close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 07 25


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 07 25
മുൻലക്കം 1997 07 18
പിൻലക്കം 1997 08 01
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വയലിന്റെ കരയിലാണു എന്റെ വീട്. തണുത്ത കാറ്റ് നിലത്തിൽനിന്ന് എപ്പോഴും വീശിക്കൊണ്ടിരിക്കും. അതുകൊണ്ടു ചൂടറിയില്ല. മാത്രമല്ല, കെട്ടിടം നിർമ്മിച്ച പ്രഗൽഭനായ എഞ്ചിനീയർ ശ്രീ. ശങ്കർ മേൽത്തട്ടിൽ അങ്ങിങ്ങായി സമകോണചതുർഭുജത്തിന്റെ മട്ടിൽ കോൺക്രീറ്റിൽ ദ്വാരങ്ങളുണ്ടാക്കി ഒരോടിനു മുകളിലായി വേറൊരു ഓടു വയ്പിച്ചിരിക്കുന്നു. രണ്ടോടുകൾക്കിടയിൽ ശൂന്യമായ സ്ഥലം അതിലെ വായുവും ചൂടു കുറയ്ക്കും. അങ്ങനെ ഏതാണ്ട് താപനില വേണ്ടതോതിലാക്കിയ മട്ടാണ് എന്റെ വീടിനകത്ത്. വയലിൽനിന്നുവരുന്ന കാറ്റ് നെല്ലോലകളുടെ മണം വീട്ടിനുള്ളിൽ പ്രസരിപ്പിക്കും. കോഴിക്കോട്ടെ സുന്ദരികളുടെ മുഖകമലങ്ങളിൽ തട്ടി, തൃശ്ശൂരെ വിലാസിനികളുടെ നിതംബബിംബങ്ങളെ സ്പർശിച്ച് തിരുവനന്തപുരത്തെ അപ്സരസ്സുകളുടെ വസ്ത്രാഞ്ചലങ്ങളെ ഉരുമ്മിയെത്തുന്ന കാറ്റും എന്റെ വീട്ടിനുള്ളിലേക്ക് വീശാറുണ്ട്. അപ്പോഴാണു സ്ത്രീയുടെ സൗരഭ്യം ഞാനറിയുന്നത്. ശ്രീ. എം.ടി വാസുദേവൻ നായരുടേയും ചിത്രകാരനായ ശ്രീ. നമ്പൂതിരിയുടെയും ശ്രീ. ഒ. എൻ. വി. കുറുപ്പിന്റെയും യശസ്സിന്റെ പരിമളം ഞാൻ ആസ്വദിക്കുന്നത് കോഴിക്കോട്ടുനിന്നു തിരുവന്തപുരത്തേക്കു വരുന്ന കാറ്റിൽ നിന്നാണ്. പക്ഷേ കാറ്റിനു പലപ്പോഴും വിവേചനപരമായ പ്രവർത്തനമുണ്ട്. അത് എല്ലാ എഴുത്തുകാരുടെയും യശസ്സിന്റെ സൗരഭ്യം എന്റെ വീട്ടിലേക്കു കൊണ്ടുവരാറില്ല. അതുകൊണ്ടാവണം ശ്രീ. സന്തോഷ് എച്ചിക്കാനത്തിന്റെ കീർത്തിവാസന എന്റെ നാസാരന്ധ്രങ്ങളിലേക്കു കടന്നുവരാത്തത്. കാറ്റിനെ ഞാൻ ശപിച്ചിട്ട് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഉടലുകൾ വിഭവസമൃദ്ധിയിൽ’ എന്ന ചെറുകഥ വായിക്കട്ടെയെന്നു തീരുമാനിച്ചു. വായിച്ചു. നമ്മുടെ ആസ്വാദനശക്തിയെയും കലാസങ്കല്പത്തെയും ഒരേസമയത്തുതന്നെ വെല്ലുവിളിച്ചുകൊണ്ട് നിർല്ലജ്ജം വർത്തിക്കുന്ന കലാഭാസമാണ് ഇതെന്നു ഗ്രഹിക്കുകയും ചെയ്തു. അമ്മ മക്കളെ വീട്ടിലാക്കിയിട്ടു ഷോപ്പിങ്ങിനു പോകുന്നു. കടയിൽനിന്നു മോഷ്ടിക്കുന്നു. അതുകണ്ട കടയിലെ ജോലിക്കാരൻ അവളെ ഏതാണ്ടു നഗ്നയാക്കിയും കരപ്രചാരം പാടില്ലാത്ത ശരീരഭാഗങ്ങളിൽ പ്രചാരം നടത്തിയും തൊണ്ടിസ്സാധനം എടുക്കുന്നു. സെക്സ് വേണമെന്നുള്ള ചെറുപ്പക്കാർക്ക് സെക്സ്. നേരെ ചൊവ്വേ പറയുന്നതു സാഹിത്യമല്ലെന്നു വിചാരിക്കുന്ന ഒരുകൂട്ടമാളുകളുകളുണ്ടല്ലോ കേരളത്തിൽ. അവരെക്കരുതി വക്രഗതിയാർന്ന രചന. ഒരു ലക്ഷ്യവുമില്ലാത്ത ആഖ്യാനം. എല്ലാം കൊണ്ടും ‘അസ്സലായ’ സ്യൂഡോ ആർട്ടായിട്ടുണ്ട് സന്തോഷിന്റെ ഈ രചന.

കഷായം കുടിച്ചാലുണ്ടാകുന്ന കയ്പ് മാറ്റാൻ ഉടനെ കുറച്ചു പഞ്ചാര നാക്കിലിടുമല്ലോ. അതുപോലെ ഇക്കഥ വായിച്ചിട്ടുണ്ടായ കയ്പ് മാറ്റാൻ വല്ലതുമുണ്ടോ എന്ന മട്ടിൽ ഞാൻ ഇടതുവശത്തേക്കു നോക്കി. The Complete Poetry and Selected Prose of John Milton എന്ന പുസ്തകമിരിക്കുന്നു. ചുമ്മാ അങ്ങ് തുറന്നു. Paradise Lost - ന്റെ അഞ്ചാം ഭാഗം മിൽറ്റൻ തുടങ്ങുന്നത് ഇങ്ങനെ:

Now Morn her rosie steps in th’ Eastern Clime
Advancing, Sow’d the Earth with Orient Pearle’

(page 195, Modern Library College Edition) ആധുനികമായ ഇംഗ്ലീഷിൽ ഞാനിതു മാറ്റിയെഴുതട്ടെ:

Now Morn her rosy steps in the eastern clime
advancing, sowed the earth with orient pearl

എന്തൊരാശ്വാസം! എന്തൊരു അപ്രതീക്ഷിതമായ ആഹ്ലാദം!

ചോദ്യം, ഉത്തരം

Symbol question.svg.png എന്റെ ചങ്ങാതിയായ ഒരത്യന്താധുനികകവി കല്യാണം കഴിക്കാൻ പോകുന്നു. അയാൾക്കു സമ്മാനമായി ഞാൻ എന്തു കൊടുക്കണം?

മലയാളം നിഘണ്ടു വാങ്ങിക്കൊടുക്കൂ. അതു ദിവസവും വായിച്ച് അയാൾ വാക്കുകളുടെ അർത്ഥങ്ങൾ മനസ്സിലാക്കട്ടെ.

Symbol question.svg.png മഹാനായ കുട്ടികൃഷ്ണമാരാരെ നിങ്ങളല്ലാതെ വേറെയാരെങ്കിലും നിന്ദിച്ചിട്ടുണ്ടോ?

ഞാൻ കുട്ടികൃഷ്ണമാരാരെ നിന്ദിച്ചിട്ടില്ല. വിമർശനവും നിന്ദനവും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്കറിഞ്ഞുകൂടാ. ഞാൻ എന്തു ചെയ്യും? പി. കുഞ്ഞിരാമൻ നായർ അദ്ദേഹത്തെ ‘വെട്ടുപോത്ത്’ എന്നു വിശേഷിപ്പിച്ചു എന്നുകൂടി നിങ്ങളെ അറിയിക്കട്ടെ.

Symbol question.svg.png എം. പി. പോളിനെക്കുറിച്ച് എന്താണു അഭിപ്രായം?

എനിക്ക് അദ്ദേഹത്തെ നേരിട്ടറിയാമായിരുന്നു. ഇംഗ്ലീഷിൽ അവഗാഹമുണ്ടായിരുന്ന ആൾ. നല്ല പ്രഭാഷകൻ. മാന്യൻ. ശുദ്ധാത്മാവ്. പക്ഷേ വിമർശകനോ നിരൂപകനോ ആയിരുന്നില്ല.

Symbol question.svg.png കുടുംബിനിമാരെ നിങ്ങൾ ബഹുമാനിക്കുന്നില്ലേ?

കാലത്ത് അഞ്ചുമണിക്ക് അടുക്കളയിൽ കയറി രാത്രി പതിനൊന്നുമണിവരെ അസഹനീയമായ ചൂട് സഹിച്ച് ജോലിചെയ്യുന്ന പാവപ്പെട്ട സ്ത്രീകളെയാണോ നിങ്ങൾ കുടുംബിനികളായി കാണുന്നത്? അവർ ജോലി ചെയ്തുചെയ്ത് ആത്മഹത്യ നടത്തുകയാണു.

Symbol question.svg.png ഇന്ത്യയെക്കുറിച്ച് എന്തുണ്ടു പറയാൻ?

മഹാത്മാഗാന്ധി ഈ രാജ്യത്തെ സ്വതന്ത്രമാക്കി. നെഹ്രു ഇതിന്റെ ശോഭ വർദ്ധിപ്പിച്ചു. ഭഗത് സിങ് ഇതിനുവേണ്ടി ചോര ചിന്തി. ഇന്ന് ഇത് റൗഡികളുടെയും കൈക്കൂലിക്കാരുടെയും നാട്. ‘തലങ്ങനെ വിലങ്ങനെ’ മുൻ കൂർ ജാമ്യക്കാർ ഇവിടെ പരിഭ്രാന്തരായി ഓടുന്നു.”

Symbol question.svg.png എനിക്കു വണ്ണം കൂടുതലാണു സാറേ. അതുകൊണ്ട് എനിക്കു വിവാഹം നടക്കുന്നില്ല. ഞാൻ എന്തു ചെയ്യണം?

നിങ്ങളെ ‘പെണ്ണുകാണാൻ’ വന്നവരെല്ലാം വണ്ണം കൂടിയവരായിരിക്കും. വളരെ വൈകാതെ ഒരു കൃശഗാത്രൻ നിങ്ങളെ കാണാൻ വരും. വിവാഹം നടക്കുകയും ചെയ്യും. ധൈര്യത്തോടെ ഇരിക്കൂ.

Symbol question.svg.png എനിക്ക് ആത്മഹത്യ ചെയ്യണം. കയറോ സ്ലീപിങ് പിൽസോ വിഷമോ കടലോ ഏഴുനിലസൗധത്തിന്റെ ഏഴാമത്തെ നിലയോ? ഏതാണു നല്ലത്?

ഇവയൊന്നും വേണ്ട. സൂപർ ഫാസ്റ്റ് ബസ്സിൽ കയറി കുറേ ദൂരം സഞ്ചരിച്ചാൽ മതി.

Symbol question.svg.png എന്റെ ചങ്ങാതിയായ ഒരത്യന്താധുനികകവി കല്യാണം കഴിക്കാൻ പോകുന്നു. അയാൾക്കു സമ്മാനമായി ഞാൻ എന്തു കൊടുക്കണം?

മലയാളം നിഘണ്ടു വാങ്ങിക്കൊടുക്കൂ. അതു ദിവസവും വായിച്ച് അയാൾ വാക്കുകളുടെ അർത്ഥങ്ങൾ മനസ്സിലാക്കട്ടെ.

ബഷീർ

വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ നിത്യജീവിതത്തിലെ വേദനകൾ അനുഭവിച്ച മറ്റൊരു സാഹിത്യകാരൻ നമുക്കില്ല. അദ്ദേഹത്തെപ്പോലെ അധികാരികളുടെ മർദ്ദനമേറ്റ വേറൊരു സാഹിത്യകാരനും നമുക്കില്ല. വേദനകൾ- തിരുത്തിപ്പറയട്ടെ, യാതനകൾ -(യാതന = തീവ്രവേദന) മനുഷ്യനെ കർക്കശ സ്വഭാവമുള്ളവനാക്കും. അതിന്റെ ഫലമായി അയാൾ മറ്റുള്ളവരെ വെറുക്കും. അവരോടു പരുക്കൻ മട്ടിൽ പെരുമാറും. കാപട്യങ്ങൾ കാണിക്കും. എന്നാൽ ബഷീറിന്റെ കാര്യത്തിൽ ഇതൊന്നും സംഭവിച്ചില്ല. അദ്ദേഹത്തെപ്പോലെ മാന്യമായി വേറൊരു സാഹിത്യകാരൻ എന്നോടു പെരുമാറിയിട്ടില്ല. ശത്രുവിനെപ്പോലും സ്നേഹിച്ച പുരുഷരത്നമായിരുന്നു ബഷീർ. ഇതെഴുതുന്ന ആൾ അദ്ദേഹത്തെ വാക്കുകൾ കൊണ്ട് പലതവണ എറ്റിയിട്ടുണ്ട്. ഈ ലോകത്ത് ആരും ചെയ്തിട്ടില്ലാത്ത വിധത്തിൽ ഞാൻ ബഷീറിനെ വാക്കുകൾകൊണ്ടു ഹിംസിച്ചിട്ടുണ്ട്. അതിനുശേഷം ഞാനൊരിക്കൽ അദ്ദേഹത്തെ കാണാൻ ചെന്നു. ആ വലിയ മനസ്സിൽ നിറഞ്ഞുതുളുമ്പിയ സ്നേഹം മുഴുവൻ ഞാൻ ആ മുഖത്തുകണ്ടു. തിരിച്ചുപോരാനായി ഞാൻ എഴുന്നേറ്റപ്പോൾ ബഷീർ എന്നെ ആലിംഗനംചെയ്ത് എന്റെ തലയിൽ കൈവച്ച് ‘ഈശ്വരൻ അനുഗ്രഹിക്കും’ എന്ന് ആശംസിച്ചു. ബഷീറിന്റെയും അദ്ദേഹത്തിന്റെ സഹധർമ്മിണിയുടെയും മകളുടെയും നല്ലവാക്കുകൾ കേട്ടുകൊണ്ട് പശ്ചാത്താപ പരവശനായി ഞാൻ റോഡിലേക്കുപോന്നു. എന്റെ കണ്ണുകൾ ആർദ്രങ്ങളായിരുന്നു. സമുന്നതനായ ഈ മനുഷ്യന്റെ തിരോധാനത്തിൽ ഞാൻ ഇന്നും ദു:ഖിക്കുന്നു.

ജീവിതവേദനകളെ സുന്ദരങ്ങളായ ഭാവാത്മകഗാനങ്ങളാക്കി പ്രവഹിപ്പിച്ച കലാകാരനായിരുന്നു ബഷീർ. അദ്ദേഹത്തിന്റെ ‘ബാല്യകാലസഖി, ശബ്ദങ്ങൾ, പാത്തുമ്മയുടെ ആട്, അനേകം ചെറുകഥകൾ ഇവയിലെല്ലാം ശോകത്തിന്റെ ആന്തരപ്രവാഹമുണ്ട്. പക്ഷേ സ്വന്തം യാതനയെ സന്ദർശകരോടുള്ള സ്നേഹമാക്കിയ ബഷീർ ആ ശോകത്തെയും ഭാവഗീതമാക്കി മാറ്റി. ഗദ്യരൂപത്തിലുള്ള ഭാവഗീതങ്ങൾ. മലയാള സാഹിത്യത്തിലെ മറ്റു കഥാകാരന്മാർ നിങ്ങളെ രസിപ്പിക്കും. പക്ഷേ അവരുടെ കൃതികൾ ഹൃദയം തുറന്നു നിങ്ങളോടു സംസാരിക്കില്ല. ബഷീറിന്റെ രചനകളുടെ സവിശേഷത ആ സത്യസന്ധതയിലാണിരിക്കുന്നത്. ഒരുതരം ചലനാത്മകശക്തി ബഷീറിന്റെ കൃതികളിൽനിന്നു വായനക്കാരിലേക്കു പകരുന്നു. അതിന്റെ ഹർഷോന്മാദത്തിൽ വായനക്കാർ സ്വയം വിസ്മരിക്കുന്നു. സിദ്ധികളുള്ള ഈ കലാകാരനെക്കുറിച്ച് എന്റെ അഭിവന്ദ്യ സുഹൃത്തായ ശ്രീ. ജമാൽ കൊച്ചങ്ങാടി ചന്ദ്രിക വാരികയിലെഴുതിയ ‘ബഷീർ ബഷീർമാത്രം’ എന്ന ലേഖനം ഞാൻ കൗതുകത്തോടെ വായിച്ചു. ജീവിതാനുഭവങ്ങളെ -കയ്പ് ഏറിയ ജീവിതാനുഭവങ്ങളെ- ഭാവത്മകമണ്ഡലത്തിൽ പ്രതിഷ്ഠിച്ച ബഷീറിനെ നിസ്തുലനായി ജമാൽ കൊച്ചങ്ങാടി കാണുന്നതിൽ സത്യാത്മകതയുണ്ട്.

പുതിയ പുസ്തകം

രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള ക്രിസ്തേവയുടെ (Julia Kristeva b. 1941) ശിഷ്യനും ഓസ്റ്റ്രേലിയയിലെ ഒരു സർവകലാശാലയിലെ അധ്യാപകനുമായ John Lechte എഴുതിയ ‘Fifty Key Contemporary Thinkers -From Structuralism to Post Modernity എന്ന ഗ്രന്ഥം സമകാലിക പാശ്ചാത്യ ചിന്താമണ്ഡലത്തിൽ താല്പര്യമുള്ളവരെയെല്ലാം വായിക്കേണ്ടതാണ്. (Routledge London - pages 251 - #10.99)

ചിന്താമണ്ഡലത്തെ ഗ്രന്ഥകാരൻ ഒൻപതായി വിഭജിച്ചിരിക്കുന്നു. 1. ആദ്യകാലത്തെ സ്റ്റ്രക്ചറലിസം 2. സ്റ്റ്രക്ചറലിസം 3. സ്റ്റക്ചറൽ ഹിസ്റ്ററി 4. പോസ്റ്റ് സ്റ്റ്രക്ചറലിസ്റ്റ് തോട്ട്. 5. സീമിയോട്ടിക്സ് 6. ഫെമിനിസം - സെക്കന്റ് ജനറെയ്ഷൻ 7. പോസ്റ്റ് മാർക്സിസം 8. മോഡേണിറ്റി 9. പോസ്റ്റ് മോഡേണിറ്റി. ആദ്യത്തെ വിഭാഗത്തിൽ ഏഴു ചിന്തകരെക്കുറിച്ചാണു പ്രതിപാദനം. അവരിൽ ഗാസ്തൊങ് ബാഷ്ലാർ (Gaston Bachelard) ഫ്രോയ്റ്റ് (Freud) മോറിസ് മെർലോ പൊങ്തീ (Maurice Merleau Ponty) ഇവർ പ്രമുഖർ. പതിനൊന്നു ചിന്തകരെക്കുറിച്ചാണ് രണ്ടാമത്തെ വിഭാഗത്തിൽ പ്രതിപാദിക്കുന്നത്. ആൽത്തൂസെ, ചോംസ്കി, ലേവിസ്റ്റ്രോസ് ഇവർ അതിലുൾപ്പെടുന്നു. Braudel എന്ന ചിന്തകൻ മാത്രം മൂന്നാമത്തേതിൽ. പോസ്റ്റ് സ്റ്റ്രക്ചറലിസ്റ്റ് തോട്ട് എന്ന വിഭാഗത്തിൽ അഞ്ചു ചിന്തകരുണ്ട്. ബതായി (Bataille), ദെറിദ, ഫൂക്കോ (Foucault) ഇവർ അവരിൽ മൂന്നുപേർ. അഞ്ചാമത്തെ വിഭാഗത്തിൽ എട്ടു ചിന്തകരെക്കുറിച്ചാണ് എഴുതിയിട്ടുള്ളത്. അവരിൽ ബാർത് (Barthes), ഏകോ (Eco), ക്രിസ്തേവ ഇവർ ഉൾപ്പെടുന്നു. ഫെമിനിസം രണ്ടാംതലമുറ എന്ന ഭാഗത്തിൽ മൂന്നുപേരെക്കുറിച്ച് എഴുതിയതിനുശേഷം ഗ്രന്ഥകാരൻ പോസ്റ്റ് മാർക്സിസത്തിലേക്ക് ചെല്ലുന്നു. അതിലെ അഞ്ചു ചിന്തകരിൽ ആഡോർനോ (Adorno), ആറന്റ് (Arendt) ഹേബർമസ് ഇവർ പ്രധാനർ. മോഡേണിറ്റി എന്ന വിഭാഗത്തിലുള്ള ആറു ചിന്തകരിൽ ബൻയമിൻ (Benjamin) ജോയിസ്, നീചേ ഇവരുണ്ട്. ഒൻപതാമത്തെ ഭാഗത്തിലെ നാലു ചിന്തകരിൽ ദൂറാ (Duras) കാഫ്ക (Kafka) ഇവർക്കു പ്രാധാന്യം.

പ്രബന്ധങ്ങൾ ഹ്രസ്വങ്ങളല്ല. എന്നാൽ ദീർഘത അവയുടെ മുദ്രയാണെന്നും പറയാൻ വയ്യ. സുഗ്രഹങ്ങളാണു ഇതിലെ പ്രബന്ധങ്ങൾ എന്നെഴുതാൻ എനിക്കു ധൈര്യമില്ല. അതു നമ്മുടെ കുറ്റമാണുതാനും. പടിഞ്ഞാറൻ വായനക്കാർക്ക് ഈ തത്ത്വചിന്തകളെസ്സംബന്ധിച്ചുള്ള പൂർവ

ജ്ഞാനവും അതിനോടു ബന്ധപ്പെട്ട പശ്ചാത്തലവുമുണ്ട്. നമുക്കു അവ രണ്ടുമില്ലല്ലോ. അതിനാൽ സമ്പൂർണ്ണമായ ഗ്രാഹ്യത പാരായണസന്ദർഭത്തിൽ ഉണ്ടായിയെന്നുവരില്ല.

ഉൾക്കാഴ്ചയോടെയാണ് ഗ്രന്ഥകാരൻ സാഹിത്യകാരന്മാരെക്കുറിച്ചും ചിന്തകരെക്കുറിച്ചും എഴുതുന്നത്. ഒരുദാഹരണം കാണിക്കാം. ഗ്രന്ഥകാരന്റെ ഇംഗ്ലീഷ് വാക്യങ്ങളെ ഞാൻ സ്വതന്ത്രമായി തർജ്ജമ ചെയ്യുകയാണു്.

മോളിയുടെയും ബ്ലൂമിന്റെയും ഒരു ദിവസത്തെ (16 ജൂൺ 1902) ജീവിതത്തെക്കുറിച്ചാണ് ജോയിസിന്റെ ‘യൂലിസിസ്’ എന്ന നോവൽ. ഹോമറിന്റെ ‘ഒഡിസി’യുടെ ചട്ടക്കൂടിനകത്താണു യൂലിസിസിന്റെ കഥ ജോയിസ് ‘അവതരിപ്പി’ക്കുന്നത്. നോവലിസ്റ്റിന്റെ ജീവചരിത്രം, ഡബ്ലിനിലെ ചരിത്രത്തിൽനിന്നുണ്ടാകുന്ന വിശദാംശങ്ങൾ, ഇംഗ്ലീഷ് സാഹിത്യചരിത്രം ഇവയൊക്കെ കഥയിലുണ്ട്.

ഫ്രഞ്ച് കവി ബോദലേറിനു ഇഷ്ടപ്പെട്ട ആശയമാണു Contingency. യാദൃച്ഛികതയും, അതിനോടു ചേർന്ന അനിശ്ചിതാവസ്ഥയുമാണു Contingency ഇതിന്റെ അവലംബത്തോടെയാണ് ബോദലേർ നവീനാനുഭവത്തെ ദർശിക്കുന്നത്. കവി പറയുന്നു; To be away from home and yet to feel at home anywhere; to see the world, to be at the very centre of the world, and yet to be unseen of the world, such are some of the minor pleasures of those independent, intense and impartial spirits, who do not lend themselves easily to linguistic definition. (ബോദലേറിന്റെ വാക്യം എടുത്തെഴുതുന്നത് ഈ ലേഖകനാണ~, ഗ്രന്ഥകാരനല്ല). വീട്ടിൽ നിന്നു ദൂരത്തേക്കു പോകുകയെന്നു പറഞ്ഞാൽ നവീനവും ക്ഷണികവുമായവയെ കാണുക എന്നതാണ്. നവീനതയ്ക്കു (Modernity) മുൻപ് അനുഭവം ഭവനത്തോടു ബന്ധപ്പെട്ടിരിക്കുന്നു. അതു ചിരപരിചിതത്വം ഉള്ളതായിരുന്നു. നവീനമായ അനുഭവം എങ്ങനെയുണ്ടാകുമെന്നു പറയാൻ വയ്യ. അതു ചിരപരിചിതമല്ല. പരിവർത്തനാത്മകമാണ്. നൂതനത്വമുള്ളതാണ്. വീട്ടിലിരിക്കുക എന്നതു നാലുവശവുമടഞ്ഞ സ്ഥലത്ത് ഇരിക്കുക എന്നതത്രേ. അവിടെ പരിചിതമായതിന്റെ ആവർത്തനമേയുള്ളൂ.

ഒഡിസിയിലെ നായകൻ വീടുവിട്ടുപോകുന്നു. അലയുന്നു. തിരിച്ചുവരാൻ യത്നിക്കുകയും ചെയ്യുന്നു. ജോയിസിന്റെ കഥാപാത്രം ബ്ലൂം യാത്രയാവുന്നു. നോവൽ അവസാനിക്കാറാവുമ്പോൾ തിരിച്ചുവരുന്നു. രണ്ടുപേരും നവീനാനുഭവങ്ങൾക്കു വിധേയരാവുന്നു. സ്റ്റ്രക്ചറും കണ്ടിജൻസിയും തമ്മിലുള്ള - അംഗീകൃത ഘടനയും യാദൃശ്ചികത്വത്തിന്റെ അനിശ്ചിതാവസ്ഥയും തമ്മിലുള്ള സംയോഗമാണു ജോയിസിന്റെ നോവലിൽ കാണുക. ഇതാണു സാഹിത്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ ഉജ്ജ്വലമായ ‘സംഭാവന’. ദാർശനികമായും സാഹിത്യപരമായും ഉള്ള ഇത്തരം ഉൾക്കാഴ്ചകൾ ഈ ഗ്രന്ഥത്തിൽ സുലഭങ്ങളാണ്.

ബൂട്ട്സ് തിന്നും

“ഒരു റാത്തൽ ഇറച്ചി വാങ്ങിക്കൊണ്ടുവാടാ. തുടയിറച്ചിയായിരിക്കണം. ഇല്ലെങ്കിൽ നിന്നെ ഞാൻ അതും തന്നു തിരിച്ചയക്കും” ആലപ്പുഴ സനാതന ധർമ്മവിദ്യാലയത്തിൽ തേഡ് ഫോമിൽ (ഇന്നത്തെ ഏഴാം ക്ലാസ്സ്) പഠിച്ചിരുന്ന എന്നോടുള്ള ആജ്ഞയായിരുന്നു ജനയിതാവിന്റെ. തത്തംപള്ളിക്കടുത്ത് അന്നൊരു ഇറച്ചിക്കടയുണ്ടായിരുന്നു. അഞ്ചുചക്രം കൊടുത്ത് ഒരു റാത്തൽ ഇറച്ചിവാങ്ങിക്കൊണ്ട് ഞാൻ തിരിച്ചുപോരും, വീട്ടിലേക്ക്. വലിയ തടിക്കഷണത്തിൽ വെട്ടിവച്ച ആടിന്റെ തലയും കശാപ്പുകാരന്റെ ഒരു വശത്തേക്കിട്ട കുടലുകളും എനിക്കു വളരെ നേരം ഓക്കാനമുണ്ടാക്കും. ജനയിതാവ് പിന്നീട് കുളിക്കും. തോണ്ടംകുളങ്ങര അമ്പലത്തിൽ പോയി തൊഴുതിട്ടു തരിച്ചുവരും. നെറ്റിയിൽ ചന്ദനവും ഭസ്മവും. രോമാവൃതമായ വിശാലവക്ഷസ്സിൽ നിറച്ചു ഭസ്മം. അദ്ദേഹം വീട്ടിലെത്തുമ്പോഴേക്കും ഇറച്ചിക്കറിയും ഇഡ്ഡലിയും തയ്യാറായിരിക്കും. ഒരു ഗ്ലാസ്സ് പട്ടച്ചാരായവുമായി ആവി പറക്കുന്ന ഇറച്ചിക്കറിയുടെയും ഇഡ്ഡലിയുടെയും മുൻപിൽ ജനയിതാവ് ഇരിക്കും. എല്ലാം ഒരു നിമിഷം കൊണ്ടുതീർക്കും. എന്നിട്ട് വായുടെ രണ്ടറ്റത്തുംകൂടി ഒലിച്ചിറങ്ങുന്ന നാറുന്ന ചാരായവുമായി അദ്ദേഹം എഴുന്നേൽക്കും. പിന്നീട് ഓഫീസിലേക്കുള്ള പോക്കാണു. ശംഭോ, മഹാദേവാ എന്നുള്ള ഭക്തിനിർഭരങ്ങളായ വിളികൾ ഇറച്ചിയുടെയും ചാരായത്തിന്റെയും സമ്മിശ്രഗന്ധമാർന്ന അദ്ദേഹത്തിന്റെ വായിൽനിന്ന് ഉയർന്നുപൊങ്ങും.

കുട്ടിയായിരുന്ന ഞാൻ അന്നേ ആലോചിച്ചിട്ടുണ്ട്. പട്ടച്ചാരായവും ആട്ടിറച്ചിയും ഭക്തിയും എങ്ങനെ ചേരുമെന്ന്.. ചേരും. ചേരും. അല്ലെങ്കിൽ ജനയിതാവ് അവയെങ്ങനെ ചേർത്തു എന്ന ചോദ്യമുയരുകയില്ലേ? ആഭാസത്തരവും കലയും ചേരുമോ? ചേരും. ആൽബർതോ മൊറാവ്യയുടെ കഥകളും നോവലുകളും അനൈസ് നീനിന്റെ കഥകളും നോവലുകളും ഇതിനു നിദർശകങ്ങൾ തന്നെ. പക്ഷേ കലാശൂന്യതയും കഥയും ചേരുമോ? ഭാഷാപോഷിണി മാസികയിൽ ‘മകൾ’ എന്ന കഥയെഴുതിയ ശ്രീ. എബ്രഹാം മാത്യു അതിനുള്ള ഉത്തരം തരുന്നു. ഒരു കൊച്ചു പെണ്ണു ഗർഭിണിയാകുന്നു. ഗർഭം അലസിപ്പിക്കാൻ അവൾ തന്തയിൽനിന്നു തന്നെ പണം വാങ്ങുന്നു. നിഷ്കളങ്കയാണു മോളെന്നു വിചാരിച്ച് തന്ത പണം കൊടുക്കുന്നു. ഫലമില്ല. ഒടുവിൽ അവൾതന്നെ തന്തയോടു പറയുന്നു ഗർഭമില്ലാതാക്കാൻ ശസ്ത്രക്രിയ വേണമെന്ന്. കഥയാകെയല്ല. അതിലെ ഒരു ഖണ്ഡികയല്ല. ഖണ്ഡികയിലെ ഒരു വാക്യമല്ല. വാക്യത്തിലെ ഒരോ വാക്കും കലാരാഹിത്യത്തിന്റെ ജുഗുപ്സാവസ്ഥയെ കാണിച്ചുതരുന്നു. വിശപ്പേറിയാൽ മനുഷ്യനെന്തും ചെയ്യും. റഷ്യയിലെത്തിയ നെപ്പോളിയന്റെ ഭടന്മാർ വിശപ്പടക്കാനായി സ്വന്തം ബൂട്ട്സ് കടിച്ചുപറിച്ചു ചവച്ചരച്ചു തിന്നു. കഥയെഴുതണമെന്നുതോന്നിയാൽ അതെഴുതുന്നവർ എന്തും ചെയ്യും.

പോലെ

സുന്ദരിക്കു സെന്റ് വേണ്ട, മനോഹരങ്ങളായ വസ്ത്രങ്ങൾ വേണ്ട, സ്വർണ്ണാഭരണങ്ങൾ വേണ്ട. ഭാവാത്മകകാവ്യങ്ങൾക്ക് ശബ്ദാലങ്കാരം വേണ്ടാത്തതുപോലെ

1. ഇംഗ്ലീഷുകാർ ഇന്ത്യ വിട്ടുപോയ കാലം. അവർ ഭരിച്ച കാലയളവിൽ റസിഡന്റ് ഉണ്ടായിരുന്നു ഒരോരാജ്യത്തും. റസിഡന്റ് പോയിയെന്നറിഞ്ഞയുടനെ ഒരു നാട്ടുരാജാവ് റസിഡൻസിയിൽ ചെന്നുകയറി. റസിഡൻസിയിലെ കക്കൂസിൽ ചെന്നുകയറിയെന്നതാണു സത്യം. മാർബിൾ പതിച്ച തറ. ഭിത്തികളും അതുപോലെത്തന്നെ. അവയിൽ ചിത്രപ്പണികൾ. കണ്ണഞ്ചിക്കുന്ന വിളക്കുകൾ. സായ്പിന്റെ മൂടിവച്ച കമ്മോഡ് എന്താണെന്നു രാജാവിനു മനസ്സിലായില്ല. ക്ഷീണിക്കുമ്പോൾ സായ്പിനു ഇരിക്കാനുള്ള സ്റ്റൂളായിരിക്കുമെന്നാണു രാജാവ് വിചാരിച്ചത്. കക്കൂസിന്റെ ഭംഗികണ്ട് വിസ്മയിച്ച രാജാവ് ‘Here shall I place my throne’ എന്നുപറഞ്ഞു സിംഹാസനം അവിടെവച്ച് അതിലിരുന്നു രാജ്യം ഭരിച്ചുതുടങ്ങി; അസത്യാത്മകം എന്നുകണ്ട് സായ്പ് ദൂരെയെറിഞ്ഞ എക്സിസ്റ്റെൻഷ്യലിസത്തെ അവലംബിച്ച് കഥകളെഴുതുന്ന നമ്മുടെ എഴുത്തുകാരെപ്പോലെ.

2. പൊൺഷസ് പൈലറ്റിന്റെ കോടതിയുടെ മുൻപിൽ യേശുക്രിസ്തു ചെന്നപ്പോൾ ചുറ്റും നിന്ന റോമൻ ഭടന്മാർ തങ്ങളറിയാതെ തലകൾ താഴ്ത്തി, ക്രിസ്തുവിനോടുള്ള സ്നേഹാദരങ്ങളാൽ: സാഹിത്യവാരഫലത്തെ പുച്ഛിക്കുന്ന ചില സാഹിത്യകാരന്മാർ വാരികയെടുത്താൽ അത് ആദ്യം വായിക്കുന്നതുപോലെ.

3. 1938 -ൽ ഞാൻ വടക്കൻ പറവൂർ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലം. ഞാൻ വരാപ്പുഴ എന്ന സ്ഥലത്തുനിന്ന് ബസ്സിൽ വന്ന് സ്ക്കൂളിന്റെ മുൻപിൽ ഇറങ്ങുമ്പോൾ പതിനെട്ടു വയസ്സ്. ഇരുപതു വയസ്സുപ്രായമുള്ള ഹരിജനയുവതികൾ മാറുമറയ്ക്കാതെ നടക്കുന്നതു പലതവണ കണ്ടിട്ടുണ്ട്. യുവാക്കൾ പോലും അവരുടെ ശരീരങ്ങളിൽ കണ്ണയച്ചിട്ടില്ല. നഗ്നങ്ങളായ കൈവിരലുകൾ കണ്ടാൽ ആർക്കാണു വികാരമുണ്ടാകുക? അതേ വികാരമില്ലായ്മയാണു ദ്രഷ്ടാക്കൾക്ക് നഗ്നമാറിടങ്ങൾ കാണുമ്പോഴും. എന്നാൽ ആവരണം ചെയ്യപ്പെട്ട വക്ഷസ്സുകളിലേക്കു യുവാക്കന്മാരുടെ ദൃഷ്ടികൾ അമ്പുകൾ പോലെ പാഞ്ഞുചെല്ലും. തികച്ചും വാച്യമായ കവിതയിൽ തല്പരത്വമില്ലാത്ത സഹൃദയർ ധ്വനി പ്രധാനമായ കവിതയിൽ രസിക്കുന്നതുപോലെ.

4. സുന്ദരിക്കു സെന്റ് വേണ്ട. മനോഹരങ്ങളായ വസ്ത്രങ്ങൾ വേണ്ട. സ്വർണ്ണാഭരണങ്ങൾ വേണ്ട. ഭാവാത്മകകാവ്യങ്ങൾക്ക് ശബ്ദാലങ്കാരം വേണ്ടാത്തതുപോലെ.

ഒറ്റപ്പെടലിന്റെ ദു:ഖം

അയാൾക്കു മനോഹരമായ കാറുണ്ട്. സുന്ദരിയായ ഭാര്യയുണ്ട്. ആർക്കും ഓമനിക്കാൻ തോന്നുന്ന രണ്ടു കുഞ്ഞുങ്ങളുണ്ട്. ബാങ്ക് ബാലൻസ് സങ്കല്പാതീതമായ വിധത്തിൽ വലുത്. എങ്കിലും അയാൾ നിന്ദ്യമായ ജീവിതമാണു നയിക്കുന്നത്. എന്തുകൊണ്ടു നിന്ദ്യം? ഏകാന്തത ജനിപ്പിക്കുന്ന ദു:ഖം കൊണ്ട് അയാൾ പുളയുകയാണു. ഒരു കാരണവുമില്ലാത്ത ദു:ഖം.

വിഖ്യാതനായ ഡോക്ടർ. കാലത്ത്, വൈകുന്നേരത്ത് രോഗികളുടെ പ്രവാഹമാണ്. ഒരു ദിവസം കുറഞ്ഞത് പതിനായിരം രൂപ കിട്ടും. പക്ഷേ അയാൾ ഒറ്റയ്ക്കിരിക്കുമ്പോൾ ശോകത്തിന്റെ നീർച്ചുഴിയിൽ കിടന്നു കറങ്ങുകയാവും. ഈ ലോകത്ത് ഓരോ വ്യക്തിയും ഏകാന്തതയുടെ ദു:ഖമനുഭവിക്കുന്നു.

കാലത്ത് നാലുമണിക്ക് ഉണർന്ന് ഞാൻ ജനൽ തുറന്ന് ആകാശത്തേക്ക് നോക്കുമ്പോൾ ഒറ്റത്താരകം വന്നു വിതുമ്പുന്നു. അതിനും ആ ശോകം തന്നെ. കുടുംബമായി കഴിയുമ്പോൾ ദു:ഖം. ആരുമില്ലാതെ ഒറ്റയ്ക്കു കഴിയുമ്പോഴും ദു:ഖം. ഈ ദു:ഖത്തെയാണു ശ്രീ. എം. ജി. ശ്രീജു ‘മോനലീസയും മത്സ്യവും’ എന്ന കഥയിലൂടെ പ്രകാശിപ്പിക്കുന്നത്( മലയാളം വാരിക). ഡാവിഞ്ചിയുടെ മോനലീസ അജ്ഞേയ മന്ദസ്മിതവുമായി ഇരിക്കുന്നു. സ്ഫടികഭാജനത്തിലിട്ട മത്സ്യം മുന്നോട്ടുപോകുന്നു. സ്ഫടികത്തിൽ തട്ടി അതു തിരിച്ചുവരുന്നു. തിരിച്ചുവന്നാലും സ്ഫടികപാളി അതിന്റെ ഗതിക്കു പ്രതിബന്ധം സൃഷ്ടിക്കുന്നു. മുന്നിലും താഴെയും തടസ്സം. മത്സ്യത്തിനു ഏകാന്തതയുടെ ദു:ഖം. മോനലീസയുടെ പകർപ്പായ ചിത്രത്തിനും അതേദു:ഖം. ഇവയെ കാണിച്ചുകൊണ്ട് ഒരു സ്ത്രീയുടെ ശോകത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ശ്രീജു. ഹൃദയം ഹൃദയത്തോടു സംസാരിക്കുന്ന ഭാഷയിലാണു ശ്രീജു കഥയെഴുതുന്നത്. അതുകൊണ്ടു പ്രയത്നത്തിന്റെ പാട് ഒട്ടുമില്ല. പ്രയാസത്തിന്റെ ലക്ഷണമില്ല. എഴുതിയും അവിരാമമായി വായിച്ചും എന്റെ കണ്ണുകൾക്കു ചൂടുണ്ടാകുമ്പോൾ റ്റാപ്പ് തുറന്ന് തണുത്ത വെള്ളം ഞാൻ കണ്ണുകളിലേക്ക് വീഴ്ത്തുന്നു. ദുർഗ്രഹങ്ങളായ കഥകൾ ജനിപ്പിക്കുന്ന അഗ്നിയെ കെടുത്താൻ ഇക്കഥയുടെ ശീതളസ്വഭാവം സഹായിക്കുന്നു.

​​

* * *

‘മണൽക്കാട് കിടക്കയിൽ കിടന്നു തേങ്ങുന്നു’ എന്ന് എഴുതിയത് വലിയ കവിയാണ്. ഇതു മഹനീയമാണ് എന്നു നിരൂപകന്മാരും പറയുന്നു. എന്റെ ജനലിന്റെ പൊട്ടിയ കണ്ണാടിയിലെ ഒരു മില്ലീമീറ്റർ വിടവിലൂടെ ഒരാന കടന്നുവരുന്നു എന്ന് ഞാനെഴുതിയാൽ വല്ല അർത്ഥവുമുണ്ടോ? ഉണ്ടെങ്കിൽ മഹാനായ ആ കവിയുടെ ആ പ്രസ്താവത്തിനും അർത്ഥമുണ്ട്.