close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 02 22


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 02 22
ലക്കം 597
മുൻലക്കം 1987 02 15
പിൻലക്കം 1987 02 29
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

തിരുവനന്തപുരത്തുനിന്നു കിളിമാനൂരിലേക്കു പോകുമ്പോള്‍ വഴിവക്കിലൊരിടത്ത് ഒരു വലിയ പാറക്കെട്ടു കാണാം. അതില്‍നിന്നു വളരെ വര്‍ഷങ്ങളായി പാറക്കഷണങ്ങള്‍ പൊട്ടിച്ചെടുക്കുന്നു. പാഞ്ചാലിയുടെ അക്ഷയപാത്രത്തിന്‍റെ മട്ടിലാണ് അതിന്‍റെ നില. ‘എത്ര കല്ലു വേണമെങ്കിലും അടര്‍ത്തിയെടുക്കൂ; ഞാന്‍ ഇങ്ങനെതന്നെ നില്ക്കും’ എന്ന മട്ടാണ് അതിന്. ഞാന്‍ അതിലേ പോയിട്ടുള്ളപ്പോഴെല്ലാം ആ പാറക്കട്ടിനടുത്തു വലിയ ആള്‍ക്കൂട്ടം കണ്ടിട്ടുണ്ട്. ഒരു കാലത്ത് അതുതീരെ ശോഷിച്ചാൽ? കരിങ്കല്‍ക്കഷണങ്ങള്‍ ഇനി അടര്‍ത്തിയെടുക്കാനില്ല എന്ന അവസ്ഥ വന്നാല്‍? ഒരുത്തന്‍പോലും അതിന്‍റെയടുത്ത് വരികില്ല. വലിയ ഉദ്യോഗസ്ഥന്‍മാരുടെയും മന്ത്രിമാരുടെയും നില ഇതുപോലെതന്നെയാണ്. അധികാരത്തിലിരിക്കുന്ന കാലമത്രയും ആളുകള്‍ ചുറ്റിപ്പററി നില്ക്കും. എപ്പോൾ മന്ത്രിയല്ലാതാവുന്നുവോ, എപ്പോള്‍ ജോലിയില്‍നിന്നു പെന്‍ഷന്‍ പററി വിരമിക്കുന്നുവോ അപ്പോള്‍ മുതല്‍ ആ വ്യക്തി ഒററയ്ക്ക്. അധികാരത്തിലിരിക്കുമ്പോള്‍ ആര്‍ക്കെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടെങ്കില്‍ അവന്‍ റോഡില്‍വച്ചു കണ്ടാല്‍ ഒരു ‘നമസ്തേ’ കൊടുത്തെന്നു വരും. മത്സരപ്പരീക്ഷയില്‍ ജയിച്ചു ജോലിയില്‍ കയറി, ബി. എയ്ക്കും എം. എയ്ക്കും ദ്രോഹം തന്‍റെ ഐച്ഛിക വിഷയമായിരുന്നുവെന്നു തെളിയിക്കുന്നവനാണ് പെന്‍ഷന്‍ പററിയതിനുശേഷം റോഡില്‍ക്കൂടെ പോകുന്നതെങ്കില്‍ അയാളുടെ അധികാരത്തിനോ ദ്രോഹത്തിനോ വിധേയനായ മനുഷ്യന്‍ കാര്‍ക്കിച്ചു ഒരു തുപ്പുതുപ്പും. എന്തു കൊണ്ടാണ് മത്സരപ്പരീക്ഷ ജയിച്ച ആള്‍ കൂട്ടുകാരനെ, സഹപാഠിയെ, സഹപ്രവര്‍ത്തകനെ നിന്ദിക്കുന്നത്? അയാളെ കാണുമ്പോള്‍ കാണാത്തമട്ടില്‍ പോകുന്നത്? ശുപാര്‍ശയ്ക്കോ മറ്റോ ചെല്ലുമെന്നു കരുതിയാണോ? ആയിരിക്കാം. സൗജന്യമാധുര്യം കാണിക്കുന്ന ഏതൊരുവന്‍റെയും തൊണ്ടക്കുഴിവരെ കൈ കയറ്റുന്നവരാണല്ലോ നമ്മുടെ ആളുകള്‍. എിക്കു ഒരു തരത്തിലും അധികാരമില്ല. അങ്ങനെയുള്ള എന്നെപ്പോലും ഏതെല്ലാം വിധത്തിലാണ് ആളുകള്‍ ഉപദ്രവിക്കുന്നത്! അതിനാല്‍ ഉദ്യേഗസ്ഥന്‍മാരുടെ തണ്ടിനെക്കുറിച്ച് അധികമൊന്നും കുററം പറയേണ്ടതില്ല. പിന്നെ ഒരു തരത്തിലുമുള്ള അപേക്ഷയുമായി ചെല്ലുകില്ല എന്നു ഉറപ്പിച്ചു വിശ്വസിക്കാവുന്ന വ്യക്തിയോടും “ഇലയില്ലാത്ത അവസ്ഥ” കാണിക്കുന്ന ഉദ്യോഗസ്ഥനെപ്പററി ആരെങ്കിലും എതില്‍ത്തു സംസാരിച്ചാല്‍ അതില്‍ പരിഭവിക്കേണ്ടതുമില്ല. ആ തണ്ടിന് ഒരു നീതിമത്കരണവുമില്ലതന്നെ. ഇതൊക്കെ ഞാന്‍ എഴുതാറുണ്ട്, പ്രസംഗിക്കാറുണ്ട്. അതു വായിച്ചു ഒരാള്‍, കേട്ട ഒരാള്‍ എന്നോടു പറഞ്ഞു: “നിങ്ങളുടെ ഈ ശകാരത്തില്‍ ഒരു കഴമ്പുമില്ല. കൊച്ചുകുട്ടിയായിരുന്നവന്‍ യുവാവാകുന്നു. മത്സരപ്പരീക്ഷ ജയിക്കുന്നു. ജോലിയില്‍ കയറുന്നു. ഒരു അവസ്ഥയില്‍ നിന്ന് വേറൊരു അവസ്ഥയിലേക്കുളള വികാസമാണത്. കോളേജില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരന്‍ അയാളെ ‘എടാ പോടാ’ എന്നൊക്കെ വിളിച്ചിരിക്കും. പക്ഷേ വലിയ ഉദ്യോഗസ്ഥനായാല്‍ അങ്ങനെ വിളിക്കാന്‍ അനുവദിക്കില്ല. വികാസം വന്ന അവസ്ഥയാണ് അതിനു ഹേതു. അതിനെയാണ് നിങ്ങള്‍ തണ്ടായി, അഹങ്കാരമായി കാണുന്നത്. നിങ്ങള്‍ക്കു മത്സരപ്പരീക്ഷ എഴുതി ജയിക്കാന്‍ കഴിയാത്തതിലുള്ള അസൂയയാണ് നിങ്ങളെക്കൊണ്ട് ഇതു പറയിക്കുന്നത്.” അസൂയയെക്കുറിച്ചുള്ള ഈ പ്രസ്താവമൊക്കെ ഇരിക്കട്ടെ. വികാസമാണോ ഇവിടെയുള്ളതു്? ഒരു മൂല്യപദ്ധതിയില്‍ നിന്നു മറ്റൊരു മൂല്യപദ്ധതിയിലേക്കുള്ള പോക്കാണ് വികാസം. ശൃംഗാരകാവ്യ രചന ഒരു മൂല്യപദ്ധതി. അതില്‍നിന്നു കുമാരനാശാന്‍ ഭക്തികാവ്യ രചനയിലേക്കു ചെന്നപ്പോള്‍ മറ്റൊരു മൂല്യപദ്ധതിയായി. അവിടെനിന്ന് ‘നളിനി’യിലെ വേറൊരു മൂല്യസംഹിതയിലേക്കു അദ്ദേഹം പോയി. ഇതെല്ലാം വികാസം. എന്നാല്‍ കൂടെപ്പഠിച്ചവന്‍ ദരിദ്രനായ അവസ്ഥയില്‍ വലിയ ഉദ്യേഗസ്ഥനെ കാണാനായി കാര്‍ഡ് കൊടുക്കുമ്പോള്‍ “സന്ദര്‍ശന സമയം നാലു കഴിഞ്ഞ്. അപ്പേള്‍ വരാന്‍ പറയു” എന്ന് അദ്ദേഹം ആജ്ഞാപിച്ചാല്‍ അവിടെ മൂല്യ സംഹിതയില്ല. ക്രൂരതയേയുള്ളു. ഗെയിററ് പൂട്ടിക്കൊണ്ട് ഭാര്യയുമായി റോഡിലേക്കിറങ്ങുന്ന ഉദ്യേഗസ്ഥന്‍ പണ്ടത്തെ ഉപകര്‍ത്താവിനെ കണ്ടാലുടന്‍ തിരിഞ്ഞു പൂട്ടു ശരിക്കു വീണോ എന്നു പരിശോധിച്ചു നില്ക്കുന്നത് മൂല്യബോധത്താലല്ല. മൂല്യരാഹിത്യത്താലാണ്. പച്ചയായി പറഞ്ഞാല്‍ നന്ദികേടുകൊണ്ടാണ്, അഴുക്കുചാലില്‍ വീണു കിടക്കുന്നവനായതുകൊണ്ടാണ്. സാഹിത്യത്തിലേക്കു വരാം. പഴയ സാഹിത്യം മൂല്യങ്ങളില്‍ അടിയുറച്ചിരിക്കുന്നു. അതിനെ നിരാകരിച്ചിട്ടു പുതിയ സാഹിത്യം സൃഷ്ടിക്കുമ്പോള്‍ പുതിയ മൂല്യപദ്ധതിയാണ് അതിന് അവലംബമെന്നു തെളിയിക്കണം. അതിനു കഴിയുന്നില്ല ഇപ്പോഴത്തെ സാഹിത്യത്തിന്. അതിനാല്‍ സി. വി. രാമന്‍പിളളയില്‍ നിന്ന് നവീന കഥാകാരനിലേക്കുള്ള പ്രയാണം വികാസമല്ല. കുമാരനാശാനില്‍ നിന്നു കെ. ജി. ശങ്കരപ്പിള്ളയിലേക്കുള്ള പോക്ക് വികാസമല്ല.

മരണം

ഓരോന്നും മരിക്കുന്നതു മറ്റൊരു രൂപത്തില്‍ ജനിക്കാനാണെന്നു കലീല്‍ ജിബ്രാന്‍ പറഞ്ഞിട്ടുണ്ട്. പാറ മരിക്കുന്നതു ദേവാലയത്തിലെ തൂണുകളാവാന്‍. മെഴുകുതിരി മരിക്കുന്നതു പ്രകാശമാകാൻ. മരക്കഷണം മരിക്കുന്നത് അതിന്‍റെതന്നെ ഉളളിലുള്ള അഗ്നിയാവാന്‍. ഫലം മരിച്ചു വിത്താവുന്നു. വിത്തു മരിച്ചു മരമാവുന്നു. ജിവീതം മുന്നോട്ടുള്ള പോക്ക്. മരണം തരിച്ചു വരവ്; ജിവിതം രൂപമാര്‍ന്ന ചിന്ത. മരണം രൂപമില്ലാത്ത ചിന്ത. കക്കാടു മരിച്ചത് ആരായി തിരിച്ചു വരാനാണ്? നമുക്കറിഞ്ഞുകൂടാ. അദ്ദേഹം എഴുതിയെഴുതി മരിച്ചത് കവിതയുടെ പ്രകാശമായി മാറാനാണോ? ആയിരിക്കാം. ആ മരണത്തെക്കുറിച്ച്, ആ കവിതയുടെ പ്രകാശത്തെക്കുറിച്ച് ഭാവാത്മകതയോടെ എഴുതുന്നു എ. പി. നളിനന്‍ (കുങ്കുമം വാരിക) “ഇന്നലെ എന്നത് ഇന്നിന്‍റെ ഓര്‍മ്മയാണ്. നാളെ എന്നത് ഇന്നിന്‍റെ സ്വപ്നവും” എന്നും ജിബ്രാന്‍ എഴുതിയിട്ടുണ്ട്. മരിച്ച കക്കാട് ഓര്‍മ്മ മാത്രമാണിപ്പോള്‍. ഓര്‍മ്മയാകുന്ന ‘ഇന്നലെ’ എന്ന ദിനത്തെ ‘ഇന്ന്’ ആക്കി മാററുന്ന നളിനന്‍റെ ഹൃദയ സ്പര്‍ശകമായ വരികള്‍. കേട്ടാലും:

‘നൊന്തുകനക്കും ശിരസ്സാടിക്കഴിഞ്ഞൊ–
രുത്സവപ്പറമ്പില്‍ സാദവും
ജ്വലിക്കും തീനാളങ്ങള്‍ തന്‍ സാന്ദ്ര നാദവും
മങ്ങുമിരുളിന്‍ ശ്ലഥതാളവും
ആകാശത്തിലെ നീലപ്പാളികളുടെ
ദീപ്തരൂക്ഷ ഗന്ധവും…
സന്ധികളിഴഞ്ഞെങ്ങോ പോകു–
മന്തി പുലരിയും…’
ഈന്തപ്പനക്കാടുകള്‍ അതിരിടുന്ന
ഇല്ലപ്പറമ്പിന്‍റെ തെക്കേ കോണില്‍നിന്നും
കവി പാടുകയാണോ…?

അതിഭാവുകത്വം ഒട്ടുമില്ലാതെ യഥാര്‍ത്ഥമായ വികാരത്തിലേക്കു നമ്മെ നയിക്കുന്നു ഈ വരികള്‍. ഇവ ആ മരണരംഗത്തിന്‍റെ പങ്കാളികളാക്കുന്നു നമ്മളെ. മറ്റൊരുവിധത്തില്‍ വിഷ്ണുനാരായണൻ നമ്പൂതിരിയും ഇതുതന്നെ അനുഷ്ഠിക്കുന്നു. തന്റെ ‘കാളകൂടവും ശിരശ്ചന്ദ്രികയും’ എന്ന ലേഖനത്തിലൂടെ (മാതൃഭൂമി ആഴ്ചപതിപ്പ്). ആ പ്രബന്ധവും ഹൃദയത്തിന്റെ അടിത്തട്ടോളം ഇറങ്ങിച്ചെല്ലുന്നു. നിസ്സംഗനായിട്ടാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നില. സുഹൃത്തിന്റെ ദേഹവിയോഗത്തിൽ അദ്ദേഹം പൊട്ടിക്കരയുന്നില്ല, നമ്മളെ കരയിക്കാൻ ശ്രമിക്കുന്നില്ല. അതിരുകടന്ന സ്നേഹത്തിന്റെ പ്രകടനമില്ല. പരിധിവിട്ടുള്ള നിരാശതയില്ല. എങ്കിലും ഉടക്കുളിപോലെ അത് ഹൃദയത്തിൽ ഉടക്കുന്നു. ജീവിതത്തിന്റെ ആന്തരസത്യത്തിലേക്കും മരണത്തിന്റെ ബാഹ്യസത്യത്തിലേക്കും മാറിമാറിച്ചെല്ലുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിദഗ്ദ്ധമായ തൂലിക. അതോടെ മരിച്ച കക്കാട് നമ്മുടെ എല്ലാവരുടേയും സഹോദരനായി മാറുന്നു. നമ്മുടെ അന്തരംഗത്തിലെ ‘സ്വകാര്യലോകം’ ബാഹ്യലോകവുമായി സമ്പർക്കം പുലർത്തിയില്ലെങ്കിൽ നമുക്ക് ഇവിടെ കഴിഞ്ഞുകൂടാനൊക്കുകയില്ല. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ‘സ്വകാര്യലോകം’ നമ്മുടെ ലോകവുമായി ചേരുന്നു.

ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ആ ആക്രമണത്തെക്കാൾ അധമത്വമുള്ള പല കാവ്യങ്ങളുമുണ്ടായി. കക്കാടിന്റെ മഹച്ചരമത്തെ പരിഹാസത്തിന്റെ തലത്തിലേക്കു താഴ്ത്തുന്ന ചില കാവ്യങ്ങൾ മാത്യഭൂമി ആഴ്ചപതിപ്പിൽ വന്നിരിക്കുന്നു. ആ ചരമത്തിൽ കേരളീയർ വിലപിക്കുന്നുണ്ട്. കവികൾക്കു കരയാനാവില്ലെങ്കിൽ അവരെ കൂലിക്കെടുത്തു കരയിക്കുന്നതെന്തിന്. “ഏച്ചു വച്ചാൽ മുഴച്ചിരിക്കും.”

ചോദ്യം, ഉത്തരം

Symbol question.svg.png ചാലയിൽ കൊച്ചുരാമനെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ആരാണ് ആ ആള്?

കമ്പക്കെട്ടു വിദഗ്ദ്ധൻ.

Symbol question.svg.png നവീന നിരൂപകർക്കും കൊച്ചുരാമനും തമ്മിൽ എന്തെങ്കിലും സാദ്യശ്യമുണ്ടോ?

കൊച്ചുരാമന്റേത് പൈറോടെക്നിക്സ്. നവീന നിരൂപകരുടേത് ഇന്റലക്ച്ച്വൽ പൈറോടെക്നിക്സ്.

Symbol question.svg.png വള്ളത്തോൾ, വൈലോപ്പിള്ളി, ചങ്ങമ്പുഴ, അയ്യപ്പപ്പണിക്കർ, സുഗതകുമാരി, വയലാർ രാമവർമ്മ ഇവരുടെ കാവ്യശൈലികളെ ഒറ്റവാക്കുകൊണ്ടു നിർവചിക്കാമോ?

ശ്രമിക്കാം. യഥാക്രമം ഉത്തരങ്ങൾ, വൈഷയികം, ധിഷണാപരം, വിഷയാസക്തം, യുക്ത്യധിഷ്ഠിതം, സഹജാവബോധപരം, അനുകരണാത്മകം.

Symbol question.svg.png കാരാഗ്യഹത്തിലിരുന്ന് എഴുതിയ നവീന നോവലുകളിൽ ഏറ്റവും നല്ലതേത്?

ഷാങ് ഷെനെയുടെ Our Lady of the Flowers.

Symbol question.svg.png ‘സാഹിത്യവാര ഫലം’ ലിറ്റററി ഗോസിപ്പാണെന്ന് നിങ്ങൾതന്നെ സമ്മതിക്കുന്നതായി ഗുപ്തൻ നായർ പറയുന്നു (അഹല്യ ദ്വൈവാരിക) ശരിയോ?

ഗോസിപ്പിനു ഗുപ്തൻ നായർ നല്കുന്ന അർത്ഥങ്ങൾ ജനപ്രവാദം, ജല്പിതം, പ്രലാപം, അപവാദം പറച്ചിൽ ഇവയാണ് (കൺസൈസ് ഇംഗ്ലീഷ് മലയാളം നിഘണ്ടു). ഞാൻ അപവാദ വ്യവസായത്തിൽ തല്പരനല്ല. അതുകൊണ്ട് എന്റെ കോളത്തിൽ ഗോസിപ്പേയില്ല. ഇതു ലിറ്റററി ജേണലിസമാണെന്നു സമ്മതിക്കാം.

Symbol question.svg.png നിങ്ങളും സ്നേഹിതനും ഇരുന്നു സംഭാഷണം ചെയ്യുന്ന മുറിയിൽ ഒരതിസുന്ദരി കടന്നു വരുന്നു. നിങ്ങൾ അവളെ നോക്കാതെ സ്നേഹിതന്റെ കണ്ണിൽ ഉറ്റുനോക്കുന്നു. നിങ്ങൾ ആരാണെന്നു വിചാരിക്കണം?

കളങ്കമുള്ളവൻ.

Symbol question.svg.png കമന്റ് ചെയ്യാറില്ലെങ്കിലും നിങ്ങൾ കൗതുകത്തോടെ വായിക്കുന്ന പംക്തികൾ?

മലയാള മനോരമ ആഴ്ചപതിപ്പിൽ മലയാറ്റൂർ രാമക്യഷ്ണൻ എഴുതുന്ന ‘ആന്റിന’. അതേ വാരികയിൽ യേശുദാസൻ എഴുതുന്ന ‘കേൾക്കാത്ത ശബ്ദം’.

Symbol question.svg.png വിശേഷമെന്തുണ്ട്?

എന്നോടല്ല ആ ചോദ്യം ചോദിക്കേണ്ടത്. നിങ്ങൾക്കിഷ്ടമുള്ള സ്ത്രീയോടു ചോദിക്കൂ.

ബാലിശം

എന്റെ ഒരമ്മൂമ്മ, അപ്പൂപ്പൻ കൊണ്ടുവരുന്ന പണമെല്ലാം സ്വർണ്ണമാക്കി മാറ്റി പെട്ടിയിൽ പൂട്ടിവയ്ക്കുമായിരുന്നു. അപ്പൂപ്പൻ മരിച്ചപ്പോൾ അമ്മൂമ്മയ്ക്കും അവരുടെ വളർത്തുമകൾക്കും കഴിഞ്ഞുകൂടാൻ മാർഗ്ഗമില്ലാതെയായി. എന്നിട്ടും മുത്തശ്ശി സ്വർണ്ണമെടുത്തു വില്ക്കാൻ കൂട്ടാക്കിയില്ല. പവൻ പെട്ടിയിൽ വച്ചുകൊണ്ട് അവർ എല്ലാവരോടും കടംവാങ്ങിച്ചു. വിദ്യാർത്ഥിയായിരുന്ന എനിക്കു പണമെവിടെ? എങ്കിലും ഞാനും അവർക്കു കൂടക്കൂടെ രൂപകൊടുത്തു. കൂട്ടിവച്ച ആ കുതിരപ്പവനിൽനിന്ന് ഒരണ്ണെംപോലുമെടുക്കാതെ അവർ അന്തരിച്ചു. ദാരിദ്ര്യം അനുഭവിക്കുമ്പോഴും പവൻ പെട്ടിയിലിരിക്കുന്നല്ലോ എന്നു വിചാരിച്ച് അവർ ആഹ്ളാദിച്ചിരുന്നു. ആ ആഹ്ളാദം ഞാൻ കണ്ടിട്ടുണ്ട്. മനഃശാസ്ത്രജ്ഞനായ ആഡ്ലറുടെ ഏതോ പുസ്തകത്തിൽ ദസ്തെയെവ്സ്കിയുടെ ‘കാരമാസോവ് സഹോദരൻ’ മാരിലെ ഒരു സംഭവത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. സഹോദരന്മാരിൽ ഒരാൾ സൈബീരിയയിൽ തടവുകാരനായിക്കഴിയുന്നു. അയാൾ അപരാധം ചെയ്തവനല്ല. എങ്കിലും തടവുശിക്ഷ അനുഭവിക്കുകയാണ്. താൻ അപരാധം ചെയ്തില്ല എന്ന സത്യത്തിൽ ആഹ്ളാദിച്ചുകൊണ്ട് അയാൾ എണ്ണമറ്റ പ്രയാസങ്ങൾ ത്യണവൽഗണിക്കുന്നു. ഈ വിധത്തിലുള്ള മാനസികനിലയായിരിക്കണം മനോരമ ആഴ്ചപതിപ്പിൽ “ഒരു ചെറിയ ഉപകാരം” എന്ന കഥയെഴുതിയ തുളസിക്കുമുള്ളത്. ലോഡ്ജിൽ വന്നവനു കാലത്തു നാലുമണിക്കു പോകണം. ഹോട്ടലിലെ പയ്യന്‍ അയാളെ സമയത്തു വിളിച്ചുണര്‍ത്തിയാല്‍ അയാള്‍ അവനു പതിനഞ്ചു രൂപ കൊടുക്കും. പയ്യന്‍ സമ്മതിച്ചു. പക്ഷേ യാത്രക്കാരന്‍ അവനെ മൂന്നുമണിക്കു വിളിച്ചുണര്‍ത്തണം എന്ന് അവന്‍ പറഞ്ഞു. അതിനുശേഷം അയാള്‍ക്ക് ഉറങ്ങാം. പയ്യന്‍ ഉണര്‍ന്നിരുന്ന് അയാളെ നാലുമണിക്കു വിളിച്ചുണര്‍ത്തും. ചിലപ്പോള്‍ ഭേദപ്പെട്ട കഥകള്‍ എഴുതുന്ന തുളസിക്ക് ഇതിന്റെ ബാലിശത്വം അറിയാന്‍ പാടില്ലാതില്ല. അതറിഞ്ഞുകൊണ്ടുതന്നെ, സ്വന്തം പ്രാഗല്ഭ്യത്തിലുള്ള വിശ്വാസംവിടാതെ ആഹ്ളാദിച്ചുകൊണ്ട് അദ്ദേഹം ഇക്കഥ എഴുതിയിരിക്കുന്നു. നമ്മള്‍ അതു ബാലിശമാണെന്നു പറയും. കലയെ നോക്കി കൊഞ്ഞനം കാണിക്കുന്നുവെന്നു പറയും. നിങ്ങള്‍ അതു പറയുന്നതിനു മുന്‍പു ഞാനതു മനസ്സിലാക്കിയല്ലോ എന്നായിരിക്കും തുളസിയുടെ മറുപടി.

നാനാവിഷയകം

1.എത്ര വായിച്ചാലും എനിക്കു മതിയാകാത്ത രണ്ടു ചെറുകഥകളുടണ്ട്. ഒന്ന്: കാരൂര്‍ നിലകണ്ഠപിളളയുടെ ‘മരപ്പാവകള്‍’. രണ്ട്: റ്റോമാസ്മന്നിന്റെ ശ്മശാനത്തിലേക്കുള്ള പാത’.

2.പേരക്കുട്ടി ചോക്കെടുത്തു ചുവരിലെഴുതിയതു കണ്ടു ഞാന്‍ അവളെ ശാസിച്ചു. കുട്ടിയൊന്നു ചൂളി. വഴക്കുപറഞ്ഞതു ഫലപ്പെട്ടു എന്ന ചാരിതാർത്ഥ്യത്തോടെ ഞാൻ ചാരുകസേരയിൽ വന്നുകിടന്നു പുസ്തകം വായിക്കാൻ തുടങ്ങി.കതകിന്റെ വിടവിൽക്കൂടി നോക്കിയപ്പോൾ പേരക്കുട്ടി വീണ്ടും ചോക്കുകൊണ്ടു ചുവരിലെഴുതുന്നു. ടാറ്റാപുരം സുകുമാരൻ എഴുതുന്ന കഥകൾക്കു സാഹിത്യവുമായി ഒരു ബന്ധവുമില്ലെന്നു പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്. എങ്കിലും അദ്ദേഹം എഴുതുന്നു, പിന്നെയും പിന്നെയും. കുഞ്ഞിന്റെ നിഷ്കളങ്കതയും ‘തൻപ്രമാണിഭാവവും’ അദ്ദേഹത്തിനുണ്ടെന്നു വ്യക്തം. മനോരാജ്യം വാരികയിൽ അദ്ദേഹമെഴുതിയ വേഴാമ്പൽ എന്ന കഥ നോക്കൂ. ചോക്കുകൊണ്ടു ചുവരിലെഴുതുന്ന കുട്ടിയാണു അദ്ദേഹമെന്ന സത്യം ഗ്രഹിക്കാം.

3. മുപ്പത്തഞ്ചു വർഷം മുൻപാണു ഞാൻ കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’യെക്കുറിച്ചെഴുതിയത്. അതിനുശേഷം അദ്ദേഹത്തിന്റെ ഒരു ചെറുകഥയെക്കുറിച്ചും എഴുതി. ഞാൻ ചൂണ്ടിക്കാണിച്ച കടപ്പാട് ശരിയോ തെറ്റോ എന്നത് ഇരിക്കട്ടെ, ആ ചൂണ്ടിക്കാണിക്കലിന്റെ ഫലമായി ബഷീറിനു അസുഖമുണ്ടായി. പരോക്ഷമായിട്ടാണെങ്കിലും ഞാനതിനു കാരണക്കാരനാണല്ലോ എന്നു വിചാരിച്ച് എനിക്കു ദു:ഖമുണ്ടായി. ബഷീര്‍ സ്വഭാവശുദ്ധിയുള്ള വലിയ മനുഷ്യനാണെന്നും എനിക്കറിയാം. എത്ര വിമര്‍ശിച്ചാലും അദ്ദേഹം മര്യാദ ലംഘിച്ചു മറുപടി പറയുകിയില്ല. അതെല്ലാംകൊണ്ടു ഞാന്‍ പ്രതിജ്ഞ ചെയ്തു ‘ഇനി ഈ നല്ല മനുഷ്യനെ ഞാന്‍ വേദനിപ്പിക്കില്ല’ എന്നു്. ചില പ്രഭാഷണവേദികളിൽ ഞാന്‍ നീല്ക്കുമ്പോള്‍ ബഷീറിനെക്കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു സത്യസന്ധമായി ഉത്തരം പറയേണ്ടി വന്നിട്ടുണ്ട് എനിക്ക്. എങ്കിലും ലക്ഷക്കണക്കിനാളുകള്‍ അറിയത്തക്കവിധത്തില്‍ ഞാന്‍ അദ്ദേഹത്തെപ്പററി എഴുതിയിട്ടില്ല. ഇപ്പോള്‍, ഞാന്‍ ബഹുമാനിക്കുന്ന ചന്ദ്രികപ്പത്രാധിപര്‍ തന്നെ എന്നെ ‘ഭാര്‍ഗ്ഗവീനിലയ’ത്തിലേ ഗോസ്ററ് എന്നു വിളിക്കുന്നു. വെസ്ററ് ഹില്ലിലെ എം. പദ്മനാഭന്‍ എന്നെ പരിഹസിക്കുന്നു. (കഥയെഴുതുന്ന പദ്മനാഭനാണ് വെസ്ററ് ഹില്ലിലെ പദ്മനാഭനെങ്കില്‍ ഈ പരിഹാസത്തിനു നീതിമത്കരണമുണ്ട്) ബേങ്കളൂരിലെ കെ. അബ്ദുള്‍ ലത്തീഫും “ക്ഷതങ്ങളില്‍ അപമാനനം കൂട്ടിച്ചേര്‍ക്കുന്നു.” ഒന്നേ എനിക്ക് അപേക്ഷിക്കാനുള്ളു. ബഷീര്‍ക്കഥകളുടെ വിമിര്‍ശനം ‘അടച്ച അദ്ധ്യായ’മാണ്. കരിഞ്ഞവ്രണമാണ്. അതിനെ തോണ്ടി വീണ്ടും പുണ്ണാക്കരുത്. പുരുഷരത്നമായ വൈക്കം മുഹമ്മദ് ബഷീറിനക്കരുതിയെങ്കിലും അതു ചെയ്യരുത്. ഇത് ഒരു അപേക്ഷ മാത്രം.

4.എടത്വാ പരമേശ്വരന്‍ ഹിന്ദുവായതുകൊണ്ടു പൂര്‍വജന്മത്തില്‍ വിശ്വസിക്കുന്നുണ്ടാവണം. കഴിഞ്ഞ ജന്മത്തില്‍ അദ്ദേഹം കഥയെഴുതിയിരിക്കും. അപ്പോഴൊക്കെ അറിവുള്ളവര്‍ പറഞ്ഞുകൊടുത്തിരിക്കും നല്ല കഥയേത് ചീത്തക്കഥയേത് എന്ന്. ജന്മം ഒന്നു കഴിഞ്ഞതുകൊണ്ട് വിസ്മൃതി സംഭവിച്ചതു സ്വാഭാവികം. ആ മറവികൊണ്ടാണ് ഈ ജന്മത്തില്‍ “അമ്മയുടെ ദുഖം” എന്ന പരമബോറന്‍ കഥ അദ്ദേഹത്തിന് എഴുതേണ്ടിവന്നത്. കുടിച്ച് എല്ലാം നശിപ്പിക്കുന്ന മകന്‍ തൂങ്ങിച്ചാകുന്നത്രേ. തിരുവന്തപുരത്തെ ബസ്സസ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ നൂറുകണക്കിനു ബസ്സുകള്‍ കൊട്ടാരക്കരയ്ക്ക്, കൊല്ലത്തേക്ക്, ഗുരുവായൂരേക്ക്, കോട്ടയത്തേക്ക് — അങ്ങനെ പലതും. എനിക്കു കാഞ്ഞിരംകുളത്തേക്കാണു പോകേണ്ടത്. അങ്ങോട്ടേക്കുള്ള ബസ്സ് മാത്രമില്ല. കഥകള്‍ അസംഖ്യം. പക്ഷേ ആവശ്യമുള്ളതു മാത്രമില്ല.

5.പ്രകൃതി നമുക്കു തന്നത് പ്രയോജനകരമായി, ആകര്‍ഷകമായി മാററാന്‍ കൂലിവേലചെയ്തു ജീവിക്കുന്നവര്‍ക്ക് അറിയാം. കൊട്ടാരംപോലുള്ള കെട്ടിടങ്ങളില്‍ താമസിക്കുകയും കോണ്‍ടസ കാറുകളോടിക്കുകയും ചെയ്യുന്ന ധനികര്‍ക്ക് അതറിഞ്ഞുകൂടാ. ചുട്ടെടുത്ത കിഴങ്ങും കൂട്ടും മുളങ്കുഴലില്‍ വച്ച് ആദിവാസി പാകപ്പെടുത്തിയെടുക്കുന്ന പലഹാരത്തിന് എന്തെന്നില്ലാത്ത സ്വാദാണ്. നാഗരികന് കിഴങ്ങും മുളങ്കുഴലും കൈയില്‍ കിട്ടിയാല്‍ അവന്‍ അവ ദൂരെ എറിയുകയേയുള്ളു. ഭാഷ പ്രകൃതി തന്നതാണ്. അതുപയോഗിച്ച് നല്ല ഗാനങ്ങള്‍ നിര്‍മ്മിക്കുന്നു പ്രാകൃതന്‍. നാഗരികന്‍ കഥയെഴുതി മനുഷ്യരെ കൊല്ലുന്നു.

എം. കെ. കെ. നായർ

കാക്ക പറന്നു പറന്നു ക്ഷീണിച്ചാൽ രാജവീഥിയിലൂടെ അലസഗമനം ചെയ്യുന്ന കാളവണ്ടിയുടെ പിറകിൽ കയറിയിരിക്കും. രണ്ടുനില ബസ്സിന്റെ മുകളിലിരുന്ന് ഒരു കാക്ക യാത്രചെയ്യുന്നത് ഞാൻ ഒരു ദിവസം കണ്ടു. തിരുവനന്തപുരത്തെ ‘യുദ്ധസ്മാരക’ത്തിനു മുകളിൽ ഒരു വാട്ടർ പൈപ്പുണ്ട്. അതിന്റെ ടാപ്പ് മുകളിലേക്കു ആക്കിയാലേ വെള്ളം കുഴലിൽനിന്നു വരൂ. ഒരു പശു അവിടെ പതിവായി വരുന്നു. മോന്തയുടെ അറ്റംകൊണ്ട് ആ ടാപ്പ് ഉയർത്തുന്നു. പ്രവഹിക്കുന്ന വെള്ളം വേണ്ടുവോളം കുടിച്ചിട്ട് അങ്ങു പോകുന്നു. ഒരിംഗ്ലീഷ് ബാരിസ്റ്ററുടെ സഹായത്തോടെ സേവനമർപ്പിക്കാനെന്ന മട്ടിൽ നെഹ്രുവിനെ സമീപിച്ച എം. ഒ. മത്തായി കാളവണ്ടിയുടെ പിറകിലും രണ്ടുനില ബസ്സിന്റെ മുകളിലും കയറിസഞ്ചരിച്ച കാക്കയായിരുന്നു.മൂക്കുകൊണ്ട് അദ്ദേഹം ടാപ്പ് ഉയർത്തി വെള്ളം കുടിച്ചിരുന്നു. ഒടുവിൽ വണ്ടിയേയും ബസ്സിനെയും ടാപ്പിനെയും പുലഭ്യം പറഞ്ഞിട്ടു പറന്നുപോകുകയും ചെയ്തു. എം. ഒ. മത്തായി ആരാണെന്ന് എം. കെ. കെ. നായർ ആത്മകഥയിൽ നമുക്കുവേണ്ടി വിശദീകരിക്കുന്നു. ആ വിശദീകരണത്തിലൂടെ നെഹ്രുവിന്റെ വ്യക്തിപ്രഭാവം വിലസുന്നു. കലാകൗമുദിയിൽ ഈ ലേഖനം വായിച്ചപ്പോൾ ഒരു പുതിയ അറിവു കിട്ടിയല്ലോ എന്നു വിചാരിച്ചു ഞാൻ ആഹ്ലാദിച്ചു. വലിയ കാൻവാസ്, അതിൽ നമ്മൾ കാണേണ്ട ചിത്രങ്ങൾ, ചിലതു പ്രചോദനാത്മകം, ചിലതു വികാരവിജ്യംഭിതം. ഈ ആത്മകഥ തുടർന്നുവരട്ടെ.

* * *

​​ സി. ജെ. തോമസ്സിന്റെ ‘അവൻ വീണ്ടും വരുന്നു’ എന്ന നാടകം. ഉപദ്രവക്കാരനായ ഭർത്താവ് അപ്രത്യക്ഷനായപ്പോൾ സമുദായത്തെക്കരുതി ഭാര്യ ദു:ഖം പ്രകടിപ്പിച്ചു. എങ്കിലും ഉള്ളിലുള്ള സന്തോഷം പുഞ്ചിരിയായി അവരുടെ ചുണ്ടുകളിൽ പരന്നു. സ്ത്രീയായി അഭിനയിച്ചതു വീരരാഘവൻ നായർ. കഥാപാത്രത്തിന്റെ മാനസികനില സഹജാവബോധത്താൽ കണ്ടറിയാൻ അദ്ദേഹത്തിനുള്ള ഈ വൈദഗ്ധ്യത്തെ ഞാൻ മനസ്സുകൊണ്ട് അഭിനന്ദിച്ച് വിക്ടോറിയ ജൂബിലി ടൗൺ ഹാളിലെ കസേരയിലിരിക്കുകയായിരുന്നു. നാടകം അവസാനിച്ചപ്പോൾ എന്നെ ഇപ്പോൾ ഗോസിപ്പുകാരൻ എന്നു വിളിക്കുന്ന ഗുപ്തൻ നായർ എന്നോടു പറഞ്ഞു. “വീരന്റെ ആ പുഞ്ചിരി കണ്ടോ? ഭർത്താവ് അകന്നതിലുള്ള ആഹ്ലാദം എത്ര നന്നായി ആവിഷ്കരിച്ചു!” പിന്നീട് ഞാൻ രണ്ടുതവണകൂടി ആ നാടകം കാണാൻ പോയി. ‘യഥാർത്ഥത്തിൽ നാടകം കാണാനല്ല; സ്ത്രീകഥാപാത്രത്തിന്റെ ചുണ്ടിൽ പരക്കുന്ന പുഞ്ചിരി കാണാൻ. കാണാൻ കഴിഞ്ഞില്ല, കാരണം വീരരാഘവൻ നായരല്ല ആ കഥാപാത്രത്തിന്റെ വേഷം കെട്ടിയത് എന്നതുതന്നെ.

മുഖംമൂടിസ്സാഹിത്യം

ഈ കാലയളവിലെ സാഹിത്യം ആന്റി റൊമാന്റിക്കാണു്. റൊമാന്റിസത്തിന്റെ പ്രധാനഘടകം വികാരമാണല്ലോ. അതുകൊണ്ടുതന്നെ ആന്റി റൊമാന്റിക് സാഹിത്യം വികാരശൂന്യമായി പ്രത്യക്ഷപ്പെടുന്നു. വികാരശൂന്യമായത് സാഹിത്യമെന്നു കരുതപ്പെടുന്നതെങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. വികാരരഹിതമായതിനു വളർച്ചയില്ല. സൂര്യകാന്തിച്ചെടി അനുദിനം വളർന്ന് അഗ്രത്തിൽ മണപ്പൂ വിടർത്തുന്നതുപോലെ കലാസൃഷ്ടി വളരുകയും പുഷ്പിക്കുകയും ചെയ്യുന്നു. അതുകാണുമ്പോൾ സഹൃദയർക്ക് ആഹ്ലാദം. വികാരമില്ലാത്ത രചന കരിങ്കൽക്കഷണം പോലെ റോഡിൽ കിടക്കുന്നേയുള്ളൂ. റൊമാന്റിക് ആയതെന്തും സ്വാഭാവികമാണു്. ആന്റി റൊമാന്റിക്കായത് എന്തും കൃത്രിമമാണു്. ഈ കൃത്രിമത്വമാണു എ. കെ. ഉണ്ണി ദേശാഭിമാനി വാരികയിലെഴുതിയ “ദേവപുരത്ത് മുഖംമൂടി വിൽകുന്ന കരുണൻ” എന്ന കഥയുടെ മുദ്ര. കരുണൻ മുഖം മൂടികൾ ധാരാളം വിറ്റു. അതു ധരിച്ച് ആളുകൾ ആഹ്ലാദിച്ചു നടന്നു. പക്ഷേ എല്ലാക്കാലത്തേക്കും എല്ലാവരേയും പറ്റിക്കാനൊക്കുകില്ലല്ലോ. വഞ്ചന മനസ്സിലാക്കിയ ജനങ്ങൾ മുഖംമൂടികൾകൊണ്ട് കരുണനെ എറിയുന്നു. ആ മുഖംമൂടിക്കൂമ്പാരത്തിനകത്തുതന്നെ ആയിപ്പോകുന്നു അയാൾ. ലാക്ഷണികത്വമാവഹിക്കുന്ന ഈ രചനയ്ക്ക് കഥയുടെ ഒരു സ്വഭാവവുമില്ല. ശുഷ്കമായ പ്രബന്ധമാണിത്. ഭാഷയുടെ ലയവും സൗന്ദര്യവും കല്പനകളുടെ ശക്തിയും കലാസൃഷ്ടികളുടെ സവിശേഷതകളാണെങ്കിൽ അവയിലൊന്നുപോലും ഈ രചനയ്ക്കില്ല. എന്നിട്ടും രചയിതാവ് ഇതു കഥയാണെന്നു പറയുന്നു. എന്തൊരു വൈരുദ്ധ്യം!

ദേശാഭിമാനി വാരികയുടെ ഈ ലക്കത്തിൽത്തന്നെ പുനത്തിൽ കുഞ്ഞബ്ദുള്ള “കഥയുടെ ജന്മനക്ഷത്രം’ എന്നൊരു ലേഖനം എഴുതിയിട്ടുണ്ട്. അതിലെ, താഴെച്ചേർക്കുന്ന വാക്യങ്ങൾ എ. കെ. ഉണ്ണിയെപ്പോലുള്ളവർക്കു മാർഗ്ഗം ചൂണ്ടിക്കാണിക്കട്ടെ:

വാക്കുകൾകൊണ്ടു പറയാൻ കഴിയാത്ത കാര്യത്തെ കാഥികൻ ചിത്രം കൊണ്ടു പറയുന്നു. ഈ ചിത്രം വരയ്ക്കലിനു കഥയുടെ ജനനപ്രക്രിയയിൽ യാതൊരു സീമയും ഇല്ല. കാണുവാൻ വേണ്ടി കണ്ണാകുന്ന പക്ഷി പറക്കുന്നു എന്നുവരെ കഥാകൃത്തിനു പറയാൻ അവകാശമുണ്ടാകുന്നത് ചിത്രത്തിന്റെ ഈ സംഭാവനനിമിത്തമാണു്. പക്ഷിയെപ്പോലെ കണ്ണ് മേലോട്ട് പറന്നുപോകുന്നത് ചിത്രം കൊണ്ടല്ലാതെ മറ്റെന്തുകൊണ്ട് പ്രകാശിപ്പിക്കുവാൻ കഴിയും.

* * *

​​ സ്ത്രീകളും പുരുഷന്മാരും ഇപ്പോൾ വേഷംധരിക്കുന്നത് കോമാളികളായിട്ടാണു്. കാലത്തു കോളേജിൽ പോകുന്ന പെൺകുട്ടികളെക്കണ്ടാൽ പരിഹാസച്ചിരിയുണ്ടാകും നമുക്ക്. ഫ്രോക്ക്, പാവാട, ബ്ലൗസ് ഇവയെല്ലാം അന്തർദ്ധാനം ചെയ്തുകഴിഞ്ഞു. പകരം എനിക്കു പേരറിയാൻ പാടില്ലാത്ത ചില വിശേഷവസ്ത്രങ്ങൾ. ആൺകുട്ടികളുടെ വേഷവും അങ്ങനെത്തന്നെ. കോൺവെന്റിൽ പോകുന്ന കൊച്ചുകുട്ടികൾക്കു ബൂട്ട്സും ടൈയും കൂടിയേ തീരൂ. തണുപ്പുള്ള പടിഞ്ഞാറൻ രാജ്യങ്ങളിൽ ആ ശൈത്യം നെഞ്ചിലേക്കു കടക്കാതിരിക്കാൻ വേണ്ടി ‘ടൈ’ കെട്ടുന്നു. കാലു തണുക്കാതിരിക്കാൻ ബൂട്ട്സും. ചൂടുകൊണ്ട് മനുഷ്യർ മരിക്കുന്ന ഈ രാജ്യത്ത് ടൈ എന്തിനു? സോക്ക്സ് എന്തിനു? വസ്ത്രധാരണത്തിലെ ഈ കോമാളിത്തം സാഹിത്യത്തിലില്ല. കല്പനാകഞ്ചുകങ്ങൾ ദൂരെയെറിഞ്ഞ് അത് എല്ലിൻകൂട് കാണിച്ചുനടക്കുന്നു.

* * *

​​ സ്ത്രീകൾ മാത്രം നടത്തുന്നു ചില സ്ഥാപനങ്ങളിൽ ചില പുരുഷന്മാർക്കു കയറാൻ മടിയാണു്. പെണ്ണുങ്ങളുടെ ബാങ്ക്, പെണ്ണുങ്ങളുടെ കടകൾ ഇവിടെയെല്ലാം കൊന്നുകളയുമെന്നു പറഞ്ഞാൽപ്പോലും അവർ കടക്കില്ല. എന്നാർ അങ്ങനെയുള്ളവർ ഒറ്റയ്ക്കു സ്ത്രീയെ കിട്ടിയാൽ ഇന്നതേ പ്രവർത്തിക്കൂ എന്നില്ല.