close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 03 16


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 03 16
ലക്കം 548
മുൻലക്കം 1986 03 09
പിൻലക്കം 1986 03 23
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എന്റെ മുന്‍പില്‍ ഭാവികാലം തുറന്നു കിടക്കുന്നു. ഭൂതകാലം അടഞ്ഞു കിടക്കുന്നു എന്നാണ് സ്വാഭാവികമായും പറയേണ്ടത്. പക്ഷേ അങ്ങനെ പറയുന്നില്ല. കഴിഞ്ഞകാലം പ്രകാശപൂര്‍ണ്ണമായിത്തന്നെ പ്രത്യക്ഷമാകുന്നു. ആ പ്രകാശത്തില്‍ മുങ്ങി മഹാകവി ജി. ശങ്കരക്കുറുപ്പ് ‘ഭദ്രാലയ’ത്തിന്റെ പൂമുഖത്തു പടിഞ്ഞാറോട്ടു നോക്കി ധ്യാന നിരതനായി ഇരിക്കുന്നു. സന്ധ്യാസമയം. ഞാന്‍ അടുത്തുചെന്നു നിന്നിട്ടും അദ്ദേഹം അതറിയുന്നില്ല. അതുകൊണ്ട് “മാഷേ” എന്ന് എനിക്കു വിളിക്കേണ്ടി വന്നു. കവി പൊടുന്നനവേ ഉണര്‍ന്നു് “ങ്ഹാ, വരൂ, ഇരിക്കൂ” എന്നു സ്നേഹത്തോടെ പറഞ്ഞു. “സുഭദ്രയും കുട്ടികളും ഇവിടില്ല. എന്തോ മേടിക്കാന്‍ കടയില്‍ പോയിരിക്കുകയാണു്.” ഞാനിരുന്നു. സംഭാഷണം തുടങ്ങി. എങ്കിലും കവിയുടെ മനസ്സ് മറ്റേതോ വിഷയത്തില്‍ വ്യാപരിക്കുകയാണെന്നു തോന്നി.

1941 അല്ലെങ്കില്‍ 1942. ശബരിമലയില്‍ പോകാന്‍ മാലയിട്ട്, താടി വളര്‍ത്തിയ ചങ്ങമ്പുഴ കൃഷ്ണപിള്ള ഒരു ദിവസം സന്ധ്യയ്ക്ക് തിരുവനന്തപുരത്തെ ആര്‍ട്സ് കോളേജിന്റെ പടിഞ്ഞാറു വശത്തുള്ള ചെറിയ ഗേറ്റിനടുത്ത് ചിന്താധീനനായി നില്ക്കുന്നതു് ഞാന്‍ കണ്ടു. പരിചയമുണ്ടായിരുന്നിട്ടും ഞാന്‍ അദ്ദേഹത്തെ ആ അവസ്ഥയില്‍ നിന്നു മോചിപ്പിക്കാന്‍ പോയില്ല.

അര്‍ദ്ധരാത്രി. തകഴി ശിവശങ്കരപ്പിള്ള തിരുവനന്തപുരത്തെ പ്രധാനപ്പെട്ട റോഡിലൂടെ നടന്നു വരുമ്പോള്‍ ഇടപ്പള്ളി രാഘവന്‍ പിള്ള പഴവങ്ങാടി ഓവര്‍ ബ്രിജ്ജില്‍ സ്വയമറിയാതെ നില്ക്കുന്നതു കാണുന്നു. തകഴി അദ്ദേഹത്തോടു് എന്തോ ചോദിച്ചിട്ടു നടന്നകന്നു. ഇടപ്പള്ളി അവിടെത്തന്നെ നിന്നു ചിന്താമണ്ഡലത്തില്‍ വീണ്ടും വ്യാപരിക്കുകയായി (തകഴിയുടെ സ്മരണകള്‍ വായിച്ച ഓര്‍മ്മയില്‍ നിന്നു്).

ഏകാന്തതയോടുള്ള ഈ അഭിനിവേശം ‘സെന്‍സിറ്റീവ്’ ആയ ഹൃദയമുള്ളവര്‍ക്കെല്ലാം കാണും. കോര്‍ക്ക് പതിച്ച നാലു ഭിത്തികള്‍ക്കകത്തു് പകല്‍ സമയം മുഴുവനും കഴിഞ്ഞു കൂടിയിട്ടു് രാത്രിയില്‍ നടക്കാനിറങ്ങുമായിരുന്നു ഫ്രഞ്ച് നോവലിസ്റ്റ് പ്രൂസ്ത്. “മനുഷ്യര്‍ ശതാബ്ദങ്ങളിലൂടെ സഞ്ചരിച്ചു സഞ്ചരിച്ചു് സത്യത്തിന്റെ ഏകാന്തതയില്‍ എത്തുന്നു” എന്നു കവി പറഞ്ഞതാണ് ശരി. ഞാന്‍ കണ്ട ജി. ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും തകഴി കണ്ട ഇടപ്പള്ളി രാഘവന്‍ പിള്ളയും ആ സമയങ്ങളില്‍ ദുഃഖാകുലരായിരുന്നില്ല. അവര്‍ സത്യമന്വേഷിക്കുകയായിരുന്നു. ആ സന്ദര്‍ഭത്തില്‍ വിരലുകള്‍ക്കിടയില്‍ തൂലിക വച്ചു കൊടുത്തിരുന്നെങ്കില്‍! സത്യത്തിന്റെ നാദമുയരുന്ന മനോജ്ഞ കാവ്യങ്ങള്‍ നമുക്കു ലഭിക്കുമായിരുന്നു.

ചവറു്

ഇസ്രായേലിലെ രാജാവായിരുന്ന സോളമന്‍ വലിയ മജീഷ്യനായിരുന്നുവെന്നു് ബൈബിളില്‍ നിന്നു്, അറേബ്യന്‍ ഗ്രന്ഥങ്ങളില്‍ നിന്നു് നമ്മള്‍ മനസ്സിലാക്കുന്നു. അദ്ദേഹം പറക്കുന്ന പരവതാനി ഉണ്ടാക്കി കൊട്ടാരത്തിലെ എല്ലാ ആളുകളെയും അതില്‍ കയറ്റി സഞ്ചരിക്കാമായിരുന്നു പോലും. ഖുറാനിലും ഈ അദ്ഭുതപുരുഷനെക്കുറിച്ചു് പരാമര്‍ശമുണ്ടു്.

(It was Our power That
Made) the violent (unruly)
Wind flow (tamely) for Solomon
To his order, to the land
Which We had belessed:
For We do know all things

(The meaning of the Glorious Quran, Translation and commentary by Abdullah Yusuf Ali, Vol I, page 840, ഈജിപ്ഷ്യന്‍ പ്രസാധനം, Sura XXI–81.)

Sura XXIV–12-ല്‍ ഇങ്ങനെയും:

And to Solomon (We
Made) the Wind obedient
Its early morning (stride)
Was a month’s (journey).

(page 1136)

തിരകളില്ലാത്ത നദിയില്‍ കൊതുമ്പുതോണിയിലൂടെ സഞ്ചരിക്കുമ്പോള്‍ തോന്നുന്ന ആഹ്ലാദാനുഭൂതിയാണു് ഇടപ്പള്ളിയുടെ കവിത നല്‍കുന്നതു്. പി. കുഞ്ഞിരാമന്‍നായരുടെ കവിതയും തോണിയാത്രപോലെയാണു്. പക്ഷേ, ഇമേജറിയുടെ തിരമാലകള്‍ വന്നു് ആഞ്ഞടിച്ചു് വഞ്ചികുലുങ്ങുന്നു.
ഉള്ളൂരിന്റെ കവിതയോ? കായലിലൂടെ കെട്ടു വള്ളത്തില്‍ സഞ്ചരിക്കുന്ന പ്രതീതി. കല്പനാഭാസങ്ങളുടെ പാറക്കെട്ടുകളില്‍ കൂടക്കൂടെ വള്ളം ഇടിച്ചുനില്‍ക്കും.

സോളമന്‍ ആജ്ഞാപിച്ചാല്‍ കാറ്റു് അതനുസരിക്കുമെന്നു വ്യാഖ്യാതാവു്. ഒരു മാസം കൊണ്ടു നടന്നു ചെല്ലാവുന്ന ദൂരം പ്രഭാതത്തിലെ ഒറ്റ പ്രയാണം കൊണ്ട് ചെന്നെത്തുമായിരുന്നു എന്നും അദ്ദേഹം. സോളമന്റെ ഈ ശക്തിവിശേഷം കണ്ടു് അക്കാലത്തെ ജനങ്ങള്‍ അദ്ഭുതപ്പെട്ടിരിക്കും. ഓരോ തവണയും അദ്ദേഹം പറക്കും പരവതാനിയില്‍ സഞ്ചരിക്കുമ്പോഴും ഉണ്ടാകും അദ്ഭുതം. പക്ഷേ കഥകളിലെ ‘അദ്ഭുതാന്ത്യം’ ഒരിക്കല്‍ മാത്രമേ ആ വിസ്മയത്തിനു കാരണമാകൂ. അതിനാല്‍ surprise ending ഉള്ള കഥകളുടെ കാലം കഴിഞ്ഞു പോയി. ആ സത്യം മനസ്സിലാക്കിയില്ല. ത.രാ. സുവിന്റെ ഒരു കഥ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്ത എം.എസ്. ലക്ഷ്മണാചാര്‍ (കുങ്കുമം). കാലില്‍ ബാന്‍ഡേജ് ഉള്ള ഒരു സ്ത്രീയെ തീവണ്ടിയില്‍ കയറ്റുന്നു അവളുടെ ഭര്‍ത്താവു്. ദയ കൊണ്ടു് ഒരു യാത്രക്കാരന്‍ റിസര്‍വ്വ് ചെയ്ത തന്റെ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കുന്നു. സ്ത്രീക്കു് ഇറങ്ങേണ്ട തീവണ്ടിയാപ്പീസില്‍ അവരുടെ മകന്‍ വന്നു നില്ക്കുന്നു. ഭര്‍ത്താവും മകനും താങ്ങിയിറക്കിയ സ്ത്രീയെ അധികാരികള്‍ പൊതിയുന്നു. ബാന്‍ഡേജ് അഴിച്ചപ്പോള്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകളും വിദേശത്തുണ്ടാക്കിയ റിസ്റ്റ് വാച്ചുകളും താഴെ വീഴുന്നു. അദ്ഭുതം! പക്ഷേ, ഈ അദ്ഭുതം രണ്ടാമതു കാണാന്‍ ആരുമുണ്ടാവില്ല. മൈബസ് എലിയുടെ രൂപത്തിലാക്കി താഴെ വച്ചിട്ടു് അതു തകരപ്പാത്രം കൊണ്ടു മൂടി അതിനെ പ്രാവാക്കി മാറ്റുമെന്നു പ്രഖ്യാപിച്ചതിനു ശേഷം പല്പൊടി കൈയിലെടുത്തു് പ്രസംഗം തകര്‍ക്കുന്ന വഴി വാണിഭക്കാരന്റെ വിദ്യയാണു് ത.രാ. സുവിന്റേതു്. കലയില്‍ ഒരദ്ഭുതാംശമണ്ടു്. പക്ഷേ, അതു് ചീട്ടു വിദ്യ കാണിക്കുന്നവന്റേതല്ല. വഴിക്കച്ചവടക്കാരന്റെതുമല്ല. രാത്രി, വഴി വക്കില്‍ ഒതുങ്ങി നില്ക്കുന്നു, ടാറിട്ട റോഡ്. വണ്ടിച്ചക്രങ്ങള്‍ ഉരുണ്ടു് അതു തേഞ്ഞു പോയിരിക്കുന്നു. നക്ഷത്രം നിറഞ്ഞ ആകാശം. അതു് ആ വീഥിയില്‍ പ്രതിഫലിക്കുന്നു. വഴിവക്കിലെത്തിയ കവി (പസ്റ്റര്‍ നക്ക്) ആ റോഡിനു കുറുകേ കടക്കുമ്പോള്‍ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതി അദ്ദേഹത്തിനുണ്ടാകുന്നു. ഇതു ജനിപ്പിക്കുന്ന അദ്ഭുതവികാരം ഉത്ക്കൃഷ്ടമായ കലയുടേതാണു് മറ്റു ദേശങ്ങളിലെ പൂക്കളെ കേരളത്തില്‍ കൊണ്ടുവരൂ. അവിടത്തെ കുപ്പത്തൊട്ടിയിലെ അളിഞ്ഞ ചവറുകള്‍ ഇവിടെ കൊണ്ടിടാതിരിക്കൂ.

* * *

മിസ്റ്റിക്കുകള്‍ ധിഷണയ്ക്കു് ഏകാഗ്രത വതത്തി ഏതു ലോഹത്തെയും സ്വര്‍ണ്ണമാക്കി മാറ്റുമെന്നു് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ക്കും തടിയെ സ്വര്‍ണ്ണമാക്കാന്‍ പറ്റില്ല. ലോഹത്തെ സ്വര്‍ണ്ണമാക്കാനേ കഴിയൂ. പസ്റ്റര്‍നക്കിനെപ്പോലുള്ള ചുരുക്കം ചില കവികള്‍ ദാരുഖണ്ഡങ്ങളെയും സ്വര്‍ണ്ണക്കട്ടികളാക്കി മാറ്റുന്നു. വിശ്വകവിത വായിക്കു. ഈ റഷ്യാക്കാരനെപ്പോലെ ഒരു കവിയെ വിരളമായേ നിങ്ങള്‍ കാണൂ.

ഹരികുമാറിന്റെ കഥ

ഞാന്‍ കുഞ്ഞുനാളില്‍ നിലവിളക്കിനടുത്തിരുന്നാണു് “പൂ, പൂച്ച, പൂച്ചട്ടി” എന്നു് ഒന്നാംപാഠം വായിച്ചിരുന്നതു്. കാലം കഴിഞ്ഞപ്പോള്‍ എന്റെ നാട്ടില്‍ വിദ്യുച്ഛക്തിയുടെ പ്രകാശം വന്നു. ഭാഗ്യമുള്ളവര്‍ക്കു മാത്രം ലഭിച്ചിരുന്നു ആ പ്രകാശം. അപ്പോഴും സെക്കന്‍ഡ് ഫോമില്‍ പഠിച്ചിരുന്ന ഞാന്‍ മണ്ണെണ്ണ വിളക്കിന്റെ മുന്‍പിലിരുന്നാണു് വായിച്ചത്. ഇ.വി. കൃഷ്ണപിള്ള പറയുന്നതു പോലെ മണ്ണെണ്ണ വിളക്കിനു് ഒരു വലിയ ദോഷമുണ്ടായിരുന്നു. എങ്ങോട്ടു തിരിച്ചു വച്ചാലും അതിന്റെ കരിപ്പുക അടുത്തിരിക്കുന്നവന്റെ മൂക്കില്‍ത്തന്നെ കയറും. ഇന്നു്, മഹാകവി പറഞ്ഞ രീതിയില്‍ “സ്ഫാടിക മൂടുപടത്തിലൂടെ എന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്ന” മേശവിളക്കിന്റെ അടുത്തിരുന്നു് എഴുതുന്നു വായിക്കുന്നു. അവളെ തൊട്ടാല്‍ തൊടുന്നവന്‍ ഭസ്മം. നിലവിളക്കിന്റെ ദീപനാളത്തിലൂടെ വിരലോടിക്കാം. ചൂടു പോലും അനുഭവപ്പെടില്ല. മണ്ണെണ്ണ വിളക്കിന്റെ തിരിയില്‍ മൂക്കുത്തിക്കല്ലു പോലെ ചുവന്ന കല്ലുകള്‍ ഉണ്ടാകും. വിരലു കൊണ്ടു തട്ടിക്കളയാം. പൊള്ളുകില്ല. മാറ്റം. സര്‍വത്ര മാറ്റം. ജലദോഷപ്പനി വന്നാല്‍ പണ്ടു കരുപ്പട്ടിക്കാപ്പിയായിരുന്നു ദിവ്യമായ ഔഷധം. ഒരു ചക്രം (പതിനാറുകാശു്) ചെലവു്. ഇന്നു് ആന്റി ബയോട്ടിക്സ്, ഡോക്ടറുടെ ഫീ ഉള്‍പ്പെടെ രൂപ ഇരുന്നൂറു വേണം. കുട്ടിക്കാലത്തു് അമിട്ടു പൊട്ടുന്നതു് ആദരാദ്ഭുതങ്ങളോടെ നോക്കി നിന്നിട്ടുണ്ടു്. ഇന്നു് ചൊവ്വയിലേക്കു പോകുന്ന ഉപകരണത്തെ വേണമെങ്കില്‍ എനിക്കു കാണം. വിവാഹം കഴിഞ്ഞു് ഒരു കാളവണ്ടിയില്‍ കയറിയാണു് ഞാനും വധുവും പുതിയ താമസസ്ഥലത്തേക്കു പോകുന്നതു്. വധുവിന്റെ പുടവക്കസവിന്റെ സ്വര്‍ണ്ണപ്രഭ നയനങ്ങള്‍ക്കു് ആഹ്ളാദം പകര്‍ന്നു. ഇന്നത്തെ വരനും വധുവും അമേരിക്കയിലേക്കു പറക്കുന്നു. അവളുടെ ഫോറിന്‍ സാരിക്കു തീക്ഷ്ണശോഭ. അന്നു നാണിച്ചു് തല താഴ്ത്തിയിരുന്നു വധു. ഇന്നു് അവള്‍ തൊട്ടടുത്തിരുന്നുകൊണ്ടു് ‘ഹലോ ഡിയര്‍’ എന്നു വിളിക്കുന്നു. ലജ്ജയുടെ മൂടുമപടം നീക്കി സൗന്ദര്യാതിശയം കണ്ടിരുന്നു എന്റെ യൗവന കാലത്തെ ചെറുപ്പക്കാര്‍, ഇന്നു് ലജ്ജയില്ല. മൂടുപടമില്ല. സൗന്ദര്യമുണ്ടെങ്കിലും പാരുഷ്യം. ഈ പാരുഷ്യം — വ്യക്തികള്‍ക്കുണ്ടായിരിക്കുന്ന പാരുഷ്യം — ലോകത്തിനാകെ ഉണ്ടായിരിക്കുന്നു. പണ്ടു് ലോകമാകെ ഒന്നു്. ഇന്നു് സാര്‍ത്ര് പറയുന്ന Otherness. ഈ മാറ്റത്തെ കലാത്മകമായി ചിത്രീകരിച്ചു് പ്രേമത്തിന്റെയും പ്രേമഭംഗത്തിന്റെയും പാരുഷ്യത്തിന്റെയും കഥ പറയുന്നു, ഹരികുമാര്‍ (കലാകൗമുദിയിലെ ‘നഗരം’ എന്ന കഥ). സമകാലിക ലോകത്തിന്റെ അന്ധകാരം ഇതിലുണ്ടു്. സ്നേഹനാട്യത്തിന്റെയും വഞ്ചനയുടെയും ചിത്രങ്ങള്‍ ഇതിലുണ്ടു്. വഞ്ചന മനുഷ്യനെ മൃഗീയതയിലേക്കു നയിക്കുന്നതിന്റെ ചിത്രങ്ങളും ഇതിലുണ്ടു്.

* * *

തിരകളില്ലാത്ത നദിയില്‍ കൊതുമ്പു തോണിയിലൂടെ സഞ്ചരിച്ചാല്‍ എന്തൊരു ആഹ്ലാദാനുഭൂതിയായിരിക്കും! ആ അനുഭൂതിയാണു് ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ കവിത നല്കുന്നതു്.

പി. കുഞ്ഞിരാമന്‍ നായരുടെ കവിതയും തോണിയാത്ര പോലെയാണു്. പക്ഷേ, ഇമേജറിയുടെ തിരമാലകള്‍ വന്നു വഞ്ചിയില്‍ ആഞ്ഞടിക്കുന്നു. വഞ്ചി കുലുങ്ങുന്നു.

ഉള്ളൂരിന്റെ കവിതയോ? കായലിലൂടെ കെട്ടുവള്ളത്തില്‍ സഞ്ചരിക്കുന്ന പ്രതീതി. കല്പനാഭാസങ്ങളുടെ പാറക്കെട്ടുകളില്‍ കൂടക്കൂടെ വള്ളം ഇടിച്ചു നില്ക്കും.

ഇവിടിരുന്നു നോക്കുമ്പോള്‍ കുട്ടികള്‍ ശുഷ്കിച്ച ബലൂണുകള്‍ എടുത്തു് സ്വന്തം ശ്വാസം പ്രയാസപ്പെട്ടു് അവയില്‍ ഊതിക്കയറ്റ് നൂലു കൊണ്ടു കെട്ടി അന്തരീക്ഷത്തിലേക്കു പറത്തിവിടുന്നു. അതു കാണുന്ന വലിയ ആളുകള്‍ക്കും സന്തോഷം. ബലൂണ്‍ പൊട്ടുമെന്നു പറഞ്ഞാല്‍ കുട്ടികള്‍ കരയും. അവരുടെ ശ്വാസമാണതില്‍. വലിയവര്‍ക്കും അതിഷ്ടമില്ല. ബലൂണുകള്‍ പറക്കുന്നതു കാണുമ്പോള്‍ എനിക്കു വൈഷമ്യവുമില്ല. ആഹ്ലാദവുമില്ല. ഞാന്‍ അതു കണ്ടു വയലാര്‍ക്കവിതയെ ഓര്‍മ്മിക്കുന്നു.

സവിശേഷത

ഇംഗ്ലീഷുകാര്‍ ‘ബേനല്‍’ എന്നും നമ്മള്‍ സര്‍വസാധാരണമെന്നും പറയുന്ന ഒരു വിഷയമാണു് കെ.കെ. രമേഷ് ‘കീര്‍ത്തിമ’ എന്ന കഥയില്‍ കൈകാര്യം ചെയ്തിട്ടുള്ളതു്. കോളേജില്‍ വച്ചുള്ള പ്രേമം. ആ പ്രേമത്തിനു ഭംഗം. രണ്ടു പേരും പിരിയുന്നു. പിന്നീടു് കണ്ടുമുട്ടുമ്പോള്‍ പുരുഷന്‍ വിവാഹിതന്‍. സ്ത്രീ കംപ്യൂട്ടര്‍ സെന്ററില്‍ ജോലിക്കാരി. അയാള്‍ക്കു കുഞ്ഞില്ല. കംപ്യൂട്ടറിനു് എതിരായി ബഹുജനസമരം ഉണ്ടാകാന്‍ പോകുന്നു. ‘ബേനല്‍’ എന്ന വിശേഷണത്തിനു് ഇക്കഥ അര്‍ഹമാണെന്നതില്‍ സംശയമുണ്ടോ? ഇല്ല. എങ്കിലും ഇതിനെ അങ്ങനെ തള്ളിക്കളയാനും വയ്യ. ആഖ്യാനത്തിന്റെയും “വീക്ഷണബിന്ദു”വിന്റെയും സവിശേഷതയാല്‍ ഇക്കഥ സാഹിത്യത്തിന്റെ മണ്ഡലത്തിലേക്കു കടന്നിരിക്കുന്നു.

നക്ഷത്രവും നര്‍ത്തകിയും ഓഫീസിലെ ജോലിക്കാരിയും സര്‍വസാധാരണത്വം ആവഹിക്കുന്നു. എന്നാല്‍ രണ്ടു മരങ്ങള്‍ക്കിടയില്‍ക്കൂടി ഏകാന്തതാരകം നിങ്ങളെ നോക്കി കണ്ണു ചിമ്മുമ്പോള്‍, നൃത്തത്തിനു ശേഷം മാന്ത്രിക ശോഭയോടു കൂടി പിറകു വശം ചലിപ്പിച്ചു നര്‍ത്തകി നടന്നു പോകുമ്പോള്‍, നിങ്ങളെ ‘ഞാന്‍ പരിഗണിച്ചിട്ടേയില്ല’ എന്നു ഭാവിച്ചു് കരുതിക്കൂട്ടി സ്പര്‍ശിച്ചു കൊണ്ടു മിന്നല്‍ വേഗത്തില്‍ ഓഫീസ് ജോലിക്കാരി ബസ്സില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ സര്‍വസാധാരണത്വത്തിനു സവിശേഷതയുണ്ടാകുന്നു.

കൃതജ്ഞത

“ഞാന്‍ തിരുവനന്തപുരം യൂണി. കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം ഞങ്ങളുടെ പ്രിയങ്കരനായ പ്രൊഫസര്‍ രാവിലെയുള്ള ക്ലാസ്സു സമയം തീരാറായപ്പോഴേക്ക് ഓടിക്കിതച്ചെത്തി. ഒരിക്കലും താമസിച്ചു വരുന്നയാളല്ല. അദ്ദേഹത്തിന്റെ മുഖത്തെ അസ്വാസ്ഥ്യം ഞങ്ങളെ ഉത്ക്കണ്ഠാകലരാക്കി: “സാര്‍ എന്തു പറ്റി. താമസിച്ചു പോയല്ലോ?” അദ്ദേഹം നെടുവീര്‍പ്പിട്ട ശേഷം പറഞ്ഞു: “ഞാന്‍ രാവിലെ ക്ലാസ്സിലെത്തിയതാണു്. അപ്പോള്‍ ഒരു ഫോണ്‍ കോള്‍. എന്റെ മകള്‍ കാറു മുട്ടി മരിക്കാറായി എന്നു്. ജനറലാശുപത്രിയില്‍ എത്തിച്ചിരിക്കുന്നു. ഫോണ്‍ കോള്‍ അറിഞ്ഞു് ഞാന്‍ തിരക്കിച്ചെന്നു. അവസാനമാണു് അതു് ആരോ കുബുദ്ധികള്‍ വഞ്ചിക്കാന്‍ നടത്തിയ ഫോണ്‍ കോളാണെന്നു് അറിഞ്ഞതു്.”

സാഹിത്യ വിമര്‍ശകനായ പ്രൊഫസറെ നല്ല പാഠം പഠിപ്പിക്കാന്‍ ആരോ ഒരുത്തന്‍ ഒരുക്കിയ കെണിയായിരുന്നു ആ ഫോണ്‍ കോള്‍. പക്ഷേ, അദ്ദേഹം അതുകൊണ്ടു് വിമര്‍ശന സാഹിത്യരംഗത്തു നിന്നു പിന്‍വലിഞ്ഞോ? ഇല്ല. പൂര്‍വ്വാധികം തേജസ്സോടെ അദ്ദേഹമിന്നും വിമര്‍ശന രംഗത്തു് തിളങ്ങുന്നുണ്ടു്.

ഈ വാക്യങ്ങള്‍ ദീപിക ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ സെഡ്.എം. മൂഴൂര്‍ ആഴ്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പില്‍ നിന്നെടുത്തതാണു്. ഇതില്‍ പറഞ്ഞിരിക്കുന്ന വഞ്ചനയ്ക്കു വിധേയനായ വ്യക്തി ഞാന്‍ തന്നെയാണു്. എന്റെ ശിഷ്യനായ സെഡ്.എം. മൂഴൂര്‍ എന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ക്കു ഞാന്‍ നന്ദി പറയുന്നു. ഈ വഞ്ചന ഒരു ദൗര്‍ഭാഗ്യമാണു്. പക്ഷേ, അതിനെക്കാള്‍ വലിയ ദൗര്‍ഭാഗ്യങ്ങള്‍ പലതും എന്റെ ജീവിതത്തിലുണ്ടായി. അതിനാല്‍ ആദ്യത്തെ ആ ദൗര്‍ഭാഗ്യം നിസ്സാരമെന്നു് ഇപ്പോള്‍ തോന്നുന്നു. എന്നല്ല ഒരു വിപത്തും എന്നെ ഇന്നു ചലനം കൊള്ളിക്കാറില്ല. മുപ്പത്തി രണ്ടു വയസ്സുണ്ടായിരുന്ന ഒരേയൊരു മകന്‍ ആകസ്മികമായി മരിച്ചതു കണ്ട എനിക്കു് രാജ വീഥിയില്‍ വച്ചു കാണുന്ന ആളുകളുടെ പരിഹാസമോ കുത്തു വാക്കോ അര്‍ത്ഥം വച്ചുള്ള വാക്കോ വേദനയുളവാക്കുന്നില്ല. ക്ളേശത്താല്‍ വാടിപ്പോകാത്ത ഹൃദയവുമായി ഞാന്‍ ക്രൂരതയാര്‍ന്ന ആ വാക്കുകള്‍ കേള്‍ക്കുന്നു; ക്രൗര്യമാര്‍ന്ന മുഖങ്ങള്‍ കാണുന്നു. ക്ഷമിക്കുന്നു. എല്ലാം ക്ഷമയായി മാറാന്‍ പോകുന്ന കാലം അടുത്തല്ലോ എന്നു വിചാരിച്ചു് ആശ്വാസം കൊള്ളുന്നു. സെഡ്.എം. മൂഴൂരിനു വീണ്ടും കൃതജ്ഞത.

“നളിനി”

മഹാകവി കുമാരനാശാന്റെ “നളിനി” വേദാന്തപരമായ കാവ്യമാണു്. “യസ്മിന്‍ സര്‍വ്വാണിഭൂതാനി ആത്മൈവാഭൂത്വിജാനതഃ തത്ര കോ മോഹഃ കഃ ശോക ഏകത്വമനുപശ്യതഃ” (എല്ലാം സ്വന്തം ആത്മാവായിക്കണ്ടു് ജീവിതത്തിന്റെ ഐക്യം സാക്ഷാത്കരിച്ചവനു മോഹമെവിടെ? ശോകമെവിടെ?) എന്നു ഉപനിഷത്തു് ചോദിക്കുന്നു. ഈ ഐക്യത്തിന്റെ — സ്നേഹത്തിന്റെ — പ്രതിരൂപമാണു് നളിനീകാവ്യത്തിലെ സന്ന്യാസി. അദ്ദേഹം “അഹംബ്രഹ്മാസ്മി” എന്നതിലെ സത്യം സാക്ഷാത്കരിച്ചവനാണു്. ആ നിലയിലെത്തിയ മഹാനു് ഹൃദയ പരിപാകം ആര്‍ജ്ജിച്ച നളിനിക്കു മഹാവാക്യമുപദേശിച്ചു് മോക്ഷം നല്കാനറിയാം. നളിനി അങ്ങനെ മോക്ഷം പ്രാപിക്കുന്നു. ഈശ്വരന്‍ സ്നേഹസ്വരൂപനായതു കൊണ്ടു് പ്രപഞ്ചം സ്നേഹമയം. അതു സാക്ഷാത്കരിച്ച സന്ന്യാസിയും നളിനിയും സ്നേഹത്തിന്റെ പ്രതിരൂപങ്ങള്‍. ഇതൊക്കെ കണ്ടു കൊണ്ടാണു് കവി “സ്നേഹമാണഖില സാരമൂഴിയില്‍ സ്നേഹസാരമിഹ സത്യമേകമാം” എന്നു സന്ന്യാസിയെക്കൊണ്ടു പറയിച്ചതു്. ‘നളിനി’ ഇങ്ങനെ വേദാന്തപരമായ കാവ്യമായി പരിലസിക്കുന്നു. പക്ഷേ അക്കാലത്തു് കുമാരനാശാനുണ്ടായിരുന്ന മാനസിക സംഘട്ടനങ്ങള്‍ അദ്ദേഹമറിയാതെ തന്നെ സന്ന്യാസിയുടെയും നളിനിയുടെയും സ്വഭാവ ചിത്രീകരണത്തില്‍ വന്നു പോയി. അതുകൊണ്ടാണു് ആ ചിത്രീകരണത്തില്‍ ന്യൂനതകള്‍ സംഭവിച്ചതും. എങ്കിലും കാവ്യഭാഷണത്തില്‍ — poetic utterance — നളിനി അന്യൂനമായി വിളങ്ങുന്നു. എ.പി. ഉദയഭാനു മനോരാജ്യം വാരികയില്‍ എഴുതിയ “എന്റെ ഏക ധനമങ്ങു്” എന്ന നല്ല ലേഖനം വായിച്ചപ്പോള്‍ ഇത്രയും എഴുതണമെന്നു് എനിക്കു തോന്നി. ‘നളിനി’യിലെ സന്ന്യാസിയെ ദിവാകരന്‍ എന്നു വിളിക്കുന്നതു് അത്ര ശരിയല്ല. “യോഗിയാം ദിവാകരനെ” എന്നോ മറ്റോ കവി പ്രയോഗിച്ചതിനെ അവലംബിച്ചാകാം സന്ന്യാസിക്കു് ഈ പേരു നിരൂപകര്‍ നല്കിയതു്. ബ്രഹ്മൈ വേദം വിശ്വമിദം വരിഷ്ഠം (ബ്രഹ്മ ഏവ ഇദം വരിഷ്ഠം) എന്ന സത്യം മനസ്സിലാക്കിയ സന്ന്യാസിക്കു ദിവാകരന്‍ എന്നു കവി പേരിടുമോ?

ചോദ്യങ്ങള്‍

ആരും ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല. അമ്പതു പൈസ — തെറ്റിപ്പോയി അമ്പത്തഞ്ചുപൈസ — മുടക്കി ചോദ്യമയയ്ക്കാന്‍ ആര്‍ക്കും ബുദ്ധ്യമാന്ദ്യം സംഭവിച്ചിട്ടില്ല. ചോദ്യങ്ങള്‍ ഞാന്‍ ഉണ്ടാക്കിക്കൊള്ളാം. ഒരു വൈഷമ്യമേയുള്ളു. അധികം പേരുകളും സ്ഥലങ്ങളും അറി‍ഞ്ഞുകൂടാ എനിക്കു്.

Symbol question.svg.png ജോണ്‍ (പന്തളം): ആതിഥ്യമെന്നാലെന്തു്?

ഉത്തരം: വഴിയില്‍വച്ചു നമ്മളെ കാണുമ്പോള്‍ ‘എന്താ വീട്ടിലേക്കു വരാത്തതു്?’ എന്നു ചോദിക്കും. ആ ചോദ്യം കേട്ടു വിശ്വസിച്ചു അവിടെ ചെന്നു കയറിയാല്‍ ആതിഥേയന്റെ മുഖം കര്‍ക്കടക മാസത്തിലെ അമാവാസി പോലെ കറുപ്പിക്കുന്നതെന്തോ അതാണു് ആതിഥ്യം.

Symbol question.svg.png സലിം (വടക്കന്‍ പറവൂര്‍): കഷണ്ടി ബുദ്ധിശക്തിയുടെ ലക്ഷണമാണോ?

ഉത്തരം: അങ്ങനെയാണെങ്കില്‍ തലയില്‍ ഒരു രോമക്കാടും കൊണ്ടു നടന്ന ഐന്‍സ്റ്റൈനാണു് ഈ ലോകത്തെ ഏറ്റവും വലിയ മണ്ടന്‍.

Symbol question.svg.png രാമകൃഷ്ണന്‍ (കൊല്ലം): സ്നേഹിതരുടേയും ബന്ധുക്കളുടെയും വീടുകളില്‍ ചെല്ലുന്നതിനു് നിയമം വല്ലതുമുണ്ടോ?

ഉത്തരം: ഉണ്ടു്. കഴിയുന്നിടത്തോളം പോകരുതു്. പോയാല്‍ പത്തു മിനിറ്റില്‍ കൂടുതല്‍ ഇരിക്കരുതു്.

Symbol question.svg.png വിലാസിനി (നാഗര്‍കോവില്‍): ചങ്ങമ്പുഴ എന്ന മനുഷ്യനെക്കുറിച്ചു് എന്താണു് അഭിപ്രായം.

ഉത്തരം: ഹാ, അദ്ദേഹത്തിനു കിട്ടിയ പ്രേമലേഖനങ്ങള്‍ കാണണം. ഞാന്‍ കുറെ കണ്ടിട്ടുണ്ടു്. പണ്ടൊരിക്കല്‍ ഞാനെഴുതിയതു പോലെ അവ കൂട്ടിയിട്ടു കത്തിച്ചാല്‍ തീ കെടുത്താന്‍ ഫയര്‍ എഞ്ചിന്‍ വിളിക്കേണ്ടി വരും.

Symbol question.svg.png ഹമീദ് (കൊല്ലങ്കോടു്): എന്റെ ചോദ്യത്തിനു് മറു ചോദ്യം തരാമോ?

ഉത്തരം: അതിനു ഞാന്‍ രാഷ്ട്രീയക്കാരനല്ലല്ലൊ.

Symbol question.svg.png രാമന്‍പിള്ള (കേശവദാസപുരം): നിങ്ങള്‍ അടുത്ത കാലത്തു വായിച്ച ഉത്കൃഷ്ടമായ പുസ്തകമേതു്?

ഉത്തരം: സീമൊന്‍ ദ ബോവ്വാറിന്റെ Adieux — A Farewell to Sartre, പെന്‍ഗ്വിന്‍ ബുക്കു്, വില £ 4.95.

സക്കറിയയുടെ കഥ

സക്കറിയയുടെ ‘കുഴിയാനകളുടെ ഉദ്യാനം’ എന്ന ചെറുകഥയ്ക്കു സമകാലികങ്ങളായ മറ്റെല്ലാക്കഥകളില്‍ നിന്നും വ്യത്യസ്തതയുണ്ടു്. ശൈലിയില്‍, ഇമേജുകളുടെ നിവേശനത്തില്‍, ടെക്നിക്കിന്റെ പ്രയോഗത്തില്‍, കാവ്യാത്മകത്വത്തില്‍ ഇവയിലെല്ലാം ഇക്കഥ മറ്റു കഥകളില്‍ നിന്നു് അതിദൂരം അകന്നു നില്‍ക്കുന്നു. ഒരു തിരുമ്മുകാരന്‍ വൈദ്യനെയും ഉളുക്കു പറ്റിയ ഒരു പെണ്ണിനെയും അവതരിപ്പിച്ചിട്ടു കഥാകാരന്‍ നന്മയുടെയും തിന്മയുടെയും ലൈംഗികത്വത്തിന്റെയും ലോകം സൃഷ്ടിക്കുന്നു. ലോകം എന്നു പറയുന്നതിനെക്കാള്‍ ശക്തി വിശേഷങ്ങള്‍ എന്നു പറയുന്നതാവും ശരി. ഈ ശക്തി വിശേഷങ്ങള്‍ നമ്മെ അനുധാവനം ചെയ്യുന്നു.

ഭാവാത്മകതയാണു് ഇക്കഥയുടെ മുദ്ര. ഭാവാത്മകത ഒരു വികാരത്തിന്റെ സൂക്ഷ്മാംശത്തെ വ്യക്തമാക്കിത്തരുമെങ്കിലും അസ്പഷ്ടത ആവഹിക്കാതിരിക്കില്ല. പോള്‍ ബര്‍ലേന്റെയോ ചങ്ങമ്പുഴയുടെയോ ഭാവഗാനത്തില്‍ നമ്മള്‍ ആമജ്ജനം ചെയ്യുമ്പോള്‍ ഉള്ളു കുളിര്‍ക്കും എന്നതില്‍ സംശയമില്ല. പക്ഷേ, കുളിര്‍മ്മ നല്കുന്ന എല്ലാ അംശങ്ങളുടെയും സ്വഭാവം മനസ്സിലാകുകയുമില്ല. ഭാവാത്മകമായ ഇക്കഥയ്ക്കുമുണ്ടു് ഒരസ്പഷ്ഠത.

കാമ്പിശ്ശേരി

കാമ്പിശ്ശേരി കരുണാകരനെക്കുറിച്ചു് തോപ്പില്‍ കൃഷ്ണപിള്ള ജനയുഗം വാരികയിലെഴുതിയതു് വായിച്ചപ്പോള്‍ കാമ്പിശ്ശേരി വയലാര്‍ രാമവര്‍മ്മയോടു കൂടി ഞാന്‍ ജോലി നോക്കിയിരുന്ന സംസ്കൃത കോളേജില്‍ ഒരിക്കല്‍ വന്നതു് ഓര്‍മ്മിച്ചു. കാമ്പിശ്ശേരിക്കും രാമവര്‍മ്മയ്ക്കും സംസ്കൃതം നല്ലപോലെ അറിയാമായിരുന്നു. ഏതോ ഒരു സംസ്കൃത ഗ്രന്ഥം വേണമെന്നു പറഞ്ഞാണു് അവരെത്തിയതു്. കോളേജോഫീസിലെ ഒരു ക്ലാര്‍ക്ക് ഭംഗിയായി പാടുമായിരുന്നു. ശനിയാഴ്ചയായിരുന്നതിനാല്‍ വിദ്യാര്‍ത്ഥികളില്ല. ഞങ്ങൾ സ്റ്റാഫ് റൂമിലിരുന്നു. ക്ലാര്‍ക്കു് രാമവര്‍മ്മയുടെ ‘ശകുന്തളേ നിന്നെ ഓര്‍മ്മ വരും’ എന്ന പാട്ടു പാടി. അദ്ദേഹത്തിനു സന്തോഷമായി. കാമ്പിശ്ശേരി പതിഞ്ഞ ശബ്ദത്തില്‍ നേരമ്പോക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു. മൗലികതയുള്ള, കേട്ടാല്‍ ആരും സ്വയമറിയാതെ ചിരിച്ചു പോകുന്ന ഹൃദ്യങ്ങളായ ഹാസ്യോക്തികളായിരുന്നു കാമ്പിശ്ശേരിയുടേതു്. അങ്ങനെ ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന­തിനിടയില്‍­ത്തന്നെ അദ്ദേഹം എന്നോടു പറഞ്ഞു:“ഞാന്‍ സംസ്കൃത കോളേജിലാണു പഠിച്ചതു്. പ്രിന്‍സിപ്പലായിരുന്ന എന്‍. ഗോപാലപിള്ള­സ്സാര്‍ എന്നെ കോളേജില്‍ നിന്നു് ഡിസ്മിസ് ചെയ്തു്. ആ ഫയലൊന്നു എടുത്തു തരുമോ?” അക്കാലത്തു് എനിക്കു പ്രിന്‍സിപ്പലിന്റെ ‘ചാര്‍ജ്ജ്’ ഉണ്ടായിരുന്നു. എങ്കിലും സര്‍ക്കാര്‍ ഫയല്‍ എടുത്തു കൊടുക്കുന്നതു ശരിയല്ലല്ലോ. അതുകൊണ്ടു് എനിക്കു കാമ്പിശ്ശേരിയോടു കള്ളം പറയേണ്ടതായിവന്നു. “ഇന്‍ഡിസിപ്ലിന്‍ സംബന്ധിച്ച ഫയലുകള്‍ മൂന്നു വര്‍ഷമേ സൂക്ഷിച്ചു വയ്ക്കൂ. അതിനു ശേഷം അവ കത്തിച്ചു കളയും. താങ്കളെ ഡിസ്മിസ് ചെയ്തതിനെ സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ കാണുകില്ല.” അദ്ദേഹം എന്നെ നോക്കി ഒന്നു ചിരിച്ചു. യാത്ര പറഞ്ഞു പോകുകയും ചെയ്തു. വയലാര്‍ രാമവര്‍മ്മ ആര്‍ഷ സംസ്കാരത്തിന്റെ മഹനീയതയെ­ക്കുറിച്ചു എന്തൊക്കെയോ ഉദീരണം ചെയ്തു കൊണ്ടാണു് കോളേജിന്റെ പടിക്കെട്ടുകള്‍ ഇറങ്ങിയതു്. അവിശ്വാസം പ്രകടിപ്പിക്കുന്ന കണ്ണുകളില്‍ വിശ്വാസ­ജനകമായി നോക്കാന്‍ കാമ്പിശ്ശേരിക്കു് അറിയാമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ സംശയത്തിന്റെ നിഴല്‍ പോലും ആ കണ്ണുകളില്‍ ഉണ്ടായിരിക്കില്ല. ജീവിതത്തെ ഹാസ്യാത്മകതയോടെ വീക്ഷിച്ച ആ നല്ല മനുഷ്യന്റെ തിരോധാനത്തില്‍ എനിക്കിന്നും വല്ലായ്മയുണ്ടു്.

ക്വോട്ടബിള്‍ ക്വോട്ട്സ്

“നേതാക്കന്മാരേ നിങ്ങള്‍ ആത്മഹത്യ ചെയ്യൂ. എന്തുകൊണ്ടെന്നാല്‍ എനിക്കു നിങ്ങളെ കൊല്ലാനുള്ള കഴിവില്ല” — കുഞ്ഞുണ്ണി ട്രയല്‍ വാരികയില്‍.

“ഭൂട്ടാസിങ്ങിന്റെ പ്രസംഗം വായിക്കുന്നതിനെക്കാള്‍ എനിക്കു താല്പര്യം ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയിലെ പ്രകൃതിചികിത്സയെപ്പറ്റി ഈയിടെ വന്ന റിപ്പോര്‍ട്ടാണു്” — എം. പി. നാരായണപിള്ള ട്രയല്‍ വാരികയില്‍.

“ഇന്നത്തെ കവികള്‍ റെഡിമെയ്ഡ് ആരാധകരെയും കൊണ്ടാണു് അരങ്ങേറുന്നതു്” — ഡോക്ടര്‍ ജോര്‍ജ്ജ് ഇരുമ്പയം ദീപിക ദിനപത്രത്തില്‍.

“തമ്പ്രാന്റെ വീട്ടിലെ വേലക്കാരനായ കുട്ടിരാമന്‍ ഒരിക്കല്‍ സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിച്ചു് തമ്പ്രാനെ മുഖം കാണിക്കാന്‍ ചെന്നപ്പോള്‍ അരുളപ്പാടിങ്ങനെയായിരുന്നു. “എടാ കുട്ടിരാമ, നിന്റെ പെണ്ണു രസികത്തി തന്നെ. അവള്‍ ഇവിടെ നില്ക്കട്ടെ. നീ തൊഴുത്തില്‍ നിന്നു് ഒരാടിനെ അഴിച്ചു കൊണ്ടു പൊയ്ക്കോ. നിനക്കതുമതി” — പി. ഗോവിന്ദപ്പിള്ള ട്രയല്‍ വാരികയില്‍.

തീവണ്ടിയില്‍

  1. മേഘമാലകളുടെ വെണ്മയെ വെല്ലുവിളിച്ചുകൊണ്ടു് ഒരു പച്ചത്തത്ത ഇലയില്ലാത്ത മരത്തിന്റെ കൊമ്പിലിരിക്കുന്നു.
  2. വേഗം കൂടിയ തീവണ്ടിയുടെ രണ്ടു വശത്തേക്കുമുള്ള ആട്ടത്തിനു യോജിച്ചു്, കമിഴ്ന്നു കിടക്കുന്ന ഒരു തമിഴത്തിയുടെ നിതംബ ചലനം. അതു മാത്രം നോക്കി നടന്ന ടിക്കറ്റ് എക്സാമിനര്‍ എന്റെ പുറത്തു വന്നു വീഴുന്നു. ‘സോറി’ എന്ന ഇംഗ്ലീഷ് വാക്കു് അയാളില്‍ നിന്നു. എന്തിനു സോറി? എന്റെ പുറത്തു വീണതിനോ? അതോ തീവണ്ടിയില്‍ മറ്റാളുകള്‍ ഉള്ളതു കൊണ്ടോ?
  3. വിദര്‍ഭയിലൂടെയാണു് തീവണ്ടിയുടെ പ്രയാണം. ദര്‍ഭയില്ലാത്ത സ്ഥലം വിദര്‍ഭ. വൈദര്‍ഭി (ദമയന്തി) അവിടെ നടന്നപ്പോള്‍ കാലില്‍ ദര്‍ഭ കൊണ്ടിരിക്കില്ല.
  4. ഭര്‍ത്താവിന്റെ മരണമറിഞ്ഞു് ഡല്‍ഹിയിലേക്കു് ഒറ്റയ്ക്കു പോകുന്ന ഒരു ചെറുപ്പക്കാരി തോരാതെ കണ്ണീരൊഴുക്കുന്നു. ജാലകത്തിലൂടെ പുറത്തേക്കു നോക്കുന്ന ഞാന്‍ കൊച്ചു കൊച്ചു കുളങ്ങള്‍ കര കവിഞ്ഞൊഴുകുന്നതു കാണുന്നു. ഭൂമിയുടെ ദുഃഖം.
* * *

തകഴി ശിവശങ്കരപ്പിള്ളയെക്കുറിച്ചു അധികമാളുകള്‍ അറിഞ്ഞിട്ടില്ലാത്ത ഒരു പരമാര്‍ത്ഥം എഴുതാന്‍ എനിക്കു കൗതുകം. ആരുടെയും കാവ്യങ്ങളെ അനുകരിച്ചു് അദ്ദേഹം പാരഡികള്‍ അനായാസമായി നിര്‍മ്മിക്കും. ഒരു ദിവസം അദ്ദേഹവുമൊരുമിച്ചു് തൃശ്ശൂരില്‍ നിന്നു് അമ്പലപ്പുഴയ്ക്കു വരികയായിരുന്നു ഞാന്‍. ജി. ശങ്കരക്കുറുപ്പിന്റേതെന്നു പറഞ്ഞു അദ്ദേഹം ചില കവിതകള്‍ ചൊല്ലി. കേട്ടപ്പോള്‍ ജിയുടേതെന്നു തോന്നി. യഥാര്‍ത്ഥത്തില്‍ തകഴി അപ്പോള്‍ നിര്‍മ്മിച്ചവയായിരുന്നു അവ.