സാഹിത്യവാരഫലം 1997 06 06
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | സമകാലികമലയാളം |
തിയതി | 1997 06 06 |
ലക്കം | 790 |
മുൻലക്കം | 1997 05 30 |
പിൻലക്കം | 1997 06 13 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
”ഭാവനയുള്ളവന്‍ എല്ലാം നൂതനമെന്നപോലെ കാണുന്നു: രാത്രിയില്‍ ചലനം കൊള്ളുന്ന ഏതു വലിയ നക്ഷത്രവും ഈശ്വരപുത്രനെ മറച്ചുവച്ചിരിക്കുന്ന ഭവനത്തിലേക്കു നിങ്ങളെ നയിച്ചെന്നു വരും. ഉണങ്ങിയ പുല്ലും വൃത്തിയുള്ള വൈക്കോലും നിറച്ച പുല്‍ക്കൂട് ഏതു തൊഴുത്തിലുമുണ്ട്: അതു തൊട്ടിലായി മാറാം. നിശ്ചലവും നിഷ്പ്രഭവുമായ താഴ്വരയുടെ മുകളിലുള്ള സുവര്‍ണ്ണപ്രഭാതങ്ങളുടെ രശ്മികളേറ്റ് ശൂന്യങ്ങളായ എല്ലാ പര്‍വ്വതാഗ്രങ്ങളും ജ്വലിച്ചു സിനായിയോ താബോര്‍മലയോ ആയി മാറാം. പുല്‍ത്തണ്ടുകളിലെയോ ഇഷ്ടികച്ചൂളയിലെയോ അഗ്നി സായാഹ്നങ്ങളിലെ കുന്നുകളില്‍ തിളക്കം വരുത്തുമ്പോള്‍ മണല്‍ക്കാട്ടില്‍ നിങ്ങള്‍ക്കു വഴികാണിക്കാന്‍വേണ്ടി ഈശ്വരന്‍ കത്തിച്ച തീനാളങ്ങളായി അതിനെ ദര്‍ശിക്കാം.” ഇറ്റലിയിലെ തത്ത്വചിന്തകനും സാഹിത്യകാരനുമായ ജോവാണി പാപ്പിനീ(Geovanni Papini 1881-1956) പറഞ്ഞതാണിത്. കലാപരമായ ആവിഷ്കാരത്തില്‍ പ്രകടമാകുന്ന ശക്തിവിശേഷമാണ് ഭാവന. അത് ഇല്ലാത്തതിനെ സൃഷ്ടിക്കുന്നു. ഉള്ളതിനു രൂപം കൊടുത്ത് അതിനെ സാന്ദ്രീകൃതാവ്സ്ഥയില്‍ ആക്കുന്നു. നിലവിലുള്ള സത്യത്തെ ഭാവനകൊണ്ട് ഉത്കൃഷ്ടതരമോ ഉത്കൃഷ്ടതമമോ ആയ സത്യമാക്കി പ്രദര്‍ശിപ്പിക്കുന്ന നോവലാണ് അമേരിക്കന്‍ എഴുത്തുകാരനായ നോര്‍മന്‍ മേലറുടെ (Norman Mailer-B 1923) “Gospel According to the Son”. യേശുക്രിസ്തുവിന്റെ ജീവിതത്തെ അവലംബിച്ച് ആയിരക്കണക്കിനു നോവലുകള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ഷോലം ആഷിന്റെ [1] (Sholem Asch 1880-1957) ”The Nazarene”(1939), സാറാ മാഗുവിന്റെ( [2] Jose Saramago)”The Gospel According to Jesus Christ”(1991), കാസാൻദ്സാക്കീസിന്റെ [3](Nikus Kazantsakis 1883-1957) ”The Last Templation of Christ” ഇവ പ്രധാനങ്ങളാണ്. ആഷിന്റെ നോവല്‍ ഞാന്‍ വായിച്ചിട്ടു കാലമേറെയായിരിക്കുന്നു. അതുകൊണ്ടു അതിലെ കാര്യങ്ങള്‍ വിസ്മൃതിയില്‍ പെട്ടുപോയി. പുസ്തകം ഒന്നുകൂടെ മറിച്ചുനോക്കാമെന്നു വിചാരിച്ചാല്‍ അതു കൈയിലില്ലതാനും. ആരോ വായിക്കാനെന്നുപറഞ്ഞു കൊണ്ടുപോയിട്ടു തിരിച്ചുതന്നില്ല. യേശുക്രിസ്തുവിന്റെ കാലയളവിലെ സമൂഹത്തെ ചിത്രീകരിച്ചു മതസ്ഥാപകന്റെ വ്യക്തിത്വം എടുത്തുകാണിക്കുകയാണ് ആഷ് എന്ന് ദുര്‍ബ്ബലമായ ഓര്‍മ്മ പറയുന്നു. സാറാ മാഗുവിന്റെ നോവല്‍ താജ്മഹല്‍ പോലെ അതിസുന്ദരമാണ്. പക്ഷേ ആ ചരമസ്മാരക മന്ദിരത്തിനകത്ത്, കാണുന്നവരെയൊക്കെ വെടിവച്ചുകൊല്ലുന്ന ഭീകരന്മാരാണ് പാര്‍ക്കുന്നതെങ്കിലോ? അതുപൊലെ ഗര്‍ഹണീയങ്ങളായ ആശയങ്ങള്‍ ആ നോവലില്‍ നിവേശനം ചെയ്തിരിക്കുന്നു സാറാ മാഗൂ. അവിടത്തെ ലിബറല്‍ സര്‍ക്കാരിനുപോലും അതിനെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. രൂപശില്പത്തിന്റെ ഭംഗികൊണ്ട് താജ്മഹലിനെ പോലും അതിശയിക്കുന്ന കാസാന്‍ദ്സാക്കിസിന്റെ നോവല്‍ യേശുവിന്റെയും മഗ്ദലന മറിയത്തിന്റെയും സ്നേഹം ചിത്രീകരിച്ച് ഒരു മഹാപുരുഷന്റെ സ്വഭാവത്തെ വികലമായി പ്രതിപാദിക്കുന്നു. ഭക്ത്യുന്മാദമുള്ള ഒരുത്തനെ കൊല്ലാന്‍ വേണ്ടി യേശു കുരിശു നിര്‍മ്മിച്ചുകൊടുത്തതായി വര്‍ണ്ണിച്ച് ആ പാപത്തിന്റെ ഫലമാണ് പിന്നീട് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നതെന്ന് കാസാന്‍ദ്സാക്കീസ് സൂചിപ്പിക്കുന്നു.
നോര്‍മന്‍ മേലറുടെ പുതിയ നോവലിന് ഈ ന്യൂനതയൊന്നുമില്ല. സുവിശേഷങ്ങളെ അവലംബിച്ചുകൊണ്ടുള്ള ഭാവനാത്മകമായ പുന:സംവിധാനം മാത്രമാണത്. അതിനാല്‍ ഹ്രാസമാര്‍ന്ന സംഭവങ്ങളെ ദീര്‍ഘതയുള്ളവയാക്കാനും ദീർഘതയാര്‍ന്ന സംഭവങ്ങളെ ഹ്രാസമുള്ളവയാക്കാനും നോവലിസ്റ്റ് നിര്‍ബദ്ധനാകുന്നു. പുതിയ നിയമത്തിലെ പ്രാധാന്യമുള്ള വിഷയമാണല്ലോ സാത്താന്റെ പ്രലോഭനം. പർവ്വതാഗ്രത്തിൽ വച്ചു നടന്ന മൂന്നാമത്തെ പ്രലോഭനം ഇതാണ്.
Next the devil led him up and showed him in a flash all the Kingdoms of the world. All this dominions will I give to you, he said, and the glory that goes with it, for it has been put in my hands and I can give it to anyone I choose. You have only to do homage to me and it shall all be yours. Luke4:5-7
[പിശാച് അവനെ ഉയര്‍ന്ന ഒരു സ്ഥലത്തേക്കു കൊണ്ടുപോയി. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരു നിമിഷത്തിനുള്ളില്‍ അവന്നു കാണിച്ചുകൊടുത്തിട്ടു പറഞ്ഞു: ‘ഞാന്‍ ഈ എല്ലാ അധികാരവും അവയുടെ പ്രതാപവും നിനക്കു തരാം. കാരണം, ഇവയെല്ലാം എനിക്കു തന്നിട്ടുള്ളതാണ്. എനിക്ക് ഇഷ്ടമുള്ളവന്ന് ഞാന്‍ ഇവയെല്ലാം കൊടുക്കും. അതിനാല്‍ നീ എന്നെ ആരാധിക്കുമെങ്കില്‍ ഇവയെല്ലാം നിനക്കുള്ളതായിരിക്കും.’ (മലയാളം ബൈബിള്‍-ഓശാന പ്രസിദ്ധീകരണം-പുതിയ നിയമം.പുറം 82)]
മതവിശ്വാസത്തിന് ഊന്നല്‍ നല്‍കിയാണല്ലോ ബൈബിളില്‍ ഏതും വര്‍ണ്ണിക്കുക. മേലര്‍ അവയെയെല്ലാം ഭാവദീപ്തി കലര്‍ത്തിയാണ് ആവിഷ്കരിക്കുന്നത്. സാത്താന്റെ വരവു തന്നെ ആകര്‍ഷകമാണ്.
And he was as handsome as a prince. He had a gold ornament on a gold chain about his neck and in this
“ മതപരങ്ങളായ വീക്ഷണഗതികള്‍ അവലംബിച്ച് പാവനമായ ഗ്രന്ഥം ..യത്നമില്ല നോര്‍മന്‍ മേലറുടേത്. സാമാന്യ മനുഷ്യരുടെ സന്ദേഹങ്ങളും സങ്കല്പങ്ങളും യേശു ക്രിസ്തുവിന്റെ സത്യത്തില്‍ നിവേശിപ്പിച്ച് ഈശ്വര സാക്ഷാത്കാരത്തിലേക്ക് അദ്ദേഹം പോയതെങ്ങനെയെന്നു പ്രത്യക്ഷമാക്കുകയാണ് ഈ കലാസൃഷ്ടി.”
ornament was the face of a ram, bestal yet more noble than any ram I had ever seen. And the hair of this prince was as long as my own and lustrous. He was dressed in robes of velvet that were as purpule as the late evening and he wore a crown as golden as the Sun. He had climbed the mountain, yet there was no dust on his robes nor sweat upon his skin. He could be no other than who I thought,and indeed he soon introduced himself. I said to my self: ”The Devil is the most beautiful creature God ever made.” (ഇതിലെ I യേശുതന്നെയാണ്. ആത്മകഥാരൂപത്തിലാണ് നോവലിന്റെ രചന) തുടര്‍ന്നുള്ള യേശുവിന്റെയും സാത്താന്റേയും സംഭാഷണങ്ങള്‍ നൂറിനു നൂറും കാലാത്മകമാണ്.
മതപരങ്ങളായ വീക്ഷണഗതികള്‍ അവലംബിച്ച് പാവനമായ ഗ്രന്ഥം രചിക്കാനുള്ള യത്നമല്ല നോര്‍മന്‍ മേലറുടേത്. സാമാന്യ മനുഷ്യരുടെ സന്ദേഹങ്ങളും സങ്കല്പങ്ങളും യേശുക്രിസ്തുവിന്റെ സ്വത്വത്തില്‍ നിവേശിപ്പിച്ച് ഈശ്വരസാക്ഷാത്ക്കാരത്തിലേക്ക് അദ്ദേഹം പോയതെങ്ങനെയെന്നു പ്രത്യക്ഷമാക്കുകയാണ് ഈ കലാസൃഷ്ടി.
നോവലിലെ യേശുക്രിസ്തു പറയുന്നു. ‘അത്യുക്തി പിശാചിന്റെ ഭാഷയാണ്. ആരും ഈശ്വരപുത്രന്‍ പോലും സാത്താനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയിട്ടില്ല. മാത്യുവിനും മാര്‍ക്കിനും ലൂക്കിനും ജോണിനും അതില്‍നിന്നു തീര്‍ച്ചയായും മുക്തരാകാന്‍ കഴിഞ്ഞില്ല’ അത്യുക്തിയില്ലാതെ കലയുടെ സ്വര്‍ഗ്ഗത്തിലേക്കു നയിക്കുന്ന നോവലാണ് നോര്‍മന്‍ മേലറുടേത് (Random House, New York. $22=00 Published in Special Indian Price$16=50 Pages 242)
കരവിരുത്
തിരുവനന്തപുരത്തെ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് കെ.വി. നീലകണ്ഠന്‍ നായരെ അറിയാത്തവര്‍ കേരളത്തിലില്ല. ഒന്നാന്തരമായി അഭിനയിക്കും. ചിത്രം വരയ്ക്കും. പാടും. കെട്ടിടങ്ങളുടെ പ്ലാന്‍ വരയ്ക്കും. മഹാത്മഗാന്ധി കോളേജിന്റെ (തിരുവനന്തപുരത്തെ) പ്ലാന്‍ വരച്ച് മന്നത്തു പത്ഭനാഭന്റെ അദരാഭിനന്ദനങ്ങള്‍ നേടിയ മഹാവ്യക്തിയായിരുന്നു കെ. വി. നീലകണ്ഠന്‍ നായര്‍. എന്റെ വീട്ടില്‍ അദ്ദേഹം കൂടെക്കൂടെ വരുമായിരുന്നു. ഒരു ദിവസം ഞങ്ങളെല്ലാം കൂടി അമ്പലത്തില്‍ പോകാന്‍ തീരുമാനിച്ചു. കെ. വി. നീലകണ്ഠന്‍ നായര്‍ മുന്‍പില്‍. ഞങ്ങള്‍ പിറകെ. അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം പെട്ടെന്നു നിന്നു. കാലൊന്നു മുന്നോട്ടു വച്ചു. എന്നിട്ട് ഗര്‍ജ്ജനം. ’കൊണ്ടാ ലക്ഷ്മണാ വില്ലും അമ്പും’. ആ രീതിയില്‍ രണ്ടു മിനിറ്റെങ്കിലും അദ്ദേഹം നിന്നിരിക്കും. ഞങ്ങളിലാരോ ചെന്ന് നീലകണ്ഠന്‍ നായരെ കുലുക്കിവിളിച്ചപ്പോഴേ അദ്ദേഹം താല്‍ക്കാലികമായ ആ മോഹവലയത്തില്‍ നിന്നു പുറത്തു പോന്നുള്ളു. അടുത്ത ഏതോ ഒരു ദിവസം നടക്കുന്ന നാടകത്തില്‍ ശ്രീരാമനായി അഭിനയിക്കേണ്ടിയിരുന്ന നീലകണ്ഠന്‍ നായര്‍ക്ക് അപ്പോള്‍ ഉണ്ടായ അവസ്ഥാവിശേഷമായിരുന്നു അത്. ഭാവന അതുവരെ നീലകണ്ഠന്‍ നായരുടെ പിറകില്‍ നടക്കുകയായിരുന്നു. ഒരു നിമിഷത്തില്‍ അത് അദ്ദേഹത്തിന്റെ മുന്നില്‍ക്കയറി നിന്നു കൊണ്ടാ ലക്ഷ്മണാ വില്ലും ശരവും’ എന്ന് ആജ്ഞാപിക്കുകയായിരുന്നു.
നമ്മുടെ കഥാകാരന്മാരുടെ രചനകളൊന്നു നോക്കിയാല്‍ മാത്രം മതി. ഭാവനയാണോ മുന്നില്‍ നടക്കുന്നത്. അതോ കഥാകാരനോ എന്ന് ഉടനെ പറയാന്‍ കഴിയും. പി കേശവദേവിനെക്കുറിച്ച് ഈ ലേഖകനു വലിയ മതിപ്പില്ല. എങ്കിലും അദ്ദേഹത്തിന്റെ പല കഥകളിലും ഭാവനയാണു മുന്‍പില്‍ നടക്കുന്നതെന്ന സത്യം എനിക്ക് അംഗീകരിച്ചേ പറ്റൂ. അദ്ദേഹത്തിന്റെ ’പ്രതികാരം’ എന്ന കഥ നോക്കുക (പേര് ഇത് തന്നെയോ എന്നതില്‍ സംശയമുണ്ട്) ഓച്ചിറക്കളിക്ക് പോയി ഉരുളി വാങ്ങണമെന്നു തീരുമാനിച്ച ഒരു സ്ത്രീക്കു സംഭവിക്കുന്ന ഭഗ്നമായ ആശ- അതു പ്രതിപാദിക്കുന്ന കഥയാണു ഞാന്‍ ലക്ഷ്യമാക്കുന്നത്. അക്കഥയില്‍ ഒരിടത്തും നെഞ്ചുവിടര്‍ത്തി കൈകള്‍ വീശി നടക്കുന്ന കേശവദേവ് ഇല്ല. ഉള്ളത് ’പള്ളിവാളേന്തി’ മുന്‍പില്‍ നടക്കുന്ന ഭാവന മാത്രം. തകഴിയുടെ ‘വെള്ളപ്പൊക്കത്തി’ലോ ബഷീറിന്റെ ‘പൂവമ്പഴത്തി’ലോ കാരൂരിന്റെ ‘മരപ്പാവക’ളിലോ ആ കഥാകാരന്മാര്‍ സ്വന്തം സാന്നിദ്ധ്യം കൊണ്ട് വായനക്കാരെ ക്ളേശിപ്പിക്കുന്നില്ല. എന്നാല്‍ ഇതല്ല ഉറൂബിന്റെ രചനകളുടെ സ്ഥിതി. വലിയ ശില്പവിദഗ്ധനാണ് അദ്ദേഹം. ഏതു നോവലിലും ഏതു ചെറുകഥയിലും ‘ക്രാഫ്റ്റ്സ്മാനായ’ ഉറൂബിനെ നമുക്കു കാണുകയും ചെയ്യാം. ഞാന്‍ എപ്പോഴും വാഴ്ത്തുന്ന ‘വാടകവീടുകള്‍’ എന്ന കഥ തന്നെ നോക്കാം. വാടക കൊടുക്കാത്ത എഴുത്തുകാരനെ പങ്കജം ലോഡ്ജില്‍ നിന്നു പുറത്തിറക്കിവിടുന്നു. അയാള്‍ പോക്കറ്റ് തപ്പി ഏതാനും നാണയങ്ങള്‍ കണ്ടെടുത്ത് തക്കാളി വാങ്ങിക്കുന്നു. അത് കടിച്ചുതിന്നു കൊണ്ട് ജി. ശങ്കരക്കുറുപ്പിന്റെ ഒരു കവിതാശകലവും മൂളിക്കൊണ്ട് നടക്കുന്നു. ആ തക്കാളി നന്ന്, ആ ഗാനശകലവും നന്ന് എന്നാണെന്നു തോന്നുന്നു കഥയുടെ പര്യവസാനം. തക്കാളിയെയും കവിതയെയും കുറിച്ചുള്ള ആ പ്രസ്താവത്തില്‍ ശോഭയോടെ നില്‍ക്കുന്നത് ഭാവനയെന്ന രാജ്ഞിയല്ല. ആജാനബാഹു. കരിമസ്തകമാറ് ഇവയുള്ള ദീര്‍ഘകായനും ആകൃതിസുഭഗനും ആയ ഉറൂബ് അല്ലെങ്കില്‍ പി. സി. കുട്ടികൃഷ്ണൻ തന്നെയാണ്. തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീന്‍’ എന്ന നോവല്‍ നോക്കുക. ഒരിടത്തും ഗ്രന്ഥകാരനില്ല. ഉജ്ജ്വലമായ ‘ഉമ്മാച്ചു’വില്‍ ഉറൂബിനെ കാണാതിരിക്കാന്‍ വയ്യ.
സമകാലികങ്ങളായ കഥകളില്‍ രചയിതാക്കളാണ് ആറാട്ടു നടത്താന്‍ തൂലിക ഉയര്‍ത്തിപ്പിടിച്ചു നടക്കുന്നത്. ശ്രീ മണര്‍ക്കാട് വിജയന്റെ ‘കര്‍മ്മകാണ്ഡ’മാകട്ടെ നമ്മുടെ പരിചിന്തനത്തിന്. അച്ഛന്‍ ചത്തെങ്കില്‍ മകന് അയാളുടെ ജോലി കിട്ടുമായിരുന്നു. പക്ഷേ അച്ഛന്‍ ചത്തു കൊടുക്കാത്തതില്‍ മകനു ദു:ഖം. അങ്ങനെയിരിക്കേ പത്രത്തില്‍ വാര്‍ത്ത വരുന്നു അപകടത്തില്‍ പെട്ടു മരിച്ച ഒരുത്തന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കാന്‍ വിധിയായിയെന്ന്. പണം കിട്ടുന്ന കുടുംബത്തോടുള്ള അസൂയയും ചാകാന്‍ കൂട്ടാക്കാത്ത തന്തയോടുള്ള അമര്‍ഷവും മകന്‍ ചില വാക്കുകളിലൂടെ ആവിഷ്ക്കരിക്കുമ്പോള്‍ തന്ത ആത്മഹനനത്തിനായി റോഡിലേക്ക് ഇറങ്ങി ഓടുന്നു. ചിരപരിചിതത്വം, സര്‍വ്വസാധാരണത്വം തുടങ്ങിയ എന്റെ ക്ലീഷേ പ്രയോഗങ്ങള്‍ പേനയില്‍ക്കൂടി കടലാസ്സില്‍ വന്നുവീഴാന്‍ തയ്യാറാകുന്നു. അവയെ തടഞ്ഞുകൊണ്ട് ഞാന്‍ സവിനയം ചോദിക്കട്ടെ. സുവര്‍ണ്ണരഥത്തില്‍ കയറി ജൈത്രയാത്ര നടത്തുന്ന ഭാവനാറാണിയെ ഇതില്‍ എവിടെയാണു കാണുക? ഇതു ക്രാഫ്റ്റാണ്. മണര്‍കാടു വിജയന്‍ മാത്രമല്ല, നമ്മുടെ പല കഥാകാരന്മാരും ആര്‍ടിസ്റ്റുകളല്ല, കരകൗശലക്കാരാണ്.
ചോദ്യം, ഉത്തരം
“മേലുദ്യോഗസ്ഥന്മാരെ, സുഹൃത്തുക്കളെ, സ്ത്രീകളെ സന്തോഷിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം വിജയത്തിലെത്താത്തത് എന്തുകൊണ്ട്?
- അന്യരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നതു പാഴ്വേലയാണ്. സന്തോഷിപ്പികാനുള്ള ശ്രമം തന്നെ ഇല്ലാത്തത് ഉണ്ടാക്കാനുള്ളതല്ലേ? അതുകൊണ്ടുതന്നെ അതു വിജയം വരിക്കില്ല. സത്യസന്ധതയോടുകൂടി എപ്പോഴും പെരുമാറിയാല്‍ മതി. അതു മറ്റുള്ളവര്‍ കാണും. മനസ്സിലാക്കും. നിങ്ങളെ അവര്‍ സ്നേഹിക്കും, ബഹുമാനിക്കും’ Epicletus പറഞ്ഞതാണിത്.
”ഈ ലോകത്ത് ഏറ്റവും മനോഹരം സുന്ദരിയുടെ ചിരിയാണെന്ന് പണ്ട് നിങ്ങള്‍ എഴുതിയിട്ടുണ്ട്. നൂറുശതമാനവും അതു ശരിയോ?”
- ”ഭാഗികമായി ശരി. നിങ്ങളുടെ കാമുകി നിങ്ങള്‍ കാണാതെ വേറൊരു പുരുഷനെ നോക്കിച്ചിരിക്കുകയും നിങ്ങള്‍ അതു കാണാനിടയാവുകയും ചെയ്താല്‍ സ്ത്രീയുടെ ചിരി മനോഹരമാണെന്നു നിങ്ങള്‍ ഒരിക്കലും പറയുകയില്ല.
”മൃഗങ്ങളാണ് മനുഷ്യരേക്കാള്‍ നല്ലവരെന്നു ചങ്ങമ്പുഴ ‘പാടുന്ന പിശാചില്‍’ പറഞ്ഞിരിക്കുന്നു യോജിക്കുന്നോ?”
- ആ അഭിപ്രായം ചങ്ങമ്പുഴയുടേതല്ല. വാള്‍ട്ട് വിറ്റ്മാന്റെ ആശയമാണത്. അദ്ദേഹം പറയാത്ത ഒരു കാര്യം കൂടിപ്പറയാം. ഒരു മൃഗവും കാലത്തെഴുന്നേറ്റ് അയല്‍ക്കാരന്‍ മൃഗത്തിന്റെ അടുത്തുചെന്ന് ‘ചങ്ങാതി അയ്യായിരം രൂപ കടം തരുമോ?” എന്നു ചോദിക്കില്ല. ചോദിച്ചാല്‍ ‘അയ്യോ, ഒരു മണിക്കൂറിനു മുന്‍പായിരുന്നെങ്കില്‍ തരാന്‍ പ്രയാസമില്ലായിരുന്നു. 11-ആം നമ്പര്‍ വീട്ടിലെ മൃഗം വന്നു വാങ്ങിക്കൊണ്ടു പോയി’ എന്നു മറുപടി പറയുകയുമില്ല.
”ആധുനിക കവിതയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായത്തിന് ഒരു മാറ്റവും വന്നിട്ടില്ലേ?”
- ഓരോ ആഴ്ചയിലെയും വാരികകള്‍ വായിച്ചുകഴിയുമ്പോള്‍, ഓരോ ദിവസവും കിട്ടുന്ന കാവ്യഗ്രന്ഥങ്ങള്‍ വായിച്ചുകഴിയുമ്പോള്‍, മലയാളഭാഷയില്‍ ഞാന്‍ മനസ്സിലാക്കിയടത്തോളം നിരര്‍ത്ഥകപദങ്ങളല്ല ഉള്ളത്. അവയെക്കാള്‍ ആയിരമായിരംമടങ്ങു അര്‍ത്ഥശൂന്യങ്ങളായ പദങ്ങളുണ്ടെന്നു ഗ്രഹിക്കുന്നു. ഈ പുതിയ അറിവിന്റെ പേരില്‍ അഭിപ്രായത്തിനു മാറ്റം വരുത്തേണ്ടതായിരിക്കുന്നു’
“അനുകരണം പരിഹസിക്കപ്പെടേണ്ടതാണോ?”
- “എന്‍. ഗോപാലപിള്ളയെപ്പോലെ ഇഴഞ്ഞമട്ടില്‍ സംസാരിക്കുന്നവര്‍ ധാരാളമുണ്ടായി. അദ്ദേഹത്തെപ്പോലെ രണ്ടാംമുണ്ട് വീതിയോടുകൂടി മടക്കി തോളിലിട്ട് സായാഹ്നസവാരി നടത്തിയവര്‍ ഒരുപാട്. വീട്ടില്‍ അദ്ദേഹത്തെപ്പോലെ മെതിയടിയിട്ടു നടക്കുന്നവര്‍ ധാരാളം. പക്ഷേ, ഒരാളിനും അദ്ദേഹത്തിന്റെ ബുദ്ധി പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അനുകരണം ഒരുതരത്തില്‍ പരിഹാസാസ്പദംതന്നെ”
“യേശുദേവനെപ്പോലെ ജലത്തിനു മുകളിലൂടെ നടക്കാന്‍ കഴിഞ്ഞാല്‍?
- “ആര്‍ക്കു കഴിഞ്ഞാല്‍? എനിക്കു കഴിഞ്ഞാല്‍ ഞാന്‍ കടലിന്റെ മുകളിലൂടെ നടന്നു ലണ്ടനിലേക്കു പോകും”
“ഒരു വെടിക്കു രണ്ടുപക്ഷി എന്നു പറഞ്ഞാല്‍ എന്താണ്?”
- ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും ജോലി നേടുക. ഭാര്യയെ കൊണ്ടുപോകരുത് കൂടെ. ആറുമാസം കഴിയുമ്പോള്‍ ‘എനിക്കു ഭാര്യയില്ലാതെ കഴിഞ്ഞുകൂടാന്‍ വയ്യ. അവളെ ഇവിടെ കൊണ്ടുവരണം.’ എന്നു ആളുകളെ ധരിപ്പിച്ച് അവളെ ഒറ്റയ്ക്ക് വിമാനത്തില്‍ വരുത്തുക. കുറഞ്ഞത് ഒരുമാസമെങ്കിലും കൂടെ പാര്‍പ്പിച്ചിട്ട് പത്തുപവന്റെ മാല, ഇരുപതുപവന്റെ വളകള്‍, കസ്റ്റംസുകാര്‍ നോക്കാന്‍ ഇടയില്ലാത്തിടത്ത് അഞ്ചുപവനില്‍ അരഞ്ഞാണ്‍, ഇവ ധരിപ്പിച്ച് നാട്ടിലേക്ക് അയയ്ക്കുക. ആറുമാസം കഴിഞ്ഞ് പിന്നെയും അവളെ വരുത്തി ഇമ്മട്ടില്‍ ആഭരണങ്ങള്‍ കടത്തുക. ‘ഇങ്ങനെ ആറുതവണ യാത്ര കഴിയുമ്പോള്‍ എല്ലാം ഭദ്രം. കുടുംബജീവിതം സുഖപ്രദം: ബഹുജനദൃഷ്ടിയില്‍ ഭര്‍ത്താവ് പത്നീസ്നേഹ പരതന്ത്രന്‍. ഇതാണ് ഒരുവെടിക്കു രണ്ടുപക്ഷി’
മദ്യപനായ ഗൃഹനായകനാൽ ദാരിദ്ര്യത്തിലെത്തിയ കുടുംബം. മകളുടെ വിവാഹത്തിനു പോലും ആഭരണങ്ങള്‍ വാങ്ങാന്‍ കഴിയാതെ അവളെ ദുഖത്തിലേക്കു വലിച്ചെറിയുന്ന അച്ഛന്‍. പച്ചപ്പയ്യ് എന്ന ക്ഷുദ്രജീവി വീട്ടിലെത്തിയാല്‍ സമ്പന്നത കൈവരുമെന്നു വിശ്വസിക്കുന്ന കൊച്ചു കുട്ടിയുടെ നിഷ്കളങ്കത-ഇവയെല്ലാം വേണ്ടപോലെ യോജിപ്പിച്ച് ശ്രീ. ഇ ഹരികുമാര്‍ രചിച്ച ‘പച്ചപ്പയ്യിനെ പിടിക്കാന്‍’ എന്ന ചെറുകഥയ്ക്ക് (മലയാളം വാരിക) സമകാലിക കേരളീയ ജീവിതത്തിന്റെ പരിച്ഛേദമാകാന്‍ കഴിഞ്ഞിട്ടുണ്ട്. പച്ചപ്പയ്യിനെ അന്വേഷിച്ച് അന്വേഷിച്ച് തളര്‍ന്നു വിവാഹംപോലും കാണാന്‍ സാധിക്കാതെ ഉറങ്ങിപ്പോകുന്ന ആ കൊച്ചുകുട്ടിയും ആ ക്ഷുദ്രജീവിയും പ്രതിരൂപാത്മകത്വം ആവഹിക്കുന്നു. കുട്ടിയുടെയും അവളുടെ ചേച്ചിയുടെയും ആത്മബന്ധം കുട്ടിയുടെ പ്രവൃത്തികളിലൂടെ മാത്രം വ്യഞ്ജിപ്പിക്കുന്നതില്‍ കലാപരമായ ചാരുതയുമുണ്ട്.
പലകാര്യങ്ങള്‍
ശങ്കരാചാര്യരും എക്കഹാര്‍റ്റും കാന്റുമൊക്കെ ഗഹനങ്ങളായ ജീവിത വിഷയങ്ങള്‍ കൈകാര്യം ചെയ്തത് എങ്ങനെയെന്നേ അറിയേണ്ടൂ. ശേഷമുള്ളതെല്ലാം ചവറ് എന്നു കരുതരുത്. ക്ഷുദ്രസംഭവങ്ങളെ ക്ഷുദ്രമായ രീതിയില്‍ പ്രതിപാദിച്ചാലും അവയ്ക്കു മൂല്യം ഉണ്ടാകും. ഞാന്‍ എറണാകുളത്തിനടുത്തുള്ള വരാപ്പുഴ എന്ന സ്ഥലത്ത് ഏതാണ്ട് അമ്പത്തിയഞ്ചുകൊല്ലം മുമ്പ് താമസിച്ചിരുന്നു. ചിലപ്പോള്‍ എറണാകുളം പട്ടണത്തില്‍ അലയാന്‍ വേണ്ടി ഞാന്‍ വരാപ്പുഴയില്‍ നിന്നു ബോട്ടു കയറി അവിടെയെത്തും. പട്ടണമാകെ ചുറ്റിക്കറങ്ങിയതിനു ശേഷം ബോട്ടു ജെട്ടിയില്‍ എത്തുമ്പോള്‍ വരാപ്പുഴയ്ക്കുള്ള ബോട്ട് പോയിരിക്കും. പിന്നെ ബോട്ടില്ല. വിഷാദമഗ്നനായി ഞാന്‍ നേരം വെളുക്കുന്നതുവരെ ബോട്ട് ജെട്ടിയിലിരിക്കും. ബോട്ട് എന്തേ നേരത്തേ പോയത്? അതുപോയോ? എന്നൊക്കെ ആരോടു ചോദിച്ചാലും മറുപടി കിട്ടുകയില്ല. കായലിലൂടെ ബോട്ടു നീങ്ങിക്കഴിഞ്ഞാല്‍ അതു ചലനം കൊണ്ടു എന്ന് ആളുകള്‍ക്കു മനസ്സിലാക്കാനായി എന്തേ അതൊരു അടയാളം അവശേഷിപ്പിക്കാത്തത്? നീലാകാശത്തില്‍ ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്തും ഗമന മാര്‍ഗ്ഗം കാണിക്കാന്‍ അടയാളങ്ങള്‍ ഇടുന്നില്ല. സൊക്രട്ടീസിനെക്കാള്‍, ഷെയ്ക്ക്സ്പിയറിനെക്കാള്‍ പ്രതിഭയുള്ള മഹാവ്യക്തികള്‍ ഈ ലോകത്തു ഉണ്ടായിരുന്നിരിക്കും. പക്ഷേ അവര്‍ ഇവിടെ ജീവിച്ചതായി ഒരടയാളവുമില്ല.
“യേശുവിനെപ്പോലെ ജലത്തിനു മുകളിലൂടെ നടക്കാന്‍ കഴിഞ്ഞാല്‍” “ആര്‍ക്കു കഴിഞ്ഞാല്‍” എനിക്കു കഴിഞ്ഞാല്‍ ഞാന്‍ കടലിന്റെ മുകളിലൂടെ നടന്നു ലണ്ടനിലേക്കു പോകും”
2. ഗ്രന്ഥങ്ങള്‍- നോവല്‍, ചെറുകഥ, ആത്മകഥ, ചരിത്രം-ഓരോ കാലയളവിന്റെ വ്യാഖ്യാനങ്ങളാണ്. അതുകൊണ്ട് സ്വീഡിഷ് ഡോക്ടര്‍ ആക്സല്‍മന്തേയുടെ The Story of Sam Michele എന്ന അതി സുന്ദരമായ ഗ്രന്ഥം വായിക്കാത്തവര്‍ ഒരു സംസ്കാരത്തിന്റെ സവിശേഷതകള്‍ അറിയുന്നില്ല. The Autobiography of anm unknown Indian എന്ന പുസ്തകം വായിക്കാത്തവര്‍ ബംഗാള്‍ ജീവിതത്തിന്റെ രാമണീയകം അറിയുന്നില്ല.
3. നോബല്‍ സമ്മാനം നേടിയ ഒക്താവ്യോ പാസ്സിന്റെ രണ്ടു പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് ബുക്ക് റെവ്യൂവില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒന്നു ഇന്‍ഡ്യയെക്കുറിച്ച്. രണ്ട് ഇന്ത്യയെസ്സംബന്ധിച്ച കവിതകള്‍. ഇസ്ലാമും ഹിന്ദുമതവും ഒരു രാജ്യത്തുള്ള രണ്ടു പരിഷ്കാരങ്ങളാണോ അതോ ഒരു പരിഷ്കാരത്തില്‍ നിന്നു രൂപം കൊണ്ട രണ്ടു മതങ്ങളാണോ എന്ന കാര്യം പാസ്സിന് അറിഞ്ഞുകൂടാ. ഇന്ത്യയിലെ മതമൗലിക വാദത്തിന്റെ വളര്‍ച്ച കണ്ടു പേടിച്ച പാസ്സ് ചോദിക്കുന്നു. ‘Why don’t they call it by its true name fanaticism?” <references>
|
|