close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 04 03


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1998 04 03
മുൻലക്കം 1998 03 26
പിൻലക്കം 1998 04 10
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഇ. എം. എസ്

അനന്തമായ കാലം. അതങ്ങനെ പ്രവഹിക്കുമ്പോൾ അതിന്റെ ഒരു നിമിഷം അർക്കകാന്തി പ്രസരിപ്പിക്കും. കാലം ഒഴുകിപ്പോയാലും ആ ശോഭാവിശേഷം ദിശാചക്രത്തെ തിളക്കിക്കൊണ്ടിരിക്കും. അമ്മട്ടിലുള്ള ദിവാകരദീപ്തിയാണ് എ. എം. എസ്. അദ്ദേഹത്തിന്റെ പ്രത്യക്ഷശരീരം ഇന്നില്ല. എങ്കിലും ആ മഹാതേജസ്സ് ജനതയ്ക്ക് മാർഗ്ഗം കാണിച്ചുകൊടുക്കുന്നു.

ഇ. എം. എസ്. ന്റെ രാഷ്ട്രസേവനം ജനതയ്ക്ക് ധൈഷണികമായ ഉത്തേജനം നൽകി. ചരിത്രസങ്കല്പത്തിന് നൂതന മാനം കൊടുത്തു. പ്രവർത്തനങ്ങൾ മസ്തിഷ്കം കൊണ്ടായാലും കൈ കൊണ്ടയാലും മഹനീയങ്ങളാണ് എന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. അധികാരമല്ല, മനുഷ്യത്വമാണ് ഉത്കൃഷ്ടമെന്ന് ഈ മഹാവ്യക്തി വ്യക്തമാക്കിത്തന്നു. പ്രാർത്ഥിക്കുന്ന ചുണ്ടുകളേക്കാൾ പാവനങ്ങളാണ് പാവങ്ങളൂടെ കണ്ണീരുതുടയ്ക്കുന്ന കരങ്ങളെന്ന് നമ്മളെ ഉദ്ബോധിപ്പിച്ച ഈ മഹാവ്യക്തിയുടെ തിരോധാനത്തിൽ ഞാനും വായനക്കാരോടൊപ്പം ദുഃഖിക്കുന്നു.

ഇസ്രായേലും ഇന്ത്യയും

ഐന്ദ്രജാലിക ശക്തിയുള്ള ഇസ്രായേൽ നോവലിസ്റ്റ് ഏമസ് ഓസ്സിന്റെ (Amos Oz - b. 1939) മനോജ്ഞമായ ഒരു ചെറുകഥയുണ്ട്. “Setting the Worlds to Rights” എന്ന പേരിൽ. സർവ്വവിദ്വേഷിയായി. ഇരുട്ട് സഞ്ചയിച്ച് ഏകാന്തജീവിതം നയിച്ച ഒരാളിന്റെ കഥയാണത്. അയാൾ വിവാഹം കഴിച്ചു. പക്ഷേ ഏതാനും മാസങ്ങൾ കഴിഞ്ഞ് അവർ പിരിഞ്ഞു. അവൾ വീണ്ടും കല്യാണം കഴിക്കാത്തതുകൊണ്ട് അയാൾ അവളുടെ ശരീരം യാചിച്ചുകൊണ്ട് പിന്നെയും പിന്നെയും ചെല്ലുമായിരുന്നു. വേഗമാകട്ടെ എന്നു പറഞ്ഞ് അവൾ ചിലപ്പോൽ അതിനു സമ്മതിക്കും. പതിവുപോലെ അയാൾ അവളുടെ അടുത്തെത്തി ശരീരത്തിനുവേണ്ടി യാചിച്ചു. അവൾ അത്തവണ സമ്മതിച്ചില്ല. തെല്ലുനേരം അയാൾ യാചന നടത്തിയെങ്കിലും ഫലപ്പെട്ടില്ല. തെരുവിന്റെ അറ്റത്തുനിന്ന് ഒരു വേശ്യയെ കൂട്ടിക്കൊണ്ട് അയാൾ മോശപ്പെട്ട ഹോട്ടലിലേക്കു പോയി. നേരം വെളുക്കുന്നതുവരെ അവളോട് ഒരുമിച്ചുകഴിഞ്ഞെങ്കിലും അയാൾ അവളെയും തന്നെയും വല്ലാതെ വെറുത്തു. രാത്രിയായപ്പോൾ അയാൾ ഒരു ഉദ്യാനത്തിൽ ചെന്ന് അവിടെയുള്ള മരത്തിൽ തൂങ്ങിമരിച്ചു. ലോകം നന്നാക്കാൻ ശ്രമിക്കുന്നവനും മറ്റുള്ളവരും തമ്മിൽ ഒരു വ്യത്യാസവുമില്ലല്ലോ. അതുകൊണ്ട് അയാളുടെ മൃതദേഹം കുഴിച്ചുമൂടിയതിനെക്കുറിച്ച് വിശേഷിച്ചൊന്നും പറായാനില്ല. അയാൾ ശാന്തനായി വിശ്രമിക്കട്ടെ.

ഇസ്രായേൽ രാഷ്ട്രത്തിന്റെ ജീർണ്ണതയേയും അപക്ഷയത്തെയും ധീരതയോടെ എടുത്തു കാണിക്കുന്ന മഹാനായ സാഹിത്യകാരനാണ് ഏമസ്സ് ഓസ് (ആസ്സ് എന്നും ഉച്ചാരണമുണ്ട്). ഈ രചനയിലെ കഥാപാത്രം തന്നെ ആ രാജ്യത്തിന്റെ ഭ്രംശത്തിന് പ്രതിനിധീഭവിക്കുന്നു. കഥയെക്കുറിച്ച് പ്രിയപ്പെട്ട വാായനക്കാരോട് പറയാനല്ല എന്റെ കൗതുകം. സ്വന്തം രാജ്യത്തിന്റെ ദുരവസ്ഥയെസ്സംബന്ധിച്ച് ചില വാക്യങ്ങൾ അതിലുണ്ട്. അവയിലേക്ക് വായനക്കാരെ കൊണ്ടുചെല്ലാനാണ് എനിക്ക് താല്പര്യമുള്ളത്. എന്റെ ദുർബലമായ ഭാഷാന്തരീകരണത്തിലൂടെ ഇംഗ്ലീഷ് വാക്യങ്ങളൂടെ ശക്തി അവർക്ക് അറിയാൻ കഴിഞ്ഞെങ്കിൽ!

“യുദ്ധസംബന്ധിയായ പരാജയം കൊണ്ടോ സാമ്പത്തികമായ തകർച്ച കൊണ്ടോ അല്ല ആളൂകൾ നശിച്ച് പോകുന്നത്. അവർക്ക് ഇതറിഞ്ഞുകൂടാ. നേതാക്കന്മാരെന്ന് സ്വയം കരുതുന്നവർക്കും ഇതറിയാൻ പാടില്ല. ജനങ്ങൾ ജീർണ്ണതയിൽ വീഴുമ്പോൾ മാത്രമേ ശത്രു എത്തുകയുള്ളൂ. വാതിലിലൂടെ അകത്തേക്ക് കടക്കൂ… തെളിഞ്ഞ ആകാശത്ത് നിന്ന് കൊള്ളിയാനെന്നപോലെ അപത്ത് ആഞ്ഞടിക്കും. … രാജ്യത്തെ നശിപ്പിക്കുന്നത് യുദ്ധമല്ല: അഴിമതിയാണ്. അതിന്റെ പുതുഗന്ധം കനമാർന്ന് അന്തരീക്ഷത്തിൽ വ്യാപിച്ചിരിക്കുന്നു.”

വേറൊരിടത്ത്: ഭ്രാന്തുപിടിച്ച ഈ രാജ്യം അതറിയാതെ സ്വന്തം മാംസം കൊണ്ട് വയറു നിറയ്കുകയാണ്. ഈ രൂപം ഇപ്പോഴും വളരുന്നു, വ്യാപിക്കുന്നു. പ്രത്യക്ഷമായി സ്ഥാപനങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്. പുതിയ റോഡുകൾ നിർമ്മിക്കപ്പെടുന്നുണ്ട്. പക്ഷേ ശവത്തിന്റെ മുടിയും നഖങ്ങളും അത് അഴുകുന്നതുവരെ വളർന്നു കൊ

ണ്ടിരിക്കുമെന്ന് ഏതു ജീവശസ്ത്രജ്ഞനും സമ്മതിക്കും. അഴിമതിയിൽ നിന്ന് അഴിമതിയിലേക്ക് ചെന്ന് ഈ ഘടനയാകെ നാശോന്മുഖമാകുന്നു. വേശ്യ മരിക്കുന്നതു വരെ കാൻസർ അവളെ കാർന്നു തിന്നും” ഏമസ് ഓസ്സ് സ്വന്തം രാജ്യത്തെയാണ് വേശ്യയെന്നു വിളിക്കുന്നത്. ജന്മദേശത്തിന്റെ ദയനീയാവസ്ഥയിൽ മനം നൊന്ത് പരിദേവനം ചെയ്യുകയാണ് അദ്ദേഹം. പക്ഷേ ഓസ്സ് പറയുന്നതു ഇൻഡ്യാക്കാരായ ഞങ്ങൾക്കും ചേരുമെന്ന് അദ്ദേഹം അറിയുന്നുണ്ടോ എന്തോ?

ചോദ്യം, ഉത്തരം

Symbol question.svg.png ഞാൻ നിങ്ങളെ ആദ്യമായി കണ്ടാൽ എന്റെ വിചാരം എന്തായിരിക്കും?”

നിങ്ങളുടെ വിചാരമെന്തായിരിക്കുമെന്ന് എനിക്കറിഞ്ഞു കൂടാ. പക്ഷേ നിങ്ങളെയാണ് ഞാൻ ആദ്യമായി കാണുന്നതെങ്കിൽ ‘ഇതാ ഒരു തസ്കരൻ’ എന്നു വിചാരിക്കും.

Symbol question.svg.png കീർത്തികേട്ട സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ നമുക്കു ഒന്നും വിശേഷിച്ചു തോന്നാത്തത് എന്തുകൊണ്ട്?

അതങ്ങനെയാണ്. കന്യാകുമാരിയും കോവളവും ആദ്യമായി കണ്ടപ്പോൾ നരച്ച സ്ഥലങ്ങളായിട്ടേ എനിക്കു തോന്നിയുള്ളു. ചില നോവലിസ്റ്റുകൾക്കും കവികൾക്കുമുള്ള കീർത്തി അവരുടെ ഗ്രന്ഥങ്ങൾക്കില്ലാത്തതുപോലെയാണിത്.

Symbol question.svg.png സാഹിത്യവാരഫലത്തിൽ ക്രിട്ടിസിസമൊന്നുമില്ലല്ലോ.

താങ്കൾ തെങ്ങിൽ കയറുന്നത് പുല്ല് പറിക്കാനാണോ?

Symbol question.svg.png കൊതുകു കടിക്കാതിരിക്കാൻ എന്തു ചെയ്യണം?

വിവാഹം കഴിക്കൂ. മധുവിധുകാലമത്രയും കൊതുകു കടിച്ചാലും നിങ്ങളതു അറിയുകയില്ല.

Symbol question.svg.png നിങ്ങളുടെ കോളം പോലെ രസകരമായി വേറെ കോളമുണ്ടോ മലയാളത്തിൽ?

സ്തുതിച്ചതിനു നന്ദി. ദീപിക ദിനപത്രത്തിന്റെ വാരാന്ത്യപ്പതിപ്പിൽ ശ്രീ. എം. വി. ബെന്നി എഴുതുന്ന അവലോകനങ്ങൾ നന്ന്. സാഹിത്യവാരഫലക്കാരനു നർമ്മബോധമില്ല. ബെന്നിക്ക് അത് ഏറെയുണ്ട്.

Symbol question.svg.png ഹിറ്റ്‌ലറും ഈശ്വരനും ഒരുപോലെ. ശരിയല്ലേ?

ശരി. ഹിറ്റ്‌ലർ നിരപരാധരായ ജൂതന്മാരെ ലക്ഷക്കണക്കിന്നു കൊന്നു. ഈശ്വരൻ അപരാധം ചെയ്യാത്തവരെ ഭൂകമ്പത്തിലൂടെ കൊന്നുകൊണ്ടിരിക്കുന്നു. രണ്ടുപേരും സദൃശർ.

Symbol question.svg.png എനിക്കു ധാരാളം വായിക്കണമെന്നുണ്ട്. കുറച്ചുകാലത്തേക്ക് നിങ്ങളുടെ ലൈബ്രറിയിൽ എനിക്കു താമസിക്കാൻ സൗകര്യം തരുമോ?

ജീവിതാസ്തമയമായതുകൊണ്ട് ഞാൻ പുസ്തകങ്ങളെല്ലാം മക്കൾക്ക് വീതിച്ചുകൊടുത്തു. ഒന്നുരണ്ടു നിഘണ്ടുക്കളും വിശ്വവിജ്ഞാനകോശത്തിന്റെ ഒരു വാല്യവും മാത്രമേ എന്റെ വീട്ടിലുള്ളു. പുസ്തകങ്ങൾ വീട്ടിലുണ്ടെങ്കിൽത്തന്നെയും നിങ്ങൾക്കു പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. ദേവേന്ദ്രനു നപുംസകത്വമുണ്ടെങ്കിൽ അയാളുടെ ചുറ്റും ഉർവ്വശിയും രംഭയും മേനകയും തിലോത്തമയും മറ്റും വന്നു നിന്നാൽ എന്തു പ്രയോജനം?

Symbol question.svg.png ക്ലിന്റന്റെ രഹസ്യജീവിതത്തിൽ ആളുകൾ ഇത്ര ക്ഷോഭിക്കുന്നതെന്തിന്ന്? അദ്ദേഹത്തിന്റെ സ്ത്രീജിതത്വം ഭരണകാര്യങ്ങളെ ബാധിക്കില്ലല്ലോ

ക്ലിന്റൺ തെറ്റുകാരനാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഒരു വലിയ രാജ്യത്തിന്റെ അധികാരി ഇത്തരത്തിൽ പ്രവർത്തിച്ചാൽ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടമാകും. ഓഫീസിലെ കാര്യക്ഷമത തകരും. അതു തകർന്നാൽ രാജ്യത്തിന്റെ ഡിസിപ്ലിൻ തകരും. അതോടെ രാജ്യം നശിക്കും.”

തങ്കമോതിരമോ ശ്രീചക്രമോ

ഇസ്രീയൽ രാഷ്ടത്തിന്റെ ജീർണ്ണതയെയും അപക്ഷയത്തെയും ധീരതയോടെ എടുത്തുകാണിക്കുന്ന മഹാനായ സാഹിത്യകാരനാണ് ഏമസ് ഓസ്സ്

ഞാനൊരു പഴയ മനുഷ്യനാണ്. ഇനിയുള്ള ഹ്രസ്വകാലമത്രയും ആ രീതിയിൽത്തന്നെ കഴിഞ്ഞു പോകണമെന്നാണ് എന്റെ ആഗ്രഹം. പഴഞ്ചനായതുകൊണ്ട് ഭവനനിർമ്മാണത്തിന്റെ നൂതനത്വത്തിലോ വീട്ടിനകത്തെ ഉപകരണങ്ങളുടെ വ്യാമിശ്രതയിലോ എനിക്കു അഭിരമിക്കാൻ വയ്യ. ‘മലയാളനാട്’ വാരികയുടെ പത്രാധിപരായിരുന്ന എസ്. കെ. നായരുടെ കൊല്ലത്തുള്ള വീട്ടിൽ ഞാൻ ഒരു ദിവസം പോയി. കാപ്പികുടി കഴിഞ്ഞ് കൈ കഴുകാനായി ബാത്റൂമിലേക്കു ചെന്നപ്പോൾ വാഷ്ബേസിന്റെ മുകളിലായി ചില ഉപകരണങ്ങൾ വെട്ടിത്തിളങ്ങുന്നതു കണ്ടു. ഒന്നിന്റെ പിടി തിരിച്ചുനോക്കി. വെള്ളം ഒഴുകുന്നില്ല. വേറൊന്നു നോക്കി. അതും ഫലമില്ല. വല്ലതും പിടിച്ചുതിരിച്ച് ജലപ്രവാഹമുണ്ടായാലോ? ഞാനും എസ്. കെയുടെ വീടും മുങ്ങിപ്പോകുമല്ലോ. അതുകൊണ്ട് ‘എച്ചിൽക്കൈ’ ഉയർത്തിക്കൊണ്ടു ഞാൻ എസ്. കെ. നായരുടെ അടുത്തെത്തി അപേക്ഷിച്ചു ലജ്ജയോടെ. ‘റ്റാപ് തുറക്കാനറിഞ്ഞുകൂടാ.’ മാന്യനായ അദ്ദേഹം ചിരിയും പുച്ഛവുമടക്കിക്കൊണ്ട് എന്റെ കൂടെ വന്ന് റ്റാപ് തുറന്നു തന്നു. കൈ കഴുകിത്തീരുന്നതുവരെ എസ്. കെ അവിടെ നിന്നതുകൊണ്ട് ‘ഇതടയ്ക്കുന്നതെങ്ങനെ?’ എന്നു ചോദിക്കേണ്ടി വന്നില്ല എനിക്ക്. അദ്ദേഹം തന്നെ റ്റാപ് അടച്ചു.

‘മലയാളം’ വാരികയുടെ പ്രമുക്തി നടന്ന ദിവസം. ഇൻഡ്യൻ എക്സ്പ്രസ് പത്രത്തിന്റെ അധികാരികൾ ഒരു നക്ഷത്രഹോട്ടലിലെ മനോഹരമായ മുറിയാണ് എന്റെ താമസത്തിനു ഏർപ്പാടു ചെയ്തത്. അങ്ങനെ അതിനകത്തിരിക്കുമ്പോൾ റോഡിലേക്കു പോകാൻ കൗതുകം. മുറി പൂട്ടേണ്ടതില്ലെന്നു കരുതി ഞാൻ താക്കോൽ മുറിക്കുള്ളിൽ വച്ചിട്ടു കതകു വലിച്ചടച്ച് റോഡിലേക്കു ചെന്നു. തിരിച്ച് വന്ന് കതകു തുറക്കാൻ ശ്രമിച്ചപ്പോൾ അതു തുറക്കുന്നില്ല. ഹോട്ടലിലെ ഒരു ജോലിക്കാരൻ അതിലേ പോയപ്പോൾ വാതിൽ തുറക്കാൻ വയ്യല്ലോ എന്നു ഞാൻ അയാളോടു പറഞ്ഞു. ആ യുവാവ് മറുപടി നൽകി: “വെളിയിൽ നിന്ന് അടച്ചാൽ ഓട്ടോമാറ്റിക്കായി പൂട്ടിപ്പോകുന്നതാണ് ഇവിടത്തെ വാതിലുകൾ. താക്കോലെവിടെ?” താക്കോലിന്റെ ഡ്യൂപ്ലികെയ്റ്റ് ഹോട്ടലധികാരിയിൽ നിന്ന് കണ്ടുപിടിച്ചെടുത്തു മുറി തുറക്കാൻ രണ്ടു മണിക്കൂർ കാത്തു നിൽക്കേണ്ടതായി വന്നു എനിക്ക്.

അടുത്ത കാലത്ത് ഒരു സമ്പന്നന്റെ വീട്ടിൽ ഞാൻ പോയി. ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത ജംഗമസ്സാമാനങ്ങളവിടെയേറെ. വിശേഷപ്പെട്ട ഒരു ഉപകരണം. അതിലിരിക്കാമോ എന്നെനിക്കറിഞ്ഞുകൂടായിരുന്നു. അതുകൊണ്ട് അറച്ചറച്ച് ഞാൻ ഗൃഹനായകനോടു ചോദിച്ചു ‘ഇത് ഇരിക്കാനുള്ളതാണോ?’ അദ്ദേഹം പുച്ഛം മറച്ച് ‘അതേയതേ ഇരുന്നാട്ടെ’ എന്നു മറുപടി പറഞ്ഞു. ഇതൊക്കെക്കൊണ്ടാണ് ഞാനാദ്യമേ പറഞ്ഞത് ‘ഞാൻ പഴയ മനുഷ്യനാ’ണെന്ന്. മുതലാളിത്തത്തിന്റെ കൃത്രിമപ്പകിട്ട് എനിക്ക് അംഗീകരിക്കാനാവില്ല. ശരീരഭാഗം വേദനിപ്പിക്കുന്ന മരക്കസേരയിൽ ഇരിക്കാനാണ് എനിക്കു കൊതി; പട്ടുമെത്തയിട്ട സെറ്റിയിലിരിക്കാനല്ല.

സാഹിത്യത്തിലും എന്റെ വീക്ഷണഗതി ഇതത്രേ. വള്ളത്തോളിന്റെ ‘മഗ്ദലനമറിയം’ വായിക്കുമ്പോൾ കൊച്ചുവള്ളത്തിലിരുന്ന് നിലാവിൽ മുങ്ങിയ തടാകത്തിലൂടെ മെല്ലെ നീങ്ങുന്ന പ്രതീതി. കുമാരനാശാന്റെ പ്രൗഢതയാർന്ന ‘കരുണ’യിലൂടെ സഞ്ചരിക്കുമ്പോൾ മസ്തിഷ്കത്തോടു ബന്ധപ്പെട്ട ആഹ്ലാദത്തിൽ വീണു ഞാൻ വിസ്മയിക്കുന്നു. പക്ഷേ വിസ്മയമില്ലാതെ ചന്ദ്രികാചർച്ചിതമായ രാത്രിയിൽ കൊതുമ്പുവള്ളത്തിലിരുന്നു തുഴയുവാനാണ് എനിക്ക് താല്പര്യം. സിദ്ധികളുള്ള അയ്യപ്പപ്പണിക്കരുടെ കാവ്യങ്ങൾ വാ

യിക്കുന്നതിനേക്കാൾ എനിക്കിഷ്ടം ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻപിള്ളയുടെയും കവിതാ സ്ത്രോതസ്വിനിയിൽ ആമജ്ജനം ചെയ്യാനാണ്. വൈക്കം മുഹമ്മദ്ബഷീറിന്റെ ‘തങ്കമോതിരം’ എന്ന കഥ ഉപരിതലസ്പർശി മാത്രമായിരിക്കാം. പക്ഷേ ശ്രീ. കാക്കനാടന്റെ ‘ശ്രീചക്രം’ വായിക്കുന്നതിനെക്കൾ നല്ലതു ‘തങ്കമോതിരം’ വായിക്കുന്നതാണെന്നു ഞാൻ വിചാരിക്കുന്നു.

രചയിതാവിന്റെ ഉള്ളിൽ ഒരു സംഭവത്തെക്കുറിച്ചുണ്ടായ സത്യപ്രതീതി ബഹി:പ്രകാശനം കൊള്ളുമ്പോൾ സത്യാത്മക പ്രതീതിയായിബ്‌ഭവിക്കുന്നു.

ഇരുപതാം ശതാബ്‌ദത്തിന്റെ ആദ്യകാലയളവിൽ സാഹിത്യ രചനയിൽ ഉണ്ടായ ഈ ഇച്ഛാശക്തി പ്രകടനം വികസിതാവസ്ഥയിലെത്തിയിരിക്കുന്നു ഇപ്പോൾ. അതുകൊണ്ട് മോപാസാങ്ങിന്റെ ഹൃദയംഗമങ്ങളായ ചെറുകഥകൾ ഇന്നാരും എഴുതുന്നില്ല. റ്റോമസ് മാനിന്റെ ‘ഡെത്ത് ഇൻ വെനീസ്’ എന്ന ധിഷണാപരമായ ചെറുകഥയിലാണ് ആളുകൾക്കു തല്‌പരത്വം. (ഹെൻട്രി മില്ലർ മാനിനെ (fabricator കപട രചയിതാവ്- എന്നു വിളിച്ചതു ഓർക്കുക) ബാതൽമീയുടെ (Donald Barthelme 1931-1989) മസ്തിഷ്ക സംബന്ധകങ്ങളായ കഥകളെക്കാൾ എനിക്കഭിമതങ്ങൾ ഹൃദയത്തിൽ നിന്നുവരുന്ന ചെക്കോവിന്റെ കഥകളാണ്.‘The Master and Margarita’ എന്ന വിശ്വവിഖ്യാതമായ നോവലെഴുതിയ ബുൾകഫിന്റെ((BulgaKov 1891-1940)‘The Heart of a Dog’ എന്ന മസ്തിഷ്ക സംബന്ധിയായ കഥയെക്കാൾ എനിക്കാദരിക്കാൻ കഴിയുന്നത് വിക്തോറിയ തൊക്കറേഫയുടെ കലാമൂല്യം കൂടിയ കഥകളാണ്. (പ്രിയപ്പെട്ട വായനക്കാർ ഇവരുടെ കഥകൾ വായിക്കണം. ഓരോ കഥയും അതിസുന്ദരമാണ്) രചയിതാവിന്റെ ഉള്ളിൽ ഒരു സംഭവത്തെക്കുറിച്ചുണ്ടായ സത്യപ്രതീതി ബഹി:പ്രകാശനം കൊള്ളുമ്പോൾ സത്യാത്മക പ്രതീതിയായിബ്‌ഭവിക്കുന്നു. അതിനെ ഉചിതങ്ങളായ പദങ്ങളിലൂടെ, ബിംബങ്ങളിലൂടെ രൂപവത്‌കരിക്കുമ്പോൾ നൈസർഗ്ഗികത എന്ന ഗുണം വരുന്നു. ഈ നൈസർഗ്ഗികതയല്ല ശ്രീ. പി. കെ. ശ്രീനിവാസന്റെ ‘ഒളിച്ചുകളിയുടെ ഗുണപാഠങ്ങൾ’ എന്ന ചെറുകഥയ്ക്ക് (മാതൃഭൂമി ആഴ്ചപ്പതിപ്പ്-ലക്കം 4) ഒരു സ്ത്രീയുടെയും പുരുഷന്റെയും പ്രച്ഛന്നമായ രതിഭാവത്തെ ആഖ്യാനവൈഭവത്തോടെ ആവിഷ്കരിക്കുന്ന ഇക്കഥയ്ക്കു വായനക്കാരിൽ നിന്ന് വേർപെട്ടു നില്ക്കുന്ന ഉന്നതസത്യത്തിന്റെ പ്രകാശമില്ല. മറഞ്ഞ സെക്സിന്റെ പ്രതിപാദനമുളവാക്കുന്ന ക്ഷോഭമേയുള്ളൂ. ഇത് ഇപ്പോഴത്തെ സാഹിഹ്യത്തിന്റെ സാമാന്യ സ്വഭാവമാണെന്നു ഞാൻ സമ്മതിക്കുന്നു. ആ സ്വഭാവം നല്ലതല്ലെന്ന പക്ഷക്കാരനാണു ഞാൻ.

വിചാരങ്ങൾ

‘യൂലിസ്’ എന്ന നോവലെഴുതിയ ജെയിംസ് ജോയ്സ് ഇന്നത്തെ ഹോമറാണെന്നാണ് അഭിജ്ഞമതം. അതുകൊണ്ട് ആ നോവലിനെക്കുറിച്ചോ നോവലിസ്റ്റിനെക്കുറിച്ചോ ഞാനൊന്നും എഴുതേണ്ടതില്ല. ഒരു യുഗം സൃഷ്ടിച്ച ആ നോവലിനെയും അതിന്റെ രചയിതാവിനെയും കുറിച്ച് വ്. എസ്. നയ്പോൾ എന്ന നോവലിസ്റ്റ് പറഞ്ഞത് മാർച്ച് 23-ലെ ഔട്‌ലുക്ക് വാരിക റിപ്പോർട്ട് ചെയ്യുന്നുണ്ട്. “What’s there in Joyce for me? A blind man living in Trieste. And talking about Dublin. There’s nothing in it for me, it’s not universal. And a man of so little, so little, able t record the life about him, in such a petty way, that he depends on th ancient narrative. No, no, no” ഈ പ്രസ്താവത്തിലെ ഓരോ വാക്യത്തിലും പ്രകടമാകുന്നത് അന്തസ്സാര ശൂന്യതയാണ്. വിവേകമില്ലായ്‌മയാണ്. മീഡിയോക്കർ (ഇടത്തരക്കാരൻ) നോവലിസ്റ്റും മീഡിയോക്കർ ചിന്തകനുമായ നയ്‌പോൾ ഒരുത്തുംഗ പ്രതിഭാശാലിയെ നോക്കി കൊഞ്ഞനം കാണിക്കുകയാണിവിടെ. ശക്‌തൻ റോഡിലൂടെ നടന്നുപോകുമ്പോൾ മുടന്തുള്ളവൻ മുടന്തി മുടന്തിച്ചെന്ന് ആ ശക്‌തന്റെ പൃഷ്ഠത്തിൽ ഒന്നു തോണ്ടും. അയാൾ തിരിഞ്ഞു നോക്കുമ്പോൾ മൊണ്ടി ഓടിക്കളയും. ശക്‌തൻ ചിരിക്കുകയേയുള്ളൂ. ജോയ്‌സ് ഇന്നില്ല. അദ്ദേഹം ശവകുടീരത്തിനകത്തു കിടന്നുകൊണ്ടു പൊട്ടിച്ചിരിക്കുന്നതു ഞാൻ കേൾക്കുന്നു.

2. വലിഞ്ഞുമുറുകി പൊട്ടാൻ കാത്തുനില്‌ക്കുന്ന ഞരമ്പുകൾ പോലെയാണ് വർത്തമാനകാല സംസ്കൃതിയിൽ ദാമ്പത്യം. പെണ്ണിന്റെ കവിളത്തുകൂടെ ചാലുകീറുന്നത് കണ്ണുനീരല്ല. ഹൃദയരക്‌തമാണ്. ജീവസ്‌പന്ദമില്ലാത്ത സ്നേഹമാണ് കിട്ടാൻ പോകുന്നതെങ്കിൽ സ്ത്രീധനത്തോടൊപ്പം വിവാഹത്തെയും അവൾ ത്യജിക്കണം. അവൾക്കു മുമ്പിൽ അപ്പോഴും വിശാലതയുടെ ലോകം ഉണ്ട്.

പെൺകുട്ടികൾക്കു വേണ്ടത് സ്നേഹത്തിന്റെ ശാശ്വതമൂല്യങ്ങൾ തേടുന്ന ഒരു പുരുഷനെയാണ്. ഹീമത്തിന്റെ ഗുണം തേടുന്ന അധമനെ അല്ല.” ശ്രീമതി കെ. പി. സുധീര മലയാളം വാരികയിൽ (ലക്കം 45) എഴുതിയ ‘ദ്രവ്യമോഹാങ്ങളുടെ ഉൾപ്പൊരുൾ’ എന്ന ലേഖനത്തിലുള്ളതാണ് ശക്‌തിയാർന്ന ഈ വാക്യങ്ങൾ. ഇതിൽ ദാമ്പത്യജീവിതമെന്ന ശാശ്വതവിപത്തിൽപ്പെട്ടു ഉഴലുന്ന സ്ത്രീയുടെ നേർക്കുള്ള കാരുണ്യമുണ്ട്. അവളെ കഷ്ടപ്പെടുത്തുന്ന ഭർത്താവ് എന്ന നരാധമനോടും അയാൾക്ക് അവലംബമരുളുന്ന വ്യവസ്ഥിതിയോടുമുള്ള പ്രതിഷേധമുണ്ട്. സ്‌പാനിഷ്/റഷ്യൻ കമ്മ്യുണിസ്റ്റ് ദോലോറാസ് ഇബാറൂറി (Dolores Ibarruri 1895-1989)It is better to die on your feet than to live on yours knee മുട്ടികുത്തി ജീവിക്കുന്നതിനേക്കാൾ നിവർന്നുനിന്ന് മരിക്കുന്നതാണ് നല്ലത്- എന്നു പറഞ്ഞു. ദാമ്പത്യ ദുഃഖം അനുഭവിക്കുന്ന സ്ത്രീകൾ ഇബാറൂറിയുടെ വാക്കുകൾക്കു യോജിച്ച വിധത്തിൽ ജീവിക്കണം.

3. “നിങ്ങളുടെ വാച്ചിൽ ഓരോ മിനിറ്റ് കഴിയുമ്പോഴും ലോകത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തു ഒരു കൊലപാതകം നടന്നിരിക്കും. ന്യൂയോർക്കിൽ ഒരു ദിവസത്തിൽ ഒരു കൊലപാതകം. പാരീസിൽ ദിവസം രണ്ടു കൊലപാതകങ്ങൾ. ലണ്ടൻ നിയമത്തെ അനുസരിക്കുന്നുണ്ട്. പതിനഞ്ചു ദിവസത്തിലൊരിക്കൽ മാത്രമേ അവിടെ കൊലപാതകം നടക്കുന്നുള്ളൂ. ഉഷ്ണമേഖലയിൽ പെട്ട രാജ്യങ്ങളിൽ കൊലപാതകത്തിന്റെ നിരക്കു വളരെ ഉയർന്നതാണ്. മക്‌സിക്കോയിൽ രോഗങ്ങൾ കൊണ്ടുള്ള മരണങ്ങളെക്കാൾ കൂടുതലാണ് കൊലപാതകങ്ങൾ” 1960-ൽ കോളിൻ വിൽസൺ എഴുതിയതാണിത്. മുപ്പത്തിയെട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. കൊലപാതകങ്ങൾ സങ്കല്‌പാതീതമായ വിധത്തിൽ പെരുകിയിരിക്കുന്നു താനും. അതിൽ സെൻസിറ്റീവ് ആർടിസ്റ്റ് പ്രതികരിക്കാതിരുന്നില്ല. ആ പ്രതികരണമാണ് ശ്രീ. ടി. എൻ. പ്രകാശിന്റെ ‘ഇല്ല ആരും പിറകിലില്ല’ എന്ന കഥയിൽ ഉള്ളത് (മലയാളം വാരിക) രാഷ്ട്ര വ്യവഹാരത്തോടു ബന്ധപ്പെട്ട ഒരു വധത്തിനു ശേഷം മരിച്ചവന്റെ സുഹൃത്തിനെ പിന്തുടരുന്നു കൊലപാതകികൾ. ആ സുഹൃത്തിന്റെ ഭയത്തെയും പ്രകമ്പനത്തെയും കഥാകാരൻ വിശ്വാസജനകമായി ആവിഷ്കരിച്ചിരിക്കുന്നു.

4. ദില്ലിയിൽ നിന്നു ശ്രീ. അകവൂർ നാരായണൻ കുങ്കുമം വാരികയുടെ എഡിറ്റർക്ക് എഴുതുന്നു: “എൻ. വി. കൃഷ്ണവാരിയരെപ്പറ്റി രാമവാരിയർ എഴുതുന്ന അനുസ്മരണക്കുറിപ്പുകൾ വളരെ രസകരവും വിജ്ഞാനപ്രദവും ചിലർക്കു അപകീർത്തികരവുമാകുന്നുണ്ട്” എന്നു വാക്യം മാറ്റിയെഴുതിയാൽ വളരെ ശരി. വളരെ വളരെ ശരി. മാന്യ സുഹൃത്തു അകവൂർ തുടരുന്നു: “അമാനുഷപ്രതിഭ എന്നും അലൗകികധിഷണ എന്നും അന്യാദൃശമനീഷ എന്നും മറ്റും പറയുന്നതിന് പ്രത്യക്ഷോദാാഹരണമായിരുന്ന എൻ. വി. യുടെ പൊതുമുഖം എല്ലവർക്കുമറിയാം. “കുട്ടികൃഷ്ണമാരാരുടെ ഒരു പ്രയോഗം കടമെടുക്കട്ടെ. ബ്രഹ്മാണ്ഡ കടാഹത്തിന്റെ മേൽത്തട്ടിൽ ചെന്നിടിച്ചിട്ട് അവിടെ നിന്നും ഉയർന്നു പോകുന്ന അത്യുക്തിയാണിത്. വാൽമീകി, ഹോമർ, ഷേക്സ്പിയർ ഇവരെക്കുറിച്ച് പറയുമ്പോഴും അലൗകിക ധിഷണ, അമാനുഷിക പ്രതിഭ, അന്യാദൃശമനീഷ എന്നൊക്കെ പ്രയോഗിക്കാൻ വയ്യ. ‘അപ്പോൾപ്പിന്നെ’ ഈ വിശേഷണങ്ങൾക്ക് എന്ത് ഉചിതജ്ഞതയിരിക്കുന്നു?

ബുദ്ധിർമ്മനീഷാ ധിഷണാ ധീഃ
പ്രജ്ഞാ ശേമുഷീ മതിഃ

എന്ന് അമരകോശം. മനീഷയ്ക്കും ധിഷണയ്ക്കും തമ്മിൽ അർത്ഥഭേദമില്ല. “പ്രജ്ഞാ നവനവോന്മേഷ ശാലിനീ പ്രതിഭാമതാ” എന്ന് രുദ്രടൻ. ഇതൊന്നും മനസ്സിലാക്കാതെ അജഗജാന്തര വ്യത്യാസമെന്നും, നാസികാചൂർണ്ണപ്പൊടി എന്നും എഴുതുന്നവരെക്കുറിച്ച് എന്തു പറയാനാണ്!

നെഞ്ചെന്തിനു നാനാഴി

ജർമ്മനിയിൽ ജനിച്ചെങ്കിലും 1937-ൽ ഇംഗ്ലണ്ടിലേക്കുപോന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഷൊമാഹർ (Schumacher 1944-1977. പണ്ടൊരു കവി ഉച്ചരിച്ചതുപോലെ ഷൂമേക്കർ എന്നല്ല. ആ ഉച്ചാരണത്തിന് ഒരു ന്യായവും അദ്ദേഹം പറഞ്ഞു. ഷൂമാഹറുടെ അച്ഛൻ ഷൂമേക്കർ – ചെരുപ്പുകുത്തി - ആയിരുന്നുപോലും) ‘Small is Beautiful’ എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്. ലഘൂകരിച്ച സാമ്പത്തിക വളർച്ചയേ പാടുള്ളൂ. പക്ഷേ അടിസ്ഥാനപരങ്ങളായ ആവശ്യതകൾ നിർവ്വഹിക്കപ്പെടുകയും വേണം. ഇതാണ് ഷൂമാഹറുടെ നിർദ്ദേശം. ഇതാണ് ‘ചെറുത് സുന്ദരം’ എന്ന സങ്കല്പത്തിന്റെ അർത്ഥം. സാമ്പത്തിക ശാസ്ത്രത്തിന് മാത്രമല്ല കവിതയ്ക്കും കഥയ്ക്കും ഇതു ചേരും. ദേശാഭിമാനി വാരികയിലെ കഥകളെല്ലാം ഹ്രസ്വങ്ങളായേ ഞാൻ കണ്ടിട്ടുള്ളൂ. അതുകൊണ്ട് ഞാനവ വായിക്കുകയും ചെയ്യും. ശ്രീ. കെ. എസ്. പ്രേമന്റെ ‘ആകാശയാത്രികർ’ എന്ന കഥ വാരികയിൽ കുറച്ചു സ്ഥലം മാത്രം അപഹരിച്ച് വിലസുന്നത് കണ്ടപ്പോൾ എനിക്ക് ഉത്സാഹമായി. വായിച്ചു. സ്മാളാണെങ്കിലും ബ്യൂട്ടിഫുൾ അല്ലല്ലോ എന്ന് തോന്നുകയും ചെയ്തു. ഒരു പെണ്ണ് ആഭരണക്കടയ്ക്ക് പരസ്യത്തിനു വേണ്ടി ഫോട്ടോയെടുക്കാൻ രാത്രിയിൽ കാറിൽ കയറിപ്പോകുന്നു. ഡ്രൈവറും വേറൊരുത്തനും ചേർന്ന് അവളെ ബലാൽസംഗം ചെയ്യുന്നു. പഴയ നിയമത്തിലെ നോഅ (Noah) മഹാപ്രളയത്തിൽ നിന്നും രക്ഷപ്പെടാൻ യാനപാത്രമുണ്ടാക്കുന്നതിനു മുൻപ് അയാളുടെ അച്ഛൻ ലേമെക് (Lamech) കൈകാര്യം ചെയ്തിരിക്കാനിടയുള്ള ഒരു വിഷയം തികഞ്ഞ കൃത്രിമത്വത്തോടു കൂടി വീണ്ടും പ്രതിപാദിക്കുകയാണ് പ്രേമൻ. വാക്യഝംഝാവാതത്താൽ വികാരപാത്രങ്ങൾ അടിച്ചു പറപ്പിക്കപ്പെടുന്ന ഒരു കലാഭാസമാണിത്. സ്മാൾ തന്നെ. പക്ഷേ ‘നഞ്ചെന്തിനു നാനാഴി?’