സാഹിത്യവാരഫലം 1984 11 25
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1984 11 25 |
ലക്കം | 480 |
മുൻലക്കം | 1984 11 18 |
പിൻലക്കം | 1984 12 02 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ഈ നവംബര്‍ ഒന്നാം തീയതി ഇതെഴുതുമ്പോള്‍ ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ പ്രത്യക്ഷ ശരീരം തീന്‍മൂര്‍ത്തി ഭവനത്തില്‍ ശയിക്കുകയാണു്. അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും കണ്ണീരൊഴുക്കിക്കൊണ്ടു് അന്തിമാഭിവാദനം നിര്‍വഹിക്കുകയാണു്. അവിടെ ചെന്നെത്താന്‍ ആഗ്രഹമുണ്ടെങ്കിലും അതിനു കഴിയാതെ നിസ്സാരനായ ഞാനും കൂപ്പുകൈയോടെ എന്റെ കണ്ണീര് അവരുടെ പാദങ്ങളില്‍ വീഴ്ത്തുകയാണു്. ഇന്നലെ കാലത്തു് പത്തുമണിയോടു് അടുപ്പിച്ചു തുടങ്ങിയ ഈ ഹൃദയവേദന ഇതെഴുതുന്ന സന്ദര്‍ഭത്തിലും തീക്ഷ്ണമായിരിക്കുന്നു. ഭാരതത്തിലെ ഹൃദയാലുവായ ഓരോ വ്യക്തിക്കും ഈ തീവ്രവേദനയുണ്ടെന്നു് എനിക്കറിയാം.
മരണത്തിന്റെ യവനിക വീണു് ഇന്ദിരാ ഗാന്ധി എന്ന മഹതി അപ്രത്യക്ഷയായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അവരുടെ മഹത്ത്വത്തെക്കുറിച്ചൊന്നും എഴുത്തേണ്ടതില്ല. അത്രയ്ക്കു വിദിതങ്ങളാണു് അവരുടെ മഹത്ത്വവും ഗുണങ്ങളും. നമ്മള് സ്നേഹിക്കുന്നവരുടെ സ്വാഭാവിക മരണംപോലും നമ്മളെ വല്ലാതെ വേദനിപ്പിക്കും. ക്രൂരതയുടെ രക്തം പുരണ്ട കൈകള്‍ മഹനീയമായ ജീവിതത്തെ നശിപ്പിക്കുമ്പോള്‍ നമ്മള് തളരും. ആ തളര്‍ച്ചയും തകര്‍ച്ചയുമാണു് നമുക്കു് ഇപ്പോള്‍ ഉള്ളതു്. പക്ഷേ, അസ്വാഭാവികമരണം നമ്മുടെ സ്നേഹത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അങ്ങനെ പ്രിയദര്‍ശിനി നമുക്കു സുപ്രിയയായി തീര്‍ന്നിരിക്കുന്നു. അവരെ സംബന്ധിച്ച അനര്‍ഘങ്ങളായ സ്മരണകള്‍ക്കു കൂടുതല്‍ അനര്‍ഘത്വം വരും. ആ സ്മരണകളില്‍ വിലയം കൊണ്ടു നമുക്കു കഴിഞ്ഞുകൂടാം. ഇന്ദിരാ പ്രിയദര്ശിനീ, ഭവതി അനന്തമായ കാലത്തിന്റെ തേജോമയമായ നിമിഷമാണു്. ആ നിമിഷത്തിന്റെ ഔജ്ജ്വല്യം ഞങ്ങളുടെ അന്ധകാരമയമായ മാര്‍ഗ്ഗത്തില്‍ പ്രകാശം വീഴ്ത്തട്ടെ.
തന്റെ മരണത്തെക്കുറിച്ചുള്ള പൂര്‍വബോധം ശ്രീമതി ഇന്ദിരാ ഗാന്ധിക്കു് ഉണ്ടായിരുന്നതായി പത്രത്തില്‍ കണ്ടു. ഈ പൂര്‍വജ്ഞാനം പലര്‍ക്കും ഉണ്ടായിട്ടുണ്ടു്. മരിക്കുന്നതിനു് കുറച്ചു മുന്‍പു് ലിങ്കണ് പലപ്പോഴും സ്വപ്നം കണ്ടു താന്‍ വധിക്കപ്പെടുമെന്നു്. വൈറ്റ്ഹൗസില്‍ തന്റെ മൃതദേഹം കിടക്കുന്നതായിട്ടായിരുന്നു ഒരു സ്വപ്നം. മരിച്ച ദിവസം ഉച്ചയ്ക്കു ശേഷം ലിങ്കണ് മറ്റുള്ളവരോടു പറഞ്ഞു തന്നെ അന്നു കൊല്ലുമെന്നു് (കോളിന് വില്‍സണ്‍, Encyclopaedia of Murder).
Contents
മരണത്തിന്റെ പ്രതീകം
മരണത്തെക്കാള്‍ ഭയജനകമായി, ദുരന്തസ്വഭാവം ആവഹിക്കുന്നതായി പലതുമുണ്ടു്. ദാര്‍ശനികനായ ഡോക്ടര്‍ എസ്. രാധാകൃഷ്ണന്റെ അന്ത്യകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചു മദ്രാസ്സിലെ ഒരു സുഹൃത്തു് എന്നോടു പറഞ്ഞപ്പോള്‍ ഈ ലോകത്തു് ആരായി വേണമെങ്കിലും ജനിക്കാം. ഒന്നിലും ഒരര്‍ത്ഥവുമില്ല എന്നു് എനിക്കു തോന്നിപ്പോയി. കുട്ടിക്കൃഷ്ണമാരാര് — ജീവിതാസ്തമയത്തില്‍, സത്വഗുണപ്രധാനനായ അദ്ദേഹത്തിനുണ്ടായ ദൗര്‍ഭാഗ്യങ്ങള്‍ ആരെയും കരയിപ്പിക്കുന്നവയാണു്. ഹോമറും മില്‍ട്ടനും അന്ധരായിരുന്നു. മരണത്തെക്കാള്‍ യാതനാനിര്‍ഭരമാണു് അന്ധത്വം. He is a poet, therefore he is divine എന്ന ബനിഡെറ്റോ ക്രോചേ വാഴ്ത്തിയ ബോദലേര്‍ എന്ന ഫ്രഞ്ചു കവിയുടെ ശബ്ദം ഇല്ലാതെയായി ജീവിതത്തിന്റെ അവസാനത്തോടു് അടുത്തു്. അദ്ദേഹം ശബ്ദനാശത്തിനു മുന്‍പു് മരിക്കേണ്ടിയിരുന്നു. ഈ ചിന്തകള്‍ എന്നിലങ്കുരിച്ചതു് ചെറിയാന് കെ. ചെറിയാന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ “ഇടനാഴി” എന്ന കാവ്യകഥ വായിച്ചതുകൊണ്ടാണു്. ചികിത്സയുടെ യാതന അനുഭവിച്ചു് ആശുപത്രിയില്‍ കിടക്കുന്ന ഒരു രോഗി പ്ലാസ്മയുടെ സഞ്ചി കുഴലും സൂചിയും ചേര്‍ത്തു് വലിച്ചെടുത്തു് ജന്നലില്‍ക്കൂടി പുറത്തേക്കു് എറിയുന്നു. അതു് മൂന്നു നിലകള്‍ക്കു താഴെ കോണ്‍ക്രീറ്റ് തറയില്‍ വീണു തകരുന്നതുനോക്കി അയാള്‍ രസിക്കുന്നു. അപ്പോള്‍ നീണ്ട വെള്ളിത്താടിയുള്ള ഒരാള്‍ അവിടെയെത്തി അയാളെ കൂട്ടിക്കൊണ്ടു് നിത്യതയിലൂടെ നടക്കുന്നു. മരണത്തിന്റെ പ്രതീകമാണു് ആ താടിക്കാരന്. ഭാവാത്മകതയിലൂടെ സത്യദര്‍ശനമരുളുന്ന മനോഹരമായ കഥയാണിതു്. വേദനിപ്പിക്കുന്ന സത്യമുണ്ടു്; വേദനിപ്പിക്കാത്ത സത്യവുമുണ്ടു്. നമുക്കു് ഇഷ്ടപ്പെട്ടവരുടെ മരണം വേദനാജനകമാണു്. ആ വേദനയെ കവിയോ കഥാകാരനോ വേണ്ട മട്ടില്‍ ചിത്രീകരിക്കുമ്പോള്‍ വേദനയ്ക്കുള്ള ലൗകികസ്വഭാവം ഇല്ലാതാകുന്നു.
അതിപീഡനം
The Book of Lists എന്ന ഗ്രന്ഥത്തില്‍ വ്യക്തികള്‍ക്കു അതിപീഡ (torture) നല്കുന്ന രാജ്യങ്ങളുടെ പട്ടിക നല്കിയിട്ടുണ്ടു്. ബ്രസീല്‍, ചിലി, ഇന്ത്യ, ഇറാന്, പരാഗ്വേ, ഫിലിപ്പിന്‍സ്, സ്പെയിന്, ടര്‍ക്കി, ഉഗാണ്ട, ഉറുഗ്വേ ഇവയാണു് ആ രാജ്യങ്ങള്‍. കത്തിച്ച സിഗററ്റ്, ആസിഡ് ഇവകൊണ്ടുള്ള പൊള്ളിക്കല്‍, ബലാല്‍സംഗം, ഇരുമ്പുകമ്പി കൊണ്ടുള്ള അടി, മലദ്വാരത്തിലും ജനനേന്ദ്രിയത്തിലും ഇലക്ട്രിക്ക് ഷോക്ക് നൽകല്, നഖം വലിച്ചെടുക്കല്‍, ഏകാന്തത്തടവു് ഇങ്ങനെ പലതും. ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു് ഞാന്‍ ഗ്രന്ഥമിറങ്ങിയ കാലത്തു് പ്രസാധകര്‍ക്കു് എഴുതിയിരുന്നു. മറുപടി കിട്ടിയില്ല. അവരുടെ ഒരു പ്രതിനിധിയെ ഇവിടെ വച്ചു കണ്ടപ്പോള്‍ ഞാനതിനെക്കുറിച്ചു സംസാരിച്ചു. They are documented Cases എന്നു മറുപടി നല്കി അയാള്‍. സത്യമെന്തുമാകട്ടെ. ഈ മര്‍ദ്ദന മുറകളെക്കാള്‍ ക്രൂരമായിട്ടാണു് സച്ചിദാനന്തനും ചാത്തനാത്തു് അച്യുതനുണ്ണിയും വായനക്കാരെ പീഡിപ്പിക്കുന്നതു്. കുറെക്കാലമായി ഞാന്‍ സച്ചിദാനന്ദന്റെ ലേഖനങ്ങള്‍ വായിക്കുകയാണു്. അടുത്ത കാലത്തു് കലാകൗമുദിയിലും മാതൃഭൂമിയിലും വന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളും വായിച്ചു. ഒരക്ഷരം പോലും മനസ്സിലായില്ല. വായനയുടെ ഫലമായി യാതന മാത്രം. ഇപ്പോള്‍ അച്യുതനുണ്ണിയും അദ്ദേഹത്തിന്റെ കൂട്ടുകാരനായി വന്നിരിക്കുന്നു. മാതൃഭൂമിയില്‍ അദ്ദേഹമെഴുതിയ കവിതയിലെ പ്രരൂപങ്ങള്‍ എന്ന പ്രബന്ധം നോക്കുക. ചില വാക്യങ്ങള്‍ എടുത്തെഴുതാം.
- “പ്രത്യക്ഷങ്ങളെല്ലാം സ്വയം അപ്രധാനമായിനിന്നുകൊണ്ടു് പരോക്ഷങ്ങളായ അനേകം പ്രരൂപങ്ങളുടെ സംഘാതമുളവാക്കുന്നു. അനേകമാനമെങ്കിലും കേവലമായ ഈ പ്രരൂപസംഘാതം അപരിമേയമായ അര്‍ത്ഥസാധ്യതകളുടെ ആകരമത്രെ. അതുകൊണ്ടുതന്നെ, എല്ലാ ഭൗതിക വ്യക്തിബോധങ്ങളും അദിജ്ഞാനങ്ങളും (Identity) അതില്‍ വിലയം കൊള്ളുന്നു.
അവിടെ വക്താവും ശ്രോതാവും വേര്‍തിരിച്ചറിയപ്പെടുന്നില്ല.” ഇതില്‍ നിന്നു് എന്തു മനസ്സിലായി? ഇക്കാരണത്താലാണു് ഇവര്‍ രണ്ടുപേരും വായനക്കാരെ ടോര്‍ച്ചര്‍ ചെയ്യുന്നുവെന്നു് ഞാന്‍ പറഞ്ഞതു്. സച്ചിദാനന്ദനെയും അച്യുതനുണ്ണിയെയും എനിക്കു നേരിട്ടറിയാം. സുജനമര്യാദയോടു പെരുമാറുന്ന നല്ല വ്യക്തികള്‍. ആ സുജനമര്യാദ രചനകളില്‍ക്കൂടി അവര്‍ പ്രദര്‍ശിപ്പിക്കണമെന്നാണു് എന്റെ അഭ്യര്‍ത്ഥന. അര്‍ത്ഥനിവേദനം നടക്കുന്നില്ലെങ്കില്‍ രചനകൊണ്ടെന്തു പ്രയോജനം?
നെപ്പോളിയനോടു ജോലിക്കു് അപേക്ഷിക്കുമ്പോള്‍ വിദ്യാഭ്യാസയോഗ്യത നോക്കിയല്ല അദ്ദേഹം ജോലി കൊടുത്തിരുന്നതു്. “അയാള്‍ വല്ലതുമെഴുതിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അയാളുടെ ശൈലി ഏതുവിധത്തിലുള്ളതാണെന്നു് ഞാന്‍ കാണട്ടെ” എന്നു് അദ്ദേഹം പറഞ്ഞിരുന്നു. നല്ല ശൈലി കഴിവിന്റെ, സ്വഭാവദാര്‍ഢ്യത്തിന്റെ ഫലമാണെന്നു നെപ്പോളിയന് കരുതി. ഇന്നു വാരികകളിലെഴുതുന്ന പലരും നെപ്പോളിയന്റെ കാലത്താണു് ജിവിച്ചതെങ്കില്‍? ഒരു ജോലിയും അവര്‍ക്കു കിട്ടുമായിരുന്നില്ല. മാത്രമല്ല ദ്യുക്ക് ദാങ്ഗ്യയങ്ങിനു് വന്ന ദുരന്തം അവരെസ്സംബന്ധിച്ചും ഉണ്ടാകുമായിരുന്നു. (dud d’ Enghien) — ഈ പ്രഭുവിനെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുവന്നു് ഏതാനും മണിക്കൂറിനകം സൈനിക കോടതിയില്‍ വിചാരണ ചെയ്തു. എന്നിട്ടു് വധിച്ചു കളഞ്ഞു. (ടോള്‍സ്റ്റോയിയുടെ War and Peace-ല്‍ ഈ സംഭവത്തിന്റെ പരാമര്‍ശം ഉണ്ടു്.)
ഹാസ്യലഹരി
സുന്ദരമായ ഹാസ്യകവിതയാണു് വി.എ. കേശവന് നമ്പൂതിരിയുടെ “ഗംഗാലഹരി” (കുങ്കുമം വാരിക). ഗ്രാമത്തില്‍ താമസിച്ച കാലത്തു് പൂന്തെളി വെള്ളത്തില്ർ നീന്തിക്കുളിച്ച കവി ഇപ്പോള്‍ പട്ടണത്തിലാണു് വാസം. ഇവിടെ കൈതോന്നി എണ്ണ തലയിലും പിണ്ഡതൈലം മേലിലും തേച്ചു് ഷൗവറിന്റെ താഴത്തു നില്ക്കുകയാണു് അദ്ദേഹം. പക്ഷേ, പട്ടണമല്ലേ? വെള്ളംകിട്ടുന്നില്ല. പൈപ്പ് വെള്ളത്തെ ഗംഗയായി സങ്കല്പിച്ചു് അദ്ദേഹം ആഹ്വാനം ചെയ്യുന്നു:
ഗംഗേ വരിക വരിക!-
ഞാന്‍ പൈപ്പിന്റെ
സംഗമത്തില്‍ സ്നാന-
ലോലനായ് നില്ക്കയാം
നിന്നെത്തലയിലെ-
ടുത്തു ലാളിക്കുവാന്‍
നിന്നെപ്പുണരുവാന്‍,
നിന്നില്‍ മുഴുകുവാന്‍
ഭിന്നരാകുന്നു നാമെന്ന ഭേദംവരാ-
തൊന്നാകവാ, നലിഞ്ഞി-
ല്ലാതെയാകുവാന്‍
സന്നതാംഗീ, കൊതിക്കു-
ന്നുഞാന്‍; വൈകാതെ
വന്നാലും, മൂഴിയില്‍
സ്വര്‍ഗ്ഗം രചിക്കുവാന്‍,
ആഹ്വാനം കേട്ടിട്ടും കുഴല്‍വെള്ളമാകുന്ന ഗംഗ എത്തുന്നില്ല. അപ്പോള്‍ ശിവനായി നില്ക്കുന്ന കവി വീണ്ടും വിളിക്കുന്നു!
കുന്നിന് മകള്‍ കണ്ടുപോ-
മെന്നു ചിന്തിച്ചു
കുന്നിച്ച ലജ്ജയാല്‍-
ചൂളിയിരിക്കയോ
നിന്നെജ്ജടയിലൊ-
ളിപ്പിച്ചിടാമിവ-
നൊന്നു വരികെന്റെ
സൗന്ദര്യനിര്‍ഝരീ!”
എന്തൊരന്തസ്സുള്ള ഫലിതം മനുഷ്യനിലും അവന്റെ സമുദായത്തിലും തൊട്ടു നില്ക്കുന്ന കവിത. ഇതിനൊരു മൃദുത്വമുണ്ടു്. മനോഹാരിതയുണ്ടു്. കലയുടെ ചട്ടക്കൂട്ടിലൊതുങ്ങിയ സമൂഹ പരിഷ്കരണ സ്വഭാവമുണ്ടു്. “നെല്ലിന്‍പാടങ്ങളില്‍ക്കൂടി വളഞ്ഞൊഴികുന്ന” ആറുകളെ കണ്ടാലുണ്ടാകുന്ന ഉള്‍ക്കുളിരു്.
ചില വാക്യങ്ങളിലൂടെ സമൂഹവിമര്‍ശനം നടത്താന്‍ എനിക്കും കൊതി:
- ജീവിതകാലമത്രയും അമ്മയെ നിന്ദിച്ചവള്‍ അവരുടെ മരണത്തിനു ശേഷം വീടു വച്ചു് അവരുടെ പേരിടുന്നു — ലക്ഷ്മീനിലയം, കമലാലയം, വിജയനിലയം.
- അച്ഛന്റെ ജീവിതകാലമത്രയും അദ്ദേഹത്തെ നിന്ദിച്ച മകന് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഫോട്ടോ എന്‍ലാര്‍ജ് ചെയ്തു വച്ചു ദിവസവും പത്തു പൈസയുടെ പിച്ചിപ്പൂമാല അതില്‍ ചാര്‍ത്തുന്നു.
- നെട്ടയത്തേക്കുള്ള അവസാനത്തെ ബസ്സ് അധികം യാത്രക്കാരില്ലാതെ പോകുമ്പോള്‍ ബസ്സ്സ്റ്റോപ്പില് വച്ചു് അതില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്ന പാവത്തിനോടു് കണ്ടക്ടര്‍ “പിറകെ മറ്റൊരു നെട്ടയം ബസ്സ് ഒഴിഞ്ഞു വരുന്നു. അതില്‍ വരാം” എന്നു മൊഴിയുന്നു.
- കേരളത്തിലാകെയും ഇന്ത്യയില്‍ ചിലയിടങ്ങളിലും പ്രസിദ്ധനായ സാഹിത്യകാരന് മരിക്കുന്നു. മൃതദേഹം ബഹുജനദര്‍ശനത്തിനു് പൊതുസ്ഥാപനത്തില്‍ കിടത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകള്‍ പട്ടുവസ്ത്രങ്ങളില്‍ ശരീരം കടത്തി തോട പോലുള്ള കമ്മലുകള്‍ ഇട്ടു്, സിന്ദൂരപ്പൊട്ടു ചാര്‍ത്തി, പൗഡറണിഞ്ഞു് ആ മൃതദേഹത്തിനടുത്തു് ഇരിക്കുന്നു.
- എം.എല്‍.എമാരെ നേര്‍വഴിക്കു നടത്താനായി ധര്‍ണയ്ക്കുവന്ന സന്മാര്‍ഗ്ഗനിരതന്‍ വെറും നേരമ്പോക്കിനു വേണ്ടി അദ്ദേഹത്തെ ഒന്നു കളിയാക്കിയ വാരികയേയും ആ കളിയാക്കല്‍ നന്നായി എന്നു പറഞ്ഞ ഒരെഴുത്തുകാരനെയും അസഭ്യങ്ങളില്‍ കുളിപ്പിക്കുന്നു.
- ഡോക്ടറെ കാണാനുള്ള തന്റെ ഊഴം എത്തിയെന്നു വിചാരിച്ചു രോഗി സന്തോഷത്തോടെ എഴുന്നേല്ക്കുമ്പോള് അയാളെ തട്ടിമാറ്റിക്കൊണ്ടു് മെഡിക്കല്‍ റെപ്രസെന്റേറ്റീവ് കനത്ത ബാഗുമായി ഡോക്ടറുടെ മുറിയിലേക്കു കയറിപ്പോകുന്നു.
പ്രായംകൂടിയവന്‍ നിന്ദ്യന്‍
മലയാളം ഐച്ഛികവിഷയമായി സ്വീകരിച്ചു് കഷ്ടിച്ചു സെക്കന്‍ഡ് ക്ലാസ്സില്‍ ബി.എ. ജയിച്ചതിനു ശേഷം പലതവണ റോഡില്‍ നിന്നു കോളേജിലേക്കും കോളേജില്‍ നിന്നു റോഡിലേക്കും യഥാക്രമം കയറിയും ഇറങ്ങിയും നടന്നു് എം.എ. ക്ലാസ്സില്‍ അഡ്മിഷന് നേടുന്ന ചില പയ്യന്മാരുണ്ടു്. തഴക്കവും പഴക്കവും ഉള്ള പ്രായം കൂടിയ അദ്ധ്യാപകര്‍ അവരെ പഠിപ്പിക്കാന്‍ ക്ലാസ്സിലെത്തിയാല്‍ ആ അല്പജ്ഞരായ പിള്ളേര് അവരെ പുച്ഛിച്ചു നോക്കുന്ന പതിവുണ്ടു്. “പഠിപ്പിക്കാന്‍ വന്നിരിക്കുന്നു, ഇയാള്‍ക്കെന്തറിയാം. എനിക്ക് അറിയാവുന്നതിന്റെ ആയിരത്തിലൊരംശം പോലും ഈ ഏഭ്യനു് അറിഞ്ഞുകൂടാ” എന്നു് അവര്‍ നോട്ടം കൊണ്ടു ധ്വനിപ്പിച്ചു കളയും. ഇതു കോളേജില്‍ മാത്രമല്ല കാണുക. ജൂനിയര്‍ വക്കീല്‍ സീനിയര്‍ വക്കീലിനെ പുച്ഛിക്കുന്നു. പത്രമാപ്പീസിലെ ടേബിളുകാരന്‍ ഡസ്ക്കുകാരനെ പുച്ഛിക്കുന്നു. (ടെക്നിക്കല്‍ വാക്കിന്റെ പ്രയോഗം ശരിയാണോ എന്തോ?) ഇന്റ്റേണ് (ആശുപത്രിയില്‍ താമസിച്ചു ചികിത്സയില്‍ പരിശീലനം നേടുന്നവന്) സീനിയര്‍ ഡോക്ടറെ പുച്ഛിക്കുന്നു. സീനിയര്‍ ഡോക്ടര്‍ അയാളുടെ മേലുദ്യോഗസ്ഥനെ പുച്ഛിക്കുന്നു. സന്ന്യാസി മഠങ്ങളിലുമുണ്ടു് ഈ കൊള്ളരുതായ്മയുടെ വിളയാട്ടം. ഏറ്റവും പ്രായം കുറഞ്ഞ സന്ന്യാസിക്കു് മഠാധിപതിയെ പുച്ഛമാണു്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കുള്ള ഈ മനോഭാവത്തെ കലാചാതുരി കലര്‍ത്തി പരിഹസിക്കുന്ന ഒരു കഥയുണ്ടു് കുങ്കുമം വാരികയില്‍; സുജാതയുടെ ‘അരവൈദ്യന്‍’ (മുറിവൈദ്യന്‍ എന്ന പേരു കുറെക്കൂടി മെച്ചപ്പെട്ടതാണു്). ചെറുപ്പക്കാരന് ഡോക്ടര്‍ തന്നെ ശാസിക്കുന്ന വയസ്സന് ഡോക്ടറെ പുച്ഛിക്കുന്നു, അപവദിക്കുന്നു. പക്ഷേ പാമ്പുകടിയേറ്റു് ആശുപത്രിയിലെത്തിയ ഒരു യുവാവിനെ ആ ചെറുപ്പക്കാരന് ഡേക്ടറുടെ അശ്രദ്ധയും അപ്രഗത്ഭതയും മരണത്തിലേക്കു തള്ളി വിടുന്നു. അപ്പോഴും പ്രായം കൂടിയ ഡോക്ടര്‍ തന്റെ ജൂനിയറെ രോഗിയുടെ ബന്ധുക്കള്‍ നടത്താവുന്ന ആക്രമണത്തില്‍ നിന്നു രക്ഷിക്കുന്നു. “വിലകൂടും വാര്‍ദ്ധകത്തൂവെള്ളിക്കു യൗവനത്തങ്കത്തെക്കാള്‍.” പ്രതിപാദ്യ വിഷയത്തിനു യോജിച്ച ശൈലിയാണു സുജാതയുടേതു്. ആഖ്യാനവും ജലത്തില്‍ വീണ നിലാവു പോലെ അതിനെ തേജോമയമാക്കുന്ന നര്‍മ്മബോധവും ഒന്നാന്തരം.
ഡോക്ടര്‍മാര്‍ വായിക്കേണ്ട ചില പുസ്തകങ്ങള്‍: (1) ആക്സല്‍ മുന്തേയുടെ ആത്മകഥ; സാന്‍മീക്കേലീ (San Michele), (2) ഓസ്ട്രിയന്‍ സോഷ്യല്‍ ക്രിട്ടിക് ഐവാന്‍ ഇലീച്ചിന്റെ Limits to Medicine, (3) എഫ് കാപ്രയുടെ The Turning Point എന്ന പുസ്തകത്തില്‍ മെഡിസിനെക്കുറിച്ചുള്ള അദ്ധ്യായം, (4) The Lives of a cell, The Medusa and the Snail ഈ ഗ്രന്ഥങ്ങളെഴുതി വിശ്വവിഖ്യാതനായ എല്‍. തോമസിന്റെ (Lewis Thomas) ആത്മകഥ (The Youngest Science എന്നു പേരു്).
1, 2, 3, 4.
ഫ്ളാഷ് ലൈറ്റില്‍ പുതിയ ബാറ്ററിയിട്ടു സ്വിച്ചമര്ത്തിയാല് ഇരുട്ടതു ഭൂവിഭാഗം തെളിഞ്ഞു കാണാം. ബാറ്ററിയുടെ ശക്തി ക്ഷയിച്ചു വരുന്തോറും പ്രകാശം ചെന്നു വീഴുന്ന ഭാഗങ്ങള്‍ അസ്പഷ്ടങ്ങളായി കാണപ്പെടും. കെ. ജയചന്ദ്രന്റെ കഥയാകുന്ന ഫ്ളാഷ് ലൈറ്റിലെ ബാറ്ററി എപ്പോഴും ശക്തി കുറഞ്ഞതാണു്. അതിനാല്‍ അദ്ദേഹം കാണിച്ചു തരുന്ന ഭൂവിഭാഗങ്ങള്‍ അവ്യക്തങ്ങളാണു്. കലാകൗമുദിയിലെ “അയനം” എന്ന ചെറുകഥയുടെ സ്ഥിതിയും വിഭിന്നമല്ല. തീവണ്ടിയോടിക്കുന്ന അച്ഛന് ഒരിക്കലും വീട്ടില്‍ വരാത്തതിനെച്ചൊല്ലിയുള്ള മകന്റെ പരിദേവനമെന്നട്ടില്‍ രചിക്കപ്പെട്ട ഇക്കഥയിലെ സിംബലിസം വ്യക്തമല്ല. ആഖ്യാനത്തില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ബന്ധദാര്‍ഢ്യം ഇതിലില്ല. കഥയുടെ അന്തരീക്ഷമില്ല. സ്വഭാവചിത്രീകരണമില്ല. ഭാവശില്പമില്ല. ചുരുക്കത്തില്‍ ഒന്നുമില്ല. ഒരു ‘കണ്‍ഫ്യൂസ്ഡ് മെന്‍ഡാ’ണു് ഇതില്‍ പ്രതിഫലിക്കുക. റഷ്യന്‍ സാഹിത്യകാരനായ എ.പി. പ്ലേറ്റോനോവ് Fierce, Fine World എന്നൊരു ചെറുകഥ എഴുതിയിട്ടുണ്ടു്. തീവണ്ടിയോടിക്കുന്നവന്റെ കഥയാണതു്. ജയചന്ദ്രന് അതൊന്നു വായിച്ചു നോക്കിയാല്‍ കഥയുടെ ടോര്‍ച്ച് അന്ധകാരത്തിലാണ്ട വസ്തുക്കള്‍ക്കും വസ്തുതകള്‍ക്കും ജീവന് നല്കുന്നതെങ്ങനെയെന്നു് ഗ്രഹിക്കാന്‍ കഴിയും. ഋജുതയാര്‍ന്ന ആഖ്യാനത്തില്‍ 1, 2, 3, 4, 5 എന്ന ക്രമത്തിലാണു് കഥ മുന്നോട്ടു പോകുന്നതു്. ജയചന്ദ്രന് 1 1/2, 8/128, 4, 100/28 എന്ന മട്ടിലാണു് കഥയെഴുതുന്നതു്. ഫലം വായനക്കാരനു ചിന്താക്കുഴപ്പവും തലവേദനയും.
ഈറ്റാലോ കാല്‍വീനോ നോബല്‍ സമ്മാനത്തിനു് അര്‍ഹതയുള്ള ഇറ്റാലിയന്‍ സാഹിത്യകാരനാണു്. അദ്ദേഹത്തിന്റെ A Judgement എന്ന കഥ യഥാസംഖ്യമായ ക്രമത്തിനു് ഉദാഹരണമായി നല്‍കാം. ക്ലെറീചീ ജഡ്ജിയുടെ വിധികള്‍ ജനങ്ങളെ ക്ഷോഭിപ്പിച്ചിരുന്നു. ആളുകള്‍ തന്നെ വെറുക്കുന്നുവെന്നു ജഡ്ജിയും മനസ്സിലാക്കിയിരുന്നു. താന്‍ തികഞ്ഞ ന്യായബോധത്തോടെയാണു് വിധികള്‍ പ്രസ്താവിക്കുന്നതെന്നു് ഉറച്ചു വിശ്വസിച്ച ജഡ്ജി ഇറ്റലിയിലെ ജനങ്ങളെ വെറുത്തു, പുച്ഛിച്ചു. ഇക്കൂട്ടര്‍ ജനിക്കാതിരുന്നെങ്കില് എന്നേ അദ്ദേഹം വിചാരിച്ചുള്ളു. അന്നും ജഡ്ജി കോടതിയിലെത്തി. കഴിഞ്ഞ കാലത്തെ പല തവണയായി ഉണ്ടായ കാലത്തെ ബോംബേറു കൊണ്ടു് തകര്‍ന്ന കോടതിക്കെട്ടിടം. ജനക്കൂട്ടം ബഹളംകൂട്ടി തള്ളിക്കയറുമായിരുന്നു അതിനകത്തേക്കു്. പക്ഷേ, അന്നു് എല്ലാവരും നിശ്ശബ്ദര്‍. ഒരു മുദ്രാവാക്യം പോലും മുഴങ്ങിയില്ല. വിചാരണ തുടങ്ങി. ഭവനഭേദനം നടത്തിയവരുടെ നേര്‍ക്കുള്ള കുറ്റാരോപണമല്ല; വിചാരണയുമല്ല. ഇറ്റലിക്കാരെ യുദ്ധത്തില്‍ പിടികൂടി വെടി വച്ചു കൊന്ന ചിലരെയാണു് അന്നു വിചാരണ ചെയ്യുന്നതു്. നിയമം! കറുത്തതിനെ വെളുത്തതും വെളുത്തതിനെ കറുത്തതുമാക്കാന്‍ കഴിവുള്ളതാണതു്. എല്ലാ കുറ്റക്കാരെയും വെറുതെ വിട്ടുകൊണ്ടു് ജഡ്ജി വിധി പ്രസ്താവിച്ചു.
മറ്റൊരു കുറ്റക്കാരന്‍ പ്രതിക്കൂട്ടില്‍ നില്ക്കുകയാണു്: “അവന്‍തന്നെ… എന്റെ കണ്ണു കൊണ്ടു കണ്ടതാണു്… എടാ പന്നി…” എന്നു് ഒരാള്‍ വിളിക്കുന്നു. കുറ്റക്കാരന്‍ ശാന്തനായി നിന്നു. ആ ശാന്തത കണ്ടു് ജഡ്ജിക്കു് അയാളോടു് അസൂയ തോന്നി. വിചാരണ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരുത്തന് കയറു കൊണ്ടു വന്നു് അതിന്റെ ചുരുളഴിക്കുന്നതു് അദ്ദേഹം കണ്ടു. കയറെന്തിനു് ഇവിടെ? പെട്ടെന്നു് മുളകള്‍ കൊണ്ടുണ്ടാക്കിയ ഗ്യാലോസ് — തൂക്കുമരം — ഉയര്‍ന്നു. അതില്‍ കുരുക്കിട്ട കയറും. ജഡജി വിചാരിച്ചു. “വിവരം കെട്ട മണ്ടന്മാര്. അവര്‍ വിചാരിക്കുന്നുണ്ടാവും കുററക്കാരനെ തൂക്കിക്കൊല്ലുമെന്നു്. ഞാന്‍ കാണിച്ചു കൊടുക്കാം അവര്‍ക്കു്.” കോടതിയിലെ ക്ലാര്‍ക്കു് ജഡ്ജിയുടെ മുന്പില് എഴുതിയ കടലാസ്സുകള്‍ കൊണ്ടു വച്ചു. അദ്ദേഹം ഒപ്പിട്ടു. ഒരു കടലാസ്സിന്റെ താഴത്തെ അറ്റം മാത്രമേ ക്ലാര്‍ക്കു് ഒപ്പിടാന്‍ വേണ്ടി കാണിച്ചു കൊടുത്തുള്ളൂ. ജഡ്ജി അതിലും ഒപ്പിട്ടു. ആ ഒപ്പിനു മുകളിലായി ഇങ്ങനെ: “കെറീചി ജഡ്ജി വളരെക്കാലമായി പാവപ്പെട്ട ഇറ്റലിക്കാരെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതുകൊണ്ടു് അയാള്‍ പട്ടിയെപ്പോലെ ചാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.” രണ്ടു പൊലീസുകാര്‍ അദ്ദേഹത്തിന്റെ അടുത്തുവന്നു തൊടാതെ “വരൂ” എന്നു വിളിച്ചു. “ആ തൂക്കുമരത്തില്‍ കയറൂ. കുരുക്കില്‍ കഴുത്തിട്ടു. ഇനി സ്റ്റൂളിനു് ഒരു തട്ടുകൊടുക്കു്” എന്നു് അവര്‍ ആജ്ഞാപിച്ചു. ജഡ്ജി സ്റ്റൂള് തട്ടിയിട്ടു. കയറു കഴുത്തില്‍ മുറുകി. തൊണ്ടയടഞ്ഞു. കണ്ണുകള്‍ തള്ളി… ഇരുട്ടിനു കനം കൂടിക്കൂടി വന്നു. കോടതി മുറ്റം വിജനമായി. ജഡ്ജി മരിക്കുന്നതു പോലും കാണാന്‍ ആരും ചെന്നില്ല.
തകര്‍ന്ന ഇറ്റലിയുടെ ചിത്രമാകെ ഇതിലുണ്ടു്. എന്നാല്‍ അതു കാണിക്കാനല്ല ഞാന്‍ ഈ സംഗ്രഹം നല്കിയതു്. ന്യൂമറിക്കല്‍ ഓര്‍ഡര്‍ — സംഖ്യയനുസരിച്ചുള്ള ക്രമാനുഗതമായ ആഖ്യാനം കഥയ്ക്കു എങ്ങനെ ഉജ്ജ്വല നല്‍കും എന്നതു് വ്യക്തമാക്കാനാണു്.
പഴയ വിഷയം
ആര്‍തറിന്റെ കൈ നോക്കി ഹസ്തരേഖാശാസ്ത്രജ്ഞന്‍ പറഞ്ഞു അയാള്‍ കൊലപാതകം ചെയ്യുമെന്നു്. ആ ഹസ്തരേഖാ ശാസ്ത്രജ്ഞനെ ആര്‍തര്‍ തെംസ് നദിയില്‍ തള്ളിയിട്ടു കൊന്നു. ഇതാണു് ഓസ്കര് വൈല്‍ഡ് എഴുതിയ ഒരു കഥയുടെ സാരം. രാജാവു് ഏതാനും ദിവസങ്ങള്‍ക്കകം മരിക്കുമെന്നു് ജ്യോത്സ്യന് പറഞ്ഞപ്പോള്‍ അയാള്‍ക്കു് എത്ര കാലം ജീവിതമുണ്ടെന്നു് രാജാവു് ചോദിച്ചു. താന്‍ ദീര്‍ഘ കാലം ജീവിച്ചിരിക്കുമെന്നു് ജ്യോത്സ്യന്റെ മറുപടി. രാജാവു് വാളുകൊണ്ടു് അയാളുടെ കഴുത്തു കണ്ടിച്ചു തല താഴെ വീഴ്ത്തി. ജ്യോത്സ്യം തെറ്റാണെന്നു തെളിഞ്ഞു. ഇങ്ങനെ എത്രയെത്ര കഥകള്‍. ഈ പഴയ വിഷയം തന്നെയാണു് എം.സി. രാജനാരായണന്‍ ചെറുകഥയാക്കിയിരിക്കുന്നതു്. വിമല എന്ന കൈനോട്ടക്കാരി മിറാന്‍ഡയുടെ കൈ നോക്കി പറയുന്നു അവള് ഉടനെ മരിക്കുമെന്നു്. എന്നാല്‍ വിമല അന്നു തന്നെ കാറപകടത്തില്‍ മരിച്ചു. (ജനയുഗം വാരികയിലെ ‘നിറങ്ങള്‍’ എന്ന കഥ. വാരിക കൈയിലില്ല. വായിച്ച ഓര്‍മ്മയില്‍ നിന്നെഴുതുന്നതു്.) ഇമ്മട്ടില്‍ കഥയെഴുതുന്നതിന്റെ പ്രയോജനം എന്താണാവോ? പ്രതിഫലത്തെ ലക്ഷ്യമാക്കിയാണോ? എങ്കില്‍ ഇതിനെക്കാള്‍ മാന്യമായ എന്തെല്ലാം വേറെയുണ്ടു്!
ധര്‍മ്മച്യുതി
കാര്യഗുരുതയുള്ള ഒരു വിഷയത്തെക്കുറിച്ചാണു് പ്രൊഫസര്‍ കെ.എം. തരകന് മനോരമ ആഴ്ചപ്പതിപ്പില്‍ ഉപന്യസിക്കുന്നതു്. “ഇടിച്ചു തള്ളാതെയും കാലു പിടിക്കാതെയും കാലു വാരാതെയും കൂട്ടം കൂടാതെയും ധര്‍ണ നടത്താതെയും ജാഥയില്‍ ചേരാതെയും” ഒരാള്‍ക്കും ഒന്നും നേടാന്‍ കഴിയാത്ത രാജ്യമല്ലേ ഇതു്? എന്നു് അദ്ദേഹം ചോദിക്കുന്നു. തുടര്‍ന്നു പറയുന്നു: “നിങ്ങള്‍ ഞെട്ടുന്നു ആ ഞെട്ടലുണ്ടല്ലോ അതും വ്യാജമാണു്” സത്യം സത്യമായി ആവിഷ്കരിക്കുമ്പോള്‍ ഉണ്ടാകുന്ന ശക്തിയാണു് ഈ വാക്യങ്ങള്‍ക്കു്.
ധര്‍മ്മച്യുതിയുടെ നേര്‍ക്കാണു് പ്രൊഫസറുടെ ഉപാലംഭം. അതു ശരിയാണു താനും. കലയിലെ അപമാനവീകരണവും മൂല്യധ്വംസനവും ജനസംഖ്യാവര്‍ദ്ധനയും ഇതിന്റെ കാരണങ്ങളാണു്. ജനസംഖ്യ വര്‍ദ്ധിച്ചതുകൊണ്ടു് ലഭ്യങ്ങളായ സാമ്പദിക വിഭവങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നു. വിഭവങ്ങള്‍ പരിമിതങ്ങളായതുകൊണ്ടു ഇടിച്ചു തള്ളലും കാലു പിടിക്കലും കാലു വാരലും ഉണ്ടാകുന്നു. സാഹിത്യത്തിലെ അപമാനവീകരണം. ചലച്ചിത്രങ്ങളിലെ സെക്സ്, സമൂഹത്തിലെവിടെയും ഉള്ള മൂല്യധ്വംസനം ഇവ മനുഷ്യത്വത്തെ നശിപ്പിക്കുന്നു. എനിക്കും പ്രൊഫസര്‍ തരകനും ഇതില്‍ നിന്നു് ഒഴിഞ്ഞുനില്ക്കാനാവില്ല. പ്രൊഫസര്‍ തരകന് എന്റെ സാഹിത്യ രചനകളെ വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ ഞാനതു് അംഗീകരിക്കാതെ അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ശ്രമിക്കും. ഞാന്‍ ഒരു ത്രൈമാസികത്തിന്റെ അധിപരാണെങ്കില്‍ ധിഷണാജീവിതം നയിക്കുന്ന അദ്ദേഹത്തോടു് ലേഖനം ചോദിക്കില്ല. സകല അണ്ടന്മാരുടെയും അടകോടന്മാരുടെയും ലേഖനങ്ങള്‍ ചോദിച്ചു വാങ്ങി, അതില്‍ പ്രസിദ്ധപ്പെടുത്തും. അങ്ങനെ അദ്ദേഹത്തെ അപമാനിക്കും. എന്നിട്ടു് ഞാന്‍ യോഗ്യനായി ഭാവിക്കുകയും ചെയ്യും. ലോകഗതി ഇതാണു്. കാലികമായി പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ചു് എഴുതിയ പ്രൊഫസര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
നവംബര്‍ മൂന്നു്. സമയം അഞ്ചു മണി. ഭാരതീയര്‍ ഹൃദയം പൊട്ടുന്ന മട്ടില്‍ നിലവിളിക്കുമ്പോള്‍ ഹുതാശനന്‍ ഭാരതത്തിന്റെ ധീരയായ സന്താനത്തിന്റെ നിശ്ചേതനമായ പ്രത്യക്ഷ ശരീരത്തെതന്നിലേക്കു ആവാഹിക്കുകയാണു്. ഇന്ദിരാ പ്രിയദര്ശിനീ, മൂകമായ കാലം ഭവതിക്കു് അനുകൂലമായ വിധിനിര്‍ണ്ണയമേ നടത്തൂ. ഭവതി അത്രയ്ക്കു സമാരാദ്ധ്യയും സുപ്രിയയും ആണല്ലോ. പക്ഷേ, ഹതഭാഗ്യരായ ഞങ്ങളുടെ കണ്ണീര് ഒരിക്കലും തോരുകയില്ല.
|
|