സാഹിത്യവാരഫലം 1984 09 30
[[Category:1984ʼ
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1984 09 30 |
ലക്കം | 472 |
മുൻലക്കം | 1984 09 23 |
പിൻലക്കം | 1984 10 07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
തെക്കേ അമേരിക്കയിലെ റിപ്പബ്ലിക്കായ ബ്രസീലിലെ പട്ടണമാണ് റിയോഷാനാറോ (Rio de Janerio) — റിയൂയ് ഷനീറു എന്ന് പോര്‍ച്ചുസിസ് ഉച്ചാരണം). അവിടെ ജനിച്ച ഷൊആകിം മാറി ആ മാഷാദൂ സി ആസീസ്(Joaquim Maria Machado De Assia) അതിമഹത്വമാര്‍ന്ന നോവലിസ്റ്റാണ്. അദ്ദേഹത്തിന്റെ മൂന്ന് ഉത്കൃഷ്ടങ്ങളായ നോവലുകള്‍ Epitaph of A small Winner, Philosapher or Dog, Bom Casmurro ഇവയാണ്. ആദ്യം പറഞ്ഞ നോവലിലെ ഒരു ഭാഗത്തെക്കുറിച്ച് എഴുതാനാണ് എനിക്കു കൗതുകം. ബ്രസ് ക്യൂബസ് തന്റെ മരണത്തിനുശേഷം ആത്മകഥയെഴുതുന്ന രീതിയിലാണ് ഈ നോവല്‍ രചിച്ചിട്ടുള്ളത്. അയാള്‍ പട്ടണത്തിലേക്കു പോകാന്‍ ഭാവിക്കുമ്പോള്‍ ഒരു കറുത്ത ശലഭം മുറിയിലെക്കു പറന്നുചെന്നു. രാത്രിപോലെ കറുത്ത ശലഭം. ക്യൂബസിന്റെ അച്ഛന്റെ പടം മുറിയിലിരിക്കുന്നുണ്ട്. ശലഭം അതില്‍ ചെന്നിരുന്ന് തന്നെ പരിഹസിക്കുകയാണെന്നു ക്യൂബസിനു തോന്നി. അയാള്‍ പോയിട്ട് തിരിച്ചുവന്നു. അപ്പോഴും ശലഭം അവിടെയിരുന്നു. ക്യൂബസ് ഒരു തൂവാലയെടുത്ത് ഒരടികൊടുത്തു. അത് അല്പനേരംകഴിഞ്ഞ് നിശ്ചലമായി. ഈ നാശത്തിന് എന്തുകൊണ്ട് നീല നിറം കിട്ടിയില്ല?” എന്നു ക്യൂബസ് തന്നോടുതന്നെ ചോദിച്ചു. ചിത്രശലഭങ്ങളെ കണ്ടെത്തിയതിനുശേഷം ഉണ്ടായ ഈ ഗഹനചിന്ത അയാളുടെ ഹീനകൃത്യത്തിനു സമാധാനം നല്കി. ക്യൂബസ് അതിന്റെ പേരില്‍ ആശ്വസിക്കുകയും ചെയ്തു. ജീവിതത്തില്‍നിന്നു വലുതായൊന്നും പ്രതീക്ഷിക്കാത്ത ആ ശലഭം നീലാന്തരീക്ഷത്തിന്റെ താഴെ ചിറകുവീശിപ്പറന്ന് തുറന്നു കിടന്ന ജന്നലില്‍ക്കൂടി ക്യൂബസിന്റെ മുറിക്കുള്ളില്‍ എത്തി. ആദ്യമായി ക്യൂബസ് എന്ന മനുഷ്യനെ കാണുകയാവാമത്. അതു സ്വയം പറഞ്ഞിരിക്കും: “ശലഭങ്ങളെ സൃഷ്ടിച്ചത് ഇയാളായിരിക്കാം ഒരുപക്ഷേ.” ഈ ആശയം അതിനെ പേടിപ്പിച്ചിരിക്കാം. അതുകൊണ്ട് സ്രഷ്ടാവിനെ പ്രീതിപ്പെടുത്താനായി അത് അയാളുടെ നെറ്റിയില്‍ ഉമ്മവച്ചു. അയാളതിനെ തട്ടിമാറ്റിയപ്പോള്‍ ജനലില്‍ ചെന്നിരുന്നു. അപ്പോഴാണ് ക്യൂബസിന്റെ അച്ഛന്റെ പടം അത് കണ്ടത്. ശലഭങ്ങളെ സൃഷ്ടിച്ചവന്റെ അച്ഛന്റെ പടമാവാം അതെന്നുകരുതി ശലഭം അതിന്റെ അടുത്തേക്കുചെന്നു കാരുണ്യം യാചിച്ചുകൊണ്ട്. തൂവാലകൊണ്ടുള്ള ഒരടി അതിന്റെ കഥ കഴിച്ചു. നീലാന്തരീക്ഷത്തിന്റെ വിപുലതയോ പൂക്കളുടെ ആഹ്ളാദമോ പച്ചയിലകളുടെ ഔജ്ജ്വല്യമോ തൂവാലയില്‍ നിന്ന് അതിനെ രക്ഷിച്ചില്ല. അതു നീലനിറമായിരുന്നെങ്കിലോ? എന്നാലും അതിനു രക്ഷ കിട്ടുമായിരുന്നില്ല. നയനങ്ങള്‍ക്ക് ആഹ്ളാദം പകരാനായി ക്യൂബസ് മൊട്ടുസൂചി കുത്തിയിറക്കി അതിനെ സൂക്ഷിച്ചുവയ്ക്കുമായിരുന്നു. നീലനിറമില്ല ആ ശലഭത്തിന്. ഈ ചിന്ത വീണ്ടും അയാളെ സമാശ്വസിപ്പിച്ചു. തള്ളവിരലും ചൂണ്ടുവിരലും കൂട്ടിച്ചേര്‍ത്ത് ക്യൂബസ് ആ ശവത്തിന് ഒരു തട്ടുകൊടുത്തു. ഉദ്യാനത്തില്‍ചെന്നുവീണ അതിനെ എറുമ്പുകള്‍ പൊതിഞ്ഞു. ശലഭം നീലനിറത്തോടുകൂടി ജനിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനേ എന്ന ആദ്യത്ത ചിന്തയില്‍ത്തന്നെ ക്യൂബസ് ഉറച്ചുനിന്നു.
ജീവിതത്തിന്റെ ക്ഷണികതയെ, ക്ഷുദ്രതയെ മാഷാദു എത്ര ചേതോഹരമായി അഭിവ്യജ്ഞിപ്പിക്കുന്നുവെന്നു പ്രിയപ്പെട്ട വായനക്കാര്‍ നോക്കിയാലും. അവിവാഹിതനായിത്തന്നെ മരിക്കുകയാണ് ക്യുബസ്. “എനിക്കു സന്തതികളില്ല. നമ്മുടെ അതിദുഃഖത്തിന്റെ ‘മൃതദാനം’ ഞാനാര്‍ക്കും പകര്‍ന്നുകൊടുത്തിട്ടില്ല.” — I had no progeny, I transmitted to no one the legacy of our misery — എന്നാണ് ക്യൂബസിന്റെ ‘ആത്മകഥയിലെ’ ഒടുവിലത്തെ വാക്യം. എന്തൊരു വിഷാദാത്മകത്വം! ഇതൊക്കെ വായിക്കുമ്പോള്‍ നമ്മുടെ ക്ഷുദ്രത്വം അകലുന്നു. തമസ്സിന്റെ ചക്രവാളം വികസിക്കുന്നു.
ഡോക്ടര്‍ എം.എം. ബഷീര്‍ മാതൃഭൂമിയിലെഴുതിയ “മലയാളത്തിലെ ആദ്യകാല കഥാകാരികള്‍” എന്ന പ്രയോജനമുള്ള പ്രബന്ധത്തില്‍ ‘സാമൂഹികജീവിതത്തിലെ’ എന്നൊരു പ്രയോഗം കാണുന്നു. “സമവായാന്‍ സമവൈതി” എന്നു സൂത്രം. അതനുസരിച്ച് സാമവായിക! സാമൂഹിക! എന്ന രൂപങ്ങളേ ഉണ്ടാകൂ. (അക്കാരണത്താല്‍ ‘സാമൂഹ്യ’ എന്ന പ്രയോഗം ശരിയല്ല.
Contents
സത്യം — ഫാറന്‍സി
ഡോക്ടര്‍ ഒഫ് ഫിലോസഫിയായ ബഷീറിനെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത്. ഇനിയഴുതുന്നത് ചികിത്സിക്കുന്ന ഡോക്ടര്‍മാരെക്കുറിച്ചാണ്. അവരെക്കുറിച്ചും അവരോടു ബന്ധപ്പെട്ട മറ്റുള്ളവരെക്കുറിച്ചും പല നേരമ്പോക്കുകളുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റിനെ കളിയാക്കിയ ഒരു സരസന്റെ വാക്യങ്ങള്‍ ഓര്‍മ്മയിലെത്തുന്നു. “ഡോക്ടര്‍മാരെക്കുറിച്ചു പറയേണ്ടതായി വരുമ്പോള്‍ നമ്മള് ആ വിശേഷണം (ഡോക്ടര്‍ എന്നത്) പേരിനു മുന്‍പു ചേര്‍ക്കുന്നു. പക്ഷേ, മറ്റൊരു തൊഴിലിനും ആ മാന്യത നല്‍കുന്നുമില്ല. ലോയര്‍ സ്മിത്തെന്നോ ബാങ്കര്‍ ജോണ്‍സെന്നോ പറയാറുണ്ടോ? ഇല്ല. ഡോക്ടര്‍ എന്ന പദം പ്രയോഗിക്കുമ്പോള്‍ അച്ഛനില്‍ നിന്നു കിട്ടാവുന്ന വാല്സല്യവും വിദഗ്ധനില്‍നിന്നു ലഭിക്കാവുന്ന സുരക്ഷിതത്വവും നമ്മള് അനുഭവിക്കുന്നുണ്ടാവും. നമ്മള് ബഹുമാനിക്കുന്നവരെ അവരുടെ തൊഴിലുകള്‍ക്കു ചേര്‍ന്ന പദങ്ങള്‍ കലര്‍ത്തി സംബോധനചെയ്യേണ്ടതാണ്. ഇക്കാര്യം ഞാന്‍ റെയ്ഗനോട് ഒരിക്കല്‍ പറയുകയുണ്ടായി.” ഇനി വേറൊരു നേരമ്പോക്ക്:യമന്‍ ഒരിക്കല്‍ ഒരു ദൂതനെ വിളിച്ചു പറഞ്ഞു: “എടാ ഭൂമിയില്‍ പോയി ഏറ്റവും നല്ല ഡോക്ടര്‍ ആരാണെന്ന് കണ്ടുപിടിച്ചിട്ടുവാ. ഏതു ഡോക്ടറുടെ വീട്ടിന്റെ മുമ്പില്‍ പ്രതികാരം ചെയ്യാനുള്ള അഭിലാഷത്തോടുകൂടിയ പ്രേതങ്ങളില്ലയോ ആ ഡോക്ടറാണ് ഏറ്റവും നല്ലവന്‍.” ദൂതന് ഭൂമിയിലിറങ്ങി എല്ലാ ഡോക്ടര്‍മാരുടെയും വീടുകളുടെ മുന്പില് നോക്കി. ഓരോ വീട്ടിന്റെ മുന്‍പിലും അസംഖ്യം പ്രേതങ്ങള്‍. ഒടുവില്‍ ഒരു ഡോക്ടറുടെ വീട്ടിനു മുന്പില് ഒരു പ്രേതം മാത്രം നില്ക്കുന്നതു കണ്ടു. അയാള്‍ സ്വയം പറഞ്ഞു:“ഇയാള്‍ തന്നെയാണ് ഏറ്റവും നല്ല ഡോക്ടര്‍.” പക്ഷേ, അന്വേഷണം നടത്തിയപ്പോള്‍ ദൂതനു മനസ്സിലായി ആ ഡോക്ടര്‍ തലേദിവസം മുതല്ക്കേ പ്രാക്ടീസ് തുടങ്ങിയുള്ളുവെന്ന്.
ഇവരില്‍നിന്നൊക്കെ വിഭിന്നനാണു ഡോക്ടര്‍ ഗോമസ്. (ടി.വി. കൊച്ചു ബാബ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഇപ്പോള്‍ ഇതളായിരിക്കുന്നു എന്ന ചെറുകഥയിലെ പ്രധാന കഥാപാത്രം.) അയാള്‍ ആര്‍ക്കു ശസ്ത്രക്രിയ നടത്തുന്നുവോ അയാള്‍ മരിച്ചിരിക്കും. മരിച്ചില്ലെങ്കില്‍ ആകാശവാണിയുടെ ഭാഷയില്‍ കൊല്ലപ്പെടും. ഈ നിഗ്രഹാഭിലാഷം ഒഴിയാബാധയായിത്തീര്‍ന്ന ഒരു ഡോക്ടറെ — ഗോമസിനെ — പരിഹാസച്ഛായയില്‍ ചിത്രീകരിക്കുകയാണ് കഥാകാരന്, ഡോക്ടറുടെ സ്വഭാവത്തിനുള്ള ക്രൂരത കൂടുതല്‍ വെളിപ്പെടുത്താന്‍ അയാളുടെ വ്യഭിചാരിണിയായ ഭാര്യയേയും കൊച്ചു ബാബ അവതരിപ്പിക്കുന്നു.
ഒരു വാക്യത്തെ പലതരത്തില്‍ വീക്ഷിക്കാം. വ്യാകരണപരമായി ഉച്ചാരണ സംബന്ധിയായി, ശബ്ദശാസ്ത്രപരമായി..അങ്ങനെ പല തലങ്ങള്‍. എന്നാല്‍ വാക്യങ്ങള്‍ എല്ലാം കൂടിച്ചേര്‍ന്ന് ഒരു വിഷയത്തിലേക്കു നമ്മെ നയിക്കുമ്പോള്‍ അതു സാഹിത്യമായി. ആ ‘വിഷന്‍’ കാഴ്ച — കൊച്ചുബാബയുടെ കഥയ്ക്ക് ഇല്ലാതില്ല. കഥയില്‍ വർത്തമാനകാലം പ്രയോഗിച്ചിരിക്കുന്നത് ഫാറന്‍സിയുടെ ഛായയുള്ള കഥയ്ക്ക് സത്യാത്മകത നല്‍കാനാണ്. അതും ആദരണീയം തന്നെ.
ഞാനല്ലാതെ ആരുമില്ല
ജീവിതത്തിലെ സുപ്രധാനമായ ഓരോ സംഭവവും എന്റെ മനസ്സില്‍ ഉടക്കിക്കിടക്കുന്നുണ്ട്. ഒരു സായാഹ്നത്തില്‍ ഞാന്‍ ജി. ശങ്കരക്കുറുപ്പിന്റെ എറണാകുളത്തുള്ള വസിതിയില്‍ ചെന്നു. മഹാകവി പൂമുഖത്ത് കസേരയില്‍ അനങ്ങാതെ ഇരിക്കുന്നു. അന്തരീക്ഷത്തില്‍ ഒരു ബിന്ദുവില്‍ കണ്ണുതറപ്പിച്ച് ഇരിക്കുകയാണ് അദ്ദേഹം. മൂന്നു മിനിറ്റ് നേരം ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ നിന്നു. എന്നിട്ടും എന്റെ സാന്നിദ്ധ്യം അദ്ദേഹം അറിഞ്ഞില്ല. രോഗിയായി വളരെക്കാലം ആശുപത്രിയില്‍ കിടന്നതിനുശേഷം മഹാകവി വീട്ടിലേക്കു വന്നിട്ട് അധികം നാളായിട്ടില്ല. തന്നെ ഗ്രസിക്കാന്‍ പോകുന്ന മരണത്തെക്കുറിച്ചു ചിന്തിക്കുകയായിരുന്നു അദ്ദേഹം. ആ മുഖത്തെ വിഷാദത്തിന്റെ ദീപ്തി അത്രയ്ക്കുണ്ടായിരുന്നു. ..ഞാന്‍ വിളിച്ചു “മാഷേ” അദ്ദേഹം അപ്പോള്‍ മാത്രമേ എന്നെ കണുന്നുള്ളൂ. “എന്താ ആലോചിക്കുന്നത്” എന്ന് ഞാന്‍. “ഒന്നുമില്ല”എന്നു പരിഭ്രമിച്ചുള്ള അദ്ദേഹത്തിന്റെ മറുപടി. എന്നിട്ടു പറഞ്ഞു. “ഇരിക്കൂ, ഇവിടെ ഇപ്പോള്‍ ഞാനല്ലാതെ ആരുമില്ല. എല്ലാവരും കടയിലെവിടെയോ തുണിയോ മറ്റോ വാങ്ങാന്‍ പോയിരിക്കുകയാണ്.” കവി ഇരുട്ടിനെ പേടിക്കുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ വിളക്കിന്റെ സ്വിച്ച് ഇട്ടു. പ്രകാശം പരന്നിട്ടും അദ്ദേഹത്തിന്റെ പേടി പോയതായി എനിക്കു തോന്നിയില്ല. മരണത്തെ പേടിച്ച കവി ജീവിതത്തെയും പേടിച്ചോ? എന്തോ അറിഞ്ഞുകൂടാ. കവേ അങ്ങു പേരക്കുട്ടികളുമായി ചാരുകസേരയിലിരുന്നു പത്രം വായിക്കുന്ന പടം മാതൃഭൂമി ആച്ചപ്പതിപ്പില്‍ ഇന്നു ഞാന്‍ കാണുമ്പോള്‍ അന്ന് അങ്ങ് ‘ഭദ്രാലയ’ത്തിന്റെ പൂമുഖത്ത് സംഭ്രമിച്ച് ഇരുന്ന കാഴ്ച എന്റെ അന്തര്‍നേത്രംകൊണ്ട് ഞാന്‍ കാണുന്നു. എന്റെ ഈ വാക്കുകള്‍ കേള്‍ക്കാന്‍ അങ്ങ് ഇല്ലല്ലോ.ഞാന്‍ ദു:ഖിക്കുന്നു. ജീവിതത്തെ സഫലമാക്കാന്‍ കഴിയാത്തവരെ മാത്രമേ മരണത്തിനു പരാജയപ്പെടുത്താന്‍ കഴിയു. അങ്ങയെ തോല്‍പ്പിക്കാന്‍ മരണത്തിനു കഴിഞ്ഞില്ല, ആ വിധത്തില്‍ ഞങ്ങള്‍ ആശ്വസിക്കട്ടെ.
ശരാക്ഷേപം രണ്ടുവിധത്തില്‍
സവിശേഷമായ രാഷ്ട്രീയ ചിന്തനത്തില്‍ എല്ലാ വിശ്വാസങ്ങളും അര്‍പ്പിച്ച് രാജ്യംഭരിക്കുന്നവന്‍ ഓരോ വ്യക്തിയില്‍ നിന്നും അതിനോടു “യജമാനഭക്തി” ആവശ്യപ്പെടുന്നുവെന്നും അതു നല്കാത്തവരെ അവര്‍ ഹിംസിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നവര്‍ തങ്ങളുടെ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഇറാനിലും പാകിസ്ഥാനിലും കാണുന്ന സ്വാതന്ത്യധ്വംസനം കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇല്ല തന്നെ. പ്രജാധിപത്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന രാജ്യങ്ങളില്‍ അടിക്കടി പ്രജാധിപത്യലംഘനം ഉണ്ടാകുന്നു. അവിടത്തെ ഗവണ്മെന്റുകള് സമഗ്രാധിപത്യത്തിലേക്കു നീങ്ങുന്നു. ഇത് മേലേക്കിടയിലുള്ള ഹീനകൃത്യം. അതുതന്നെ താഴ്ന്ന തലത്തിലും ദൃശ്യമാണ്. തൊഴിലാളികളുടെ ശക്തിയാണ് ട്രേഡ് യൂണിയനുകള്‍, വ്യക്തമാക്കുന്നത്. അവരുടെ ശക്തിവിശേഷം ഒരു വ്യക്തിയില്‍ അതിന്റെ സാകല്യാവസ്ഥയില്‍ വന്നുവീഴുമ്പോള്‍ ആ വ്യക്തി നേതാവാകുന്നു. പക്ഷേ നേതാവും മനുഷ്യനാണ്. മനുഷ്യസ്വഭാവം അത്യാര്‍ത്തി കലര്‍ന്നതായതുകൊണ്ട് നേതാവ് ക്രമേണ സമ്പന്നനാകുന്നു. അദ്ദേഹത്തിന് കാറ്, രണ്ടുനിലക്കെട്ടിടം, ടെലഫോണ്‍, കളര്‍ ടെലിവിഷന്‍ ഇവയൊക്കെ ഉണ്ടാകുന്നു. അപ്പോഴും തൊഴിലാളി കഞ്ഞിവെള്ളം മാത്രം കുടിച്ചുകൊണ്ടു വെയിലത്തു തളര്‍ന്നു ജോലി ചെയ്യുകയായിരിക്കും. ട്രേഡ് യൂണിയന് നിലനില്ക്കണ്ടേ? അതു താങ്ങിനിറുത്തുന്ന സര്‍ക്കാര്‍ പുലരേണ്ടതില്ലേ? അതു വേണമെങ്കില്‍ തൊഴിലാളി പട്ടിണികിടന്നു ജോലിചെയ്തുകൊള്ളണം. കക്ഷിയുടെ രാഷ്ട്രീയതത്ത്വങ്ങളില്‍ നിന്ന് അണുപോലും ചലിക്കാതെ പ്രവര്‍ത്തിച്ചുകൊള്ളണം എന്നു നേതാവ് പ്രഖ്യാപിക്കുന്നു. പ്രഖ്യാപിക്കുന്ന നേതാവ് ഇംപാലയില്‍ കയറിയായിരിക്കും സമ്മേളനസ്ഥലത്ത് എത്തുക. നേതാക്കന്മാരുടെ ഈ കൊള്ളരുതായ്മ കൂടുമ്പോള്‍ തൊഴിലാളികള്‍ ഉള്ളാലെ ഇമേജെനു്സിക്ക് — അടിയന്തരാവസ്ഥയ്ക്ക് സ്വാഗതം ആശംസിച്ചു തുടങ്ങും. നേതാക്കന്മാരുടെ ഭാരം ഒന്നിനൊന്നുകൂടുന്നുവെന്നാണ് ബാലകൃഷ്ണന് മാങ്ങാട് പറയുന്നത്. (‘ഭാരംകൂടുന്ന പല്ലക്ക്’ എന്ന ചെറുകഥ — കേരളകൗമുദി വിശേഷാല്‍പ്രതി.) നല്ല ആശയം: സത്യാത്മകമായ ആശയം. പക്ഷേ നല്ല കഥയല്ല. അനുവാചകന് ആഴത്തിലനുഭവിക്കുന്ന മട്ടില്‍ വികാരത്തെ ഇന്നുവരെ ബാലകൃഷ്ണന് ചിത്രീകരിച്ചിട്ടില്ല. നാടകീയമയ പിരിമുറുക്കമോ ആകര്‍ഷകമായ ആഖ്യാനമോ അദ്ദേഹത്തിന്റെ കഥകളില്‍നിന്ന് നമ്മള് ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. പലകയില്‍ വൃത്തങ്ങള്‍ വരച്ചിട്ട് അമ്പെയ്യാം. ഓരോ അമ്പും വൃത്തത്തിന്റെ ഒത്ത നടുക്കു കൊള്ളുമ്പോള്‍ പ്രേക്ഷകര്‍ കൈയടിക്കും. ബഷീറും കാരൂരും അങ്ങനെ അമ്പ് എയ്തവരാണ്. ആരും കാണാതെ പലകയില്‍ പല സ്ഥലത്തും അമ്പുകള്‍ കുത്തിനിര്‍ത്തിയിട്ട് ഓരോന്നിന്റെയും ചുറ്റും വൃത്തം ചോക്കുകൊണ്ട് വരച്ചു വയ്ക്കാം. ബാലകൃഷ്ണന് മങ്ങാടിന്റെ വിദ്യ അതാണ്. അദ്ദേഹത്തിന്റെ വിരലുകള്‍ നോക്കുക. ചോക്കിന്റെ പൊടിപറ്റി അവ വെളുത്തിരിക്കുന്നു. അല്ലേ?
‘ശൂന്യമായ ഒരു കാറ്റ് വീട്ടുപടിക്കല്‍ വന്നുനിന്നു. അതില്‍നിന്നു മുട്ടത്തുവര്‍ക്കി ഇറങ്ങിവന്നു.” എന്ന് ഒരിക്കല്‍ ആരോ പറഞ്ഞു എന്നോട്. എവിടെയോ ഞാനതുപോലെയൊരു പ്രസ്താവം വായിച്ചിട്ടുണ്ട്. അതുകൊണ്ട് അതു പറഞ്ഞ ആളിനോട് എനിക്കു ബഹുമാനം തോന്നിയില്ല: വല്ല പടിഞ്ഞാറന്‍ നേരംമ്പോക്കിനും രൂപാന്തരം വരുത്തിയതാവും അത്. അതെന്തുമാകട്ടെ. ശൂന്യതയില്‍ നിന്നാണ് പൈങ്കിളിക്കഥകളുടെ ആവിര്‍ഭാവം. മംഗളാ ബാലകൃഷ്ണന് കലാകൗമുദി വിമെന്‍സ് മാഗസിനില്‍ ഏഴുതിയ “ഓര്‍മ്മയില്‍ ഒരു മുത്ത്” ശൂന്യതയായി പ്രത്യക്ഷപ്പെടുന്നു. വായനക്കാരന്റെ മനസ്സ് ശൂന്യമാകുന്നു.
ചോര്‍ച്ച കൂടിയ വീട്ടിലാണ് മഴയുടെ കാഠിന്യം അധികമായി അനുഭവപ്പെടുന്നത്. ഇതുപോലെ വേറെ വല്ലതും പറയാനുണ്ടോ? — മലയാള സാഹിത്യത്തിലാണ് പൈങ്കിളികള്‍ കൂടുതലായി വന്ന് ആളുകളെ ഉപദ്രവിക്കുന്നത്.
പാമ്പ്, വേശ്യയുടെ നാക്ക് ഇവയെക്കാൾ കൂടുതലായി പേടിക്കാന്‍ വല്ലതുമുണ്ടോ? — ഉണ്ട് പൈങ്കിളിക്കഥ. നിങ്ങള്‍ക്കു സമുദ്രത്തില്‍ മുങ്ങി മരിക്കണോ? അതോ പൈങ്കിളിക്കഥ വായിക്കണോ? — സമുദ്രത്തില്‍ മുങ്ങിമരിച്ചാല്‍ മതി. അധമസാഹിത്യത്തിന്റെ താഴെ നില്ക്കുന്ന അധമസാഹിത്യമുണ്ടോ? ഉണ്ട്. പൈങ്കിളിക്കഥ. ഇനി എന്റെ ചോദ്യം: എനിക്കു നരകത്തില്‍ പോകേണ്ടിവരില്ല. എന്തുകൊണ്ട്? ഉത്തരവും ഞാന്‍ നല്‍കാം. ഞാന്‍ പൈങ്കിളിക്കഥകള്‍ വായിക്കുന്നവനാണ്.
ഇരുട്ടിലൊരു കൈ
ബ്രിട്ടനിലെ പ്രശസ്തയായ “സെക്സ് ബോംബാ”ണ് ഡയന ഡോര്‍സ്. അവരുടെ A — Z of Men എന്ന ആത്മകഥാരൂപത്തിലുള്ള കുറിപ്പുകള്‍ രസകരങ്ങളാണ്. ആ പുസ്തകത്തിൽ വിശ്വവിഖ്യാതനായ അഭിനേതാവ് ഫ്രഡറിക് മാര്‍ച്ചിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഡയനയ്ക്കു പതിനാറുവയസ്സായിരുന്നകാലം ലണ്ടനില്‍, അവര്‍ ഒരു ഫിലിമില്‍ അഭിനയിക്കുകയാണ്. ‘ക്രിസ്റ്റൊഫര്‍ കൊളമ്പസ്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ മാര്‍ച്ച് അവിടെ എത്തി. അദ്ദേഹത്തിന്റെ സ്ത്രീജിതത്വം അറിയാമായിരുന്ന ഭാര്യ കൂടി ചെന്നിട്ടുണ്ട്. അവര്‍ മാര്‍ച്ചിന്റെ ഓരോ ചലനവും സൂക്ഷിച്ചുകൊണ്ടു നടക്കുകയാണ്. ഡയനയെ അദ്ദേഹം കാമാസാക്തങ്ങളായ കണ്ണുകള്‍കൊണ്ടു നോക്കിയിരുന്നു. ഒരു ദിവസം മാര്‍ച്ചിന്റെ ഡ്രസ്സിങ്ങ് റൂമിന്റെ മുന്പില്ക്കൂടി പോയ ഡയനയെ അദ്ദേഹം വലിച്ചകത്താക്കി. അവര്‍ പിടഞ്ഞുമാറി രക്ഷപ്പെട്ടു. അതിനുശേഷം മാര്‍ച്ചിന് അവരെക്കാണുമ്പോഴൊക്കെ ദേഷ്യം. ഡയന മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നും കാലത്ത് മാര്‍ച്ചിന്റെ തലയില്‍ വിഗ് വയ്ക്കാന്‍ എത്തിയിരുന്ന തരുണിയുടെ പാവാടയുടെ അടിയില്‍ കൂടി കൈയ്യിട്ട് അദ്ദേഹം അത് ഉയര്‍ത്തിക്കൊണ്ടുപോകും. ഈ പ്രവൃത്തി അസഹനീയമായപ്പോള്‍ അവള് ഒരുദിവസം പറഞ്ഞു: മിസ്റ്റര്‍ മാര്‍ച്ച്, നിങ്ങള്‍ ഇതു നിറുത്തുന്നില്ലെങ്കില്‍ ഞാന്‍ അവിടെയൊരു എലിക്കെണിവയ്ക്കാന്‍ പോകുകയാണ്.” (M for Fredic March, Page 123, Futura Publications).
സാഹിത്യം പലര്‍ക്കും “ഫീമെയില്‍ ഹെയര്‍ഡ്രസ്സറാ”ണ് (Female Hair dresser) അല്ലെങ്കില്‍ ഡയന ഡൊര്സാണ്. അടുത്തുവന്നാല്‍ അവളുടെ പാവാടയുടെ അടിയിലെ അന്ധകാരത്തില്‍ ജിജ്ഞാസയാര്‍ന്ന ഹസ്തം അന്വേഷണം നടത്തിയതുതന്നെ. അല്ലെങ്കില്‍ ഇടനാഴിയില്‍കൂടി പോകുന്നവളെ അകത്തേയ്ക്കു വെട്ടിവലിച്ചതു തന്നെ.
കുങ്കുമം വാരികയില്‍ രാജന് ചിന്നങ്ങത്ത് എഴുതിയ ‘യാഥാര്‍ത്ഥ്യത്തിന്റെ മുഖം’ എന്ന പൈങ്കിളിക്കഥ വായിക്കൂ. എന്തൊരു ബലാല്ക്കാരം! സ്നേഹിച്ചിരുന്ന കാമുകന് പോയപ്പോള്‍ കാമുകിക്കു ദുഃഖം. അച്ഛന്റെ നിര്‍ബ്ബന്ധത്തിനുവേണ്ടി അവള് വേറൊരുത്തനെ വിവാഹം കഴിക്കാന്‍ സന്നദ്ധയാകുന്നു. കോടിക്കണക്കിനാളുകള്‍ ചവച്ചുതുപ്പിയ ഈ കരിമ്പിന് ചണ്ടിയെടുത്ത് നമ്മുടെ ഈസ്റ്റെറ്റിക് ഡിജസ്ച്ചന് (aestheticdigestion — കലയെസ്സംബന്ധിച്ച ദഹനത്തിന്) വച്ചതരാമെന്ന് കഥാകാരനു തോന്നിയല്ലോ. അതും കുങ്കുമത്തിന്റെ പ്ലേറ്റില്‍! ഡയന ഡോര്‍സെ ഓടൂ. ഫീമെയ്ല്‍ ഹെയര്‍ ഡ്രസ്സറേ എലിക്കെണി എടുക്കൂ.
ഡയന ഡോര്‍സ് കഷണ്ടിക്കാരെക്കുരിച്ചു പറഞ്ഞതുകൂടി ഉദ്ധരിക്കാതിരിക്കാന്‍ മനസ്സു വരുന്നില്ല.
“കഷണ്ടി പൗരുഷത്തിന്റെ അടയാളമാണെന്നു പറയപ്പെടുന്നു. ഞാനൊരിക്കലും കഷണ്ടിക്കാരെന്റെകൂടെ കിടന്നിട്ടില്ലാത്തതുകൊണ്ട് ഇതിനു സ്ഥീകരണം നല്കാന് വയ്യ. എങ്കിലും പുരുഷന്റെ കഷണ്ടിത്തലയ്ക്കു ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുന്ന എന്തോ ധര്മ്മമുണ്ട്…” അഭിനേതാവ് ഗോപി ഡയനയുടെ പുസ്തകം വായിക്കുമല്ലോ. വായിച്ചു കഴിഞ്ഞിട്ടും വിശ്വാസം വരുന്നില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെ ‘അന്നാ കരേനിന’ എന നോവല്‍ വായിക്കണം. അതിസുന്ദരിയായ അന്ന കഷണ്ടിയുള്ള വ്രോണ്‍സ്കിയെ കണ്ടാണ് പ്രേമത്തില്‍ വീണത്.
പുതിയ പാറ്റേണ്‍
പരിണാമത്തിന്റെ ശക്തിവിശേഷമാണ് സ്ത്രീയെയും പുരുഷനെയും സൗന്ദര്യമുള്ളവരാക്കിയത്. ഈ സ്ത്രീയെയും പുരുഷനെയും അതേ മട്ടില്‍ ചിത്രീകരിച്ചാല്‍ കലയുണ്ടാവുകയില്ല. കാക്കയുടെ ശബ്ദം അതേ രീതിയില്‍ അനുകരിക്കുന്ന ആളിന്റെ പ്രവര്ത്തനംപോലെയാണത്. പകര്‍പ്പുകൊണ്ടെന്തു പ്രയോജനം? അതിനാല്‍ സുന്ദരിയായ സ്ത്രീയുടെ രൂപം കാന്‍വാസ്സിലേക്കു പകര്‍ത്തുന്ന ചിത്രകാരന് തന്റേതായ പരിണാമശക്തിവിശേഷത്തെ അതില്‍ ഉണ്ടാക്കണം. എത്രയോ കലാകാരന്മാര് സ്ത്രീയെ ചിത്രീകരിച്ചിട്ടുണ്ട്. ഓരോ ചിത്രവും വിഭിന്നമാണ്. ഓരോന്നും കലാസൃഷ്ടിയുമാണ്. ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ‘മോന ലീസ’ നോക്കൂ. സ്ത്രീയെ കാണുന്നു നിങ്ങള്‍. രവിവര്‍മ്മയുടെ ‘ശങ്കുന്തള’യെ നോക്കു. ആ ചിത്രത്തിലു സ്ത്രീ തന്നെ. പക്ഷേ രണ്ടും രണ്ടുവിധത്തില്‍ കലാസൃഷ്ടികളാണ്. ഡാവിഞ്ചിയും രവിവര്‍മ്മയും തങ്ങളുടെ ചിത്രങ്ങളില്‍ നിവേശിപ്പിക്കുന്ന ശക്തിവിശേഷമാണ് ഈ വിഭിന്നത ഉളവാക്കുന്നത്. നമ്മുടെ കഥയെഴുത്തുകാര്‍ക്കും ഹാസ്യസാഹിത്യകാരന്മാര്‍ക്കും പ്രതിപാദ്യവിഷയങ്ങളില്‍ ശക്തി നിവേശിപ്പിച്ച് പുതിയ പാറ്റേണ്‍ നിര്‍മ്മിക്കാന്‍ അറിഞ്ഞുകൂടാ. അതുകൊണ്ട് എല്ലാക്കഥകളും എല്ലാ ഹാസ്യരചനകളും ഒരുപോലെയിരിക്കുന്നു.
വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണിന്റെ അമ്മയെ സന്തോഷിപ്പിക്കാനായി കോടിവസ്ത്രങ്ങളും കൊണ്ടുവരുന്ന ഒരുത്തന്റെ പാക്കറ്റ് മാറിപ്പോകുന്നു. മാറിയകെട്ടില്‍ ചെറുപ്പക്കാരികള്‍ക്കുള്ള മാര്ച്ചട്ടകളാണുള്ളത്. കിഴവിയായ അമ്മായി അതു തുറന്നുനോക്കി ഭാവി മരുമകനെ ആഭാസന് എന്നു വിളിക്കുന്നു. (ജെ. ഫിലിപ്പോസ് തിരുവല്ല മനോരാജ്യം വാരികയിലെഴുതിയ “ഓണക്കോടിയുമായി ഓക്കന്നൂരിലേക്ക്” എന്ന ഹാസ്യകഥ). ഇതെഴുതിയ ആളിന് നര്മ്മബൊധമുണ്ട്. ഹാസ്യരചനയ്ക്കു പ്രാഗത്ഭ്യമുണ്ട്. പക്ഷേ മുന്‍പു എഴുതിയതുപോലെ എത്രയോ ആളുകള്‍ കൈകാര്യം ചെയ്തതാണ് ഈ വിഷയമെന്ന് അദ്ദേഹമറിയുന്നില്ല. പ്രതിപാദ്യവിഷയങ്ങള്‍ വളരെയില്ല: കഥാസന്ദര്‍ഭങ്ങള്‍ വളരെയില്ല. എങ്കിലും ഉള്ളവയില്‍ നൂതനശക്തിവിശേഷം നിവേശിപ്പിച്ച് നൂതനങ്ങളായ പാറ്റേണുകള്‍ നിര്‍മ്മിക്കാം. അതിനു കഴിയാത്തവര്‍ തൂലിക ഉന്തുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല.
ഒരു ചെറിയ ഹാസ്യകഥ: സുന്ദരനായ യുവാവ് സുന്ദരിയായ യുവതിയെ വിവാഹം കഴിച്ചുകൊൻടുവരുന്നു. അവര്‍ മധുവിധു കേമമായി കൊൻടാടുന്നതുകണ്ട് വേലക്കാരിയായ യുവതിക്ക് അസൂയ. ഭര്‍ത്താവ് ഭാര്യയെ തഴുകുമ്പോള്‍ അവള് അസ്വസ്ഥയാകും. അങ്ങനെയിരിക്കെ ഭാര്യ സ്വന്തം വീട്ടില്‍ പോയി. അയാളെ അന്വേഷിച്ച് എത്തിയ കൂട്ടുകാര്‍ ചോദിച്ചു: “ഇന്ന് എന്തു ചെയ്യും?” അയാള്‍ തമാശയായി പറഞ്ഞു: “ഇന്നുരാത്രി വേലക്കാരിയുടെ നെഞ്ചില്‍ തലവച്ചു കിടക്കും ഞാന്‍.” രാത്രിയായി. സാറ് ഇപ്പോള്‍ വരും. ഇപ്പോള്‍ വരും എന്നു വിചാരിച്ച് പരിചാരിക ഉണര്ന്ന്കിടക്കുകയാണ് വാതിലുംതുറന്നിട്ടുകൊണ്ട്. രാത്രി രണ്ടുമണിയായിട്ടും അയാള്‍ വരുന്നില്ലെന്നുകണ്ട് അവള് എഴുന്നേറ്റ് അയാളുടെ വാതില്‍ തള്ളിത്തുറന്നു. ശബ്ദം കേട്ട് അയാള്‍ ഉണര്‍ന്ന് ചോദിച്ചു. “ആരത്?” അവള് പറഞ്ഞു: “ഞാന്‍ തന്നെ. സാറ് ഇന്നുരാത്രി എന്റെ നെഞ്ചില്‍ തലവച്ചുകിടക്കുമെന്ന് പകല്‍ കൂട്ടുകാരോടു പറഞ്ഞില്ലേ? അങ്ങനെ കിടക്കാന്‍ ഒക്കുകയില്ലെന്ന് അറിയിക്കാനാണു ഞാന്‍ വന്നത്.”
സുന്ദരി, ദിവ്യഗന്ഥം ദാരുഗന്ധ:
ഗ്രാമ്പിന്റെ മണവും കറുവപ്പട്ടയുടെ നിറവുമുള്ള അതി സുന്ദരിയാണ് ഗേബ്രിയേല. അവള് ബ്രസീലിലെ ബായീയ (Bahia) സ്റ്റോറിലുള്ള ഈല്യൂസ് (IIheus) നഗരത്തില്‍ ഭക്ഷണശാല നടത്തുന്ന നജീബ് സാദിന്റെ പരിചാരികയായി. പിന്നീട് ഭാര്യയായി. ഭാര്യയായിരിക്കെ മറ്റൊരു സുന്ദരനായ യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. അതു കൻട സാദ് അവളെ നിഷ്കാസനം ചെയ്തു. പക്ഷേ, അയാള്‍ക്കു ഗെബ്രിയേലയില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ വയ്യ. അവളുടെ പാചകവിദ്യയാണ് സാദിന്റെ ഭക്ഷണശാലയ്ക്കു കീര്‍ത്തി നല്‍കിയത്. ഗേബ്രിയേല വീണ്ടും പരിചാരികയായി അവിടെ എത്തുമ്പോള്‍ ബ്രസീലിലെ മഹാനായ നൊവലിസ്റ്റ് ഷൊര്‍ഷി അമാദു (Jorgw Amado, born 1912) എഴുതിയ Gabriela, Clove and Cinnamon എന്ന ചേതോഹരമായ നോവല്‍ അവസാനിക്കുന്നു.
1925–26 ഈ വര്‍ഷത്തെ ബ്രസീലിയന്‍ പ്രദേശങ്ങളിലെ രാഷ്ട്രവ്യവഹാരത്തെ മാര്‍ക്സിയന്‍ വീക്ഷണഗതിയില്‍ ചിത്രീകരിക്കുന്ന നോവലുമാണിത്. കേണല്‍ എന്നു വിശേഷിക്കപ്പെടുന്ന ഫ്യൂഡലിസ്റ്റുകളുടെ പിടിയിലമര്‍ന്ന ഈ പ്രദേശങ്ങള്‍ ക്രമാനുഗതമായി അതില്‍നിന്നു മോചനം പ്രാപിക്കുന്നു. മോചനം പ്രാപിക്കുന്നതാണെങ്കിലും തൊഴിലാളികള്‍ക്കു പ്രാമുഖ്യം കിട്ടുന്നില്ല. ഒരു പുതിയ ബൂര്‍ഷ്വാ വ്യവസ്ഥിതി ഉണ്ടാകുന്നതേയുള്ളൂ. ഗേബ്രിയേല ആ പ്രദേശങ്ങളുടെ — വ്യാപകമായ രീതിയില്‍ ബ്രസീലിന്റെ ചൈതന്യമാണ്. നോവല്‍ വായിച്ചുതീരുമ്പോള്‍ കരയാമ്പൂവിന്റെ മണം നമ്മെ സുഖിപ്പിക്കുന്നു. കറുവപ്പട്ടയുടെ നിറം കണ്ണിന് ആഹ്ളാദം പകരുന്നു. ഹൃദയാവര്‍ജ്ജകമായ കലാസൃഷ്ടി.
ഫിസിക്സിലെ മിസ്റ്റിസിസത്തെ നിന്ദിക്കുന്നയാളാണെങ്കിലും മാര്ട്ടിന് ഗാഡ്നര്‍ വിശിഷ്ടങ്ങളായ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ The Ambidextrous Universe തുടങ്ങിയ പല ഗ്രന്ഥങ്ങളും ഈ ലേഖകന്‍ വായിച്ചിടുണ്ട്. ഗാര്‍ഡ്നര്‍ The most original, most profound എന്നു വാഴ്ത്തിയ പുസ്തകമാണ് What is the name of this book? അതിലെ ഒരു ഭാഗം: രണ്ടാളുകള്‍ ഭക്ഷണശാലയില്‍ കയറി പൊരിച്ചമീന്‍ കൊണ്ടുവരുവാന്‍ പറഞ്ഞു. ഹോട്ടലുകാരന് ഒരു വലിയമീനും ഒരു ചെറിയ മീനും കൊണ്ടുവന്നു. ഒന്നാമന് “മീനെടുക്കൂ” എന്നു പറഞ്ഞപ്പോള്‍ രണ്ടാമന് വലിയ മീനെടുത്തു. സ്വല്പനേരത്തെ പിരിമുറുക്കം. അതിനുശേഷം ഒന്നാമന് പറഞ്ഞു: “എന്നോടാണ് മീനെടുക്കാന് ആദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ചെറുതേ എടുക്കുമായിരുന്നുള്ളൂ.” രണ്ടാമന്റെ മറുപടി: “എന്തിനു പരാതിപ്പെടുന്നു? ചെറുതുതന്നെ കിട്ടിയില്ലേ നിങ്ങള്‍ക്ക്?”
യുക്തിയുടെ ഈ വിളയാട്ടം രസകരമാണ്. ഇതേമട്ടിലുള്ള രസമാണ് കലാകൗമുദിയില്‍ വെട്ടൂര്‍ രാമന്നായര് പുനത്തില്‍ കുഞ്ഞൂബദ്ദുള്ളയെക്കുറിച്ചെഴുതിയ ലേഖനം വായിച്ചപ്പോള്‍ എനിക്കുണ്ടായത്.
|
|