close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 11 01


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 11 01
ലക്കം 633
മുൻലക്കം 1987 10 25
പിൻലക്കം 1987 11 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ജി. ശങ്കരക്കുറുപ്പ് പറഞ്ഞത് കേട്ടാലും. എന്താണ് അദ്ദേഹം പറഞ്ഞത്? പാലായ്ക്കടുത്ത് വിളക്കുമാടം എന്ന സ്ഥലത്ത് ഒരു സമ്മേളനം. അദ്ദേഹം അതിന്റെ അദ്ധ്യക്ഷനായിരുന്നു. മഹാകവിയുടെ പ്രഭാഷണം കേട്ടിട്ടുള്ളവർക്കൊക്കെ അറിയാം അത് കേൾക്കുന്നത് നിസ്തുലമായ അനുഭവമാണെന്ന്. ആ പ്രഭാഷണപ്രവാഹത്തിൽ ചിന്താതരംഗങ്ങൾ ഉയരും, താഴും. തീരത്തുവന്നടിച്ചിട്ട് അവ ചിന്നിച്ചിതറും. ചിലപ്പോൾ അതിലൂടെ വാങ്മയ കുസുമങ്ങൾ ഒഴുകിവരും. അതുകണ്ട് അദ്ഭുതത്തോടെ ഞാനിരിക്കുമ്പോൾ ജി. പറഞ്ഞു: “ഒരു കഷണം തുണിക്ക് സവിശേഷമായ മൂല്യമൊന്നുമില്ല. എന്നാൽ സ്വാതന്ത്ര്യ ദിനാഘോഷ സന്ദർഭത്തിൽ ഒരു കൊച്ചുകുട്ടി ആ തുണ്ടുതുണിയെടുത്ത് കമ്പിൽ കോർത്ത് ഉയർത്തിപ്പിടിച്ചുകൊണ്ട് ജാഥയിലൂടെ പോകുമ്പോൾ അത് വിശുദ്ധമായ പതാകയായി മാറുന്നു. പിന്നീട് അതിനോട് അനാദരം കാണിക്കാൻ വയ്യ.” ശരിയാണ്. ബഹുമാനക്കുറവ് കാണിച്ചാൽ ശണ്ഠയുണ്ടാകും. ചോരപ്പുഴ ഒഴുകിയെന്നു വരും. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ആളുകൾ ഒരുമിച്ച് കൂടുമ്പോൾ ഓരോ വ്യക്തിയുടെയും ഉള്ളിലുള്ള സ്വദേശസ്നേഹമെന്ന വികാരം സങ്കുലിതാവസ്ഥയിൽ ആ തുണ്ട് തുണിയിലേക്കൊഴുകുകയും അത് പതാകയായി മാറുകയും ചെയ്യുന്നു. രാജ്യത്തിന്റെ പ്രതീകമായ അതിനെ പിന്നീട് അപമാനിക്കാൻ വയ്യ.

ഈ പ്രകൃതിയിലുള്ള ഏതിനും സൗന്ദര്യമുണ്ട്, അർത്ഥമുണ്ട്. ബാഹ്യങ്ങളായ അർത്ഥങ്ങളും ആന്തരങ്ങളായ അർത്ഥങ്ങളും ഉണ്ട്. ചായം കൊണ്ട്, വാക്കുകൾ കൊണ്ട് ആ വസ്തുക്കളെ കലാകാരൻ ചിത്രീകരിക്കുമ്പോൾ സൗന്ദര്യത്തെയും അർത്ഥത്തെയും ആ ചിത്രീകരണത്തിൽ സംക്രമിപ്പിക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ ചിത്രം നിശ്ചേതനമാകും; വർണ്ണന ദാരുമയമാകും; പ്രതിമ ചൈതന്യരഹിതമാകും. താജ് മഹൽ ഘനീഭവിച്ച നിശ്ശബ്ദത പോലെ, സംഹതത്വം വന്ന വിഷാദം പോലെ നിൽക്കുന്നു.

ആർ. കെ. നാരായൺ ‘Front line’ മാസികയിലെഴുതിയ ‘Dodu’ എന്ന ചെറുകഥ. മനസ്സിന് പരിപാകം വന്നവരെ വെറുപ്പിക്കുകയും അടുക്കളക്കാരികളെ ആഹ്ലാദിപ്പിക്കുകയും ചെയ്യുന്ന കഥകളെഴുതാൻ ആർ. കെ. നാരായണിനുള്ള കഴിവ് ഈ ലോകത്ത് വേറെ ആർക്കും ഇല്ലെന്ന് അത്യുക്തിയില്ലാതെ പറയാം. ‘Dodu’ വയിക്കൂ. ഇപ്പറഞ്ഞത് സത്യമാണെന്ന് തെളിയും.

നിറമുള്ള പൂവ്

റോസാച്ചെടി നട്ട് വളമിട്ട് വെള്ളമൊഴിച്ചാലേ അതിൽ പൂ വിടർത്താൻ പറ്റൂ. അങ്ങനെ പൂ വിടർന്നാലേ അത് അടർത്തിയെടുത്ത് തലമുടിയിൽ ചൂടാൻ പ്രേമഭാജനം വരൂ. പൊയ്കയുണ്ടാക്കി ആമ്പൽ നട്ട് പുഷ്പങ്ങൾ വിടർത്തിയാലേ ചന്ദ്രൻ അതിനെ നോക്കാൻ അന്തരീക്ഷത്തിലെത്തൂ. ഭവനം നിർമ്മിച്ച് അതിഥികൾക്കിരിക്കാൻ ഇരിപ്പിടങ്ങളുണ്ടാക്കി കാറ്റിനും വെളിച്ചത്തിനും വേണ്ട സംവിധാനങ്ങൾ ഉണ്ടാക്കിയാലേ സുഹൃത്തുക്കളായ അതിഥികൾ എത്തുകയുള്ളൂ. മറിച്ചുപറയാം. പനിനീർപ്പൂവും ആമ്പൽപ്പൂവും ഭവനവും സന്നദ്ധത പ്രകടിപ്പിച്ചാലേ അവയുടെ അടുക്കൽ എത്തേണ്ടവർ എത്തൂ. സ്നേഹിക്കാൻ പ്രവണതയുള്ള സഹൃദയന്റെ മനസ്സിൽ എൻ. പി. ഹാഫീസ് മുഹമ്മദിന്റെ ‘നിറമില്ലാത്ത പൂവ്’ എന്ന ചെറുകഥ കടന്നു ചെല്ലുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ് – ലക്കം 31) നവീനകഥയ്ക്ക് അനുരൂപമായ മട്ടിൽ ഇതിൽ ഇതിവൃത്തമൊന്നുമില്ല. സുന്ദരിയായ പെൺകുട്ടി ഒരു ചെറുപ്പക്കാരനിൽ ഇളക്കിവിട്ട വികാരങ്ങളാണ് പ്രതിപാദ്യം. അവയെ യാഥാർത്ഥ്യത്തിലൂടെ, സ്വപ്നത്തിലൂടെ, ഫാന്റസിയിലൂടെ, റിയലിസത്തിലൂടെ കഥാകാരൻ സ്പഷ്ടമാക്കിത്തരുന്നു. പ്രേമത്തിന്റെ വർണ്ണോജ്ജ്വലതയും, സ്വാഭാവികതയുടെ സൗന്ദര്യവും ഇക്കഥയ്ക്കുണ്ട്.

* * *

കെ. പി. ഖാലിദിന്റെ കവിത ആദ്യമായി വായിക്കുകയാണ് ഞാൻ (ചന്ദ്രിക ആഴ്ചപ്പതിപ്പ് – ലക്കം 10). നാലു വരികൾ എടുത്തെഴുതാം.

“ഓല കൂരതൻ മണ്ണിളകിയ തിണ്ണയിലേതോ
നഷ്ടവസന്തത്തിന്നോർമ്മകളയവിറക്കീടുമെൻ സോദരീ
മന്ദസ്മിതം മാത്രം വിരിഞ്ഞിരുന്നൊരീ
മോഹനവദനത്തിൽ കാർമ്മുകിലെന്തേ വന്നൂ”

ഇനിയൊരിക്കലും ഖാലിദിന്റെ “കാവ്യം” വായിക്കാൻ എനിക്കിടവരരുതേ എന്നാണ് പ്രാർത്ഥന.

സുഗതകുമാരി

പതിവിനുവിരുദ്ധമായി ഞാൻ ആറാട്ട് കാണാൻ പോയി. പട്ടാളക്കാർ ‘ലെഫ്റ്റ്, റൈറ്റ്’ ചവിട്ടി മുന്നോട്ടു പോകുന്നു. എല്ലാവരുടെയും കൈകൾ ഒരേ തരത്തിൽ മുന്നോട്ട് പോകുന്നു; അതുപോലെ അവ പുറകോട്ട് പോകുന്നു. ആ ഏകരൂപത ഏറെനേരം സഹിക്കാനായില്ല എനിക്ക്. അതുകൊണ്ട് ഞാൻ കുതിരകളുടെ കാലുകളിലേക്ക് നോക്കാൻ തുടങ്ങി. അവയ്ക്കുമുണ്ടായിരുന്നു ഏകരൂപത. പക്ഷേ, അങ്ങനെ നോക്കിക്കൊണ്ടിരിക്കു‌മ്പോൾ ഒരു കുതിര പെട്ടെന്ന് ഇടത്തോട്ടുമാറി. അതിന്റെ കാലുകളുടെ മാറ്റം എനിക്ക് ആഹ്ലാദമുളവാക്കി. ഇതു പ്രകൃതിനിയമമാണ്. വൈരസ്യത്തെ ലംഘിക്കുന്ന മട്ടിൽ ഒരു നൂതന ചലനമുണ്ടായാൽ അത് നമ്മളെ വല്ലാതെ ആകർഷിക്കും. സൂര്യപ്രകാശമില്ലാത്ത, ചൂടില്ലാത്ത പദ്യമണ്ഡലങ്ങളിലൂടെ ഞാൻ അലഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ആ ഏകരൂപതയെ ഭഞ്ജിക്കുന്ന ഒരു നാദം കേട്ടത്.

“ആരാണുവീണ്ടും വിളിച്ചതെന്നെ?
മുല്ലമണക്കുമീ രാത്രിയിൽ, പൂനിലാ‌-
വില്ലാതനുരാഗമില്ലാതെ, സംഗീത-
മില്ലാതുറക്കവുമില്ലാതെ, ജാലക-
ച്ചില്ലന്ധമായിത്തുറന്നു വെക്കേ
ആരാണുവീണ്ടും വിളിച്ചതെന്നെ?”
 

മുല്ലയുടെ പരിമളം പ്രസരിക്കുന്ന രാത്രിക്കു ലയമുണ്ട്. പൂനിലാവില്ലാത്ത രാത്രിക്കും അനുരാഗമില്ലാത്ത നിശീഥിനിക്കും ലയമുണ്ട്. ആ ലയം സ്പഷ്ടതയോടെ, സൗന്ദര്യത്തോടെ ഈ വരികളിൽ ആവിർഭവിക്കുന്നതു കണ്ട് ഞാൻ കാവ്യം തുടർന്നു വായിച്ചു. കവിയെ ആരോ വിളിക്കുന്നു. വിളിക്കുന്ന ആൾ പ്രകൃതിയാകാം, അമ്മയാകാം, മരണമാകാം. എല്ലാം നിഷ്ഫലമാണ്, ശൂന്യതയാണ്. അതുകൊണ്ട് ആഹ്വാനം നടത്തുന്നയാളിന്റെ ഉത്സംഗത്തിൽ വിശ്രമിക്കുന്നതാണ് അഭികാമ്യം. കാവ്യം അവസാനിക്കുന്നു.

“സത്യമതു മാത്രമല്ലയോ? മറ്റൊക്കെ
യെത്ര വെറുതേ, വെറുതേ…”

കവിയെ വിളിക്കുന്ന ഈ നാദത്തിന്റെ ശംഖധാര നമ്മളെല്ലാവരും കേൾക്കുന്നുണ്ട്. ക്രൂരമായ യാഥാർത്ഥ്യം മാത്രമുള്ള ഈ ലോകത്ത് മൃദുലമായ ശരീരം കൊണ്ടോ ലളിതമായ മനസ്സുകൊണ്ടോ എന്തു പ്രയോജനം? ആ പ്രയോജനശൂന്യതയെ ധ്വനിപ്പിച്ച് ഒരാധ്യാത്മികമണ്ഡലത്തിൽ നമ്മളെ പ്രവേശിപ്പിക്കുന്നു സുഗതകുമാരിയുടെ ഈ കാവ്യം.

കുഴിയാനയുടെ കൊച്ചുകുഴിയിൽ എറുമ്പിനെ പിടിച്ചിട്ടാൽ അതു രക്ഷപ്പെടാൻ ശ്രമിക്കും. മുകളിലേക്കു കയറുമ്പോഴെല്ലാം കാലുവഴുതി അതു കുഴിയിൽത്തന്നെ വീണുപോകും. ഒടുവിൽ കുഴിയാനയുടെ പിടിയിലമരുകയും ചെയ്യും. സാഹിത്യത്തിന്റെ കുഴിയിൽ ആദ്യമായി പൈങ്കിളി പിപീലികയെ പലതവണ ഇട്ടുനോക്കി തുളസികോട്ടുക്കൽ. കരകയറുന്നില്ലെന്നു കണ്ടിട്ടാവാം ഇപ്പോൾ ‘പൈങ്കിളി’യല്ലാത്ത എറുമ്പിനെ അദ്ദേഹം സാഹിത്യത്തിന്റെ കൊച്ചുഗർത്തത്തിൽ ഇട്ടുനോക്കുന്നു. മുകളിലേക്കുകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു പാവം എറുമ്പ്. മണൽത്തരികൾ താഴത്തേക്കു പോകുന്നു. എറുമ്പിന്റെ കാലുകൾ വഴുതുന്നു. എന്നാൽ കുഴിയിലതുവരെ വീണതുമില്ല. മുകളിലേക്കു വരുമോയെന്നു നോക്കാം. ദീപിക ആഴ്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ ‘തണൽ മരങ്ങൾ തേടി’ എന്ന കഥ വായിച്ചപ്പോൾ ഇങ്ങനെ എഴുതാനാണ് എനിക്കു തോന്നിയത്.

ചുവരെഴുത്ത്

പടിഞ്ഞാറൻ രാജ്യങ്ങളിൽ ചുവരെഴുത്തിനു പ്രാധാന്യമുണ്ട്. ആളുകളെ രസിപ്പിക്കാൻ മാത്രമല്ല പ്രതിയോഗികളെ അമർച്ചചെയ്യാനും അവ പ്രയോജനപ്പെടും. ഒരു തിരുത്തൽവാദിയെ മവോസെതൂങ് ചുവരെഴുത്തുകളിലൂടെ വിറപ്പിച്ചുവെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. ക്ഷമാപണത്തോടെ ചില ചുവരെഴുത്തുകൾ ഞാൻ എഴുതിക്കൊള്ളട്ടെ:

കാപ്പിക്കടയിൽ
‌ ഇവിടെനിന്നു കിട്ടുന്ന കട്‌ലറ്റുകളെ കുറ്റം പറയരുത്. മൃതദേഹങ്ങളെ സമയത്തിന് സംസ്കരിച്ചില്ലെങ്കിൽ അവ പുഴുത്തുനാറും.
കവിയുടെ വീട്ടിൽ
കവേ മുറ്റത്തു തുപ്പരുതേ. കവിത മേശപ്പുറത്തുണ്ടല്ലോ.
വൃക്ഷസ്നേഹികളുടെ വീട്ടിൽ
വൃക്ഷലതാദികളെ നശിപ്പിക്കരുത്. ചീരപോലും പിഴുതെടുത്തു കൂട്ടാൻ വച്ചുകൂടാ. കോഴികളും ആടുകളും ധാരാളമുണ്ടല്ലോ കേരളത്തിൽ.

സമുന്നത സത്യം

1940‌-ൽ ഗസ്താവ് ഹെർലിങ് എന്ന പോളണ്ടുകാരൻ സോവിയറ്റ് രഹസ്യപൊലീസിനാൽ അറസ്റ്റ് ചെയ്യപ്പെട്ടു. കിഴക്കൻ പോളണ്ട് സോവിയറ്റ് സൈന്യത്തിന്റെ ആധിപത്യത്തിലമർന്നപ്പോൾ പോളിഷ് — ലിത്വേനിയൻ അതിർത്തി കടക്കാൻ ശ്രമിച്ചു ഹെർലിങ്. അപ്പോഴാണ് അദ്ദേഹം അറസ്റ്റിലായത്. അഞ്ചുകൊല്ലത്തെ forced labour ശിക്ഷയാണ് ഹെർലിങ്ങിനു കിട്ടിയത്. അദ്ദേഹത്തിന്റെ A world Apart എന്ന പുസ്തകം സോവിയറ്റ് ലേബർ ക്യാമ്പിലെ യാതനകളെ വർണ്ണിക്കുന്നു. ‘Should be published and read in every country’ എന്നു അൽബേർ കമ്യൂവാഴ്ത്തിയതാണ് ഈ പുസ്തകം. ബർട്രൻഡ് റസ്സൽ ഇതിന് ഉജ്ജ്വലമായ അവതാരിക എഴുതിയിട്ടുണ്ട്. മർദ്ദനത്തിന്റെ ‘നഗ്നഭീതി’ — naked horror — ആവിഷ്കരിച്ചിട്ടുള്ള ഈ ഗ്രന്ഥം എല്ലാവരും വായിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. ഞാൻ ഈ പുസ്തകം പകുതിയോളം വായിച്ചു. അത് ആവിഷ്കരിക്കുന്ന കൊടും ഭീതികളും നാരകീയ യാതനകളും എനിക്ക് അസ്വസ്ഥതയുളവാക്കിയതുകൊണ്ട് ഗ്രന്ഥം പൂർണ്ണമായും വായിക്കാൻ സാധിച്ചില്ല. (A world Apart, Gustar Herling, Translated from the Polish by Joseph Marek, Oxford University Press, £ 4.95.)

ഈ പുസ്തകം നിരൂപണം ചെയ്ത Times Literary Supplement “a work of literature in its own right… an intensity that surpasses Dostoevsky” എന്നു വാഴ്ത്തുകയുണ്ടായി. ഇവിടെയാണ് അഭിപ്രായ വ്യത്യാസം തലയുയർത്തുന്നത്. ദസ്തെയെവ്സ്കിയുടെ നോവലുകൾ ഉത്കൃഷ്ടതമമായ സത്യമാണ് (Superior reality) പ്രതിപാദിക്കുന്നത്. കൊലപാതകം — ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊല്ലുന്നത് — സത്യം. പക്ഷേ, അതു കാണാൻ ആരും ചെല്ലുകില്ല. കൊലപാതകം നടക്കുന്നുവെന്നറിഞ്ഞാൽ നമ്മൾ അവിടെനിന്നു ഓടും. എന്നാൽ ഒഥല്ലോ ഡെസ്ഡമോണോയുടെ കഴുത്തു ഞെരിക്കുന്ന ഭാഗം കാണാൻ നമുക്കിഷ്ടമാണ്. ഇവിടെയാണ് സത്യവും ഉത്കൃഷ്ടതമമായ സത്യവും തമ്മിൽ വേർതിരിഞ്ഞു നിൽക്കുന്നത്. സാഹിത്യകൃതികളിൽ ശ്രേഷ്ഠമായവയെല്ലാം ഈ സുപ്പീരിയർ റിയാലിറ്റിയെയാണ് സ്ഫുടീകരിക്കുക. കെ. കെ. രമേഷിന്റെ “ദൈവത്തിന്റെ തൂലിക” എന്ന ചെറുകഥയിൽ (കലാകൗമുദി — ലക്കം 631) അപരാധം ചെയ്യാത്ത ഒരു ചെറുപ്പക്കാരനെ നിയമപാലകർ പീഡിപ്പിക്കുന്നതിന്റെ ഭയജനകമായ ചിത്രമുണ്ട്. പക്ഷെ, രണ്ടാമത് അതൊന്നു നോക്കാൻ ആരും സന്നദ്ധത കാണിക്കില്ല. കാരണം മുകളിൽപ്പറഞ്ഞ സുപ്പീരിയർ റിയാലിറ്റി അതിൽ ഇല്ല എന്നതുതന്നെയാണ്. സംസ്കൃതാലങ്കാരികന്മാർ പറയുന്ന രണ്ടുതരം വൃത്തികളെക്കുറിച്ച് ഈ പംക്തിയിൽ മുൻപെഴുതിയിട്ടുണ്ട്. തദ്‌വൃത്തിയും തത്സമവൃത്തിയും. കൊലപാതകം കാണുമ്പോൾ ഉണ്ടാകുന്ന ജുഗുപ്സയാണ് അതു വർണ്ണിക്കുന്ന നോവൽ ജനിപ്പിക്കുന്നതെങ്കിൽ തദ്‌വൃത്തിയേ നടക്കുന്നുള്ളു. അത് രസാനുഭൂതി ഉളവാക്കിയാൽ തത്സമവൃത്തി നടക്കുന്നുവെന്നു കരുതാം. തദ്‌വൃത്തി തത്സമവൃത്തിയാക്കാൻ രമേഷ് പഠിക്കേണ്ടിയിരിക്കുന്നു.

* * *

സാംസ്കാരരഹിതനായ പ്രദീപിന്റെ ആകർഷകത്വത്തിൽ നിന്നുവിട്ടുപോകാൻ കഴിയാത്ത മായയെ അവതരിപ്പിക്കുന്നു കെ. ആർ. മല്ലിക “കൂട്” എന്ന ചെറുകഥയിൽ (കുങ്കുമം വാരിക — ലക്കം 7). ഇത് കഥയല്ല; സാഹിത്യമല്ല. മുഖത്തെ മാംസപേശികളുടെ വക്രീകരണമാണ്. ദൗർഭാഗ്യംകൊണ്ട് വക്രീകരണം ഇതുവരെയും സാഹിത്യമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png “കുഞ്ചൻ നമ്പ്യാരുടെ കവിതയിൽ താങ്കൾക്ക് ഇഷ്ടപ്പെട്ട നാലുവരികൾ?”

നാലില്ല. രണ്ടു വരികൾ മാത്രം. അത് ‘അച്ചിക്കുദാസ്യപ്രവൃത്തി ചെയ്യുന്നവർ കൊച്ചിക്കുപോയങ്ങു തൊപ്പിയിട്ടീടണം’ എന്നതാണ്.

Symbol question.svg.png അപ്പോൾ ഭർത്താക്കന്മാർ ഒരിക്കലും വ്യക്തിവാദികളാവുകയില്ലേ?

ആകും. ഓഫീസിലിരിക്കുമ്പോൾ. വൈകുന്നേരം അഞ്ചേകാലിന് അവിടെനിന്ന് ഇറങ്ങിത്തുടങ്ങുമ്പോൾ അല്പാല്പമായി വ്യക്തിവാദം ഒലിച്ചുതുടങ്ങും. വീട്ടിനകത്തു കയറുമ്പോൾ അയാൾ പൂച്ചയെക്കണ്ട എലിയെപ്പോലെയാകും. അവൾ ദേഷ്യപ്പെടുകയൊന്നുമില്ല. മധുര വാക്കുകൾ ഒഴുക്കിക്കൊണ്ട് പുഞ്ചിരിയിട്ട് നിൽക്കുകയേയുള്ളൂ. പക്ഷേ ആ മാധുര്യത്തിന്റെയും പുഞ്ചിരിയുടെയും പുറകിൽ മാർക്കോസിന്റെ സ്വേച്ഛാധികാരമുണ്ടായിരിക്കും, ക്രൂരത കാണും.”

Symbol question.svg.png കടം വാങ്ങുന്നവൻ?

വാങ്ങുന്ന സാധനങ്ങളുടെ വില കടയുടമസ്ഥനോടു ചോദിക്കാൻ ധൈര്യമില്ലാത്തവൻ.

Symbol question.svg.png കഥാകാരനായ ടി. ആറിനെക്കുറിച്ച് എന്താണഭിപ്രായം?

ബുദ്ധിശാലി. പ്രഗൽഭനായ അദ്ധ്യാപകൻ. സ്നേഹവും കാരുണ്യവും ഉള്ള സുഹൃത്ത്.


പ്രതീക്ഷ തകരുമ്പോൾ

തിരുവനന്തപുരത്തെ സംസ്കൃത കോളേജിൽ കൂടിയ സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കാൻ കെ. ബാലകൃഷ്ണൻ വന്നു. അത് ഉദ്ഘാടനം ചെയ്യുന്നത് ഗുരു ഗോപിനാഥാണെന്ന് കുട്ടികൾ അറിയിച്ചിരുന്നു, ഞങ്ങളെയെല്ലാം. സമ്മേളനത്തിന്റെ സമയമായി. ബാലകൃഷ്ണൻ അധ്യക്ഷന്റെ കസേരയിൽ. ഗോപിനാഥ് അദ്ദേഹത്തിനടുത്ത് ഇരിക്കുകയാണ്. പെട്ടെന്ന് ബാലകൃഷ്ണൻ നൃത്തവിദഗ്ദ്ധൻ കേൾക്കാതെ എന്നോടു ചോദിച്ചു: “ഇതാണോ ഗുരു ഗോപിനാഥ്?” ഞാൻ നോക്കി. വെളുത്തു മെലിഞ്ഞ ഒരു യുവാവ്. സാക്ഷാൽ ഗുരു ഗോപിനാഥുമായി അദ്ദേഹത്തിന് ഒരു സാദൃശ്യവുമില്ല. “ഇദ്ദേഹവും ഗുരുവായിരിക്കും” എന്നു ഞാൻ ബാലകൃഷ്ണനോടു പറഞ്ഞു. സ്വാഗതപ്രഭാഷകൻ പ്രഭാഷണം ആരംഭിച്ചു: “നൃത്തത്തിലും നൃത്യത്തിലും അപ്രമേയ പ്രഭാവനായി വിരാജിക്കുന്ന ഗുരുഗോപിനാഥ്…” ഇതുകേട്ടപ്പോൾ അദ്ദേഹം ഞാൻ തന്നെയാണ് ഗുരു ഗോപിനാഥ് എന്ന മട്ടിൽ ഞെളിഞ്ഞിരുന്നു; കഥകളിയിൽ പ്രശംസ കേട്ടു ഞെളിയുന്ന അർജ്ജുനനെപ്പോലെ. പിന്നീടാണ് മനസ്സിലായത് അദ്ദേഹം കോട്ടയ്ക്കത്തോ മറ്റോ കൊച്ചു പിള്ളേരെ ഡാൻസ് പഠിപ്പിക്കുന്ന ഒരു സാറാണെന്ന്.

ഞാൻ എറണാകുളം മഹാരാജാസ് കോളേജിൽ ജോലി നോക്കിയിരുന്ന കാലം. ഒരു ദിവസം കുട്ടികൾ വന്ന് എന്നോട് പറഞ്ഞു: “ ഇന്ന് വൈകുന്നേരം കൃഷ്ണമൂർത്തിയുടെ പ്രസംഗമുണ്ട്. സാറ് വരണം.” ഞാൻ ചോദിച്ചു: “ജെ. കൃഷ്ണമൂർത്തിയോ?” “അതേ” എന്ന് വിദ്യാർത്ഥികൾ. ഫിലോസഫറായ കൃഷ്ണമൂർത്തിയുടെ പ്രഭാഷണം നേരിട്ടു കേൾക്കാമല്ലോ എന്നു വിചാരിച്ചുണ്ടായ ആഹ്ലാദത്തോടു കൂടി ഞാൻ സമ്മേളനസ്ഥലത്തു ചെന്നപ്പോൾ ഒരു വിരൂപൻ പ്ലാറ്റ്ഫോമിൽ ഇരിക്കുന്നുണ്ട്. പ്രസംഗിക്കാൻ ആ മനുഷ്യൻ വാ തുറന്നപ്പോൾ വൈരൂപ്യമാർന്ന കുറേ വാക്കുകൾ താഴെ വന്നു വീണു. “ഇദ്ദേഹമാണോ ജെ. കൃഷ്ണമൂർത്തി?” എന്നു ഞാൻ അദ്ഭുതത്തോടെ ഇക്കണോമിക്സ് പ്രൊഫസ്സർ സി. എ. മോഹൻദാസിനോടു ചോദിച്ചു. “ ജിദ്ദു കൃഷ്ണമൂർത്തിയല്ല. വേറൊരു കൃഷ്ണമൂർത്തി” എന്ന് അദ്ദേഹം അറിയിച്ചു. കലയുടെ തിളക്കം ഗുരുഗോപിനാഥിൽ നിന്നും, ആത്മാവിന്റെ തിളക്കം ജെ. കൃഷ്ണമൂർത്തിയിൽ നിന്നും ഉണ്ടാകുന്നത് കാണാനായിരുന്നു ഞാൻ ചെന്നത്. പക്ഷേ, കണ്ടത് ഇരുട്ടുമാത്രം. പ്രതീക്ഷയ്ക്ക് വിപരീതമായ ഫലമുണ്ടാകുമ്പോൾ നിരാശത ജനിക്കും.

കുങ്കുമം വാരികയിൽ ’കെ. കവിതയുടെ കഥ’ എന്ന പ്രഖ്യാപനം കണ്ടപ്പോൾ ഏതോ ഉജ്ജ്വലമായ കഥയായിരിക്കും എന്ന പ്രതീക്ഷയോടെ വാരിക കൈയിലെടുത്ത് വായന തുടങ്ങി. കലയല്ല, കലയുടെ ഗട്ടറിലാണ് ഞാൻ വീണത് എന്ന് ഗ്രഹിച്ചു. ഇപ്പോൾ അസഹനീയമായ നാറ്റത്തോടെ ഞാൻ എഴുന്നേറ്റു നിൽക്കുന്നു. പ്രസവിക്കാനായി ആശുപത്രിയിലെത്തിയ ഭാര്യയെ കാണാൻ ഒരുത്തൻ കാറിൽ പോകുമ്പോൾ വഴിയിൽ ഒരപകടം കാണുന്നു. സ്ക്കൂട്ടറപകടം. ചെറുപ്പക്കാരരും ചെറുപ്പക്കാരിയും രക്തത്തിൽ കുളിച്ചു റോഡിൽ കിടക്കുന്നു. അവരെ ആശുപത്രിയിൽ കൊണ്ടുപോയാലോ? കൊണ്ടുപോകുന്നവൻ ചിലപ്പോൾ പ്രതിയായി മാറും. ഒരു പൂർവകാല സംഭവം അമ്മട്ടിലുണ്ട്. എങ്കിലും മനുഷ്യത്വം ജയിക്കുന്നു. ഇതു വായിച്ചപ്പോൾ സംസ്കൃത കോളേജിൽ ഗോപിനാഥിനെയും മഹാരാജാസ് കോളേജിൽ കൃഷ്ണമൂർത്തിയെയും കണ്ട അനുഭവം. നിരാശത ഷേക്സ്പിയറിന്റെ The Winters Tale എന്ന നാടാകത്തിൽ Exit, pursued by a bear എന്നൊരു രംഗനിർദ്ദേശമുണ്ട്. അതു വായിക്കാൻ വേണ്ടി മാത്രം ഞാൻ ആ നാടകം കൂടെക്കൂടെ കൈയിലെടുക്കാറുണ്ട്. കെ. കവിതയുടെ ഈ കഥാകരടി പാഞ്ഞുവരുന്നതു കണ്ട് ഞാൻ നിഷ്ക്രമിക്കട്ടെ.

* * *

ഹീബ്രു ഉപദേശങ്ങൾ അല്ലെങ്കിൽ ബോധനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് മിഷ്ന. അതിൽ സംസ്കാരശൂന്യന്റെ ലക്ഷണങ്ങൾ പറഞ്ഞിട്ടുണ്ട്.

  1. തന്നെക്കാൾ ജ്ഞാനിയായവന്റെ മുൻപിൽ ആദ്യംകയറി സംസാരിക്കുന്നവർ
  2. വേറൊരാൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കുകയറി പറയുന്നവൻ
  3. ഉത്തരം നൽകാൻ തിടുക്കം കാണിക്കുന്നവൻ
  4. സംഭാഷണ വിഷയത്തിൽ നിന്നുമാറി ചോദ്യങ്ങൾ ചോദിക്കുന്നവൻ
  5. ചോദിക്കുന്നതിനുമാത്രം മറുപടി പറയാതെ അതുമിതും പറയുന്നവൻ
  6. സത്യം അംഗീകരിക്കാത്തവൻ.

ഞാൻ മിഷ്ന മുഴുവനും വായിച്ചിട്ടില്ല. അങ്ങിങ്ങായി ചിലതു നോക്കിയിട്ടേയുള്ളു. നോക്കിയ ഭാഗങ്ങളിൽ മറ്റൊരു തികഞ്ഞ മര്യാദകേടിനെക്കുറിച്ചു പറഞ്ഞതായി കണ്ടില്ല. അത് ഇതാണ്. നമ്മൾ ദു:ഖത്തോടെയോ കോപത്തോടെയോ ഒരനുഭവത്തെക്കുറിച്ചു വേറൊരുത്തനോടു പറയുമ്പോൾ അവൻ റീയാക്ട് ചെയ്യാതെ സംഭാഷണവിഷയം മാറ്റുന്നതാണ് ഈ ലോകത്തെ ഏറ്റവും വലിയ സംസ്കാരരാഹിത്യം.

ഗർബച്ചേവ്

“ലെനിന്റെ നാട്ടിലുണ്ടായിരിക്കുന്ന ഈ മാറ്റങ്ങൾ എന്നെ വളരെയേറെ ആഹ്ലാദിപ്പിക്കുന്നു. സോവിയറ്റ് നേതാവ് ഗർബച്ചേവിന്റെ തിളക്കമാർന്ന വ്യക്തിത്വം മറ്റെന്തിനെക്കാളും എന്റെ കൺമുന്നിൽ ഉയർന്നു നിൽക്കുന്നു” തകഴി ശിവശങ്കരപ്പിള്ള ജനയുഗം വാരികയിലെഴുതിയ “ഇന്നലെ ഇന്ന്” എന്ന ലേഖനത്തിലെ ഈ ഭാഗത്തോട് ഞാൻ സമ്പൂർണ്ണമായും യോജിക്കുന്നു. ഗർബച്ചേവിന്റെ തിളക്കമാർന്ന വ്യക്തിത്വം എനിക്കും ആഹ്ലാദദായകം തന്നെ. പക്ഷേ, അദ്ദേഹത്തിന്റെ ഗ്ലസ്നൊസ്റ്റ് (glasnost) സിദ്ധാന്തത്തെ — ഉദാരത എന്ന സിദ്ധാന്തത്തെ — സോവിയറ്റ് യൂണിയനിലെ യാഥാസ്ഥിതി കക്ഷി എതിർക്കുമെന്ന് ചിലർ ദീർഘദർശനം ചെയ്തിരുന്നു. ഉദാരതാ സിദ്ധാന്തത്തിന്റെ ആയിരത്തിലൊരംശം പോലും ക്രുഷ്ചേവ് നടപ്പാക്കിയില്ല. എങ്കിലും അദ്ദേഹം അതിന്റെ പേരിൽ നിഷ്കാസിതനായി. ക്രെംലിനിലെ Noz man എന്നു വിശേഷിപ്പിക്കുപ്പെടുന്ന Yegor Ligachev ഇപ്പോൾ ‘ഉദാരത’യ്ക്കു പരിധി കല്പിച്ചു കൊണ്ട് പ്രഖ്യാപനം നടത്തിയിരിക്കുന്നു. ഇത് ഗ്ലസ്നൊസ്റ്റിനോടുള്ള പരോക്ഷമായ വെല്ലുവിളിയാണെന്ന് രാഷ്ട്ര വ്യവഹാര തൽപരർ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഇത് അച്ചടിച്ചുവരുമ്പോൾ ഗർബച്ചേവ് പൊതുരംഗങ്ങളിൽ പ്രത്യക്ഷനായേക്കാം. എന്നാൽ കഴിഞ്ഞ രണ്ടു മാസക്കാലത്തോളമായി അദ്ദേഹത്തെ കാണാനില്ല അത്തരം രംഗങ്ങളിൽ. നമ്മുടെ രാജ്യം പാക്കിസ്ഥാന്റെയും അമേരിക്കയുടെയും കരാളദംഷ്ട്രങ്ങളിൽപ്പെടാതെ നോക്കുന്നത് സോവിയറ്റ് റഷ്യയാണെന്ന ‘പ്ലാറ്റിറ്റ്യൂഡ്- അതിസാധാരണമായ ചൊല്ല് — ഞാൻ ആവർത്തിക്കേണ്ടതില്ല. മഹത്തായ ആ രാഷ്ട്രത്തിന്റെയും അതിന്റെ മഹാനായ നേതാവ് ഗർബച്ചേവിന്റെയും മുൻപിൽ ഞാൻ അവനതശിരസ്കനായി നിൽക്കട്ടെ.

ട്രയൽ വാരികയിൽ എസ്. തമ്പി വേളമാനൂർ ‘എന്റെ ഗീത’ത്തിലൂടെ നമ്മളോടു പറയുന്നു:

“അന്നെനിക്കാരുമില്ലായിരുന്നു
അന്നു ഞാനേകനായിരുന്നു
അന്നെന്റെ സ്വപ്നങ്ങൾ പങ്കുവയ്ക്കാൻ
അന്നെനിക്കാരുമില്ലായിരുന്നു.”

ക്ലീഷേചേർത്ത് ഇങ്ങനെ ഗാനങ്ങളെഴുതിയാൽ ആരും കാണില്ല തമ്പി വേളമാനൂരേ. നേരേചൊവ്വേ ജീവിക്കുകയും നല്ല രചനകൾ സഹൃദയർക്കു നൽകുകയും ചെയ്താലും ആളുകൾ ഉപദ്രവിക്കും. അങ്ങനെയിരിക്കെ ഇങ്ങനെ എഴുതിയാൽ എന്തായിരിക്കും താങ്കളുടെ അവസ്ഥ?

ലോപസ് മെറീനോ എന്ന കവി ആത്മഹത്യ ചെയ്തപ്പോൾ ബോർഹെസ് ഒരു ദീർഘമായ കാവ്യം രചിച്ചു. അതിന്റെ ഒടുവിലത്തെ ഭാഗം ഇംഗ്ലീഷ് തർജ്ജമയായിത്തന്നെ എടുത്തെഴുതട്ടെ:

“He will go down to the lavatory. There, on the chess — board — patterned floor tiles, water will wash the blood away quite soon. The mirror awaits him.

He will smooth back his hair, adjust his tie (as fits a young poet, he was always a bit of a dandy), and try to imagine that the other man — the one in the mirror — Performs the action and that he, the double repeats them. His hand will not falter at the end. Obediently, magically, he will have pressed the weapon to his head.

It was in this way, I suppose, That things happened.”

ഡബിൾ

ബോർഹെസ് പറഞ്ഞ ഈ ‘ഡബിൾ’ സങ്കല്പം — ദ്വന്ദ്വസങ്കല്പം — ലാറ്റിനമേരിക്കൻ എഴുത്തുകാർക്ക് വളരെ ഇഷ്ടമുള്ളതാണ്. മാർകേസിന്റെ ഒരു ചെറുകഥയിലും ‘കുലപതിയുടെ വീഴ്ച’ എന്ന നോവലിലും ഇതിന്റെ സുന്ദരമായ ആവിഷ്ക്കാരം കാണാം. 1987-ൽ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസാധനം ചെയ്ത Doubles എന്ന പുസ്തകത്തിൽ (ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലീഷ് പ്രൊഫസർ Karl Miller എഴുതിയത്) മാർട്ടിൻ എമിസ്, സോൾ ബെല്ലോ, നോർമൻ മേലർ, റോബർട്ട് ഫ്രോസ്റ്റ് സിൽവിയ പ്ലാത് ഇങ്ങനെ പല എഴുത്തുകാരുടേയും കൃതികളിൽ ദൃശ്യമാകുന്ന ഈ ദ്വന്ദ്വസങ്കല്പത്തെ ഉജ്ജ്വലമായി പ്രതിപാദിച്ചിട്ടുണ്ട്. നവീന മനശാസ്ത്രമനുസരിച്ച് സെൽഫ് രണ്ടല്ല അനേകമാണ്. അവയെക്കുറിച്ചെല്ലാം മില്ലർ എഴുതിയിരിക്കുന്നു. It (duality) is bisexuality and dual nationality. It courts and contemplates uncertainty, vacancy, doubt, dizziness and arrest … It is the eliot who encountered dissociation, and it is the empson who encountered ambiguity എന്ന് ഗ്രന്ഥകാരൻ. വലിയ കവിയായ റോബർട്ട് ഫ്രോസ്റ്റിന്റെ സ്വഭാവം ഇതിൽ വിവരിച്ചിരിക്കുന്നത് വായിച്ചാൽ നമ്മൾ ഞെട്ടും. അർദ്ധരാത്രി കൈത്തോക്കെടുത്ത് ഭാര്യയുടേയും മകളുടേയും നേർക്കു ചൂണ്ടിക്കൊണ്ട് അച്ഛനമ്മമാരിൽ ആരാണ് ജീവിച്ചിരിക്കേണ്ടതെന്ന് തീരുമാനിക്കാൻ അദ്ദേഹം മകളോട് ആവശ്യപ്പെട്ടു. ഈ ഭ്രാന്ത് ഫ്രോസ്റ്ററിന്റെ അച്ഛനുമുണ്ടായിരുന്നു. അമ്മ ഫ്രോസ്റ്ററിനെ പ്രസവിക്കാറായപ്പോൾ ഡോക്ടർ എത്തി. അദ്ദേഹത്തിനു ചുറുചുറുക്ക് ഉണ്ടാകാൻ വേണ്ടി കൈത്തോക്കെടുത്ത് അദ്ദേഹത്തിന് നെഞ്ചിന് നേരെ ചൂണ്ടിയ ആളാണ് ഫ്രോസ്റ്ററിന്റെ അച്ഛൻ. വിദ്വജ്ജനോചിതവും രസകരവുമായ പുസ്തകം (Doubles, Oxford paperbacks, £6.95).

* * *

കൈനിക്കര പദ്മനാഭപിള്ള സമുന്നതനായ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തെ നമ്മൾ വിസ്മരിച്ചു കഴിഞ്ഞു. അത് നമ്മുടെ സംസ്കാര ലോപത്തെയാണ് കാണിക്കുക. ഉത്കൃഷ്ടങ്ങളായ നാടകങ്ങളും ധിഷണാവിലാസം പ്രകടിപ്പിക്കുന്ന പ്രബന്ധങ്ങളും രചിച്ച അദ്ദേഹം നല്ല വാഗ്മിയുമായിരുന്നു. കേരളകൗമുദി ദിനപത്രത്തിൽ അദ്ദേഹം രാഷ്ട്രവ്യവഹാരത്തെ സംബന്ധിച്ച് എഴുതിയ ലേഖനങ്ങൾ നിസ്തുലമെന്നേ പറയാവൂ. ഒരിക്കൽ എൻ.ജി.ഒ. പണിമുടക്കിനെപ്പറ്റി അദ്ദേഹം പ്രസംഗിച്ചതു കേട്ട ഞാൻ ചോദിച്ചു: “സാർ പ്രസംഗം ഉജ്ജ്വലമായിരുന്നു. ഇത് എങ്ങനെയാണ് സാറ് അനുഷ്ഠിക്കുക?” അദ്ദേഹം മറുപടി നൽകി: “വിശ്രമിക്കുന്ന സന്ദർഭങ്ങളിൽ ഞാനിത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കും. ആ ചിന്തകളെ മനസ്സിന്റെ ഒരു കോണിൽ ഒതുക്കിവയ്ക്കും. പ്രസംഗിക്കുമ്പോൾ അവ അനായാസമായി പുറത്തേക്ക് പോരും.”