close
Sayahna Sayahna
Search

സാഹിത്യവാരഫലം 1990 07 01


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1990 07 01
ലക്കം 772
മുൻലക്കം 1990 06 24
പിൻലക്കം 1990 07 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പേരു പറയുന്നതു ശരിയല്ല. അദ്ദേഹത്തോട് എനിക്കു സ്നേഹവും ബഹുമാനവുമാണ്. ഒരു ദിവസം കാലത്ത് ഞാന്‍ നടക്കാന്‍ പോയപ്പോള്‍ അദ്ദേഹം അമ്പലത്തില്‍ പോയിട്ടു തിരിച്ചുവരികയായിരുന്നു. എന്നെക്കണ്ടപ്പോള്‍ ദേഷ്യത്തോടെ നിന്നു. എന്നിട്ട് പരുഷങ്ങളായ വാക്കുകള്‍ എന്റെ മുഖത്തേക്ക് എറിഞ്ഞു: “വായിച്ചു. കാലത്ത് അമ്പലത്തില്‍പോയി തൊഴുകയും ചന്ദനം വാങ്ങിനെറ്റിയിലിടുകയും തുളസിയില ചെവിക്കുമുകളില്‍ വയ്ക്കുകയും ചെയ്യുന്ന എന്നെ നിങ്ങള്‍ സാഹിത്യവാരഫലത്തില്‍ കളിയാക്കിയിരിക്കുന്നു. അതെന്റെ ഇഷ്ടമാണെന്ന് മനസ്സിലാക്കിക്കൊള്ളു.” വെണ്മണി പറഞ്ഞപോലെ ഞാന്‍ ‘കുലവെട്ടീടിനെ കുറ്റിവാഴപോലെ’ നിന്നുപോയി. ഞാന്‍ അദ്ദേഹത്തെ ലക്ഷ്യമാക്കിയല്ല അങ്ങനെ എഴുതിയത്. എഴുതിയതുപോലും ഞാന്‍ മറന്നുപോയി. ഞാന്‍ വിശദീകരണം നല്‍കുന്നതകിനുമുമ്പ് അദ്ദേഹം ചാടിക്കുതിച്ചുപോയി.

മകന്‍ നിന്ദിക്കുന്ന, മകന്റെ ഭാര്യ നിന്ദിക്കുന്ന ഏതു വൃദ്ധനും ‘തഹസീല്‍ദാരുടെ അച്ഛന്‍’ എന്ന കഥയെഴുതിയ തകഴിശിവശങ്കരപ്പിള്ളയോടു കയര്‍ക്കാം. ‘നിങ്ങള്‍ എന്റെ കഥയല്ലേ എഴുതിവച്ചിരിക്കുന്നത്?’ എന്നു കോപത്തോടെ ചോദിക്കാം. ഭാര്യ വ്യഭിചരിക്കുന്നു എന്നു കണ്ട ഏതു ഭര്‍ത്താവും ‘ക്രോയിറ്റ്സര്‍ സനാറ്റ’ എഴുതിയ ടോള്‍സ്റ്റോയിയോട് അക്കാലത്തു ദേഷ്യപ്പെട്ടിരിക്കും. ഈ പ്രതികരണമുളവാക്കുമ്പോള്‍ കല വിജയം വരിക്കുന്നു. സാര്‍വലൗകികസംഭവത്തെയോ വികാരത്തെയോ ആകര്‍ഷകമായി എഴുത്തുകാരന്‍ ആവിഷ്കരിച്ചു എന്നാണല്ലോ അതിന്റെ അര്‍ത്ഥം.

ഇത് എഴുത്തുകാരുടെ ഭാഗ്യവും ദൗര്‍ഭാഗ്യവുമാണ്. മകന്‍ നിന്ദിക്കുന്ന, മകന്റെ ഭാര്യ നിന്ദിക്കുന്ന ഏതു വൃദ്ധനും ‘തഹസീല്‍ദാരുടെ അച്ഛന്‍’ എന്ന കഥയെഴുതിയ തകഴിശിവശങ്കരപ്പിള്ളയോടു കയര്‍ക്കാം. ‘നിങ്ങള്‍ എന്റെ കഥയല്ലേ എഴുതിവച്ചിരിക്കുന്നത്?’ എന്നു കോപത്തോടെ ചോദിക്കാം. ഭാര്യ വൃഭിചരിക്കുന്നു എന്നു കണ്ട ഏതു ഭര്‍ത്താവും ‘ക്രോയിറ്റ്സര്‍ സനാറ്റ’ എഴുതിയ ടോള്‍സ്റ്റോയിയോട് അക്കാലത്തു ദേഷ്യപ്പെട്ടിരിക്കും. ഈ പ്രതികരണമുളവാക്കുമ്പോള്‍ കല വിജയം വരിക്കുന്നു. സാര്‍വലൗകികസംഭവത്തെയോ വികാരത്തെയോ ആകര്‍ഷകമായി എഴുത്തുകാരന്‍ ആവിഷ്കരിച്ചു എന്നാണല്ലോ അതിന്റെ അര്‍ത്ഥം. അവിടെ ഭാഗ്യം. വായനക്കാരന്‍ ദേഷ്യപ്പെടുമ്പോള്‍ ദൗര്‍ഭാഗ്യവും.

പുതിയ പുസ്തകം

വായിച്ചാല്‍ മാത്രം പോര, വീട്ടില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ടതുമായ പുസ്തകമാണ് അസിമോവിന്റെ ‘Chronology of Science and Discovery’ എന്നത്. ശാസ്ത്രം എങ്ങനെ ലോകത്തെ രൂപപ്പെടുത്തി, ബി. സി. 4000000 തൊട്ട് ശാസ്ത്രത്തെ ചലനം കൊളളിച്ചു എന്നു ലളിതമായ ഭാഷയില്‍ ഇതു സ്പഷ്ടമാക്കിത്തരുന്നു. ഓരോ വര്‍ഷവും എഴുതിയിട്ട് ആ കാലത്തെ പ്രധാനപ്പെട്ട ശാസ്ത്രീമായ കണ്ടുപിടിത്തത്തെ വിശദീകരിക്കുകയാണ് അസിമോവ്. ഒരുദാഹരണം നല്‍കാം. 1988 എന്ന വര്‍ഷത്തിലെ മൂന്നുസംഭവങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. അവയില്‍ ഒന്നാണ് ടൂറിനിലെ ശവക്കച്ച. ആ തലക്കെട്ടിനു താഴെയായി അസിമോവ് എഴുതുന്നു:

The shroud of Turin is a linen cloth that seems to possess an image, front and back, of a bearded, long-haired man, which resembles the popular conception of Jesus. It was first displayed in France in the 1350s and in 1578 taken to Turin in Italy.
Many people believed it to be the burial sheet of Jesus with the image produced by miraculous means. Others more skeptical assumed it to be a forgery produced not long before it was first shown.
In 1988 some of the linen was finally tested by the Carbon—14 dating method worked out by Libby (See 1947). The results were clear. The linen had been part of living flax plants seven hundred years ago. The shroud, and presumably the image upon it, had been produced not long before it was first displayed and was thirteen centuries too late to have been the shroud of Jesus.

Carbon—14 എന്താണെന്ന് മനസ്സിലാക്കാന്‍ നമ്മള്‍ 1947 എന്ന വര്‍ഷം നോക്കുന്നു. ഒരിക്കല്‍ ജീവനുണ്ടായിരുന്ന സസ്യത്തിന്റെ[1] Carbon—14 സാന്ദ്രത ഗ്രഹിക്കാന്‍ വഴിയുണ്ട്. അതു മനസ്സിലാക്കിയാല്‍ സസ്യം ‘മരിച്ചതിനുശേഷം എത്രവര്‍ഷം കഴിഞ്ഞുവെന്ന് അദ്ഭുതവാഹമായ സൂക്ഷ്മതയോടെ മനസ്സിലാക്കാം. 45000 വര്‍ഷം മുന്‍പുള്ള തടി, തുണി ഇവയിലെ Carbon—14 സാന്ദ്രതയും കണക്കാക്കാവുന്നതേയുളുളു. ഈജിപ്റ്റിലെ മമ്മികള്‍, ചരിത്രാതീതകാലങ്ങളിലെ തടികള്‍, ‘ഡെഡ് സി സ്ക്രോള്‍സ്’, ടൂറിന്‍ ശവക്കച്ച ഇവയുടെ കാലം ഈ Carbon—14 സാന്ദ്രതയിലൂടെ നിര്‍ണ്ണയിക്കാം. ഈ കണ്ടുപിടിത്തത്തിന് ലിബ്ബിക്കു നോബല്‍ സമ്മാനം കിട്ടി (Grafton Books, £ 95, pages 707).

ചോദ്യം, ഉത്തരം

Symbol question.svg.png ഞാന്‍ നിരൂപണമെന്നപേരില്‍ വ്യക്തിവിരോധം കാണിക്കുന്നില്ല. പിണക്കാന്‍ മടിയുള്ളവരെ എല്ലാ ജ്യോത്സ്യത്തിലും പ്രശംസിച്ച് അവരുടെ പുച്ഛം നേടുന്നില്ല. തന്നെക്കാള്‍ നല്ല മനുഷ്യനല്ലേ ഞാന്‍?

(ചോദ്യം മദ്ധ്യഭാരതത്തില്‍ ജോലിനോക്കുന്ന ഒരു കഥാകാരന്റേത്).

താങ്കള്‍ നല്ല മനുഷ്യന്‍ മാത്രമല്ല, എന്റെ കൂട്ടുകാരനുമാണ്. എന്റെ വീട്ടിന്റെ മുന്‍പില്‍ മുന്‍വശത്തെകാലുകള്‍ നീട്ടിവച്ച് കിടക്കുന്ന അവന്‍തന്നെയാണ് എന്റെ കൂട്ടുകാരന്‍. അവന്‍ നിരൂപണമെഴുതാറില്ല. പുച്ഛത്തിനു ഭാജനമായിത്തീരുന്നില്ല. ചന്ദ്രനുദക്കുമ്പോള്‍ അവന്‍ മുഖത്തെ മാംസപേശികള്‍ വക്രിപ്പിക്കുന്നു. കുത്തിയിരിക്കുന്നു. മോങ്ങുന്നു.

Symbol question.svg.png സ്വാഭാവ സേര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് ഒരുതരം കള്ളമല്ലേ?

അതെ. ഏററവും വലിയ കള്ളമുള്ള സ്വഭാവ സേര്‍ട്ടിഫിക്കറ്റ് ഭാര്യ, ഭര്‍ത്താവിനെക്കുറിച്ച് അന്യസ്ത്രീകള്‍ക്കു നല്‍കുന്നതാണ്.

Symbol question.svg.png ജീവിതത്തിലെ ആഹ്ലാദം എവിടെയിരിക്കുന്നു?

ചെറിയ സംഭവങ്ങളില്‍. ബസ്സില്‍ പോകുമ്പോള്‍ വഴിവക്കില്‍ പനിനീര്‍പ്പൂവിനെപ്പോലെ വിടര്‍ന്നുനില്‍ക്കുന്ന തരുണിയെക്കാണുന്നത്. റോഡ് കടക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ നിങ്ങള്‍ക്കിഷ്ടമുള്ളവളെ മിന്നല്‍പ്രവാഹമെന്നപോലെ ബസ്സിനകത്തു കാണുന്നത്. ടെലിഫോണിലെ റോങ് നമ്പറിലൂടെ സ്ത്രീസ്വരം കേള്‍ക്കുന്നത്. വളരെനാളായികിട്ടാനാഗ്രഹിച്ചിരുന്ന പുസ്തകം കടയുടമസ്ഥന്‍ ഒരു ദിവസം കൈയിലെടുത്തു തരുന്നത്. ചക്രവാളത്തില്‍ ഒറ്റത്താരകം വിടരുന്നതുകാണുന്നത്. ചതുരംഗം കളിക്കുമ്പോള്‍ സ്നേഹഭാജനം നമ്മെ തോല്‍പ്പിക്കുന്നത്.

Symbol question.svg.png ഏതെല്ലാം തിന്മകളാണ് ഒളിച്ചുവയ്ക്കാവുന്നത്?

വീട്ടില്‍ വന്നിരുന്നു മൂന്നുമണിക്കൂര്‍ നേരം വാതോരാതെ സംസാരിച്ച് ബോറ് ചെയ്യുന്നവനോടു സന്തോഷത്തോടെ പെരുമാറാം. കടം കൊടുത്തപണം തിരിച്ചുതരാത്തവനെ കാണുമ്പോള്‍ ഉണ്ടാകുന്ന വിരോധം ‘തിടുക്കമില്ല, പിന്നെ മതി’ എന്നു പറഞ്ഞു ഹിപക്രിറ്റ് ആകാം. അങ്ങനെ പല തിന്മകളും ഒളിച്ചുവയ്ക്കാം. പക്ഷേ, ആഹാരത്തിലുള്ള അത്യാര്‍ത്തി ഒളിച്ചുവയ്ക്കാന്‍ പറ്റില്ല. ആരിരുന്നാലും വലിച്ചുവാരിത്തിന്നും ആ തിന്മയുള്ളവര്‍.

ഈ ലോകത്തെ ഏറ്റവും വലിയ അദ്ഭുതമെന്ത്?

എന്റെ മലിന ചിന്തകള്‍ ഞാന്‍ മാത്രമേ അറിയുന്നുള്ളൂ, മുന്‍പിലിരിക്കുമ്പോള്‍ അറിയുന്നില്ല എന്നത്.

Symbol question.svg.png ഈ ലോകത്തെ ഏറ്റവും വലിയ അദ്ഭുതമെന്ത്?

എന്റെ മലിനചിന്തകള്‍ ഞാന്‍ മാത്രമേ അറിയുന്നുള്ളു, മുന്‍പിലിരിക്കുന്ന ആൾ അറിയുന്നില്ല എന്നത്.

Symbol question.svg.png നിങ്ങള്‍ക്കു കടുത്ത അസൂയയാണ്. അതുകൊണ്ടല്ലേ മറ്റുള്ളവരെ കുറ്റം പറയുന്നത്?

എനിക്കു പല ദോഷങ്ങളുമുണ്ട്. പക്ഷേ അസൂയ ഒട്ടുമില്ല. എന്റെ സുഹൃത്ത് ചെമ്മനം ചാക്കോ പുതിയ മാരുതികാര്‍ വാങ്ങിയപ്പോള്‍ എപ്പോഴും നടന്നുപോകുന്ന ഞാന്‍ ആഹ്ലാദാതിരേകം കൊണ്ട് അദ്ദേഹത്തെ ആശ്ലേഷിക്കുകയും ആ കാറില്‍ കുറേദൂരം സഞ്ചരിക്കുകയും ചേയ്തു.

Symbol question.svg.png റോഡില്‍ കറന്‍സിനോട്ട് കിടക്കുന്നതുകണ്ടാല്‍ നിങ്ങള്‍ എന്തുചെയ്യും?

എടുക്കാതെ പോകും. ഞാനത് എടുക്കുന്നതുവേറെ ആരെങ്കിലും കണ്ടാല്‍ അയാള്‍ ഞാനാരാണെന്ന് മനസ്സിലാക്കും. ആരും കാണാതെയാണ് ഞാനത് എടുക്കുന്നതെങ്കില്‍ ഞാന്‍ ആരാണെന്ന് ഞാന്‍ തന്നെ മനസ്സിലാക്കും.

ജീവനില്ല

എര്‍വിന്‍ പാനോഫ്സ്കി (Erwin Panofsky, 1892–1968) വിശ്വവിഖ്യാതനായ കലാനിരൂപകനാണ്. ജര്‍മ്മനിയില്‍ ജനിച്ച അദ്ദേഹം ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ‘പ്രഫെസര്‍ ഒഫ് ഫൈന്‍ ആര്‍ട്സ്’ ആയിരുന്നു. 1924–ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ Idea: A Concept in Art Theory എന്ന ഉജ്ജ്വലമായ ഗ്രന്ഥം 1968–ല്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമചെയ്തു പ്രസിദ്ധപ്പെടുത്തി. (ജര്‍മ്മന്‍ പേര് ഇവിടെ നല്‍കുന്നില്ല. തര്‍ജ്ജമയുടെ പേരുതന്നെ കൊടുത്തിരിക്കുന്നു). ആ പുസ്തകത്തില്‍ ഈജിപ്റ്റില്‍ ജനിച്ച നിയോപ്ലേറ്റോനിസ്റ്റ് ദാര്‍ശനികന്‍ പ്ലോറ്റിനസിന്റെ ഒരാശയമെടുത്തി ആവിഷ്കരിച്ചിട്ടുണ്ട്. പ്രകൃതിയുടെ സൌന്ദര്യം ജഡവസ്തുവിലൂടെ തിളങ്ങുന്ന “ആശയ”ത്തിന്റെ ഔജ്ജ്വല്യമാണെന്ന് അദ്ദേഹം (പ്ലോറ്റിനസ്) പറഞ്ഞു. (ആശയം പ്ലേറ്റോയുടെ ദൈവികമായ ആശയമാണ്. ഈശ്വന്റെ മനസ്സിലുള്ള ആശയം. ആ ആശയത്തിന്റെ പകര്‍പ്പ് ആശാരിയുടെ മേശ. മേശയുടെ ചിത്രം പകര്‍പ്പിന്റെ പകര്‍പ്പ് — ലേഖകന്‍) അതുപോലെ കലാസൃഷ്ടിയുടെ സൌന്ദര്യം വസ്തുവിലുള്ള (matter) ഒരാദര്‍ശാത്മക രൂപത്തിന്റെ അന്തഃപ്രക്ഷേപമാണ് (injection) എന്നു അദ്ദേഹം കരുതുന്നു. ആ പ്രക്രിയ നടത്തുമ്പോള്‍ ചൈതന്യരഹിതമായ വസ്തു സജീവമാകുന്നു (പുറം 27, Icon Edition, 1960, വില $ 6.95).

റോമന്‍ ദാര്‍ശനികന്‍ സെനെക്കായുടെ Letters from a Stoic എന്ന പുസ്തകത്തില്‍ (പെന്‍ഗ്വിന്‍ ബുക്ക്) ഇതു വേറൊരു തരത്തില്‍ പറഞ്ഞിട്ടുണ്ട്. അരിസ്റ്റോട്ടല്‍ എഴുതിയതെന്താണെന്ന് വിശദീകരിക്കുകയാണ് സെനെക്ക. പ്രതിമയുടെ ആദ്യത്തെ ഹേതു ലോഹം. അതില്ലാതെ പ്രതിമാനില്‍മ്മാണം, സാദ്ധ്യമല്ല. രണ്ടാമത്തെ ഹേതു പ്രതിമാനിര്‍മ്മാതാവ്. അയാളുടെ വിദഗ്ദ്ധഹസ്തങ്ങളില്ലെങ്കില്‍ പ്രതിമ ഉണ്ടാവുകയില്ലല്ലോ. മൂന്നാമത്തെ ഹേതു രൂപം ‘തലമുടികെട്ടുന്ന കുട്ടി’ ‘കുന്തമെടുത്ത മനുഷ്യന്‍’ എന്നൊക്കെപ്പറയാന്‍ കാരണം രൂപം അതില്‍ നിവേശിപ്പിച്ചു എന്നതുതന്നെ (പുറം 119). ഈ കടം വാങ്ങിയ ആശയംകൊണ്ട് ഞാന്‍ ടി. കെ. ശങ്കരനാരായണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘മഹഫുസ്ഖാന്‍’ എന്ന കഥയെ വിലയിരുത്താന്‍ ശ്രമിക്കുകയാണ്. ആപ്പീസിലെ ടൈപ്പിസ്റ്റ്, തനിക്ക് ഇഷ്ടമില്ലാത്ത ഒരുത്തനോടു സംസാരിച്ചുകൂടെന്ന് അധികാരിക്കു നിര്‍ബന്ധം. സംസാരിച്ചാല്‍ സംഘടന രൂപംകൊണ്ടാലോ? അതുകൊണ്ട് ആദ്യമൊരു മുന്നറിയിപ്പ്. താനറിയാതെ ഒന്നോ രണ്ടോ വാക്ക് ടൈപ്പിസ്റ്റ് ആ “നിഷിദ്ധ”നോടു പറയുന്നു. ജോലിയും പാകുന്നു. നല്ലതുക സമ്മാനമെന്ന മട്ടില്‍ കവറിലിട്ട് അയാള്‍ക്കുകൊടുക്കുന്നു അധികാരി. വീട്ടില്‍ച്ചെന്നു തുറന്നുനോക്കിയാല്‍മതിയെന്നും നിര്‍ദ്ദേശം. നോക്കി. അതിനകത്ത് പണത്തിനുപുറമേ ഡിസ്മിസല്‍ ഓര്‍ഡറും. ഇതു അരിസ്റ്റോട്ടലിന്റെ ലോഹം. പക്ഷേ അതിനു കഥയുടെ ആകൃതികൊടുക്കാന്‍ ശ്രമിക്കുന്ന ശങ്കരനാരായണന് വിദഗ്ദ്ധഹസ്തങങളില്ല. അതുകൊണ്ട് ലോഹം ലോഹമായിത്തന്നെ കിടക്കുന്നു. സജീവമാക്കുന്ന പ്രക്രിയ പിന്നെയല്ലേ വരുന്നുള്ളു. ഈ സിദ്ധാന്തങ്ങളും മറ്റും ഒഴിവാക്കിപ്പറയാം. ശങ്കരനാരായണന്റേത് കലയല്ല, കഥയല്ല. കുറേ നിര്‍ജ്ജീവങങളായ വാക്യങ്ങളും സമാഹാരം മാത്രമാണ്. ഇന്നു തൈക്കാട്ട് ശ്മശാനത്തിലേക്കു കൊണ്ടുപോകുന്ന ഒരു മൃതദേഹം ഞാന്‍ കണ്ടു. ഒരുതരത്തിലുള്ള വല്ലായ്മ എനിക്കുണ്ടായി. വീട്ടില്‍വന്ന് ശങ്കരനാരായണന്റെ നിര്‍ജ്ജീവമായ കഥവായിച്ചു. വല്ലായ്മ! മൃതദേഹത്തെക്കാള്‍ അസ്വസ്ഥതയുളവാക്കും ജീവനില്ലാത്ത ചെറുകഥ.

എന്‍. ആര്‍. എസ്. ബാബു

സാഹിത്യത്തില്‍ തല്‍പരനായ ഒരു യുവാവ് വാൾട്ടര്‍ പേറ്ററെ സമീപിച്ച് തന്റെ രചനകള്‍ കാണിച്ചപ്പോള്‍ ‘ദിവസവും കാലത്ത് ഒരു ഡോസ് ജോണ്‍സണ്‍ കഴിക്കൂ’ എന്നുപറയുകയുണ്ടായി. യുവാവിന്റെ ‘അക്ഷരസംസ്കാരം’ വേണ്ടപോലെ ആയില്ലെന്നും ജോണ്‍സണ്‍ എഴുതിയ പുസ്തകങ്ങള്‍ വായിച്ച് ആ സംസ്കാരത്തിനു വികാസം വരുത്തണമെന്നുമായിരുന്നു പേറ്റര്‍ നിര്‍ദ്ദേശിച്ചത്. കാലത്തും ഉച്ചയ്ക്കും വൈകിട്ടും രാത്രിയും യഥാക്രമം ഓരോ ഡോസ് വ്യാസനും വാല്മീകിയും കാളിദാസനും ടാഗോറും ഭാരതീയര്‍ക്കു നൽകേണ്ട അവസ്ഥയാണിന്ന്. കേരളത്തിലുള്ളവര്‍ക്കു മേമ്പോടിയായി കുമാരനാശാനോ വള്ളത്തോളോ നൽകാം. എങ്കിലേ അവരുടെ മനുഷ്യത്വം വികസിതോജ്ജ്വലമാകൂ. ഇന്നത്തെ സംസ്കാരരാഹിത്യത്തിന്റെ ഒരു ഹേതു ഈ അക്ഷരസംസ്കാരത്തിന്റെ ലോപം തന്നെയാണ്. ആന്ധ്രയിലും കര്‍ണ്ണാടകത്തിലുമുള്ളവര്‍ക്ക് ആ പ്രദേശങ്ങളിലെ നല്ല സാഹിത്യകാരന്മാരെ മേമ്പൊടിയായി നൽകാവുന്നതാണ്.

അക്ഷരങ്ങള്‍! അവയിലാണ് എല്ലാം അടങ്ങിയിരിക്കുക. മരിച്ച സംസ്കാരത്തെ അതു പുനരുജ്ജീവിപ്പിക്കുന്നു. വര്‍ത്തമാനകാല സംസ്കാരത്തെ ചൈതന്യധന്യമാക്കുന്നു. മനുഷ്യന്റെ വീരധര്‍മ്മാത്മകത്വം, വിജയം, ഭാഗ്യം ദൗര്‍ഭാഗ്യം ഇവയെല്ലാം അക്ഷരങ്ങളിലാണുള്ളത്. അതുകൊണ്ട് അക്ഷരങ്ങള്‍ മരിച്ചാല്‍ മനുഷ്യന്‍ മനുഷ്യനല്ലാതായിത്തീരും. ഈ സത്യത്തിലേക്കു എന്‍. ആര്‍. എസ്. ബാബു വിദഗ്ദ്ധഹസ്തം പൂണ്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടാലും: “ഇന്നത്തെ ഇന്ത്യ ഉപകരണസംസ്കാരത്തിലേക്കു റോക്കറ്റിന്റെ വേഗത്തില്‍ കുതിച്ചു കൊണ്ടിരിക്കുകയാണ്. അക്ഷരത്തിന്റെ ആരാധകര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് ഇന്ത്യയിലെതിനോളം പ്രസക്തി മറ്റെവിടെയെങ്കിലും ഇന്നുണ്ടോ?” ഈ ചോദ്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്നതിനുവേണ്ടി ലേഖകന്‍ മറ്റു മീഡിയയുടെ ഗുണദോഷങ്ങള്‍ വിചിന്തനം ചെയ്യുന്നുണ്ട്. മാനസികവും ആധ്യാത്മികവും ആയ ദേവാലയത്തിലേക്കുള്ള എന്‍. ആര്‍. എസ്. ബാബുവിന്റെ ഈ തീര്‍ത്ഥാടനം സമുചിതമയിട്ടുണ്ട്.

* * *

രണ്ടു ദിവസത്തിനു മുന്‍പ് ഞാന്‍ ഓച്ചിറ എന്ന സ്ഥലത്തേക്കു പോകുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ വാഹനം സ്വല്പനേരത്തേക്കു നിറുത്തിയപ്പോള്‍ ഞാന്‍ റോഡിലറങ്ങി നിന്നു. ദൂരെ നിന്ന് ഒരു യുവാവ് എന്റെ അടുത്തേക്ക് ഓടിവന്നു. കിതച്ചുകൊണ്ട് ആ ചെറുപ്പക്കാരന്‍ പറഞ്ഞു: “കൃഷ്ണന്‍നായര്‍സ്സാറല്ലേ. ഞാന്‍ പതിവായി സാഹിത്യവാരഫലം വായിക്കുന്നു. എന്റെ പേര് അബുദുള്‍ റഹീം. ഞാന്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. മലയാളനാട് വാരികയില്‍ സാഹിത്യവാരഫലം വന്നകാലം തൊട്ടാണ് ഞാനിതുവായിക്കുന്നത്. എനിക്കു അത് വലിയ പ്രയോജനം ചെയ്യുന്നു. പിന്നെ, സാറ് എഴുതിത്തുടങ്ങുന്നവരെ ഇത്രത്തോളം ആക്രമിക്കരുത്.” എന്റെ അവിദഗ്ദ്ധങ്ങളായ വാക്കുകളിലൂടെ ചില വിജ്ഞാനശകലങ്ങള്‍ ആ യുവാവിന്റെ മാനസികതലത്തില്‍ എത്തിയല്ലോ. അക്ഷരത്തിന്റെ ശക്തി! ഞാന്‍ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.

നിരീക്ഷണങ്ങള്‍

അക്ഷരങ്ങള്‍! അവയിലാണ് എല്ലാം അടങ്ങിയിരിക്കുക. മരിച്ച സംസ്കാരത്തെ അതു പുനരുജ്ജീവിപ്പിക്കുന്നു. വര്‍ത്തമാനകാല സംസ്കാരത്തെ ചൈതന്യധന്യമാക്കുന്നു. മനുഷ്യന്റെ വീരധര്‍മ്മാത്മകത്വം, വിജയം, ഭാഗ്യം ദൗര്‍ഭാഗ്യം ഇവയെല്ലാം അക്ഷരങ്ങളിലാണുള്ളത്. അതുകൊണ്ട് അക്ഷരങ്ങള്‍ മരിച്ചാല്‍ മനുഷ്യന്‍ മനുഷ്യനല്ലാതായിത്തീരുന്നു.

  1. കവികളുടെ ഗാനങ്ങള്‍ (കാവ്യങ്ങളെന്ന അര്‍ത്ഥത്തില്‍) കേള്‍ക്കുകയേ ആകാവൂ. അവരെ കാണരുത്. കണ്ടുപോയാല്‍ ബഹുമാനം കുറയും. എത്രകണ്ടാലും ബഹുമാനത്തിനു ലോപം വരില്ല എന്നു പറയാം ചങ്ങമ്പുഴയെപ്പറ്റി. പക്ഷേ അദ്ദേഹം സ്വന്തം കവിത ചൊല്ലുന്നതുകേള്‍ക്കരുത്. ഞാനതു കേട്ടിട്ടുണ്ടേങ്കിലും ഇന്ന് ഇവിടെയിരുന്നു പറയുന്നു: ‘ഞാന്‍ ചങ്ങമ്പുഴയെ പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം സ്വന്തം കവിത ചൊല്ലുന്നതു കേട്ടിട്ടില്ല.’
  2. ശൈശവകാലത്ത് എന്നെക്കാള്‍ എന്റെ നിഴലിനെ ഞാന്‍ സ്നേഹിച്ചിരുന്നു. വെള്ളച്ചുവരില്‍ നിഴല്‍ കാണാന്‍ ഞാന്‍ വെളിച്ചത്തിനു് അടുത്തുചെന്നു നിന്നിരുന്നു. ബാലനായിരുന്ന കാലത്ത് സ്വന്തം നിഴലിനെയല്ല ഞാന്‍ സ്നേഹിച്ചത്. കൈകള്‍ ചേര്‍ത്ത് വിളക്കിനരികില്‍ പിടിച്ച് പട്ടിയുടെയും പക്ഷിയുടെയും രൂപങ്ങളില്‍ നിഴലുണ്ടാക്കി ഞാന്‍ രസിച്ചിരുന്നു. ആ രൂപങ്ങളെ ഞാന്‍ ഇഷ്ടപ്പെട്ടു. ഇന്ന് ചുവരില്‍ നിഴല്‍ വീഴുമെന്നു കരുതി വിളക്കിനടുത്തു പോകുന്നില്ല. ഞാന്‍ എന്റെ നിഴലിനെ പേടിക്കുന്നു.
  3. എന്റെ ഗുരുനാഥനായിരുന്നു ഇളംങ്കുളം കുഞ്ഞന്‍പിള്ള. ഒരു ദിവസം സാറ് എന്നോടു പറഞ്ഞു: “ടി. എന്‍. ഗോപിനാഥന്‍ നായര്‍ മലയാളമോണേഴ്സിനുചേരാന്‍ വന്നു. ‘ചങ്ങമ്പുഴയാവാനാണോ ഭാവം?’ എന്നു ഞാന്‍ ഗോപിയോടു ചോദിച്ചു. ഗോപി ക്ലാസ്സില്‍ ചേര്‍ന്നില്ല”. സാറിന്റെ ഈ ചോദ്യത്തില്‍ ഒരര്‍ത്ഥവുമില്ല. ചങ്ങമ്പുഴ അദ്ദേഹത്തിന്റെ നിലയില്‍ അദ്ദേഹത്തിന്റെ നിലയിലും തിളങ്ങും. സാഹിത്യകാരന്മാരെ നിരുത്സാഹപ്പെടുത്തുന്ന രീതിയുണ്ടായിരുന്നു അക്കാലത്തെ ആര്‍ട്സ് കോളേജിലെ മലയാളം വകുപ്പിന്.

ഇ. എം. എസ്

ഈ കാലയളവിലെ വലിയ ധിഷണാശാലിയാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട്. പലപ്പോഴും ടെക്നിക്കിന്റെ അതിപ്രസരം എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങളില്‍ ഉണ്ടെങ്കിലും പ്രധാനമായ നിരൂപകനെയാണ് നമ്മള്‍ അദ്ദേഹത്തിന്റെ പ്രബന്ധങ്ങളില്‍ കാണുക. ആ നിലയില്‍ വ്യക്തിത്വമുള്ള കൃഷ്ണപിള്ളസ്സാറിന്റെ സംഭാവനകളെക്കുറിച്ച് ഇ. എം. എസ്. നടത്തുന്ന നിരീക്ഷണങ്ങള്‍ തല്‍പ്പരത്വത്തോടുകൂടിയാണ് ഞാന്‍ കണ്ടു മനസ്സിലാക്കിയത്. നിഷ്പക്ഷതയും ആര്‍ജ്ജവവുമാണ് (sincerity) ഇ. എം. എസ്സിന്റെ ലേഖനത്തിന്റെ മുദ്രകള്‍. കൃഷ്ണപിള്ളസാറിന്റെ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടില്ലെന്നും ‘അനുഭവങ്ങള്‍ അഭിമതങ്ങള്‍’ ‘പ്രതിപാത്രം ഭാഷണഭേദം’ ഈ രണ്ടു കൃതികളേ വായിച്ചുള്ളൂവെന്നും ഇ. എം. എസ്. പറയുന്നുണ്ടെങ്കിലും എല്ലാ കൃതികളും പാരായണം ചെയ്തതിനുശേഷം ആവിഷ്കരിക്കാവുന്ന അഭിപ്രായം പോലെ തന്നെയിരിക്കുന്നു ഇപ്പോഴത്തെ അഭിപ്രായവും. ബുദ്ധിയുള്ളവര്‍ക്കു എഴുത്തുകാരന്റെ ഒന്നോ രണ്ടോ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍മതി. കാതലായ അംശം അവര്‍ കണ്ടെത്തും. അത് കണ്ടെത്തിയിരിക്കുകയാണ് ഇ. എം. എസ്.

ഈ പ്രബന്ധത്തിലെ ഒരു ഭാഗം ഇവിടത്തെ ചില കവികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ എനിക്കു കൗതുകമുണ്ട്. ഇ. എം. എസ്. പറയുന്നു:

“എന്തുകൊണ്ടെന്നാല്‍, പ്രതിഭാശാലികളായ നാടകൃത്തുക്കള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലാണ് ജീവിക്കുന്നത്. ഈ മാറ്റങ്ങളുടെ സ്വാധീനത്തില്‍ നിന്ന് ഒഴിഞ്ഞു നിൽക്കാന്‍ മറ്റു രംഗങ്ങളിലെന്നപോലെ നാടകരംഗത്തു ശോഭിക്കുന്ന വ്യക്തികള്‍ക്കും കഴിയുകയില്ല. സാമൂഹ്യവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളോട് വ്യക്തിപരമായി പ്രതിബദ്ധത പുലര്‍ത്താത്ത കലാകാരന്മാരില്‍പ്പോലും ഈ പരിവര്‍ത്തനങ്ങല്‍ അവയുടെ സ്വാധീനം ചെലുത്തും. അതുകൊണ്ടാണ് മാര്‍ക്സിസ്റ്റ്–ലെനിനിസ്റ്റുകാരായ നിരൂപകരും ആസ്വാദകരും സാമൂഹ്യരാഷ്ട്രീയരംഗങ്ങളില്‍ പരിവര്‍ത്തനം വരുത്തുകയെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വ്വം നടത്തുന്ന രചനകളെ മാത്രം അഭിനന്ദിക്കുകയെന്ന തെറ്റ് ഇപ്പോള്‍ ആവര്‍ത്തികാത്തത്. ബോധപൂര്‍വ്വമായോ അല്ലാതയോ പിന്തിരിപ്പന്‍ ശക്തികളെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാത്തതും ഉയര്‍ന്ന കലാമൂല്യമുള്ളതുമായ എല്ലാ രചനകളെയും സ്വാഗതം ചെയ്യുകയെന്ന സമീപനമാണ് മാര്‍ക്സിസ്റ്റ്–ലെനിനിസ്റ്റുകാര്‍ ഇന്ന് അംഗീകരിക്കുന്നത്.”

കശുവണ്ടി മുതലാളി ലോക്കൗട്ട് നടത്തിയപ്പോള്‍ തൊഴിൽക്കാരി കരഞ്ഞെന്നും അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ചെന്നുവെന്നും പോലീസുകാരന്‍ ഫാക്ടറി തൊഴിലാഴിയെ അടിച്ചെന്നും മറ്റുമുള്ള വിഷയങ്ങള്‍ ഇപ്പോഴും പദ്യത്തിലാക്കി വയ്ക്കുന്നവര്‍ ഈ ഖണ്ഡിക മനസ്സിരുത്തിവായിക്കണം. സ്വന്തം മേശയുടെ പുറത്ത് ഇത് ഫ്രയിം ചെയ്തുവച്ചാലും വേണ്ടില്ല. പദ്യം ചമയ്ക്കാന്‍ തുടങ്ങുന്നതിനു മുമ്പ് അതു വീണ്ടും വായിക്കണം. അതു ചെയ്താല്‍ അറുപഴഞ്ചന്‍ വിഷയങ്ങള്‍ തൂലികയിലൂടെ കടലാസ്സില്‍ വീഴുകയില്ല.

കലയുടെ സാമൂഹികാംശം അതിന്റെ ഉള്ളടക്കത്തിലോ ഐഡിയോളജിയിലോ അല്ല ഇരിപക്കുന്നത് എന്ന അഡോര്‍നോയുടെ അഭിപ്രായം ഇവിടെ ഓര്‍മ്മിക്കത്തക്കതാണ്. കലാപരമായ രൂപമാര്‍ജ്ജിക്കുന്ന ഒരു ആന്തരാംശമുണ്ട്. അതിലാണ് സാമൂഹികാംശമിരിക്കുന്നത്. (Aesthetic theory എന്ന പുസ്തകം നോക്കുക) അഡോര്‍നോ പറയുന്ന കലാപരമായ സത്യം — aesthetic truth — പഴഞ്ചനും പരിചിതവുമായതിനെ പാടേ നിരാകരിക്കുന്നു. അഡോര്‍നോയും ഇ. എം. എസ്സും കണ്ട ഈ സത്യം ഇവിടത്തെ ചില കവികള്‍ കാണാഞ്ഞത് കഷ്ടമെന്നേ പറയേണ്ടൂ.

* * *

റഷ്യന്‍ ദാര്‍ശനികനും മെന്‍ഷിവിക്കുകളുടെ (Mensevik) നേതാവുമായിരുന്ന ഗിയോര്‍ഗി വാലിന്‍റ്റീനോവിച്ച് പ്ലിഹാനോഫ് (Georgi Valentinovish Plakhanov 1857–1918) മനുഷ്യന്റെ മാനസിക ഘടനയനുസരിച്ചാണ് സൗന്ദര്യശാസ്ത്രത്തെ സംബന്ധിക്കുന്ന ആശയങ്ങളുണ്ടാകുന്നതെന്നു പറയുന്നു.

“വന്യമായ ഭൂവിഭാഗത്തില്‍ നമ്മള്‍ ആഹ്ലാദിക്കുന്നത് നഗരത്തിലെ കാഴ്ചകള്‍ കണ്ടു മടുപ്പ് ഉണ്ടായതുകൊണ്ടാണ്. പതിനെട്ടാം ശതാബ്ദത്തിലെ ആളുകള്‍ നഗരത്തിലെ കാഴ്ചകളും പറ്റെവെട്ടിയ പൂന്തോട്ടങ്ങളും കണ്ട് ആഹ്ലാദിച്ചത് വന്യവും വിജനവുമായ പ്രദേശങ്ങളോട് അവയെ താരതമ്യപ്പെടുത്തിയിട്ടാണ്.” (Art and Social Life).

കലയുടെ മണ്ഡലം

കൃഷ്ണപിള്ളസാറിന്റെ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടില്ലെന്നും ‘അനുഭവങ്ങള്‍ അഭിമതങ്ങള്‍’ ‘പ്രതിപാത്രം ഭാഷണഭേദം’ ഈ രണ്ടു കൃതികളേ വായിച്ചുള്ളൂവെന്നും ഇ. എം. എസ്. പറയുന്നുണ്ടെങ്കിലും എല്ലാകൃതികളും പാരായണം ചെയ്തതിനുശേഷം ആവിഷ്കരിക്കാവുന്ന അഭിപ്രായം പോലെ തന്നെയിരിക്കുന്നു ഇപ്പോഴത്തെ അഭിപ്രായവും. ബുദ്ധിയുള്ളവര്‍ക്കു എഴുത്തുകാരന്റെ ഒന്നോ രണ്ടോ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍മതി. കാതലായ അംശം അവര്‍ കണ്ടെത്തും.

യുഗോയുടെ ‘പാവങ്ങള്‍’ എന്ന നോവലിലെ കഥാപാത്രമായ ഷാങ് വല്‍ ഷാങ് വീട്ടിലേക്കു മടങ്ങിപ്പോരുമ്പോള്‍ ദുഃഖിച്ചവനായിരുന്നു. അന്ന് അയാള്‍ക്ക് ഒന്നും കിട്ടിയില്ല. വീട്ടിലാണെങ്കില്‍ സഹോദരിയുടെ കുഞ്ഞുങ്ങള്‍ പട്ടിണിയാണ്. അമ്മാവന്‍ എന്തെങ്കിലും കൊണ്ടുവരുമെന്ന് ആശിച്ച് അവര്‍ ഇരിക്കുകയാണ്. നിരാശതയില്‍ വീണ ഷാങ് വല്‍ ഷാങ് ബേക്കറിയിലെ കണ്ണാടിപ്പെട്ടിയില്‍ ഇരുന്ന റൊട്ടി കണ്ടു. ഒറ്റയടിക്കു കണ്ണാടിപൊട്ടിച്ചിട്ട് റൊട്ടി എടുത്തുകൊണ്ട് ഓടി. അയാളെ പിടികൂടി. കാരാഗൃഹത്തിലുമായി ഷാങ് വല്‍ ഷാങ്. തടവുകാലം കഴിയുന്നതിനു മുമ്പ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴൊക്കെ പിടികൂടപ്പെട്ടു അയാള്‍. അങ്ങനെ പത്തൊന്‍പതുവര്‍ഷം അയാള്‍ കാരാഗൃഹത്തില്‍ കിടന്നു. മറ്റു മാര്‍ഗ്ഗമില്ലാതിരുന്നതുകൊണ്ടാണ് റൊട്ടി മോഷ്ടിച്ചതെന്നു കോടതിയില്‍ വാദിച്ചാലും അന്നു രക്ഷയില്ലായിരുന്നു. കാരണം അക്കാലത്തെ നിയമങ്ങള്‍ അത്ര കഠിനങ്ങളായിരുന്നു എന്നതുതന്നെ.

വിശ്വവിശ്രുതനായ ഫ്രഞ്ചെഴുത്തുകാരന്‍ ഷാങ്ഷെനെ മോഷണം നടത്തിയതിന്റെ പേരില്‍ കാരാഗൃഹത്തിലായി. മറ്റൊരു സാഹിത്യനായകന്‍ കോക്തൗ സര്‍ക്കാരിന് അപേക്ഷകൊടുത്തു അദ്ദേഹത്തെ മോചിപ്പിച്ചു. ഷെനെ ജീനിയസ്സാണ് എന്നാണ് അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചത്. ഇതിനെക്കുറിച്ച് Quentin crisp — ക്വന്‍റ്റന്‍ ക്രിസ്പ് എന്ന ധിഷണാശാലി രസകരമായ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഷെനെ ജീനിയസ്സാണെങ്കില്‍ ജീവിക്കാനുള്ള പണമുണ്ടാക്കാന്‍ പ്രയാസമില്ലല്ലോ. അപ്പോള്‍ മോഷണം കൂടൂതല്‍ നിന്ദ്യമായിത്തീരുന്നു. ജഡ്ജിയുടെ വിധി ഇങ്ങനെ ആകാം: “The court was not previously aware of the prisoner’s many accomplishments. In view of these we see fit to impose death penalty.” എന്തുകെോണ്ട് കോടതി ഇങ്ങനെ പറഞ്ഞില്ല. സര്‍ക്കാരാണല്ലോ ഷെനെയെ മോചിപ്പിച്ചത്. ഇനി കോടതിയാണ് മോചനം നൽകിയതെന്നു വിചാരിക്കൂ. എങ്കിലും ഈ വിധത്തിലൊരു വിധി ഉണ്ടാകുമായിരുന്നില്ല. കാരണം സ്വദേശസ്നേഹത്തിലായിരുന്നു കോക്തൌവിന്റെ ഊന്നല്‍. ദേശസ്നേഹം സാന്മാര്‍ഗ്ഗിക നിയമങ്ങള്‍ക്കും കോടതിനിയമങ്ങള്‍ക്കും ശൈഥില്യം വരുത്തിയിരിക്കുന്നു. ഈ ശൈഥല്യം പെതുവേ എല്ലായിടത്തും ദൃശ്യമാണ്. മകന്‍ അച്ഛനെ കൈവയ്ക്കുന്നത് ഇന്ന് സര്‍വസാധാരണമത്രേ. ചില പിതാക്കന്മാര്‍ മക്കളുടെ അടിമേടിക്കത്തക്കവിധത്തില്‍ അധമൻമാരാണെന്നു ഞാന്‍ സമ്മതിക്കുന്നു. എന്നാലും പിതാപുത്രബന്ധത്തിന്റെ ലയത്തിനു പണ്ടുള്ള ലയത്തില്‍ നിന്ന് വ്യത്യാസമുണ്ട്. പ്രാചീനകാലത്ത് അച്ഛന്‍ തെമ്മാടിയാണെങ്കിലും മകന്‍ ക്ഷമയോടെ വര്‍ത്തിക്കുമായിരുന്നു. ഇന്ന് അതല്ലസ്ഥിതി.

ഒ. പി. ജോസഫ് കലാകൗമുദിയിലെഴുതിയ ‘നാലാം പ്രമാണം’ എന്ന കഥയിലെ മകന്‍ അച്ഛനെ അടിക്കുന്നില്ല. തെണ്ടി എന്നുവിളിക്കുന്നതേയുള്ളു. ഒരിക്കല്‍ വിളിച്ചത് ആവര്‍ത്തിക്കുമെന്നു മകന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ അവനെ ചവിട്ടിപ്പുറത്താക്കി. അവന്‍ തിരിച്ചുവരുന്നില്ലെന്നു കണ്ടപ്പോള്‍ അയാള്‍ക്കു ദുഃഖം. സ്നേഹമെന്നമൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് കഥാകാരന്‍. അനുകരണാത്മകമായ പ്രതിപാദനത്തെ ഒഴിവാക്കി കലയുടെ മണ്ഡലത്തിലേക്കു ജോസഫ് കഥയെ ഉയര്‍ത്തിയിരിക്കുന്നു.

അലിഗറി

ഞാന്‍ ഏററവും വെറുക്കുന്ന ഒരു സാഹിത്യരൂപമാണ് അലിഗറി — ലാക്ഷണിക കഥ. അതിനാല്‍ പി. സോമന്റെ “കുശിനിപ്പുരയുടെ പ്രശ്നങ്ങ്ള്‍” എന്ന ചെറുകഥ (ദോശാഭിമാനി വാരിക) എനിക്ക് ഇഷ്ടപ്പെട്ടില്ല. (വെറുക്കുന്നു എന്നെഴുതാത്തത് സോമന്‍ എന്റെ ശിഷ്യനായിരുന്നു എന്നതിനാലാണ്) തറവാട്ടിനെ ആര്‍ക്കും സ്നേഹമാണല്ലോ. ആ ഭാവനത്തിന്റെ അടുക്കളയുടെ ‘മേല്‍ക്കൂര മാററിപ്പണിയണോ വേണ്ടയോ എന്ന ചിന്ത. അതുചെയ്യേണ്ട രണ്ടു മേസ്തിരിമാരും ശത്രുക്കള്‍. അങ്ങനെ കാര്യങ്ങള്‍ “തര്‍ക്കവ്രണിത”ങ്ങളായി പുരോഗമിക്കുമ്പോള്‍ ഇടിയുടെ മിന്നലും കാററും വന്നു മേല്‍ക്കൂര കിടുങ്ങുന്നു. മഴവെളളം ചിന്തിവലകളോടൊപ്പം കറുത്ത രക്തംപോലെ ഒഴുകിയിറങ്ങുന്നു. വാസ്തവികത്വമുള്ള ആഖ്യാനം മാത്രമാണ് ഇതെങ്കില്‍ കലാഹൃദയത്തിന്റെ സ്പന്ദനമില്ല. അതല്ല ഭാരതത്തിന്റെ ശോചനീയാവസ്ഥയാണ് കഥാകാരന്റെ വിഷയമെങ്കില്‍ ഒരു വലിയ പ്രതിപാദത്തെ അടുക്കളയിലേക്കു ഒതുക്കി സങ്കുചിതത്വം വരുത്തുന്നു എന്നു പറയേണ്ടതായിവരും. ഇത് ഇക്കഥയുടെ മാത്രം ദോഷമല്ല. എല്ലാ അലിഗറികളുടെയും ദോഷമാണ്. ലാക്ഷണികകഥകള്‍ എപ്പോഴും രാഷ്ട്രവ്യവഹാരത്തിന്റെ മാനങ്ങളെയും സമൂഹത്തിന്റെ മാനങ്ങളെയും പരിഹാസജനകമായ വിധത്തില്‍ ലഘൂകരിച്ചുകളയും. അതിനാലാണ് ഹേഗലും ക്രോചെയും ലൂക്കോച്ചും അലിഗറി കലയല്ല എന്നുപറഞ്ഞത്.

ദിനക്കുറിപ്പുകള്‍

ടെലിവിഷന്‍ കാണാറില്ല ഞാന്‍. കുട്ടികളാരോ സെററ് പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ബോക്സിങ് നടക്കുന്നു. എന്തൊരു അപരിഷ്കൃതവും ജുഗുപ്സാവഹവുമായ ഏര്‍പ്പാട്! തമ്മിലിടിക്കുന്നവര്‍ക്ക് എന്തോ മാനസികരോഗമാണ്. ഈ കാട്ടാളത്തം കണ്ടുരസിക്കുന്നവര്‍ക്കും അതേ രോഗം തന്നെ.

രാത്രി 8.10. വ്യക്തികള്‍ക്ക് എതിരായി ആശ്വാസം പ്രദാനം ചെയ്യുന്നതിനു കലയ്ക്കു സാധിക്കും. പക്ഷേ യാഥാര്‍ത്ഥ്യത്തിന് എതിരായി അതിനൊന്നും കഴിയുകയില്ല എന്നു റോമാങ് റൊളാങ് എവിടെയോ എഴുതിയിട്ടുണ്ട്. ശരിയല്ലേ? പഞ്ചാബിലും കാശ്മീരിലും അപരാധം ചെയ്യാത്തവരെകൊന്നൊടുക്കുമ്പോള്‍ കലയ്ക്കു എന്തുചെയ്യാനാവും? വഴിപിഴച്ച നിരൂപണത്തിനു യാഥാര്‍ത്ഥ്യത്തെ ഹനിക്കാനാവുമോ? 1987–ലെ നോബല്‍ സമ്മാനം വാങ്ങിയ യോസിഫ് ബ്രൊഡ്സ്കിയുടെ ഉപന്യാസസമാഹാരം ഞാന്‍ ഈ സമയത്ത് വായിക്കുകയാണ്. ജോയിസ്, മ്യൂസില്‍, കാഫ്കാ, ഇവരെക്കാള്‍ വലിയ എഴുത്തുകാരനാണ് റഷ്യാക്കാരനായ Platonov എന്നു ബ്രോഡ്സ്കി പറയുന്നു. കുറേപ്പേരെങ്കിലും ഇതു വിശ്വസിക്കും. പരിഭാഷകള്‍ ഏറെക്കിട്ടാത്തതുകൊണ്ടാണ് ഇതു വിശ്വാസ്യമാകാത്തതെന്ന് ബ്രോഡ്സ്കി പറയുമ്പോള്‍ ഏറെപ്പേര്‍ അദ്ദേഹത്തിന്റെ പ്രസ്താവം ശരിയാണെന്നു കരുതിയേക്കും. അതുകൊണ്ട് നിരൂപണത്തിന് യാഥാര്‍ത്ഥ്യത്തെ ഹനിക്കാനാവും.

8.20. ടെലിവിഷന്‍ കാണാറില്ല ഞാന്‍. കുട്ടികളാരോ സെററ് പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ബോക്സിങ് നടക്കുന്നു. എന്തൊരു അപരിഷ്കൃതവും ജുഗുപ്സാവഹവുമായ ഏര്‍പ്പാട്! തമ്മിലിടിക്കുന്നവര്‍ക്ക് എന്തോ മാനസികരോഗമാണ്. ഈ കാട്ടാളത്തം കണ്ടുരസിക്കുന്നവര്‍ക്കും അതേ രോഗം തന്നെ.

8.35. ബ്രോഡ്സ്കിയുടെ പുസ്കം താഴെ വച്ചിട്ട Ted Morgan എഴുതിയ Literary Outlaw: The Life and Times of William S. Burroughs എന്ന ജീവചരിത്രം വായിക്കാനെടുത്തു. ഈ മനുഷ്യന്‍ ഭാര്യയെ വെടിവച്ചുകൊന്നവനാണ് എന്നു വായിച്ചതോടെ ആ പുസ്തകവും താഴെവച്ചു. നോര്‍മന്‍ മെയ്ലര്‍ ഭാര്യയെ കത്തികൊണ്ടുമലര്‍ത്തി എന്നറിഞ്ഞതില്‍പ്പിന്നെ ഞാന്‍ അയാളുടെ ഒരു പുസ്തകവും വായിച്ചിട്ടില്ല. ഭാര്യയെ വെടിവച്ചു കൊന്നതുകരുതിക്കൂട്ടിയല്ല, അങ്ങ് അറിയാതെ പററിപ്പോയതാണ് എന്നു ജീവചരിത്രത്തില്‍ കണ്ടിട്ടും തുടര്‍ന്നുവായിക്കാനായില്ല.


  1. സസ്യം എന്നതു ചെടി എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു.