സാഹിത്യവാരഫലം 1987 11 29
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1987 11 29 |
ലക്കം | 667 |
മുൻലക്കം | 1987 11 22 |
പിൻലക്കം | 1987 12 08 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
വിദേശസഞ്ചാരത്തിനുപോയ ഒരാള്‍ ദൂരെയിരുന്നുകൊണ്ട് ഭാര്യയ്ക്ക് ആയിരം ചുംബനങ്ങളുടെ ചെക്ക് അയച്ചു കൊടുത്തത്രെ. അത് ക്യാഷ് ചെയ്തു കൊടുത്തത് അടുത്ത വീട്ടിലെ സുന്ദരനായ യുവാവായിരുന്നു പോലും. വാക്കുകള്‍ ആരെ ലക്ഷ്യമാക്കി പ്രയോഗിക്കുന്നുവോ അയാള്‍ക്ക് അവയുടെ പിറകിലുള്ള അനുഭൂതി ഉളവാക്കുമെന്നാണ് ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം.
യു.പി എന്ന സ്ഥലം യു.പി ആയിരുന്നകാലത്ത് — അതായത് ഇന്നത്തെ പേര് അതിനു വരുന്നതിനുമുന്‍പ് — ഞാന്‍ കുറെക്കാലം അവിടെ താമസിച്ചിട്ടുണ്ട്. മുന്നൂറു മലയാളികള്‍ പാര്‍ക്കുന്ന ഒരു കാട്ടുപ്രദേശം. അവിടെയുള്ള ഒരു കൊച്ചുപള്ളിയുടെ മുന്‍പില്‍ ഏകാന്തതയുടെ സുഖമനുഭവിക്കാനും യേശുദേവനെ ധ്യാനിക്കാനുംവേണ്ടി ഞാന്‍ ചെന്നിരിക്കാറുണ്ടായിരുന്നു. ചിലര്‍ക്ക് കടപ്പുറത്തു പോകാനാണു കൊതി. വേറെ ചിലര്‍ക്ക് വിമാനത്തില്‍ കയറണം. മറ്റു ചിലര്‍ക്ക് കൊതുമ്പുവള്ളത്തില്‍ക്കയറി വേമ്പനാട്ടു കായലിന്റെ മറുകരയിലെത്തണം. എനിക്ക് കാട്ടുപ്രദേശത്തുള്ള ക്രൈസ്തവ ദേവാലയത്തിന്റെ മുന്‍പില്‍ ഒറ്റയ്ക്കിരുന്ന് കുരിശിനെ നോക്കണം. ഒരുകാലത്ത് അതില്‍ ചോരയൊലിപ്പിച്ചുകൊണ്ടു കിടന്ന് ‘ഭഗവാനേ അങ്ങെന്തിന് എന്നെ കൈവെടിഞ്ഞു?’ എന്നു ചോദിച്ച പാവനചരിതന്നെ സ്മരിച്ചുകൊണ്ട് ഇരിക്കാന്‍ വല്ലാത്ത ആഗ്രഹമാണ്. അങ്ങനെ ഒരുദിവസം സന്ധ്യാവേളയില്‍ അവിടെ ധ്യാനനിമഗ്നനായി ഇരുന്നപ്പോള്‍ പള്ളിക്കകത്തുനിന്ന് യുവാവായ ഒരു വൈദികനിറങ്ങിവന്ന് ഒരു നോട്ടം എന്റെനേര്‍ക്ക് എറിഞ്ഞിട്ടു നടന്നുപോയി. ഏതാനും നിമിഷങ്ങള്‍ക്കകം അദ്ദേഹം തിരിച്ചുവന്ന് തെല്ലൊരു ഭീതിയോടെ എന്നോടു പറഞ്ഞു: “കണ്ടിട്ട് മലയാളിയാണെന്നു തോന്നുന്നു. ഇവിടെ ഇനി ഇരിക്കരുത്. രാത്രിയായാല്‍ പുലികള്‍ ഇറങ്ങും.” ഞാന്‍ എഴുന്നേറ്റു. എന്നിട്ട് അദ്ദേഹത്തോടു ചോദിച്ചു: “ഇന്നലെ പ്രായംകൂടിയ ഒരു വൈദികനാണല്ലോ ഇവിടെനിന്ന് ഇറങ്ങിപ്പോയത്? നിങ്ങള്‍ രണ്ടു പേരുണ്ടോ?” ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു: “ഇല്ല. ഇന്നലെ നിങ്ങള്‍കണ്ട അച്ചന്‍ സ്ഥലംമാറിപ്പോയി. ഇന്നുമുതല്‍ ഞാനാണ് ഇവിടെ.” ചിരിച്ചുകൊണ്ട് അദ്ദേഹം വീണ്ടും: “നെഹ്റുവിനുശേഷം ലാല്‍ ബഹദൂര്‍ ശാസ്ത്രി. ഫ്രാന്‍സിസ് അച്ചനുശേഷം തോമസ്.”
[പാതിരിമാരുടെ പേരുകള്‍ ഇവയല്ല — ലേഖകന്‍]
ഞാന്‍ പാര്‍പ്പിടത്തിലേക്കു തിരിച്ചുപോന്നു. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ എനിക്കു പരിചയമുള്ള ഒരു ചെറുപ്പക്കാരിയെ റോഡില്‍വച്ചു കണ്ടു. ഞാന്‍ അവളോടു ചോദിച്ചു: “നിങ്ങളുടെ അച്ഛന്‍ സ്ഥലംമാറിപ്പോയോ?” “പോയി” എന്ന് ആഹ്ലാദത്തോടെ മറുപടി. “പുതിയ അച്ചനെങ്ങനെ?” വീണ്ടും എന്റെ ചോദ്യം. ആത്മാവിനെ സംരക്ഷിക്കുന്ന ആ പുതിയ വൈദികനെ ഓര്‍മ്മിച്ച് കാമത്തിന്റെ ശാര്‍ദ്ദുല നൃശംസത നേത്രങ്ങളില്‍ വരുത്തി മധുര മന്ദസ്മിതത്തോടെ അവള്‍ അറിയിച്ചു: “യങ് ആന്‍ഡ് ഹാന്‍സം” എന്നെ ആക്രമിക്കുമായിരുന്ന പുലി കാണാന്‍കൊള്ളാവുന്ന ആ യുവതിയെ കാമത്തിന്റെ രൂപമാര്‍ന്ന് എപ്പോഴേ ആക്രമിച്ചിരിക്കുന്നു.
മൂന്നു വര്‍ഷംകഴിഞ്ഞ് ഞാന്‍ ആ സ്ഥലത്ത് വീണ്ടും പോയി. വൈദികന്‍ മാറിയിട്ടില്ല. അദ്ദേഹത്തിന്റെ യുവത്വം ലേശം മാറിയിരിക്കുന്നു. തൃശ്ശൂര്‍ക്കാരനായ ഒരു ചെറുപ്പക്കാരനെ ഞാന്‍ അവിടെവച്ച് പരിചയപ്പെട്ടു ‘സാഹിത്യവാരഫല’ത്തിന്റെ വായനക്കാരനായ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു: “ഈ അച്ചനെ അധികാരികള്‍ സ്ഥലം മാറ്റിയില്ലേ?” അയാള്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്: “മാറ്റി, പക്ഷേ, ശുപാര്‍ശചെയ്ത് അയാള്‍ അത് റദ്ദാക്കി. അയാളെങ്ങനെ പോകാനാണ്? ഇവിടത്തെ ചെറുപ്പക്കാരികള്‍ പ്രസവിക്കുമ്പോള്‍ ശിശുക്കള്‍ക്ക് അവയുടെ പിതാക്കന്മാരുടെ ഛായയില്ലെങ്കില്‍ ഇയാളുടെ ഛായ കാണും.” ഞാന്‍ ആ യുവാവിന്റെ ആവിഷ്കാര വൈദഗ്ദ്ധ്യത്തിന്റെ മുന്‍പില്‍ തലകുനിച്ചിട്ട് മലയാളസാഹിത്യത്തില്‍ ആവിര്‍ഭവിക്കുന്ന കൃതികളെക്കുറിച്ച് ആലോചിക്കുകയായി. അവയ്ക്ക് ജനയിതാവിന്റെ ഛായയില്ലെങ്കില്‍ സായ്പിന്റെ ഛായ കാണും. അതും സത്യം.
Contents
ഇംപോസ്ച്ചര്‍
‘മലയാളനാട്’ വാരികയുടെ എഡിറ്ററായിരുന്ന എസ്.കെ. നായര്‍ പല നേരമ്പോക്കുകളും എന്നോടു പറഞ്ഞിട്ടുണ്ട്. അവയില്‍ അച്ചടിക്കാവുന്ന ഒരെണ്ണം ഇവിടെ എഴുതാം. ഭര്‍ത്താവ് പൂമുഖത്തിരുന്നു പത്രം വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഭാര്യവന്നു ചോദിച്ചു: “സരളയാര്?” ഭര്‍ത്താവ് ഒന്നു ഞെട്ടിയെങ്കിലും അതു കാണിക്കാതെ പറഞ്ഞു: “ഇന്നലെ നമ്മുടെ ചന്ദ്രശേഖരന്‍ നായര്‍ വാങ്ങിയ പശുവിന്റെ പേരാണ് സരള. മൃഗങ്ങള്‍ക്കും മനുഷ്യരുടെ പേര്!” അതുകേട്ട് ഭാര്യ പറഞ്ഞു: “എന്നാലേ ആ സരള നിങ്ങളെ ഫോണില്‍ വിളിക്കുന്നു. അങ്ങോട്ടു ചെന്നാട്ടെ.”
ഭര്‍ത്താവ് ഭാര്യയെ പേടിച്ച് കാമുകിയെ പശുവാക്കി. പാവം കാമുകിയുണ്ടോ അതറിയുന്നു! എന്നാല്‍ ചിലര്‍ മറ്റാളുകളായി നമ്മുടെ മുന്‍പില്‍വന്നു നിന്നുകളയും. മുന്‍പൊരിക്കല്‍ താന്‍ സതീഷ്‌ബാബു പയ്യന്നൂരാണെന്നു പറഞ്ഞുകൊണ്ട് ഒരാള്‍ എന്റെ വീട്ടില്‍ വന്ന് വലിയൊരു തുക പറ്റിച്ചു വാങ്ങിക്കൊണ്ടുപോയ കാര്യം ഞാന്‍ ഈ പംക്തിയില്‍ എഴുതിയിരുന്നു. മാന്യനായ ഒരു സാഹിത്യകാരനെ പരോക്ഷമായി അപമാനിക്കുകയായിരുന്നു ആ തസ്കരന്‍. അയാള്‍ വെട്ടൂര്‍ രാമന്‍ നായരെയും ഇമ്മട്ടില്‍ പറ്റിച്ചെന്ന് അദ്ദേഹം എന്നെ അറിയിച്ചു. ഇയാളെ പിന്നീട് പൊലിസ് അറസ്റ്റു ചെയ്തെന്ന് മാതൃഭൂമി ദിനപത്രത്തില്‍ വായിച്ചു. ആണുങ്ങള്‍ക്കു മാത്രമല്ല ഈ ധൈര്യമുള്ളത്, പെണ്ണുങ്ങള്‍ക്കുമുണ്ട്. പണ്ട് ലക്ചററായി ഒരാളിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി സര്‍വകലാശാലയുടെ പ്രതിനിധിയായി ഞാനൊരു കോളേജില്‍ പോയി. ഇന്റര്‍വ്യൂവിനുള്ള സമയമാകാത്തതുകൊണ്ട് ഞാന്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹം എവിടെയോ പോയ സന്ദര്‍ഭം നോക്കിക്കൊണ്ട് കണ്ടാല്‍ തരക്കേടില്ലാത്ത ഒരു പെണ്‍കുട്ടി മുറിയിലേക്കു വന്നു. ചിരിച്ചുമയങ്ങി അവള്‍ എന്നോടു ചോദിച്ചു: “സാര്‍ എന്നെ ഓര്‍മ്മയില്ലേ? ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ സാറിന്റെ ശിഷ്യയായിരുന്നു. സാറിന്റെ ക്ളാസ് എത്ര രസമാണ്. ഇപ്പോള്‍ ഇവിടത്തെ ഇന്റര്‍വ്യൂവിനു വന്നിരിക്കുകയാണ്. സാര്‍ എന്നെത്തന്നെ സെലക്ട് ചെയ്യണം. സാറിന്റെ ശിഷ്യത്തിയല്ലേ ഞാന്‍.” “നോക്കട്ടെ” എന്നുമാത്രം ഞാന്‍ പറഞ്ഞു. പെണ്‍കുട്ടി പോയി. എനിക്ക് വലിയ ഓര്‍മ്മപ്പിശകില്ല. എത്ര ആലോചിച്ചിട്ടും അവളെ പഠിപ്പിച്ചിരുന്നതായി എനിക്കു തോന്നിയതേയില്ല. ഇന്റര്‍വ്യൂ കഴിഞ്ഞതിനുശേഷം മറ്റൊരു ഉദ്യോഗാര്‍ത്ഥിയോട് ഞാന്‍ തിരക്കി അവളാരെന്ന്. അപ്പോഴാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത് അവള്‍ തിരുവനന്തപുരത്തേ വന്നിട്ടില്ലെന്ന്. പിന്നല്ലേ യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്നത്. ആ ഉദ്യോഗാര്‍ത്ഥിയോടൊരുമിച്ച് അവലൾ ബി.എംയ്ക്കും എം.എയ്ക്കും ഉത്തരകേരളത്തിലെ ഒരു കോളേജിലാണ് പഠിച്ചത്. ഇതാണ് ഇംപോസ്ച്ചര്‍ (imposture) — ആള്‍മാറാട്ടം. ഇംപോസ്ച്ചര്‍ നടത്തുന്ന ആള് ഇംപോസ്റ്റര്‍ — ആള്‍മാറാട്ടക്കാരന്‍. സാഹിത്യത്തിലെ ഒരു ഇംപോസ്റ്ററാണ് കുങ്കുമം വാരിയില്‍ ‘പഴമയുടെ പുതുമ” എന്ന ചെറുകഥയെഴുതിയ മണികൃഷ്ണന്‍. സാഹിത്യകാരനല്ലാതെ സാഹിത്യകാരന്റെ വേഷംകെട്ടി കുങ്കുമം വാരികയില്‍ നില്ക്കുന്ന അദ്ദേഹത്തെ [മണികൃഷ്ണന്‍ സ്ത്രീയാണോ എന്തോ? സ്ത്രീയാണെങ്കില്‍ എന്റെ തെറ്റ് സദയം ക്ഷമിക്കണം] ആള്‍മാറാട്ടക്കാരന്‍ എന്നല്ലാതെ എന്താണു വിളിക്കുക. ഒരു പരിഷ്കാരവുമില്ലാതെ ഗ്രാമപ്രദേശത്തു കിടന്ന ഒരു ചെറുപ്പക്കാരി പട്ടണത്തില്‍ ജോലിയുള്ള ഒരു യുവാവിന്റെ ഭാര്യയായി വരുന്നു. അയാളോ? വലിയ പരിഷ്കാരി. ഒരുകാലത്ത് സാരിയുടുക്കാന്‍ അറിയാന്‍ പാടില്ലായിരുന്ന അവള്‍ ഭര്‍ത്താവിന്റെ ഉപദേശമനുസരിച്ച് സ്ലീവ്ലെസ്സ് ബ്ളൗസിട്ട് ക്ളബ്ബുകളില്‍ പോകുന്നവളായി മാറി. പരിഷ്കാരം മൂത്തുമൂത്ത് കുഞ്ഞിനെപ്പോലും ശ്രദ്ധിക്കാതെയായി അവള്‍. ശിശു മരിക്കുമെന്ന അവസ്ഥയിലായപ്പോള്‍ ഭര്‍ത്താവ് ഗ്രാമീണനെപ്പോലെ അന്ധവിശ്വാസിയായി. അവളും പഴയ നാട്ടിന്‍പുറത്തുകാരിയായി. ഏതു നല്ല കഥയുടെയും സംഗ്രഹം നല്കിയാല്‍ അത് അപഹാസ്യമാകും. മണികൃഷ്ണന്റെ കഥയുടെ ചുരുക്കം അപഹാസ്യമായിട്ടുണ്ടെങ്കില്‍ അത് കഥയുടെ തിന്മകൊൻടുതന്നെയാണ്. സംശയമുണ്ടെങ്കില്‍ കഥതന്നെ വായിച്ചു നോക്കിയാലും. അങ്ങനെ വായിച്ചുനോക്കിയാല്‍ കഥാകാരന്‍ ‘ലിറ്റററി ഇംപോസ്റ്ററാ’ണെന്ന പരമാര്‍ത്ഥം സ്പഷ്ടമാകും.
ഒരു കത്ത്
പഞ്ചാബിലെ ഭീകരന്
നിങ്ങള്‍ ദിവസന്തോറും നിമിഷം തോറും ആളുകളുടെ കഥ കഴിക്കുന്നു. തോക്കാണ് അതിനു നിങ്ങള്‍ ഉപയോഗിക്കുന്നത്. പക്ഷേ, തൂലികകൊണ്ട് കേരളത്തിലെ കഥയെഴുത്തുകാരന്‍ വായനക്കാരന്റെ കഥകഴിക്കുന്നു എന്ന വസ്തുത നിങ്ങള്‍ അറിയുന്നുണ്ടോ? ഇപ്പോള്‍ കേരളത്തില്‍ — വിശേഷിച്ചും കൊല്ലത്ത് — അതിസാരവും ഛര്‍ദ്ദിയുമാണ് സുഖക്കേട്. തുടര്‍ക്കഥ വായിക്കുന്നതുകൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് ഇവിടത്തെ ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചിരിക്കുന്നു. നിങ്ങള്‍ തോക്ക് താഴെവച്ചിട്ട് തൂലികയെടുക്കു. കഥയെഴുതു, തുടര്‍ക്കഥയെഴുതു, അതാണു നല്ലത്.
എന്ന്
ഒരു കേരളീയന്‍
വൈക്കം മുഹമ്മദ് ബഷീര്‍
ജാഫ്നയിലെ ഇന്‍ഡ്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേരളത്തിലെ ചില ധിഷണാശാലികള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ കലാകൗമുദിയില്‍ കാണാം. ആ ധിഷണാശാലികളില്‍ ഒരാള്‍ വൈക്കം മുഹമ്മദ് ബഷീറാണ്. “എന്നെസ്സംബന്ധിച്ചിടത്തോളം ശ്രീലങ്ക മുഴുവന്‍ അങ്ങു തീര്‍ന്നു പോയാലും എനിക്കൊന്നുമില്ല. ഞാന്‍ ഭക്ഷണവുംകഴിച്ച് ഈ മരച്ചുവട്ടില്‍ത്തന്നെ കിടക്കും” എന്നാണ് അദ്ദേഹം പറയുന്നത്. ഇത് കടുത്ത നൈരാശ്യത്തില്‍നിന്നോ കനത്ത വിഷാദത്തില്‍നിന്നോ ഉണ്ടായ ചിന്തയല്ല. അന്യന്റെ സുഖത്തില്‍ തല്പരത്വവും ദുഃഖത്തില്‍ സഹതാപവുമുള്ള നല്ല മനുഷ്യനാണ് ബഷീറെന്ന് എനിക്ക് നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒക്ടോബര്‍ മുപ്പതാം തീയതി കാലത്ത് പതിനൊന്നു മണിയോടടുപ്പിച്ച് ഞാന്‍ ബഷീറിന്റെ ബേപ്പുരിലുള്ള വസതിയിലെത്തി. എന്റെകൂടെ കേരളകൗമുദിയിലെ എസ്. ഭാസുരചന്ദ്രനും കഥാകാരനായ അക്‌ബര്‍ കക്കട്ടിലും ഉണ്ടായിരുന്നു. ചുറ്റും കനത്ത കന്മതിലുള്ള ആ ഭവനത്തിന്റെ പടിക്കെട്ട് ഞങ്ങള്‍ കയറി ഇടത്തോടു നോക്കിയപ്പോള്‍ ബഷീര്‍ മരച്ചുവട്ടിലിട്ട ചാരുകസേരയിലിരുന്ന് എന്തോ എഴുതുന്നതു കണ്ടു. അക്‌ബര്‍ ഞങ്ങളെ പരിചയപ്പെടുത്തി. ബഷീറിന് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. ‘ഇരിക്കു’ എന്ന് പറഞ്ഞു. ആ മിഴികളില്‍ ആഹ്ളാദത്തിന്റെ നനവില്ല. കോപത്തിന്റെ സ്ഫുരണമില്ല. ഭൂതകാലത്തിന്റെ സുവര്‍ണ്ണദശകളെക്കുറിച്ചല്ല ആ സാഹിത്യകാരന്‍ സംസാരിച്ചത്. വാര്‍ദ്ധക്യത്തിന്റെ ഒരു കെടുതിയായ സ്വന്തം രോഗത്തെക്കുറിച്ചു മാത്രമാണ്. കണ്ണിലെ തിമിരത്തെക്കുറിച്ചും പ്രായക്കൂടുതലുളവാക്കിയ ക്ഷീണതയെക്കുറിച്ചും നിസ്സംഗതയോടെ അദ്ദേഹം ചിലതൊക്കെ പറഞ്ഞു. ബഷീറിന്റെ നിര്‍ദ്ദേശമനുസരിച്ച് ചായ കൊണ്ടുവന്നു. അടിക്കടി സിഗററ്റും ബീഡിയും വലിക്കുന്ന അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു: “ഇത്രയ്ക്ക് അസുഖമാണെങ്കില്‍ ഈ സിഗററ്റങ്ങ് വേണ്ടെന്നു വച്ചു കൂടേ?” ബഷീര്‍ പറഞ്ഞു. “‘വലിച്ചാലും ഇല്ലെങ്കിലും മരിക്കും. പിന്നെന്തിനു വലിക്കാതിരിക്കണം?” അദ്ദേഹം മരച്ചുവട്ടിലിരിക്കുകയായിരുന്നുവെന്ന് ഞാന്‍ പറഞ്ഞല്ലോ. മറ്റെങ്ങും ഞാന്‍ കണ്ടിട്ടില്ലാത്ത ആ മരം ഏതാണെന്ന് ഞാന്‍ ചോദിച്ചു. സ്റ്റൈന്‍ എന്നവസാനിക്കുന്ന ഒരു പേര് അദ്ദേഹം പറഞ്ഞു. ആ പേരിന്റെ ആദ്യത്തെ ഭാഗം എന്റെ ഓര്‍മ്മയില്‍നിന്ന് ഓടിപ്പോയിരിക്കുന്നു. ഹരിതശോഭയാര്‍ന്ന വലിയ ഇലകളുള്ള ഒരു വൃക്ഷം. ഇന്‍ഡൊനേഷ്യയില്‍നിന്നു കുടിയേറിപ്പാര്‍ത്ത അവന്റെ സന്തതികള്‍ ഇന്ന് കോഴിക്കോട്ട് പലയിടങ്ങളിലുമുണ്ടത്രെ. യാത്ര ചോദിച്ചപ്പോള്‍ ബഷീര്‍ ഒരു കൊച്ചു വടിയെടുത്തു തന്നു. ഭംഗിയാര്‍ന്ന വടി. വരയിടാന്‍ കൊള്ളാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത് മെല്ലെവാങ്ങി. അതിനെ ഒന്നു തടവിയിട്ട് ഒരുഭാഗം മൃദുവായി തിരിച്ചു. പെട്ടെന്നു നോക്കിയപ്പോള്‍ അത് വടിവാളായി മാറിയിരിക്കുന്നു. അതിന്റെ മുന ഞങ്ങളുടെനേര്‍ക്കു ചൂണ്ടിയിട്ട് “മൂന്നുപേരെയും ശരിപ്പെടുത്താം ഇതുകൊണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. ആ പ്രവൃത്തിക്ക് പ്രതിരൂപാത്മകതയുണ്ടെന്നാണ് അക്‌ബര്‍ അറിയിച്ചത്. ശരിയാണോ എന്തോ. ഞാന്‍ ബഷീറിന്റെ കരതലം ഗ്രഹിച്ചു. വാര്‍ദ്ധക്യത്തിന്റെ പാരുഷ്യത്തിലും സ്നേഹത്തിന്റെ മൃദുലത. “ഈശ്വരന്‍ അനുഗ്രഹിക്കും” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. പ്രതികൂല വിമര്‍ശനംകൊണ്ട് ഞാന്‍ വേദനിപ്പിച്ച ഒരു നല്ല മനുഷ്യനില്‍നിന്ന് എനിക്കു കിട്ടിയ അനുഗ്രഹമാണത്. പടിക്കെട്ട് ഇറങ്ങുന്നതിനുമുന്‍പ് ഞങ്ങള്‍ ബഷീറിന്റെ സഹധര്‍മ്മിണിയെയും മകളെയും കണ്ടു. രണ്ടുപേര്‍ക്കുമുണ്ട് അതിഥി സല്‍ക്കാര തല്‍പരത്വം. ഞാന്‍ ബഷീറിന്റെ സഹധര്‍മ്മിണിയോടു പറഞ്ഞു: “ഞാന്‍ അദ്ദേഹത്തെ പതിവായി വധിക്കാറുണ്ട്. എങ്കിലും സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയത്. അതുകേട്ട് അവര്‍ പറഞ്ഞു: “അതൊന്നും സാരമില്ല. വിമര്‍ശിക്കുന്തോറും ഞങ്ങളുടെ പുസ്തകങ്ങള്‍ കൂടുതല്‍ കൂടുതലായി വിറ്റുപോകുന്നു.” ബഷീറിന്റെ മകള്‍ സാഹിത്യവാരഫലം പതിവായി വായിക്കുന്നുവെനും രസമുള്ളതാണ് ആ ലേഖനപരമ്പരയെന്നും അറിയിച്ചു. രണ്ടുപേര്‍ക്കും അതിഥികളുടെ ദര്‍ശനത്തില്‍ ആഹ്ളാദാതിരേകം. റോഡിലേക്കു പോകാന്‍ ഭാവിച്ച ഞങ്ങളെനോക്കി ബഷീര്‍ കൈയുയര്‍ത്തി വീണ്ടും അനുഗ്രഹിച്ചു. ബഷീറും അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹത്തിനു തണല്‍നല്കുന്ന വൃക്ഷവും ഒരുമിച്ചു വളരട്ടെ. അവര്‍ക്ക് എല്ലാ ഉയര്‍ച്ചകളും ഉണ്ടാകട്ടെ. പ്രകൃതിയുടെ പ്രതിരൂപമായ മരത്തിന്റെ ചുവട്ടിലിരുന്ന് ബഷീര്‍ സ്നേഹസാന്ദ്രതയോടെ എല്ലാവരെയും വീക്ഷിക്കുന്നു. ആ വീക്ഷണം അവിരാമമായി തുടരണമെന്നാണ് എന്റെ ആഗ്രഹം.
ഉച്ചകഴിഞ്ഞ് മണി ഒന്നായപ്പോള്‍ ഹോട്ടലുടമസ്ഥന്‍ മാനേജരെ വിളിച്ചു പറഞ്ഞു: “എല്ലാ കാര്യങ്ങളും ശരിയായി നോക്കിക്കൊള്ളണം. ഞാന്‍ ഏതെങ്കിലും ഹോട്ടലില്‍പ്പോയി ഊണുകഴിച്ചുവരാം.” മലയാളസാഹിത്യത്തിന്റെ ഹോട്ടലില്‍നിന്ന് ഊണു കഴിക്കുന്നവനല്ല ഞാന്‍. എല്ലാം പടിഞ്ഞാറാന്‍ ഹോട്ടലുകളില്‍നിന്നാണ്. ബെഡ് കോഫിക്കുപോലും ഞാന്‍ എന്റെ ഹോട്ടല്‍വിട്ടു പോകുന്നു. സ്വന്തം ഹോട്ടലിന്റെ വൃത്തികേട് അതിന്റെ ഉടമസ്ഥനല്ലാതെ വേറെയാര്‍ക്കാണ് അറിയാവുന്നത്?
മാറാന്‍ വയ്യാത്ത ചെക്ക്
ഞാന്‍ അങ്ങ് യു.പിയിലായിരുന്നപ്പോള്‍ എന്നും കാലത്ത് പോസ്റ്റോഫീസില്‍ പോകുമായിരുന്നു. നാട്ടില്‍നിന്നു വരാത്ത കത്തുകള്‍ക്കായി. ഒരുദിവസം താങ്കള്‍ക്ക് ഒരു കത്തുണ്ട്’ എന്ന് ഹിന്ദിയില്‍ പറഞ്ഞു കൊണ്ട് പോസ്റ്റ്മാന്‍ എഴുത്തുതന്നു. മേല്‍വിലാസംപോലും ശരിക്കു വായിക്കാതെ ഞാന്‍ കത്തുതുറന്ന് ആദ്യത്തെ രണ്ടു വാക്യങ്ങള്‍ വായിച്ചു. തുടക്കത്തില്‍ത്തന്നെ ആയിരമായിരം ഉമ്മകള്‍ എന്നു പലതവണ എഴുതിയിരിക്കുന്നു. ഭയന്ന് കവര്‍ നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്, കത്ത് എന്റെ പേരിനോട് ഏതാണ്ട് സാദൃശ്യമുള്ള വേറൊരാള്‍ക്കാണെന്ന്. കത്തെഴുതിയ വിവാഹതയായ സുന്ദരിയെ എനിക്ക് നേരത്തെ അറിയാമായിരുന്നു. അവര്‍ ഭര്‍ത്താവറിഞ്ഞോ അറിയാതെയോ എഴുത്തിലെ മേല്‍വിലാസക്കാരനോട് ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ഞാന്‍ അക്കാലത്തു കേട്ടിരുന്നു. സ്കാന്‍ഡല്‍ എന്നുപറഞ്ഞ് ഞാന്‍ അത് എന്നോടു പറഞ്ഞവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അങ്ങനെയിരിക്കെ ആ സുന്ദരിയുടെ ഭര്‍ത്താവിന് സ്ഥലംമാറ്റം കിട്ടി. പുതിയ സ്ഥലത്തു ചെന്നയുടനെ അവര്‍ കാമുകനയച്ച, പ്രേമലേഖനമാണ് എന്റെ കൈയില്‍ വന്നുപെട്ടത്. ‘ഹായ് കത്ത് മാറിപ്പോയി’ എന്ന് മുറിഹിന്ദിയില്‍ പറഞ്ഞ് ഞാനത് പോസ്റ്റ്മാന് തിരിച്ചുകൊടുത്തു. നേരേമറിച്ച്, അത് കിട്ടേണ്ട ആളിനു കിട്ടിയിരുന്നെങ്കിലോ? സന്തോഷംകൊണ്ട് അയാള്‍ തുള്ളിമറിഞ്ഞേനേ. ചുംബനത്തിന്റെ അനുഭൂതി വാക്കുകളില്‍നിന്നുതന്നെ അയാള്‍ക്കു ലഭിച്ചേനേ.
വേറൊരു കഥ കേട്ടിട്ടുണ്ട്. വിദേശ സഞ്ചാരിത്തിനുപോയ ഒരാള്‍ ദൂരെയിരുന്നുകൊണ്ട് ഭാര്യയ്ക്ക് ആയിരം ചുംബനങ്ങളുടെ ചെക്ക് അയച്ചുകൊടുത്തത്രെ. അത് ‘ക്യാഷ്’ചെയ്തു കൊടുത്തത് അടുത്ത വീട്ടിലെ സുന്ദരനായ യുവാവായിരുന്നുപോലും. വാക്കുകള്‍ ആരെ ലക്ഷ്യമാക്കി പ്രയോഗിക്കുന്നുവോ അയാള്‍ക്ക് അവയുടെ പിറകിലുള്ള അനുഭൂതി ഉളവാക്കുമെന്നാണ് ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ഹിഗ്ഗിന്‍സിന് ഒരു ചരമഹിന്ദോളം’ എന്ന കാവ്യമെഴുതിയ പി.ടി. നരേന്ദ്രമേനോന്‍ അനുവാചകരെ ലക്ഷ്യംവച്ചാണോ പദങ്ങള്‍ പ്രവഹിപ്പിക്കുന്നത്. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്റെ യത്നം വിഫലം എന്നു പറയേണ്ടിയിരിക്കുന്നു.കാവ്യത്തിന്റെ തുടക്കം കേട്ടാലും, കാറപകടത്തില്‍ മരിച്ച ഒരു ഭാഗവതര്‍ സായ്പിനെക്കുറിച്ചാണ് നരേന്ദേമേനോന്‍ എഴുതുന്നത്.
വരിക തിരുവയ്യാറ്റു-
തീരത്തില്‍നിന്നാദിവിധൂരതകള്‍
നീറുന്ന ജീവരാഗങ്ങളില്‍, ചപല-
മോഹാതുരരഹസ്യങ്ങള്‍ ചീറി നി-
ന്നനുദിനം തലകൊയ്യുമീ ഭഗ്നധൂളിയില്‍,
സ്മൃതികള്‍ തന്‍ പൈദാഹസാധകക്കൂടു ചേര്‍-
ന്നൊരുപിടി സ്ഥായികളിലടയിരുന്നും, പഴം
മുറിവുകളില്‍ രുധിരനീരിറ്റിച്ചുയിര്‍ക്കൊണ്ട
സ്വരതൃണാവര്‍ത്തങ്ങള്‍ താണ്ടിയും, മൃതിനാദ-
ഗതിവിഗതി കരയുന്ന കാറ്റില്‍നിന്നശ്രുവി-
ന്നുതിര്‍മണികള്‍ കൊത്തിയും
വരിക നീ ശാരികേ!
‘വരിക നീ ശാരികേ’ എന്ന വാക്കുകളൊഴികെ വായനക്കാര്‍ക്ക് എന്തു മനസ്സിലായി? മനസ്സിലാകുക എന്ന പ്രക്രിയ പോകട്ടെ. എന്തെങ്കിലും വികാരത്തിന് അവര്‍ വിധേയരായോ? രണ്ടിനും ‘ഇല്ല’ എന്ന ഉത്തരമേ അവര്‍ നല്കൂ എന്നാണെന്റെ വിചാരം. ലോറിയുടെ പിന്‍ഭാഗത്തെ അടപ്പ് വലിച്ചു താഴ്ത്തിയിട്ട് കരിങ്കല്‍ച്ചില്ലുകള്‍ റോഡിലേക്കു പ്രവഹിപ്പിക്കുന്ന കൂലിക്കാരന്റെ പ്രവൃത്തിയായിട്ടാണ് ഇതിനെ ഞാന്‍ കാണുന്നത്. ശബ്ദത്തോടെ അവ താഴെ വന്നുവീഴുന്നു. യാത്രക്കാരുടെ കാലുമുറിയുമോ മറ്റു വാഹനങ്ങള്‍ക്കു പോകാനിടമുണ്ടോ എന്നൊന്നും നോക്കാതെ അടപ്പ് തിരിച്ചടച്ച് ഡ്രൈവര്‍ ലോറി സ്റ്റാര്‍ട്ട് ചെയ്യുന്നു. വേഗത്തില്‍ ഓടിച്ചുപോകുമ്പോള്‍ പോക്കു കാണേണ്ട കാഴ്ചയാണെങ്കില്‍ നരേന്ദ്രമേനോന്റെ ലാറിയോടിക്കലും കാണേണ്ട കാഴ്ചയത്രെ. സത്യദര്‍ശനത്തിനു പല മാര്‍ഗ്ഗങ്ങളുണ്ട്. ആകാരത്തിലൂടെ അതാകാം. ഇടപ്പള്ളിക്കവികള്‍ അനുഷ്ഠിച്ചത് അതാണ്. ആശയത്തിലൂടെ സത്യം ദര്‍ശിക്കാം. വൈലോപ്പിള്ളിയുടെ മാര്‍ഗ്ഗമതായിരുന്നു. നരേന്ദ്രമേനോന് രണ്ടും മാര്‍ഗ്ഗങ്ങളല്ല. അദ്ദേഹം വാക്കുകള്‍ വാരി എടുത്തു. നമുക്ക് ക്ളേശവും.
ബുദ്ധസന്ന്യാസിയും ചിത്രകാരനുമായിരുന്ന സെസ്ഷൂവിനെക്കുറിച്ച് (Sesshu) ഒരു കഥയുണ്ട്. അദ്ദേഹത്തിന്റെ ചിത്രരചനാ താല്‍പര്യം മതപരങ്ങളായ കാര്യങ്ങളില്‍ അഭ്യസിക്കുന്നതില്‍ തടസ്സമായി നില്ക്കുന്നവെന്ന് മഠാധിപതി എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. അത് കേട്ടുകേട്ട് സെസ്ഷൂവിനും ദുഃഖമുണ്ടായി. തന്നെ മഠത്തിന്റെ തൂണില്‍ കൈയും കാലും കെട്ടി ബന്ധിക്കാന്‍ അദ്ദേഹം മറ്റു സന്ന്യാസിമാരോട് അഭ്യര്‍ഥിച്ചു. ഒരുദിവസമെങ്കിലും ചിത്രരചനയില്‍ നിന്നു മാറിനിന്നാല്‍ അതിലുള്ള കൗതുകം തീരുമല്ലോ എന്നാണ് അദ്ദേഹം കരുതിയത്. സെസ്ഷൂ തൂണിനോടു ചേര്‍ത്തു ബന്ധിക്കപ്പെട്ടു. അയാള്‍ വല്ലാതെ വിയര്‍ത്തു. വിയര്‍പ്പ് കഞ്ചുകം നനച്ചുകൊണ്ട് ഭൂമിയിലേക്ക് ഒഴുകി. ഭൂമി നനഞ്ഞു. അദ്ദേഹത്തിന്റെ പെരുവിരല്‍ വലിക്കാന്‍ തുടങ്ങി. കാലത്ത് സന്ന്യാസിമാര്‍ വന്നു നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ വിരലിനരികെ ഒരു ചത്ത എലി കിടക്കുന്നതു പോലെ തോന്നി. അല്ല, ആ ചിത്രകാരന്‍ പെരുവിരല്‍കൊണ്ടു വരച്ച എലിയുടെ ചിത്രമായിരുന്നു അത്. കലയുടെ പ്രചോദനമാര്‍ന്നവര്‍ തങ്ങളറിയാതെ വരയ്ക്കും, കാവ്യമെഴുതും, നോവലെഴുതും, പ്രചോദനമില്ലാത്തവര്‍ മിണ്ടാതിരിക്കുന്നത് നന്ന്.
പി.കെ. പരമേശ്വരന്‍നായര്‍
പൊലിസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന ഉസ്മാര്‍ (D.S.P.) ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന്റെ അധിപതിയായിരുന്നു ഒരുകാലത്ത്. അദ്ദേഹം തിരിച്ച് പൊലീസ് ഡിപ്പാര്‍ട്ട് മെന്റിലേക്കു പോന്നു. ഉസ്മാന്‍ ചെങ്ങന്നൂര്‍ ഡി.എസ്.പി. ആയിരുന്നു കാലത്ത് ഞാന്‍ അദ്ദേഹത്തെ അവിടെവച്ചു കണ്ടു. ഒരുദിവസം പ്രഭാതത്തില്‍ ഞാന്‍ ഉസ്മാന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ അദ്ദേഹം ചേട്ടന്റെ മകന്‍ നൂറുദീനെ ടാഗോറിന്റെ ഗീതാഞ്ജലി പഠിപ്പിക്കുകയായിരുന്നു. Deliverance, where is this deliverance to be found? എന്ന് ഉസ്മാന്‍ പറഞ്ഞതും ഞാനവിടെ ചെന്നതും ഒരുമിച്ചായിരുന്നു. പലതും സംസാരിച്ച കൂട്ടത്തില്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ പി.കെ. പരമേശ്വരന്‍ നായരെ അറിയുമോ എന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ഉടനെ ഉസ്മാന്‍ പറഞ്ഞു: “അറിയും, പുരുഷരത്നം.” ആ പുരുഷരത്നത്തിന്റെ വ്യക്തിത്വത്തെയും സാഹിത്യസംഭാവനകളുടെ സവിശേഷതയെയും അനാവരണം ചെയ്യുകയാണ് ഇ.വി. ശ്രീധരന്‍ കലാകൗമുദി വാരികയില്‍. പി.കെ. പരമേശ്വരന്‍ നായര്‍സ്സാറിന് 84 വയസ്സ് തികഞ്ഞിരിക്കുന്നു. ഒരു മനുഷ്യാത്മാവിന്റെ പുരോഗമനം. ആ ആത്മാവിന്റെ മാനുഷികമൂല്യ സാക്ഷാത്കാരം ഇവയെല്ലാം ഈ പ്രബന്ധത്തില്‍ വിശദമാക്കിയിരിക്കുന്നു. രാജഹംസങ്ങള്‍ പറക്കുമ്പോള്‍ സൂര്യരശ്മികള്‍ അവയുടെ ചിറകുകളില്‍ വന്നുവീഴും. അപ്പോഴാണ് അവയുടെ ഭംഗി കൂടുന്നത്. ശതാഭിഷേകം എന്ന മഹത്വമാര്‍ന്ന ബിന്ദുവില്‍ എത്തിയ പി.കെ. പരമേശ്വരന്‍ നായരെ ഇങ്ങനെ മാനിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഉജ്ജ്വലതയെക്കുറിച്ച് ബഹുജനത്തിന് അറിവുണ്ടാകുന്നത്. ആ നിലയില്‍ ആദരണീയമായി കലാകൗമുദിയുടെ ഈ സമാരാധനം.
വിശിഷ്ടമായ പുസ്തകം
ബൊലൊന്യാ സര്‍വകലാശാലയില്‍ (University of Bologna) സീമിയോട്ടിക്സ് പ്രൊഫസറായ ഉമ്പര്‍ട്ടോ എചോ (Umberto Eco) The Name of the Rose എന്ന നോവല്‍ രചിച്ചതോടെ വിശ്വവിഖ്യാതനായി. അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ് Travels in Hyperreality (Picador Publication 1987) ഉത്കൃഷ്ടങ്ങളായ പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഇറ്റലിയിലെ ഫിലിം ഡയറക്ടറന്മാരായ ഫേദറീക്കോ ഫേല്ലീനി (Federico Fellini), മീക്കലൊഞ്ചലോ ആന്റോനീയോനീ (Michelangelo Antonioni) ക്യാനഡയിലെ മാസ് കമ്മ്യൂനിക്കേഷന്‍സ് തീയറിസ്റ്റായ മര്‍ഷല്‍ മക്ലൂവന്‍ (Marshall McLuhan) ഇറ്റലിയിലെ തത്ത്വചിന്തകനായ സെയിന്റ് തോമസ് അക്വിനസ് ഇവരെക്കുറിച്ചും സമകാലിക പ്രാധാന്യമുള്ള മറ്റു പല വിഷയങ്ങളെക്കുറിച്ചും എചോ എഴുതുന്നു. ധിഷണകൊണ്ട് ഓരോ വിഷയത്തിന്റെയും അഗാധതയിലേക്കു കടന്നുകയറുന്നു അദ്ദേഹം. എക്സ്പോ 67-നെക്കുറിച്ച് എചോ എഴുതുന്നതിനിടയില്‍ ഇങ്ങനെ: ബോട്ട്, കാറ്, ടി.വി സെറ്റ് ഇവ യഥാക്രമം സഞ്ചരിക്കുന്നതിനോ ഓടിക്കുന്നതിനോ കാണുന്നതിനോ ഉള്ളവയല്ല. അവ. അവയ്ക്കുവേണ്ടിമാത്രം വീക്ഷിക്കപ്പെടാനുള്ളവയത്രെ. വാങ്ങിക്കാനുമുള്ളവയല്ല ആ വസ്തുക്കള്‍. ഡിസ്കോതെക്കിന്റെ വര്‍ണ്ണമണ്ഡലത്തെ ആസ്വദിക്കുന്നതുപോലെ ഞരമ്പുകള്‍കൊണ്ടും ക്ഷോഭമാര്‍ന്ന ഇന്ദ്രിയങ്ങള്‍കൊണ്ടും ആസ്വദിക്കേണ്ടവയാണ്. വസ്തുക്കള്‍ ഉണ്ട് എന്നതുകൊണ്ട് അവയെ സ്വായത്തമാക്കണമെന്നില്ല. അവയെ നോക്കിയാല്‍ മതി.
കായികവിനോദങ്ങള്‍ (Sports) രാഷ്ട്രീയ കാര്യങ്ങള്‍ക്കു പകരമുള്ളവയായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് എചോ പറയുക. ധനകാര്യമന്ത്രിയുടെ ജോലിയെ വിലയിരുത്തുന്നതിനു പകരമായി കോച്ചിന്റെ ജോലിയെ നമ്മള്‍ വിലയിരുത്തുന്നു. (ധനകാര്യമന്ത്രിയുടെ ജോലിയെ വിലയിരുത്തണമെങ്കില്‍ ധനതത്ത്വശാസ്ത്രത്തെപ്പറ്റി അറിവു വേണമല്ലോ) പാര്‍ലമെന്റ് റിക്കോഡിനെ വിമര്‍ശിക്കുന്നതിനു പകരം നമ്മള്‍ സ്പോര്‍ട്സില്‍ പങ്കെടുത്ത താരങ്ങളുടെ റിക്കോഡിനെ വിമര്‍ശിക്കുന്നു. ഏതോ ഒരു മന്ത്രി ഒപ്പുവച്ചുകൊടുത്ത കുത്സിതമായ ഒരു കരാറിനെപ്പറ്റി ചോദിക്കുന്നതിനു പകരമായി നമ്മള്‍ ചെയ്യുന്നതെന്താണ്? ഫൈനല്‍ ഗെയിം ശക്തിയാലാണോ അതോ യാദൃച്ഛികതയാലാണോ നിശ്ചയിക്കപ്പെടുന്നത് എന്നാണ്. ധിഷണയ്ക്കു സംതൃപ്തിയരുളുന്നതാണ് ഇതിലെ ഓരോ പ്രബന്ധവും.
ജാക്ക്ബെന്നിയെ അമേരിക്കന്‍ പ്രസിഡന്റ് ഓഫീസിലേക്കു ക്ഷണിച്ചു. വയലിന്‍പെട്ടിയുമായി അവിടെയെത്തിയ അദ്ദേഹത്തോട് സെക്യൂരിറ്റി ഓഫീസര്‍ ചോദിച്ചു: “ഈ പെട്ടിയിലെന്താണ്?” ബെന്നി ഗൗരവഭാവത്തില്‍ പറഞ്ഞു: “മെഷ്യന്‍ഗണ്‍” അതുകേട്ട് അതേ ഗൗരവത്തോടെ സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു: “എന്നാല്‍ കുഴപ്പമില്ല. അകത്തേക്കു പൊയിക്കൊള്ളു. ഒരുനിമിഷം ഞാന്‍ പേടിച്ചു, ഇതിനകത്ത് നിങ്ങളുടെ വയലിന്‍ ആണെന്ന്.”
|
|