സാഹിത്യവാരഫലം 1998 10 23
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | സമകാലികമലയാളം |
തിയതി | 1998 10 23 |
മുൻലക്കം | 1998 10 16 |
പിൻലക്കം | 1998 10 30 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
Contents
ആധ്യാത്മിക പരിമളം
സ്വാമി രാമന്റെ “Living with the Himalayan Masters” എന്ന പുസ്തകത്തില്‍ കണ്ടതാണു താഴെച്ചേര്‍ക്കുന്ന ഭാഗം:
- “വായില്‍ നിന്നു തീയുണ്ടാക്കാന്‍ കഴിഞ്ഞ ഒരു സ്വാമിയെ ഞാന്‍ ഒരിക്കല്‍ കണ്ടു. അനേകമടി ദൂരത്തേക്കാണ് ആ അഗ്നിജ്വാല പാഞ്ഞുചെന്നത്. ഇതു സത്യമാണോ എന്നറിയാന്‍ വേണ്ടി ഞാന്‍ ചില പരിശോധനകള്‍ നടത്തി. ഫോസ്ഫെറസ് പോലെയുള്ള വല്ലതും പ്രസരിപ്പിക്കുകയാണോ എന്ന സംശയം തീര്‍ക്കാന്‍ വേണ്ടി ഞാന്‍ സ്വാമിയോടു വായ് കഴുകാന്‍ പറഞ്ഞു. എന്റെ സ്നേഹിതന്മാരെക്കൊണ്ടും ഞാന്‍ അദ്ദേഹത്തെ പരിശോധിപ്പിച്ചു. സ്വാമി സത്യസന്ധനാണെന്നു ഗ്രഹിച്ച ഞാന്‍ തീരുമാനത്തിലെത്തി. “ഈ മനുഷ്യന് എന്റെ ആചാര്യനെക്കാളും പുരോഗമിച്ചവനാണ്. തീര്‍ച്ച.”
- സ്വാമി എന്നോടു പറഞ്ഞു: “നിങ്ങള്‍ നിങ്ങളുടെ ആചാര്യനോടൊരുമിച്ചു കഴിഞ്ഞ് സമയവും ശക്തിയും നഷ്ടപ്പെടുത്തുകയാണ്. എന്നോടു കൂടി വരു. ഞാന്‍ യഥാര്‍ത്ഥമായ അറിവു നല്‍കാം. തീയുണ്ടാക്കുന്നത് എങ്ങനെയെന്നു ഞാന്‍ കാണിച്ചു തരാം.”
- (സ്വാമി രാമന് ഈ അദ്ഭുത പ്രക്രിയ ആചാര്യനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ ആചാര്യന് ആവശ്യപ്പെട്ടു. ഇരുപത്തിമൂന്നുനാഴിക അകലെ ഹിമാലയ പര്‍വ്വതത്തില്‍ പാര്‍ക്കുന്ന ആ ‘അഗ്നിജ്ജിഹ്വനെ’ രണ്ടു ദിവസത്തെ യാത്രയ്ക്കുശേഷം സ്വാമി രാമന് കണ്ടു. അദ്ദേഹം രാമന്റെ ആചാര്യനെ കണ്ടയുടനെ തല കുനിച്ചു. അദ്ദേഹത്തിന്റെ മഠത്തില്‍ കുറെക്കാലം കഴിഞ്ഞുകൂടിയവനായിരുന്നു തീസ്സ്വാമി. ആചാര്യന് ചോദിച്ചു “നീ എന്താണ് ചെയ്തുകൊണ്ടിരുന്നത്?”)
- തീസ്സ്വാമി മറുപടി നല്കി: “ഗുരോ വായില്‍ നിന്നു തീയുണ്ടാക്കാന്‍ ഞാന്‍ പഠിച്ചു”.
- അഗ്നി അദ്ദേഹത്തിന്റെ വായില്‍ നിന്നു ചാടുന്നതുകണ്ട് എന്നോടു ആചാര്യന് കല്പിച്ചു: “അയാളോടു ചോദിക്കു എത്ര വര്‍ഷം കൊണ്ട് ഇതു പഠിച്ചുവെന്ന്”
- “ഇതു പ്രയോഗിക്കാന്‍ ഇരുപതുകൊല്ലത്തെ അഭ്യാസം വേണ്ടിവന്നു എനിക്ക്” എന്നു സ്വാമിയുടെ മറുപടി.
- എന്റെ ആചാര്യന് തീസ്സ്വാമിയോടു കൂടി പോകാനാഗ്രഹിച്ച എന്നോട് പറഞ്ഞു: “ഒരു സെക്കന്‍ഡ് കൊണ്ട് ഒരു തീപ്പെട്ടിക്കോല് തീയുണ്ടാക്കുമല്ലോ. വായില്‍ നിന്നു തീയുണ്ടാക്കാന്‍ ഇരുപതുകൊല്ലം വേണമെങ്കില്‍ നീ മണ്ടനാണ്. എന്റെ കുഞ്ഞേ ഇതു അറിവല്ല” പിന്നീട് ഞാന്‍ മനസ്സിലാക്കി ഇത്തരം സിദ്ധികള്‍ക്ക് ആധ്യാത്മികതയുമായി ഒരു ബന്ധവുമില്ലെന്ന്.
ഇമ്മട്ടിലുള്ള പല കഥകളുടെയും വിവരണങ്ങളുടെയും സമാഹാരമാണ് 487 പുറങ്ങളുള്ള ഇപ്പുസ്തകം.
നമ്മുടെ പാരമ്പര്യം ഭാരതിയാണെന്നു രാമന് പറയുന്നു. ഭാ എന്നാല്‍ ജ്ഞാനം. രതി എന്നാല്‍ സ്നേഹം. ഭാരതിയുടെ അര്‍ത്ഥം ജ്ഞാനത്തോടുള്ള സ്നേഹം
സ്വാമി രാമന്റെ ആത്മകഥയാണ് ഈ ഗ്രന്ഥമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതു രചിച്ചത് അദ്ദേഹത്തിന്റെ ശിഷ്യനായ സ്വാമി അജയനാണ്. ശാസ്ത്രജ്ഞനും തത്വചിന്തകനും യോഗിയുമൊക്കെയായിരുന്ന സ്വാമി രാമന്റെ ശിഷ്യനും സന്തത സഹചാരിയുമായ സ്വാമി അജയന് ഗുരുവിന്റെ പ്രഭാഷണങ്ങളില്‍ നിന്നും ഡയറികളില്‍ നിന്നും സമാഹരിച്ചതെല്ലാം കൈയെഴുത്തു പ്രതിയാക്കി സ്വാമി രാമന്റെ മുന്പില് കൊണ്ടുവച്ചു. “എന്തൊരു ഭാരമാണ് നീ ഇന്നു കൊണ്ടുവന്നിരിക്കുന്നത്” എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം അതുവാങ്ങി വച്ചു. രണ്ടുകൊല്ലത്തേക്കു രാമന് അതു തൊട്ടില്ല. അപ്പോള്‍ സ്വാമി അജയന്റെ സുഹൃത്തുക്കളുടെ നിര്‍ദ്ദേശമനുസരിച്ച് അദ്ദേഹം കഥകളെ പുനസ്സംവിധാനം ചെയ്തു. കഴിയുന്നിടത്തോളം സ്വാമി രാമന്റെ വാക്കുകളില്ത്തന്നെയാണ് ആത്മകഥ രൂപം കൊണ്ടിരിക്കുന്നത്. എല്ലാം ആധ്യാത്മികത്വത്തിന്റെ വിശുദ്ധരശ്മികള്‍ വീണ കഥകള്‍. അവ സ്വാമി രാമന്റെ ജീവിതകഥ എന്നതിനെക്കാള്‍ അദ്ദേഹത്തിന്റെ ആധ്യാത്മിക വികാസത്തിന്റെ കഥയാണ്. ഏതു പാമരനും ഗ്രഹിക്കത്തക്ക വിധത്തില്‍ ഗഹനങ്ങളായ ആധ്യാത്മികതത്ത്വങ്ങളെ ഇതില്‍ ലളിതമായി. അവക്രമായി പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥം വായിച്ചു കഴിയുമ്പോള്‍ സ്വാമി രാമന് ആധ്യാത്മികതയുടെ അധിത്യകയില്‍ എത്തിനില്ക്കുന്നതു നമ്മള് കാണും. പല കഥകളും അദ്ദേഹം ആഖ്യാനം ചെയ്യുമ്പോള്‍ വിശ്വസിക്കാന്‍ വയ്യ എന്നു നമ്മള് പറഞ്ഞുപോകും. എങ്കിലും ഋഷിതുല്യനായ സ്വാമി രാമന്റെ രസന കള്ളം പറയുകയില്ലെന്നു നമ്മള് സ്വയം ഉദ്ഘോഷിക്കുകയും ചെയ്യും.
അധ്യാത്മവാദിയുടെ പ്രധാനപ്പെട്ട ലക്ഷണം നിസ്സ്വാര്‍ത്ഥമായ മാനസിക നിലയാണ്. ഏതു വ്യക്തിയില്‍ അതില്ലയോ അയാള്‍ ആധ്യാത്മികത്വത്തില്‍ ചെന്നവനല്ല. നിം കരോലി ബാബ എന്നൊരു ആചാര്യനെ സ്വാമി രാമന് അറിയാമായിരുന്നു. ബാബയുടെ ശിഷ്യനായ ഒരു ഔഷധ വ്യാപാരി അദ്ദേഹത്തെ കാണാനെത്തി. ബാബ അയാളെ കണ്ടയുടനെ പറഞ്ഞു:“എനിക്കു വിശക്കുന്നു. നീ എന്താണ് കൊണ്ടുവന്നിരിക്കുന്നത്?” “ഇത് ആഴ്സനിക്കാണ് (പാഷാണമാണ്) ഞാന്‍ അങ്ങേയ്ക്ക് അല്പസമയത്തിനുള്ളില് ഭക്ഷണം കൊണ്ടുതരാം” എന്ന് ഔഷധ വ്യാപാരി പറഞ്ഞു. ബാബ അയാളുടെ കൈയില്‍ നിന്ന് പാഷാണം തട്ടിപ്പറിച്ച് മുഴുവനും വായിലേക്കിട്ടു. വെള്ളവും കുടിച്ചു. ബാബ മരിക്കുമെന്നു വ്യാപാരി വിചാരിച്ചെങ്കിലും അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. ആധ്യാത്മികതയുടെ മൂര്ത്തിമദ്ഭാവമായവരെ വിഷത്തിനുപോലും ഒന്നും ചെയ്യാന്‍ കഴിയുകയില്ല എന്ന സത്യം പരോക്ഷമായി നമ്മളെ ഗ്രഹിപ്പിക്കുകയാണ് ഈ സംഭവം.
സ്വാമി രാമന് മഹാത്മഗാന്ധിയോടൊരുമിച്ച് വാര്ദ്ധ ആശ്രമത്തില്‍ താമസിച്ചിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍ ഒരു കുഷ്ഠരോഗിയെ ഗാന്ധിജി പരിചരിക്കുന്നത് അദ്ദേഹം കണ്ടു. കുഷ്ഠരോഗി സംസ്കൃത പണ്ഡിതനായിരുന്നു. ദേഷ്യക്കാരനായ അദ്ദേഹത്തെ സ്നേഹത്തോടെയാണ് മഹാത്മാവ് പരിചരിച്ചത്. സ്വാമി രാമന്റെ ആചാര്യന് അദ്ദേഹത്തോടു പറഞ്ഞിരുന്നു ഗാന്ധിജി നടക്കുന്നതെങ്ങനെയെന്നു നോക്കിക്കൊള്ളണമെന്ന്. രാമന് ഗാന്ധിജിയുടെ നടത്തം നിരീക്ഷിച്ചു. മറ്റുള്ള സന്ന്യാസിശ്രേഷ്ഠന്മാരുടെ നടത്തത്തില്‍ നിന്നു വിഭിന്നമായിരുന്നു മഹാത്മാവിന്റെ നടത്തം. തന്റെ ശരീരത്തില്‍ നിന്നു വേര്‍പെട്ടു നടക്കുമ്പോലെയായിരുന്നു ഗാന്ധിജി നടന്നത്. അദ്ദേഹത്തിന് (ഗാന്ധിജിക്ക്) മൂന്നുപേരായിരുന്നു ഗുരുക്കന്മാര്; ക്രിസ്തു, കൃഷ്ണന്. ബുദ്ധന് രാത്രിയും പകലും സ്നേഹത്തിന്റെ അഗ്നി മഹാത്മജിയില്‍ ജ്വലിച്ചുനിന്നുവെന്ന് സ്വാമി രാമന് എഴുതുന്നു. ഗാന്ധിജിയുടെ മകന് രാമദാസിനെ സ്വാമി രാമന് ഹിമാലയത്തിലെ മനോഹരമായ ഒരു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി. ഗാന്ധിജിയെ കണ്ടതുപോലെ സ്വാമി രാമന് രവീന്ദ്രനാഥ ടാഗോറിനെയും രമണ മഹര്‍ഷിയെയും സന്ദര്‍ശിച്ചു.
അരവിന്ദഘോഷിനെയും അദ്ദേഹത്തിന്റെ ആശ്രമത്തിലെ അമ്മയെയും കാണാന്‍ സ്വാമി രാമന് ചെന്നു. പല തവണ അരവിന്ദനെ രാമന് കണ്ടു. “His personality was very overpowering and inspiring. I started respecting his modern and intellectual approach of integral Yoga” എന്നാണ് അദ്ദേഹത്തെക്കുറിച്ച് സ്വാമി രാമന്റെ നിരീക്ഷണം.
ഒരു ജസൂയിറ്റ് സാധുവിനെ രാമന് കണ്ടതും രസകരമായ സംഭവമാണ്. കുങ്കുമവര്‍ണ്ണത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കഴുത്തില്‍ കുരിശു തൂക്കി നടന്ന ആ സാധുവിനോടു ക്രിസ്തുമതത്തിന്റെ പ്രായോഗികാംശങ്ങളെക്കുറിച്ച് സ്വാമി രാമന് സംസാരിച്ചു. സംസ്കൃതത്തിലും ഇംഗ്ലീഷിലും പല ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാണ്ഡിത്യമുള്ള ആ ജസൂയിറ്റ് സാധുവിന്റെ ഉറച്ച വിശ്വാസം ക്രിസ്തു ഹിമാലയത്തില്‍ കുറെക്കാലം പാര്‍ത്തിരുന്നു എന്നത്രേ. ക്രിസ്തുവിനോടൊരുമിച്ചു താന്‍ നടക്കുന്നുവെന്ന് സാധു പറഞ്ഞു. രണ്ടായിരം കൊല്ലങ്ങള്‍ക്കു മുന്‍പ് ജീവിച്ച ക്രിസ്തുവുമായി നടക്കുന്നതെങ്ങനെയെന്നു രാമന്റെ സംശയം. സാധുചിരിച്ചിട്ടു പറഞ്ഞു: “എന്തൊരു അജ്ഞത. ക്രിസ്തുവെന്നു പറഞ്ഞാല്‍ അന്യൂനാവസ്ഥയാണ്. ഏകത്വത്തിന്റെ അവസ്ഥ. സത്യത്തിന്റെ അവസ്ഥ. സത്യം അനശ്വരമാണ്.” സ്വാമി രാമന് സാധുവിന്റെ ‘ക്രിസ്തുബോധം’ നന്നേ ഇഷ്ടപ്പെട്ടു.
സ്വാമി രാമന് ശങ്കരാചാര്യ പീഠങ്ങളിലൊന്നിന്റെ അധിപതിയായി ആരോഹണം ചെയ്തിരുന്നു ഇതിനകം. ആധ്യാത്മികത്വത്തിലെ അന്തസ്സു് പൊള്ളയായ അന്തസ്സാണെന്നു ഗ്രഹിച്ച രാമന് അതുപേക്ഷിച്ച് കാശ്മീരിലെ അമര്‍നാഥ് ഗുഹയിലേക്കു പോയി. ഒരു കാശ്മീരി പണ്ഡിറ്റായിരുന്നു അദ്ദേഹത്തിനു വഴി കാണിച്ചു കൊടുത്തത്. യേശുക്രിസ്തു കാശ്മീരില്‍ ധ്യാനനിരതനായി വര്ത്തിച്ചിരുന്നുവെന്നായിരുന്നു ആ പണ്ഡിറ്റിന്റെ വിശ്വാസം. അതിനു മൂന്നു തെളിവുകള്‍ അദ്ദേഹം നല്കി. യേശു ധരിച്ചിരുന്ന കഞ്ചുകം കാശ്മീരിലെ കഞ്ചുകമാണ്. അദ്ദേഹം തലമുടി വളര്‍ത്തിയതും കാശ്മീരിലെ രീതിക്കു സദൃശമായിട്ടാണ്. ക്രിസ്തുവിന്റെ അദ്ഭുതകൃത്യങ്ങള്‍ യോഗത്തിലുള്ള അദ്ഭുതകൃത്യങ്ങള്‍ പോലെയാണ്. യേശുക്രിസ്തു പതിമ്മൂന്നാമത്തെ വയസ്സില്‍ ഏഷ്യാമൈനര്‍ വിട്ടു പോവുകയും മുപ്പതു വയസ്സ് ആകുന്നതുവരെ കാശ്മീര്‍ താഴ്വരയില് ജീവിക്കുകയും ചെയ്തുവെന്നു പണ്ഡിറ്റ് സ്വാമി രാമനോടു പറഞ്ഞു.
നമ്മുടെ പാരമ്പര്യം ഭാരതിയാണെന്നു രാമന് പറയുന്നു. ഭാ എന്നാല്‍ ജ്ഞാനം. രതി എന്നാല്‍ സ്നേഹം. ഭാരതിയുടെ അര്‍ത്ഥം ജ്ഞാനത്തോടുള്ള സ്നേഹം (ജ്ഞാനത്തെ സ്നേഹിക്കുന്നവന് എന്ന് സ്വാമി രാമന്) ഭാരതം എന്ന വാക്കിന്റെ അര്‍ത്ഥം ആധ്യാത്മികജ്ഞാനമെന്നാകുന്നു. അഹങ്കാരത്തെ ദൂരീകരിച്ച് മഹാനായ ഒരാചാര്യന് ആധ്യാത്മികജ്ഞാനമാര്ജ്ജിച്ചതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ ഇപ്പുസ്തകം സഹായിക്കും. (Himalaya International Institute of Yoga, Science and Philosophy of the U.S.A., Rs 295.)
സ്വാമി രാമന് 1925-ല്‍ വടക്കേയിന്ത്യയില്‍ ജനിച്ചു. ഹിമാലയ പര്‍വ്വതത്തിന്റെ താഴ്വരയില് ജീവിച്ച ഒരു മഹായോഗിയുടെ ശിഷ്യനായി ആധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു. ബാംഗ്ലൂര്‍, പ്രയാഗ, ഓക്സ്ഫഡ് സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം. ഇരുപത്തിനാലാമത്തെ വയസ്സില്‍ ശങ്കരാചാര്യരായി. 1952-ല്‍ അതു ഉപേക്ഷിച്ച് ഹിമാലയത്തിലേക്കു പോന്നു. ആചാര്യന്റെ ഉപദേശമനുസരിച്ച് പടിഞ്ഞാറന്‍ തത്ത്വചിന്ത പഠിച്ചു. മോസ്കോയില്‍ പാരാസൈക്കോളോജിക്കല് ഗവേഷണത്തെ സഹായിച്ചു. തിരിച്ച് ഇന്ത്യയിലെത്തി ഹിമാലയത്തില്‍ ആശ്രമം സ്ഥാപിച്ചു. 1996-ല്‍ അദ്ദേഹം പ്രത്യക്ഷശരീരം ഉപേക്ഷിച്ചു.
ചോദ്യം, ഉത്തരം
“മൂടല്‍മഞ്ഞിലൂടെ കാണപ്പെടുന്ന പൂര്ണ്ണചന്ദ്രന്?” “അറുപതുവയസ്സു കഴിഞ്ഞിട്ടും രതിഭാവം മുഖത്തുകാണിച്ച് നില്ക്കുന്ന സ്ത്രീയെപ്പോലെ”
“വേദം, വേദാന്തം, ഭഗവദ്ഗീത ഇവയെക്കുറിച്ച് സായാഹ്നങ്ങളില്‍ പ്ലാറ്റ്ഫോമില്‍ കയറിനിന്നു വാതോരാതെ പ്രസംഗക്കുന്നവരെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?”
- “പുസ്തകങ്ങള്‍ വായിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ അവര്‍ ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന മട്ടില്‍ പറയുന്നതേയുള്ളു. ബ്രഹ്മം, മായ എന്നൊക്കെ അവര്‍ ഉദ്ഘോഷിക്കും. എന്നാല്‍ തികഞ്ഞ അജ്ഞതയാണ് അവര്‍ക്ക് അതിനെസ്സംബന്ധിച്ചുള്ളത്. ഭാരതത്തില്‍ ശ്രീരാമകൃഷ്ണനോ രമണ മഹര്‍ഷിയോ അവയുടെ അഗാധതയിലേക്കു ചെന്നിരിക്കും. അത്രേയുള്ളു. ഇക്കൂട്ടര്‍ - സായാഹ്ന പ്രഭാഷകര്‍ - വെറും വാക്കുകള്‍ എടുത്തു പന്താടുന്നു. സഹജാവബോധം കൊണ്ട് ബ്രഹ്മമെന്തെന്നു ഗ്രഹിക്കാത്ത ഇവര്‍ അക്കാരണത്താലാണ് ലൗകികജീവിതം നയിക്കുന്ന നമ്മളെക്കാള്‍ മോശമായ രീതിയില്‍ പെരുമാറുന്നത്. എനിക്കറിയാവുന്ന ഈ ‘വേദാന്തികള്‍’ ബാങ്ക് ബാലന്‍സ് ദിവസവും കൂട്ടിക്കൊണ്ട്. അന്യന്റെ മുതല്‍ പിടിച്ചു പറിച്ചുകൊണ്ട് ‘മാ ഗൃധ: കസ്യ സ്വിദ്ധനം’ എന്ന് അലറുന്നു. ഹിപ്പൊക്രസി”
“വൃദ്ധന്മാരുടെ കാമചാപല്യങ്ങള്‍ പരിഹസിക്കപ്പെടേണ്ടവയല്ലേ?”
- “നിലംപതിക്കാറായ വന്മരം ഒരു ദിവസം കാലത്ത് മനോഹരമായ പൂ വിടര്‍ത്തി നില്ക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്”
“കോഴി കൂവിയാണോ പ്രഭാതത്തെ വരുത്തുന്നത്?”
- “ഒരു ദിവസം ഞാന്‍ രാത്രി അര്‍ദ്ധനിദ്രയിലാണ്ടു കിടന്നപ്പോള്‍ കോഴി കൂവുന്നതു കേട്ടു ചാടിയെഴുന്നേറ്റ് നേരം വെളുത്തു എന്ന വിചാരത്തോടെ വാച്ച് നോക്കി. സമയം രാത്രി രണ്ടുമണി. സുഖമായി കാലത്ത് ആറുമണി വരെ ഉറങ്ങുന്ന നിങ്ങള്‍ക്ക് ആ നിദ്രയാണ് പ്രഭാതത്തെ ആനയിക്കുന്നത്”
“കഴിഞ്ഞകാലം എന്നെ വേദനിപ്പിക്കുന്നു സാറേ. ഞാന്‍ എന്തുചെയ്യണം?”
- “നമ്മള് കഴിഞ്ഞ കാലത്താണു ജീവിക്കുന്നത്. ‘These roses under my window make no reference to former roses or to better ones; they are for what they are… There is no time for them’ എന്ന് എമെ(ഴ്)സന് പറഞ്ഞതാവട്ടെ നിങ്ങളുടെ മുദ്രാവാക്യം”
“സാഹിത്യത്തില്‍ അശ്ലീലമെഴുതുന്നതു ശരിയാണോ?”
- “അശ്ലീലത. നഗ്നത ഇവയൊന്നും ആരെയും ചലനം കൊള്ളിക്കുന്നില്ല ഇന്ന്. സ്ത്രീയുടെ നഗ്നതകണ്ട് ഇന്നത്തെ യുവാക്കന്മാര്‍ക്കു പോലും ഒരിളക്കവും കൂടാതെ കഴിയാന്‍ സാധിക്കും. ലൈംഗികത്വത്തിന്റെ ആകര്‍ഷകത്വവും ‘എയ്ഡ്സ്’ വന്നതിനുശേഷം ഇല്ലാതായിരിക്കുന്നു. ഇപ്പോള്‍ പുരുഷന്റെ അടുത്തു പോകാന്‍ സ്ത്രീക്കു പേടിയാണ്. സ്ത്രീയെ സ്പര്‍ശിക്കാന്‍ പുരുഷനും ഭയം”
“മൂടല്‍മഞ്ഞിലൂടെ കാണപ്പെടുന്ന പൂര്ണ്ണചന്ദ്രന്?”
- “അറുപതുവയസ്സുകഴിഞ്ഞിട്ടും രതിഭാവം മുഖത്തുകാണിച്ച് നില്ക്കുന്ന സ്ത്രീയെപ്പോലെ”
“മെല്‍വിലിന്റെ ‘മോബിഡിക്കി’ന്റെ സവിശേഷതയെന്ത്?”
- “Great art എന്നതാണ് ആ നോവല്‍. തിമിംഗലം വേട്ടയാണ് വിഷയമെങ്കിലും അതിന്റെ സങ്കുചിതലോകത്ത് നിന്നു വായനക്കാരനെ മോചിപ്പിച്ച് ആ കലാശില്പം കാലമില്ലാത്ത ഒരു അവസ്ഥയിലേക്കു വായനക്കാരനെ കൊണ്ടുചെല്ലുന്നു. ‘War and Peace’, ‘Brothers Karamazov’ ഈ നോവലുകള്‍ ഇതുതന്നെയാണ് അനുഷ്ഠിക്കുന്നത്. ഇവയ്ക്കു സദൃശങ്ങളായ മറ്റു കൃതികള്‍ പത്തൊന്‍പതാം ശതാബ്ദത്തിനുശേഷം ഉണ്ടായിട്ടില്ല”
പാരായണം അവസാനിപ്പിക്കല്‍
ബ്രിട്ടീഷ് കവിയും നോവലിസ്റ്റുമായ വൊള്‍ട്ടര്‍ ഡിലമറിന്റെ (Walter de la Mare 1873-1956) കാവ്യങ്ങളെ അവലംബിച്ച് ഡി ലിറ്റിനു ‘തീസിസ്’ തയ്യാറാക്കിയ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും തിരുവനന്തപുരത്തെ ഒരു പുസ്തകക്കടയില്‍ ചെന്ന് ആ കവിയുടെ സമ്പൂര്‍ണ്ണകൃതികള്‍ വാങ്ങിച്ചു. തിരിച്ചു പോരുമ്പോള്‍ കാഴ്ചബംഗ്ലാവിന്റെ മുന്‍വശത്തുള്ള പൂന്തോട്ടത്തില്‍ ഇരുന്നു. സുഹൃത്ത് ഡിലമറിന്റെ കാവ്യഗ്രന്ഥം തുറന്ന് ഒന്നു നോക്കി. അരുണിമയാര്‍ന്ന മുഖത്തോടെ അദ്ദേഹം പുസ്തകം അടച്ചു വച്ചിട്ട് എന്നെ നോക്കി പുഞ്ചിരി പൊഴിച്ചു. വികാരഭരിതനായി കുറെനേരമിരിക്കുകയും ചെയ്തു. ‘എന്താ കാര്യം?’ എന്നു ഞാന്‍ ഉത്കണ്ഠയോടെ ചോദിച്ചപ്പോള്‍ ‘ഞാന്‍ ‘The Listeners’ എന്ന കവിത വായിക്കുകയായിരുന്നു. ചെറിയ കവിത. അതു വായിച്ചുതീര്‍ന്നാല്‍ എന്റെ സൗന്ദര്യാസ്വാദനവും തീര്‍ന്നു പോകുമല്ലോ എന്നു കരുതി അതു പൂര്‍ണ്ണമായും വായിക്കാതെ ഞാന്‍ പുസ്തകം അടയ്ക്കുകയായിരുന്നു’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ‘എന്തൊരു ഹിപ്പൊക്രസി’ എന്ന് മനസ്സില്‍പ്പറഞ്ഞു ഞാന്‍ സ്നേഹിതനെ തെല്ലു പുച്ഛത്തോടെ നോക്കി. കുറെക്കഴിഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു പിരിയുകയും ചെയ്തു. അന്നു മുഴുവന്‍ സമയവും ഞാന്‍ ആ ചങ്ങാതിയുടെ — ഡിലറ്റാന്റിയുടെ — നാട്യത്തെക്കുറിച്ചു അവജ്ഞയോടെ ചിന്തിക്കുകയായി.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ദസ്തെയെവ്സ്കിയുടെ ‘കുറ്റവും ശിക്ഷയം’ എന്ന നോവല്‍ വായിക്കുകയായിരുന്നു ഞാന്‍ ഒരു ദിവസം. സൊന്യ എന്ന വേശ്യപ്പെണ്കുട്ടിയുടെ അച്ഛന് അയാളുടെ ജീവിതകഥ റസ്കല്‍ നിക്കഫിനെ പറഞ്ഞു കേള്‍പ്പിക്കുന്ന ഭാഗത്തെത്തി. സാമാന്യം ദീര്‍ഘതയുള്ള ആ ആത്മകഥാഖ്യാനം പകുതിയോളം വായിച്ചിട്ട് അതു തീര്‍ന്നുപോകുമോ എന്നു സംശയിച്ചു ഞാന്‍ അതിന്റെ അന്ത്യഭാഗത്തിലേക്കു കടലാസ് മറിച്ചു നോക്കുകയും പതിനഞ്ചു മിനിറ്റ് കൂടി വായിച്ചാല്‍ ആഖ്യാനം പര്യവസാനത്തിലെത്തുമെന്നുകണ്ട് നോവല്‍ അടച്ചു വയ്ക്കുകയും ചെയ്തു. ഞാനും ഹിപ്പൊക്രസി കാണിക്കുകയായിരുന്നു. അല്ലേ, പ്രിയപ്പെട്ട വായനക്കാരേ? അല്ല. സൗന്ദര്യാസ്വാദനത്തിന് അറുതി വരുത്താന്‍ ഒരു സഹൃദയനും കഴിയുകയില്ല. The Listeners വായിച്ചു വികാരാവേശം കൊണ്ട സ്നേഹിതനെ ഞാന്‍ പുച്ഛിച്ചതു തെറ്റ്.
മഹത്തമമായ എല്ലാക്കാവ്യങ്ങളുടെയും നോവലുകളുടെയും ചെറുകഥകളുടെയും സ്ഥിതി ഇതുതന്നെ. ‘രഘുവംശം’, ‘മേഘസന്ദേശം’, ‘മഗ്ദലനമറിയം’, ‘ഗീതാഞ്ജലി’, ‘കാരമാസോവ് സഹോദരന്മാര്’, ‘ഡ്രീന നദിയിലെ പാലം’ ഇവവായിക്കമ്പോള് പാരായണം അവസാനിക്കരുതെന്നു കരുതി നമ്മള് പുസ്തകം അടച്ചുവയ്ക്കും. മോപസാങ്ങിന്റെയും ചെക്കോവിന്റെയും കഥകള്‍ വായിക്കുമ്പോള്‍ എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഉറൂബിന്റെ ‘വാടകവീടുകള്‍’ എന്ന കഥ വായിച്ചപ്പോഴും ആസ്വാദനം അവസാനിക്കാതിരിക്കാനായി ഞാന്‍ കഥാഗ്രന്ഥം അടച്ചുവച്ചു. കല നമ്മുടെ ഇച്ഛാശക്തിയെ പിടിച്ചടക്കുമ്പോള്‍ അതിന്റെ ആ വിജയം സമ്മതിച്ചു കൊടുക്കാതിരിക്കാനായിട്ടാവാം നമ്മള് ഗ്രന്ഥമടച്ചു വയ്ക്കുന്നത്. അതും ഒരു വ്യാഖ്യാനം തന്നെ.
ഇനി ശ്രീ. വത്സലന്‍ വാതുശ്ശേരി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘പണിഷ്മെന്റ്സ് ഇന്‍ ചൈന’ എന്ന കഥ വായിച്ചു നോക്കുക. ഒരു കോളത്തിനപ്പുറം വായന നീട്ടിക്കൊണ്ടുപോകാന്‍ സഹൃദയത്വമുള്ളവനു സാധിക്കില്ല. നമ്മള് വൈരസ്യത്തോടെ വാരിക ദൂരെയെറിയുന്നു. എന്റെ സ്നേഹിതന്റെ ഗ്രന്ഥമടച്ചുവയ്ക്കൽ ആസ്വാദനത്തിനു അന്ത്യം സംഭവിക്കുമല്ലോ എന്ന പേടിയാല്‍. വത്സലന്റെ കഥയുള്‍ക്കൊള്ളുന്ന വാരിക ദൂരെയെറിയുന്നത് വൈരസ്യത്തിന്റെ ആക്രമണത്താല്‍. ‘പണിഷ്മെന്റ്സ് ഇന്‍ ചൈന’ എന്ന പുസ്തകത്തെയും ഒരു ശ്രീധരനെയും ഒരു ധര്‍മ്മലിംഗത്തെയും കൂട്ടിയിണക്കി വത്സലന്‍ നിര്‍മ്മിച്ചു വയ്ക്കുന്ന ഈ വൈരൂപ്യം അസഹനിയമാണ്. എന്തിനേറെപ്പറയുന്നു? മോപസാങ്ങിന്റെ ‘കൊമേഴ്സ്യല്‍’ ചെറുകഥകള്‍ പോലും നമ്മളെ മൂര്ത്താവസ്ഥയിലേക്കു നയിക്കുന്നു. വത്സലനും അദ്ദേഹത്തെപ്പോലെയുള്ള മറ്റുള്ളവരും അമൂര്‍ത്തമായത് ആവിഷ്കരിച്ച് വായനക്കാരെ പീഡിപ്പിക്കുന്നു.
പ്രകാശം, അന്ധകാരം
മനസ്സിന്റെ വാതിലിലൂടെ യുക്തിയെ കഴുത്തില്‍പ്പിടിച്ചു പുറത്തേക്കു തള്ളിയിട്ട് ആ വാതില്‍ ശബ്ദത്തോടെ അടച്ച് അകത്തിരിക്കുന്നവരാണ് മൗലികവാദികള്‍
ഞാന്‍ ഈശ്വരവിശ്വാസിയാണെങ്കിലും അമ്പലങ്ങളില്‍ പോകുന്നവനല്ല. എത്ര ‘സാന്നിദ്ധ്യമുള്ള’ ക്ഷേത്രമാണെന്നു മറ്റുള്ളവര്‍ പറഞ്ഞാലും വിഗ്രഹങ്ങള്‍ കല്ലുകളാണ്. ലോഹനിര്‍മ്മിതങ്ങളായ വസ്തുക്കളാണ് എന്നേ എനിക്കു തോന്നൂ. വര്‍ഷങ്ങള്‍ക്കു മുന്‍പു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകേണ്ടതായി വന്നു എനിക്ക്. കൂടെയുള്ളവരെ തൊഴാന്‍ അകത്തേക്ക് അയച്ചിട്ട് ഞാന്‍ അമ്പലത്തിനു വെളിയില്‍ ഒരു മണിക്കൂറോളം കാത്തുനിന്നു. അപ്പോള്‍ വരുന്നു പുത്തേഴത്തു രാമമേനോന്. അദ്ദേഹം ക്ഷേത്രത്തിനകത്തേക്കു പോകാന്‍ എന്നെ സ്നേഹപൂര്‍വം വിളിച്ചിട്ടും ഞാന്‍ പോയില്ല. കാര്യമിങ്ങനെയൊക്കെ ആയതുകൊണ്ട് എന്റെ വീട്ടിനടുത്തുള്ള ശിവക്ഷേത്രത്തില്‍ ഞാന്‍ പോകാറില്ല എന്ന് എന്തിനെടുത്തു പറയണം? സൂപ്പര്‍ സ്റ്റാര്‍ ശ്രീ. സുരേഷ്ഗോപി അവിടെ വിഗ്രഹത്തിന്റെ മുന്പില് കൂപ്പിയ കൈകളുമായി നില്‍ക്കുന്നത് ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ ആകൃതിസൗഭഗം ദര്ശിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തുള്ള വിഗ്രഹത്തിന്റെ സൗന്ദര്യം കണ്ടിട്ടില്ല. പക്ഷേ ഇന്നു സന്ധ്യാവേളയില്‍ അമ്പലത്തിന്റെ മുന്‍പിലൂടെ എനിക്കു പോകേണ്ടതായി വന്നു. മണിനാദം. എന്തൊരു സുഖമാണ് അത് എനിക്കു പ്രദാനം ചെയ്തത്! ‘അപ്സരസ്സുകള്‍ പോലെ അദ്ഭുതാംഗിമാര് വലംവയ്ക്കുന്നു. നടന്നുനടന്ന് വീട്ടിലെത്തി ഞാന്‍. റ്റ്യൂബ് ലൈറ്റിന്റെ മയൂഖമാലകള്‍. പഞ്ചലോഹനിര്‍മ്മിതമായ ‘മെമെന്റോ’യിലെ സൂര്യനെയും അരുണനെയും കുതിരകളെയും തിളക്കുന്നു. കുതിരകളുടെ കടിഞ്ഞാണ്‍ പോലും സ്വര്‍ണ്ണനൂലുകളായി മാറിയിരിക്കുന്നു. മുറിയിലെത്തി. കെന്വില്ബറിന്റെ ഗ്രന്ഥതല്ലജങ്ങള്‍ ചിതറിക്കിടക്കുന്നു. അവയിലെ ചിന്താരത്നങ്ങള്‍ കാന്തി ചിന്തുന്നു. ഞാൻ മലയാളപുസ്തകങ്ങൽ വിലകൊടുത്തു വാങ്ങാറില്ല. പക്ഷേ ഇന്നു കറന്റ് ബുക്ക്സില്‍ നിന്ന് ശ്രീ. സേതുവിന്റെ ‘കൈമുദ്രകള്‍’ എന്ന പുതിയ നോവല്‍ 175 രൂപ കൊടുത്തു വാങ്ങി. വിദ്യുച്ഛക്തി പ്രകാശത്തില്‍ നോവല്‍ ശോഭിക്കുന്നു. ഉള്ളടക്കത്തിനും തിളക്കം കാണും. സേതു എഴുതിയതല്ലേ. ഇതെഴുതുമ്പോള്‍ എന്റെ പേനയുടെ നിബ്ബ് പോലും സ്വര്‍ണ്ണം പോലെ പ്രകാശിക്കുന്നു. പാതയുടെ രണ്ടു വശങ്ങളിലുമായി സൗധങ്ങള്‍. അറേബ്യന്‍ കഥകളിലെ കൊട്ടാരങ്ങള്‍ പോലെ അവ നിലാവില് വെണ്മയാര്ന്നു നില്ക്കുന്നു. എല്ലാം സ്വര്‍ണ്ണമയം, ധവളമയം, എല്ലാം ആഹ്ലാദമയം, ഞാന്‍ ദേശാഭിമാനി വാരികയെടുത്തു ശ്രീ. ശ്രീവരാഹം ബാലകൃഷ്ണന്റെ ‘ഏഴിലംപാല’ എന്ന ചെറുകഥ വായിച്ചു. തുടര്‍ന്ന് ശ്രീ. ടി.എസ്. സുഭീഷിന്റെ ‘സ്വപ്നാന്തരം’ എന്ന കഥയും. കാഞ്ചനശോഭയും മാനസോല്ലാസവും ഇല്ലാതെയായി. സ്യൂഡോ ആര്ടിന്റെ അന്ധകാരം! ‘നക്ഷത്രം സ്വന്തം രശ്മികള്‍ കൊണ്ട് മുക്കുറ്റിപ്പൂവിനെ മറ്റൊരു നക്ഷത്രമാക്കുന്നതു പോലെ’. (മഹാകവിയുടെ പ്രയോഗം) പ്രതിപാദ്യ വിഷയത്തെ പ്രതിഭകൊണ്ടു ജ്വലിപ്പിക്കാന്‍ കഥാകാരന്മാരായ നിങ്ങള്‍ക്കു അറിഞ്ഞുകൂടെങ്കില്‍ വേണ്ട. ഇരുട്ടു പരത്താതിരുന്നാല്‍ മതി.
എന്‍.വി., ഡോ. ആനന്ദബോസ്
വിദ്യുച്ഛക്തി ഇല്ലാതെയായിരിക്കുന്നു. ഇനി മുപ്പതു മിനിറ്റോളം കാത്തിരിക്കണം. അപ്പോള്‍ കിട്ടിയാലായി. ഇല്ലെങ്കിലായി. അതുകൊണ്ടു ചാരുകസേരയുടെ കൈയില്‍ മെഴുകുതിരി കത്തിച്ചുവച്ചു. നിലാവുണ്ടെങ്കിലും ആ വെളിച്ചത്തില്‍ എഴുതാനൊക്കുകയില്ലല്ലോ. മാത്രമല്ല ചന്ദ്രന് ഇപ്പോള്‍ ഒരു വലിയ മേഘത്തിന്റെ പിറകിലുമാണ്. മെഴുകുതിരി ദീപം കൈയുയര്‍ത്തി അപ്രമേയ പ്രഭാവമാര്‍ന്ന ശക്തിവിശേഷത്തെ വന്ദിക്കുകയാണ്. അതേ സമയം അതറിയാതെ തന്നെ സ്വന്തം ശീതളരശ്മികള്‍ എന്റെ വെണ്മയാര്ന്ന കടലാസ്സിലേക്കു വീഴ്ത്തി എഴുതാന്‍ സഹായിക്കുന്നു. ഡോക്ടര്‍ സി.വി. ആനന്ദബോസും ഇതുതന്നെയാണ് അനുഷ്ഠിക്കുന്നത്. അദ്ദേഹം എന്‍.വി. കൃഷ്ണവാരിയരെ പ്രബന്ധത്തിലൂടെ സ്മരിക്കുന്നു. ആ സ്മരണ വായനക്കാരനായ എന്നെ പരോക്ഷമായി സഹായിക്കുന്നു. എന്‍. വിയുടെ സമാദരണീയമായ സ്വത്വശക്തിയെയും വ്യക്തിത്വശക്തിയെയും കുറിച്ച് എനിക്ക് അറിവു നല്കുന്നു.
എനിക്കറിയാവുന്ന വലിയ ബുദ്ധിശാലികളില്‍ അനിഷേധ്യമായ സ്ഥാനമുണ്ട് ഡോക്ടര്‍ സി.വി. ആനന്ദബോസിന്. നല്ല സാഹിത്യകാരന്. പ്രഗല്ഭനായ ഭരണാധികാരി. വാഗ്മി, സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി അക്ഷീണയത്നം ചെയ്യുന്ന മനുഷ്യസ്നേഹി — ആനന്ദബോസ് ഇവയെല്ലാമാണ്. അദ്ദേഹം വേറൊരു മഹാവ്യക്തിയെ — എന്‍,വി. കൃഷ്ണവാരിയരെ — നമ്മുടെ മുന്പില് കൊണ്ടുവരുന്നു.
ഇംഗ്ലീഷില്‍ Sincerity എന്നു പറയുന്ന സത്യസന്ധതയാണ് ഈ പ്രബന്ധത്തിന്റെ മുഖമുദ്ര (ഡോക്ടര്‍ സി.വി. ആനന്ദബോസിന്റെ പ്രബന്ധം മലയാളം വാരികയില്‍).
എല്ലാ മതങ്ങളിലും മൗലികവാദികള്‍ ഉണ്ട്. മനസ്സിന്റെ വാതിലിലൂടെ യുക്തിയെ കഴുത്തില്‍പ്പിടിച്ചു പുറത്തേക്കു തള്ളിയിട്ട് ആ വാതില്‍ ശബ്ദത്തോടെ അടച്ച് അകത്തിരിക്കുന്നവരാണ് മൗലികവാദികള്‍. അവര്‍ അസത്യത്തില്‍ ആമജ്ജനം ചെയ്ത് അതുതന്നെയാണ് സത്യമെന്നു കരുതുന്നു. നമ്മുടെ കൊച്ചെഴുത്തുകാരെ ഈ മൗലികവാദികളോടു തട്ടിച്ചുനോക്കിയാല്‍ മൗലികവാദികളാണ് ഭേദപ്പെട്ടവരെന്നു മനസ്സിലാക്കാം. ഈ പിഗ്മികള്‍ വിചാരിക്കുന്നു തങ്ങള്‍ക്കു ജയന്റിന്റെ ശക്തിയുണ്ടെന്ന്. അവരെക്കുറിച്ച് അനുകൂലമല്ലാത്ത രീതിയില്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു പറയുന്നവനെ അവര്‍ അസഭ്യം പറയുന്നു. അതേസമയം തങ്ങള്‍ക്ക് എന്തു കഴിവുണ്ടെന്ന് അക്കൂട്ടര്‍ ആലോചിക്കുന്നുമില്ല. അനന്തമായ കാലപ്രവാഹത്തില്‍ വലിയ ജീനിയസ്സുകള്‍ പോലും കടപുഴകി വീണുപോകും. വീണു പോയിട്ടുമുണ്ട്. അപ്പോള്‍ ഈ ക്ഷുദ്രജീവികളെക്കുറിച്ച് എന്തു പറയാനിരിക്കുന്നു? ലിലിപ്യൂഷ്യരേ[1] നിങ്ങള്‍ക്കു പണ്ടേ ഉപദേശം നല്‍കിയിട്ടുണ്ട് ഒരാള്‍. ‘Know Thyself’
- ↑ സ്വീഫ്റ്റിന്റെ സാങ്കല്പികലോകം ലിലീപൂട്. അവിടത്തെ തീരെക്കൊച്ചായ ആളുകള്‍ ലിലിപ്യൂഷ്യര്
|
|