ചോദ്യോത്തരങ്ങൾ
|
ശ്രീ എം കൃഷ്ണന് നായരുടെ മുപ്പത്തിയാറു കൊല്ലം നീണ്ടുനിന്ന സാഹിത്യവാരഫലം എന്ന പ്രതിവാരപംക്തിയില്‍ അദ്ദേഹം ഹാസ്യാത്മകമായി എഴുതിയ ചോദ്യോത്തരങ്ങളുടെ സങ്കലനമാണ് ഈ താളില്‍.
Contents
- 1 1987
- 2 1991
- 3 1992
- 4 1994
- 5 1997
- 5.1 സമകാലികമലയാളം 1997 07 04
- 5.2 സമകാലികമലയാളം 1997 08 22
- 5.3 സമകാലികമലയാളം 1997 08 29
- 5.4 സമകാലികമലയാളം 1997 09 05
- 5.5 സമകാലികമലയാളം 1997 09 12
- 5.6 സമകാലികമലയാളം 1997 09 19
- 5.7 സമകാലികമലയാളം 1997 09 26
- 5.8 സമകാലികമലയാളം 1997 10 10
- 5.9 സമകാലികമലയാളം 1997 10 17
- 5.10 സമകാലികമലയാളം 1997 10 24
- 5.11 സമകാലികമലയാളം 1997 11 07
- 5.12 സമകാലികമലയാളം 1997 12 12
- 5.13 സമകാലികമലയാളം 1997 12 26
- 6 1998
- 6.1 സമകാലികമലയാളം 1998 01 02
- 6.2 സമകാലികമലയാളം 1998 02 06
- 6.3 സമകാലികമലയാളം 1998 02 13
- 6.4 സമകാലികമലയാളം 1998 02 20
- 6.5 സമകാലികമലയാളം 1998 03 13
- 6.6 സമകാലികമലയാളം 1998 03 20
- 6.7 സമകാലികമലയാളം 1998 04 03
- 6.8 സമകാലികമലയാളം 1998 04 10
- 6.9 സമകാലികമലയാളം 1998 04 17
- 6.10 സമകാലികമലയാളം 1998 04 24
- 6.11 സമകാലികമലയാളം 1998 05 01
- 6.12 സമകാലികമലയാളം 1998 05 08
- 6.13 സമകാലികമലയാളം 1998 05 15
- 6.14 സമകാലികമലയാളം 1998 05 22
- 6.15 സമകാലികമലയാളം 1998 05 29
- 6.16 സമകാലികമലയാളം 1998 06 05
- 6.17 സമകാലികമലയാളം 1998 06 12
- 6.18 സമകാലികമലയാളം 1998 06 19
- 7 1999
- 8 2002
1987
സാഹിത്യവാരഫലം 1987 02 01
സന്മാർഗ്ഗത്തിന് എന്ത് വിലയുണ്ട്?
- ലോകമലയാള സമ്മേളനത്തിന് തിരുവനന്തപുരത്തു നിന്ന് ബർലിൻ വരെ മാത്രം പോകാനുള്ള വിമാനക്കൂലിയുടെ വിലയുണ്ട്.
ഒരു കാര്യത്തിൽ എല്ലാ സ്ത്രീകളും ഒരുപോലെയാണ്. എപ്പോൾ?
- വ്യഭിചാരകർമ്മത്തിൽപ്പെട്ട സ്ത്രീയെ ‘തൊട്ടകൈക്ക്’ ബന്ധു പിടിക്കുമ്പോൾ അവൾ ധിക്കാരം കാണിക്കുന്ന സന്ദർഭത്തിൽ.
- ഇതെന്റെ ഇഷ്ടമാണ്. താനാരാ ചോദിക്കാൻ?’ എന്ന് അവൾ പറയും. ആ മറുപടി എല്ലാ വ്യഭിചാരിണികളും നൽകും.
ഏതു മണ്ഡലത്തിലും സത്യമായിത്തീരുന്ന പ്രസ്താവമുണ്ടോ?
- ഉണ്ട്. കവിതയിൽ! ‘വെള്ളത്താമരപോൽ വിശുദ്ധി വഴിയും സ്ത്രീചിത്തമേ’ എന്നു കവി പറയുമ്പോൾ സത്യം പ്രകാശിക്കുന്നു. ‘അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ’ എന്ന് അതേ കവി പറയുമ്പോഴും സത്യം.
- മീലാൻ കുന്ദേര എന്ന സാഹിത്യകാരൻ ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്. ഭാവാത്മക കവിക്ക് ഒന്നും തെളിയിക്കേണ്ടതായില്ല. സ്വന്തം വികാരത്തിന്റെ തീവ്രത തന്നെയാണ് ആ തെളിവ്.
- ‘Life is Elesewhere’ എന്ന നോവലിൽ. 1986-ലാണ് അതിന്റെ ഇംഗ്ലീഷ് തർജ്ജമ നമുക്കു ലഭിച്ചത്.
നവീനസാഹിത്യത്തിലെ പ്രതിഭാശാലികൾ ആരെല്ലാം?
- മീലാൻ കുന്ദേര, വാൾട്ടർ അബിഷ്, ബ്രേതൻ ബ്രേതൻ ബാഹ്, കാവ് റീറ ഇൻഫാന്റേ, മാറിയോ വാർഗാസ് യോസ, അമാദു, ഏതൽ ഫൂഗാഡ്.
ഏതൽ ഫൂഗാഡാണോ വൊള സൊയിങ്കയാണോ വലിയ എഴുത്തുകാരൻ?
- സംശയമില്ല. ഏതൽ ഫൂഗാഡ്. അദ്ദേഹത്തിന്റെ ‘റോഡ് റ്റു മെക്ക’ എന്ന നാടകത്തിന്റെ അടുത്തു വരുന്ന ഒരു നാടകം സൊയിങ്ക എഴുതിയിട്ടില്ല.
സാഹിത്യവാരഫലം 1987 05 31
- ഭാര്യ.
- ഭാര്യ.
ഭാര്യയെ ഒരേസമയം ഭാഗ്യമായും ദൗർഭാഗ്യമായും നിങ്ങൾ കാണുന്നതെങ്ങനെ?
- ദാസ്യ മനഃസ്ഥിതിയുള്ളവന് ഭാഗ്യം. സ്വതന്ത്ര ചിന്താഗതിയുള്ളവന് ദൗർഭാഗ്യം.
നിങ്ങൾ വെറുക്കുന്ന ഒരു മാസ്റ്റർപീസ്?
- എമലി ബ്രോന്റിയുടെ ‘വതറിംഗ് ഹൈറ്റ്സ്’ എന്ന നോവൽ [വുതറിംഗ് എന്നും ഉച്ചാരണം].
നമ്മുടെ അഹങ്കാരികളായ സഹിത്യകാരന്മാർക്ക് എഴുതി കീശയിലിട്ടുകൊണ്ട് നടക്കാൻ പറ്റിയ രണ്ടു വരികൾ?
- “ I’m nobody; Who are you?
- Are you — Nobody — too.”
എമലി ഡിക്കൻസൻ എഴുതിയ ഈ വരികൾ നന്ന്.
ബർനാഡ്ഷാ, ബർട്രൻഡ് റസ്സൽ, രാജാജി ഇവർ തൊണ്ണൂറു വയസ്സുകഴിഞ്ഞിട്ടും ജീവിച്ചിരുന്നതെങ്ങനെ?
- അവർ മലയാളത്തിലെ പൈങ്കിളി നോവലുകൾ വായിച്ചിരുന്നില്ല.
സാഹിത്യവാരഫലം 1987 03 01
“മലയാളസാഹിത്യത്തിലെ അദ്വിതീയമായ ചെറുകഥയേത്?”
- “കാരൂർ നീലകണ്ഠപ്പിള്ളയുടെ ‘മരപ്പാവകൾ’.”
“നവീന നോവലുകളിൽ പ്രധമസ്ഥാനം ഏതിന്?”
- ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്.”
“സ്നേഹത്തെ ആദ്ധ്യാത്മിക തലത്തിലേയ്ക് ഉയർത്തി മരണത്തെ മധുരീകരിക്കുന്ന കാവ്യം?”
- കക്കാടിന്റെ ‘സഫലമീയാത്ര’
“ആന്തരലയത്തിന്റെ പ്രയോഗത്തിൽ അദ്വിതീയനായ കവി?”
- “ചങ്ങമ്പുഴ. എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ ഇവർക്കുപോലും ഇക്കാര്യത്തിൽ ചങ്ങമ്പുഴയെ സമീപിക്കാൻ ഒക്കുകയില്ല.”
“അർത്ഥമില്ലാത്ത കോമളപദങ്ങൾ ചേർത്തുവച്ച് വായനക്കാരനെ മൂഢസ്വർഗ്ഗത്തിലെത്തിക്കുന്ന കാവ്യം?”
- “വയലാർ രാമവർമ്മ പി.കെ.വിക്രമൻ നായരുടെ മരണത്തെകുറിച്ചെഴുതിയ കാവ്യം. പേര് ഓർമ്മയില്ല.”
- “ബോധേശ്വരന്റെ ‘കേരളഗാനം.’”
“സന്മാര്‍ഗ്ഗനിഷ്ഠയുള്ള മഹാകവി?”
- “ജി. ശങ്കരക്കുറുപ്പ്.”
“നിങ്ങള്‍ക്കു മാനസാന്തരം വരുത്തിയ ഗ്രന്ഥം?”
- “Gospel of Sree Rama Krishna”
“അതിസുന്ദരമായി മലയാളം എഴുതിയവര്‍?”
- “സി. വി. കുഞ്ഞുരാമന്, ഇ. വി. കൃഷ്ണപിള്ള. എം. ആര്. നായര്‍, കുട്ടിക്കൃഷ്ണ മാരാര്‍, ഡോക്ടര്‍ കെ. ഭാസ്കരന് നായര്‍.”
- “കലീല് ജിബ്രാന്റെ വാക്കുകളില്‍ മറുപടി പറയാം. ആദ്ഭുതാവഹമായ ഈ തടാകത്തിലേക്ക് ഈശ്വരന് എറിഞ്ഞ ഒരു കല്ല്. വീണുകഴിഞ്ഞപ്പോള്‍ തരംഗങ്ങള്‍കൊണ്ട് ഞാന്‍ അതിന്റെ ഉപരിതലത്തില്‍ കലക്കമുണ്ടാക്കി. അഗാധതയിലൂടെ അടിത്തട്ടിലെത്തിയപ്പോള്‍ ഞാന്‍ നിശ്ചലനായി.”
സാഹിത്യവാരഫലം 1987 03 22
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ധ്യയ്ക്ക് നിങ്ങളെന്തു കണ്ടു?
- ഞാന്‍ ഈശ്വര വിശ്വാസിയാണെങ്കിലും വിഗ്രഹാരാധകനല്ല. അതുകൊണ്ട് അമ്പലത്തില്‍ പോകാറില്ല. എങ്കിലും അവിടെ കത്തിച്ചുവച്ച നെയ്ത്തിരികള്‍ ഈശ്വരനെ കൈകൂപ്പി വന്ദിക്കുന്നതു കണ്ടു.
ബാല്യകാലസഖി യുഗം നിര്‍മ്മിച്ച നോവലാണെന്ന് നിങ്ങള്‍ പലപ്പോഴും എഴുതിക്കണ്ടിട്ടുണ്ടല്ലോ. ഇത് സിന്‍സിറിറ്റിയോടു കൂടി ചെയ്ത പ്രസ്താവമാണോ?
- രാമരാജാബഹദൂര്‍ മലയാള സാഹിത്യത്തില്‍ യുഗം നിര്‍മ്മിച്ചതുപോലെ ബാല്യകാലസഖി മറ്റൊരു യുഗം സൃഷ്ടിച്ചു. അതിനുശേഷം ‘ഖസാക്കിന്റെ ഇതിഹാസം’ വേറൊരു യുഗനിര്‍മ്മിതിക്കു കാരണമായി ഭവിച്ചു. പക്ഷേ വിശ്വസാഹിത്യത്തിന്റെ പശ്ചാത്തലത്തില്‍ ‘ബാല്യകാലസഖി’ ഒരു ട്രിവിയന്‍ മസ്കിറ്റോയാണ്.
അടുത്ത കാലത്ത് അന്തരിച്ച സംസ്കൃത പണ്ഡിതന്മാരില് അദ്വിതീയനും പുരുഷരത്നവുമായിരുന്ന ഒരാളിന്റെ പേരു പറയൂ?
- തിരുവനന്തപുരം സംസ്കൃത കോളേജില്‍ സാഹിത്യവിഭാഗത്തില്‍ പ്രൊഫസറായിരുന്ന ഇ.വി. ദാമോദരന്‍.
ഡല്‍ഹി ദൂരദര്‍ശനിലെ ഇംഗ്ലീഷ് ന്യൂസ് വായനക്കാരെക്കുറിച്ചു അഭിപ്രായം പറയൂ?
- പറയാം. തികച്ചും പേഴ്സനലാണ് ഈ അഭിപ്രായം. പലരും എന്നോടു യോജിക്കില്ലെന്നു എനിക്കറിയാം
- ഗീതാഞ്ജലി അയ്യര്‍
- പഴയ ഹാര്‍മ്മോണിയത്തില്‍ നിന്നു വരുന്ന ദുര്‍ബല സംഗീതം പോലിരിക്കുന്നു അവരുടെ വായന.
- റിനി സൈമണ്‍
- നിത്യ ജീവിതത്തില്‍ മാത്രമല്ല സ്ത്രീകള്‍ക്കു ഡിഫെന്‍സീവ് മെക്കാനിസം വേണ്ടതു ന്യൂസ് വായിക്കുമ്പോഴും അതു കൂടിയേ തീരൂ എന്നു ഈ ചെറുപ്പക്കാരി വ്യക്തമാക്കുന്നു. അവരുടെ വാക്കുകള്‍ പനിനീര്‍പ്പൂക്കളല്ല, കല്ലേറുകളാണ്.
- ജങ്
- അസഹനീയം എന്നത് ഒരു മൈല്‍ഡ് എക്സ്പ്രെഷന്‍.
- മിനു
- വാര്‍ത്തയെക്കാള്‍ സ്വന്തം ചിരിക്കു പ്രാധാന്യമുണ്ടെന്നു തെറ്റിദ്ധരിച്ച പാവം. ‘എ റിപോര്‍ട്ട്’ എന്നു പറഞ്ഞ് അവര്‍ പല്ലുകള്‍ കാണിക്കുമ്പോള്‍ ഞാന്‍ മുഖം തിരിച്ചു കളയുന്നു.
- പങ്കജ് മോഹന്‍
- ശ്രോതാവിനു മനസ്സിലാക്കുന്ന രീതിയില്‍ വാര്‍ത്ത വായിക്കുന്ന മാന്യന്.
- തേജേശ്വര്‍ സിങ്
- കൊള്ളാം. വാക്കുകളെ കാര്‍ബോളിക് സോപ്പ് തേച്ചു കുളിപ്പിച്ചിട്ടാണ് നമ്മുടെ മുന്പില് വയ്ക്കുന്നത് അദ്ദേഹം.
- മുങ്ങിച്ചാകും. നീന്താനറിഞ്ഞുകൂടാ.
- ലാത്തിയോടുകൂടിയാണ് വീഴുന്നതെങ്കില്‍ ആ ലാത്തിയെടുത്തു കടലിനെ അടിച്ചമര്‍ത്തും. അതു കഴിഞ്ഞിട്ടേ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കൂ.
സാഹിത്യവാരഫലം 1987 03 29
“ഒരാളിനോടു ചെയ്യാവുന്ന വലിയ അപരാധമേത്?”
- “അയാളെ കണ്ടയുടനെ ‘ക്ഷീണിച്ചുപോയല്ലോ’ എന്നു പറയുക.”
“നിങ്ങളോട് അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങളെന്തു മറുപടി പറയും?”
- “ഞാന്‍ അയാളെ എന്തെങ്കിലും പറഞ്ഞു വേദനിപ്പിക്കുകയില്ല. അത് എന്റെ നന്മകൊണ്ടല്ല. ഭീരുത്വംകൊണ്ടാണ്. എന്‍. ഗോപാലപിള്ളസ്സാറിനോട് ഒരിക്കല്‍ ഒരു സംസ്കൃതപണ്ഡിതന്‍ ‘സാറ് വല്ലാതെ ക്ഷീണിച്ചല്ലോ. ആരോഗ്യം നോക്കാത്തതെന്ത്?’ എന്ന് സ്നേഹം നല്കുന്ന അധികാരത്തോടെ പറഞ്ഞു. സാറ് എടുത്ത വാക്കിനു ചോദിച്ചു: ‘എന്റെ ഭാര്യക്കില്ലാത്ത ചേതമാണോ നിങ്ങള്‍ക്ക്? എന്റെ ആരോഗ്യം ഞാന്‍ നോക്കിക്കൊള്ളാം. നിങ്ങളുടെ ഉപദേശമൊന്നും വേണ്ട.
“നിങ്ങള്‍ക്കു വിസ്മയം ഉളവാക്കിയ ഒരു പ്രസ്താവം?”
- “കൗമുദിയുടെ പത്രാധിപര്‍ കെ. ബാലകൃഷ്ണനോടൊരുമിച്ച് ഞാന്‍ ആലപ്പുഴെ ഒരു മീറ്റിങ്ങിനു പോകുകയായിരുന്നു. കൗമുദി ഓഫീസില്‍നിന്നു കെ.എസ്. ചെല്ലപ്പന് എടുത്തുതന്ന പുതിയ കൗമുദി വാരികയിലെ “പത്രാധിപരുടെ കുറിപ്പുകള്‍” കാറിലിരുന്നു വായിക്കുകയായിരുന്നു ഞാന്‍. ബാലകൃഷ്ണന് അതു കണ്ടു. അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു: ‘ആ ഷിറ്റി വീക്ക്ലി ദൂരെക്കള അവന്റെ ഒരു വാരികയും അവന്റെ പത്രാധിപക്കുറിപ്പുകളും’”
“ഈ ലോകത്തെ ഏറ്റവും വലിയ ‘ഇംബാരസ്സിങ് സിറ്റ്യുവേയ്ഷന്‍’ — ആകുലാവസ്ഥ ഏത്?”
- “സ്ക്കൂട്ടറിന്റെ പിറകിലിരിക്കുന്ന സുന്ദരിയെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ വണ്ടിയോടിക്കുന്ന അവളുടെ ഭര്‍ത്താവ് ഭക്തിപൂര്‍വം നമ്മെ തലതാഴ്ത്തി വന്ദിക്കുന്നത്.”
“രമണമഹര്‍ഷിയോട് ഒരു ചെറുപ്പക്കാരന് ചോദിച്ച ചോദ്യം ഞാന്‍ നിങ്ങളോടു ചോദിക്കാം. മറുപടി പറയൂ: ‘അയല്‍ വീട്ടുകാരിയായ ചെറുപ്പക്കാരിയുടെ സ്തനങ്ങള്‍ കാണുമ്പോള്‍ എനിക്കു വല്ലാത്ത പാരവശ്യം. അവളുമായി വ്യഭിചാരകര്‍മ്മത്തില്‍ ഏര്‍പ്പെടാന്‍ എനിക്കു പ്രലോഭനം, ഞാന്‍ എന്തു ചെയ്യണം?’”
- “എനിക്കിതിന് ഉത്തരമില്ല. രമണമഹര്‍ഷി ആ ചെറുപ്പക്കാരന് നല്കിയ ഉത്തരം ഞാനിവിടെ എഴുതാം. ‘നിങ്ങള്‍ എപ്പോഴും വിശുദ്ധനാണ്. നിങ്ങളുടെ ഇന്ദ്രിയങ്ങളും ശരീരവുമാണ് നിങ്ങളെ പ്രലോഭിപ്പിക്കുന്നത്. ഈ ഇന്ദ്രിയങ്ങളെയും ശരീരത്തെയും നിങ്ങള്‍ ആത്മാവായി തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് ആദ്യമായി അറിയേണ്ടത് ആരെ പ്രലോഭിപ്പിക്കുന്നു എന്നതാണ്. പ്രലോഭിപ്പിക്കാന്‍ ആരുണ്ട് എന്നതാണ്. നിങ്ങള്‍ വ്യഭിചാരകര്‍മ്മം അനുഷ്ഠിച്ചാല്‍ത്തന്നെയും അതിനെക്കുറിച്ചു പിന്നീട് വിചാരിക്കാതിരിക്കു. കാരണം നിങ്ങള്‍ വിശുദ്ധനാണ് എന്നതത്രേ. നിങ്ങളല്ല പാപി.’”
“നിങ്ങള്‍ക്കു മാനസികമായ താഴ്ചയുണ്ടാക്കിയ ഒരു സംഭവം?”
- “നാല്പത്തഞ്ചുകൊല്ലം മുന്‍പ് ഞാന്‍ ആലപ്പുഴെ പൊലീസ്റ്റേഷന്റെ മുന്പില് ബസ്സ് കാത്തുനില്ക്കുകയായിരുന്നു. കൈയിലിരുന്ന ടോര്‍ച്ചിന്റെ ബാറ്ററി കൊള്ളാമോ എന്നറിയാനായി ഞാന്‍ അതിന്റെ സ്വിച്ച് ഒന്നമര്‍ത്തി. വെളിച്ചം പൊലീസ് സ്റ്റേഷനില്‍ ചെന്നു വീണതു ഞാനറിഞ്ഞില്ല. പെട്ടെന്നു സ്റ്റേഷനില്‍ നിന്ന് ഒരു ശബ്ദം ഉയര്‍ന്നു: ഏത് പു…മോനാണടാ സ്റ്റേഷനില്‍ ടോര്‍ച്ചടിക്കുന്നത്? ഒരു കണ്‍സ്റ്റബിള്‍ ഓടി എന്റെ അടുത്തുവന്നു. ഞാന്‍ വെപ്രാളത്തോടെ പറഞ്ഞു: ക്ഷമിക്കണം; അറിയാതെ സ്വിച്ച് അമര്‍ത്തിപ്പോയതാണ്’ കണ്‍സ്റ്റബിള്‍ എന്നെ കൈവയ്ക്കാതെ തിരിച്ചുപോയി. പക്ഷേ അയാള്‍ പറഞ്ഞ തെറിയുണ്ടല്ലോ അത് ഇന്നും എനിക്കു മാന്ദ്യം ജനിപ്പിക്കുന്നു.”
സാഹിത്യവാരഫലം 1987 04 26
ചോദ്യങ്ങള്‍ ചോദിക്കുന്നവരില്‍ ആരും ജീവിച്ചിരിക്കുന്നില്ല. ഞാന്‍ ഓരോ പേര് എഴുതി അങ്ങു ചോദിപ്പിക്കുകയാണ്. പല വാരികകളിലേയും ചോദ്യോത്തര പംക്തിയേക്കാള്‍ ഇതിന് അങ്ങനെ സത്യസന്ധത ലഭിക്കുന്നു.
കെ.കെ. വിലാസിനി, തൃശ്ശൂര്‍: ചെറുപ്പക്കാരിയായി ഭാവിക്കാന്‍ എന്താണു മാര്‍ഗ്ഗം?
- എം.കെ: വിലാസിനിയെക്കാള്‍ ഒന്നോരണ്ടോ വയസ്സു കൂടുതലുള്ള പുരുഷന്മാരെ അങ്കിള്‍ എന്നും സ്ത്രീകളെ ആണ്ടി എന്നും വിളിക്കുന്നു. സ്ത്രീക്കു വിലാസിനിയെക്കാള്‍ പ്രായം കുറവാണെങ്കില്‍ ചേച്ചിയെന്നു വിളിച്ചാല്‍ മതി. പണ്ട് എന്റെ വീട്ടിനടുത്തുതാമസിച്ചിരുന്ന ഒരു മുപ്പതു വയസ്സുകാരി അന്നു സര്‍ക്കാര്‍ ജോലിയില്‍ നിന്നു വിരമിച്ചിട്ടില്ലാത്ത എന്നെ അപ്പൂപ്പാ എന്നു വിളിച്ചിരുന്നു. ഈ അപ്പൂപ്പാ വിളികേട്ട് എന്റെ സഹധര്‍മ്മിണിയും പെണ്മക്കളും പ്രതിഷേധിച്ചു. “വഴക്കിനു പോകരുത്, അവള് എന്നെ അങ്ങനെ തന്നെ വിളിച്ചുകൊള്ളട്ടെ.” എന്നു ഞാന്‍ അവരെ സമാധാനിപ്പിച്ചു.
മാത്യൂ, കൊല്ലങ്കോട്: വസ്തുതകളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതെങ്ങനെ?
- എം.കെ: വസ്തു ഇരിക്കുന്ന സ്ഥലത്തെ ആശ്രയിച്ച്. പനിനീര്‍പ്പൂ ചെടിയില്‍ നില്ക്കുമ്പോള് ഒരു മൂല്യം. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കോട്ടിലിരിക്കുമ്പോള്‍ വേറൊരുമൂല്യം. പ്രേമഭാജനത്തിന്റെ തലമൂടിയിലിരിക്കുമ്പോള്‍ മറ്റൊരു മൂല്യം.
എസ്.ആര്. രാമന്, നെയ്യാറ്റിന്‍കര: നിങ്ങളേറ്റവും ബഹുമാനിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാര്?
- എം.കെ: നെടുമങ്ങാട് എം.എല്‍.എ. കെ.വി. സുരേന്ദ്രനാഥ്. അദ്ദേഹത്തെക്കാള്‍ വിശുദ്ധനും സഹൃദയനും പണ്ഡിതനുമായ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനെ എനിക്കറിഞ്ഞുകൂടാ. ലാറ്റിനമേരിക്കന്‍ ഡിക്ടേറ്റര്‍ ഷിപ്പിനെക്കുറിച്ച് നോവലെഴുതിയ ഗ്വാട്ടിമാലന്‍ നോവലിസ്റ്റ് ആസ്റ്റൂറിയാസിനെക്കുറിച്ച് എന്നോട് ആദ്യമായി പറഞ്ഞതു സുരേന്ദ്രനാഥാണ്. ബര്‍നാര്‍ഡ്ഷാ, ഷേക്സ്പിയര്, ലൂക്കാച്ച്, ശങ്കരാചാര്യര്‍ ഇവരെക്കുറിച്ചെല്ലാം അദ്ദേഹം വിദ്വജ്ജനോചിതമായി എന്നോടു സംസാരിച്ചിട്ടുണ്ട്.
1991
കലാകൗമുദി ലക്കം 800
ഔദ്ധ്യത്യമുള്ളവരെ എങ്ങനെ തിരിച്ചറിയാം?
- അങ്ങനെയുള്ളവരോടു സംസാരിക്കുമ്പോള്‍ അവരെക്കുറിച്ചു തന്നെ നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ അവര്‍ മനസ്സിരുത്തി എല്ലാം കേള്‍ക്കും. കേട്ടുകൊണ്ടിരിക്കെ അവരുടെ മുഖം തിളങ്ങും. കണ്ണുകള്‍ക്കു കൂടുതല്‍ പ്രകാശമുണ്ടാവും. എപ്പോള്‍ നിങ്ങള്‍ മറ്റുകാര്യങ്ങളിലേക്കു തിരിയുമോ അപ്പോള്‍ അവര്‍ കോട്ടുവായിടും.
നുണപറഞ്ഞ് സ്നേഹിതന്മാരെ ശത്രുക്കളാക്കി മാറ്റുന്നവരെക്കുറിച്ച് എന്തുപറയുന്നു?
- അവര്‍ (അപവാദികള്‍) കൊലപാതികളെക്കാള്‍ ഹീനന്മാരാന്. സ്വന്തം വീട്ടിലെ ഏതോ ഹീനകൃത്യങ്ങള്‍ കണ്ട് ഒന്നും ചെയ്യാനാവാതെ ദോഷം മറ്റു വ്യക്തികളുടെ നേര്‍ക്കു തിരിച്ചുവിടുന്നതിന്റെ ഫലമായാണ് അപവാദ കൗതുകം.
ബ്രിട്ടിഷുകാര്‍ ഇന്ത്യ ഭരിച്ചകാലത്ത് ഏതു സര്‍ക്കാരെഴുത്തിന്റെ അവസാനത്തും I am your most obedient servent എന്നെഴുതി ഒപ്പിടുമായിരുന്നു ഉദ്യോഗസ്ഥന്മാര്. ഇപ്പോള്‍ yours faithfully എന്നും. നന്നായില്ലേ ഈ മാറ്റം?
- പണ്ടും ഇക്കാലത്തും ഭര്ത്താക്കന്മാര് ഭാര്യമാരോട് I am your most obedient servent എന്നു യഥാക്രമം പറഞ്ഞു, പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് സര്‍ക്കാര്‍ മേഖലകളില്‍ നിന്നെങ്കിലും അതെടുത്തു മാറ്റാമെന്നു നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തിരുമാനിച്ചു. നന്നായി. എന്നിട്ടും ഭാര്യമാര്‍ yours faithfully എന്നു പറയുന്നില്ല. ʻകലികാലവൈഭവംʼ എന്നു സി. വി. രാമന്‍പിള്ള പറഞ്ഞില്ലേ.
അടുത്തജന്മം സായിപ്പായി ജനിക്കുമോ നിങ്ങള്‍? സായിപ്പിന്റെ കൃതികളല്ലേ നിങ്ങള്‍ക്കിഷ്ടം?
- അടുത്തജന്മമുണ്ടെങ്കില്‍ കേരളീയനായി ജനിക്കാനാന് എനിക്കു താല്‍പ്പര്യം. എങ്കിലേ എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടേയും ചങ്ങമ്പൂഴയുടേയും കവിത വായിക്കാന്‍ പറ്റൂ.
ശിവഗിരിയില്‍ നിങ്ങള്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ വിവരമില്ലാത്ത കുറെ പിള്ളേര് നിങ്ങളുടെ ചുറ്റും കൂടി ഓട്ടോഗ്രാഫ് വാങ്ങുന്നതു കണ്ടു. നിങ്ങള്‍ അത്രയ്ക്കു വലിയ ആളോ?
- അയ്യോ ഒട്ടും വലിയ ആളല്ല. കുട്ടികള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒപ്പിട്ടുകൊടുത്തു എന്നേയുള്ളൂ. പിന്നെ നിങ്ങളെ അവര്‍ കണ്ടില്ല. കണ്ടെങ്കില്‍ തിരുവനന്തപുരത്തെ ഫിങ്കര്‍ പ്രിന്റ് ബ്യൂറോയില്‍ സൂക്ഷിക്കാനായി നിങ്ങളുടെ വിരലടയാളം കുട്ടികള്‍ എടുത്തേനേ.
കലാകൗമുദി ലക്കം 801
ഞാന്‍ വയസ്സനായിപ്പോയിയെന്നു ചിലരെപ്പോഴും പറയുന്നതെന്തിനു്?
- ʻഅത്രയ്ക്ക് വയസ്സൊന്നുമായില്ലല്ലോʼ എന്ന് മറ്റുള്ളവര്‍ പറയാന്‍ വേണ്ടി.
- മറ്റുള്ളവരുടെ പിള്ളേര്.
മിലാന് കുന്ദേരയുടെ The Joke എന്ന നോവലിനെക്കുറിച്ച് എന്താണു് അഭിപ്രായം?
- പുസ്തകം കൈയിലുണ്ടെങ്കിലും ഞാനതു് വായിച്ചിട്ടില്ല. ഫ്രഞ്ച് നിരൂപകന് ആരാഗൊങ് (Aragon) അതിനെക്കുറിച്ചു പറഞ്ഞത് ʻone of the greatest novels of the centuryʼ എന്നാണു്.
വില്യം ഗോള്‍ഡിങ്ങിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?
- തീര്‍ച്ചയായും അദ്ദേഹം നോവലിസ്റ്റല്ല.
നിങ്ങളെ സ്ത്രീകള്‍ വിനയത്തോടെ തൊഴുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. നിങ്ങളുടെ കഴിവു കണ്ടിട്ടുള്ള ബഹുമാനമാണോ അതു്?
- അല്ല. പ്രായാധിക്യത്തെ സ്ത്രീകള്‍ ബഹുമാനിക്കുന്നതു പോലെ മറ്റാരും ബഹുമാനിക്കാറില്ല.
ഗാന്ധിജിയുടെ ജന്മദിനത്തില് റോഡ് അടിച്ചു വാരുന്ന പെണ്‍കുട്ടികള്‍ വിട്ടില്‍ ഒരു മുറിപോലും അടിച്ചു വാരാത്തതെന്ത്?
- അടിച്ചു വാരുമല്ലോ. വീട്ടിനകത്ത് ചൂലു കൈയില്‍ വച്ചുകൊണ്ട് അവര്‍ മുറിയാകെ ഒന്നു നോക്കും. എന്നിട്ട് ʻʻഅമ്മേ പൊടിയും ചവറുമൊന്നുമില്ല. ഞാന്‍ നല്ലപോലെ തൂത്തുˮ എന്ന് അടുക്കളയിലിരിക്കുന്ന അമ്മയോട് ഉറക്കെപ്പറയും. ഗാന്ധിജിയുടെ ജന്മദിനത്തിലാണെങ്കില്‍ സാരിത്തുമ്പ് ഇടുപ്പില്‍ കുത്തിക്കൊണ്ട് റോഡ് അടിച്ചു വാരലോട് അടിച്ചു വാരല്‍ തന്നെ.
കലാകൗമുദി ലക്കം 831
ജീവിതത്തെക്കുറുച്ചു നിങ്ങൾ എന്തുപറയുന്നു?
- പ്രഭാതം മനോഹരം, മദ്ധ്യാഹ്നം ഊർജ്ജസ്വലം, സായാഹ്നം പ്രിക്ഷീണം, രാത്രി ഭയദായകം.
ഞാൻ അവനെ ഉയർത്തി. അവൾക്കു ജീവിതമാർഗ്ഗം നൽകി എന്നൊക്കെപ്പറയുന്നതിൽ എന്തർത്ഥമിരിക്കുന്നു സാറേ?
- ഒരർത്ഥവുമില്ല. പ്രകൃതി ഉയർത്തേണ്ടവനെ ഉയർത്തും. ജീവിതമാർഗ്ഗം നൽകേണ്ടവൾക്ക് അതു നൽകും. ഉപകർത്തവ് ഇല്ലെങ്കിലും അതൊക്കെ സംഭവിക്കും.
അടുത്ത ജന്മത്തിൽ സ്ത്രീയാകാൻ താല്പര്യമുണ്ടോ?
- ചുരുണ്ട തലമുടി കൂടുതൽ ചുരുളുള്ളതാക്കി, നെറ്റിയിൽ സിന്ദൂരപ്പൊട്ടിട്ട്, പുരികങ്ങളും കണ്ണുകളുമെഴുതി, കവിളുകളിൽ പൗഡർ പൂശി, കാമോദ്ദീപകങ്ങളായ അവയവങ്ങൾ കൂടുതൽ കാമോദ്ദീപകങ്ങളാക്കി, നിതംബം വെട്ടിച്ചു നടന്ന് മന്ദസ്മിതത്തോടെ പുരുഷന്മാരെ നോക്കാൻ എനിക്കു കൊതി. പക്ഷേ അടുത്ത ജ്നമത്തിൽ പുരുഷനായിത്തന്നെ ജനിച്ചാൽ മതിയെനിക്കു്. വൈരൂപ്യമാർന്ന രൂപമാണ് പ്രകൃതി തരുന്നതെങ്കിലും പുരുഷനായാൽ മതി.
പുരുഷന്റെ ചിരിയും ദുഃഖഭാവവും പലപ്പോഴും കള്ളമല്ലേ?
- അതേ. ശത്രുവിനെ നോക്കി പുരുഷൻ ഹൃദ്യമായി ചിരിക്കും. ദുഃഖമൊട്ടുമില്ലാതെ കണ്ണീരിന്റെ ഛായ വരുത്തും കണ്ണുകളിൽ. സ്ത്രീയും ഏതാണ്ട് അങ്ങനെതെന്നെ. പക്ഷേ അവരുടെ കണ്ണീര് പലപ്പോഴും കള്ളമയിരിക്കും. ചിരിയെ പകുതി വിശ്വസിക്കാം.
കവികളും പാട്ടുകാരും അവരായിത്തന്നെ ജനിച്ചവരല്ലേ?
കലാകൗമുദി ലക്കം 849
ഇത് എന്റെ വിധിയാണ് എന്നു പറയാറുണ്ടല്ലോ, എന്താണ് ഇതിന്റെ അർത്ഥം?
- 1991-ൽ ജീവിക്കുന്ന ഏതു ഭാരതീയനും പറയുന്ന വാക്യമാണത്.
ഭർത്താവിനെ അതിരറ്റു സ്നേഹിക്കുന്ന ഭാര്യയുണ്ടോ സാറേ?
- എന്നോടു സത്യാത്മകങ്ങളായ ചോദ്യങ്ങൾ മാത്രമേ ചോദിക്കാൻ പാടുള്ളൂ. പ്രത്യക്ഷത്തിൽ അസത്യാത്മകമായ ഒരു ചോദ്യവും ചോദിക്കരുതേ.
എന്റെ മേശപ്പുറത്തു എഴുതിവയ്ക്കാൻ ഒരു വാചകം പറഞ്ഞുതരൂ. ഞാൻ നവീന സാഹിത്യം ആസ്വദിക്കുന്നവനാണ്.
- വാക്യം ഇങ്ങനെയാവാം. ഇൻഡ്യൻ ഇങ്ക് കൊണ്ടെഴുതി അത് മേശയുടെ പുറത്തുവയ്ക്കൂ. ‘എനിക്കു മനസ്സിലാകാത്തതിന്റെ ആസ്വാദകനാണ് ഞാൻ.’
‘ശാശ്വതമൊന്നേ ദുഃഖം’ യോജിക്കുന്നില്ലേ?
- ഇല്ല. ഈ ലോകത്ത് ഒന്നിനും ശാശ്വതസ്വഭാവമില്ല. അതുകൊണ്ടു സുഖംപോലെ ദുഃഖവും ശാശ്വതമല്ല.
നിങ്ങളിങ്ങനെ ഫുൾസ്റ്റോപ്പില്ലാതെ എഴുതുന്നത് എങ്ങനെയാണ്?
- ചിലരുടെ പ്രഭാഷണങ്ങൾ പോലെയാണ് എന്റെ രചനകൾ. പ്രഭാഷണം തുടങ്ങിയാൽ പ്രഭാഷകൻ വിചാരിച്ചാലും അതു നിറുത്താനൊക്കുകയില്ല. ഗ്രാമഫോൺ സൂചി റിക്കോഡിൽ ഓടിത്തീരാതെ നില്‍ക്കില്ല. എന്റെ പേന ആ സൂചിപോലെയാണ്.
സ്ത്രീ നോ എന്നു പറഞ്ഞാൽ യെസ് എന്നാണർത്ഥമെന്നു ആരോ പറഞ്ഞതുശരിയാണോ?
- അത് അഭിലാഷപ്രാപ്തിക്ക് ആഗ്രഹിക്കുന്ന പുരുഷന്റെ വ്യാഖ്യാനം. അതുതെറ്റ്. സ്ത്രീ നോ എന്നു പറയുമ്പോഴും വൈ, ഇ, എസ് എന്ന് പുരുഷൻ പറഞ്ഞുകൊണ്ടിരിക്കും. നോ എന്നു പറയുന്ന സ്ത്രീ നോ എന്നു തന്നെ എപ്പോഴും പറയും.
കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായിത്തന്നെ ഇരുന്നാൽ മതിയെന്നു ചില അമ്മമാർ പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണത്?
- ജീവിതത്തിൽ ശാശ്വതനരകം ആഗ്രഹിക്കുന്ന സ്ത്രീകളാണ് അങ്ങനെ പറയുന്നത്.
കന്യകമാർക്കു നവാനുരാഗങ്ങൾ / കമ്രശോണസ്ഫടിക വളകൾ / ഒന്നുപൊട്ടിയാൽ മറ്റൊന്നു്… എന്ന വരികളുടെ ഭംഗി എവിടെയാണ്?
- ആശയത്തിന്റെ സത്യാത്മകതയിൽ. പിന്നെ നമ്മൾ പ്രതീക്ഷിക്കാത്തരീതിയിൽ കവിവാക്കുകൾ യോജിപ്പിച്ചിരിക്കുന്നു എന്നതിൽ.
1992
കലാകൗമുദി ലക്കം 855
പെൺകുട്ടി ഒറ്റയ്ക്കു വരുമ്പോൾ വിജനപ്രദേശത്തുവച്ച് ഒരു യുവാവ് അവളുടെ നേരേ വന്നാൽ അവൾ വല്ലാതെ പേടിക്കില്ലേ?
- ഇല്ല. എതിരേ വരുന്നതു തന്നെക്കാൾ സുന്ദരിയായ പെൺകുട്ടിയാണെങ്കിൽ അവൾ പേടിക്കും. വല്ലാതെ പേടിക്കും.
കഷണ്ടിക്കുള്ള സൗകര്യങ്ങൾ എന്തെല്ലാം?
- മുഴുക്കഷണ്ടിയാണെങ്കിൽ ചീപ്പ് വേണ്ട. കുളികഴിഞ്ഞാൽ തല തോർത്തൻ എളുപ്പമുണ്ട്. ബ്രിൽ ക്രീം വേണ്ട. പിന്നെ പെണ്ണുങ്ങൾ സ്നേഹിക്കും. അന്നാ കരേനിന എന്ന അതിസുന്ദരി സുന്ദരനായ ഭർത്താവിനെ ഉപേക്ഷിച്ച് കഷണ്ടിക്കാരനായ വ്രോൺസ്കിയെ സ്നേഹിച്ചു. അർദ്ധകഷണ്ടിക്കാരനായ ഭരത് ഗോപിക്കുള്ള ആരാധികകൾ തലനിറയെ മുടിയുള്ള മറ്റഭിനേതാക്കൾക്ക് ഉണ്ടോ?
നല്ല ഭാര്യയെ എങ്ങനെ മനസ്സിലാക്കാം.
- ഭർത്താവ് അവളുടെ സാരി നനച്ചുപിഴിഞ്ഞ് ഉണങ്ങാൻ വിരിക്കുമ്പോൾ അതു കാറ്റിൽ പറന്നുപോകാതെ ക്ളിപ്പ് ഇടുന്നവൾ നല്ല ഭാര്യ. അയാൾ കരിത്തോർത്തുടുത്തുകൊണ്ട് അരി വാർക്കുമ്പോൾ ‘താഴെ എല്ലാംകൂടെ വന്നുവീഴരുത്’ എന്നു നിർദ്ദേശിക്കുന്നവൾ നല്ല ഭാര്യ. ഭർത്താവും ഭാര്യയും രണ്ടാഫീസുകളിൽ ജോലിയായിരിക്കുമ്പോൾ,അവർക്കു കാറുണ്ടാണ്ടായിരിക്കുമ്പോൾ അവൾ കാറിൽ ഓഫീസിൽ പോകുകയും അയാൾ നടന്നുപോകുകയും ചെയ്താൽ അവൾ നല്ല ഭാര്യ.
നല്ല ഭർത്താവിനെ എങ്ങനെ മനസ്സിലാക്കാം.
- ഭാര്യയും ഭർത്താവും രണ്ട് ഓഫീസുകളിൽ ജോലിയായിരിക്കുമ്പോൾ, കാണാൻ കൊള്ളാവുന്ന വേലക്കാരി വീട്ടിലിരിക്കെ കൂടെക്കൂടെ തലവേദന വന്നു വീട്ടിൽ ഉച്ചയ്ക്കു ശേഷം എത്തുന്ന മനുഷ്യൻ നല്ല ഭർത്താവ്. വളരെ നല്ല ഭർത്താവ്.
- കാലിന്റെ മുട്ടുവരെ എത്തുന്ന കൈയോടു കൂടിയവൻ ആജാനുബാഹു. ഞാൻ സാഹിത്യ സൃഷ്ടികളെ സമീപിക്കുമ്പോൾ സത്യത്തെ വലിച്ചുനീട്ടാറില്ല. അങ്ങനെ നീട്ടുന്നവർ ആജാനുബാഹുക്കളായിരിക്കും. നവീനനിരൂപകരുടെ കൈകൾ അളന്നുനോക്കൂ.
ജീവിതത്തിലെ ഏറ്റവും വലിയ നിർഭാഗ്യമേത്?
- ദൗർഭാഗ്യമെന്നു പറയൂ. വിവാഹിതനായ മകന്റെ വീട്ടിലോ വിവാഹിതയായ മകളുടെ വീട്ടിലോ പെൻഷൻപറ്റിയതിനുശേഷം ജീവിക്കുക എന്നത്. അങ്ങനെ ജീവിക്കുന്നവനു നേഴ്സറി സ്കൂളിലേക്കുള്ള ദൂരം, റേഷനരി വിൽക്കുന്ന കടയിലേക്കുള്ള ദൂരം, പഞ്ചാര വിൽക്കുന കടയിലേക്കുള്ള ദൂരം ഇവ ദിവസം തോറും കൂടിക്കൂടി വരും.
നിങ്ങൾ നൂറിന് നൂറും സത്യസന്ധനാണോ?
- അല്ലേയല്ല. കോളേജിൽ ജോലിയായിരിക്കുമ്പോൾ ഞാൻ എത്ര കുട്ടികൾക്കാണ് conduct certificate എഴുതിക്കൊടുത്തിട്ടുള്ളത്.
1994
കലാകൗമുദി ലക്കം 966
നമ്മുടെ ഒരു കവി വാക്കുകിട്ടാതെ തലയിൽ ഇടിക്കാറുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. തലയിൽ ഇടിച്ചാൽ വാക്കുവരുമോ?
- ആളില്ലാത്ത വീട്ടിന്റെ വാതിലിൽ തട്ടിയാൽ കതക് തുറക്കാറുണ്ടോ എന്ന് കവി പോപ്പ് ചോദിച്ചത് ഓർമ്മിക്കൂ.
ബസ്സ് ഓരോ സ്റ്റോപ്പിൽ നിറുത്തുമ്പോഴും ബസ്സിലെ യത്രക്കാരായ പുരുഷന്മാർ എത്തിയെത്തി വെളിയിലേക്ക് നോക്കുന്നത് ഇറങ്ങേണ്ട സ്ഥലമായോ എന്നറിയാനാണല്ലോ. അങ്ങനെ യാത്രക്കാരെ വലക്കുന്ന രീതിക്ക് പരിഹാരമുണ്ടോ ട്രാൻസ്പോർട്ട് അധികാരികൾക്ക്?
- പുരുഷന്മർ എത്തിനോക്കുന്നത് ഓരോ സ്റ്റോപ്പിൽ നിന്നും കയറുന്ന സ്ത്രീകളെ കാണാനാണ്. ബസ്സിൽ പതിവായി സഞ്ചരിക്കുന്നവർക്ക് എത്തിനോക്കാതെ സ്ഥലം ആറിയാൻ കഴിയും.
ആധുനിക സാഹിത്യം നന്നല്ല എന്ന ഒറ്റ ആശയം കൊണ്ടുനടക്കുന്ന നമ്മൾ ഒരു പരമബോറനല്ലേ?
- അതേ.
ഇത്ര വളരെ പുസ്തകങ്ങൾ വാങ്ങിയിട്ട് നിങ്ങൾ എന്തു നേടി?
- മനസ്സിന് ഉല്ലാസം. അന്യന് വിജ്ഞാനം പകർന്നുകൊടുക്കുന്നതിൽ നിന്ന് ആഹ്ലാദം. കടത്തിന്റെ ആധിക്യം.
നിങ്ങൾക്ക് ഒരു ലേഖനത്തിന് ഏറ്റവും കൂടൂതൽ കിട്ടിയ പ്രതിഫലം. ഏറ്റവും കുറച്ചു കിട്ടിയ പ്രതിഫലം?
- ഏറ്റവും കൂടുതൽ കിട്ടിയ പ്രതിഫലം രണ്ടായിരത്തിയഞ്ഞൂറു രൂപ. തന്നത് ‘മലയാള മനോരമ’. ഏറ്റവും കുറച്ച് കിട്ടിയ പ്രതിഫലം നാല്പതു ‘ക’. ഉറുപ്പികയല്ല. വെറും ‘ക’ തന്നെ. അതു തന്ന പത്രാധിപർ ഇന്നില്ലെങ്കിലും പേരു പറയുന്നതു ശരിയല്ല.
ചതുരംഗക്കളിയിൽ തോറ്റുപോകുമ്പോൾ സന്തോഷിക്കുന്ന ഒരാളിനെ എനിക്കറിയാം. എന്തൊരു വിചിത്രമയ മാനസികനില അല്ലേ?
- എതിരാളി സുന്ദരിയായ യുവതിയാണെങ്കിൽ തോറ്റുകൊടുക്കുന്ന യുവാവായ പുരുഷന് വലിയ ആഹ്ലാദമാണ്. നിങ്ങളുടെ ആ ‘ഒരാൾ’ അങ്ങനെയൊരു യുവതിയുമായി ചതുരംഗം കളിക്കുന്നുണ്ടാവും.
ഭ്രാന്താശുപത്രികളിൽ ടെലിവിഷൻ സെറ്റുകൾ വച്ച് സീരിയൽ കാണിക്കുന്നത് നല്ലതല്ലേ?
- ചിത്തരോഗമുള്ളവരെ നിയന്ത്രിക്കാൻ അടി കൊടുക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് സത്യമാണെങ്കിൽ ആ ശിക്ഷ മാത്രം പോരേ?
കലാകൗമുദി ലക്കം 973
കലാകൗമുദി ലക്കം 985
വിവേചനത്തിനു കഴിവുള്ളതുകൊണ്ട് മനുഷ്യൻ അന്തസ്സോടെ പെരുമാറുന്നു. അന്തസ്സുള്ള ഏതെങ്കിലും മൃഗമുണ്ടോ നിങ്ങളല്ലാതെ?
- മൃഗങ്ങൾക്കു മറ്റുള്ളവരെ മൃഗങ്ങളായി കാണാൻ പ്രവണതയുണ്ട് സുഹൃത്തേ. എങ്കിലും ഞാൻ നിങ്ങളോടു പറയട്ടെ ആന അന്തസ്സുള്ള മൃഗമാണെന്ന്. ആന ഒരിണയെ തിരഞ്ഞെടുത്താൽ അത് മരിക്കുന്നതു വരെ വേറെയൊരു പിടിയാനയുടെ അടുത്തു പോകില്ല. മൂന്നു വർഷത്തിലൊരിക്കലേ അതു പിടിയാനയുമായി വേഴ്ച്ചയ്ക്കു പോകൂ. ആ വേഴ്ച്ച രഹസ്യമായിട്ടാണു നടത്തുക. അതു കഴിഞ്ഞാൽ ആറാമത്തെ ദിവസമേ കൊമ്പനാന കാട്ടിൽ വന്നു മറ്റു മൃഗങ്ങളെ കാണൂ. കാട്ടിൽ എത്തുന്നതിനു മുമ്പ് അത് ഏതെങ്കിലും ജലാശയത്തിലിറങ്ങി കുളിക്കുകയും ചെയ്യും. St Francis പറഞ്ഞ ഇക്കാര്യം മീഷൽ ഫൂക്കോ The History of sexuality എന്ന ഗ്രന്ഥത്തിൽ എടുത്തെഴുതിയിട്ടുണ്ട്.
നിങ്ങൾ എന്തിനാണ് എപ്പോഴും പുസ്തകം കൊണ്ടു നടക്കുന്നത്?
- വളരെ വർഷങ്ങൾക്കു മുമ്പ് അങ്ങനെ നടന്നിരുന്നു. ഇപ്പോൾ അതില്ല. ഇനി നടന്നാലും അതൊരു ശീലമാണെന്നു കരുതിയാൽ മതി. ചിലർ ചങ്ങലയുടെ അറ്റത്തുള്ള പട്ടിയുമായി നടക്കുന്നു. പോലീസ് ഉദ്യോഗസ്ഥന്മാർ കാലത്തു നടക്കുമ്പോൾ ഒന്നരയടി നീളമുള്ള ഒരു കമ്പ് കൊണ്ടു നടക്കുന്നു. ചില സ്ത്രീകൾക്ക് എവിടെ പോകണമെങ്കിലും കൂട്ടിനു കുട്ടി ഉണ്ടായിരിക്കണം. എല്ലാം ശീലങ്ങൾ.
ശാലീന സൗന്ദര്യം എന്നു നിങ്ങളും എഴുതുന്നല്ലോ. എന്താണ് അതിന്റെ അർത്ഥം?
- ഞാൻ അങ്ങനെ എഴുതിയതായി ഓർമ്മിക്കുന്നില്ല. ശാലാ എന്ന വാക്കിൽ നിന്നാണ് ശാലീന പദത്തിന്റെ ആവിർഭാവം. ശാലാ എന്നാൽ മുറി എന്നർത്ഥം. ശാലാപ്രവേശനം അർഹതി ശാലീനഃ ‘പെൺകുട്ടികൾ മുറിക്കകത്ത് — വീട്ടിനകത്ത് — ഇരിക്കുന്നതു കൊണ്ടാവണം അവരെ ശാലീനകൾ എന്നു വിളിക്കുന്നത്’. പാണിനിയുടെ അഷ്ടാദ്ധ്യായി എന്ന വ്യാകരണഗ്രന്ഥത്തിൽ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം?
- അന്യരോടു മര്യാദ വിടാതെ പെരുമാറിമ്പോൾ ആ മര്യാദ കൊള്ളരുതായ്മയുടെ പ്രകടനമാണെന്ന് അവർ തെറ്റിദ്ധരിക്കുന്നത്.
പുരുഷൻ സ്ത്രീയെ വിവാഹം കഴിക്കുന്നതെന്തിന്?
- പുരുഷൻ സ്ത്രീയെ വിവാഹം കഴിക്കുന്നത് അവളുടെ ഭൂതകാലത്തെ കുറിച്ച് ചോദിച്ചു
ചോദിച്ചു അവളെ അലട്ടി കൊണ്ടിരിക്കാൻ വേണ്ടി. സ്ത്രീ ആ ദാമ്പത്യ ജീവിതത്തിൽ ഉൾപ്പെടുന്നതു ഭർത്താവിന്റെ വർത്തമാനകാലം നിരീക്ഷിക്കാനായി മാത്രം.
പുരുഷന്മാർക്കായി ഒരു ബ്യൂട്ടിപാർലർ തുറന്ന് നിങ്ങളെ അതിന്റെ മാനേജരാക്കാം. പുരുഷന്മാരുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ നിങ്ങൾ എന്തെല്ലാം ചെയ്യും?
- ഞാൻ പുരുഷന്റെ നാക്കിൽ യാഡ്ലി പൗഡറിടും. തലമുടിയിൽ തിരുപ്പൻ വച്ചു കെട്ടും. ചുണ്ടുകളിൽ കറുത്ത ചായം തേക്കും. പല്ലിൽ ചുവന്ന ലിപ്സ്റ്റിക് തേക്കും. പിന്നെ ഇതൊക്കെയല്ലേ സ്ത്രീകൾ നടത്തുന്ന പാർലറുകളിലും സ്ത്രീകൾക്കായി ചെയ്തു കൊടുക്കുന്നത്? എന്റെ ഉത്തരത്തിൽ മൗലികതയില്ലാത്തതിനാൽ ഖേദിക്കുന്നു.
ഇംഗ്ലീഷ് കവിതയെക്കുറിച്ച് ഭാരതീയർ എഴുതിയ ഏറ്റവും നല്ല പുസ്തകമേത്?
- അമൽകിരൻ (K. D. Sethna എഴുതിയ Talks on Poetry എന്ന പുസ്തകം. Sri. Aurobindo Publication, Pondicherry, Rs. 110).
1997
സമകാലികമലയാളം 1997 07 04
ഓ. വി. വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’ ത്തിലൂടെ ചെയ്തത് എന്താണ്?
- ജീവിതം ആഹ്ലാദനിർഭരമാണെന്ന് പലരും പറയുന്നു. ആ കള്ളത്തിൽ മറഞ്ഞിരിക്കുന്ന ഒരു സത്യം അതു ശോകദായകമാണ് എന്നതാണ്. സത്യത്തിൽ സത്യമായ അതിനെ ചിത്രീകരിക്കുകയും അതിൽ വിജയം പ്രാപിക്കുകയും ചെയ്തു വിജയൻ.
മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമെന്താണ്? ഉരുളുന്നതും കറങ്ങുന്നതുമായ ചക്രമല്ലേ?
- അല്ല. പുസ്തകമാണു ഏറ്റവും വലിയ കണ്ടുപിടുത്തം. (ഗോർബച്ചേവിന്റെ പത്നിയുടെ ആത്മകഥയിൽ കണ്ടത്)
തരുണികൾ സൗന്ദര്യംകൊണ്ടു കളിക്കുന്നു. കുട്ടികൾ പേനാക്കത്തികൊണ്ടു കളിക്കുന്നതുപോലെ’ എന്നു യൂഗോയുടെ ‘പാവങ്ങ’ളിൽ വായിച്ചു. ശരിയാണോ?
- വിക്തോർ യൂഗോയോടു യോജിക്കുന്നു ഞാനെന്നു പറഞ്ഞാലും യോജിക്കുന്നില്ലെന്നു പറഞ്ഞാലും അത് അദ്ദേഹത്തിനു അപമാനമായി വരും. യൂഗോ അത്രയ്ക്കു ജീനിയസാണ്. സുന്ദരിയായ ഭാര്യയുമൊത്ത് റോഡിലൂടെ പോകുന്ന ഭർത്താവ് പരിഭ്രമിച്ച് ഓരോ പുരുഷനെയും തുറിച്ചുനോക്കുന്നു. ഭാര്യയെ ആരെങ്കിലും കൊതിക്കുന്നുണ്ടോ എന്നാണു അയാളുടെ പേടി. ഭർത്താവെന്ന ഏഭ്യന്റെ ഉത്കണ്ഠ കണ്ട് ഭാര്യ പുച്ഛിച്ചു ചിരിക്കുന്നു. ഇതാണു സൗന്ദര്യം കൊണ്ടുള്ള കളി.
നിങ്ങളെക്കാണാൻ ഏറെ ബോറന്മാർ വരാറുണ്ടോ?
- ഉണ്ട്. സംസാരിച്ചു തുടങ്ങുമ്പോൾ ഞാൻ അവരെക്കാൾ വലിയ ബോറനാണെന്ന് അവർ മനസ്സിലാക്കും. അപ്പോൾ അവർ എഴുന്നേറ്റ് പോകും. അതിനാൽ ബോറന്മാരെക്കൊണ്ട് എനിക്കു ശല്യമില്ല.
നിത്യതയുടെ തോന്നൽ ഉളവാക്കുന്നത് എന്താണ്?
- എല്ലാ തീവണ്ടിയാപ്പീസുകളിലും നിറുത്തി തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്കുപോകുന്ന ട്രയിൻ.
ടെലിവിഷനിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് എന്താണ്?
- കോടിക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയ മന്ത്രിയെ കൈവിലങ്ങുവച്ചു കോടതിയിലേക്കു കൊണ്ടുപോകുന്ന കാഴ്ച. പക്ഷേ ഇന്നുവരെ ഞാൻ അതുകണ്ടിട്ടില്ല.
- ശത്രു നമ്മളെ നോക്കി പുഞ്ചിരി പൊഴിക്കുമ്പോൾ.
സമകാലികമലയാളം 1997 08 22
പടിഞ്ഞാറൻ ദേശത്തെ വിപ്ലവകവികളും കേരളത്തിലെ വിപ്ലവകവികളും തമ്മിൽ എന്താണ് വ്യത്യാസം?
- നേറൂദാ, മായകോവ്സ്കി, യാനീസ് റീറ്റ്സോസ് ഈ കവികളുടെ കാവ്യങ്ങൾ poetic ആണ്. കെ. പി. ജി. നമ്പൂതിരി തുടങ്ങിയവരുടെ കാവ്യങ്ങൾ poetic അല്ല. അവ dogmatic ആണ്.
നിങ്ങൾ ആക്രമണത്തെ പേടിക്കുന്നുണ്ടോ? സാഹിത്യത്തിലെ ആക്രമണത്തെക്കുറിച്ചാണ് ഞാൻ ചോദിക്കുന്നത്.
- ഒരിക്കൽ കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ എന്നോടു പറഞ്ഞു. ഒരിക്കലും ആക്രമിക്കാത്തവൻ ആക്രമിച്ചു തുടങ്ങിയാൽ അയാളെ പേടിക്കണമെന്ന്. ഡോക്ടർ എസ്. കെ. നായരും ഡോക്ടർ സുകുമാർ അഴിക്കോടും തമ്മിൽ വാക്കുകൾ കൊണ്ട് യുദ്ധം നടത്തിയപ്പോൾ അഴിക്കോടിന്റെ പ്രവൃത്തിയെ നീതിമത്ക്കരിച്ചു കൊണ്ടാണ് ബാലകൃഷ്ണൻ അങ്ങനെ പറഞ്ഞത്. അന്യരെ ഒരിക്കൽപ്പോലും അറ്റാക്ക് ചെയ്യാത്ത ഒ. വി. വിജയനോ ആനന്ദോ അറ്റാക്ക് ചെയ്താൽ എനിക്കു അസ്വസ്ഥതയുണ്ടാകും. അറ്റാക്കിനു മാത്രം കച്ച കെട്ടി ഗോദയിലിറങ്ങിയവരുണ്ട്. അവരെ ഞാൻ ശഷ്പതുല്യം പരിഗണിക്കുന്നു.
മധുവിധു തീരുന്നതു പതിന്നാലു ദിവസം കഴിയുമ്പോഴാണോ?
- അല്ല. നാലു ദിവസം കഴിഞ്ഞു ഭാര്യയും ഭർത്താവും വേറെ വേറെ കട്ടിലുകളിൽ കിടക്കുകയും ഭർത്താവു കൂർക്കം വലിച്ചു ഉറങ്ങുകയും ചെയ്യുമ്പോൾ.
ചങ്ങമ്പുഴക്കവിതയെ ഞാൻ ഡികൺസ്റ്റ്രക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു. നിങ്ങളെന്തു പറയുന്നു?
- ചെമ്പൈ വൈദ്യനാഥയ്യർ പാടുമ്പോൾ നിങ്ങൾ അദ്ദേഹത്തിന്റെ നാക്കു പിടിച്ചു വലിച്ചു രാഗം അതിലെവിടെയിരിക്കുന്നുവെന്നു പരിശോധിക്കുമോ?
നിങ്ങളുടെ ചരമസ്മാരകത്തിൽ ഞാൻ എന്തെഴുതിവയ്ക്കണം?
- ഒന്നും എഴുതി വക്കേണ്ടതില്ല. നിങ്ങളുടെ ചരമസ്മാരകത്തിൽ എഴുതി വയ്ക്കാനുള്ളതു ഞാൻ പറഞ്ഞു തരാം. ഇവിടെ …പിള്ള ശയിക്കുന്നു. അദ്ദേഹം ഇനി വിഡ്ഢിച്ചോദ്യങ്ങൾ ചോദിക്കില്ല.
ബന്ദ് ഇഷ്ടപ്പെടുന്നവർ ആരെല്ലാം?
- കോളേജിലും സ്കൂളിലും പഠിക്കുന്ന കുട്ടികൾ.
തിരുവനന്തപുരത്തേക്കാൾ വൃത്തികെട്ട സ്ഥലം വേറെയില്ല എന്ന് എനിക്ക് അഭിപ്രായം, എന്താ ശരിയല്ലേ?
- നിങ്ങൾ കോഴിക്കോടു കണ്ടിട്ടില്ലെന്നു വ്യക്തമായി.
സമകാലികമലയാളം 1997 08 29
- മോഹഭംഗം, നൈരാശ്യം, ആത്മഹത്യ ഇവയിലേക്കു ക്രമാനുഗതമായി ചെല്ലാനുള്ള ഒരു ക്ഷുദ്രവികാരം.
- എനിക്കു അന്യരോട് വിനയത്തോടെ പെരുമാറണമെന്നുള്ളതുകൊണ്ട്.
നിങ്ങൾ പറഞ്ഞ നേരമ്പോക്കിൽ നിങ്ങൾ തന്നെ രസിച്ചു ചിരിച്ചിട്ടുണ്ടോ?
- മഹാരാഷ്ട്ര ദേശത്തു സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ബസ്സിലെ സീറ്റിലിരിക്കും. എന്റെ അടുത്ത് ഒരു മറാഠിക്കാരി വന്നിരുന്നു. ഞങ്ങളുടെ മുൻപിലുള്ള സീറ്റിലിരുന്ന ഒരു മലയാളി കാല്പിറകോട്ടാക്കി പെണ്ണിന്റെ കാലെന്നു വിചാരിച്ച് എന്റെ കാലിൽ ചവിട്ടാൻ തുടങ്ങി. അല്പനേരം ഞാനതു സഹിച്ചു. മർദ്ദം കൂടിയപ്പോൾ ഞാൻ അയാളുടെ തോളിൽത്തട്ടിയിട്ട് ഉറക്കെപ്പറഞ്ഞു: ഇത് എന്റെ കാലാണ്. ബസ്സിലെ മറ്റു മലയാളികൾ പൊട്ടിച്ചിരിച്ചു. അവരേക്കാൾ ചിരിച്ചത് ഞാനാണ്.
ചങ്ങമ്പുഴക്കവിതയ്ക്കു പലപ്പോഴും അർത്ഥമില്ല. ഇടശ്ശേരിക്കവിതയ്ക്കു എപ്പോഴും അർത്ഥമുണ്ടുതാനും. ഇടശ്ശേരിയല്ലേ ചങ്ങമ്പുഴയേക്കാൾ നല്ല കവി?
- അർത്ഥഗ്രഹണം കൂടാതെ തന്നെ ചങ്ങമ്പുഴക്കവിത ആസ്വദിക്കാം. ഇടശ്ശേരിയുടെ അർത്ഥ സാന്ദ്രതയുള്ള കവിത പലപ്പോഴും അസ്വാദനത്തിനു തടസ്സം സൃഷ്ടിക്കുന്നു.
നിങ്ങൾ ഏപ്രിൽ ഒന്നാം തീയതിയിലാണോ ജനിച്ചത്?
- സ്വന്തം ജൻമദിവസം തന്നെയാണോ മറ്റുള്ളവരുടേതുമെന്നറിയാൻ ചിലർക്ക് കൗതുകമുണ്ട്. നിങ്ങളുടെ ആ കൗതുകം നന്നു്. മാർച്ച് മൂന്നാം തീയതിയാണ് എന്റെ ജന്മദിനം.
ശ്രീകൃഷ്ണനു ഭാര്യമാർ പതിനാറായിരത്തെട്ട്. ഇഷ്ടൻ അവരെ എങ്ങനെ സഹിച്ചു?
- സഹിക്കാം. പ്രയാസം വരില്ല. പക്ഷേ പതിനാറായിരത്തെട്ടു അമ്മായിമാരെയും ലക്ഷക്കണക്കിനുള്ള ഭാര്യാസഹോദരന്മാരെയും അങ്ങേർക്കു സഹിക്കാനൊത്തില്ല. അതുകൊണ്ടാണ് കാട്ടിൽപ്പോയി കാലാട്ടിക്കൊണ്ടു കിടന്നത്. വല്ലവനും അമ്പെയ്യും എന്ന് അറിയാമായിരുന്നു ശ്രീകൃഷ്ണന്.
വിദ്യാർത്ഥിയായിരുന്നപ്പോൾ നിങ്ങൾ പഠിപ്പിച്ചയാൾ പിൽക്കാലത്തു ഐ. എ. എസ് ഉദ്യോഗസ്ഥനായപ്പോൾ നിങ്ങളെ ബഹുമാനിക്കാതിരുന്നിട്ടില്ലേ? നിങ്ങളെ കാണാത്തമട്ടിൽ പോയിട്ടില്ലേ?
- ഉണ്ട്. പക്ഷേ എനിക്കതിൽ പരാതിയില്ല. ഓരോ സമയത്ത് ഓരോ വ്യക്തിത്വമാണ് ആളുകൾക്ക്. പഠിക്കുമ്പോൾ വെറും സ്റ്റുഡന്റ്. ഐ. എ. എസ് ഉയോഗസ്ഥനായാൽ ആ ജോലിക്കു ചേർന്ന മട്ടിൽ ഗൗരവത്തോടെ പെരുമാറണം. അപ്പോൾ അയാൾ വേറൊരു വ്യക്തിയാണ്. സത്യമിതാണെങ്കിലും ചില സംസ്കാര സമ്പന്നന്മാർ വിദ്യാർത്ഥികളായിരുന്ന കാലത്ത് എങ്ങനെ സ്നേഹാദരങ്ങോളോടെ പെരുമാറിയോ അതേ മട്ടിൽത്തന്നെ വലിയ ഉദ്യോഗസ്ഥരായാലും പെരുമാറാറുണ്ട്. ഞാൻ തിരുവനന്തപുരത്തെ ഒരു കോളേജിൽ അധ്യാപകനായിരുന്നപ്പോൾ ഒരു കൊച്ചുകുട്ടി ചില രചനകൾ തിരുത്തിക്കൊടുക്കണമെന്ന അപേക്ഷയുമായി വന്നു. ഞാനവ തിരുത്തിക്കൊടുത്തു. താൻ എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന ബാബു പോൾ ആണെന്നാണു ആ കുട്ടി പറഞ്ഞത്. ഇന്ന് അദ്ദേഹം സമുന്നത സ്ഥാനത്തെത്തിയ ഉദ്യോഗസ്ഥനാണ്. ശ്രീ ബാബു പോൾ ഐ. എ. എസ്. ഇന്നലെ (14.8.97) ഞാൻ നിൽക്കുന്ന സ്ഥലത്ത് അദ്ദേഹം വന്നു. കുട്ടിയായിരുന്നപ്പോൾ ബാബു പോൾ എങ്ങനെ പെരുമാറിയോ അതിൽ നിന്ന് ഒരു മാറ്റവും വരാതെ ഇന്നലെയും പെരുമാറി. സസ്കാരത്തികവുള്ള ഇത്തരം ഉദ്യോഗസ്ഥന്മാർ വിരളമാണ്.
സമകാലികമലയാളം 1997 09 05
നിങ്ങൾ കഥയെഴുതൂ. ഞാൻ സാഹിത്യവാരഫലം എഴുതാം. എന്താ?
- സമ്മതിച്ചു. ട്രാൻസ്പോർട്ട് ബസ്സ് ഓടിക്കുന്നയാൾ ചിലപ്പോൾ വെറും യാത്രക്കാരനായി ബസ്സിൽ സഞ്ചരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. പ്രഗൽഭരായ അധ്യാപകർ ട്രെയിനിങ്ങിനും മറ്റും ചെല്ലുമ്പോൾ വിദ്യാർത്ഥികളായി ഇരിക്കാറുണ്ട്. ഒരു ദിവസം ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ തന്റെ വാഹനത്തിലിരുത്തി വേറൊരു ഡ്രൈവർ കൊണ്ടുപോകുന്നതു ഞാൻ കണ്ടു.”
- “പശ്ചാത്താപം മകൾക്കു മാത്രമുള്ളതാണ്. അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ മക്കൾ ക്രൂരമായി പെരുമാറും. അവർ മരിച്ചു കഴിയുമ്പോൾ ആ ക്രൂരത ശരിയായിരുന്നില്ലെന്നു ഗ്രഹിച്ചു ദുഃഖിക്കും. അതുളവാക്കുന്ന അസ്വസ്ഥത ഒഴിവാക്കാനായിട്ടാണ് അച്ഛനമ്മമാരുടെ പടം എൻലാർജ് ചെയ്തു വീട്ടിൽ വയ്ക്കുന്നതും പുതിയ വീടുവച്ച് അച്ഛന്റെയോ അമ്മയുടെയോ പേരു അതിനിടുന്നതും.”
“നിങ്ങളെ ടെലിവിഷനിൽ കാണാത്തതിനു കാരണം?”
- “അധികാരികൾ എന്നെ ദയാപൂർവ്വം വിളിക്കാറുണ്ട്. പക്ഷേ വിനയത്തോടെ ഞാൻ ആ ക്ഷണം നിരാകരിക്കുന്നു. സാഹിത്യ അക്കാഡമിയിലോ മറ്റു കമ്മിറ്റികളിലോ അംഗമാകാൻ എനിക്കിഷ്ടമില്ല. ഒരിക്കൽ അക്കാഡമിയിൽ ഞാൻ അംഗമായത് സാഹിത്യസംസ്കാരം നല്ലപോലെയുള്ള ശ്രീ. ടി. കെ. രാമകൃഷ്ണൻ നേരിട്ടു പറഞ്ഞതു നിരസിക്കാൻ മടിച്ചാണ്. എനിക്കു വലിയ കെട്ടിടം വേണമെന്നോ കാർ സ്വന്തമായി ഉണ്ടായിരിക്കണമെന്നോ തോന്നിയിട്ടില്ല. മീറ്റിങ്ങുകൾക്ക് പൊയ്ക്കൊണ്ടിരുന്ന കാലത്ത് വീട്ടിൽ വന്നാൽ ആദ്യം ചെയ്യുന്ന പണി റ്റെലിഫോണിൽ പത്രമാപ്പീസുകാരെ വിളിച്ച് എന്റെ പ്രസംഗം പത്രത്തിൽ റിപോർട് ചെയ്യരുതെന്ന് അപേക്ഷിക്കലായിരുന്നു. ഭാര്യാപിതാവു മരിച്ചപ്പോൾ വലിയ സ്വത്ത് എനിക്കുകിട്ടി. ആ നെൽവയലുകളും തെങ്ങിൻ പുരയിടങ്ങളും ചെന്നു നോക്കുക പോലും ചെയ്യാതെ മരുമക്കളെ വിളിച്ച് അവ വീതിച്ചെടുത്തുകൊള്ളാൻ പറഞ്ഞു. ഞാൻ ഇന്നുവരെ അവ കണ്ടിട്ടുമില്ല. എന്റെ പേരിൽ ഒരിഞ്ച് ഭൂമിയില്ല. ലോകത്ത് ഏതു ബാങ്ക് പൊളിഞ്ഞാലും എനിക്ക് അഞ്ചുരൂപയേ നഷ്ടം വരൂ.”
“ഞാൻ എല്ലവരെയും ബഹുമാനിക്കണോ?”
- “ബഹുമാനിക്കുന്നതിനു മുൻപ് അവരുടെ കൂട്ടത്തിൽ പണം പിരിക്കാനെത്തുന്നവരുണ്ടോ എന്നുകൂടി നോക്കിക്കൊള്ളണം.”
“ഇത്രയും കാലം ജീവിച്ചതിൽ നിന്നു നിങ്ങളെന്തു മനസ്സിലാക്കി?”
- “പ്രഭാതം മധ്യാഹ്നത്തിലേക്കു ചെല്ലുന്നു. മധ്യാഹ്നം സായാഹ്നത്തിലേക്കു പോകുന്നു. സായാഹ്നം രാത്രിയായി മാറുന്നു. ഇതു താങ്കളും ഓർമ്മിച്ചാൽ നന്ന്.”
“വദനം യഥാർത്ഥത്തിൽ മാനവന്റെ ഹൃദയത്തിൽ കണ്ണാടി തന്നെയെങ്കിൽ?”
- “തെറ്റ്. വഞ്ചകന്റെ, ദുഷ്ടന്റെ ഹൃദയത്തിലുള്ളതു മുഖം കാണിക്കില്ല.”
“ഏറ്റവും നല്ല ഫോട്ടോഗ്രാഫർ ആര്?”
- “കേരളത്തിലോ? എങ്കിൽ മലയാള മനോരമയിലെ ജയചന്ദ്രനെ അതിശയിച്ച വേറൊരു ഫോട്ടോഗ്രാഫർ ഇല്ല.”
സമകാലികമലയാളം 1997 09 12
കൈക്കൂലിക്കാരെ മുക്കാലിയിൽ കെട്ടി അടിക്കുന്ന രീതി വരാത്തതെന്ത്?
- പണ്ട് തിരുവിതാംകൂറിലുണ്ടായിരുന്നു ഈ ഏർപ്പാട്. ഇപ്പോൾ ഇല്ല. ഒരിക്കൽ ഭാസ്ക്കരൻ നായർസ്സാറ് (ഡോക്ടർ കെ. ഭാസ്കരൻ നായർ) എന്നോടു പറഞ്ഞു: ‘ഞാനിന്നു വരെ കൈക്കൂലി വാങ്ങിയിട്ടില്ല. അതുകൊണ്ടു ഞാൻ സുഖമായി ഉറങ്ങുന്നു.’ ഇപ്പോഴത്തെ സ്ഥിതി വിഭിന്നം. മുൻകൂർ ജാമ്യമെന്ന ഏർപ്പാടുള്ളതുകൊണ്ട് പാർട്ടി സഹായത്തിനെത്തുമെന്നുള്ളതു കൊണ്ടു കൈക്കൂലിക്കാരൻ ഗാഢനിദ്രയിൽ മുഴുകുന്നു. മുക്കാലി വീണ്ടും വരേണ്ടതാണ്.
പമ്പരം കറങ്ങുന്നതു കാണാൻ രസമില്ലേ നിങ്ങൾക്ക്?
- പമ്പരത്തെക്കാൾ വേഗമാർന്നു ഓട്ടോറിക്ഷാമീറ്റർ കറങ്ങുന്നതു കാണാനാണ് എനിക്കു രസം.
പ്രസംഗം നടക്കുമ്പോൾ സദസ്സാകെ അതു ശ്രദ്ധിക്കുന്നുണ്ടോ. കേൾക്കുന്നുണ്ടോ?
- ഈ ലോകത്ത് ആരാണ് മറ്റൊരാൾ പറയുന്നതു കേൾക്കുക? ഭാര്യ വാതോരാതെ സംസാരിക്കും. ഭർത്താവ് അതിനൊക്കെ മൂളുമെങ്കിലും യഥാർത്ഥത്തിൽ ശ്രദ്ധിക്കുന്നില്ല. കേൾക്കുന്നില്ല. ഭർത്താവ് പറയുന്നതെല്ലാം ഭാര്യ കേൾക്കും. പക്ഷേ അതനുസരിച്ച് പ്രവർത്തിക്കില്ല.
- ഈ ലോകത്ത് എല്ലാവരും മറ്റെല്ലാവർക്കും ബോറുകളാണ്. ഞാൻ നിങ്ങൾക്കു ബോറൻ. സ്ത്രീകളോടു സംസാരിക്കുന്നതാണ് ഏറ്റവും വലിയ ബോറടി. സ്ത്രീകളിൽ തന്നെ മധ്യവയസ്കകളായ മുത്തശ്ശിമാരുണ്ട്. അവർ എപ്പോഴും പേരക്കുട്ടികളുടെ ബുദ്ധിസാമർത്ഥ്യത്തെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കും. സഹിക്കാനൊക്കുകയില്ല അത്.
തിരുവനന്തപുരത്ത് ലോക്കൽ കാളുകളുടെ സമയപരിധി അഞ്ചു മിനിറ്റാണ്. ഇതു ശരിയാണോ?
- ശരി. ഞാൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ സ്ത്രീകൾക്കു സംഭാഷണത്തിനുള്ള സമയം ഒരു മിനിറ്റാക്കി കുറയ്ക്കുമായിരുന്നു.
പെണ്മക്കൾ കല്യാണം കഴിഞ്ഞു പോകുമ്പോൾ അവരെ യാത്രയയ്ക്കാൻ ചെല്ലുന്ന അച്ഛനമ്മമാർ കരയുന്നതെന്തിന്?
- മറ്റുള്ളവരുടെ കാര്യം എനിക്കറിഞ്ഞു കൂടാ. എന്റെ കാര്യം പറയാം. മകൾ വിവാഹം കഴിഞ്ഞു പോകുമ്പോൾ അവൾ ഉപയോഗിച്ചിരുന്ന മുറി പുസ്തകങ്ങൾ വയ്ക്കാനെടുക്കാമല്ലോ എന്നു വിചാരിച്ച് ആഹ്ലാദിച്ചിട്ടേയുള്ളൂ ഞാൻ.
- ഇല്ല. അതിനു തെളിവ് ഞാൻ ടെലിവിഷൻ പരിപാടികൾ കാണുന്നില്ല എന്നതാണ്.
സമകാലികമലയാളം 1997 09 19
സമകാലികമലയാളം 1997 09 26
‘മുഗീയമല്ലേ നിങ്ങളുടെ വിമര്‍ശനം?”
- ആയിരിക്കാം. ഈ ലോകത്ത മൃഗീയമല്ലേ എല്ലാം? ചില ചോദ്യങ്ങളും മൃഗങ്ങളില്‍ നിന്നു വരും.”
“വെളുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും ധരിച്ചേ ഞാന്‍ നിങ്ങളെ കണ്ടിട്ടുള്ളു. എന്താണ് വെളുപ്പിനോട് ഇത്ര സ്നേഹം?”
- ഇതിനു രണ്ടുതരത്തില്‍ ഉത്തരം പറയാം. ഒന്ന്: എന്റെ മനസ്സ് കറുത്തതാണ്. അതു അങ്ങനെയല്ല എന്നു ബഹുജനത്തെ ഗ്രഹിപ്പിക്കാനായി ഞാന്‍ വെണ്മയാര്ന്ന വസ്ത്രങ്ങള്‍ ധരിക്കുന്നു. രണ്ട്: എന്റെ മനസ്സ് നിര്‍മ്മലമാണ്. ആ നൈര്‍മ്മല്യം പ്രദര്‍ശിപ്പിക്കാനായി ഞാന്‍ വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നു. ഇവയിലേതാണ് സത്യമെന്നു താങ്കള്‍ തന്നെ കണ്ടിപിടിക്കൂ.”
‘എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസമായി. ഇന്നുവരെ ഒരഭിപ്രായവ്യത്യാസവും ഞാനും ഭാര്യയും തമ്മില്‍ ഉണ്ടായിട്ടില്ല. ദാമ്പത്യജീവിതം കള്ളമാണെന്ന് പറയുന്ന നിങ്ങള്‍ക്കു മതിയായ സമാധാനമല്ലേ ഇത്?”
- “നിങ്ങളുടെ ജീവിതം എല്ലാക്കാലത്തും ഇമ്മട്ടില്‍ ആഹ്ലാദം നിറഞ്ഞതാവട്ടെ. പക്ഷേ, ഗ്രന്ഥങ്ങളുടെ ഒടുവില്‍ ചേര്‍ക്കുന്ന ശുദ്ധിപത്രങ്ങളില്‍ ഞാനേറേ അച്ചടിത്തെറ്റുകള്‍ കണ്ടിട്ടുണ്ട്.”
- വിവാഹിതകളോടും ചിലപ്പോള്‍ അവിവാഹിതകളോടും ചോദിക്കേണ്ട ഈ ചോദ്യം എന്നോടു ചോദിക്കുന്നതെന്തിന്?”
“മൂര്‍ച്ഛാജനകമായ മരുനു കൊടുത്തു മേശമേല്‍ കിടത്തിയ രോഗിണിയെപ്പോലെ സായാഹ്നം അന്തരീക്ഷത്തില്‍ വിടര്‍ന്നുകിടക്കുമ്പോള്‍ ’ എന്ന എല്യറ്റിന്റെ സങ്കല്പം മനോഹരമല്ലേ?
- “ഗര്‍ഭാധാനം ചിലപ്പോള്‍ ഗര്‍ഭച്ഛിദ്രത്തില്‍ പര്യവസാനിക്കും. കവിതാംഗനയ്ക്കുവന്ന ഗര്‍ഭച്ഛിദ്രം ഞാന്‍ ഈ കവ്യഭാഗത്ത് കാണുന്നു”
“കവിത വായിക്കേണ്ടതെങ്ങനെ? വേഗത്തിലോ പതുക്കെയോ?
- “സുന്ദരിയായ യുവതി നിങ്ങളുടെ കൂടെ നടക്കുമ്പോള്‍ ഏറ്റവും പതുക്കെ നടക്കാനല്ലേ നിങ്ങള്‍ക്കു കൗതുകം?”
“ദരിദ്രന്മാരല്ലേ വേഗം മരിക്കുന്നത്?”
- അതേ. ഭാര്യയുടെ കോടീശ്വരനായ അച്ഛന് നൂറുകൊല്ലത്തോളം ജീവിച്ചിരിക്കും.”
സമകാലികമലയാളം 1997 10 10
ട്രിവാൻഡ്രമും തിരുവനന്തപുരവും തമ്മിലുള്ള വ്യത്യാസമെന്ത്?
- പണ്ടത്തെ ട്രിവാൻഡ്രം എന്നോടു ഉള്ളറിഞ്ഞു പെരുമാറിയിരുന്നു. അതു ഇംഗ്ലീഷിലെഴുതുമ്പോഴും തിരുവനന്തപുരമായപ്പോൾ അസ്തിത്വ വാദികൾ പറയുന്ന അന്യവത്കരണ ബോധം എനിക്ക് ചെന്നെയും മദ്രാസും എനിക്ക് ഒരേ പോലെ രണ്ടിലും ഞാൻ അന്യനായി വർത്തിക്കുന്നു.
സമകാലികമലയാളം 1997 10 17
സമകാലികമലയാളം 1997 10 24
സമകാലികമലയാളം 1997 11 07
നിങ്ങളുടെ വീട്ടിൽ ഞാൻ ജൂലൈ മാസത്തിൽ വന്നപ്പോൾ കൊതുകുകൾ എന്നെ ഏറെക്കടിച്ചു. നിങ്ങളുമായുള്ള വർഗ്ഗബോധത്താലാണോ കൊതുകുകൾ നിങ്ങളുടെ വീട്ടിൽ അത്ര വളരെ വിഹരിച്ചത്?
- നിങ്ങൾ എന്റെ വീട്ടിൽ എത്തിയതു എനിക്കോർമ്മയില്ല. സാധാരണമായി എന്റെ വീട്ടിൽ കൊതുകില്ല. നിങ്ങളെപ്പോലെയുള്ള ചിലർ വരുമ്പോൾ കൊതുകുകളും ഗൃഹപ്രവേശം നടത്തും. നിങ്ങളെത്തിയപ്പോൾ അവ കൂടെ വന്നതാകാനേ തരമുള്ളൂ.
വിനയമുള്ളവനെ എങ്ങനെ തിരിച്ചറിയും?
- ഞാൻ എറണാകുളത്തെ ലൂസിയ ഹോട്ടലിൽ താമസിക്കുമ്പോൾ ഒരു മാന്യൻ എന്നെക്കാണാൻ വന്നു. പാണ്ഡിത്യം കാണാനായി ഞാൻ ഫ്രോയിറ്റ്, യുങ്, ആഡ്ലർ ഇവരുടെ സിദ്ധാന്തങ്ങളെക്കുറിച്ചു വാതോരാതെ സംസാരിച്ചു. വന്നയാൾ ആദ്യമായി അവ കേൾക്കുന്ന മട്ടിൽ പുഞ്ചിരി തൂകി ഇരുന്നു.ഒടുവിൽ വിനയപൂർവം കൈകൂപ്പിക്കൊണ്ടു യാത്ര പറഞ്ഞു പോയി. ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടാണു ഞാനറിഞ്ഞത് അദ്ദേഹം മനഃശാസ്ത്രം മുഴുവൻ മനസ്സിലാക്കിയ ആളാണെന്ന്. ഡോക്ടർ പി. ശ്രീകുമാറായിരുന്നു അദ്ദേഹം. M.S; Mch,FICS എന്നീ ഡിഗ്രികളുള്ള ഡോക്ടർ. അദ്ദേഹത്തിനറിയാവുന്ന മനഃശാസ്ത്രത്തിന്റെ ആയിരത്തിലൊരംശം എനിക്കറിഞ്ഞുകൂടാ. ശ്രീകുമാറാണു മാന്യൻ, വിനയസമ്പന്നൻ.
മഴക്കാലത്ത് രാജഹംസങ്ങൾ മാനസസരസ്സിലേക്കു പറക്കുന്നതെന്തിനാണ്?
- തിരുവനന്തപുരത്തുനിന്നാണ് രാജഹംസങ്ങൾ യാത്ര ആരംഭിക്കുന്നതെങ്കിൽ പറക്കാതെ തരമില്ല. ഓടകളുടെ മൂടി പല സ്ഥലങ്ങളിലും ഇല്ലാത്തതുകൊണ്ട് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് അവ മുങ്ങിച്ചത്തു പോകും. കിഴക്കേക്കോട്ടയിൽ നിന്നാണ് തിരിക്കുന്നതെങ്കിൽ റോഡിലൂടെ നടക്കുന്നതും ആപത്താണ്. റോഡിൽ നാലടിത്താഴ്ചയിൽ വെള്ളമുണ്ട്. പാവം അരയന്നങ്ങൾ അപ്പോഴും ചാവും. അതുകൊണ്ടാണ് അവ പറക്കുന്നത് വടക്കോട്ട്. തിരുവനന്തപുരത്ത് വസിക്കുന്നവരെല്ലാം രാജഹംസങ്ങളായെങ്കിൽ ദൈവം തമ്പുരാൻ അനുവദിച്ച ആയുസ്സിന്റെ അന്ത്യം വരെ ചെല്ലാമായിരുന്നു.
ദൂഷിതവലയം എന്നു പത്രങ്ങളിൽ കാണുന്നു എപ്പോഴും. അതെന്താണു ദൂഷിതവലയം?
- തപാൽ സ്റ്റാമ്പിനു വില കൂട്ടിയാൽ ആളുകൾ കത്തുകൾ അയയ്ക്കുന്നതു കുറയും. അപ്പോൾ സർക്കാരിനു വരുമാനം കുറയും.അതു പരിഹരിക്കാൻ അവർ വീണ്ടും വില കൂട്ടും. റോഡിനു വീതിയില്ലെന്നു കണ്ട് വീതി വർദ്ധിപ്പിച്ചാൽ കാറുകൾ കൂടുതലായി ഓടും. അപ്പോഴും പ്രയാസം സർക്കാരിന്. സർക്കാർ ഉടനേ റോഡിന്റെ വീതി വീണ്ടും വർദ്ധിപ്പിക്കും. ഇതാണു ദൂഷിതവലയം.
നിങ്ങളുടെ നാട്ടിലെ കച്ചവടക്കാർ ചിരിക്കുകയില്ലേ?
- എന്റെ നാട്ടിലല്ല, നിങ്ങളുടെ നാട്ടിലും വ്യാപാരികൾ ചിരിക്കുകയില്ല. ചിരിച്ചാൽ വരുന്നവർ കടം ചോദിക്കും. പിന്നെ ഒരു ഉപദേശം. ഓട്ടോറിക്ഷയിൽ കയറിയാൽ ഡ്രൈവറോടു കുശലപ്രശ്നങ്ങൾ അരുത്. അതു നിർവഹിച്ചാൽ പതിനഞ്ചു രൂപയ്ക്കു പകരം ഇരുപതു രൂപ കൊടുക്കേണ്ടിവരും.
ആരാണ് എന്റെ വാതിലിൽ എപ്പോഴും തട്ടുന്നത്? തുറന്നു നോക്കുമ്പോൾ ഞാൻ ആരെയും കാണുന്നുമില്ല.
- സൂക്ഷിച്ചു നോക്കൂ. നിങ്ങളുടെ കാമം സ്ത്രീരൂപമാർജ്ജിച്ച് അവിടെ നിൽക്കുന്നതുകാണാം. അവളാണ് അനവരതം വാതിലിൽത്തട്ടി ശബ്ദമുണ്ടാക്കുന്നത്.
ഞാൻ പെണ്ണുകാണാൻ പോകുന്നു. ഒരു ഉപദേശം തരാമോ?
- പെണ്ണിന്റെ സൗന്ദര്യം കണ്ടുമാത്രം സമ്മതം മൂളരുത് താങ്കൾ. അവളുടെ സംസാരമെങ്ങനെയെന്നും മനസ്സിലാക്കണം. അതിസൗന്ദര്യമുള്ള പല പെണ്ണുങ്ങളും സംസാരത്തിൽ ‘അതി അലവലാതി’കളായിരിക്കും.
സമകാലികമലയാളം 1997 12 12
സംഭാഷണങ്ങളിൽ വലിയ കള്ളങ്ങൾ പറയുന്നതു സ്ത്രീയോ പുരുഷനോ?
- അഭിമുഖ സംഭാഷണങ്ങളിൽ സ്ത്രീകൾക്ക് അന്യോന്യമായി, പുരുഷന്മാർക്ക് പരസ്പരമായി അത്ര കള്ളങ്ങൾ പറയാൻ ഒക്കുക്കയില്ല. പക്ഷേ രണ്ടു സ്തീകൾ റ്റെലിഫോണിലൂടെ സംസാരിക്കുമ്പോൾ വലിയ കള്ളങ്ങൾ പറയും.
വിമർശനം കൊണ്ടു നിങ്ങൾ ഏറെയാളുകളെ നിശ്ശബ്ദരാക്കിയിട്ടില്ലേ?
- കുയിലിന്റെ ഗാനത്തെ ഞാൻ വിമർശിച്ചാൽ അതു കാക്കയെപ്പോലെ ക്രോം ക്രോം എന്നു കരയുമോ? കാക്കയുടെ പുരുഷശബ്ദത്തെ അത് അടുത്ത നിമിഷത്തിൽ കുയിലിനെപ്പോലെ പാടുമോ? വിമർശനം കൊണ്ടു കുയിലിനെയും കാക്കയെയും നിശ്ശബ്ദരാക്കാൻ കഴിയുമോ?
മലയാളത്തിലെ എഴുത്തുകാരെക്കുറിച്ച്-നിങ്ങൾ ഉൾപ്പെടെയുള്ളവരെക്കുറിച്ച്-എന്തു പറയുന്നു? ‘Trivial personalities decomposing in the eternity of print’ എന്ന് വെർജിനിയ വുൾഫ് പറഞ്ഞത് ഒരു തരത്തിലുള്ള ഭാവികഥനമാണ് (അച്ചടിയുടെ നിത്യതയിൽ അഴുകിക്കൊണ്ടിരിക്കുന്ന ക്ഷുദ്രവ്യക്തികൾ). അസാദ്ധ്യമായ കാര്യം?
- ബന്ധുവിന്റെ മുഖത്തുനോക്കി ‘നീ വൃത്തികെട്ടവനാണ്; നീ വൃത്തികെട്ടവളാണ്’ എന്നു പറയാൻ ഒക്കുകയില്ല.
നിങ്ങൾക്ക് ഒരുപാട് വയസ്സായില്ലേ? ഇനിയുമെങ്കിലും കോളമെഴുത്ത് എന്ന ഈ കച്ചവടം നിറുത്തിക്കൂടേ?
- പ്രായം കൂടുന്നതും കോളമെഴുതുന്നതും പാപകർമ്മമാണോ സുഹൃത്തേ?
ഭാരതീയനാണെന്ന അഭിമാനമുണ്ടോ താങ്കൾക്ക്?
- കൊലപാതകം, കൈക്കൂലി, ബലാത്സംഗം ഇവ മാത്രം നടക്കുന്ന ഭാരതത്തിലെ പൗരന് അഭിമാനമുണ്ടോ?
പുരുഷന് സ്ത്രീയിൽ നിന്ന് സഹിക്കാനാവാത്തത് ഏത്?
- വണ്ണം വളരെക്കൂടിയ യുവതിയുടെ പ്രേമപ്രകടനം.
സമകാലികമലയാളം 1997 12 26
എന്റെ ഗ്രാമത്തിൽ ഒരു യുവതി എല്ലാ പുരുഷന്മാരോടും ഒരേ രീതിയിൽ ശൃംഗരിക്കുന്നു. അവർക്ക് ആരോടാണ് സ്നേഹമെന്ന് കണ്ടുപിടിക്കുന്നത് എങ്ങനെ?
ഏതു ദിക്കിൽ നിന്നു കാറ്റടിച്ചാലും നിലവിളക്കിലെ ചേതോഹരമായ ദീപം ചാഞ്ഞും ചരിഞ്ഞും നിന്നു കൊടുക്കും. അതിന് ഏതു കാറ്റിനോടാണു സ്നേഹമെന്നു നിർണ്ണയിക്കുന്നത് എങ്ങനെ?
ഇന്നലെ ഞാൻ കടപ്പുറത്തു നിൽക്കുമ്പോൾ ഒരു പറ്റം പക്ഷികൾ ചക്രവാളത്തിലേക്കു പറക്കുന്നതു കണ്ടു. അവ ചക്രവാളത്തിലേക്കാണോ പോയത്?
- ഭൂമിയെയും അന്തരീക്ഷത്തെയും വേർതിരിക്കുന്ന മിഥ്യയായ രേഖയോ വൃത്തമോ ആണു ചക്രവാളം. കുതികാൽവെട്ടുകാരും കൈക്കൂലിക്കാരും ബലാത്സംഗക്കാരും പെൺവാണിഭക്കാരും ജനദ്രോഹികളും നിറഞ്ഞ ഇന്ത്യയിൽ നിന്ന് അവർ രക്ഷപ്പെടുകയായിരുന്നു മിഥ്യാമണ്ഡലത്തിലേക്ക്. ‘ഞങ്ങൾ പോകുന്നു’ എന്നും അവ പറഞ്ഞിരിക്കും. നിങ്ങൾ കേട്ടില്ലന്നേയുള്ളൂ.
ദാമ്പത്യജീവിതത്തിന്റെ തകർച്ചയ്ക്കു കാരണം?
- തന്റെ ജീവിതം പോലെയായിരിക്കണം ഭാര്യയുടെ ജീവിതമെന്നു ഭർത്താവു പ്രത്യക്ഷമായും പരോക്ഷമായും പറയുന്നു. ഭാര്യക്ക് അവളുടെ ജീവിതം നയിക്കാനേ കഴിയൂ. സംഘട്ടനം അതിന്റെ പേരിലുണ്ടാകുന്നു.
പൂന്തോട്ടത്തിലാകെ വിരിഞ്ഞ പൂക്കൾ. അവ കണ്ടിട്ടും ഞാൻ സന്തോഷിക്കുന്നില്ല. എന്താവാം ഹേതു?
- താങ്കളുടെ മനസ്സിലാകെ സ്നേഹത്തിന്റെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അവയെ നോക്കുന്ന താങ്കൾക്ക് ഉദ്യാനത്തിലെ പൂക്കളെ നോക്കാൻ നേരമെവിടെ?
നല്ല തർജ്ജമക്കാരൻ ആര്. കേരളവർമ്മയോ ഏ. ആർ രാജരാജവർമ്മയോ?
- ഏ. ആർ. രാജരാജവർമ്മ. ‘തീരകല്പകതരുക്കൾ പൊഴിക്കും പൂ നിരണതിരമാലകൾ തോറും’ എന്ന തർജ്ജമ നോക്കൂ. എന്തു ഭംഗി!
എന്റെ ഭാര്യക്ക് എന്നെക്കുറിച്ചു നല്ല അഭിപ്രായമുണ്ടാകാൻ ഞാനെന്തു ചെയ്യണം?
- ഭാര്യ പറയുന്നതൊക്കെ ശ്രദ്ധിച്ചു കേൾക്കുന്നുവെന്ന് ഭാവിക്കണം. ഭാവിച്ചാൽ മതി. അവർ പറയുന്നതൊന്നും കേൾക്കണമെന്നില്ല. ഭാര്യ വാതോരാതെ സംസാരിക്കുമ്പോൾ ഗോർബച്ചേവ് സോവിയറ്റ് യൂണിയനെ ഇല്ലാതാക്കിയതിനെക്കുറിച്ചോ അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ചോ നിങ്ങൾ വിചാരിച്ചു കൊണ്ടിരിക്കൂ. അവർ അത് അറിയുകയില്ല. ‘എന്റെ ഭർത്താവ് യോഗ്യൻ’ എന്നു സങ്കൽപിച്ച് അവർ സന്തോഷത്തോടെ പോകും അടുക്കളയിലേക്ക്.
കാമുകിയെ സന്തോഷിപ്പിക്കാൻ കൊച്ചു കൊച്ചു സമ്മാനങ്ങൾ കൊടുക്കണോ അതോ പത്തുപവന്റെ മാല വാങ്ങികൊടുക്കണോ?
- എലിയെപ്പിടിക്കാൻ എലിപ്പത്തായത്തിൽ (കെണിയിൽ) ഒരു കഷ്ണം മരച്ചീനി വച്ചാൽ മതിയല്ലോ. ജിലേബി വയ്ക്കണമെന്നില്ല.
1998
സമകാലികമലയാളം 1998 01 02
- ഉപദേശം ചോദിക്കുന്ന ആൾ ആരോട് അതു ചോദിക്കുന്നുവോ ആ ആളിനേക്കാൾ എപ്പോഴും ബുദ്ധികൂടിയവനായിരിക്കും. ബുദ്ധിശാലിയായ നിങ്ങൾക്ക് എന്റെ ഉപദേശം വേണ്ട.
ടെലിവിഷൻ കാണുമ്പോൾ മലയാളം സിനിമ കാണുമ്പോൾ സർക്കാർ നടത്തുന്ന നാടകങ്ങൾ കാണുമ്പോൾ ഞാൻ ശ്രദ്ധിക്കേണ്ടത് നടീനടന്മാരിലോ അതോ നാടകരചനയിലോ?
- രണ്ടിലുമല്ല, ടെലിവിഷൻ പ്രോഗ്രാം കാണുമ്പോൾ സെറ്റ് ഓഫാക്കാനുള്ള കട്ട എവിടെയാണെന്നു നോക്കിക്കൊണ്ടിരിക്കണം. മലയാള ചലച്ചിത്രം കാണാൻ ചെല്ലുമ്പോൾ സിനിമാശാലയിൽ എക്സിറ്റ് എന്ന് എഴുതി വച്ചിരിക്കുന്നത് എവിടെയന്ന് നേരത്തേ നോക്കി വയ്ക്കണം. നാടകം കാണുമ്പോൾ അടുത്തിരുന്നു ഉറങ്ങുന്നവന്റെ തല നിദ്രാധീനനാകുന്ന നിങ്ങളുടെ തലയുമായി കൂട്ടിയിടിക്കാതെ നോക്കിക്കൊള്ളണം.
തിരുമണ്ടന്മാരല്ലേ എപ്പോഴും ഹോൾഡറിൽ വച്ച സിഗററ്റ് പുകച്ചുകൊണ്ട് റോഡിലൂടെ വൈകുന്നേരത്ത് നടക്കുന്നത്?
- എന്നെപ്പോലെയുള്ളവർ സിഗററ്റ് പുകച്ചുകൊണ്ട് നൂതന ചിന്തകൾ മനസ്സിൽ രൂപവത്കരിക്കുന്നു. നിങ്ങളെപ്പോലെയുള്ള മണ്ടശിരോമണികൾ സിഗററ്റ് ചുണ്ടുകൾക്കിടയിൽ വച്ചുകൊണ്ട് മര്യാദകെട്ട ചോദ്യങ്ങൾ ചോദിക്കുന്നു.
ഞാൻ എന്തു പറഞ്ഞാലും എന്റെ ഭാര്യ വിശ്വസിക്കുന്നില്ല. അവളെ വിശ്വസിപ്പിക്കാൻ ഞാൻ എന്തു ചെയ്യണം?
- ഭാര്യയുടെ ചെവി പിടിച്ച് നിങ്ങളുടെ ചുണ്ടിനോട് അടുപ്പിക്കണം. എന്നിട്ടു ഏതെങ്കിലും ചാരിത്രശാലിനിയെക്കുറിച്ച് ഇങ്ങനെ പറയൂ ‘ആ സ്ത്രീയുണ്ടല്ലോ അവൾ പരമചീത്തയാണ്’- നിങ്ങളുടെ ഭാര്യ ഉടനെ അതു വിശ്വസിക്കും.
പ്രത്യക്ഷങ്ങളായവയെ, കൊച്ചുകുട്ടികൾക്കുപോലും അറിയാവുന്നവയെ അപഗ്രഥിക്കുന്ന നിങ്ങൾ ഫൂളല്ലേ?
- നിങ്ങൾ പ്രൂസ്റ്റിന്റെ Remembrance of Things Past എന്ന നോവൽ വായിച്ചു നോക്കൂ. സർവ്വസാധാരണങ്ങളായ വസ്തുതകളെ അദ്ദേഹം നിസ്തുലമായ രീതിയിൽ അപഗ്രഥിക്കുന്നതു കാണാം. ഞാൻ സമീകരിച്ചു പറയുകയല്ല. ക്ഷിദ്രസംഭവങ്ങളെയും വസ്തുതകളെയും അപഗ്രഥിക്കാൻ ജന്മസിദ്ധമായ കഴിവു വേണം.
പട്ടിയെ കൊണ്ടു നടക്കുന്ന ഉദ്യോഗസ്ഥനെക്കുറിച്ച് നിങ്ങൾ എന്തു പറയുന്നു?
- ഉദ്യോഗസ്ഥനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. ബൃഹദാകാരമാർന്ന ആനയുടെ അടുത്ത് ഒരു കൊച്ചുകമ്പും പിടിച്ച് നടക്കുന്ന മനുഷ്യൻ സഹതാപമർഹിക്കുന്നു. കൊച്ചു പട്ടിയുമായി നടക്കുന്ന സുന്ദരി നമ്മുടെ സ്നേഹാദരങ്ങൾ നേടുന്നു.’
സമകാലികമലയാളം 1998 02 06
സമകാലികമലയാളം 1998 02 13
സമകാലികമലയാളം 1998 02 20
ഭാരതത്തിന്റെ ഭാവി എങ്ങനെയിരിക്കും?
- കോടിക്കണക്കിനു രൂപ വെട്ടിച്ചവൻ നമ്മുടെ പ്രധാനമന്ത്രിയായിരിക്കും. നൂറ്റുക്കണക്കിനു കൊലപാതകങ്ങൾ ചെയ്തവനായിരിക്കും ജനപ്രതിനിധിയാകാൻ യോഗ്യൻ. ആയിരക്കണക്കിനു ബലാത്സംഗം നടത്തിയവനായിരിക്കും ജനനേതാവ്. ഫെമിനിസ്റ്റുകൾ അപ്രത്യക്ഷരായിരിക്കും. ഞങ്ങൾക്കു സ്ത്രീകളോടൊപ്പം എത്താൻ സൗകര്യം തരണേ എന്നു പുരുഷന്മാർ യാചിക്കും. സ്ത്രീധനത്തിനു പകരം പുരുഷധനം കൊടുക്കേണ്ടതായി വരും. സത്യസന്ധനായി ജീവിക്കുന്നവനെ തുറങ്കിലടയ്ക്കാൻ നിയമം മാറ്റിയെഴുതും. ഹോട്ടലുകളിൽ ഇന്നത്തെ മൂന്നു ദിവസത്തെ പഴക്കമുള്ള സാധങ്ങൾക്കു പകരം കുറഞ്ഞത് ഒരു മാസം പഴകിയ ഭക്ഷണസാധനങ്ങളേ വില്‍ക്കാവൂ എന്നു സർക്കാർ അനുശാസിക്കും.
ചാരിത്ര്യമുള്ളവളും വേശ്യയും തമ്മിൽ അത്രയ്ക്കു വ്യത്യാസമുണ്ടോ?
- ഉണ്ട്. പുരുഷനായ നിങ്ങൾ ചാരിത്ര്യശാലിനിനിയെ കണ്ണെടുക്കാതെ നോക്കും. അവൾ നിങ്ങളെ നോക്കുകയില്ല. വേശ്യ നിങ്ങളെ തുടർച്ചയായി നോക്കിക്കൊണ്ടിരിക്കും. എയ്ഡ്സ് നോട്ടത്തിലൂടെ വരുമെന്നു വിചാരിച്ച് നിങ്ങൾ അവളെ നോക്കുകില്ല.
ഒരു ഉപമ പറയൂ. കനമില്ലാത്തതു ഏതുപോലെ?
- നമ്മുടെ PWD കൺട്രാക്റ്റർമാർ റോഡിലീടുന്ന കീലു പോലെ.
കുഞ്ഞിരാമൻ നായരുടെ കവിത എങ്ങനെ?
- തിരുവനന്തപുരം-കന്യാകുമാരി റോഡ് പോലെ നീണ്ടത്.
കൈക്കൂലിക്കരായ രാഷ്ട്രീയ നേതാക്കളൂം മന്ത്രിമാരും ഡിറ്റകടീവ് നോവലുകൾ വായിക്കുമെന്ന് പത്രത്തിൽ കണ്ടു. എന്താണു ഇതിനു കാരണം?
- അന്വേഷണം നടത്തുന്ന വിദഗ്ദ്ധൻ എങ്ങനെ സത്യം കണ്ടു പിടിക്കുന്നുവെന്ന് അറിയാനായിരിക്കും. ആ വഴികൾ മനസ്സിലാക്കിയാൽ അവർക്കു പ്രയോജനമുണ്ടല്ലോ.
നിങ്ങൾ പകുതിയിരുട്ടുള്ള ഭക്ഷണശാലയിലിരുന്നപ്പോൾ ഞാൻ ദൂരെ നിന്നു വന്നതു കണ്ടു. കണ്ണിന്റെ അസുഖമുണ്ടെന്നു നിങ്ങൾ കൂടെക്കൂടെ പറയുന്നതു മീറ്റിങ്ങിനു പോകാതിരിക്കാനുള്ള അടവല്ലേ?
- രാക്ഷസൻ ദൂരെ നിന്നു വന്നാൽ വിപുലീകരണകാചം കൂടാതെ. കാഴ്ചയ്ക്കു പ്രയാസമുള്ളവനും അയാളെ കാണാൻ കഴിയും. ബൃഹദാകാരമല്ലേ രാക്ഷസന്? അങ്ങനെയാണ് നിങ്ങളെ ദൂരെ വച്ചു തന്നെ ഞാൻ മനസ്സിലാക്കിയത്.
സമകാലികമലയാളം 1998 03 13
- ചോദ്യത്തോടൊരുമിച്ചുള്ള പേരിൽ നിന്ന് ആളിനെ മനസ്സിലായി. ശേഷമുള്ള കാര്യങ്ങൾ എൻസൈക്ലോപ്പീഡിയ ബ്രിട്ടാണിക്കായിൽ നിന്നു ഗ്രഹിച്ചുകൊള്ളാം.
തിരുവനന്തപുരത്തെ റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞവയായത് എന്തുകൊണ്ട്?
- ഇവിടത്തെ റോഡുകൾ ആളുകൾക്ക് നടക്കുവാനുള്ളവയല്ല. കന്നുകാലികൾക്ക് നിരന്തരം ചാണകമിടാനുള്ളവയാണ്, നായ്ക്കൾക്ക് അലഞ്ഞുതിരിയാനുള്ളവയാണ്. അക്കാരണത്താൽ കുണ്ടും കുഴിയും ഉണ്ടായാലും തെറ്റില്ല.
തീവണ്ടിയപകടങ്ങൾ ഉണ്ടാകുമ്പോൾ പണ്ടൊക്കെ മന്ത്രിമാർ രാജിവച്ചിരുന്നു. അപകടങ്ങൾക്കും രാജിവയ്ക്കലിനും എന്തുബന്ധം?
- പ്രജാധിപത്യമുള്ള രാജ്യങ്ങളിൽ അത്തരം ആപത്തുക്കൾ സർക്കാരിന്റെ കുറ്റമായി പരിഗണിക്കപ്പെടുന്നു. മന്തിമാരെ അവരുടെ സമുന്നത സ്ഥാനങ്ങളിലേക്ക് ഉയർത്തുന്നത് ജനങ്ങളാണല്ലോ. ആ ജനതയ്ക്ക് ആപത്ത് ഉണ്ടാകുമ്പോൾ മന്ത്രിക്ക് മന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. ഏതാപത്തുണ്ടായാലും മന്ത്രിക്കസേരയിൽ നിന്നിറങ്ങാത്തവൻ പ്രജാധിപത്യത്തെ പുല്ലുപോലെ കരുതുന്നുവെന്ന് വിചാരിച്ചാൽ മതി.
പത്രങ്ങളിലും വാരികകളിലും നടക്കുന്ന വാദപ്രതിവാദങ്ങളെക്കുറിച്ച് എന്തു പറയുന്നു?
- പ്ലേറ്റോ പറഞ്ഞിട്ടുണ്ട് കുളിക്കുന്നത് ശരീര ശുചീകരണത്തിനാണെന്ന്. വാദപ്രതിവാദം ആശയശുചീകരണത്തിനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇവിടെ അതല്ല സ്ഥിതി. പ്രതിയോഗിയെ തേജോവധം ചെയ്യാനാണ് വാദപ്രതിവാദം നടത്തുന്നത്.
കേരളത്തിലെ മഹാന്മാരായ സാഹിത്യകാരന്മാരെ നിങ്ങളുടെ പരുക്കൻ വാക്കുകൾ സ്പർശിക്കുമോ?
- കാട്ടുപോത്ത് അതിന്റെ കൊമ്പ് പാളത്തിൽ കൊണ്ടു വച്ചാൽ ഭീമാകാരമാർന്ന തീവണ്ടി മറിയും. പരുന്തും കഴുകനും വിമാനത്തിലിടിച്ചാൽ വിമാനം തകരുമെന്ന് നിങ്ങൾക്കറിയില്ലേ?
എ. ഡി. രണ്ടായിരമാകുമ്പൊൾ ഏതു വസ്തുവിന് കുറവുവരും? അരിക്കാണോ?
- അരിക്കല്ല. ചാണകത്തിന്. കിട്ടുന്ന ചാണകമെല്ലാം രാഷ്ട്രീയ നേതാക്കളുടെ നേർക്ക് ബഹുജനമെറിയും. നേതാക്കാന്മാരുടെ സംഖ്യാബലം കൂടുന്നതുകൊണ്ട് ചാണകം മതിയാവാത്ത അവസ്ഥ അടുത്ത രണ്ടുകൊല്ലത്തിനകമുണ്ടാകും?
ഈ ലോകത്ത് സത്യസന്ധമായി എന്തെങ്കിലുമുണ്ടോ?
- ഉണ്ട്. അമ്മയുടെ കണ്ണുനീർ
- വളരെ. അതൊഴിവാക്കിയില്ലെങ്കിൽ കാമുകി നിങ്ങളെ വിവാഹം കഴിക്കും.
സമകാലികമലയാളം 1998 03 20
നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതി എന്താണു?
- ചോദ്യകർത്താവായ നിങ്ങൾക്കോ മാന്യവായനക്കാർക്കോ അറിയാൻ പാടില്ലാത്ത ഒന്നും എനിക്കു പറയാനില്ല. എങ്കിലും എഴുതുകയാണ്. നമ്മുടെ രാഷ്ട്രവ്യവഹാരം ജീർണ്ണിച്ചിരിക്കുന്നു. അതിന്റെ പൂതിഗന്ധം ശ്വസിച്ച് ആളുകൾ മരണപ്രായരായിരിക്കുന്നു. നേതാക്കന്മാർ ക്രൈം കൊണ്ടു കളിക്കുന്നു. ബഹുജനം അത്തരം പാതകങ്ങളെ ഏതാനും നിമിഷങ്ങൾ കൊണ്ടു മറക്കുകയും അവരെ ധീരപുരുഷന്മാരായും ധീരവനിതകളായും കൊണ്ടാടുകയും ചെയ്യുന്നു. വിശുദ്ധിയാർന്ന കരതലങ്ങളുള്ള ജനനേതാക്കന്മാർ വിരളം. സത്യത്തിന്റെ മന്ദ്രധ്വനിക്കു പകരം അസത്യത്തിന്റെ കുഴലൂത്താണു നമ്മൾ കേൾക്കുക. ഇതിനൊക്കെ ഹേതു നമുക്കു ഡെമോക്രേറ്റിക്ക് പാരമ്പര്യമോ റിപബ്ലിക്കൻ പാരമ്പര്യമോ ഇല്ല എന്നതാണു.
ഒരു സിനിമയിൽ നായകൻ വെളുത്ത ഷേർടും വെളുത്ത ട്രൗസേഴ്സും ധരിച്ചു കൊണ്ടു നായിക കിടക്കുന്ന മുറിലേക്കു കയറിപ്പോകുന്നതായി ഞാൻ കണ്ടു. അടുത്ത നിമിഷത്തിൽ അയാൾ ചുവന്ന ഷേർടും ചുവന്ന ട്രൗസേർഴ്സും ധരിച്ചു പുറത്തിറങ്ങുന്നു. ഇതെങ്ങനെ?
- നിങ്ങൾ കണ്ടതു ചലച്ചിത്രത്തിലെ നായകനെ ആയിരിക്കില്ല. വെളുത്ത ഷേർടും വെളുത്ത മുണ്ടും ധരിച്ച് തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയിൽ കയറി ഒരു സെക്കൻഡ് നേരം പുസ്തകങ്ങൾ വച്ച ഷെൽഫിന്റെ അടുത്തു നിന്നാൽ മതി. പൊടികൊണ്ടു വസ്ത്രങ്ങൾ കാവി നിറമാകും. ജലദോഷവും വരും. അങ്ങനെ ആരെയോ നിങ്ങൾ കണ്ടതാണു ചലച്ചിതത്തിലെ രംഗമായി രൂപാന്തരപ്പെട്ടത്.
ഈശ്വരൻ സത്യം കാണുന്നു. പക്ഷേ അദ്ദേഹം കാത്തിരിക്കുന്നു - എന്തിനു കാത്തിരിക്കണം. ശിക്ഷ ഉടനെ കൊടുക്കേണ്ടതല്ലേ?
- ഈ വിഷയം പ്ലൂട്ടാർക്ക് കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രബന്ധം വായിച്ച ഓർമ്മയിൽ നിന്ന് എന്റേതായ നിരീക്ഷണങ്ങളോടു കൂടി ഞാൻ ഉത്തരം എഴുതട്ടെ. പൂ വിടരുന്നതു പെട്ടെന്നല്ല. ആദ്യം ചെറിയ മൊട്ട്, പിന്നീട് വലിയ മൊട്ട്. ദിനങ്ങൾ കഴിയുമ്പോൾ വിടർന്ന പൂവ് . കോഴിമുട്ട പെട്ടെന്നങ്ങു കോഴിക്കുഞ്ഞാവുകയില്ല. കുറെ ദിവസങ്ങൾ തള്ളക്കോഴി അതിൽ അടയിരുന്നാലേ ആ മുട്ട വിരിയൂ. കടലിലെ തിര ആദ്യം തീരെ ചെറുത്. അതു ക്രമേണ വലുതാകുന്നു. ഏഴാമത്തെ തിര ഏറ്റവും വലുത് (സായ്പന്മാരുടെ മതമനുസരിച്ച് മൂന്നാമത്തെ തിരയാണ് ഏറ്റവും വലുത്). ഈ മന്ദഗതി എല്ലായിടത്തും കാണാം. പ്രപഞ്ചത്തിന്റെ ഘടനയിലുള്ളതാണു ഈ മന്ദഗതി. അതിനാൽ കുറ്റം ചെയ്തവന് ഉടനെ ശിക്ഷ കിട്ടുകില്ല. കാലം കഴിയുമ്പോൾ അതു കിട്ടും തീർച്ച. തൽക്കാലം അപവാദങ്ങൾ പ്രചരിപ്പിക്കാം. അന്യന്റെ വസ്തു കൈയേറാം. കുതികാൽ വെട്ടാം. ഉടനെ പ്രകൃതി ശിക്ഷിക്കില്ല. പക്ഷേ ശിക്ഷ ഈ ജീവിതകാലത്തു തന്നെകിട്ടും.
വൈലോപ്പിള്ളി, ഇടശ്ശേരി, എൻ. വി. കൃഷ്ണവാരിയർ, ചങ്ങമ്പുഴ, വയലാർ രാമവർമ്മ ഇവരിൽ ഒന്നാം സ്ഥാനമാർക്ക്?
- ഏതു കവി ചരമത്തിനു ശേഷം തന്നെപ്പോലെ അനേകം കവികളെ സൃഷ്ടിക്കുന്നുവോ ആ കവിയാണ് അദ്വിതീയൻ. വൈലോപ്പിള്ളി തുടങ്ങിയവർ കവികളെന്ന പേരിൽ കീർത്തിയാർജ്ജിച്ചെങ്കിലും ചങ്ങമ്പുഴയെപ്പോലെ മറ്റു കവികളെ സൃഷ്ടിച്ചില്ല. അദ്ദേഹത്തെപ്പോലെ ഒരു യുഗം ഉദ്ഘാടനം ചെയ്തില്ല. അതിനാൽ ചങ്ങമ്പുഴയാണ് ഒന്നാം സ്ഥാനത്തിനു അർഹൻ. ചങ്ങമ്പുഴയൊഴിച്ചുള്ള കവികൾ - വിശേഷിച്ചും എൻ. വി. കൃഷ്ണവാരിയർ - സമീപഭാവിയിൽ വിസ്മരിക്കപ്പെടും.
നിങ്ങളുടെ അഭിമുഖസംഭാഷണങ്ങൾ ഇപ്പോൾ കാണാറില്ലല്ലോ. പ്ത്രക്കാർ നിങ്ങളെ അവഗണിക്കുന്നുണ്ടോ?
- ഒന്നാമത്തെ കാര്യം എനിക്ക് അതിനു പ്രാധാന്യമില്ല എന്നതാണ്. വരുന്നവരോട് ഞാനതു പറയും സത്യസന്ധമായിത്തന്നെ. രണ്ടാമത്തെ കാര്യം അഭിമുഖസംഭാഷണത്തിനു വരുന്നവർ നെഞ്ചു കുത്തിക്കീറി ഹൃദയമെടുക്കാൻ ശ്രമിക്കുന്നു എന്നതാണ്. രക്താശയമില്ലാതെ ജീവിക്കാൻ പറ്റുമോ?
- കഴിയുന്നതും അതു ഒഴിവാക്കണം. വലിയ ബാങ്കുകളിലെ മാനേജർമാർ അകാല ചരമമടയുന്നത് എപ്പോഴും എ. സി. മുറിയിൽ ഇരിക്കുന്നതു കൊണ്ടാണ്.
സമകാലികമലയാളം 1998 04 03
ഞാൻ നിങ്ങളെ ആദ്യമായി കണ്ടാൽ എന്റെ വിചാരം എന്തായിരിക്കും?”
- നിങ്ങളുടെ വിചാരമെന്തായിരിക്കുമെന്ന് എനിക്കറിഞ്ഞു കൂടാ. പക്ഷേ നിങ്ങളെയാണ് ഞാൻ ആദ്യമായി കാണുന്നതെങ്കിൽ ‘ഇതാ ഒരു തസ്കരൻ’ എന്നു വിചാരിക്കും.
കീർത്തികേട്ട സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ നമുക്കു ഒന്നും വിശേഷിച്ചു തോന്നാത്തത് എന്തുകൊണ്ട്?
- അതങ്ങനെയാണ്. കന്യാകുമാരിയും കോവളവും ആദ്യമായി കണ്ടപ്പോൾ നരച്ച സ്ഥലങ്ങളായിട്ടേ എനിക്കു തോന്നിയുള്ളു. ചില നോവലിസ്റ്റുകൾക്കും കവികൾക്കുമുള്ള കീർത്തി അവരുടെ ഗ്രന്ഥങ്ങൾക്കില്ലാത്തതുപോലെയാണിത്.
സാഹിത്യവാരഫലത്തിൽ ക്രിട്ടിസിസമൊന്നുമില്ലല്ലോ.
- താങ്കൾ തെങ്ങിൽ കയറുന്നത് പുല്ല് പറിക്കാനാണോ?
കൊതുകു കടിക്കാതിരിക്കാൻ എന്തു ചെയ്യണം?
- വിവാഹം കഴിക്കൂ. മധുവിധുകാലമത്രയും കൊതുകു കടിച്ചാലും നിങ്ങളതു അറിയുകയില്ല.
നിങ്ങളുടെ കോളം പോലെ രസകരമായി വേറെ കോളമുണ്ടോ മലയാളത്തിൽ?
- സ്തുതിച്ചതിനു നന്ദി. ദീപിക ദിനപത്രത്തിന്റെ വാരാന്ത്യപ്പതിപ്പിൽ ശ്രീ. എം. വി. ബെന്നി എഴുതുന്ന അവലോകനങ്ങൾ നന്ന്. സാഹിത്യവാരഫലക്കാരനു നർമ്മബോധമില്ല. ബെന്നിക്ക് അത് ഏറെയുണ്ട്.
ഹിറ്റ്ലറും ഈശ്വരനും ഒരുപോലെ. ശരിയല്ലേ?
- ശരി. ഹിറ്റ്ലർ നിരപരാധരായ ജൂതന്മാരെ ലക്ഷക്കണക്കിന്നു കൊന്നു. ഈശ്വരൻ അപരാധം ചെയ്യാത്തവരെ ഭൂകമ്പത്തിലൂടെ കൊന്നുകൊണ്ടിരിക്കുന്നു. രണ്ടുപേരും സദൃശർ.
എനിക്കു ധാരാളം വായിക്കണമെന്നുണ്ട്. കുറച്ചുകാലത്തേക്ക് നിങ്ങളുടെ ലൈബ്രറിയിൽ എനിക്കു താമസിക്കാൻ സൗകര്യം തരുമോ?
- ജീവിതാസ്തമയമായതുകൊണ്ട് ഞാൻ പുസ്തകങ്ങളെല്ലാം മക്കൾക്ക് വീതിച്ചുകൊടുത്തു. ഒന്നുരണ്ടു നിഘണ്ടുക്കളും വിശ്വവിജ്ഞാനകോശത്തിന്റെ ഒരു വാല്യവും മാത്രമേ എന്റെ വീട്ടിലുള്ളു. പുസ്തകങ്ങൾ വീട്ടിലുണ്ടെങ്കിൽത്തന്നെയും നിങ്ങൾക്കു പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. ദേവേന്ദ്രനു നപുംസകത്വമുണ്ടെങ്കിൽ അയാളുടെ ചുറ്റും ഉർവ്വശിയും രംഭയും മേനകയും തിലോത്തമയും മറ്റും വന്നു നിന്നാൽ എന്തു പ്രയോജനം?
ക്ലിന്റന്റെ രഹസ്യജീവിതത്തിൽ ആളുകൾ ഇത്ര ക്ഷോഭിക്കുന്നതെന്തിന്ന്? അദ്ദേഹത്തിന്റെ സ്ത്രീജിതത്വം ഭരണകാര്യങ്ങളെ ബാധിക്കില്ലല്ലോ
- ക്ലിന്റൺ തെറ്റുകാരനാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഒരു വലിയ രാജ്യത്തിന്റെ അധികാരി ഇത്തരത്തിൽ പ്രവർത്തിച്ചാൽ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടമാകും. ഓഫീസിലെ കാര്യക്ഷമത തകരും. അതു തകർന്നാൽ രാജ്യത്തിന്റെ ഡിസിപ്ലിൻ തകരും. അതോടെ രാജ്യം നശിക്കും.”
സമകാലികമലയാളം 1998 04 10
പ്രേമവിവാഹങ്ങൾ പരാജയപ്പെടുന്നത് എന്തുകൊണ്ട്?
- പലപ്പോഴും ഇതിനു ഉത്തരം നല്‍കിയിട്ടുണ്ട് ഞാൻ. എങ്കിലും ആവർത്തിക്കാം. വിവാഹത്തിനു മുൻപുള്ള സങ്കൽപ്പം വ്യാമോഹാധിഷ്ഠിതമാണ്. കാമുകി താൻ വിചാരിച്ചതുപോലെ ദേവതയല്ലെന്നു കാമുകനും കാമുകൻ താൻ കരുതിയതുപോലെ ദേവനല്ലെന്നും കാമുകി മനസ്സിലാക്കും. അതോടെ മോഹഭംഗവും അതിൽ നിന്നു വെറുപ്പും ജനിക്കുന്നു. വേറൊരു കാര്യം കൂടിയുണ്ട്. ഉത്കടവികാരങ്ങളെ നശിപ്പിക്കുന്നത് ആ വികാരങ്ങൾ തന്നെ. പുസ്തകക്കടയിൽ പുതിയ പുസ്തകമിരിക്കുന്നത് ഞാൻ കാണുന്നു. അതു മേടിക്കാനുള്ള ഉത്കടാഭിലാഷമെനിക്കു്. വാങ്ങിച്ചു വീട്ടിൽ കൊണ്ടു വച്ചാൽ അതിലുള്ള താല്പര്യം കെട്ടടങ്ങുന്നു. ഒരിക്കലും ഉത്കടവികാരങ്ങൾക്കു വിധേയരാവരുത്. ആയാൽ വിപരീതഫലമുണ്ടാകും.
സാഹിത്യം നന്നാക്കാനാണോ നിങ്ങൾ ശ്രമിക്കുന്നത്?
- നന്നാക്കാനൊന്നും എനിക്കു ഉദ്ദേശ്യമില്ല. കാണുന്ന കാര്യങ്ങൾ അതുപോലെ പറയുന്നു എന്നേയുള്ളൂ. വ്യക്തികളെപ്പോലും നന്നാക്കാൻ ലക്ഷ്യമില്ല. ഒരിക്കൽ പട്ടം താണുപിള്ള പ്രസംഗിക്കുന്നിടത്തു ഞാൻ ശ്രോതാവായി ഉണ്ടായിരുന്നു. കുറെ ആളുകൾ ഇരിക്കാതെ നിൽക്കുന്നതു കണ്ട് സമ്മേളനത്തിന്റെ പ്രവർത്തകർ അവരെ ഇരുത്താൻ ശ്രമിച്ചു. അതു മനസ്സിലാക്കിയ പട്ടം താണുപിള്ള പറഞ്ഞു: “ആരും ആരെയും ഇരുത്തേണ്ടതില്ല” അദ്ദേഹത്തിന്റെ മതമാണ് എന്റെതും. Take people as they are. ഉപദേശിച്ചോ വിമർശിച്ചോ അവരെ നന്നാക്കാൻ ഞാനാര്? അവർക്കുള്ള ദോഷങ്ങളുടെ ആയിരമിരട്ടി ദോഷങ്ങൾ എനിക്കു കാണും. അന്യനെ നന്നാക്കാൻ ശ്രമിക്കുക. സമുദായത്തെ നന്നാക്കാൻ ശ്രമിക്കുക ഇതൊക്കെ തിന്മയാണ്.
ഞാൻ പെണ്ണുകാണാൻ പോകുന്നു. എന്തൊക്കെയാണ് ഞാൻ അവളോടു ചോദിക്കേണ്ടത്?
- ഒന്നും ചോദിക്കേണ്ടതില്ല. നേരമ്പോക്കുകൾ പറഞ്ഞ് അവളെ ചിരിപ്പിക്കണം. ചിരിക്കുമ്പോൾ അതിന് ആകർഷകത്വമുണ്ടോ എന്നു നോക്കിക്കൊള്ളണം. ചിരിക്കുമ്പോൾ ഭംഗിയില്ലാത്ത പെണ്ണിനെ കെട്ടരുത്. അവളുടെ മുഖത്ത് ചിരി പടരുമ്പോൾ നുണക്കുഴി ഉണ്ടോ എന്നും കൂടി നോക്കണം. നുണക്കുഴി തെളിയുന്നെങ്കിൽ ഏറെ നന്ന്.
വായിച്ചില്ലെങ്കിൽ വലിയ നഷ്ടം എന്നു കരുതാവുന്ന ഒരു കാവ്യത്തിന്റെ പേരു പറയാമോ?
- റഷ്യൻ കവി പുഷ്കിന്റെ Bronze Horseman വായിക്കൂ; കലയുടെ മഹത്വം ഗ്രഹിക്കൂ.
കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ അദ്വിതീയൻ ആര്?
- പ്രൊഫസർ എം. എച്ച്. ശാസ്ത്രികൾ. പടിഞ്ഞാറൻ ദേശത്ത് അദ്ദേഹത്തെപോലെ ഒരു പണ്ഡിതനുണ്ടെങ്കിൽ അവിടത്തെ സർവകലാശാലകൾ തമ്മിൽത്തമ്മിൽ മത്സരിച്ച് അദ്ദേഹത്തെ വൈസ് ചാൻസലറാക്കിയേനേ. ഡി. ലിറ്റ് ബിരുദങ്ങൾ നല്കിയേനേ.
തെരഞ്ഞെടുപ്പിൽ തോറ്റവർ എന്തു ചെയ്യാതിരിക്കണം?
- അവർ തിരഞ്ഞെടുപ്പിൽ ജയിച്ചതായി സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു. (തിരയുക=Choose. തെരയുക=അന്വോഷിക്കുക. election എന്ന അർത്ഥത്തിൽ തിരഞ്ഞെടുപ്പ് എന്നെഴുതണം)
ഇംഗ്ലീഷിൽ എഴുതുന്ന ഇഡ്യൻ കവികളിൽ ആരാണു കേമൻ?
- തമ്മിൽ ഭേദം തൊമ്മൻ എന്ന മട്ടിൽ പറയുകയാണ്. സുദീപ് സെൻ. അദ്ദേഹത്തിന്റെ Postmarked India എന്ന കാവ്യസമാഹാരം വായിക്കുക.
സമകാലികമലയാളം 1998 04 17
മലയാള സാഹിത്യകാരന്മാരെ പുച്ഛമാണല്ലേ?
- അയ്യോ, പുച്ഛമൊട്ടുമില്ല. നല്ല സാഹിത്യകാരന്മാർ ഇവിടെയേറെയുണ്ട്. പക്ഷേ അമ്പതു കൊല്ലം കഴിഞ്ഞ് നിഷ്പക്ഷമായി രചിക്കുപ്പെടുന്ന മലയാള സാഹിത്യചരിത്രത്തിൽ ഇവർക്കുള്ള സ്ഥാനം ഫുട്നോട്ടുകളിൽ മാത്രമായിരിക്കും.
- നിങ്ങൾ ഇവിടെ തൽകാലത്തേക്കു മാത്രമുള്ള അതിഥി. മറ്റുള്ളവർ ആതിഥേയർ. അവരിൽ ആരെയും വേദനിപ്പിക്കരുത്.
ഞാൻ കല്യാണം കഴിക്കാൻ പോകുന്നു. എങ്ങനെ പെരുമാറണം ഞാൻ വധുവിനോട്?
- ഭാര്യയുമായി എന്നും വൈകുന്നേരം നടക്കാൻ പോകണം. അങ്ങനെ പോകുമ്പോൾ അവളെ തൊട്ടടുത്ത് നടക്കാൻ പറയണം. ചിലരെപ്പോലെ ഭാര്യയെ കാൽ ഫർലോങ് ദൂരെ പുറകിലായി നടത്തരുത്. ഒരുമിച്ചു നടക്കുമ്പോൾ നിങ്ങൾ മുണ്ട് മടക്കിക്കുത്തരുത്. വൾഗറാണത്.
- എന്റെ വീട്ടിന്റെ മുൻപിലുള്ള വയലിലെ നെല്ലോലകളുടെ ഇടയിൽക്കൂടി മന്ദവാതം അനവരതം ഒഴുകിക്കൊണ്ടിരിക്കും.
സാറേ പൊറുതിയില്ല. ഇവിടെയൊരുത്തൻ എന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നു. എന്തു ചെയ്യണം ഞാൻ?
- ഒന്നും ചെയ്യേണ്ടതില്ല. നേരിട്ടു നിങ്ങളോട് അത്തരത്തിൽ വല്ലതും പറഞ്ഞാൽ അവന്റെ പല്ലുകൾ കൊഴിയുമാറ് അടി കൊടുക്കണം. പിന്നെ നിങ്ങൾ നല്ലവനായതുകൊണ്ടാണ് അപവാദങ്ങൾ ഉണ്ടാകുന്നത്.
ശുദ്ധമായ മലയാളം എഴുതുന്നവർ ആരെല്ലാം?
- സി. വി. കുഞ്ഞുരാമൻ, ഈ. വി. കൃഷ്ണപിള്ള, എം. ആർ. നായർ, മന്നത്തു പദ്മനാഭൻ, എസ്. ഗുപ്തൻനായർ.
സമകാലികമലയാളം 1998 04 24
അജാതശത്രു എന്നാൽ അർത്ഥമെന്തു്?
- ശത്രുവില്ലാത്തവൻ അജാതശത്രു. ആരുടെയും ശത്രു അല്ലാത്തവനും അജാതശത്രുവാണു്. യുധിഷ്ഠിരനെ അജാതശത്രുവെന്നു പറയുന്നു.‘ഹന്ത ജാതമജാതാരേ: പ്രഥമേന ത്വയാരിണാ’ എന്നു മാഘമഹാകാവ്യത്തിൽ (അജാതശത്രുവായ ധർമ്മപുത്രർക്കു നീ തന്നെ ഒന്നാമത്തെ ശത്രുവായിബ്ഭവിക്കും) ജനനത്തിനു മുൻപുതന്നെ ശത്രുവെന്നും അർത്ഥം പറയാം. മഗധരാജാവിന്റെ മകൻ–ബിംബിസാരന്റെ മകൻ–അജാതശത്രുവായിരുന്നു. അച്ഛനെ കൊല്ലുകയും ബുദ്ധനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ആ അജാതശത്രു ജനനത്തിനു മുൻപുതന്നെ എല്ലാവരുടെയും ശത്രു ആയിരുന്നു.
ഗാന്ധിജിയെയും നെഹ്രുവിനെയും ജനങ്ങൾ ഒരേ തരത്തിൽ ബഹുമാനിച്ചിരുന്നു അല്ലേ?
- “നെഹ്രു ജീനിയസ്സയിരുന്നു. ബഹുജനം ജീനിയസ്സിനെ ബഹുമാനിക്കും. ഗാന്ധിജി സ്വഭാവഗുണത്തിന്റെ പ്രതീകമായിരുന്നു. സ്വഭാവശുദ്ധിയുള്ളവരെ ജനങ്ങൾ സ്നേഹിക്കും.” സ്വേച്ഛാധിപത്യ പ്രവണതയുള്ളവരെ ആളുകൾ പേടിക്കും. ഇന്ദിരാഗാന്ധിയെ ജനത പേടിച്ചു.
സാറേ ഈ ബഡ്ജറ്റ് എന്നു പറഞ്ഞാൽ എന്താണു്?
- ഒരു നികുതി ഇല്ലാതാക്കീട്ടു് വേറൊരു നികുതി വളരെക്കൂട്ടുന്ന ഏർപ്പാടു്.
നിങ്ങൾ നിരൂപകർക്കു മനസാക്ഷിയുണ്ടോ?
- ഞാൻ അങ്ങനെയൊരു നിരൂപകനല്ല. ലിറ്റററി ജേണലിസമാണു് എന്റേതു്. അതുകെണ്ട് താങ്കളുടെ ചോദ്യത്തിനു പ്രകരണ യോഗ്യതയില്ല. പിന്നെ കേരളത്തിലങ്ങനെ നിരൂപകരുമില്ല. എന്തായാലും ഇവിടെ സാഹിത്യത്തെക്കുറിച്ചു് എഴുതുന്നവർ കൂടുകാരുടെ പുസ്തകം കിട്ടിയാൽ മനസ്സാക്ഷിയെ ഉറക്കഗുളിക കൊടുത്തു ഉറക്കുന്നു. ശത്രുക്കളുടെ പുസ്തകം കിട്ടിയാൽ amphetamine sulphate കൊടുത്തു മനസ്സാക്ഷിക്കു് ഉത്തേജനം നല്കുന്നു.
സിനിമയിൽ പുരുഷന്മാർ ഡൻസ് ചെയ്യുന്നതു കാണുമ്പോൾ എനിക്കു് അറപ്പും വെറുപ്പും ഉണ്ടാകുന്നു. നിങ്ങൾക്കോ?
- എനിക്കു് അറപ്പുമില്ല വെറുപ്പുമില്ല. അതിമദ്യപൻ റോഡിലൂടെ തപ്പിയും തടഞ്ഞും വീണും എഴുന്നേറ്റും പതറിപ്പോകുമ്പോൾ നമുക്കു അയാളോടു സഹതാപമല്ലേ ഉണ്ടാവുക? പിന്നെ നൃത്തം സ്ത്രീകളുടെ കല മാത്രമാണു്. ബ്രാ ധരിച്ചു നൃത്തം ചെയ്യേണ്ട പുരുഷന്മാർ അതു ധരിക്കാതെ നെഞ്ചുകുലുക്കി ചാടുമ്പോൾ എനിക്കു ഛർദ്ദിക്കാൻ തോന്നും.
രാഷ്ടീയ നേതാക്കന്മാർ, ചലച്ചിത്ര നടന്മാർ, അധ്യാ
പകർ, സമൂഹ പരിഷ്കർത്താക്കൾ ഇവരുടെ ഓട്ടോഗ്രാഫുകൾ പെൺപിള്ളേർ വാങ്ങുന്നത് എന്തിനാണ്?
- എനിക്കുമുണ്ട് ആ സംശയം. അവരുടെ കൈയൊപ്പിനു പകരം വിരലടയാളം വാങ്ങിയാൽ പിന്നീട് പോലീസ് ഡിപ്പാർട്ടുമെന്റിന് ഉപകാരപ്പെടും.
ഏതു മണ്ടനും വിമർശിക്കാം. അന്യനെ ആക്ഷേപിക്കാം. ശരിയല്ലേ?
- ശരിയാണ് താങ്കൾ തന്നെ ഇപ്പോൾ രണ്ടും നടത്തുന്നല്ലോ?
സമകാലികമലയാളം 1998 05 01
കാമുകിക്കും കാമുകനും പ്രേമിക്കാൻ നല്ല സ്ഥലമേത്? മ്യൂസിയം പാർക്കോ യൂണിവേഴ്സിറ്റി ലൈബ്രറിയോ?
- രണ്ടും കൊള്ളാം. കാഴ്ചബംഗ്ലാവിലെ പൂന്തോട്ടത്തിലാണെങ്കിൽ പ്രേമം പരിമളമേറ്റ് ഉത്കൃഷ്ടമാവും. ലൈബ്രറിയിലാണെങ്കിൽ സാഹിത്യസൃഷ്ടികളുടെ സൗന്ദര്യം കലർന്ന് അത് കൂടുതൽ ഭംഗിയുള്ളതായിത്തീരും.
നിങ്ങൾ പ്രസംഗിക്കൽ നിറുത്തിയത് എന്തുകൊണ്ട്?
- പുതുതായി ഒന്നും പറയാനില്ലാത്തതുകൊണ്ട്. ഞാൻ ആവിഷ്കരിക്കുന്ന ആശയങ്ങളെക്കാൾ പ്രൗഢങ്ങളായ ആശയങ്ങൾ ശ്രോതാക്കൾക്ക് ഉണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ട്. ഞാൻ സഞ്ചരിക്കുന്ന കാറ് സൂപർ ഫാസ്റ്റ് ബസ്സ് വന്നിടിച്ച് എനിക്ക് മരണം സംഭവിക്കുമെന്നുള്ളതുകൊണ്ട്. മൂന്നുതവണ ആ കൂട്ടിയിടിക്കലുണ്ടായി. ദൗർഭാഗ്യത്താൽ രക്ഷപ്പെട്ടു.
- നിങ്ങൾ മാത്രം വീട്ടിൽ താമസിക്കുന്നു. പട്ടണത്തിൽ പോയിട്ട് തിരിച്ച് വീട്ടിന്റെ ഗെയ്റ്റിൽ എത്തുമ്പോൾ പൂട്ടിയിട്ട ഭവനത്തിനകത്ത് നിന്ന് റ്റെലിഫോൺ മണിനാദം ഇടവിടാതെ കേൾക്കുന്നു. തിടുക്കത്തിൽ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ ദീർഘനേരം ഉണ്ടായിരുന്ന മണിനാദം നിലയ്ക്കുന്നു. അപ്പോൾ ഭയമുണ്ടാകും. എനിക്കു ചില കവിതകളിൽ ഫുട്നോട് ഏറെക്കാണുമ്പോഴും പേടിയുണ്ടാകുന്നു.
- വിനയം
- സ്കോട്ട്ലൻഡിലെ ജോൺ ബയർഡ്. 1946-ലാണ് അദ്ദേഹം മരിച്ചത്. സ്വാഭാവിക മരണമായിരിക്കാനിടയില്ല. അദ്ദേഹം കണ്ടുപിടിച്ച റ്റെലിവിഷനിലെ സീരിയൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഹൃദയസ്തംഭനം വന്നിരിക്കും.
സ്ത്രീയുടെ സൗന്ദര്യം ഇത്ര ആകർഷണീയമായത് എന്തുകൊണ്ട്?
- അറിഞ്ഞുകൂടാ. ഒരിക്കൽ ഞാൻ തിരുവനന്തപുരത്തെ മൃഗശാലയിൽ കുരങ്ങിൻകൂട്ടിനടുത്തു നിൽക്കുകയായിരുനു. കൂട്ടിനകത്തുള്ള ഒറ്റകുരങ്ങൻ എന്റെ അടുത്തു നിന്ന സുന്ദരിയെ ഏതാണ്ട് അഞ്ചു മിനിറ്റോളം കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. അവൾ പോയപ്പോൾ കുരങ്ങനും കൂട്ടിനകത്തേക്കു നിരാശതയോടെ പോയി. അത്രയ്ക്കാണ് ആകർഷകത്വം. ആകർഷണീയം എന്നാൽ to be attracted എന്നാണ് അർത്ഥം. നിങ്ങളുടെ പ്രയോഗം തെറ്റ്.
നമ്മുടെ രാജ്യത്ത് എപ്പോൾ തിരഞ്ഞെടുപ്പ് ഉണ്ടായാലും ഒരു പാർട്ടിക്കു ഭൂരിപക്ഷം കിട്ടുന്നില്ല. എന്താവാം കാരണം?
- ആളുകൾക്കു രാഷ്ടവ്യവഹാരസംബന്ധിയായി സ്ഥിരതയുള്ള വിശ്വാസങ്ങളുണ്ട്. അവർ അത് ഒരിക്കലും മാറ്റുകയില്ല. ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടായാലും സ്ഥിതി ഇതുതന്നെയാവും.
സമകാലികമലയാളം 1998 05 08
കോളേജിലെ മ്യൂസിക്ക് പ്രഫസറും എം. എസ്. സുബ്ബലക്ഷ്മിയും പാടുമ്പോൾ എന്താവും നിങ്ങളുടെ പ്രതികരണം?
- മ്യൂസിക് പ്രഫസർ പാടുമ്പോൾ നമ്മൾ ശ്രീമതിയെ മാത്രം കാണുന്നു. സുബ്ബലക്ഷ്മി പാടുമ്പോൾ സംഗീതം മാത്രമേ നമ്മൾ കേൾക്കുന്നുള്ളു. സുബ്ബലക്ഷ്മിയെ കാണുന്നില്ല.
കാളിദാസനും കേരളകാളിദാസനും തമ്മിലെന്താണു സാദൃശ്യം?
- കാളിദാസൻ സാഗരം. കേരളകാളിദാസൻ സാഗരത്തിലെ ഒരു തുള്ളി.
സാഹിത്യകാരനും അയാളുടെ മുൻപിൽച്ചെന്നു ചോദ്യങ്ങൾ ചോദിക്കുന്ന പത്രപ്രവർത്തകനും തമ്മിൽ വ്യത്യാസം വല്ലതുമുണ്ടോ?
- പത്രപ്രവർത്തകൻ വിനയസമ്പന്നതയോടെ ബുദ്ധിശക്തി കാണിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നു. സാഹിത്യകാരൻ അഹങ്കാരത്തോടെ പൊള്ളയായ ഉത്തരങ്ങൾ നല്കുന്നു.
- അടുത്ത വീട്ടിൽ മരണം സംഭവിച്ചിരിക്കുമ്പോൾ സ്വന്തം വീട്ടിൽ ടെലിവിഷൻ സെറ്റ് പ്രവർത്തിപ്പിക്കുന്നതു് അധമത്വം.
- സംസ്കൃതത്തിൽ പിഷ്ടമെന്നാൽ പൊടിക്കപ്പെട്ടതു് എന്നു് അർത്ഥം. അതുകൊണ്ടു് പിട്ടു് എന്നാകാം.
വള്ളത്തോൾ, ഇടപ്പള്ളി രാഘവൻപിള്ള, ഇടശ്ശേരി?
- വള്ളത്തോൾ എന്റെ കവി. ഇടശ്ശേരി എനിക്കു കമ്യുവിന്റെ അന്യൻ. ഇടപ്പള്ളി ഞാൻ തന്നെ.
രചനയുടെ ബാലപാഠങ്ങൾ പറഞ്ഞുതരാമോ?
- ആശയം പ്രകാശിപ്പിക്കുന്നതിനു മാത്രമേ വാക്കുകൾ പ്രയോഗിക്കാവൂ. അതിവസ്ത്രധാരണം ചെയ്ത സ്ത്രീയോടും പുരുഷനോടും നമുക്കു പുച്ഛം. ആവശ്യത്തിലധികം ഫർണിച്ചർ വീട്ടിലിടുന്നവരോടു നമുക്കു പുച്ഛം. വേണ്ടാത്ത വാക്കുകൾ തിരുകുന്നവരോടും നമുക്കു പുച്ഛം.
സമകാലികമലയാളം 1998 05 15
മലയാളം എം. എ ക്ലാസ്സിൽ പഠിക്കാൻ വയ്ക്കുന്ന രാമചരിതം നല്ല കവിതയാണോ?
- അതൊരു മണൽക്കാടാണ്. സാക്ഷാൽ സഹാറാ മരുഭൂമിയിൽ മൃഗതൃഷ്ണയെങ്കിലും കാണും. രാമചരിതമെന്ന സഹാറയിൽ അതുപോലുമില്ല.
തോമസ് ഹാർഡിയോ ജോർജ്ജ് എല്യറ്റോ വലിയ നോവലിസ്റ്റ്?
- എനിക്കിഷ്ടം ജോർജ്ജ് എല്യറ്റിന്റെ നോവലുകൾ. അവരുടെ നോവലുകൾക്കുള്ള മഹത്ത്വം ഹാർഡിയുടെ നോവലുകൾക്കില്ല എന്നും എനിക്കു തോന്നിയിട്ടുണ്ട്.
- ഈശ്വരഭക്തിയാണോ താങ്കൾ ലക്ഷ്യമാക്കുന്നത്? എങ്കിൽ പറയട്ടെ. നമ്മൾ ആഹാരം കഴിക്കുന്നു എന്നത് കൊണ്ട് ദിവസം ഇരുപത്തിനാലു മണിക്കൂറും ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നില്ല. പുസ്തകം വായിക്കുന്നു നമ്മൾ. പക്ഷേ ഏതുസമയയവും പുസ്തകം വായിക്കുന്നില്ല. ഈശ്വരഭക്തി ആകാം. എന്നാൽ എപ്പോഴും ഭക്തി കൊണ്ടു നടക്കുന്നതു മാനസിക രോഗത്താലാണ്. അല്ലെങ്കിൽ കുറ്റം ചെയ്തതിന്റെ ഫലമായിട്ടാണ്. ലൗകിക ജീവിതം നയിച്ചുകൊണ്ട് അധ്യാത്മിക ജീവിതം നയിക്കാനേ ഋഷികൾ നമ്മളോടു പറഞ്ഞിട്ടുള്ളൂ.
- കാമുകന്റെ അസ്ഥിപഞ്ജരം.
- കല്യാണം കഴിക്കാത്ത സ്കൗൻഡ്രലാണ് കല്യാണം കഴിച്ച സ്കൗൻഡ്രലിനെക്കാൾ ഭേദമെന്നു ബാബുറാവു പട്ടേൽ പറഞ്ഞിട്ടുണ്ട്.
ഇസ്മയിൽ കഡാറിയുടെ നോവലുകളെക്കുറിച്ച് എന്താണ് അഭിപ്രായം?
- അൽബേന്യയിലെ നോവലിസ്റ്റിനെക്കുറിച്ചാണോ താങ്കൾ ചോദിക്കുന്നത്. ഇസ്മയിൽ കാദാറേ എന്നു പറയണം. അദ്ദേഹത്തിന്റെ മാസ്റ്റർപീസ് The Palace of Dreams എന്ന നോവലാണ്. നല്ല രചന. പക്ഷേ അത് ഒരുതരം റിഡക്ഷനിസമാണ്. സ്റ്റാലിന്റെ കാലത്തുണ്ടായ നോവലുകൾ റിഡക്ഷനിസത്തിൽ പെടുന്നതുപോലെ കാദാറേയുടെ ആന്റി സോവിയറ്റ് നോവലുകളും റിഡക്ഷനിസത്തിൽ പെടുന്നു. ആഹിത്യം വലിയ പാറ്റേണുകളെ അംഗീകരിച്ചില്ലെങ്കിൽ അതിനു ന്യൂനത്വം വന്നുപോകും.
സതീഷ് ഗുജ്റാലിന്റെ കലാസൃഷ്ടികളെക്കുറിച്ച് എന്തു പറയുന്നു?
- ബീഭത്സങ്ങൾ. നാലുവയസ്സായ കുട്ടി വരച്ചുവയ്ക്കുന്ന ബീഭത്സ ചിത്രങ്ങളെക്കാൾ ബീഭത്സതയുണ്ട് ഗുജ്റാലിന്റെ സൃഷ്ടികൾക്ക്.
സമകാലികമലയാളം 1998 05 22
നമ്മുടെ നിരൂപകരുടെ ദോഷമെന്താണ്?
- രക്ഷാധികാരിയായിച്ചമഞ്ഞാണ് ഓരോ നിരൂപകനും എഴുതുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള്, ജോസഫ് മുണ്ടശ്ശേരി, കുട്ടിക്കൃഷ്ണമാരാർ ഇവരുടെ patronising attitude കൂടുതലാണ്. എം. ആർ നായർ (സഞ്ജയൻ), എസ്, ഗുപ്തൻ നായർ ഇവർക്ക് ഈ ദോഷം ഇല്ല.
ഷെല്ലിയും റ്റി. എസ്. എലിയട്ടും ഒരു പോലെയല്ലേ?
- ഷെല്ലി. ഇംഗ്ലീഷിൽ പറഞ്ഞാൽ divinely inspired ആണ്. ഈ ഐശ്വരമായ പ്രചോദനം റ്റി. എസ്. എല്യറ്റിനില്ല.
വയലാർ രാമവർമ്മ ആരെന്ന് നിങ്ങൾക്കറിയാമോ ഹേ?
- ചങ്ങമ്പുഴ എന്ന കാറ്റടിച്ചു നിലത്തു വീഴാൻ പോകുന്ന രാമവർമ്മ എന്ന മണമില്ലാത്ത പൂവിനെ വയലാർ രാമവർമ്മ എവോർഡ് എന്ന ക്രൂരഹസ്തം ഞെട്ടിൽപ്പിടിച്ചു നിറുത്തിക്കൊണ്ടിരിക്കുന്നു. എന്ന് ആ കൈ മാറുമോ അന്ന് ആ പൂവ് താഴെ വീഴും. ഹസ്താവലംബമില്ലാതെ താഴെ വീണുകഴിഞ്ഞ സൗരഭ്യമാർന്ന പൂവാണ് പി. കുഞ്ഞിരാമൻ നായർ.
- അന്യന്റെ വീട്ടിൽച്ചെന്നാൽ പതിനഞ്ചുമിനിറ്റിലധികം അവിടെയിരിക്കാത്തവൻ മാന്യൻ.
സർക്കാരുദ്യോഗസ്ഥനു രണ്ടു ഭാര്യമാർ പാടില്ല എന്ന നിയമം റദ്ദ് ചെയ്യേണ്ടതല്ലേ?
- ഉദ്യോഗസ്ഥനോടു കാരുണ്യമുള്ളതുകൊണ്ടാണു സർക്കാർ ആ നിയമം വച്ചിരിക്കുന്നത്. ഒന്നേ സഹിക്കാൻ വയ്യ. അപ്പോൾ രണ്ടായാൽ എന്താവും അയാളുടെ സ്ഥിതി?
മിക്ക കുടുംബജീവിതവും പ്രശാന്തമല്ലേ നമ്മുടെ നാട്ടിൽ?
- അമ്മ ഉത്കണ്ഠയോടുകൂടി അർദ്ധരാത്രി സമയത്തു റോഡിലേക്കു നോക്കുകയായിരിക്കും മകൻ തിരിച്ചെത്തുന്നതു കാണാൻവേണ്ടി. അവന്റെ ഭാര്യ കട്ടിലിൽ കിടന്ന് ദീർഘനിശ്വാസം പൊഴിച്ച് ‘എന്റെ ഗതിയിതായല്ലോ ഈശ്വര’ എന്നു സ്വയം പറയും. അനിയത്തി ‘ചേട്ടനെ കാണുന്നില്ലല്ലോ’ എന്നു പറഞ്ഞു കൂടെക്കൂടെ വാതിൽ തുറന്നു നോക്കും. മകൻ ആ സമയത്ത് മദ്യക്കുപ്പിയെടുത്തു കൂടെക്കുടിക്കുന്നവനെ അടിക്കുകയായിരിക്കും ഏതോ ഒരു മദ്യഷോപ്പിലിരുന്ന്. ഇതാണു പല കുടുംബങ്ങളിലെയും പ്രശാന്തജീവിതം.
സമകാലികമലയാളം 1998 05 29
ചില സാഹിത്യകാരന്മാരുടെ കാര്യം വരുമ്പോൾ നിങ്ങൾ മിണ്ടുന്നില്ല. ഇത് വഞ്ചനയല്ലേ?
- ആ മൗനമാണ് ഏറ്റവും വലിയ വിമർശനം.
ലൈംഗിക വികാരമെന്നാൽ എന്താണ് സാറേ?
- ഭാര്യയെ കാണുമ്പോൾ ഇല്ലാതാകുന്നത്.
കുഞ്ഞുങ്ങളെ അമ്മ സ്നേഹിക്കുന്നതുപോലെ അച്ഛൻ സ്നേഹിക്കുന്നില്ല. എന്താണ് കാരണം?
- അരിസ്റ്റോട്ടിൽ അതിന് ഉത്തരം നൽകിയിട്ടുണ്ട്. കുഞ്ഞുങ്ങൾ തന്റേതാണെന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്. അച്ഛന് അതില്ലതാനും.
- ജീനിയസ്സ് മുപ്പത്തിമൂന്നാമത്തെ വയസ്സിലോ അതിനു മുൻപോ മരിക്കുമെന്ന് ആരോ പറഞ്ഞതായി എനിക്കോർമ്മയുണ്ട്. അതുകൊണ്ട് ഇന്ന് ആ പ്രായം കഴിഞ്ഞു ജീവിച്ചിരിക്കുന്നവർ ജീനിയസ്സുകളല്ല എന്നതു തീർച്ച.
- കാറോടിക്കുന്നയാൾ കാസറ്റ് സംഗീതം യാത്രക്കാരെ കേൾപ്പിക്കുന്നത്. ഇത് സർക്കാർ നിരോധിക്കേണ്ടതാണ്.
- ഞാൻ സോക്രട്ടീസല്ലല്ലോ, വിഷം കുടിക്കാൻ.
- കാണും. ചിലർക്ക് ഹൃദയാഘാതം വരാറുണ്ടല്ലോ.
സമകാലികമലയാളം 1998 06 05
‘Rose is a rose is a rose’ എന്നു ജർട്രൂഡ് സ്റ്റീൻ പറഞ്ഞതുപോലെ വേറെ ആരെങ്കിലും അതുപോലെ വല്ലതും പറഞ്ഞിട്ടുണ്ടോ?
- ഗർട്രൂഡ് സ്റ്റൈൻ (Gertrude Stein 1874-1946) എന്ന അമേരിക്കനെഴുത്തുകാരി Rose is a rose is a rose is a rose എന്നു് പറഞ്ഞു. അതുപോലെ മറ്റാരെങ്കിലും പറഞ്ഞതായി എനിക്കറിവില്ല. സ്റ്റൈൻ തന്നെ To write is to write is to write is to write is to write is to write is to write is to write എന്നെഴുതിയിട്ടുണ്ടു്
നിങ്ങൾ നിരൂപകനല്ല. പത്താംതരം ജേർണലിസ്റ്റാണു് എന്നു ഞാൻ പറഞ്ഞാൽ ദേഷ്യം വരുമോ?
- സത്യം പറയുമ്പോൾ ഞാൻ കോപിക്കുന്നതെന്തിനു്? ജേണലിസ്റ്റിനെ ജേർണലിസ്റ്റാക്കിയാൽ ദേഷ്യം വരും എനിക്കു്.
മദ്യനിരോധനത്തെക്കുറിച്ചു് എന്താണു് അഭിപ്രായം?
- ഇതിനു ഉത്തരം നല്കാൻ ‘പ്ലാറ്റിറ്റ്യൂഡേ’ എന്റെ തൂലികയിലുള്ളു. ലഹരിയില്ലാത്ത എന്തെങ്കിലും ഉണ്ടോ? ചായ, കാപ്പി, അരിഷ്ടം ഇവയൊക്കെ ലഹരി ഉളവാക്കും. മദ്യത്തിനു ലഹരി കൂടും. ഒരളവിൽ ഇതു കഴിച്ചാൽ ദോഷമില്ല. ദക്ഷിണഭാരതത്തിലെ പ്രമുഖനായ ഒരു കാർഡിയോളജിസ്റ്റ് എന്നൊടു പറഞ്ഞു ഉറങ്ങാൻ പോകുന്നതിനു മുൻപു് കുറച്ചു് ബ്രാൻഡി കഴിക്കുന്നതു് നല്ലതാണെന്നു്: രക്തധമനികൾക്കു് അതു വികാസം നല്കുമെന്നു്. ഞാൻ അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു് പ്രവർത്തിച്ചിട്ടില്ല. പച്ചവെള്ളം പോലും കൂടുതൽ കുടിച്ചാൽ ചത്തുപോകില്ലേ? മദ്യം നിരോധിക്കാനുള്ള ചിലരുടെ യത്നങ്ങൾ വ്യർത്ഥങ്ങളാണു്.
മാന്യതയുള്ള മനസ്സു്. മാന്യതയുള്ള പ്രവർത്തി. ഇവ രണ്ടും ചേർന്ന ഒരു സാഹിത്യകാരനുണ്ടോ കേരളത്തിൽ?
- ഉണ്ടു്. ശ്രീ. ഒ.വി.വിജയൻ.
- മണ്ടന്മാർക്കു്. തിരുമണ്ടന്മാർക്കു പണം ചെലവാക്കാനുള്ള ഒരു മാർഗ്ഗം. പണ്ടു് ലോട്ടറി കുറ്റകരമായിരുന്നു. ഇന്നു് തികച്ചും ആദരണീയം.
Ondaatje എന്ന വിശ്രുത സാഹിത്യകാരന്റെ പേരു് ഉച്ചരിച്ചിരിക്കുന്നതെങ്ങനെ?
- ആൻദാചേ എന്നു്.
മുത്തച്ഛന്മാരും മുത്തശ്ശികളും വീട്ടിൽ അധികപ്പറ്റല്ലേ?
- തെറ്റുചെയ്യുന്ന പേരക്കുട്ടികളെ അച്ഛനോ അമ്മയോ ശിക്ഷിക്കാൻ ഒരുമ്പെടുമ്പോൾ അതിലിടപെട്ടു് അവരെ (പേരക്കുട്ടികളെ) അധാർമ്മികമായി രക്ഷിക്കുന്നവരാണ് അപ്പൂപ്പനും അമ്മൂമ്മയും. അതിനാലാണു് പേരക്കുട്ടികൾ ആ വൃദ്ധരെ അച്ഛനമ്മമാരെക്കാൾ കൂടുതൽ സ്നേഹിക്കുന്നതു്. കുട്ടികൾക്കു് അവർ അധികപ്പറ്റല്ല.
സമകാലികമലയാളം 1998 06 12
യൗവനമോ വാർദ്ധക്യമോ കൂടുതൽ കാലം നിൽക്കുന്നത്?
- വാർദ്ധക്യം എന്നൊരവസ്ഥയേയില്ല. എൺപതു വയസ്സായവന്റെ മനസ്സും യൗവനത്തിന്റേതാണ്.(യൗവനമെന്നേ എഴുതാവൂ. യൗവ്വനം തെറ്റ്.)
ഞാൻ ഡോക്ടറാണ്. എന്റെ ജോലിക്കു ചേർന്ന ഒരു ഉപദേശം തരാമോ?
- മരിക്കാൻ ആഗ്രഹിക്കുന്ന ആളിനെ താങ്കൾ ജീവിപ്പിക്കരുത്. മരണം സുനിശ്ചിതമാണെന്നു കണ്ടാൽ രക്തം കൂടെക്കൂടെ മാറ്റിയും ഡയാലിസിസ് നടത്തിയും കഷ്ടപ്പെടുത്തരുത്. പാവം ജയപ്രകാശ് നാരായണനെ ഡോക്ടർമാർ എത്രമാത്രം ഉപദ്രവിച്ചു.
ഇംഗ്ലിഷ് ഭാഷയെ ഗളഹസ്തം ചെയ്യേണ്ടതല്ലേ?
- ഈസ്റ്റിൻഡ്യ കമ്പനിയും പീന്നിട് വിക്ടോറിയ രാജ്ഞിയും ഇംഗ്ലിഷ് ഭാഷ ഇന്ത്യയിൽ അടിച്ചേൽപ്പിച്ചതാണെങ്കിലും അത് ഉപകാരപ്രദമായതേയുള്ളൂ. സമ്പന്നതയും ഭംഗിയും ഉള്ളതാണ് ആ ഭാഷ. അതാണ് നമ്മളെ സംസ്കാരമുള്ളവരാക്കിയത്. മലയാളം മാത്രം പഠിച്ചാൽ നമ്മൾ കാടത്തത്തിലേക്കു പോകും. ഇംഗ്ലീഷ് വിദേശിയുടെ ഭാഷയല്ല. നമ്മുടെ ‘മാതൃഭാഷ’ തന്നെയാണ്. ലോകമാകെ ഇംഗ്ലീഷ് ഭാഷയ്ക്കാണു പ്രാധാന്യം.
അസാധാരണമായ ബുദ്ധിശക്തി. അസാധാരണമായ നിഷ്കളങ്കത-ഇവയിൽ നിങ്ങൾ ഏതിനെ ആരാധിക്കുന്നു?
- ബുദ്ധി കൂടിയവൻ എപ്പോഴും ദുഷ്ടനായിരിക്കും. പൊലീസുകാരന്റെ കൈയിൽ അകപ്പെട്ട കുഞ്ഞ് പലഹാരക്കടയിലേക്കു വിരൽ ചൂണ്ടുന്നുവെന്ന ജാപ്പാനീസ് പഴഞ്ചൊല്ലിലെ നിഷ്കളങ്കതയാണ് എനിക്കിഷ്ടം
- ഹെഡ്മാസ്റ്റർ. കോളേജ് പ്രിൻസിപ്പലിനെക്കാൾ ഞാൻ ബഹുമാനിക്കുന്നത് സ്ക്കൂൾ ഹെഡ്മാസ്റ്ററെയാണ്. കൈനിക്കര കുമരപിള്ള. രാമൻ നമ്പീശൻ (പിന്നീട് കൊട്ടാരത്തിലെ സർവാധികാര്യക്കാരായി) ഇവർ ഏതു പ്രിൻസിപ്പലിനെക്കാളും ഉന്നതരാണ്.
നിങ്ങളുടെ ഒരു പുസ്തകത്തെയും നിങ്ങളെയും വിമർശിച്ചിരിക്കുന്നല്ലോ ഒരു വാരികയിൽ. എന്താണ് അഭിപ്രായം?
- ഞാൻ ആ വാരിക നോക്കാതെയായിട്ടു കാലമേറെയായി. നിങ്ങളുടെ ചോദ്യം കിട്ടിയതിനുശേഷം ഞാൻ അതു തേടിപ്പിടിച്ചു വായിച്ചു. അതിലെ ലേഖനം വിമർശനമല്ല. ആണുങ്ങൾ അന്തസ്സായി നിർവഹിക്കുന്നതാണ് വിമർശ
സമകാലികമലയാളം 1998 06 19
- തീർച്ചയായും കുഞ്ഞുങ്ങളെ കൊണ്ടു പോകരുത്. അവർ ആതിഥേയന്റെ ടെലിഫോൺ എടുത്തു താഴെയിടും. കൗതുകവസ്തുക്കൾ പൊട്ടിക്കും. ചിലപ്പോൾ തൊണ്ട തുറന്നു നിലവിളിക്കുകയും ചെയ്യും. ഇതൊക്കെ അസഹനീയങ്ങളാണ്.
നിങ്ങൾ പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ടല്ലോ. ഏതു സ്ഥലമാണ് നല്ലത്?
- ചിറ്റൂർ. തത്തമംഗലം ചിറ്റൂരാണ്. അവിടെ ജലദോഷം തൊട്ടു കാൻസർ വരെയുള്ള രോഗങ്ങൾക്കു ‘നോവൽജിൻ’ എന്നു എഴുതിക്കൊടുത്തിരുന്ന ഒരു ഡോക്ടറൊഴിച്ചാൽ വേറെ ഡോക്ടർമാർ അക്കാലത്തില്ലായിരുന്നു. ഡോക്ടർമാർ ഇല്ലെങ്കിൽ രോഗം വരില്ല. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ഡോക്ടർമാരുടെ സംഖ്യ കൂടുതൽ. അതുകൊണ്ട് ആ പട്ടണങ്ങളിൽ രോഗികൾ ഏറെയുണ്ട്.
ഏതുപദേശം നിങ്ങളെ മാനസികമായി ഉയർത്തി?
- പ്രോവൈസ്ചാൻസലറായിരുന്ന പി. ആർ. പരമേശ്വരപ്പണിക്കർ നീതിയോടെ പെരുമാറുന്നില്ലെന്നു കാണിച്ച് ഞാൻ അക്കാലത്തെ വൈസ് ചാൻസലർ രാമസ്വാമി മുതലിയാർക്കു പെറ്റിഷൻ കൊടുത്തു. അതിനു ശേഷം ഞാൻ പണിക്കർസാറിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: “കൃഷ്ണൻനായർക്കു പരാതി കൊടുക്കണമെന്നു തോന്നിയാൽ അതു കൊടുത്തു കൊള്ളൂ. എൻ. ഗോപാലപിള്ളയുടെ പ്രേരണയനുസരിച്ച് അതു ചെയ്യരുത്. ചതുരംഗം കളിക്കാം നിങ്ങൾക്ക്, ചതുരംഗപ്പലകയിലെ കാലാളായി നിങ്ങൾ മാറരുത്”. പണിക്കർസാറിന്റെ ഉപദേശമനുസരിച്ചാണ് ഞാൻ പിന്നീട് ജീവിച്ചത്. ഇതിന്റെ കൂടെ പറയട്ടെ, എൻ. ഗോപാലപിള്ള പറഞ്ഞിട്ടല്ല ഞാൻ പരാതി കൊടുത്തത്.
- ആവശ്യമുള്ളതു പറഞ്ഞിട്ട് മിണ്ടാതിരിക്കണം. അടുത്തിരിക്കുന്നവന്റെ മുഖത്തു നോക്കരുത്. അയാൾ എന്തു ഭക്ഷിക്കുന്നുവെന്ന് നോക്കരുത്.
- അറിഞ്ഞുകൂടാ. ഇന്ത്യയുടെ ഇപ്പോഴത്തെ ചരിത്രം ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെ.
പരദൂഷണം നടത്തുന്നവരെ നേരിടുന്നത് എങ്ങനെ?
- മറ്റുള്ളവരുടെ ദൃഷ്ടിയിൽ ആദരണീയമായ ജീവിതം നയിച്ചാൽ മതി. അപ്പോൾ പരദൂഷണം നടത്തുന്നവർ പിന്മാറിക്കൊള്ളും. മറ്റുള്ളവരെ ദുഷിച്ചു പറയുന്നവർക്കു കുഷ്ഠരോഗം വരുമെന്നാണ് വിശ്വാസം. കുഷ്ഠരോഗം വന്നാൽ ആളുകൾ അടുക്കുകയില്ല. അപ്പോൾ താൻ പറയുന്നതു കേൾക്കാൻ ആളില്ലല്ലോ എന്നു കണ്ടു കുഷ്ഠരോഗി നാവടക്കി വയ്ക്കും.
പെൻഷൻ പ്രായം കൂട്ടുന്നതു ശരിയാണോ?
- ശരി. മാത്രമല്ല അറുപത്തിയഞ്ചു വരെ പെൻഷൻ പ്രായം ഉയർത്താം. ആ വയസ്സുതൊട്ടേ മനുഷ്യന്റെ ശാരീരികവും മാനസികവുമായ കഴിവുകൾ കുറയാൻ തുടങ്ങൂ.
1999
സമകാലികമലയാളം 1999 01 08
സമകാലികമലയാളം 1999 02 12
സമകാലികമലയാളം 1999 02 19
2002
സമകാലികമലയാളം 2002 04 26
സാമൂഹ്യ പരിഷ്കര്‍ത്താവായാല്‍ നിങ്ങള്‍ ഏതു പരിപാടിയെ പരിഷ്കരിക്കും?
- വിവാഹസദ്യയെ. പന്തലിലേക്കു് ആളുകളെ കയറ്റി വിടുന്നതു തൊട്ടു് അപമാനനം നടക്കുന്നു. ഇനി സ്ഥലമില്ല എന്ന മട്ടില്‍ പ്രവേശനസ്ഥലത്തു് ബലിഷ്ഠമായ കൈയെടുത്തുവച്ചു് ഒന്നോ രണ്ടോ പേര് നിന്നെന്നുവരും. സദ്യക്ക് ഇരിക്കാന്‍ പോകുന്നവന് അപ്പോള്‍ത്തന്നെ അപമാനിതനാകും. സദ്യയോ? ഇഞ്ചിക്കറി, മാങ്ങാക്കറി, ഇങ്ങനെ ഏറെക്കറികള്‍ കാക്ക കാഷ്ഠിച്ച മട്ടില്‍ വിളമ്പും. ആരും അതു കൈകൊണ്ടു തൊടില്ല. പിന്നെ അവിയലുണ്ട്. അതു കാക്കക്കാഷ്ഠത്തെക്കാള്‍ വലിപ്പം കുറഞ്ഞമട്ടിലേ വിളമ്പൂ. രണ്ടാമതു് അതു ചോദിക്കാന്‍ അഭിമാനം സമ്മതിക്കില്ല. വധുവിന്റെ അച്ഛനു് നടത്തമുണ്ട് ഉണ്ണുന്നവരുടെ ഇടയില്‍ക്കൂടി. അതും സഹിക്കാന്‍ വയ്യ (സമൂഹ പരിഷ്കര്‍ത്താവു് എന്നേ പറയാവൂ).
രോഗം ഭേദമാക്കുന്ന ഡോക്ടറോടു് നിങ്ങള്‍ക്കു നന്ദിയുണ്ടോ?
- ഉണ്ട്. നന്ദി മാത്രമല്ല. സ്നേഹമുണ്ടു്. പക്ഷേ എനിക്കുണ്ടായിരുന്ന രോഗം തന്നെ വേറൊരാളിനു ഉണ്ടായിരുന്നാല്‍ അതു ചികിത്സിച്ചു മാറ്റുന്ന ഡോക്ടറോടു് എനിക്കു് അബോധാത്മകമായ ശത്രുത വരും (എനിക്കു് എന്ന പദത്തില്‍ സാഹിത്യവാരഫലക്കാരനെ പ്രതിഷ്ഠിക്കരുതേ, സാമാന്യപ്രസ്താവം നിര്‍വഹിക്കുകയാണ് ഞാന്‍).
ഗ്രയ്റ്റ്നെസ് — മഹത്ത്വം — ഉള്ള ഒരാധുനിക മലയാള നോവലിന്റെ പേരു്?
- പാറപ്പുറത്തിന്റെ ʻഅരനാഴികനേരംʼ എന്ന നോവലില്‍ മഹത്വത്തിന്റെ അംശങ്ങള്‍ ഏറെയുണ്ടു്. മുകുന്ദനെയും മററും വാഴ്ത്തുന്ന തല്പരകക്ഷികള്ക്ക് ആ മഹത്ത്വാംശങ്ങള്‍ കാണാന്‍ കഴിവില്ല. പാറപ്പുറത്തിനെതന്നെ നമ്മള് വിസ്മരിച്ചുകഴിഞ്ഞു്.
നിങ്ങളുടെ മരണശേഷം സാഹിത്യവാരഫലത്തിന്റെ സ്ഥിതിയെന്താകും?
- സാഹിത്യവാരഫലം കൃഷ്ണന്‍നായരുടെ സൃഷ്ടിയല്ല. എസ്.കെ. നായരും വി.ബി.സി. നായരും പറഞ്ഞിട്ടല്ല അയാളത് എഴുതിത്തുടങ്ങിയതു്. സാഹിത്യവാരഫലത്തിലെ ആശയങ്ങള്‍ അന്തരീക്ഷത്തിലുണ്ടു്. കൃഷ്ണന് നായരെത്തേടി അവ വന്നുവെന്നേയുള്ളു. അയാള്‍ മരിച്ചാല്‍ മറ്റൊരാളെ ആ ആശയങ്ങള്‍ തേടിക്കൊള്ളും. ʻʻനിങ്ങളുടെ മരണത്തിന്നു ശേഷംˮ എന്നെഴുതണം. നിങ്ങളുടെ മരണശേഷം എന്നു പറഞ്ഞാല്‍ ʻനിങ്ങളുടെʼ എന്ന പ്രയോഗം അന്വയിക്കുന്നതു് ʻശേഷംʼ എന്ന പ്രയോഗത്തിലായിരിക്കും. ശൂരനാട്ടു കുഞ്ഞന്‍പിള്ളസ്സാറിനോടു് ഞാന്‍ ഇതിനെക്കുറിച്ചു് ചോദിച്ചു. അദ്ദേഹം എന്റെ മതം ശരിയാണെന്നു പറഞ്ഞു.
സിഗററ്റ് വലിക്കുന്നതു് നിറുത്തണമെന്ന് പല സ്നേഹിതന്മാരും എന്നോടു് പറയുന്നു. ഞാന്‍ എന്തു ചെയ്യണം?
- NO എന്നു് വലിയ അക്ഷരങ്ങളില്‍ എഴുതി പോക്കറ്റില്‍ ഇട്ടുകോള്ളണം. ഉപദേശിക്കാന്‍ വരുന്നവര്‍ക്കു് ആ തുണ്ടെടുത്ത് കാണിച്ചുകൊടുക്കണം. സിഗററ്റ് വലിക്കുന്നത് ഒരു Innocent pleasure മാത്രമാണ്. എണ്ണം കൂടാതിരുന്നാല്‍ മതി.
മലയാളം സിനിമകള്‍ വടക്കേയിന്ത്യയിലും വിദേശങ്ങളിലും പ്രദര്‍ശിപ്പിക്കാത്തതെന്തു്?
- വടക്കേയിന്ത്യയില്‍ പല സ്ഥലങ്ങളിലും വച്ചു് ഞാന്‍ മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. കാട്ടുപ്രദേശമായ ചാന്ദയില്‍ ഒരു സിനിമാശാലയില്‍ ഞാന്‍ ചെന്നുകയറിയപ്പോള്‍ മലയാള ചലചിത്രം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുന്നു. ഞാന്‍ അന്നു് പ്രണാനും കൊണ്ടോടി. Fabrication അതു ഉണ്ടാകുന്ന സ്ഥലത്തു് മാത്രം ഒതുങ്ങി നില്ക്കുകില്ല. പല പ്രദേശങ്ങളിലും ചെന്നെത്തും.
കുട്ടിക്കൃഷ്ണമാരാര്, എസ്. ഗുപ്തന്നായര്, ആഷാമേനോന് ഇവരുടെ നിരൂപണരീതികള്‍ വിശദമാക്കാമോ?
- കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണം offensive. ഗുപ്തന്‍നായരുടേതു് defensive. ആഷാമേനോന്റെ നിരൂപണത്തെക്കുറിച്ച് എനിക്കു പറയാനാവില്ല. മനുഷ്യന് മനസ്സിലാകുന്നതിനെക്കുറിച്ചല്ലേ അഭിപ്രായം പറയാനാവൂ.ˮ
സമകാലികമലയാളം 2002 05 24
സമകാലീന ജീവിതത്തിന്റെ പ്രത്യേകതയെന്തു്?
- ആധിക്യമാണു് സമകാലിക ജീവിതത്തിന്റെ സവിശേഷത. നെയ്ത്തിരി കത്തിച്ചുവച്ചു് പണ്ടു് ഞാന്‍ വായിച്ചിരുന്നു. ഇന്നു നൂറു വാട്സ് ബള്‍ബുണ്ടെങ്കിലേ വായിക്കാനാവൂ. പണ്ടു് ഞാന്‍ കാളവണ്ടിയില്‍ സഞ്ചരിച്ചു. ഇന്നു എനിക്കു വിമാനത്തില്‍ പോകാനാണു് കൗതുകം. രചനയില്‍ മിതം സാരം ച വചോഹി വാഗ്മിതാ — മിതവും സാരവത്തുമായ വാക്കാണു് വാഗ്മിത — എന്ന സാരസ്വതരഹസ്യം എഴുത്തുകാര്‍ മനസ്സിലാക്കിയിരുന്നു. കാലത്തെസ്സംബന്ധിക്കുന്നതു് കാലികം. സമകാലികം എന്നു പ്രയോഗിക്കുന്നതു് നന്നു്. പ്രത്യേകതയ്ക്കു പകരമായി സവിശേഷത എന്നാവണം. പ്രതി + ഏകം = പ്രത്യേകം. each എന്ന അര്‍ത്ഥമേയുള്ളു അതിനു്: excess-നെക്കുറിച്ചു് പൊള് വലേറി എഴുതിയ പ്രബന്ധം താങ്കള്‍ വായിക്കണം.
മലയാളത്തിലെ കവികള്‍ക്കുള്ള പ്രധാനപ്പെട്ട ദോഷമെന്തു്?ˮ
- കീര്‍ത്തി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ അശ്രാന്തപരിശ്രമം ചെയ്യുന്നു. വള്ളത്തോളും ചങ്ങമ്പുഴയും ഇടപ്പള്ളിയും ഇതു ചെയ്തിരുന്നില്ല. ജി. ശങ്കരക്കുറുപ്പ് തന്നാലാവും വിധം ഇതനുഷ്ഠിച്ചിരുന്നു. സാഹിത്യപരിഷത്തിന്റെ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയിട്ടു് അനേകം പ്രാദേശിക കവികളെക്കൊണ്ടു പ്രഭാഷണം ചെയ്യിപ്പിക്കുക, ശിഷ്യരെക്കൊണ്ടു് തന്റെ കവിതയെക്കുറിച്ചു് ലേഖനങ്ങള്‍ എഴുതിപ്പിക്കുക. ഗ്രന്ഥങ്ങള്‍ രചിപ്പിക്കുക ഇങ്ങനെ പലതും അദ്ദേഹത്തിന്റെ കൃത്യങ്ങളായിരുന്നു. ആനയ്ക്ക് അതിന്റെ ബലം അറിഞ്ഞുകൂടാ എന്നു പറയുന്നതുപോലെ ശങ്കരക്കുറുപ്പിനു് തന്റെ കവിതയുടെ മഹനീയത അറിഞ്ഞുകൂടായിരുന്നു. മലയാളത്തിലെ ഒരേയൊരു Cosmic കവിയാണു് അദ്ദേഹം. അതു് അദ്ദേഹത്തിനു് അറിയാമായിരുന്നില്ല.
കേരളത്തില്‍ ഉന്നതനായ ഒരു ഉദ്യോഗസ്ഥന് കേരള സര്‍വീസ് റൂള്‍സ് ലംഘിച്ചു് സര്‍ക്കാരിനെയും മന്ത്രിയെയും വിമര്‍ശിക്കുന്നതു ശരിയാണോ?
- ശരിയല്ല. സര്‍ക്കാരും മന്ത്രിയും തെറ്റുചെയ്താലും ഉദ്യോഗസ്ഥനു് വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശിക്കണമെങ്കില്‍ ജോലി രാജിവയ്ക്കണം. ജോലിയിലിരിക്കുമ്പോള്‍ സര്‍വീസിന്റെ ലിഖിതനിയമങ്ങള്‍ക്കും അലിഖിതനിയമങ്ങള്‍ക്കും ആ ഉദ്യോഗസ്ഥന് അടിമയാണു്. ബ്യൂറോക്രസിയുടെ നിയമമതാണു്. ഒരു സാധാരണ ബോംബിട്ടാല്‍ മണല്‍ക്കാടായി മാറുന്ന ചില കൊച്ചുരാജ്യങ്ങള്‍ അമേരിക്ക എന്ന Super power-നെ ഭീഷണിപ്പെടുത്തുമ്പോള്‍ എനിക്കു് ആ കൊച്ചുരാജ്യങ്ങളോടു പുച്ഛം തോന്നാറുണ്ടു്. സര്‍ക്കാര്‍ മഹാസ്ഥാപനമാണു്. അതു കൊടുക്കുന്ന ശംബളം പറ്റിക്കൊണ്ടു് അതിനെയും മന്ത്രിയെയും വിമര്‍ശിക്കുന്നതു് ശരിയല്ല. സി.പി. രാമസ്സ്വാമിയുടെ കാലത്താണെങ്കില്‍ ഇങ്ങനെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥനെ explanation പോലും വാങ്ങാതെ ഡിസ്മിസ് ചെയ്യുമായിരുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ പേരില്‍ ഇക്കൂട്ടര്‍ പുലരുന്നു.
നായ്ക്കുളില്‍ അമിതമായ താല്പര്യമുള്ള ചില സ്ത്രീകളുണ്ടു്. അവരെക്കുറിച്ചു്?
- അവര്‍ക്കു human beings-നെ സ്നേഹിക്കാന്‍ കഴിയുകയില്ല.
സാഹിത്യകാരന്മാര്‍ക്കു് ഉപേക്ഷിക്കാന്‍ വയ്യാത്ത ഗുണങ്ങള്‍ ഏവ?
- തലച്ചോറും ഹൃദയവും. ഭാഗ്യക്കേടുകൊണ്ടു് അവര്‍ക്കു് രണ്ടുമില്ല. തലച്ചോറില്ലാത്തതുകൊണ്ടു ഭ്രാന്തു് വരില്ല. ഹൃദയമില്ലാത്തതുകൊണ്ടു് ഹൃദയസ്തംഭനം അവര്‍ക്കു ഒരിക്കലും ഉണ്ടാകുകയില്ല.
ഛന്ദസ്സോടുകൂടി കവിതയെഴുതുന്നവരും അതില്ലാതെ കവിതയെഴുതുന്നവരും തമ്മില്‍ എന്തേ വ്യത്യാസം?
- നീലാന്തരീക്ഷത്തില്‍ ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്താണു് ഛന്ദസ്സോടുകൂടി കവിതയെഴുതുന്നവന്. ʻചൊട്ടച്ചാണ് വഴി ദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കുംʼ കോഴിയാണു് വൃത്തമില്ലാതെ കവിതയെഴുതുവന്നവന്‍.
സമകാലികമലയാളം 2002 06 14
ചന്ദ്രനില്‍ മനുഷ്യന് കാല് കുത്തിയതിനുശേഷം അതിനോടുള്ള മാനസികനിലയ്ക്കു മാറ്റം വന്നില്ലേ?
- ചന്ദ്രനില്‍ മനുഷ്യന് ഇറങ്ങിയ ദിനത്തിന്റെ അടുത്ത ദിവസത്തില്‍ ജി. ശങ്കരക്കുറുപ്പിന്റെ പ്രഭാഷണമുണ്ടായിരുന്നു തിരുവനന്തപുരത്തെ ടൗണ്‍ഹാളില്‍. അദ്ദേഹം പ്രഭാഷണത്തിനിടയ്ക്കു പറഞ്ഞു ʻമനുഷ്യര്‍ ദിവസവും ചന്ദ്രനിലേക്കു യാത്രചെയ്താലും പൂര്‍ണ്ണചന്ദ്രനെ കാണുമ്പോള്‍ വിരഹദു:ഖമനുഭവിക്കുന്ന സ്ത്രീക്ക് ദുഖം കൂടും. ഒരിക്കല്‍ പവനന് പ്രസംഗിക്കുന്നതു ഞാന്‍ കേട്ടു. അദ്ദേഹം മദ്രാസ് കടപ്പുറത്തു വെളുത്ത വാവിന്‍നാളില്‍ വിശന്നു കിടക്കുമ്പോള്‍ ആഗ്രഹിച്ചത്രേ ചന്ദ്രന് ദോശയായിരുന്നെങ്കില്‍, അതു തിന്നാന്‍ കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന്.
സന്താനങ്ങളോട് അച്ഛനമ്മമാര്‍ക്കു സ്നേഹം എത്ര വര്‍ഷം നില്ക്കും?
- പെണ്‍പിള്ളരോടുള്ള അവരുടെ സ്നേഹം കൂടിവന്നാല്‍ പത്തുവര്‍ഷം നില്ക്കും. ആണ്‍പിള്ളരോടുള്ള സ്നേഹം ഏഴുവര്‍ഷം നില്ക്കും. പിന്നെ നീരസമുണ്ടാകും. അവരോട് നീരസം ഇഷ്ടക്കേടില്‍ നിന്ന് ശത്രുതയിലേക്കു വളരും. ഇരുപതു വയസായ മകനെ അച്ഛനു കണ്ണിനു കണ്ടുകൂടാ എന്നാവും.
സ്ത്രീക്കു മഹാദുഃഖം ഉണ്ടാകുന്നതു എപ്പോള്‍?
- മകനെ അതിരറ്റു സ്നേഹിച്ച അമ്മ അവന്റെ വിവാഹത്തിനുശേഷം അമ്മായിഅമ്മയുടെ ദാസനായി മാറി തന്നെ കാണാന്‍ വരാത്തപ്പോള്‍. പല ആണ്മക്കളും ഇങ്ങനെ അമ്മമാരെ ദുഃഖിപ്പിക്കുന്നുണ്ട്.
എന്റെ ആപ്തമിത്രം ആഹാരത്തിനു വഴിയില്ലാതെ പട്ടിണി കിടക്കുന്നു. ഞാനും ആ സുഹൃത്തിന്റെ അടുത്തു ചെന്നുകിടക്കുന്നതല്ലേ ഉചിതം?
- നിങ്ങളുടെ ആ സ്നേഹിതന് കാറപകടത്തില്‍ പെട്ടു റോഡില്‍ കിടന്നാല്‍ നിങ്ങള്‍ അയാളെ റ്റാക്സിയില് കയറ്റി ആശുപത്രിയില്‍ കൊണ്ടുപോകുമോ അതോ അയാളുടെ കൂടെ റോഡില്‍ കിടക്കുമോ?
സാഹിത്യത്തെക്കൂറിച്ചു വിശാലവീക്ഷണമുള്ളവരല്ലേ നമ്മുടെ നിരൂപകര്‍?
- അവര്‍ക്കു സങ്കുചിത വീക്ഷണമേയുള്ളൂ. നിരൂപണ പ്രബന്ധങ്ങള്‍ എഴുതുന്ന ഒരു സ്ത്രീ വൈലോപ്പിള്ളിയുടെ ʻകുടിയൊഴിക്കലിനെʼ ക്കുറിച്ച് ആയിരമായിരം ലേഖനങ്ങള്‍ എഴുതിക്കഴിഞ്ഞു. ജി. ശങ്കരക്കുറുപ്പിന്റെ കവിതയെക്കുറിച്ച് വാ തോരാതെ പ്രസംഗികുന്നു; എഴുതുന്നു. ഇതു വിശാലവീക്ഷണമാണോ? ഒരു പുരുഷന് റ്റി. പദ്ഭനാഭനെക്കുറിച്ച് ഗ്രന്ഥമെഴുതി. കുട്ടികൃഷ്ണമാരാരെക്കുറിച്ച് ഗ്രന്ഥമെഴുതുമെന്ന് കേരളീയരെ ഭീഷണിപ്പെടുത്തുന്നു. പടിഞ്ഞാറന്‍ കഥാകാരന്മാരുടെ കഥകള്‍ വായിച്ചിട്ടുണ്ടെങ്കില്‍, കോള്‍റിജ്ജ്, എലിയറ്റ് ഇവരുടെ നിരൂപണങ്ങള്‍ വായിച്ചിട്ടുണ്ടെങ്കില്‍ പദ്മനാഭന്, മാരാര്‍, ഇവരെപ്പറ്റി അദ്ദേഹം ഗ്രന്ഥമെഴുതാന്‍ തുടങ്ങുമോ?
റോസാപ്പൂ, പിച്ചിപ്പൂ, മുല്ലപ്പൂ, ഇവയില്‍ ഏതു പൂവിന്റെ മണമാണ് നിങ്ങള്‍ക്കിഷ്ടം?
- എനിക്ക് ഈ പൂക്കളുടെ മണം ഇഷ്ടമല്ല പെട്രോളിന്റെ മണം ഇഷ്ടമാണ്.
ആറ്റൂര്‍ രവിവര്‍മ്മ, കെ. ജി. ശങ്കരപിള്ള ഇവരുടെ കവിതകള്‍ വായിക്കുന്നുണ്ടോ നിങ്ങള്‍?
- പഴയ റ്റെലിഫോണ്‍ ഡയറക്ടറി എന്റെ വീട്ടിലുണ്ട്. ഞാനതു വായിക്കുന്നു. നല്ല രസം.
|
|