സാഹിത്യവാരഫലം 1987 03 08
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1987 03 08 |
ലക്കം | 599 |
മുൻലക്കം | 1987 03 01 |
പിൻലക്കം | 1987 03 15 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
എന്റെ ബാല്യകാലത്ത് ഞാന്‍ തപാല്‍ സ്റ്റാമ്പ് ശേഖരിച്ചിരുന്നു. വര്‍ഷം കഴിയുന്തോറും റദ്ദാക്കിയ സ്റ്റാമ്പിന്റെ വിലകൂടൂം. ആറു സെന്റിന്റെ സ്റ്റാമ്പിന് ആറായിരം ഡോളര്‍ ചിലപ്പോള്‍ കൊടുക്കേണ്ടി വരും. ഒരു ഷില്ലിങ് വിലയുള്ള സ്റ്റാമ്പിന് വര്‍ഷങ്ങളേറെക്കഴിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ടു പതിനായിരം പവന്‍ കൊടുക്കേണ്ടി വന്നതായി ഞാന്‍ പത്രത്തില്‍ നിന്നു വായിച്ചറിഞ്ഞു. എന്റെ കൈയില്‍ അമ്മട്ടില്‍ വിലയുള്ള ചില സ്റ്റാമ്പുകളുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധം നടന്നപ്പോള്‍ ബ്രീട്ടീഷുകാരുടെ ആധിപത്യത്തിലായി ഇറാക്ക്. അവിടത്തെ തപാല്‍ സ്റ്റാമ്പുകളില്‍ ‘ഇറാക്ക് അണ്ടര്‍ ബ്രിട്ടീഷ് ഓക്യുപ്പേഷന്‍’ എന്ന് അവര്‍ അച്ചടിച്ചു. ഇറാക്കില്‍ അക്കാലത്തു ജോലി നോക്കിയിരുന്ന ഒരമ്മാവന്‍ വീട്ടിലേക്ക് അയച്ച കത്തുകളില്‍ നിന്നായിരിക്കണം ആ സ്റ്റാമ്പുകള്‍ എന്റെ ഏതോ ബന്ധുവിനു കിട്ടിയതു്. അവ എങ്ങനെയോ എന്റെ കൈയില്‍ വന്നു ചേര്‍ന്നു. അങ്ങനെയിരിക്കെ വടക്കന്‍ തിരുവിതാംകൂറിലുള്ള ഒരാള്‍ ആ സ്റ്റാമ്പുകള്‍ വാങ്ങാന്‍ എന്റെ വീട്ടിലെത്തി. ആറു സ്റ്റാമ്പുകള്‍ക്ക് ആറായിരം രൂപ ഞാന്‍ ചോദിച്ചു. വിലപേശലെല്ലാം കഴിഞ്ഞ് ആറുന്നൂറു രൂപയ്ക്കു ഞാനവ വിറ്റു. അക്കാലത്തെ അറുന്നൂറു രൂപയ്ക്ക് ഇന്നത്തെ ആറു ലക്ഷം രൂപയുടെ വിലയുണ്ടു്. അയാള്‍ സ്റ്റാമ്പ് കീശയിലാക്കി പടി കടന്നപ്പോള്‍ എനിക്കു ദുഃഖം. അവ കൈയിലുണ്ടായിരുന്നപ്പോള്‍ ഇറാക്ക് മുഴുവന്‍ എന്റെ മുന്നിലുണ്ടായിരുന്നു. അതില്‍ ആധിപത്യം സ്ഥാപിച്ച് ബ്രിട്ടീഷുകാരെയാകെ ഞാന്‍ കണ്ടിരുന്നു. സായ്‌പന്‍മാരുടെ പുഞ്ചിരി വ്യാപിച്ച മുഖങ്ങളും ഇറാക്കിലെ ആളുകളുടെ വിഷാദം കലര്‍ന്ന മുഖങ്ങളും എന്റെ അന്തര്‍ നേത്രം കണ്ടിരുന്നു. സംഭവപരമ്പരകളിലൂടെ സഞ്ചരിക്കാന്‍ വര്‍ണ്ണോജ്ജ്വലങ്ങളായ ആ തുണ്ടു കടലാസുകള്‍ എന്നെ സഹായിച്ചിരുന്നു. എന്താണു സവിശേഷത? യാഗം നടത്താന്‍ പണ്ടു രാജാക്കന്മാര്‍ കുതിരയെ അഴിച്ചു വിടുമായിരുന്നല്ലോ. പ്രഗൽഭനായ ഒരു രാജാവു് ആ അശ്വത്തെ ബന്ധിക്കും. ഈ തപാല്‍ സ്റ്റാമ്പുകളില്‍ കാലമാകുന്ന അശ്വത്തെ ബന്ധിച്ചു ബ്രിട്ടീഷുകാര്‍. കാലത്തെ ബന്ധിച്ചിടുന്ന മറ്റു വസ്തുക്കളേവ? കലാസൃഷ്ടികള്‍ എന്നാണു് ഉത്തരം. തിരുവനന്തപുരത്തെ മ്യൂസിയത്തിലേക്കു ചെല്ലു. ഓരോ കലാസൃഷ്ടിയിലും കാലം ഉടക്കിക്കിടക്കുന്നു. ആർട്ട് ഗ്യാലറിയിൽ പോയാൽ റോറിക്കിന്റെ ചിത്രങ്ങള്‍ കാണാം. ഹിമാലയപര്‍വ്വതത്തിന്റെ ദൃശ്യങ്ങള്‍, തടാകത്തിന്റെ തീരത്തു നില്‍ക്കുന്ന പ്രവാചകന്‍, അത്യജ്ജ്വലങ്ങളും അതിസുന്ദരങ്ങളുമാണ് ആ ചിത്രങ്ങള്‍. ഓരോന്നിലും കാലത്തെ ബന്ധിച്ചിരിക്കുകയാണു് റോറിക്ക്. ബന്ധിക്കപ്പെട്ട കാലം അവയില്‍ സ്പന്ദിക്കുന്നു. അവ കാണുന്നവര്‍ ആധ്യാത്മിക മണ്ഡലത്തില്‍ പ്രവേശിക്കുന്നു. കൂടൂതല്‍ സംസ്കാരമാര്‍ജ്ജിക്കുന്നു. ഇത്രയും വൈശിഷ്ട്യമുള്ള ആ ചിത്രങ്ങളെ വേണ്ടപോലെ അധികാരികള്‍ മാനിക്കുന്നില്ല എന്നു ഞാന്‍ കേള്‍ക്കുന്നു. എത്രകണ്ടു സത്യമാണത് എന്ന കാര്യം എനിക്കറിഞ്ഞുകൂടാ. മറ്റു കാര്യങ്ങള്‍ ആലോചിച്ചാല്‍ സത്യമാവാനാണു് സാദ്ധ്യത. ഈ കലാസൃഷ്ടികള്‍ വച്ചിരുന്ന ഭവനം, കാലം വര്‍ണ്ണങ്ങളില്‍ ചെന്നു വീണു സ്പന്ദിച്ചിരുന്ന ഭവനം ഇന്ന് ആളുകളെ കിടുകിടെ വിറപ്പിക്കുന്ന പോലീസ് സ്റ്റേഷനാണു്. അതു സംഭവിച്ച സ്ഥിതിക്കു നേരത്തെ പറഞ്ഞതും സംഭവിക്കാം. എനിക്ക് ഇതിലൊന്നും അദ്ഭുതമില്ല. കെ.സി.എസ്. പണിക്കരുടെ ‘ശ്വാനന്‍’ എന്ന മഹനീയമായ കലാസൃഷ്ടി നശിപ്പിച്ചവരാണ് നമ്മള്‍. നമ്മളിലുള്ള മൃഗീയതയെ നശിപ്പിക്കാന്‍ കലാസൃഷ്ടികള്‍ സഹായമരുളുന്നു. ആ കലാസൃഷ്ടികളെ നശിപ്പിച്ച് നമ്മള്‍ കൂടുതല്‍ കൂടുതല്‍ മൃഗീയത ആവഹിക്കുന്നു.
“നിങ്ങളുടെ വികാരങ്ങളോടു കൂടി കലയെ സ്നേഹിക്കരുത്” — ജോര്‍ജ്ജ് ഈവാനോവിച്ച് ഗര്‍ദ്യേവ് (Geore Ivanovitch Gurdieff).
Contents
ആത്മാവന്റെ രോഗം
ഞാന്‍ ജോലി ചെയ്തിരുന്ന ഒരു കോളേജ്. അവിടെ കൂടക്കൂട സമ്മേളനങ്ങളുണ്ടാവും. സമ്മേളനം തുടങ്ങി ഒരഞ്ചു മിനിറ്റ് കഴിഞ്ഞേ ഒരു അധ്യാപിക വരികയുള്ളു. സുന്ദരിയാണവള്‍. ശരീരമാകെ കുലുക്കി നെഞ്ചും പിറകു വശവും തള്ളി അവര്‍ കയറി വരുമ്പോള്‍ ആണ്‍കുട്ടികള്‍ക്കും അധ്യാപകന്‍മാര്‍ക്കും ഹര്‍ഷോന്‍മാദം. പെണ്‍കുട്ടികള്‍ക്കും മറ്റ് അധ്യാപികമാര്‍ക്കും അസൂയ. “എന്റെ സൗന്ദര്യം കണ്ടോ? ആസ്വദിക്കൂ” എന്നാണു് അവര്‍ വൈകിയ ആഗമനത്തിലൂടെ പരോക്ഷമായി വിളംബരം ചെയ്തത്. ഇത് വാനിറ്റിയാണോ (പൊള്ളയായ പകിട്ട്)? വാനിറ്റിയായി നമുക്കതിനെ കാണാം. പക്ഷേ വാനിറ്റി എന്നതിനെക്കാള്‍ അത് ആത്മാവിന്റെ രോഗമാണ്. ഈ രോഗം മാറണമെങ്കില്‍ അവരെക്കാള്‍ സുന്ദരിയായ അധ്യാപിക അവിടെ ജോലിക്കു വരണം. പുതുതായി എത്തിയവൾ മാറും ചന്തിയും തള്ളി സമ്മേളനത്തിനു് വൈകി എത്തുമ്പോള്‍ ആദ്യത്തെ രോഗിണിയുടെ രോഗം മാറും.
ഇതുപോലെയുള്ള ആത്മാവിന്റെ രോഗങ്ങള്‍ വേറെ പലതുണ്ടു്. ഒന്ന് പ്രാദേശിക മനോഭാവം. കുമാരനാശാന്റെ അടുത്തുവരുമോ വള്ളത്തോള്‍? എന്ന് തെക്കന്റെ ചോദ്യം. വള്ളത്തോളിന്റെ അടുത്തെത്തുമോ കുമാരനാശാന്‍? എന്നു വടക്കന്റെ ചോദ്യം. എന്നാല്‍ നിഷ്പക്ഷ ചിന്താഗതിയുള്ള തെക്കന്‍, എഴുത്തച്ഛനാണു് കണ്ണശ്ശപ്പണിക്കരെക്കാള്‍ വലിയ കവിയെന്നു സമ്മതിക്കും. ആ തെക്കന്‍ തന്നെ ഇരയിമ്മന്‍ തമ്പിയെക്കാള്‍ ശ്രേഷ്ഠനായ കവിയാണു് ഉണ്ണായി വാരിയരെന്നു പ്രഖ്യാപിക്കും. പക്ഷേ ഈ നിഷ്പക്ഷ ചിന്താഗതി ഉന്നതരായ പല സാഹിത്യകാരന്‍മാര്‍ക്കുമില്ല. അവരില്‍ ചിലര്‍ പത്രാധിപന്‍മാരാകും. പിന്നെ വാരികകള്‍ നോക്കേണ്ടിതില്ല. വടക്കന്‍ വടക്കരുടെ രചനകളെ വാരികയില്‍ പ്രസിദ്ധീകരിക്കൂ. തെക്കന്‍ തെക്കരുടെ രചനകളെ കൊടുക്കൂ. ഇത് ആത്മാവിന്റെ രോഗമാണു്. ഈ രോഗമില്ലാത്ത മാന്യരായ വ്യക്തികളുണ്ട്. അവരില്‍ ഒരാളാണു് എം.ടി. വാസുദേവന്‍ നായര്‍. അദ്ദേഹം പത്രാധിപരായപ്പോള്‍ രചിതാക്കളുടെ ജന്മസ്ഥലമല്ല അന്വേഷിച്ചതു്. രചനകളുടെ സൗന്ദര്യം മാത്രമാണു്.
ഈ രോഗത്തെ കലാപരമായി പരിഹസിക്കുന്ന ചെറുകഥയുണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. പി. ശങ്കരനാരായണന്‍ എഴുതിയ ‘നിളേ കരയുന്നോ ചിരിക്കുന്നോ’ എന്നത്. ചെറുതുരുത്തിപ്പാലം കടന്നു വടക്കോട്ടുള്ള ഒരു ബന്ധവും പെണ്‍കുട്ടിക്കു വേണ്ട. അത്രയ്ക്കുണ്ട് അവളുടെ തെക്കന്‍ പ്രൊവിന്‍ഷ്യലിറ്റി, എങ്കിലും അച്ഛന്റെ നിര്‍ബ്ബന്ധത്താല്‍ അവള്‍ മനസ്സുമാറ്റി. വിവാഹം കഴിഞ്ഞു. വരനും വധുവും കാറില്‍ പറക്കുകയാണു്. ‘പുഴയെ മുറിച്ചു കടക്കുന്ന പാലത്തില്‍ വാഹനം കയറി’ അവള്‍ ‘ലജ്ജാവതിയായി’ സ്നേഹം പ്രാദേശിക മനോഭാവത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. അതിന്റെ അധീശത്വത്തെ ഉദ്ഘോഷിക്കുന്നു. പ്രാദേശികമനോഭാവം അവാസ്തവികമാണെന്നു് വായനക്കാരായ നമ്മളും ഗ്രഹിക്കുന്നു. പരിഹാസത്തിന്റെ രൂപത്തിലുള്ള ചേതോഹരമായ കഥ. ആത്മാവന്റെ രോഗമുള്ളവര്‍ ഇതു വായിക്കണം.
“മറ്റുള്ളവര്‍ പറയുന്ന കഥകള്‍ കേട്ട് നിങ്ങള്‍ ഒരാളിന്റെ സ്വഭാവത്തെ നിലയിരുത്തരുത്” — ഗര്‍ദ്യേവ്.
സംഭാഷണം
സാഹിത്യക്ഷേത്രത്തിന്റെ അടഞ്ഞ വാതിലില്‍ തട്ടു കേള്‍ക്കുന്നു. നോക്, നോക്.
- പൂജാരിയുടെ ചോദ്യം
- ആരത്?
- ഉത്തരം
- ഞാന്‍ തന്നെ. എടത്വാ പരമേശ്വരന്‍.
- ചോദ്യം
- എന്തുവേണം നിങ്ങള്‍ക്ക്?
- ഉത്തരം
- കുങ്കുമം വാരികയില്‍ ‘വേഴാമ്പല്‍’ എന്ന കഥ ഞാന്‍ എഴുതിയിട്ടുണ്ട്. എനിക്കും ക്ഷേത്രത്തിനകത്തു കടക്കണം.
- പൂജാരി
- ആ സാഹിത്യം ഞാന്‍ കണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു കാലത്തും ഇവിടെ പ്രവേശനമില്ല. ഭര്‍ത്താവിനും ഭാര്യയ്ക്കും ജോലി രണ്ടു സ്ഥലങ്ങളില്‍. അവരുടെ രണ്ടു ആണ്‍ മക്കള്‍ വേറൊരിടത്ത്. കുഞ്ഞുങ്ങളെക്കുറിച്ചു ദുസ്സ്വപ്നമുണ്ടാകുന്നു അമ്മയ്ക്ക്. ഇതല്ലേ നിങ്ങളുടെ കഥ. ആശാരി മരക്കഷണങ്ങള്‍ ചേര്‍ത്തു വയ്ക്കുന്നതു പോലെ പദങ്ങള്‍ യോജിപ്പിക്കുകയല്ലാതെ നിങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ അക്കഥയില്‍. നിങ്ങള്‍ക്കു ജീവിത വീക്ഷണമുണ്ടോ? കഥ പറയാനുള്ള പാടവമുണ്ടോ? ആകര്‍ഷകത്വമുള്ള ഒരു രംഗം ചിത്രീകരിക്കാനറിയുമോ? ഏതു കോടാലികൊണ്ടു വെട്ടിയാലും വെട്ടേല്ക്കാത്ത ഒരു വിറകു മുട്ടിയല്ലേ നിങ്ങളുടെ കഥ. അതുംകൊണ്ട് ഈ പാവന ദേവാലയത്തില്‍ കടക്കാനാണോ ഭാവം?
- കഥാകാരന്‍
- എങ്കിലും!
- പൂജാരി
- ഒരെങ്കിലുമില്ല. സത്യം ഒന്നേയുള്ളു. അതാണ് ജീവിതം. ടെക്നിക് ഒന്നേയുള്ളു. അതാണ് ആവിഷ്കരണമാര്‍ഗ്ഗം. രണ്ടിലും നിങ്ങള്‍ അവിദഗ്ദധനാണ്.
“സൂക്ഷ്മമായ പഠനത്തിനു സൂക്ഷ്മമായ ഭാഷ വേണം” — ഗര്‍ദ്യേവ്.
സേതു
ഒരു കാലത്ത്. അന്നു മുക്കുന്നിമല കണ്ടപ്പോള്‍ ഞാനതില്‍ വലിഞ്ഞു കയറി. ഉള്ളം കാലു പൊട്ടി. വീണു മുട്ടു മുറിഞ്ഞു. അഗ്രത്തിലെത്താന്‍ നന്നേ പാടുപെട്ടു. അന്നു വേമ്പനാട്ടു കായലിന്റെ തീരത്തു നില്ക്കുകയായിരുന്നു. യന്ത്രബോട്ടുകള്‍ നുര ചിതറിച്ചു കൊണ്ടു നീങ്ങുന്നു. എന്റെ അടുത്ത് ഒരു കൊതുമ്പു വളളം മാത്രം. ഞാനതില്‍ കയറിയിരുന്നു തുഴഞ്ഞു. അക്കരെ ചെല്ലണം. അരുക്കുററിയിലെ തേവര്‍ വീട്ടില്‍ ഭാസ്കരപ്പണിക്കര്‍ വിളിച്ചു പറഞ്ഞു: “ചങ്ങാതി ആപത്താണ്” എങ്കിലും ഞാന്‍ തുഴഞ്ഞു. അന്ന് സയന്‍സ് കോളേജിന്റെ മുന്‍പിലുള്ള മാവിന്റെ ചുവട്ടില്‍ ഉത്കണ്ഠയോടെ നിന്നു. ആദ്യത്തെ പീരിയെഡ് കഴിഞ്ഞ് കോളേജ് ബ്യൂട്ടി അതിലേവരും. അവളെ കാണണം. വന്നു. സുന്ദരനായ ഒരു ആണ്‍കുട്ടിയുമായി സംസാരിച്ചുകൊണ്ടു അവള്‍ പോയി. അന്ന് — നട്ടുച്ചനേരം. വല്ലാത്ത ദാഹം. പൂജപ്പുര സെന്‍ട്രല്‍ ജയിലിനടുത്തുള്ള കയററം കയറുകയായിരുന്നു ഞാന്‍. അകലെ വാട്ടര്‍ ടാപ്പ്. അതു തിരിച്ചാല്‍ ശുദ്ധജലം ശക്തിയോടെ ഒഴുകും. ഞാന്‍ ദാഹം ശമിപ്പിക്കാന്‍ ഓടി.
ഇന്നു മുക്കുന്നിമല കണ്ടാല്‍ ഞാന്‍ അതിനെ നോക്കുക പോലുമില്ല. ഇന്നു വേമ്പനാട്ടു കായലിന്റെ തീരത്തു ചെല്ലുകില്ല. ചെന്നാല്‍, കൊതുമ്പു വളളം കണ്ടാല്‍, ജുഗുപ്സയോടെ തിരിച്ചു പോരും. ഇന്ന് ഏതു സൗന്ദര്യധാമത്തെ കണ്ടാലും ഞാന്‍ നോക്കുക പോലുമില്ല. ഇന്നു ദാഹിച്ചാല്‍ ‘പൈപ്പി’നടുത്തേക്കു പോകില്ല. ദാഹം സഹിച്ചു കൊണ്ടു നടക്കുകയേയുള്ളു. അന്ന് ഏതു പ്രവര്‍ത്തനത്തിനും ലക്ഷ്യമുണ്ടായിരുന്നു. ഇന്ന് ഒരു പ്രവര്‍ത്തനത്തിനും ലക്ഷ്യമില്ല. വാച്ചിന്റെ സൂചി കറങ്ങുന്നു. മിനിററ് ഹാര്‍ഡ് എപ്പോള്‍ നില്ക്കുമെന്നു ഞാന്‍ നോക്കുന്നതേയുള്ളു. എന്റെ ഈ ചിന്താഗതിയെ മറ്റൊരു രീതിയില്‍ പ്രതിഫലിപ്പിക്കുന്ന ചെറുകഥയാണു് സേതുവിന്റെ “ഇതുപോലെ ഒരിടം”. ഒരു സഞ്ചാരി ഒരു സ്ഥലത്ത് വരുന്നു. അയാളെ സഹായിക്കാന്‍ വേറൊരുത്തന്‍ കൂട്ടുകൂടുന്നു. സഞ്ചാരി ലക്ഷ്യമില്ലാതെ അവിടം മുഴുവന്‍ കറങ്ങി. “പിച്ചും പ്രാന്തു”മെന്നപോലെ ജീവിതത്തിന്റെ വ്യര്‍ത്ഥതയെക്കുറിച്ചു പുലമ്പി. നാലരയുടെ ബസ്സ് കാത്തിരുന്നു. ബസ്സ് വന്നപ്പോള്‍ സഞ്ചാരിക്കു ചിരിക്കാനാണു തോന്നിയത്. സേതുവിന്റെ കഥ നിങ്ങളില്‍ ആഘാതമേല്പിക്കും. അത് പനിനീര്‍പ്പൂ പോലെ നിങ്ങളെ സ്പര്‍ശിക്കും. നിങ്ങള്‍ ചിരിക്കും, കരയും ഇതില്‍ക്കൂടുതലായി ഒരു കായ്ക്ക് എന്താണു ചെയ്യാനുള്ളത്?
“ആളുകള്‍ നിങ്ങളെക്കുറിച്ച് എന്തു വിചാരിക്കുന്നു എന്നതു വേണം ആലോചിക്കാൻ, അവര്‍ എന്തു പറയുന്നു എന്നതല്ല.” — ഗർദ്യേവ്.
ചെവിയും കണ്ണും
വിപുലമായ വായനയും സൂച്യഗ്ര സദൃശ്യമായ ചിന്തയും പ്രൊഫുസര്‍ എം. എന്‍. വിജയന്റെ സവിശേഷതകളാണു്. അതിനാല്‍ അദ്ദേഹത്തിന്റെ രചനകള്‍ ചിന്തോദ്‌ദീപകങ്ങളായിരിക്കും. പക്ഷെ പലപ്പോഴും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ലേഖനങ്ങളായി പ്രസിദ്ധപ്പെടുത്തുമ്പോള്‍ എനിക്കും എന്നെപ്പോലെയുള്ളവര്‍ക്കും നൈരാശ്യമാണ് അനുഭവം. കാരണമുണ്ടു്. “ചെവിക്കായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വാക്കകള്‍ കണ്ണിനുള്ളതല്ല” എന്നതു തന്നെയാണു് ഹേതു. പ്രഭാഷണങ്ങള്‍ അച്ചടിച്ചുവരുമ്പോള്‍ അവയ്ക്കു സീക്വെന്‍സ് — പിന്‍തുടര്‍ച്ചക്രമം — കാണുകില്ല. ആശയങ്ങള്‍ക്കു സംശ്ളിഷ്ടത ഉണ്ടായിരിക്കില്ല.
ദേശാഭിമാനി വാരികയിലെ “സൗന്ദര്യ ശാസ്ത്രവും സമൂഹവും” എന്ന രചന പ്രഭാഷണമായിരിക്കാനിടയില്ല. വിദ്വജ് ജനോചിതമായ ആ ലേഖനത്തില്‍ വിജയന്‍ ഇങ്ങനെ എഴുതുന്നു: “ആശയങ്ങളുടെ അളവിനു കുപ്പായം തുന്നിക്കൊടുക്കലാണോ കല എന്നു കുട്ടിക്കൃഷ്ണമാരാര്‍ പണ്ടൊരിക്കല്‍ ചോദിക്കുകയുണ്ടായി. അങ്ങനെയാണോ എന്ന് ചോദിച്ചാല്‍ അങ്ങനെയാണു് എന്നു തന്നെയാണ് ഉത്തരം. ഡാവിഞ്ചിയായാലും തുഞ്ചത്തെഴുത്തച്ഛനായാലും ഇതങ്ങനെയാണു്” (ലക്കം 34, പുറം 8, കോളം 2). ഈ അഭിപ്രായം അത്ര കണ്ടു ശരിയോ എന്നു സംശയം.
മാര്‍ക്സിസ്റ്റും വിശ്വവിഖ്യാതനായ കലാനിരൂപകനുമായ ആര്‍നൊള്‍ററ് ഹൗസര്‍ [Arnold Hauser] പറയുന്നതു കേട്ടാലും:– “Artistic creation is not the fight for the display of “ideas” but a struggle against the concealment of things by ideas, essences and universals” — കലാപരമായ സര്‍ഗ്ഗപ്രക്രിയ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സമരമല്ല. ആശയങ്ങള്‍, അന്തഃസത്തകള്‍, മാററം വരാത്ത ആധ്യാത്മിക സത്തകള്‍ ഇവകൊണ്ട് വസ്തുക്കളെ ആച്ഛാദനം ചെയ്യുന്നതിന് എതിരായുള്ള സമരമാണ്”
[The Sociology of Art Page 9. Translated by Kenneth J. Northcott, Routledge & Kegan Paul. London GBP 25.]
“അറിഞ്ഞു കൊണ്ടുള്ള വിശ്വാസം സ്വാതന്ത്ര്യമാണ്. വൈകാരികമായ വിശ്വാസം അടിമത്തം. യാന്ത്രികമായ വിശ്വാസം ബുദ്ധി ശൂന്യതയും” — ഗര്‍ദ്യേവ്.
ചത്ത പൂതന
കാല്‍പ്പെരുമാററത്തിന്റെ നേരിയ ശബ്ദം പിന്നീട് ഒരു വളക്കിലുക്കം. അതിനു ശേഷം താമരപ്പൂവിന്റെ സൗഭാഗ്യം. അതിലെ പുഞ്ചിരി നെററിയില്‍ നേരിയ കരതലസ്പര്‍ശം നിങ്ങള്‍ ഉണരുന്നു. കല ഇങ്ങനെയാണ് ആഗമിക്കുന്നത്. ബിന്ദു തുറവൂരിന്റെ കല കലാദേവതയല്ല. അവള്‍ പൂതനയാണ്. പൂതനയ്ക്കും ഔചിത്യമുണ്ടായിരുന്നു. ബുദ്ധിയുണ്ടായിരുന്നു. അവള്‍ ഗ്രാമത്തിലെത്തിയതു നല്ല വസ്ത്രം ധരിച്ച് മല്ലികപ്പൂവ് ചൂടിയാണു്. മുകളില്‍ പീനസ്തനങ്ങളും താഴെ ബൃഹണിതംബവും മര്‍ദ്ദം ചെലുത്തുകയാല്‍ അവളുടെ മദ്ധ്യപ്രദേശം കൃശമായിരുന്നു. ഇളകുന്ന കര്‍ണ്ണഭൂഷണങ്ങള്‍. അവയുടെ ശോഭ തട്ടി തിളക്കമാര്‍ന്ന കൂന്തളച്ചുരുളുകള്‍. ഇങ്ങനെയെത്തിയ അവളെ ലക്ഷ്മിയായി ആളുകള്‍ കരുതി. പിന്നീട് ശ്രീകൃഷ്ണന്‍ വിഷത്തോടൊപ്പം പ്രാണനും വലിച്ചെടുത്തപ്പോഴാണ് അവള്‍ മുടി ചിതറി, വായ് തുറന്ന്, കൈകാലുകള്‍ വിടര്‍ത്തി മലര്‍ന്നു വീണത്. വീണപ്പോള്‍ പന്ത്രണ്ടു നാഴിക വിസ്തൃതിയിലുള്ള വന്‍മരങ്ങളെ അവള്‍ തകര്‍ത്തു കളഞ്ഞു. പര്‍വ്വത ഗഹ്വരങ്ങള്‍ പോലിരുന്നു അവളുടെ നാസാരന്ധ്രങ്ങള്‍, സ്തനങ്ങള്‍ പാറക്കെട്ടുകള്‍ പോലെയും, കണ്ണുകള്‍ അന്ധകൂപങ്ങള്‍ക്കു സദൃശങ്ങള്‍. പൂതനയുടെ ഈ ഘോരരൂപമാണ് ബിന്ദു തുറവൂരിന്റെ “പദവിക്കു വേണ്ടി” എന്ന ചെറുകഥയ്ക്കുള്ളത്. കഥയുടെ വിഷയമൊന്നും സ്പഷ്ടമാക്കേണ്ടതില്ല. ചത്തപൂതനയെ കാണണമെന്നുള്ളവര്‍ക്കു ഈ കഥയെ നോക്കാം.
“മടിയനില്ലാത്തവനെ മാത്രമേ സഹായിക്കാവു — ഗര്‍ദ്യേവ്”
മൃതദേഹം
ടോള്‍സ്റ്റോയിയുടെ ‘അന്നാകരേനിന’ ഫ്ളോബറിന്റെ ’മദാം ബോവറി’ ഈ നോവലുകളിലെ സംഭവങ്ങള്‍ക്കു വേണമെങ്കില്‍ സാദൃശ്യം പറയാം രണ്ടു നോവലുകളിലെയും നായികമാര്‍ വ്യഭിചരിക്കുന്നതായിട്ടാണല്ലോ പ്രസ്താവം. പക്ഷേ, രണ്ടിന്റേയും രൂപങ്ങള്‍ വിഭിന്നങ്ങള്‍. സര്‍ഗ്ഗാത്മകമായ മനസ്സ് സംഭവങ്ങില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രൂപമുണ്ടാകുന്നു. ഈ രൂപമില്ലെങ്കില്‍ സംഭവ വിവരണം കലയാവുകയില്ല. എബ്രഹാം മാത്യു ചന്ദ്രിക വാരികയിലെഴുതിയ ‘യെലേനയുടെ അമ്മ’ എന്ന കഥയിലെ സംഭവങ്ങള്‍ മുന്‍പ് പലരും കൈകാര്യം ചെയ്തവയാണ്. എന്നാല്‍ കഥാകാരന്റെ മനസ്സ് സര്‍ഗ്ഗാത്മകമല്ല. അതുകൊണ്ട് കഥയ്ക്കു രൂപമില്ല. രൂപമില്ലാത്തതു കൊണ്ടു് അതു കലാസൃഷ്ടിയല്ല. കഥ പറയുന്ന ഒരന്ധനെ തീവണ്ടിയില്‍ കാണുന്നു. ആ കാഴ്ച മോട്ടോര്‍ കാറപകടത്തില്‍പ്പെട്ടു മുഖം ചതഞ്ഞ ഒരു സ്ത്രീയുടെ ഓര്‍മ്മയുളവാക്കുന്നു അയാള്‍ക്ക്. അവരുടെ മകള്‍ യെലേനയേയും അയാള്‍ ഓര്‍മ്മിക്കുന്നു. “ഞാനാണ് കുമാരനാശാന്റെ മൃതദേഹം പല്ലനയാററില്‍ നിന്ന് ഉയര്‍ത്തിയെടുത്ത്” എന്നു ഒരു വൃദ്ധന്‍ എന്നോടു ഈയിടെ പറഞ്ഞു. എനിക്ക് അദ്ദേഹത്തോടു ബഹുമാനം തോന്നി. മഹാകവിയുടെ മൃതദേഹമെങ്കിലും അദ്ദേഹത്തിനു തൊടാന്‍ സാധിച്ചല്ലോ. കഥയുടെ മൃതദേഹം സാഹിത്യത്തിന്റെ ജലാശയത്തില്‍ നിന്നു പൊക്കിയെടുത്ത് അഭിമാനത്തോടെ നീല്ക്കുന്ന എബ്രഹാം മാത്യുവിനോട് ബഹുമാനം തോന്നുകയേയില്ല.
സാന്മാര്‍ഗ്ഗികത്വം രണ്ടററമുള്ള വടിയാണ്. അത് അങ്ങോട്ടുമിങ്ങോട്ടും തിരിക്കാം.
ബുള്‍ ഷിററ്
കടപ്പുറത്തു വള്ളങ്ങള്‍ കയററി വച്ചിരിക്കുന്നതു നമ്മള്‍ കണ്ടിട്ടുണ്ട്. വെറുതെ ഇരിക്കുകയാണോ അവ? അതേയെന്നു ഉത്തരം നല്കിയേക്കും. സൂക്ഷിച്ചു നോക്കൂ. സമുദ്രസഞ്ചാരം നിര്‍വഹിക്കാനുള്ള പ്രവണത ആ വള്ളങ്ങള്‍ക്കുണ്ടെന്നു നമുക്കു മനസ്സിലാക്കാം.
ഒരററത്തു നിന്നു തുടങ്ങുന്ന വളഞ്ഞ രേഖ വള്ളത്തിന്റെ അടിത്തട്ടിലെത്തുമ്പോള്‍ ഋജുത ആവഹിക്കുന്നു. ആ ഋജുത്വം പിന്നീട് വക്രമായിഭവിക്കുന്നു. ആ വളവാണ് വള്ളത്തിന്റെ സമുദ്രയാത്രയ്ക്കുള്ള അഭിലാഷത്തെ കാണിക്കുന്നത്. വള്ളം അചേതന വസ്തു. ജീവനുള്ളവയിലേക്കു വന്നാലോ? പി.ടി. ഉഷയ്ക്കു സ്വീകരണം നല്കുമ്പോള്‍ അവര്‍ വാനില്‍ നിന്നു് ജനങ്ങളെ ചിരിയോടെ അഭിവാദനം ചെയ്യുന്നു. അപ്പോള്‍ അനങ്ങുന്നില്ല ശ്രീമതി. സൂക്ഷിച്ചു നോക്കു. ഓട്ടം തുടങ്ങാനുള്ള അടയാളത്തിനു വേണ്ടി ഏകാഗ്രതയോടെ ട്രോക്കിന്റെ തുടക്കത്തില്‍ അവര്‍ നില്ക്കുന്നു എന്ന പ്രതീതിയാണെനിക്ക്. കാമുകനുമായി വളരെ നേരം ലൈബ്രറിയിലെ സ്ക്കൂട്ടര്‍ ഷെഡ്ഡില്‍ നിന്നു സല്ലപിച്ചശേഷം വീട്ടിലേക്കു മടങ്ങുമ്പോഴും കാമുകിയുടെ പുഞ്ചിരിയും ശരീര ലാഘവവും ചെറിയ കുഴഞ്ഞാട്ടവും ശ്രദ്ധാര്‍ഹങ്ങളാണു്. കാമുകന്‍ അപ്പോള്‍ കൂടെയില്ല. എങ്കിലും വള്ളത്തിന്റെ സമുദ്ര സഞ്ചാര പ്രവണത പോലെ അവള്‍ക്ക് ശൃംഗാരനാട്യ പ്രവണത. ബസ്സ് കണ്ടക്ടര്‍ ‘മഫ്ററി’യായി റോഡില്‍ നടക്കുമ്പോഴും ജനക്കൂട്ടത്തെ നോക്കി ‘നീങ്ങി നില്ക്കണം’ എന്നു പറയാനുള്ള പ്രവണത അദ്ദേഹത്തിനു്. വാരികകള്‍ വില്ക്കുന്ന കടയുടെ മുന്‍പില്‍ അവ നോക്കി നില്‍ക്കുന്ന സാഹിത്യവാരഫലക്കാരന് ഓരോ വാരികയേയും തന്റെ ജ്യോത്സ്യത്തിനുു വിധേയമാക്കാനുള്ള പ്രവണത. ചില കഥകള്‍ ചില വാരികകളില്‍ അച്ചടിച്ചു വരുമ്പോള്‍ അവയ്ക്ക് (കഥകള്‍ക്ക്) പൈങ്കിളിയാകാനുള്ള പ്രവണത വള്ളംകുളം പി.ജി. പിള്ള പറഞ്ഞതു പോലെ ‘മനോരാജ്യം’ ‘മ’യുമല്ല ‘മാ’യുമല്ല രണ്ടാമത്തെ ‘മാ’ മാതൃഭൂമിയുടെ ആദ്യത്തെ അക്ഷരം. അതുകൊണ്ട് ഒരു സംശയവും കൂടാതെയാണ് ഞാന്‍ മനോരാജ്യത്തില്‍ കുമാരി ചന്ദ്രന്‍ “ആരോമലേ നിന്നെയും കാത്ത്” എന്ന നീണ്ടകഥ വായിച്ചു തുടങ്ങിയത്. “പച്ചപ്പട്ടുടയാടയണിഞ്ഞ് വിലസുന്ന കുന്നിൻ ചെരുവുകളില്‍ നടക്കുവാമെന്തു സുഖം—” എന്ന ആദ്യത്തെ വാക്യം വായിച്ചപ്പോള്‍ത്തന്നെ കഥയുടെ പൈങ്കിളി പ്രവണത ബോധപ്പെട്ടു. തുടര്‍ന്നു വായിച്ചു. ക്ളേശിച്ചു മുഴുവനും വായിച്ചു. പൈങ്കിളിയെന്നല്ല ‘പൈങ്കിളി ഷിററ്’ (ഷിററ് = കാഷ്ടം) എന്നാണു് ഇതിനെ വിളിക്കേണ്ടതെന്നു തോന്നി. ആനി കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ സണ്ണി എന്നൊരു വിദ്യാര്‍ത്ഥി അവളെ പരസ്യമായി കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. അതോടെ അവളുടെ മാനം കെട്ടു. കന്യാമഠത്തിലായി ആനി. വര്‍ഷങ്ങള്‍ കഴിഞ്ഞ് സണ്ണി തന്റെ സഹോദരന്റെ രണ്ടു കുഞ്ഞുങ്ങളെ അവിടെക്കൊണ്ടു വന്നു. അവരെ നോക്കേണ്ട ചുമതല ആനിയുടേത്. അവള്‍ സണ്ണിയെ കാണാതെ മാറി നിന്നെങ്കിലും ഒരിക്കള്‍ പരസ്പരം കണ്ടു പോയി. പണ്ടു ചെയ്ത തെററിനു സണ്ണി മാപ്പു ചോദിച്ചു. ആനി മാപ്പു കൊടുക്കില്ല. കാറോടിച്ചു പോയ സണ്ണിക്ക് അപകടം പററി. അയാള്‍ അവിവാഹിതനായി കഴിയുന്നതു തന്നെ ആനിയോടുള്ള സ്നേഹത്താലാണു്.
ദുഃഖാധിക്യത്താല്‍ സമനില തെററിയതു കൊണ്ടാണ് കാറപകടം ഉണ്ടായത്. ആശുപത്രിയില്‍ മരണത്തിന്റെ വക്കില്‍ കിടക്കുന്ന സണ്ണിയെ കാണാന്‍ മഠത്തിലെ മദറും സിസ്റ്റേഴ്സും ഉപദോശിച്ചതനുസരിച്ച് ആനി എത്തി. അവള്‍ക്കു സണ്ണിയെ വേദനിപ്പിച്ചതില്‍ ദുഃഖമുണ്ട്. രണ്ടുപേരും തമ്മില്‍ കണ്ടു. ആനി ‘മുല്ലവള്ളി കണക്കെ’ സണ്ണിയുടെ മാറില്‍ ചാഞ്ഞു. അയാള്‍ക്കു സ്വര്‍ഗ്ഗീയാനുഭൂതി. ഞാന്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ‘നവീനസാരംഗധരന്‍’ എന്നൊരു സിനിമ കണ്ടു. കഥാപാത്രങ്ങളുടെ പേരുകള്‍ മറന്നു പോയതുകൊണ്ട് അഭിനേതാക്കളുടെ പേരുകള്‍ തന്നെ പറയാം. എം.കെ. ത്യാഗരാജ ഭാഗവതര്‍ എസ്.ഡി. സുബ്ബുലക്ഷ്മിയെ പ്രേമിക്കുന്നു. രാജാവ് പ്രമേത്തിന് എതിരായി നില്ക്കുന്നു. അയാള്‍ ത്യാഗരാജ ഭാഗവതരുടെ കൈകള്‍ മുറിപ്പിക്കുന്നു. മുറിഞ്ഞുവീണ കൈകള്‍ ചലനം കൊള്ളുന്നു. രാജാവിന്റെ മൂക്കില്‍ കയറിപ്പിടിക്കുന്നു. രാജാവിനെയും കൊണ്ടു പൊങ്ങുന്നു. സിനിമാ ശാലയ്ക്കകത്തു കൈയടി. പക്ഷെ എനിക്കു കൂവാനാണു തോന്നിയത്. “നവീന സാരാഗധര”ന്റെ പര്യാവസാനം കുമാരി ചന്ദ്രന്റെ ഈ കഥയുടെ പര്യാവസാനത്തെക്കാള്‍ എത്രയോ മെച്ചം.
സങ്കീര്‍ണ്ണമായ ജീവിതത്തിലെ ഒരു സംഭവത്തെയും ആവിഷ്ക്കരിക്കാതെ പ്രേമത്തെ വെറും ചാപല്യമായി. ചിത്രീകരിക്കുന്നതാണ് പൈങ്കിളിക്കഥ. ഇത് സംസ്കാരമില്ലാത്ത ആളുകളെ മയക്കിയിടും. ഫലം ജാഡ്യവും. പതിവായി ഇത്തരം കഥകള്‍ വായിച്ചാല്‍ വിവേചനത്തിനുള്ള ശക്തി നശിക്കും. വായനക്കാര്‍ക്കു ചിന്താക്കുഴപ്പമുണ്ടാകും. മസ്തിഷ്ക്കം തളരും. കഞ്ചാവോ ഓപ്പിയമോ കഴിച്ചാലെന്നപോലെ മന്ദബുദ്ധികളായി നടക്കും. ഭാവനയില്ലാത്ത, കലാപരമായ ഗുണമില്ലാത്ത ഇത്തരം രചനകള്‍ ജനതയ്ക്കു ദ്രോഹമല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. സാധാരണമായ പൈങ്കിളിക്കഥകളെക്കാള്‍ അധമമാണ് കുമാരി ചന്ദ്രന്റെ ഈ പൈങ്കിളിക്കഥ. പാവന ജീവിതം നയിക്കുന്ന കന്യാമഠത്തിലെ മദറും സിസ്റ്റേഴുസും നളചരിതത്തിലെ ഹംസത്തിന്റെ ജോലി ചെയ്യുന്നതായിട്ടാണ് ഇതിലെ സൂചന. അക്കാരണത്താലാണ് ഞാനിതിനെ പൈങ്കിളി ഷിററ് എന്നു വിളിച്ചത്. ഷിററ് എന്ന പദം കിളിക്ക് അപമാനമാണെങ്കില്‍ ബുള്‍ഷിററ് എന്നു ഇക്കഥയം വിളിച്ചു കൊള്ളു. കാള പരുക്കന്‍ മൃഗമാണല്ലോ.
“മററുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കില്ലെന്നു നിങ്ങള്‍ തീരുമാനിച്ച് ഉറപ്പുവരുത്തണം. അതിനെ ദൃഢനിയമമാക്കി മാററണം. ചുററും നില്ക്കുന്ന ആളുകളില്‍ നിന്ന് നിങ്ങള്‍ സ്വതന്ത്രനാവണം. ആന്തരമായി നിങ്ങള്‍ സ്വതന്ത്രനാവുമ്പോള്‍ അവരെ ഒഴിവാക്കാം.”— ഗര്‍ദ്യേവ്.
കുററിപ്പുഴ
കുററിപ്പുഴ കൃഷ്ണപിള്ളയുടെ നീതിതല്‍പരത്വത്തെക്കുറിച്ചും പൊടുന്നനവേ അദ്ദേഹത്തിനുണ്ടാകുന്ന വികാര പാരവശ്യത്തെക്കുറിച്ചും ഞാന്‍ ഈ പംക്തിയില്‍ എഴുതിയിരുന്നു. ഒരു സാഹിത്യകാരന്റെ വ്യര്‍ത്ഥരചനെക്കുറിച്ച് ഞാന്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ ആ സാഹിത്യകാരന്റെ സുഹൃത്തായ രാമു കാര്യാട്ട് എന്റെ ഷര്‍ട്ടി പിടിച്ചു വലിച്ചു. അതുകണ്ട കുററിപ്പുഴ “സ്റ്റുപ്പിഡ് നിങ്ങള്‍ ഇവിടെ പ്രസംഗിക്കാന്‍ വന്നയാളല്ല. ഇറങ്ങിപ്പോകൂ” എന്ന് രാമുവിനോടു പറഞ്ഞു. ഗാന്ധിജിയെ നിന്ദിച്ച ഒരു യുക്തിവാദിയെക്കുറിച്ച് കുട്ടികൃഷ്ണമാരാര്‍ പ്രഭാഷണത്തിനിടയില്‍ പറഞ്ഞപ്പോള്‍ അതു തന്നെക്കുറിച്ചാണെന്നു ഗ്രഹിച്ച കുററിപ്പുഴ കൃഷ്ണപിള്ള ചാടിയെഴുന്നേററു പ്രഭാഷണത്തിനു തടസ്സമുണ്ടാക്കി. ഈ സംഭവത്തിന് ഞാന്‍ സാക്ഷിയാണ്. ഈ ന്യൂറോട്ടിക്ക് പ്രവണതയാണ്. കരുവന്നൂര്‍ രാമചന്ദ്രന്‍ വിശദീകരിക്കുന്ന മറ്റൊരു സംഭവത്തിലുമുള്ളത്. കുടുംബാസൂത്രണത്തെ എതിര്‍ത്ത ഭാസ്കരന്‍ നായരെക്കുറിച്ച് കുററിപ്പുഴ എഴുതി: “പണ്ഡിററ് നെഹ്റു ഈ മനുഷ്യനെ അടുത്തു കണ്ടെങ്കില്‍ കൈവയ്ക്കുമായിരുന്നു.” (ജനയുഗം വാരിക പുറം 13) യഥാര്‍ത്ഥചിന്തകനില്‍ നിന്നു വരാന്‍ പാടില്ലാത്ത വാക്കുകളാണ് കുററിപ്പുഴയില്‍ നിന്നു പലപ്പോഴും വന്നത്. അദ്ദേഹത്തിന്റെ പെരുമാററത്തെക്കുറിച്ചും അതുതന്നെ പറയണം.
കുററിപ്പുഴ കൃഷ്ണപിള്ളയുടെ നന്മ പ്രാഗല്ഭ്യം, ഇവയെ ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ, അദ്ദേഹത്തെക്കുറിച്ചു പറയുമ്പോഴെല്ലാം ആരാധകര്‍ക്ക് ‘ഓവര്‍ സ്റ്റേയ്ററ് മെന്റാ’ണുള്ളത്. നിലവിലിരുന്ന ചിന്താപദ്ധതികളെ വേണ്ടപോലെ ഗ്രഹിച്ച് താനംഗീകരിച്ച ചിന്താപദ്ധതിയെ സ്പഷ്ടതയൊടെ ആവിഷ്ക്കരിച്ചു എന്നതില്‍ക്കവിഞ്ഞു കുററിപ്പുഴ കൃഷ്ണപിള്ളയ്ക്കു് ഒരു സ്ഥാനവുമില്ല. റസ്സല്‍, ടോയിന്‍ബി. ലൂക്കാച്ച്, ബന്‍യമിൻ, ക്‌ളോദ് ലെവി സ്‌റ്റ്രോസ്, മീഷൻ ഫുക്കോ ഇവരെ ചിന്തകരെന്നു വിളിക്കുന്ന നാവു കൊണ്ടു കുററിപ്പുഴ കൃഷ്ണപിള്ളയെയും ചിന്തകനെന്നു വിളിക്കാന്‍ പ്രയാസമുണ്ട്.
വലിയ കുന്നിന്റെ അഗ്രഭാഗത്തു കയറി നിന്നു പടിഞ്ഞാറോട്ടു നോക്കുമ്പോള്‍ പത്തു നാഴിക അകലെയായി നീല രേഖപോലെ കാണപ്പെടുന്ന കടലിനാണ് ഭംഗിക്കൂടുതല്‍, കടപ്പുറത്തു ചെന്നു നിന്നു നോക്കുമ്പോള്‍ കാണുന്ന കടലിനല്ല. വാതോരാതെ സംസാരിക്കുന്ന സുന്ദരിയെ നിങ്ങള്‍ ഇഷ്ടപ്പെട്ടേക്കും. അധികമൊന്നും സംസാരിക്കാതെ പുഞ്ചിരിയോടെ ഇരിക്കുന്ന തരുണിക്കാണു സൗന്ദര്യം കൂടുതല്‍. അവളെ നിങ്ങള്‍ എന്തെന്നില്ലാത്ത വിധത്തില്‍ സ്നേഹിക്കും. അവളുടെ മൗനം വിദൂരമായ കടലിന്റെ മൗനം പോലെയാണ്. വള്ളത്തോളിന്റെ കവിത കേരളീയന്റെ മടിയില്‍ കയറിയിരുന്നു കൊഞ്ചുന്നു. ടാഗോറിന്റെ കവിത ദൂരെ മൗനമായി ഇരിക്കുന്നു. പുഞ്ചിരി പൊഴിക്കുന്നു.
|
|