close
Sayahna Sayahna
Search

സാഹിത്യവാരഫലം 2001 12 28


സാഹിത്യവാരഫലം
Mkn-17.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2001 12 28
മുൻലക്കം 2001 12 21
പിൻലക്കം 2002 02 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ഇംഗ്ലീഷ് കവി വേഡ്സ്വർത് (Wordsworth 1770–1850) മരിച്ചപ്പോള്‍ “ഡെമക്രറ്റിക് റിവ്യൂ” എന്ന ജേണലിന്റെ എഡിറ്റര്‍ അനുശോചനം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. വേഡ്സ്വര്‍ത് എന്ന കവി എണ്‍പതാമത്തെ വയസ്സില്‍ ഏപ്രില്‍ 23-ആം തീയതി മരിച്ചു. ഈ മരണം അറിയിക്കുമ്പോള്‍ ഞങ്ങള്‍ക്കു വലിയ ദുഃഖത്തിന്റെ ബോധം ഉണ്ടെന്നു പറഞ്ഞുകൂടാ. കാരണം ബേണ്‍സ്, ബൈറന്‍, ഷെല്ലി ഇവരെപ്പോലെയുള്ള കവികളുടെ കൂട്ടത്തില്‍ അദ്ദേഹത്തെ ഞങ്ങള്‍ക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കുകയില്ല എന്നതാണ്. ആ കവികള്‍ സ്വാതന്ത്രത്തിനുവേണ്ടിയുള്ള ആത്മപ്രചോദകങ്ങളായ പ്രാര്‍ത്ഥനകള്‍ കൊണ്ടും അതിനെ ലക്ഷ്യമാക്കിയുള്ള ശാശ്വതങ്ങളായ അഭിലാഷങ്ങള്‍കൊണ്ടും ജനതയുടെ എല്ലാക്കാലത്തേക്കുമുള്ള ആരാധനയ്ക്കു പാത്രമായവരാണ്. പ്രഭുവര്‍ഗ്ഗത്തിന്റെ പ്രതിഫലം പറ്റുന്ന അടിമയ്ക്കും രാജവാഴ്ചയുടെ ഇത്തിള്‍ക്കണ്ണിക്കും — പെന്‍ഷന്‍പറ്റിയ ഇത്തിള്‍ക്കണ്ണിക്കും-വേണ്ടി ചൊരിയാന്‍ അവര്‍ക്കു കണ്ണീരില്ല.”

വേഡ്സ്വര്‍ത് ഈ രീതിയില്‍ ആക്ഷേപിക്കപ്പെടണോ എന്ന ചോദ്യമിരിക്കട്ടെ. ഇതു പ്രസിദ്ധപ്പെടുത്തിയ എഡിറ്ററുടെ ധൈര്യം അന്യാദൃശ്യമല്ലേ? എത്രയോ വായനക്കാരെ ഇതുകൊണ്ട് അദ്ദേഹം മുറിവേല്പിക്കും? വായനക്കാര്‍ ജേണലിനെ എല്ലാക്കാലത്തേക്കുമായി ഉപേക്ഷിക്കുകയല്ലേ? എന്ന വിചാരമൊന്നും എഡിറ്റര്‍ക്കില്ല. തനിക്കു ശരിയെന്നു തോന്നുന്നത് അദ്ദേഹം എഴുതുന്നു. പ്രസിദ്ധപ്പെടുത്തുന്നു. ഇതാണ് ധൈര്യം. ഈ ധീരത നമ്മുടെ ദിനപത്രങ്ങളും കാണിക്കണമെന്ന് എനിക്ക് വിനയാന്വിതമായ നിര്‍ദ്ദേശമുണ്ട്. ഒരുപക്ഷേ, നമ്മുടെ എഡിറ്റര്‍മാർ മഹാമനസ്കതയുള്ളവയായിരിക്കും. തങ്ങളെ പുലഭ്യം പറഞ്ഞ ആളുകള്‍ മരിക്കുമ്പോള്‍ അവര്‍ നീരസം മറന്ന് വലിയ അക്ഷരത്തില്‍ ചരമവാര്‍ത്ത പ്രസിദ്ധപ്പെടുത്താറുണ്ട്. അത് പത്രത്തിന്റെയും അതിന്റെ അധിപരുടെയും സംസ്കാരവിശേഷമായി കാണാവുന്നതാണ്. എങ്കിലും ഇംഗ്ലണ്ടിലെ ജേണല്‍ കാണിച്ച ആ ധീരതയാണ് എനിക്കേറെ ഇഷ്ടം. ധീരത വരുമ്പോള്‍ ഭാഷയ്ക്ക് ശക്തിവരും. ആ ശക്തിയാണ് അമേരിക്കന്‍ സാഹിത്യകാരിയായ സിന്തിയ ഓസിക്കിന്റെ രചനകളില്‍ (Cynthia Ozick, 1928) ഉള്ളത്. അവരുടെ “The Shawl” എന്ന കൊച്ചുകഥ സുന്ദരമാണ്, ശക്തമാണ്. റോസയും അവളുടെ കുഞ്ഞ് മാഗ്ദയും റോഡിലൂടെ പോകുകയാണ്. റോസ പതിനാലു വയസ്സുള്ള കനംകുറഞ്ഞ പെണ്‍കുട്ടിയാണ്. തീരെ കനംകുറഞ്ഞ മുലകള്‍. മാഗ്ദയെ കൊടുംതണുപ്പില്‍നിന്നും രക്ഷിക്കാനായി അമ്മ അതിനെ പുതപ്പുകൊണ്ട് മൂടിയിട്ടുണ്ട്. മാഗ്ദ അമ്മയുടെ മുലക്കണ്ണു വായിലാക്കി. പാലില്ല. ചിലപ്പോള്‍ മാഗ്ദ വായുവായിരിക്കും ഉള്ളിലേക്കു വലിച്ചെടുക്കുക. അപ്പോള്‍ അതു നിലവിളിക്കും. കുഞ്ഞിന് അമ്മയുടെ ഛായയില്ലെ. വട്ടമുഖം. അതു വേറൊരു മുഖമാണ്. പക്ഷേ അതിന് നീലക്കണ്ണുകളുണ്ട്.

തടങ്കല്‍പ്പാളയത്തിളേക്ക് നാസ്തികള്‍ റോസയെയും മറ്റുള്ളവരെയും കൊണ്ടുപോവുകയാണ്. മാര്‍ഗ്ഗമധ്യേ ഏതെങ്കിലും സ്ത്രീയുടെ കൈയിലേക്ക് മാഗ്ദയെ വച്ചുകൊടുക്കണമെന്നുണ്ട് റോസയ്ക്ക്. പക്ഷേ വരിയില്‍നിന്നു മാറിയാല്‍ അവര്‍ അവളെ വെടിവച്ചുകൊല്ലും. നല്ല കുഞ്ഞാണ് മാഗ്ദ. അതു കരയുന്നതേയില്ല. പാലില്ലാത്ത മുലക്കണ്ണ് ഉപേക്ഷിച്ച് കുഞ്ഞ് പുതപ്പിന്റെ ഒരു അറ്റം വലിച്ചുകുടിച്ചുതുടങ്ങി. നൂലുകള്‍ നനച്ച് അത് വലിച്ചുകുടിച്ചു. വലിച്ചുകുടിച്ചു. പുതപ്പിനു മാന്ത്രികത്വമുണ്ടോ? മൂന്നു പകലും മൂന്നു രാത്രിയും അതിനു ശിശുവിനെ പാലുകുടിപ്പിക്കാന്‍ കഴിയും. റോസയുടെ കൂടെ നടക്കുന്ന സ്റ്റെല്ല കുഞ്ഞിനെ നോക്കി ‘ആര്യന്‍’ എന്നു രണ്ടുതവണ പറഞ്ഞു.

റോസയ്ക്ക് അറിയാം മാഗ്ദ വളരെവേഗം മരിക്കുമെന്നു. അവര്‍ പട്ടാളത്താവളത്തില്‍ എത്തി. മാഗ്ദ ശബ്ദിക്കില്ല. പക്ഷേ അതിന്റെ കണ്ണുകള്‍ ഭയജനകമായ വിധത്തിലത്രേ. അത് പുതപ്പിനെ സംരക്ഷിച്ചു. അമ്മയല്ലാതെ വേറെ ആരും അതു തൊടാന്‍ പാടില്ല. ആ താവളത്തില്‍ ‘റോള്‍ കോള്‍’ ഉണ്ട്. പുതപ്പില്‍ കുഞ്ഞിനെ ഒളിച്ചുവച്ച് റോസ ഹാജര്‍ വിളിക്കുന്നിടത്തുചെന്നു നില്ക്കും. മുലക്കണ്ണു വരണ്ടതിനുശേഷം കുഞ്ഞ് മിണ്ടിയിട്ടില്ല. ഒരു ദിവസം ‘അമ്മേ..’ എന്ന് നിലവിളിച്ചു. പുതപ്പ് പട്ടാളത്താവളത്തില്‍ ആയിപ്പോയി. അതു കുടിക്കാന്‍ കിട്ടതെയാണ് കുഞ്ഞ് നിലവിളിച്ചത്. റോസ ഓടിച്ചെന്ന് അതെടുത്തു കൊണ്ടുവന്നു.

ഹാജര്‍ വിളിക്കുന്നിടത്ത് ഉരുക്കുവേലിയുണ്ട്. അതില്‍ വിദ്യുച്ഛക്തി പ്രവഹിക്കുന്നുണ്ട്. വായു മാത്രമുള്ള വയറോടുകൂടി മാഗ്ദ പുതപ്പിനുവേണ്ടി കൈ ഉയര്‍ത്തി. പക്ഷേ കുഞ്ഞ് ആരുടെയോ തോളില്‍ ചലനംകൊള്ളുകയാണ്. ആ തോളിനുമുകളില്‍ പട്ടാളക്കാരന്‍ ധരിക്കുന്ന ലോഹത്തൊപ്പി. ആ തൊപ്പിക്ക് താഴെ കറുത്ത ശരീരം. താഴെയായി കറുത്ത ബൂട്ട്സ്. വിദ്യുച്ഛക്തി ശബ്ദങ്ങള്‍ അനിയന്ത്രിതമായി “അമ്മേ..” എന്നു വിളിക്കാന്‍ തുടങ്ങി. പൊടുന്നനെ പതിനഞ്ചു മാസം പ്രായമുള്ള മാഗ്ദ വായുവിലൂടെ നീന്തി. വെള്ളിമുന്തിരിച്ചെടിയെ തൊടാന്‍ പോകുന്ന ചിത്രശലഭംപോലെ കാണപ്പെട്ട മാഗ്ദ. ആ കുഞ്ഞിനെ ഉരുണ്ട തലയും പെന്‍സില്‍ കാലുകളും ബലൂണ്‍ പോലെയുള്ള വയറും ഉരുക്കുവേലിയില്‍ തെന്നിതെറിച്ചു. വിദ്യുച്ഛക്തി പ്രവഹിക്കുന്ന വേലിയ്ക്കടുത്ത് മാഗ്ദ വീണിടത്ത് റോസയ്ക്കു ഓടിച്ചെല്ലണമെന്നുണ്ടായിരുന്നു. അവള്‍ ഓടിച്ചെന്നാല്‍. കമ്പുപോലെയുള്ള മാഗ്ദയുടെ ശരീരമെടുത്താല്‍ അവര്‍ വെടിവയ്ക്കും. റോസ അനങ്ങിയില്ല. പുതപ്പ് അവള്‍ വായിലേക്ക് തിരുകി. വായിലേക്ക് തിരുകിക്കയറ്റി നിലവിളി അങ്ങനെ അവള്‍ വിഴുങ്ങി. മാഗ്ദയുടെ തുപ്പല്‍ പുരണ്ട പുതപ്പ് ഉണ്ടങ്ങുന്നതുവരെ അവള്‍ വലിച്ചുകടിച്ചു.

എന്റെ ഈ കഥാസംഗ്രഹം കലാകൊലപാതകമായിപ്പോയി എന്ന് എനിക്കറിയാം. അതുകൊണ്ട് വായനക്കാര്‍ ഇംഗ്ലീഷ് കഥതന്നെ വായിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. വായിച്ചാല്‍ അവര്‍ സന്ത്രാസത്തിനു വിധേയരാകും. കലയുടെ ശക്തിയും സൗന്ദര്യവും കണ്ട് അത്ഭുതപ്പെടും.

ആറു ദശലക്ഷം യൂറോപ്യന്‍ ജൂതന്മാരെ കൊന്നൊടുക്കിയതിനെയാണ് ഹോലകൊസ്റ്റ് (Holocaust) എന്നു പറയുന്നത്. എണ്ണമറ്റ ആ വധങ്ങള്‍ ജനിപ്പിച്ച വിഷാദവും ഞെട്ടലും ഈ ചെറിയ കഥ ജനിപ്പിക്കുന്നുണ്ട്. നാത്സി തടങ്കല്‍പ്പാളയത്തിലേക്കു ജൂതരെ കൊണ്ടുപോകുന്നത് വര്‍ണ്ണിക്കുകയാണ് ജൂതവംശജരായ സിന്തിയ ഓസിക്. പതിന്നാലുവയസ്സേയുള്ളു റോസയ്ക്ക്. എങ്കിലും അവള്‍ അമ്മയായി. ഏതെങ്കിലും നാത്സി അവളെ ബലാത്സംഗം ചെയ്തിരിക്കും. റോസയുടെ കൂടെയുള്ള സ്റ്റെല്ല കുഞ്ഞിനെ നോക്കി ആര്യന്‍ എന്നു രണ്ടുതവണ വിളിച്ചത് ഇതു ലക്ഷ്യമാക്കിയാണ്. അച്ഛനാരായാലും പെറ്റ സ്ത്രീക്കു കുഞ്ഞിനോടു അതിരറ്റ സ്നേഹമാണല്ലോ. അതിന് ആപത്തു വരാതിരിക്കാന്‍ വേണ്ടി പുതപ്പില്‍ പൊതിഞ്ഞു വക്ഷസ്സില്‍ ഒളിച്ചുവയ്ക്കുന്ന റോസ. ചിലപ്പോള്‍ കുഞ്ഞു കരയാന്‍ തുടങ്ങിയാല്‍ അവള്‍ പുതപ്പുകൊണ്ടുതന്നെ അതിന്റെ വായ് പൊത്തിപ്പിടിക്കും.

മാഗ്ദ പുതപ്പു കിട്ടാതെ കരഞ്ഞതാണ് ദുരന്തത്തിന്റെ കാരണം. കുഞ്ഞിന്റെ വാ പൊത്തിപ്പിടിച്ച് നിശ്ശബ്ദത ഉണ്ടാക്കുന്നു റോസ. ഒരു ശബ്ദവും ഒരിടത്തുനിന്നും ഉയരുന്നില്ല. ആ നിശ്ശബ്ദത ഭജ്ഞിക്കപ്പെട്ടപ്പോള്‍ മരണമുണ്ടായി. ജൂതന്മാര്‍ ശബ്ദമുയര്‍ത്തിയാല്‍ മരണത്തിന് അഭിമുഖീഭവിക്കാന്‍ നിർബ്ബദ്ധരാകും എന്നാവാം സിന്തിയ ഓസിസ് പറയുന്നത്. ഇതുപോലെ majestic ആയ കഥകളാണ് പ്രിയപ്പെട്ട വായനക്കാര്‍ വായിക്കേണ്ടത്. മലയാളത്തില്‍ ഉണ്ടാകുന്ന കഥകള്‍ മാത്രം വായിച്ചുകൊണ്ടിരുന്നാല്‍ ‘മെന്റല്‍ ഡിപ്രെഷന്‍’ ഉണ്ടാകും.

ചോദ്യം, ഉത്തരം

Symbol question.svg.png “നിങ്ങളുടെ വീട്ടില്‍ ഹോട്ട്പ്ലെയ്റ്റ് ഉണ്ടോ? കംപ്യൂട്ടറുണ്ടോ? ഇന്റര്‍നെറ്റ് പ്രിന്റ് ഔട്ട് എടുക്കാന്‍ സൗകര്യമുണ്ടോ? നിങ്ങളുടെ വീട്ടില്‍ AC Rooms ഉണ്ടോ? നിങ്ങള്‍ക്കു കാറുണ്ടോ?

“ഇത്തരം വള്‍ഗര്‍ മാറ്റേഴ്സില്‍ എനിക്കു താല്‍പര്യമില്ല. പാവ്ലോ നേറൂദായുടെയും പെസ്സോആയുടെയും റ്റ്സോലാന്റെയും കവിതകളുണ്ട് എന്റെ വീട്ടില്‍.”

Symbol question.svg.png “നിങ്ങള്‍ക്കു മരണം ഞെട്ടലുണ്ടാക്കിയിട്ടുണ്ടോ?”

“ഞാന്‍ ചിറ്റൂര്‍ക്കോളേജില്‍, അദ്ധ്യാപകനായിരിക്കുമ്പോള്‍ ബി.എസ്.സി.ക്ലാസ്സില്‍ ഉഷ എന്നൊരു പെണ്‍കുട്ടി പഠിച്ചിരുന്നു. കോളേജ് ബ്യൂട്ടി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ കുട്ടി എന്റെ മകളുടെ ക്ലാസ്സ് മെയ്റ്റായിരുന്നു. പാലക്കാട്ട് ചെര്‍പ്ലശ്ശേരി പനങ്ങാട്ടുവീട്ടില്‍ പി.ജി. മേനോന്റെ മകള്‍. എല്ലാ സിദ്ധികളുമുണ്ടായിരുന്നു ആ കുട്ടിക്ക്. പാടും, നൃത്തം ചെയ്യും. ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു് വാങ്ങും. ഉഷ കൂട്ടുകാരികളുമായി ചിറ്റൂരില്‍ ഞാന്‍ താമസിച്ച വീടില്‍ പലതവണ വന്നിട്ടുണ്ട്. എന്റെ മകളുമായി സംസാരിക്കാന്‍. ഒരു വര്‍ഷം മുമ്പ് എനിക്ക് ഉഷയുടെ കത്ത് കിട്ടി. താന്‍ ഒരു സ്ക്കൂളിന്റെ ഹെഡ്മിസ്റ്റ്രസാണെന്ന് അറിയിച്ചുകൊണ്ട്. ഈ മാസം ആദ്യത്തെ ആഴ്ചയില്‍ ഉഷയുടെ മകന്റെ വിവാഹമാണെന്ന് അറിയിക്കുന്ന കത്തു കിട്ടി. അവരുടെ ഭര്‍ത്താവ് പി.കെ. വേണുഗോപാല്‍ അയച്ച കത്ത്. അതില്‍ Son of late Smt. Usha എന്നു കണ്ടു ഞാന്‍ നടുങ്ങിപ്പോയി. ആ നടുക്കത്തോടെയാണ് ഞാന്‍ ഈ വരികള്‍ കുറിക്കുന്നത്. നന്മയുള്ളവര്‍ വേഗം പോകുന്നു. നന്മയില്ലാത്ത ഞാന്‍ ജീവിച്ചിരിക്കുന്നു.”

Symbol question.svg.png “ചങ്ങമ്പുഴസ്തുതി നിങ്ങള്‍ അവസാനിപ്പിച്ചോ?”

“നിങ്ങള്‍ക്കു അറിയാന്‍ പാടില്ലാത്തതിന് എനിക്ക് എന്തുചെയ്യാം? വിശ്വസാഹിത്യത്തിലാണ് ചങ്ങമ്പുഴയുടെ സ്ഥാനം. പോള്‍ വെര്‍ലേന്‍ പോലും ചങ്ങമ്പുഴയുടെ ഒരു രോമത്തിന് വിലപിടിക്കില്ല. ഇവിടെ കുറെ വിവരം കെട്ടവര്‍ ചങ്ങമ്പുഴയെക്കാള്‍ വയലാര്‍ രാമവര്‍മ്മയാണ് വലിയ കവി എന്നു പറഞ്ഞു നടക്കുന്നു. ഏഭ്യത്തരം.”

Symbol question.svg.png “പി.കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവല്‍ മാസ്റ്റര്‍പീസല്ലേ?”

“എട്ടരക്കട്ടയിലുള്ള നിലവിളിയാണ് ആ നോവല്‍. ചവറാണത്.”

Symbol question.svg.png കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായം വേറെ ആര്‍ക്കെങ്കിലുമുണ്ടോ?

“വ്യക്തിവിവേക’കാരന്റെ ശിഷ്യനാണ് കുട്ടികൃഷ്ണമാരാര്‍. അദ്ദേഹത്തിന്റെ വഴിപിഴച്ച യുക്തിയാണ് മാരാര്‍ക്കുമുള്ളത്. ‘ഭാരതപര്യടന’ത്തെ ആയിരംകൊണ്ടു ഗുണിച്ചാല്‍ ‘വ്യക്തിവിവേകം’ ഉണ്ടാകും. ധിഷണാശാലിയായ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നോടു പറഞ്ഞു. വാല്മീകിയാണെന്നും വ്യാസന്‍ ആരെന്നും കുട്ടികൃഷ്ണമാരാര്‍ക്ക് അറിഞ്ഞുകൂടെന്ന്. സത്യം. ഇന്നത്തെ സംസ്കൃതപണ്ഡിതന്മാരില്‍ (ഇന്ത്യയിലെ പണ്ഡിതന്മാരെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്) അദ്വീതയനാണ് എം. എച്ച്. ശാസ്ത്രികള്‍. അദ്ദേഹം പറയും. മാരാര്‍ ധര്‍മ്മത്തെയാകെ അധര്‍മ്മമായി കണ്ടുവെന്ന്. അധര്‍മ്മമെല്ലാം മാരാര്‍ക്കു ധര്‍മ്മമാണെന്നു ഞാനും പറയും. പലരും ധരിച്ചിരിക്കുന്നു അദ്ദേഹം സംസ്കൃതപണ്ഡിതനാണെന്ന്. അതു ശരിയല്ല. സാഹിത്യനിരൂപണത്തില്‍ എം.ആര്‍.നായര്‍ കാണിക്കുന്ന പ്രഗല്ഭത മാരാര്‍ക്കില്ല. റ്റാഗോറിന്റെ മൃത്യുബോധത്തെക്കുറിച്ച് അദ്ദേഹമെഴുതിയ ‘മൃത്യുശ്ച’ എന്ന പ്രബന്ധംപോലെ ഒരു പ്രബന്ധം കുട്ടികൃഷ്ണമാരാര്‍ക്കു എഴുതാനാവില്ല. മൂല്യനിര്‍ണ്ണയത്തില്‍ ഭാവസംദൃബ്ധതയില്‍ (Sensibility) മുണ്ടശ്ശേരി എത്രയോ ഉയര്‍ന്നുനില്ക്കുന്നു മാരാരെക്കാള്‍. പലപ്പോഴും ഞാന്‍ പറഞ്ഞ ഇക്കാര്യം ഇനി ആവര്‍ത്തിക്കില്ല.

Symbol question.svg.png “ശാകുന്തളം നാടകത്തിലെ ‘ക്ഷമാക്ഷാമകപോലെ മനനമുരഃ കാഠിന്യമുക്തകസ്തനം’ എന്ന ശ്ലോകത്തിലെ ക്ഷാമക്ഷാമ പ്രയോഗത്തിന് അതിക്ഷാമമെന്നല്ല. അര്‍ത്ഥമെന്നും ക്ഷാമപ്രായം (ഏതാണ്ടു ക്ഷാമം) എന്ന അര്‍ത്ഥമേയുള്ളുവെന്നും നിങ്ങള്‍ പറഞ്ഞു. ഇതിന് വ്യാകരണസമ്മതമുണ്ടോ?’

‘M.R. Kale പറയുന്നു: Technically this means ഈഷത്ക്ഷാമ, somewhat emaciated, the doubling of the attribute is by the sutra പ്രകാരേഗുണവചനസ്യ…” ക്ഷാമ ക്ഷാമമെന്നത് അതിക്ഷാമമെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അപ്പോള്‍ ശകുന്തളയുടെ കവിള്‍ സോഡാക്കുപ്പിപ്പോലെ ഒട്ടിപ്പോയെന്നു വരും. അങ്ങനെ കവിളൊട്ടിയ ശകുന്തള ആലംബനവിഭാവമാണെന്ന് ഓര്‍ക്കണം. അവളെക്കണ്ടാല്‍ ദുഷ്യന്തന്റെ രതി എന്ന സ്ഥായിഭാവത്തിന് ഉദ്ദീപനം ഉണ്ടാവുകയില്ല. അത് ശൃംഗാരരസമായിത്തീരുകയില്ല. അതിനാല്‍ ‘ഒട്ടീ ഹന്ത കവിള്‍ത്തടം’ എന്ന തര്‍ജ്ജമ അബദ്ധമാണ്. മന്ദമന്ദം= അതിമന്ദമെന്ന അര്‍ത്ഥമല്ല. ഏതാണ്ട് മന്ദം എന്നാണ്. ശുക്ലശുക്ലം= അതിയായി വെളുത്തത് എന്ന അര്‍ത്ഥമല്ല. ശുക്ലപ്രായം= ഏതാണ്ട് വെളുത്തത് എന്നേ അര്‍ത്ഥം പറയാനാവൂ.”

ഭൃലോങ്

മലയാളത്തില്‍ ഉണ്ടാകുന്ന കഥകള്‍ മാത്രം വായിച്ചു കൊണ്ടിരുന്നാല്‍ ‘മെന്റല്‍ ഡിപ്രെഷന്‍’ ഉണ്ടാകും.

ഗ്രാമപ്രദേശത്തുചെന്ന് ആരുടെയെങ്കിലും വീട് എവിടെയാണെന്നു ചോദിച്ചിട്ടുണ്ടോ എന്റെ വായനക്കാര്‍? ചോദിച്ചാല്‍ പട്ടണത്തിലെ പൗരനോടു ചോദിച്ചാല്‍ കിട്ടുന്ന മറുപടിയല്ല കിട്ടുന്നത്. നഗരത്തില്‍ കഴിഞ്ഞുകൂടുന്നവന്‍ ‘ആ അറിയില്ല’ എന്നു പറയും. ഗ്രാമീണര്‍ അങ്ങനെയല്ല. ഉടനെ അനുകൂലമായ മറുപടി നല്കും. “ഈ റോഡിലൂടെ അര ഭൃലോങ് പോകണം. ആ അരഭൃലോങ് അവസാനിക്കുന്നിടത്ത് വലത്തോട്ട് ഒരു ചെറിയ പാത കാണാം. അതില്‍ കാല്‍ ഭൃലോങ് പോയി ഇടത്തോട്ട് തിരിഞ്ഞാല്‍ അഞ്ചാമത്തെ വീടാണത്. (ഫര്‍ലോങ്ങാണ് ഗ്രാമവാസികളുടെ ഭൃലോങ്) കൃതജ്ഞതാഭരിതമായ നേത്രങ്ങള്‍കൊണ്ട് അയാളെ ഒന്നു നോക്കിയിട്ട് നമ്മള്‍ നടക്കുന്നു. നടത്തം അനവരതമാണ്. പകുതി ഭൃലോങ് അല്ല. രണ്ടു മൈല്‍ നടന്നാലേ ആ വലത്തോട്ടുള്ള വഴി കാണൂ. (ഗ്രാമപ്രദേശത്തു പാര്‍ക്കുന്നവര്‍ക്കെല്ലാം രണ്ടു മൈല്‍ അരഭൃലോങ് ആണ്) കാല്‍ ഭൃലോങ് എന്നു പറഞ്ഞത് ഒരു മൈലാണെന്ന സത്യം നടക്കുമ്പോള്‍ ബോധപ്പെടും. നടന്നുചെല്ലൂ. ഒരു വീടുപോലും അവിടെയെങ്ങും കാണില്ല. മാത്രമല്ല, Dead end-ലാണ് നമ്മള്‍ എത്തിയതെന്നും മനസ്സിലാക്കും. (റോഡ് അവസാനിക്കുന്നിടം dead end. പിന്നീട് മുന്നോട്ടുപോകാന്‍ വയ്യ.) ചന്ദ്രമതി ഭാഷാപോഷിണിയില്‍ എഴുതിയ ‘തട്ടാരക്കുടിയിലെ വിഗ്രഹങ്ങള്‍’ ഇതുപോലെയൊരു ‘ഡെഡ് എന്‍ഡില്‍’ വായനക്കാരെ കൊണ്ടുചെല്ലുന്നു. മത്തായിച്ചന്‍ രാവിലെ നടക്കുമ്പോള്‍ മാടന്‍ വിഗ്രഹത്തെ കാണുന്നു. മാടന്റെ അടുത്തു ദേവിയുടെ വിഗ്രഹം. അല്പംകഴിഞ്ഞു അയാള്‍ തിരിച്ചുവരുമ്പോള്‍ വിഗ്രഹങ്ങള്‍ കാണാനില്ല. (അതോ നേരെമറിച്ചോ?) അങ്ങോട്ടു പോകുമ്പോള്‍ വിഗ്രഹങ്ങളില്ല. തിരിച്ചുവരുമ്പോള്‍ അവ സ്റ്റെഡിയായി നില്ക്കുന്നു. ശരിയേതെന്നു കണ്ടുപിടിക്കാന്‍ മാര്‍ഗ്ഗമില്ല. ചന്ദ്രമതിയുടെ കഥ വായിച്ചതിനുശേഷം മാസിക നഷ്ടപ്പെട്ടുപോയി.) ഗ്രാമീണരുടെ ഇടയില്‍ ബഹളം. അവര്‍ മാടനെയും ദേവിയെയും കെട്ടിടത്തിനുള്ളിലാക്കി. അപ്പോഴും അപ്രത്യക്ഷമാകലിനും പ്രത്യക്ഷമാകലിനും മാറ്റമില്ല. ഇങ്ങനെ കഥ അവസാനിക്കുന്നു. സി.വി.രാമന്‍പിള്ള പറഞ്ഞപോലെ “അന്തവും കുന്ത”വുമില്ലാതെയുള്ള പര്യവസാനം വിഗ്രഹത്തിന്റെ പ്രത്യക്ഷസ്വഭാവത്തിനും അപ്രത്യക്ഷസ്വഭാവത്തിനും എന്തേ അര്‍ത്ഥം? സൂചകപദങ്ങള്‍പോലുമില്ല അതു മനസ്സിലാക്കാന്‍. വായില്‍വന്നതു കോതയ്ക്കു പാട്ട് എന്ന മട്ടിലാണ് ചന്ദ്രമതി കഥയെഴുതുന്നത്. കേന്ദ്രത്തില്‍ നില്ക്കുന്ന പ്രമേയമില്ല. വേണ്ടാത്തതൊക്കെ വിരസമായി വര്‍ണ്ണിച്ച് ശ്രീമതി കഥയുടെ ദൈര്‍ഘ്യം കൂട്ടുന്നു. ഈ സാഹസിക്യത്തെ സാഹിത്യമെന്ന് വിളിക്കുന്നതെങ്ങനെ? ഇന്നത്തെ (11-12-01) ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രത്തില്‍ കെ. ഇ. മാമ്മന്‍ ‘ഹര്‍ത്താലും ബന്ദും ഒരുപോലെ ജനദ്രോഹം എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന പടമുണ്ട്. ‘ഹര്‍ത്താലും ബന്ദും ചന്ദ്രമതിയുടെ കഥയും ജനദ്രോഹം’ എന്ന് അത് മാറ്റിയെഴുതേണ്ടിയിരുന്നു ഈ സ്വാതന്ത്യസംരക്ഷകന്‍.

വിനു എബ്രഹാം

നിന്ദനവും അപമാനനവും ക്ഷതമേല്പിക്കലും ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിഞ്ഞാലും അന്യര്‍ക്ക് ഉപകാരം ചെയ്യണം നമ്മള്‍.

അച്ഛനും മക്കളും അമ്മയും മക്കളും സഹോദരനും സഹോദരിയും ഇവര്‍ തമ്മിലുള്ള ബന്ധത്തെ രക്തബന്ധം എന്നു പറയാം. ഇത്തരത്തില്‍ ബന്ധമുണ്ട് വ്യക്തിയും ജന്മദേശവും തമ്മില്‍. അതുകൊണ്ടാണ് ജന്മദേശത്ത് ജോലി നോക്കുന്നവനെ മറ്റൊരു സ്ഥലത്തേക്കു മാറ്റുമ്പോള്‍ അയാള്‍ക്ക് (ജോലിയുള്ളവന്) അതിക്ലേശം ഉണ്ടാകുന്നത്. തിരുവനന്തപുരത്ത് വളരെക്കാലം ജോലി നോക്കിയിരുന്ന എന്നെ ഒരു ഉദ്യോഗസ്ഥന്‍ ചിറ്റൂരേക്കു മാറ്റി. നല്ലയാളുകള്‍. കോളേജ് നന്ന്. വിദ്യാര്‍ത്ഥികള്‍ യോഗ്യര്‍. പക്ഷേ എനിക്ക് അസ്വസ്ഥത. ഇത് ഞാനും ജന്മദേശവും തമ്മിലുള്ള ബന്ധത്തിനു ഭംഗം വന്നതിനാലായിരുന്നു. എന്റെ ദൗര്‍ഭാഗ്യാവസ്ഥ കണ്ട് മാവേലിക്കര അച്യുതന്‍ കാരുണ്യത്തോടെ പ്രഫെസര്‍ ജോസഫ് മുണ്ടശ്ശേരിയെ വസ്തുതകള്‍ ധരിപ്പിച്ചു. മുണ്ടശ്ശേരി ഞാന്‍ അഭ്യര്‍ത്ഥിക്കാതെ തന്നെ ഇ. എം. എസ്സിനോടു പറഞ്ഞു. അദ്ദേഹം വിദ്യാഭ്യാസമന്ത്രി സി. എച്ച്. മുഹമ്മദ്കോയയോടു സംസാരിച്ച് എന്നെ തിരിച്ചു തിരുവനന്തപുരത്തേക്കു മാറ്റിച്ചു. മുണ്ടശ്ശേരിയെ ഞാന്‍ വാക്കുകള്‍കൊണ്ട് എറ്റിയിട്ടേയുള്ളു. എങ്കിലും മഹാമനസ്കനായ അദ്ദേഹം എന്ന സഹായിച്ചു. ഞാന്‍ വാക്കുകള്‍കൊണ്ടു പുഷ്പാര്‍ച്ചന നടത്തുന്ന ജി. ശങ്കരക്കുറുപ്പ് സഹായിച്ചില്ല. തിരുവനന്തപുരത്ത് എത്തിയ ഞാന്‍ ജീവന്‍ വീണ്ടെടുത്തു സുഖമായി കഴിഞ്ഞുകൂടി. മാവേലിക്കര അച്യുതന്‍, മുണ്ടശ്ശേരി, ഇം. എം. എസ്സ്. ഇവരോട് എനിക്കു കടപ്പാടുണ്ട്. ഭൂവിഭാഗങ്ങളിലും ശീതോഷ്ണാവസ്ഥകളും വിഭിന്നദേശങ്ങളില്‍ ഒന്നാകാം. എങ്കിലും ജന്മദേശത്തോടുള്ള ബന്ധം രക്തബന്ധംപോലെ ദൃഢതയാര്‍ന്നതാണ്. സത്യസന്ധമാണ്. ഒരു പുഴയോടു ബന്ധപ്പെടുത്തി ഒരു വൃദ്ധയുടെ ജീവിതം ആവിഷ്കരിക്കുന്ന വിനു എബ്രഹാമിന്റെ ‘രണ്ടു കൂട്ടുകാര്‍’ എന്ന കഥ ഹൃദ്യമായത് (മാധ്യമം വാരിക) ആ ബന്ധത്തിന്റെ ശാശ്വതാവസ്ഥയും ചൈതന്യവും ചിത്രീകരിച്ചതിനാലാണ്. വീടു മാറിപ്പോകുന്ന വൃദ്ധ ആ ബഹളത്തിലൊന്നും പങ്കുകൊള്ളാതെ വീട്ടിനടുത്തുള്ള പുഴയുടെ തീരത്ത് ചെന്ന് ഇരിക്കുന്നു. കഥാകാരന്‍ ഗതാവലോകന കലാസങ്കേതത്തിലൂടെ വൃദ്ധയെയും പുഴയെയും കൂട്ടിയിണക്കുന്നു. പുഴയില്‍ ഷീലയും പ്രേംനസീറും നീന്തിത്തുടിച്ച് അഭിനയിക്കുന്നതുമൊക്കെ വിനു എബ്രഹാം ആലേഖനം ചെയ്യുന്നുണ്ട്. അദ്ദേഹം വിദഗ്ദ്ധമായി ആ ചലച്ചിത്രതാരങ്ങളെ വൃദ്ധയുടെയും അവരുടെ ഭര്‍ത്താവിന്റെയും യൗവനകാലവുമായി ബന്ധിപ്പിക്കുന്നു. വൃദ്ധ പുഴയുടെ തീരത്ത് വളരെനേരമിരുന്ന് അതുമായി (പുഴയുമായി) താദാത്മ്യം പ്രാപിക്കുന്നു. പ്രകൃതിയെയും മനുഷ്യാത്മാവിനെയും ഒന്നാക്കുന്ന നല്ല കഥയാണിത്. വൃദ്ധയുടെ സ്വഭാവത്തിന് സാര്‍വലൗകികാംശമുണ്ട്. പുഴയ്ക്കും അതുണ്ട്. അവ രണ്ടിനെയുമാണ് കഥാകാരന്‍ ഒന്നാക്കുന്നത്. നാടന്‍ശൈലിയിലാണ് ആഖ്യാനം. അതും നന്നായി.

പല കാര്യങ്ങള്‍

വിശ്വസാഹിത്യത്തിലാണ് ചങ്ങപുഴയുടെ സ്ഥാനം. പോള്‍ വെര്‍ലേന്‍ പോലും ചങ്ങമ്പുഴയുടെ ഒരു രോമത്തിന് വിലപിടിക്കില്ല.

ഇപ്പോള്‍ എനിക്കു കുപ്രസിദ്ധിയെങ്കിലുമുണ്ട്. ഇതുപോലുമില്ലാതിരുന്ന കാലയളവില്‍ ഒരാള്‍ എന്റെ തൂലികാചിത്രം എഴുതാന്‍ വന്നു. വന്നയാളിനെക്കൂറിച്ച് അപവാദമുണ്ടായിരുന്നു. അദ്ദേഹം ആരുടെ തൂലികാചിത്രമെഴുതുന്നുവോ ആ ആള്‍ ഒരാഴ്ചയ്ക്കകം മരിക്കും. എനിക്കു അന്ധവിശ്വാസമേയില്ല. പക്ഷേ എന്റെ വീട്ടുകാര്‍ അന്ധവിശാസികളാണ് തൂലികാചിത്രമെഴുതുന്ന ആള്‍ വന്നപ്പോള്‍ സഹധര്‍മ്മിണിയും കുട്ടികളും ഒറ്റക്കെട്ടായി എതിര്‍ത്തു. വന്നയാളിനോടു കുട്ടികള്‍തന്നെ പറഞ്ഞു: “അച്ഛന്‍ പോയാല്‍ ഞങ്ങള്‍ക്കു കഞ്ഞിവെള്ളം കുടിച്ചു കിടക്കാന്‍ ഒക്കുകയില്ല. അതുകൊണ്ട് തൂലികാചിത്രമെഴുതാൻ ഞങ്ങള്‍ സമ്മതിക്കില്ല. ആഗതന്‍ ചിരിച്ചുകൊണ്ട് തിരിച്ചുപോയി. അദ്ദേഹം എഴുതിയാല്‍ മരണമുണ്ടാകുമെങ്കിലും എനിക്ക് ആ മനുഷ്യനെ വലിയ ഇഷ്ടമായിരുന്നു. ചിരിച്ച മുഖം എപ്പോഴും അതിന് ആകര്‍ഷകത്വമുണ്ട്. ഒരിക്കലും ഒരു പരുക്കന്‍വാക്കും ആ എഴുത്തുകാരന്റെ നാവില്‍ നിന്നും വരില്ല. കുലീനതയുള്ള മനുഷ്യന്‍ അദ്ദേഹം കുട്ടികളുടെ വാക്കുകേട്ടു വീട്ടില്‍ നിന്നിറങ്ങിപ്പോയപ്പോള്‍ എനിക്കു സങ്കടമുണ്ടായി. ഈ എഴുത്തുകാരന്‍ എല്‍.എ.രവിവര്‍മ്മയെ കാണാന്‍ ചെന്നു. (പണ്ഡിതന്‍, ഭാഷാശാസ്ത്രജ്ഞന്‍, കണ്ണുഡോക്ടര്‍) തൂലികാചിത്രമെഴുതാന്‍ ചെന്നിരിക്കുകയാണ് അദ്ദേഹമെന്ന് മനസ്സിലാക്കി എല്‍. എ. രവിവര്‍മ്മ പറഞ്ഞു“നിങ്ങള്‍ വരാന്‍ സമയമായില്ല. ആറുമാസം കഴിഞ്ഞു വന്നോളു. അപ്പോള്‍ എഴുതാം.” ആറുമാസം കഴിഞ്ഞ് എഴുത്തുകാരന്‍ രവിവര്‍മ്മയുടെ വീട്ടിലെത്തി. അദ്ദേഹം തന്നെസ്സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തു. തൂലികാചിത്രം ഒരാഴ്ചപ്പതിപ്പില്‍ വന്നു. മൂന്നു ദിവസം കഴിഞ്ഞില്ല. അതിനുമുന്‍പ് എല്‍.എ.രവിവര്‍മ്മ മരിച്ചു.

ഒരു ചെക്കസ്ലൊവാക്യന്‍ കഥയുണ്ട്. ‘Vampire’ എന്ന പേരില്‍. അതു ഞാന്‍ വായിച്ചിട്ടുണ്ട്. ചങ്ങമ്പുഴ ‘രക്തരക്ഷസ്സ്’ എന്ന പേരില്‍ അതു തര്‍ജ്ജമ ചെയ്തു. ആ ഭാഷാന്തരീകരണവും ഞാന്‍ വായിച്ചു. രക്തരക്ഷസ്സ് ചിത്രകാരനാണ്. അയാള്‍ ആരുടെ പടം വരച്ചാലും ആ ആള്‍ ഉടനെ മരിക്കും. രോഗംപിടിച്ച ഒരു പെണ്‍കുട്ടിയുമായി ബന്ധുക്കള്‍ ഒരിടത്ത് എത്തുന്നു. അവര്‍ പെണ്‍കുട്ടിയെ കാറ്റുകൊള്ളിക്കാന്‍ ഒരു കുന്നില്‍ ചെന്നിരിക്കുമ്പോള്‍ ദൂരെ ആ ചിത്രകാരന്‍ ഇരുന്നു പടം വരയ്ക്കുകയാണ്. അയാളോടു പെണ്‍കുട്ടിയുടെ ബന്ധു ശണ്ഠകൂടി. ചിത്രകാരന്‍ കുന്നിന്‍ പുറത്ത് മലര്‍ന്നുവീണു. അയാളുടെ അടുത്തു വരച്ചുകൊണ്ടിരുന്ന ചിത്രം വീണുകിടക്കുന്നുണ്ടായിരുന്നു. അവര്‍ നോക്കിയപ്പോള്‍ രോഗിണിയായ ആ പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു അത്.

ചിലരിങ്ങനെയാണ്. അവരുടെ സാന്നിദ്ധ്യം മതി. മറ്റുള്ള നിരപരാധര്‍ക്കും ആപത്തു സംഭവിക്കും. ഞാന്‍ കെ. ബാലരാമപ്പണിക്കര്‍സ്സാറുമായി വടക്കൊരിടത്ത് മീറ്റിങ്ങിനു പോവുകയായിരുന്നു. പേട്ടയില്‍നിന്ന് പണിക്കര്‍ സ്സാറ് കാറില്‍ കയറി. വണ്ടി നീങ്ങിയയുടനെ സംസ്കൃത കോളേജില്‍ ഞങ്ങളുടെ രണ്ടുപേരുടെയും ശിഷ്യനായ ഒരാള്‍ കൈകാണിച്ചുകൊണ്ട് ഓടിയെത്തി. ഡ്രൈവര്‍ കാറ് നിറുത്തിയപ്പോള്‍ മുന്‍വശത്തെ ഡോര്‍ തുറന്ന് അയാള്‍ കയറിയിരുന്നു. പണിക്കര്‍സ്സാറ് എന്റെ കാതില്‍ പ്പറഞ്ഞു “നമുക്ക് ഇന്ന് ആപത്തുണ്ടാകും. ഇയാളുടെ സാന്നിദ്ധ്യമാണ് വിപത്തിനു കാരണമാകുന്നത്.” സാറ് പറഞ്ഞതുപോലെ സംഭവിച്ചു. ആറ്റിങ്ങല്‍കഴിഞ്ഞ് ഒരു മൈല്‍ പോയതേയുള്ളു. ഒരു പെണ്‍കുട്ടി (അഞ്ചു വയസ്സു വരും) കാറിന്റെ മുന്‍വശത്ത് ചാടി. ഡ്രൈവര്‍ ബ്രെയ്ക് ഇട്ടിട്ടും പ്രയോജനമുണ്ടായില്ല. കുട്ടി മരിച്ചില്ല. എങ്കിലും അതിന്റെ മുതുകിലെ തൊലി പാളിയായി ഇളകിപ്പോയി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കണ്ണടച്ചു തുറക്കുന്നതിനുമുന്‍പ് ലക്ഷക്കണക്കിന് ഇസ്ലാം മതത്തില്‍പെട്ടവര്‍ ഞങ്ങളെ വളഞ്ഞു അടിക്കാനായി. അപ്പോള്‍ ഭാഗ്യംകൊണ്ട് എന്റെ കൂട്ടുകാരനായ അബ്ദുള്‍ഖാദര്‍ ഞങ്ങളുടെ രക്ഷയ്ക്ക് എത്തി. ‘കൃഷ്ണന്‍നായര്‍ എന്റെ സുഹൃത്താണ്. തൊടരുത് എന്ന് അദ്ദേഹം ഉറക്കെപ്പറഞ്ഞു. ഞങ്ങള്‍ രക്ഷപ്പെട്ടു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. കുറച്ചു രൂപയും കുട്ടിയുടെ അച്ഛനമ്മമാര്‍ക്കും ഞങ്ങള്‍ കൊടുത്തു.

വിമാനം തകര്‍ന്ന് 250 ആളുകള്‍ മരിക്കുന്നു. ഈ ഇരുന്നൂറ്റിയമ്പതു പേരും പാപം ചെയ്തവരോ? അല്ല. അതിന് അരവിന്ദഘോഷിന്റെ ഒരു ശിഷ്യന്‍ സമാധാനം പറഞ്ഞിട്ടുണ്ട്. ഇരുന്നൂറ്റിയമ്പതു പേരില്‍ ഒരാള്‍ കാണും ദുര്‍വിധിക്കാറ്റു തട്ടിയവനായി. അയാള്‍ മരിക്കുന്നതിന്റെ കൂടെ മറ്റുള്ളവരും മരിക്കുന്നു. ഈ അഭിപ്രായം അത്രത്തോളം ശരിയോ എന്ന് എനിക്കു സംശയം.

  • ഡാനിഷ് എഴുത്തുകാരി ഈസാക് ദീനസന്‍ (Isak Dinesen, 1885–1962) ഉജ്ജ്വല പ്രതിഭയാല്‍ അനുഗ്രഹീതയാണ്. അവരുടെ കഥകള്‍ക്കും നോവലുകള്‍ക്കും അന്യാദൃശ്യസ്വഭാവമുണ്ട്. ‘Out of Africa’ എന്ന ആത്മകഥ അതിഗംഭീരമാണ്. ദീനസിന്റെ പ്രഖ്യാത ചെറുകഥയാണ്. “The Sailor Boys’ Tale” എന്നത്. കപ്പല്‍ പോകുമ്പോള്‍ ഒരു പക്ഷി പാമരത്തിലെ നൂലില്‍ കാലു കുരുങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് സൈമണ്‍ എന്ന യുവനാവികന്‍ കണ്ടു. പണ്ട് തന്റെ വീട്ടിനടുത്തുള്ള കല്ലില്‍ ഇതുപൊലെയൊരു പക്ഷി ഇരുന്നത് ആ ബാലന്‍ കണ്ടിട്ടുണ്ടായിരുന്നു. അതു പൊടുന്നനെ പറന്നുയര്‍ന്നു. ഇപ്പോള്‍ പാമരത്തില്‍ കഷ്ടപ്പെടുന്ന പക്ഷിയും അന്നു പറന്നുയര്‍ന്ന പക്ഷിയും ഒന്നാണെന്നു സൈമണ്‍ വിചാരിച്ചു. അയാള്‍ പാമരത്തില്‍ പ്രയാസപ്പെട്ടു കയറി. കയറിച്ചെന്നപ്പോള്‍ കോപം നിറഞ്ഞ മഞ്ഞക്കണ്ണുകള്‍കൊണ്ട് ആ പക്ഷി അവനെ നോക്കി. നാവികന്‍ പേനാക്കത്തിയെടുത്തു നൂലുകള്‍ മുറിച്ച് പക്ഷിയെ രക്ഷപ്പെടുത്തി. പക്ഷേ, അത് അവന്റെ തള്ളവിരല്‍ കൊത്തിമുറിച്ചു രക്തം ഒഴുകാന്‍ തുടങ്ങി. പരോപകാരത്തിന്റെ കയ്പുള്ള ഫലമാണിത്. നമ്മള്‍ ആര്‍ക്ക് ഉപകാരം ചെയ്താലും ആ വ്യക്തി തിരിഞ്ഞുകുത്താതിരിക്കില്ല. ഈസാക് ദീനസൻ ഇത് ഒരു കഥാസംഭവത്തിലൂടെ വ്യക്തമാക്കിത്തരുന്നു നമുക്ക്. ഇതുകൊണ്ട് ആര്‍ക്കും ഉപകാരം ചെയ്യരുതെന്നു പറയുകയല്ല ഞാന്‍. ഉപകാരം ചെയ്താല്‍ ഇങ്ങോട്ടു ക്ഷതമേല്പിക്കും. ഉപകാരം സ്വീകരിച്ചവന്‍ എന്ന ലോകതത്ത്വം മാത്രമേ ഞാന്‍ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുള്ളു. നിന്ദനവും അപമാനനവും ക്ഷതമേല്പിക്കലും ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിഞ്ഞാലും അന്യര്‍ക്ക് ഉപകാരം ചെയ്യണം നമ്മള്‍. അത് നമ്മള്‍ക്ക് ആഹ്ലാദം നല്കും.
  • വിശ്വസാഹിത്യത്തില്‍ ചിരപ്രതിഷ്ഠയുള്ള പല വ്യക്തികളും പി.എച്ച്. ഡി., ഡിലിറ്റ് ഈ ബിരുദങ്ങളുള്ളവരാണ്. പക്ഷേ അവരില്‍ ആരുംതന്നെ പേരിന്റെ ആദ്യം ‘ഡ്റ്’ (Dr) എന്നു വയ്ക്കാറില്ല. നമ്മുടെ അല്പന്മാരും അക്ഷരങ്ങൾ മുഴുവനും അറിഞ്ഞുകൂടാത്തവരുമായ ആളുകൾ ‘ഡ്റ്’ കൂടാതെ പേരെഴുതുകയില്ല. മാത്രമല്ല റ്റെലിഫോണില്‍ ‘കൃഷ്ണന്‍നായര്‍ സംസാരിക്കുന്നു’ എന്നു ഞാന്‍ അങ്ങോട്ടു പറഞ്ഞാല്‍ ‘Yes Dr Parameswaran Nampoothiri is speaking’ എന്നു പറയും. എന്നോട് എന്റെ ഒരു പൂര്‍വ ശിഷ്യന്‍ പറഞ്ഞതാണിത്. (പരമേശ്വരന്‍ എന്നത് മാറ്റിയെഴുതിയ പേരാണ്) ഇതു ലജ്ജാവഹം. വയറു പിഴയ്ക്കാന്‍ എം. എ കഴിഞ്ഞ് Ph D എടുത്തുകൊള്ളട്ടെ. അവര്‍ അതെന്തിന് മറ്റുള്ളവരെ അടിച്ചേല്പിക്കുന്നു? പണ്ട് ഇതിലും ജുഗുപ്സാവഹമായി പെരുമാറിയിരുന്നു ചിലര്‍. ഡോക്ടര്‍ മാവേലിക്കര രാഘവന്‍ എന്നെഴുതിയിട്ട് MA(ഇംഗ്ലീഷ്), MA (സംസ്കൃതം), MA (മലയാളം), MA (ഹിന്ദി), MA (തമിഴ്) എന്നും മറ്റും കാച്ചിവിടും. Inferiority Complex-ല്‍ നിന്നു ജനിക്കുന്നതാണ് ഇത്. ഞാനിതുകൊണ്ടാണ് പേരിന്റെ ആദ്യം പ്രഫെസര്‍ എന്നെഴുതാത്തത്.