close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 03 22


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 03 22
ലക്കം 601
മുൻലക്കം 1987 03 15
പിൻലക്കം 1987 03 29
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സംഭവമാണു ഞാനിവിടെ വിവരിക്കുന്നത്. എന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയെ തെക്കന്‍ തിരുവിതാംകൂറിലുള്ള ഒരു ഭയങ്കരന്‍ വിവാഹം കഴിക്കാനിടയായി. അയാളുടെയും അയാളുടെ അമ്മയുടെയും ക്രൂരതകൊണ്ട് അവള്‍ക്ക് ആ ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ വയ്യ എന്ന അവസ്ഥ വന്നുചേര്‍ന്നു. അവള്‍ ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞിന്റെ ജനനം കൊണ്ടു ദാമ്പത്യത്തിനു ദാര്‍ഢ്യമുണ്ടാകരുതെന്നു കരുതി അമ്മായി അവളുടെ ശരീരത്തിനകത്തു ക്വയിന കടത്തി. വെളുത്തു സുന്ദരിയായിരുന്ന അവള്‍ കറുത്തുനീഗ്രോ സ്ത്രീയായി മാറി സ്വന്തം വീട്ടിലേക്കു പോന്നു. അയാളുടെ അനുജന്‍ ബംഗാളിലോ മറ്റോ ജോലിക്കു പോയി മടങ്ങിവന്നപ്പോള്‍ അവിടെയുള്ള ഒരു ചെറുപ്പക്കാരിയെ ഭാര്യയാക്കി കൊണ്ടുവന്നു. അവള്‍ക്കു മാതൃഭാഷ മാത്രമേ അറിയാവൂ. ഇംഗ്ലീഷ് അറിഞ്ഞുകൂടാ. ആ പാവപ്പെട്ട പെണ്ണിനെയും അമ്മായിയമ്മ വല്ലാതെ പീഡിപ്പിച്ചു. ഒരു ദിവസം എനിക്കവളെ കാണാനിടവന്നു. കണ്ണീരൊഴുക്കിക്കൊണ്ട് അവള്‍ ജീവിതത്തിന്റെ കദനകഥ എന്നോടു സ്വന്തം ഭാഷയില്‍ പറഞ്ഞു. ഒരക്ഷരംപോലും എനിക്കു മനസ്സിലായില്ല. അമ്മയിയമ്മ ചൂടുപിടിപ്പിച്ച ചട്ടുകമോ മറ്റോ വച്ചു പൊള്ളിച്ച കൈ എന്റെ നേര്‍ക്കു നീട്ടി അവള്‍ അതുമിതും പുലമ്പി. തിരുവനന്തപുരത്തേക്ക് തിരിച്ചു പോരാന്‍ ബസ്സില്‍ കയറിയിരുന്നപ്പോള്‍ അകലെ കണ്ട ക്ഷേത്രത്തിലേക്ക് നോക്കി ഞാന്‍ ചോദിച്ചു: “ഈശ്വരാ, എനിക്കും എന്നെപ്പോലുള്ളവര്‍ക്കും അര്‍ത്ഥം പകര്‍ന്നുതരാന്‍ പ്രഗൽഭമായ ഒരു ഭാഷ അങ്ങ് അവള്‍ക്ക് നല്കാത്തതെന്താണ്?” കുറെ മാസങ്ങള്‍ കഴി‍ഞ്ഞ് അവിടെ നിന്ന് തിരുവനന്തപുരത്തെത്തിയ ഒരു സുഹൃത്തിനോട് ഞാന്‍ ചോദിച്ചു: “ആ ബംഗാള്‍ കാരിയുടെ ഇപ്പോഴത്തെ ജീവിതമെങ്ങനെ?” അയാള്‍ ശോകാകുലനായി മറുപടി നല്‍കി: “അറിഞ്ഞില്ലേ? അവള്‍ ഒരു ദിവസം കാലത്ത് റോഡ് മുറിച്ച് വിശാലമായ പറമ്പിലൂടെ നടന്നുപോകുന്നതു ചിലര്‍ കണ്ടു. പിന്നെ അവള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ബംഗാളില്‍ ജോലിയിലിരിക്കുകയാണ് ഭര്‍ത്താവ്. അയാള്‍ അവളുടെ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരിക്കില്ല. അമ്മായിയമ്മയ്ക്ക് അവള്‍ തിരിച്ചെത്താത്തതില്‍ സന്തോഷമേയുള്ളു.” നവീന മലയാളത്തിന്റെ ദുരവസ്ഥ കണ്ട് ഞാന്‍ ഈശ്വരനോട് ചോദിക്കുന്നു: “എനിക്കും എന്നെപ്പോലുള്ളവര്‍ക്കും അര്‍ത്ഥം പകര്‍ന്നുതരാന്‍ പ്രഗൽഭമായ ഒരു ഭാഷ അങ്ങ് മലയാള മങ്കയ്ക്ക് നല്കാത്തതെന്താണ്? ഇന്ന് അവള്‍ ദുര്‍ഗ്രഹമായ ഏതോ ഭാഷ സംസാരിക്കുകയാണല്ലോ. അവളുടെ തീവ്രയാതന അങ്ങു കാണുന്നില്ലേ?”

* * *

‘അമ്പതു വര്‍ഷങ്ങള്‍’ എന്നു മുകളിലെഴുതിയത് ശരിയോ എന്നു ഏതോ ഒരു വൈയാകരണന്‍ ചോദിക്കുന്നു. ശരിയെന്ന് എന്റെ ഉത്തരം. നപുംസക നാമങ്ങള്‍ക്കു ബഹുത്വം സൂചിപ്പിക്കുന്ന പ്രത്യയം വേണ്ടെന്നു എ.ആര്‍.രാജരാജവര്‍മ്മ എഴുതിയത് അത്രകണ്ട് ശരിയല്ല. ഒരു വര്‍ഷം പോലെയല്ല അടുത്ത വര്‍ഷം. അതിനാല്‍ വര്‍ഷങ്ങള്‍ എന്നു തന്നെ വേണം. ഒരു പറമ്പില്‍ തെങ്ങുകള്‍ പത്തുണ്ടെന്നു കരുതു. ഒരു തെങ്ങിനും വേറൊരു തെങ്ങിനും വ്യത്യാസമില്ലാത്തതു കൊണ്ട് പത്തു തെങ്ങ് എന്നു പ്രയോഗിക്കാം. എന്നാല്‍ പറമ്പില്‍ മാവ്, പ്ലാവ്, ഇങ്ങനെ വിഭിന്ന ജാതിയില്‍പ്പെട്ട പത്തു വൃക്ഷങ്ങള്‍ ഉണ്ടെങ്കില്‍ “പത്തു മരങ്ങള്‍” എന്നു പ്രയോഗിക്കണം. ഒരു ഉപന്യാസത്തില്‍ നിന്നു വിഭിന്നമാണ് മറ്റൊരു ഉപന്യാസം. അതിനാല്‍ പതിനഞ്ച് ഉപന്യാസങ്ങള്‍ എന്നേ പറയാവൂ. കുട്ടിക്കൃഷ്ണമാരാര്‍ “പതിനഞ്ചുപന്യാസം” എന്ന് തന്റെ പുസ്തകത്തിനു പേരിട്ടതു തെറ്റാണ്.

ശോകത്തിന്റെ ലോകം

ശ്രീരാമകൃഷ്ണന്‍ മിസ്റ്റിക്കായിരുന്നു. അദ്ദേഹം ഈശ്വരനെ കണ്ടു. ശിഷ്യന്‍ വിവേകാനന്ദന് ഈശ്വരനെ കാണിച്ചു കൊടുക്കുകയും ചെയ്തു. ടാഗോര്‍ കവിയും മിസ്റ്റിക്കുമായിരുന്നു. അദ്ദേഹം കാവ്യദേവതയെ സാക്ഷാത്കരിച്ചു. പരമസത്യം സാക്ഷാത്കരിച്ചു. അല്‍ഡസ് ഹക്സിലി മെസ്കലിന്‍ കഴിച്ച് വേറൊരു ലോകത്തു ചെന്നു. അത് അതീന്ദ്രിയ ലോകമാണെന്നും മിസ്റ്റിസിസത്തിന്റെ ലോകമാണെന്നും തെറ്റിദ്ധരിച്ചു. തോട്ടം ശങ്കരന്‍ നമ്പൂതിരിയും കുറിച്ചിയില്‍ കുഞ്ഞന്‍ പണിക്കരും തങ്ങള്‍ ആവിഷ്ക്കരിച്ച കഥാപാത്രങ്ങളിലൂടെ അവരെത്തന്നെ കണ്ടു. അനുഗൃഹീതനായ കവി കക്കാട് കാവ്യാംഗനയേയും ജീവിതത്തെയും തന്റെ ദര്‍ശനപഥത്തില്‍ കൊണ്ടുവന്നു. മരണത്തെക്കുറിച്ചു യഥാര്‍ത്ഥമായ ‘വിഷനോടു’കൂടി (vision) കാവ്യം രചിച്ചു. ആ നല്ല കവിയുടെ അന്ത്യത്തെക്കുറിച്ചു മേലൂര്‍ വാസുദേവന്‍ ഹൃദയത്തിന്റെ അടിത്തട്ടോളം ഇറങ്ങിച്ചെല്ലുന്ന ഒരു കാവ്യം എഴുതിയിരിക്കുന്നു ദേശാഭിമാനി വാരികയില്‍. മണ്ണില്‍ കുഴിച്ചിടുന്ന വിത്ത് ക്രമേണ കിളിര്‍ത്ത് വളര്‍ന്ന് ചെടിയായി മരമായി മാറുന്നതുപോലെ ശോകബീജം ഇവിടെ വരിതോറും വികാസം കൊണ്ട് “പന്തലിക്കു”ന്നു.

“ഇന്നലെ തിടുക്കത്തില്‍ അങ്ങയെ കാണാനെത്തി
ചെന്നിണം വാര്‍ന്നേനില്ക്കും ഈറനാം സന്ധ്യയ്ക്കു ഞാന്‍
തുടിക്കും കരളുമായ് തെല്ലിട ശങ്കിച്ചു ഞാന്‍
വിനയാന്വിതം നിന്നാ വീട്ടിന്റെ വരാന്തയില്‍
സുസ്മിതാര്‍ദ്രയായ് ഭവല്‍ പ്രേയസി മന്ദം ചൊല്ലി
നിദ്രയാണെന്നാകിലും കടന്നു കാണാമല്ലോ.

എന്നു തുടക്കം. ഈ സമാരംഭം പോലെ തന്നെ കലാത്മകമാണ് പര്യവസാനവും. ഒരിക്കലും രൂപംകൊള്ളാത്ത ലോകത്തിനുവേണ്ടി ഞാന്‍ തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ കവി ഏതാനും വരികള്‍ കൊണ്ട് ശോകത്തിന്റെ ലോകം സൃഷ്ടിച്ചുവയ്ക്കുന്നു.

* * *

സിംഹത്തിനു കടുവയെ പുച്ഛമാണോ? കടുവ സിംഹത്തെ പുച്ഛിക്കുന്നോ? രണ്ടുമില്ല. എന്റെ വീട്ടിന്റെ മുറ്റത്തു പനിനീര്‍ച്ചെടി പൂത്തുനില്ക്കുന്നു. തൊട്ടടുത്തു ഡാലിയയും. രണ്ടു ചെടികള്‍ക്കും സൗന്ദര്യം: പൂത്തുനില്ക്കുന്നതിനാല്‍. പക്ഷേ റോസിന് ഡാലിയയോടും ഡാലിയയ്ക്ക് റോസിനോടും പുച്ഛമില്ല. ഒന്നു മരിച്ചാല്‍ മറ്റൊന്നു കരയുകയുമില്ല. ഞാന്‍ എന്റെ രീതീയില്‍ ജീവിച്ചു. ഇതാ മരിക്കാന്‍ പോകുന്നു എന്നു ഓരോ ചെടിയും വിചാരിക്കും. അത്രേയുള്ളു. മനുഷ്യന്‍ മാത്രം വ്യത്യസ്തന്‍. ഒരു കവിക്കു മറ്റൊരു കവിയോടു പുച്ഛം. ഒരു കഥാകാരനും മറ്റൊരു കഥാകാരനോടു പുച്ഛം. പക്ഷേ അവരില്‍ ഒരുത്തന്‍ മരിക്കട്ടെ. കവി നാഴികകള്‍ സഞ്ചരിച്ച് മരിച്ച കവിയുടെ ശവസംസ്കാരത്തില്‍ പങ്കെടുക്കും. പിന്നീട് കേമമായി പ്രസംഗിക്കും.

ഞാന്‍ വിഭിന്നനോ? ഏയ്, അല്ല. കക്കാട്

ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഏതെങ്കിലും കാവ്യത്തെക്കുറിച്ചു ഞാന്‍ നല്ലവാക്കു പറഞ്ഞോ? ഇല്ലേയില്ല. ക്യാന്‍സര്‍ വന്നു മരിക്കാറായി എന്നു കണ്ടപ്പോള്‍ ഞാന്‍ ഓടിച്ചെന്നു അദ്ദേഹത്തെ കാണാന്‍. കക്കാടിനു രോഗമില്ലാതിരുന്നെങ്കില്‍? ഒരു സംശയവും വേണ്ട, ഞാന്‍ പോകുമായിരുന്നില്ല. കക്കാട് മരിച്ചപ്പോള്‍ ഞാന്‍ “സഫലമീയാത്ര”യെക്കുറിച്ചു പറഞ്ഞു തുടങ്ങി. മരണവാര്‍ത്തയറി‍ഞ്ഞു ദുഃഖിച്ചു. കണ്ണീരൊഴുക്കി. എന്റേതു ഞാനറിയാതെ ഒഴുകിയ കള്ളക്കണ്ണീരായിരുന്നു. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മരണത്തില്‍, കക്കാടിന്റെ മരണത്തില്‍ കണ്ണീരൊഴുക്കുന്ന കവികളേ, കഥാകാരന്‍മാരേ നിങ്ങളെല്ലാവരും എം. കൃഷ്ണന്‍ നായന്മാരാണ്.

സ്ഥൂലീകരണം — കലയില്‍

പ്രത്യക്ഷത്തില്‍ പ്രമാദം എന്നു തോന്നാത്ത ഏതു നിരൂപണവും ഏതു വിമര്‍ശനവും സ്വാഗതാര്‍ഹമാണ് (പ്രമാദം = അനവധാനത) ഗോള്‍ഡ്മാന്‍ എന്ന നിരൂപകന്‍ ആങ്ദ്രേ മല്‍റോയുടെ നോവലുകളെ അപഗ്രഥിച്ചതുപോലെ ഇവിടെയൊരു നിരൂപകന്‍ ഇവിടത്തെ ഒരു ഛോട്ടാ നോവലിസ്റ്റിന്റെ കൃതികളെ അപഗ്രഥിച്ചാല്‍ അത് തെറ്റാണെന്നു നമ്മള്‍ പറയും. കാരണം മല്‍റോയുടെ നോവലുകള്‍ക്കുള്ള ‘ഡെന്‍സിറ്റി’ ഇവിടത്തെ സാഹിത്യകാരന്റെ നോവലുകള്‍ക്ക് ഇല്ല എന്നതുതന്നെ. എന്നാല്‍ ‘ചെമ്മീന്‍’ മനോഹരമായ ഒരു പ്രേമകഥയാണെന്ന് ഒരു നിരൂപകന്‍ പറയുകയും അത് ദുര്‍ബ്ബലമായ കഥാപാത്ര സ്വഭാവാ വിഷ്കരണത്താല്‍ വിരൂപമായ ഒരു കൃതിയാണെന്നു വേറൊരു വിമര്‍ശകന്‍ അഭിപ്രായപ്പെടുകയും ചെയ്താല്‍ ആ രണ്ടഭിപ്രായങ്ങളും ഒരേ മട്ടില്‍ സ്വീകരണീയങ്ങളാവും. ഹേതുവുണ്ട്. നിരൂപകനും വിമര്‍ശകനും ‘ചെമ്മീന്‍’ എന്ന നോവലിന്റെ അര്‍ത്ഥ വിശേഷത്തില്‍ സ്പര്‍ശിക്കുകയാണ്. ഈ നിരൂപണവും വിമര്‍ശനവുമാണ് കലാസ്യഷ്ടികള്‍ക്കു ജീവന്‍ നല്കുന്നത് എന്ന് തകഴിയുടെ കൃതികളെക്കുറിച്ച് നിരൂപകന്‍/വിമര്‍ശകന്‍ മൗനം അവലംബിക്കുന്നുവോ അന്നു തൊട്ട് ആ കൃതികള്‍ മരിച്ചു തുടങ്ങും. അതിനാല്‍ വിമര്‍ശനത്തെ (പ്രതികൂലമായി പറയുക എന്നതിനെ) കലാകാരന്‍മാര്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. കലാസൃഷ്ടികള്‍ മരിക്കാതിരുന്ന് കൂടുതല്‍ കൂടുതല്‍ സമ്പന്നതയാര്‍ജ്ജിക്കുന്നത് നിരൂപണത്താലാണ്, വിമര്‍ശനത്താലാണ്. അവ രണ്ടും ആദ്യം പറഞ്ഞ രീതിയില്‍ ഉന്മാദമാകരുതെന്നേയുള്ളൂ.

ഈ ചിന്താഗതിയോടെയാണ് ഞാന്‍ കെ.സി. നാരായണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘മലയാളിയുടെ രാത്രികള്‍’ എന്ന ലേഖനം വായിച്ചു തീര്‍ത്തത്. കഥകളിയുടെ എല്ലാ അംശങ്ങളിലും കാണുന്ന സ്ഥൂലീകരണം അവയിലെ കഥാപാത്രങ്ങളില്‍ കാണാം എന്നു പ്രബന്ധകാരന്‍ സ്ഥാപിക്കുന്നു. കഥകളിയിലെ കഥാപാത്രങ്ങളുടെ ഈ സ്ഥൂലീകൃതാവസ്ഥയാണ് സി.വി. രാമന്‍ പിള്ളയുടെ കഥാപാത്രസങ്കല്പത്തെ സ്വാധീനിച്ചതെന്ന് രണ്ടാമതായി അഭിപ്രായപ്പെടുന്നു. സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രതിനായക സങ്കല്പത്തിലും കഥകളിയിലെ സ്ഥൂലീകരണം ദൃശ്യമാണെന്നാണ് നാരായണന്റെ മതം. ആകര്‍ഷകത്വമുള്ള ശൈലിയിലൂടെ പ്രബന്ധകാരന്‍ ഈ മതങ്ങള്‍ ആവിഷ്കരിക്കുന്നു. യുക്തി കലര്‍ന്ന ഏതു നിരൂപണവും കൃതിയുടെ സമ്പന്നത വര്‍ദ്ധിപ്പിക്കുന്നു എന്ന നിലയില്‍ ഇവയൊക്കെ ആദരിക്കത്തക്കവയാണ്. അങ്ങനെ ആദരിച്ചുകൊണ്ട് ഇവിടെയൊരു ‘ഡിസ്സെന്റിങ് ജഡ്ജ്മെന്റ്’ നടത്തിക്കൊള്ളട്ടെ. സി.വി. രാമന്‍ പിള്ളയുടെ കഥാപാത്രങ്ങളെക്കുറിച്ചും സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ കഥാപാത്രങ്ങളെക്കുറിച്ചും ഒറ്റശ്ശ്വാസത്തില്‍ അഭിപ്രായം പറയാവുന്നതല്ല. സി.വി.യുടെ കഥാപാത്രങ്ങള്‍ സത്യത്തിനു കപ്പം കൊടുക്കുന്നു. സി.എന്നിന്റെ കഥാപാത്രങ്ങള്‍ പ്രഭാഷണ വിദ്യക്കും. ഹരിപഞ്ചാനനനും ചന്ത്രക്കാരനും അര്‍ക്കകാന്തിയാണുള്ളത്. സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ രാവണനും മറ്റും പെട്രോമാക്സിന്റെ കൃത്രിമ പ്രകാശം മാത്രമേയുള്ളൂ. ഈട്ടിമരം സ്വാഭാവികം. അതു മുറിച്ചു പലകയാക്കി ആ പലക കൊണ്ട് കസേര നിര്‍മ്മിച്ചാല്‍ അതു കൃത്രിമോപകരണം. സി.വി. യുടെ കഥാപാത്രങ്ങള്‍ ഈട്ടിത്തടികള്‍; സി.എന്നിന്റെ കഥാപാത്രങ്ങള്‍ ഈട്ടിക്കസേരകള്‍.

* * *

സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ ‘കാഞ്ചനസീത’ എന്ന നാടകം കണ്ടിട്ട് നാടകശാലയില്‍ നിന്നു പുറത്തേക്കു പോന്ന തേവാടി നാരായണക്കുറുപ്പ് ശ്രീകണ്ഠന്‍ നായരെ വിളിച്ചുപറഞ്ഞു: “ശ്രീകണ്ഠാ, ശ്രീരാമന്‍ അനുജന്‍ ഭരതനെ കാരണമില്ലാതെ മര്‍ദ്ദിക്കുന്നവനാണെന്ന് വേണമെങ്കില്‍ എഴുതിക്കോ. പക്ഷേ നാടകം കാണുന്ന എനിക്കു തോന്നണം ശ്രീരാമന്‍ ആ വിധത്തില്‍ ഒരുത്തനാണെന്ന്. നീ വെറുതെയങ്ങു അതു പറഞ്ഞാല്‍ പോരാ.”

ചോദ്യം, ഉത്തരം

Symbol question.svg.png പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ധ്യയ്ക്ക് നിങ്ങളെന്തു കണ്ടു?

ഞാന്‍ ഈശ്വര വിശ്വാസിയാണെങ്കിലും വിഗ്രഹാരാധകനല്ല. അതുകൊണ്ട് അമ്പലത്തില്‍ പോകാറില്ല. എങ്കിലും അവിടെ കത്തിച്ചുവച്ച നെയ്ത്തിരികള്‍ ഈശ്വരനെ കൈകൂപ്പി വന്ദിക്കുന്നതു കണ്ടു.

Symbol question.svg.png ബാല്യകാലസഖി യുഗം നിര്‍മ്മിച്ച നോവലാണെന്ന് നിങ്ങള്‍ പലപ്പോഴും എഴുതിക്കണ്ടിട്ടുണ്ടല്ലോ. ഇത് സിന്‍സിറിറ്റിയോടു കൂടി ചെയ്ത പ്രസ്താവമാണോ?

രാമരാജാബഹദൂര്‍ മലയാള സാഹിത്യത്തില്‍ യുഗം നിര്‍മ്മിച്ചതുപോലെ ബാല്യകാലസഖി മറ്റൊരു യുഗം സൃഷ്ടിച്ചു. അതിനുശേഷം ‘ഖസാക്കിന്റെ ഇതിഹാസം’ വേറൊരു യുഗനിര്‍മ്മിതിക്കു കാരണമായി ഭവിച്ചു. പക്ഷേ വിശ്വസാഹിത്യത്തിന്റെ പശ്ചാത്തലത്തില്‍ ‘ബാല്യകാലസഖി’ ഒരു ട്രിവിയന്‍ മസ്കിറ്റോയാണ്.

Symbol question.svg.png അടുത്ത കാലത്ത് അന്തരിച്ച സംസ്കൃത പണ്ഡിതന്മാരില്‍ അദ്വിതീയനും പുരുഷരത്നവുമായിരുന്ന ഒരാളിന്റെ പേരു പറയൂ?

തിരുവനന്തപുരം സംസ്കൃത കോളേജില്‍ സാഹിത്യവിഭാഗത്തില്‍ പ്രൊഫസറായിരുന്ന ഇ.വി. ദാമോദരന്‍.

Symbol question.svg.png ഡല്‍ഹി ദൂരദര്‍ശനിലെ ഇംഗ്ലീഷ് ന്യൂസ് വായനക്കാരെക്കുറിച്ചു അഭിപ്രായം പറയൂ?

പറയാം. തികച്ചും പേഴ്സനലാണ് ഈ അഭിപ്രായം. പലരും എന്നോടു യോജിക്കില്ലെന്നു എനിക്കറിയാം
ഗീതാഞ്ജലി അയ്യര്‍
പഴയ ഹാര്‍മ്മോണിയത്തില്‍ നിന്നു വരുന്ന ദുര്‍ബല സംഗീതം പോലിരിക്കുന്നു അവരുടെ വായന.
റിനി സൈമണ്‍
നിത്യ ജീവിതത്തില്‍ മാത്രമല്ല സ്ത്രീകള്‍ക്കു ഡിഫെന്‍സീവ് മെക്കാനിസം വേണ്ടതു ന്യൂസ് വായിക്കുമ്പോഴും അതു കൂടിയേ തീരൂ എന്നു ഈ ചെറുപ്പക്കാരി വ്യക്തമാക്കുന്നു. അവരുടെ വാക്കുകള്‍ പനിനീര്‍പ്പൂക്കളല്ല, കല്ലേറുകളാണ്.
ജങ്
അസഹനീയം എന്നത് ഒരു മൈല്‍ഡ് എക്സ്പ്രെഷന്‍.
മിനു
വാര്‍ത്തയെക്കാള്‍ സ്വന്തം ചിരിക്കു പ്രാധാന്യമുണ്ടെന്നു തെറ്റിദ്ധരിച്ച പാവം. ‘എ റിപോര്‍ട്ട്’ എന്നു പറഞ്ഞ് അവര്‍ പല്ലുകള്‍ കാണിക്കുമ്പോള്‍ ഞാന്‍ മുഖം തിരിച്ചു കളയുന്നു.
പങ്കജ് മോഹന്‍
ശ്രോതാവിനു മനസ്സിലാക്കുന്ന രീതിയില്‍ വാര്‍ത്ത വായിക്കുന്ന മാന്യന്‍.
തേജേശ്വര്‍ സിങ്
കൊള്ളാം. വാക്കുകളെ കാര്‍ബോളിക് സോപ്പ് തേച്ചു കുളിപ്പിച്ചിട്ടാണ് നമ്മുടെ മുന്‍പില്‍ വയ്ക്കുന്നത് അദ്ദേഹം.

Symbol question.svg.png നിങ്ങള്‍ കടലില്‍ വീണാല്‍?

മുങ്ങിച്ചാകും. നീന്താനറിഞ്ഞുകൂടാ.

Symbol question.svg.png പൊലീസുകാരന്‍ വീണാല്‍?

ലാത്തിയോടുകൂടിയാണ് വീഴുന്നതെങ്കില്‍ ആ ലാത്തിയെടുത്തു കടലിനെ അടിച്ചമര്‍ത്തും. അതു കഴിഞ്ഞിട്ടേ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കൂ.

ഭ്രാന്ത് എത്രഭേദം

റോസാപ്പൂ മനോഹരം. എന്നാല്‍ ഞാന്‍ അതെടുത്തു പ്രേമഭാജനത്തിന്റെ കാര്‍കൂന്തലില്‍ ചൂടിക്കുമ്പോള്‍ അത് ഏറെ മനോഹരം. ചിത്രത്തെക്കുറിച്ചുള്ള സങ്കല്പം സുന്ദരം. നമ്പൂതിരി ആ സങ്കല്പം വെണ്മയാര്‍ന്ന കടലാസ്സില്‍ പകര്‍ത്തുമ്പോള്‍ അത് ഏറെ സുന്ദരം. രാഗം രമണീയം. അത് യേശുദാസന്റെ കണ്ഠത്തില്‍ നിന്നു നിര്‍ഗ്ഗളിക്കുമ്പോള്‍ ഏറെ രമണീയം. കഥ ആകര്‍ഷകം. പക്ഷേ പി.ഖാലീദ് അതെടുത്ത് ഉത്കൃഷ്ടമായ ചന്ദ്രിക വാരികയില്‍ വയ്ക്കുമ്പോള്‍ ഏറെ ജുഗുപ്സാവഹം. ഭ്രാന്തിയാണെന്നു തോന്നുന്നു സൈനബ. അവള്‍ എന്തോ ഒക്കെ വേറൊരുത്തനോടു സംസാരിക്കുന്നു. സംസാരിക്കുമ്പോള്‍ എന്റെ സുഹൃത്തായ എം.എം. ബഷീറിന്റെ ആ പേരും പറയുന്നു. ഇതില്‍ക്കവിഞ്ഞ് ഇതിലൊന്നുമില്ല സൈനബയുടെ ഉന്മത്ത പ്രലപനം ഈ കഥയെക്കാള്‍ എത്രയോ ഭേദം.

ചവറ്റുകുട്ടയെ പറ്റിക്കുന്നു

വളരെക്കാലം മുന്‍പ്. എന്റെ തലമുടി നരച്ചു നരച്ചുവന്നു. സഹപ്രവര്‍ത്തകനായിരുന്ന എ.ജി.രാമചന്ദ്രന്‍ (പില്ക്കാലത്തെ കൊളീജിയേറ്റ് ഡയറക്ടര്‍) ചോദിച്ചു: “തലമുടി നരയ്ക്കുന്നല്ലോ. വാസ്മോള്‍ തേച്ചുകൂടേ?” ഞാന്‍ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചു വാസ്മോള്‍ തേക്കാന്‍ തുടങ്ങി. അക്കാലത്ത്, പ്രോ വൈസ് ചാന്‍സലറായിരുന്ന പി.ആര്‍,പരമേശ്വരപ്പണിക്കരുമൊരുമിച്ച് ഞാന്‍ ഏതോ സമ്മേളനത്തിനു പോയി. മനുഷ്യനെ വേദനിപ്പിക്കുന്ന ചോദ്യം ചോദിക്കാന്‍ വിരുതനായിരുന്നു അദ്ദേഹം. പണിക്കര്‍ സാര്‍ എന്റെ തലമുടിയിലേക്ക് നോക്കിയിട്ടു ചോദിച്ചു: “തലയില്‍ വല്ലതും തേക്കുന്നോ?” “അതേ സാര്‍, വാസ്മോള്‍” “കൃഷ്ണന്‍ നായര്‍ കുളികഴിഞ്ഞു വന്ന് ഇതു തേക്കുമ്പോള്‍ ഭാര്യ കാണാറില്ലേ?” “കാണാറുണ്ട്.” “ശരി കൃഷ്ണന്‍ നായര്‍ സ്വയമറിഞ്ഞുകൊണ്ടല്ലേ ഈ വാസ്മോള്‍ തേക്കുന്നത്?” “അതേ സാര്‍” “ഞാന്‍ ഇക്കാര്യം കണ്ടുപിടിച്ചില്ലേ?” “കണ്ടുപിടിച്ചു” “പിന്നെ ആരെപ്പറ്റിക്കാനാണ് നിങ്ങള്‍ ഇതു തലയില്‍ തേക്കുന്നത്?”

കൃഷ്ണവേണി പദ്മനാഭന്‍ വിമന്‍സ് മാഗസിനില്‍ എഴുതിയ “മുഖങ്ങള്‍” എന്ന കഥ വായിച്ചപ്പോള്‍ എനിക്ക് ഈ യഥാര്‍ത്ഥ സംഭവമാണ് ഓര്‍മ്മവന്നത്. ശമ്പളം കൊണ്ടു വീട്ടു ചെലവു നടത്താന്‍ കഴിയാത്ത ഒരു സ്ത്രീ ഓഫീസില്‍ പോകാന്‍ ഭാവിക്കുമ്പോള്‍ “ഓഫീസ് മുഖം” അന്വേഷിക്കുന്നു. ആദ്യം അതു കിട്ടിയില്ല. പിന്നീട് കിട്ടിയപ്പോള്‍ എല്ലാ അല്ലലും മറന്ന് അവള്‍ ഓഫീസിലേക്ക് ഓടിപോലും. കൃഷ്ണവേണി അഭ്യസ്തവിദ്യയായതുകൊണ്ട് ഇത് പരമ ബോറന്‍ കഥയാണെന്നു മനസ്സിലാക്കിയിരിക്കും. പത്രാധിപര്‍ പ്രഗൽഭനും പ്രശസ്തനായ കഥാകാരനുമായതുകൊണ്ട് ഇതു ചവറാണെന്നു ഗ്രഹിച്ചിരിക്കും. വായനക്കാരനായ ഞാന്‍ ഇത് മനുഷ്യരെ കൊല്ലുന്ന രചനാ സാഹസികമാണെന്ന് അറിഞ്ഞിരിക്കുന്നു. പിന്നെ ആരെ പറ്റിക്കാനാണ് ശ്രീമതി ഇത് എഴുതിയത്. പറ്റിച്ചു. പറ്റിച്ചു. ചവറ്റു കുട്ടയെ പറ്റിച്ചു. അതുകൊണ്ടാണല്ലോ അതില്‍ വീഴാതെ ഇതു മഷി പുരണ്ട് വിമന്‍സ് മാഗസിനില്‍ വന്നത്.

ജീവിതം — പല കാഴ്ചപ്പാടുകളിലൂടെ

സീഡോനീ ഗാബ്രിയല്‍ കൊലത് (Sidonie Gabrielle Colette) എന്ന ഫ്രഞ്ച് എഴുത്തുകാരിയുടെ ഒരു കഥ വായിച്ച ഓര്‍മ്മയുണ്ടെനിക്ക്. കൊലത് കൊച്ചു കുട്ടിയായിരുന്നപ്പോള്‍ അവളുടെ പ്രായത്തിലുള്ള ഒരതിസുന്ദരിയായ പെണ്‍കുട്ടിയെ കാണാനിടയായി. കൊലത്തിന്റെ അമ്മ ആ കുട്ടിയെ കണ്ടാലുടന്‍ ലാളിക്കും. ചുരുണ്ട തലമുടിയും ചുവന്ന കവിള്‍ത്തടവും തലോടും. ആ ഇരുണ്ട കണ്ണുകളും മനോഹരങ്ങളായ പല്ലുകളും അമ്മയ്ക്ക് എന്തിഷ്ടമാണെന്നോ?

വര്‍ഷങ്ങള്‍ കഴിഞ്ഞു. അവള്‍ക്കു പതിമ്മൂന്നു വയസ്സായി. ലേശം കുടിച്ചുകൊണ്ടു അവള്‍ നൃത്തം വച്ചതു കൊലത് കണ്ടു. അവള്‍ക്ക് പതിനാറു വയസ്സായി. അപ്പോള്‍ അവളൊരു സൗന്ദര്യധാമം തന്നെ. സഹോദരന്മാരുടെ കൈകളില്‍ തൂങ്ങി അവള്‍ നടന്നുപോകും. പതിനേഴു വയസ്സ്; പതിനെട്ട് വയസ്സ്. അപ്പോള്‍ അവളൊരു ദേവത. വൈകിയേ അവള്‍ വീട്ടിലെത്തൂ. ഏതെങ്കിലും പുരുഷന്‍ അവളുടെ അരക്കെട്ടില്‍ കൈചുറ്റിയിരിക്കും. അയാളുമായി അവളങ്ങനെ അലഞ്ഞുതിരിയും. നൃത്തവേദിയില്‍ അവള്‍ ചലനം കൊള്ളുമ്പോള്‍ ആളുകള്‍ പറയും “താറാവുകളുടെ കൂട്ടത്തില്‍ ഒരു അരയന്നം.” ഒരിക്കല്‍ ഒരു യുവാവ് അവളെ നൃത്തത്തിനു ക്ഷണിച്ചു. ക്ഷണിക്കാത്ത താമസം അവള്‍ എഴുന്നേറ്റ് നൃത്തം ചെയ്തു. അവളുടെ മനോഹരങ്ങളായ കണ്‍പീലികള്‍ അയാളുടെ നനുത്ത മീശയില്‍ തട്ടി. പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി കൊലത്തിനും അവള്‍ക്കും മുപ്പത്തിയെട്ടു വയസ്സ്. കാറില്‍ വന്ന കൊലത് അവളെ കണ്ടു. പ്രതികാരദാഹമാര്‍ന്ന വലിയ കണ്ണുകളാണ് അവളുടേത്. ദീര്‍ഘകാലത്തെ നിശ്ശബ്ദതയാല്‍ അടഞ്ഞ വായ്, ഒട്ടിയ കവിളുകള്‍, നാല്പത്തിയഞ്ചു വയസ്സു തോന്നും അവളെ കണ്ടാല്‍. ഇല്ല മുപ്പത്തിയെട്ടേയുള്ളൂ. കാറ് ഇടിക്കരുതെന്നു കരുതി അവള്‍ ഒഴിഞ്ഞുമാറി. നിസ്സംഗയായി, നീണ്ടുനിവര്‍ന്ന് അവള്‍ നടന്നുപോയി. ഉത്കണ്ഠയോടെ അവള്‍ കൊലത് ഇരുന്ന കാറിലേക്ക് നോക്കി. ഇല്ല അവള്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഹൃദയേശ്വരന്‍ അതിനകത്തില്ല.

പല പരിപ്രേക്ഷ്യങ്ങളിലൂടെ ഒരു വ്യക്തിയെ കണ്ട് ജീവിതത്തിന്റെ സവിശേഷതകള്‍ ആവിഷ്ക്കരിക്കുന്ന ഇക്കഥ മാസ്റ്റര്‍ പീസാണ്. ഇത് ഞാന്‍ വായിച്ചിട്ടു കാലമേറെയായിരിക്കുന്നു. ഇമ്മട്ടില്‍ നമ്മുടെ കഥാകാരന്മാര്‍ വ്യക്തിയെ പല കാഴ്ചപ്പാടുകളിലൂടെ കാണാത്തതെന്ത് എന്നു ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്റെ ആഗ്രഹത്തിനു സാഫല്യം വന്നിരിക്കുന്നു. നല്ല കഥാകാരനായ ഗൗതമന്‍ ഒരു പെണ്‍കുട്ടിയെ വിവധങ്ങളായ കാഴ്ചപ്പാടുകളിലൂടെ ദര്‍ശിക്കുന്നു. ദര്‍ശിച്ച് ഭാരതത്തിലെ സ്ത്രീയുടെ ദയനീയ സ്ഥിതിയെ ആകര്‍ഷകമായി അഭിവ്യഞ്ജിപ്പിക്കുന്നു. അമ്മുവിന് ഏഴു വയസ്സ്. അമ്മ ആശുപത്രിയില്‍ കിടക്കുന്നു, അങ്ങോട്ടു കൊണ്ടുപോകാം എന്നൊക്കെപ്പറഞ്ഞ് ഒരുത്തന്‍ അവളെ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയി കാതിലിട്ടിരുന്ന സ്വര്‍ണ്ണാഭരണം അപഹരിച്ചു. അമ്മുവിനു പതിന്നാലു വയസ്സ്. അവള്‍ അച്ഛനോടൊരുമിച്ചു പോകുകയായിരുന്നു. തസ്കരന്മാര്‍ അച്ഛനെ കെട്ടിയിട്ട് അവളുടെ സ്വര്‍ണ്ണമാല അപഹരിച്ചു. വളയും കമ്മലും അവര്‍ എടുത്തു. അമ്മു എം.എ ക്ലാസ്സില്‍ പഠിക്കുന്നു. ചേട്ടന്റെ സൈക്കിളിലിരുന്ന് അവള്‍ തിരിച്ചു പോന്നപ്പോള്‍ ചിലര്‍ ചേട്ടനെ കൊന്നിട്ട് അവളെ ബലാല്‍സംഗം ചെയ്തു. ഇത് അമ്മുവിന്റെ മാത്രം കഥയല്ല. ഓരോ ഭാരതീയ സ്ത്രീയുടെയും കഥയാണ്. മൂന്നു പരിപ്രേക്ഷ്യമാണ് ഇവിടെയുള്ളത്. അവ മൂന്നും സ്ത്രീയുടെ ദുരന്തത്തെ സ്പഷ്ടമാക്കിത്തരുന്നു (ഗൗതമന്റെ കഥ, ഊടുവഴികള്‍, കലാകൗമുദിയില്‍).

സല്‍മാന്‍ റഷ്ദിയുടെ പുതിയ പുസ്തകം

“നിക്കാരഗ്വായിലെ ഒരു പെണ്‍കുട്ടി പുള്ളിപ്പുലിയുടെ പുറത്തു മന്ദസ്മിതത്തോടെ സഞ്ചരിച്ചു. അവള്‍ സാവരി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി പുലിയുടെ വയറ്റിനകത്ത്. മന്ദസ്മിതം പുലിയുടെ മുഖത്തും” ഇതൊരു ലിമെറിക്കാണ്. (വിനോദ കവിത) 1986 ജൂലൈ മാസത്തില്‍ നിക്കാരഗ്വായില്‍ പോയ സല്‍മാന്‍ റഷ്ദി പേടിസ്സ്വപ്നം കണ്ട് ഉണര്‍ന്നപ്പോള്‍ ഈ കവിതയ്ക്കു രണ്ടു വ്യാഖ്യാനങ്ങളാകാമെന്ന് വിചാരിച്ചു. ഏഴുവര്‍ഷത്തോളം പഴക്കമുള്ള വിപ്ളവത്തെ പെണ്‍കുട്ടിയായി കരുതാമെങ്കില്‍ പുള്ളിപ്പുലി അമേരിക്കന്‍ ഐക്യനാടുകളാണ്. രണ്ടാമത്തെ വ്യാഖ്യാനം നിക്കാരഗ്വാതന്നെ പെണ്‍കുട്ടിയാണെന്നതത്രേ. അങ്ങനെയാണെങ്കില്‍ വിപ്ളവം പുള്ളിപ്പുലിയാണ്. ഈ രണ്ടു വ്യാഖ്യാനങ്ങളും മനസ്സില്‍ വച്ചുകൊണ്ട് സല്‍മാന്‍ റഷ്ദി The Jaguar Smile a Nicaraguan Journey എന്നൊരു മനോഹരമായ പുസ്തകം എഴുതിയിരിക്കുന്നു (Picador Original, published by Pan Books, 1987). റഷ്ദി നിക്കാരഗ്വായില്‍ കണ്ടതു ഓരോന്നും രസാവഹമാണ്, പ്രകമ്പനം കൊള്ളിക്കുന്നതാണ്. രസകരമായ ഒരു സംഭവം പറയാം. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ വീട്ടില്‍ റഷ്ദി ചെന്നു. നിക്കാരഗ്വായിലെ പ്രതിഭാശാലികളെല്ലാം അവിടെയുണ്ട്. അപ്പോള്‍ റോസാറ്യോ മൂറില്യോ (Rosario Murillo) അത് വിവരിച്ചു. ഡാനിയലിന് പുതിയ മൂക്കു കണ്ണട വേണം. ഒരു ഓപ്റ്റീഷനെ ഏര്‍പ്പാടു ചെയ്യണമെന്നു റോസാറ്യോ ചില അമേരിക്കന്‍ സ്നേഹിതരോട് അഭ്യര്‍ത്ഥിച്ചു. സമ്പന്നരായ ഈ സുഹൃത്തുക്കള്‍ പറഞ്ഞു കണ്ണട അവരുടെ സമ്മാനമായിരിക്കുമെന്ന്. ഡാനിയല്‍ ഒര്‍ട്ടേഗയും റോസാറ്യോ മുറില്യോയും കടയില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ന്യൂയോര്‍ക്കിലെ പത്രക്കാര്‍ നില്ക്കുന്നു. അടുത്ത ദിവസത്തെ വാര്‍ത്ത: “ദരിദ്രരാജ്യമായ നിക്കാരഗ്വായിലെ പ്രസിഡന്റ് കണ്ണടയ്ക്കു വേണ്ടി 3200 ഡോളര്‍ ചെലവാക്കി.” സല്‍ക്കാരം കഴിഞ്ഞ് റഷ്ദി പോകാന്‍ എഴുന്നേറ്റു. ഡാനിയലും റോസാറ്യോയും ന്യൂയോര്‍ക്കില്‍ പോകുകയാണെന്ന് അദ്ദേഹത്തോടു പറഞ്ഞു. അപ്പോള്‍ റഷ്ദി അറിയിച്ചു: “Enjoy it. And don’t visit any opticians” നിക്കാരഗ്വായിലെ ചരിത്രത്തിന്റെ പ്രേതങ്ങള്‍, വ്യക്തികളുടെ പ്രേതങ്ങള്‍ ഇവ അവിടത്തെ ജനങ്ങളേയും റഷ്ദിയേയും എങ്ങനെ അനുധാവനം ചെയ്യുന്നുവെന്ന് അദ്ദേഹം കലാഭംഗിയോടെ സ്പഷ്ടമാക്കിത്തരുന്നു. റഷ്ദിയുടെ ഇന്ത്യാവിരോധവും കൂടക്കൂടെ ഫണം ഉയര്‍ത്തുന്നുണ്ട്. മാനവചരിത്രത്തിലെ സുവര്‍ണ്ണാദ്ധ്യായമെന്ന് ബുദ്ധിശാലികള്‍ കരുതുന്ന ‘ഡോക്ടര്‍ ഷിവാഗോ’യുടെ ആവിര്‍ഭാവം റഷ്ദിക്ക് ശല്പസദൃശമായി ഭവിച്ചിരിക്കുന്നു. പസ്റ്റര്‍ നക്കിന് നോബല്‍ സമ്മാനം നല്കിയത് ശരിയായില്ല എന്നാണ് അദ്ദേഹത്തിന്റെ മതം. കേരളത്തെയും പരിഹസിക്കാതെ വിടുന്നില്ല റഷ്ദി. “…Kerala where graffiti of Lenin speaking Malayalam sprouted on every second wall… തുടങ്ങിയ ഭാഗങ്ങള്‍ നോക്കുക. റഷ്ദിയുടെ സമനിലയില്ലായ്മയും അസഹിഷ്ണുതയും ഇങ്ങനെ വിഷം വമിക്കുന്നുണ്ടെങ്കിലും രസപ്രദമായ മട്ടില്‍ രചിക്കപ്പെട്ട പുസ്തകമാണ് “ജഗ്വാര്‍ സ്മൈൽ”.