close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 10 30


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1998 10 30
മുൻലക്കം 1998 10 23
പിൻലക്കം 1998 11 06
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

രാത്രി, കനമാര്‍ന്ന ഇരുട്ട്. ഒരാള്‍ കുതിരപ്പുറത്തു് ഒരു ഭൂവിഭാഗത്തിലൂടെ പോകുകയായിരുന്നു. പൊടുന്നനെ ഒരു ശബ്ദം കേള്‍ക്കുകയായി: “നില്ക്കൂ”. അയാള്‍ കുതിരയെ നിറുത്തി. വീണ്ടും ശബ്ദം: “താഴെക്കിടക്കുന്നവ എടുത്തു കീശയിലിടൂ”. അയാള്‍ കുതിരപ്പുറത്തു നിന്നിറങ്ങി കുറെ കല്ലുകള്‍ വാരി കീശയിലിട്ടു. പിന്നെയും ആജ്ഞ: “ഇനി പൊയ്‌ക്കൊള്ളു”. അയാള്‍ യാത്ര തുടര്‍ന്നു. ഏറെദൂരം പോയപ്പോള്‍ ചന്ദ്രനുദിച്ചു. നിലാവില്‍, അയാള്‍ കീശയിലിട്ടതു വാരിയെടുത്തു നോക്കി. വിലകൂടിയ, അതിമനോഹരങ്ങളായ രത്നങ്ങള്‍. അപ്പോള്‍ അയാള്‍ക്കു ദുഃഖവും ആഹ്ലാദവുമുണ്ടായി. കുറെക്കൂടി കല്ലുകള്‍ വാരിയെടുത്തില്ലല്ലോ എന്നു വിചാരിച്ചു് സങ്കടം. അത്രയെങ്കിലും എടുത്തല്ലോ എന്നതുകൊണ്ടു് സന്തോഷം. ഈ അശ്വാരൂഢന്റെ സ്ഥിതിയിലാണു് ഞാനിപ്പോള്‍. തമിഴ് സാഹിത്യത്തെ സാകല്യാവസ്ഥയില്‍ കണ്ടു് അതിനെ വിശ്വസാഹിത്യമെന്നു വിളിക്കു. ആ വിശ്വസാഹിത്യത്തില്‍ അനിഷേധ്യസ്ഥാനമുള്ള തമിഴ് ചെറുകഥാകാരന്‍ മൗനിയുടെ (എസ്. മണിയുടെ) ഒരു ചെറുകഥാ സമാഹാരം നൈമിത്തിക വിചാരത്താല്‍ ഞാന്‍ വാങ്ങിക്കൊണ്ടുവന്നു. പതിനൊന്നു കഥകളേ അതിലുള്ളു. ഓരോന്നും കോഹിനൂര്‍ രത്നം പോലെ സമുജ്ജ്വലം. അവയെന്നെ ആഹ്ലാദത്തിലേക്കു എടുത്തെറിഞ്ഞു. അതേസമയം വിഷാദവും നൈരാശ്യവും. മൗനി ജീവിച്ചിരുന്ന കാലത്തു് ഏറെക്കഥകള്‍ എഴുതിയിരുന്നു. പ്രസിദ്ധപ്പെടുത്തിയിരുന്നു. അവയിലൊന്നുപോലും ഞാന്‍ കണ്ടില്ല. എന്നല്ല മഹാനായ ഈ കലാകാരന്റെ പേരുപോലും ഞാന്‍ കേട്ടില്ല. അദ്ദേഹം ഈ ലോകം വിട്ടു പോയതു 1985-ലാണു്. ആ മഹച്ചരമത്തിനുശേഷം പതിമ്മൂന്നു സുദീര്‍ഘ സംവത്സരങ്ങള്‍ കഴിഞ്ഞിട്ടാണു് ഞാന്‍ ആ പേരു കേള്‍ക്കുന്നതും അദ്ദേഹത്തിന്റെ കഥകള്‍ വായിക്കുന്നതും. ഇപ്പോള്‍ ഒരോര്‍മ്മ. തിരുവനന്തപുരത്തു നിന്നു് പ്രസിദ്ധപ്പെടുത്തിയിരുന്ന “തെക്കന്‍ കാറ്റു്” എന്ന പത്രത്തിന്റെ എഡിറ്റര്‍ സഹദേവന്‍ എന്റെ മിത്രമായിരുന്നു. അദ്ദേഹം ഒരിക്കല്‍ എന്നോടു ചോദിച്ചു: “മൗനിയുടെ കഥകള്‍ വായിച്ചിട്ടുണ്ടോ?” “വായിച്ചിട്ടില്ല. അങ്ങനെ ഒരാളെ ഞാന്‍ കേട്ടിട്ടുമില്ല” എന്നായിരുന്നു എന്റെ മറുപടി. എന്റെ അജ്ഞത കണ്ട് ആ സുഹൃത്തിനു പുച്ഛം തോന്നിയിരിക്കാം. ഇപ്പോള്‍ എന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ സഹദേവനില്ല. ധിഷണാശാലിയായിരുന്ന അദ്ദേഹം ഇമെര്‍ജെന്‍സിക്കാലത്തു് മര്‍ദ്ദനമേറ്റു് രോഗിയായി. പിന്നീടു മരിച്ചുപോകുകയും ചെയ്തു. സഹദേവന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇപ്പുസ്തകവും കൊണ്ടു് അദ്ദേഹത്തെ കാണാന്‍ ഓടുമായിരുന്നു. ഓരോ കഥയുടെയും നിസ്തുലഭംഗി എടുത്തു കാണിച്ചു് ഞാനും അദ്ദേഹവും പുളക പ്രസരം അനുഭവിക്കുമായിരുന്നു. സഹദേവന്റെ ചോദ്യവും എന്റെ ഉത്തരവും എന്റെ വാര്‍ദ്ധക സ്മൃതിയില്‍ നിന്നു ഓടിപ്പോയതു് ഇപ്പോള്‍- ഈ കഥാഗ്രന്ഥത്തിന്റെ ദര്‍ശനത്തില്‍- തിരിച്ചു വന്നിരിക്കുന്നു. പ്രശസ്തനായ കാന. സുബ്രഹ്മണ്യം മൗനിയുടെ മൗലികപ്രതിഭ കണ്ടു് ‘സാഹിത്യകാരന്മാരുടെ സാഹിത്യകാരന്‍’ (Writer’s Writer) എന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചു. നൂതന രൂപശില്പം നിര്‍മ്മിക്കുകയും നവീനങ്ങളായ ഉള്‍ക്കാഴ്ചകള്‍ നല്കുകയും മറ്റെഴുത്തുകാര്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വന്തം കൃതികളിലൂടെ മൗനമായി പ്രദാനം ചെയ്യുകയും തന്നിലേക്കു് അവരെ ആകര്‍ഷിക്കുകയും ചെയ്യുന്നവനാണ് സാഹിത്യകാരന്മാരുടെ സാഹിത്യകാരന്‍. മൗനിയുടെ കഥകള്‍ വായിക്കുക. സുബ്രഹ്മണ്യം സ്ഥൂലീകരണത്തിലോ അത്യുക്തിയിലോ വിലയം കൊണ്ടില്ല എന്നു നമുക്കു മനസ്സിലാക്കാം.

മൗനിയുടെ ‘Transformation’(മാറ്റം) എന്ന കഥയിലേക്കു നമുക്കു പോകാം. തലേദിവസം സായാഹ്നത്തില്‍ മരിച്ച ഭാര്യയുടെ അടുത്തു രാത്രി മുഴുവന്‍ ഇരുന്ന ഭര്‍ത്താവിനെ ചിത്രീകരിക്കുകയാണു് കഥാകാരന്‍.

മരണം സംഭവിച്ചയുടെനെ അയാള്‍ വീട്ടുകാര്‍ക്കു കമ്പി സന്ദേശമയച്ചിട്ടു് ഭവനത്തിന്റെ വാതില്ക്കല്‍ നില്ക്കുകയാണു് കാലത്തു്. അടുത്ത വീട്ടിലെ ആരോടും അയാള്‍ ഒരു വാക്കു പോലും പറഞ്ഞില്ല. കാലത്തു് ഒന്‍പതുമണിക്കു് എത്തുന്ന തീവണ്ടിയില്‍ അവര്‍ വരും. ആരു വന്നാലെന്തു്? അതുകൊണ്ടു് എന്തു വ്യത്യാസം വരാനിരിക്കുന്നു!

പാതയില്‍ നോക്കിക്കൊണ്ട്, ആ അവസ്ഥാ വിശേഷത്തോടു അനുരഞ്ജിച്ചുകൊണ്ടു് അയാള്‍ നില്ക്കുകയാണു്. ഒരു കാക്ക പറന്നുവന്നു് അടുത്ത വീട്ടിന്റെ മേല്‌ക്കൂരയിലിരുന്നു് ഉറക്കെക്കരഞ്ഞു. “അവര്‍ ഒന്‍പതു മണിക്കുള്ള തീവണ്ടിയില്‍ വരും” എന്നു് ആ കരച്ചിലിലൂടെ കാക്ക പ്രഖ്യാപിച്ചു. എന്നിട്ടു് അതു പറന്നുപോയി. അയാളുടെ മുന്‍പില്‍ ഒഴിഞ്ഞ തെരുവു മാത്രം.

കൊമ്പുകളില്ലാത്ത രണ്ടുകാളകളെ കെട്ടിയ ഒരു വണ്ടി വന്നു. വിറകു കയറ്റിയ ആ വണ്ടി മൃഗങ്ങള്‍ ശബ്ദരഹിതമായി വലിക്കുകയാണു്. അര്‍ദ്ധനഗ്നനായ വണ്ടിക്കാരന്‍ ഹയ്,ഹയ് എന്നുപറഞ്ഞു് കാളകളെ ചവിട്ടി നടത്തുകയാണു്. ആ വണ്ടിക്കാരനെന്തിനു് ഭാര്യ നഷ്ടപ്പെട്ട അയാളുടെ മുന്‍പിലെത്തി? കാളകള്‍, തലയാട്ടുന്ന വണ്ടിക്കാരന്‍, ഭാരം കൂടിയ വിറകു തുണ്ടുകള്‍, കറങ്ങുന്ന ചക്രങ്ങള്‍ ഇവയെല്ലാം ആ ചോദ്യത്തിനു് ഉത്തരം നല്കുന്നില്ലേ? അയാളുടെ ഭാരം ആരു വലിക്കും? ഈശ്വരനോ? അതോ താന്‍ തന്നെയോ? അല്ലെങ്കില്‍ മറ്റാരെങ്കിലുമോ?

വികസിക്കുന്ന പ്രപഞ്ചത്തിന്റെ അദ്ഭുതത്തില്‍ ചേരാനായി അവള്‍. അകത്തു കിടക്കുന്നു. “വണ്ടീ, പോകൂ. എന്റെ കണ്ണിന്റെ മുന്‍പില്‍ നിന്നു പോകൂ. നീ ആ സംഭവം പ്രഖ്യാപിക്കുകയാണു്. നീ മറഞ്ഞാല്‍ എനിക്കു സന്തോഷമുണ്ടാകും” എന്നു അയാള്‍ പറഞ്ഞു. ഒരാടു് പാതയില്‍. അയാള്‍ അതിനെ നോക്കി. കമ്പിന്റെ രണ്ടറ്റത്തും കലങ്ങള്‍ തൂക്കിക്കൊണ്ടു് ഒരു മധുരക്കള്ളു വില്പനക്കാരന്‍. മുന്‍പില്‍ ഒഴിഞ്ഞ കലങ്ങള്‍. അവ പാതയെ ഉരുമ്മുന്നു. ശക്തമായി ഉരുമ്മിയാല്‍ കലം പൊട്ടിപ്പോകും. വില്പനക്കാരന്‍ കലങ്ങള്‍ക്കിടയില്‍ പ്രത്യക്ഷനായി, അപ്രത്യക്ഷനായി എന്നേക്കുമായി മറഞ്ഞുകഴിഞ്ഞു. അവള്‍ അവിടെ എന്തിനു് എപ്പോഴുമായി? അവള്‍ വീട്ടിനകത്തു കിടക്കുന്നു. അയാളുടെ മുന്‍പില്‍ തെരുവു്.

അയാളുടെ അമ്മ വന്നു. അച്ഛനും. അമ്മ കരഞ്ഞു പറഞ്ഞു: “എന്റെ കുഞ്ഞേ ഇതു സംഭവിച്ചല്ലോ” അമ്മ അവളുടെ മേല്‍ വീണു് ഉറക്കെക്കരഞ്ഞു.

അടുത്തവര്‍ഷം, അയാളുടെ അമ്മ ‘സുമംഗലീപ്രാര്‍ത്ഥന’ നടത്തി. ഉച്ചവരെ അവര്‍ നനഞ്ഞ സാരിയോടുകൂടി നിന്നു. വളരെനേരം അവര്‍ വിലപിച്ചു. തലേവര്‍ഷം ജനിച്ച പശുക്കുട്ടിയെ അവര്‍ തന്നോടു ചേര്‍ത്തു പിടിച്ചു.

അയാള്‍ പട്ടണത്തിലെ ഓഫീസില്‍ കഠിനമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ജന്നലില്‍ക്കൂടി നോക്കിയപ്പോള്‍ ഒരു മരം കണ്ടു അയാള്‍. അതിന്റെ മുകളിലായി ഒരു ചെറിയ മേഘം. അതു ഉയര്‍ന്നു. അപ്രത്യക്ഷമായി. തേങ്ങിക്കൊണ്ട് അയാള്‍ എഴുതി. “ഞാനെഴുതുമ്പോള്‍ വിധിക്കു മാറ്റം വരുത്തുന്നുണ്ടോ? ഇല്ല. ഞാനെഴുതുന്നതു തന്നെയാണു് എന്റെ വിധി”

കഥ പര്യവസാനത്തിലായി. മരണം ശക്തമാണു്. ഇക്കഥ മരണത്തെക്കാള്‍ നൂറുമടങ്ങു് ശക്തം. ‘ജീവിതം പോലെ രണ്ടറ്റവും കാണാത്ത വഴിയില്‍’ തനിച്ചു നില്ക്കുന്ന അയാള്‍ മരണത്തിന്റെ അനിവാര്യസ്വഭാവത്തെ ശാന്തനായി സ്വീകരിക്കുന്നു എന്നതാണു് ഇക്കഥയിലെ പ്രമേയം. കാക്ക പറന്നകലുന്നതുപോലെ. കാളവണ്ടി ചലനം കൊണ്ടു് അപ്രത്യക്ഷമാകുന്നതുപോലെ, മധുരക്കള്ളു വില്പനക്കാരന്‍ കണ്ണിന്റെ മുന്‍പില്‍ നിന്നു മറയുന്നതുപോലെ അയാളുടെ ഭാര്യയും മറഞ്ഞു. എല്ലാക്കാലത്തേക്കുമായി. ആ അപ്രത്യക്ഷമാകലിനെ വാങ്മയ ചിത്രങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചു് വിധിയുടെ അപ്രതിരോദ്ധ്യതയെ സമുന്നതനായ കലാകാരനു മാത്രം കഴിയുന്ന മട്ടില്‍ പ്രകാശിപ്പിക്കുകയാണു് മൗനി എന്ന കഥാകാരന്‍. എത്ര വിദഗ്‌ദ്ധമായിട്ടാണു് അദ്ദേഹം ശൂന്യതയെ- വിവിക്തതയെ- ചിത്രീകരിക്കുന്നതെന്നു് അറിയണമെങ്കില്‍ മൂലകഥ (ഇംഗ്ലീഷ് തര്‍ജ്ജമ) തന്നെ വായിക്കണം.

മരണമെന്ന സംഭവത്തിനു് എത്രയെത്ര വിശദാംശങ്ങളുണ്ട്! അവയെ മൗനി ഒഴിവാക്കുന്നു എന്നു മാത്രമല്ല പറയേണ്ടതു്. മരണസംഭവത്തെ നേര്‍പ്പിച്ചു നേര്‍പ്പിച്ചു കൊണ്ടുവന്നു് ഒറ്റശ്ശലാകയാക്കി മാറ്റുന്നു അദ്ദേഹം. അതു കലയുടെ പ്രകാശമേറ്റു തിളങ്ങുന്നു. ആ തിളക്കം വായനക്കാര്‍ക്കു മരണമെന്ന ക്രൂരസംഭവത്തിന്റെ തീക്ഷണതമമായ അവബോധമുളവാക്കുന്നു. ടോള്‍സ്റ്റോയിയുടെ The Death of Ivan llych എന്ന ദീര്‍ഘമായ കഥയാണു് വിശ്വസാഹിത്യത്തിലെ ഉത്കൃഷ്ടമായ “മരണകഥ”. മൗനിയുടെ ഈ കൊച്ചുകഥ ഈശ്വരസദൃശനായ ടോള്‍സ്റ്റോയിയുടെ കലാശില്പത്തിനു അതിന്റേതായ രീതിയില്‍ സാദൃശ്യം ആവഹിക്കുന്നു.

ഇതുപോലെ മറ്റുകഥകളും മാസ്റ്റര്‍പീസുകളാണു്. അവയില്‍ ഒന്നിനെക്കുറിച്ചുകൂടി എഴുതിയാല്‍ കൊള്ളാമെന്നുണ്ടു് എനിക്കു്. സ്ഥലക്കുറവുകൊണ്ടു് ആ ആഗ്രഹം അടക്കി വക്കേണ്ടിയിരിക്കുന്നു. ഒന്നേ എനിക്കു വായനക്കാരോടു പറയാനുള്ളു. മൗനിയുടെ ചെറുകഥകള്‍ വായിക്കൂ. മഹത്തമമായ കല എന്താണെന്നു് ഗ്രഹിക്കൂ. (Short Stories, Mauni, A Writer’s Writer, Translated by Lakshmi Holmstrom- Katha Classics, Rs. 200.)

കഥാഗ്രന്ഥത്തില്‍ നിന്നു കിട്ടിയ വിവരങ്ങള്‍. മൗനി (എസ്. മണി) തഞ്ചാവൂര്‍ ജില്ലയിലെ ശെമ്മാംകുടി ഗ്രാമത്തില്‍ 1907 ജൂലൈ 27-നു് ജനിച്ചു. കുംഭകോണത്തു് വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തില്‍ ഡിഗ്രി. വിവാഹത്തിനുശേഷം 14 കൊല്ലം കുംഭകോണത്തു താമസിച്ചു. 1943-ല്‍ ചിദംബരത്തേക്കു മാറി. നാലു പുത്രന്മാരും ഒരു പുത്രിയും. അപകടത്തില്‍പ്പെട്ടു രണ്ടാണ്‍മക്കള്‍ മരിച്ചു. ഫിലോസഫിയില്‍ ഒരു ഡിഗ്രി കൂടെയെടുത്തു അദ്ദേഹം. അതിനുശേഷം ഒരു മകനു ഉന്മാദമുണ്ടായി. 1985 ജൂണ്‍ ആറാം തീയതി മൗനി മരിച്ചു. കാഫ്‌ക, ബോർഹെസ്, മ്യൂസിൽ ഇവരാണ് മൗനിക്കു പ്രിയപ്പെട്ട സാഹിത്യകാരന്മാര്‍.

ചോദ്യം, ഉത്തരം

“പൂവു അന്യൂനാവസ്ഥയിലെത്തുന്നതു് അതു ഫലമായിത്തീരുമ്പോഴാണെന്നും അതിനു മുന്‍പു് അതു അഹങ്കരിക്കുന്നുവെന്നും ടാഗോര്‍ പറഞ്ഞിട്ടുണ്ട്. കായാകാത്ത അഹങ്കരിക്കുന്ന പൂക്കളാണു് നമ്മുടെ പല കവികളും. ചിലരുണ്ടു് exceptions ആയി”

Symbol question.svg.png “സര്‍ഗ്ഗപ്രക്രിയയും നിരൂപണ പ്രക്രിയയും ഒന്നാണെന്ന മതത്തെക്കൂറിച്ചു് നിങ്ങള്‍ എന്തു പറയുന്നു?”

“ആശാരി കട്ടിലുണ്ടാക്കുമ്പോള്‍ കട്ടിലെന്ന പ്രാഥമികാശയത്തിന്റെ പകര്‍പ്പാണു് അതെന്നു പ്ളേറ്റോ പറയുന്നു. ആശാരിയുടെ കട്ടില്‍ അങ്ങനെ സത്യത്തില്‍ നിന്നു് അകലുന്നു. ആശാരിയുടെ കട്ടില്‍ കണ്ടു് ചിത്രകാരന്‍ അതിന്റെ ചിത്രമെഴുതുമ്പോള്‍ സത്യത്തില്‍ നിന്നു പിന്നെയുമകന്നു. ഇങ്ങനെ ചിത്രകാരന്റെ ചിത്രം സത്യത്തില്‍ നിന്നു് രണ്ടുതവണ മാറി നില്ക്കുകയാണു. ചിത്രം കാണുന്ന നിരൂപകനു് ഉണ്ടാകുന്ന അനുഭൂതികള്‍ അയാള്‍ ആവിഷ്കരിക്കുമ്പോള്‍ ആ അനുഭൂതികളെ അതേരീതിയില്‍ - സമ്പൂര്‍ണ്ണമായി-ആവിഷ്കരിക്കാന്‍ ഭാഷയുടെ പരിമിതികള്‍ സമ്മതിക്കില്ല. അതിനാല്‍ നിരൂപകന്റെ പ്രബന്ധം പിന്നെയും സത്യത്തില്‍ നിന്നു് അകലുന്നു. വായനക്കാരന്‍ ആ പ്രബന്ധം വായിക്കുമ്പോള്‍ നിരൂപകന്‍ പറഞ്ഞതു മുഴുവന്‍ ഗ്രഹിക്കുന്നില്ല. അയാളുടെ ഗ്രഹിക്കല്‍ ഭാഗികമായതുകൊണ്ടു സത്യത്തില്‍ നിന്നു് വീണ്ടും അകല്ച്ചയുണ്ടാകുന്നു. നിരൂപണം വായിക്കുന്ന ആള്‍ സത്യത്തില്‍ നിന്നു പലതവണ മാറിയ കാര്യമാണു ഗ്രഹിക്കുക. സന്തായാനയുടെ ഒരു പ്രയോഗം ഓര്‍മ്മയിലെത്തുന്നു. തേയിലയില്‍ തിളച്ചവെള്ളം ഒഴിക്കുമ്പോള്‍ കടുപ്പം കൂടിയ ചായ ഉണ്ടാകുന്നു. അതേ തേയിലയില്‍ വീണ്ടും ചൂടുവെള്ളം ഒഴിക്കുമ്പോള്‍ കടുപ്പം കുറഞ്ഞ ചായ. മൂന്നാമത്തെ തവണ ചൂടുവെള്ളം ഒഴിക്കുമ്പോള്‍ ചായയുടെ കടുപ്പം വളരെക്കുറഞ്ഞു. നിരൂപണം തീരെക്കടുപ്പമില്ലാത്ത ചായയാണു്. വേറൊരുതരത്തില്‍ പറയാം. സര്‍ഗ്ഗപ്രക്രിയ കര്‍ത്തൃനിഷ്ഠമാണു്. നിരൂപണം വസ്തുനിഷ്ഠവും. രണ്ടും രണ്ടു പ്രക്രിയകള്‍. ലോകസാഹിത്യം നോക്കൂ. കവിയായ ഷേക്സ്പിയറിനെക്കാള്‍ വലിയ ക്രിട്ടിക് ഉണ്ടോ? കോള്‍റിജ്ജ് എന്ന നിരൂപകനു് കോള്‍റിജ്ജ് എന്ന കവിയുടെ അടുത്തെത്താന്‍ കഴിയുമോ? വള്ളത്തോളിന്റെ ‘മഗ്ദലനമറിയ’മാണോ ശ്രേഷ്ടം. അതോ മുണ്ടശ്ശേരിയുടെ ‘മറ്റൊലി’യോ? സര്‍ഗ്ഗപ്രക്രിയയും നിരൂപണ പ്രക്രിയയും ഒന്നാണെന്ന വാദം അത്രകണ്ടു ശരിയല്ല”

Symbol question.svg.png “നമ്മുടെ കവികളെക്കുറിച്ചു് നിങ്ങള്‍ എന്തു പറയുന്നു?”

“പൂവു് അന്യൂനാവസ്ഥയിലെത്തുന്നതു് അതു ഫലമായിത്തീരുമ്പോഴാണെന്നും അതിനു മുന്‍പു് അതു് അഹങ്കരിക്കുന്നുവെന്നും ടാഗോര്‍ പറഞ്ഞിട്ടുണ്ട്. കായാകാത്ത അഹങ്കരിക്കുന്ന പൂക്കളാണു് നമ്മുടെ പല കവികളും. ചിലരുണ്ടു് exceptions ആയി”

Symbol question.svg.png “കുട്ടികൃഷ്ണമാരാര്‍ വലിയ നിരൂപകനാണോ?”

“അല്ലേയല്ല. അദ്ദേഹം ഏതു കൃതി കണ്ടാലും സന്മാര്‍ഗ്ഗത്തെ അവലംബിച്ച് വിലയിരുത്തല്‍ നടത്തും. സന്മാര്‍ഗ്ഗം നിരൂപണത്തില്‍ കടന്നു വരുമ്പോള്‍ സൗന്ദര്യം ഓടിയൊളിക്കും.”

{{qst|“നിങ്ങള്‍ ഈ കോളം എന്നു നിറുത്തും?”

“വൃത്താകൃതിയിലുള്ള പാതയാണു് ഇതു്. ഈ പാതയുടെ രണ്ടുവശങ്ങളിലും പടിഞ്ഞാറന്‍ കൃതികളെന്ന പനിനീര്‍പ്പൂക്കള്‍ വിടര്‍ന്നു നില്ക്കുന്നു. അവയുടെ പരിമളവും സൗന്ദര്യവും ആസ്വദിച്ചു ഞാന്‍ ചാക്രിയമായി നടന്നുകൊണ്ടിരിക്കുന്നു. ആ അനവരത പ്രക്രിയയ്ക്കു് അന്ത്യമില്ല”

{{qst|“വിമര്‍ശനത്തില്‍ സാഹിത്യകാരന്മാര്‍ കോപിക്കുന്നതെന്തുകൊണ്ടു്?”

“തങ്ങളുടെ ജീനിയസ്സില്‍ ഉറച്ച വിശ്വാസമുള്ളവര്‍ കോപിക്കില്ല. മുണ്ടശ്ശേരി നാടായ നാടുകളിലൊക്കെ വള്ളത്തോളിനെതിരായി പ്രസംഗിച്ചിട്ടും കടലാസായ കടലാസുകളിലൊക്കെ എഴുതിയിട്ടും മഹാകവി കോപിച്ചില്ല”

Symbol question.svg.png “നിങ്ങള്‍ക്കു ഏതു നാദമാണു് ഇഷ്ടം?”

“പണ്ടു തിരുവനന്തപുരത്തെ ശംഖുംമൂഖം കടപ്പുറത്തേക്കുള്ള ചെമ്മണ്ണു നിറഞ്ഞ പാതയുടെ ഇരുവശങ്ങളിലും കാറ്റാടി മരങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ കമ്പി പോലുള്ള ഇലകള്‍ക്കിടയിലൂടെ കടല്‍ക്കാറ്റു് ചൂളം വിളിച്ചുകൊണ്ടു കടന്നു പോകും. ആ നാദം കേള്‍ക്കന്‍ ഞാന്‍ അവിടെച്ചെന്നു നില്ക്കുമായിരുന്നു. സമീകരിച്ചു പറയുകയില്ല. ജാപ്പനീസ് ഫിലിം സംവിധായകന്‍ അക്കീറ കു അറസാവയുടെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ടു് അദ്ദേഹം താമരപ്പൂക്കള്‍ വിടരുന്ന ശബ്ദം കേള്‍ക്കാനായി പൊയ്കയുടെ തീരത്തു് ചെന്നു നിന്നിട്ടുണ്ടെന്നു്”.

സൗന്ദര്യത്തില്‍ ആപത്തുണ്ടു്

ഇതെഴുതുന്ന ആള്‍ എറണാകുളത്തു് സര്‍ക്കാര്‍ ജോലി ചെയ്തിരുന്ന കാലം. വെള്ളിയാഴ്ച തോറും എക്സ്പ്രസ് ബസ്സില്‍ കയറി തിരുവനന്തപുരത്തേക്കു പോരും. എറണാകുളം ബസ് സ്റ്റേഷനില്‍ നിന്നു യാത്ര തുടങ്ങി ഏതാനും നാഴിക സഞ്ചരിച്ചു കഴിയുമ്പോള്‍ ദീര്‍ഘതയുള്ള പാലത്തിലെത്തും. ബസ്സിലിരുന്നുകൊണ്ടു് താഴത്തേക്കു നോക്കിയാല്‍ നീലജലം. അതില്‍ കൊച്ചു കൊച്ചു തിരകള്‍. എടുത്തങ്ങു് ചാടിയാലോ? എന്തൊരാഹ്ലാദമായിരിക്കും? നൂലിട്ടാല്‍ എത്താത്ത താഴ്ചയാണു് ആ ജലത്തിനുള്ളതെന്നു് എനിക്കു് ഓര്‍മ്മിക്കാന്‍ സാധിക്കുന്നില്ല. ജലത്തിന്റെ ഉപരിതലം അത്രയ്ക്കു ആകര്‍ഷകമാണു്. പക്ഷേ ചാടുന്നതിനു മുന്‍പു് ബസ്സ് പാലം കടന്നിരിക്കും. ആപത്തുണ്ടാക്കുന്നതിനെല്ലാം ആകര്‍ഷകമായ ഉപരിതലം അല്ലെങ്കില്‍ ബാഹ്യതലം ഉണ്ടായിരിക്കും. ഇതുകൊണ്ടല്ലേ വിനോദ സഞ്ചാരത്തിനു പോകുന്ന കുട്ടികള്‍ മുങ്ങിമരിക്കാന്‍ ഇടയാവുന്നതു്. നീലജലവും നീലത്തിരകളും അവരെ ആകര്‍ഷിക്കുന്നു. മരണമാണു് ആ മനോഹാരിതയുടെ അടിയിലുള്ളതെന്നു് ഓര്‍മ്മിക്കാതെ ജലത്തിലേക്കു ചാടുന്നു കുട്ടികള്‍. അന്തര്‍പ്രവാഹം അവരെ പിടിച്ചു താഴ്ത്തുന്നു. ചെറുപ്പക്കാരന്‍ രാജരഥ്യയിലൂടെ നടക്കുന്നു. തുടുത്ത കവിളുകളുള്ള ചെറുപ്പക്കാരി എതിരേ വരുന്നു. ആ കവിളില്‍ സ്പര്‍ശിക്കാതെ പോകുന്നതെങ്ങനെ? സ്പര്‍ശിക്കുന്നു. തെല്ലകലെ പിറകിലായി വരുന്ന അവളുടെ ഭര്‍ത്താവു അയാളെ പൊലീസ് ഭാഷയില്‍ ‘പെരുമാറി’ വിടുന്നു. പിന്നെ മുഖത്തിന്റെ കോട്ടം തീര്‍ക്കാനായീ ധാന്വന്തരം കുഴമ്പു വാങ്ങാന്‍ യുവാവു ഓടുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പു ഞാന്‍ ഒരു വ്യവസായ കേന്ദ്രത്തിൽ ചെന്നു. കതകിൽ Wet paint. Don’t touch എന്നെഴുതിയ തീരെച്ചെറിയ ബോര്‍ഡുണ്ടു്. എങ്കിലും ആ ചുവന്ന ചായത്തില്‍ തൊടാതിരിക്കുന്നതെങ്ങനെ? തൊട്ടു. വിരലിന്റെ അഗ്രമാകെ ചുവന്ന ചായം. അതു വിരലില്‍ നിന്നു കളയാന്‍ വേണ്ടി കാലുയര്‍ത്തി ചെരുപ്പിന്റെ അടിഭാഗത്തു തേച്ചു. പെയിന്റ് പറ്റിയ ഭാഗം മണലുമായി സ്പര്‍ശിച്ചു് ഒട്ടിപ്പിടിക്കുന്നു. വിരലിലെ ചായം പോയതുമില്ല. മുണ്ടിന്റെ ഒരറ്റം കൊണ്ടു് വിരല്‍ തുടച്ചു. അവിടമാകെ ചുവപ്പുനിറം. മറ്റുള്ളവര്‍ തുറിച്ചു നോക്കുന്നു. ചെരിപ്പു് തറയില്‍ തൊട്ടാല്‍ അതു വലിച്ചെടുക്കാന്‍ പാടുപെടുന്നു. മാന്യവായനക്കാരേ ഉപരിതലത്തിലെ സൗന്ദര്യം കണ്ടു് വഞ്ചിക്കപ്പെടല്ലേ. അതിന്റെയെല്ലാം അടിയില്‍ ആപത്തുണ്ട്.

ബസ്സില്‍ പ്രായം കൂടിയ തന്തയും പ്രായം നന്നേക്കുറഞ്ഞ മകളും സഞ്ചരിക്കുന്നു. അവര്‍ക്കു രാത്രിയില്‍ എവിടെയെങ്കിലും തങ്ങണം. സ്ഥലപരിചയമില്ലാത്ത അവരെ ഒരുത്തന്‍ പറ്റിച്ചതായി അയാള്‍ തന്നെ കൂട്ടുകാരോടു പറഞ്ഞു. അപ്പോള്‍ കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു. ആ കൊലച്ചിരി കേട്ട ആഖ്യാതാവ് താന്‍ നേരത്തെക്കണ്ട മാരകായുധങ്ങളെ ഓര്‍ത്തു. അവയില്‍ ഒന്നെടുത്തു് ചിരിക്കുന്നവരുടെ കുടല്‍മാല വലിച്ചെടുക്കാന്‍ അയാള്‍ ആഗ്രഹിച്ചു. പക്ഷേ അതു വെറും ആഗ്രഹം. സഫലീഭവിക്കാത്ത ആശ. പെണ്‍കുട്ടിയുടെ ആകര്‍ഷകത്വത്തില്‍ സെക്സ് ഇന്ററസ്റ്റ് ഉണ്ടായ ഒരുത്തന്‍ ഫലശൂന്യമാണു് അതെന്നുകണ്ടു് അവളെ ആപത്തിളേക്കു തള്ളിവിട്ടതാകാം. സെക്സ് ആകര്‍ഷകം. പക്ഷേ അതില്‍ ആപാത്തു്. അല്ലെങ്കില്‍ സംഭവവിവരണം വെറും ഫാന്റസിയാകാം. എന്തായാലും അതുകേട്ടവനു ഉണ്ടാകുന്ന സന്മാര്‍ഗ്ഗബോധത്തിനു പ്രാധാന്യമുണ്ടു്. താന്‍ മുന്‍പു കണ്ട കത്തികളിലേക്കു അയാളെ നയിച്ചതും ആ സന്മാര്‍ഗ്ഗബോധം തന്നെ. പക്ഷേ സന്മാര്‍ഗ്ഗബോധമുണ്ടായാല്‍ അതങ്ങു് മസ്തിഷ്കത്തില്‍ വച്ചുകൊണ്ടിരിക്കാനേ ഈ ലോകത്തു സാധിക്കൂ. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുത്തനും കഴിയുകയില്ലെന്നു് ഇക്കഥയെഴുതിയ ശ്രീ. സുഭാഷ് ചന്ദ്രന്‍ അഭിവ്യഞ്ജിപ്പിക്കുന്നു. ഭേദപ്പെട്ട കഥയാണിതു്. (സന്മാര്‍ഗ്ഗം എന്ന പേരിലുള്ള കഥ ‘ഭാഷാപോഷിണി’ യുടെ ഒക്ടോബര്‍ ലക്കത്തില്‍)

നാനാവിഷയകം

“കുട്ടികൃഷ്ണമാരാര്‍ വലിയ നിരൂപകനാണോ?” “അല്ലേയല്ല. അദ്ദേഹം ഏതു കൃതി കണ്ടാലും സന്മാര്‍ഗ്ഗത്തെ അവലംബിച്ചു് വിലയിരുത്തല്‍ നടത്തും. സന്മാര്‍ഗ്ഗം നിരൂപണത്തില്‍ കടന്നു വരുമ്പോള്‍ സൗന്ദര്യം ഓടിയൊളിക്കും.”

നോവലിന്റെ സീമകളെ ബഹുദൂരം വികസിപ്പിച്ച മഹാനായ നോവലിസ്റ്റാണു് ഷൂസേ സാരാമാഗു. നോബല്‍ സമ്മാനം കിട്ടിയതുകൊണ്ടു് അദ്ദേഹം ഒട്ടും ഉയര്‍ന്നില്ല: മഹത്ത്വമാര്‍ജ്ജിച്ചില്ല. നോബല്‍സ്സമ്മാനത്തിനും അതിന്റെ ദാതാക്കള്‍ക്കുമാണ് ഇതോടെ ഉത്കൃഷ്ടത ലഭിച്ചിരിക്കുന്നത്. റ്റോണി മോറിസണും ഷീമസ് ഹീനിക്കും ദാര്യോ ഫോക്കും സമ്മാനം കൊടുത്തു അപകൃഷ്ടതയിലേക്കു ചെന്ന സീഡ്വിഷ് അക്കാഡമി സാരാമാഗുവിനു സമ്മാനം നല്കി അന്തസ്സു വീണ്ടെടുത്തിരിക്കുന്നു. ലോക നോവല്‍ സാഹിത്യത്തിലെ അഞ്ചു കൃതികളെടുത്താല്‍ സാരാമാഗുവിന്റെ ‘Blindness’ എന്ന നോവലിനു അതില്‍ സ്ഥാനമുണ്ടായിരിക്കും. ഈ കലാശില്പത്തെക്കുറിച്ചു ഹ്രസ്വമെങ്കിലും അന്തരംഗസ്പര്‍ശിയായ ലേഖനം ശ്രീ. ബാബു ജോസഫ് എഴുതിയിരിക്കുന്നു (മലയാളം വാരിക) ഷുമാഹറിന്റെ Small is beautiful എന്ന പ്രസ്താവം ഞാന്‍ ഓര്‍മ്മിച്ചുപോയി. ഈ ലേഖനം വായിച്ചപ്പോള്‍.

ഐറിസ് മര്‍ഡോക്കിന്റെ പ്രശംസാവചനങ്ങള്‍ കവറില്‍ അച്ചടിച്ചു കണ്ടതുകൊണ്ട് ഞാന്‍ പുസ്തകക്കടയില്‍ നിന്നു ഒരു നോവല്‍ വാങ്ങിച്ചു. ഗ്രന്ഥകാരന്‍ ഈല്യാസ് കനേറ്റി. നോവലിന്റെ പേരു ‘ഒറ്റോ ദാ ഫേ.’ അതു വായിച്ചു വിസ്മയാധീനനായ ഞാന്‍ ആ നോവലിസ്റ്റിനു നോബല്‍ സമ്മാനം കൊടുക്കേണ്ടതാണെന്ന് എഴുതി. രണ്ടുമാസം കഴിഞ്ഞില്ല. അതിനു മുന്‍പു അദ്ദേഹത്തിനും നോബല്‍സ്സമ്മാനം കിട്ടി. ഈ ദീര്‍ഘദര്‍ശനം അല്പജ്ഞനായ എന്റെ മൂല്യനിര്‍ണ്ണയങ്ങള്‍ തെറ്റല്ല എന്നു തെളിയിക്കുന്നു. ഇതിനെ ഭംഗ്യന്തരേണ ശ്രീ. വേണുനായര്‍ സൂചിപ്പിക്കുന്നു. വിജ്ഞാനപ്രദമായ അദ്ദേഹത്തിന്റെ ലേഖനത്തില്‍ (മലയാളം വാരിക) ശ്രീ. വി. എം. വിനയകുമാര്‍ സാരാമാഗുവിന്റെ വേറൊരു നോവലിനെക്കുറിച്ചാണു എഴുതുന്നത്. അതും നന്നായി (ലേഖനം മലയാളം വാരികയില്‍).

2. സി.ഇ.എം.ജോഡ് എന്ന തത്വചിന്തകന്‍ ഒരിടത്തു നിൽക്കുകയായിരുന്നു. അപ്പോള്‍ ഒരുത്തന്‍ അടുത്തെത്തി അദ്ദേഹത്തോടു ചോദിച്ചു. ‘Sir do want dirty post cards-in all positions. വൃത്തികെട്ട പോസ്റ്റ് കാര്‍ഡ് വിൽക്കുന്നവനു സ്ഥലം പാവനമാണോ, അല്ലയോ എന്ന നോട്ടമില്ല. തികച്ചും വിശുദ്ധമായ സാഹിത്യത്തിന്റെ മണ്ഡലത്തില്‍ പല പൊസിഷനിലുള്ള പടങ്ങള്‍ വിൽക്കാനായി ചിലര്‍ ഇറങ്ങിയിരിക്കുന്നു. ഏറെയാളുകള്‍ അവ വാങ്ങും. വിവേകമുള്ളവര്‍ പടങ്ങള്‍ വേണ്ടെന്നു പറഞ്ഞാല്‍ വില്പനക്കാരന്‍ അയാളുടെ ‘തന്തയ്ക്കും തള്ളയ്ക്കും’ പറയും. ഈ പുലഭ്യം പറച്ചില്‍ കേരളത്തില്‍ കൂടികൂടി വരികയാണ്.

സാദത്ത് ഹസന്‍ മന്തോ

“വിമര്‍ശനത്തില്‍ സാഹിത്യകാരന്മാര്‍ കോപിക്കുന്നതെന്തുകൊണ്ട്?” “തങ്ങളുടെ ജീനിയസ്സില്‍ ഉറച്ച വിശ്വാസമുള്ളവര്‍ കോപിക്കില്ല. മുണ്ടശ്ശേരി നാടായ നാടുകളിലൊക്കെ വള്ളത്തോളിനെതിരായി പ്രസംഗിച്ചിട്ടും കടലാസായ കടലാസുകളിലൊക്കെ എഴുതിയിട്ടും മഹാകവി കോപിച്ചില്ല.”

“കലയുടെ ഉള്ളടക്കം എന്ത് എന്നതു പരിഗണനാര്‍ഹമല്ല. മഹനീയമായ കല നിങ്ങളുടെ ഇച്ഛാശക്തിക്കു എതിരായി നിങ്ങളെ കടന്നു പിടിക്കുകയും ഇച്ഛാശക്തിയെ തടഞ്ഞു വയ്ക്കുകയും ചെയ്യുന്നു. ആഗ്രഹമില്ലാത്ത, ഗ്രസനമില്ലാത്ത, അഹംബോധമില്ലാത്ത, ആത്മസങ്കോചമില്ലാത്ത ശാന്തമായ, സ്വച്ഛമായ സ്ഥലത്തേക്കു അത് ആനയിക്കുന്നു. നിങ്ങളുടെ ബോധത്തിന്റെ ആ സ്വച്ഛ സ്ഥലത്തിലൂടെ സമുന്നത സത്യങ്ങളും അതിസൂക്ഷ്മാവിഷ്കാരങ്ങളും അഗാധബന്ധങ്ങളും സ്ഫുരിച്ചെന്നുവരും. ഒരു നിമിഷത്തേക്കു നിങ്ങള്‍ നിത്യതയെ സ്പര്‍ശിച്ചെന്നു വരും.” മഹാനായ ചിന്തകന്‍ കെന്‍ വില്‍ബര്‍ പറഞ്ഞതാണിത്. വേറൊരിടത്ത് അദ്ദേഹം മഹനീയമായ കലയ്ക്കു സര്‍വാതിശായിത്വമുണ്ടെന്നും പറഞ്ഞിട്ടുണ്ട്. നമ്മള്‍ സുന്ദരമായ വസ്തുവിനെ നോക്കുമ്പോള്‍ മറ്റെല്ലാ പ്രവര്‍ത്തനങ്ങളെയും വിലക്കുന്നു. ആ വസ്തുവിനെക്കുറിച്ചു അനുധ്യാനം നടത്താനേ നമുക്കാഗ്രഹമുള്ളു. ഈ അനുധ്യാനാവസ്ഥയിലിരിക്കുന്ന നമുക്ക് ആ വസ്തുവില്‍ നിന്നു വേറൊന്നും വേണ്ട. ആ അനുധ്യാനം അവസാനിക്കണമെന്നും നമുക്കു വിചാരമില്ല.

കലാസൃഷ്ടി അനുധ്യാനത്തിന്റെ പ്രശാന്തതയിലേക്കു നമ്മളെ നയിക്കണമെന്നു ബേനോദേത്തോ ക്രോചെ പറഞ്ഞതും കെന്‍ വില്‍ബര്‍ പറഞ്ഞതും തമ്മില്‍ വ്യത്യാസമില്ല. ഈ അനുഭവം സാദത്ത് ഹസന്‍ മന്തോയുടെ ഒരു കഥയും ജനിപ്പിക്കുന്നില്ല. ഇന്ത്യയുടെ വിഭജനത്തെത്തുടര്‍ന്നുണ്ടായ രക്തപ്രവാഹത്തെ അദ്ദേഹം വര്‍ണ്ണിക്കുമ്പോള്‍ നമ്മള്‍ കരയും, ഞെട്ടും, ക്ഷോഭിക്കും. പക്ഷേ കരച്ചിലിനും ഞെട്ടലിനും ക്ഷോഭിക്കലിനും കലയോടു ബന്ധമൊന്നുമില്ല. അനുധ്യാനത്തിന്റെ പ്രശാന്തതയുളവാക്കാതെ, ഭാരതീയാലങ്കാരികന്‍ പറയുന്ന വിശ്രാന്തി നല്കാതെ അദ്ദേഹത്തിന്റെ രചനകള്‍ നമ്മളെ ചിത്തോദ്വേഗത്തിലേക്കു എറിയുന്നു. ചിത്തോദ്വേഗത്തിനു കലാസൗന്ദര്യവുമായി ബന്ധമില്ല.

ഈ ആഴ്ചത്തെ ‘മാധ്യമം’ വാരികയില്‍ അദ്ദേഹത്തിന്റെ ഒരു കഥ തര്‍ജ്ജമ ചെയ്തു ചേര്‍ത്തിട്ടുണ്ട്. (ഭാഷാന്തരീകരണം ശ്രീ. കെ അരവിന്ദാക്ഷന്റേത്) നമ്മുടെ മനസ്സില്‍ കോപോദ്ദീപനമുണ്ടാകുന്നു. ലഹളകലില്‍ മകള്‍ നഷ്ടപ്പെട്ടു പോയതുകൊണ്ട് മഹാദുഃഖത്തോടെ പരക്കം പായുന്ന അച്ഛന്റെ അവസ്ഥ നമ്മളെ വിഷാദിപ്പിക്കുന്നു. പക്ഷേ ഈ വികാരങ്ങള്‍ക്ക് ‘ഈസ്തെറ്റിക്’ മൂല്യമില്ല. ചിരിക്കും കണ്ണീരിനും ‘ഈസ്തെറ്റിക് വാല്യൂ’ ഇല്ലെന്നു ഒര്‍ടേഗാ ഈ ഗാസറ്റ് പറഞ്ഞതും ഓര്‍മ്മിക്കുക. കലയുടെ മൂല്യമുണ്ടാകണമെങ്കില്‍ ഈ വികാരങ്ങളുടെ ലൗകികാംശം തേഞ്ഞുമാഞ്ഞ് അവ ഭാവാനുഭൂതിയോ രസാനുഭൂതിയോ ജനിപ്പിക്കണം. മന്തോയുടെ സ്നേഹാര്‍ദ്രമായ മനസ്സിന്റെ മുന്‍പില്‍, മനുഷ്യത്വത്തിന്റെ മുൻപിൽ ഞാൻ തലകുനിച്ചു നിൽക്കുന്നു. കലയുടെ മുൻപിൽ അവനത ശിരസ്കനായി നില്ക്കാന്‍ എനിക്കു കഴിയുന്നില്ല.

ഉഷാനാരായണന്‍

ഞാന്‍ ജന്നല്‍ തുറന്നിട്ടു രാത്രി മുഴുവന്‍ ഉറങ്ങിയതു നന്നായി. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ജന്നലിന്റെ കമ്പികള്‍ക്കിടയിലൂടെ ഒരു പനിനീര്‍പ്പൂവ് എത്തിനോക്കുന്നു. അതോടെ ഹൃദ്യമായ പരിമളം മുറിയിലാകെ വ്യാപിച്ചു. ഈ ആഹ്ലാദാനുഭൂതി മാറാന്‍ സമയം അധികം വേണ്ടിവന്നില്ല. എന്റെ നാടിന്റെ സന്മാര്‍ഗ്ഗത്തിനു വന്നിരിക്കുന്ന ഭ്രംശം ഞാന്‍ ഓര്‍മ്മിക്കുകയുണ്ടായി. ആ ദുഖത്തില്‍ നിന്നു മോചനം നേടാനായി തൊട്ടടുത്തു കിടന്ന Frontline മാസിക തുറന്നു ഒരു ബര്‍മ്മീസ് കഥ വായിച്ചു. കഥ Thein Pe Myint എഴുതിയത്. ഇംഗ്ലീഷ് തര്‍ജ്ജിമ ശ്രീമതി ഉഷാനാരായണന്റേത്. ബര്‍മ്മയിലും സമൂഹത്തില്‍ സാന്മാര്‍ഗ്ഗിക ഭ്രംശം. ക്യൂവില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കു ഒരു സുന്ദരിപ്പെണ്ണ് അവ വാങ്ങി വീട്ടില്‍ കൊണ്ടുപോയിക്കൊടുത്തു പണം വാങ്ങുന്നു. നിയമവിരുദ്ധമായ ഏര്‍പ്പാട്. അവളക്കണ്ടു നേരിയ തോതില്‍ ലൈംഗികാഭിലാഷമുണ്ടാകുന്ന ഒരഭിഭാഷകന്‍ അവിടത്തെ പുരുഷന്മാരുടെ ശാശ്വത പ്രതീകം. ജിജ്ഞാസയേയുള്ളു തനിക്കെന്നു അയാള്‍ റിക്ഷാക്കാരനോടു പറയുന്നുവെങ്കിലും അവള്‍ പതിവായി കാത്തുനില്ക്കുന്ന സ്ഥലം കാണുമ്പോള്‍ അവള്‍ അവിടെയില്ലെങ്കിലും അയാള്‍ക്കു എന്തോ ഒരു കൗതുകം. ബര്‍മ്മീസ് സമുദായത്തിന്റെ പരിച്ഛേദമാണ് ഇക്കഥ. മനോഹരമായ ഇംഗ്ലീഷില്‍ ഉഷാനാരായണന്‍ ഇതു തര്‍ജ്ജിമ ചെയ്തിരിക്കുന്നു.