സാഹിത്യവാരഫലം 1985 09 15
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1985 09 15 |
ലക്കം | 522 |
മുൻലക്കം | 1985 09 08 |
പിൻലക്കം | 1985 09 22 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ഹിറ്റ്‌ലറുടെ സൈനികമന്ത്രിയായിരുന്നു ആല്‍ബര്‍ട്ട് ഷ്പാര്‍ (Albert Speer). അദ്ദേഹത്തിന്റെ രഹസ്യഡയറി “ഷ്പാന്‍ഡൗ” (Spandau) എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. So fascinatingly written that I could not put it down before I finished it എന്നു വിശ്വവിഖ്യാതനായ എറിക് ഫ്രം വാഴ്ത്തിയ ആ പുസ്തകത്തില്‍ റ്റോമാസ് മാന്‍, ഫ്രാന്‍റ്സ് കാഫ്ക, സീക്ക്മന്റ് ഫ്രായിററ്, ഷെഫാൻ സ്വൈഹ് ഇവരുടെ ഗ്രന്ഥങ്ങള്‍ ഹിറ്റ്‌ലര്‍ നിരോധിച്ചപ്പോള്‍ തനിക്ക് അതു നിയമ ലംഘനമായി തോന്നിയില്ലെന്നു ഷ്പാര്‍ എഴുതിയിരിക്കുന്നു. സ്റ്റാലിന്‍ തൊട്ട് ഹിറ്റ്‌ലർ വരെയുള്ളവരുടെ ഡിക്ടേറ്റര്‍ഷിപ്പിന്റെ പ്രധാനപ്പെട്ട രഹസ്യം ‘ഭീഷണി ഭരണ’ത്തിനു സന്മാര്‍ഗ്ഗികമായ ആവരണം നല്കുക എന്നതായിരുന്നു അതു നല്കുമ്പോള്‍ ബഹുജനത്തിനു തൃപ്തിയുണ്ടാകും. ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രിയായിരുന്നു പൗള്‍ ജോസഫ് ഗൊബല്‍സ് (Paul Joseph Goebbels) സാഹിത്യത്തിലെ നവീനതയെ ഇഷ്ടപ്പെട്ടിരുന്നു. ഹിറ്റ്‌ലര്‍ നവീന സാഹിത്യത്തെ നിരാകരിച്ചപ്പോള്‍ ഗൊബല്‍സും അതിനെ നിരാകരിച്ചു. സാഹിത്യം നല്കുന്ന ആഹ്ലാദത്തെക്കാള്‍ സന്മാര്‍ഗ്ഗം പ്രദാനം ചെയ്യുന്ന കാഠിന്യത്തിനാണ് അദ്ദേഹം പ്രാധാന്യം കല്പിച്ചത്. ഏതു ഡിക്ടേറ്റര്‍ഷിപ്പിന്റെയും കാലയളവു നോക്കൂ. ബഹുജനത്തിനു സാഹിത്യവും വേണ്ട, കലയും വേണ്ട. ഏകാധിപത്യം നല്കുന്ന സുരക്ഷിതത്വവും സംതൃപ്തിയും മതി.
Contents
ആ നാവെനിക്കവിശ്വാസ്യം
ഫ്രാന്‍സിലെ നോവലെഴുത്തുകാരന്‍ ആങ്ദ്രേ ഷീമിന്റെ ‘ലേ കേവ് ദ്യു വാതീകാങ്’ (Les Caves du Vatican) എന്ന നോവലിലെ ഒരു കഥാപാത്രമാണ് ലാഫ് കാഡിയോ. അയാള്‍ ഒരു ദിവസം തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. ആ കംപാര്‍ട്ട്മെന്റില്‍ ഒരു ചെറുപ്പക്കാരനുമുണ്ട്. അവനെ തള്ളി പുറത്തിടാന്‍ ലാഫ് കാഡിയോക്ക് ആഗ്രഹം. “ലക്ഷ്യമൊന്നുമില്ലാത്ത ഒരു പാതകം. പോലീസിന് ഒരു കീറാമുട്ടി” എന്നു വിചാരിച്ചു ആയാള്‍. ലാഫ്കാഡിയോ അവനു് ഒരുന്തു് വച്ചു കൊടുത്തു അതാ പോകുന്നു. ഒരു ശബ്ദവും കേള്‍പ്പിക്കാതെ അവന്‍ വീണു. വീഴുന്ന വാക്കിനു ലാഫ് കാഡിയോയുടെ തൊപ്പിയില്‍ അവന്‍ പിടിച്ചു. അതും അവന്റെ കൂടെ താഴ്ചയിലേക്കു പോയി. വാതില്‍ വലിച്ചടയ്ക്കണ്ട, അടുത്ത കാര്യേജിലുള്ളവര്‍ കേള്‍ക്കും എന്ന് അയാള്‍ വിചാരിച്ചു. എന്തിനാണ് അയാള്‍ ഒരപരാധവും ചെയ്യാത്ത ഒരുത്തനെ തീവണ്ടിയില്‍ നിന്നു പിടിച്ചു തള്ളിയത്? ഒരുദ്ദേശ്യവുമില്ലാതെയെന്നു മുകളില്‍ പറഞ്ഞു കഴിഞ്ഞു. ലാഫ് കാഡിയോ ശക്തനാണ്. ആ ശക്തി കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല അയാള്‍ക്ക്. അതുകൊണ്ട് ഒരു പാവത്തെ അയാള്‍ കൊല്ലുന്നു. ലക്ഷ്യമില്ലാത്ത, ഉദ്ദേശ്യമില്ലാത്ത ഇത്തരം കൊലപാതകങ്ങള്‍ ഇന്നു സര്‍വസാധാരണങ്ങളാണ്. നോവലിന്റെ മറ്റൊരു ഭാഗത്ത് “മാന്യന്‍ തെമ്മാടിയായി മാറുന്നതിനു ഹേതുവെന്താണ്?” എന്നൊരു കഥാപാത്രം ചോദിക്കുന്നു. “സാധാരണമായ പരിതഃസ്ഥിതിയില്‍ നിന്നു അവന്‍ മാറി നിന്നാല്‍ മതി” എന്നു വേറൊരു കഥാപാത്രം മറുപടി നൽകുന്നു. ചുറ്റുപാടുകള്‍ മാറിയാല്‍ മതി, മനുഷ്യന്റെ സ്വഭാവം മാറും. അതിന്റെ ഫലമായി അവന്‍ അപരാധം ചെയ്യാത്തവനെ കൊല്ലും. ഇന്ത്യയിലായിരുന്നപ്പോള്‍ നല്ലവനായിരുന്ന ഡംപീസിങ് കാനഡയിലേക്കു പോയപ്പോള്‍ കുത്സിത സ്വഭാവമുള്ളവനായി മാറി. അയാള്‍ തിരിച്ച് ഇന്ത്യയിലെത്തിയപ്പോള്‍ കൊലപാതകം ചെയ്തു. ‘നീറിക്കത്തുന്ന’ വെയിലില്‍ ബസ്സ് കാത്തു നിന്ന രണ്ടു കുഞ്ഞുങ്ങളെ അയാള്‍ വെടിവെച്ചു കൊന്നു. എം. മുകുന്ദന്റെ ‘ഗ്രീന്‍ ഹില്‍ കോണ്‍വെന്റ്’ എന്ന നീണ്ട കഥയുടെ സാരമിതാണ് (കലാകൗമുദി ലക്കം 520). ഡംപീസിങ്ങിന്റെ ഈ നൃശംസതയുടെ തീവ്രത കാണിക്കാന്‍ വേണ്ടി മുകുന്ദന്‍ ആവശ്യത്തിലധികം ചായമുപയോഗിച്ച് അയാള്‍ കൊച്ചു കുട്ടിയായിരുന്നപ്പോഴുള്ള അവസ്ഥ ചിത്രമായിത്തന്നെ വരയ്ക്കുന്നു. നീണ്ട കഥയുടെ 99.9 ഭാഗവും ആ കുട്ടിയുടെ നിഷ്കളങ്കതയുടെയും ലജ്ജയുടെയും ഭീരുതയുടെയും വര്‍ണ്ണനം തന്നെ. എന്നിട്ട് പൊടുന്നനവേയുള്ള കൊലപാതകവും. മുകുന്ദനു കഥ പറയാന്‍ അറിയാം. ഭംഗിയായി പറയാൻ അറിയാം. തെളിഞ്ഞ അന്തരീക്ഷമുള്ള സായാഹ്നത്തില്‍ വേമ്പനാട്ടു കായലില്‍ കളിവള്ളത്തിലിരുന്നു സഞ്ചാരം നടത്തിയാല്‍ എന്തു തോന്നും? സുഖപ്രദമായ അനുഭൂതി. ആ അനുഭൂതി വിശേഷം ഇക്കഥ വായിച്ചാലുമുണ്ടാകും. പക്ഷേ, സദാചാരപരമായ ഒരു ജീവിതത്തില്‍ നിന്നു നൃശംസതയുടെ ജീവിതത്തിലേക്ക് അയാള്‍ പ്രവേശിക്കുന്നത് വിശ്വാസം ജനിപ്പിക്കുന്നില്ല. ഭീകരപ്രസ്ഥാനത്തില്പ്പെട്ടവര് അപരാധരഹിതരെ വെടിവച്ചു വീഴ്ത്തുമ്പോള്‍ നമ്മള്‍ ഞെട്ടും. കലയില്‍ ആ ഞെട്ടല്‍ സംഭവിക്കണമെങ്കില്‍ വേറെ പലതും ചിത്രീകരിക്കേണ്ടതുണ്ട്. അത് അങ്ങനെ സംഭവിച്ചുവെന്നു കഥാകാരന്‍ പറഞ്ഞാല്‍ മാത്രം പോര. മാനുഷിക മൂല്യങ്ങളെ സംബന്ധിച്ച് ഡംപീസിങ്ങിനു പില്ക്കാലത്തുണ്ടായ അവഗണന കലയുടെ പക്ഷത്തു നിന്നു നോക്കുമ്പോള്‍ വിശ്വാസ്യമല്ല.
ഷേക്സ്പീയറിന്റെയും റേസീന്റെയും രാജകുമാരന്മാർ ഏകാധിപത്യത്തെ ലംഘിച്ചു മുന്നോട്ടു പോയി. ബൂര്‍ഷ്വാ ലോകത്തെ അതിലംഘിച്ചു സ്റ്റാന്‍ദേലിന്റെ നഗരവാസികള്‍. ബ്രഹ്റ്റിന്റെ പാവങ്ങള്‍ തൊഴിലാളി വര്‍ഗ്ഗത്തെ അതിലംഘിച്ചു. ദസ്തെയെവ്സ്കിയുടെ ‘നിന്ദിതരും പീഡിതരും’ വിക്തോർ യൂഗോയുടെ ‘പാവങ്ങൾ’ ഇവര്‍ ഒരു വര്‍ഗ്ഗത്തിന്റെ മാത്രം നീതികേട് അനുഭവിക്കുന്നവരല്ല. അവര്‍ എല്ലാക്കാലത്തെയും, മനുഷ്യത്വമില്ലായ്മ അനുഭവിക്കുന്നവരാണ്. അവര്‍ മനുഷ്യത്വത്തിനു വേണ്ടി നിലകൊള്ളുന്നു. അവരുടെ വിധിയിലുള്ള സാര്‍വലൗകിക സ്വഭാവം ഏതു വര്‍ഗ്ഗത്തിന്റെയും അപ്പുറത്തുള്ളതാണ്. ഏതാണ്ട് ഇങ്ങനെ ഹെര്‍ബര്‍ട്ട് മാര്‍ക്കൂസ് പറഞ്ഞിട്ടുണ്ട്. ഈ സാര്‍വലൗകിക സ്വഭാവം കൈവരുമ്പോഴാണ് സാഹിത്യസൃഷ്ടി ഉത്കൃഷ്ടമാകുന്നത്.
പാലാ നാരായണന്‍ നായര്‍
’’E = mc’’2 എന്ന സമവാക്യം എഴുതിക്കഴിഞ്ഞപ്പോള്‍ ആ മഹാനായ ശാസ്ത്രജ്ഞന്‍ ആഹ്ലദാതിരേകം അനുഭവിച്ചിരിക്കും. ‘ഹാംലെററ്’ എഴുതിത്തീര്‍ത്ത കവിയുടെ ആഹ്ലാദാതിരേകത്തിനു തുല്യമാണ് അതെന്ന് ചിലര്‍ പറയുന്നു. അതിനെ എതിര്‍ക്കാന്‍ ഞാനാളല്ല. എങ്കിലും ശാസ്ത്രജ്ഞന്‍ മനുഷ്യനെ ഒരു നിയമത്തിനുള്ളില്‍ ഒതുക്കിയല്ലേയുള്ളു എന്നാണ് സംശയം. ‘ഹാംലെററ്’ എഴുതിയ കവി ഒരു നിയമത്തിനകത്തും മനുഷ്യനെ ഒതുക്കാതെ അവനെ നോക്കി പഠിക്കുകയായിരുന്നു. അതു കാണുന്ന നമ്മള്‍ മനുഷ്യനാരാണെന്നു കൂടുതലറിയുന്നു. വീണ്ടും വീണ്ടും വായിക്കുമ്പോള്‍ മനുഷ്യന്റെ വിഭിന്നാവസ്ഥകളും വിഭിന്ന വികാരങ്ങളും മനസ്സിലാക്കുന്നു. അതുകൊണ്ട് ആയിരമായിരം വര്‍ഷം കഴിയുമ്പോള്‍ ശാസ്ത്രജ്ഞനെ നമ്മള്‍ മറന്നെന്നു വരും: കവിയെ മറക്കില്ല. ഹാംലെററ് എഴുതിയ കവിയും ആ സമവാക്യമെഴുതിയ ശാസ്ത്രജ്ഞനും ഇല്ലാത്ത ലോകം ദരിദ്രമാണെന്നു സമ്മതിക്കാം. പക്ഷേ, ഹാംലെററ് രചിച്ച കവിയില്ലാത്ത ലോകം കൂടുതല്‍ ദരിദ്രമായിരിക്കും. ഭാരതമെന്നു കേള്‍ക്കുമ്പോള്‍ വാല്മീകി, വ്യാസന്‍, കാളിദാസന്‍ ഇവരെയാണ് ഓര്‍മ്മ വരിക. ഈ മൂന്നു പേരും ജനിച്ചിട്ടില്ലായിരുന്നെങ്കിലോ? ഭാരതം നിര്‍ദ്ധനത്വത്തിന്റെ പര്യായപദമായിരിക്കും. ഭാരതത്തില്‍ നിന്നും കേരളത്തിലേക്കു വരൂ. കുമാരനാശാനും വള്ളത്തോളും ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും ഇല്ലാത്ത ഈ നാട് ദരിദ്രം തന്നെ. നാട്ടിന്റെ സാംസ്കാരിക ചക്രവാളത്തെ വികസിപ്പിച്ചവരാണ് ആ കവികള്‍. ഈ പ്രക്രിയയില്‍ പാലാ നാരായണന്‍ നായര്‍ക്കും ആദരണീയമായ പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യനെ ചിത്രീകരിക്കുന്നതില്‍ തല്പരനാണ് അദ്ദേഹമെപ്പോഴും. അദ്ദേഹത്തിന്റെ അമരജ്യോതി എന്ന ഉത്തമ കാവ്യവും ഈ സത്യത്തിനു നിദര്‍ശകമായിരിക്കുന്നു. അനുഗൃഹീതനായ ഈ കവിയുടെ കാവ്യസരസ്വതി ഹൃദ്യമായ വീണാവാദനം നടത്തുന്നതു കേട്ടോലും:
ഹിമവച്ഛ്രംഗങ്ങളേ യമുനേ, ഗംഗേ ശുഭ്ര-
ഹിമവാഹിനികളേ നിങ്ങളെ സ്നേഹിക്കുന്നോള്‍
നിങ്ങളിലലിഞ്ഞുചേര്‍ന്നാചന്ദ്രതാരം പൗര-
മംഗളം കൊതിക്കുന്നോള്‍ കര്‍മ്മയോഗിനിയായ്.
നന്ദിഹീനരായ്‌ത്തീരില്ലംബികേ, തവാദർശ-
നന്ദനര്‍ ചിതയില്‍നിന്നേന്തിയ കൈപ്പന്തങ്ങൾ
ക്രൂരമാമടിമത്തക്കൂരിരുട്ടിലും വഴി-
ത്താരയായ്‌ത്തെളിച്ചിടും പുരുഷാന്തരങ്ങളെ.
മനോരാജ്യം വിശേഷാൽപ്രതിയില്‍ ഈ കാവ്യം വായിച്ചപ്പോള്‍ ഞാന്‍ ഇന്ദിരാ ഗാന്ധിയെ മനക്കണ്ണിനു മുന്‍പില്‍ കണ്ടു. എന്റെ ബാഹ്യനേത്രങ്ങള്‍ വീണ്ടും ആര്‍ദ്രങ്ങളായി. ആര്‍ദ്രത വീണ്ടും പ്രദാനം ചെയ്ത് എന്നെ മനുഷ്യത്വത്തിലേക്കു നയിച്ച കവിക്ക് ഞാന്‍ നന്ദി പറഞ്ഞു.
ജഡമേ മറഞ്ഞുള്ള മൃത്യുവില്‍, ജനകോടി-
ക്കിടയില്‍ പുനര്‍ജന്മം കൊള്ളുന്ന വീരാംഗനേ
നിന്നൂർജ്ജം, കര്‍മ്മത്വര, നിസ്തുലപ്രതിഭയും
നിര്‍ഭരം ത്രിവേണിയായൊഴുകും കാലത്തോളം
ഭാരതമഹാരാജ്ഞി വേറില്ല ഞങ്ങൾക്ക് നിൻ
പേരിലാണഭിമാനം വ്യഥ ഞാന്‍ മറക്കട്ടെ
കവിയോടൊപ്പം ഞാനും വ്യഥ മറക്കാന്‍ ശ്രമിക്കട്ടെ. അന്തരിച്ച വ്യക്തിയെ മനുഷ്യത്വത്തിന്റെ പ്രകാശത്തിൽ വീണ്ടും വീണ്ടും സൃഷ്ടിക്കുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥ മനുഷ്യരായിത്തീരുന്നതു്. പാലാ നാരായണന്‍ നായര്‍ ആ ഉത്കൃഷ്ടകര്‍മ്മത്തില്‍ വ്യാപരിച്ചു കണ്ടതില്‍ എനിക്ക് അനല്പമായ ആഹ്ലാദമുണ്ട്.
തരംഗങ്ങളൊക്കെയെന്‍ നാവായെങ്കില്‍!
ജോലിക്കു വേണ്ടി വന്ന ഒരു പെണ്‍കുട്ടിയോട് “വിദ്യാര്‍ത്ഥി സാരി പിടിച്ചഴിച്ചാല്‍, സാരിപ്പാവാടയോടുകൂടി ക്ലാസ്സില്‍ നില്‌ക്കേണ്ടിവന്നാല്‍ നിങ്ങളെന്തുചെയ്യും?” എന്നു മടികൂടാതെ ചോദിച്ച ഒരു പ്രന്‍സിപ്പലിനെക്കുറിച്ച് ഞാന്‍ മുന്‍പ് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ പരാക്രമങ്ങള്‍ വേറെ പലതും ഞാന്‍ കണ്ടിട്ടുണ്ട്. അറിഞ്ഞിട്ടുണ്ട്. വടക്കൊരു കോളേജില്‍ അദ്ധ്യക്ഷപദവി അലങ്കരിക്കുമ്പോഴായിരുന്നു ഇന്റര്‍വ്യൂ. തെക്കൊരു കോളേജില്‍ പിന്നീട് ഇരുന്നപ്പോള്‍ അവിടെ കണ്ടാല്‍ കൊള്ളാവുന്ന ഒരു ഹരിജനയുവതി ഉണ്ടായിരുന്നു. അവളെ അദ്ദേഹം സ്വന്തം പ്യൂണായി നിയമിച്ചു. എന്നിട്ട് എപ്പോഴും അദ്ദേഹത്തിനു് വെള്ളം കുടിക്കണം. “കമലം കുറച്ചു വെള്ളമെടുക്കൂ” എന്നു മൊഴിയും. കമലം സ്ഫടിക ഗ്ലാസ്സില്‍ വെള്ളമെടുത്തു കണുങ്ങിക്കുണുങ്ങി വരും. ഗ്ലാസ്സ് നീട്ടിയാല്‍ പ്രിന്‍സിപ്പല്‍ അവളുടെ കൈക്കു മുകളില്‍ സ്വന്തം വിരലുകള്‍ അമര്‍ത്തും. അധികാരമെവിടയുണ്ടോ അവിടെ പെണ്ണുങ്ങള്‍ക്കു ചാരിത്രമില്ല. അധികാരമില്ലാത്തിടത്തു ചാരിത്രം അല്ലെങ്കില്‍ പാതിവ്രത്യം മൂര്‍ഖന്‍പാമ്പിനെപ്പോലെ ഫണമുയര്‍ത്തിനില്ക്കും. ഹരിജനയുവതി പ്രിന്‍സിപ്പലിന്റെ അഭിമര്‍ദ്ദപീഡ റോസാദലസ്പര്‍ശമായി അഭിനയിച്ചു നിന്നു കൊടുക്കും. പ്രിന്‍സിപ്പലദ്ദേഹം ദിവസവും, കാലത്തു് ഒന്‍പതരമണിതൊട്ട് വൈകുന്നേരം അഞ്ചുമണിവരെ നൂറുഗ്ലാസ്സ് വെള്ളം കുടിക്കം. കോളീജിയററ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ കമലത്തിനെ മറ്റൊരു കോളേജിലേക്കു മാററിയപ്പാള്‍ മാത്രമേ പ്രിന്‍സിപ്പലന്റെ വെളളം കുടി അവസാനിച്ചുള്ളു. ഇത് ഇപ്പോള്‍ ഓര്‍മ്മിച്ചതു കെ. എസ്. ജയശ്രീ എക്സ്പ്രസ് വാരികയില്‍ (ലക്കം 20) എഴുതിയ ‘പ്രേമം എന്ന കടങ്കഥ’ എന്ന പൈങ്കിളിയില്‍ പൈങ്കിളിയായ കഥ വായിച്ചുപോയതിനാലാണ്. സുധാകരനും മാലതിയും കമ്പോസിറ്റന്മാര്‍. ടൈപ്പ് എടുക്കാന്‍ ‘കള്ളി’യില്‍ രണ്ടുപേരും ഒരേസമയം കൈകളിടുന്നു. “ഒരു കള്ളി, നാലുവിരലുകള്‍” എന്ന കഥയില്‍. ആ വിരലുകള്‍ കെട്ടുപിണഞ്ഞു കിടന്നുപോലും. പിന്നീട് സുധാകരന് അപരാധബോധം ജനിച്ചുപോലും. എന്തിന് അപരാധബോധം? ഞങ്ങളുടെ പ്രിന്‍സിപ്പലിന്, ഒരപരാധബോധവുമില്ലായിരുന്നല്ലോ എന്നു മാത്രമല്ല, പെന്‍ഷന്‍ പ്രായമായ അദ്ദേഹം ചെറുപ്പമായ വരികയും ചെയ്തു. വൃദ്ധന്‍ തരുണിയെ തൊട്ടാല്‍ അയാള്‍ യുവാവാകും. തരുണി പൊടുന്നനവെ കിഴവിയാകുകയും ചെയ്യും. കമലം കിഴവിയാകുന്നതിനുമുന്‍പ് സ്ഥലം മാറിപ്പോയി. കഥയിലെ സുധാകരനും മാലതിക്കും ശാരീരികമായി ഒരു മാററവും വന്നില്ല. സുധാകരന്‍ തന്നെ വിവാഹം കഴിക്കാത്തതുകൊണ്ട് അവള്‍ക്കു കടുത്ത ദുഃഖമുണ്ടായിയെന്നു മാത്രം. കഥയുടെ ബീഭത്സതയെക്കുറിച്ചു ഞാനെന്തു പറയാനാണ്? കവി എഴുതിയതുപോലെ ആയിരം നാവുണ്ടെങ്കിലേ അതിനെപ്പററി ഒരു ചെറിയ വിവരണമെങ്കിലും എനിക്കു തരാനാവൂ.
എന്നെ മര്‍ദ്ദിക്കൂ
കാര്‍ട്ടൂണിസ്റ്റ് ശത്രുവിന്റെ പത്രാധിപത്യത്തില്‍ പ്രസാധനം ചെയ്യുന്ന ‘മന്ത്രി’ എന്ന മാസികയില്‍ പ്രതാപന്റെ ഒരു ഹാസ്യചിത്രമുണ്ട്. സുന്ദരികളായ മൂന്നു വനിതാപൊലീസ് ഉദ്യോഗസ്ഥകള്‍ സ്റ്റേഷന്റെ മുന്‍പില്‍ നില്‍ക്കുന്നു. പരാതികളുമായി വരുന്ന യുവാക്കന്മാരുടെ ഒരു നീണ്ട നിര. വനിതാ പോലീസ്‌സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രിപ്രസ്താവിച്ചതിനെ അവലംബിച്ചാണ് ഹാസ്യചിത്രം. അങ്ങനെ എണ്ണം കൂട്ടിയാല്‍ പ്രമേവിവശരായ പരാതിക്കാരുടെ എണ്ണം കൂടുമെന്നാണ് ഹാസ്യ ചിത്രകാരന്റെ നിരീക്ഷണം. എന്റെ അനുമാനം അങ്ങനെയല്ല. വനിതാപൊലീസിന്റെ മര്‍ദ്ദനം ഏല്‌ക്കാന്‍വേണ്ടി യുവാക്കന്മാര്‍ കുററങ്ങളേറെ ചെയ്യുമെന്നാണ് എനിക്കു തോന്നുന്നത്. കാരണമുണ്ട്. പെണ്ണുങ്ങളുടെ ചവിട്ടും അടിയും കിട്ടുന്നതു പുരുഷന്മാര്‍ക്കു സുഖപ്രദമാണെന്നാണ് പണ്ടുള്ളവര്‍ പറഞ്ഞത്. “വനിതാപോലീസേ, എന്നെയൊന്ന് മര്‍ദ്ദിക്കൂ. എങ്കില്‍ ഞാന്‍ സത്യം പറയാം” എന്ന് ഓരോ കുററവാളിയും പ്രസ്താവിക്കാന്‍ പോകുന്നത് എന്റെ ആന്തരശ്രോത്രം കേള്‍ക്കുന്നു.
കടിക്കുന്നു, മാന്തുന്നു
പത്രാധിപർ ക്ഷമിക്കട്ടെ. യാഥാതഥ്യത്തിന്റെ അരുണിമപ്രസരിച്ചിരുന്ന ദേശാഭിമാനി വാരികയിൽ ഇപ്പോൾ അസത്യാത്‌മകമായ ഫാന്റസിയുടെ ശ്യാമളവർണ്ണം. കുറെക്കാലമായി ഇതുണ്ടെന്നു തോന്നുന്നു. സത്യത്തിന്റെ കൊടുങ്കാറ്റടിക്കേണ്ടിടത്ത് എന്തിനു് അസത്യത്തിന്റെ ഭീതിദമായ അന്തരീക്ഷം
പത്രാധിപര്‍ ക്ഷമിക്കട്ടെ. യാഥാതഥ്യത്തിന്റെ അരുണിമ പ്രസരിച്ചിരുന്ന ദേശാഭിമാനി വാരികയില്‍ ഇപ്പോള്‍ അസത്യാത്മകമായ ഫാന്റസിയുടെ ശ്യാമളവര്‍ണ്ണം. കുറെക്കാലമായി ഇതുണ്ടെന്നു തോന്നുന്നു. സത്യത്തിന്റെ കൊടുങ്കാറ്റടിക്കേണ്ടിടത്ത് എന്തിന് അസത്യത്തിന്റെ ഭീതിദമായ അന്തരീക്ഷം? ഈ ആഴ്ചത്തെ വാരികയില്‍ (ലക്കം 9) പ്രഭാകരന്‍ പഴശ്ശി എഴുതിയ ‘നക്ഷത്രങ്ങളോടൊപ്പം ഉറങ്ങുന്ന മനുഷ്യന്‍’ എന്ന ഫാന്റസി നോക്കുക. ഒരുത്തന്‍ സ്വന്തം വീട്ടിലിരിക്കുമ്പോള്‍ വേറൊരുത്തനും അയാളുടെ ഭാര്യയും കുഞ്ഞും അവിടെ എത്തുന്നു. ഭവനം അയാളുടേതാണെന്ന് ഉറപ്പിച്ചു പറയുന്നു. ആ ‘ഒരുത്തന്‍’ ഉടുത്തിരിക്കുന്ന വസ്ത്രം പോലും തന്റേതാണെന്നു അയാള്‍ അവകാശപ്പെടുന്നു. നോക്കി, ശരിതന്നെ. ആഗതന്റെ പച്ചക്കൈലിതന്നെയാണ് അയാള്‍ ഉടുത്തിട്ടുള്ളത്. ആഗതരെ വീട്ടിലാക്കിയിട്ട് അയാള്‍ പടിയിറങ്ങിപ്പോകുന്നു. ഏതാണ്ട് ഇതുകൊണ്ടു കഥാകാരന്‍ ഉദ്ദേശിക്കുന്നതു്. “ആധുനികോത്തരന്മാ”രുടെ (ഈ പ്രയോഗം തെറ്റാണ്) ‘ഐഡന്റിററി’ എന്ന “പ്രശ്ന”മാണോ? അതോ തൊഴിലാളിവര്‍ഗ്ഗത്തെ ബൂര്‍ഷ്വാസി കയറി ആക്രമിക്കുന്നതോ? ക്വാണ്ടിററി ക്വാളിററിയാകുന്നോ? അതോ ക്വാളിററി കേറി ക്വാണ്ടിററിയാകുന്നോ? ഒരു നിശ്ചയവുമില്ല — വരുമോരോ ദശ വന്നപോലെ പോം. ഏത് ഉത്കൃഷ്ടമായ ഫാന്റസിയിലും സത്യത്തിന്റെ രജതരേഖയുണ്ട്. ഫാന്റസിയുടെ അന്ധകാരത്തില്‍ അതു മിന്നിക്കൊണ്ടിരിക്കും. ആ തിളക്കം ഇതിലില്ല. ഇല്ലാത്തതുകൊണ്ട് ഇതൊരു വ്യര്‍ത്ഥരചനമാത്രം. പ്രേമംകൊണ്ടുള്ള കടി (ദംശനം) എട്ടുതരത്തില്‍; പ്രേമം കൊണ്ടുള്ള മാന്തല്‍ എട്ടുതരത്തില്‍. പ്രേമമില്ലാതെ പ്രഭാകരന്‍ പഴശ്ശി സാഹിത്യാംഗനയെ കടിക്കുകയും മാന്തുകയും ചെയ്യുന്നു.
“രാഗവൃദ്ധൗ സംഘര്‍ഷാത്മകം നഖവിലേഖനം” (വികാരം പരകോടിയിലെത്തുമ്പോള്‍ ലൈംഗിക സമരത്തിന്റെ ഒരു ഭാഗമെന്ന നിലയില്‍ നഖക്ഷതമേല്പിക്കുന്ന പ്രക്രിയ നടക്കുന്നു.)അതു ശബ്ദത്തോടുള്ള മാന്തല്‍, അര്‍ദ്ധവൃത്താകൃതിയില്‍ പാടുണ്ടാക്കല്‍ ഇങ്ങനെ എട്ടുതരം. കടിക്കലും എട്ടു വിധത്തില്‍; ഗൂഢകം, ബിന്ദു, ഖണ്ഡാഭ്രകം ഇങ്ങനെ പോകുന്നു അത്. കാമസൂത്രം നോക്കുക.
ഈശ്വരന്റെ ജോലി
കുഞ്ഞുണ്ണിമാസ്റ്റര്‍ കലാകൗമുദിയില്‍ നമ്പൂതിരിമാരുടെ നേരമ്പോക്കുകള്‍ എഴുതുമ്പോഴും ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ‘വെടിവട്ടം’ എന്ന പംക്തി കൈകാര്യം ചെയ്യുമ്പോഴും പുതിയ നോട്ട് കിട്ടിയാലത്തെ ആഹ്ലാദാനുഭൂതി ഈയുള്ളവന് ഉണ്ടാകുന്നു. വടകരയിലെ ബാബുസുല്‍ത്താന്‍, മാഷോടു് ചോദിക്കുന്നു; കേരളത്തില്‍ പ്രചാരമുള്ള ‘മ’ പ്രസിദ്ധീകരണങ്ങളെപ്പററി കുഞ്ഞുണ്ണി മാസ്റ്ററുടെ അഭിപ്രായം? അദ്ദേഹം ഉത്തരം നല്‌കുന്നു: മ പ്രസിദ്ധീകരണമെന്നാണെഴുത്തിലെങ്കിലും പ്രകാരണമിരട്ടിച്ചു മപ് പ്രസിദ്ധീകരണമെന്നു പറയണമെന്നതുകൊണ്ട് ഞാനാപ്പങ്കപ്പാടിനു മുതിരാറേയില്ല.
പ്രയോഗിച്ചു പ്രയോഗിച്ചു വൈരസ്യാത്മകങ്ങളായിത്തീര്‍ന്ന ഉപമകള്‍ ആവര്‍ത്തിക്കാന്‍ കൗതുകമില്ല ഇതെഴുതുന്ന ആളിന്. അതുകൊണ്ട് ഒരു പുതിയ അലങ്കാരമങ്ങ് പ്രയോഗിക്കുകയാണ്. സാരസ്യമില്ലെങ്കില്‍ ക്ഷമിക്കണം. പഴയ കറൻസിനോട്ട് കടക്കാരന്‍ തന്നാല്‍ ഞാനതു സൂക്ഷിച്ചു വയ്ക്കാറില്ല. അതുകൊടുത്ത് ആവശ്യമില്ലാത്ത ഒരു സോപ്പെങ്കിലും വാങ്ങിക്കൊണ്ടു പോകും ഞാന്‍. പഴയ നോട്ട് കൈയൊഴിക്കാനുള്ള വിദ്യയാണത്. നേരെമറിച്ചു് പുതിയ നോട്ട് കിട്ടിയാല്‍ ഞാനതു സൂക്ഷിച്ചുവയ്ക്കും. അതു കൈയില്‍ വരുമ്പോള്‍ വലിയ ആഹ്ലാദമാണെനിക്ക്. കുഞ്ഞുണ്ണിമാസ്റ്റര്‍ കലാകൗമുദിയില്‍ നമ്പൂതിരിമാരുടെ നേരമ്പോക്കുകള്‍ എഴുതുമ്പോഴും ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ‘വെടിവട്ടം’ എന്ന പംക്തി കൈകാര്യം ചെയ്യുമ്പോഴും പുതിയ നോട്ട് കിട്ടിയാലത്തെ ആഹ്ലാദാനുഭൂതി ഈയുള്ളവന് ഉണ്ടാകുന്നു. വടകരയിലെ ബാബുസുല്‍ത്താന്‍, മാഷോടു് ചോദിക്കുന്നു; കേരളത്തില്‍ പ്രചാരമുള്ള ‘മ’ പ്രസിദ്ധീകരണങ്ങളെപ്പററി കുഞ്ഞുണ്ണി മാസ്റ്ററുടെ അഭിപ്രായം? അദ്ദേഹം ഉത്തരം നല്‌കുന്നു: മ പ്രസിദ്ധീകരണമെന്നാണെഴുത്തിലെങ്കിലും പ്രകാരമിരട്ടിച്ചു മപ് പ്രസിദ്ധീകരണമെന്നു പറയണമെന്നതുകൊണ്ട് ഞാനാപ്പങ്കപ്പാടിനു മുതിരാറേയില്ല. അവയടുത്തുവരുമ്പോള്‍ മാ മാ — എന്ന് വിലക്കുകയും ചെയ്യും. അങ്ങനെ എപ്പോഴും നിഷേധാര്‍ത്ഥത്തില്‍ പറയേണ്ടതില്ല. മര്‍ക്കടമാരിലും മുഷ്കരന്മാരുണ്ട് എന്നു നമ്പ്യാര്‍ എഴുതിയതു പോലെ ‘മ’ പ്രസാധനങ്ങളിലും ചിലപ്പോള്‍ നല്ല രചനകള്‍ വരാറുണ്ട്. മനോരമ ആഴ്ചപ്പതിപ്പിന്റെ മുപ്പതാം ലക്കത്തില്‍ ജയിംസ് ആര്‍പ്പൂക്കര എഴുതിയ ‘പാദരക്ഷ’ എന്ന മിനിക്കഥ നോക്കുക. അന്ധവിശ്വാസത്തെ നോക്കിച്ചിരിക്കുന്നു കഥാകാരനെ അവിടെ ദര്‍ശിക്കാം. പള്ളിയില്‍ പോയിട്ടു തിരിച്ചു വീട്ടിലെത്തിയ നവവധു മനസ്സിലാക്കി താന്‍ പാദരക്ഷ അവിടെ മറന്നിട്ടുവെന്ന്. അവള്‍ തിരിച്ചുചെന്നു നോക്കിയപ്പോള്‍ അത് അവിടെത്തന്നെയുണ്ട്. ഈശ്വരനു നന്ദി പറയാന്‍ വേണ്ടി വീണ്ടും പള്ളിയില്‍ കയറി. തിരിച്ചിറങ്ങിയപ്പോള്‍ ആരോ അതു മോഷ്ടിച്ചു കൊണ്ടു പോയിരിക്കുന്നു. ഈശ്വരനു ചെരിപ്പു സൂക്ഷിക്കലാണു ജോലി എന്ന വിശ്വാസത്തിലാണ് വീണ്ടും പള്ളിയില്‍ കയറ്റം. അതിനെ പരിഹസിച്ചത് ഈശ്വരവിശ്വാസിയായ എനിക്ക് ഇഷ്ടമായി.
ചെരിപ്പിനെക്കുറിച്ചെഴുതിയപ്പോള്‍ ഒരു വിശ്വാസം — അതോ അന്ധവിശ്വാസമോ? — ഓര്‍മ്മയിലെത്തന്നു. റബ്ബര്‍ ചെരിപ്പുധരിച്ചാല്‍ കാഴ്ച പോകുമെന്നതാണത്. പോകുമോ! എന്തോ? ചിലര്‍ക്ക് എക്സിമ ഉണ്ടാകുമെന്നതു ശരി റബ്ബര്‍ച്ചെരിപ്പു് എപ്പോഴും ഉപയോഗിച്ചാല്‍ കാലു വിയര്‍ക്കും. വിയര്‍പ്പിന്റെ ഫലം തണുപ്പ്. തണുപ്പിന്റെ ഫലം പനി. പനി കൂടക്കൂടെ വന്നാല്‍ കണ്ണിനു കേട്. (The Giant Book of Superstitions എന്ന പുസ്തകത്തില്‍ നിന്നു കിട്ടിയ അറിവ്.) ഇതൊക്കെ ശരിയാണെങ്കില്‍ റബ്ബര്‍ച്ചെരിപ്പ് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്.
റബ്ബര്‍ചെരിപ്പ്, ജിലേബി, സര്‍ക്കസ്സുകാരന്‍, സുന്ദരന്‍, തരുണി, കവി, കൊലപാതകി, രോഗം, മതം, അന്ധവിശ്വാസം, പൈങ്കിളിനോവല്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ആന, സന്ന്യാസി, കലാകൗമുദി, കനകക്കുന്നുകൊട്ടാരം, ചെറ്റക്കുടില്‍, മംഗളം വാരിക, മുണ്ടശ്ശേരി, മനോരമ ആഴ്ചപ്പതിപ്പ്, സി. വി. രാമന്‍പിള്ള, മുട്ടത്തുവര്‍ക്കി, ഊളമ്പാറ ആശുപത്രി, താജ്‌മഹല്‍, വിജയാലയം ജയകുമാര്‍, രാത്രി, ചന്ദ്രന്‍, എം. കൃഷ്ണന്‍നായര്‍, അപ്പന്‍ തച്ചേത്ത്, നാഷണല്‍ ബുക്കു്സ്റ്റാള്‍, മാധവരായരുടെ പ്രതിമ ഇവയെല്ലാം നിറഞ്ഞതാണു് ഈ ലോകം. ആവശ്യമുള്ളതു സ്വീകരിക്കൂ. ശേഷമുള്ളതു നിരാകരിക്കൂ. നിരാകരിച്ചാല്‍ മാത്രം പോരാ: വിമര്‍ശിക്കണമെന്നും ഉണ്ടോ? ആയിക്കൊള്ളൂ.
കുതിര പറക്കുന്നു
പണ്ട് തിരുവനന്തപുരത്ത് ജഡ്ക എന്നു വിളിക്കുന്ന കുതിരവണ്ടിയുണ്ടായിരുന്നു. ഇന്നത്തെ ടാക്സിക്കാറിന്റെ സ്ഥാനമായിരുന്നു അതിന്. ടാക്സി വന്നതോടെയാണ് ജഡ്ക തിരോധാനം ചെയ്തത്. തികച്ചും അസുഖകരമായ യാത്രയാണ് അതില്‍ കയറിയാലുണ്ടാവുക. ചിലപ്പോള്‍ കുതിര മുന്നോട്ടു പോകുകയില്ല. അടി കൊടുത്താല്‍ അത് പിറകോട്ടു പോകും. വല്ല ഓടയിലും വണ്ടി ചെന്നിറങ്ങുമോയെന്ന പേടിയാണ്. അതില്‍ കയറിയിരിക്കുന്നവര്‍ക്ക്. അടി കിട്ടിയ കുതിര പിറകോട്ടു കാലെടുത്തുവയ്ക്കുന്ന മട്ടില്‍ മലയാളമെഴുതുന്നവരുണ്ട്. പേരുകള്‍ പറയുന്നില്ല. യാത്രക്കാര്‍ ഉള്ളിലേക്കു കയറിത്തീരുന്നതിനു മുന്‍പ് നെട്ടോട്ടം ഓടുന്ന കുതിരയുമുണ്ട്. അമ്മട്ടില്‍ മലയാളമെഴുതുന്നവര്‍ ധാരാളം. കുതിര അതിനെ ബന്ധിച്ചിരിക്കുന്ന വണ്ടിയോടുകൂടി. അതിലിരിക്കുന്നവരോടു കൂടി അങ്ങു പൊങ്ങാന്‍ തുടങ്ങിയെന്നു വിചാരിക്കുക. മേഘങ്ങളെയും താണ്ടി നീലാന്തരീക്ഷത്തിലേക്ക് അത് ഉയരുകയാണ്. ബ്രഹ്മാണ്ഡകടാഹത്തിന്റെ മേല്‍ത്തട്ടില്‍ ചെന്നടിച്ച് തങ്ങള്‍ തകര്‍ന്നുപോകുമോയെന്നു യാത്രക്കാര്‍ ഭയപ്പെടും. ജനയുഗം വാരികയില്‍ പതിവായി എഴുതാറുള്ള പി. ഭാസ്കരനുണ്ണി എന്റെ അഭിവന്ദ്യ സുഹൃത്താണ്. പക്ഷേ, ഭാഷയാകുന്ന അശ്വത്തെ അദ്ദേഹം ഒന്നു നോക്കിയാല്‍ മതി. അതു് മണിക്കൂറില്‍ മൂന്നൂറ്റമ്പതു നാഴികയെന്ന കണക്കു മുകളിലേക്ക് ഉയരും. “മലയാള സാഹിത്യത്തിലെ മഹാമേരുവായ തകഴി” എന്നാണ് 37-ആം ലക്കത്തിലെ ലേഖനത്തിന്റെ തലക്കെട്ട്, അശ്വത്തിന്റെ ഉഡ്ഡയനമല്ലെങ്കില്‍ പിന്നെ ഇതെന്താണ്? പറന്നു പറന്നു് ബ്രഹ്മാണ്ഡകടാഹത്തിന്റെ മേല്‌ത്തട്ടില്‍ ചെന്നടിക്കുന്നുതു നോക്കൂ. “ആശ്രയമില്ലാതെ ചുറ്റിക്കറങ്ങുന്ന ഹൃദയാലുവായ മഹാകവിയുടെ ഈ ഉല്‍കണ്ഠയ്ക്ക് ഈ അവാര്‍ഡ് പരിഹാരമാവുമോ.”
തകഴിയെ മഹാമേരുവാക്കിയതിലോ അദ്ദേഹത്തെ മഹാകവിയെന്നു വിളിച്ചതിലോ അദ്ദേഹത്തിന് ഇപ്പോള്‍ കിട്ടിയ ‘അവാര്‍ഡ്’ പര്യാപ്തമല്ലെന്നു സൂചിപ്പിച്ചതിലോ ന്യൂനത കാണാത്തവര്‍ പലരുമുണ്ടാകാം. പക്ഷേ ഒരു വിമര്‍ശകനില്‍നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഈ വാക്കുകള്‍. ടോള്‍സ്റ്റോയിയെപ്പോലും മഹാമേരുവെന്നു വിളിച്ചുകൂടാ. ടോള്‍സ്റ്റോയി പോകട്ടെ, വ്യാസനേയും വാല്മീകിയേയും അങ്ങനെ വിശേഷിപ്പിച്ചുകൂടാ. കാവ്യത്തിൽ അത്യുക്തിയാവാം. അതു കാവ്യസത്യത്തിലേക്കു സഹൃദയനെ കൊണ്ടുചെല്ലുകയേയുള്ളു. എന്നാല്‍ വിമര്‍ശനത്തില്‍ അത്യുക്തി പാടില്ല. അതു വഞ്ചനായായിത്തീരും. തകഴിയുടെ ‘കയര്‍’ ഉത്കൃഷ്ടമാണെന്നോ അദ്ദേഹത്തിനു നോബല്‍ സമ്മാനം കിട്ടേണ്ടതാണെന്നോ പറഞ്ഞുകൊള്ളൂ. അദ്ദേഹം മഹാമേരുവാണെന്നു പറയുമ്പോള്‍ ആ പ്രസ്താവം എഴുതുന്ന ആളിന്റെ പരിപാകമില്ലാത്ത മനസ്സിന്റെ പ്രതിഫലനം നിര്‍വ്വഹിക്കുകമാത്രമേ ചെയ്യുകയുള്ളു.
സാഹിത്യനിരൂപണത്തില്‍ അത്യുക്തി പാടില്ല എന്ന സാരസ്വതരഹസ്യം എനിക്കു പറഞ്ഞുതന്നത് എന്‍. ഗോപാലപിള്ളസ്സാറാണ്. കേശവദേവ് കോളേജില്‍ മലയാളസമാജം ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ സ്വാഗതമാശംസിച്ചത് ഞാനായിരുന്നു. ഭാസ്കരനുണ്ണിയുടെ മട്ടിലല്ലെങ്കിലും ഞാന്‍ അതിശയോക്തികലര്‍ത്തി ദേവിനെ പ്രശംസിച്ചു. സമ്മേളനം കഴിഞ്ഞപ്പോള്‍ സാറ് എന്നെ വിളിച്ചു പറഞ്ഞു: “പ്രസംഗമൊക്കെ നന്നായി. പക്ഷേ, അത്യുക്തിയരുത്. സായ്പ് എഴുതുന്നതു കൃഷ്ണന്‍നായര്‍ വായിച്ചിട്ടുണ്ടോ, സമതുലിതാവസ്ഥ കൈവിടുകയേയില്ല അയാള്‍, അമ്മട്ടിലേ എഴുതാവൂ: പ്രസംഗിക്കാവൂ.” രണ്ടുകൊല്ലംകഴിഞ്ഞപ്പോല്‍ എന്നെ വടക്കൊരുസ്ഥലത്തേക്കു മാററി ഡോക്ടര്‍ ഭാസ്കരന്‍നായര്‍. ആ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യിക്കണമെന്ന് ഞാന്‍ ഗോപാലപിള്ളസാറിനോട് അപേക്ഷിച്ചു സാറ് അതുപോലെ ചെയ്തു. എങ്കിലും അതിനുമുമ്പ് നേരമ്പോക്കായി പറഞ്ഞു: “കൃഷ്ണന്‍നായര്‍ മന്ത്രിയുടെ മുന്‍പില്‍ ചെന്നുനിന്നു പണ്ടത്തെപ്പോലെ ഒരു സ്വാഗത പ്രഭാഷണം നടത്തിയാല്‍ മതിയല്ലോ. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തുകിട്ടും.”
കൂട്ടിക്കുഴയ്ക്കല്‍
യഥാര്‍ത്ഥത്തിലുള്ള വിശ്വാസം ഒന്ന്. സമുദായത്തിന്റെ അഭിമര്‍ദ്ദം സഹിക്കാനാവതെയുള്ള പ്രവര്‍ത്തനം വേറൊന്ന്. രണ്ടിന്റെയും സംഘട്ടനമാണ് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ ‘ശങ്കുണ്ണിയുടെ യോഗം’ എന്ന കഥയിലുള്ളത്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) വനനാശനത്തിന് എതിരാണ് ശങ്കുണ്ണി എങ്കിലും പത്രഭാഷയില്‍ പറഞ്ഞാല്‍ തല്‍പരകക്ഷികളുടെ പ്രേരണയ്ക്കു വിധേയനായ അയാള്‍ വനനാശത്തെ നീതിമത്‌കരിച്ചുകൊണ്ടു പ്രസംഗിക്കുന്നു. ഓരോ പ്രഭാഷണം കഴിയുമ്പോഴും പശ്ചാത്തപിക്കുന്നു. കഥയിലെ സംഘട്ടനം വികാരത്തിന്റെയോ ചിന്തയുടെയോ സ്പഷ്ടമായ രൂപം ഉളവാക്കുന്നില്ല. muddle headedness — കൂട്ടിക്കുഴയ്ക്കല്‍ — എന്നു പറയാറില്ലേ? അതാണ് ഈ കഥ.
ഇപ്പോള്‍ സന്ധ്യക്ക് ആറുമണിക്കുശേഷം ഒരു വീട്ടിലും പോകാന്‍ വയ്യ. ടെലിവിഷന്‍ കാണുകയായിരിക്കും വീട്ടുകാരും അവരുടെ അയല്‍വീട്ടുകാരും. അപ്പോഴാണ് നമ്മള്‍ ഇസ്പീട് ഗുലാനെപ്പോലെ ചെന്നു കയറുന്നത്. എല്ലാവരുടെയും മുഖം മങ്ങും. ‘ഇരിക്കു ഇരിക്കു’ എന്ന നീരസത്തില്‍ പറയും. നമുക്കു ബുദ്ധിയുള്ളതുകൊണ്ട് തിരിച്ചു പോരും. തിരിച്ചെത്തിയാല്‍ എന്തു ചെയ്യണം? സ്വന്തം വീട്ടുമുറ്റത്തു കസേരയെടുത്തിട്ട് ഇരിക്കണം. അന്തരീക്ഷത്തിലെ ഏകാന്ത നക്ഷത്രത്തിന്റെ തിളക്കം നോക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ ആധ്യാത്മികാനുഭൂതി കൈവരും.
|
|