സാഹിത്യവാരഫലം 1999 01 15
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര് | |
പ്രസിദ്ധീകരണം | സമകാലിക മലയാളം |
തിയതി | 1999 01 15 |
മുൻലക്കം | 1999 01 08 |
പിൻലക്കം | 1999 01 22 |
വായനക്കാരുടെ പ്രതികരണങ്ങള് | ഇവിടെ നൽകുക |
സാഹിത്യനിരൂപകർ വിപ്രതിപത്തി കൂടാതെ ഇറ്റലിയിലെ നോവലിസ്റ്റായ ആൻതോന്യോ താബൂറ്റ്ചീയുടെ (Antonio Tanucchi - Born Pisa in 1943) Declares Pereira’ എന്ന കൃതിയെ സ്വീകരിച്ചിരിക്കുന്നു. രാഷ്ട്രവ്യവഹാരസംബന്ധിയായ നോവലാണിത്. രാജ്യവ്യവഹാര വിഷയകങ്ങളായ കൃതികൾ കുപ്രസിദ്ധമായ വിധത്തിൽ അധമങ്ങളാണ് എന്നാണ് പഴഞ്ചൊല്ല്. എന്നാൽ ആ സാമാന്യകരണപ്രസ്ഥാവത്തിന്റെ പരിധിക്കകത്ത് ഈ നോവൽ ചെന്ന് ചേരുന്നില്ല. രാഷ്ട്രവ്യവഹാരത്തോട് ബന്ധപ്പെട്ട വിഷയങ്ങളെ താബൂറ്റ് ചീ കലയായി മാറ്റിയിരിക്കുന്നു. പോർചുഗലിൽ ആങ്തെന്യൂ ദീ ഓലീവേറ സലസർ (Antonio de Oliveira 1889 - 1970) ഡിക്റ്റേറ്ററായിരുന്ന കാലയളവിന്റെ പ്രാരംഭം പോർച്ചുഗലിന്റെ തലസ്ഥാനവും സമുദ്രതീരനഗരവുമായ ‘ലീഷ്ബോഅ’ (Lisboa) എന്ന സായാഹ്ന ദിനപ്പത്രത്തിന്റെ സാംസ്കാരിക വിഭാഗത്തിന്റെ പത്രാധിപരായി പെറൈര എന മധ്യവയസ്കൻ നിയമിക്കപ്പെട്ടു. അയാളൂടെ ഭാര്യ ക്ഷയരോഗം വന്ന് കുറച്ചുവർഷങ്ങൽക്ക് മുൻപ് മരിച്ചുപോയി. പെറൈര വണ്ണം കൂടിയവനും രക്തസമ്മർദ്ദത്താൽ കഷ്ടപ്പെടുന്നവനുമാണ്. ഹൃദ്രോഗിയുമാണ് അയാൾ. ആ രീതിയിൽ പോയാൽ അയാൾ വളരെക്കാലം ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പെറൈര നല്ല റോമൻ കത്തോലിക്കനാണെങ്കിലും ശരീരത്തിന്റെ ഉയിർത്തെഴുന്നേൽപ്പിൽ വിശ്വസിക്കുന്നില്ല. മരണത്തെക്കുറിച്ച് ആലോചിച്ചുകൊണ്ട് അയാൾ അന്ന് കൈയിൽക്കിട്ടിയ ഒരു മാസിക അലക്ഷ്യമായി മറിക്കുകയും അതിൽക്കണ്ട ഒരു ലേഖനത്തിൽ പൊടുന്നനേ മനസ്സുടക്കിയവനായിത്തീരുകയും ചെയ്തു. മരണത്തെക്കുറിച്ചാണ് ആ ലേഖനം. ലേഖകനായ ഫ്രാങ്സീഷ്കൂ മൊങ്തേറൂറോസ്സി (Francesco Monterio Rossi) അതിൽ പറയുന്നു: ‘The relationship that most profoundly and universally characterizes our sense of being is that of life with death, because the limits imposed on our existance by death are crucial to the understanding and evaluation of life” പെറൈര ആ വാക്യത്താൽ ആകർഷിക്കപ്പെട്ടു. അയാൾ റോസ്സിയെ ടെലിഫോണീൽ വിളീച്ച് സംസാരിച്ചു. പരിചയം സൗഹൃദമായി. ലീഷ്ബോഅ പത്രത്തിന്റെ സാംസ്കാരികവിഭാഗത്തിൽ മരിച്ച മഹാവ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധപെടുത്തും. അടുത്ത കാലത്ത് മരിക്കുമെന്ന് സംശയിക്കപ്പെടുന്നവരുടെ ‘മൃതിവിവരണങ്ങൾ’ നേരത്തേ തയ്യാറാക്കി വയ്ക്കും. ഈ ചരമക്കുറിപ്പുകൾ എഴുതാൻ റോസ്സിയോട് ആവശ്യപ്പെട്ടു പെറൈര.
നോവലിലെ കഥ നടക്കുന്നത് 1938 - ലാണ്. 1936 - ൽ ഫാസിസ്റ്റുകാരാൽ വധിക്കപ്പെട്ട സ്പാനിഷ്കവി ഗാർതീയാ ലൊർകായെക്കുറിച്ച് എഴുതാമെന്ന് റോസ്സി പറഞ്ഞപ്പോൾ പെറൈര അയാളെ അറിയിച്ചതിങ്ങനെ: “സ്പെയിനിൽ ഇപ്പോൾ ആഭ്യന്തരയുദ്ധം നടക്കുകയാണ്. പോർച്ചുഗീസ് അധികാരികൾ ഫ്രാങ്കോ വിചാരിക്കും പോലെയാണ് വിചാരിക്കുന്നത്. അവർക്ക് (സ്പെയിനിലെ അധികാരികൾക്ക്) ലൊർകാ രാജ്യദ്രോഹിയാണ്. അതേ രാജ്യദ്രോഹി എന്നു തന്നെയാണ് വാക്ക്” ഫ്യൂച്ചറിസപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും ഇറ്റലിയിലെ എഴുത്തുകാരനും ഫാസിസ്റ്റുകൾക്ക് അനുകൂലനുമായിരുന്ന മാറിനേത്തിയെക്കുറിച്ച് (Marinetti 1879 - 1944) നേരത്തേ മൃത്യുവിവരണം തയ്യാറാക്കിക്കൊണ്ടു വന്നു റോസ്സി. “With Marinetti dies a man of violence, for violence was his muse…An enemy democracy, he went on to sing praises of war in a long eccentric poem…” ഇത്തരത്തിലുള്ള വാക്യങ്ങൾ ലേഖനങ്ങളിടങ്ങിയിരിക്കുന്നതുകൊണ്ട് പെറൈര അതു പ്രസിദ്ധീകരിക്കാൻ വയ്യ എന്നു പറഞ്ഞ് മാറ്റിവച്ചു. ഗാബ്രിയേലാ ദാനൂന്റസ്യോ (Gabriele D’Annunzio 1863 - 1938) എന്ന ഇറ്റാലിയൻ സാഹിത്യകാരൻ ഫാസ്സിസത്തിന്റെ സുശക്തനായ വക്താവായിരുന്നു. അദ്ദേഹത്തെക്കുറിച്ച് റോസ്സി എഴുതിക്കൊണ്ടുവന്ന ലേഖനത്തിൽ “Exactly five months ago, at eight in the evening of March 1st 1938, died Gabriele D’Annunzio… He was a great decadent, despoiler of the laws of morality, a devotee of the morbid and the erotic…” എന്ന് തുടങ്ങിയ വാക്യങ്ങൾ ഏറെയുണ്ടായിരുന്നതുകൊണ്ട് പെറൈര ആ ലേഖനവും പ്രസിദ്ധപ്പെടുത്താൻ വയ്യ എന്നു പറഞ്ഞ് മാറ്റിവച്ചു. രചനയുടെ ദോഷം കൊണ്ടല്ല, ഫാസ്സിസത്തിന്റെ പ്രതീകമായ സലസർ പോർച്ചുഗൽ ഭരിക്കുമ്പോൾ ഫാസ്സിസത്തിന്റെ വക്താക്കളെ നിന്ദിക്കുന്ന ലേഖനങ്ങൾ പത്രത്തിൽ വരാനൊക്കുമോ?
പെറൈര ധിഷണാശാലിയാണ്. പക്ഷേ അയാൾക്ക് പ്രകടമായ ആന്റിഫാസ്സിസമില്ല. മരണവും ഉയിർത്തെഴുന്നേൽപ്പുമാണ് അയാളുടെ ചിന്താവിഷയങ്ങൾ. മരിച്ച ഭാര്യയുടെ പടത്തിന്റെ മുൻപിൽച്ചെന്ന് കൂടെക്കൂടെ സംസാരിക്കുന്നതും അയാളുടെ സ്വാഭാവമാണ്.
റോസ്സിയും അയാളുടെ കാമുകിയും ഫ്രാങ്കോയുടെ ഫാസ്സിസത്തിനെതിരായി പ്രവർത്തിച്ചുകൊണ്ടിരുന്നു. ഒരു ദിവസം റോസ്സി പെറൈരയുടെ താമസസ്ഥലത്ത് ഓടിക്കയറി. വന്നു രക്ഷിക്കണമെന്ന അഭ്യർത്ഥനയോടെ, ഫ്രാൻസിലേക്കു പോകാനുള്ള വ്യാജ പാസ്പോർട്ടുമുണ്ട് അയാളുടെ കൈയിൽ. പെറൈര പാസ്പോർട്ട് ഭാര്യയുടെ പടത്തിനു പിറകിൽ ഒളിച്ചുവച്ചു.റോസ്സിയെ ഒരു മുറിയിൽ ആക്കുകയും ചെയ്തു. തുടർന്നു പൊലീസാണെന്നു ഭാവിച്ചുകൊണ്ടു ഫാസിസ്റ്റുകളുടെ ആകരമണമാണ് വീട്ടിൽ. അവർ അയാളെ ക്രൂരമായി മർദ്ദിച്ചു. റോസ്സിയെ കൊന്നു. റോസ്സിയുടെ മൃതശരീരത്തിൽ ഷീറ്റെടുത്തു മൂടിയിട്ട് തന്നെ ചികിത്സിക്കുന്ന ഡോക്ടറോടു പെറൈര ഒരു സഹായമഭ്യർത്ഥിച്ചു. തുടർന്നു ആ ക്രൂരമായ വധത്തിന്റെ റിപ്പോർട്ട് പെറൈര എഴുതി. അതു തന്റെ പത്രത്തിൽ തന്നെ അച്ചടിക്കാനായി അയാൾ ഫോർമാനെ ഏല്പിച്ചപ്പോൾ സെൻസർ പാസാക്കാതെ അച്ചടിക്കാൻ പറ്റില്ലെന്ന് അയാൾ അറിയിച്ചു. സെൻസറാഫീസിലെ മേജറോടു സംസാരിക്കാന്നുവെന്ന മട്ടിൽ പെറൈര തന്നെ ചികിത്സിക്കുന്ന ഡോക്ടറോടു റ്റെലിഫോണിൽ സംസാരിച്ചു. ഡോക്ടർ മേജ്ജറാണെന്നു ഭാവിച്ചു ഫോർമാനോടു പറഞ്ഞു ഉടനെ അതു പത്രത്തിൽ അച്ചടിക്കണമെന്ന്. ഫോർമാനു തൃപ്തിയായി. റൊസ്സിയുടെ വ്യാജ പാസ്പോർടും ഭാര്യയുടെ പടവുമെടുത്തുകൊണ്ട് പെറൈര ഫ്രാൻസിലേക്കു പോകുമ്പോൾ നോവൽ അവസാനിക്കുന്നു. അടുത്ത പത്രത്തിൽ- ‘ലിഷ്ബോഅ’ദിനപത്രത്തിൽ ഫാസിസ്റ്റ് ഭരണത്തെ നിന്ദിക്കുന്ന ലേഖനം വരും.
ഫാസ്സിസം ജീർണ്ണതയാണ്. അതിനു നേരെ പോരാടുന്നവരുടെ പ്രതീകങ്ങളായി നോവലിസ്റ്റ് റോസ്സിയെയും ആ യുവാവിന്റെ കാമുകിയേയും ചിത്രീകരിക്കുന്നു. പെറൈര റോമൻ കത്തോലിക്കനാണെങ്കിലും ഭാര്യയുടെ പടത്തോടു സംസാരിക്കുന്ന അന്ധവിശ്വാസിയാണെങ്കിലും ഫാസിസ്സത്തോടൂ പടവെട്ടുന്ന റോസ്സിയൊട് ആനുകൂല്യം കാണിച്ച് ഫാസിസ്റ്റ് വിരോധിയായി പ്രത്യക്ഷനാകുന്നു. വായനക്കാരുടെ സഹതാപം പ്രവഹിക്കുന്നതു റോസിയുടെ നേർക്കാണ്. അതു നോവലിസ്റ്റിന്റെ സഹതാപവുമാണ്. താബൂറ്റ്ചിയുടെ ചിന്താഗതി ഇടതുപക്ഷത്തിന്റേതാണ്. സ്പഷ്ടതയാർന്ന ആഖ്യാനത്തിന്റെ വേഗത്തിൽ സംഭവങ്ങൾ കണ്ടുപിടിക്കുന്ന നോവലിസ്റ്റിന്റെ പ്രാഗല്ഭ്യത്തിൽ ഈ നോവലിനു പ്രധാന സ്ഥാനമുണ്ട്. മനുഷ്യൻ, സമൂഹം, രാജ്യം ഇവയുടെ ആധ്യാത്മികമായ ഉന്നമനത്തിലാണ് താബൂറ്റ്ചി ഊന്നൽ കൊടുക്കുന്നത്. മനുഷ്യസ്നേഹിയുടെ ശബ്ദമാണ് ഈ നോവലിൽ നിന്ന് ഉയരുക. (Antonio Tabuchchi-Declares Pereira-Tranlated from the Italian by Patrick Greagh-Pages 136-£4=95)
വിചാരങ്ങൾ
ഉറങ്ങുന്ന സുന്ദരിയുടെ കവിളിലൂടെ ഉമിനീരു ഒഴുകുന്നതുകണ്ടാൽ അല്ലെങ്കിൽ മനോഹരാംഗിയുടെ ഒരു പല്ല് ചുണ്ടുകളെക്കവിഞ്ഞ് തള്ളിനിൽക്കുന്നതു കണ്ടാൽ നമുക്കെത്ര വെറുപ്പ് ഉണ്ടാകുമോ അത്രകണ്ടു വെറുപ്പ് കവിതയിലെ ഒരു കർക്കശപദം ഉണ്ടാക്കും.
പണ്ടത്തെ കാര്യമാണു പറയുന്നത്. ഒരു വാടക വീടിന്റെ മുകളിലത്തെ നിലയിൽ ഞാൻ താമസിച്ചിരുന്ന കാലം. താഴത്തെ നില ഒഴിഞ്ഞു കിടക്കുന്നു. കുടുംബമില്ലാതെ ഒറ്റയ്ക്കു ഒരാഴ്ചക്കാലം എനിക്കു താമസിക്കേണ്ടിവന്നു ആ വീട്ടിൽ. രാത്രി രണ്ടു മണി. എന്തോ രോദനം കേട്ടു ഞാൻ ഉണർന്നു. തേങ്ങുന്നുണ്ട്. മതിവിഭ്രമമാകാം അതെന്നു വിചാരിച്ച് ഞാൻ എഴുന്നേറ്റ് ലൈറ്റിട്ടു. മതിവിഭ്രമമല്ല. കരച്ചിൽ എനിക്കു നിശീഥിനിയുടെ നിശ്ശബ്ദതയിൽ കേൾക്കാം. ചെന്നുനോക്കണമെങ്കിൽ കോണിപ്പടി ഇറങ്ങി ചെല്ലണം. കതകു തുറന്നു നോക്കുന്നതെങ്ങനെ? എന്നെ അപായപ്പെടുത്താൻ ആരെങ്കിലും കൃത്രിമശബ്ദമുണ്ടാക്കിയതല്ലേ? എങ്കിലും വിറയലോടുകൂടി ഞാൻ കോണിപ്പടിയിലെ വിളക്കിട്ട് മെല്ലെ പടികളിറങ്ങി. ഡയമണ്ടിന്റെ ആകൃതിയിൽ ദ്വാരങ്ങളുള്ളതാണ് ചുവര്. അതിലൊന്നിലൂടെ നോക്കി ഞാൻ പടിക്കെട്ടിൽ ഒരു ചെറുപ്പക്കാരി ഇരുന്നു കരയുന്നു. തേങ്ങുന്നു. നെഞ്ചിലിടിക്കുന്നു. ഞാൻ വാതിൽ തുറന്നു ‘എന്താ ഇവിടെ?’ എന്നു ചോദിച്ചു. ‘അയാൾ എന്നെ ഒരുപാടു തല്ലി. ഞാൻ ഇവിടെ വന്നിരിക്കുകയാണ്. എനിക്ക് അയാളെ ഒരു പാഠം പഠിപ്പിക്കണം കുറെനേരത്തേക്കെങ്കിലും എനിക്ക് ഈ കോണിച്ചുവട്ടിൽ ഒരു പായിട്ടു തരൂ. കാലത്ത് ഞാൻ പോകാം’ എന്നു അവൾ പറഞ്ഞു. ഞാൻ: ‘അതൊക്കില്ല ഞാൻ ഇവിടെ തനിച്ചാണ്. ലീല (പേരു വേറെ)സ്വന്തം വീട്ടിലേക്കു പോകൂ. ഇവിടെ കിടക്കാൻ പറ്റില്ല!’ ഞാൻ വാതിലടച്ച് കുറ്റിയിട്ടു. മുകളിലേക്കു പോകുകയും ചെയ്തു. ആകസ്മികമായി ഉണ്ടാകുന്ന യുവതിയുടെ ദർശനം പോലെയാണ് പടിഞ്ഞാറൻ മാസ്റ്റപീസിന്റെ ദർശനം. ബേൺഹാർറ്റ് ഷ്ലിങ്കിന്റെ ‘The Reader‘ എന്ന മഹനീയമായ നോവൽ അങ്ങനെ വിചാരിക്കാത്ത സന്ദർഭത്തിൽ വന്നുചേർന്നതാണ്. നോവൽ വായിച്ചപ്പോൾ എന്റെ സംസ്കാര ചക്രവാളം വികസിച്ചു.സംസ്കാര ചക്രവാളത്തിനു ഹ്രാസം വരാതിരിക്കാനായി ഞാൻ സ്ത്രീയെ പടിക്കെട്ടിലിരുത്തിക്കൊണ്ട് വലിച്ചടച്ചു.
2. ഞാൻ ബഹുമാനിക്കുന്ന എഴുത്തുകാരനും ക്രൈസ്തവ പുരോഹിതനുമാണ് തോമസ് മെർട്ടൻ(Thomas Mertin 1915-1968) അദ്ദേഹത്തിന്റെ ഏതു ഗ്രന്ഥവും വായനക്കാരനു ഔന്നത്യത്തിലേക്കു കൊണ്ടുചെല്ലും. ശ്രീ. വൈക്കം മുറളി എനിക്കു വായിക്കാൻ തന്ന The Journals of Thomas Mertin ഞാൻ എന്തൊരാഹ്ലാദത്തോടെയാണ് വായിച്ചു തീർത്തത്. അദ്ദേഹം അതിലൊരിടത്തു പറയുന്നു: “For the last 5 days o so- reading Dr. Zhivago which finally came. Deeply moved by it. Not being in the habit of demanding absolute structural perfection in a novel, I can call it great”നമ്മുടെ തുച്ഛങ്ങളായ നോവലുകളെയും, കഥകളെയും പ്രകീർത്തിച്ചു പുസ്തകങ്ങളെഴുതുന്നവർ പസ്ത്യർനാക്കിന്റെ ‘ഡോക്ടർ ഷിവാഗോ’ എന്ന നോവൽ വായിക്കണം.
3. എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ പ്രഖ്യാതനായ ന്യൂറോ സർജൻ ശ്രീ. പി. ശ്രീകുമാറിനെ അടുത്തകാലത്തു കാണാനിടയായി. അദ്ദേഹം എന്നോടു ചോദിച്ചു ‘സ്മോക്കിങ് എങ്ങനെ?’ ഞാമറുപടിപറഞ്ഞു:‘ ഗോയിങ് സ്റ്റ്രോങ്’ ഡോക്ടർ ചിരിച്ചു. ഇംഗ്ലണ്ടിലെ പ്രധാനമന്ത്രിയായിരുന്ന ചേംബർലൈനോട് ആരോ ചോദിച്ചു അദ്ദേഹത്തിന്റെ രാഷ്ട്രവിജയത്തിനു കാരണമെന്തെന്ന്. പ്രധാനമന്ത്രി പറഞ്ഞു: “ദിവസം മുഴുവനും പുക വലിക്കുന്നു. വ്യായാമമേയില്ല.” ഞാനും ചേംബർലൈനും ഒരേ രീതിയിലാണ്. എനിക്കു വ്യായമമില്ലെന്നതു പോകട്ടെ. ഈ ദീർഘകാല ജീവിതത്തിൽ ഇന്നുവരെ നടക്കാൻ പോലും പോയിട്ടില്ല. സിഗററ്റു വലിച്ചുകൊണ്ടിരിക്കുന്നു.
ധീരനായ സക്കറിയ
എന്റെ സുഹൃത്തും പ്രഖ്യാതനായ കഥാകാരനുമായ ശ്രീ. സക്കറിയയെക്കാൾ ധീരനായി വേറെ ആരെങ്കിലും ഈ ലോകത്തുണ്ടോ എന്നാണു എന്റെ സംശയം. സംശയിക്കേണ്ടതില്ല. അദ്ദേഹം ധീരൻ തന്നെയാണ്. ഏഷ്യാനെറ്റിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ അദ്ദേഹം ഹെലിക്കോപ്റ്ററിൽ കയറി കോഴിക്കോട്ടെ മാധ്യമം വാരികയുടെ ഓഫീസിന്റെ മുൻവശത്തു വന്നിറങ്ങ്നുന്നു. ശ്രീ. പി. ഭാസ്കരനോടു ചോദിക്കാതെ തിരുവനന്തപുരം വിട്ടതിൽ ധൈര്യം. ഹെലിക്കോപ്റ്റർ തകരാൻ സാദ്ധ്യതയുണ്ടായിട്ടും അതിൽ കയറിയത്, ധൈര്യം. ‘ഇഹലോകവാസം’ എന്ന കഥയുമായി മാധ്യമം ഓഫീസിൽ കയറിയതു ധൈര്യം. കടലാസ്സിൽ എഴുതിയ അക്ഷരങ്ങൾക്കു സദൃശങ്ങളായ റ്റൈപ്പുകൾ തിരഞ്ഞെടുത്തു മഷിമുക്കി വാരികക്കടലാസീൽ അമർത്തിയതും, ധൈര്യം. ആളുകളുടെ കൈയിൽ കിട്ടുമ്പോൾ അവർ എന്തൊരു ബീഭത്സമായ കഥ എന്നു പറയുമെന്ന് സക്കറിയ അറിഞ്ഞിരുന്നിട്ടും പറഞ്ഞാൽ എനിക്കതു പുല്ലാണ് എന്നമട്ടിൽ വാരികക്കടലാസ്സിൽ റ്റൈപ്പുകളമർത്തിയത് ധൈര്യത്തിൽ ധൈര്യം. ആ ധീരതയിൽ നെപ്പോളിയൻ പോലും സക്കറിയയുടെ മുൻപിൽ തോറ്റുപോകും. നൊപ്പോളിയൻ ചായകുടിക്കാൻ ഭാവിച്ചപ്പോൾ പീരങ്കി മുഴക്കി ആരോ. പലരും ഞെട്ടി മറിഞ്ഞുവീണു. പക്ഷെ നൊപ്പോളിയന്റെ കപ്പിലെ ചായ ഒരു തുള്ളി പോലും സോസറിലേക്ക് വീണില്ല. മാത്രമല്ല ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ അദ്ദേഹം ചായ കുടിച്ചിട്ട് കപ്പും സോസറും താഴെ വച്ചു. വായനക്കാരനെ മാന്തുകയും പിച്ചുകയും കടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ഒക്കെച്ചെയ്ത് അയാളെ ബോധശൂന്യനാക്കുന്ന കഥയാണ് സക്കറിയയുടേത്. അദ്ദേഹത്തിന്റെ മുൻപിൽ ആ ശൗര്യത്തിന്റെയും പൗരുഷത്തിന്റെയും ധൃഷ്ടതയുടെയും പരാക്രമത്തിന്റെയും മുൻപിൽ ഭീരുവായ ഞാൻ തലതാഴ്ത്തി നിൽക്കുന്നു.
കവിതയെന്ന പേരിൽ
ഡാവിഞ്ചി ചിത്രകാരന്മാരോട് ഉപദേശിച്ചത് സ്ത്രീകളുടെ ചിത്രം വരയ്ക്കുമ്പോൾ സന്ധ്യാസമയത്ത് അവരുടെ മുഖങ്ങൾ നോക്കണമെന്നാണ്. ആ വേളയിലാണത്രേ അവരുടെ രഹസ്യങ്ങൾ മുഖങ്ങളിൽ വരാറ്.
ഞാൻ ആലപ്പുഴ സനാതന ധർമ്മവിദ്യാലയത്തിൽ സെക്കൻഡ് ഫോമിൽ പഠിക്കുകയാണ്. ക്ലാസ്റ്റീച്ചർ വരാത്ത ഒരു ദിവസം സാഹിത്യരസികനായ ഹെഡ് മാസ്റ്റർ മഞ്ചേരി രാമകൃഷ്ണയ്യർ അദ്ദേഹത്തോളം നീളമുള്ള ചൂരലുമായി ക്ലാസ്സിൽ കയറിവന്നു. സാറ് കോട്ടിന്റെ ബട്ടനിടുകില്ല. ഷേർട് മുഴുവനും വെളിയിൽ കാണും. ഞാൻ ആ ഷേർട് കണ്ട് അതിന്റെ ജലസ്പർശമില്ലാത്ത അവസ്ഥയെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നപ്പോൾ സാറ് ഡസ്കിൽ ഒരടി ചൂരലുകൊണ്ടടിച്ചിട്ട് ‘എഴുന്നേറ്റു നിൽക്കെടാ’ എന്ന് ആജ്ഞാപിച്ചു. വിറച്ചുകൊണ്ട് ഇസ്പീട് ഗുലാനെപ്പോലെ നിന്ന എന്നോട് സാറ് ഒരു ചോദ്യം. നിനക്കു വള്ളത്തോളിന്റെ ഒരു ശ്ലോകം ചൊല്ലാമോ? ഞാൻ ചൊല്ലി. ‘ആർ പള്ളിയോടം കയറിക്കളിപ്പൂ യുഷ്മാദൃശ പ്രോഷ്മള ബാഷ്പനീരിൽ’ അതു പൂർണ്ണമാക്കാൻ സാറ് സമ്മതിച്ചില്ല. അതിനു മുൻപ് ‘നിറുത്ത്. നിറുത്ത് യുഷ്മാദൃശ പ്രോഷ്മള ബാഷ്പം വരെ കൊള്ളാം. അതിനോടു നീരെന്നു ചേർത്തത് ശരിയായോ. ഒരു falling off ഇല്ലേടാ.’ അന്നത്തെ സെക്കൻഡ് ഫോം വിദ്യാർത്ഥിക്കു falling off എന്നു പറഞ്ഞാൽ അർത്ഥമറിയാം. ഇന്നു ഇംഗ്ലീഷ് എം. എയ്ക്ക് പഠിക്കുന്നവർ അതിന്റെ അർത്ഥം പറഞ്ഞെന്നു വരില്ല. അർത്ഥമറിയാമെന്നതുകൊണ്ട് ഞാൻ പറഞ്ഞു. ‘Sir, there is a diminishing of intensity in that line’ സാറ് എന്നെ നോക്കി very good എന്നു പറഞ്ഞു. ഈ സംഭവം എന്റെ കാവ്യാസ്വാദനരീതിക്കു പരിവർത്തനം വരുത്തി. Great headmasters, great teachers ഇവരാണ് വിദ്യാർത്ഥികൾക്ക് ഉന്നമനം നൽകുക.
തിരുവനന്തപുരത്തെ സയൻസ് കോളേജിലെ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയായിരുന്നു ഞാൻ. കുമാരനാശാന്റെ ‘നളിനി’ പാഠപുസ്തകം. കുഞ്ഞുകൃഷ്ണപിള്ള എന്ന അധ്യാപകൻ ആദ്യത്തെ ശ്ലോകം വായിച്ചു.
‘നല്ല ഹൈവമവത ഭൂവിലേറെയായ്-
ക്കൊല്ലമങ്ങൊരു വിഭാതവേളയിൽ
ഉല്ലസിച്ചു യുവയോഗിയേകനുൽഫുല്ല-
ബാലരവി പോലെ കാന്തിമാൻ.’
വായന കഴിഞ്ഞിട്ടു സാറ് എന്നെ നോക്കി ആ ശ്ലോകം വായിക്കു എന്നു പറഞ്ഞു. ഞാൻ വായിക്കാൻ തുടങ്ങുന്നതിനു മുൻപ് അദ്ദേഹം അറിയിച്ചു. “ആ ഉൽഫുല്ല ബാലരവി എന്നിടത്ത് എത്തുമ്പോൾ പല്ലുതെറിച്ചുപോകാതെ നോക്കിക്കൊള്ളണം.” ഉൽഫുല്ലമെന്ന പദം ദുശ്ശ്രവം എന്നാണ് സാറ് ധ്വനിപ്പിച്ചത്. ശരിയാണ്.
ഉറങ്ങുന്ന സുന്ദരിയുടെ കവിളിലൂടെ ഉമിനീരു ഒഴുകുന്നതുകണ്ടാൽ അല്ലെങ്കിൽ മനോഹരാംഗിയുടെ ഒരു പല്ല് ചുണ്ടുകളെക്കവിഞ്ഞ് തള്ളിനിൽക്കുന്നതുകണ്ടാൽ നമുക്കെത്ര വെറുപ്പ് ഉണ്ടാകുമോ അത്രകണ്ടു വെറുപ്പ് കവിതയിലെ ഒരു കർക്കശപദം ഉണ്ടാക്കും. പോൾ വലേറി എന്ന ഫ്രഞ്ചെഴുത്തുകാരൻ പറഞ്ഞിട്ടുണ്ട് നാടകാഭിനയമോ ചലച്ചിത്രപ്രദർശനമോ ഒരന്തരീക്ഷം സൃഷ്ടിച്ചു വച്ചിരിക്കുമ്പോൾ സദസ്സിലെ ഒരു കുഞ്ഞു നിലവിളിച്ചാൽ മറ്റുള്ളവർ സഹിക്കില്ലെന്ന്. യേശുദാസ് പാടുകയാണെന്നിരിക്കട്ടെ. അദ്ദേഹം കലയോടു ബന്ധപ്പെട്ട അന്തരീക്ഷം തന്റെ ഗാനമാധുര്യം കൊണ്ട് സൃഷ്ടിച്ച അന്തരീക്ഷത്തിൽ ഒരു കസേര ആരെങ്കിലും വലിച്ചിഴ്ച്ചു ശബ്ദമുണ്ടാക്കിയാൽ പാട്ടു കേട്ടുകൊണ്ടിരിക്കുന്നവർ കോപിച്ചു പലതും പറയും. അതുപോലെ മഹാകവിത്രയവും ജി. ശങ്കരകുറുപ്പും ചങ്ങമ്പുഴയും ഇടപ്പള്ളിയും വൈലോപ്പിള്ളിയും കവിത കൊണ്ടുണ്ടാക്കിയ കലാന്തരീക്ഷത്തിൽ മാധ്യമം വാരികയിൽ ശ്രീ. എ. സി. ഹരിയെഴുതിയ ‘നിങ്ങളെന്നെ (പോസ്റ്റ്) മോഡേണിസ്റ്റാക്കി’ എന്ന ഗദ്യാത്മരചന (കവിതയെന്നാണ് അതിന്റെ പേര്) കുഞ്ഞുകരഞ്ഞാലുണ്ടാകുന്ന, കസേര നീക്കിയാലുണ്ടാകുന്ന അസ്വസ്ഥത വായനക്കാർക്ക് ഉളവാക്കുന്നു. എന്തൊരു പീഡാനുഭവമാണ് ഈ രചന നൽകുന്നത്!
കഥയല്ല
ഫ്രഞ്ച് നോവലിസ്റ്റ് അൽഫൊങ്സ് ദോദെയുടെ (Alphonse Daudet 1840-97) ‘The Last Lesson’ മനോഹരമായ ചെറുകഥയാണ്. ഫ്രാൻസിലെ ഒരു ഗ്രാമത്തിലുള്ള വിദ്യാലയത്തിൽ ഒരദ്ധ്യാപകൻ ചലനമില്ലാതെ കസേരയിൽ ഇരിക്കുകയാണ്. അയാൾ ആദ്യം ഒരു വസ്തുവിൽ നോക്കും. പിന്നീട് മറ്റൊന്നിൽ. നാല്പതുവർഷമായി അയാൾ ആ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. എന്താവാം അയാളുടെ വിഷാദത്തിനു ഹേതു? ക്ലാസ്സിൽ ഇരുന്ന ഒരു കൊച്ചുകുട്ടിയെയും പ്രായം കൂടിയ വേറെ ചിലരെയും നോക്കിക്കൊണ്ട് അയാൾ പറഞ്ഞു: “എന്റെ കുട്ടികളേ. ഇതാണ് എന്റെ ഒടുവിലത്തെ ക്ലാസ്. ബർലിനിൽ നിന്ന് ഉത്തരവ് വന്നിട്ടുണ്ട് നാളെ മുതൽ ജർമ്മൻ ഭാഷയേ പഠിക്കാൻ പാടുള്ളുവെന്ന്. പുതിയ അദ്ധ്യാപകൻ നാളെ വരും. എന്റെ അവസാനത്തെ പഠിപ്പിക്കലാണിത്. എല്ലാവരും ശ്രദ്ധിച്ചിരിക്കു” ഫ്രാൻസും പ്രഷയും തമ്മിൽ യുദ്ധം നടക്കുകയായിരുന്നു. അതിൽ ഫ്രാൻസ് തോറ്റുപോയി. ഇനി ജർമ്മനിയുടെ ആധിപത്യം.
ആ ഗ്രാമത്തിലെ ജനത കർഷകരാണ്. അവരുടെ കുട്ടികൾക്ക് പാടങ്ങളിൽ പണിയെടുക്കാൻ പോകണം. അതുകൊണ്ട് വിദ്യാലയത്തിൽ എപ്പോഴും ഹാജർ കുറവായിരുന്നു. ആ അവസാനത്തെ ദിവസവും ഒരു കുട്ടി മാത്രമേ വന്നിട്ടുള്ളു. മറ്റുള്ളവർ പ്രായം കൂടിയവരും അയാളെ ബഹുമാനിക്കാൻ വന്നവരും. അദ്ധ്യാപകൻ ഒടുവിലത്തെ ആ ക്ലാസ്സിൽ പഠിപ്പിച്ചു.
പള്ളിയിലെ മണി പന്ത്രണ്ടടിച്ചു. പ്രഷൻ സൈന്യം ഡ്രിൽ കഴിഞ്ഞു കുഴലൂതിക്കൊണ്ടുവന്നു. അദ്ധ്യാപകൻ ‘എന്റെ കൂട്ടുകാരേ…’ എന്നു തുടങ്ങി. പക്ഷേ തൊണ്ടയിടറിയതു കൊണ്ട് അയാൾക്കത് പൂർണ്ണമാക്കാൻ കഴിഞ്ഞില്ല. അദ്ധ്യാപകൻ ഒരു കഷണം ചോക്കെടുത്ത് എല്ലാ ശക്തിയോടും കൂടി ഏറ്റവും വലിയ അക്ഷരത്തിൽ ബ്ലാക്ക് ബോർഡിലെഴുതി. Vive Le France. വീവ് ല ഫ്രാൻസ് - ഫ്രാൻസ് നീണാൾ വാഴട്ടെ. അതിനുശേഷം ‘ക്ലാസ് പിരിച്ചു വിട്ടിരിക്കുന്നു’ എന്നു അയാൾ പറഞ്ഞു.
രാഷ്ട്രീയാന്തരീയ കാര്യങ്ങളിൽ ഇന്ത്യയോടു കൂറുപുലർത്താത്ത ഇന്നത്തെ ഫ്രാൻസിനോട് എനിക്ക് അകൽച്ചയേയുള്ളു. പക്ഷേ ഒരു ശതാബ്ദത്തിനു മുൻപ് പ്രഷ തോല്പിച്ച ഫ്രാസിനോട് ഇക്കഥ വായിച്ച ഞാൻ സ്നേഹമുള്ളവനായിത്തീരുന്നു. ആ അദ്ധ്യാപകന്റെ ദുഃഖം എന്റെ ദുഃഖമായി ഭവിക്കുന്നു. അയാൾ എന്റെ സഹോദരനാണെന്ന് എനിക്കു തോന്നൽ. ആ ക്ലാസ്സിലിരുന്ന കൊച്ചുകുട്ടിയോട് എനിക്ക് എന്റെ പേരക്കുട്ടിയോടു തോന്നുന്ന സ്നേഹം. ഡ്രിൽ കഴിഞ്ഞു കുഴലൂത്തിന്റെ ശബ്ദം കേൾപ്പിച്ചു വരുന്ന പ്രഷൻ ഭടന്മാരെ ഞാൻ വെറുക്കുന്നു. ഈ മാനസികനിലയ്ക്കു കാരണമെന്ത്? കലയുടെ മാന്ത്രികശക്തി എന്നേ ഉത്തരം നൽകാനാവൂ. ഈ ശക്തിവിശേഷം ഏതു കഥയിൽ ഇല്ലയോ അതു കഥയല്ല. കലാസൃഷ്ടിയല്ല. അതിനാൽ ശ്രീ. ബാബു കുഴിമറ്റം മലയാളം വാരികയിലെഴുതിയ ‘അവിഹിതം’ എന്ന കഥ കഥയല്ലെന്നു ഞാൻ വിചാരിക്കുന്നു. അത്രകണ്ടു സമ്പന്നരല്ലാത്ത ദമ്പതികൾ. അവരുടെ വീട്ടിൽ കളർ റ്റി. വിയില്ല്ല. ഉള്ളത് ബ്ലാക്ക് ആൻഡ് വൈറ്റ് സെറ്റ് മാത്രം. ഒരു ദിവസം അത് കളർ റ്റി. വിയായി മാറുന്നു. സുന്ദരനായ ഒരു സായ്പ് അതിൽ നിന്ന് ഇറങ്ങിവരുന്നു. സെറ്റിലേക്കുതന്നെ കയറി അപ്രത്യക്ഷനാകുന്നു. എന്തോ ആശയം മനസ്സിൽ വച്ചുകൊണ്ട് ബാബു കുഴിമറ്റം ഒരു ട്വിസ്റ്റ് നടത്തിയിരിക്കുകയാണ് ഇവിടെ. അതിന് ആഹ്ലാദജനകത്വമെന്ന ധർമ്മമില്ല. ഇക്കഥയുടെ പ്രകടനാത്മകതയും ഇതിലുള്ള കലയുടെ നാട്യവും അസഹനീയമായി തോന്നി എനിക്ക്.
വീയനയിൽ ജനിച്ച ബ്രിട്ടീഷ് ദാർശനികൻ ലൂറ്റ്വിഹ് വിറ്റ്ഗൻ ഷ്ടൈനെ ശ്രീ. ശ്രീകുമാർ മേനോൻ ലൂഡ്വിഗ് വിഗെൻ സ്റ്റൈനാക്കിയിരിക്കുന്നു (മലയാളം വാരിക, ചിന്തയുടെ ചാരുത എന്ന ലേഖനം). ‘ശ്രീകുമാർ ഫിലോസഫി വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥി’യാണെന്ന് അടിക്കുറുപ്പ്. തത്ത്വചിന്തയിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥിക്കു ഭൂഷണമല്ല ഈ തെറ്റ്.
രണ്ടു കലാസങ്കേതങ്ങൾ
ഏതു ടെക്നിക് പ്രയോഗിച്ചാലും രചന ഭാവനാത്മകമായിരിക്കണം. അതു ചിരപരിചിതസംഭവങ്ങളെ നൂതനമായ രീതിയിൽ പ്രകാശിപ്പിക്കണം. എങ്കിലേ അതു കലയാവൂ.
ഡാവിഞ്ചി ചിത്രകാരന്മാരോട് ഉപദേശിച്ചത് സ്ത്രീകളുടെ ചിത്രം വരയ്ക്കുമ്പോൾ സന്ധ്യാസമയത്ത് അവരുടെ മുഖങ്ങൾ നോക്കണമെന്നാണ്. ആ വേളയിലാണത്രേ അവരുടെ രഹസ്യങ്ങൾ മുഖങ്ങളിൽ വരാറ്. യാഥാതഥ്യത്തിന്റെ ആലേഖനത്തിൽ ഡാവിഞ്ചി വിശ്വസിച്ചിരുന്നു എന്നതിനു തെളിവാണിത്. രാജാരവിവർമ്മ കുടയുടെ ചിത്രം വരച്ചതു പ്രസിദ്ധമായ കഥയാണ്. ഒരു മദാമ്മ അദ്ദേഹത്തെ കാണാൻ വന്നു. ചിത്രകാരന്റെ വീട്ടിൽ കയറിയയുടനെ അവർ സ്വന്തം കുട ഒരു മൂലയിൽ ചാരിവച്ചു. മദാമ്മ കാപ്പി കുടിക്കുന്നതിനിടയിൽ രവിവർമ്മ അതുപോലെയൊരു കുടയുടെ ചിത്രം വരച്ചു കുടയിരുന്നിടത്തു കൊണ്ടുവച്ചിട്ട് സാക്ഷാൽ കുടയെടുത്തു മാറ്റി. മദാമ്മ യാത്ര ചോദിച്ചിട്ടു കുടയുടെ ചിത്രമെടുത്തുകൊണ്ടു പോകാൻ ഭാവിച്ചെന്നും തെല്ലുനേരം കഴിഞ്ഞിട്ടേ അമളി മനസ്സിലായുള്ളു എന്നുമാണ് കഥ. വസ്തുവിനെ അതേരീതിയി പകർത്തണമെന്ന കലാതത്ത്വത്തെ ഭംഗ്യന്തരേണ പ്രകടിപ്പിക്കുകയാണ് ഈ സാങ്കല്പിക സംഭവം. ഇതിനു നേരേ വിപരീതമായ കഥയുമുണ്ട്. മതീസ് (Mastisse 1869-1954) എന്ന ഫ്രഞ്ച് ചിത്രകാരൻ വരച്ച ഒരു പടം കണ്ട് ഒരാൾ സ്ത്രീയുടെ കൈക്ക് നീളം കൂടിപ്പോയിയെന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞുപോലും. “ഇതു സ്ത്രീയല്ല. ചിത്രമാണ്” എന്ന്. റീയലിസം എന്ന കലാസങ്കേതം വച്ച് കലാസൃഷ്ടികളെ അളക്കരുത്. വിലയിരുത്തരുത് എന്നാണ് മതീസ് അഭിപ്രായപ്പെട്ടത്. ഏതു ടെക്നിക് പ്രയോഗിച്ചാലും രചന ഭാവനാത്മകമായിരിക്കണം. അതു ചിരപരിചിതസംഭവങ്ങളെ നൂതനമായ രീതിയിൽ പ്രകാശിപ്പിക്കണം. എങ്കിലേ അതു കലയാവൂ.
ശ്രീ. മുണ്ടൂർ സേതുമാധവന്റെ ‘ഇരുട്ടിലേക്ക് പറന്നു പോയ ഒരു പെൺപിറാവ്’ എന്ന ചെറുകഥ പറയുന്നതിന്റെ ചാരുത കാണിക്കുന്നു. വിരസജീവിതം നയിക്കുന്ന ഒരു കുടുംബത്തിൽ രക്തബന്ധമുള്ള വേറൊരു കുടുംബം വരുന്നു. രണ്ടുദിവസത്തെ അവരുടെ താമസം രണ്ടു കുടുംബങ്ങൾക്കും ആഹ്ലാദജനകം. അതിഥികൾ പൊയ്ക്കഴിയുമ്പോൾ ഒരു പ്രാവ് കണ്ണാടി പൊട്ടിച്ച് അന്തരീക്ഷത്തിലേക്കു ഉയർന്നുപോകുന്നു. ഈ പ്രതീകം കൊണ്ട് സ്വാതന്ത്ര്യത്തിന്റെ മഹനീയതയും പാരതന്ത്ര്യത്തിന്റെ കൊള്ളരുതായ്മയും കഥാകാരൻ ധ്വനിപ്പിക്കുകയാണ്. അങ്ങിങ്ങായി മൗലികതയുള്ള ചില ഇമേജുകൾ ആഖ്യാനത്തിന്റെ ചാരുത വർദ്ധിപ്പിക്കുന്നു. എങ്കിലും കലാപരമായ ധ്യാനത്തിന്റെ അഗ്നിയിലുരുക്കിയെടുത്ത “സൗവർണ്ണപിണ്ഡ”മായി തീരുന്നില്ല സേതുമാധവന്റെ കഥ. വിഷയത്തിന്റെ വിഭിന്നതയുണ്ടെങ്കിലും മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെ ‘മൂന്നാമതൊരാൾ’ എന്ന കഥയുമായി സേതുമാധവന്റെ കഥ തട്ടിച്ചുനോക്കിയാൽ ഞാൻ പറയുന്നതു കൂടുതൽ സ്പഷ്ടമാകും. മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെ കഥ ഭാവനാത്മകം. ആ മേന്മ സേതുമാധവന്റെ കഥയ്ക്ക് അവകാശപ്പെട്ടുകൂടാ.
കക്കാട്
എൻ. എൻ. കക്കാടിന്റെ ‘സഫലമീയാത്ര’ എന്ന കവിത വായിച്ചപ്പോൾ അതുമായി ബന്ധമില്ലെങ്കിലും ഞാൻ ഓർമ്മിച്ചത് ഡബ്ലു. എച്ച്. ഓഡന്റെ ‘The Stars are not wanted now, put out every one, Pack up, the moon and dismantle the Sun’ എന്ന വരികളാണ്. മറ്റു കവിനക്ഷത്രങ്ങളോ കവിചന്ദ്രന്മാരോ വേണ്ടാത്തവിധം ഉജ്ജ്വലതയാവഹിച്ച് അദ്ദേഹത്തിന്റെ ആ കാവ്യം വർത്തിക്കുന്നു എന്ന് എന്റെ തോന്നൽ. ആ തോന്നൽ വെറുതെയല്ല താനും. ഇന്നുള്ള ഒരു കവിക്കും കക്കാടിന്റെ ആ കാവ്യത്തെ അതിശയിക്കുന്ന വേറൊരു കാവ്യം എഴുതാൻ കഴിയുകയില്ല. അതുപോലെ എന്റെ ഹൃദയത്തെ പിടിച്ചുകുലുക്കിയ ഏറെക്കാവ്യങ്ങളും കക്കാട് എഴുതിയിട്ടുണ്ട്.
കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വീട്ടിൽവച്ചാണ് ഞാൻ ആദ്യമായും അവസാനമായും കക്കാടിനെ കാണുന്നത്. മൃത്യുവിന്റെ നിഴൽ തന്റെ മേൽ വീണിരിക്കുന്നുവെന്ന് നല്ലപോലെ അറിഞ്ഞിരുന്നിട്ടും അദ്ദേഹം എന്നെ നോക്കി ഹൃദ്യമായി, നിഷ്കളങ്കമായി ചിരിച്ചു. ആർജ്ജവത്തോടെ അദ്ദേഹം ഏറെ നേരം സംസാരിച്ചു. മാരകമായ രോഗം ബാധിച്ചവരോട് ആ രോഗത്തെക്കുറിച്ച് ഞാനൊന്നും ചോദിക്കില്ല. കക്കാടു തന്നെ ഷേർടഴിച്ചു നെഞ്ചിൽ ശസ്ത്രക്രിയ നടത്തിയതിന്റെ പാട് എന്നെക്കാണിച്ചു. ചെറിയ കയറിന്റെ വണ്ണവും നീളവുമുള്ള ആ പാട് എന്നെ വിഷാദിപ്പിച്ചു. പക്ഷേ ഞാൻ ആ ദുഃഖം പുറത്തുകാണിച്ചില്ല. കുറെ നേരം കൂടി സംസാരിച്ചിട്ട് ഞാൻ എഴുന്നേറ്റു തിരിച്ചു പോരാനായി. കവി തന്റെ അടുത്തേക്കു വന്നു. കൊച്ചനിയനെപോലെ ഞാൻ കക്കാടിനെ ആലിംഗനം ചെയ്തു പറഞ്ഞു: ‘എല്ലാം ശുഭമായി വരും’. ശുഭമായി വന്നില്ല. അദ്ദേഹം പിന്നെ ഏതാനും ദിവസങ്ങൾ മാത്രമേ ജീവിച്ചിരുന്നുള്ളു.
അനുഗൃഹീതനായ ഈ കവിതയെക്കുറിച്ച് ശ്രീ. എം. എൻ. വിജയൻ ദേശാഭിമാനി വാരികയിലെഴുതിയ ‘കക്കാടിന്റെ കവിത സമന്വയതലങ്ങൾ’ എന്ന ലേഖനം ഞാൻ കൗതുകത്തോടെ വായിച്ചു. കക്കാടിന്റെ കവിതയ്ക്കുള്ള ഗുണം ശക്തിയാണെന്ന സത്യം വിജയൻ കാര്യകാരണബന്ധത്തോടെ സ്ഥാപിക്കുന്നു. ചിലപ്പോൾ അടിത്തട്ടു കാണാവുന്ന പുഴപോലെ അദ്ദേഹത്തിന്റെ കവിത പ്രവഹിക്കുന്നതും ലേഖകൻ നമ്മളെ കാണിച്ചുതരുന്നുണ്ട്.
പത്മരാഗങ്ങളും മുത്തുകളും പവിഴങ്ങളും വജ്രങ്ങളും ആയിരക്കണക്കിനു നിറച്ചുവച്ച സ്ഫടികഭാജനം സൂര്യപ്രകാശമുള്ളപ്പോൾ എടുത്തു കമിഴ്ത്തിയാൽ അവ ഓരോന്നും രശ്മികളേറ്റു വെട്ടിത്തിളങ്ങും. ചങ്ങമ്പുഴ. ഇടപ്പള്ളി രാഘവൻപിള്ള. കുഞ്ഞിരാമൻ നായർ ഇവരുടെ കവിതകൾ മയൂഖമാലകളേറ്റ് ശോഭിക്കുന്ന വജ്രസഹസ്രങ്ങളാണ്. ഒരിടത്തുതന്നെ ഒറ്റയ്ക്കിരുന്ന് കാന്തി ചിന്തുന്ന കോഹിനൂർ രത്നമാണ് കക്കാടിന്റെ കവിത.
|
|