സാഹിത്യവാരഫലം 1997 09 05
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര് | |
പ്രസിദ്ധീകരണം | സമകാലികമലയാളം |
തിയതി | 1997 09 05 |
മുൻലക്കം | 1997 08 29 |
പിൻലക്കം | 1997 09 12 |
വായനക്കാരുടെ പ്രതികരണങ്ങള് | ഇവിടെ നൽകുക |
ആലപ്പുഴെ കിടങ്ങാമ്പറമ്പ് മൈതാനത്തിൽ ദേവീവിലാസമെന്ന പേരിൽ നടകശാലയുണ്ടായിരുന്നു. ‘കൊട്ടക’ എന്നാണ് ആലപ്പുഴക്കാർ അതിനെ വിളിച്ചിരുന്നത്. അവിടെ അഭിനയിക്കപ്പെട്ട എത്രയെത്ര നാടകങ്ങളാണ് ഞൻ കണ്ടത്! എം. കെ. ത്യഗരാജഭാഗവതർ, എസ്. ഡി. സുബ്ബലക്ഷ്മി, കുയിൽനാദം വേലുനായർ, ശിവപ്രസാദ് സി.വേലുക്കുട്ടി, സെബാസ്റ്റിൻ കുഞ്ഞുകുഞ്ഞു ഭഗവതർ, അഗസ്റ്റിൻ ജോസഫ്, അക്ബർ ശങ്കരപ്പിള്ള, കൈനിക്കര കുമാരപിള്ള, കൈനിക്കര പദ്മനാഭപിള്ള, ഇവരൊക്കെയായിരുന്നു അന്നത്തെ അഭിനേതാക്കൾ. സുബ്ബലക്ഷ്മി ഒഴിച്ചുള്ള അഭിനേത്രികളുടെ പേരുകൾ എന്റെ ഓർമ്മയിൽ നിന്ന് ഓടിപ്പോയിരിക്കുന്നു. പക്ഷേ അവരുടെ വസ്ത്രധാരണ രീതി ഞാൻ മറന്നിട്ടില്ല. കണങ്കാൽ കവിഞ്ഞ് ഏറിയ കൂറും താഴെ ഇഴയുന്ന സാരിയോ ചേലയോ സ്ത്രീകൾ ഉടുത്തിരിക്കും. കഴുത്തിനു തൊട്ടു താഴെ നിൽക്കും ബ്ലൗസ് അല്ലെങ്കിൽ ജാക്കറ്റ്. ഇന്നത്തെപ്പോലെ പകുതിസ്തനം കാണിക്കുന്ന ഏർപ്പാടേ അന്നില്ലായിരുന്നു. കാലം മാറിയപ്പോൾ ബ്ലൗസുകൾ താഴ്ന്നു താഴ്ന്നു വന്നു. മറയ്ക്കേണ്ട ഭാഗങ്ങൾ മറച്ചാണ് ഹിന്ദി സിനിമയിലെ അഭിനേത്രികൾ ഒരു കാലത്ത് അഭിനയിച്ചിരുന്നത്. ബി. എസ്. സരോജ എന്ന മലയാള ചലച്ചിത്ര താരം നഗ്നത കാണിച്ചിരുന്നില്ല. പിന്നീട് പിന്നീട് ഹിന്ദി ചലച്ചിത്ര താരങ്ങൾ സ്തനങ്ങളൂടെ പകുതിഭാഗം കാണിച്ചു തുടങ്ങി. കാഞ്ചനമാല എന്ന അഭിനേത്രി വക്ഷോജങ്ങൾക്കിടയിലുള്ള നേർത്ത രേഖ പ്രദർശിപ്പിച്ചേ അഭിനയിച്ചിരുന്നുള്ളൂ. കുമാരനാശാൻ പറഞ്ഞതുപോലെ കാലം പിന്നെയും കഴിഞ്ഞു . എസ്തേർ വില്യംസ് എന്ന ഹോളിവുഡ് താരം തുടകളുടെ മുക്കാൽ ഭഗവും, വക്ഷോജങ്ങളുടെ മുഴുവൻ ഭാഗവും കാണിച്ചുകൊണ്ട് ‘ബേത്തിങ് ബ്യൂട്ടി’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചതു കാണാൻ ബാലനായിരുന്ന ഞാൻ വീട്ടിൽ നിന്ന് കണ്ടെടുത്ത പണവും കൊണ്ട് സിനിമാശാലകളിലേക്ക് ഓടിയിരുന്നു. കാലമധികം വേണ്ടിവന്നില്ല നഗ്നതയുടെ പ്രദർശനം യുവാവായിരിക്കെത്തന്നെ അസഹനീയമായിത്തുടങ്ങി എനിക്ക്. അടുത്ത കാലത്ത് കോവളംകടപ്പുറത്ത് ഞാൻ പോയപ്പോൽ സുന്ദരികളും യുവതികളുമായ മദാമ്മമാർ പൃഷ്ഠങ്ങൾക്കിടയിലൂടെ ഒരു നേർത്ത നൂലു മാത്രം ഓടിച്ചുകൊണ്ട് കമിഴ്ന്നുകിടക്കുന്നാതു ക്ലാണാനിടയായി. ‘ഇതിനൊക്കെ നിങ്ങൾ അനുവാദം കൊടുക്കുന്നതെങ്ങനെ’യെന്ന് ഞാനൊരു പോലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചു. അദ്ദേഹം ചിരിച്ചതേയുള്ളൂ. മറുപടി പറഞ്ഞില്ല.
പ്രായം വരുത്തുന്ന മാനസിക നിലയുടെ മാറ്റമല്ല എന്റേത്. ഇന്നത്തെ ചെറുപ്പക്കാർക്കും സ്ത്രീ ശരീരത്തിന്റെ നഗ്നത ഹർഷോന്മാദജനകമാകുന്നില്ല. ‘അതിപരിചയമാർക്കും മാനമില്ലാതെയാക്കും’ എന്ന് കെ. സി. കേശവപിള്ള പറഞ്ഞതാണ് ശരി.
ഈ അതിപരിചയമുളവാക്കുന്ന വൈരസ്യമാണ് ഇന്നത്തെ ചെറുകഥകൾ ഉളവാക്കുന്നത്. ശ്രീ. എം. ആർ. മനോഹരവർമ്മ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ഇരുട്ട്’ എന്ന ചെറുകഥ നല്ല നാലു വാക്കുകൾ പറയണമെന്ന അഭിലാഷത്തോടെയാണ് ഞാൻ വായിച്ചുതുടങ്ങിയത്. വായിച്ചവസാനിച്ചപ്പോൾ അഭിലാഷങ്ങൾ അശ്വങ്ങളായിരുന്നെങ്കിൽ യാചകർ കുതിരസ്സവാരി നടത്തുമായിരുന്നുവെന്ന് എനിക്ക് തോന്നിപ്പോയി. ഒരുത്തന് ആദ്യമായി കേഴ്വി നഷ്ടപ്പെടുന്നു. രണ്ടാമത് നാവനക്കാൻ വയ്യാതെയാവുന്നു. മൂന്നാമത് കാഴ്ചയും ഇല്ലാതാവുന്നു. സമകാലിക മനുഷ്യന്റെ ഭാഗ്യക്കേട്, ദുർദ്ദശ ഇവയാണ് കഥാകാരൻ സൂചിപ്പിക്കുന്നത്. പക്ഷേ എത്രകലമായി ഞാനിത്തരം കാഫ്കേയിസ്ക് കഥകൾ വായിക്കുന്നു! വീണ്ടും വീണ്ടും അവ വേഷം മാറി വരുമ്പോൾ എനിക്ക് ഒരനുഭൂതിയും ഉണ്ടാകുന്നില്ല. കാമോദ്ദീപങ്ങളായ അവയവങ്ങളുടെ ആവർത്തിച്ചുള്ള പ്രദർശനം ചെടിപ്പ് ഉളവാക്കുന്നതുപോലെ ചർചിതചവർണനം ചെയ്ത ഇത്തരം വിഷയങ്ങൾ പടിഞ്ഞാറൻ കഥകൾ ഏറെ വായിച്ചിട്ടുള്ളവരെ വൈരസ്യത്തിലേക്ക് വലിച്ചെറിയും. വെർജീനിയ വുൾഫിന്റെ ‘Kew Gardens’, ബാഷേ വിസ്സിങ്ങറിന്റെ ‘The Spinoza of Market Street’, റെയ്മണ്ട് കാർവറുടെ ‘Cathedral’, ചെക്കോവിന്റെ ‘The Darling’, ഒക്താബ്യോ പാസ്സിന്റെ ‘My Life with the wave’, ഹെൻട്രി ജെയിംസിന്റെ ‘The Beast in the Jungle’ ഇവ പോലുള്ള ‘ഒറിജിനൽ’ ചെറുകഥകൾ എന്നാണ് മലയാള സാഹിത്യത്തിലുണ്ടാവുക?
Contents
ചോദ്യം, ഉത്തരം
നിങ്ങൾ കഥയെഴുതൂ. ഞാൻ സാഹിത്യവാരഫലം എഴുതാം. എന്താ?
- സമ്മതിച്ചു. ട്രാൻസ്പോർട്ട് ബസ്സ് ഓടിക്കുന്നയാൾ ചിലപ്പോൾ വെറും യാത്രക്കാരനായി ബസ്സിൽ സഞ്ചരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. പ്രഗൽഭരായ അധ്യാപകർ ട്രെയിനിങ്ങിനും മറ്റും ചെല്ലുമ്പോൾ വിദ്യാർത്ഥികളായി ഇരിക്കാറുണ്ട്. ഒരു ദിവസം ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ തന്റെ വാഹനത്തിലിരുത്തി വേറൊരു ഡ്രൈവർ കൊണ്ടുപോകുന്നതു ഞാൻ കണ്ടു.”
- “പശ്ചാത്താപം മകൾക്കു മാത്രമുള്ളതാണ്. അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ മക്കൾ ക്രൂരമായി പെരുമാറും. അവർ മരിച്ചു കഴിയുമ്പോൾ ആ ക്രൂരത ശരിയായിരുന്നില്ലെന്നു ഗ്രഹിച്ചു ദുഃഖിക്കും. അതുളവാക്കുന്ന അസ്വസ്ഥത ഒഴിവാക്കാനായിട്ടാണ് അച്ഛനമ്മമാരുടെ പടം എൻലാർജ് ചെയ്തു വീട്ടിൽ വയ്ക്കുന്നതും പുതിയ വീടുവച്ച് അച്ഛന്റെയോ അമ്മയുടെയോ പേരു അതിനിടുന്നതും.”
“നിങ്ങളെ ടെലിവിഷനിൽ കാണാത്തതിനു കാരണം?”
- “അധികാരികൾ എന്നെ ദയാപൂർവ്വം വിളിക്കാറുണ്ട്. പക്ഷേ വിനയത്തോടെ ഞാൻ ആ ക്ഷണം നിരാകരിക്കുന്നു. സാഹിത്യ അക്കാഡമിയിലോ മറ്റു കമ്മിറ്റികളിലോ അംഗമാകാൻ എനിക്കിഷ്ടമില്ല. ഒരിക്കൽ അക്കാഡമിയിൽ ഞാൻ അംഗമായത് സാഹിത്യസംസ്കാരം നല്ലപോലെയുള്ള ശ്രീ. ടി. കെ. രാമകൃഷ്ണൻ നേരിട്ടു പറഞ്ഞതു നിരസിക്കാൻ മടിച്ചാണ്. എനിക്കു വലിയ കെട്ടിടം വേണമെന്നോ കാർ സ്വന്തമായി ഉണ്ടായിരിക്കണമെന്നോ തോന്നിയിട്ടില്ല. മീറ്റിങ്ങുകൾക്ക് പൊയ്ക്കൊണ്ടിരുന്ന കാലത്ത് വീട്ടിൽ വന്നാൽ ആദ്യം ചെയ്യുന്ന പണി റ്റെലിഫോണിൽ പത്രമാപ്പീസുകാരെ വിളിച്ച് എന്റെ പ്രസംഗം പത്രത്തിൽ റിപോർട് ചെയ്യരുതെന്ന് അപേക്ഷിക്കലായിരുന്നു. ഭാര്യാപിതാവു മരിച്ചപ്പോൾ വലിയ സ്വത്ത് എനിക്കുകിട്ടി. ആ നെൽവയലുകളും തെങ്ങിൻ പുരയിടങ്ങളും ചെന്നു നോക്കുക പോലും ചെയ്യാതെ മരുമക്കളെ വിളിച്ച് അവ വീതിച്ചെടുത്തുകൊള്ളാൻ പറഞ്ഞു. ഞാൻ ഇന്നുവരെ അവ കണ്ടിട്ടുമില്ല. എന്റെ പേരിൽ ഒരിഞ്ച് ഭൂമിയില്ല. ലോകത്ത് ഏതു ബാങ്ക് പൊളിഞ്ഞാലും എനിക്ക് അഞ്ചുരൂപയേ നഷ്ടം വരൂ.”
“ഞാൻ എല്ലവരെയും ബഹുമാനിക്കണോ?”
- “ബഹുമാനിക്കുന്നതിനു മുൻപ് അവരുടെ കൂട്ടത്തിൽ പണം പിരിക്കാനെത്തുന്നവരുണ്ടോ എന്നുകൂടി നോക്കിക്കൊള്ളണം.”
“ഇത്രയും കാലം ജീവിച്ചതിൽ നിന്നു നിങ്ങളെന്തു മനസ്സിലാക്കി?”
- “പ്രഭാതം മധ്യാഹ്നത്തിലേക്കു ചെല്ലുന്നു. മധ്യാഹ്നം സായാഹ്നത്തിലേക്കു പോകുന്നു. സായാഹ്നം രാത്രിയായി മാറുന്നു. ഇതു താങ്കളും ഓർമ്മിച്ചാൽ നന്ന്.”
“വദനം യഥാർത്ഥത്തിൽ മാനവന്റെ ഹൃദയത്തിൽ കണ്ണാടി തന്നെയെങ്കിൽ?”
- “തെറ്റ്. വഞ്ചകന്റെ, ദുഷ്ടന്റെ ഹൃദയത്തിലുള്ളതു മുഖം കാണിക്കില്ല.”
“ഏറ്റവും നല്ല ഫോട്ടോഗ്രാഫർ ആര്?”
- “കേരളത്തിലോ? എങ്കിൽ മലയാള മനോരമയിലെ ജയചന്ദ്രനെ അതിശയിച്ച വേറൊരു ഫോട്ടോഗ്രാഫർ ഇല്ല.”
ഭാഗ്യം
കേട്ടാൽ കള്ളമെന്നേ തോന്നൂ. എന്നാൽ സത്യമാണ്. അറുപതു വർഷം മുൻപ് വീട്ടിൽ മധ്യതിരുവിതാംകൂർകാരനായ ഒരു രാമപ്പണിക്കർ (പേര് ഇതല്ല) പരിചാരകനായി നിന്നിരുന്നു. അയാൾക്ക് പതിനാറു വയസ്സ് വരും അക്കാലത്ത്. ഏതാനും വർഷങ്ങൾ വീട്ടിൽ കഴിഞ്ഞു കൂടിയിട്ട് അയാൾ തിരിച്ചു നാട്ടിലേക്കു പോയി. കാലമേറെകഴിഞ്ഞപ്പോൾ ആരോ എന്നോടു പറഞ്ഞു ‘നിങ്ങളുടെ വീട്ടിൽ വേലക്കാരനായി നിന്ന രാമപ്പണിക്കർ ഇന്നു വലിയ ധനികനാണ്. നാട്ടിലെ പൗരപ്രമുഖൻ. അയാൾ വിചാരിച്ചാൽ എന്തു കര്യവും നടക്കും.’ പണിക്കരുടെ വീട്ടുപേരൊക്കെ മനസ്സിലാക്കിയ ഞാൻ ഒരു ദിവസം വടക്കൊരു മീറ്റിങ്ങിനുപോയിട്ടു തിരിച്ചു വരുമ്പോൾ അയാളുടെ വീട്ടിൽച്ചെന്നു. പൂമുഖത്തു വലിയ ചൂരൽക്കസേര. അതിൽ പണിക്കർ ചാരിക്കിടക്കുന്നു. അനുചരന്മാർ പഞ്ചപുച്ഛമടക്കി തെല്ലു ദൂരെ നിൽക്കുന്നു. എന്റെ വീട്ടിൽ നിൽക്കുമ്പോൾ കരിക്കട്ടപോലെ കറുത്തിരുന്ന അയാൾ ഞാൻ കണ്ട സന്ദർഭത്തിൽ തനി തങ്കവിഗ്രഹം. മുറ്റത്തു മൂന്നു കാർ. ഒന്ന്: കോണ്ടസ. രണ്ട്: അംബാസഡർ. മൂന്ന്: മാരുതി. കോണ്ടസ പണിക്കർക്കു സഞ്ചരിക്കാൻ. അംബാസഡർ പണിക്കരുടെ ഭാര്യക്കു ഷോപ്പിങ്ങിനു പോകാൻ. മാരുതി കുട്ടികൾക്കു സ്ക്കൂളിൽ പോകാൻ. ഞാൻ പൂമുഖത്തു ചെന്നുകയറി. രാമപ്പണിക്കരേ എന്നു വിളിക്കാൻ എനിക്കു പേടിയായിരുന്നു. അതുകൊണ്ട് ‘എന്നെ അറിയുമോ?’ എന്നു മാത്രം ചോദിച്ചു. പണിക്കർ എന്നെ ഒന്നു നോക്കിയിട്ട് ചാടിയെഴുന്നേറ്റു. കണ്ണീരോടെ ‘അല്ല ഇതാര്. കുഞ്ഞോ എന്നു ചോദിച്ചു (എന്റെ വീട്ടിൽ പണിക്കർ പരിചാരകനായിരുന്നപ്പോൾ അങ്ങനെയാണ് ബാലനായ എന്നെ വിളിച്ചിരുന്നത്). എന്റെ പാദങ്ങളിൽ തൊട്ടു സ്വന്തം കണ്ണിൽ വച്ചു. എന്നെ ആ ചാരുകസേരയിൽ പിടിച്ചിരുത്തി. ഞാൻ എത്ര അപേക്ഷിച്ചിട്ടും ആ ധനികൻ എന്റെ മുൻപിൽ ഇരുന്നില്ല. സൽക്കാരമെല്ലാം കഴിഞ്ഞ് ഞാൻ പോരാൻ ഭാവിച്ചപ്പോൾ അയാൾ ഏത്തകുലകൾ, ചേനകൾ, കച്ചിലുകൾ ഇവയെല്ലാം കൊണ്ടു കാറിന്റെ പിറകുവശം നിറച്ചു. ‘ഞാൻ കുഞ്ഞന്റെ പഴയ വേലക്കാരൻ രാമപ്പണിക്കരാണ് ഇപ്പോഴും’ എന്ന് അയാൾ പറഞ്ഞപ്പോൾ എനിക്കു കരച്ചിൽ അടക്കാൻ വയ്യാതെയായി. എന്റെ കാറ് മറയുന്നതുവരെ അയാൾ നോക്കിക്കൊണ്ടു നിൽക്കുന്നതു ഞാൻ കണ്ടു. കുറേ വർഷങ്ങൾക്കു മുൻപ് രാമപ്പണിക്കർ മരിച്ചുപോയി. അയാളെ ഓർമ്മിക്കുമ്പോഴൊക്കെ ഇപ്പോൾ ഇതെഴുതുമ്പോൾ എന്റെ നയനങ്ങൾക്ക് ആർദ്രത ഉണ്ടാകുന്നു. രാമപ്പണിക്കരുടെ സ്വഭാവത്തിനു നേരേ വിപരീതമായി പ്രവർത്തിക്കുന്നവരുണ്ട്. നിന്ദ്യസ്സ്വഭാവം കാണിക്കുന്നവരുണ്ട്. അങ്ങനെ ഒരാളെയാണ് ശ്രീ. ജി. പ്രകാശ് ‘ശബ്ദാതീത’മെന്ന കഥയിൽ ചിത്രീകരിക്കുന്നത് (കഥ ദേശാഭിമാനി വാരികയിൽ). കഴിവൊന്നുമില്ലാത്ത ഒരുവൻ കലയുടെ മണ്ഡലത്തിൽ സമുന്നതസ്ഥാനത്ത് എത്തുന്നു. മനുഷ്യത്വത്തെ മാറ്റിവച്ചിട്ട് അയാൾ യശസ്സിന്റെ അടിമയായി മാറുന്നു. അതോടെ ജീവിതത്തിന്റെ അടിസ്ഥാനം തകരുന്നത് അയാൾ അറിയുന്നില്ല. സഹധർമ്മിണി, അമ്മ, സ്വന്തം കുഞ്ഞ് ഇവരോടുള്ള സ്നേഹം അയാൾ ത്യജിക്കുന്നു. വിഷയം കൊള്ളാം. പക്ഷേ അത് കലാരൂപമാർജ്ജിക്കുന്നില്ല. ഉപന്യാസത്തിന്റെ മട്ടിലാണ് പ്രകാശ് എഴുതുന്നത്.
നിരീക്ഷണങ്ങൾ
“തന്റെ കാലയളവിന്റെ ഇച്ഛാശക്തിയെ വാക്കുകളിലൂടെ ആവിഷ്ക്കരിക്കുന്നവനാണ് മഹാൻ. ആ കാലയളവിനോട് അതിന്റെ ഇച്ഛാശക്തി എന്തെന്ന് അദ്ദേഹം പറയുന്നു. അതു സാക്ഷാൽക്കരിക്കുകയും ചെയ്യുന്നു. ആ കാലയളവിന്റെ സാരാംശത്തെയും ഹൃദയത്തെയും അവലംബിച്ചാണ് അദ്ദേഹത്തിന്റെ പ്രവൃത്തി. ആ കാലയളവിനെ അദ്ദേഹം യഥാർത്ഥീകരിക്കുന്നു.” തത്ത്വചിന്തകനായ ഹേഗലിന്റെ ഈ അഭിപ്രായം തികച്ചും സ്വീകരണീയമായിരിക്കുന്നുവെന്നു പറയാൻ ഞാനാര്?
വിസ്മരിക്കാനാവാത്ത സേവനങ്ങൾ അനുഷ്ഠിച്ച് മാനവരാശിയെ ഉയർത്തിയ വ്യക്തികളെ നിന്ദിച്ചു ഗ്രന്ഥങ്ങളെഴുതുക എന്നത് സർവ സാധാരണമായിരിക്കുന്നു. ബഹുജനം ഇവയെ പുച്ഛത്തോടെ തള്ളിക്കളയാറുണ്ടെങ്കിലും
ഒരു ന്യൂനപക്ഷത്തെ മലീമസമാക്കാൻ ഇതു സഹായിക്കുന്നുമുണ്ട്. ജിദ്ദു കൃഷ്ണമൂർത്തി, ജവാഹർലാൽ നെഹ്രു, ബ്രഹ്റ്റ്, ഐൻസ്റ്റൈൻ, മവോ സെ ദുങ് ഇവരുടെ സ്വകാര്യജീവിതത്തിലെ അനിയതത്വം എടുത്തുകാണിച്ച് അവരോടു ഒരു വിഭാഗം ജനതയ്ക്കു വെറുപ്പു ജനിപ്പിക്കുന്ന ഗ്രന്ഥങ്ങൾ പലരും എഴുതിക്കഴിഞ്ഞു. ലക്ഷകണക്കിനല്ല കോടികണക്കിന് അവ വിറ്റു പോയി. ഇപ്പോഴും വിൽക്കുന്നുണ്ട്. പ്രസാധകരും ഗ്രന്ഥകാരന്മാരും കോടീശ്വരന്മാരായിക്കഴിഞ്ഞു. ഇവയെല്ലാം ഞാൻ വായിച്ചു. ചില പുസ്തകങ്ങളെക്കൂറിച്ച് ഈ പംക്തിയിൽ എഴുതുകയും ചെയ്തു. എങ്കിലും ആ ഗ്രന്ഥങ്ങളിൽ വിവരിച്ച കുത്സിത പ്രവൃത്തികൾ മനസിലാക്കിയ ഞാൻ ഞെട്ടിപ്പോയില്ല. പ്രകാശത്തിന്റെ ഊർജ്ജം പയ്ക്കറ്റുകളായിട്ടാണ് മാറ്റപ്പെടുന്നതെന്ന ഐൻസ്റ്റൈന്റെ അഭിപ്രായത്തിൽ അദ്ദേഹം സന്താനങ്ങളോട് ക്രൂരത കാണിച്ചു എന്നത് സ്വാധീനത ചെലുത്തുമോ? ബർട്രൻഡ് റസ്സൽ സ്ത്രീകളിൽ ആസക്തിയുള്ളവനായിരുന്നതു കൊണ്ട് ഗണിതശാസ്ത്രപരമായ ലോജിക്കിനു വികാസം വരുത്തിയ അദ്ദേഹത്തിന്റെ സുപ്രധാന യത്നം നിന്ദ്യമായിച്ചമയുമോ? മവോ സ ദുങിനു പല രോഗങ്ങളുമുണ്ടായിയെന്നുവരാം. അതുകൊണ്ട് ആധുനിക ചൈനയുടെ പിതാവാണ് അദ്ദേഹം എന്ന സത്യത്തെ ആ രോഗങ്ങൾ അസത്യമാക്കി മാറ്റുമോ? നെഹ്രു ലേഡിമൗണ്ട് ബാറ്റനുമായി അനാശാസ്യബന്ധം പുലർത്തിയിരുന്നെങ്കിൽ തന്നെയും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി രാജ്യത്തെ ആദരണീയ സ്ഥാനത്ത് എത്തിക്കുന്നതിൽ ആ ബന്ധം പ്രതിബന്ധം സൃഷ്ടിച്ചോ? ഞാൻ അനിയതത്വത്തെ നീതിമത്കരിക്കുകയല്ല. വിശപ്പും കാമവുമാണ് രണ്ടു പ്രാഥമിക വികാരങ്ങൾ. അവ സാധാരണക്കാരിലും മഹാവ്യക്തികളിലും പ്രാദുർഭാവം കൊള്ളും. അവയെ പെരുപ്പിച്ച് കാണിച്ച് വ്യക്തികളുടെ വലിയ നേട്ടങ്ങളെ തിച്ഛീകരിക്കരുതെന്നേ പറയുന്നുള്ളൂ.
വാക്കിന്റെ ശക്തി
ഞാൻ പ്ലൂട്ടാർക്കിന്റെ ചില ജീവചരിത്രങ്ങൾ വായിച്ചിട്ടുണ്ട്. റോമക്കാരെക്കുറിച്ചും ഗ്രീക്കുകാരെക്കുറിച്ചും അദ്ദേഹമെഴുതിയ പ്രബന്ധങ്ങളെയാണ് ഞാൻ ലക്ഷ്യമാക്കുന്നത്. രസപ്രദമാണ് ഓരോ പ്രബന്ധവും. വിശേഷിച്ചും സീസറിനെക്കുറിച്ചുള്ളത്. സീസറിന്റെ ബന്ധുവായിരുന്ന പാം പിയസ് (ഇംഗ്ലീഷിൽ പാംപീ - Pompey) ആദ്യമൊക്കെ അദ്ദേഹത്തിനു അനുകൂലനായിരുന്നെങ്കിലും ഒടുവിൽ ശത്രുവായി. യുദ്ധത്തിൽ തോറ്റ പാംപീയസ് ആശ്രയം തേടി ഈജിപ്തിലേക്കു പാലായനം ചെയ്തു. പക്ഷേ താലമി രാജാവിന്റെ (Ptolemy) ആജ്ഞയാൽ അയാൾ നിഗ്രഹിക്കപ്പെട്ടു. പാംപീയസിന്റെ മരണത്തിനു ശേഷം സീസർ ഈജിപ്തിലെ അലിഗ്സാൺഡ്രിയയിൽ ചെന്നു. തീയാഡറ്റസ് (Theodotus) പാംപീയസിന്റെ തലയുമായി സീസറിന്റെ മുൻപിൽ ചെന്നപ്പോൾ സീസർ അയാളെ നോക്കിയതുപോലുമില്ല. മാത്രമല്ല പാംപീയസിന്റെ മുദ്രമോതിരമെടുത്തു നോക്കി കണ്ണിരൊഴുക്കുകയും ചെയ്തു. സീസറിന്റെ നിശബ്ദമായ ബാഷ്പവർഷമുണ്ടല്ലോ അത് അദ്ദേഹത്തിന്റെ ഏതു ഉപാലംഭത്തെക്കാളും സുശക്തമാണ്. ജയിച്ചവൻ തോറ്റവനോടു സംസാരിക്കില്ല. അയാളുടെ തലയിലേക്കോ അതു കൊണ്ടുവരുന്നവന്റെ മുഖത്തേക്കോ നോക്കുകയുമില്ല. അതിനാൽ എപ്പോഴും മൗനം മതി എന്നു ധരിക്കരുത്. രാജവാഴ്ചയുണ്ടായിരുന്ന കാലത്ത് രാജാവ് സചിവനോട് കൽപിക്കും. സചിവൻ ഉദ്യോഗസ്ഥരോടു ആജ്ഞാപിക്കും (ഇപ്പോൾ മറിച്ചാണ്). അമ്മ മക്കളോട് ഇന്നതു ചെയ്യു, ഇന്നതു ചെയ്യരുത് എന്നു പറയൗമ് (ഇപ്പോൾ മറിച്ചാണ്). വാക്കുകൾക്കു ശക്തി നൽകുന്നതു അധികാരമാണ്. കലാശക്തി എന്ന അധികാരമുള്ള എഴുത്തുകാരൻ പറയേണ്ട രീതിയിൽ പറഞ്ഞാൽ സഹൃദയർ അയാൾക്കു വിധേയരാകും. ആ വിധേയത്വമാണ് എനിക്ക് ശ്രീ. ബാലകൃഷ്ണൻ മാങ്ങാടിന്റെ ‘സ്വപ്നത്തിലെ വീടേ’ എന്ന ചെറുകഥ (മലയാളം വാരിക) വായിച്ചപ്പോൾ ഉണ്ടായത്. ഒരു കൊച്ചു വീടുവച്ച് താമസിക്കാൻ തുടങ്ങിയ ഒരു പാവത്തിനുണ്ടാകുന്ന ദൗർഭാഗ്യങ്ങൾ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന മട്ടിൽ ബാലകൃഷ്ണൻ പ്രതിപാദിക്കുന്നു. വർണ്ണ്യവിഷയത്തിന് അനുരൂപമായ ലയമുണ്ട് കഥാകാരന്റെ വാക്യങ്ങൾക്ക്.
ഒ. എൻ. വി
കൃഷ്ണപ്പരുന്ത് നീലാന്തരീക്ഷത്തിൽ ഭ്രമണം ചെയ്യുന്നു. അനന്ത വിസ്തൃതമായ ആകാശത്തിൽ അത് ആധിപത്യം പുലർത്തുന്നു. എന്റെ വീട്ടിന്റെ മുൻപിലുള്ള വയലിൽ ഒരു വെള്ളക്കൊക്ക് ഒറ്റക്കാലിൽ തപസ്സു ചെയ്യുന്നു. എതാനുമടി നീളവും അതിൽ കുറഞ്ഞ വീതിയുമുള്ള നെൽവയൽ അതിന്റെ സാമ്രാജ്യമാണ്. ഭർത്താവിനെ പരിരക്ഷിക്കുന്ന ഭാര്യ കാലത്തുതൊട്ട് രാത്രി പത്തുമണിവരെ അടുക്കളയിൽ ജോലിയിലേർപ്പെട്ടിരിക്കുന്നു. അതാണ് ആ സ്ത്രീയുടെ സാമ്രാജ്യം. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി അതിന്റെ വിശാലതയിൽ ആധിപത്യം പുലർത്തുന്നു. ആ രാഷ്ട്രത്തെക്കുറിച്ച് ഉദാത്ത സങ്കല്പങ്ങളുണ്ട് അദ്ദേഹത്തിന്. അതാണ് അദ്ദേഹത്തിന്റെ ജീവിതം. വർഷകാലത്ത് വയലിന്റെ ഒരു കോണിലുള്ള കൊച്ചു കുഴിയിൽ വെള്ളം കെട്ടുന്നു. അതിൽ മത്സ്യം കണ്ടേക്കുമെന്ന പ്രതീക്ഷയോടുകൂടി ഒരാൾ ചൂണ്ടയിൽ ഇര കോർത്തു വെള്ളത്തിലിട്ടു നിശ്ചലനായി ഇരിക്കുന്നത് ഞാൻ മിക്കവാറും കാണുന്ന കാഴ്ചയാണ്. ആ പൊട്ടകുഴിയാണ് അയാളുടെ അപ്പോഴത്തെ ജീവിതം. ഉദാത്തവും ക്ഷുദ്രവുമായ ഈ ജീവിതങ്ങളെ അവയുടെ പ്രാഥമിക ഘടകങ്ങളിലേക്കു കൊണ്ടുവരൂ. നമ്മൾ അനുഭൂതിയിൽ മാത്രം ചെന്നു നിൽക്കും. ആ അനുഭൂതി പ്രധാനമന്ത്രിക്കും മീൻ പിടിക്കുന്നവനും ഒരേ രീതിയിലായിരിക്കും. അനുഗ്രഹീതനായ കവി ആ അനുഭൂതിയെ ആവിഷ്കരിക്കുമ്പോൾ, ആവിഷ്കാരം സമുചിതവും സമഞ്ജസവുമാകുമ്പോൾ നീലാകാശത്തിന്റെ വിശാലതയും നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഉദാത്തതയും ഉണ്ടാകും. ആ ഉദാത്തമായ സ്വഭാവമാണ് ശ്രീ. ഒ. എൻ. വി. യുടെ ‘കണ്ണുകൾ’ എന്ന മനോജ്ഞമായ കാവ്യത്തിനുള്ളത്. കാവ്യത്തിന്റെ ആദ്യത്തെ ഖണ്ഡത്തിൽ അമ്മയുടെ സ്നേഹവും രണ്ടാമത്തെ ഖണ്ഡത്തിൽ പ്രേമഭാജനത്തിന്റെ സ്നേഹവും സ്ഫുടീകരിക്കപ്പെടുന്നു. വ്യക്തിനിഷ്ഠങ്ങളായ അനുഭൂതികൾ. പക്ഷേ കവി അവയെ ഉചിതങ്ങളായ ബിംബങ്ങളിലൂടെ പ്രാദുർഭാവം കൊള്ളിക്കുമ്പോൾ അനുവാചകർ കവിയുടെ സ്ഥാനത്തു തങ്ങളെത്തന്നെ പ്രതിഷ്ഠിച്ച് രസബോധനിഷ്ഠമായ വികാരത്തിനു വിധേയരാകുന്നു.അനുധ്യാനത്തിന്റെ പ്രശാന്തതയെന്നു ഞാനെപ്പോഴും പറയാറുണ്ടല്ലോ. ആ പ്രശാന്തത നിത്യജീവിതത്തിലെ പ്രശാന്തതയല്ല. അത് അലൗകികച്ഛായയുള്ള വിശ്രാന്തിയരുളുന്നു. അങ്ങനെ ഒ. എൻ. വി. യുടെ ഈ കാവ്യം ഉത്കൃഷ്ടത ആവഹിക്കുന്നു. പ്രേമഭാജനത്തെക്കുറിച്ചുള്ള ചില വരികൾ മാത്രം ഞാനെടുത്തെഴുതട്ടെ:
നിന്മിഴികളെൻ പ്രിയേ,
നിശ്ശബ്ദ ഗീതികൾ!
നമ്മളന്യോന്യമറിയാതിരുന്ന നാൾ
നമ്രമുഖം തെല്ലുയർത്തിയിടക്കിടെ
എൻ നേർക്കു നോക്കിയും നോക്കാതെയുമിരു-
ന്നെന്റെയുൾത്താമരത്താളിൽ തപോവന-
കന്യകയെപ്പോലെയെന്തോ കുറിച്ചിട്ട
നിന്മിഴിക്കോണുകൾ പ്രേമാർദ്രഗീതികൾ!
നിൻമിഴികളെൻ പ്രിയേ,
നിശ്ശബ്ദഗീതികൾ!
നിശ്ശബ്ദ ഗീതികളെന്ന് കവി. തടാകത്തിൽ അലകൾ ഇളകുമ്പോൾ ശബ്ദമില്ല. നിശ്ശബ്ദലയത്തിലൂടെ നമ്മളെ സ്നേഹത്തിന്റെ സത്യസാമ്രാജ്യത്തിൽ എത്തിക്കുന്നു ഈ വരികൾ. മറ്റുള്ള ഖണ്ഡങ്ങളും ഇങ്ങനെ തന്നെ. ഒ. എൻ. വി. യുടെ ഈ കാവ്യത്തിൽ നിന്ന് സത്യത്തിന്റെ നാദമുയരുന്നു. സൗന്ദര്യത്തിന്റെ അനുഭൂതി അനുവാചകന് ഉണ്ടാകുന്നു (കാവ്യം ‘ചില്ല’ മാസികയിൽ).
കലയുടെ നിലാവ്, എട്ടുകാലിയുടെ വൈരൂപ്യം
ഒക്താബ്യോ പാസ്സിന് നോബൽ സമ്മാനം കൊടുത്ത വർഷത്തിൽ അത് മെക്സിക്കൻ നോവലിസ്റ്റായ കർലോസ് ഫ്വേൻതേസിന് നൽകിയേക്കുമെന്നൊരു വാർത്ത പരന്നിരുന്നു. ആ ജനസംസാരത്തിന് അടിസ്ഥാനമില്ലാതില്ല. ഫ്വേൻതേസ് നോബൽ സമ്മാനത്തിന് അർഹൻ തന്നെ. 1996 - ൽ പ്രസിദ്ധപ്പെടുത്തിയ “Diana - The Goddess Who Hunts Alone” എന്ന കൃതി വായിച്ചപ്പോൾ എന്റെ ആ വിശ്വാസത്തിന് ദൃഡീകരണം ലഭിച്ചു. അത്രയ്ക്കുണ്ട് അതിന്റെ കലാസൗഭഗം. അച്ചടിക്കാൻ വയ്യാത്ത അശ്ലീല്ലവർണ്ണനകൾ കുറേ പുറങ്ങളിൽ ദൃശ്യങ്ങളാണെങ്കിലും കലയുടെ പ്രകാശത്തിൽ അവ അപ്രത്യക്ഷങ്ങളായിപ്പോകുന്നു.
ഫ്വേൻതേസ് പ്രശസ്തയായ ചലച്ചിത്രതാരം ഡയനയെ മെക്സിക്കോയിൽ വാച്ചാണ് ആദ്യമായി കാണുന്നത്. അവൾ രാത്രിദേവത. ചാന്ദ്രപ്രകാരഭേദം - Lunar metamorphosis എന്ന് ഫ്വേൻതേസ് - ഒരു ദിവസം പൂർണ്ണത, അടുത്ത ദിവസം തൊട്ട് അധോഗതി, അടുത്ത ദിവസം ആകാശത്ത് ഒരു വെള്ളി നഖം. ഗ്രഹണം. ഏതാനും ആഴ്ചകൾക്കുള്ളിൽ മരണം. തന്നേക്കാൾ വേഗമോടുന്ന പുരുഷനു മാത്രം വഴങ്ങിക്കൊടുക്കുന്ന ഓട്ടക്കാരിയാണ് ഡയന. മിതോളജിയിലെ ഡയന തനിച്ച് വേട്ടയാടുന്നവളാണ്. ഫേൻത്വേസ് കാമുകിയായി സ്വീകരിച്ച ഡയനയും തനിച്ചു വേട്ടയാടുന്നവൾ തന്നെ. അവളൂടെ മന്ദസ്മിതം - സംഗീതാത്മകമായ ചിരി - മെക്സിക്കോയിലെ ഡിസംബർ മുപ്പത്തിയൊന്നാം തീയതി രാത്രിയിലാണ് ആ രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള നോവലിസ്റ്റ് കണ്ടത്. ആയിരമായിരം പുരുഷന്മാർ അവളോടൊത്തുള്ള ശയനം അഭിലഷിക്കുന്നു. ഫ്വേൻതേസിനും ഉണ്ടായി അതേ ആഗ്രഹം. ചലച്ചിത്ര താരം ആവഗാർഡ്നറേപ്പോലെ ചലനഭംഗിയാർന്നവൾ. ഗാർബയെപ്പോലെ ദുർജ്ഞേയ. ഇൻഗ്രിഡ്ബർഗ്മാനെപ്പോലെ വിശ്വാസമുള്ളവൾ. അങ്ങനെയുള്ള ഡയനയെ നോക്കി ഫ്വേൻതേസ് പറഞ്ഞു: “You’re Diana, the Goddess who hunts by moon light”.
“സ്ത്രീയുടെ മുൻപിൽ കാലവും മുഖസ്തുതിയും സമർപ്പിക്കൂ. നിങ്ങൾക്ക് ആക്രമിച്ചു കീഴടക്കാൻ വയ്യാത്തവളായ ഒരു സ്ത്രീയും ഈ ലോകത്തില്ല”. എന്നാണ് ഫ്വേൻതേസിന്റെ അഭിപ്രായം. പണം, സൗന്ദര്യ ഇവ രണ്ടിനേക്കാളൂം പ്രാധാന്യം കാലത്തിനും മുഖസ്തുതിക്കും ആണ്. ഫ്വേൻതേസ് ഈ വിശ്വാസമനുസരിച്ച് പ്രവർത്തിച്ചു. ഡയന കീഴടങ്ങി. അതിന്റെ വിവരണം പുസ്തകത്തിന്റെ 96, 97 പുറങ്ങളിലുണ്ട്. ആദ്യം ഞനെഴുതിയതു പോലെ അതിൽ നിന്ന് ഒരു വാക്യം പോലും ഇവിടെ എടുത്തെഴുതാൻ വയ്യ.
ഇത്തരം ബന്ധങ്ങൾ ദുഃഖത്തിലേ ചെന്നെത്തൂ. സ്നേഹം ഔന്നത്യത്തിലെക്കും കാമം താഴ്ചയിലേക്കും ചെല്ലും. ഡയന ഫ്വേൻതേസിനെ ബഹിഷ്കരിച്ചു. ഒരു നീഗ്രോ യുവാവുമായി ബന്ധം സ്ഥാപിച്ചു. ആരിൽ നിന്നാണ് അവൾ ഗർഭം ധരിച്ചതെന്ന് അറിഞ്ഞുകൂടാ. പ്രസവിച്ചു. കുഞ്ഞ് വെള്ളക്കാരന്റേയോ അതോ നീഗ്രോയുടേതോ? അറിയാൻ വയ്യ. ഡയനയുടേ വയറു കീറിയാണ് കുഞ്ഞിനെ ഡോക്ടർ എടുത്തത്. അത് മരിച്ചു പോവുകയും ചെയ്തു. കുഞ്ഞിന്റെ മൃതശരീരത്തിന്റെ 180 ഫോട്ടോകൾ ഡയന എടുത്തു.
കാലം കഴിഞ്ഞ് ഫ്വേൻതേസ് അവളെ ഒരിടത്ത് വച്ച് കണ്ടു. അദ്ദേഹത്തെ നോക്കി അവൾ ചിരിച്ചു. എങ്കിലും ഫ്വേൻതേസിനെ അവൾ മനസ്സിലാക്കിയില്ല. പരീസിലെ ഒരിടുങ്ങിയ നടപ്പാതയിൽ ഇട്ട കാറിൽ ഡയനയുടെ അഴുകിയ ശരീരം കാണപ്പെട്ടു. രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിരിക്കും അവൾ മരിച്ചിട്ട്. Sex is a hairy spider, an all devouring trantula, a black hole from which you never emerge if you give into it എന്ന് St. Augustine പറഞ്ഞതായി സ്പാനിഷ് ഫിലിം സംവിധായകൻ ലൂയിസ് ബുൻ യുവെൽ (Bunuel) ഫ്വേൻതേസിനെ അറിയിച്ചു. ആ എട്ടുകാലിയുടെ ഭയങ്കരത ഇപ്പുസ്തകത്തിലുണ്ട്. അതേ സമയം കലയുടെ നിലാവും.
|
|