സാഹിത്യവാരഫലം 1984 01 05
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര് | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1984 01 05 |
ലക്കം | 434 |
മുൻലക്കം | 1983 12 25 |
പിൻലക്കം | 1984 01 12 |
വായനക്കാരുടെ പ്രതികരണങ്ങള് | ഇവിടെ നൽകുക |
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തിൽനിന്നു നേരെ തെക്കോട്ടുപോയാൽ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാൻ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുൻപിൽ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാൽഭാഗവും ‘ബ്രഹ്മക്ഷൗരം’. കുടിച്ച് കുടിച്ച് ചോര നിറമാർന്ന ഉണ്ടക്കണ്ണുകൾ. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കിൽ അതും ബഹുകേമം. ബനിയനില്ല. ഷർട്ടില്ല. തുകൽപ്പാടുകൾ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മൽമൽ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയിൽ ആ മനുഷ്യൻ കൈ രണ്ടും മേൽപ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാൻ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. ‘കൃഷ്ണാ കാപ്പിയെവിടേടാ’ എന്നു ചോദിക്കുമ്പോൾ വിറച്ചു കൊണ്ടു ഞാൻ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂർക്കാവുകാരനായ അമ്മാവൻ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയിൽ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാൽ ചിലപ്പോൾ കാണുകയും ചെയ്യും. അത് മുല്ലയ്ക്കൽ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളിൽ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പിൽ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമൻ ആദ്യത്തെ വീട്ടിലെത്തുമ്പോൾ ഗൃഹനായിക പറഞ്ഞെന്നുവരും: “മോള് ഗൗരിക്കുട്ടിക്കു പനിയാണ്”. ഉടനെ: “ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവൾ?” എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകൻ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെർമോമീറ്ററിലെ മെർകുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീർഘതയാർന്ന പരിശോധനയിൽ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാൻ അമ്മാവനെ സാക്ഷാൽ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങും. വിരളമായ ദന്തങ്ങളിൽ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളിൽ രോമരാജി എഴുന്നേറ്റുനിൽക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാൽ ആ വിരാടസ്യാലൻ പണിപ്പെട്ടു കൈവലിച്ചൂരും.
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തിൽ അദ്ദേഹമെത്തിയപ്പോൾ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമൻ കണ്ടു. “നീ അങ്ങോട്ടെണീക്കെടീ, ഞാൻ തിരുമ്മിക്കൊടുക്കാം” എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുൻപ് ആ പാടച്ചരകീടൻ ചാടി അവളുടെ കാൽവണ്ണയിൽ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയർന്നപ്പോൾ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് ഞാൻ സാക്ഷാൽ അമ്മാവനെ കണ്ടിട്ടുള്ളത്.
ചില സാഹിത്യകാരന്മാർ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാൽ അത് ‘ഫാർഫെച്ച്ഡായ — വലിച്ചിഴച്ചു കൊണ്ടുവരുന്ന — അലങ്കാരപ്രയോഗമാണെന്നു വായനക്കാർ കരുതുമോ എന്തോ? ‘രക്തപുഷ്പങ്ങ’ളും ‘സ്വരരാഗസുധ’യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാൽ ചങ്ങമ്പുഴ. ‘കളിത്തോഴി’ എന്ന നോവലെഴുതിയ ആ കവി ചാരുകസേരയിൽ മലർന്നുകിടന്ന ‘കോപം’. ‘ധർമ്മരാജാ’യും ‘രാമരാജബഹദൂ’റും എഴുതിയ സി.വി. രാമൻ പിള്ള സാക്ഷാൽ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. ‘പ്രേമാമൃത’ മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തിൽ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാൽ ചില പ്രതിഭാശാലികളുണ്ട്. അവർ ഏതിലും സ്വന്തം രൂപം കാണിക്കും. രവീന്ദ്രനാഥ ടാഗോർ, അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകൾക്കുള്ള ശക്തി, അവർ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾക്കുള്ള ശക്തി ഇവയൊക്കെ ഞാൻ പറഞ്ഞിട്ടുവേണ്ട വായനക്കാർക്കു മനസ്സിലാക്കാൻ. യൂഗോയുടെ ‘പാവങ്ങൾ’ എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നിൽ ചെലുത്തുന്ന സ്വാധീനശക്തി മഹാത്മാഗാന്ധി ചെലുത്തുന്ന സ്വാധീനശക്തിയെക്കാൾ മഹനീയമാണ്. യുധിഷ്ഠിരന് ഗാന്ധിജിയെക്കാൾ ഭാരതീയരിൽ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? അൽബേർ കമ്യുവിന്റെ ഗ്രന്ഥങ്ങൾ വീണ്ടും വായിച്ചപ്പോൾ ഈ വാക്യം എന്റെ ശ്രദ്ധയിൽപെട്ടു: ‘Tyrants conduct monologues above a million solitudes’ എന്തൊരു ഉജ്ജ്വലമായ വാക്യം!
Contents
സാലഞ്ചറുടെ കഥ
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയിൽ മഹായശസ്കനാണ് അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജെ.ഡി. സലഞ്ചർ (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് ‘Pretty Mouth and Green My Eyes’ എന്നത്. ലീയും ആർതറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയിൽ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോൺ ശബ്ദിച്ചു. ആർതർ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താൻ ലീയുടെ വീട്ടിൽ ചെല്ലട്ടോ എന്ന് ആർതറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാൽ ജോഅനെ കാണുമല്ലോ അയാൾ. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആർതർ ഫോൺ താഴെവച്ചു. അല്പം കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: “ജോഅൻ ഇപ്പോൾ വന്നു”. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആർതർ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോൾ നമ്മൾക്ക് അയാളോട് സഹതാപം; ഞെട്ടൽ. ദുഷിച്ച അമേരിക്കൻ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചർ ഇക്കഥയിലൂടെ നൽകുന്നത്. ദാമ്പത്യജീവിതത്തിന്റെ തകർച്ചകൊണ്ട് ആർതർ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകർച്ചയ്ക്കും അമേരിക്കൻ സംസ്കാരം കാരണമാണെന്ന് സലഞ്ചർ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തർജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിർവ്വഹിച്ചത്. ഭാഷാന്തരീകരണം ‘ക്രിമിന’ലായ പ്രവർത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭൻ തമ്പി ഒരിക്കൾ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളിൽ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോൾ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാൽ ഒരവ്യക്തതയിൽ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതിൽ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കിൽ ടോൾസ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മൾ മനസ്സിലാക്കുന്നതെങ്ങനെ?
എ.ആർ.
മഹത്വമുള്ളവർ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവർ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിർഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. മഹാത്മാ ഗാന്ധി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ? അദ്ദേഹം പറഞ്ഞാൽ ആളുകൾ അനുസരിക്കില്ലായിരുന്നു. നെഹ്രു പത്തു വർഷം കൂടി ഇവിടെ ജീവിച്ചെങ്കിൽ? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകർന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങൾ കണ്ട് കൂടുതൽ തകർന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാർ കൂടുതൽ കാലം ജീവിച്ചിരുന്നാൽ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് വള്ളത്തോളാണ്. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! എ.ആർ. രാജരാജവർമ്മ എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജർമ്മനിയിലോ മറ്റോ ആയിരുന്നെങ്കിൽ സർവ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങൾ രാജരാജവർമ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോൾ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീർഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാൽ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ ‘രാജശില്പിയുടെ ശവകുടീരത്തിൽ’ എന്നത് (കലാകൗമുദി). അദ്ദേഹം പാർത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേർക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരിൽ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.
ഒന്നുകൂടി പറയുന്ന കഥയെക്കാൾ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമർ ചോദിച്ചെങ്കിലും പലതും ആവർത്തിച്ചു പറയേണ്ടതായി വരും. ആവർത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവർത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേൻപുരണ്ട വാക്കുകൾ ആവർത്തിച്ചാവർത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയിൽ, അതുകൊണ്ട് ഇനിയും എഴുതട്ടെ. മാർകേസ് അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയർക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കർത്തവ്യമാണ്. മാജിക്കൽ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാർകേസ് സ്പാനിഷ് ഭാഷയിൽ സാഹിത്യഗ്രന്ഥങ്ങൾ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവർ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആർക്കും അരിശം വരേണ്ടതില്ല. മാർകേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടിൽ ഇന്നുവരെ മലയാളത്തിൽ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാർകേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കൻ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാർകേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയർ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗൽഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവർ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചിൽകൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.
സത്യാന്വേഷണം
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാർഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാൻ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാർ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികൾക്ക് അവാർഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: “സ്ത്രീകൾക്ക് പാന്റ്സും ഷർട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തിൽ ഇത്ര പിശുക്കു വേണോ?” സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: “സാഹിത്യ അക്കാഡമിയുടെ ദുർവ്യയങ്ങളെക്കൂടി ഞാൻ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയൽക്കാർക്കുകൂടി അവാർഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികൻ പറയുകയുണ്ടായി. കേശവദേവിന്റെ അനുജൻ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരൻ കപിൽ ദേവിനു വേണമെങ്കിൽ അവാർഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയൽക്കാർക്കെല്ലാം അവാർഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂർത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികൾക്കാണ് അവാർഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?…” അടുത്ത ദിവസത്തെ പത്രത്തിൽ റിപ്പോർട്ട്: “പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരൻ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിർവഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.”
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാൻ കണ്ടിട്ടില്ല. ഏത് ‘ഒറിജിനലി’ നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ ‘ഒറിജിനലി’നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്.
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോൾ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ (Su Tung Po, 1036–1101). അദ്ദേഹത്തിന്റെ ഒരു കാവ്യം:
“Families, when a child is born
Want it to be intelligent.
I, though intelligence,
Having wrecked my whole life,
Only hope The baby will prove
Ignorant and stupid
Then he will crown a tranquil life
By he will a Cabinet minister.”
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭർത്താവ് ഉറക്കത്തിൽ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണർത്തി. “ഞാൻ ഞരങ്ങിയോ?” എന്ന് അയാൾ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: “പേടിസ്വപ്നം കണ്ടു അല്ലേ?” ഭർത്താവ് അറിയിച്ചു: “ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയിൽ കിടത്താൻ ശ്രമിച്ചു. ഞാൻ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.” ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: “അപ്പോൾ ഞാൻ വിളിച്ചുണർത്തിയില്ലായിരുന്നെങ്കിൽ നിങ്ങൾ അവളെ…”
അവൾക്കു വേണ്ടി
അവൾ — സാമാന്യാർത്ഥത്തിൽ സ്ത്രീ — അവളെക്കുറിച്ച് ജർമേൻ ഗ്രീർ (Germaine Greer, 44 വയസ്സ്) എഴുതിയ The Female Eunuch പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ ‘വൃഷണച്ഛേദം’ ചെയ്ത് താഴ്ന്നനിലയിൽ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീർ വാദിക്കുന്നത്. പ്രേമം ‘നാർസിസ’മാണെന്നും (Narcissism) — ആത്മാഭിമാനമാർന്നതാണെന്നും — പുരുഷന്മാർ സ്ത്രീകളിൽ നടത്തുന്ന ‘വൃഷണച്ഛേദം’ കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീർ ചരിത്രത്തിൽ നിന്നും സാഹിത്യത്തിൽ നിന്നും ഉദാഹരണങ്ങൾ നൽകി സമർത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവർക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷൻ ഏല്പിക്കുന്ന ആഘാതത്തെ അവർ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദു:ഖത്തോടെ, തകർച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തിൽ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭർത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവൾ? ഈ ചോദ്യം ഗ്രീർ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തർജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാർ സൃഷ്ടിച്ചുവച്ച മൂല്യങ്ങൾ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കിൽ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീർ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകൻ അതുകണ്ടിട്ടില്ല.
ഭയരാഹിത്യം
കണ്ടാലും വായിക്കാൻ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകൾ വായിച്ചു തീർക്കാൻ പോലും സമയമില്ല. ജീവിതാസ്തമയത്തിൽ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാൽ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാൻ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കൻ സാഹിത്യകാരൻ കോൺറഡ് ഏക്കന്റെ (Conrad Aiken) Impulse എന്നത്. നമ്മൾ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാൻ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സിൽ തൊട്ടടുത്ത് സുന്ദരിയായ പെൺകുട്ടി നിൽക്കുന്നു. തോടാൻ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse — ആവേശം — എന്നു പറയുന്നത്. മൈക്കൻ എന്ന ചെറുപ്പക്കാരൻ ഈ ഇംപൾസിന് വിധേയനായി ഒരു കടയിൽ കയറി സേഫ്റ്റി റെയ്സർ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കൻ പറയുന്നത്. ‘ഇംപൾസ്’ എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാൻ തുടങ്ങിയാൽ അതു തീർത്തിട്ടല്ലാതെ താഴെവയ്ക്കാൻ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപൾസിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗൽഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണൻ ദേശാഭിമാനി വാരികയിലെഴുതിയ ‘ഭയം’ എന്ന കഥയുടെ അവസ്ഥ. സർക്കാരിന്റെ ദൃഷ്ടിയിൽ സാപരാധനായ ഒരുത്തൻ അറസ്റ്റ് പേടിച്ച് ഓടുന്നതായി വർണ്ണിക്കുന്ന ഇക്കഥയിൽ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാൽ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവർത്തിക്കാൻ വായനക്കാർ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കിൽ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയിൽ വർണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സർദാർ കെ.എം. പണിക്കരെപ്പോലെ “ഭാഗ്യം മഹാഭാഗ്യം എൻതോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ” എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.
കവികൾ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോൾ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ ‘കുക്കു’ കുയിലാണോ? അതോ കുയിൽ ജാതിയിൽപെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.
O Cukoo Shall I call the bird
On but a wandering voice.
എന്നു കവി ചോദിക്കുമ്പോൾ നമ്മൾ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാൽ ‘നാശം’ എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാൽ വെറുപ്പല്ലേ ഉളവാകുക? എന്നാൽ സ്തീയുടെ നടത്തത്തെ “ഗജരാജവിരാജിത മന്ദഗതി” യായി കവി വർണ്ണിക്കുമ്പോൾ നമുക്ക് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia – നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാൽ വെറുപ്പ്.
“മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം
ജഘനഭരാൽ പെണ്മണിയുടെ ചുവടിവിടെ
വെണ്മണലിൽ കാണ്മതുണ്ടു നവമാരാൽ.”
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോൾ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തിൽ കുഞ്ഞബ്ദുള്ള ജനയുഗം വാരികയിൽ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലർവന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടർ ചെന്നപ്പോൾ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകൾ ഭർത്താവില്ലാതെ ഗർഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടർ ഗർഭച്ഛിദ്രം നടത്തണം. ഇല്ലെങ്കിൽ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരൻ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മിൽ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെൽസിന്റെ The Country of the Blind എന്നതാണ്. അതെന്നെ ‘ഹാൺട്’ ചെയ്യുന്നു.
ജൂഡാസിന്റെ ചുംബനം
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികൾ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയിൽ. വിമർശനസ്വഭാവമാർന്ന ഈ പംക്തിയിൽ കഴിയുന്നതും പരുഷഭാഷണങ്ങൾ ഒഴിവാക്കാൻ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാൻ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോൾ അതുപോലെ വേറൊന്നു മാതൃഭൂമിയിൽത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങൾ. ‘ഇടനാഴികളും’ ‘മരണത്തിന്റെ ദൃശ്യങ്ങളും’ ‘തേനാം പേട്ടുമേരിയും’. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുൻപിൽ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുൻപിലാണ് ഗോപിനാഥൻ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളിൽ ആർക്കും എന്തും എഴുതാം. ഞങ്ങൽ വായിക്കും. വായിച്ചാൽ അഭിപ്രായം പറയും. പരിഭവമരുതേ.
ചെറുകഥയുടെ ശൈലി
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകൾക്കു പറ്റിയ ഒരു ശൈലി തനിക്കു നിർമ്മിക്കാൻ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോൻ പറയുന്നു: “… ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളിൽ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതിൽ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താൻ വാർന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.” (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന ചെറുകഥ നോക്കുക. പദങ്ങൾകൊണ്ട് അദ്ദേഹം ഏതർത്ഥം പകർന്നു തരുന്നുവോ അതിലും കവിഞ്ഞ അർത്ഥവിശേഷങ്ങൾ ആ പദങ്ങൾ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആർക്കും തോന്നിയിട്ടില്ല.
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങൾ വായിച്ചാൽ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാൽ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കൻ. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കൽ മുണ്ടശ്ശേരിയുടെ വീട്ടിൽ വച്ച് മാരാർ എന്നോടു ചോദിച്ചു: “സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.” ഞാൻ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: “മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!”
|
|