സാഹിത്യവാരഫലം 1987 12 13
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര് | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1987 12 13 |
ലക്കം | 639 |
മുൻലക്കം | 1987 12 08 |
പിൻലക്കം | 1987 12 20 |
വായനക്കാരുടെ പ്രതികരണങ്ങള് | ഇവിടെ നൽകുക |
രണ്ടു ചക്രമുള്ളതും, മടക്കിവയ്ക്കാവുന്ന മൂടിയുള്ളതും, യാത്രക്കാരനെ ഇരുത്തി ഒരുത്തൻ വലിച്ചുകൊണ്ടുപോകുന്നതുമായ വാഹനമാണ് ജപ്പാനിലെയും ഫിലിപ്പീൻസിലെയും ജിന്റിക്ഷോ അല്ലെങ്കിൽ ജിന്റിക്ഷാ. ഇതു ജാപ്പാനീസ് പദമാണ്. ജിൻ = മനുഷ്യൻ. റിക്കി = ശക്തി. ഷ = വാഹനം. നമുക്കു ജിന്റിക്ഷയില്ല. വെറും റിക്ഷയേയുള്ളൂ. ആ വെറും റിക്ഷ ചില സ്ഥലങ്ങളിൽ സൈക്കിൾ റിക്ഷയായി മാറിയിട്ടുണ്ട്. മൂന്ന് നാല് ആളുകളെയും അവർ കൊണ്ടു വരുന്ന ഭാരം കൂടിയ പെട്ടികളെയും സൈക്കിൾ റിക്ഷയ്ക്കകത്താക്കി, എഴുന്നേറ്റു നിന്ന് പെഡൽ ചവിട്ടിത്താഴ്ത്തി സ്വന്തം നെഞ്ചുപൊട്ടിക്കുന്ന പാവങ്ങളെ വടക്കേ ഇൻഡ്യയിൽ ഞാൻ ധാരാളം കണ്ടിട്ടുണ്ട്. ഈ മൃഗീയ സ്വഭാവം നമ്മുടെ നാട്ടിൽ കുറവാണ്. ഇവിടെ എഞ്ചിന്റെ ശക്തിക്കാണ് പ്രാധാന്യം. അതുകൊണ്ട് ആവശ്യകതയിൽ കവിഞ്ഞുള്ള ഓട്ടോറിക്ഷകൾ ഇവിടെയുണ്ട്. എഞ്ചിന്റെ ശക്തി ഡ്രൈവറെയും യാത്രക്കാരെനെയും എത്തേണ്ടിടത്ത് എത്തിക്കുന്നു. ഡ്രൈവറുടെ നെഞ്ച് പൊട്ടുന്നില്ല. പണം എണ്ണിക്കൊടുക്കുന്ന യാത്രക്കാരന്റെ നെഞ്ചേ പൊട്ടുന്നുള്ളൂ. ജിന്റിക്ഷാ എങ്ങനെ നമ്മുടെ നാട്ടിൽ റിക്ഷ മാത്രമായി? മാർക്സിസ്റ്റായ (നീയോ മാർക്സിസ്റ്റായ) അഡോർനോക്ക് ഇതിനെപ്പറ്റി വിചിത്രമായ വാദഗതിയുണ്ട്. തൊഴിലാളികളുടെ ഭാഷയ്ക്ക് ഹേതു വിശപ്പാണ്. ആ പാവങ്ങൾ വയറു നിറയ്ക്കാൻ വാക്കുകളെ ചവയ്ക്കുന്നു പോലും. സമുദായം നിഷേധിച്ച ആഹാരം അവർ ഭാഷയിൽ നിന്ന് പ്രതീക്ഷിക്കുന്നു. വായ്ക്കകത്തു മുഴുവനും വാക്കുകൾ. പല്ലുകൾക്കിടയിൽ വേറൊന്നുമില്ല. അതിനാൽ അവർ ഭാഷയോട് പ്രതികാരം ചെയ്യുന്നു. അവർ വാക്കുകളെ ചവച്ച് അവയ്ക്ക് ‘അംഗവൈകല്യ’മുണ്ടാക്കുന്നു. ‘ജിൻറിക്ഷ’യെ ചവച്ച് ചവച്ച് റിക്ഷയാക്കിയതാവാം ഇവിടത്തെ തൊഴിലാളികൾ. ഞാനൊരു ദിവസം ഓട്ടോറിക്ഷയിൽ പോകുകയായിരുന്നു. രാജവീഥിയുടെ ഒരുവശത്തുനിന്ന് തിരിയുന്ന ഒരു ലൈനിലേക്ക് പോകാൻ വേണ്ടി ഞാൻ വാഹനമോടിക്കുന്ന ആളിനോട് പറഞ്ഞു: “ അതാ, അക്കാണുന്ന ചുവന്ന ബോർഡില്ലേ? അവിടെനിന്ന് വലത്തോട്ട് തിരിയണം.” ഡ്രൈവർ സ്ഥിരീകരണത്തിനെന്നപോലെ എന്നോടൊരു ചോദ്യം: “ആ ചെവല ബോർഡാണോ?” അഡോർനൊയുടെ സിദ്ധാന്തം അംഗീകരിച്ചാൽ പാവപ്പെട്ട തൊഴിലാളി ചുവന്ന എന്ന പദത്തെ വിശപ്പുസഹിക്കാനാവാതെ ചവച്ചുചവച്ച് ചെവലയാക്കി എന്ന് പറയേണ്ടിവരും. ഈ സംഭവത്തിനുശേഷം കാലമേറെയായി. എന്റെ പേരക്കുട്ടി രാഖി ഒരു സിനിമയിൽ അഭിനയിക്കാൻ പോയി. യശസ്സുള്ള ഒരു അഭിനേത്രിയോടുകൂടിയാണ് അഞ്ചു വയസ്സുള്ള അവൾ അഭിനയിച്ചത്. പടമെടുത്തതിനു ശേഷം ഒരു ദിവസം ഞാൻ ആ നടിയെ ടെലിഫോണിൽ വിളിച്ച് “അന്ന് … യുടെ കൂടെ അഭിനയിച്ചത് എന്റെ പേരക്കുട്ടിയാണ്” എന്നു പറഞ്ഞു. ഉടനെ അവർ എന്നോടു ചോദിച്ചു; “ഏത്? ആ ചെവല ഉടുപ്പിട്ട കുട്ടിയോ?” “അതേ” എന്ന് എന്റെ മറുപടി. ബി. എ. പരീക്ഷ ജയിച്ച, ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുന്ന, സമ്പന്നയായ ആ യുവതി വിശപ്പുകൊണ്ട് ചവച്ചരച്ച് രൂപപ്പെടുത്തിയതാണോ ‘ചെവല’ എന്ന പദം? അഡോർനോ എഴുതാപ്പുറം വായിക്കുകയാണ്. ചില സിദ്ധാന്തങ്ങളിൽ അന്ധമായ വിശ്വാസം വന്നാൽ ഇതും ഇതിലപ്പുറവും പറഞ്ഞുപോകും ആളുകൾ.
ഹിരണ്മയേന പാത്രേണ സത്യസ്യാപി ഹിതം മുഖം
തത്ത്വം പൂഷണപാവൃണു സത്യധർമ്മായ ദൃഷ്ടയേ
സ്വർണ്ണമയമെന്നപോലെയുള്ള പാത്രം കൊണ്ടു സത്യസ്വരൂപനായ ബ്രഹ്മത്തിന്റെ മുഖം മൂടപ്പെട്ടിരിക്കുന്നു. അല്ലയോ ആദിത്യാ, സത്യമാകുന്ന ധർമ്മത്തോടുകൂടിയ എനിക്ക് കാണുവാൻ വേണ്ടി ആ പാത്രത്തെ മാറ്റിയാലും. എന്ന ഔപനിഷദീയ സൂക്തത്തെ ക്യാപ്പിറ്റലിസ്റ്റ് — പ്രോലിറ്റേറിയറ്റ് ബന്ധമായി വ്യാഖ്യാനിച്ചവർ ഇല്ലാതില്ല. സ്വർണ്ണമയമായ പാത്രം ക്യാപ്പിറ്റലിസ്റ്റിന്റെ സമ്പത്താണത്രേ. അത് എടുത്ത് മാറ്റാൻ അപേക്ഷിക്കുന്നവൻ തൊഴിലാളിയാണുപോലും. സ്റ്റുപ്പിഡിറ്റികൾ രണ്ടുവിധത്തിലാണ്. ലിമിറ്റഡ് സ്റ്റുപ്പിഡിറ്റിയും അൺലിമിറ്റഡ് സ്റ്റുപ്പിഡിറ്റിയും. ഈ വ്യാഖ്യാനം രണ്ടാമത്തെ വിഭാഗത്തിലാണ് സസുഖം വിലയം കൊള്ളുന്നത്. വാക്കുകൾ അവയുടെ സ്വാതന്ത്ര്യവും, ഭംഗിയും വിളംബരം ചെയ്തുകൊണ്ട് അവയായിത്തന്നെ ഇരുന്നുകൊള്ളട്ടെ. വിശപ്പുകൊണ്ടോ പ്രതികാരവാഞ്ഛകൊണ്ടോ അവയെ ആരും വിരൂപമാക്കുന്നില്ല. ‘ചുവന്ന’ എന്ന വിശേഷണത്തെ ‘ചെവല’ എന്നാക്കുന്നത് വിശപ്പല്ല, ദാഹമല്ല, ഉന്നതവർഗ്ഗത്തോട് പകരം വീട്ടാനുള്ള അഭിനിവേശമല്ല; സംസ്കാരലോപമാണ്. അതുകൊണ്ട് “നീലക്കുയിലേ, നീലക്കുയിലേ നീയെന്തെന്നോടു മുണ്ടാത്തേ? എന്ന് കവി എഴുതിയത് ശരിയായില്ല. മിണ്ടുക എന്ന പദം മുണ്ടുക എന്നാവരുത്.
Contents
പ്രസ്താവന മാത്രം
ജീവി ആഹാരസാധനം കണ്ടാൽ ചാടിവീഴുന്നതുപോലെ മനുഷ്യൻ അക്രമപ്രവണതയോടെ ഓരോ പ്രശ്നത്തിലും ചാടി വീഴുന്നു. ക്ഷമ മനുഷ്യനില്ല. ഏതും ഉടനടി പരിഹരിക്കണം. അതുകൊണ്ടാണ് മനുഷ്യൻ എല്ലാക്കാലത്തും അക്രമാസക്തനായിട്ടുള്ളത്
താരുണ്യവേഗത്തിൽ വധൂജനങ്ങൾ പിന്നിട്ടിടുന്നൂ പൂരുഷവ്രജത്തെ
മരം തളിർക്കാൻ തുടരുമ്പൊഴേക്കുമൊപ്പം മുളച്ചീടുന്ന വല്ലി പൂത്തൂ
എന്ന് കവി. ശരിയാണ് ‘തരുണ്യവേഗം’ വല്ലാത്ത വേഗം തന്നെയാണ്. ദിവസം പ്രതിയല്ല, നിമിഷം പ്രതിയാണ് പെൺകുട്ടികൾ വളരുന്നത്. വളർച്ച മാത്രമല്ല; അവരുടെ ശരീരത്തിന് ദൃഢതയുണ്ടാകും, നൂതനങ്ങളായ വക്രരേഖകളുണ്ടാകും. ബാല്യകാലത്ത് ഇല്ലാതിരുന്ന മനോഹാരിത യൗവനകാലത്തെ ചിരിക്ക് ഉണ്ടാകും. അപ്പോഴാണ് യുവാവ് പറയുന്നത് “ഈ ലോകത്ത് ഏറ്റവും ചേതോഹരമായത് സുന്ദരിയുടെ ചിരിയാണ്” എന്ന്. നേരേ മറിച്ചും സംഭവിക്കാം. വല്ലിപൂക്കുന്നതിനുപകരം ഒന്നിനൊന്ന് അതു മുരടിച്ചുപോകും. ഇലകൾ കൊഴിയും. മൊട്ടുവന്നാൽ വിരിയില്ല. തണ്ട് ആർദ്രത കുറഞ്ഞ്കുറഞ്ഞ് ഉണക്കക്കമ്പാകും. ദാരിദ്ര്യമാകാം ഈ ജീർണ്ണതയ്ക്കു ഹേതു. നവയൗവനം വന്നു നാൾതോറും വളരുന്ന കഥയാണു കാരൂർ നീലകണ്ഠപിള്ളയുടെ “ചെകുത്താൻ”. ഉതുപ്പാനും ഭാര്യയും മക്കളും പട്ടിണിക്കാരാണ്. ഉതുപ്പാനു മറാത്ത രോഗം. ചികിത്സിക്കാൻ പണം വേണം. അടുത്ത വീട്ടിലെ ഒരു വൃദ്ധ ഉതുപ്പാന്റെ സുന്ദരിയായ മകളെ വ്യഭിചരിപ്പിച്ചു പണം കൊടുക്കുന്നു. അതോടൊപ്പം വൃദ്ധയും അതിന്റെ ഒരു ഭാഗം കൈവശപ്പെടുത്തുന്നു. സർവസാധാരണമായ ഈ കഥയ്ക്ക് കാരൂർ ഭാവനകൊണ്ടു മനോഹാരിത വരുത്തി അതിനെ കലാശില്പമാക്കി മാറ്റുന്നു. അടിക്കടി വളരുന്ന കാമിനിയെപ്പോലെയാണ് ഇക്കഥ. ഒടുവിൽ അവൾ പുഷ്പിച്ച് നില്ക്കുന്നു. ശിരസ്സുതൊട്ടു പാദംവരെ ആ കഥാംഗന ചേതോഹരാംഗിതന്നെ. അവളുടെ ഒരവയവഭംഗി നോക്കു.
“അവൾ പാതിരായ്ക്കു കടലയ്ക്കാച്ചിമ്മിനി കത്തിച്ചു. തലതിരിച്ചു വച്ച ഒരു കെട്ടുതാലിപോലെ അതിന്റെ ദീപം മിന്നി. ആ വെളിച്ചത്തിൽ അമ്മ മകളെ അടിമുടി പലവുരു നോക്കി. കണ്ണീർ കൊണ്ട് അവളുടെ കാഴ്ച മങ്ങി. വിളക്കു താനെ അണഞ്ഞു. ‘എന്റെ കർത്താവേ’”. വിവാഹത്തിനുള്ള പ്രായംകഴിഞ്ഞ മകളെ നോക്കുന്ന അമ്മയ്ക്കു ചിമ്മിനിയുടെ ദീപം തലതിരിച്ചുവച്ച കെട്ടുതാലിപോലെ തോന്നിയത് എത്ര സ്വാഭാവികം.
കാരൂർ നീലകണ്ഠപ്പിള്ളയുടെ ഇക്കഥ അനുനിമിഷം വളരുന്ന സുന്ദരിയാണെങ്കിൽ സി. വി. ബാലകൃഷ്ണന്റെ ‘ഉറവിടങ്ങൾ’ എന്ന കഥ (കലാകൗമുദി, 637). പ്രതിനിമിഷം കെട്ടുവരുന്ന വൈരൂപ്യമാർന്ന പെണ്ണാണ്. രോഗാർത്തനായ അയ്യപ്പൻകുട്ടി മകൾ സീതമ്മയെ അയച്ച് ആ സ്ഥലത്തെ ഒരു ഉദ്യോഗസ്ഥനെ വീട്ടിൽ വരുത്തുന്നു. എന്തോ കാര്യം പറയാനുണ്ടെന്ന് മകൾ വഴി അയാൾ അറിയിച്ചെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല. അന്നുരാത്രി സീതമ്മ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി. അയാളുടെ ധർമ്മചിന്ത ഉണർന്നു. വാതിൽ വലിച്ചടച്ചു അയാൾ. ഈ സംഭവത്തിനുശേഷം അയ്യപ്പൻകുട്ടിയും കുടുംബവും അവിടെനിന്നു പോയി. സ്ത്രീയുടെ ദയനീതയിലാണ് കാരൂർ നീലകണ്ഠപിള്ളയുടെ ഊന്നൽ. ധർമ്മചിന്തയ്ക്കു പ്രാധാന്യം നൽകുകയാണ് ബാലകൃഷ്ണൻ. അങ്ങനെ രണ്ടുകഥകൾക്കും വിഭിന്നതയുണ്ട്. പക്ഷേ ആദ്യത്തേത് ഹൃദയഹാരി. രണ്ടാമത്തേത് വിരസം. ഈ വൈരസ്യത്തിനു ഹേതുവെന്താകാം? കഥാപാത്രത്തിന്റെ ആന്തരജീവിതത്തെ നാടകീയമാക്കി അവതരിപ്പിക്കാൻ കാരൂരിന് അറിയാം. നാടകീയത സംഘട്ടനാത്മകമാണ്. ആ സഘട്ടാനാത്മകതയാണ് രസാനുഭൂതി ഉളവാക്കുന്നത്. ബാലകൃഷ്ണന്റെ കഥയിൽ നാടകീയതയില്ല. വെറും സ്റ്റേയ്റ്റ്മെന്റ്സുകളേയുള്ളൂ. സ്റ്റേയ്റ്റ്മെന്റ് — പ്രസ്താവന — കഥയാവുന്ന കാലം വന്നാൽ സി. വി. ബാലകൃഷ്ണനെ കഥാകാരനായി കൊണ്ടാടാൻ ആളുകൾ ഉണ്ടാവും.
തീരെക്കൊച്ചുകുട്ടികൾ പൂവ് എന്നെ നോക്കി ചിരിച്ചുവെന്നു പറയും. യുവാവ് എന്റെ പ്രേമഭാജനം പനിനീർപ്പൂപോലെയാണെന്ന് പറയും. അറുപത് വയസ്സു കഴിഞ്ഞവർക്ക് പൂവിനെക്കണ്ടാൽ പൂവാണെന്നു മാത്രമേ തോന്നൂ. എന്താണ് ഇതിനു കാരണം? കുട്ടികൾ ഭാവനയുടെ ലോകത്തുമാത്രം സഞ്ചരിക്കുന്നവരാണ്. യുവാക്കന്മാർ ആദർശത്തിന്റെയും ഉന്നതമായ ഭാവനയുടെയും ലോകത്തു സഞ്ചരിക്കുന്നവരും. രണ്ടുകൂട്ടർക്കും വസ്തുക്കളുടെയും വസ്തുതകളുടെയും അപ്പുറത്തുള്ള കഠിനമായ യാഥാർത്ഥ്യത്തിലേക്ക് പോകാൻ കഴിവില്ല. പലകയിൽ ചാരിനില്ക്കുന്ന യുവതിയുടെ ശരീരത്തിൽ കൊള്ളാതെ യുവാവ് കണ്ണുകെട്ടിക്കൊണ്ട് കഠാരകൾ വലിച്ചെറിയുകയും അവ അവൾക്കു ചുറ്റും തറയ്ക്കുകയും ചെയ്യുന്നത് നമ്മൾ സർക്കസ്സിൽ കണ്ടിട്ടുണ്ട്. കുട്ടികൾക്ക് അത് ആഹ്ലാദമുളവാക്കുന്നു. പ്രായംകൂടിയ എനിക്ക് അത് ആഹ്ലാദജനകമല്ല. നേരേമറിച്ച് വിഷാദജനകവുമാണ്. ആഹാരം കിട്ടാൻവേണ്ടിയാണ് അവൾ ആപത്തുനിറഞ്ഞ ആ പ്രക്രിയയ്ക്കു വിധേയയാകുന്നതെന്ന് എനിക്കറിയാം. അയാൾ കഠാരകൾ വലിച്ചെറിയുന്നതും ഒരു ചാൺ വയറിനുവേണ്ടിയാണ്. അതു കാണുമ്പോൾ എന്റെ മനസ്സ് ഈ ദുഃഖസത്യത്തിലേക്കു ചെല്ലും. അതുകൊണ്ട് ഞാൻ സർക്കസ്സ് കാണാറില്ല. ജീവിതം സർക്കസ്സായതുകൊണ്ട് പ്രായംകൂടിയവർ ഏകാന്തതയെ ശരണം പ്രാപിക്കുന്നു. കുട്ടികളും ചെറുപ്പക്കാരും പ്രകടനങ്ങളും പ്രദർശനങ്ങളും കാണാൻ നടക്കുന്നു. ഇതിനു വിപരീതമായി പ്രവർത്തിക്കുന്ന പ്രായംകൂടിയ ആളിന് മാനസികമായ പരിപാകം വന്നിട്ടില്ലെന്നു കരുതാം.
ബി. മാധവമേനോന്റെ കഥ
ആസ്റ്റ്രിയൻ നാടകകർത്താവും കഥാകാരനുമായ ആർറ്റൂർ ഷ്നിറ്റ്സ്ലറുടെ Flowers എന്ന അതിസുന്ദരമായ കഥ വായിച്ച ഓർമ്മ നഷ്ടപ്പെട്ടിട്ടില്ല എനിക്ക്. ആദ്യത്തെ പ്രേമഭാജനം പതിവായി നല്കുന്ന പൂക്കൾ പുഷ്പഭാജനത്തിൽവച്ച് അവളെ സംബന്ധിച്ച സ്മരണകളെ മാനിച്ചിരിക്കുന്ന ഒരുവന് രണ്ടാമതൊരു പ്രേമഭാജനം ഉണ്ടാകുന്നു. അവൾ എത്ര സ്നേഹപൂർണ്ണമായി പെരുമാറിയിട്ടും അയാൾക്ക് ആദ്യത്തെ ചെറുപ്പക്കാരിയോടു തന്നെയാണ് സ്നേഹം. ക്രമേണ ആ സ്നേഹത്തിന് ന്യൂനത സംഭവിക്കുന്നു. രണ്ടാമത് എത്തിയവളോട് സ്നേഹം വർദ്ധിച്ച് പരകോടിയിലെത്തുമ്പോൾ അയാൾ ആദ്യത്തെ ചെറുപ്പക്കാരികൊടുത്ത പൂക്കളെടുത്ത് ജനലിൽക്കൂടി പുറത്തേക്ക് എറിയുന്നു. ഉണങ്ങിയ ആ പൂക്കളെ കാറ്റ് പറത്തിക്കൊണ്ടു പോകുന്നു.
കുങ്കുമം വാരികയിൽ ബി. മാധവമേനോൻ എഴുതിയ “തിരിച്ചുവരവ്” എന്ന കഥയ്ക്ക് ഷ്നിറ്റ്സ്ലറുടെ കഥയോടുള്ള സാദൃശ്യം പരിഗണനാർഹമാണെങ്കിലും മാധവമേനോൻ സാഹിത്യചൂഷണം അനുഷ്ഠിച്ചുവെന്ന് ഞാൻ കരുതുന്നതേയില്ല. സത്യസന്ധനും വിശുദ്ധനുമാണ് അദ്ദേഹം. നിത്യജീവിതത്തിലും ആധികാരികജീവിതത്തിലും (official life) ആ ഗുണങ്ങൾ കാണിച്ച അദ്ദേഹം ക്ഷുദ്രമായ ‘പ്ലേജിയറിസം’ നടത്തുമെന്ന് വിചാരമില്ല എനിക്ക്. ആദ്യത്തെ ഭാര്യ നഷ്ടപ്പെട്ട ഒരുത്തൻ സുചരിതയായ ഒരു യുവതിയെ വിവാഹം കഴിക്കുന്നു. അവൾ എന്തൊക്കെ ചെയ്തിട്ടും അയാൾ അവളോട് അടുക്കുന്നില്ല. ശയനമുറിയിൽ വെവ്വേറെയായി അവർ കിടക്കുന്നു. അങ്ങനെയിരിക്കുമ്പോൾ അയാൾക്കു മാനസാന്തരം വരുന്നു. അയാൾ പ്രഥമപത്നിയുടെ പടമെടുത്തു മാറ്റിയിട്ട് ‘അവൾ തന്നെയാണു നീ. അവൾ നീ തന്നെ’എന്നുപറയുന്നു. പ്രതിപാദ്യത്തിനു രണ്ടു കഥകൾക്കും തമ്മിൽ സാദൃശ്യമുണ്ടെങ്കിലും ഷ്നിറ്റ്സ്ലറുടെ കഥ കലാത്മകവും മാധവമേനോന്റെ കഥ കലാരഹിതവുമാണ്. കഥയ്ക്കു യോജിച്ച അന്തരീക്ഷവും ഭാവദശയും സ്രിഷ്ടിച്ചുകൊണ്ട് പര്യവസാനത്തിലേക്കു ഷ്നിറ്റ്സ്ലർ ചെല്ലുന്നു. കഥാപാത്രം പൂക്കളെടുത്തു. റോഡിലേക്ക് എറിയുമ്പോൾ അങ്ങനെ പ്രവർത്തിക്കാനേ അയാൾക്കു കഴിയൂ എന്നു നമ്മൾ പറയുന്നു. കഥാപാത്രങ്ങളുടെ മനസ്സിനും കഥാന്തരീക്ഷത്തിനും പൊരുത്തമുള്ളതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. ഈ ഗുണങ്ങളിൽ ഒന്നുപോലും മാധവമേനോന്റെ കഥയ്ക്കില്ല. നിത്യജീവിതത്തിൽ കായംകുളം കൊച്ചുണ്ണി ഒരു മണിക്കൂർകൊണ്ടു ഹരിശ്ചന്ദ്രനായിയെന്നു വരാം. പക്ഷേ കഥയിലെ കായംകുളം കൊച്ചുണ്ണിക്കു ആ മാനസ്സാന്തരം വരണമെങ്കിൽ അതിനുള്ള ചിത്തവൃത്തിപരങ്ങളായ പ്രേരണകൾ കഥാകാരൻ കാണിച്ചേ മതിയാവൂ. അത്തരം പ്രേരണകൾ മാധവമേനോന്റെ കഥയിലില്ല്ലാത്തതുകൊണ്ട് അത് വിശ്വാസമുളവാക്കുന്നില്ല.
ഷേക്സ്പിയറിന്റെ ‘ആന്റണി ആൻഡ് ക്ലീയപാട്ര’ എന്ന നാടകം. ക്ലീയപാട്രയോട് ആന്റണിയുടെ അന്ത്യയാത്രാമൊഴി: I am dying, Egypt, dying. (Antony and cleopatra, 4-15, Page 103, Cambridge University Press) ഇതാണ് അരവിന്ദ ഘോഷ് പറയുന്ന സുപ്രീം പൊയറ്റിക് അട്ടറൻസ് — ശ്രേഷ്ഠമായ കാവ്യഭാഷണം. ആന്റണിയുടെ മാനസികാവസ്ഥ മുഴുവനും ഈ അഞ്ചു വാക്കുകളിലുണ്ട്.
സാഹിത്യവാരഫലം
കോഴിക്കോട്ടെ ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് വളരെക്കാലമായി നിസ്സാരനായ എന്നെയും എന്റെ ഈ പംക്തിയേയും പുലഭ്യം പറയുന്നു. സി. എച്ച്. മുഹമ്മദ്കോയയുടെ കാലത്ത് ആരെയും അപമാനിക്കാതിരുന്ന ഈ വാരികയ്ക്ക് ഈവിധത്തിലൊരു പരിണാമം വന്നല്ലോ. ഏതാനും മാസങ്ങൾക്കുമുൻപ് സാഹിത്യവാരഫലത്തെക്കുറിച്ചു ദീർഘമായ ഒരു ലേഖനം അതിൽ വന്നു. വടക്കൻപറവൂരിലെ ഒരു ടോർച്ച് വല്യപ്പൻ സ്ത്രീകളെ മുണ്ടുപൊക്കിക്കാണിക്കാറുണ്ടെന്നും അതിനു സദൃശമായ പ്രവൃത്തിയാണ് സാഹിത്യവാരഫല രചനയെന്നും ആ ലേഖനത്തിൽ കണ്ടു. പിന്നേയും ഉണ്ടായി ശകാരങ്ങളും അധിക്ഷേപങ്ങളും. ഈ പറഞ്ഞ പ്രസാധനത്തിലുമുണ്ട് ദീർഘമായ ലേഖനം. ഞാനെഴുതുന്നതു നിരൂപണമോ വിമർശനമോ അല്ലെന്നും ഇതു നിരൂപണ സാഹിത്യത്തിലെ പൈങ്കിളിരചനയാണെന്നുമാണ് ലേഖനത്തിലെ കാതലായ ആശയം. സാഹിത്യ വാരഫലം നിരൂപണമോ വിമർശനമോ അല്ലെന്നു ഞാൻതന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ഇതു ലിറ്റററി ജേണലിസം മാത്രമാണ്. സ്വകീയാനുഭവങ്ങളെ സാഹിത്യതത്ത്വങ്ങളുമായി കൂട്ടിയിണക്കി മൂല്യനിർണ്ണയത്തിനു സ്വേച്ഛാപരത്വം വരുത്തി എഴുതപ്പെടുന്ന ലേഖനപരമ്പരയാണിത്. സാമാന്യജനതയെ ലക്ഷ്യമാക്കി എഴുതുന്ന ഈ ലേഖനങ്ങളിൽ ഗഹനത ഒഴിവാക്കുകയാണ് രീതി. ചിന്തയ്ക്കു കനക്കുറവു വരുത്തുക എന്നതാണ് ലക്ഷ്യം. കുത്സിതമായ സാഹിത്യരചന സമുദായദ്രോഹമായതുകൊണ്ട് അത്തരം രചയിതാക്കളെ വിദ്വേഷരഹിതമായി കളിയാക്കറുണ്ട്.
തിരുവനന്തപുരത്ത് നേമം എന്നൊരു സ്ഥലമുണ്ട്. അവിടെ മൂക്കുന്നിമല എന്നൊരു കൊച്ചുമലയുണ്ട്. അതുകണ്ടിട്ട് ആരെങ്കിലും ‘ഹായ് ഹിമാലയപർവ്വതം പോലിരിക്കുന്നില്ല’ എന്നുപറഞ്ഞു കാർക്കിച്ചുതുപ്പിയാൽ വായനക്കാർക്ക് എന്തുതോന്നും? ഏന്തുതോന്നുമോ അതുതന്നെയാണ് ഈ ആക്ഷേപങ്ങളും ശകാരങ്ങളും കേൾക്കുമ്പോൾ എനിക്കും തോന്നുക.
ഈ പംക്തിയെ നോവലിസ്റ്റ് നയൻതാരാ സെഗാൾ (ജവഹർലാൽ നെഹ്രുവിന്റെ അനന്തരവൾ), വൈക്കം മുഹമ്മദ് ബഷീർ, എൻ. വി. കൃഷ്ണവാരിയർ, എം. പി. നാരായണപിള്ള ഇവർ വാഴ്ത്തിയിട്ടുണ്ട്. എൻ. വി. കൃഷ്ണവാരിയർ ഒരിക്കൽ എഴുതി: “കേരളത്തിൽ അക്ഷരജ്ഞാനമുള്ളവരുടെ ആഴ്ച്ചകൾക്കു രസം പകരുന്ന സാഹിത്യവാരഫലമായിരിക്കാം ഒരുപക്ഷേ ‘മലയാളനാടി’ നെപ്പറ്റി ചിന്തിക്കുന്നവരുടെ ഓർമ്മയിൽ ആദ്യമെത്തുക. ഇത്ര നീണ്ടകാലം ഇത്ര സഫലമായി ‘ഓടിയ’ മറ്റൊരു പംക്തി മലയാള പത്രപ്രവർത്തനചരിത്രത്തിൽ വിരളമാണ്.” (മലയാളനാട് വാരിക 1983 ജൂലൈ 31) സി. എച്ച്. മുഹമ്മദ് കോയയും ഈ ലേഖനങ്ങളെക്കുറിച്ചു നല്ലവാക്കു പറഞ്ഞിട്ടുണ്ട്. (ഹാസ്യചിത്രകാരൻ ഗഫൂറിന് അദ്ദേഹമെഴുതിയ കത്തിൽ. ആ കത്ത് ഗഫൂർ എനിക്ക് അയച്ചുതന്നു.) മഹാവ്യക്തികൾ ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ചിലർക്ക് ഇത് ഗോസിപ്പാണ്. മറ്റു ചിലർക്കു അല്പജ്ഞാനം പെരുപ്പിച്ചുകാണിക്കലാണ്. ഗോസിപ്പെന്നു പറഞ്ഞവർ നേരിട്ട് അഭിനന്ദനം അറിയിച്ചവരാണ്. അല്പജ്ഞാനമെന്ന് ഉദീരണം ചെയ്തവർ എന്നെ സവ്യസാചിയോടു സദൃശനാക്കിക്കല്പിച്ചവരാണ്.
തിരുവനന്തപുരത്ത് നേമം എന്നൊരു സ്ഥലമുണ്ട്. അവിടെ മൂക്കുന്നിമല എന്നൊരു കൊച്ചുമലയുണ്ട്. അതുകണ്ടിട്ട് ആരെങ്കിലും ‘ഹായ് ഹിമാലയപർവ്വതം പോലിരിക്കുന്നില്ല’ എന്നുപറഞ്ഞു കാർക്കിച്ചുതുപ്പിയാൽ വായനക്കാർക്ക് എന്തുതോന്നും? ഏന്തുതോന്നുമോ അതുതന്നെയാണ് ഈ ആക്ഷേപങ്ങളും ശകാരങ്ങളും കേൾക്കുമ്പോൾ എനിക്കും തോന്നുക.
ചോദ്യം, ഉത്തരം
- “ഇരുപതാം ശതാബ്ദത്തിലെ ഏറ്റവും പ്രമുഖനായ മാർക്സിസ്റ്റ് നിരൂപകൻ. ഏതു ദുർഗ്രഹമായ വിഷയവും അദ്ദേഹം ലളിതമായി പ്രതിപാദിക്കും. തന്റെ നിരൂപണ പദ്ധതിയെ നവീനകലയുടെ ടെക്നിക്കിനോട് അടുപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. നവീനകല മൊങ്താഷാണ് (montage). പടങ്ങളിൽ നിന്നോ അച്ചടിച്ചവയിൽനിന്നോ വെട്ടിയെടുക്കുന്ന ഭാഗങ്ങൾ ഒരുമിച്ചു ചേർത്തുവയ്ക്കുന്നു മൊങ്താഷിൽ. അവ ഏകത്വത്തിന്റെ പ്രതീതിയുളവാക്കും. അല്ലെങ്കിൽ ഓരോ ഭാഗത്തിനും അതിന്റേതായ മൂല്യം കാണും. ഈ മൊങ്താഷ് നിരൂപണത്തിന്റെ ഉത്തമോദാഹരണമാണ് ബൻയമിന്റെ One way street. അത് മാസ്റ്റർപീസായി പരിഗണിക്കപ്പെടുന്നു. (One way street and other writings, Walter Benjamin, Introduction by susan sontag, Verso Publication, £ 7.95.)
ഈ മാസ്റ്റർപീസിൽനിന്ന് ചില വാക്യങ്ങളെങ്കിലും എഴുതൂ.
- “സംഭാഷണത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു. മുൻപ്, കൂടെ സംസ്സാരിക്കുന്നവരിൽ താൽപര്യം കാണിക്കുക എന്നത് പ്രതീക്ഷയ്ക്ക് ചേർന്നതായിരുന്നുവെങ്കിൽ ഇന്ന് അത് അയാളുടെ ഷൂസിന്റേയോ കുടയുടേയോ വില ചോദിക്കുന്നതിൽ ചെന്നെത്തിയിരിക്കുന്നു.” (പുറം 57)
ഇനി വേറോരിടത്ത്:
- സാഹിത്യത്തിന്റെ സമരത്തിൽ നിരൂപകൻ യുദ്ധതന്ത്ര കൗശലക്കാരനാണ്.
- പക്ഷം പിടിക്കാൻ വയ്യത്തവൻ നിശ്ശബ്ദനായി ഇരിക്കണം.
- നിരൂപണം സാന്മാർഗ്ഗികപ്രശ്നം മാത്രമല്ല. ഗോയ്റ്റേ ഹൊയ്ൻ ഡെർലീൻ, ക്ലൈസ്റ്റ്, ബേറ്റ്ഹോഫ്ൻ, ഷാങ് പൗൾ ഇവരെ തെറ്റായി വിലയിരുത്തിയെങ്കിൽ അദ്ദേഹത്തിന്റെ സാന്മാർഗികത്വത്തിനാണു തെറ്റുപറ്റിയത്; കലയെസ്സംബന്ധിച്ച സൂക്ഷ്മ ദർശിത്വത്തിനല്ല.” (പുറം 66, 67)
- ശാലീനതയും സൗന്ദര്യമില്ലാത്തവരെയും മാത്രമേ തിരഞ്ഞെടുക്കൂ എന്ന അധികാരികളുടെ നിര്ബ്ബന്ധം കൊണ്ടു രൂപം കൊണ്ടവര്.
- സ്യൂഡോ സയന്സ്. നാളെ മരിക്കാനുള്ളവരെ അത് ഇന്നു കൊല്ലുന്നു. ഇന്നു മരിക്കാനുള്ളവരെ അത് നാളെവരെ ജീവിപ്പിച്ചു ഇരുത്തുന്നു.”
മോരും മുതിരയും
അക്രമത്തിനു പരിണാമത്തോടു ബന്ധപ്പെട്ട വ്യാഖ്യാനമുണ്ടെന്നാണ് കോളിൻ വിൽസൻ പറയുന്നത്. മൃഗങ്ങളുടെ ലോകത്ത് shrew എന്നു പേരുള്ള ഒരു കൊച്ചു ജീവിയുണ്ട്. അത് അതിനെക്കാൾ വലുതായ ജീവികളെ ധാരാളമായി കൊല്ലും. ഈ നിഗ്രഹത്തിനു സമാധാനം കണ്ടെത്തേണ്ടത് അതിന്റെ വലുപ്പത്തിലാണ്. വോള്യുമിനോട് (volume) താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ പരപ്പ് (surface area) വളരെക്കൂടുതലത്രേ. അതുകൊണ്ടു വളരെ വേഗത്തിൽ അതിന്റെ ചൂട് ചുറ്റുമുള്ള വായു വലിച്ചെടുക്കുന്നു. അതിനാൽ ആ ജീവിക്ക് എപ്പോഴും എന്തെങ്കിലും തിന്നണം. ജീവിച്ചിരിക്കണമെങ്കിൽ “കാട്ടാളത്തം” കാണിച്ചേ മതിയാവൂ അതിന്. മനുഷ്യന്റെ ഭാരവുമായി തട്ടിച്ചു നോക്കുമ്പോൾ അവന്റെ പരപ്പ് കുറവാണ്. അതുകൊണ്ട് ആ ജീവിയെപ്പോലെ എപ്പോഴും അവന് ആഹാരം കഴിക്കേണ്ടതില്ല. (സെക്രട്ടേറിയറ്റ് നടയിലെ നിരാഹാര സത്യാഗ്രഹങ്ങൾക്കു സമാധാനം കിട്ടിക്കഴിഞ്ഞു). പക്ഷേ അവന്റെ നിലനിൽപ്പിനെ ബാധിക്കുന്ന സംഭവങ്ങൾ ലോകത്തു വളരെക്കൂടുതലാണ്. അവയുടെ വെല്ലുവിളിയെ നേരിടാൻ അവൻ സെക്സിൽ വ്യാപരിക്കുന്നു. നേരത്തെ പറഞ്ഞ ജീവിയുടെ നിരന്തരമായ ഭക്ഷണവാഞ്ഛയ്ക്കു സദൃശമാണിത്. മറ്റൊന്നു കൂടിയുണ്ട്. ജീവി ആഹാരസാധനം കണ്ടാൽ ചാടിവീഴുന്നതുപോലെ മനുഷ്യൻ അക്രമണപ്രവണതയോടെ ഓരോ പ്രശ്നത്തിലും (problem എന്ന അർത്ഥത്തിൽ) ചാടിവീഴുന്നു. ക്ഷമ മനുഷ്യനില്ല. ഏതും ഉടനടി പരിഹരിക്കണം അവന്. അതുകൊണ്ടാണ് മനുഷ്യൻ എല്ലാക്കാലത്തും അക്രമാസക്തനായിട്ടുള്ളത്. മനുഷ്യന്റെ വിജയകഥകളിൽ നിന്ന് അവന്റെ അക്രമകഥകളെ മാറ്റിനിറുത്താൻ വയ്യ. രണ്ടും ഒരനുഭവകേന്ദ്രത്തിൽ നിന്ന് ആവിർഭവിക്കുന്നു. (A criminal History of Mankind, Colin Wilson, Panther, £3.95.)
കോളിൻ വിൽസന്റെ ഈ മതം ശരിയാണെങ്കിൽ മനുഷ്യൻ ഈ ലോകത്ത് ആവിർഭവിച്ച നാൾമുതൽ അക്രമതല്പരനാണ്. ഈ അക്രമവാസനയെയാണ് അഷ്ടമൂർത്തി ‘അറകൾ’ എന്ന കഥയിലൂടെ ചിത്രീകരിക്കുന്നത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്). തോക്ക് ആവശ്യപ്പെടുന്ന കുഞ്ഞിലും അത് അച്ഛന്റെ നേർക്കു ചൂണ്ടുന്ന അവനിലും പോലീസുകാരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കുന്ന പട്ടാളക്കാരിലും അക്രമണ പ്രവണതയുണ്ട്. ആശയം നന്ന്; പക്ഷേ കഥ നന്നല്ല. ആശയവും ആഖ്യാനവും നിരക്ഷിരന്യായമനുസരിച്ച് ഒന്നാകണം. അത് ഇക്കഥയിൽ സംഭവിക്കുന്നില്ല.
കൊട്ടാരക്കര ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ എന്നെയും കൂട്ടുകാരെയും കെമിസ്ട്രി പഠിപ്പിച്ച സാറിന് കോങ്കണ്ണുണ്ടായിരുന്നു. കുട്ടികളെ നോക്കി സാറ് ചോദിച്ചു: ഇസഡ് എൻ പ്ലസ് എച്ച് റ്റു എസ് ഒ ഫോർ സമം? ഒരു വിദ്യാർത്ഥി എഴുന്നേറ്റു പറഞ്ഞു: “അറിഞ്ഞുകൂടാ സാർ.” അതുകേട്ട് സാറ്: “ഞാൻ തന്നോടല്ല ചോദിച്ചത്.” സാറ് പറയുന്നതു കേട്ട് അടുത്തിരുന്ന മറ്റൊരു വിദ്യാർത്ഥി എഴുന്നേറ്റു. അയാൾ ഉത്തരം നൽകുന്നതിനുമുൻപ് സാറ് ദേഷ്യത്തിൽ: “തന്നോടുമല്ല ഞാൻ ചോദിച്ചത്.” കഥാകരന്മാർക്കു കോങ്കണ്ണു പാടില്ല. എങ്കിലേ വിഷയം വേണ്ട പോലെ പ്രതികരിക്കു.
ഗുരോ ഞാനാണോ?
“ഗുരോ അത് ഞാനാണോ?” എന്നു ഞാനും ചോദിക്കുന്നു ട്രയൽ വാരികയിൽ എം.എസ്. ദിനേശ് എഴുതിയ “സ്തുതി പാഠകർ അരങ്ങു തകർക്കുന്നു” എന്ന ലേഖനം വയിച്ചിട്ട്. ലേഖനം തുടങ്ങുന്നത് ഇങ്ങനെ.
“മലയാള സാഹിത്യത്തിലെ പൂർവ്വകാല സ്മരണകൾ അയവിറക്കി, പാശ്ചാത്യ സാഹിത്യ മഹത്വത്തെ പുകഴ്ത്തി, സമകാലിക മലയാള സാഹിത്യത്തിലുണ്ടായ അധ:പതനത്തിൽ ദു:ഖിക്കുന്ന നിരൂപകരുടെയും സഹൃദയരുടെയും എണ്ണം കൂടി വരികയാണ്.”
ഇതിലെ മുപ്പതു വെളിക്കാശുകാരൻ ഞാനാണെങ്കിൽ, വ്യാജചുംബനക്കാരൻ ഞാനാണെങ്കിൽ ദിനേശിനോടു പറയട്ടെ. പറയുന്നത് ഞാനാണെങ്കിലും സി. നാരായണപ്പിള്ള എന്നോടു സത്യസന്ധമായി പറഞ്ഞതാണ് ഇനിവരുന്ന വാക്യങ്ങൾ: “ഇംഗ്ലീഷ് വായിക്കുന്നവർക്കു വായിക്കത്തക്കതായി നവീന മലയാള സാഹിത്യത്തിൽ ഒരു നോവലില്ല. ഒരു ചെറുകഥയില്ല. ഒരു കാവ്യഗ്രന്ഥമില്ല. ഒരു വാരികപോലുമില്ല.” ഈ മതം ശരിയല്ലെന്നു തോന്നുന്നെങ്കിൽ അതിനു ഹേതു പടിഞ്ഞാറൻ സാഹിത്യത്തിലുള്ള പരിചയമില്ലായ്മയാണ്. എന്തിനു പടിഞ്ഞാറൻ സാഹിത്യം? ‘ആരോഗ്യനികേതനം’ എന്ന ബംഗാളി നോവലിനു തുല്യമായോ അതിന് അടുത്തുവരുന്നതായോ ഒരു നോവലില്ല മലയാളത്തിൽ. തമ്മിൽ ഭേദം തൊമ്മൻ എന്നമട്ടിൽ നമ്മൾ സമ്മാനങ്ങൾ കൊടുക്കുന്നു ചില എഴുത്തുകാർക്ക്. ദിനേശ് സൂചിപ്പിക്കുമ്പോലെ അത് എഴുത്തുകാരുടെ പോപ്പുലാരിറ്റിയെ പരിഗണിച്ചാണ്; സാഹിത്യമേന്മയെ അവലംബിച്ചല്ല.
പാശ്ചാത്യ സാഹിത്യത്തിന്റെ സ്തോതാക്കളെ പുച്ഛിച്ചിട്ട് ദിനേശ് ഉത്കൃഷ്ടങ്ങളായ കൃതികളെന്നമട്ടിൽ കെ. രാധാകൃഷ്ണന്റെ ‘നഹുഷപുരാണ’വും വി.ആർ. പരമേശ്വരന്റെ ‘പ്രകൃതിനിയമ’വും എടുത്തു കാണിക്കുന്നു. മാതൃഭൂമി പത്രാധിപർ എം.ഡി. നാലപ്പാട്ട്, രാധാകൃഷ്ണന്റെ ഒരു നോവലിന്റെ കൈയെഴുത്തുപ്രതി വായിച്ചു നോക്കി അഭിപ്രായം പറയാൻ എന്നെ ഏല്പിച്ചു. അതു “നഹുഷപുരാണ”മാണെന്നാണ് എന്റെ ഓർമ്മ. ആ ഓർമ്മ ശരിയാണെങ്കിൽ രാഷ്ട്രവ്യവഹാരത്തിന് അമിത പ്രാധാന്യം നൽകിയിട്ടുള്ള ‘ട്രാഷാ’ണ് ആ നോവൽ. അങ്ങനെ തന്നെ ഞാൻ മാതൃഭൂമി പത്രാധിപരോടു പറയുകയും ചെയ്തു. ഡോക്ടർ എം. ലീലാവതി ‘പ്രകൃതിനിയമ’ത്തെക്കുറിച്ച് എഴുതിയതു വായിച്ചതുകൊണ്ടും കവി ചുള്ളിക്കാട് ബാലചന്ദ്രൻ വല്ലതെ അതിനെ വാഴ്ത്തിയതുകൊണ്ടും ഞാൻ ആ കൃതി വായിച്ചു. ബാലചന്ദ്രൻ തന്നെയാണ് ഗ്രന്ഥം ദയാപൂർവം അയച്ചുതന്നത്. ‘പ്രകൃതിനിയമം’ വെറുമൊരു ഉപന്യാസമാണ്. സർഗ്ഗാത്മക രചനയല്ല. ഒന്നേ പറയാനുള്ളു. എ.എസ്. ദിനേശിന്റെ സഹൃദയത്വം താണ നിലവാരത്തിലുള്ളതാണ്.
പഴയ വീഞ്ഞ്
നമുക്കെല്ലാവർക്കും മാനുഷികാവസ്ഥകളെക്കുറിച്ച് ചില ധാരണകളുണ്ട്. ആ ധാരണകളെ സാഹിത്യകാരൻ വിപുലീകരിക്കുമ്പോഴാണ് ‘ഹാ, ഇതാണല്ലോ ജീവിതം!’ എന്നു നമ്മൾ പറയുക. അങ്ങനെ നമ്മെക്കൊണ്ടു ഉദീരണം ചെയ്യിക്കുന്നതിനു അസമർഥമാണ് മണിയൂർ ഇ. ബാലൻ ദേശാഭിമാനി വാരികയിൽ എഴുതിയ ‘തെരുവിലെ രാത്രികൾ’ എന്ന ചെറുകഥ. ആരോരുമില്ലാത്ത പെണ്ണിനെ വിവാഹം കഴിച്ചിട്ട് അവളുടെ ആഭരണങ്ങൾ വിറ്റു മദ്യം കുടിക്കുന്നവർ ഈ ലോകത്തു ധാരാളം. അവർ ഭാര്യമാരെ പീഡിപ്പിക്കുന്നു. നരകയാതന അനുഭവിപ്പിക്കുന്നു. ചെറുകഥയ്ക്കു വേണ്ടതെല്ലാം മണിയൂർ ഇ. ബാലന്റെ ചെറുകഥയിലുണ്ട്. ആഖ്യാനം, ജീവിത ചിത്രീകരണം, പ്ലോട്ട് ഇവയൊക്കെ. എങ്കിലും സ്ത്രീയുടെ അനുഭവത്തിന്റെ അജ്ഞാത മണ്ഡലങ്ങൾ കണ്ടെത്തി അവയെ മനുഷ്യജീവിതത്തോടു ബന്ധിപ്പിക്കാൻ കഥാകാരനു കഴിയുന്നില്ല. അതുകൊണ്ട് ഇതൊരു പർവിതചർവണം മാത്രമാണ്
വിധിയെന്നതുണ്ടോ? ഉണ്ടെങ്കിൽ അതിന് ഈശ്വരനുമായി ഒരു ബന്ധവുമില്ലെന്നാണു ചിലരുടെ മതം. വ്യക്തിയുടെ സ്വഭാവമാണത്രേ വിധിയെ ആനയിക്കുന്നത്. കിട്ടുന്നതൊക്കെ ബാങ്കിലിടുകയും അന്യർക്ക് ഒരു പൈസപോലും കൊടുക്കാതിരിക്കുകയും ചെയ്യുന്നവൻ സുഖമായി ജീവിച്ചു സുഖമായി മരിക്കും. ദുഷ്ടനാണെങ്കിലും അവന് ഒരു ദൗർഭാഗ്യവുമുണ്ടാവുകയില്ല. കൈയിൽ വരുന്ന പണമെല്ലാം അന്യനു വാരിക്കോരി കൊടുക്കുന്നവൻ നല്ലവനാണെങ്കിലും ദരിദ്രനായി കഞ്ഞിവെള്ളം കുടിക്കാതെ ചാകും. മഹാത്മാഗാന്ധി പാവനചരിതനായിരുന്നു. പക്ഷേ ‘സെക്യൂരിറ്റി’ വേണ്ടെന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിനു വെടിയേറ്റുമരിക്കേണ്ടി വന്നത്. അതിമദ്യപൻ ശുദ്ധാത്മാവാണെങ്കിലും സിറോസിസ് വന്നു മരിക്കും. മദ്യം തൊടാത്ത പരമദുഷ്ടൻ രോഗം വരാതെ ജീവിച്ചിരിക്കും. സ്വഭാവമനുസരിച്ചാണ് വിധി. ഇതു ശരിയോ തെറ്റോ? എനിക്കറിഞ്ഞുകൂടാ. അറിയണമെന്നുള്ളവർ ബൻയമിന്റെ Fate and Character എന്ന പ്രബന്ധം വായിക്കട്ടെ (പ്രബന്ധം മുകളിൽപ്പറഞ്ഞ പുസ്തകം).
|
|