സാഹിത്യവാരഫലം 1988 02 21
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1988 02 21 |
പുസ്തകം | 649 |
മുൻലക്കം | 1988 02 14 |
പിൻലക്കം | 1988 02 28 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
അന്യാദൃശമായ ശക്തിയുള്ള ഒരു ജര്‍മ്മന്‍ നാടകം ഈയിടെ ഞാന്‍ വീണ്ടും വായിച്ചു; വൊള്‍ഫ്ഗാങ് ബൊര്‍ഹെര്‍ട്ടിന്റെ The Outsider. നാടകം ആരംഭിക്കുകയാണ്. കാറ്റ് ആര്‍ത്തനാദം പുറപ്പെടുവിക്കുന്നു. എല്‍ബ് നദി. കെട്ടിടങ്ങളില്‍ ചെന്നുതട്ടുന്നു സയാഹ്നം. പ്രേതകര്‍മ്മം നടത്തുന്നവന്‍ അവിടെയുണ്ട്. ഒരാളിന്റെ തിമിരചിത്രം സായാഹ്നാന്തരീക്ഷത്തിനെതിരേ കാണാറാവുന്നു. പ്രേതകര്‍മ്മം നടത്തുന്നവന്‍ പുലമ്പുകയാണ്: “ഈച്ചകളെപ്പോലെ — അതേ ഈച്ചകളെപ്പോലെ. അതാ ഒരുത്തന്‍. ‘ഡോക്കി’ല്‍ ഒരുത്തന്‍. യൂനിഫോം ധരിച്ചിരിക്കുന്നുവെന്നു തോന്നുന്നു. ഒരു പഴയ പട്ടാളക്കോട്ട്…വെള്ളത്തിനടുത്തു നിൽക്കുകയാണ് അയാള്‍. സത്യത്തില്‍ വെള്ളത്തിനു വളരെ അടുത്ത്. സംശയിക്കണം. ഇരുട്ടില്‍ വെള്ളത്തിനടുത്തു നില്ക്കുന്നവര്‍ കാമുകന്മാരായിരിക്കും അല്ലെങ്കില്‍ കവികളായിരിക്കും…കാമുകനല്ല. കാമുകനാണെങ്കില്‍ അയാളുടെ കൂടെ ആരെങ്കിലും കാണുമല്ലോ. കവിയുമല്ല. കവികള്‍ക്കു നീണ്ട മുടിയുണ്ടായിരിക്കും. ഇയാള്‍ക്കു ബ്രഷിന്റെ നാരുപോലെയാണ് മുടി. (ശബ്ദത്തോടെ വെള്ളത്തില്‍ വീഴുന്നു, കറുത്ത രൂപം. അത് അദൃശ്യമായി)…ഒരുത്തന്‍ മരിക്കുന്നു. അതുകൊണ്ടെന്ത്? ഒന്നുമില്ല. കാറ്റടിച്ചുകൊണ്ടിരിക്കുന്നു…”
ഈ പ്രേതകര്‍മ്മ നിര്‍വാഹകന്‍ മരണമാണ്. നദിയില്‍ ചാടിയവന്‍ ബക്‌മാന്‍. സൈബീരിയയിലെ തടവുതീര്‍ന്ന് നാട്ടിലെത്തിയ അയാള്‍ എല്‍ബ് നദിയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ, നദി അയാളെ നിരാകരിച്ചു. സ്വന്തംവീട്ടില്‍ പോയി. ഭാര്യയുടെ കാമുകന്‍ അയാളെ ആട്ടിയോടിച്ചു. ഒരു സുന്ദരിയായ പെണ്‍കുട്ടിയുടെ പിറകേ ബക്‌മാന്‍ പോയി. അവളുടെ ഭര്‍ത്താവിന്റെ പ്രേതം അയാളെ പേടിപ്പിച്ചു. ഇങ്ങനെ പല അനുഭവങ്ങള്‍ എല്ലാം അയാളെ അന്യനാക്കി. ഒടുവില്‍ അയാള്‍ ചോദിക്കുകയാണ്: “ഈശ്വരന്‍ എന്ന പേരും പറഞ്ഞു നടന്ന ആ കിഴവനെവിടെ? അവനെന്താണ് ഇപ്പോള്‍ സംസാരിക്കാത്തത്? ഉത്തരം പറയൂ ഇപ്പോള്‍!
നിങ്ങളെല്ലാവരും ഇത്ര നിശ്ശബ്ദരായിരിക്കുന്നതെന്ത്? എന്തു കൊണ്ട്?
- നിങ്ങളാരും ഉത്തരം പറയുകില്ലേ?
- ആരും ഉത്തരം പറയുകില്ലേ?
- ഉത്തരം തന്നെ ഇല്ലെന്നാണോ?”
- നാടകം അവസാനിച്ചു.
നാത്‌സികള്‍ വധശിക്ഷ നൽകിയ നാടക കര്‍ത്താവാണ് ബൊര്‍ഹെര്‍ട്ട്. അദ്ദേഹത്തിന്റെ യുവത്വം പരിഗണിച്ച് അതിളവു ചെയ്തു. കിഴക്കന്‍ സമരമുഖത്തായിരുന്ന ആ യുവാവിനെ റഷ്യന്‍ പട്ടാളം അറസ്റ്റ് ചെയ്തു സൈബീരിയിലേക്കു അയച്ചു. മാരകമായ രോഗം പിടിച്ചു ബൊര്‍ഹെര്‍ട്ട് തിരിച്ചെത്തി. ഉജ്ജ്വലമായ ഈ നാടകം അരങ്ങേറുന്നതിന്റെ തലേദിവസം അദ്ദേഹം 26-ആമത്തെ വയസ്സില്‍ മരിച്ചു. ബൊര്‍ഹെര്‍ട്ടിന്റെ ഗദ്യ രചനകള്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്ത കവി സ്റ്റീഫന്‍ സ്പെന്‍ഡറിന്റെ അവതാരികയോടുകൂടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിലെ ഒരു കൊച്ചു കഥ നോക്കുക:
“സംവത്സരം അയ്യായിരം. ഒരു കുരിച്ചില്‍ പ്രാണി ഭൂമിക്കടിയില്‍നിന്ന് എത്തി നോക്കിയപ്പോള്‍ അതിന് ആശ്വാസമായി. മരങ്ങള്‍ അപ്പോഴും മരങ്ങള്‍തന്നെ.
കാക്കകള്‍ അപ്പോഴും കാ കാ എന്നു കരയുന്നു. പട്ടികള്‍ അപ്പോഴും കാലുയര്‍ത്തുന്നു.
മത്സ്യവും നക്ഷത്രവും പായലും കടലും എല്ലാം അതുപോലെ തന്നെയിരിക്കുന്നു.
വല്ലപ്പോഴും-വല്ലപ്പോഴും ഒരു മനുഷ്യനെയും കാണാം.”
Contents
ശീലം
പുസ്തകമെഴുതിയിട്ട്, ലേഖനമോ കവിതയോ കഥയോ എഴുതിയിട്ട് അതിനെക്കുറിച്ചു സാഹിത്യവാരഫലത്തില്‍ എഴുതണമെന്നു എന്നോടാവശ്യപ്പെടുന്നവര്‍ക്ക് ഞാനൊരു ജുഡാസാണ്. എഴുതാം എന്ന അസത്യചുംബനം കൈക്കു നൽകിയിട്ട് പറ്റിക്കും. വെള്ളിക്കാശു വാങ്ങുകയില്ലെന്നു മാത്രം.
വടക്കൊരു പ്രിന്‍സിപ്പല്‍ പെന്‍ഷന്‍ പറ്റി. സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു സമ്മേളനത്തില്‍ ഉള്ള കള്ളമൊക്കെപ്പറഞ്ഞു. പാര്‍ട്ടിങ് ഗിഫ്റ്റ് നല്കി. (പാര്‍ട്ടിങ് കിക്ക് എന്നു വേണം എഴുതാന്‍) ഒടുവില്‍ കാറില്‍ കയറ്റി വീട്ടില്‍ കൊണ്ടാക്കി പൂച്ചെണ്ടും കൊടുത്തിട്ടു പോയി. പ്രിന്‍സിപ്പല്‍ അന്നുരാത്രി ശരിയായി ഉറങ്ങിയിരിക്കാന്‍ ഇടയില്ല. നേരം വെളുത്തപ്പോള്‍ അദ്ദേഹം ദിനകൃത്യങ്ങള്‍ക്കുശേഷം ട്രൌസേഴ്സും കോട്ടും ടൈയുമെല്ലാം അണിഞ്ഞു. ബ്രീഫ്കേയ്സെടുത്തു പോകാന്‍ ഭാവിച്ചപ്പോള്‍ സഹധര്‍മ്മിണി ചോദിച്ചു “എങ്ങോട്ടു പോകുന്നു”വെന്ന്. അപ്പോഴാണ് തനിക്ക് അന്നുപോകാന്‍ സ്ഥലമില്ലെന്നും തലേദിവസം താന്‍ റിട്ടയര്‍ ചെയ്തുവെന്നും അദ്ദേഹം ഓര്‍മ്മിച്ചത്. റിട്ടയര്‍ഡ് പ്രിന്‍സിപ്പല്‍ കസേരയിലങ്ങു ഇരുന്നു. അതോടെ അദ്ദേഹത്തിന്റെ ശബ്ദം പോയി. വളരെക്കാലം ചികിത്സിച്ചതിനുശേഷമാണ് ശബ്ദം തിരിച്ചു കിട്ടിയത്.
ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല. ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും അനിച്ഛാ പൂര്‍വകമായി ആവര്‍ത്തിക്കും. അപ്പോള്‍ അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ ഫലമാണ് പ്രിന്‍സിപ്പലിന്റെ ശബ്ദനഷ്ടം. മനുഷ്യന്റെ ഈ ശീലത്തെയാണ് സി.ജി. ശശിധരന്‍ ഒരു കൊച്ചു കഥയിലൂടെ സ്പഷ്ടമാക്കിത്തരുന്നത്. (മനോരമ ആഴ്ചപ്പതിപ്പ്) റെയില്‍വേ ട്രാക്കിനടുത്തു താമസിക്കുന്ന ഒരുത്തന്‍ പത്തരമണിക്കു എത്തുന്ന തീവണ്ടി കടന്നു പോയാലേ ഉറങ്ങൂ. അതു ശീലമായപ്പോള്‍ തീവണ്ടി പൊയിക്കഴിഞ്ഞേ ഉറക്കം വരൂ എന്നായി. തീവണ്ടിയുടെ സമയം മാറ്റി അധികാരികള്‍. അതറിഞ്ഞിട്ടും അയാള്‍ ‘പത്തരവണ്ടി’ കാത്തിരുന്നത്രേ. ശീലം നൽകുന്ന സ്ഥിരത സി.ജി. ശശിധരന്‍ കഥയിലൂടെ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഈ രചനയ്ക്കു സാഹിത്യത്തിന്റെ ചാരുതയില്ല. പ്രത്യക്ഷാനുഭവത്തിന്റെയും പരോക്ഷാനുഭവത്തിന്റെയും ഭാവനാത്മകമായ പുനഃസൃഷ്ടിയാണ് സാഹിത്യം. അതല്ല ഇക്കഥ.
ശീലത്തിന്റെ ചിത്രീകരണം അഗാധമായ മനുഷ്യത്വത്തിലൂടെ ശുദ്ധമായ കലയായി രൂപാന്തരപ്പെടുന്നതിന് ഒരുദാഹരണം നൽകാം. ഫ്രഞ്ച് നോവലിസ്റ്റ് മാര്‍ഗറീത് ദൂറാസിന്റെ The Gentlemen from the Bus Company എന്ന യഥാര്‍ത്ഥ സംഭവ വിവരണമാണത്. “അല്പകാലം മുന്‍പാണ് ഞങ്ങള്‍ മിസ്സ് റ്റിയെ പരിചയപ്പെട്ടത്. അതിനുമുന്‍പ് അവര്‍ രാത്രിയേറെച്ചെന്നതിനുശേഷവും ഒരു മദ്യശാലയില്‍ ഇരിക്കുന്നതു പതിവായി കാണുമായിരുന്നു. അവര്‍ ആരെന്നു ഞങ്ങള്‍ പലപ്പോഴും (തമ്മില്‍ത്തമ്മില്‍) ചോദിച്ചിട്ടുണ്ട്. ആളുകള്‍ പറഞ്ഞു വിദേശഭാഷകൾ പഠിപ്പിക്കുന്ന അധ്യാപികയാണെന്ന്. എത്ര വയസ്സായി? ആര്‍ക്കുമറിഞ്ഞുകൂടാ. എല്ലാ രാത്രിയും അവര്‍ അവിടെ എത്ര കാലമായിവരുന്നു? ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം. ഈ മദ്യശാലയില്‍ത്തന്നെ എപ്പോഴും? അതേ എല്ലായ്പോഴും.
അയര്‍ലണ്ടുകാരി. നീണ്ടു നിവര്‍ന്നവള്‍. നല്ലവേഷം. മിസ്സ് റ്റി നാല്പത്തിമൂന്നു വര്‍ഷമായി എല്ലാ രാത്രിയും അവിടെ വരുന്നു. മിസ്സ് റ്റി വിവാഹം കഴിച്ചിട്ടില്ല. അവര്‍ സുന്ദരിയായിരുന്നു. ഇപ്പോഴും അതേ. ഞങ്ങളും അവരുടെ ആകര്‍ഷകത്വത്തിന്, മാന്ത്രികത്വത്തിനു വിധേയരായി.
പതിമ്മൂന്നു മാസം മുന്‍പ് മിസ്സ് റ്റി ഒരു ബസ്സപകടത്തില്‍പെട്ടു. മരിച്ചില്ലെന്നേയുള്ളു. ബസ്സ് പെട്ടെന്നു നിന്നു. പതിനാറു വയസ്സായ കൃഷിക്കാരിപ്പെണ്‍കുട്ടിയെപ്പോലെ ലഘുത്വമുള്ള മിസ്സ് റ്റി മുന്നോട്ടേക്ക് ആഞ്ഞു. ഗൗരവാവഹമായ വിധത്തില്‍ തലയ്ക്കു ക്ഷതം പറ്റി അവര്‍ക്ക്. വളരെമാസം അവര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ആഹാരം കഴിക്കാന്‍ പ്രയാസം. തലയ്ക്കും വയറ്റിനും തോളുകള്‍ക്കും വേദന.
മദ്യശാലയില്‍ തിരിച്ചെത്തിയിട്ടും അവര്‍ക്കു വേദനയായിരുന്നു. എങ്കിലും ഒരിക്കല്‍പ്പോലും അവര്‍ പരാതിപ്പെട്ടില്ല. കാരണം ഡ്രൈവര്‍ക്കു വേറെ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു എന്നതാണ്. അവരുടെ നിസര്‍ഗ്ഗജമായ പ്രസന്നതയും നിസ്തുലമായ ആകര്‍ഷകത്വവും എപ്പോഴുമുണ്ട്. പന്ത്രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അവര്‍ക്കു സംശയങ്ങളുണ്ടായത്. നഷ്ടപരിഹാരത്തിനുവേണ്ടിയുള്ള അവരുടെ അവകാശവാദം കാലഹരണപ്പെട്ടില്ലേ? അവര്‍ മദ്യശാലയുടമസ്ഥനോടു ചോദിച്ചു: “ബസ്സ് കമ്പനിയിലെ മാന്യന്മാരെ എനിക്കെങ്ങനെ സമീപിക്കാമെന്നു ദയവായി പറയൂ” അയാള്‍ക്കത് അറിഞ്ഞു കൂടായിരുന്നു. പാരീസിലെ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിക്ക് എഴുതാന്‍ ഞങ്ങള്‍ പറഞ്ഞു. പക്ഷേ, മിസ്സ് റ്റിക്ക് അചഞ്ചലമായ വിശ്വാസമാണ്. “ആ മാന്യന്മാര്‍ എന്നെ കാണും. നഷ്ടപരിഹാരം കിട്ടുമെനിക്ക്” എന്ന് അവര്‍ പറഞ്ഞു. എന്തിനാണ് ഇങ്ങനെ വളരെക്കാലം കാത്തിരിക്കുന്നതെന്ന് ഞങ്ങള്‍ അവരോടു ചോദിച്ചു. താന്‍ അയര്‍ലണ്ട്കാരിയാണ് പ്രായം കൂടിയവളാണ്. ഒറ്റയ്ക്കാണ് എന്ന് റ്റി മറുപടി നൽകി. അധികാരികള്‍ നമ്മളെ കാണാന്‍ കൂട്ടാക്കിയില്ലെങ്കിലും നമ്മള്‍ വളരെനേരം കാത്തിരിക്കേണ്ടതല്ലേ?
- നവംബര്‍ കഴിഞ്ഞു, ഡിസംബറും
- ‘മിസ്സ് റ്റി. എന്തെങ്കിലുമായോ?’
‘ഇതുവരെയും ഒന്നുമായില്ല. ആ മാന്യന്മാര്‍ക്ക് ജോലിക്കൂടുതലായിരിക്കും. ഇനി അധികം ദിവസമാവുകയില്ല.’
- ജനുവരി, എന്നിട്ടും ഒന്നുമില്ല.
- ഫെബ്രുവരി എന്നിട്ടും ഒന്നുമായില്ല.
‘ഫ്രഞ്ച് ബ്യൂറോക്രസിക്കു പൊതുവേ ജോലിത്തിരക്കാണ് എന്റെ കാര്യത്തില്‍ വരുമ്പോള്‍ അവര്‍ വേഗം പ്രവര്‍ത്തിക്കും. നിങ്ങള്‍ നോക്കിക്കോളു എനിക്കു ഭാഗ്യം ആശംസിക്കു.’
- ‘ഭാഗ്യം കൈവരട്ടെ.’
അധികാരികളോടു മിസ്സ് റ്റിക്കുള്ള ബഹുമാനം അവര്‍ അറിയുമോ. അവരുടെ പ്രസന്നതയാര്‍ന്ന ക്ഷമയെ അവര്‍ വിഗണിക്കുമോ? അതിനുവേണ്ടി മിസ്സ് റ്റിയെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. പക്ഷേ, അതാണല്ലോ അവരെ നിസ്തുലമായ വിധത്തില്‍ ആകര്‍ഷകത്വമുള്ളവരാക്കുന്നത്.”
- എന്തൊരു രചനാ വൈഭവം!
പാവം ഉലുവ
കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യമന്ത്രി പി.വി. നരസിംഹറാവുവിന്റെ കടുത്ത പ്രമേഹരോഗത്തിന് കേരളത്തിന്റെ മുഖ്യമന്ത്രി ഉലുവ ചേര്‍ന്ന ഒരു മരുന്നു നൽകിയെന്നും റാവുവിന്റെ രക്തത്തിലെ പഞ്ചാര ആ മരുന്നു കഴിച്ചതിന്റെ ഫലമായി കുറഞ്ഞുവെന്നുമുള്ള വാര്‍ത്ത ‘മലയാള മനോരമ’യില്‍ വന്നു. അതിനെക്കുറിച്ച് ചിലര്‍ ഡോക്ടര്‍ കാനം ശങ്കരപ്പിള്ളയോടു അഭിപ്രായം ചോദിച്ചു. വൈദ്യന്മാരുടെ പല “അവകാശവാദ”ങ്ങളും പൊള്ളയാണെന്നു എടുത്തു കാണിക്കാറുള്ള തനിക്കെതിരേ ഇതു ഒരായുധമായി ചിലര്‍ പ്രയോഗിക്കുകയും ചെയ്തുവെന്നു ഡോക്ടര്‍ എഴുതുന്നു (ട്രയല്‍ വാരിക).
ശാസ്ത്രജ്ഞനെന്ന നിലയില്‍, ഉലുവയ്ക്ക് പ്രമേഹം മാറ്റുന്നതിന് വീര്യമുണ്ടോ എന്നു പരിശോധിക്കാതെ ഡോക്ടര്‍ കാനം ശങ്കരപ്പിള്ള ഈ അഭിപ്രായത്തെയും വൈദ്യന്മാരെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുകയാണ്. അദ്ദേഹത്തിന്റെ വിതണ്ഡാവാദങ്ങള്‍ നമ്പരിട്ട് താഴെച്ചേര്‍ക്കന്നു:
- ഉലുവയല്ല മുഖ്യമന്ത്രിയുടെ “ചികിത്സോപദേശ”മാണ് റാവുവിന്റെ രക്തത്തിലെ പഞ്ചാര കുറച്ചത്. കൃത്യമായി പഥ്യം നോക്കാന്‍ മുഖ്യമന്ത്രി ഉപദേശിച്ചിരിക്കും. റാവു അതനുസരിച്ചു പ്രവര്‍ത്തിച്ചിരിക്കണം.
- മുഖ്യമന്ത്രിക്ക് ഉലുവയുടെ ഔഷധവീര്യത്തില്‍ വിശ്വാസമില്ല. ഉണ്ടെങ്കില്‍ അദ്ദേഹം ഈ രഹസ്യം നാട്ടുകാരില്‍നിന്ന് ഒളിച്ചുവയ്ക്കുമായിരുന്നില്ല.
- ഉലുവയുടെ ശക്തിയില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ ഉലുവാപ്പൊടി ഉണ്ടാക്കി പ്രമേഹരോഗികളായ തൊഴിലാളികള്‍ക്കു വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറായേനേ.
- ശാസ്ത്ര സാഹിത്യപരിഷത്തും ഉലുവ പൊടിച്ചു വിതരണം ചെയ്യുമായിരുന്നു.
എങ്ങനെയിരിക്കുന്നു ഡോക്ടറുടെ വാദങ്ങള്‍? ഞാന്‍ ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ സിക്സ്ത് ഫോമില്‍ പഠിക്കുമ്പോള്‍ എന്റെ ഗുരുനാഥനായ കെ.എം ജോസഫ് സാറ് ‘Simla is cooler than Delhi എന്താ കാരണം?’ എന്ന് ഒരു കുട്ടിയോടു ചോദിച്ചു. അയാള്‍ മറുപടി നൽകി ‘Because Viceroy lives there in Summer’ എന്ന്. ആ വിദ്യാര്‍ത്ഥിയുടെ ഉത്തരം പോലിരിക്കുന്നു ഡോക്ടറുടെ വാദങ്ങള്‍. ഉലുവയ്ക്ക് ഔഷധഗുണമുണ്ടോ എന്നു പരിശോധിക്കുന്നതിനു പകരം അതിനോടു ഒരു ബന്ധവുമില്ലാത്ത കുറെക്കാര്യങ്ങള്‍ അദ്ദേഹം പറയുന്നതേയുള്ളു. ഉലുവയോടു എനിക്കു സ്നേഹവുമില്ല, വിരോധവുമില്ല. ഡോക്ടര്‍ക്ക് കാരണം കൂടാതെയുള്ള ഈ ഉലുവാവിരോധമെന്തിന്? വൈദ്യന്‍ കാച്ചിക്കൊടുക്കുന്ന ബലാഗുളൂച്യാദി എണ്ണ തേച്ചു കുളിച്ച് കണ്ണിനു കുളിര്‍മ്മ വരുത്തി, നീര്‍ത്താഴ്ച ഉണ്ടാകാതിരിക്കാന്‍ വൈദ്യന്റെ രാസ്നാദിപ്പൊടി ഉച്ചിയില്‍ തിരുമ്മി പ്ലാറ്റ് ഫോമില്‍ കയറിനിന്ന് വൈദ്യന്മാരെ പുലഭ്യം പറയുന്ന ഒരു വലിയ ഡോക്ടര്‍ ഇവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൊച്ചനുജന്‍ തന്നെയാണ് ഡോക്ടര്‍ കാനം ശങ്കരപ്പിള്ള. പിന്നെ ഒരുകാര്യംകൂടി. അടുത്തകാലത്ത്, മൂന്നു വിദഗ്ദ്ധന്മാരായ ഡോക്ടര്‍മാര്‍ പ്രമേഹത്തെക്കുറിച്ച് സംഭാഷണം നടത്തുന്നത് ടെലിവിഷനില്‍നിന്നു ഞാന്‍ കേട്ടു. അവരില്‍ ഒരാള്‍ പ്രമേഹരോഗി ഉലുവ കഴിച്ചാല്‍ രക്തത്തിലെ പഞ്ചാര കുറയും എന്നു അസന്ദിഗ്ദ്ധമായി പറഞ്ഞു.
ഗേയോര്‍ഹ് ലിഹ്റ്റന്‍ബര്‍ക്ക് (George Lichtenberg) നേരമ്പോക്കുകാരനായിരുന്നു. ഫിസിക്സ് അധ്യാപകനും സ്റ്റുപിഡ് നേരമ്പോക്കുകള്‍ പറഞ്ഞയാളെന്ന നിലയില്‍ അദ്ദേഹം കീര്‍ത്തിയാര്‍ജ്ജിച്ചു. ലിഹ്റ്റന്‍ ബര്‍ക്ക് ഒരിക്കല്‍ ചോദിച്ചു: “പൂച്ചയ്ക്ക് അതിന്റെ കണ്ണുകള്‍ ഇരിക്കുന്നിടത്തുതന്നെ കണിശമായി രണ്ടു കുഴികള്‍ തുളച്ചുണ്ടാക്കിയതെങ്ങനെ?” ഈ ചോദ്യം എടുത്തെഴുതിയിട്ട് ഫ്രായിറ്റ് പറഞ്ഞു: “To wonder about something that is in fact only the statement of an identity is undoubtedly a piece of stupidity” ഫ്രായിറ്റിന്റെ ‘സ്റ്റുപിഡിറ്റി’ എന്ന പ്രയോഗം കൂടിപ്പോയി. അതൊരു ‘സ്ട്രോങ് വേഡാ’ണ്. എങ്കിലും ചില അഭിപ്രായങ്ങള്‍ കണ്ടാല്‍ ആ വാക്കുതന്നെ ഉപയോഗിക്കാന്‍ തോന്നും.
ആഹ്ലാദം
വരാത്ത മണിയോര്‍ഡര്‍ കാത്തിരിക്കുന്നതു ദുഃഖമാണ്. ആഗമിക്കാത്ത നിദ്രയെക്കരുതി കിടക്കയില്‍ ‘താനേ തിരിഞ്ഞും മറിഞ്ഞും’ കിടക്കുന്നതു ദുഃഖം. താഴ്ചയേറിയ ജലാശയം വിഷാദം നൽകുന്നു. ഇതുപോലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ ആഹ്ലാദാനുഭൂതിയും പ്രദാനം ചെയ്യും. വല്ലാതെ ദുഃഖിക്കുന്ന ആള്‍ നമ്മുടെ സാന്ത്വനോക്തികേട്ട് ശോകമടക്കുന്നത് നമുക്ക് ഒരളവില്‍ ആഹ്ലാദകരമാണ്. സ്ഫടിക സദൃശമായ നിലത്തു പനിനീര്‍പ്പൂപോലുള്ള കാലുകള്‍ പതിയുന്നതുകണ്ടാല്‍ സന്തോഷം. അന്വേഷിച്ചു ചെല്ലുന്ന പുസ്തകം വായനശാലയില്‍ ഇരിക്കുന്നതു കണ്ടാല്‍, അടിത്തട്ടു കാണാവുന്ന ജലാശയം ദര്‍ശിച്ചാല്‍, തെങ്ങോലത്തുമ്പില്‍ കൊച്ചുകിളിയിരുന്ന് ആടിതാഴുകയും ഉയരുകയും ചെയ്യുന്നതു കണ്ണില്‍പ്പെട്ടാല്‍ ഹര്‍ഷം ജനിക്കും. ഈ രീതിയിലുള്ള ഒരു ചെറിയ ആഹ്ലാദമാണ് സി.എസ്. ശ്രീകുമാരിയുടെ “അസ്തമയത്തിനുമുന്‍പ്” എന്ന രചന എനിക്കു നൽകിയത്. (കലാകൗമുദി) അസ്തമയത്തിനു മുന്‍പ് എന്നാല്‍ കക്കാടിന്റെ മരണത്തിനുമുന്‍പ് എന്നാണര്‍ത്ഥം. കവി ഒരു വീട്ടില്‍ വരുന്നതും അവിടെയുള്ള കൊച്ചു കുഞ്ഞിനെ ലാളിക്കുന്നതും മറ്റും ഹൃദ്യമായ രീതിയില്‍ ശ്രീകുമാരി വര്‍ണ്ണിക്കുന്നു. ഇതില്‍ കവിതയുടെ ശത്രുവായ യാഥാതഥ്യ പ്രതിപാദനം കണ്ടേക്കാം. ഭാവനയുടെ കുറവ് ഇതിന്റെ മുദ്രയായിരിക്കാം. എങ്കിലും വസന്തം പൂക്കളിലൂടെ പുഞ്ചിരിപൊഴിക്കുമ്പോള്‍ ആ പുഞ്ചിരി നോക്കിനിന്ന് നമ്മള്‍ നിര്‍വൃതിയില്‍ ലയിക്കാറില്ലേ. ആ വിധത്തിലുള്ള ഒരവസ്ഥാവിശേഷമാണ് ഈ രചന എനിക്കു പ്രദാനം ചെയ്തത്.
എന്തൊരു പുച്ഛം
കക്കാടിന്റെ കവിതയെക്കുറിച്ച് തിരുവനന്തപുരത്തെ വൈ.എം.സി.എ. ഹാളില്‍ സമ്മേളനം നടക്കുകയാണ്. ഞാന്‍ എന്തൊക്കെയോ പറഞ്ഞിട്ട് ഇരുന്നപ്പോള്‍ സദസ്സിലെ ഒരു മുഖം പരിചയമുള്ളതായി തോന്നി. അടുത്തിരുന്ന പ്രഭാഷകനോട് ചിരിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹമാരെന്ന് ചോദിച്ചു. “അറിയില്ലേ യു.എ.ഖാദര്‍ എന്നു മറുപടി’ ഞാനുടനെ ‘പ്ലാറ്റ് ഫോമില്‍ നിന്നിറങ്ങി അദ്ദേഹത്തിന്റെ അടുത്തുചെന്നു ഇരുന്നു. സംസാരിച്ചു വീട്ടുപേര്, ഫോണ്‍ നമ്പര്‍ ഇവ ചോദിച്ചു. കോഴിക്കോട്ടു ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലാമെന്നും പറഞ്ഞു. പക്ഷേ, ജോലിത്തിരക്കുകൊണ്ട് അദ്ദേഹത്തിന് ഒരെഴുത്തയയ്ക്കാന്‍ പോലും സാധിച്ചില്ല. മേന്മ പറയുകയാണെന്നോ തണ്ടു കാണിക്കുകയാണെന്നോ തെറ്റിദ്ധരിക്കരുത്. ഒരാഴ്ചകൊണ്ടാണ് ഈ ലേഖനം എഴുതിത്തീര്‍ക്കുന്നത്. അതുകൊടുത്തു കഴിഞ്ഞാല്‍ അടുത്ത ലേഖനം എഴുതിത്തുടങ്ങും. ഇരുപതുകൊല്ലമായി എഴുതുന്ന പംക്തി. എല്ലാം ഒരാളിന്റെ ഉള്ളില്‍നിന്നു വരേണ്ടത്. ആശയ ദാരിദ്ര്യവും ഭാവനാ ദാരിദ്ര്യവും കൊണ്ടാണ് കൂടുതല്‍ സമയം ഇപ്പോള്‍ വേണ്ടിവരുന്നത്. അതുകൊണ്ട് കത്തുകള്‍ എഴുതാന്‍ സമയം കിട്ടാറില്ല.
മാസങ്ങള്‍ കഴിഞ്ഞു. വൈകുന്നേരം എവിടെയോ പോയിട്ട് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അറിഞ്ഞു യു.എ. ഖാദര്‍ വന്നിരുന്നെന്ന്. അദ്ദേഹം കുറിപ്പില്‍ കാണിച്ച നമ്പരില്‍ ടെലിഫോണ്‍ ചെയ്തെങ്കിലും ഏതോ നാടകത്തിനുപോയിയെന്നു മറുപടി കിട്ടിയതേയുള്ളു പിറ്റേ ദിവസം അതിരാവിലെ പോകുമെന്ന് കുറിപ്പിലുണ്ടായിരുന്നതിനാല്‍ കാലത്ത് അദ്ദേഹത്തെ വിളിച്ചതുമില്ല. പിന്നീടു അദ്ദേഹത്തെ വിളിച്ചതുമില്ല. പിന്നീടു അദ്ദേഹത്തെ കോഴിക്കോട്ടുവച്ചു കണ്ടപ്പോള്‍ ഇക്കാര്യമെല്ലാം നേരിട്ടു പറയുകയും ചെയ്തു. ഈ സൗഹൃദബന്ധത്തിന് എതിരായി അദ്ദേഹം കുങ്കുമം വാരികയില്‍ എഴുതുന്നു: “ഞാനാരാണ്? സാഹിത്യമീമാംസകനല്ല, മര്‍മ്മജ്ഞനല്ല. വാരഫലം നുള്ളിപ്പെറുക്കിപ്പറയുന്ന ജോത്സ്യനുമല്ല. (ജ്യോത്സ്യന്‍ എന്നുവേണം അച്ചടിപ്പിശക് ആകാം.)
ആ “നുള്ളിപ്പെറുക്കിപ്പറയുന്ന”, “ജ്യോത്സ്യന്‍” ഈ പ്രയോഗങ്ങളില്‍ ഒളിച്ചിരിക്കുന്ന പുച്ഛം നോക്കണേ. പ്രശ്നംവയ്ക്കാനോ ജാതകം നോക്കാനോ ആയിരിക്കണമല്ലോ ഖാദര്‍ ജ്യോത്സ്യനായ എന്റെ വീട്ടില്‍ വന്നത്. കാണാന്‍ കഴിഞ്ഞില്ല. ജ്യോത്സ്യന്‍ ഉടനെ ടാക്സിയില്‍ കയറി പ്രശ്നം വയ്ക്കാന്‍ വന്നയാളിന്റെ ലോഡ്ജില്‍ ചെന്നിരുന്നെങ്കില്‍ എന്റെ ഈ പ്രൊഫഷനെ അദ്ദേഹം ഇങ്ങനെ പരസ്യപ്പെടുത്തുകില്ലായിരുന്നു. ജ്യോത്സ്യം തൊഴിലാക്കിയിട്ടുള്ളവരെപ്പോലെ ഈ സാഹിത്യ ജ്യോത്സ്യനും തിരക്കുള്ളവനാണേ. എങ്കിലും ഇനി കോഴിക്കോട്ടു പോകുമ്പോള്‍ ഈയുള്ളവന്‍ മഹാനായ ഈ കഥാകാരനെ ചെന്നു കണ്ടുകൊള്ളാം.
നിര്‍വ്വചനം
- നവീന നിരൂപണം
- 1) സാഹിത്യത്തിലെ എപിലെപ്സി 2) സാഹിത്യത്തിന്റെ രോഗനിദാനശാസ്ത്രം 3) കേരളത്തില്‍ നാലഞ്ചു പേര്‍ ഒരുമിച്ചു ചേര്‍ന്നു തീരുമാനിച്ച കള്ളം പത്രങ്ങളിലൂടെ പരസ്യപ്പെട്ടുവരുന്നത്.
- ടെലിവിഷനിലെ തപ്പും തുടിയും
- കലയുടെ അഴുകിയ പല്ലുകള്‍.
- “ഓടയില്‍ നിന്ന്” എന്ന നോവല്‍
- ഒരു ചെറിയ ‘ലേ മീസേറേബ്ല.’
- ക്ഷമ
- സിറ്റിബസ്സ് കാത്തുനില്ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരവസ്ഥ.
- ക്ഷമയില്ലായ്മ
- ട്രാഫിക് സിഗ്നല്‍ പച്ചയാകുന്നതു കാത്ത് കാറിലിരിക്കുമ്പോള്‍ ജനിക്കുന്ന ഒരു മാനസികാവസ്ഥ.
- ഫിലിം ഡയറക്ടര്‍
- ആവശ്യത്തിലധികം വാഴ്ത്തപ്പെടുന്ന ടെക്നീഷ്യന്‍.
ആത്മകഥ
ഞാൻ തിരുവനന്തപുരത്തുകാരനാണ്. തിരുവിതാംകൂറിന്റെ പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ട്. പഠിക്കാന്‍ വലിയ സാമര്‍ത്ഥ്യമുണ്ടായിരുന്നുവെന്നു പറയാന്‍വയ്യ. എങ്കിലും ഇംഗ്ളീഷിനും മലയാളത്തിനും ഒന്നാമനായിരുന്നു. ഈ സ്ഥാനത്തിനു ഭ്രംശം വന്നത് ഇപ്പോള്‍ നെടുമങ്ങാട്ടെ എം.എല്‍.എ. ആയ കെ.വി. സുരേന്ദ്രനാഥ് എന്റെ ക്ളാസ്സ്മെയിറ്റായി വന്നപ്പോഴാണ്. അദ്ദേഹം മറ്റൊരു ക്ളാസ്സിലേക്കു പോയതിനുശേഷമേ എനിക്കു വീണ്ടും ആ രണ്ടു ഭാഷകളിലും ഒന്നാമത്തെ മാര്‍ക്ക് കിട്ടിയുള്ളു.
സാമാന്യമായി പറഞ്ഞാല്‍ ഞാനൊരു ധരാളച്ചെലവുകാരനാണ്. പുതിയ പുസ്തകങ്ങള്‍ കടയില്‍ ഇരിക്കുന്നതുകണ്ടാല്‍ അരിയും പലവ്യഞ്ജനവും വാങ്ങാനുള്ള പണമെടുത്തുകൊടുത്തു ഞാനവ വാങ്ങും. കുടിക്കുകയില്ല. തിരുവനന്തപുരത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘സിഗററ്റ് കുടിക്കും.’ ദിവസം 20 എന്ന കണക്കിന്. ഈ സിഗററ്റ് ‘പാനം ചെയ്യല്‍’ കണ്ടിട്ട് വിതുരയിലെ ഡോക്ടര്‍ കെ.പി. അയ്യപ്പന്‍ പറഞ്ഞു: “കൂടുതലാണിത്.”
രചനകളെ വാഴ്ത്തിക്കൊണ്ടു ധാരാളം കത്തുകള്‍ വരും. അവ അയയ്ക്കുന്നവര്‍ക്കു മനസ്സുകൊണ്ടു നന്ദി പറയാനല്ലാതെ മറുകത്തയയ്ക്കാന്‍ കഴിയുന്നില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല; സമയം കിട്ടാറില്ല. തെറിക്കത്തുകളും വരാറുണ്ട്. ആദ്യമൊക്കെ, അവവായിക്കുമ്പോള്‍ വല്ലായ്മ തോന്നിയിരുന്നു. ഇപ്പോള്‍ ഒട്ടും വൈഷമ്യമില്ല. ഒരേ അനുഭവം ആവര്‍ത്തിച്ചുവരുമ്പോള്‍ നമുക്കു നിസ്സംഗത ഉണ്ടാവുമല്ലോ.
പുസ്തകമെഴുതിയിട്ട്, ലേഖനമോ കവിതയോ കഥയോ എഴുതിയിട്ട് അതിനെക്കുറിച്ചു സാഹിത്യവാരഫലത്തില്‍ എഴുതണമെന്നു എന്നോടാവശ്യപ്പെടുന്നവര്‍ക്ക് ഞാനൊരു ജുഡാസാണ്. ‘എഴുതാം’ എന്ന അസത്യചുംബനം കൈക്കു നല്കിയിട്ട് പറ്റിക്കും. വെള്ളിക്കാശു വാങ്ങുകില്ലെന്നു മാത്രം.
നിഷ്പക്ഷമായിട്ടാണ് ഈ ലേഖനങ്ങള്‍ എഴുതുക. എങ്കിലും ചിലര്‍ അര്‍ദ്ധരാത്രിക്കു ശേഷം ടെലിഫോണില്‍ വിളിച്ചു തെറി പറയാറുണ്ട്. തെറിയാണെന്നു കേട്ടാലുടനെ ഞാന്‍ ടെലിഫോണ്‍ താഴെ വയ്ക്കാറില്ല. പറയുന്നവന്റെ സംതൃപ്തിക്കു വേണ്ടി അതു മുഴുവനും കേള്‍ക്കും.
കടയ്ക്കാവൂർ ഇംഗ്ളീഷ് സ്ക്കൂളിന്റെ മുന്‍പില്‍ വച്ചുകൂടിയ ഒരു സമ്മേളനത്തില്‍ വക്കം പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. ഞാന്‍ പ്രഭാഷകനും മീറ്റിങ്ങിനുശേഷം ആരോടോ വളരെനേരം സംസാരിച്ചുനിന്ന ഞാന്‍ ഒറ്റയ്ക്കാണ് റോഡിലേക്കു കയറിയത്. അപ്പോള്‍ ഒരു ലെയ്നില്‍ നിന്നിരുന്ന ഒരു ചെറുപ്പക്കാരി അടുത്തേക്കുവന്ന് ‘സാര്‍ ഇതാ’ എന്നു പറഞ്ഞു ഒരു ചോക്ക്ലിറ്റ് എന്റെ നേര്‍ക്കുനീട്ടി. ആരെന്നു ചോദിക്കുന്നതിനു മുന്‍പ് അവര്‍ മറഞ്ഞു കളഞ്ഞു. ഇരുട്ടിന്റെ നിശബ്ദതയില്‍ തെറിവാക്കുകള്‍ വന്നുവീഴുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍മ്മിക്കുന്നു.
പ്രായമേറെയായെങ്കിലും എനിക്കു രോഗമൊന്നുമില്ല. പിന്നെ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ‘നിഴല്‍പ്പാടുകള്‍’ എന്ന കഥയെഴുതിയ റസാക്ക് ഇരിങ്ങാട്ടിരിയെപ്പോലുള്ളവരുടെ കഥകള്‍ വായിക്കുമ്പോള്‍ ഞാന്‍ ഛര്‍ദ്ദിക്കും.
അലയ്ക്കുന്നു
ലൂക്കാച്ച് non-literary literature എന്നൊരു ‘സാഹിത്യ’ വിഭാഗത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. കോനന്‍ ഡൊയിലിന്റെ രചനകളെ അദ്ദേഹം ആ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. ലൂക്കാച്ചിന്റെ വിഭാഗത്തിനു വ്യാപ്തി നല്കിയാല്‍ സജീവന്‍ അമ്പാടി എക്സ്പ്രസ്സ് വാരികയില്‍ എഴുതിയ ‘അന്ത്യാഭിലാഷം’ എന്ന കഥ അതില്‍ച്ചെന്നു വീഴും. ഭാര്യ ഭര്‍ത്താവിനെ വധിപ്പിക്കുന്നതാണ് കഥയുടെ വിഷയം.
ചിലര്‍ക്കു വളരെപ്പറയാനുണ്ട്. എങ്കിലും അവരൊന്നും മിണ്ടുകില്ല. മറ്റു ചിലര്‍ക്കു ഒന്നും പറയാനില്ലാത്തതുകൊണ്ടു മിണ്ടാതിരിക്കും. ഇനിയുമുണ്ട് വേറൊരു കൂട്ടര്‍. അവര്‍ക്കും ഒന്നും പറയാനില്ല. പക്ഷേ ‘വായിട്ട്’ അലച്ചുകൊണ്ടിരിക്കുമവര്‍. നമ്മള്‍ വെറുപോടെ നോക്കിയാലും അവര്‍ നാവടക്കുകയില്ല. അങ്ങനെ ഒന്നും പറയാനില്ലാതെ അലയ്ക്കുന്ന ഒരെഴുത്തുകാരനാണ് സജീവന്‍ അമ്പാടി.
ഉജ്ജ്വലപ്രതിഭയും ക്ഷുദ്രത്വവും
താമരക്കുളത്തില്‍ താമരപ്പൂക്കള്‍ വിടര്‍ന്നു നില്ക്കുന്നു. എന്തൊരു ഭംഗി! കുളത്തിന്റെ കരയില്‍ തൊട്ടാവാടികള്‍. അവയിലും കൊച്ചുപൂക്കള്‍ താമരപ്പൂവിന്റെ ഭംഗി ആസ്വദിക്കുന്ന മട്ടില്‍ നിങ്ങള്‍ എന്റെ ഭംഗിയും ആസ്വദിക്കൂ എന്നു തൊട്ടാവാടിപ്പൂക്കള്‍ നമ്മോട് ആജ്ഞാപിക്കുന്നു.
സാഹിത്യവും നിരൂപണവും
കടല്‍ക്കര സത്യമാണ്. അതിനു മാറ്റമില്ല. ആ സത്യത്തില്‍ വന്നടിക്കുന്നു അസത്യമെന്ന മഹാതരംഗം. ഒരു തരംഗം കടല്‍ക്കരയില്‍ വന്നടിച്ചു തകരുമ്പോള്‍ നമ്മള്‍ പേടിക്കുന്നു, അതിന്റെ പിറകിലായി മറ്റൊരു തരംഗമുണ്ടെന്ന് ഭയം അസ്ഥാനത്തല്ല. അസത്യത്തിന്റെ മഹാതരംഗങ്ങള്‍ ഒന്നിനൊന്നായി കടല്‍ക്കരയില്‍ ആഘാതമേല്പിക്കുന്നു. എന്നിട്ടും ആ സത്യം സ്ഥിരതയാര്‍ന്നു നില്ക്കുന്നു.
വള്ളത്തോള്‍ തൊട്ട് നവീനകവി വരെ
ശരല്‍കാലത്ത് ജന്നലുകള്‍ തുറന്നിട്ടുകൊണ്ട് ഞാന്‍ കിടക്കയില്‍ കിടന്നു. നിലാവ് വിരിപ്പില്‍ പൂക്കള്‍ വിതറി. ഞാന്‍ സൗന്ദര്യത്തില്‍ വിലയംകൊണ്ട് ഉറങ്ങി. നേരം വെളുത്തപ്പോള്‍ കാക്കകളുടെ കലമ്പല്‍ കേട്ടാണ് ഞാനുണര്‍ന്നത്.
ചോദ്യം, ഉത്തരം
“സ്ത്രീയെസ്സംബന്ധിച്ചുള്ള ഏറ്റവും നല്ല ചൊല്ലേത്?”
- “ഗോള്‍ഡ്സ്മിത്തിന്റെ ഒരു നാടകത്തിന്റെ പേരാണത് — She stoops to conquer. അവള്‍ ആക്രമിച്ചു കീഴടക്കാന്‍ വേണ്ടി കുനിയുന്നു.”
“ആ കേള്‍ക്കുന്ന ശബ്ദമെന്താണ്?”
- “പേടിക്കേണ്ട. ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കു തല്ലുകൊടുക്കാറുണ്ട്. അതിന്റെ ശബ്ദമാണ് നിങ്ങള്‍ കേള്‍ക്കുന്നത്.”
“എന്ത്? നിങ്ങള്‍ സിഗററ്റ് വലിക്കുന്നോ? ക്യാന്‍സര്‍ വരില്ലേ?”
- “ഇപ്പോള്‍ സിഗററ്റിനെക്കുറിച്ചു ചിന്തിക്കാനേ സമയമുള്ളു. ക്യാന്‍സറിനെക്കുറിച്ച് നാളെ ചിന്തിക്കാം.”
“സാഹിത്യത്തിന്റെ രാജരഥ്യയിലുടെ നടക്കുമ്പോള്‍?”
- “ചുവന്ന ലൈറ്റ് കണ്ടാല്‍ ഉടനെ നില്ക്കണം.”
“ഗ്രന്ഥനിരൂപണത്തെക്കുറിച്ചു നല്ലൊരു ചൊല്ലു കേള്‍ക്കട്ടെ.”
- “പറയാം ഒരു പഴഞ്ചൊല്ലാണ്. ഗ്രന്ഥം കണ്ണാടിയാണ്. അതില്‍ കഴുതയാണ് നോക്കുന്നതെങ്കില്‍ കഴുതയുടെ പ്രതിഫലനമേകാണു.”
കൊല്ലുന്നു
ഞാന്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വടയാറ്റുകോട്ട പരമേശ്വരന്‍ പിള്ളയുടെ “അംഗനാചുംബനം” എന്ന നോവല്‍ വായിച്ച് ഞെട്ടിയിട്ടുണ്ട്. Voigim Kiss എന്ന ഇംഗ്ളീഷ് നോവലിന്റെ അനുകരണമാണ് അത്. അതിലെ നിഷ്കളാനന്ദസ്സ്വാമിയുടെ വധപരിപാടികളാണ് എന്നെ ഞെട്ടിച്ചത്. പിന്നീട് ഫിക്ഷനിലെയും ദൈനംദിന ജീവിതത്തിലെയും വധങ്ങള്‍ അറിഞ്ഞപ്പോള്‍ ആദ്യത്തെ ഞെട്ടല്‍ നിസ്സാരമായിത്തോന്നി. അതിനുശേഷം ബാഡന്‍ബാഡനിലെഒരു വധരീതിയെക്കുറിച്ചു കേട്ടു. കൊല്ലേണ്ടയാളിനെ ഒരു കിണറ്റിലേക്കു കെട്ടിയിറക്കും. അവിടെ കന്യാമാതാവിന്റെ പ്രതിമവച്ചിരിക്കും. അതില്‍ ചുംബിക്കാന്‍ അയാളോട് ആവശ്യപ്പെടും. ചുംബനത്തിനുവേണ്ടി അയാള്‍ നീങ്ങുമ്പോള്‍ അയാള്‍ നില്ക്കുന്ന കള്ളപ്പലകതാഴത്തേക്കു പോകും. കൂര്‍ത്തകമ്പികളുള്ള ഒരു ചക്രത്തില്‍ അയാള്‍ ചെന്നുവീഴും. ചക്രം വേഗത്തില്‍ കറങ്ങുമ്പോള്‍ അയാള്‍ തുണ്ടുതുണ്ടായി ചിതറിവീഴും. പ്രാചീന ഭാരതത്തിലെ രാജാക്കന്മാര്‍ ആളുകളെ വധിച്ചിരുന്നത് ആനയെക്കൊണ്ടു ചവിട്ടിച്ചാണ്. ഈ വധങ്ങളൊക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “പുറപ്പാട്” എന്ന കഥതെഴുതിയ പി. മോഹനന്റെ വധപരിപാടിയോടു തട്ടിച്ചുനോക്കുമ്പോള്‍ നിസ്സാരം. ഇഞ്ചിഞ്ചായിട്ടാണ് വായനക്കാരെ മോഹനന്‍ കൊല്ലുന്നത്. കഥയുടെ സംഗ്രഹമൊന്നും നല്കുന്നില്ല ഞാന്‍. മനസ്സിലായെങ്കിലല്ലേ സംഗ്രഹം നല്കാനാവൂ. പന്ത്രണ്ടു ശവശരീരങ്ങള്‍ സംസ്കരിച്ചു എന്നുമാത്രമേ എനിക്കു ഗ്രഹിക്കാന്‍ കഴിഞ്ഞുള്ളു. കഥാകാരനോട് ഒരപേക്ഷ. ഒറ്റവെട്ടിന് ഞങ്ങളുടെ കഴുത്തു മുറിച്ചേക്കു. ഓരോ അവയവമായി മുറിച്ചെടുക്കരുത്.
|
|