സാഹിത്യവാരഫലം 1983 12 04
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1983 12 04 |
ലക്കം | 429 |
മുൻലക്കം | 1983 11 27 |
പിൻലക്കം | 1983 12 11 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ഞാന്‍ വടക്കേയിന്ത്യയില്‍ ഒരു കൊടുങ്കാട്ടില്‍ കുറെക്കാലം താമസിച്ചിരുന്നു. അപരിഷ്കൃതരായ ആളുകള്‍ കാട്ടിനു പുറത്തേയുള്ളു. കാട്ടിനകത്തു് കുറച്ചു മലയാളികളുണ്ടു്. വര്‍ഷത്തിലൊരിക്കല്‍ അവര്‍ ഒരുമിച്ചു കൂടി നാടകം അഭിനയിക്കും, പാട്ടു പാടും, നൃത്തം ചെയ്യും. വൈദ്യുത ദീപങ്ങള്‍ കെട്ടുപോയാല്‍ ആഘോഷങ്ങള്‍ മുടങ്ങരുതല്ലോ. അതുകൊണ്ടു് വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ ഇരുപത്തഞ്ചു നാഴികയകലെയുള്ള ഒരു പട്ടണത്തില്‍ച്ചെന്നു് രണ്ടു മാന്റല്‍ വിളക്ക് (പഴയ പെട്രോമാക്സ് വിളക്ക്) വാടകയ്ക്കെടുത്ത് സൈക്കിളിന്റെ പിറകില്‍ വച്ചുകെട്ടി കൊണ്ടുവന്നു. അയാള്‍ ഉത്സാഹത്തോടെ സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ ഞാന്‍ റോഡില്‍ നില്‍ക്കുകയായിരുന്നു. എന്തെങ്കിലും ചോദിക്കണമല്ലോ എന്നു കരുതി ഞാന്‍ ആ മനുഷ്യന്റെ നേര്‍ക്കു ഒരു ചോദ്യമെറിഞ്ഞു: “ആങ്ഹാ, വിളക്കു കിട്ടി അല്ലേ?” അയാള്‍ ചവിട്ടു വണ്ടി നിറുത്തി താഴെയിറങ്ങി. എന്നിട്ടു സംസാരം: “എന്തു പറയാന്‍ സാറേ, ഒരുത്തനും വിളക്കു തരൂല്ല. പിന്നെ ഞാന്‍ ബലാല്‍സംഗം ചെയ്തു് രണ്ടെണ്ണം എടുത്തുകൊണ്ടു പോന്നു.” ചിരിയടക്കാന്‍ വളരെ പാടുപെട്ടു ഞാന്‍. ‘ബലാല്‍ക്കാരമായി’ കൊണ്ടുപോന്നു എന്നു പറയേണ്ടതിനു പകരമായിട്ടാണു് ആ ബലാത്സംഗം അയാള്‍ നടത്തിയതു്. ‘ശരി’ എന്നു പറഞ്ഞു ഞാന്‍ നടന്നു.
ഈ മനുഷ്യന്‍ തന്നെ എന്നെയും എന്റെ സഹധര്‍മ്മിണിയേയും ഊണു കഴിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ അയാളുടെ വീട്ടിലെത്തി. ഉണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു: “പൈപ്പ് വെള്ളം മുടങ്ങാതെ കിട്ടുന്നുണ്ടോ?” മറുപടി: ഉണ്ടു്. പിന്നെ നല്ല റമ്മുണ്ടു്. വേണമെങ്കില്‍ സാറിനു് ഒന്നെടുക്കാം. “ഇതും തുടങ്ങിയോ?” എന്ന മട്ടില്‍ ഭാര്യയുടെ നോട്ടം. ഞാന്‍ പറഞ്ഞു: “ഇല്ല ഞാന്‍ റം കുടിക്കാറില്ല. എന്നല്ല ഒരു മദ്യവും കടിക്കില്ല.” അതു കേട്ടു അയാള്‍ വീണ്ടും അറിയിച്ചു: “കുടിക്കാനുള്ള റമ്മല്ല സാറേ. വെള്ളം പിടിച്ചുവയ്ക്കാന്‍ ഇവിടെ രണ്ടു റം ഓര്‍ഡനര്‍സ് ഫാക്ടറിയില്‍ നിന്നു് ഞാന്‍ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ടു്. അതാണു് പറഞ്ഞതു്.” അപ്പോഴാണു് എനിക്കു മനസ്സിലായതു് അയാളുടെ ‘റം’ ഡ്രമ്മാണെന്നതു് — ഇരുമ്പു വീപ്പയാണെന്നതു്.
ഇതൊക്കെ അക്ഷരശൂന്യനായ ഒരുത്തന്റെ തെറ്റുകളാണു്. വിദ്യാസമ്പന്നരുടെ തെറ്റുകള്‍ ഇവയെക്കാള്‍ ഹാസ്യജനകങ്ങളാണു്. ആറ്റിങ്ങലിനടുത്തുള്ള ‘മെന്‍ഡസ്’ എന്ന വ്യവസായസ്ഥാപനത്തിന്റെ മുന്നില്‍ക്കൂടി കാറില്‍ കൊല്ലത്തൊരിടത്തു് മീറ്റിങ്ങിനു പോയിട്ടു് തിരിച്ചു മറ്റൊരു വഴിയിലൂടെ വരുമ്പോള്‍ എന്റെ കൂടെയുണ്ടായിരുന്ന ഒരു സംസ്കൃതം പ്രൊഫസര്‍ അന്നു ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്ന ഒരു “പ്രാസംഗിക”യോടു് മെന്‍ഡസ് കഴിഞ്ഞോ എന്ന അര്‍ത്ഥത്തില്‍ മെന്‍സസ് കഴിഞ്ഞോ എന്നു ചോദിച്ചതു് ഞാന്‍ അക്കാലത്തു് കെ. ബാലകൃഷ്ണന്റെ ‘കൗമുദി’വാരികയില്‍ എഴുതിയിരുന്നു. ആ സമയത്തു് അവര്‍ ഗര്‍ഭിണിയായിരുന്നു താനും. വേറൊരു സംസ്കൃതം പ്രൊഫസറോടു കൂടി ഞാന്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ.ജി. മേനോനെ കാണാന്‍ പോയി. ഗ്രാന്റ്സ് കമ്മിഷന്റെ ശംബള സ്കെയില്‍ ഇവിടത്തെ കോളേജദ്ധ്യാപകര്‍ക്കു കൂടി തരണമെന്നുള്ള അഭ്യര്‍ത്ഥനയായിരുന്നു ഞങ്ങളുടേതു്. ചീഫ് സെക്രട്ടറി പത്രഭാഷയില്‍ ‘അനുഭാവപൂര്‍വ്വം’ എല്ലാം കേട്ടു. അനുകൂലമായ മാനസിക നിലയാണു് അദ്ദേഹത്തിനുള്ളതെന്നു’ ഞങ്ങള്‍ക്കു മനസ്സിലായി. അപ്പോള്‍ സംസ്കൃതം പ്രൊഫസര്‍ ഒറ്റക്കാച്ചു്: “സാര്‍, ഉത്തരക്കടലാസു നോക്കുന്നതിനുള്ള പ്രതിഫലം ഗ്രാന്റ് കമ്മിഷന്‍ ശംബളം തന്നാലും ഇല്ലാതാക്കരുതു്. “ഒരിക്കലും ഞെട്ടാത്ത കെ.ജി. മേനോന്‍ ഗ്രാന്‍റ്സ് കമ്മിഷന്‍ ഗ്രാന്റ്കമ്മിഷനായതു കണ്ടു ഞെട്ടി. ആ ഞെട്ടല്‍ പുറത്തു കാണിക്കാതെ അദ്ദേഹം ചോദിച്ചു. “ഫാള്‍സ് നമ്പര്‍ ഇട്ടാണോ ഉത്തരക്കടലാസ്സു് അയയ്ക്കുന്നതു് ഇപ്പോഴും?” പ്രൊഫസര്‍ മറുപടി നല്‍കി: “അതേ, അതിനു പുറമേ ഉത്തരക്കടലാസ്സുകള്‍ യൂണിവേഴ്സിറ്റി അധികാരികള്‍ ‘ഷപ്പിള്‍’ ചെയ്യും.” ഷഫ്ള്‍ (Shuffle) എന്ന വാക്കു് — കശക്കുക, കലക്കുക എന്ന അര്‍ത്ഥത്തിലുള്ള ആ ഇംഗ്ലീഷു് പദം- ഷപ്പിള്‍ ആയപ്പോള്‍ കെ.ജി. മേനോന്‍ ഇന്റര്‍വ്യു മതിയാക്കിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ഞങ്ങള്‍ തിരിച്ചു പോരുകയും ചെയ്തു.
തെറ്റു് ആരുടെ നാക്കില്‍ നിന്നു വീണാലും ഹാസ്യോല്‍പാദകമാണു്. ഒരു ‘എക്‍സെപ്ഷന്‍’ മാത്രമേയുള്ളൂ ഇതിനു്. യുവാവു് പ്രേമഭാജനത്തെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണു്. അവള്‍ തെറ്റു പറഞ്ഞാല്‍, ഉച്ചാരണം തെറ്റിച്ചാല്‍ യുവാവിനു് ചിരിക്കാന്‍ തോന്നുകില്ല. അവളെ ചുംബിക്കാനേ തോന്നു.
Contents
കോളറ
ചുംബനം പല തരത്തിലാണെന്നു വാത്സ്യായനന്‍ പറഞ്ഞിട്ടുണ്ടു്. മഹര്‍ഷിയുടെ കാമസൂത്രം എന്റെ കൈയിലില്ലാത്തതുകൊണ്ടു് ഓര്‍മ്മയില്‍ നിന്നു് ഒരു വാക്യം ഉദ്ധരിക്കുന്നു: “ബലാത്കാരേണ നിയുക്താ മുഖേമുഖമാധത്തേ ന തു വിചേഷ്ടത ഇതിനിമിത്തകം” ഇതാണു് നിമിത്തകമെന്ന ചുംബനം, ബലാത്കാര രൂപത്തിലുള്ള ചുണ്ടമര്‍ത്തല്‍. വല്ലച്ചിറ മാധവന്‍ “രാഗലോല” എന്ന ചെറുകഥയുടെ രചനയിലൂടെ അനുഷ്ഠിക്കുന്ന കൃത്യം ഇതില്‍ നിന്നു വിഭിന്നമല്ല (ഞായറാഴ്ച വാരിക). അദ്ധ്യാപകന്‍ സുന്ദരിയായ വിദ്യാര്‍ത്ഥിനിയെ എപ്പോഴും തുറിച്ചു നോക്കുന്നു. അതു് അരുതെന്നു് അവള്‍ അയാളോടു പറയുന്നു. അതോടെ അദ്ധ്യാപകനു കടുത്ത നൈരാശ്യം. നൈരാശ്യം ഭ്രാന്തോളമെത്തുന്നു. അപ്പോഴേക്കും പെണ്ണിന്റെ ‘വിവാഹനിശ്ചയം’. അദ്ധ്യാപകന്‍ തൂങ്ങിച്ചത്തു എന്നു കഥാകാരന്‍ പറയുന്നില്ല. എങ്കിലും തൂങ്ങിയിരിക്കാന്‍ ഇടയുണ്ടു് എന്നു് എനിക്കു തോര്‍ന്നുന്നു. പഞ്ചാരപുരട്ടിയ കറെ വാക്കുകളും രജോദര്‍ശനമടുത്ത (രജോദര്‍ശനം = ആദ്യത്തെ ആര്‍ത്തവം) പെണ്‍പിള്ളേരെ ഇക്കിളിപ്പെടുത്തുന്ന ചില അലങ്കാര പ്രയോഗങ്ങളുമല്ലാതെ ഈ രചനാ സാഹസത്തില്‍ വേറൊന്നുമില്ല. എന്തൊരു സംസ്കാരലോപം! പ്രിയപ്പെട്ട വായനക്കാര്‍ സൂക്ഷിച്ചിരിക്കണം. വല്ലച്ചിറ മാധവന്റെ കഥ ഏതു സന്ദര്‍ഭത്തിലും ഉണ്ടാകാം. കോളറയും ഏതു നിമിഷത്തിലും പൊട്ടിപ്പുറപ്പെടാം.
ഗീതാഞ്ജലി
പൊട്ടിപ്പുറപ്പെടുന്നതു് വിഷൂചിക മാത്രമല്ല, സര്‍ഗ്ഗാത്മകത്വത്തിനും ആ സ്വഭാവമുണ്ടു്. പതിനാറാമത്തെ വയസ്സില്‍ ക്യാന്‍സര്‍ വന്നു മരിച്ച ഗീതാഞ്ജലി എന്ന പെണ്‍കുട്ടിയുടെ ചില കാവ്യങ്ങള്‍ നവംബര്‍ 6–12 ലെ Illustrated Weekly-യില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. എഴുതിക്കഴിഞ്ഞതിനു ശേഷം പുസ്തകങ്ങള്‍ക്കിടയിലും തലയണയുറയ്ക്കകത്തും പായുടെ അടിയിലും കളിപ്പാട്ടങ്ങളുടെ താഴെയും ഗീതാഞ്ജലി ഒളിച്ചു വച്ച ഈ കാവ്യരത്നങ്ങള്‍ പ്രശസ്തനായ കവി പ്രീത്യഷ് നന്ദിയുടെ സാഹായ്യത്തോടെ വെളിച്ചം കണ്ടിരിക്കുന്നു. അവയൊന്നു വായിച്ചു നോക്കു. മിന്നല്‍ പ്രവാഹം പോലെ, പ്രഥമദര്‍ശനഫലമായ പ്രേമം പോലെ സര്‍ഗ്ഗാത്മകത്വം പൊട്ടിപ്പുറപ്പെടുമെന്നു നമ്മള്‍ മനസ്സിലാക്കുന്നു.
മരണത്തെ മുന്നില്‍ കണ്ടുകൊണ്ടു് ശൈശവത്തില്‍ നിന്നു പൂര്‍ണ്ണമായ മോചനം നേടാത്ത ഗീതാഞ്ജലി അതിനോടു് അപേക്ഷിക്കുന്നു:
Death
Who are you?
Where do you come from?
Where will you take me?
Is the way long?
Is it too dark?
I do claim to be brave
And yet am afraid
For I know not
What’s beyond
Death
I do sometimes
Expect you
And at times hope
You’d never come
If you must take me
Do be merciful
Take me where no one can hurt me
Or cause me pain
And I have an appeal
Do please be kind
And let me sleep…
As in my childhood I did.
തലതാഴ്ത്തു്, ‘കരയൂ’ എന്നാരോ എന്നോടു് അനുശാസിക്കുന്നതു പോലെ തോന്നുന്നു. തലതാഴ്ത്തി, കരഞ്ഞു. വീണ്ടും തലയുയര്‍ത്തി നോക്കുമ്പോള്‍ കാണുന്നതു് കാവ്യശോഭ: ഒരു കൊച്ചു കുട്ടിയുടെ ആത്മധൈര്യം. രാത്രിയുടെ അന്ധകാരത്തില്‍, നിലാവിന്റെ ശൈത്യത്തില്‍, മൂങ്ങയുടെ മൂളലില്‍, കാറ്റിന്റെ സീല്‍ക്കാരത്തില്‍, ഭവനത്തിന്റെ സുഷുപ്തിയില്‍ ഞാന്‍ മരണത്തിന്റെ മുഖം കണ്ടിട്ടുണ്ടു്. ആ മുഖം എന്നെ പേടിപ്പിച്ചിട്ടുണ്ടു്. ഗീതാഞ്ജലിയുടെ കാവ്യങ്ങളിലും ഞാന്‍ മരണത്തിന്റെ മുഖം കാണുന്നു. എന്നാല്‍ അതു് എന്നെ പേടിപ്പിക്കുന്നില്ല. ഗീതാഝ്‍ലി ഏതു ധൈര്യത്തോടെ മരണത്തിനു് അഭിമുഖീഭവിച്ചു നിന്നുവോ ആ ധൈര്യത്തോടെ ഞാനും നില്ക്കുന്നു. മരണത്തെക്കാള്‍ ശക്തമായ കവിതയാണു് ഗീതാഞ്ജലിയുടെ കവിത. ബാലികേ നീ ഇന്നു ഞങ്ങളുടെ കൂടെ ഇല്ലല്ലോ.
ഇല്ലാത്ത ഗീതാഞ്ജലി ഉളവാക്കുന്ന ദുഃഖം, അതു ജനിപ്പിക്കുന്ന ഏകാന്തത ഇവ എന്റെ മാത്രം ദുഃഖമല്ല; ഏകാന്തതയുമല്ല. കവിത വായിച്ചാല്‍ രസമനുഭവിക്കുന്ന ഏതു സഹൃദയന്റെയും ദുഃഖവും ഏകാന്തതയുമാണു്. എന്നാല്‍ യേശുദേവനെ ചതിച്ച ജൂഡാസിന്റെ ഏകാന്തത അവന്റെ ഏകാന്തത മാത്രമാണു്. സീസറിനെ ചതിച്ച ബ്രൂട്ടസിന്റെ ഏകാന്തത അവന്റെ ഏകാന്തത മാത്രമാണു്. കലയുടെ സാര്‍വ്വ ജനീന സ്വഭാവം ഇവിടെ വ്യക്തമാകുന്നു.
കല്പനാഭാസം
ഈ സാര്‍വ്വജനീന സ്വഭാവം വരാതെ വര്‍ണ്ണനകള്‍ തികച്ചും വ്യക്തി നിഷ്ഠങ്ങളാവുമ്പോഴാണു് അവ കല്പനാ ഭാസങ്ങളായി തരംതാഴുന്നതു്. ആ വിധത്തില്‍ തരം താണ വര്‍ണ്ണനകളാണു് എം.ആര്‍.ബി.യുടേതു്. ചെണ്ടകൊട്ടലില്‍ വിദഗ്ദ്ധനായ അച്ചുണ്ണി പൊതുവാളിനെക്കുറിച്ചു് എഴുതണം എം.ആര്‍.ബി.ക്കു്. ഉടനെ അതിനു് ഒരു പൂര്‍വ്വപീഠിക നിര്‍മ്മിക്കുകയായി: “ഉണങ്ങിയ പാഴ്ച്ചെടികള്‍ കൊണ്ടു് ഇരുവര്‍ക്കും തവിട്ടുകരയിട്ട പാതയിലൂടെ ഞാന്‍ നടന്നു. വിളര്‍ത്ത, ചൂടുകുറഞ്ഞ വെയില്‍! പാതയുടെ ഇരുഭാഗത്തും മന്ദസ്മിതം മറന്ന മരച്ചില്ലകള്‍ വിളര്‍ത്ത വെയിലില്‍ മങ്ങിക്കിടന്നു. കാട്ടുതാളു് ഒരു നാടത്തിയെപ്പോലെ കൈക്കുമ്പിളുമായി നില്ക്കുന്നു. ആകാശമെറിഞ്ഞ മഴത്തുള്ളികളുടെ പളുങ്കു മണികള്‍ ആ കൈക്കുമ്പിളില്‍ തിളങ്ങിക്കണ്ടു.” (കുങ്കുമം വാരിക.) അച്ചുണ്ണി പൊതുവാളിന്റെ ചെണ്ടവായനയോടോ ലേഖനത്തില്‍ വിവരിക്കുന്ന വിവാഹത്തിനോടോ ഒരു ബന്ധവുമില്ലാത്ത ഈ വര്‍ണ്ണന കൃത്രിമമാണു്; നാട്യമാണു്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍, Forced ആണു്. ഇത്തരം ‘കണ്‍സീറ്റു’കള്‍ കണ്ടു കണ്ടു് കേരളീയര്‍ മടുത്തു കഴിഞ്ഞു.
എം.ആര്‍.ബി. എഴുതുന്നതുപോലെ എഴുതാന്‍ ഒരു പ്രയാസവുമില്ല. സിഗററ്റ് തീര്‍ന്നു പോയി. ശാസ്തമംഗലത്തെ നാലും കൂടുന്ന വഴിയില്‍ ചെന്നാല്‍ സിഗററ്റ് വാങ്ങാം. ഞാന്‍ സിഗററ്റ് വാങ്ങുന്നതിന്റെ പൂര്‍വ്വ പീഠിക.
വിജനമായ തെരുവു്. ഒരു മില്‍ക്ക് ബൂത്ത് മാത്രം തുറന്നിരിക്കുന്നു. അതിന്റെ തട്ടില്‍ പാലു നിറച്ച ഏതാനും കുപ്പികള്‍, ശുഭ്രവസ്ത്രമണിഞ്ഞ കന്യാസ്ത്രീകളെപ്പോലെ. കുപ്പികളുടെ പിറകില്‍ കറുത്തു മെലിഞ്ഞ ഒരാള്‍, ക്രയവിക്രയാസക്തിയുടെ നീലരേഖപോലെ. ഒരു വെള്ളപ്രാവു് മുകളില്‍ പറക്കുന്നു. അതിന്റെ വെണ്മ പാലിന്റെ വെണ്മയെ പിളര്‍ക്കുന്നു. ഞാന്‍ നടക്കുകയാണു്. എന്നോടൊപ്പം കന്നുകാലികളും നടക്കുന്നു. ഹെഡ്മാസ്റ്റര്‍ അറിയാതെ സ്കൂളില്‍ നിന്നു് ഒളിച്ചിറങ്ങുന്ന പള്ളിക്കള്ളന്മാരാണു് ഈ മൃഗങ്ങള്‍. ഒരു വീട്ടിന്റെ കന്മതിലിന്റെ മുകളില്‍കൂടി എത്തിനോക്കുന്ന ഒരു വെളുത്ത പനിനീര്‍പ്പൂവു് എനിക്കൊരു പുഞ്ചിരി എറിഞ്ഞു തന്നു. ഞാന്‍ വാങ്ങാന്‍ പോകുന്ന സിഗററ്റിന്റെ വെൺമ പോലെ വെണ്‍മയാര്‍ന്ന പുഞ്ചിരി.
കലയുടെ വെണ്‍മയാര്‍ന്ന പുഞ്ചിരിയില്ലെങ്കിലും ധിഷണയെ ആഹ്ളാദിപ്പിക്കാന്‍ പോന്ന ചാരുതയുണ്ടു് എം.സി. രാജനാരായണന്റെ ‘ക്രിയവിക്രയം’ എന്ന കഥയ്ക്കു് (കഥാ മാസിക). മനുഷ്യന്റെ മോഹഭംഗങ്ങളും നിരാശതകളും സ്വപ്നങ്ങളും വാങ്ങാന്‍ ഒരുത്തന്‍ എത്തുന്നു. അവന്‍ പലരുമായി കച്ചവടം നടത്തി. വന്നവന്‍ മരണമാണെന്നു മനസ്സിലാക്കിയപ്പോള്‍ കഥ പറയുന്ന ആള്‍ എഴുന്നേറ്റു് ഓടി. അലിഗറിയാണു് രാജനാരായണന്‍ രചിച്ചിട്ടുള്ളതു്. നല്ല അലിഗറി ധിഷണയെ ആഹ്ലാദിപ്പിക്കും.
മഹാപ്രതിഭ
ധിഷണയ്ക്കും ഹൃദയത്തിനും ഒരേ രീതിയില്‍ ആഹ്ളാദമരുളുന്ന നോവലുകളാണു് ദക്ഷിണാഫ്രിക്കക്കാരനായ ജെ.എം. കൂറ്റ്സേയുടേതു് (J.M.Coetzee). തികച്ചും യാദൃച്ഛികമായിട്ടാണു് അദ്ദേഹത്തിന്റെ “Waiting for the Barbarians” എന്ന ഉജ്ജ്വല കലാശില്പം എനിക്കു കിട്ടിയതു്. അതിനെക്കുറിച്ചു് ഞാന്‍ കലാകൗമുദിയില്‍ എഴുതിയിരുന്നു. ആ ലേഖനത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ ഞാന്‍ കൂറ്റ്സേക്കു് അയച്ചു കൊടുത്തു. അദ്ദേഹം നല്കിയ മറുപടിയില്‍ ഇങ്ങനെയൊരു വാക്യം: “I am particularly glad to know that the book has struck a chord in India, since I tried hard in writing the book to purge it of Eurocentrism and to make the Magistrate a man who could as well be Asian as European.” കൂറ്റ്സേയുടെ അടുത്ത നോവലായ Life and Times of Michael K. എന്നതിനു് സമ്മാനം കിട്ടിയതായി കൗമുദി സര്‍വീസ് ലേഖകന്‍ നമ്മെ അറിയിച്ചിരുന്നല്ലോ. ഈ നോവല്‍ ഒരു ``haunting tale” ആയിരിക്കും' എന്ന് ന്യൂസ് വീക്ക് വിശേഷിപ്പിക്കുന്നു (14 ലക്കം). കൂറ്റ്സേയുടെ നോവൽ വിലയിരുത്തിയിട്ടു് `A vision that transcends borders' എന്നു് ന്യൂസ് വീക്ക് രേഖപ്പെടുത്തിയിരിക്കുന്നു. കൂറ്റ്സേ എനിക്കെഴുതിയ കത്തിലെ ആശയം തന്നെയാണു് ന്യൂസ് വീക്കിലെ വാക്യത്തിലും ഭംഗ്യന്തരേണ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളതു്. മഹാനായ കലാകാരനാണു് ഈ ദക്ഷിണാഫ്രിക്കാക്കാരന്‍. അതിരുകളെ ലംഘിക്കുന്ന കാഴ്ചപ്പാടുള്ള ഈ സാഹിത്യകാരന്‍ നോബല്‍ സമ്മാനത്തിനു തന്നെ അര്‍ഹനാണെന്നു് ഇതെഴുതുന്ന ആള്‍ വിചാരിക്കുന്നു. പക്ഷേ, സമാധാനത്തിനുള്ള സമ്മാനം വലേസയ്ക്കും സാഹിത്യത്തിനുള്ള സമ്മാനം ഗോള്‍ഡിങ്ങിനും കൊടുക്കുന്ന അക്കാഡമി കൂറ്റ്സേക്കു് അതു കൊടുക്കുമോ?
അക്കാഡമി സമ്മാനം കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ. മാസ്റ്റര്‍പീസുകളുടെ — പ്രകൃഷ്ടകൃതികളുടെ — മേന്മയറിയാന്‍ പ്രയാസമൊന്നുമില്ല. തെളിവുകള്‍ വേണോ? അവയിലതുണ്ടാകും. തെളിവുകള്‍ വേണ്ടേ? വേണ്ടെങ്കിലും മാസ്റ്റര്‍പീസുകളാണെന്നു് സാമാന്യ വായനക്കാരനു് ബോധപ്പെടു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ തോമസിനു സംശയം. സംശയം പരിഹരിക്കാന്‍ വേണ്ടി യേശു ദേവന്‍ ശരീരത്തിലെ മുറിവുകള്‍ കാണിച്ചു കൊടുത്തു. വിശ്വാസികള്‍ക്കു് അദ്ദേഹം അവ കാണിച്ചു കൊടുത്തില്ല താനും. “ധര്‍മ്മരാജാ”യ്ക്കും “കാരമാസോവ് സഹോദരന്മാര്‍”ക്കും സാദൃശ്യം കല്പിക്കുന്നവരെക്കൊണ്ടു് പടിഞ്ഞാറന്‍ മാസ്റ്റര്‍പീസുകള്‍ വായിപ്പിച്ചാലോ? അവിടെ ഇപ്പറഞ്ഞ സാമാന്യനിയമം പരാജയപ്പെടും. ഇഷ്ടാനിഷ്ടങ്ങളും ദുരഭിപ്രായങ്ങളുമാണു് അത്തരം പ്രസ്താവങ്ങള്‍ക്കു കാരണങ്ങളാവുന്നതു്. ദസ്തേയേവിസ്കിക്കും സി.വി. രാമന്‍ പിള്ളയ്ക്കും സാദൃശ്യം കല്പിക്കുന്നവര്‍ ഇവോ ആന്‍ഡ്രീച്ചിനും ജെ.എം. കൂറ്റ്സേക്കും അധമസ്ഥാനമേ നല്കുകയുള്ളൂ.
പ്രതികരണം
അധമത്വം പലവിധത്തിലാണു് നമ്മള്‍ കാണുക. ചില പട്ടണങ്ങളില്‍ ടാക്സിക്കാറുകള്‍ നിരത്തിയിട്ടിരിക്കുന്നതു് കണ്ടിട്ടില്ലേ? ആ കാറുകളുടെ അടുത്തുകൂടെ കാണാന്‍ ഭേദപ്പെട്ട ചെറുപ്പക്കാരി പോയാല്‍ മതി. അവളൊന്നു തിരിഞ്ഞു നോക്കാന്‍വേണ്ടി ചില ഡ്രൈവര്‍മാര്‍ ഇലക്ട്രിക് ഹോണ്‍ ശബ്ദിപ്പിക്കും. ‘റിഫ്ളെക്സ് ആക്ഷന്‍’ എന്ന മട്ടില്‍ യുവതി ശബ്ദം കേട്ട സ്ഥലത്തേക്കു തിരിഞ്ഞു നോക്കുകയും ചെയ്യും. പെണ്ണിന്റെ കൂടെ പുരുഷനുണ്ടെങ്കില്‍ ഡ്രൈവര്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടു് അഭിനയിക്കും. ആണ്‍പിറന്നവൻ ഇല്ലെങ്കില്‍ ഒരാഭാസപ്പുഞ്ചിരിയെങ്കിലും അയാള്‍ അവള്‍ക്കു സമ്മാനിക്കും. ഈ ഡ്രൈവര്‍മാര്‍ക്കു സൈക്കോളജി അറിഞ്ഞുകൂടാ. അതുകൊണ്ടാണു് അവര്‍ ബാറ്ററിയുടെ ‘ചാര്‍ജ്ജി’നു് ഹാനിവരുത്തുന്നതു്. ആരു തിരിഞ്ഞുനോക്കണോ ആ ആളിന്റെ മുതുകില്‍ സൂക്ഷിച്ചു കുറച്ചുനേരം നോക്കിയാല്‍ മതി തീര്‍ച്ചയായും അയാള്‍ — അവള്‍ — മുതുകില്‍ അടിയേറ്റതു പോലെ തിരിഞ്ഞു നോക്കും. മനോരാജ്യം വാരികയില്‍ “നര്‍മ്മഭാവന” എന്ന തലക്കെട്ടിനു താഴെ “ആളെറങ്ങണം” എന്ന ഹാസ്യ (?) ലേഖനം എഴുതിയ വേളൂര്‍ പി.കെ. രാമചന്ദ്രന്‍ അങ്ങു ദൂരെ വേളുരെവിടെയോ പുറം തിരിഞ്ഞിരിപ്പാണു്. എങ്കിലും മൂന്നു മിനിട്ടു നേരം ഞാനൊന്നു നോക്കട്ടെ. നോക്കി. അതാ രാമചന്ദ്രന്‍ തിരിഞ്ഞു് എന്നെ നോക്കുന്നു. ഞാന്‍ പറയുന്നു: “സുഹൃത്തേ ഈ ലോകത്തുള്ള ഏതിനും പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവുമുണ്ടു്. പ്രതികരണത്തിനു ശക്തിയുണ്ടു്. സോഡിയവും ക്ളോറിനും ചേര്‍ന്നാല്‍ സോഡിയം ക്ളോറൈഡ് ഉണ്ടാകും. അതൊരു പ്രതികരണമാണു്. ഇ.വി. കൃഷ്ണപിള്ളയുടെ ഹാസ്യലേഖനം, വായിച്ചാല്‍ വായിക്കുന്നവന്‍ ചിരിക്കും. ചിരി പ്രതികരണമാണു്. താങ്കളുടെ ഹാസ്യലേഖനം വായിച്ചപ്പോള്‍ എനിക്കു ഛര്‍ദ്ദിക്കണമെന്നുതോന്നി. വമനേച്ഛ ഒരു പ്രതികരണം. അല്ല, ഒരേയൊരു പ്രതികരണം.
അധികാരമെന്ന മൂര്‍ഖന്‍ പാമ്പു്
ഒരേ രീതിയിലുള്ള പ്രതികരണമല്ല ജനാധിപത്യത്തിലുള്ള നേതൃത്വവും ഡിക്ടേറ്റര്‍ ഷിപ്പിലുള്ള നേതൃത്വവും ഉളവാക്കുന്നതു്. ബഹുജനത്തിന്റെ സഹകരണമാണു് ജനാധിപത്യത്തിലെ നേതൃത്വത്തിന്റെ അടിസ്ഥാന ഘടകം. ഡിക്ടേറ്റര്‍ പൊതുജനത്തെ പേടിപ്പിച്ചു ഭരിക്കുന്നു. എന്നാല്‍ ജനസംഖ്യയുടെ വര്‍ദ്ധനയാലും സാമ്പദിക വിഭവങ്ങളുടെ ദൗര്‍ലഭ്യത്താലും രാജ്യത്തില്‍ അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനാധിപത്യത്തിലെ നേതാവു് ക്രമേണ ഡിക്ടേറ്ററായി മാറുന്നു. ഈ ഡിക്ടേറ്റര്‍ പാമ്പാട്ടിയാണെന്നാണു് ദേശാഭിമാനി വാരികയില്‍ ‘കാണികള്‍’ എന്ന കഥയെഴുതിയ റസാക്ക് കുറ്റിക്കകത്തിന്റെ അഭിപ്രായം. അയാള്‍ പാലൂട്ടി വളര്‍ത്തുന്ന അധികാരമെന്ന മൂര്‍ഖന്‍ പാമ്പു് അയാളെത്തന്നെ കൊത്തുന്നു; കാഴ്ചക്കാരായ ബഹുജനത്തെ കൊത്താന്‍ ഓടിക്കുന്നു. സമകാലിക പ്രാധാന്യമുള്ള ഒരു വിഷയം കഥാകാരന്‍ ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു.
തര്‍ജ്ജമ
ഭംഗിയാര്‍ന്ന ഭാഷാന്തരീകരണം അത്ര എളുപ്പമല്ല. തര്‍ജ്ജമയെക്കുറിച്ചുള്ള നേരമ്പോക്കുകള്‍ പലതാണു്. എം.പി. മന്മഥന്‍ എന്നോടു പറഞ്ഞ ഒരു സംഭവം. “പ്രധാനമന്ത്രിക്കു് മറ്റു മന്ത്രിമാരെ നിയമിക്കാനും പിരിച്ചു വിടാനും അധികാരമുണ്ടു്.” ഈ വാക്യം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്യാന്‍ മന്മഥന്‍ സാറു് മഹാത്മാ ഗാന്ധി കോളേജിലെ അക്കാലത്തെ ഒരു വിദ്യാര്‍ത്ഥിയോടു് ആവശ്യപ്പെട്ടു. കുട്ടി തര്‍ജ്ജമ നല്കി: The prime minister has powers to appoint and disappoint the other ministers.
കേരളത്തില്‍ വിമോചന സമരം നടക്കുന്ന കാലം. ആ സമരത്തെ അനുകൂലിച്ചു പ്രസംഗിക്കാന്‍ വടക്കേയിന്ത്യയില്‍ നിന്നു് പ്രശസ്തനായ നേതാവു് വന്നു. അദ്ദേഹം ഇംഗ്ലീഷില്‍ പ്രസംഗിച്ചു: In regard to the question of insecurity you can approach it in two ways. തര്‍ജ്ജമക്കാരനായ കോണ്‍ഗ്രസ്സുകാരന്‍ (സി.പി. രാമസ്വാമി അയ്യരുടെ കാലത്തു് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നു അദ്ദേഹം കുറെക്കാലം) പറഞ്ഞു: “തിരുവനന്തപുരത്തു് അരക്ഷിതാവസ്ഥയുണ്ടു്, കൊല്ലത്തും ആറ്റിങ്ങലും അരക്ഷിതാവസ്ഥയുണ്ടു്. ചുരുക്കത്തില്‍ അരക്ഷിതാവസ്ഥയില്ലാത്ത സ്ഥലമേയില്ല.”
സി.പി. രാമസ്വാമി അയ്യര്‍ പത്തു കൊല്ലം മുന്‍പു് തിരുവനന്തപുരത്തു് പ്രസംഗിച്ച സന്ദര്‍ഭത്തില്‍ തര്‍ജ്ജമക്കാരന്‍ ഒരു മലയാളം പ്രൊഫസറായിരുന്നു. സി.പി. “Siva was born as a Harijan” എന്നു പറഞ്ഞപ്പോള്‍ പ്രൊഫസര്‍ “ഹരിജന്‍ ശിവനായി അവതരിച്ചു” എന്നു തര്‍ജ്ജമ ചെയ്തു. “ഞാനങ്ങനെയല്ല പറഞ്ഞതു്” എന്നു സി.പി. മലയാളത്തില്‍ അറിയിച്ചു.
ഈ നേരമ്പോക്കുകള്‍ (എല്ലാം യഥാര്‍ത്ഥ സംഭവങ്ങള്‍) പോകട്ടെ. വരമൊഴിയുടെ തര്‍ജ്ജമ തന്നെ ദുഷ്കരകൃത്യം. വാമൊഴിയുടെ കാര്യം പിന്നെ പറയാനുമില്ല. ഇന്ത്യന്‍ പ്രസിഡന്റിന്റെ ഹിന്ദി പ്രസംഗം, വളരെക്കാലമായി ഹിന്ദി കൈകാര്യം ചെയ്യാത്ത ഒരാള്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ തെറ്റുപറ്റിയെങ്കില്‍ അതു ക്ഷന്തവ്യമാണ്. പാണ്ഡിത്യമെന്നതു് ഇടവിടാതെയുള്ള ഗ്രന്ഥപരിചയവും കൈകാര്യം ചെയ്യലുമാണു്. എപ്പോള്‍ പുസ്തകമടച്ചുവയ്ക്കുന്നുവോ അപ്പോള്‍ പാണ്ഡിത്യവും അപ്രത്യക്ഷമാകും. ഞാന്‍ എം.എ. ക്ളാസ്സില്‍ വ്യാകരണം പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളായി ഞാന്‍ വ്യാകരണ ഗ്രന്ഥങ്ങള്‍ തൊടാറില്ല. എനിക്കു് ഇപ്പോള്‍ വ്യാകരണമറിഞ്ഞുകൂടാ. ഇത്രയുമെഴുതിയതു് കാര്‍ട്ടൂണിസ്റ്റെന്ന നിലയില്‍ എനിക്കു് അഭിമതനായ രാജൂ നായര്‍ പ്രസിഡന്റിന്റെ പ്രഭാഷണം തര്‍ജ്ജമ ചെയ്ത മാന്യനെ ദീപിക വാരികയിലെ ഒരു ഹാസ്യചിത്രത്തിലൂടെ പരിഹസിച്ചിരിക്കുന്നതു് കണ്ടതിനാലാണു്. വ്യക്തികളെ വിമര്‍ശിച്ചു് പത്രാധിപര്‍ക്ക് ‘മുഖപ്രസംഗം’ എഴുതാം, അതു സമുദായത്തിന്റെ ഭദ്രതയ്ക്കു വേണ്ടതാണെന്നു തോന്നിയാല്‍. കലയിലൂടെ വ്യക്തിവിദ്വേഷ പ്രകടനം പാടില്ല. വിശേഷവ്യക്ത്യുദ്ദേശകങ്ങളായ (Personal) വിമര്‍ശനങ്ങള്‍ പാടില്ല. അതു കലയ്ക്കു ജീര്‍ണ്ണതവരുത്തും.
ശാസ്ത്രവും കലയും
ജീര്‍ണ്ണതയില്ലാത്ത ഒരു മണ്ഡലമുണ്ടു്; ശാസ്ത്രം, ക്വാണ്ടം സിദ്ധാന്തം ആവിര്‍ഭവിച്ചതോടു കൂടി പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ക്കു മാറ്റം വന്നു കഴിഞ്ഞു. നമ്മള്‍ എന്തു മനസ്സില്‍ ചിത്രീകരിക്കുന്നുവോ അതാണത്രേ നമ്മള്‍ കാണുന്നതു്. എന്റെ മേശയുടെ പുറത്തിരിക്കുന്ന ഈ വെള്ളക്കടലാസ്സു് പരമാണുക്കളുടെ സമാഹാരമല്ല. നമ്മള്‍ നോക്കുന്നതു വരെ പരമാണുക്കള്‍ ഇല്ല പോലും. ഈ ശാസ്ത്രീയ സങ്കല്പത്തിനു യോജിച്ചിരിക്കുന്നു മുണ്ടൂര്‍ സേതുമാധവന്റെ “സീത പറയുമായിരുന്നു” എന്ന മനസ്സിലാകാത്ത കഥ. നോക്കുന്നതു വരെ അതു മാതൃഭൂമി വാരികയിലില്ല. നോക്കുമ്പോള്‍ നമ്മള്‍ നേരത്തെ എന്തു സങ്കല്പിച്ചുവോ അതു കാണുകയും ചെയ്യുന്നു. ഐന്‍സ്റ്റൈന്റെ സങ്കല്പമനുസരിച്ചു് പ്രകാശം ‘പാര്‍ട്ടിക്ക്’ളാണു് — കണമാണു്. വേറൊരു ശാസ്ത്രജ്ഞന്റെ മതമനുസരിച്ചു് അതു് തരംഗമാണു്. പ്രകാശത്തെ തരംഗമായും കണമായും കാണാം. പരീക്ഷണങ്ങള്‍ക്കു വ്യത്യാസം വരുത്തിയാല്‍ മതി. സേതുമാധവന്റെ കഥ ഉപന്യാസമാണോ? അതേ ആഖ്യാനത്തിന്റെ സങ്കീര്‍ണ്ണതയാല്‍ ശുദ്ധമായ നോണ്‍സെന്‍സാണോ? അതേ, ഏതു രീതിയിലും കാണാം. ശാസ്ത്രവും കലയും യോജിക്കുകയാണിവിടെ.
രാജ്യതന്ത്രജ്ഞനോ? അതോ…
ഷ്റൂള്‍ റേഷീസ് ദബ്രേ ഫ്രഞ്ച് ജര്‍ണ്ണലിസ്റ്റാണു്. കാസ്ട്രോയുമായി പരിചയപ്പെട്ടതിനു ശേഷം അദ്ദേഹം Revolution in the Revolution എന്ന പുസ്തകമെഴുതി. ഗറില്ല യുദ്ധമുറകളെക്കുറിച്ചാണു് ആ ഗ്രന്ഥം. ക്യൂബന്‍ വിപ്ളവകാരി ഏര്‍ണ്ണസ്റ്റോ ഗേവാരായുടെ (Ernesto Guevara) കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായിരുന്ന ദബ്രേ, അദ്ദേഹം (ഗേവാരാ) വധിക്കപ്പെട്ടതിനു ശേഷം ബന്ധനസ്ഥനായി. മുപ്പതു വര്‍ഷത്തെ കാരാഗൃഹവാസമാണു് ശത്രുക്കള്‍ അദ്ദേഹത്തിനു നല്കിയതു്. ഷാങ് പോള്‍ സാര്‍ത്രും ആങ്ദ്രേ മല്‍റോയും മറ്റും ഇടപെട്ടതിന്റെ ഫലമായി ദബ്രേക്ക് തടവറയില്‍ നിന്നു മോചനം ലഭിച്ചു. ഇപ്പോള്‍ അദ്ദേഹം ഫ്രാങ്സ്വ മോറീസ് മീതേറാങ്ങിന്റെ ഉപദേശകനാണു്. ഈ വിപ്ലവകാരിക്കു് വന്ന അധഃപതനത്തെക്കുറിച്ചു് കൗമുദി ന്യൂസ് സര്‍വ്വീസ് ലേഖകന്‍ ഉപന്യസിക്കുന്നു. വിജയം കൈവരിച്ച വിപ്ലവകാരി രാജ്യതന്ത്രജ്ഞന്‍; പരാജയപ്പെട്ട വിപ്ലവകാരി ‘ക്രിമിനല്‍’ (കുറ്റവാളി) എന്നു് എറിക് ഫ്രം എവിടെയോ എഴുതിയിട്ടുണ്ടു്. ദബ്രേക്ക് അറിയാമായിരിക്കും ഫ്രം എവിടെയാണു് അതെഴുതിയതെന്നു്.
തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ ചങ്ങമ്പുഴ താമസിക്കുന്ന കാലം. നിത്യ സന്ദര്‍ശകനായ ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ ഒരു സുന്ദരി കവിത തിരുത്താന്‍ വന്നു. ‘ഈ പ്രയോഗം ശരിയാണോ’ എന്നു ചോദിച്ചുകൊണ്ടു് അവള്‍ ചുവന്ന ‘നെയ്ല്‍ പോളി’ഷിട്ട ചൂണ്ടു വിരല്‍ വെള്ളക്കടലാസ്സില്‍ അമര്‍ത്തി. കടലാസ്സില്‍ പനിനീര്‍പ്പൂക്കള്‍ വീണു. എന്തൊരു ചേതോഹരമായ ദൃശ്യം എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു.
|
|