close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 05 16


സാഹിത്യവാരഫലം
Mkn-08.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 05 16
മുൻലക്കം 1997 05 09
പിൻലക്കം 1997 05 23
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വെണ്മയാര്‍ന്ന കുളിമുറിയില്‍ സുന്ദരനായ ഒരു യുവാവ് വരുന്നു. അയാള്‍ സോപ്പ് തേച്ചു മുഖമാകെ പതയുണ്ടാക്കി ‘റേയ്സറെ’ടുത്ത് ഷേവ് ചെയ്യുന്നു. അയാളുടെ മുഖം മുറിയുന്നു. എന്നിട്ടും ക്ഷൗരകര്‍മ്മം തുടരുകയാണ് അയാള്‍. മുഖത്തു മുറിവുകളും അവയില്‍ നിന്നൊലിക്കുന്ന ചോരയും. റേയ്സര്‍ കൊണ്ടു കഴുത്തു മുറിക്കുന്നതു വരെ അയാള്‍ ഷേവ് ചെയ്യുന്നു. ലോക പ്രശസ്തനായ ചലച്ചിത്ര സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സേസിയുടെ (Martin Scorsese — ജനനം നവംബര്‍ 17, 1942) ‘The Big Shave’ എന്ന ചലച്ചിത്രത്തിന്റെ കഥയാണിത്. അദ്ദേഹത്തെ മഹായശസ്കനാക്കിയ ഈ ചലച്ചിത്രത്തിന്റെ കാലയളവ് — സമയം — വെറും ആറു മിനിററ്. പക്ഷേ 360 സെക്കന്‍ഡ് കൊണ്ട് ഈ പ്രതിഭാശാലി അമേരിക്കന്‍ ജനതയുടെ ആത്മനാശം മുഴുവന്‍ വ്യഞ്ജിപ്പിച്ചു. കടലിലെ ഒരു തുളളി വെള്ളത്തിൽ കടലിന്റെയാകെയുള്ള ധർമ്മം കാണാന്‍ കഴിയുന്നതുപോലെ, ഒരു മഞ്ഞു തുള്ളിയില്‍ പ്രകൃതിയെയാകെ ദര്‍ശിക്കാന്‍ കഴിയുന്നതു പോലെ ഈ ഹ്രസ്വചിത്രത്തില്‍ അമേരിക്കന്‍ ജനത തങ്ങളെ കാണുകയായി. വിയറ്റ്നാം യുദ്ധത്തിന്റെ സംഹാരാത്മകതയും വ്യര്‍ത്ഥതയും അത് ജനതയ്ക്കുണ്ടാക്കിയ ആത്മനാശവും പ്രതിഫലിപ്പിച്ച ഇതിന് സ്പാനിഷ് ചലച്ചിത്ര സംവിധായകന്‍ ലൂയീസ് ബൂന്‍യൂയിലിന്റെ (Luis Bunuel) ഒരു സറീയലിസ്റ്റ് മാസ്റ്റര്‍ പീസിന്റെ പേരിട്ട സമ്മാനം കിട്ടുകയുണ്ടായി. ഇതും സ്കോര്‍സേസിയുടെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് എത്രയെത്ര ഉജ്ജ്വലങ്ങളായ ചിത്രങ്ങളാണ് അദ്ദേഹം നിര്‍മ്മിച്ചത്! ഇതിന്റെയെല്ലാം ചരിത്രമറിയണമെങ്കില്‍, സ്കോര്‍സേസിയുടെ കലാപ്രചോദനത്തിന്റെ അന്യാദൃശ സ്വഭാവമറിയണമെങ്കില്‍ ഇംഗ്ലണ്ടിലെ Faber and Faber പ്രസാധനം ചെയ്ത “Scorsese on Scorsese” എന്ന പുസ്തകം വായിക്കണം. അഭിമുഖ സംഭാഷണങ്ങളുടെ റിപ്പോര്‍ട്ട് എന്ന രീതിയിലെഴുതിയ ഈ ഗ്രന്ഥം ഒരു വിധത്തില്‍ ആത്മകഥയുമാണ്. ഇതു വായിച്ചു കഴിയുമ്പോള്‍ “He makes movies as though his life depended on it” എന്നൊരു നിരൂപകന്‍ പറഞ്ഞതു സത്യമാണെന്നു നമുക്ക് ഗ്രഹിക്കാനാവും.

സ്കോര്‍സേസിയുടെ ചലച്ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തോടു അവിഭാജ്യമായ വിധത്തില്‍ ബന്ധപ്പെട്ടതാണെങ്കില്‍ അദ്ദേഹത്തിന്റെ മാനസിക നിലയ്ക്ക് അനിയതസ്വഭാവമുണ്ടെന്നു കരുതേണ്ടതായി വരും. “What’s a Nice Girl Like You Doing in a Place Like This” എന്ന സിനിമ നോക്കാം നമുക്ക്. തടാകത്തിലെ ഒരു വഞ്ചിയുടെ ചിത്രം ഒരെഴുത്തുകാരനു കിട്ടുന്നു. അതു അയാള്‍ക്ക് ഒബ്സെഷനായി മാറുന്നു. നിയത ജീവിതം നയിക്കാനാവാത്ത അയാള്‍ വിവാഹം കഴിച്ചുനോക്കിയെങ്കിലും ഫലമില്ലാതെയായി. ഒടുവില്‍ അയാള്‍ ആ ചിത്രത്തില്‍ അന്തര്‍ദ്ധാനം ചെയ്യുന്നു. ഈ അനിയതത്വം പരകോടിയിലെത്തുന്നതു സ്കോര്‍സേസിയുടെ “The Last Temptation of Christ” എന്ന ചലച്ചിത്രത്തിലാണ്. അതു പ്രദര്‍ശിപ്പിച്ചപ്പോള്‍ അക്രമാസക്തങ്ങളായ സംഭവങ്ങള്‍ ഏറെയുണ്ടായി. അനേകം പോലീസുദ്യോഗസ്ഥന്മാർക്കു ക്ഷതമേറ്റു. ഒരിടത്തു കണ്ണീര്‍ വാതകം ഉപയോഗിക്കേണ്ടിവന്നു. സിനിമാശാലകള്‍ അഗ്നിക്കിരയായി. ഇസ്രായേല്‍, ഗ്രീസ് ഈ രാജ്യങ്ങള്‍ സ്കോര്‍സേസിയുടെ ചലച്ചിത്രം നിരോധിച്ചു. ബ്രസീലില്‍ അക്രമങ്ങള്‍ ഏറെയുണ്ടായി.

അരുന്ധതീ റോയിയുടെ ‘The God of Small Things’ നല്ല നോവലാണ്. ആവിഷ്കാര വൈദഗ്ദ്ധ്യത്തിൽ മറ്റ് ഇന്ത്യനെഴുത്തുകാരെ ശ്രീമതി അനായാസമായി അതിശയിച്ചിരിക്കുന്നു.

തന്റെ പ്രവൃത്തിയെ സ്കോര്‍സേസി യുക്തി പ്രദര്‍ശനത്തോടെ നീതിമത്കരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ മനുഷ്യസ്വഭാവം അദ്ദേഹത്തോടു മല്ലിട്ടിരുന്നുവെന്നാണ് ഫിലിം നിര്‍മ്മാതാവിന്റെ അഭിപ്രായം. കാസാന്‍ദ് സാക്കീസിന്റെ നോവലിനെ അവലംബിച്ചാണല്ലോ സ്കോര്‍സേസി ചിത്രം നിര്‍മ്മിച്ചത്. ഈ ലേഖകന്‍ ഈ ചലച്ചിത്രം കണ്ടിട്ടില്ല. അതുകൊണ്ട് പുസ്തകത്തിലെ കഥാസംഗ്രഹം ഞാന്‍ സ്വതന്ത്രമായി തര്‍ജ്ജമ ചെയ്തു താഴെ ചേര്‍ക്കട്ടെ. റോമന്‍ സൈന്യത്തിന് കുരിശുകളുണ്ടാക്കിക്കൊടുക്കുന്ന നാസറേത്തിലെ യേശു ജീവിതത്തിന്റെ സവിശേഷ ലക്ഷ്യങ്ങളെക്കുറിച്ചുണ്ടായ ദര്‍ശനങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടു. മത ഭ്രാന്തനായ ജൂഡാസ്, വേശ്യയായ മഗ്ദലന മറിയം ഇവരാൽ അധിക്ഷേപിക്കപ്പെട്ടു യേശു. അദ്ദേഹത്തിന്റെ ദൗർബ്ബല്യത്തെയാണ് അവര്‍ ആക്ഷേപിച്ചത്. മറിയം യേശുവിന്റെ ബാല്യകാലം തൊട്ടുള്ള കൂട്ടുകാരിയായിരുന്നു. സാത്താന്റെ പ്രാദുര്‍ഭാവം കണ്ട യേശു ഈശ്വരന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ തീരുമാനിച്ചു. ജൂഡാസ്, മേരി, മറ്റു ശിഷ്യന്മാർ ഇവരോടുകൂടി യേശു ഗിരി പ്രഭാഷണം (Sermon on the Mount) നിർവ്വഹിച്ചു. എന്നാൽ ജോൺ സ്നാപകൻ അദ്ദേഹത്തോടു പറഞ്ഞു മണൽക്കാട്ടിൽ പോയി ഈശ്വരനോട് സംസാരിക്കണമെന്ന്. പ്രലോഭനങ്ങളെ തടുത്തിട്ട് കോപത്തോടെ തിരിച്ചെത്തിയ യേശു അദ്ഭുതങ്ങൾ കാണിച്ചു. ലാസറിനെ അദ്ദേഹം മരിച്ചവരിൽ നിന്നുയർത്തി. ജറുസലമിലെ ദേവാലയത്തിലേക്കു ഒരാക്രമണം നടത്തി. തന്നെ ഒറ്റിക്കൊടുക്കണമെന്നു ജൂഡാസിനോടു പറഞ്ഞിട്ട് അദ്ദേഹം അറസ്റ്റ് വരിച്ചു. കുരിശിൽ തറയ്ക്കപ്പെട്ടു യേശു. കുരിശിൽ കിടന്ന യേശുവിനോടു ഒരു മാലാഖ വന്നു പറഞ്ഞു ഈശ്വരൻ അദ്ദേഹത്തെ വിമുക്തനാക്കിയിരിക്കുന്നുവെന്ന്. കുടുംബനാഥനെന്ന വിധത്തിൽ നിയതജീവിതം നയിക്കാൻ മാലാഖ യേശുവിനോടു ആവശ്യപ്പെട്ടു എന്നു കരുതാം. എന്നാൽ പോൾ കുരിശാരോഹണത്തെയും ഉയിർത്തെഴുന്നേല്പിനെയും കുറിച്ച് അദ്ദേഹത്തോടു പറഞ്ഞപ്പോൾ, ലക്ഷ്യ സാക്ഷാത്കാരത്തിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നു ജൂഡാസ് അറിയിച്ചപ്പോൾ യേശു വിധിയെ സ്വീകരിച്ച് കുരിശിൽ കിടക്കാനായി വേദനയോടെ അതിലേക്കു ഇഴഞ്ഞുചെന്നു.

മഹാപുരുഷന്മാരെ, പാവന ചരിതന്മാരെ ഇത്തരത്തിൽ ചിത്രീകരിക്കുന്നതിനോട് ഈ ലേഖകന് എതിർപ്പുണ്ട്. കാതലായ കാര്യം യേശുവിന്റെ സ്വഭാവത്തെ ഇവിടെ മാറ്റിക്കളയുന്നു എന്നതാണ്. യേശുവിന്റെ പ്രവൃത്തികളെ വിമർശിക്കുക വേണമെന്നുണ്ടെങ്കിൽ. പക്ഷേ അദ്ദേഹത്തിന്റെ സ്വഭാവത്തിന് പാടേ മാറ്റം വരുത്തി മറ്റൊരാളായി അദ്ദേഹത്തെ അവതരിപ്പിക്കാൻ പാടില്ല. ശ്രീരാമന്റെ ബാലിവധം തുടങ്ങിയ കൃത്യങ്ങളെ വിമർശിക്കാം. എന്നാൽ അദ്ദേഹം ഭരതന്റെ ഭാര്യയെക്കൂടി സ്വന്തം ഭാര്യയാക്കി വച്ചിരുന്നുവെന്നു പറയരുത്. പറഞ്ഞാൽ സംസ്കാരലോപനമായിരിക്കും ഫലം. അതിരിക്കട്ടെ. സ്കോർസേസിയുടെ ചലച്ചിത്രം കലാപരമായി വിജയം പ്രാപിച്ചു എന്നാണ് നിരൂപക മതം. അതു വിജയമാണെങ്കിൽത്തന്നെയും അതൊരു വജയമാണോ എന്നതു ചിന്തനീയമായിരിക്കുന്നു. കാസാന്ദ് സാക്കീസിന്റെ നോവലിനെക്കുറിച്ച് പലരും പറഞ്ഞത് യേശുവിനെക്കാൾ കാസാന്ദ് സാക്കീസാണ് അതിലേറെയുള്ളത് എന്നതാണ്. സ്കോർസേസിയുടെ ചലച്ചിത്രം കാണാതെ ഞാൻ എഴുതിക്കൊള്ളട്ടെ. ‘ആ ചലച്ചിത്രത്തിൽ യേശുവിനെക്കാൾ ഏറെയുള്ളത് സ്കോർസേസി തന്നെയാണ്. എന്തായാലും ഇപ്പുസ്തകം ഒരു വലിയ ചലച്ചിത്ര നിർമ്മാതാവിന്റെ കലാത്മകമായ മനസ്സിനെ കാണിച്ചുതരുന്നു. ചലച്ചിത്രങ്ങളിൽ അഭിരമിക്കുന്നവർക്കും മറ്റു ചലച്ചിത്ര സംവിധായകർക്കും ഇതിന്റെ പാരായണം പ്രയോജനപ്രദമായിരിക്കും.

(Updated edition first published in 1996 - Rs. 328 = 35 - Pages 254 - Edited by David Thompson and Ian Christie)

ചോദ്യം, ഉത്തരം

Symbol question.svg.png “ആത്മഹത്യയെക്കുറിച്ച് എന്തുപറയുന്നു?”

“ആത്മഹത്യ ചെയ്യേണ്ടവർ അതു ചെയ്യുന്നില്ല. ജീവിച്ചിരിക്കേണ്ടവർ ആത്മഹത്യ ചെയ്യുന്നു.”

Symbol question.svg.png “സിംഹത്തോടു സംസാരിക്കാൻ കൊതിയുണ്ടോ?”

“പുരുഷസിംഹമായ ജോസഫ് മുണ്ടശ്ശേരിയോടു ഞാൻ പലതവണ സംസാരിച്ചിട്ടുണ്ട്. സംസാരിച്ചപ്പോഴൊക്കെ അദ്ദേഹം മാൻകുട്ടിയെപ്പോലെ മാറിയിട്ടുമുണ്ട്.”

Symbol question.svg.png “The English Patient എന്ന കൃതി രചിച്ചു വിഖ്യാതനായിത്തീർന്ന Michael Ondaatje എന്ന സാഹിത്യകാരന്റെ പേർ ഉച്ചരിക്കുന്നത് എങ്ങനെ?”

“മൈക്കൽ ആൻദാചേ എന്ന് ഉച്ചാരണം.”

Symbol question.svg.png “നിങ്ങൾക്കിഷ്ടമുള്ള ഫ്രഞ്ച് എഴുത്തുകാരൻ?”

“സാങ്തേഗ്സ്യൂ പേരി (Saint Expuery 1900-1944)”

Symbol question.svg.png “വീട്ടിന്റെ വാതിലുകളിലും ജന്നലുകളിലും കർട്ടനിടുന്നതു നല്ലതാണോ?”

“കേർട്ടനിടുന്നതു ശരിയല്ല. ആദ്യമായി വീട്ടിൽ വരുന്നവർക്ക് ഉള്ളിലെ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹത്തിനു തടസ്സമുണ്ടാക്കുന്നതു ശരിയോ?”

Symbol question.svg.png “റിമോട്ട് കൺട്രോൾ എന്നുപറഞ്ഞാലെന്താണു സാറേ?”

“ഒരു പുരുഷനും സുന്ദരിയായ ഒരു ചെറുപ്പക്കാരിയും റോഡിൽ ഓട്ടോറിക്ഷയ്ക്കു കാത്തു നിൽക്കുന്നു. അവർ തമ്മിലുള്ള ദൂരം അരഫർലോങ്. ഓട്ടോറിക്ഷ വരുന്നതുകണ്ട് പുരുഷൻ കൈകാണിക്കുന്നു. സുന്ദരിക്ക് ആംഗ്യമൊന്നുമില്ല. എങ്കിലും പുരുഷനെ കടന്ന് ഓട്ടോറിക്ഷ അവളുടെ മുൻപിൽ നിൽക്കും. അങ്ങനെ നിൽക്കുന്നതിന് അവളെ സഹായിക്കുന്ന ശക്തി വിശേഷമാണ് റിമോട്ട് കൺട്രോൾ.”

Symbol question.svg.png “എന്റെ വീട്ടിന്റെ മുൻപിൽ ഒരു ചുവന്ന പനിനീർപ്പൂ വിടർന്നു നിൽകുന്നു. ഒരു ഉപമ പറയൂ. പ്രതിഭയുണ്ടോയെന്നു പരിശോധിക്കട്ടെ.”

“എനിക്കു പ്രതിഭയില്ല. എങ്കിലും പറയാം. കാമുകനെ കണ്ടൂ ലജ്ജിച്ച് കവിൾത്തടം ചുവന്നു നിൽകുന്ന കാമുകിയെപ്പോലെ.”
* * *

​​ ഇന്തനേഷയിലെ നോവലിസ്റ്റ് Pramoedya Ananta Toer നെക്കുറിച്ച് ഞാൻ മുൻപൊരിടത്ത് എഴുതിയിരുന്നു. ആ പേരിന്റെ ഉച്ചാരണത്തിൽ എനിക്കു തെറ്റുപറ്റിയെന്ന് ഇന്തനേഷയിലെ ഒരു മലയാളി എനിക്കെഴുതി അയച്ചിരിക്കുന്നു. പ്രാമുദ്യാ ആനന്ദ തൂർ എന്നാണത്രേ ശരിയായ ഉച്ചാരണം. ഞാൻ ഈ തിരുത്തു സ്വീകരിക്കുന്നു. കത്തയച്ച സുഹൃത്തിന് നന്ദി പറയുകയും ചെയ്യുന്നു.

അത്രയുമായി

ഡി. എസ്. പി ആയിരുന്ന കൃഷ്ണമേനോനാണ് ആത്മാനന്ദസ്വാമിയായി പിൽക്കാലത്ത് അറിയപ്പെട്ടത്. യൂറോപ്പ്, ഇംഗ്ലണ്ട്, അമേരിക്ക ഈ രാജ്യങ്ങളിലെ മഹാവ്യക്തികൾ ഇൻഡ്യയിലെത്തിയാൽ തിരുവനന്തപുരത്തെ ധന്വന്തരിമഠം റോഡിലുള്ള അദ്ദേഹത്തിന്റെ ഭവനത്തിൽ (അതോ ആശ്രമമെന്നു പറയണോ?) ചെല്ലാതെ തിരിച്ചുപോകുകയില്ല. ലോക പ്രശസ്തനായ നോവലിസ്റ്റ് രാജാറാവു അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. സായാഹ്നവേളകളിൽ റാവു, ആത്മാനന്ദനെ കാണാൻ പോയതു ഞാൻ എത്ര തവണയാണു കണ്ടിട്ടുള്ളത്. ഹംഗറിയിൽ ജനിച്ച് ബ്രിട്ടനിൽ പിന്നീടെത്തിയ ആർതർ കെസ്ലർ ആത്മാനന്ദനെ കാണാനെത്തിയതും മറ്റും അദ്ദേഹത്തിന്റെ The Lotus and the Robot എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ. മിഥോളജിയെക്കുറിച്ച് ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങൾ രചിച്ചു രാഷ്ട്രാന്തരീയപ്രശസ്തി നേടിയ ജോസഫ് കമ്പൽ (Joseph Campbell) ആത്മാനന്ദനെ സന്ദർശിച്ചു. ആത്മാനന്ദൻ അദ്ദേഹത്തോടു “താങ്കൾക്ക് എന്നോടു ചോദിക്കാൻ ചോദ്യം വല്ലതുമുണ്ടോ?” കമ്പൽ മിസ്റ്റിക്കിനോടു ചോദിച്ചു: “എല്ലാം ബ്രഹ്മമായതുകൊണ്ട്, എല്ലാം ഐശ്വര്യമായ തേജസ്സായതുകൊണ്ട് അജ്ഞതയോടും ക്രൂരതയോടും നിഷേധാത്മകമായ നിലപാട് നമുക്കെങ്ങനെ അവലംബിക്കാന്‍ പററും?”

ആത്മാനന്ദന്‍ മറുപടി നല്കി: “താങ്കള്‍ക്കും എനിക്കും Yes എന്നു പറയാം. ഇതൊക്കെ വിവരിച്ചതിനു ശേഷം കമ്പല്‍ പറയുന്നു: “Remain radiant as Joyce put it, in the fifth of the world.” ലോകത്തിന്റെ മാലിന്യത്തിനിടയ്ക്കു തേജസ്സോടുകൂടി കഴിയൂ.”

നമ്മുടെ പുതിയ കഥകളിലെ പല കഥാപാത്രങ്ങളും കോമാളികളാണ്. അവരെ നമ്മൾ മനുഷ്യത്വമുള്ളവരായി കരുതുന്നില്ല.

മുകളില്‍ എഴുതിയത് എല്ലാം തത്ത്വചിന്താപരമായി, ദാര്‍ശനികമായി ശരിയായിരിക്കും. പ്രായോഗികതലത്തില്‍ വരുമ്പോള്‍ ശരിയുമല്ല. കൊതുകു കടികൊണ്ടു ഉറങ്ങാന്‍ പററുന്നില്ല. സഹിക്കാനാവാത്ത നീററലും അപ്പോള്‍ ബ്രഹ്മം ബ്രഹ്മത്തെ കടിക്കുന്നുവെന്നു പറഞ്ഞാല്‍ എന്താണതിന്റെ അര്‍ത്ഥം. ശ്രീ. സി. പി. പദ്മകുമാര്‍ കലാകൗമുദിയില്‍ എഴുതിയ ‘കൊതുകുകള്‍’ എന്ന കഥയില്‍ മശകദംശനത്താല്‍ പുളയുന്ന ഒരുത്തനെയും അയാളുടെ കുഞ്ഞിനെയും കാണാം. തന്നെ കടിച്ചുകൊള്ളൂ കുഞ്ഞിനെ കടിക്കാതിരിക്കൂ എന്ന അപേക്ഷയോടുകൂടി അയാള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. വലിയ സംഭവങ്ങളുണ്ടായാല്‍ മനുഷ്യന് അവയെ നേരിടാം. ക്ഷുദ്ര സംഭവങ്ങളെ നേരിടാന്‍ പ്രയാസമാണ്. ശക്തന്‍ സംഘട്ടനത്തിനു വന്നാല്‍ വേറൊരു ശക്തന് അയാളെ എതിർക്കാം. എന്നാൾ ശക്തന്‍ റോഡിലൂടെ പോകുമ്പോള്‍ ഒരു മുടന്തന്‍ പിറകേ വന്ന് അയാളുടെ പൃഷ്ഠത്തില്‍ തോണ്ടിയിട്ട് ഓടിക്കളഞ്ഞാലോ? ശക്തന് ഓടിച്ചെന്ന് അവനെ പിടികൂടി മര്‍ദ്ദിക്കാന്‍ കഴിയും. പക്ഷേ അവന്റെ ദൗര്‍ബ്ബല്യമോര്‍ത്തു അയാളതു ചെയ്യുകയില്ല. ചിരിക്കുകയേയുള്ളു. ക്ഷുദ്രങ്ങളായ സംഭവങ്ങളില്‍ മനുഷ്യന്‍ ക്ഷോഭരഹിതനായി നില്ക്കുന്ന അവസ്ഥയെയാകാം കഥാകാരന്‍ നമുക്കു കാണിച്ചുതരുന്നത്. അത്രകണ്ടു കലാത്മകമല്ലാത്ത ഒരു ചെറുകഥയെ അവലംബിച്ചുകൊണ്ട് ഇത്രയും പറയാനായല്ലോ എനിക്ക്, അത്രയുമായി.

വീട്ടില്‍നിന്നു ഭ്രാന്താശുപത്രിയിലേക്ക്

‘ഈവനിങ് ഇന്‍ പാരീസ്.’ ഇംഗ്ലീഷുകാര്‍ ഇന്ത്യ ഭരിച്ചകാലയളവില്‍ ഇവിടെ കിട്ടിയിരുന്ന ഒരു സുഗന്ധലേപന വസ്തുവായിരുന്നു അത്. ക്രീമാണോ? അല്ല. ദ്രാവകമാണോ? അല്ല. വഴുവഴുത്ത ഒന്ന്. പക്ഷേ ഏററവും ഹൃദ്യമായ സൗരഭ്യമാണതിന്. എന്റെ ഒരടുത്ത ബന്ധു കാലത്തു കുളി കഴിഞ്ഞുവന്ന് പട്ടച്ചാരായം കുടിക്കും. അതിന്റെ നാററമൊഴിവാക്കാനായി തലമുടിയില്‍ ഈവനിങ് ഇന്‍ പാരീസ് ഒരുപാടു തേക്കും. ഡ്രസ് ചെയ്തു ഓഫീസില്‍ പോകും. പോകുന്ന വഴി കാണുന്ന പഥികര്‍ അയാളുടെ ‘ഉദ്യോഗ പ്രൗഢി’യെ ആദരിച്ച് കൈകൂപ്പും. ഉത്തരക്ഷണത്തില്‍ മൂക്കുപൊത്തുകയും ചെയ്യും. പട്ടച്ചാരായത്തിന്റെ വാടയ്ക്കു ഇംഗ്ലീഷ് സുഗന്ധ ലേപനത്തെ തോല്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദേശാഭിമാനി വാരികയില്‍ സുറാബ് എഴുതിയ ‘വീട്’ എന്ന “കവിത!” വായിച്ചപ്പോള്‍ എന്റെ ബന്ധുവിന്റെ കാര്യം ഞാന്‍ ഓര്‍മ്മിച്ചുപോയി. വാരികയുടെ ഒന്നാം പുറത്ത് വിഷയവിവരം കാണിക്കുന്നിടത്ത് കവിത എന്ന ഉപശീര്‍ഷകത്തിന്റെ താഴെയാണ് സുറാബിന്റെ രചനയുടെ പേര് അച്ചടിച്ചിരിക്കുന്നത്. കവിത എന്നു കേട്ടാല്‍ ഈവനിങ് ഇന്‍ പാരീസിന്റെ പരിമളം ഉയരും. അതാസ്വദിച്ചുകൊണ്ട് സാക്ഷാല്‍ രചനയിലേക്കു ചെന്നു. കലാശ്യൂന്യതയുടെ ചാരായവാട മാത്രമേയുള്ളു.

എനിക്കു സ്വന്തമായി വീടില്ല
ഞാനൊററയ്ക്കുമല്ല
അമ്മയെ വാടകവീട്ടിൽ നിന്നും
ആശ്രമത്തിലേക്കു
അച്ഛനെ നാടകശാലയില്‍ നിന്നും
ഭ്രാന്താശുപത്രിയിലേക്ക്

എന്നു “കാവ്യ”ത്തിന്റെ ആരംഭം. ഇതും ഇതുപോലുള്ള അസംബന്ധങ്ങളും കവിതയായി കരുതപ്പെടുന്ന കാലം എന്നെങ്കിലും വരുമോ? കവിതയെന്ന പേരില്‍ ഇത്തരം അസഹനീയതകള്‍ പടച്ചുവിടുന്നവര്‍ വായനക്കാരെ വീടുകളില്‍ നിന്നു ഭ്രാന്താശുപത്രികളിലേക്കു മാററരുത്.

നെഞ്ചില്‍ കുലുക്കമെവനില്ല

കാളിദാസന്‍ സിലോണില്‍ ചെന്ന് ഏതോ വേശ്യയോടു കൂടി കഴിഞ്ഞെന്നും അവളുടെ കുത്സിതത്വം കൊണ്ടു മരിച്ചുവെന്നുമാണ് കഥ. സത്യമോ അസത്യമോ? അറിയാന്‍ വയ്യ. ഉജ്ജയിനിയില്‍ എവിടെയെങ്കിലുമാണോ അദ്ദേഹം അന്ത്യശ്ശ്വാസം വലിച്ചത്? അതോ ഇന്ത്യയിലെ അജ്ഞാതമായ ഏതെങ്കിലും സ്ഥലത്തോ? ഒരു നിശ്ചയവുമില്ല. എങ്കിലും അദ്ദേഹം ‘രഘുവംശ’ത്തിലൂടെ ‘മേഘസന്ദേശ’ത്തിലൂടെ നമ്മളോടു സംസാരിച്ചു കൊണ്ടിരിക്കുന്നു. കാളിദാസന്‍ മരിച്ചെന്നേ തോന്നുന്നില്ല.

ഇടപ്പളളി രാഘവന്‍പിള്ള മരിച്ചു. ചങ്ങമ്പുഴ മരിച്ചു. ജി. ശങ്കരക്കുറുപ്പു മരിച്ചു. പി. കുഞ്ഞിരാമന്‍ നായര്‍ മരിച്ചു. വൈലോപ്പിളളി മരിച്ചു. എല്ലാ ഭൗതിക ശരീരങ്ങളുടെ മരണം. എങ്കിലും അവര്‍ നമ്മോടു സംസാരിക്കുന്നു. എല്ലാ സഹൃദയര്‍ക്കും മനസ്സിലാകുന്ന പദങ്ങളിലൂടെയാണ് അവര്‍ ഈ കൃത്യം അനുഷ്ഠിക്കുക. ചിലര്‍ ജീവിച്ചിരുന്ന കാലയളവില്‍ സംസാരിച്ചതുപോലെ ഇന്നു സംസാരിക്കുന്നില്ലായിരിക്കും. ചിലര്‍ ജീവിതകാലത്ത് എത്ര ശക്തിയോടെ ഭാഷണം നിര്‍വഹിച്ചുവോ അതിനെക്കാള്‍ ശക്തമായി ഇന്ന് അതനുഷ്ഠിക്കുന്നു. എന്തായാലും അവരുടെ കാവ്യങ്ങള്‍ മൗനമുദ്രിതങ്ങളല്ല.

‘കവിതയുടെ വര്‍ത്തമാനം’ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇന്നത്തെ ചില കവികളുടെ കാവ്യങ്ങള്‍ വിലയിരുത്തുന്ന ശ്രീ. മുണ്ടൂർ കൃഷ്ണൻകുട്ടി ഹൃദയത്തിന്റെ ഭാഷയിലാണോ അവര്‍ അനുവാചകരുമായി സംവാദം നടത്തിയതെന്നു പറഞ്ഞുതന്നാല്‍ നന്ന്. “കവിതയുടെ വര്‍ത്തമാന”ത്തില്‍ യഥാര്‍ത്ഥമായ വര്‍ത്തമാനമില്ല എന്നു കൃഷ്ണന്‍കൂട്ടിക്കുതന്നെ തോന്നിയതു കൊണ്ടാണോ അദ്ദേഹത്തിനു “കലവറയില്ലാതെ” എഴുതാന്‍ കഴിയാതെ പോയത്? പറയാനുള്ളതു ധീരമായി പറയണം. “ചിത്തം ചലിപ്പതിനു ഹേതു മുതിര്‍ന്നു നില്ക്കേ നെഞ്ചില്‍ കുലുക്കമെവനില്ലവനാണു ധീരന്‍.”

പലരും പലതും

ബെന്‍ ഓക്രി പറയുന്നു: ഒരു രാഷ്ട്രത്തില്‍ വിഷം കലര്‍ത്തണമെങ്കില്‍ അതിന്റെ കഥകളെ വിഷമയമാക്കിയാല്‍ മതി. ധര്‍മ്മ ഭ്രംശം വന്ന രാജ്യം ധര്‍മ്മ ഭ്രംശമാര്‍ന്ന കഥകള്‍ സ്വയം പ‌റയുന്നു. കഥാകാരന്മാരെ സൂക്ഷിക്കുക… അവര്‍ തങ്ങളറിയാതെ സ്വന്തം ജനതയുടെ മനസ്സിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഉദ്യോഗസ്ഥയായ ഭാര്യ മുന്‍പില്‍ നടക്കുന്നു. അല്പം പിറകിലായി ഭര്‍ത്താവു നടക്കുന്നു. അയാള്‍ക്കിപ്പോള്‍ ജോലിയില്ല. കുടക്കൂടെ ഭര്‍ത്താവു നില്ക്കുമ്പോള്‍ ഭാര്യ തലതിരിച്ച് അസഹിഷ്ണുത പ്രകടിപ്പിച്ചു നോക്കും. ആ നോട്ടം കണ്ടാല്‍ അയാള്‍ പിന്നെയും നടക്കുകയായി.

ഏതു സംഭവത്തിനും സാദൃശ്യം കാണാന്‍ ഇതെഴുതുന്ന ആളിനു കൗതുകമുണ്ട്. കുറച്ചു ദിവസം മുന്‍പ് ഒരു ചെറുപ്പക്കാരി ചങ്ങലയ്ക്കിട്ട പട്ടിയെ വലിച്ചു പിടിച്ചുകൊണ്ട് റോഡിലൂടെ നടന്നതു ഞാന്‍ കണ്ടു. പട്ടി കൂടക്കൂടെ, നടക്കാന്‍ മടിച്ചു നില്ക്കും. സ്ത്രീ ദേഷ്യപ്പെട്ടു തിരിഞ്ഞുനോക്കി ചങ്ങല വലിച്ചുമുറുക്കും. കഴുത്തു വേദനിക്കുന്നതുകൊണ്ടു പട്ടി വീണ്ടും നടക്കും. സാദൃശ്യം ശരിയായില്ലേ?

2. ട്രപ്പീസില്‍ വിദ്യകള്‍ കാണിക്കുന്ന സര്‍ക്കസ്സുകാരനെ നമ്മള്‍ സ്നേഹത്താടും ബഹുമാനത്തോടും കൂടിയാണു നോക്കുക. ഒരൂഞ്ഞാലില്‍ നിന്നു മറ്റൊന്നിലേക്കു പറന്നു ചെന്നു പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പിടികിട്ടിയില്ലെങ്കില്‍ അയാള്‍ താഴത്തേക്കാവും പോരിക. വലപിടിച്ചിട്ടുണ്ടെങ്കിലും ആപത്തു വരാം. അയാളോടു നമുക്കുള്ള സ്നേഹവും ബഹുമാനവും നമ്മുടെ മനുഷ്യത്വത്തില്‍ നിന്നാണ് ജനിക്കുക. മനുഷ്യനാണല്ലോ അയാള്‍ എന്ന വിചാരമാണ് നമ്മളുടേത്. എന്നാല്‍ കോമാളി വേഷം കെട്ടി ഒരു മുണ്ടന്‍ എല്ലാ സര്‍ക്കസ്സുകാരുടെയും ചന്തികളില്‍ കമ്പുകൊണ്ടു അടിച്ചും കരണം മറിഞ്ഞും കാണികളെ ചിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കു ജുഗുപ്സയുണ്ടാകുന്നു. അയാളെ മനുഷ്യനായി നമ്മള്‍ അംഗീകരിക്കുന്നില്ല എന്നതാണ് ഇതിനു ഹേതു. നമ്മുടെ പുതിയ കഥകളിലെ പല കഥാപാത്രങ്ങളും കോമാളികളാണ്. അവരെ നമ്മള്‍ മനുഷ്യത്വമുള്ളവരായി കരുതുന്നില്ല.

3. അരുന്ധതീ റോയിയുടെ ‘The God of Small Things’ നല്ല നോവലാണ്. ആവിഷ്കാര വൈദഗ്ദ്ധ്യത്തില്‍ മററ് ഇന്ത്യനെഴുത്തുകാരെ ശ്രീമതി അനായാസമായി അതിശയിച്ചിരിക്കുന്നു. ഈ നോവലിനെ നിരൂപണം ചെയ്യുന്ന സുനില്‍ സേതി (ഔട്ട് ലുക്ക് വാരികയില്‍) ഒരു ദോഷം ചൂണ്ടിക്കാണിക്കുന്നു. നോവലില്‍ ഒരു പോലീസ് ഇന്‍സ്പെക്ടര്‍ ഒരു സ്ത്രീയുടെ മുലകളില്‍ ലാത്തി കൊണ്ടു തട്ടിനോക്കുന്നതായി പറഞ്ഞിട്ടുണ്ട്. അത് കൂടയില്‍ നിന്നു മാങ്ങ തിരഞ്ഞെടുക്കുന്നതു പോലെയാണെന്നും നോവലിസ്ററിന്റെ അലങ്കാര പ്രയോഗം. ഇന്‍സ്പെക്ടറുടെ ഈ പ്രവൃത്തി വിശ്വസിക്കാന്‍ വയ്യ എന്നാണു സുനില്‍ സേതിയുടെ അഭിപ്രായം. എന്തൊരു ‘നായിവ്റ്റേ!’ (naivete = പരിഹസിക്കപ്പെടേണ്ട സത്യസന്ധത) അങ്ങു വടക്കേയിന്ത്യയില്‍ സമുന്നതനായ ഒരു പോലീസ് ഉദ്യേഗസ്ഥന്‍ സമുന്നതയായ ഒരു ഉദ്യോഗസ്ഥയുടെ ചന്തിയില്‍ കയറിപ്പിടിച്ച നാടാണിതെന്ന് സുനില്‍ സേതി ഓര്‍മ്മിക്കാത്തതെന്തേ?

4. ഒരു കഥാസമാഹാരഗ്രന്ഥം, ഒരു നോവല്‍ ഇവകൊണ്ടു മെക്സിക്കോയിലെ നിസ്തുല സാഹിത്യകാരനായിത്തീര്‍ന്ന ഹ്വാന്‍ റൂള്‍ഫോയുടെ വിഖ്യാതമായ ഒരു കഥ — മക്കാരിയോ — ശ്രീ. വൈക്കം മുരളി ഭാഷാന്തരീകരണം ചെയ്തിരിക്കുന്നു. (കുങ്കുമം) സ്തന്യ പാനത്തിലുടെ സെക്സും തവളകളെ തല്ലിച്ചതയ്ക്കുന്നതിലൂടെ ക്രൂരതയും സമ്മേളിപ്പിച്ചു മെക്സിക്കന്‍ യാഥാര്‍ത്ഥ്യത്തെ നൂതന തലത്തില്‍ എത്തിച്ച ഇക്കഥയ്ക്കു സവിശേഷതയുണ്ട്. ആ കഥാകുസുമത്തിന്റെ പരിമളം കേരളത്തിലേക്കു പ്രസരിപ്പിക്കുന്ന വൈക്കം മുരളി അഭിനന്ദനം അര്‍ഹിക്കുന്നു.

5. ബുക്കര്‍ സമ്മാനം നേടിയ ആഫ്രിക്കനെഴുത്തുകാരന്‍ ബെന്‍ ഓക്രി പറയുന്നു: ഒരു രാഷ്ട്രത്തില്‍ വിഷം കലര്‍ത്തണമെങ്കില്‍ അതിന്റെ കഥകളെ വിഷമയമാക്കിയാല്‍ മതി. ധര്‍മ്മ ഭ്രംശം വന്ന രാജ്യം ധര്‍മ്മ ഭ്രംശമാര്‍ന്ന കഥകള്‍ സ്വയം പ‌റയുന്നു. കഥാകാരന്മാരെ സൂക്ഷിക്കുക… അവര്‍ തങ്ങളറിയാതെ സ്വന്തം ജനതയുടെ മനസ്സിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

*