തൂക്കങ്ങളും അളവുകളും
|
യോസഫ് റോട്ടിന്റെ തൂക്കങ്ങളും അളവുകളും ഒരു മാസ്റ്റര്‍ പീസാണു്. ലാളിത്യമാണു് ഈ കൃതിയുടെ മുദ്രം ആ ലാളിത്യത്തിലൂടെ നമ്മള്‍ ചെന്നെത്തുന്നതാകട്ടെ സങ്കീര്‍ണ്ണങ്ങളായ ജീവിത മണ്ഡലങ്ങളിലും
മനുഷ്യനു തന്റെ ആദര്‍ശങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്നില്ല എന്നതാണ് സമകാലിക സംസ്കാരത്തിന്റെ സവിശേഷത. അവനു ലക്ഷ്യങ്ങളുണ്ടു്, സ്വപ്നങ്ങളു ണ്ടു്. എന്നാല്‍ ആ ലക്ഷ്യങ്ങളിലെത്താന്‍, കിനാക്കളെ പ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ ശൂന്യതയില്‍ വീണു പോകുന്നു. ജീര്‍ണ്ണതയ്ക്ക് അവന്‍ അഭിമുഖീഭവിച്ചുനിന്നുപോകുന്നു. ഇതാണു് ഒരു വിധത്തിലുള്ള അസ്തിത്വദുഃഖം. ഇന്നത്തെ പ്രഖ്യാതങ്ങളായ പല സാഹിത്യ കൃതികളുടെയും പ്രതിപാദ്യവിഷയം ഇതുതന്നെയാണു്. പക്ഷേ, ഒന്നാലോചിക്കേണ്ടതുണ്ടു്. ഇന്നു മാത്രമാണോ ഈ പ്രമേയം കൈകാര്യം ചെയ്യപ്പെടുന്നത്? കഴിഞ്ഞ കാലത്തും ഇതു പ്രതിപാദിക്കപ്പെട്ടില്ലേ? ഇനിയുള്ള ദീര്‍ഘദീര്‍ഘങ്ങളായ ശതാബ്ദങ്ങളിലും മനുഷ്യന്റെ ഈ ദുഃഖവും നിസ്സഹായാവസ്ഥയും പ്രതിപാദിക്കപ്പെടില്ലേ? മനുഷ്യന്‍ ഇവിടെ ജീവിച്ചിരിക്കുന്ന കാലമത്രയും അവന്‍ സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തില്‍ വ്യാപരിക്കുന്ന കാലമത്രയും ഇവ കൈകാര്യം ചെയ്യപ്പെടുമെന്നതില്‍ സംശയമില്ല. അങ്ങനെയുള്ള പ്രതിപാദനമോരോന്നും അന്യാദൃശമായിരിക്കും. ആ അന്യാദൃശസ്വഭാവം തന്നെയാണു് ഒരേ പ്രമേയം കൈകാര്യം ചെയ്യുന്ന കൃതികള്‍ക്കു വൈവിധ്യം നല്കുക. ഫ്ളോബറിന്റെ Madame Bovary, തേഓഡര്‍ ഫോണ്‍ടാനെയുടെ Effic Briest ടോള്‍സ്റ്റോയിയുടെ Anna Karenina ഈ മൂന്നു നോവലുകളുടെയും വിഷയം സ്ത്രീയുടെ വ്യഭിചാരമാണു്. എന്നാല്‍ മൂന്നു കൃതികളും മൂന്നു വിധത്തില്‍ മാനുഷികാനുഭവങ്ങളെ സ്പഷ്ടമാക്കുന്നു. അങ്ങനെ ഓരോന്നിനും അന്യാദൃശ സ്വഭാവം ലഭിക്കുന്നു.
Contents
ഒരു മഹാദ്ഭുതം
വിശ്വസാഹിത്യത്തിലെ ഒരു മഹാദ്ഭുതമാണു് ടോള്‍സ്റ്റോയിയുടെ “ഇവാന്‍ ഇലീച്ചിന്റെ മരണം” എന്ന കൊച്ചു നോവല്‍. സ്റ്റാസോഫ് എന്ന റഷ്യന്‍ എഴുത്തുകാരന്‍ ഇതിനെക്കുറിച്ചു പറഞ്ഞതു് “No nation anywhere in the world has a work as great as this, Everything is little and petty in comparison with these seventy pages” എന്നാണു്. [ലോകത്തെ മറ്റൊരു രാജ്യത്തിലും ഇതു പോലെ മഹത്വമാര്‍ന്ന വേറൊരു കൃതിയില്ല. ഈ എഴുപതു പുറങ്ങളോടു തുലനം ചെയ്യുമ്പോള്‍ എല്ലാം അല്പവും ക്ഷുദ്രവുമാണു്.] ഇവാന്‍ ഇലീച്ച് റഷ്യയിലെ സത്യസന്ധനായ ജഡ്ജി. ജനത അദ്ദേഹത്തെ ആരാധിച്ചു. ജീവിതത്തില്‍ ഒരു തെറ്റും ചെയ്യാത്ത അദ്ദേഹം അര്‍ബ്ബുദം പിടിച്ചു മരിക്കാറായി. അപ്പോള്‍ ഭാര്യയും മകളും അദ്ദേഹത്തെ വെറുത്തു. പരിചാരകന്‍ മാത്രമേ സ്നേഹിക്കാനുണ്ടായിരുന്നുള്ളു. മരണം യാഥാര്‍ത്ഥ്യമാണെന്നും സ്വാഭാവികമാണെന്നും അവന്‍ ജഡ്ജിയോടു തുറന്നു പറഞ്ഞു. ഭാര്യയും മകളുമാകട്ടെ സത്യം ഒളിച്ചു വച്ചു. അവര്‍ മരണശയ്യയില്‍ കിടക്കുന്ന മനുഷ്യനെ അവഗണിച്ചു് നാടകം കാണാന്‍ പോയി. പക്ഷേ, മരണം അടുത്തപ്പോള്‍ ഇലീച്ചിന്റെ വെറുപ്പു മാറി. തന്റെ കുറ്റമറ്റ ജീവിതം വ്യര്‍ത്ഥമായിരുന്നുവെന്നു് അദ്ദേഹം മനസ്സിലാക്കി, മരണത്തിന്റെ സ്ഥാനത്തു് പ്രകാശം വന്നെത്തി. ഭൗതികങ്ങളായ നേട്ടങ്ങള്‍ ക്ഷുദ്രങ്ങളാണെന്നും സ്നേഹവും സ്നേഹമില്ലായ്മയും അര്‍ത്ഥ രഹിതങ്ങളാണെന്നും ജഡ്ജി ഗ്രഹിച്ചു അദ്ദേഹത്തിനു് spiritual rebirth — ആദ്ധ്യാത്മികമായ പുനര്‍ജ്ജന്മം — ഉണ്ടായി. കഥ വായിച്ചു് അവസാനിപ്പിക്കുന്ന വായനക്കാരനും അദ്ധ്യാത്മിക പ്രകാശത്തില്‍ മുങ്ങിനില്‍ക്കുന്നു.
മറ്റൊരു മഹാദ്ഭുതം
“ഇവാന്‍ ഇലീച്ചിന്റെ മരണം” എന്ന നോവലിന്റെ പാരായണത്തിനു ശേഷം ഈ ലേഖനം എഴുതുന്ന ആളിനെ വിസ്മയിപ്പിക്കുകയും ആഹ്ളാദിപ്പിക്കുകയും ഉദാത്തമായ മണ്ഡലത്തിലേക്കു നയിക്കകയും ചെയ്ത ഒരാസ്ട്രിയന്‍ മാസ്റ്റര്‍പീസാണു് “Weights and Measures” — “തൂക്കങ്ങളും അളവുകളും.” അതിന്റെ രചയിതാവു് യോസഫ് റോട്ട് എന്ന ആസ്ട്രിയന്‍ നോവലിസ്റ്റാണു്. (Joseph Roth, 1894–1939). റില്കെ (Rilke), ബ്രോഹ് (Broch), ഷ്ടെഫാന്‍ത് സ്വൈക്‍ (Stephan Zweig), ഫ്രാന്റ്സ് വെര്‍ഫല്‍ (Franz Werfel) ഈ ആസ്ട്രിയന്‍ സാഹിത്യകാരന്മാരെപ്പോലെ മഹാ യശസ്കനല്ല യോസഫ് റോട്ട്. പക്ഷേ അദ്ദേഹത്തിന്റെ കീര്‍ത്തി ഒന്നിനൊന്നു വ്യാപിക്കുകയാണു്. Great writer — മഹാനായ എഴുത്തുകാരന്‍ എന്നു് സഹൃദയര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു. “തൂക്കങ്ങളും അളവുകളും” എന്ന നോവല്‍ വായിക്കു. റോട്ട് ”ഗ്രേയ്റ്റ് റൈററര്‍” തന്നെന്നു നമ്മള്‍ പറയും. എന്താണു് മഹത്വത്തിന്റെ ലക്ഷണം? വ്യാപകമായി, അഗാധമായി, അതിസൂക്ഷ്മമായി മഹനീയങ്ങളായ വിഷയങ്ങള്‍ എഴുത്തുകാരന്‍ കൈകാര്യം ചെയ്യുമ്പോഴാണു് അദ്ദേഹത്തിന്റെ കൃതികള്‍ക്കു മഹത്വം സിദ്ധിക്കുന്നതു്. “ഇവാന്‍ ഇലീച്ചിന്റെ മരണ”ത്തിനു് വ്യാപ്തിയും അഗാധതയും അതിസൂക്ഷ്മതയുമുണ്ടു്. റോട്ടിന്റെ നോവലിനുമുണ്ടു് ഈ ഗുണങ്ങള്‍.
നോവലിസ്റ്റ്
യു.എസ്.എസ്. ആറിന്റെ ഒരു ഭാഗമായിരുന്ന വൊളീന്യായില്‍ (Volhynia) 1894-ല്‍ ജനിച്ച റോട്ട് അര്‍ദ്ധജൂതനായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ ഹോളണ്ടിലെ ഒരു ഭ്രാന്താലയത്തില്‍ കിടന്നു മരിച്ചും ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികോദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച റോട്ട് തികച്ചും യാദൃച്ഛികമായി റഷ്യന്‍ വിപ്ലവത്തില്‍ പങ്കുകൊണ്ടും അധികം കാലം കഴിയുന്നതിനു മുമ്പു് അദ്ദേഹത്തിന്റെ ഭാര്യ ഭ്രാന്തിയായി. ജീവസന്ധാരണത്തിനു വേണ്ടി മഹാനായ ഈ കലാകാരന്‍ ഒരു സിനിമാശാലയിലെ ടിക്കറ്റ് പരിശോധകനായി കുറേക്കാലം ജോലിനോക്കി. ഹിറ്റ് ലറുടെ കൈയില്‍ വിയന്നയ്ക്കു സംഭവിച്ച ദുരന്തവും സ്വന്തം ജീവിത വൈഷമ്യങ്ങളും റോട്ടിനെ മദ്യപനാക്കി. അതിമദ്യപാനത്തിന്റെ ഫലമായി അദ്ദേഹം നാല്പത്തി നാലാമത്തെ വയസ്സില്‍ പാരീസിലെ ഒരാശുപത്രിയില്‍ കിടന്നു ചരമം പ്രാപിച്ചു മരണത്തിനു് രണ്ടുവര്‍ഷം മുന്‍പു് പ്രസാധനം ചെയ്ത “തൂക്കങ്ങളും അളവുകളും” എന്ന നോവലിനു പുറമേ അദ്ദേഹം ‘റാഡിറ്റ്സ്കിമാര്‍ഷ്’ (Radetzkymarsch, 1932) ജോബ് (Job, 1930) എന്നീ നോവലുകളും രചിച്ചു. 1939-ല്‍ പ്രസാധനം ചെയ്ത “വിശുദ്ധനായ മദ്യപന്റെ കഥ” — The Legend of the Holy Drinker — എന്ന കൊച്ചു നോവലാണു് അദ്ദേഹത്തിന്റെ അവസാനത്തെ കൃതി. ഈ ലേഖകനു് “തൂക്കങ്ങളും അളവുകളും” എന്ന നോവല്‍ മാത്രമേ വായിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഇതിവൃത്തം
മുന്‍പു്, സ്ലോറ്റോഗ്രോറ്റ് ഡിസ്ട്രിക്ടില്‍ തൂക്കങ്ങളുടെയും അളവുകളുടെയും ഒരു ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നു. ആന്‍സലം ഐബന്‍ഷൂട്ട്സ് എന്നായിരുന്നു അയാളുടെ പേരു്. ആ ഡിസ്ട്രിക്ടിലെ വ്യാപാരികള്‍ കച്ചവടത്തിനു് ഉപയോഗിക്കുന്ന അളവുകളും തൂക്കങ്ങളും പരിശോധിക്കുക എന്നതായിരുന്നു അയാളുടെ ജോലി. ആന്‍സലം ആദ്യകാലത്തു് ആസ്ട്രോ — ഹംഗേറിയന്‍ പട്ടാളത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. റിജീന എന്ന ചെറുപ്പക്കാരി യൂണിഫോം ധരിച്ച അയാളെക്കണ്ടു് പ്രേമത്തില്‍ വീണു. യൂണിഫോമില്ലാതെ നഗ്നനായി കിടക്കയില്‍ കിടന്ന അയാളെ പല രാത്രികളിലും സ്വീകരിച്ച അവള്‍ ഒരുദിവസം അറിയിച്ചു, ശേഷമുള്ള കാലമത്രയും അയാള്‍ സാധാരണ പൗരന്റെ വേഷം ധരിച്ചാല്‍ മതിയെന്നു്; ജോലിയും വീടും വേണമെന്നു്; കുഞ്ഞുങ്ങളും പേരക്കുട്ടികളും ഉണ്ടാവണമെന്നു്. ആന്‍സലം ഭാര്യയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അളവുകളുടെയും തൂക്കങ്ങളുടെയും ഇന്‍സ്പെക്ടറായി. അങ്ങനെ സ്ലോറ്റോഗ്രോറ്റിലേക്കു യാത്രയായി. ആകൃതി സൗഭഗമുള്ള പുരഷന്‍. ശക്തനും സത്യസന്ധനുമായ ഇന്‍സ്പെക്ടര്‍; അതിരുകടന്ന വിധത്തില്‍ സത്യസന്ധന്‍ എന്നും പറയാം. പക്ഷേ, കുഞ്ഞുങ്ങളില്ലാത്ത ആന്‍സലം ഏകാന്തതയുടെ ദുഃഖം അനുഭവിച്ചിരുന്നു. പന്ത്രണ്ടുവര്‍ഷം സൈനികോദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ചു നടന്ന അയാള്‍ ഇന്നു സിവിലിയന്‍ വേഷത്തിലാണു്. താന്‍ ഏകാകിയാണെന്നും ഭവനരഹിതനാണെന്നും ആന്‍സലമീനു തോന്നി. അയാള്‍ ഭാര്യയെ സ്നേഹിച്ചില്ല. അവള്‍ അവിടെ കിടക്കയില്‍ കിടക്കുകയാണു്. ഭംഗിയുള്ള മുലകള്‍, ശിശുവിന്റേതു പോലുള്ള ശാന്തമായമുഖം, വളഞ്ഞ പുരികങ്ങള്‍, ആകര്‍ഷകമായ പകുതി തുറന്നവായ്, ഇരുണ്ടുചുവന്ന ചുണ്ടുകള്‍ക്കിടയിലൂടെ കാണപ്പെടുന്ന പല്ലുകളുടെ അവ്യക്തമായ തിളക്കം, ആന്‍സലം അവളെ ആഗ്രഹിച്ചില്ല. രാത്രിയും പകലും അയാള്‍ ഏകാന്തതതയുടെ ദുഃഖം അനുഭവിച്ചു.
ആന്‍സലമിന്റെ ഓഫീസിലെ പ്രധാനപ്പെട്ട ക്ലാര്‍ക്കാണു് യോസഫ് നോവക്. അയാളെ ആന്‍സലം വെറുത്തിരുന്നു. ഒരു ദിവസം ഇന്‍സ്പക്ടര്‍ക്കു കിട്ടിയ കത്തുകളുടെ കൂട്ടത്തില്‍ ഇങ്ങനെയൊരു കത്തുമുണ്ടായിരുന്നു.
“ബഹുമാനപ്പെട്ട ഇന്‍സ്പെക്ടര്‍, നിങ്ങളുടെ കാഠിന്യത്തിന്റെ ബലിയാടായി, പത്തു കിലോ വെയ്റ്റിന്റെ പേരില്‍ കോടതിക്കേസ്സുമായി കഴിയുന്നവനാണു് ഞാനെങ്കിലും സ്വാതന്ത്ര്യമെടുത്തു പറഞ്ഞു കൊള്ളട്ടെ. നിങ്ങളുടെ ഭാര്യ കുത്സിതമായി അന്യനു ലജ്ജയുളവാക്കുമാറു് നിങ്ങളെ ചതിക്കുകയാണു്; നിങ്ങളുടെ പ്രധാനപ്പെട്ട ക്ലാര്‍ക്ക് യോസഫ് നോവക്കുമായി. ബഹുമാനപൂര്‍വ്വം, അനുസരണശീലത്തോടെ എക്സ്. വൈ.” നോവക്കിന്റെ വിരലില്‍ക്കിടന്ന ഒരു കല്ലുവച്ച മോതിരം റിജീനയുടെ വിരലില്‍ കണ്ടപ്പോള്‍ കത്തിലെ വിവരം ശരിയാണെന്നു് ആന്‍സലമിനു മനസ്സിലായി. താന്‍ ഗര്‍ഭിണിയായിരിക്കുന്നുവെന്നു് ആഹ്ലാദത്തോടെ അറിയിച്ച ഭാര്യയോടു് ഭര്‍ത്താവു് പറഞ്ഞു: “ഈ മോതിരം യോസഫ് നോവക്കിന്റേതാണു്... നീ അവനില്‍നിന്നു ഗര്‍ഭം ധരിച്ചിരിക്കുന്നു. എന്താണു് ചെയ്യേണ്ടതെന്നു് ഞാന്‍ ഇനി തീരുമാനിക്കും.” തീരുമാനിക്കുമെന്നു് ആന്‍സലം അറിയിച്ചെങ്കിലും അപവാദമുണ്ടാകുമെന്നു പേടിച്ചു് അയാള്‍ ഭാര്യയെ വീട്ടിനു പുറത്താക്കിയില്ല. അവളോടു് ഒരു ബന്ധവും പുലര്‍ത്താതെ അയാള്‍ കഴിഞ്ഞുകൂടി.
സ്ലോറ്റോഗ്രോറ്റ് ഡിസ്ട്രിക്ടിലെ സ്വാബീ ഗ്രാമത്തില്‍ ലീബുഷ് യഡ്‌ലോക്കര്‍ ഒരു മദ്യശാല നടത്തിയിരുന്നു. അയാള്‍ പഞ്ചാരക്കട്ട കൊണ്ടു് ആരോ ഒരാളെ തലയ്ക്കടിച്ചു കൊന്നിട്ടു് ഒഡീസയില്‍ നിന്നു് സ്വാബിയിലെത്തിയെന്നാണു് ജനസംസാരം. സ്ലോറ്റോഗ്രോറ്റ് ഡിസ്ട്രിക്ടിലെ എല്ലാ കുറ്റങ്ങള്‍ക്കും ഉത്തരവാദിയായിരുന്ന അയാളുടെ വെപ്പാട്ടിയാണു് യൂഫേമിയ. അവളുടെ അഗാധ നീലിമയാര്‍ന്ന കണ്ണുകള്‍ കടല്‍ കണ്ടിട്ടില്ലാത്ത ആന്‍സലമിനു് കടലിന്റെ ഓര്‍മ്മയുളവാക്കി. അവളുടെ വെളുത്തമുഖം മഞ്ഞു കണ്ടിട്ടുള്ള അയാള്‍ക്കു് അഭൗമമായ എതോ മഞ്ഞിന്റെ പ്രതീതിയുളവാക്കി. അവളുടെ ഇരുണ്ടു നീലിച്ച കറുത്ത തലമുടി തെക്കന്‍ രാത്രികളുടെ സ്മരണ അയാളില്‍ ജനിപ്പിച്ചും ഒരു ദിവസം അവള്‍ മുഖം ആന്‍സലമിന്റെ മുഖത്തോടു് അടുപ്പിച്ചു വച്ചും കാതിലിട്ടിരുന്ന സ്വര്‍ണ്ണവളയങ്ങളിലെ സ്വര്‍ണ്ണനാണയങ്ങള്‍ തമ്മിലുരസി ശബ്ദം പുറപ്പെടുവിച്ചു. അന്നു വരെ മദ്യശാലയില്‍ നിന്നു് പണം കൊടുക്കാതെ കുടിച്ചിട്ടില്ലാത്ത ആന്‍സലം യൂഫേമിയയുടെ നിര്‍ബ്ബന്ധമനുസരിച്ചു് മദ്യം കുടിച്ചു. വില കൊടുത്തതുമില്ല. പിന്നീടു് എവിടെപ്പോയാലും എന്തുചെയ്താലും ആന്‍സലം കേള്‍ക്കുന്നതു ആ വളയങ്ങളുടെ നാദം മാത്രം. റിജീന പെറ്റു. യോസഫ് നോവക്കിന്റെ കുഞ്ഞു് നിലവിളിച്ചു. ആ നിലവിളിയുടെ മുകളിലും കേട്ടതു് ആ നാദം തന്നെ.
ഇന്‍സ്പെക്ടര്‍ കാരുണ്യം കൂടാതെ കുറ്റക്കാരെ അറസ്റ്റുചെയ്തു. കോഴി വളര്‍ത്തുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു പാവപ്പെട്ട സ്ത്രീയുടെ കടയില്‍നിന്നു് ഏഴു കള്ള കിലോവെയ്റ്റ് അയാള്‍ കണ്ടെടുത്തു. അവള്‍ കാരാഗൃഹത്തിലായി. ആ സ്ത്രീ കാതടപ്പിക്കുന്ന മട്ടില്‍ നിലവിളിച്ചപ്പോഴും ആന്‍സലം കേട്ടതു വളയങ്ങളുടെ കിലുക്കം.
അവിടെ മീന്‍വില്‍ക്കാനും ലൈസന്‍സ്‌വേണം. ലൈസന്‍സില്ലാതെ മദ്യശാല നടത്തുന്ന ലീബുഷ് മത്സ്യം വിറ്റപ്പോള്‍ ഇന്‍സ്പെക്ടര്‍ അയാളോടു ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ബഹളമായി. ലീബുഷ്, ചക്രവര്‍ത്തിക്കും സ്റ്റേറ്റിനും നിയമത്തിനും ഈശ്വരനുമെതിരായി ശാപവചനങ്ങള്‍ ഉച്ചരിച്ചു. ഇന്‍സ്പെക്ടര്‍ അയാളെ അറസ്റ്റ് ചെയ്തു്. രണ്ടു വര്‍ഷം തടവാണു് ലീബുഷിനു കിട്ടിയ ശിക്ഷ. സ്വാബിഗ്രാമം ശാന്തം. ഇന്‍സ്പെക്ടറുടെ കാതുകളില്‍ അപ്പോഴും വളയത്തിന്റെകിലുക്കം.
ലീബുഷ് ജയിലിലായപ്പോള്‍ സര്‍ക്കാര്‍, ആന്‍സലമിനെ മദ്യശാലയുടെ താല്‍ക്കാലിക മാനേജരായി നിയമിച്ചു. അതോടെ യൂഫേമിയയുടെ നാദം ഒരു കമാനം പോലെ ഇന്‍സ്പെക്ടറുടെ ശിരസ്സിനു മുകളില്‍ നിന്നു. അതിനു നേരേ താഴെയാണു് അയാളുടെ നില്പു്. കാലം അധികമായില്ല. യൂഫേമിയയുടെ “ഉടമസ്ഥനായ” ഒരു സമേസ്ച്കിന്‍ ബസ്സറേബ്യയില്‍ നിന്നു് അവിടെയെത്തി. യൂഫേമിയ ഇന്‍സ്പെക്ടറെ മദ്യശാലയില്‍ നിന്നു പുറത്താക്കുകയും ചെയ്തു.
കോളറ, സ്ലോറ്റോഗ്രോറ്റ് ഡിസ്റ്റ്രിക്ടിലെ ജനങ്ങളില്‍ പലരും മരിച്ചു. അവരുടെ കൂട്ടത്തില്‍ ഇന്‍സ്പെക്ടറുടെ ഭാര്യയും നോവക്കിന്റെ കുഞ്ഞും ചരമമടഞ്ഞു. തന്റെ ജീവിതമാകെ അര്‍ത്ഥരഹിതമാണെന്നു് ആന്‍സലം കണ്ടു്. ഏതു ദുഷ്ടദൈവമാണു് തന്നെ യൂഫേമിയയുടെ അടുക്കലെത്തിച്ചതു്? “ആരാണു ഈ ലോകം ഭരിക്കുന്നതു്?” എന്നു് അയാള്‍ ഉറക്കെച്ചോദിച്ചു.
കോളറ പിടിച്ചു മരിച്ചവരെ കുഴിച്ചീടാന്‍ വേണ്ടി ജയിലധികാരികള്‍ തടവുകാരെ നിയോഗിച്ചു. അവരുടെ കൂട്ടത്തില്‍ പുറത്തെത്തിയ ലീബുഷ് പ്രതികാര നിര്‍വ്വഹണത്തിനു് തരംനോക്കി നടന്നു. വേറൊരു ദുഷ്ടന്റെ പ്രേരണയും അയാള്‍ക്കു ലഭിച്ചു. കൈലേസില്‍ കല്ലുപൊതിഞ്ഞു കെട്ടിക്കൊണ്ടു് ലീബുഷ് ഇന്‍സ്പെക്ടറുടെ നേര്‍ക്ക് ചാടിച്ചെന്നു. ഒരടി തലയ്ക്കു്. ഇന്‍സ്പെക്ടര്‍ വീണു. അയാളുടെ സാജെന്റ് നിശ്ചലമായ ശരീരമെടുത്തു് വണ്ടിയില്‍ കിടത്തി ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇന്‍സ്പെക്ടര്‍ മരിച്ചിട്ടില്ല, മരണത്തിലേക്കു നീങ്ങുകയാണു്. അയാള്‍ ഇനി തൂക്കങ്ങളുടെയും അളവുകളുടെയും ഇന്‍സ്പെക്ടറല്ല. കച്ചവടക്കാരന്‍ മാത്രം. കള്ളുത്തൂക്കങ്ങള്‍, ആയിരക്കണക്കിനു്, പതിനായിരക്കണക്കിനു് കള്ളത്തൂക്കങ്ങളേ അയാളുടെ കൈയിലുള്ളൂ. വലിയ ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടറന്മാരില്‍ വച്ചു് ഏറ്റവും വലിയവന്‍ വന്നു. “എനിക്കു് താങ്കളെ അറിയാമല്ലോ” എന്നു ആന്‍സലം. “എല്ലാം എനിക്കൊരു പോലെ. കര്‍ത്തവ്യം കര്‍ത്തവ്യമാണു്. ഇനി നിങ്ങളുടെ തൂക്കങ്ങള്‍ പരിശോധിക്കട്ടെ” എന്നു് ആ വലിയ ഇന്‍സ്പെക്ടര്‍ പറഞ്ഞു. ആന്‍സലം മറുപടി സ്വയം നല്കി: “...ഞാന്‍ സ്ലോറ്റോഗ്രോറ്റിലെ മറ്റു വ്യാപാരികളെപ്പോലെ വ്യാപാരി മാത്രം. കള്ളത്തൂക്കങ്ങളുപയോഗിച്ചാണു ഞാന്‍ വില്‍ക്കുന്നതു്.” വലിയ ഇന്‍സ്പെക്ടര്‍ തൂക്കങ്ങല്‍ പരിശോധിച്ചിട്ടു് അറിയിച്ചു;
“നിങ്ങളുടെ തൂക്കക്കട്ടകളെല്ലാം കല്ളമാണു്; എങ്കിലും അവ ശരിയുമാണു്. അതുകൊണ്ടു് ഞങ്ങള്‍ നിങ്ങളുടെ പേരില്‍ റിപ്പോര്‍ട്ട് അയയ്ക്കുന്നില്ല. നിങ്ങളുടെ എല്ലാത്തൂക്കങ്ങളും ശരിയാണെന്നു് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞാനാണു് വലിയ ഇന്‍സ്പെക്ടര്‍.”
ആന്‍സലമിന്റെ നിശ്ചലശരീരം പരിശോധിച്ചിട്ടു് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു. “ഈ മനുഷ്യന്‍ മരിച്ചു പോയി. നിങ്ങള്‍ എന്തിനാണു് ഇയാളെ ഇവിടെ കൊണ്ടുവരാന്‍വേണ്ടി പ്രയാസപ്പെട്ടതു്?” നോവല്‍ അവസാനിച്ചു.
ആധികാരിക ജീവിതം
ലളിതമായി, സര്‍വ്വസാധാരണമായി യോസഫ് റോട്ട് കഥ പറഞ്ഞിരിക്കുന്നു. എന്നാല്‍ അതു വായിച്ചു തീരുമ്പോള്‍ മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ മുഴുവനും നമ്മള്‍ കാണുകയായി. പല തലങ്ങളില്‍ അര്‍ത്ഥം പറയാവുന്ന ഉദാത്തമായ കലാസൃഷ്ടിയാണിതു്. ആദ്യത്തെ തലം ആന്‍സലത്തിന്റെ ആധികാരികജീവിതം — ഒഫിഷ്യല്‍ലൈഫ് — തന്നെയാണു് വലിയ ദോഷമൊന്നുമില്ലാത്ത ഒരു സര്‍ക്കാരുദ്യോഗസ്ഥനാണു് ആന്‍സലം. പട്ടാളത്തിലായിരുന്നപ്പോള്‍ അയാള്‍ക്കു മേലുദ്യോഗസ്ഥന്മാരെ അനുസരിക്കാനേ അറിഞ്ഞുകൂടൂ. ഇന്‍സ്പെക്ടറായപ്പോള്‍ അനുസരിക്കാനല്ല, അനുസരിപ്പിക്കാനായിരുന്നു അയാള്‍ക്കു താല്പര്യം. രണ്ടിലും കൃത്യത വേണമെന്നു ശഠിച്ച മനുഷ്യന്‍. ആധികാരികലോകത്തിന്റെ അടിമയായിരുന്നു അയാള്‍. സ്നേഹവും കാരുണ്യവും തലയുയര്‍ത്തുമ്പോഴും ആ അടിമത്തത്തിനായിരുന്നു അയാള്‍ പ്രാധാന്യം കല്പിച്ചതു്. നോവലിലെ ഒരു ദുഷ്ടകഥാപാത്രമായ കപ്തുറാക്ക് “നിങ്ങള്‍ ഒരു കടപരിശോധിക്കുന്നതേയില്ലല്ലോ.” എന്നു പറഞ്ഞപ്പോള്‍ ഉദ്യോസ്ഥനെന്ന അടിമ ഉണര്‍ന്നു. വിശുദ്ധനായ നിങ്ങളുടെ കട ആന്‍സലം പരിശോധിച്ചു. കള്ളത്തൂക്കങ്ങള്‍ കണ്ടെടുത്തു. തിങ്കളാഴ്ചയും വ്യാഴാഴ്ചയും വ്രതമനുഷ്ഠിക്കുന്ന നിങ്ങള്‍ ശിക്ഷയ്ക്കു വിധേയനാകാന്‍ പോകുന്നു. “നമ്മളതു ചെയ്യാന്‍ പാടില്ലായിരുന്നു.” എന്നു് ആന്‍സലം സാജെന്റിനോടു പിന്നീടു പറഞ്ഞെങ്കിലും ധീരതയോടെ പരിശോധനയില്‍നിന്നു പിന്തിരിയാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. മറ്റുള്ളവരില്‍ ആധിപത്യം പുലര്‍ത്താനുള്ള വാസനയാണു് നിയമപരിപാലനമായി പലപ്പോഴും പ്രത്യക്ഷമാകാറുള്ളതു്. അധികാരത്തിന്റെ സദാചാരം ഒന്നു്; വ്യക്തിയുടെ സദാചാരം വേറൊന്നു്. രണ്ടും കൂട്ടിമുട്ടുമ്പോള്‍ ജയിക്കേണ്ടതു് വ്യക്തിയുടെ സദാചാരമാണു്. (സോഫോക്ലിസ്സിന്റെ ആന്റിഗണി എന്ന നാടകം നോക്കുക.) ആന്‍സലം അധികാരത്തിന്റെ സദാചാരം ജയിക്കാന്‍ അനുവദിക്കുന്നു. അപ്പോഴുണ്ടാകുന്ന ദുരന്തത്തിനു് തീവ്രത കൂടുന്നതു് ആ ഇന്‍സ്പെക്ടര്‍ കാമോത്സ്യുകതയ്ക്ക് അടിമപ്പെടുമ്പോഴാണു്. പ്രേമം മനുഷ്യനെ ഉത്തേജിപ്പിക്കും, ഉന്നമിപ്പിക്കും. കാമം അവനെ അധഃപതിപ്പിക്കുകയേയുള്ളു. യുഫേമിയയോടു ബന്ധം പുലര്‍ത്തുമ്പോള്‍ ആന്‍സലമിന്റെ അധികാരത്തോടു ബന്ധപ്പെട്ട സന്മാര്‍ഗ്ഗവും കാറ്റത്തു കരിയില പോലെ പറന്നുപോകുന്നു. കാമം മനുഷ്യനെ ഉപദ്രവിക്കുകയേയുള്ളൂ. അതു് അവനെ വേദനിപ്പിക്കുകയേയുള്ളൂ.
ആധ്യാത്മികജീവിതം
രണ്ടാമത്തെ തലം ആധ്യാത്മികത്വത്തിന്റേതാണു്. ഉദ്യോഗസ്ഥനെന്ന നിലയില്‍, സ്റ്റേറ്റിന്റെ പ്രതിനിധിയെന്ന നിലയില്‍ വള്‍ഗാറിറ്റിയോളമെത്തുന്ന സംശുദ്ധി പ്രദര്‍ശിപ്പിച്ച ആന്‍സലം ജീവിതാന്ത്യത്തോടു് അടുത്തപ്പോള്‍ തന്റെ ആ ആധികാരിക ജീവിതം (official life) മുഴുവന്‍ കള്ളമായിരുന്നുവെന്നു ഗ്രഹിച്ചു. ആത്മവഞ്ചനയും ബഹുജന വഞ്ചനയും താന്‍ നടത്തിയെന്നു അയാള്‍ക്കു തോന്നി.
“കള്ളത്തൂക്കങ്ങള്‍ കൊണ്ടു വില്പന നടത്തിയവനാണു് ഞാന്‍” എന്നു് ആന്‍സലം സ്വയം സമ്മതിച്ചു. തന്നെക്കാള്‍ വലിയവനായ ഇന്‍സ്പെക്ടര്‍ — ഈശ്വരനോ മനഃസാക്ഷിയോ ആകാം, അദ്ദേഹം തന്നോടു പറഞ്ഞു. “നിങ്ങളുടെ എല്ലാതൂക്കങ്ങളും കള്ളമാണു്. എന്നാല്‍ അവയെല്ലാം ശരിയുമാണു്.” സ്റ്റേറ്റിന്റെ സദാചാരമനുസരിച്ചു് ആന്‍സലം സംശുദ്ധിയാര്‍ന്ന ഉദ്യോഗസ്ഥന്‍. ഒരുന്നതസത്യത്തിന്റെ സദാചാരമനുസരിച്ചാണെങ്കില്‍ അവ അവാസ്തവികങ്ങളും, ആന്‍സലമിന്റെ ജീവിതത്തില്‍ ആദ്യം തൊട്ടേവിഷം കലര്‍ന്നു. അതു് അയാള്‍ മറ്റുള്ളവരിലേക്കു പകര്‍ത്തി. ജീവിതത്തിലെ വിഷം അയാളുടെ അന്തരാത്മാവിലേക്കു കടന്നപ്പോള്‍ മരണമെത്തി. എങ്കിലും അയാള്‍ ആധ്യാത്മികസത്യത്തിന്റെ ദര്‍ശനത്തോളമെത്തിയിരുന്നു. ഭൗതികമൂല്യങ്ങളുടെ തൂക്കങ്ങള്‍ ആകെ അവാസ്തവികങ്ങള്‍ എന്നു മനസ്സിലാക്കിക്കൊണ്ടുതന്നെയാണു് ആന്‍സലം ഈ ലോകം വിട്ടുപോയതു്. അതോടെ ആധ്യാത്മിക ശോഭ നോവലിലാകെ പ്രസരിക്കുന്നു. വായനക്കാരും അതില്‍ മുങ്ങിനില്‍ക്കുന്നു. മഹനീയമായ കല — Great art — എപ്പോഴും ലളിതമാണു്. ലാളിത്യമാണു്, അസങ്കീര്‍ണ്ണതയാണു് ഈ മാസ്റ്റര്‍ പീസിന്റെ മുദ്ര. ആ ലാളിത്യത്തിലൂടെ നമ്മള്‍ ചെന്നെത്തുന്നതു് സങ്കീര്‍ണ്ണങ്ങളായ ജീവിതമണ്ഡലങ്ങളിലും. അവിടെ മിസ്റ്റിക്കല്‍ അനുഭവത്തിനു് വിധേയരായിക്കൊണ്ടു് നമ്മള്‍ അനുധ്യാനത്തിന്റെ പ്രശാന്താവസ്ഥയില്‍ പ്രവേശിക്കുന്നു. “തൂക്കങ്ങളും അളവുകളും” — ചിരസ്ഥായിയായ കലാസൃഷ്ടി എന്നാണു് ഇതിനെ വിശേഷിപ്പിക്കേണ്ടതു്.
|