ചോദ്യോത്തരങ്ങൾ
|
ശ്രീ എം കൃഷ്ണന് നായരുടെ മുപ്പത്തിയാറു കൊല്ലം നീണ്ടുനിന്ന സാഹിത്യവാരഫലം എന്ന പ്രതിവാരപംക്തിയില്‍ അദ്ദേഹം ഹാസ്യാത്മകമായി എഴുതിയ ചോദ്യോത്തരങ്ങളുടെ സങ്കലനമാണ് ഈ താളില്‍.
1987
സാഹിത്യവാരഫലം 1987 02 01
സന്മാർഗ്ഗത്തിന് എന്ത് വിലയുണ്ട്?
- ലോകമലയാള സമ്മേളനത്തിന് തിരുവനന്തപുരത്തു നിന്ന് ബർലിൻ വരെ മാത്രം പോകാനുള്ള വിമാനക്കൂലിയുടെ വിലയുണ്ട്.
ഒരു കാര്യത്തിൽ എല്ലാ സ്ത്രീകളും ഒരുപോലെയാണ്. എപ്പോൾ?
- വ്യഭിചാരകർമ്മത്തിൽപ്പെട്ട സ്ത്രീയെ ‘തൊട്ടകൈക്ക്’ ബന്ധു പിടിക്കുമ്പോൾ അവൾ ധിക്കാരം കാണിക്കുന്ന സന്ദർഭത്തിൽ.
- ഇതെന്റെ ഇഷ്ടമാണ്. താനാരാ ചോദിക്കാൻ?’ എന്ന് അവൾ പറയും. ആ മറുപടി എല്ലാ വ്യഭിചാരിണികളും നൽകും.
ഏതു മണ്ഡലത്തിലും സത്യമായിത്തീരുന്ന പ്രസ്താവമുണ്ടോ?
- ഉണ്ട്. കവിതയിൽ! ‘വെള്ളത്താമരപോൽ വിശുദ്ധി വഴിയും സ്ത്രീചിത്തമേ’ എന്നു കവി പറയുമ്പോൾ സത്യം പ്രകാശിക്കുന്നു. ‘അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ’ എന്ന് അതേ കവി പറയുമ്പോഴും സത്യം.
- മീലാൻ കുന്ദേര എന്ന സാഹിത്യകാരൻ ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്. ഭാവാത്മക കവിക്ക് ഒന്നും തെളിയിക്കേണ്ടതായില്ല. സ്വന്തം വികാരത്തിന്റെ തീവ്രത തന്നെയാണ് ആ തെളിവ്.
- ‘Life is Elesewhere’ എന്ന നോവലിൽ. 1986-ലാണ് അതിന്റെ ഇംഗ്ലീഷ് തർജ്ജമ നമുക്കു ലഭിച്ചത്.
നവീനസാഹിത്യത്തിലെ പ്രതിഭാശാലികൾ ആരെല്ലാം?
- മീലാൻ കുന്ദേര, വാൾട്ടർ അബിഷ്, ബ്രേതൻ ബ്രേതൻ ബാഹ്, കാവ് റീറ ഇൻഫാന്റേ, മാറിയോ വാർഗാസ് യോസ, അമാദു, ഏതൽ ഫൂഗാഡ്.
ഏതൽ ഫൂഗാഡാണോ വൊള സൊയിങ്കയാണോ വലിയ എഴുത്തുകാരൻ?
- സംശയമില്ല. ഏതൽ ഫൂഗാഡ്. അദ്ദേഹത്തിന്റെ ‘റോഡ് റ്റു മെക്ക’ എന്ന നാടകത്തിന്റെ അടുത്തു വരുന്ന ഒരു നാടകം സൊയിങ്ക എഴുതിയിട്ടില്ല.
സാഹിത്യവാരഫലം 1987 03 01
“മലയാളസാഹിത്യത്തിലെ അദ്വിതീയമായ ചെറുകഥയേത്?”
- “കാരൂർ നീലകണ്ഠപ്പിള്ളയുടെ ‘മരപ്പാവകൾ’.”
“നവീന നോവലുകളിൽ പ്രധമസ്ഥാനം ഏതിന്?”
- ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്.”
“സ്നേഹത്തെ ആദ്ധ്യാത്മിക തലത്തിലേയ്ക് ഉയർത്തി മരണത്തെ മധുരീകരിക്കുന്ന കാവ്യം?”
- കക്കാടിന്റെ ‘സഫലമീയാത്ര’
“ആന്തരലയത്തിന്റെ പ്രയോഗത്തിൽ അദ്വിതീയനായ കവി?”
- “ചങ്ങമ്പുഴ. എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ ഇവർക്കുപോലും ഇക്കാര്യത്തിൽ ചങ്ങമ്പുഴയെ സമീപിക്കാൻ ഒക്കുകയില്ല.”
“അർത്ഥമില്ലാത്ത കോമളപദങ്ങൾ ചേർത്തുവച്ച് വായനക്കാരനെ മൂഢസ്വർഗ്ഗത്തിലെത്തിക്കുന്ന കാവ്യം?”
- “വയലാർ രാമവർമ്മ പി.കെ.വിക്രമൻ നായരുടെ മരണത്തെകുറിച്ചെഴുതിയ കാവ്യം. പേര് ഓർമ്മയില്ല.”
- “ബോധേശ്വരന്റെ ‘കേരളഗാനം.’”
“സന്മാര്‍ഗ്ഗനിഷ്ഠയുള്ള മഹാകവി?”
- “ജി. ശങ്കരക്കുറുപ്പ്.”
“നിങ്ങള്‍ക്കു മാനസാന്തരം വരുത്തിയ ഗ്രന്ഥം?”
- “Gospel of Sree Rama Krishna”
“അതിസുന്ദരമായി മലയാളം എഴുതിയവര്‍?”
- “സി. വി. കുഞ്ഞുരാമന്, ഇ. വി. കൃഷ്ണപിള്ള. എം. ആര്. നായര്‍, കുട്ടിക്കൃഷ്ണ മാരാര്‍, ഡോക്ടര്‍ കെ. ഭാസ്കരന് നായര്‍.”
- “കലീല് ജിബ്രാന്റെ വാക്കുകളില്‍ മറുപടി പറയാം. ആദ്ഭുതാവഹമായ ഈ തടാകത്തിലേക്ക് ഈശ്വരന് എറിഞ്ഞ ഒരു കല്ല്. വീണുകഴിഞ്ഞപ്പോള്‍ തരംഗങ്ങള്‍കൊണ്ട് ഞാന്‍ അതിന്റെ ഉപരിതലത്തില്‍ കലക്കമുണ്ടാക്കി. അഗാധതയിലൂടെ അടിത്തട്ടിലെത്തിയപ്പോള്‍ ഞാന്‍ നിശ്ചലനായി.”
സാഹിത്യവാരഫലം 1987 03 22
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ധ്യയ്ക്ക് നിങ്ങളെന്തു കണ്ടു?
- ഞാന്‍ ഈശ്വര വിശ്വാസിയാണെങ്കിലും വിഗ്രഹാരാധകനല്ല. അതുകൊണ്ട് അമ്പലത്തില്‍ പോകാറില്ല. എങ്കിലും അവിടെ കത്തിച്ചുവച്ച നെയ്ത്തിരികള്‍ ഈശ്വരനെ കൈകൂപ്പി വന്ദിക്കുന്നതു കണ്ടു.
ബാല്യകാലസഖി യുഗം നിര്‍മ്മിച്ച നോവലാണെന്ന് നിങ്ങള്‍ പലപ്പോഴും എഴുതിക്കണ്ടിട്ടുണ്ടല്ലോ. ഇത് സിന്‍സിറിറ്റിയോടു കൂടി ചെയ്ത പ്രസ്താവമാണോ?
- രാമരാജാബഹദൂര്‍ മലയാള സാഹിത്യത്തില്‍ യുഗം നിര്‍മ്മിച്ചതുപോലെ ബാല്യകാലസഖി മറ്റൊരു യുഗം സൃഷ്ടിച്ചു. അതിനുശേഷം ‘ഖസാക്കിന്റെ ഇതിഹാസം’ വേറൊരു യുഗനിര്‍മ്മിതിക്കു കാരണമായി ഭവിച്ചു. പക്ഷേ വിശ്വസാഹിത്യത്തിന്റെ പശ്ചാത്തലത്തില്‍ ‘ബാല്യകാലസഖി’ ഒരു ട്രിവിയന്‍ മസ്കിറ്റോയാണ്.
അടുത്ത കാലത്ത് അന്തരിച്ച സംസ്കൃത പണ്ഡിതന്മാരില് അദ്വിതീയനും പുരുഷരത്നവുമായിരുന്ന ഒരാളിന്റെ പേരു പറയൂ?
- തിരുവനന്തപുരം സംസ്കൃത കോളേജില്‍ സാഹിത്യവിഭാഗത്തില്‍ പ്രൊഫസറായിരുന്ന ഇ.വി. ദാമോദരന്‍.
ഡല്‍ഹി ദൂരദര്‍ശനിലെ ഇംഗ്ലീഷ് ന്യൂസ് വായനക്കാരെക്കുറിച്ചു അഭിപ്രായം പറയൂ?
- പറയാം. തികച്ചും പേഴ്സനലാണ് ഈ അഭിപ്രായം. പലരും എന്നോടു യോജിക്കില്ലെന്നു എനിക്കറിയാം
- ഗീതാഞ്ജലി അയ്യര്‍
- പഴയ ഹാര്‍മ്മോണിയത്തില്‍ നിന്നു വരുന്ന ദുര്‍ബല സംഗീതം പോലിരിക്കുന്നു അവരുടെ വായന.
- റിനി സൈമണ്‍
- നിത്യ ജീവിതത്തില്‍ മാത്രമല്ല സ്ത്രീകള്‍ക്കു ഡിഫെന്‍സീവ് മെക്കാനിസം വേണ്ടതു ന്യൂസ് വായിക്കുമ്പോഴും അതു കൂടിയേ തീരൂ എന്നു ഈ ചെറുപ്പക്കാരി വ്യക്തമാക്കുന്നു. അവരുടെ വാക്കുകള്‍ പനിനീര്‍പ്പൂക്കളല്ല, കല്ലേറുകളാണ്.
- ജങ്
- അസഹനീയം എന്നത് ഒരു മൈല്‍ഡ് എക്സ്പ്രെഷന്‍.
- മിനു
- വാര്‍ത്തയെക്കാള്‍ സ്വന്തം ചിരിക്കു പ്രാധാന്യമുണ്ടെന്നു തെറ്റിദ്ധരിച്ച പാവം. ‘എ റിപോര്‍ട്ട്’ എന്നു പറഞ്ഞ് അവര്‍ പല്ലുകള്‍ കാണിക്കുമ്പോള്‍ ഞാന്‍ മുഖം തിരിച്ചു കളയുന്നു.
- പങ്കജ് മോഹന്‍
- ശ്രോതാവിനു മനസ്സിലാക്കുന്ന രീതിയില്‍ വാര്‍ത്ത വായിക്കുന്ന മാന്യന്.
- തേജേശ്വര്‍ സിങ്
- കൊള്ളാം. വാക്കുകളെ കാര്‍ബോളിക് സോപ്പ് തേച്ചു കുളിപ്പിച്ചിട്ടാണ് നമ്മുടെ മുന്പില് വയ്ക്കുന്നത് അദ്ദേഹം.
- മുങ്ങിച്ചാകും. നീന്താനറിഞ്ഞുകൂടാ.
- ലാത്തിയോടുകൂടിയാണ് വീഴുന്നതെങ്കില്‍ ആ ലാത്തിയെടുത്തു കടലിനെ അടിച്ചമര്‍ത്തും. അതു കഴിഞ്ഞിട്ടേ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കൂ.
സാഹിത്യവാരഫലം 1987 03 29
“ഒരാളിനോടു ചെയ്യാവുന്ന വലിയ അപരാധമേത്?”
- “അയാളെ കണ്ടയുടനെ ‘ക്ഷീണിച്ചുപോയല്ലോ’ എന്നു പറയുക.”
“നിങ്ങളോട് അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങളെന്തു മറുപടി പറയും?”
- “ഞാന്‍ അയാളെ എന്തെങ്കിലും പറഞ്ഞു വേദനിപ്പിക്കുകയില്ല. അത് എന്റെ നന്മകൊണ്ടല്ല. ഭീരുത്വംകൊണ്ടാണ്. എന്‍. ഗോപാലപിള്ളസ്സാറിനോട് ഒരിക്കല്‍ ഒരു സംസ്കൃതപണ്ഡിതന്‍ ‘സാറ് വല്ലാതെ ക്ഷീണിച്ചല്ലോ. ആരോഗ്യം നോക്കാത്തതെന്ത്?’ എന്ന് സ്നേഹം നല്കുന്ന അധികാരത്തോടെ പറഞ്ഞു. സാറ് എടുത്ത വാക്കിനു ചോദിച്ചു: ‘എന്റെ ഭാര്യക്കില്ലാത്ത ചേതമാണോ നിങ്ങള്‍ക്ക്? എന്റെ ആരോഗ്യം ഞാന്‍ നോക്കിക്കൊള്ളാം. നിങ്ങളുടെ ഉപദേശമൊന്നും വേണ്ട.
“നിങ്ങള്‍ക്കു വിസ്മയം ഉളവാക്കിയ ഒരു പ്രസ്താവം?”
- “കൗമുദിയുടെ പത്രാധിപര്‍ കെ. ബാലകൃഷ്ണനോടൊരുമിച്ച് ഞാന്‍ ആലപ്പുഴെ ഒരു മീറ്റിങ്ങിനു പോകുകയായിരുന്നു. കൗമുദി ഓഫീസില്‍നിന്നു കെ.എസ്. ചെല്ലപ്പന് എടുത്തുതന്ന പുതിയ കൗമുദി വാരികയിലെ “പത്രാധിപരുടെ കുറിപ്പുകള്‍” കാറിലിരുന്നു വായിക്കുകയായിരുന്നു ഞാന്‍. ബാലകൃഷ്ണന് അതു കണ്ടു. അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു: ‘ആ ഷിറ്റി വീക്ക്ലി ദൂരെക്കള അവന്റെ ഒരു വാരികയും അവന്റെ പത്രാധിപക്കുറിപ്പുകളും’”
“ഈ ലോകത്തെ ഏറ്റവും വലിയ ‘ഇംബാരസ്സിങ് സിറ്റ്യുവേയ്ഷന്‍’ — ആകുലാവസ്ഥ ഏത്?”
- “സ്ക്കൂട്ടറിന്റെ പിറകിലിരിക്കുന്ന സുന്ദരിയെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ വണ്ടിയോടിക്കുന്ന അവളുടെ ഭര്‍ത്താവ് ഭക്തിപൂര്‍വം നമ്മെ തലതാഴ്ത്തി വന്ദിക്കുന്നത്.”
“രമണമഹര്‍ഷിയോട് ഒരു ചെറുപ്പക്കാരന് ചോദിച്ച ചോദ്യം ഞാന്‍ നിങ്ങളോടു ചോദിക്കാം. മറുപടി പറയൂ: ‘അയല്‍ വീട്ടുകാരിയായ ചെറുപ്പക്കാരിയുടെ സ്തനങ്ങള്‍ കാണുമ്പോള്‍ എനിക്കു വല്ലാത്ത പാരവശ്യം. അവളുമായി വ്യഭിചാരകര്‍മ്മത്തില്‍ ഏര്‍പ്പെടാന്‍ എനിക്കു പ്രലോഭനം, ഞാന്‍ എന്തു ചെയ്യണം?’”
- “എനിക്കിതിന് ഉത്തരമില്ല. രമണമഹര്‍ഷി ആ ചെറുപ്പക്കാരന് നല്കിയ ഉത്തരം ഞാനിവിടെ എഴുതാം. ‘നിങ്ങള്‍ എപ്പോഴും വിശുദ്ധനാണ്. നിങ്ങളുടെ ഇന്ദ്രിയങ്ങളും ശരീരവുമാണ് നിങ്ങളെ പ്രലോഭിപ്പിക്കുന്നത്. ഈ ഇന്ദ്രിയങ്ങളെയും ശരീരത്തെയും നിങ്ങള്‍ ആത്മാവായി തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് ആദ്യമായി അറിയേണ്ടത് ആരെ പ്രലോഭിപ്പിക്കുന്നു എന്നതാണ്. പ്രലോഭിപ്പിക്കാന്‍ ആരുണ്ട് എന്നതാണ്. നിങ്ങള്‍ വ്യഭിചാരകര്‍മ്മം അനുഷ്ഠിച്ചാല്‍ത്തന്നെയും അതിനെക്കുറിച്ചു പിന്നീട് വിചാരിക്കാതിരിക്കു. കാരണം നിങ്ങള്‍ വിശുദ്ധനാണ് എന്നതത്രേ. നിങ്ങളല്ല പാപി.’”
“നിങ്ങള്‍ക്കു മാനസികമായ താഴ്ചയുണ്ടാക്കിയ ഒരു സംഭവം?”
- “നാല്പത്തഞ്ചുകൊല്ലം മുന്‍പ് ഞാന്‍ ആലപ്പുഴെ പൊലീസ്റ്റേഷന്റെ മുന്പില് ബസ്സ് കാത്തുനില്ക്കുകയായിരുന്നു. കൈയിലിരുന്ന ടോര്‍ച്ചിന്റെ ബാറ്ററി കൊള്ളാമോ എന്നറിയാനായി ഞാന്‍ അതിന്റെ സ്വിച്ച് ഒന്നമര്‍ത്തി. വെളിച്ചം പൊലീസ് സ്റ്റേഷനില്‍ ചെന്നു വീണതു ഞാനറിഞ്ഞില്ല. പെട്ടെന്നു സ്റ്റേഷനില്‍ നിന്ന് ഒരു ശബ്ദം ഉയര്‍ന്നു: ഏത് പു…മോനാണടാ സ്റ്റേഷനില്‍ ടോര്‍ച്ചടിക്കുന്നത്? ഒരു കണ്‍സ്റ്റബിള്‍ ഓടി എന്റെ അടുത്തുവന്നു. ഞാന്‍ വെപ്രാളത്തോടെ പറഞ്ഞു: ക്ഷമിക്കണം; അറിയാതെ സ്വിച്ച് അമര്‍ത്തിപ്പോയതാണ്’ കണ്‍സ്റ്റബിള്‍ എന്നെ കൈവയ്ക്കാതെ തിരിച്ചുപോയി. പക്ഷേ അയാള്‍ പറഞ്ഞ തെറിയുണ്ടല്ലോ അത് ഇന്നും എനിക്കു മാന്ദ്യം ജനിപ്പിക്കുന്നു.”
സാഹിത്യവാരഫലം 1987 04 26
ചോദ്യങ്ങള്‍ ചോദിക്കുന്നവരില്‍ ആരും ജീവിച്ചിരിക്കുന്നില്ല. ഞാന്‍ ഓരോ പേര് എഴുതി അങ്ങു ചോദിപ്പിക്കുകയാണ്. പല വാരികകളിലേയും ചോദ്യോത്തര പംക്തിയേക്കാള്‍ ഇതിന് അങ്ങനെ സത്യസന്ധത ലഭിക്കുന്നു.
കെ.കെ. വിലാസിനി, തൃശ്ശൂര്‍: ചെറുപ്പക്കാരിയായി ഭാവിക്കാന്‍ എന്താണു മാര്‍ഗ്ഗം?
- എം.കെ: വിലാസിനിയെക്കാള്‍ ഒന്നോരണ്ടോ വയസ്സു കൂടുതലുള്ള പുരുഷന്മാരെ അങ്കിള്‍ എന്നും സ്ത്രീകളെ ആണ്ടി എന്നും വിളിക്കുന്നു. സ്ത്രീക്കു വിലാസിനിയെക്കാള്‍ പ്രായം കുറവാണെങ്കില്‍ ചേച്ചിയെന്നു വിളിച്ചാല്‍ മതി. പണ്ട് എന്റെ വീട്ടിനടുത്തുതാമസിച്ചിരുന്ന ഒരു മുപ്പതു വയസ്സുകാരി അന്നു സര്‍ക്കാര്‍ ജോലിയില്‍ നിന്നു വിരമിച്ചിട്ടില്ലാത്ത എന്നെ അപ്പൂപ്പാ എന്നു വിളിച്ചിരുന്നു. ഈ അപ്പൂപ്പാ വിളികേട്ട് എന്റെ സഹധര്‍മ്മിണിയും പെണ്മക്കളും പ്രതിഷേധിച്ചു. “വഴക്കിനു പോകരുത്, അവള് എന്നെ അങ്ങനെ തന്നെ വിളിച്ചുകൊള്ളട്ടെ.” എന്നു ഞാന്‍ അവരെ സമാധാനിപ്പിച്ചു.
മാത്യൂ, കൊല്ലങ്കോട്: വസ്തുതകളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതെങ്ങനെ?
- എം.കെ: വസ്തു ഇരിക്കുന്ന സ്ഥലത്തെ ആശ്രയിച്ച്. പനിനീര്‍പ്പൂ ചെടിയില്‍ നില്ക്കുമ്പോള് ഒരു മൂല്യം. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കോട്ടിലിരിക്കുമ്പോള്‍ വേറൊരുമൂല്യം. പ്രേമഭാജനത്തിന്റെ തലമൂടിയിലിരിക്കുമ്പോള്‍ മറ്റൊരു മൂല്യം.
എസ്.ആര്. രാമന്, നെയ്യാറ്റിന്‍കര: നിങ്ങളേറ്റവും ബഹുമാനിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാര്?
- എം.കെ: നെടുമങ്ങാട് എം.എല്‍.എ. കെ.വി. സുരേന്ദ്രനാഥ്. അദ്ദേഹത്തെക്കാള്‍ വിശുദ്ധനും സഹൃദയനും പണ്ഡിതനുമായ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനെ എനിക്കറിഞ്ഞുകൂടാ. ലാറ്റിനമേരിക്കന്‍ ഡിക്ടേറ്റര്‍ ഷിപ്പിനെക്കുറിച്ച് നോവലെഴുതിയ ഗ്വാട്ടിമാലന്‍ നോവലിസ്റ്റ് ആസ്റ്റൂറിയാസിനെക്കുറിച്ച് എന്നോട് ആദ്യമായി പറഞ്ഞതു സുരേന്ദ്രനാഥാണ്. ബര്‍നാര്‍ഡ്ഷാ, ഷേക്സ്പിയര്, ലൂക്കാച്ച്, ശങ്കരാചാര്യര്‍ ഇവരെക്കുറിച്ചെല്ലാം അദ്ദേഹം വിദ്വജ്ജനോചിതമായി എന്നോടു സംസാരിച്ചിട്ടുണ്ട്.
1991
കലാകൗമുദി ലക്കം 800
ഔദ്ധ്യത്യമുള്ളവരെ എങ്ങനെ തിരിച്ചറിയാം?
- അങ്ങനെയുള്ളവരോടു സംസാരിക്കുമ്പോള്‍ അവരെക്കുറിച്ചു തന്നെ നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ അവര്‍ മനസ്സിരുത്തി എല്ലാം കേള്‍ക്കും. കേട്ടുകൊണ്ടിരിക്കെ അവരുടെ മുഖം തിളങ്ങും. കണ്ണുകള്‍ക്കു കൂടുതല്‍ പ്രകാശമുണ്ടാവും. എപ്പോള്‍ നിങ്ങള്‍ മറ്റുകാര്യങ്ങളിലേക്കു തിരിയുമോ അപ്പോള്‍ അവര്‍ കോട്ടുവായിടും.
നുണപറഞ്ഞ് സ്നേഹിതന്മാരെ ശത്രുക്കളാക്കി മാറ്റുന്നവരെക്കുറിച്ച് എന്തുപറയുന്നു?
- അവര്‍ (അപവാദികള്‍) കൊലപാതികളെക്കാള്‍ ഹീനന്മാരാന്. സ്വന്തം വീട്ടിലെ ഏതോ ഹീനകൃത്യങ്ങള്‍ കണ്ട് ഒന്നും ചെയ്യാനാവാതെ ദോഷം മറ്റു വ്യക്തികളുടെ നേര്‍ക്കു തിരിച്ചുവിടുന്നതിന്റെ ഫലമായാണ് അപവാദ കൗതുകം.
ബ്രിട്ടിഷുകാര്‍ ഇന്ത്യ ഭരിച്ചകാലത്ത് ഏതു സര്‍ക്കാരെഴുത്തിന്റെ അവസാനത്തും I am your most obedient servent എന്നെഴുതി ഒപ്പിടുമായിരുന്നു ഉദ്യോഗസ്ഥന്മാര്. ഇപ്പോള്‍ yours faithfully എന്നും. നന്നായില്ലേ ഈ മാറ്റം?
- പണ്ടും ഇക്കാലത്തും ഭര്ത്താക്കന്മാര് ഭാര്യമാരോട് I am your most obedient servent എന്നു യഥാക്രമം പറഞ്ഞു, പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് സര്‍ക്കാര്‍ മേഖലകളില്‍ നിന്നെങ്കിലും അതെടുത്തു മാറ്റാമെന്നു നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തിരുമാനിച്ചു. നന്നായി. എന്നിട്ടും ഭാര്യമാര്‍ yours faithfully എന്നു പറയുന്നില്ല. ʻകലികാലവൈഭവംʼ എന്നു സി. വി. രാമന്‍പിള്ള പറഞ്ഞില്ലേ.
അടുത്തജന്മം സായിപ്പായി ജനിക്കുമോ നിങ്ങള്‍? സായിപ്പിന്റെ കൃതികളല്ലേ നിങ്ങള്‍ക്കിഷ്ടം?
- അടുത്തജന്മമുണ്ടെങ്കില്‍ കേരളീയനായി ജനിക്കാനാന് എനിക്കു താല്‍പ്പര്യം. എങ്കിലേ എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടേയും ചങ്ങമ്പൂഴയുടേയും കവിത വായിക്കാന്‍ പറ്റൂ.
ശിവഗിരിയില്‍ നിങ്ങള്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ വിവരമില്ലാത്ത കുറെ പിള്ളേര് നിങ്ങളുടെ ചുറ്റും കൂടി ഓട്ടോഗ്രാഫ് വാങ്ങുന്നതു കണ്ടു. നിങ്ങള്‍ അത്രയ്ക്കു വലിയ ആളോ?
- അയ്യോ ഒട്ടും വലിയ ആളല്ല. കുട്ടികള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒപ്പിട്ടുകൊടുത്തു എന്നേയുള്ളൂ. പിന്നെ നിങ്ങളെ അവര്‍ കണ്ടില്ല. കണ്ടെങ്കില്‍ തിരുവനന്തപുരത്തെ ഫിങ്കര്‍ പ്രിന്റ് ബ്യൂറോയില്‍ സൂക്ഷിക്കാനായി നിങ്ങളുടെ വിരലടയാളം കുട്ടികള്‍ എടുത്തേനേ.
കലാകൗമുദി ലക്കം 801
ഞാന്‍ വയസ്സനായിപ്പോയിയെന്നു ചിലരെപ്പോഴും പറയുന്നതെന്തിനു്?
- ʻഅത്രയ്ക്ക് വയസ്സൊന്നുമായില്ലല്ലോʼ എന്ന് മറ്റുള്ളവര്‍ പറയാന്‍ വേണ്ടി.
- മറ്റുള്ളവരുടെ പിള്ളേര്.
മിലാന് കുന്ദേരയുടെ The Joke എന്ന നോവലിനെക്കുറിച്ച് എന്താണു് അഭിപ്രായം?
- പുസ്തകം കൈയിലുണ്ടെങ്കിലും ഞാനതു് വായിച്ചിട്ടില്ല. ഫ്രഞ്ച് നിരൂപകന് ആരാഗൊങ് (Aragon) അതിനെക്കുറിച്ചു പറഞ്ഞത് ʻone of the greatest novels of the centuryʼ എന്നാണു്.
വില്യം ഗോള്‍ഡിങ്ങിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?
- തീര്‍ച്ചയായും അദ്ദേഹം നോവലിസ്റ്റല്ല.
നിങ്ങളെ സ്ത്രീകള്‍ വിനയത്തോടെ തൊഴുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. നിങ്ങളുടെ കഴിവു കണ്ടിട്ടുള്ള ബഹുമാനമാണോ അതു്?
- അല്ല. പ്രായാധിക്യത്തെ സ്ത്രീകള്‍ ബഹുമാനിക്കുന്നതു പോലെ മറ്റാരും ബഹുമാനിക്കാറില്ല.
ഗാന്ധിജിയുടെ ജന്മദിനത്തില് റോഡ് അടിച്ചു വാരുന്ന പെണ്‍കുട്ടികള്‍ വിട്ടില്‍ ഒരു മുറിപോലും അടിച്ചു വാരാത്തതെന്ത്?
- അടിച്ചു വാരുമല്ലോ. വീട്ടിനകത്ത് ചൂലു കൈയില്‍ വച്ചുകൊണ്ട് അവര്‍ മുറിയാകെ ഒന്നു നോക്കും. എന്നിട്ട് ʻʻഅമ്മേ പൊടിയും ചവറുമൊന്നുമില്ല. ഞാന്‍ നല്ലപോലെ തൂത്തുˮ എന്ന് അടുക്കളയിലിരിക്കുന്ന അമ്മയോട് ഉറക്കെപ്പറയും. ഗാന്ധിജിയുടെ ജന്മദിനത്തിലാണെങ്കില്‍ സാരിത്തുമ്പ് ഇടുപ്പില്‍ കുത്തിക്കൊണ്ട് റോഡ് അടിച്ചു വാരലോട് അടിച്ചു വാരല്‍ തന്നെ.
കലാകൗമുദി ലക്കം 973
തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍ എന്നു കരുതപ്പെടുന്ന വര്‍ഗ്ഗത്തിലെ സ്ത്രീകളോട് ഉന്നതവര്‍ഗ്ഗജാതര്‍ ലൈംഗികബന്ധം നടത്തുന്നത് എങ്ങനെ? അപ്പോള്‍ ജാതി വിസ്മരിക്കപ്പെടുമോ?
- സെക്സിനെസംബന്ധിച്ച ഒരു കാര്യവും ഈ പംക്തിയില്‍ വരരുതെന്നാണ് എം.പി. അപ്പന്‍സാറിന്റെ സ്നേഹപൂര്‍വമായ നിര്‍ദ്ദേശം. അദ്ദേഹത്തോടു മാപ്പു ചോദിച്ചുകൊണ്ട് എഴുതട്ടെ. പൊക്കിളിനു താഴെ മതമില്ലെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലില്‍ പതിരില്ലതാനും.
ഒരു ശണ്ഠയുമില്ലാതെ, ഒരു പരുഷവാക്കുപോലും പറയാതെ ചിലര്‍ ദാമ്പത്യജീവിതം നയിക്കുന്നുണ്ടല്ലോ. ദമ്പതികളുടെ ജീവിതത്തെക്കുറിച്ച് വിഷാദാത്മകനായ നിങ്ങള്‍ക്ക് ഇതിലെന്തു പറയാനുണ്ട്?
- സിനിമയിലും നാടകത്തിലും ഓവറാക്റ്റിങ് ഉള്ളതുപോലെ ദാമ്പത്യജീവിതത്തിലും ഓവറാക്റ്റിങ് ഉണ്ട്.
നവീന സാഹിത്യകാരന്മാരെ പുച്ഛിക്കാതെ അവര്‍ക്കൊരു ഉപദേശം കൊടുത്തുകൂടേ?
- ഞാനാര് ഉപദേശിക്കാന്‍? മസ്തിഷ്കത്തിനു പ്രാധാന്യം കൊടുക്കുന്ന അവര്‍ ഹൃദയത്തിനു പ്രാധാന്യം കൊടുത്താല്‍ നന്ന്.
സാഹിത്യത്തിലെ എല്ലാ പരിവര്‍ത്തനങ്ങള്‍ക്കും നിങ്ങള്‍ എതിരാണോ?
- പാരമ്പര്യത്തില്‍ പുതുമ വരുത്തുന്ന പരിവര്‍ത്തനത്തിന് എതിരല്ല ഞാന്‍. കുമാരനാശാന്, ചങ്ങമ്പുഴ ഇവര്‍ ആ രീതിയില്‍ പരിവര്‍ത്തനം വരുത്തിയ കവികളാണ്. ഇന്നത്തെ പരിവര്‍ത്തനം പാരമ്പര്യത്തെ അവഗണിക്കുന്നതുകൊണ്ട് യഥാര്‍ത്ഥമായ പരിവര്‍ത്തനമല്ല; അതു പരിവര്‍ത്തനാഭാസം മാത്രം.
ഭര്‍ത്താവിനെ ഭാര്യ ചതിച്ചാല്‍, ഭാര്യയെ ഭര്‍ത്താവു ചതിച്ചാല്‍ ആര്‍ക്കാവും കൂടുതല്‍ കോപം?
- ഭര്‍ത്താവിന്. ഭാര്യ ചതിച്ചില്ലെങ്കിലും ചതിച്ചെന്നു വിചാരിച്ചല്ലേ ഒഥല്ലോ ഡെസ്ഡിമോണയെ കഴുത്തു ഞെരിച്ചുകൊന്നത്. ഭാര്യയെ കൊല്ലുന്ന ഭര്ത്താക്കന്മാര് ധാരാളം. ഭര്‍ത്താവിനെ കൊല്ലുന്ന ഭാര്യമാര്‍ വിരളം.
ഹിന്ദു സങ്കല്പമനുസരിച്ചു നരകമുണ്ടോ?
- ʻഉണ്ട്. താമിസ്രഃ, അന്ധതാമിസ്രഃ രൗരവഃ, മഹാരൗരവഃ, കുംഭീപാകഃ, കാലസൂത്രം, അസിപത്രവനം, സൂകരമുഖം, അന്ധകൂപഃ, ക്യമിഭോജനഃ ഇങ്ങനെ ഇരുപത്തൊന്നു നരകങ്ങളെക്കുറിച്ചു ഭാഗവതത്തില്‍ പറഞ്ഞിട്ടുണ്ട്. സര്‍ഗ്ഗം അഞ്ച്, അദ്ധ്യായം 26 ഭാഗം 7.
- യേശുവായ താങ്കളുടെ വിളിക്ക് ʻഎന്തോʼ എന്ന് ഞാന്‍ വിളികേള്‍ക്കുന്നു.
കലാകൗമുദി ലക്കം 985
വിവേചനത്തിനു കഴിവുള്ളതുകൊണ്ട് മനുഷ്യൻ അന്തസ്സോടെ പെരുമാറുന്നു. അന്തസ്സുള്ള ഏതെങ്കിലും മൃഗമുണ്ടോ നിങ്ങളല്ലാതെ?
- മൃഗങ്ങൾക്കു മറ്റുള്ളവരെ മൃഗങ്ങളായി കാണാൻ പ്രവണതയുണ്ട് സുഹൃത്തേ. എങ്കിലും ഞാൻ നിങ്ങളോടു പറയട്ടെ ആന അന്തസ്സുള്ള മൃഗമാണെന്ന്. ആന ഒരിണയെ തിരഞ്ഞെടുത്താൽ അത് മരിക്കുന്നതു വരെ വേറെയൊരു പിടിയാനയുടെ അടുത്തു പോകില്ല. മൂന്നു വർഷത്തിലൊരിക്കലേ അതു പിടിയാനയുമായി വേഴ്ച്ചയ്ക്കു പോകൂ. ആ വേഴ്ച്ച രഹസ്യമായിട്ടാണു നടത്തുക. അതു കഴിഞ്ഞാൽ ആറാമത്തെ ദിവസമേ കൊമ്പനാന കാട്ടിൽ വന്നു മറ്റു മൃഗങ്ങളെ കാണൂ. കാട്ടിൽ എത്തുന്നതിനു മുമ്പ് അത് ഏതെങ്കിലും ജലാശയത്തിലിറങ്ങി കുളിക്കുകയും ചെയ്യും. St Francis പറഞ്ഞ ഇക്കാര്യം മീഷൽ ഫൂക്കോ The History of sexuality എന്ന ഗ്രന്ഥത്തിൽ എടുത്തെഴുതിയിട്ടുണ്ട്.
നിങ്ങൾ എന്തിനാണ് എപ്പോഴും പുസ്തകം കൊണ്ടു നടക്കുന്നത്?
- വളരെ വർഷങ്ങൾക്കു മുമ്പ് അങ്ങനെ നടന്നിരുന്നു. ഇപ്പോൾ അതില്ല. ഇനി നടന്നാലും അതൊരു ശീലമാണെന്നു കരുതിയാൽ മതി. ചിലർ ചങ്ങലയുടെ അറ്റത്തുള്ള പട്ടിയുമായി നടക്കുന്നു. പോലീസ് ഉദ്യോഗസ്ഥന്മാർ കാലത്തു നടക്കുമ്പോൾ ഒന്നരയടി നീളമുള്ള ഒരു കമ്പ് കൊണ്ടു നടക്കുന്നു. ചില സ്ത്രീകൾക്ക് എവിടെ പോകണമെങ്കിലും കൂട്ടിനു കുട്ടി ഉണ്ടായിരിക്കണം. എല്ലാം ശീലങ്ങൾ.
ശാലീന സൗന്ദര്യം എന്നു നിങ്ങളും എഴുതുന്നല്ലോ. എന്താണ് അതിന്റെ അർത്ഥം?
- ഞാൻ അങ്ങനെ എഴുതിയതായി ഓർമ്മിക്കുന്നില്ല. ശാലാ എന്ന വാക്കിൽ നിന്നാണ് ശാലീന പദത്തിന്റെ ആവിർഭാവം. ശാലാ എന്നാൽ മുറി എന്നർത്ഥം. ശാലാപ്രവേശനം അർഹതി ശാലീനഃ ‘പെൺകുട്ടികൾ മുറിക്കകത്ത് — വീട്ടിനകത്ത് — ഇരിക്കുന്നതു കൊണ്ടാവണം അവരെ ശാലീനകൾ എന്നു വിളിക്കുന്നത്’. പാണിനിയുടെ അഷ്ടാദ്ധ്യായി എന്ന വ്യാകരണഗ്രന്ഥത്തിൽ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം?
- അന്യരോടു മര്യാദ വിടാതെ പെരുമാറിമ്പോൾ ആ മര്യാദ കൊള്ളരുതായ്മയുടെ പ്രകടനമാണെന്ന് അവർ തെറ്റിദ്ധരിക്കുന്നത്.
പുരുഷൻ സ്ത്രീയെ വിവാഹം കഴിക്കുന്നതെന്തിന്?
- പുരുഷൻ സ്ത്രീയെ വിവാഹം കഴിക്കുന്നത് അവളുടെ ഭൂതകാലത്തെ കുറിച്ച് ചോദിച്ചു
ചോദിച്ചു അവളെ അലട്ടി കൊണ്ടിരിക്കാൻ വേണ്ടി. സ്ത്രീ ആ ദാമ്പത്യ ജീവിതത്തിൽ ഉൾപ്പെടുന്നതു ഭർത്താവിന്റെ വർത്തമാനകാലം നിരീക്ഷിക്കാനായി മാത്രം.
പുരുഷന്മാർക്കായി ഒരു ബ്യൂട്ടിപാർലർ തുറന്ന് നിങ്ങളെ അതിന്റെ മാനേജരാക്കാം. പുരുഷന്മാരുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ നിങ്ങൾ എന്തെല്ലാം ചെയ്യും?
- ഞാൻ പുരുഷന്റെ നാക്കിൽ യാഡ്ലി പൗഡറിടും. തലമുടിയിൽ തിരുപ്പൻ വച്ചു കെട്ടും. ചുണ്ടുകളിൽ കറുത്ത ചായം തേക്കും. പല്ലിൽ ചുവന്ന ലിപ്സ്റ്റിക് തേക്കും. പിന്നെ ഇതൊക്കെയല്ലേ സ്ത്രീകൾ നടത്തുന്ന പാർലറുകളിലും സ്ത്രീകൾക്കായി ചെയ്തു കൊടുക്കുന്നത്? എന്റെ ഉത്തരത്തിൽ മൗലികതയില്ലാത്തതിനാൽ ഖേദിക്കുന്നു.
ഇംഗ്ലീഷ് കവിതയെക്കുറിച്ച് ഭാരതീയർ എഴുതിയ ഏറ്റവും നല്ല പുസ്തകമേത്?
- അമൽകിരൻ (K. D. Sethna എഴുതിയ Talks on Poetry എന്ന പുസ്തകം. Sri. Aurobindo Publication, Pondicherry, Rs. 110).
1997
സമകാലികമലയാളം 1997 08 22
പടിഞ്ഞാറൻ ദേശത്തെ വിപ്ലവകവികളും കേരളത്തിലെ വിപ്ലവകവികളും തമ്മിൽ എന്താണ് വ്യത്യാസം?
- നേറൂദാ, മായകോവ്സ്കി, യാനീസ് റീറ്റ്സോസ് ഈ കവികളുടെ കാവ്യങ്ങൾ poetic ആണ്. കെ. പി. ജി. നമ്പൂതിരി തുടങ്ങിയവരുടെ കാവ്യങ്ങൾ poetic അല്ല. അവ dogmatic ആണ്.
നിങ്ങൾ ആക്രമണത്തെ പേടിക്കുന്നുണ്ടോ? സാഹിത്യത്തിലെ ആക്രമണത്തെക്കുറിച്ചാണ് ഞാൻ ചോദിക്കുന്നത്.
- ഒരിക്കൽ കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ എന്നോടു പറഞ്ഞു. ഒരിക്കലും ആക്രമിക്കാത്തവൻ ആക്രമിച്ചു തുടങ്ങിയാൽ അയാളെ പേടിക്കണമെന്ന്. ഡോക്ടർ എസ്. കെ. നായരും ഡോക്ടർ സുകുമാർ അഴിക്കോടും തമ്മിൽ വാക്കുകൾ കൊണ്ട് യുദ്ധം നടത്തിയപ്പോൾ അഴിക്കോടിന്റെ പ്രവൃത്തിയെ നീതിമത്ക്കരിച്ചു കൊണ്ടാണ് ബാലകൃഷ്ണൻ അങ്ങനെ പറഞ്ഞത്. അന്യരെ ഒരിക്കൽപ്പോലും അറ്റാക്ക് ചെയ്യാത്ത ഒ. വി. വിജയനോ ആനന്ദോ അറ്റാക്ക് ചെയ്താൽ എനിക്കു അസ്വസ്ഥതയുണ്ടാകും. അറ്റാക്കിനു മാത്രം കച്ച കെട്ടി ഗോദയിലിറങ്ങിയവരുണ്ട്. അവരെ ഞാൻ ശഷ്പതുല്യം പരിഗണിക്കുന്നു.
മധുവിധു തീരുന്നതു പതിന്നാലു ദിവസം കഴിയുമ്പോഴാണോ?
- അല്ല. നാലു ദിവസം കഴിഞ്ഞു ഭാര്യയും ഭർത്താവും വേറെ വേറെ കട്ടിലുകളിൽ കിടക്കുകയും ഭർത്താവു കൂർക്കം വലിച്ചു ഉറങ്ങുകയും ചെയ്യുമ്പോൾ.
ചങ്ങമ്പുഴക്കവിതയെ ഞാൻ ഡികൺസ്റ്റ്രക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു. നിങ്ങളെന്തു പറയുന്നു?
- ചെമ്പൈ വൈദ്യനാഥയ്യർ പാടുമ്പോൾ നിങ്ങൾ അദ്ദേഹത്തിന്റെ നാക്കു പിടിച്ചു വലിച്ചു രാഗം അതിലെവിടെയിരിക്കുന്നുവെന്നു പരിശോധിക്കുമോ?
നിങ്ങളുടെ ചരമസ്മാരകത്തിൽ ഞാൻ എന്തെഴുതിവയ്ക്കണം?
- ഒന്നും എഴുതി വക്കേണ്ടതില്ല. നിങ്ങളുടെ ചരമസ്മാരകത്തിൽ എഴുതി വയ്ക്കാനുള്ളതു ഞാൻ പറഞ്ഞു തരാം. ഇവിടെ …പിള്ള ശയിക്കുന്നു. അദ്ദേഹം ഇനി വിഡ്ഢിച്ചോദ്യങ്ങൾ ചോദിക്കില്ല.
ബന്ദ് ഇഷ്ടപ്പെടുന്നവർ ആരെല്ലാം?
- കോളേജിലും സ്കൂളിലും പഠിക്കുന്ന കുട്ടികൾ.
തിരുവനന്തപുരത്തേക്കാൾ വൃത്തികെട്ട സ്ഥലം വേറെയില്ല എന്ന് എനിക്ക് അഭിപ്രായം, എന്താ ശരിയല്ലേ?
- നിങ്ങൾ കോഴിക്കോടു കണ്ടിട്ടില്ലെന്നു വ്യക്തമായി.
സമകാലികമലയാളം 1997 08 29
- മോഹഭംഗം, നൈരാശ്യം, ആത്മഹത്യ ഇവയിലേക്കു ക്രമാനുഗതമായി ചെല്ലാനുള്ള ഒരു ക്ഷുദ്രവികാരം.
- എനിക്കു അന്യരോട് വിനയത്തോടെ പെരുമാറണമെന്നുള്ളതുകൊണ്ട്.
നിങ്ങൾ പറഞ്ഞ നേരമ്പോക്കിൽ നിങ്ങൾ തന്നെ രസിച്ചു ചിരിച്ചിട്ടുണ്ടോ?
- മഹാരാഷ്ട്ര ദേശത്തു സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ബസ്സിലെ സീറ്റിലിരിക്കും. എന്റെ അടുത്ത് ഒരു മറാഠിക്കാരി വന്നിരുന്നു. ഞങ്ങളുടെ മുൻപിലുള്ള സീറ്റിലിരുന്ന ഒരു മലയാളി കാല്പിറകോട്ടാക്കി പെണ്ണിന്റെ കാലെന്നു വിചാരിച്ച് എന്റെ കാലിൽ ചവിട്ടാൻ തുടങ്ങി. അല്പനേരം ഞാനതു സഹിച്ചു. മർദ്ദം കൂടിയപ്പോൾ ഞാൻ അയാളുടെ തോളിൽത്തട്ടിയിട്ട് ഉറക്കെപ്പറഞ്ഞു: ഇത് എന്റെ കാലാണ്. ബസ്സിലെ മറ്റു മലയാളികൾ പൊട്ടിച്ചിരിച്ചു. അവരേക്കാൾ ചിരിച്ചത് ഞാനാണ്.
ചങ്ങമ്പുഴക്കവിതയ്ക്കു പലപ്പോഴും അർത്ഥമില്ല. ഇടശ്ശേരിക്കവിതയ്ക്കു എപ്പോഴും അർത്ഥമുണ്ടുതാനും. ഇടശ്ശേരിയല്ലേ ചങ്ങമ്പുഴയേക്കാൾ നല്ല കവി?
- അർത്ഥഗ്രഹണം കൂടാതെ തന്നെ ചങ്ങമ്പുഴക്കവിത ആസ്വദിക്കാം. ഇടശ്ശേരിയുടെ അർത്ഥ സാന്ദ്രതയുള്ള കവിത പലപ്പോഴും അസ്വാദനത്തിനു തടസ്സം സൃഷ്ടിക്കുന്നു.
നിങ്ങൾ ഏപ്രിൽ ഒന്നാം തീയതിയിലാണോ ജനിച്ചത്?
- സ്വന്തം ജൻമദിവസം തന്നെയാണോ മറ്റുള്ളവരുടേതുമെന്നറിയാൻ ചിലർക്ക് കൗതുകമുണ്ട്. നിങ്ങളുടെ ആ കൗതുകം നന്നു്. മാർച്ച് മൂന്നാം തീയതിയാണ് എന്റെ ജന്മദിനം.
ശ്രീകൃഷ്ണനു ഭാര്യമാർ പതിനാറായിരത്തെട്ട്. ഇഷ്ടൻ അവരെ എങ്ങനെ സഹിച്ചു?
- സഹിക്കാം. പ്രയാസം വരില്ല. പക്ഷേ പതിനാറായിരത്തെട്ടു അമ്മായിമാരെയും ലക്ഷക്കണക്കിനുള്ള ഭാര്യാസഹോദരന്മാരെയും അങ്ങേർക്കു സഹിക്കാനൊത്തില്ല. അതുകൊണ്ടാണ് കാട്ടിൽപ്പോയി കാലാട്ടിക്കൊണ്ടു കിടന്നത്. വല്ലവനും അമ്പെയ്യും എന്ന് അറിയാമായിരുന്നു ശ്രീകൃഷ്ണന്.
വിദ്യാർത്ഥിയായിരുന്നപ്പോൾ നിങ്ങൾ പഠിപ്പിച്ചയാൾ പിൽക്കാലത്തു ഐ. എ. എസ് ഉദ്യോഗസ്ഥനായപ്പോൾ നിങ്ങളെ ബഹുമാനിക്കാതിരുന്നിട്ടില്ലേ? നിങ്ങളെ കാണാത്തമട്ടിൽ പോയിട്ടില്ലേ?
- ഉണ്ട്. പക്ഷേ എനിക്കതിൽ പരാതിയില്ല. ഓരോ സമയത്ത് ഓരോ വ്യക്തിത്വമാണ് ആളുകൾക്ക്. പഠിക്കുമ്പോൾ വെറും സ്റ്റുഡന്റ്. ഐ. എ. എസ് ഉയോഗസ്ഥനായാൽ ആ ജോലിക്കു ചേർന്ന മട്ടിൽ ഗൗരവത്തോടെ പെരുമാറണം. അപ്പോൾ അയാൾ വേറൊരു വ്യക്തിയാണ്. സത്യമിതാണെങ്കിലും ചില സംസ്കാര സമ്പന്നന്മാർ വിദ്യാർത്ഥികളായിരുന്ന കാലത്ത് എങ്ങനെ സ്നേഹാദരങ്ങോളോടെ പെരുമാറിയോ അതേ മട്ടിൽത്തന്നെ വലിയ ഉദ്യോഗസ്ഥരായാലും പെരുമാറാറുണ്ട്. ഞാൻ തിരുവനന്തപുരത്തെ ഒരു കോളേജിൽ അധ്യാപകനായിരുന്നപ്പോൾ ഒരു കൊച്ചുകുട്ടി ചില രചനകൾ തിരുത്തിക്കൊടുക്കണമെന്ന അപേക്ഷയുമായി വന്നു. ഞാനവ തിരുത്തിക്കൊടുത്തു. താൻ എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന ബാബു പോൾ ആണെന്നാണു ആ കുട്ടി പറഞ്ഞത്. ഇന്ന് അദ്ദേഹം സമുന്നത സ്ഥാനത്തെത്തിയ ഉദ്യോഗസ്ഥനാണ്. ശ്രീ ബാബു പോൾ ഐ. എ. എസ്. ഇന്നലെ (14.8.97) ഞാൻ നിൽക്കുന്ന സ്ഥലത്ത് അദ്ദേഹം വന്നു. കുട്ടിയായിരുന്നപ്പോൾ ബാബു പോൾ എങ്ങനെ പെരുമാറിയോ അതിൽ നിന്ന് ഒരു മാറ്റവും വരാതെ ഇന്നലെയും പെരുമാറി. സസ്കാരത്തികവുള്ള ഇത്തരം ഉദ്യോഗസ്ഥന്മാർ വിരളമാണ്.
സമകാലികമലയാളം 1997 09 05
നിങ്ങൾ കഥയെഴുതൂ. ഞാൻ സാഹിത്യവാരഫലം എഴുതാം. എന്താ?
- സമ്മതിച്ചു. ട്രാൻസ്പോർട്ട് ബസ്സ് ഓടിക്കുന്നയാൾ ചിലപ്പോൾ വെറും യാത്രക്കാരനായി ബസ്സിൽ സഞ്ചരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. പ്രഗൽഭരായ അധ്യാപകർ ട്രെയിനിങ്ങിനും മറ്റും ചെല്ലുമ്പോൾ വിദ്യാർത്ഥികളായി ഇരിക്കാറുണ്ട്. ഒരു ദിവസം ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ തന്റെ വാഹനത്തിലിരുത്തി വേറൊരു ഡ്രൈവർ കൊണ്ടുപോകുന്നതു ഞാൻ കണ്ടു.”
- “പശ്ചാത്താപം മകൾക്കു മാത്രമുള്ളതാണ്. അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ മക്കൾ ക്രൂരമായി പെരുമാറും. അവർ മരിച്ചു കഴിയുമ്പോൾ ആ ക്രൂരത ശരിയായിരുന്നില്ലെന്നു ഗ്രഹിച്ചു ദുഃഖിക്കും. അതുളവാക്കുന്ന അസ്വസ്ഥത ഒഴിവാക്കാനായിട്ടാണ് അച്ഛനമ്മമാരുടെ പടം എൻലാർജ് ചെയ്തു വീട്ടിൽ വയ്ക്കുന്നതും പുതിയ വീടുവച്ച് അച്ഛന്റെയോ അമ്മയുടെയോ പേരു അതിനിടുന്നതും.”
“നിങ്ങളെ ടെലിവിഷനിൽ കാണാത്തതിനു കാരണം?”
- “അധികാരികൾ എന്നെ ദയാപൂർവ്വം വിളിക്കാറുണ്ട്. പക്ഷേ വിനയത്തോടെ ഞാൻ ആ ക്ഷണം നിരാകരിക്കുന്നു. സാഹിത്യ അക്കാഡമിയിലോ മറ്റു കമ്മിറ്റികളിലോ അംഗമാകാൻ എനിക്കിഷ്ടമില്ല. ഒരിക്കൽ അക്കാഡമിയിൽ ഞാൻ അംഗമായത് സാഹിത്യസംസ്കാരം നല്ലപോലെയുള്ള ശ്രീ. ടി. കെ. രാമകൃഷ്ണൻ നേരിട്ടു പറഞ്ഞതു നിരസിക്കാൻ മടിച്ചാണ്. എനിക്കു വലിയ കെട്ടിടം വേണമെന്നോ കാർ സ്വന്തമായി ഉണ്ടായിരിക്കണമെന്നോ തോന്നിയിട്ടില്ല. മീറ്റിങ്ങുകൾക്ക് പൊയ്ക്കൊണ്ടിരുന്ന കാലത്ത് വീട്ടിൽ വന്നാൽ ആദ്യം ചെയ്യുന്ന പണി റ്റെലിഫോണിൽ പത്രമാപ്പീസുകാരെ വിളിച്ച് എന്റെ പ്രസംഗം പത്രത്തിൽ റിപോർട് ചെയ്യരുതെന്ന് അപേക്ഷിക്കലായിരുന്നു. ഭാര്യാപിതാവു മരിച്ചപ്പോൾ വലിയ സ്വത്ത് എനിക്കുകിട്ടി. ആ നെൽവയലുകളും തെങ്ങിൻ പുരയിടങ്ങളും ചെന്നു നോക്കുക പോലും ചെയ്യാതെ മരുമക്കളെ വിളിച്ച് അവ വീതിച്ചെടുത്തുകൊള്ളാൻ പറഞ്ഞു. ഞാൻ ഇന്നുവരെ അവ കണ്ടിട്ടുമില്ല. എന്റെ പേരിൽ ഒരിഞ്ച് ഭൂമിയില്ല. ലോകത്ത് ഏതു ബാങ്ക് പൊളിഞ്ഞാലും എനിക്ക് അഞ്ചുരൂപയേ നഷ്ടം വരൂ.”
“ഞാൻ എല്ലവരെയും ബഹുമാനിക്കണോ?”
- “ബഹുമാനിക്കുന്നതിനു മുൻപ് അവരുടെ കൂട്ടത്തിൽ പണം പിരിക്കാനെത്തുന്നവരുണ്ടോ എന്നുകൂടി നോക്കിക്കൊള്ളണം.”
“ഇത്രയും കാലം ജീവിച്ചതിൽ നിന്നു നിങ്ങളെന്തു മനസ്സിലാക്കി?”
- “പ്രഭാതം മധ്യാഹ്നത്തിലേക്കു ചെല്ലുന്നു. മധ്യാഹ്നം സായാഹ്നത്തിലേക്കു പോകുന്നു. സായാഹ്നം രാത്രിയായി മാറുന്നു. ഇതു താങ്കളും ഓർമ്മിച്ചാൽ നന്ന്.”
“വദനം യഥാർത്ഥത്തിൽ മാനവന്റെ ഹൃദയത്തിൽ കണ്ണാടി തന്നെയെങ്കിൽ?”
- “തെറ്റ്. വഞ്ചകന്റെ, ദുഷ്ടന്റെ ഹൃദയത്തിലുള്ളതു മുഖം കാണിക്കില്ല.”
“ഏറ്റവും നല്ല ഫോട്ടോഗ്രാഫർ ആര്?”
- “കേരളത്തിലോ? എങ്കിൽ മലയാള മനോരമയിലെ ജയചന്ദ്രനെ അതിശയിച്ച വേറൊരു ഫോട്ടോഗ്രാഫർ ഇല്ല.”
സമകാലികമലയാളം 1997 09 12
കൈക്കൂലിക്കാരെ മുക്കാലിയിൽ കെട്ടി അടിക്കുന്ന രീതി വരാത്തതെന്ത്?
- പണ്ട് തിരുവിതാംകൂറിലുണ്ടായിരുന്നു ഈ ഏർപ്പാട്. ഇപ്പോൾ ഇല്ല. ഒരിക്കൽ ഭാസ്ക്കരൻ നായർസ്സാറ് (ഡോക്ടർ കെ. ഭാസ്കരൻ നായർ) എന്നോടു പറഞ്ഞു: ‘ഞാനിന്നു വരെ കൈക്കൂലി വാങ്ങിയിട്ടില്ല. അതുകൊണ്ടു ഞാൻ സുഖമായി ഉറങ്ങുന്നു.’ ഇപ്പോഴത്തെ സ്ഥിതി വിഭിന്നം. മുൻകൂർ ജാമ്യമെന്ന ഏർപ്പാടുള്ളതുകൊണ്ട് പാർട്ടി സഹായത്തിനെത്തുമെന്നുള്ളതു കൊണ്ടു കൈക്കൂലിക്കാരൻ ഗാഢനിദ്രയിൽ മുഴുകുന്നു. മുക്കാലി വീണ്ടും വരേണ്ടതാണ്.
പമ്പരം കറങ്ങുന്നതു കാണാൻ രസമില്ലേ നിങ്ങൾക്ക്?
- പമ്പരത്തെക്കാൾ വേഗമാർന്നു ഓട്ടോറിക്ഷാമീറ്റർ കറങ്ങുന്നതു കാണാനാണ് എനിക്കു രസം.
പ്രസംഗം നടക്കുമ്പോൾ സദസ്സാകെ അതു ശ്രദ്ധിക്കുന്നുണ്ടോ. കേൾക്കുന്നുണ്ടോ?
- ഈ ലോകത്ത് ആരാണ് മറ്റൊരാൾ പറയുന്നതു കേൾക്കുക? ഭാര്യ വാതോരാതെ സംസാരിക്കും. ഭർത്താവ് അതിനൊക്കെ മൂളുമെങ്കിലും യഥാർത്ഥത്തിൽ ശ്രദ്ധിക്കുന്നില്ല. കേൾക്കുന്നില്ല. ഭർത്താവ് പറയുന്നതെല്ലാം ഭാര്യ കേൾക്കും. പക്ഷേ അതനുസരിച്ച് പ്രവർത്തിക്കില്ല.
- ഈ ലോകത്ത് എല്ലാവരും മറ്റെല്ലാവർക്കും ബോറുകളാണ്. ഞാൻ നിങ്ങൾക്കു ബോറൻ. സ്ത്രീകളോടു സംസാരിക്കുന്നതാണ് ഏറ്റവും വലിയ ബോറടി. സ്ത്രീകളിൽ തന്നെ മധ്യവയസ്കകളായ മുത്തശ്ശിമാരുണ്ട്. അവർ എപ്പോഴും പേരക്കുട്ടികളുടെ ബുദ്ധിസാമർത്ഥ്യത്തെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കും. സഹിക്കാനൊക്കുകയില്ല അത്.
തിരുവനന്തപുരത്ത് ലോക്കൽ കാളുകളുടെ സമയപരിധി അഞ്ചു മിനിറ്റാണ്. ഇതു ശരിയാണോ?
- ശരി. ഞാൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ സ്ത്രീകൾക്കു സംഭാഷണത്തിനുള്ള സമയം ഒരു മിനിറ്റാക്കി കുറയ്ക്കുമായിരുന്നു.
പെണ്മക്കൾ കല്യാണം കഴിഞ്ഞു പോകുമ്പോൾ അവരെ യാത്രയയ്ക്കാൻ ചെല്ലുന്ന അച്ഛനമ്മമാർ കരയുന്നതെന്തിന്?
- മറ്റുള്ളവരുടെ കാര്യം എനിക്കറിഞ്ഞു കൂടാ. എന്റെ കാര്യം പറയാം. മകൾ വിവാഹം കഴിഞ്ഞു പോകുമ്പോൾ അവൾ ഉപയോഗിച്ചിരുന്ന മുറി പുസ്തകങ്ങൾ വയ്ക്കാനെടുക്കാമല്ലോ എന്നു വിചാരിച്ച് ആഹ്ലാദിച്ചിട്ടേയുള്ളൂ ഞാൻ.
- ഇല്ല. അതിനു തെളിവ് ഞാൻ ടെലിവിഷൻ പരിപാടികൾ കാണുന്നില്ല എന്നതാണ്.
സമകാലികമലയാളം 1997 09 19
സമകാലികമലയാളം 1997 10 10
ട്രിവാൻഡ്രമും തിരുവനന്തപുരവും തമ്മിലുള്ള വ്യത്യാസമെന്ത്?
- പണ്ടത്തെ ട്രിവാൻഡ്രം എന്നോടു ഉള്ളറിഞ്ഞു പെരുമാറിയിരുന്നു. അതു ഇംഗ്ലീഷിലെഴുതുമ്പോഴും തിരുവനന്തപുരമായപ്പോൾ അസ്തിത്വ വാദികൾ പറയുന്ന അന്യവത്കരണ ബോധം എനിക്ക് ചെന്നെയും മദ്രാസും എനിക്ക് ഒരേ പോലെ രണ്ടിലും ഞാൻ അന്യനായി വർത്തിക്കുന്നു.
2002
സമകാലികമലയാളം 2002 04 26
സാമൂഹ്യ പരിഷ്കര്‍ത്താവായാല്‍ നിങ്ങള്‍ ഏതു പരിപാടിയെ പരിഷ്കരിക്കും?
- വിവാഹസദ്യയെ. പന്തലിലേക്കു് ആളുകളെ കയറ്റി വിടുന്നതു തൊട്ടു് അപമാനനം നടക്കുന്നു. ഇനി സ്ഥലമില്ല എന്ന മട്ടില്‍ പ്രവേശനസ്ഥലത്തു് ബലിഷ്ഠമായ കൈയെടുത്തുവച്ചു് ഒന്നോ രണ്ടോ പേര് നിന്നെന്നുവരും. സദ്യക്ക് ഇരിക്കാന്‍ പോകുന്നവന് അപ്പോള്‍ത്തന്നെ അപമാനിതനാകും. സദ്യയോ? ഇഞ്ചിക്കറി, മാങ്ങാക്കറി, ഇങ്ങനെ ഏറെക്കറികള്‍ കാക്ക കാഷ്ഠിച്ച മട്ടില്‍ വിളമ്പും. ആരും അതു കൈകൊണ്ടു തൊടില്ല. പിന്നെ അവിയലുണ്ട്. അതു കാക്കക്കാഷ്ഠത്തെക്കാള്‍ വലിപ്പം കുറഞ്ഞമട്ടിലേ വിളമ്പൂ. രണ്ടാമതു് അതു ചോദിക്കാന്‍ അഭിമാനം സമ്മതിക്കില്ല. വധുവിന്റെ അച്ഛനു് നടത്തമുണ്ട് ഉണ്ണുന്നവരുടെ ഇടയില്‍ക്കൂടി. അതും സഹിക്കാന്‍ വയ്യ (സമൂഹ പരിഷ്കര്‍ത്താവു് എന്നേ പറയാവൂ).
രോഗം ഭേദമാക്കുന്ന ഡോക്ടറോടു് നിങ്ങള്‍ക്കു നന്ദിയുണ്ടോ?
- ഉണ്ട്. നന്ദി മാത്രമല്ല. സ്നേഹമുണ്ടു്. പക്ഷേ എനിക്കുണ്ടായിരുന്ന രോഗം തന്നെ വേറൊരാളിനു ഉണ്ടായിരുന്നാല്‍ അതു ചികിത്സിച്ചു മാറ്റുന്ന ഡോക്ടറോടു് എനിക്കു് അബോധാത്മകമായ ശത്രുത വരും (എനിക്കു് എന്ന പദത്തില്‍ സാഹിത്യവാരഫലക്കാരനെ പ്രതിഷ്ഠിക്കരുതേ, സാമാന്യപ്രസ്താവം നിര്‍വഹിക്കുകയാണ് ഞാന്‍).
ഗ്രയ്റ്റ്നെസ് — മഹത്ത്വം — ഉള്ള ഒരാധുനിക മലയാള നോവലിന്റെ പേരു്?
- പാറപ്പുറത്തിന്റെ ʻഅരനാഴികനേരംʼ എന്ന നോവലില്‍ മഹത്വത്തിന്റെ അംശങ്ങള്‍ ഏറെയുണ്ടു്. മുകുന്ദനെയും മററും വാഴ്ത്തുന്ന തല്പരകക്ഷികള്ക്ക് ആ മഹത്ത്വാംശങ്ങള്‍ കാണാന്‍ കഴിവില്ല. പാറപ്പുറത്തിനെതന്നെ നമ്മള് വിസ്മരിച്ചുകഴിഞ്ഞു്.
നിങ്ങളുടെ മരണശേഷം സാഹിത്യവാരഫലത്തിന്റെ സ്ഥിതിയെന്താകും?
- സാഹിത്യവാരഫലം കൃഷ്ണന്‍നായരുടെ സൃഷ്ടിയല്ല. എസ്.കെ. നായരും വി.ബി.സി. നായരും പറഞ്ഞിട്ടല്ല അയാളത് എഴുതിത്തുടങ്ങിയതു്. സാഹിത്യവാരഫലത്തിലെ ആശയങ്ങള്‍ അന്തരീക്ഷത്തിലുണ്ടു്. കൃഷ്ണന് നായരെത്തേടി അവ വന്നുവെന്നേയുള്ളു. അയാള്‍ മരിച്ചാല്‍ മറ്റൊരാളെ ആ ആശയങ്ങള്‍ തേടിക്കൊള്ളും. ʻʻനിങ്ങളുടെ മരണത്തിന്നു ശേഷംˮ എന്നെഴുതണം. നിങ്ങളുടെ മരണശേഷം എന്നു പറഞ്ഞാല്‍ ʻനിങ്ങളുടെʼ എന്ന പ്രയോഗം അന്വയിക്കുന്നതു് ʻശേഷംʼ എന്ന പ്രയോഗത്തിലായിരിക്കും. ശൂരനാട്ടു കുഞ്ഞന്‍പിള്ളസ്സാറിനോടു് ഞാന്‍ ഇതിനെക്കുറിച്ചു് ചോദിച്ചു. അദ്ദേഹം എന്റെ മതം ശരിയാണെന്നു പറഞ്ഞു.
സിഗററ്റ് വലിക്കുന്നതു് നിറുത്തണമെന്ന് പല സ്നേഹിതന്മാരും എന്നോടു് പറയുന്നു. ഞാന്‍ എന്തു ചെയ്യണം?
- NO എന്നു് വലിയ അക്ഷരങ്ങളില്‍ എഴുതി പോക്കറ്റില്‍ ഇട്ടുകോള്ളണം. ഉപദേശിക്കാന്‍ വരുന്നവര്‍ക്കു് ആ തുണ്ടെടുത്ത് കാണിച്ചുകൊടുക്കണം. സിഗററ്റ് വലിക്കുന്നത് ഒരു Innocent pleasure മാത്രമാണ്. എണ്ണം കൂടാതിരുന്നാല്‍ മതി.
മലയാളം സിനിമകള്‍ വടക്കേയിന്ത്യയിലും വിദേശങ്ങളിലും പ്രദര്‍ശിപ്പിക്കാത്തതെന്തു്?
- വടക്കേയിന്ത്യയില്‍ പല സ്ഥലങ്ങളിലും വച്ചു് ഞാന്‍ മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. കാട്ടുപ്രദേശമായ ചാന്ദയില്‍ ഒരു സിനിമാശാലയില്‍ ഞാന്‍ ചെന്നുകയറിയപ്പോള്‍ മലയാള ചലചിത്രം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുന്നു. ഞാന്‍ അന്നു് പ്രണാനും കൊണ്ടോടി. Fabrication അതു ഉണ്ടാകുന്ന സ്ഥലത്തു് മാത്രം ഒതുങ്ങി നില്ക്കുകില്ല. പല പ്രദേശങ്ങളിലും ചെന്നെത്തും.
കുട്ടിക്കൃഷ്ണമാരാര്, എസ്. ഗുപ്തന്നായര്, ആഷാമേനോന് ഇവരുടെ നിരൂപണരീതികള്‍ വിശദമാക്കാമോ?
- കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണം offensive. ഗുപ്തന്‍നായരുടേതു് defensive. ആഷാമേനോന്റെ നിരൂപണത്തെക്കുറിച്ച് എനിക്കു പറയാനാവില്ല. മനുഷ്യന് മനസ്സിലാകുന്നതിനെക്കുറിച്ചല്ലേ അഭിപ്രായം പറയാനാവൂ.ˮ
സമകാലികമലയാളം 2002 05 24
സമകാലീന ജീവിതത്തിന്റെ പ്രത്യേകതയെന്തു്?
- ആധിക്യമാണു് സമകാലിക ജീവിതത്തിന്റെ സവിശേഷത. നെയ്ത്തിരി കത്തിച്ചുവച്ചു് പണ്ടു് ഞാന്‍ വായിച്ചിരുന്നു. ഇന്നു നൂറു വാട്സ് ബള്‍ബുണ്ടെങ്കിലേ വായിക്കാനാവൂ. പണ്ടു് ഞാന്‍ കാളവണ്ടിയില്‍ സഞ്ചരിച്ചു. ഇന്നു എനിക്കു വിമാനത്തില്‍ പോകാനാണു് കൗതുകം. രചനയില്‍ മിതം സാരം ച വചോഹി വാഗ്മിതാ — മിതവും സാരവത്തുമായ വാക്കാണു് വാഗ്മിത — എന്ന സാരസ്വതരഹസ്യം എഴുത്തുകാര്‍ മനസ്സിലാക്കിയിരുന്നു. കാലത്തെസ്സംബന്ധിക്കുന്നതു് കാലികം. സമകാലികം എന്നു പ്രയോഗിക്കുന്നതു് നന്നു്. പ്രത്യേകതയ്ക്കു പകരമായി സവിശേഷത എന്നാവണം. പ്രതി + ഏകം = പ്രത്യേകം. each എന്ന അര്‍ത്ഥമേയുള്ളു അതിനു്: excess-നെക്കുറിച്ചു് പൊള് വലേറി എഴുതിയ പ്രബന്ധം താങ്കള്‍ വായിക്കണം.
മലയാളത്തിലെ കവികള്‍ക്കുള്ള പ്രധാനപ്പെട്ട ദോഷമെന്തു്?ˮ
- കീര്‍ത്തി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ അശ്രാന്തപരിശ്രമം ചെയ്യുന്നു. വള്ളത്തോളും ചങ്ങമ്പുഴയും ഇടപ്പള്ളിയും ഇതു ചെയ്തിരുന്നില്ല. ജി. ശങ്കരക്കുറുപ്പ് തന്നാലാവും വിധം ഇതനുഷ്ഠിച്ചിരുന്നു. സാഹിത്യപരിഷത്തിന്റെ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയിട്ടു് അനേകം പ്രാദേശിക കവികളെക്കൊണ്ടു പ്രഭാഷണം ചെയ്യിപ്പിക്കുക, ശിഷ്യരെക്കൊണ്ടു് തന്റെ കവിതയെക്കുറിച്ചു് ലേഖനങ്ങള്‍ എഴുതിപ്പിക്കുക. ഗ്രന്ഥങ്ങള്‍ രചിപ്പിക്കുക ഇങ്ങനെ പലതും അദ്ദേഹത്തിന്റെ കൃത്യങ്ങളായിരുന്നു. ആനയ്ക്ക് അതിന്റെ ബലം അറിഞ്ഞുകൂടാ എന്നു പറയുന്നതുപോലെ ശങ്കരക്കുറുപ്പിനു് തന്റെ കവിതയുടെ മഹനീയത അറിഞ്ഞുകൂടായിരുന്നു. മലയാളത്തിലെ ഒരേയൊരു Cosmic കവിയാണു് അദ്ദേഹം. അതു് അദ്ദേഹത്തിനു് അറിയാമായിരുന്നില്ല.
കേരളത്തില്‍ ഉന്നതനായ ഒരു ഉദ്യോഗസ്ഥന് കേരള സര്‍വീസ് റൂള്‍സ് ലംഘിച്ചു് സര്‍ക്കാരിനെയും മന്ത്രിയെയും വിമര്‍ശിക്കുന്നതു ശരിയാണോ?
- ശരിയല്ല. സര്‍ക്കാരും മന്ത്രിയും തെറ്റുചെയ്താലും ഉദ്യോഗസ്ഥനു് വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശിക്കണമെങ്കില്‍ ജോലി രാജിവയ്ക്കണം. ജോലിയിലിരിക്കുമ്പോള്‍ സര്‍വീസിന്റെ ലിഖിതനിയമങ്ങള്‍ക്കും അലിഖിതനിയമങ്ങള്‍ക്കും ആ ഉദ്യോഗസ്ഥന് അടിമയാണു്. ബ്യൂറോക്രസിയുടെ നിയമമതാണു്. ഒരു സാധാരണ ബോംബിട്ടാല്‍ മണല്‍ക്കാടായി മാറുന്ന ചില കൊച്ചുരാജ്യങ്ങള്‍ അമേരിക്ക എന്ന Super power-നെ ഭീഷണിപ്പെടുത്തുമ്പോള്‍ എനിക്കു് ആ കൊച്ചുരാജ്യങ്ങളോടു പുച്ഛം തോന്നാറുണ്ടു്. സര്‍ക്കാര്‍ മഹാസ്ഥാപനമാണു്. അതു കൊടുക്കുന്ന ശംബളം പറ്റിക്കൊണ്ടു് അതിനെയും മന്ത്രിയെയും വിമര്‍ശിക്കുന്നതു് ശരിയല്ല. സി.പി. രാമസ്സ്വാമിയുടെ കാലത്താണെങ്കില്‍ ഇങ്ങനെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥനെ explanation പോലും വാങ്ങാതെ ഡിസ്മിസ് ചെയ്യുമായിരുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ പേരില്‍ ഇക്കൂട്ടര്‍ പുലരുന്നു.
നായ്ക്കുളില്‍ അമിതമായ താല്പര്യമുള്ള ചില സ്ത്രീകളുണ്ടു്. അവരെക്കുറിച്ചു്?
- അവര്‍ക്കു human beings-നെ സ്നേഹിക്കാന്‍ കഴിയുകയില്ല.
സാഹിത്യകാരന്മാര്‍ക്കു് ഉപേക്ഷിക്കാന്‍ വയ്യാത്ത ഗുണങ്ങള്‍ ഏവ?
- തലച്ചോറും ഹൃദയവും. ഭാഗ്യക്കേടുകൊണ്ടു് അവര്‍ക്കു് രണ്ടുമില്ല. തലച്ചോറില്ലാത്തതുകൊണ്ടു ഭ്രാന്തു് വരില്ല. ഹൃദയമില്ലാത്തതുകൊണ്ടു് ഹൃദയസ്തംഭനം അവര്‍ക്കു ഒരിക്കലും ഉണ്ടാകുകയില്ല.
ഛന്ദസ്സോടുകൂടി കവിതയെഴുതുന്നവരും അതില്ലാതെ കവിതയെഴുതുന്നവരും തമ്മില്‍ എന്തേ വ്യത്യാസം?
- നീലാന്തരീക്ഷത്തില്‍ ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്താണു് ഛന്ദസ്സോടുകൂടി കവിതയെഴുതുന്നവന്. ʻചൊട്ടച്ചാണ് വഴി ദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കുംʼ കോഴിയാണു് വൃത്തമില്ലാതെ കവിതയെഴുതുവന്നവന്‍.
സമകാലികമലയാളം 2002 06 14
ചന്ദ്രനില്‍ മനുഷ്യന് കാല് കുത്തിയതിനുശേഷം അതിനോടുള്ള മാനസികനിലയ്ക്കു മാറ്റം വന്നില്ലേ?
- ചന്ദ്രനില്‍ മനുഷ്യന് ഇറങ്ങിയ ദിനത്തിന്റെ അടുത്ത ദിവസത്തില്‍ ജി. ശങ്കരക്കുറുപ്പിന്റെ പ്രഭാഷണമുണ്ടായിരുന്നു തിരുവനന്തപുരത്തെ ടൗണ്‍ഹാളില്‍. അദ്ദേഹം പ്രഭാഷണത്തിനിടയ്ക്കു പറഞ്ഞു ʻമനുഷ്യര്‍ ദിവസവും ചന്ദ്രനിലേക്കു യാത്രചെയ്താലും പൂര്‍ണ്ണചന്ദ്രനെ കാണുമ്പോള്‍ വിരഹദു:ഖമനുഭവിക്കുന്ന സ്ത്രീക്ക് ദുഖം കൂടും. ഒരിക്കല്‍ പവനന് പ്രസംഗിക്കുന്നതു ഞാന്‍ കേട്ടു. അദ്ദേഹം മദ്രാസ് കടപ്പുറത്തു വെളുത്ത വാവിന്‍നാളില്‍ വിശന്നു കിടക്കുമ്പോള്‍ ആഗ്രഹിച്ചത്രേ ചന്ദ്രന് ദോശയായിരുന്നെങ്കില്‍, അതു തിന്നാന്‍ കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന്.
സന്താനങ്ങളോട് അച്ഛനമ്മമാര്‍ക്കു സ്നേഹം എത്ര വര്‍ഷം നില്ക്കും?
- പെണ്‍പിള്ളരോടുള്ള അവരുടെ സ്നേഹം കൂടിവന്നാല്‍ പത്തുവര്‍ഷം നില്ക്കും. ആണ്‍പിള്ളരോടുള്ള സ്നേഹം ഏഴുവര്‍ഷം നില്ക്കും. പിന്നെ നീരസമുണ്ടാകും. അവരോട് നീരസം ഇഷ്ടക്കേടില്‍ നിന്ന് ശത്രുതയിലേക്കു വളരും. ഇരുപതു വയസായ മകനെ അച്ഛനു കണ്ണിനു കണ്ടുകൂടാ എന്നാവും.
സ്ത്രീക്കു മഹാദുഃഖം ഉണ്ടാകുന്നതു എപ്പോള്‍?
- മകനെ അതിരറ്റു സ്നേഹിച്ച അമ്മ അവന്റെ വിവാഹത്തിനുശേഷം അമ്മായിഅമ്മയുടെ ദാസനായി മാറി തന്നെ കാണാന്‍ വരാത്തപ്പോള്‍. പല ആണ്മക്കളും ഇങ്ങനെ അമ്മമാരെ ദുഃഖിപ്പിക്കുന്നുണ്ട്.
എന്റെ ആപ്തമിത്രം ആഹാരത്തിനു വഴിയില്ലാതെ പട്ടിണി കിടക്കുന്നു. ഞാനും ആ സുഹൃത്തിന്റെ അടുത്തു ചെന്നുകിടക്കുന്നതല്ലേ ഉചിതം?
- നിങ്ങളുടെ ആ സ്നേഹിതന് കാറപകടത്തില്‍ പെട്ടു റോഡില്‍ കിടന്നാല്‍ നിങ്ങള്‍ അയാളെ റ്റാക്സിയില് കയറ്റി ആശുപത്രിയില്‍ കൊണ്ടുപോകുമോ അതോ അയാളുടെ കൂടെ റോഡില്‍ കിടക്കുമോ?
സാഹിത്യത്തെക്കൂറിച്ചു വിശാലവീക്ഷണമുള്ളവരല്ലേ നമ്മുടെ നിരൂപകര്‍?
- അവര്‍ക്കു സങ്കുചിത വീക്ഷണമേയുള്ളൂ. നിരൂപണ പ്രബന്ധങ്ങള്‍ എഴുതുന്ന ഒരു സ്ത്രീ വൈലോപ്പിള്ളിയുടെ ʻകുടിയൊഴിക്കലിനെʼ ക്കുറിച്ച് ആയിരമായിരം ലേഖനങ്ങള്‍ എഴുതിക്കഴിഞ്ഞു. ജി. ശങ്കരക്കുറുപ്പിന്റെ കവിതയെക്കുറിച്ച് വാ തോരാതെ പ്രസംഗികുന്നു; എഴുതുന്നു. ഇതു വിശാലവീക്ഷണമാണോ? ഒരു പുരുഷന് റ്റി. പദ്ഭനാഭനെക്കുറിച്ച് ഗ്രന്ഥമെഴുതി. കുട്ടികൃഷ്ണമാരാരെക്കുറിച്ച് ഗ്രന്ഥമെഴുതുമെന്ന് കേരളീയരെ ഭീഷണിപ്പെടുത്തുന്നു. പടിഞ്ഞാറന്‍ കഥാകാരന്മാരുടെ കഥകള്‍ വായിച്ചിട്ടുണ്ടെങ്കില്‍, കോള്‍റിജ്ജ്, എലിയറ്റ് ഇവരുടെ നിരൂപണങ്ങള്‍ വായിച്ചിട്ടുണ്ടെങ്കില്‍ പദ്മനാഭന്, മാരാര്‍, ഇവരെപ്പറ്റി അദ്ദേഹം ഗ്രന്ഥമെഴുതാന്‍ തുടങ്ങുമോ?
റോസാപ്പൂ, പിച്ചിപ്പൂ, മുല്ലപ്പൂ, ഇവയില്‍ ഏതു പൂവിന്റെ മണമാണ് നിങ്ങള്‍ക്കിഷ്ടം?
- എനിക്ക് ഈ പൂക്കളുടെ മണം ഇഷ്ടമല്ല പെട്രോളിന്റെ മണം ഇഷ്ടമാണ്.
ആറ്റൂര്‍ രവിവര്‍മ്മ, കെ. ജി. ശങ്കരപിള്ള ഇവരുടെ കവിതകള്‍ വായിക്കുന്നുണ്ടോ നിങ്ങള്‍?
- പഴയ റ്റെലിഫോണ്‍ ഡയറക്ടറി എന്റെ വീട്ടിലുണ്ട്. ഞാനതു വായിക്കുന്നു. നല്ല രസം.
|
|