൂഹ്യം
    1. “In the sense of one who joins an assembly. eg. സമൂഹ — സാമൂഹികഃ” (Prakriya Bhashyam, Translated by Prof: K.V.R. Pai, Page 595).
    2. ‘സാമൂഹ്യം’ വ്യാകരണദൃഷ്ട്യാ സാധുവല്ല (പ്രക്രിയാഭാഷ്യം, ഫാദര്‍ ജോണ്‍ കുന്നപ്പള്ളി, പുറം 520).
    3. സര്‍ മോണിയര്‍ വില്യംസിന്റെ Sanskrit — English Dictionary നോക്കുക. സാമൂഹിക: എന്നു കാണാം. സാമൂഹ്യം ഇല്ലതാനും.
  2. സി.വി. സമൂഹത്തിന്റെ പരിഷ്കര്‍ത്താവാണെങ്കില്‍ “സമൂഹ പരിഷ്കര്‍ത്താവു്” എന്നുവേണം എഴുതാന്‍. സാഹിത്യ അക്കാഡമിയുടെ അദ്ധ്യക്ഷനു് ഇങ്ങനെയുള്ള തെറ്റുകള്‍ വരുത്താം. നമുക്കു പാടില്ല.
* * *

ഒരിക്കല്‍ കന്‍ഫ്യൂഷസിനോടു് (കങ്ഫൂസ്തി എന്നു ചൈനീസ് ഉച്ചാരണം; അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ചോദിച്ചു; “ഗുരോ അങ്ങയെ ഭരണാധികാരിയാക്കിയാല്‍ രാജ്യം നന്നാക്കാന്‍ എന്തു ചെയ്യും?” അദ്ദേഹം മറുപടി നല്കി “ഭാഷ ശരിയായി ഉപയോഗിക്കാന്‍ ഞാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യും.”

ശിഷ്യന്മാര്‍
നിസ്സരമായ ഈ കാര്യത്തിനു് അങ്ങ് ഇത്ര പ്രാധാന്യം കല്പിക്കുന്നതെന്തിനു്?
കന്‍ഫ്യൂഷസ്
ഭാഷ ശരിയായി പ്രയോഗിച്ചില്ലെങ്കില്‍ പറയാന്‍ ഉദ്ദേശിക്കുന്നതു് വേണ്ടപോലെ ആവിഷ്കരിക്കപ്പെടില്ല. പറയാന്‍ ഉദ്ദേശിച്ചത് ആവിഷ്കരിക്കപ്പെട്ടില്ലെങ്കില്‍ പ്രവര്‍ത്തിക്കേണ്ടതു് പ്രവര്‍ത്തിക്കപ്പെടുകയില്ല. പ്രവര്‍ത്തിക്കപ്പെട്ടില്ലെങ്കില്‍ സദാചാരത്തിനും കലയ്ക്കും ഭ്രംശമുണ്ടാകും സദാചാരവും കലയും ഭ്രംശിച്ചാല്‍ നീതി തകരും. നീതി തകര്‍ന്നാല്‍ ജനങ്ങള്‍ക്കു നിസ്സഹായവസ്ഥ ഉണ്ടാകും.

ശിശുവിന്റെ ദുഃഖം

“ഗ്രീക്ക് അന്‍തോളജി” വായിക്കുന്നതു വളരെ രസമുള്ള പ്രവൃത്തിയാണു്. അതിലെ ഒരെണ്ണം ഓര്‍മ്മയിലെത്തുന്നു. ചരമസ്മാരകത്തിലെ കുറിപ്പാണു്. “അലക്സിസായ ഞാന്‍ ഇവിടെ കിടക്കുന്നു. ഞാന്‍ വിവാഹം കഴിച്ചില്ല. എന്റെ അച്ഛനും വിവാഹം കഴിക്കാതിരുന്നെങ്കില്‍ എന്നു ഞാന്‍ അഭിലഷിച്ചുപോകുന്നു.” ഇതു് എഴുതിയപ്പോള്‍ മറ്റൊരാശയം. ജനനേന്ദ്രിയം മുഴച്ചുകാണുന്ന ഇറുകിപ്പിടിച്ച പാന്റ്സിട്ടു്, ‘ലൗ മീ’ എന്നു എങ്ങും അച്ചടിച്ച ഷര്‍ട്ടിട്ടു്, ചരസ്സും എല്‍.എസ്.ഡി. ടൊന്റിഫൈയും കഴിച്ചു് ഒട്ടിയ ചൂത്തു[1]മായി പെണ്‍പിള്ളേരുടെ പിറകേ നടന്നു കമന്റടിക്കുന്ന മകനെ കണ്ടു് അവന്റെ അച്ഛന്‍ — സമുന്നതനായ ഉദ്യോഗസ്ഥന്‍ — ഭാര്യയെ നോക്കി ഉള്ളില്‍ എത്ര തവണ പറഞ്ഞിരിക്കും “എടീ നീ പ്രസവിക്കാതിരുന്നെങ്കില്‍!”

കലാകൗമുദിയില്‍ “കഥയിങ്ങനെ” എന്ന കഥയില്ലായ്മ സൃഷ്ടിച്ച ബക്കളം ദാമോദരനോടു് ആ കഥാശിശു പറയുന്നു. “പിതാവേ അങ്ങു് എന്നെ ജനിപ്പിക്കരുതായിരുന്നു. ഞാനത്രയ്ക്കു സില്ലിയാണല്ലോ.”

ജെ. എം. കൂറ്റ്സേ

നോബല്‍ സമ്മാനത്തിനും അര്‍ഹതയുള്ള മഹാനായ ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റാണു് ജെ.എം. കൂറ്റ്സേ. അദ്ദേഹത്തിന്റെ In the Heart of the Country എന്ന നോവലിനെക്കുറിച്ചു് ജി. മധുസൂദനന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരിക്കുന്നു (ഇരുണ്ട പ്രകൃതിയും ഇരുട്ടിലാണ്ട മനസ്സും) നല്ല ലേഖനം. In the Heart of the Country കൂറ്റ്സേയുടെ ആദ്യത്തെ നോവലാണു് എന്നു ലേഖകന്റെ പ്രസ്താവം ശരിയല്ല. Dusklands എന്നതാണു് അദ്ദേഹത്തിന്റെ ആദ്യത്തെ നോവല്‍ ഇതില്‍ The Vietnam Project, The Narrative of Jacobus Coetzee എന്നു രണ്ടു നോവല്ലുകള്‍ അടങ്ങിയിരിക്കുന്നു. (Novella ചെറിയ നോവല്‍ Novelle എന്നു ബഹുവചനം) 1974-ലാണു് കൂറ്റ്സേ ഇതു് ദക്ഷിണാഫ്രിക്കയില്‍ പ്രസിദ്ധപ്പെടുത്തിയതു്. In the Heart of the country 1977-ലും.

കൂറ്റ്സേയെക്കുറിച്ചു് ആദ്യമായി കലാകൗമുദിയില്‍ എഴുതിയതു് ഞാനാണു്. ഞാന്‍ ആ വാരികയും എന്റെ ലേഖനത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമയും അദ്ദേഹത്തിനു് അയച്ചുകൊടുത്തു. നിരൂപണത്തിനു നന്ദിപറഞ്ഞുകൊണ്ടു് കൂറ്റ്സേ എനിക്കെഴുതിയ മറുപടിയില്‍ In the Heart of the Country യില്‍ ആഫ്രിക്കന്‍ പരിതഃസ്ഥിതികള്‍ കൂടുതലുള്ളതുകൊണ്ടു് എനിക്കു് ആ നോവല്‍ അത്രകണ്ടു ഇഷ്ടപ്പെട്ടില്ലെന്നു വരും എന്നു അറിയിച്ചിരുന്നു. (Waiting for the Barbarians എന്ന ഉജ്ജ്വലകലാശില്പത്തെക്കുറിച്ചായിരുന്നു. കലാകൗമുദിയിലെ ലേഖനം.) കൂറ്റ്സേയുടെ കത്തു കിട്ടിയതിനു ശേഷം ഞാന്‍ In the Heart of the Country വായിച്ചു. “ആഫ്രിക്കയുടെ ആത്മാവു് ഇന്ത്യയുടെ ആത്മാവു തന്നെ. അതുകൊണ്ടു് ആ നോവലും എനിക്കിഷ്ടമായി” എന്നു ഞാന്‍ അദ്ദേഹത്തെ അറിയിച്ചു.

കൂറ്റ്സേയുടെ നോവലുകളെക്കുറിച്ചു് ഇന്ത്യയിലെ പ്രസാധനങ്ങളില്‍ വരുന്ന ലേഖനങ്ങളൊക്കെ ഞാന്‍ അദ്ദേഹത്തിനു് അയച്ചുകൊടുക്കാറുണ്ടു്. മധുസൂദനന്റെ ലേഖനത്തിന്റെ ഇംഗ്ളീഷ് തര്‍ജ്ജമയും ഞാന്‍ അദ്ദേഹത്തിനു് അയച്ചുകൊടുക്കും.

സ്വകാര്യക്കത്തുകള്‍ പരസ്യപ്പെടുത്തുന്നതു ശരിയല്ല. എങ്കിലും കൂറ്റ്സേയുടെ ഒരു കത്തിലെ ഒരു വാക്യം എഴുതാം: “I am delighted that my books are receiving so much attention in India.” നമ്മുടെ കഥാകാരന്മാര്‍ക്കും കവികള്‍ക്കും നിരൂപകര്‍ക്കും രചനകള്‍ ആവശ്യപ്പെട്ടുകൊണ്ടു പത്രാധിപര്‍ ഒരു കാര്‍ഡു് അയച്ചാല്‍ മതി. ഉടനെ അവര്‍ പേനയെടുത്തു കടലാസ്സില്‍ അക്ഷരങ്ങള്‍ വീഴ്ത്തുകയായി. പ്രചോദനമുള്ളപ്പോള്‍ മാത്രം എഴുതുന്ന മഹാനായ കലാകാരനാണു് കൂറ്റ്സേ.

കോജിറ്റോ എര്‍ഗോ സും

തിരുവനന്തപുരത്തെ ചായക്കടകളില്‍ പാലു വില്ക്കുന്നവര്‍ എരുമയെ കടയുടെ മുന്‍പില്‍ കൊണ്ടുവന്നു കെട്ടിയാണു് പാലു കറന്നുകൊടുക്കാറു്. ഏതു സമയത്തു മുല പിഴിഞ്ഞാലും പാലു ചുരത്താന്‍ പാവപ്പെട്ട എരുമ സന്നദ്ധയാണു്. അംബുജന്‍ കഴിമ്പ്രം സാഹിത്യമെന്ന എരുമയെ സ്വന്തമിഷ്ടത്തിനു യോജിച്ച മട്ടില്‍ കറക്കുന്നതു കാണണമെങ്കില്‍ മംഗളം വാരികയുടെ 23-ആം പുറം നോക്കിയാല്‍ മതി. ഒരു ഊമയെ അഭിസംബോധന ചെയ്തു് ഒരുത്തന്‍ എന്തെല്ലാമോ പറയുന്നു. എന്തൊരു കഥാഭാസം!

“മലയാളസിനിമയിലെ മുടിചൂടാമന്നന്‍” എന്ന പേരില്‍ ഫിലിം നിര്‍മ്മാതാവും ഡയറക്ടറും അഭിനേതാവുമായ ബാലചന്ദ്രമേനോനെക്കുറിച്ചു് രാജീവന്‍ പൗരധ്വനി വാരികയിലെഴുതിയിരിക്കുന്നു. ബാലചന്ദ്രമേനോന്‍ യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ശിഷ്യനായിരുന്നു. ക്ലാസിലെ ഏറ്റവും ബുദ്ധിമാനായ വിദ്യാര്‍ത്ഥി. അഭിനയമത്സരങ്ങളിലെല്ലാം എപ്പോഴും ഒന്നാം സ്ഥാനത്തായിരുന്നു അദ്ദേഹം. അന്നത്തെ കഴിവുകള്‍ ഇന്നു വികസിതാവസ്ഥയില്‍ എത്തിയിരിക്കുന്നു. കുട്ടിയായിരുന്ന കാലത്തു് അദ്ദേഹമെഴുതിയ ഒരു നാടകത്തിനു് തിരുവനന്തപുരത്തെ എക്സിബിഷന്‍ കമ്മിറ്റി സമ്മാനം നിശ്ചയിച്ചു. അന്നു ഗുരുനാഥനായ എനിക്കു് അദ്ദേഹം സമ്മാനിച്ച ചോക്ക്ലിറ്റിന്റെ മാധുര്യം ഇപ്പോഴും എന്റെ നാവിലുണ്ടു്.

“ശൂന്യതയാല്‍ ഒന്നും ചെയ്യാനില്ലാത്ത സമയത്തു് എന്തുചെയ്യണം?” എന്നു ചോദ്യം. “പൈങ്കിളിക്കഥ എഴുതിയാല്‍ മതി” എന്നു് ഉത്തരം. ചന്ദ്രന്‍ തട്ടുക്കുഴ പൂവും പ്രസാദവും എന്നൊരു കൊച്ചുപൈങ്കിളിക്കഥ ‘സഖി’ വാരികയിലെഴുതി തന്റെ മനസ്സിന്റെ ശൂന്യതയെ വിളംബരം ചെയ്യുന്നു.

അമ്മാവന്റെ മോളെ അയാള്‍ക്കിഷ്ടം. പക്ഷേ, ദരിദ്രനായ അയാളെ അമ്മാവനും അമ്മായിയും അടുപ്പിക്കുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു് അയാള്‍ സമ്പന്നനാകുന്നു. അവര്‍ ദരിദ്രരും. അവരുടെ വീട്ടിലെ പട്ടിക്കുപോലും തളര്‍ച്ച. വിഷയത്തിനു പുതുമയില്ലെങ്കിലും ഭേദപ്പെട്ടരീതിയില്‍ ബാലകൃഷ്ണന്‍ വടക്കൂട് കഥ പറഞ്ഞിരിക്കുന്നു (മധുരം വാരിക).

കോജിറ്റോ എര്‍ഗോ സും — I think therefore I am — ഞാന്‍ വിചാരിക്കുന്നുണ്ടു്. അതുകൊണ്ടു് ഞാനുണ്ടു് — എന്നു് തത്ത്വചിന്തകന്‍ വിചാരിച്ചിട്ടും അസ്തിത്വമില്ലാത്ത ആധുനിക മനുഷ്യനെ ജെറോം വീഡ്മാന്റെ My Father sits in the Dark) എന്ന കഥയില്‍ കാണാം. ഭാഷാന്തരീകരണം കഥാമാസികയില്‍ വായിക്കൂ. കലയുടെ ശക്തിമനസ്സിലാക്കൂ.

* * *

ഭര്‍ത്താക്കന്മാര്‍ അഗ്നിപോലെയാണു്. ഭാര്യമാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ കെട്ടുപോകും എന്നു് ഒരു സ്ത്രീ പറഞ്ഞിട്ടുണ്ടു്. കേരളത്തിലെ പതിവ്രതകള്‍ ആ തീ ആളിക്കത്തിക്കുന്നു. പക്ഷേ ചൂടേറ്റു് അവര്‍ കരിഞ്ഞുപോകുകയും ചെയ്യുന്നു. ഒന്നിനൊന്നു സുന്ദരിമാരാകുന്ന സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ ശ്രദ്ധിക്കുന്നവരല്ല എന്നു സിദ്ധിക്കുന്നു.


  1. ചൂത്ത് — പൃഷ്ഠം