സാഹിത്യവാരഫലം 1984 09 23
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1984 09 23 |
ലക്കം | 467 |
മുൻലക്കം | 1984 09 16 |
പിൻലക്കം | 1984 10 07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
നിയമാനുസാരിയായതിന്റെ നിഷേധം സംസ്കാരത്തെ തകര്‍ക്കും. ആ തകര്‍ച്ചയുണ്ടാകുമ്പോള്‍ ജനങ്ങളാകെ തകരും. ജനാധിപത്യം ഉന്നതമൂല്യമുള്ളതാണ്. സ്വേച്ഛാധിപത്യം മൂല്യരഹിതവും. ജനാധിപത്യം എല്ലാരാജ്യങ്ങളിലും തകര്‍ക്കപ്പെടുന്നു. സാഹിത്യം കല ഇവയിലും നിഷേധങ്ങള്‍ ദര്‍ശിക്കാം. 1. നോവല്‍: ഇതിവൃത്തമില്ല, നായകനില്ല, സംഭവങ്ങളില്ല: ഉള്ള സംഭവങ്ങള്‍ക്ക് അന്യോന്യബന്ധമില്ല. 2. കവിത: ഛന്ദസ്സില്ല. പ്രാസമില്ല, ലയമില്ല സാര്‍ത്ഥകമായ പദസന്നിവേശക്രമമില്ല. 3. കഥ: ജിവിതപ്രതിഫലനമില്ല. സത്യാത്മകതയില്ല. സംഭവനിവേശമില്ല, പ്രമേയമില്ല, അര്‍ത്ഥമില്ല, പരിമാണമില്ല, (മൂന്നുവാക്കില്‍ കഥയെഴുതാം. അഞ്ചുവാക്യത്തില്‍ നോവലെഴുതാം.) 4. ചിത്രകല: മനുഷ്യനെ വരയ്ക്കുമ്പോള്‍ അവന്റെ രൂപമില്ല. സൗന്ദര്യമില്ല. 5. തത്വചിന്ത: അദ്ധ്യാത്മവിദ്യയില്ല. 6. സംഗീതം: ശ്രവണസുഖമില്ല. ലയമില്ല. ഈ നിഷേധങ്ങളൊക്കെ കണ്ടുകണ്ട് നമുക്ക് ഒരു പ്രതികരണവുമില്ലാതെയായിത്തീര്‍ന്നിരിക്കുന്നു. വിമാനം റാഞ്ചിക്കൊണ്ടുപോയി എന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍ മുന്‍പ് ഞെട്ടിയിരുന്നു. ഇന്ന് ഞെട്ടലില്ലെന്നു മാത്രമല്ല, ആ വാര്‍ത്ത നമ്മള്‍ വായിക്കാന്‍ കൂട്ടാക്കുന്നതുമില്ല.
Contents
ടി. പത്മനാഭന്റെ കലാശില്പം
അന്യര്‍ക്കു സത്യമായി തോന്നുന്നത് എനിക്കു പലപ്പോഴും മിഥ്യയായി അനുഭവപ്പെടുന്നു. അന്യര്‍ക്കു ഭാവനയായി തോന്നുന്നത് എനിക്കു പലപ്പോഴും മിഥ്യാഭാവനയായി തോന്നുന്നു. പക്ഷേ, ഇതിനൊരു മാറ്റം വന്നിരിക്കുന്നു ഇപ്പോള്‍. എല്ലാവര്‍ക്കും സത്യമായും ഭാവനയായും അനുഭവപ്പെടുന്നത് എനിക്കും സത്യംതന്നെ:ഭാവനതന്നെ. ടി. പത്മനാഭന്‍ കലാകൗമുദി ഓണപ്പതിപ്പില്‍ എഴുതിയ ‘വീടു നഷ്ടപ്പെടുന്നവര്‍’ എന്ന ചെറുകഥ സഹൃദയമുള്ളവര്‍ക്കെല്ലാം സത്യാത്മകമായും ഭാവനാത്മകമായും തോന്നും. എനിക്കും അങ്ങനെതന്നെ. നമ്മുടെ കേരളത്തില്‍ ആര്‍ടിസ്റ്റുകള്‍ വിരളം. ആര്‍ടിസ്റ്റുകളായി ഭാവിക്കുന്ന ബാര്‍ബേറിയന്‍സ് വളരെക്കൂടുതല്‍. വൈരള്യമുള്ള ആര്‍ടിസ്റ്റുകളില്‍ ശോഭയാര്‍ന്നു വിരാജിക്കുന്ന നക്ഷത്രമാണ് ടി. പത്മനാഭനെന്ന് ഇക്കഥ വായിച്ചപ്പോള്‍ എനിക്കു തോന്നി.
സാഹിത്യവാരഫലമെഴുതി ശത്രുക്കളെ ഏറെ സമ്പാദിച്ചതുകൊണ്ട് ഞാന്‍ റിക്ലൂസായി — ഏകാന്തജീവിതം നയിക്കുന്നവനായി — കഴിയുകയാണ്. സര്‍ഗ്ഗാത്മകത്വത്തില്‍ വ്യാപരിക്കാത്ത സഹൃദയര്‍ മാത്രമേ എന്നോടു വിദ്വേഷം പുലര്‍ത്താത്തവരായുള്ളൂ. ഞാന്‍ ഒരു പൊതുസ്ഥാപത്തിലിരിക്കുകയായിരുന്നു. സര്‍വ്വകലാശാലയില്‍ നടക്കുന്ന ഒരു പ്രഭാഷണപരമ്പരയ്ക്കുള്ള ഒരുകെട്ട് എഴുത്തുമായി അവിടെയെത്തിയ ഒരു മാന്യന്‍ കള്ളക്കടത്തു സാധനം കൈമാറുന്നതുപോലെ ഒരു ക്ഷണക്കത്തു പൊതുസ്ഥാപനത്തിലെ അധികാരിക്കു നല്കിയിട്ട് എന്നെ നോക്കുകപോലും ചെയ്യാതെ ഇരുന്നു. ആ അധികാരിക്ക് സാഹിത്യവുമായി, അധ്യാപനവുമായി ബന്ധമില്ല. അദ്ദേഹത്തെ ക്ഷണിക്കുന്നു. രണ്ടിനോടും ബന്ധമുള്ള എന്നെ ക്ഷണിക്കാതെ അപമാനിക്കുന്നു. വായനക്കാരോടുള്ള മാപ്പു ചോദിച്ചുകൊണ്ട് അല്പം ആത്മപ്രശംസ നടത്തട്ടെ. സാഹിത്യത്തില്‍ ഞാന്‍ ആരുമല്ലന്നിരിക്കട്ടെ. അധ്യാപനത്തില്‍ അങ്ങനെയല്ല. ഞാന്‍ പഠിപ്പിച്ച ക്ലാസ്സുകളില്‍ പട്ടണത്തിലെ മറ്റു കോളേജുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ പതിവായി വന്നിരിക്കാറുണ്ടായിരുന്നു. ക്ലാസില്‍ ഇരിക്കാന്‍ സ്ഥലമില്ലാതെയാവുമ്പോള്‍ കുട്ടികള്‍ വാതിലുകളിലും ജനലുകളിലും തിങ്ങിക്കൂടി നില്ക്കും. ആ രീതിയിലുള്ള അധ്യാപകനായ എന്നെയാണ് അദ്ധ്യാപനത്തോടു ബന്ധപ്പെട്ട മാന്യന്‍ അപമാനിച്ചത്. ഞാന്‍ ഏകാന്തജീവിതം നയികുന്നവനാണെങ്കിലും അതൊരു നല്ല ജീവിതമാണെന്ന് എനിക്കഭിപ്രായമില്ല. അന്യരോടു സമ്പര്‍ക്കം പുലര്‍ത്തുകയും അങ്ങനെ ആഹ്ലാദിക്കുകയും ചെയ്യുമ്പോഴാണ് വ്യക്തിക്ക് വളര്‍ച്ചയുണ്ടാകുന്നത്. ഇംഗ്ലീഷില്‍ ‘ഇന്‍റ്ററാക്ഷന്‍’ എന്നു പറയുന്നപരസ്പരപ്രവര്‍ത്തനമാണ് വളര്‍ച്ചയ്ക്കു ഹേതു. ദാമ്പത്യജീവിതത്തെസംബന്ധിച്ചും ഇതാണു ശരി. ഇന്‍റ്ററാക്ഷനില്ലാത്ത ഒരു ദാമ്പത്യജീവിതത്തിന്റെ ദുരന്തം ചിത്രീകരിക്കുകയാണ് ടി. പത്മനാഭന്‍. ഭര്‍ത്താവ് പരസ്ത്രീഗമനലോലുപന്‍. ഭാര്യ അതു മനസ്സിലാക്കി വിഷാദമൂകയായി ഇരിക്കുന്നു. അവരുടെ രണ്ടു മക്കള്‍ക്കും വിഷാദം. ഭര്‍ത്താവിന്റെ സ്നേഹരാഹിത്യം മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോള്‍ ഭാര്യ തകര്‍ന്നടിയുന്നു. അവള്‍ക്ക് ഉന്മാദം. വായനക്കാരെ പ്രകമ്പനം കൊള്ളിക്കുന്ന ഈ ട്രാജഡിയെ ന്യൂനോക്തിയിലൂടെ പത്മനാഭന്‍ ചിത്രീകരിക്കുന്നതിന്റെ ചാരുത കാണണമെങ്കില്‍ കഥതന്നെ വായിക്കണം.
ശക്തി രണ്ടുതരത്തിലാണ്. ഒന്ന് കേന്ദ്രത്തെ അന്വേഷിക്കുന്നത് (centripetal) രണ്ട്: കേന്ദ്രത്തില്‍നിന്ന് പലായനം ചെയ്യുന്നത് (centrifugal)ഓരോ കഥാപാത്രത്തിന്റെയും അന്തരംഗസ്ഥിതമായ കേന്ദ്രത്തില്‍നിന്ന് ബഹിര്‍ഗമിക്കുന്ന ശക്തികളെ അനായാസമായി ചിത്രീകരിച്ച് പത്മനാഭന്‍ വിശ്വസിക്കാവുന്ന — കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. കലാകൗമുദിയിലെ ഈ കഥ മലയാളക്കഥയുടെ ശക്തിയും മനോഹാരിതയും എനിക്ക് അനുഭവപ്പെടുത്തിത്തന്നിരിക്കുന്നു.
ദാമ്പത്യജീവിതത്തിന്റെ സങ്കീര്‍ണ്ണതളെ ചിത്രീകരിക്കുന്നതില്‍ ജോണ്‍ അപ്ഡൈക്ക് എന്ന നോവലിസ്റ്റ് വിദദ്ധനാണ്. കിളിയെ കൂട്ടിലിട്ടിരിക്കുന്നതുപോലെ ഭാര്യയെ കൂട്ടിലിട്ടിരിക്കുകയാണ് ഭര്‍ത്താവ്. തന്റെ ബന്ധനത്തില്‍ അവള്‍ ദുഃഖിച്ചാല്‍ ഭര്‍ത്താവ് എന്തു പറയുമെന്നോ? “കൂട്ടിന്റെ വാതില്‍ തുറന്നിരിക്കുകയാണ്” എന്ന്. ഇതുവരെ അപ്ഡൈക്കിന്റെ മതം. അതു കേട്ടാലുടനെ വാതിലിലൂടെ ചിറകുവിരിച്ചു പറന്നുപോകാന്‍ ഏതൊരുത്തിക്കു കഴിയുമോ അവളാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീ. ഇബ്സന്റെ നോറ പോയതുപോലെ പോകണം. അവള്‍ വാതില്‍ വലിച്ചടച്ച ശബ്ദം കേട്ട് യൂറോപ്പാകെ ഞെട്ടിയില്ലേ? അതുപോലെ ഞെട്ടണം കേരളവും. പക്ഷേ നമ്മുടെ സ്ത്രീകള്‍ ദുര്‍ബലരാണ്. ഞാന്‍ എന്റെ വീട്ടില്‍പോകുന്നു’വെന്നു പറഞ്ഞ് ഇറങ്ങിപ്പോകും. പത്തുമിനിറ്റ് കഴിഞ്ഞ് പതുങ്ങിപ്പതുങ്ങി തിരിച്ചു ഭര്‍ത്താവു താമസിക്കുന്നിടത്തു കയറിവരും. അപ്പോള്‍ അയള്‍ കൂടുതല്‍ ഇടിക്കും. കൂടുതല്‍ ചവിട്ടും.
റവ. എം. എ. തോമസ്
യേശുവിനു മുന്‍പ് പത്താം ശതാബ്ദത്തില്‍ ഇസ്രായേലിലെ രാജാവായിരുന്ന സോളമൻ (Solomon) വലിയ വിദ്വാനും ബുദ്ധിമാനും ആയിരുന്നുപോലും. ആ മതത്തെ സാധൂകരിക്കുന്നതിനായി ഒന്നും കണ്ടില്ല. Proverbs, Ecclesiastes, Song of Songs ഇവ മൂന്നും സോളമന്റെ രചനകളായി കരുതിപ്പോരുന്നു. ഈ മൂന്നു കൃതികളും ഉപരിതലസ്പര്‍ശികളാണ്. ഡേവിഡ് രാജാവിന്റെ വെപ്പാട്ടിയായിരുന്ന അബഷശീനെ തനിക്കുവേണമെന്നു പറഞ്ഞ ചേട്ടന്‍ അഡനീജയെ കൊന്നുകളഞ്ഞ ഭയങ്കരനായിരുന്നു ഈ വിദ്വാന്‍ (Kings 2:19-25). വധം നടത്തിയവനെ വിദ്വാനെന്നു വിളിക്കാന്‍ പ്രയാസം.
“ഞങ്ങള്‍ക്കൊരു കൊച്ചനുജത്തിയുണ്ട്. അവളുടെ മുലകള്‍ ഇപ്പോഴും ചെറുതാണ്. പ്രേമിച്ചുകൊണ്ട് ഒരു യുവാവ് വരുമ്പോള്‍ അവള്‍ക്കുവേണ്ടി ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും? അവളൊരു ഭിത്തിയാണെങ്കില്‍ ഞങ്ങള്‍ അവള്‍ക്കായി ഒരു വെള്ളിഗോപുരം നിര്‍മ്മിക്കും. അവള്‍ വാതിലാണെങ്കില്‍ ദേവദാരുവിന്റെ പലകകൊണ്ട് ഞങ്ങള്‍ അവളെ രക്ഷിക്കും.” (Song of Songs — Sixth Song)എന്നെഴുതിയ സോളമൻ കവിയാണോ? വിദ്വാനാണോ? ഈ വരികളിലെ മറഞ്ഞ അത്യുക്തി ബുദ്ധിയുടെ സന്തതിയുമല്ല. ഈശ്വരനും ആളുകളും തമ്മിലുള്ള ബന്ധമാണ് ഈ ഗാനങ്ങള്‍ ചിത്രീകരിക്കുന്നതെന്ന് ജൂതന്മാരും. ക്രിസ്തുവും പള്ളിയും തമ്മിലുള്ള ബന്ധമാണ് ഇത് ചിത്രീകരിക്കുന്നതെന്ന് ക്രിസ്ത്യാനികളും പറയുന്നു. രാധയുടെ ഉപരിസുരതത്തെ വര്‍ണ്ണിക്കുന്ന ഗീതഗോവിന്ദം ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ബന്ധത്തെ സ്ഫുടീകരിക്കുന്നു എന്ന് ഹിന്ദുക്കള്‍ പറയുന്നതുപോലെയാണിത്. ജയദേവകവിയുടേയും Song of Songs എഴുതിയ ആളിന്റെയും അടിച്ചമര്‍ത്തിയ വികാരം മാത്രമാണ് ഈ കൃതികളില്‍ കാണുന്നത്. അതിരിക്കട്ടെ. കവിതയില്‍ അത്യുക്തിയും സ്ഥൂലീകരണവുമൊക്കെ ആകാമെങ്കിലും അവയ്ക്ക് ഒരു പരിധി കല്പിച്ചിട്ടുണ്ട്. ആ പരിധി ലംഘിക്കുമ്പോള്‍ രചയിതാവിനോട് പുച്ഛം തോന്നും. സഹോദരന്മാര്‍ സഹോദരിയുടെ മുലകള്‍ ചെറുതാണെന്നും അവള്‍ ഭിത്തിയാണെന്നും വാതിലാണെന്നും കരുതുന്നു. ഭിത്തി വാതില്‍ ഈ സങ്കല്പത്തിലടങ്ങിയ സ്ഥൂലീകരണമാണ് പുച്ഛത്തിനു ഹേതു. എന്നാല്‍ ഇംഗ്ലീഷുകാരോട് ഇതു സംബന്ധിച്ചുള്ള പുച്ഛം ഒരിക്കലും നമുക്കു തോന്നുകയില്ലെന്നാണ് റവ:എം. എ. തോമസ് പറയുന്നത്. അദ്ദേഹം മലയാളമനോരമയുടെ ആഴ്ചപ്പതിപ്പില്‍ എഴുതുന്ന ഓര്‍മ്മക്കുറുപ്പുകളില്‍ എസ്. രാധാകൃഷ്ണന്റെ ഒരു പ്രഭാഷണത്തെക്കുറിച്ചു പറയുന്നുണ്ട്. (എല്ലാവരും ഡോക്ടര്‍മാരായി നടക്കുന്ന ഇക്കാലത്ത് രാധാകൃഷ്ണനെ ഡോക്ടര്‍ എന്നു വിളിക്കാതിരിക്കുന്നതാണു ഭംഗി.) പ്രഭാഷണം കേള്‍ക്കാന്‍ ചെന്ന ആളുകളുടെ സംഖ്യയെക്കുറിച്ചു പറയേണ്ടിവന്നപ്പോള്‍ “ഹാള്‍ നിറഞ്ഞിരുന്നു” എന്ന് റവറ്ന്റ് തോമസ് ആരോടോ പറഞ്ഞു. അതുകേട്ട ഒരു ഇംഗ്ലീഷുകാരന്‍ ’ഹാൾ മിക്കവാറും നിറഞ്ഞിരുന്നു’ എന്നു തിരുത്തി. അതായിരുന്നു ശരി. ഇംഗ്ലീഷുകാരന്‍ ഒരിക്കലും അത്യുക്തി നടത്തുകയില്ല എന്ന തീരുമാനത്തിൽ ലേഖകൻ എത്തുന്നു. ഈ സാമാന്യവൽക്കരണത്തിൽ തെറ്റില്ല. ഇംഗ്ലീഷുകാരന്‍ എഴുതുന്ന സാഹിത്യനിരൂപണങ്ങള്‍ നോക്കുക. സമനിലതെറ്റിയ ഒരു വാക്കെങ്കിലും ആ നിരൂപണങ്ങളില്‍ കാണുകയില്ല. നമ്മുടെ ആളുകള്‍ക്ക് അത്യുക്തിയില്‍ അഭിരമിക്കാനാണ് കൗതുകം. അതിശയോക്തി നിര്‍വഹിക്കു: സ്ഥൂലീകരണം നടത്തൂ. വാദങ്ങള്‍ ശക്തിഹീനങ്ങളാകും. അത്യുക്തി നടത്തുന്നവന്‍ അപരിഷ്കൃതനാണെന്നു വിവേകമുള്ളവര്‍ കരുതും.
പ്രോവിഡന്റ് ഫണ്ടില്‍നിന്നു കടമെടുത്ത ഒരു വലിയതുക പോക്കറ്റില്‍ വച്ചുകൊണ്ട് ഞാന്‍ സിറ്റിബസ്സില്‍ കയറി. ഇറങ്ങേണ്ടിടത്ത് ഇറങ്ങിയപ്പോള്‍ പണം കാണാനില്ല. ഇതു ജനിപ്പിച്ച ദുഖം താല്‍കാലികമായിരുന്നു. ഒരു വൈഷമ്യവും കൂടാതെ എനിക്കതു ഓര്‍മ്മിക്കാന്‍ കഴിയും. പക്ഷേ ഈ പോക്കറ്റടിക്കു വളരെക്കാലം മുന്‍പ്, ഒരു നിരൂപകന്‍ കേരളത്തിലെ ഒരു കവി വാല്മീകിക്കു സദൃശ്യനാണെന്നു പ്രസംഗിക്കുന്നതു ഞാന്‍ കേട്ടു. ആ അത്യുക്തി കേട്ടപ്പോള്‍ എന്റെ ആത്മാവ് അപഹരിക്കപ്പെട്ടുവെന്ന് എനിക്കുതോന്നി. ഇന്നും അതെന്നെ ക്ലേശിപ്പിക്കുന്നു. അതിശയോക്തി നടത്തുന്നവന്‍ പോക്കറ്റടിക്കാരനാണ്.
ലളിതാംബിക അന്തര്‍ജനം
കള്ളിച്ചെടിയുടെ ക്രൂരത മുള്ളായി പ്രത്യക്ഷപ്പെടുന്നതുപോലെ സമുദ്രത്തിന്റെ ഭീകരത മഹാതരംഗമായി ഉയരുന്നതുപോലെ, കാമാവേശം നഖക്ഷതമായി മാറുന്നതുപോലെ, ചെകുത്താന്റെ ദൗഷ്ട്യം അന്തര്‍ഭൗമജീവിയുടെ രൂപമാര്‍ന്നു വരുന്നതുപോലെ കലയെസ്സംബന്ധിച്ച അവിദഗ്ധത സന്ദേശമായി ആവിര്‍ഭവിക്കുന്നു. മാതൃഭൂമി ഓണപ്പതിപ്പില്‍ ലളിതാംബിക അന്തര്‍ജനം എഴുതിയ ‘ഫസ്റ്റ് റാങ്ക്” എന്ന കഥയില്‍ സന്ദേശത്തിനാണു പ്രാധാന്യം.: കലയ്ക്കല്ല: കോളേജ് ലക്ചററുടെ മകന്‍ ഉണ്ണിയും അടുത്ത വീട്ടിലെ എന്‍. ജി. ഒ. യുടെ മകള്‍ സുനിതയും ഫസ്റ്റ് റാങ്കിനുവേണ്ടി മത്സരിച്ചു പഠിക്കുന്നു. ഉണ്ണി പ്രായമെത്തിയപ്പോള്‍ മുതലാളിയായി. സുനിത ടാക്സ് ഓഫീസറും. രണ്ടുപേരും തമ്മില്‍ കാണുന്നു. ജീവിതത്തില്‍ ഫസ്റ്റ് റാങ്കു കിട്ടുമോ എന്നു മുതലാളിയുടെ ചോദ്യം. “ജീവിതം പരീക്ഷയാണെന്നും അതില്‍ ജയിച്ചാല്‍ മതിയെന്നും ടാക്സ് ഓഫീസഠുടെ മറുപടി. കഥ ഇവിടെ അവസാനിക്കുന്നു. നിത്യുപദേശ പ്രഖ്യാപനമാണു കലാഹംസത്തിന്റെ മോഹനഗളനാളത്തില്‍ കത്തി താഴ്ത്തുന്നത്. ഇതില്‍ മിന്നാമിനിങ്ങു പ്രകാശം പ്രസരിപ്പിക്കുന്നതുപോലെ സന്ദേശം അല്ലെങ്കില്‍ ഹിതോപദേശം മയൂഖങ്ങള്‍ പ്രസരിപ്പിക്കണം. അപ്പോള്‍ ഇരുട്ടുപോലും ആദരണീയമാകും. ലളിതാംബിക അന്തര്‍ജ്ജനം സന്ദേശത്തിന്റെ ആയിരം വാട്ട്സ് ബള്‍ബ് സ്വിച്ചോണ്‍ ചെയ്യുകയാണ്. കണ്ണുവേദനിക്കുന്നു. ഈ ബള്‍ബ് ഒന്നുകെടുത്തു.
തിരുവനന്തപുരത്തു കൂടെക്കൂടെ കോണ്‍ഫറന്‍സുകള്‍ നടക്കാറുണ്ട്. ഇവിടെയുള്ളവരും മറുനാട്ടിലുള്ളവരും ബാഡ്ജ് (badge — ബജ്ജ് എന്ന് ശരിയായ ഉച്ചാരണം) ഉടുപ്പില്‍ കുത്തിവച്ചുകൊണ്ടുപോകുന്നതു കാണാം. അവരെക്കണ്ടാലുടന്‍ നമ്മള്‍ നോക്കുന്നത് ആ ബാഡ്ജിലായിരിക്കും. കോണ്‍ഫറന്‍സ് അംഗങ്ങള്‍ കഥകളാണെങ്കില്‍ ബാഡ്ജുകള്‍ സന്ദേശങ്ങളാണ്.
ഓ. എന്‍. വി.യും സുഗതകുമാരിയും
സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടു നില്ക്കുന്ന കവിയല്ല ഒ. എന്‍. വി.കുറുപ്പ്. സമൂഹത്തിലെ വ്യക്തികളെയും അവരോടു ബന്ധപ്പെട്ട വസ്തുക്കളെയും വസ്തുതകളെയും അദ്ദേഹം എടുത്തു നിരത്തുന്നു. അപ്പോള്‍ ഓരോന്നും സാര്‍ത്ഥകമായി ഭവിക്കുന്നു. കവി ആവിഷ്കരിക്കുന്ന സമൂഹവും അദ്ദേഹത്തിന്റെ പ്രതീകവും ഇവിടെ വിഭിന്നങ്ങളല്ല. രണ്ടും വേര്‍തിരിച്ചെടുക്കാന്‍ വയ്യാത്തവിധം ഒന്നായിഭവിക്കുന്നു. അപ്പോഴുണ്ടാകുന്നത് സംവേദനമാണ്. ഈ സംവേദനമാണ് — സെന്‍സേഷനാണ് — ‘ഞണ്ട്’ എന്ന കാവ്യത്തിന്റെ സവിശേഷത (ഇന്ത്യ 1984 — മൂന്നു ഗീതങ്ങള്‍, മാതൃഭൂമി ഓണപ്പതിപ്പ്). കായൽക്കരയിലെ പാവപ്പെട്ട ഞണ്ടാണ് ഇവിടെത്തെ പ്രതീകം. അതിനെ മക്കള്‍ ഞണ്ടുകള്‍ ഞെരിച്ചുകൊല്ലുന്നു. അവയും പ്രതീകങ്ങള്‍തന്നെ. ഇന്ത്യ എന്ന രാഷ്ടരത്തിന്റെ — ഒരു സമൂഹത്തിന്റെ — പ്രതിരൂപമായി വര്‍ത്തിക്കുന്ന തള്ളഞണ്ടിനെ ഭാരതീയര്‍ എന്ന കുഞ്ഞു ഞണ്ടുകള്‍ ഹിംസിക്കുന്നതിന്റെ ഹൃദയസ്പര്‍ശകമായ ചിത്രം ഇവിടെ നിന്നു ലഭിക്കുന്നു അനുവാചകര്‍ക്ക്. ഒ. എന്‍. വി. കുറുപ്പിന്റെ ഭൗതികലോകം പ്രതീകങ്ങളുടെ അന്തര്‍ഭാഗത്തേക്കു കടന്നുചെല്ലുകയാണിവിടെ. അപ്പോള്‍ ലോകമേത് പ്രതീകമേത് എന്നു നോക്കേണ്ടതില്ല. ഉളവാകുന്ന സംവേദനത്തിന് വിധേയരായിപ്പോകുകയാണ് സഹൃദയര്‍. ഒ. എന്‍. വി. കുറുപ്പിനും അദ്ദേഹത്തിന്റെ പരിതസ്ഥിതികള്‍ക്കും തമ്മില്‍ ഒരു വിഭിന്നതയുമില്ല. അതില്‍ വിലയംകൊണ്ടാണ് അദ്ദേഹം സര്‍ഗ്ഗാത്മകത്വത്തില്‍ വ്യാപരിക്കാറ്. കരയില്‍നിന്ന് ചാടിക്കുതിച്ചു വഞ്ചിയില്‍ കയറി തുഴഞ്ഞുപോകാനല്ല കവിയുടെ അഭിലാഷം. ജനിച്ച നാട്ടില്‍തന്നെ നില്ക്കാനാണ്.
സംവേദനമാണ് ഒ. എന്‍. വി. കവിതയുടെ മുദ്രയെങ്കില്‍ ഇമോഷനാണ് (emotion) — വികാരമാണ് — സുഗതകുമാരിയുടെ കവിതയുടെ സവിശേഷത. ദൈനംദിന ജീവിതത്തിന് ജാഡ്യമുണ്ടോ? വൈരസ്യമുണ്ടോ? എങ്കില്‍ കലാത്മകത്വത്തിന്റെ യാനപാത്രത്തില്‍ കയറൂ. കണ്ണാടിപോലെ ശോഭിക്കുന്ന ഈ കായല്‍പ്പരപ്പിലൂടെ സഞ്ചരിക്കാം മുകളില്‍ നക്ഷത്രപൂര്‍ണ്ണമായ ആകാശം. കായല്‍പ്പരപ്പിലും അതുതന്നെ. നക്ഷത്രങ്ങള്‍ പ്രതിഫലിക്കുന്ന തരംഗങ്ങളെ വകഞ്ഞുകൊണ്ട് വഞ്ചി മുന്നോട്ടു പോകുമ്പോള്‍ ജഗത്സംബന്ധീയമായ വികാരം നമ്മള്‍ക്കുണ്ടാകുന്നു. അപ്പോള്‍ നക്ഷത്രവും അതിന്റെ പ്രതിഫലനവും ഒന്നുതന്നെ. കാടിന്റെ പാട്ടും കായലിന്റെ പാട്ടും ഒന്നുതന്നെ. മഴയും വെയിലും ഒന്നു തന്നെ. ഭാവനകൊണ്ട് വസ്തുക്കളുടെ “പ്രതിഭാസങ്ങ” ളുടെ അതിരുകളെ ലംഘിച്ചിട്ട് എല്ലാം ഒന്നായിക്കാണുന്ന ‘പാന്‍തീയിസ’ മാണ് ഇത്. പ്രകാശത്തിന്റെയും സ്നേഹത്തിന്റെയും ധാരാസമ്പാതമാണ് സുഗതകുമാരിയുടെ കവിത. അതിന്റെ മെലോഡി നമ്മെ തഴുകുന്നു.
കാടിന്റെ പാട്ടും കടല്‍പാട്ടുമൊന്ന്ന്നെന്നു
കാറ്റു പറഞ്ഞാണു ഞാനറിഞ്ഞു.
രണ്ടുമൊരുപോല്‍ കറമ്പികളാണെന്നു
വിണ്ടിലം ചൊന്നതും ഞാനറിഞ്ഞു.
കാടിരമ്പുന്നൂ കടലിരമ്പുംപോലെ-
യാടുന്നു പച്ചത്തിരകള്‍ പോലെ
(മാതൃഭൂമി ഓണപ്പതിപ്പ്, ‘കാടും കടലും’)
പ്രതിമാനിര്‍മ്മാതാവ് ലിപ്ഷിറ്റ്സ് (Lipschitz)ഫ്രഞ്ച് ചിത്രകാരന്‍ സൂട്ടിന്റെയും (Soutine) ഇറ്റാലിയന്‍ ചിത്രകാരന്‍ മോഡീല്യാനിയുടേയും (Modigiliani) റഷ്യന്‍ ചിത്രകാരന്‍ ഷഗാലിന്റെയും (Chagali) കൂട്ടുകാരനായിരുന്നു. ഒരിക്കല്‍ മറ്റൊരു ചിത്രകാരന്‍ ലിപ്ഷിസ്റ്റിസിനോടു പറഞ്ഞു അയാള്‍ മറോക്കോയിലേക്കു പോകുകയാണെന്ന്. ഫ്രാന്‍സിലെ സൂര്യപ്രകാശം അതേ രീതിയില്‍ കാന്‍വാസ്സിലേക്കു ചായത്തിലൂടെ പകര്‍ത്തുമ്പോള്‍ ശരിപ്പെടുന്നില്ലത്രെ. അയാൾ അവിടെച്ചെന്ന് ചിത്രങ്ങള്‍ വരച്ചു. പക്ഷേ, പ്രകാശത്തിന് ഒരു വ്യത്യാസവുമില്ല. അതറിഞ്ഞ ലിപ്ഷിറ്റ്സ് അയാളോടു പറഞ്ഞു: “പ്രകാശം ചിത്രകാരന്റെ ഉള്ളില്‍ നിന്നാണ് വരേണ്ടത്.” കവികളുടെ അന്തരംഗത്തില്‍ നിന്നു പ്രകാശം കവിതയില്‍ വന്നു വീഴുമ്പോള്‍ അവ രമണീയങ്ങളാകും. അത്തരം കാവ്യങ്ങളെക്കുറിച്ച് എഴുതാന്‍ തോന്നും വായനക്കാരന്. അല്ലാത്തവയെ കണ്ടില്ലെന്നു ഭാവിക്കും.
എന്തൊരു രാക്ഷസീയത
ഇന്ദ്രശത്രു എന്ന വാക്കിന് രണ്ടു തരത്തില്‍ അര്‍ത്ഥം പറയാം. ഇന്ദ്രന്റെ ശത്രുവെന്നും ഇന്ദ്രന്‍ ആര്‍ക്കാണോ ശത്രു അവനെന്നും. ആദ്യത്തേത് തല്‍പുരുഷ സമാസം. രണ്ടാമത്തേത് ബഹുവീഹ്രി സമാസം. അന്തോദാത്തമായ സ്വരമാണ് തല്‍പുരുഷന്. ബഹുവീഹ്രിക്ക് ആദ്യദാത്തസ്വരവും. (ഉച്ചാരണത്തില്‍ ഉച്ചരിക്കുന്ന സ്വരന്‍ ഉദാത്തം. ‘ഉച്ചൈരുദാത്ത!)
ഇന്ദ്രനെ കൊല്ലാനായി ശക്തനായ ഒരു പുത്രനുണ്ടകണമെന്ന് വിചാരിച്ച് ഒരു രാക്ഷസന്‍ യാഗം തുടങ്ങി. “സ്വാഹേന്ദ്രശത്രുർവ്വര്‍ദ്ധസ്വ” എന്ന മന്ത്രം ചൊല്ലിയപ്പോള്‍ ഋത്വിക് ആദ്യുദാത്തമായിട്ടു ഉച്ചരിച്ചു കളഞ്ഞു. അതുകൊണ്ടു ഹോമകുണ്ഡത്തില്‍ നിന്നുജനിച്ച പുരുഷന്‍ ഇന്ദ്രനാല്‍ വധിക്കപ്പെട്ടു. ഉച്ചാരണത്തിലെ ആരോ ഹാ വ രോ ഹണക്രമമനുസരിച്ച് അര്‍ത്ഥം മാറിവരും എന്നതത്ത്വം ഉദാഹരിക്കുന്ന കഥയാണിത്. ഉദാത്തത്തിനും അനുദാത്തത്തിനും മറ്റും ഈ വ്യത്യാസമുണ്ടെങ്കില്‍ വാക്കുകളുടെ പ്രയോഗത്തെക്കുറിച്ച് എന്തുപറയാനിരിക്കുന്നു? മലയാളഭാഷയിലെ വാക്കുകളെടുത്തു ബഷീര്‍ പ്രയോഗിക്കുമ്പോള്‍ ‘പൂവമ്പഴം’ എന്ന കഥയുണ്ടാകുന്നു. ജയന്തി വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ദേശാഭിമാനി വാരികയിലെ ‘പടവുകള്‍’ എന്ന രാക്ഷസീയത ഉണ്ടാകുന്നു.
വേമ്പനാട്ടുകായലിന്റെ നടുവില്‍നിന്നു കരയിലേക്കു വള്ളത്തില്‍ പോയിട്ടുണ്ടോ? ഞാന്‍ പലതവണ പോയിട്ടുണ്ട്. അങ്ങകലെ കര അവ്യക്തമായി ചാരനിറത്തില്‍ കാണപ്പെടും. ക്രമേണ അതു പച്ചനിറമാകും. പിന്നീട് പച്ചയുടെ തീക്ഷ്ണത കൂടും. മരങ്ങളുടെ ആകൃതികള്‍. കരയോട് അടുക്കുമ്പോള്‍ ഓരോ തെങ്ങും വിഭിന്നം. തികഞ്ഞ ആഹ്ലാദമാണ് കരയില്‍ കാലെടുത്തുവയ്ക്കുമ്പോള്‍. തിരിച്ചു കായലിന്റെ മദ്ധ്യത്തിലേക്കു ചെന്നാലോ? തെങ്ങുകളിടെ ആകൃതി നഷടപ്പടുന്നു. തീക്ഷണതയാര്‍ന്ന ഹരിതവര്‍ണ്ണം. അതിന്റെ തീക്ഷണത ഇല്ലാതാവുന്നു. പിന്നീട് ചാരനിറം. ചാരനിറം അവ്യക്തമായി മാറുന്നു. കായലിന്റെ നടുവിലെത്തുമ്പോള്‍, സാഹിത്യകൃതികള്‍ വായിക്കുമ്പോള്‍ ഈ രണ്ടനുഭവങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ, ആദ്യത്തെ നോട്ടത്തില്‍ത്തന്നെ സ്പഷട്തയോടുകൂടി എല്ലാം കാണപ്പെടുന്നതാണ് ഉത്കൃഷ്ട സാഹിത്യം.
പീതകൗശേയം
ഇതെഴുതുന്ന ആള്‍ തിരുവനന്തപുരത്തെ സയന്‍സ് കോളേജില്‍ പഠിക്കുന്നകാലം. അന്നുമുണ്ട് കുട്ടികള്‍ക്കു മിലിറ്റഠി ട്രെയിനിങ്ങ്. ഇന്നത്തെ എന്‍. സി. സി.ക്കു പകരം മറ്റൊന്ന്. മൈതാനത്തില്‍ നിന്ന് ഞങ്ങളൊക്കെ ലഫ്റ്റ് റൈറ്റ് ചവിട്ടുകയാണ്. അപ്പോള്‍ ഒരു ചിരി പരന്നു. ഗോദവര്‍മ്മരാജയാണ് ഞങ്ങളുടെ ഓഫീസര്‍. അദ്ദേഹത്തിനും ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്താണു കാര്യമെന്ന് ഞാന്‍ നോക്കി. ഒരു വിദ്യാര്‍ത്ഥിയുടെ കൗപീനം — പീതകൗപീനം എന്നു ശരിയായി പറയിട്ടെ — അയാളുടെ നിക്കറിന്റെ ഇടയിലൂടെ ഊര്‍ന്നു താഴോട്ടിറങ്ങുന്നു. അയാള്‍മാത്രം അതറിയുന്നില്ല. ഞങ്ങളെല്ലാവരും കാണുന്നുണ്ട്. കുട്ടികളെ പഠിപ്പിക്കാന്‍ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ഫോഴ്സസില്‍ നിന്നെത്തിയ സുബേദാര്‍ ‘ഹാള്‍ട്ട്’ പറഞ്ഞ് ആ പീതകൗപീനധാരിയെ പറഞ്ഞയച്ചു.
സി കെ. ശാന്ത ദേശാഭിമാനി വാരികയിലെഴുതിയ ‘നീലക്കുന്നുകളുടെ നിഴല്‍’ എന്ന ചെറുകഥ ഉത്സാഹത്തോടെയാണ് ഞാന്‍ വായിച്ചുതുടങ്ങിയത്. ഭര്‍ത്താവിന്റെ ജോലിസ്ഥലത്തു ഭാര്യ പോകുന്നു. തോമസ്‌കുട്ടി എന്ന ചെറുപ്പക്കാരനെക്കുറിച്ച് ബസ്സിലിരിക്കുമ്പോള്‍ കേള്‍ക്കുന്നു. എത്തേണ്ടിടത്ത് എത്തിയപ്പോള്‍ “ഉശിരുള്ള ചെറുപ്പക്കാരനായ” തോമസ്‌കുട്ടിയെ പ്രതിയോഗികള്‍ കൊന്നുകളഞ്ഞെന്ന് ഭര്‍ത്താവില്‍നിന്നു ഗ്രഹിക്കുന്നു. കഥയുടെ ആരംഭത്തോടോ മദ്ധ്യത്തോടോ ഒരു ബന്ധവുമില്ലാത്ത മരണം. വിപ്ലവം തിരുകിവയ്ക്കാനുള്ള ഒരു കൊലപാതകം. തൊണ്ടു കയറ്റിപ്പോകുന്ന ചക്കടാവണ്ടിയില്‍നിന്ന് ഒരു തൊണ്ടു വീഴുന്നതുപോലെ തോമസ്‌കുട്ടി അങ്ങു വീഴുന്നു. സതീര്‍ത്ഥ്യന്റെ പീതകൗശേയം ഊര്‍ന്നിറങ്ങിയതുപോലെ തോമസ്‌കുട്ടി ഊര്‍ന്നിറങ്ങുന്നു. ഗോദവര്‍മ്മതിരുമേനിമാത്രം ചിരിക്കാനില്ല.
സാഹിത്യത്തിലെ പരീക്ഷണങ്ങള്‍ പ്രതിഭാശക്തിയോടു ബന്ധപ്പെട്ടവയല്ല, ദൗര്‍ബ്ബല്യത്തോടു ചേര്‍ന്നുനില്ക്കുന്നവയാണ്. കുട്ടികൃഷ്ണമാരാരെപ്പോലെ, ജോസഫ് മുണ്ടശ്ശേറിയെപ്പോലെ എഴുതാന്‍ കഴിവില്ലാത്തവര്‍ തങ്ങളുടെ അശക്തി മറച്ചുവയ്ക്കാന്‍വേണ്ടി ദുര്‍ഗ്രഹമായി എഴുതുന്നു. ആ ദുര്‍ഗ്രഹത പരീക്ഷണമാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. നവീനന്മാരുടെ ഏതുരചനയും നോക്കുക. ചിന്തയെ മറച്ചുവയ്ക്കാനുള്ള അവരുടെ താല്‍പര്യം ആ രചനകളില്‍ പ്രകടമാണ്. എന്തുകൊണ്ടാണ് ആ താല്‍പര്യം? ചിന്തയില്ലാത്തതു കൊണ്ടുതന്നെ. ദുര്‍ഗ്രഹമായി എഴുതിയാല്‍ തങ്ങള്‍ സാഹിത്യത്തിന്റെ ആഴത്തോളം ചെല്ലുന്നവരാണെന്നു ബഹുജനം കരുതുമെന്നും ഇക്കൂട്ടര്‍ വിചാരിക്കുന്നു.
ഇനി വേറൊരു പരീക്ഷണം നോക്കിയാലും ആന്റിനോവല്‍ എന്ന നോവല്‍. രണ്ടാഴ്ചയ്ക്കു മുന്‍പ് അന്തരിച്ച ട്രൂമന്‍കപോട്ടിയാണ് ഇതിന്റെ ഉദ്ഘോഷകന്‍. ഇദ്ദേഹം അന്തസ്സാരശൂന്യനായ സാഹിത്യകാരനാണ്: പക്ഷേ പ്രഗല്ഭനായ ജര്‍ണ്ണലിസ്റ്റ്തന്നെ. ഷണ്ഡനു സുന്ദരിയെ കിട്ടിയാലെങ്ങനെ? ങ്ങ്ഹു എന്നു ശബ്ദം കേള്‍പ്പിച്ചുകൊണ്ട് അവളെ തലതൊട്ടു കാലുവരെ തടവും. അതല്ലാതെ ഒന്നും കഴിയുകയില്ല അയാള്‍ക്ക്. ട്രൂമന്‍ കപോട്ടി അങ്ങനെ തടവിയതിന്റെ ഫലങ്ങളാണ് Other Voices, Other Rooms, Breakfast at Tiffany’s ഈ കൃതികള്‍. ക്ഷുദ്രങ്ങളാനിവ. കപോട്ടിക്കു അതു മനസ്സിലായതുകൊണ്ട് ന്യൂ ജര്‍ണ്ണലിസത്തിലേക്കു തിരിഞ്ഞു: ആന്റി നോവല്‍ എന്ന് അതിനു പേരുമിട്ടു. റിപോര്‍ട്ടാഷും ഫിക്ഷനും കൂട്ടിക്കലർത്തി. In Cold Blood എന്ന ഒരാന്റി നോവല്‍ അദ്ദേഹം രചിച്ചു. കുറെ ആളുകള്‍ അതിനെ വാഴ്ത്താനുൻടായി. പക്ഷേ, ഹ്രസ്വമായ കാലത്തിനകത്ത് അത് അന്തര്‍ദ്ധാനം ചെയ്തു.
Genius is without strain — ആയാസരഹിതമായിട്ടാണ് പ്രതിഭ വിലസുന്നത് — നല്ല കഥയെഴുതിക്കഴിഞ്ഞാല്‍, നല്ല കാവ്യം രചിച്ചുകഴിഞ്ഞാല്‍, നല്ല നിരൂപണം എഴുതിക്കഴിഞ്ഞാല്‍ തങ്ങളെങ്ങനെയാണ് ആ രചന നിര്‍വ്വഹിച്ചതെന്നു വിചാരിച്ച് എഴുത്തുകാര്‍ അദ്ഭുതപ്പെടും. ആയാസപൂര്‍ണ്ണമായി എഴുതുന്ന നവീന കവികളും പ്രതിഭയുള്ലവരല്ല, ചിന്താശീലരല്ല.
കമന്റ്സ്
സാധുജനസംരക്ഷകനായി ഭാവിക്കുന്ന മന്ത്രിയുടെ കാറിടിച്ച് ഒരു പാവം മരിക്കുന്നു. ‘അലവലാതികള്‍ വലിഞ്ഞെത്തുന്നതിനുമുന്‍പ്’ കാറ് വിടാന്‍ മന്ത്രി ആജ്ഞാപിക്കുന്നു. ഇതാണ് ബിന്ദു തുറവൂര്‍. കുമാരി വാരികയിലെഴുതിയ ‘രക്ഷകന്‍’ എന്ന കഥയുടെസാരം. കമന്റ്സ് നല്കട്ടെ. (1) എന്റെ ചെറുപ്പകാലത്ത് ഉണ്ടായിരുന്നതിനെക്കാള്‍ ബോറന്മാര്‍ സാഹിത്യത്തില്‍ കൂടിയിരിക്കുന്നു. ഇക്കാലത്ത്. (2) ഞാന്‍ ഫിലിപ്പീന്‍സിലെ മാര്‍കോസായിരുന്നെങ്കില്‍ ബിന്ദുവിനെ ആക്വിനോ ആയി കരുതുമായിരുന്നു. (3) ഇമ്മാതിരി കഥകളെഴുതുന്നവരെല്ലാം ഒരുലക്ഷം രൂപ വീതം പിഴയൊടുക്കാന്‍ കോടതി ആജ്ഞാപിക്കണം. (4) കുമാരി വാരികയുടെ ശൂന്യമായ 21-ആം പുറം അക്ഷരങ്ങള്‍ കൊൻടു നിറയ്ക്കുന്ന ബിന്ദു പാവപ്പെട്ട വായനക്കാരന്റെ മനസ്സ് മാലിന്യം കൊണ്ടു നിറയ്ക്കുന്നു. (5) ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാല്‍ ശവം അഴുകും. രണ്ടുമണിക്കൂര്‍ കഴിഞ്ഞാല്‍ മീന്‍ ചീഞ്ഞു നാറും. അച്ചടി തുടങ്ങുന്ന നിമിഷംകൊണ്ട് ‘രക്ഷകന്‍’ നാറിത്തുടങ്ങുന്നു.
|
|