സാഹിത്യവാരഫലം 1985 12 01
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1985 12 01 |
ലക്കം | 533 |
മുൻലക്കം | 1985 11 24 |
പിൻലക്കം | 1985 12 08 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ഇതെഴുതുന്ന ആള്‍ വടക്കന്‍ പറവൂര്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ ഫിഫ്‌ത്ത് ഫോമില്‍ പഠിക്കുന്ന കാലം. കണക്കു പഠിപ്പിക്കാന്‍ വന്നിരുന്ന സാറിനെ ‘കിത്താബ് സാര്‍’ എന്നാണു കുട്ടികള്‍ വിളിച്ചിരുന്നതു്. അദ്ദേഹം എപ്പോഴും പുസ്തകങ്ങള്‍ കൊണ്ടു നടക്കുന്നതിനാലാണു് ആ വട്ടപ്പേരിനു് അര്‍ഹനായതു്, സാറു് അല്പം പിരിലൂസായിരുന്നുവെന്നാണു് എന്റെ ഓര്‍മ്മ. അദ്ദേഹത്തിന്റെ പോക്കിറ്റ് വാച്ച് ശരിയായ സമയം കാണിക്കില്ല. രണ്ടുമണിക്കൂര്‍ മുപ്പത്തിരണ്ടു മിനിറ്റ് നാലു സെക്കന്‍ഡ് മുന്‍പോട്ടാക്കി വച്ചിരിക്കും സാറു്. ‘സമയം എന്തായി സാര്‍’ എന്നാരെങ്കിലും ചോദിച്ചാല്‍ ലോങ് കോട്ടിന്റെ കിണറു പോലുള്ള കീശക്കുഴിയില്‍ നിന്നു് സാറു് വാച്ച് പൊക്കിയെടുക്കും. അദ്ദേഹത്തിനു മാത്രമറിയാവുന്ന ആ രണ്ടു മണിക്കൂര്‍ മുപ്പത്തിരണ്ടു മിനിറ്റ് നാലു സെക്കന്‍ഡ് കുറച്ചിട്ടു ശരിയായ സമയം പറഞ്ഞു തരും. എനിക്കു് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. കൂടക്കൂടെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകും. ലോകകാര്യങ്ങൾ സംസാരിക്കും. ഒരു ദിവസം ഞാന്‍ സാറിനോടു പറഞ്ഞു: “സാര്‍, കെമിസ്ട്രി പഠിപ്പിക്കുന്ന പത്മനാഭന്‍ നായര്‍ സാറു് വളരെ യോഗ്യനാണു്.” ജീവിതത്തില്‍ അന്നു വരെയും പുഞ്ചിരി പൊഴിച്ചിട്ടില്ലാത്ത സാറ് പുഞ്ചിരി പൊഴിച്ചു. എന്നിട്ടു പറഞ്ഞു: Krishna, the externals of a person attract shallow persons like yourself… “കൃഷ്ണ, നിന്നെപ്പോലെ അല്പബുദ്ധികളായവരെ വ്യക്തിയുടെ ബാഹ്യപ്രകൃതികള്‍ ആകര്‍ഷിക്കും.” നാല്‍പത്തിയാറു കൊല്ലം മുന്‍പ് എന്റെ ഗുരുനാഥന്‍ പറഞ്ഞ പരമാര്‍ത്ഥം ഇപ്പോഴും എന്റെ മുന്‍പിലുണ്ടു്. ബാഹ്യപ്രകൃതി ആകര്‍ഷിക്കും; അതുതന്നെയാണു് സത്യമെന്നു തോന്നുകയും ചെയ്യും. ആളു് കാഴ്ചയ്ക്കു യോഗ്യന്‍, എം.എ. പരീക്ഷ ജയിച്ചിട്ടുണ്ടു്, പെരുമാറ്റവും നന്നു്, ആഴ്ചയിലൊരിക്കല്‍ വായനശാലയില്‍ പോകും. പുസ്തകങ്ങള്‍ എടുത്തു കൊണ്ടു വരും. വായിച്ചിട്ടു തിരിച്ചുകൊണ്ടുപോകും. ആ പുസ്തകങ്ങള്‍ ഒന്നു വാങ്ങിനോക്കു. ഹാരോള്‍ഡ് റോബിന്‍സിന്റെ നോവലുകളായിരിക്കും. മലയാളം പുസ്കകമാണെങ്കില്‍ പൈങ്കിളി നോവലിസ്റ്റിന്റെ കൃതിയായിരിക്കും. അതു ഗ്രഹിക്കുന്നതോടെ അയാളെക്കുറിച്ചുള്ള നമ്മുടെ എല്ലാ ബഹുമാനവും ഇല്ലാതാകുന്നു.
അതിസുന്ദരി. അവള്‍ ഉച്ചവെയിലില്‍ നടക്കുമ്പോള്‍ അവളെ കാണുന്ന ചെറുപ്പക്കാര്‍ക്കു് ആ വെയില്‍ പൂനിലാവായി അനുഭവപ്പെടും. സ്നേഹവും ബഹുമാനവും തോന്നും അവര്‍ക്കു് അവളോടു്. ഇതു നശിക്കുന്നതു് അവള്‍ വിരൂപനായ ഭര്‍ത്താവു് ഓടിക്കുന്ന സ്ക്കൂട്ടറിന്റെ പിറകിലിരുന്നു പോകുന്നതു കാണുമ്പോഴാണു്. അല്ലെങ്കില്‍ ബസ്സില്‍ യാത്രചെയ്യുന്ന അവള്‍ കൈയില്‍ ചുരുട്ടി വച്ചിരിക്കുന്ന ക്ഷുദ്രമായ വാരിക താനറിയാതെ മറ്റു യാത്രക്കാരെ കാണിക്കുമ്പോഴാണു് ഭര്‍ത്താവും പുസ്തകവും മാസികയും ആളിന്റെ അന്തരംഗം വ്യക്തമാക്കിത്തരും, ആകൃതി സൗഭഗമുള്ള ചില പുരുഷന്മാര്‍ക്കു സുന്ദരികളെയല്ല പ്രിയം. നാറ്റമുള്ള വസ്ത്രത്തോടും ദുര്‍ഗ്ഗന്ധമാര്‍ന്ന മേനിയോടും കൂടിനടക്കുന്ന വേലക്കാരികളെയാണു് കിത്താബ് സാര്‍ ജയിക്കട്ടെ. Be a good Judge, but not of externals — നല്ല വിധികര്‍ത്താവായിരിക്കു. എന്നാല്‍ ബാഹ്യപ്രകൃതിയെ വിശ്വസിക്കാതിരിക്കു.
Contents
ഇതു സൗന്ദര്യമല്ല
സ്ഥലമേതാണെന്നു പറയുന്നതു ശരിയായിരിക്കുകില്ല. രാത്രി ഒരു മണിക്കാണു് ഞാനും സ്നേഹിതനും ആ റ്റി. ബിയിലെ ഒരു മുറിയില്‍ ചെന്നു കയറിയതും ചെന്നപാടേ ഉറക്കം തുടങ്ങിയതും. പതിനഞ്ചുമിനിറ്റ് കഴിഞ്ഞിരിക്കുകയില്ല. സ്നേഹിതന്‍ എന്നെ വിളിച്ചുണര്‍ത്തിയിട്ടു പറഞ്ഞു: “നോക്കു്, ഒരു കാര്യംപറയാന്‍ വിട്ടുപോയി. ഈ മുറിയിലാണു് പണ്ടൊരു കുടുംബത്തെ ഒരുത്തന്‍ വെടിവച്ചു കൊന്നതു്. ഭര്‍ത്താവു്, ഭാര്യ, മക്കള്‍ എല്ലാവരെയും അവന്‍ കൊന്നു.” സ്നേഹിതന്‍ കൊലപാതകത്തിന്റെ വിശദാംശങ്ങളിലേക്കു കടന്നു ഞാന്‍ വല്ലാതെ പേടിച്ചു. തുറന്നുകിടന്ന ജനലില്‍ക്കൂടി നോക്കി. വേമ്പനാട്ടു കായല്‍ ജലത്തിന്റെ ഉപരിതലത്തില്‍ക്കൂടി മരിച്ചവര്‍ നടന്നടുക്കുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ വിളക്കു കത്തിച്ചു. നേരം വെളുക്കുന്നതുവരെ അതു കെടുത്തിയതുമില്ല.
ഞാനുറങ്ങിക്കിടക്കുമ്പോഴാണു് കലാകൗമുദിയില്‍ ‘പേടി’ എന്ന കഥയെഴുതിയ എം. സുധാകരന്‍ എന്നെ വിളിച്ചുണര്‍ത്തി ‘നോക്കൂ ഇക്കഥ’ എന്നാവശ്യപ്പെട്ടതു്. നോക്കി. കണ്ടതു് ജലോപരി നടക്കുന്ന മരണത്തെ മാത്രം. അദ്ദേഹം എന്നെ എന്തിനു് ഇങ്ങനെ പേടിപ്പിച്ചു? എനിക്കറിഞ്ഞുകൂടാ. 1911-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ മോറീസ് മതേര്‍ലങ്ങിന്റെ (മേറ്റര്‍ലിങ്ക്) ‘L’ Intruse, ‘L’ Interiour (The Intruder, The Interiour) ഈ മരണനാടകങ്ങളിലെന്നപോലെ (death dramas) ഇക്കഥയിലും മരണമാണു പ്രതിപാദ്യവിഷയം. മോളി രോഗാര്‍ത്തയായി കിടക്കുന്നു. മരണം തന്നെ കൊണ്ടുപോകാന്‍ വരുമെന്നു് അവള്‍ വിചാരിക്കുന്നു. രോഗം ഭേദമായി അവള്‍ ആശുപത്രിയില്‍ നിന്നു പോകാന്‍ ഭാവിക്കുമ്പോഴും മരണം കാമുകന്റെ രൂപമാര്‍ന്നു് ജന്നലിനപ്പുറത്തു നിൽക്കുന്നു. മതേര്‍ലങ്ങിന്റെ നാടകങ്ങള്‍ വായിച്ചിട്ടുള്ള എനിക്കു് ഇക്കഥയില്‍ പുതുമയൊന്നും കാണാന്‍ കഴിയുന്നില്ലെങ്കിലും അവ വായിക്കാത്തവര്‍ക്കു് നവീനത ദര്‍ശിക്കാന്‍ സാധിച്ചേക്കും. പക്ഷേ മരണത്തിന്റെ ഭയങ്കരതയോ ജീവിതത്തിന്റെ ഭയജനകമായ ഗുഢാര്‍ത്ഥസ്വഭാവമോ ഈ കഥയില്‍നിന്നു് അനുഭവപ്പെടുന്നില്ല. മതേര്‍ലങ്ങിന്റെ നാടകങ്ങള്‍ വായിക്കുമ്പോള്‍ മരണം വിചാരിച്ചിരിക്കാത്തസന്ദര്‍ഭത്തില്‍ കയറിവരുന്ന ഒരു കടന്നാക്രമണക്കാരനാണെന്നു നമുക്കുതോന്നുന്നു ജീവിതത്തിന്റെ അന്തര്‍ഭാഗത്തേക്കു് ആ നാടകങ്ങള്‍ പ്രകാശം പ്രസരിപ്പിച്ചുതരുന്നു. സുധാകരന്റെ കഥയില്‍ വെറും വാക്യങ്ങളേയുള്ളു. വായിച്ചുനോക്കു. ക്രമാനുഗതമായി അതു് ആന്റി ക്ലൈമാക്സിലേക്കു പോകുന്നതു കാണാം. സത്യത്തിന്റെ അഗാധതലത്തില്‍ ചെല്ലാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ ജനിക്കുന്നതു് സൗന്ദര്യമല്ല. വൈരുപ്യമാണു്.
മാതര്‍ലങ്ങിന്റെ The Intender എന്ന നാടകത്തില്‍നിന്നു് ഒരു രംഗം:
- മുത്തച്ഛന്‍
- എനിക്കും പേടിയാകുന്നു കുഞ്ഞുങ്ങളെ (നിറമുള്ള കണ്ണാടിജന്നലിന്റെ മൂലയിലൂടെ ഒരു ചന്ദ്രരശ്മി കടന്നു വന്നു മുറിയില്‍ അങ്ങുമിങ്ങും വിചിത്രമായ തിളക്കം ഉണ്ടാകുന്നു. അര്‍ദ്ധരാത്രിയിലെ മണിമുഴക്കം. അവസാനത്തെ നാദം കഴിയുമ്പോള്‍ ഒരു ശബ്ദം കേള്‍ക്കാറാകുന്നു; ആരോ തിടുക്കത്തില്‍ എഴുന്നേൽക്കുന്നതുപോലെ).
- മുത്തച്ഛന്‍
- (അസാധാരണമായ പേടിയാല്‍ വിറച്ചുകൊണ്ടു്) ആരാണു്” എഴുന്നേറ്റതു്?
- അമ്മാവന്‍
- ആരും എഴുന്നേറ്റില്ല!
- അച്ഛന്‍
- ഞാനും എഴുന്നേറ്റില്ല!
- മൂന്നു പെണ്‍മക്കളും
- ഞാനുമല്ല, ഞാനുമല്ല, ഞാനുമല്ല!
- മുത്തച്ഛന്‍
- ആരോ മേശപ്പുറത്തുനിന്നു് എഴുന്നേറ്റു.
- അമ്മാവന്‍
- വിളക്കു കത്തിക്കു (വലതുവശത്തുള്ള മുറിയില്‍ — ശിശു കിടക്കുന്ന മുറിയില്‍ — നിന്നു് ഭീതിയുടെ നിലവിളി പൊടുന്നനവേ ഉയരുന്നു. ഒന്നിനൊന്നു വര്‍ദ്ധിക്കുന്ന പേടിയുളവാക്കിക്കൊണ്ടു് ആ നിലവിളി രംഗത്തിന്റെ അവസാനംവരെയും കേള്‍ക്കാറാവുന്നു.)
[മരണത്തിന്റെ ആക്രമണത്തെ എത്ര പ്രഗൽഭമായി മതേര്‍ലങ് ചിത്രീകരിക്കുന്നുവെന്നു നോക്കുക — ലേഖകന്‍]
ചിരിക്കൂ
കാളിദാസന്‍ മേഘസന്ദേശത്തില്‍ പരാമര്‍ശിച്ച രാമഗിരിയുടെ ഇപ്പോഴത്തെ പേരു് രാംടേക്ക് എന്നാണു്. ആ സ്ഥലമൊന്നു കാണണമെന്നുണ്ടായിരുന്നു എനിക്കു്. അങ്ങോട്ടുള്ള ബസ്സ് കാത്തു് ഞാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആകര്‍ഷകതയുള്ള ഒരു മധ്യവയസ്കന്‍ ആ ബസ്സ്സ്റ്റേഷനില്‍ അങ്ങോട്ടു മിങ്ങോട്ടും നടക്കുന്നതുകണ്ടു. ബസ്സിന്റെ സമയമറിയണമെങ്കില്‍ ഇംഗ്ലീഷ് അറിയാവുന്ന ആരോടെങ്കിലും ചോദിക്കണം. അദ്ദേഹത്തിനു് ഇംഗ്ലീളീഷ് അറിയാമെന്നു തോന്നിയതു കൊണ്ടു് ഞാന്‍ അങ്ങോട്ടുചെന്നു സംസാരിച്ചു. സംഭാഷണം ഒരുമണിക്കൂര്‍ നേരത്തേക്കു് ഉണ്ടായിരുന്നു. താന്‍ ഒരു കോളേജിലെ പ്രൊഫസറായിരുന്നുവെന്നു് അദ്ദേഹം പറഞ്ഞതായിട്ടാണു് എന്റെ ഓര്‍മ്മ. എമെര്‍ജന്‍സി കാലത്തു് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്നും ജയിലില്‍ ആക്കിയെന്നും ഞാനറിഞ്ഞു. സംസാരം കേരള–“രാഷ്ട്രീയ”ത്തിലേക്കു വന്നു. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. കേരളത്തിലെ ഓരോ സംഭവവും അദ്ദേഹം സൂക്ഷ്മതയോടെ അപഗ്രഥിച്ചു. അക്കാലത്തു് ഇവിടെ ഒരു പള്ളി സ്ഥാപിക്കുന്നതിനെക്കുറിച്ചു് വഴക്കു നടക്കുകയായിരുന്നു. വടക്കേയിന്ത്യാക്കാരനായ ആ മനുഷ്യന്‍ അതിനെപ്പറ്റി അഭിപ്രായം പറഞ്ഞിട്ടു് കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയെ നിശിതമായി വിമര്‍ശിച്ചു. രാംടേക്കിലോ മറ്റോ താമസിച്ചിരുന്ന അദ്ദേഹം കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയെക്കുറിച്ചു് എങ്ങനെ അത്രയൊക്കെ മനസ്സിലാക്കിയെന്നു ഞാന്‍ ചോദിച്ചപ്പോള്‍ മന്ദഹാസം മാത്രമേ മറുപടിയായി കിട്ടിയുള്ളു. അതിനുശേഷം അദ്ദേഹം എന്റെ കൈയിലുണ്ടായിരുന്ന രണ്ടു മലയാളം വാരികകള്‍ വാങ്ങി നോക്കി, ഒന്നിലെ കാര്‍ട്ടൂണ്‍ എന്റെ സഹായത്തോടെ മനസ്സിലാക്കിയ അദ്ദേഹം This fellow has more malice than talent എന്നു പറഞ്ഞു (നിപുണതയെക്കാള്‍ വിദ്വേഷമാണു് ഇയാള്‍ക്കു്). രണ്ടാമത്തെ വാരിക മലയാള മനോരമയായിരുന്നു. അതിലെ ടോംസിന്റെ ഹാസ്യചിത്രം ഞാന്‍ പറഞ്ഞുകൊടുക്കാതെ തന്നെ അദ്ദേഹം മനസ്സിലാക്കി. This man is an artist — ഈ മനുഷ്യന്‍ കലാകാരനാണു് — എന്നായിരുന്നു അദ്ദേഹത്തിന്റെ ഉദീരണം. ആ ഉത്തരേന്ത്യാക്കാരന്‍ പറഞ്ഞതു് 40-ആം ലക്കത്തിലെ കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ ഞാനോര്‍മ്മിച്ചു. ‘ഖസാക്കിന്റെ ഇതിഹാസ’ത്തെക്കുറിച്ചും ചെറുകഥാസാഹിത്യത്തെക്കുറിച്ചും ചര്‍ച്ചചെയ്യാനെത്തിയ മന്ത്രി ഖസാക്കിനെ നോവലിസ്റ്റാക്കി അവതരിപ്പിക്കുന്നു. കാക്ക, നാടന്‍ കഥയെഴുതിയതായും പറയുന്നു. അദ്ദേഹത്തിന്റെ ശിപായി ‘കാക്കനാടന്റെ കഥ’ എന്നു തിരുത്തിക്കൊടുക്കുന്നു. ഭരണതലത്തില്‍ വിവരമുള്ളവരുമുണ്ടു് എന്നു് ഒരു കഥാപാത്രത്തിന്റെ കമന്റ്, ലേശം അത്യുക്തിയുണ്ടെങ്കിലും സംഭവിക്കാവുന്നതുതന്നെ. നമ്മള്‍ ചിരിക്കുന്നു; ഉള്ളുകുളിര്‍ക്കെ ചിരിക്കുന്നു.
മന്ത്രിമാര്‍ക്കു സാഹിത്യം തുടങ്ങിയവയില്‍ എന്തു് അജ്ഞാതയുണ്ടോ അതേ അജ്ഞത കോളേജ് പ്രൊഫസര്‍മാര്‍ക്കും ഉണ്ടു്. കുമാരനാശാന്റെ ഒരു കാവ്യം പോലും വായിക്കാതെ അതിനെ സഭവേദിയില്‍ കയറിനിന്നു് അഭിനന്ദിക്കുന്ന മന്ത്രി ആ മഹാകവിയുടെ ഒറ്റക്കാവ്യംപോലും വായിക്കാതെ അതിനെ എതിര്‍ക്കുന്ന കോളേജ് പ്രൊഫസര്‍ക്കു സദൃശനാണു്. പ്രൊഫസറുടെ പേരു പറയട്ടോ? വേണ്ട.
മുണ്ടശ്ശേരിയെക്കുറിച്ചു്
ആവശ്യകതയുടെ പേരില്‍ ഈശ്വരന്‍ ഒരു കട്ടിലുണ്ടാക്കി, ആശാരി കട്ടിലുണ്ടാക്കുമ്പോള്‍ അതു് ഈശ്വരന്റെ കട്ടിലിന്റെ അനുകരണമായിത്തീരുന്നു. ചിത്രകാരന്‍ കട്ടിലിന്റെ പടം വരയ്ക്കുമ്പോള്‍ അതു് അന്ദകരണത്തിന്റെ അനുകരണമായി ഭവിക്കുന്നു. ഇങ്ങനെ അതു സത്യത്തില്‍ നിന്നു രണ്ടുതവണ മാറിനില്‍ക്കുന്നു. (മൂന്നുതവണ മാറി നില്‍ക്കുന്നുവെന്നു് പ്ലേറ്റോ, classical method of comiting കൊണ്ടാണു് ഈ വ്യത്യാസമെന്നു് വിംസാറ്റും ബ്രുക്ക്സും ചേര്‍ന്നെഴുതിയ Literary Criticism എന്ന പുസ്തകത്തില്‍) നിരൂപണം പിന്നെയും സത്യത്തില്‍ നിന്നു മാറുന്നുവെന്നു സാന്തായാന എഴുതിയതു് ഞാന്‍ വായിച്ചിട്ടുണ്ടു്. കലാസൃഷ്ടി നിരൂപകന്റെ മനസ്സില്‍ ഉളവാക്കുന്ന ഇമേജ് കലാസൃഷ്ടിയില്‍ നിന്നു വിഭിന്നമായിരിക്കും. അതിനെ കടലാസ്സിലേക്കു വാക്കുകളിലൂടെ പകര്‍ത്തുമ്പോള്‍ ഇമേജില്‍ നിന്നു് അതു വിഭിന്നമായിത്തീരും. അതു വായിക്കുന്നവനു് ആ വിഭിന്നമായ രൂപത്തിന്റെ വ്യത്യസ്തമായ രൂപമേ ലഭിക്കു. അങ്ങനെ നിരൂപണം സത്യത്തില്‍ നിന്നു് അഞ്ചുതവണ മാറിനില്ക്കുന്നു. അതിനാല്‍ കലാസൃഷ്ടിക്കുള്ള മഹത്ത്വം നിരൂപണത്തിനു ഒരിക്കലുമുണ്ടാവുകയില്ല. കോള്‍റിജ്ജ് എന്ന നിരൂപകന്‍ എത്ര വളര്‍ന്നാലും കോള്‍റിജ്ജ് എന്ന കവിയോടു് അടുക്കുകയില്ല. മുണ്ടശ്ശേരി എത്ര സമുന്നതനായാലും അദ്ദേഹം വിമര്‍ശിച്ച വള്ളത്തോളിനോ ഉള്ളൂരിനോ ഒപ്പമാവുകയില്ല.
ദേശാഭിമാനി വാരികയില്‍ എം. കുട്ടിക്കൃഷ്ണന്‍ എഴുതിയ ‘മുണ്ടശ്ശേരിയും മാരാരും ഒരു താരതമ്യവിചാരം’ എന്ന ലേഖനം വായിച്ചപ്പോള്‍ എന്നിലുണ്ടായ വിപാരങ്ങളാണു് മുകളില്‍ കുറിച്ചിട്ടതു്. ലേഖനം എങ്ങനെ? ഈ ചോദ്യത്തിനു് ഉത്തരം നൽകാന്‍ പ്രയാസമുണ്ടു്. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളാണു് ലേഖകന്‍ ആവിഷ്കരിക്കുന്നതു്. ആവിഷ്കാരത്തില്‍ ‘പോയിന്റ്’ ഉണ്ടോ എന്നു മാത്രമേ അനുവാചകനു നോക്കേണ്ടതുള്ളു. അങ്ങനെ വായനക്കാരനായ ഞാന്‍ നോക്കിയപ്പോള്‍ കുട്ടിക്കൃഷ്ണന്റെ വാദങ്ങൾ നിരാസ്പദങ്ങള്‍ അല്ലെന്നു മനസ്സിലായി. ഞാന്‍ അവയോടു യോജിച്ചില്ലെങ്കില്‍ത്തന്നെയെന്തു്? കുട്ടിക്കൃഷ്ണന്‍ പ്രതിപാദിക്കുന്നതു് സ്വന്തം ആശയങ്ങളാണു്: എന്റെ ആശയങ്ങളല്ല പോയിന്റുണ്ടെങ്കിലും ഭംഗിയോടെ ആപയാസ്ഫുടീകരണം നിര്‍വ്വഹിച്ചിട്ടുണ്ടോ എന്നുകൂടി ഒരു ചോദ്യം ചോദിച്ചാല്‍ അതിനു നിഷേധരൂപത്തിലേ ഉത്തരം നകാനാവൂ. കുട്ടിക്കൃഷ്ണന്റെ ലേഖനം വായിച്ചപ്പോള്‍ കടലാസ്സു ചവയ്ക്കുന്ന പ്രതീതിയാണു് എനിക്കുണ്ടായതു്.
അക്കാലത്തെ രാജാക്കന്മാര്‍ തങ്ങള്‍ കണ്ടെത്തുന്ന കന്യകകളെ സ്വന്തമിച്ഛയ്ക്കു വിധേയകളാക്കിയിരുന്നുവന്നും ആവശ്യംകഴിഞ്ഞാല്‍ അവരെ തള്ളിക്കളഞ്ഞിരുന്നുവെന്നും മുണ്ടശ്ശേരി പറഞ്ഞിട്ടുണ്ടു്. കാളിദാസന്റെ കാലത്തെ രാജനീതി രാജാവിനെ ‘യഥാര്‍ത്ഥനിറത്തില്‍’ ചിത്രീകരിക്കുന്നതിനു തടസ്സമായിരുന്നെന്നും അതിനാലാണ് ദുഷ്യന്തനെ കവി ‘വെള്ളയടി’ച്ചു കാണിച്ചതെന്നും അദ്ദേഹത്തിനു് അഭിപ്രായമുണ്ടായിരുന്നു. ഇതിനെ അംഗീകരിച്ചുകൊണ്ടാണു് കുട്ടിക്കൃഷ്ണന്‍ പ്രബന്ധം ആരംഭിക്കുന്നതു്. മുണ്ടശ്ശേരിയുടെ മതം അത്രകണ്ടു ശരിയല്ല. ദുഷ്യന്തന്‍ (ഭാഗവതത്തില്‍ ദുഷ്മന്ദന്‍) വനത്തില്‍വച്ചു് ആപന്നസത്ത്വയാക്കിയ ശകുന്തള മകനുമായി ഭര്‍ത്താവിന്റെ അടുക്കലെത്തിയപ്പോള്‍ അദ്ദേഹം അവളെ സ്വീകരിക്കാത്തതു് തന്റെ സ്വഭാവവൈകല്യംകൊണ്ടോ മറവികൊണ്ടോ അല്ല. അശരീരിണിയായ വാക്കു് ഉദ്ഭവിക്കാന്‍വേണ്ടിയാണു് എങ്കിലേ പൗരന്മാര്‍ക്കും വിശ്വാസം ജനിക്കൂ.
“യദാ ജഗൃഹേ ഭാര്യാപുത്രാവനിന്ദിതാ
ശൃൺവതാം സര്‍വഭുതാനാം ഖേവാഗാഹാ ശര്മിണീ”
(ഭാഗവതം, 9-20-20)
(ആരും കുറ്റപ്പെടുത്തിയിട്ടില്ലാത്ത ഭാര്യയേയും പുത്രനേയും രാജാവു് സ്വീകരിക്കില്ലെന്നായപ്പോള്‍ ശരീരമില്ലാത്തവാക്കു് ആകാശത്തുനിന്നു് ഉണ്ടായി. എല്ലാവരും അതു കേള്‍ക്കുകയും ചെയ്തു.)
ഇതു പോകട്ടെ, ‘മാളവികാഗ്നിമിത്ര’ത്തില്‍ രാജാവിനെ കുറ്റപ്പെടുത്തുന്ന ഒരു ഭാഗമുണ്ടു്. അതു ചൂണ്ടിക്കാണിച്ചുകൊണ്ടു് കാളിദാസന്‍ അക്കാലത്തെ രാജനീതിയേയും രാജവാഴ്ചയേയും ധിക്കരിച്ചുവെന്നു് എനിക്കു പറയരുതോ? അദ്ദേഹം അക്കാലത്തെ മയകോവ്സ്കിയായിരുന്നുവെന്നു് എനിക്കെഴുതരുതോ? സാഹിത്യസൃഷ്ടിയെ സാഹിത്യസ്പഷ്ടിയായിമാത്രം കാണാതെ നിരൂപകന്റെ വിശ്വാസങ്ങള്‍ക്കു യോജിച്ചമട്ടില്‍ അതിനെ സമൂഹത്തോടുബന്ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന തകരാറാണിതു്. കലാപരമായ ദൃഡപ്രത്യയത്തെ ലക്ഷ്യമാക്കിയാണു് മോതിരത്തിന്റെ കഥ നാടകകര്‍ത്താവു് നിവേശിപ്പിച്ചതു് എന്നു കൂടി പറയട്ടെ.
ഓര്‍മ്മകള്‍
- മുണ്ടശ്ശേരിയുടെ ഷഷ്ട്യബ്ദപൂര്‍ത്തി തൃശൂരുവച്ചു് ആഘോഷിക്കുന്ന സന്ദര്‍ഭം. കാലത്തു് ഏഴു മണിക്കു തുടങ്ങിയ സമ്മേളനം രാത്രി പതിനൊന്നുമണിക്കാണു് തീര്‍ന്നതു്. ഉച്ചയ്ക്കു ഇടവേള ഒരുമണിക്കൂര്‍ നേരം. ഇവ ദീര്‍ഘസമയം മുഴുവന്‍ ഒരു സദസ്സുതന്നെയാണു് അതില്‍ പങ്കുകൊണ്ടിരുന്നതു്. ആളുകള്‍ ഇരിപ്പിടങ്ങള്‍പോലും മാറിയില്ല. അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കിയതുമില്ല. ഏകാഗ്രതയോടുകൂടിയുള്ള ഇരിപ്പാണു് ഒരോ വ്യക്തിയുടേതും. ഈ വിധത്തില്‍ ഡിസിപ്ലിന്‍ ഉള്ള ശ്രോതാക്കള്‍ മറ്റു സ്ഥലങ്ങളില്‍ ഉണ്ടായിരിക്കുക പ്രയാസം.
- മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഒരു ദിവസം കാലത്തു് എന്റെ വീട്ടില്‍വന്നു. “ചങ്ങമ്പുഴയെയാണു് ഏറ്റവും ഇഷ്ടം അല്ലേ?” എന്നു് അദ്ദേഹം എന്നോടു ചോദിച്ചു. “അല്ല” എന്നു ഞാന്‍ മറുപടി നല്കി. അക്കാലത്തു് കോളേജില്‍ പഠിച്ചിരുന്ന എന്റെ മകള്‍ ഓട്ടോഗ്രാഫിനു് വേണ്ടി കൊച്ചുപുസ്തകം കവിയുടെ കൈയില്‍ കൊടുത്തു അദ്ദേഹം എഴുതി: “പ്രഭാതം തെല്ലകലെ നിൽക്കുന്നു, വരണമാലയുമായി.” ഇതെഴുതി ഒരു മാസം കഴിഞ്ഞപ്പോള്‍ അവളുടെ വിവാഹം നടന്നു.
- കാഞ്ഞിരംകുളത്തു സ്ക്കൂളിലൊരു സമ്മേളനം, പ്രഭാഷകനായിരുന്ന പവനന്‍ പറഞ്ഞു. “വിശന്നുകൊണ്ടു ഞാന്‍ മദ്രാസ് കടപ്പുറത്തു കിടക്കുമ്പോള്‍ പൂര്‍ണ്ണചന്ദ്രന്‍ പ്രകാശിക്കുന്നു. അതൊരു ദോശയായി അടുത്തു വീണെങ്കിലോ എന്നു ഞാന്‍ ആഗ്രഹിച്ചുപോയി”. അദ്ധ്യക്ഷനായിരുന്ന ഡോക്ടര്‍ പി. കെ. നാരായണപിള്ള ഉപസംഹാര പ്രസംഗത്തില്‍: “അങ്ങനെ പലതും തോന്നും. ബീഡി കൈയിലുണ്ടായിരിക്കുകയും അതു കത്തിക്കാന്‍ തീപ്പെട്ടി ഇല്ലാതിരിക്കുകയും ചെയ്താല്‍ ആ ചന്ദ്രന്‍ ഇങ്ങടുത്തുവന്നെങ്കില്‍ ഇതൊന്നു കൊളുത്താമെന്ന പവനന്നു തോന്നും.” സമ്മേളനം കഴിഞ്ഞു. തിരിച്ചു പോരുമ്പോഴും ഡോക്ടര്‍ പി. കെ. പവനന്റെ ആശയങ്ങളെ വിമര്‍ശിച്ചുകൊണ്ടിരുന്നു ഉറക്കെ ചിരിച്ചിട്ടു് പവനന്‍ പറഞ്ഞു: “ഇപ്പോഴും അദ്ധ്യക്ഷനായി തുടരുകയാണു്.”
- സാഹിത്യപരിഷത്തിന്റെ സമ്മേളനം. തായാട്ടു ശങ്കരനെ ആദ്യമായികണ്ടു “നല്ല മനുഷ്യന്‍’”എന്നു ഞാന്‍ ഉള്ളില്‍ പറഞ്ഞു. ശ്രോതാക്കളുടെ കൂട്ടത്തില്‍ ഒരാള്‍ ഒറ്റമുണ്ടുടുത്തുകൊണ്ടു് തിടുക്കത്തില്‍ അങ്ങുമിങ്ങും നടക്കുന്നു. ഷര്‍ട്ടില്ല, ബനിയന്‍പോലുമില്ല. ഞാന്‍ ശങ്കരനോടു ചോദിച്ചു: ആരാണദ്ദേഹം?” ശങ്കരന്‍: “അറിയില്ലേ. കവി കെ. കെ. രാജാ.
അന്വേഷണം
മകനാല്‍ അപമാനിതനായ അച്ഛന്‍ കടല്‍ക്കരയില്‍ ചെന്നുനിന്നപ്പോള്‍ തിരമാലകള്‍ ഒരു സന്ദേശവും വഹിച്ചു കൊണ്ടു അയാളുടെ അടുത്തെത്തി. ആ സന്ദേശത്തെ ആദരിച്ചു അയാള്‍ എടുത്തുചാടി. മൃതദേഹം കിട്ടിയില്ല. തോപ്പുംപടി കടന്നു എറണാകുളത്തേക്കു പോകുമ്പോള്‍ രണ്ടു പാലങ്ങളുണ്ടു്. ഓരോ പാലത്തിന്റെയും മുകളില്‍ ചെല്ലുമ്പോള്‍ നീലജലം എന്നെ സന്ദേശവുമായി കാത്തുനില്ക്കാറുണ്ടു്. ആരും എന്നെ അപമാനിച്ചിട്ടില്ലാത്തതുകൊണ്ടു് ഞാന്‍ അതിന്റെ സന്ദേശം സ്വീകരിച്ചിട്ടില്ല. ചില വീടുകള്‍ അവയുടെ സമ്പന്നതയോടെ തസ്കാന്മാരെ കാത്തുനില്‍ക്കുന്നു. അവര്‍ കയറി അപഹരണം നടത്തിക്കഴിഞ്ഞാല്‍ ഭവനങ്ങള്‍ക്കു സംസ്ഥതയായി. എന്നെ ആശ്ലേഷിക്കു, എന്നെ ചുംബിക്കു, എന്നെ ബലാത്സംഗം ചെയ്യൂ എന്ന സന്ദേശങ്ങളുമായി നടക്കുന്ന യുവതികളുണ്ടു്. പുരുഷന്മാര്‍ ആ സന്ദോശങ്ങളെ മാനിക്കാതിരുന്നിട്ടില്ല. എന്തൊരു വിഷാദാത്മകത്വം! ഇങ്ങനെ പ്രിയപ്പെട്ട വായനക്കാര്‍ പറയുന്നുണ്ടാകും. ജീവിതം ഒരന്വേഷണമല്ലേ? അതേ. അന്വേഷണം പല വിധത്തിലാകാം. പ്രതികാര തല്‍പരനായ ഞാന്‍ ശത്രുവിനെ അന്വേഷിക്കുന്നു. പണക്കൊതിയനായ ഞാന്‍ പണമന്വേഷിക്കുന്നു. യുദ്ധക്കൊതിയനായ ഞാന്‍ യുദ്ധമന്വേഷിക്കുന്നു. സ്ത്രീയുടെ മുന്‍പില്‍ ആകര്‍ഷകത്വമുള്ളവനായി നിൽക്കാന്‍ അഭിലഷിക്കുന്ന ഞാന്‍ സൗന്ദര്യമന്വേഷിക്കുന്നു. മയങ്ങിക്കിടന്നു് വേദനമാറ്റാന്‍ ആഗ്രഹിക്കുന്ന ഞാന്‍ I. S. D 25 അന്വേഷിക്കുന്നു. ഏകാന്തത്തില്‍ കടല്‍ത്തീരത്തു ചെന്നുനില്‍ക്കുന്ന ഞാന്‍ നനഞ്ഞ മണ്ണില്‍ ഒരു പാദമുദ്ര കണ്ടാല്‍ അതാരുടേതാവാം എന്നു് അന്വേഷിക്കുന്നു. ജീവിതം സന്ദേശ സ്വീകരണത്തോടൊപ്പം അന്വേഷണവും തന്നെയാണു്. ഈ അന്വേഷണത്തെയാണു് അക്ബര്‍ കക്കട്ടില്‍ “ആറാം കാലം” എന്ന ചെറുകഥയിലൂടെ ധ്വനിപ്പിക്കുന്നതു്. ( മാതൃഭൂമി ആഴ്ചപ്പതിപ്പ്.) വിവാഹത്തിനുപോയ കുറെയാളുകള്‍. അവര്‍ക്കു്, വന്ന ബസ്സില്‍ത്തന്നെ തിരിച്ചു പോകണം. പക്ഷേ, പലരും സമയത്തു വന്നെത്തുന്നില്ല. കാണാത്തവര്‍ എത്തുമ്പോള്‍ പൊടുന്നനവേ അവര്‍തന്നെ അപ്രത്യക്ഷരാവുന്നു. അവരെ അന്വേഷിച്ചു് മറ്റുള്ളവര്‍ പോകുന്നു അവരെയും കാണുന്നില്ല. ഒഴിഞ്ഞബസ്സ് ലോകത്തിന്റെ പ്രതീകമായി യാത്രക്കാരെയും കാത്തുകിടക്കുന്നു. metaphor of life എന്നു ഇംഗ്ലീഷില്‍ പറയാറില്ലേ? അതുതന്നെയാണു് ഈ കഥ.
നാനാവിഷയകം
-
നാളെ നാം ചൊവ്വയില്‍ കാപ്പി കുടിക്കുമോ
സൂര്യനെ ബാറ്ററിക്കുള്ളില്‍ കിടത്തുമോ
സാരമനെപ്പോലെ ശൂന്യപഥങ്ങളില്‍
നാളുകുഴിച്ചു ദീര്‍ഘായുസ്സുവാങ്ങുമോ
മൂഢയുദ്ധത്തില്‍ കരിയുന്നഭൂമിയെ
നൂറ്റാണ്ടുകള്‍നിന്നു പകയുമോ
നാളെയെന്‍കാര്‍ഡിനു ഗോതമ്പുകിട്ടുമോ?മനുഷ്യന്റെ ദുർദശയില്‍ മനംനൊന്തു ഡി. വിനയചന്ദ്രന്‍ തേങ്ങുന്നതാണു് ഈ വരികളില്‍ ഞാന്‍ കേള്‍ക്കുന്നതു്. ആ തേങ്ങലുകള്‍ ലയാന്തകതയോടു ബന്ധപ്പെട്ടുവരുന്നതുകൊണ്ടു സത്യാത്മകങ്ങളായി വായനക്കാരനു തോന്നുന്നു. കാവ്യം “മലയാളസാഹിത്യം” മാസികയുടെ വാര്‍ഷികപ്പതിപ്പില്‍
- കൊളമ്പിയന്‍ നോവലിസ്റ്റായ ഗാബ്രിയല്‍ ഗാര്‍സീ ആ മാര്‍കേസ് One hundred years of Solitude എന്ന നോവല്‍ എഴുതിയതോടുകൂടി വിശ്വസാഹിത്യത്തിന്റെ ചക്രവാളം വികസിച്ചു. കാലത്തെക്കുറിച്ചുള്ള ചാക്രിക സങ്കല്പത്തില്‍ കുടുങ്ങിയ ചില മനസ്സുകളുടെ പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും അന്യാദൃശമായ രീതിയില്‍ ആലേഖനം ചെയ്യുന്ന ഈ നോവല്‍ സാഹിത്യാന്തരീക്ഷത്തിലെ ധ്രുവനക്ഷത്രമാണു്, ധ്രുവനക്ഷത്രം ഒന്നേയുള്ളു. “ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍” എന്ന നോവലും ഒന്നേയുള്ളു. ഈ നിസ്തുല കലാശില്പത്തെക്കുറിച്ചു് പ്രൊഫസര്‍ ജി. എന്‍. പണിക്കര്‍ എഴുതിയ വിദ്വജ്ജനോചിതമായ പ്രബന്ധത്തിലേക്കു ഞാന്‍ വായനക്കാരുടെ ശ്രദ്ധയെ സാദരം ക്ഷണിക്കുന്നു. (പ്രബന്ധം “മലയാളസാഹിത്യ”ത്തിന്റെ വാര്‍ഷികപ്പതിപ്പില്‍)
- “മുഹൂര്‍ത്തം ജ്വലിതം ശ്രേയോന തു ധുമായിതം ചിരം” എന്നു മഹാഭാരതത്തിന്റെ ഉദ്യോഗപര്‍വ്വത്തില്‍ പറയിച്ചിട്ടുണ്ടു്. (വളരെക്കാലം പുകഞ്ഞുകൊണ്ടിരിക്കുന്നതിനെക്കാള്‍ നല്ലതു് ഒരു നിമിഷത്തേക്കു ജ്വലിക്കുന്നതാണു്.) പുകയുന്ന കഥകളാണു് നമുക്കു കിട്ടുക ആഴ്ചതോറും. അച്ഛന്റെ വ്യഭിചാരവും മറ്റു ക്രൂരതകളും കണ്ടു് അമ്മയും മകളും വീടുവിട്ടിറങ്ങുന്നു. “ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം രണ്ടും ഇനി ഈ പടി ചവിട്ടില്ല” എന്നു് അച്ഛന്റെ പ്രഖ്യാപനം. അച്ഛന്‍ മരിച്ചപ്പോള്‍മാത്രം അവര്‍ അവിടെ തിരിച്ചെത്തുന്നു. ജനയുഗം വാരികയില്‍ അംബിക എഴുതിയ ‘ചങ്ങല’ എന്ന ഈ കഥ ജ്വലിക്കാതെ പുകപോലെ ചുറ്റിക്കറങ്ങുന്നു. കണ്ണുനീറുന്നു. ജ്വലിപ്പിക്കാന്‍ അറിഞ്ഞുകൂടെങ്കില്‍ ആ കൊതുമ്പും തൊണ്ടും എടുത്തുമാറ്റൂ.
- ചന്ദ്രിക ആഴ്ചപ്പതിപ്പിലെ “വെടിവട്ട”ത്തിലൂടെ കുഞ്ഞുണ്ണി ചോദിക്കുന്നു: “ആണിനു പെന്നുപോരെ പെണ്ണന്തിനു്?” എനിക്കോര്‍മ്മവരുന്നു. രണ്ടാമത്തെ സിനിമ കണ്ടിട്ടു് ഞാന്‍ ലൂസിയാ ഹോട്ടലിലേക്കു മടങ്ങുകയായിരുന്നു. എറണാകുളം പട്ടണം. ഒരുത്തന്‍ പിറകേവന്നു. തിരിഞ്ഞുനോക്കിയ എന്നോടു് “നല്ല പെണ്ണിരുക്കു സാര്‍, വേണുമാ” ഞാന്‍ പേടിച്ചു് ‘ങേ’ എന്നു ചോദിച്ചു. ഭാവവ്യത്യാസം കണ്ടു് അയാള്‍ വീണ്ടും “നല്ല പെന്നിരുക്കു സാര്‍. പാര്‍ക്കര്‍ പെന്‍” അയാളുടെ കൈയില്‍ ഒരു പേനയുണ്ടായിരുന്നു.
- ആരെ ലക്ഷ്യമാക്കി ഹാസ്യം പ്രയോഗിക്കുന്നുവോ അയാളും ചിരിച്ചാല്‍ അതു് ഉത്തരഹാസ്യമാണെന്നു കുട്ടിക്കൃഷ്ണമാരാര്‍ പറഞ്ഞിട്ടുണ്ടു്. അങ്ങനെയാണെങ്കില്‍ എക്സ്പ്രസ്സ് വാരികയില്‍ നസീബ വരച്ച കാര്‍ടൂണ്‍ കണ്ടു് തകഴി ശിവശങ്കരപ്പിള്ള ചിരിക്കാതിരിക്കില്ല. തകഴിക്കു സ്വീകരണം വന്നയാളിനു തകഴിയുടെ ഛായയില്ലാത്തതുകൊണ്ടു് ആളുകള്‍ അത്ഭുതപ്പെടുന്നു. അപ്പോഴാണു് ക്ഷണിക്കാന്‍ പോയവന്‍ കാര്യം പറയുന്നതു്. സാക്ഷാല്‍ തകഴിയെ കിട്ടുകയില്ല. 1988 വരെയുള്ള എല്ലാ ദിവസവും ബുക്ക് ചെയ്തുപോയി. തകഴി ശിവശങ്കരപ്പിള്ളയ്ക്കു പകരം കഥാപ്രസംഗക്കാരന്‍ തകഴി വേലായുധനെ കൊണ്ടുവന്നരിക്കുന്നു.
മന്നത്തു പത്മനാഭനും ഒരു പണ്ഡിതനും ഞാനും കൂടി പുനലൂരു് ഒരു സമ്മേളനത്തിനു പോകുകയായിരുന്നു. മന്നം ആ പണ്ഡിതനോടു ചോദിച്ചു: “ശങ്കരാചാര്യനെ പ്രച്ഛന്ന ബുദ്ധന്‍ എന്നു വിളിക്കുന്നതു് എന്തുകൊണ്ടു്?” പണ്ഡിതന്‍ ചോദ്യത്തിനു് ഉത്തരം നല്കാതെ പൂര്‍വമീമാംസം. ഉത്തരമീമാംസം, കമാരിലഭട്ടന്‍ എന്നൊക്കെപ്പറഞ്ഞു് കാടുകയറ്റം തുടങ്ങി. അതു സഹിക്കാന്‍ വയ്യാതെയായപ്പോള്‍ മന്നം എന്നോടു ചോദിച്ചു: “നിങ്ങള്‍ക്കറിയാമോ?”
എന്തു സംശയമുണ്ടായാലും പണ്ഡിതനോടു ചോദിക്കരുതു്. ഫലമില്ല. ‘രാമചന്ദ്രവിലാസം’ മഹാകാവ്യത്തില്‍
“പൊടിയാടുക പിന്നെയാ-
ട്ടെടോ നീ ചൊടി
ചെമ്പിച്ചൊരു സത്ത്വവേദിയല്ലേ.
തുട നല്ല കരുക്കമാണവള്‍ക്കടയാളം
നുനിയുള്ള നിന്‍ കരംപോല്‍”
എന്നൊരു ശ്ലോകമുണ്ടു്. ശ്രീരാമന്‍ സീതയെക്കുറിച്ചു് ആനയോടു ചോദിക്കുന്ന രീതിയിലുള്ള ശ്ലോകം. ഇവിടെ ‘നന്ദി’ എന്ന വാക്കിന്റെ അര്‍ത്ഥമെന്തെന്നു് ഞാന്‍ ഒരു പണ്ഡിതനോടു ചോദിച്ചു. ഉത്തരം കിട്ടിയില്ലെന്നു മാത്രമല്ല, കാട്ടാനയെ പിടിക്കുന്ന സൂത്രവേലകളെക്കുറിച്ചു് ഒരു പ്രഭാഷണം ഒരു മണിക്കൂര്‍നേരം എനിക്കു കേള്‍ക്കേണ്ടതായും വന്നു.
|