close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 07 01


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 07 01
ലക്കം 459
മുൻലക്കം 1984 06 24
പിൻലക്കം 1984 07 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ലഘൂകരണമാണു് റിഡക്‍ഷനിസമാണു്. നമ്മുടെ ലോകത്തിനു കിട്ടിയ വലിയ ശാപമെന്നു ശാസ്ത്രജ്ഞന്മാര്‍ പറയാന്‍ തുടങ്ങിയിട്ടു കാലം വളരെയായി. ഭൗതിക ശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ജന്തുശാസ്ത്രത്തിലും ഒക്കെ അതിന്റെ വിളയാട്ടം കാണാം. ഭൗതികലോകത്തിന്റെ അടിസ്ഥാന ഘടകം ദ്രവ്യമാണെന്നു് (മാറ്റമാണെന്നു്) ചില തത്ത്വചിന്തകര്‍ ചൂണ്ടിക്കാണിച്ചു. അപ്പോള്‍ ലോകമെങ്ങതു കുറെ ദ്രവ്യങ്ങളുടെ സംഘാതമാണെന്നും സങ്കീര്‍ണ്ണതയുള്ള ഏതു പ്രതിഭാസത്തെയും ലഘൂകരിച്ചു ലഘൂകരിച്ചു് അന്ത്യത്തിലെത്താമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആ ദ്രവ്യത്തിന്റെ സവിശേഷതയെ ലോകത്തിന്റെയാകെയുള്ള സവിശേഷതയായി ആ തത്ത്വചിന്തകര്‍ ദര്‍ശിച്ചു. ഇതിനെയാണു് ലഘൂകരണം അല്ലെങ്കില്‍ റിഡക്ഷനിസം എന്നു വിളിക്കുന്നതു്. ദ്രവ്യമോ, ജഡവസ്തുവോ? അതിനെ ലഘൂകരിക്കു, പരമാണുക്കളിലെത്താം. പരമാണുക്കള്‍ ഭ്രമണം ചെയ്യുന്ന അങ്ങനെയായാല്‍ ജീവിതമെന്നതു് പരമാണുക്കളുടെ ഭ്രമണം തന്നെയാണു്. ഇതു് ഭൌതികശാസ്ത്രത്തിലെ റിഡക്ഷനിസം, മത്സ്യം, പക്ഷി, വാത്ത ഇവയില്‍ പരീക്ഷണങ്ങള്‍ നടത്തിയ ആസ്ട്രിയന്‍ ജന്തുശാസ്ത്രജ്ഞന്‍ കോണ്‍റാറ്റ് ലൊറന്റ്സ് (Konrad Lorenz) അവയിലുള്ള ആക്രമണോത്സുകങ്ങളായ വാസനകള്‍ സഹജങ്ങളാണെന്നു സ്ഥാപിച്ചു. എന്നിട്ടു് മനുഷ്യന്റെയും ഇവയുടെയും ചേഷ്ടകള്‍ സദൃശങ്ങളാണെന്നു് അഭിപ്രായപ്പെട്ടു. എലിയിലും പ്രാവിലുമാണു് അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍ ബി.എഫ്. സ്കിന്നര്‍ പരീക്ഷണങ്ങള്‍ നടത്തിയതു്. ബാഹ്യ പ്രേരകങ്ങള്‍കൊണ്ടു അവയ്ക്കുക്കാകുന്ന പ്രതികരണങ്ങളെ നിരീക്ഷണം ചെയ്ത സ്കിന്നര്‍ മനുഷ്യന്റെ ചേഷ്ടകള്‍ക്കു അവയുമായി വ്യത്യാസമില്ലെന്നു് ഉദ്ഘോഷിച്ചു. ഇവയെക്കാള്‍ പരിഹാസ്യങ്ങളാണ് ഡെസ്മണ്ട് മോറീസിന്റെ അനുമാനങ്ങള്‍. നഗ്നവാനരനെയും മനുഷ്യനെയും ഒന്നായിക്കണ്ട ആളാണു് അദ്ദേഹം. ഗൃഹനായകന്‍ വീട്ടിന്റെ മുന്‍പില്‍ പേരു് എഴുതിയ ബോര്‍ഡ് വയ്ക്കുന്നതിനും പട്ടി കാലുയര്‍ത്തി വിളക്കു മരത്തില്‍ മൂത്രമൊഴിക്കുന്നതിനും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണു് മോറീസിന്റെ മതം. രണ്ടും സ്വന്തമായ അടയാളം ഉണ്ടാക്കുന്ന പ്രവൃത്തികളാണു്. ചിത്രകാരന്‍ ചായം ക്യാന്‍വാസ്സില്‍ തേക്കുന്നതും സാമാന്യ മനുഷ്യന്‍ മലം ചുവരില്‍ പൂശുന്നതും ഒന്നാണത്രേ. ഇതെല്ലാം ജന്തുശാസ്ത്രത്തിലെ റിഡക്ഷനിസം. മനഃശാസ്ത്രത്തിലെ റിഡക്ഷനിസം കാണണമെങ്കില്‍ ഫ്രായിറ്റിന്റെ ഗ്രന്ഥങ്ങള്‍ നോക്കിയാല്‍ മതി. ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം എല്ലാം ഒതുക്കുന്നു. സിഗററ്റോ ചുരുട്ടോ വലിക്കുന്നതു് സ്വവര്‍ഗ്ഗാനുരാഗത്തിന്റെ പ്രേരണയാലാണെന്നു് അദ്ദേഹം പറയുന്നു. ഈ സിദ്ധാന്തങ്ങളിലെല്ലാം സത്യത്തിന്റെ അംശങ്ങള്‍ കാണുമെന്നു സമ്മതിക്കാം. പക്ഷേ അവ പരിപൂര്‍ണ്ണസത്യങ്ങളല്ല. ഈ റിഡക്ഷനിസത്തിനു് എതിരായുള്ള ഒരു പ്രസ്താവമുണ്ടു് ഗര്‍ട്യൂഡ് സ്റ്റൈനിന്റേതായി, Rose is a rose is a rose is a rose (Sacred Emily). പനിനീര്‍പ്പൂവിനെ അതിലടങ്ങിയ രാസവസ്തുക്കളായി ലഘൂകരിക്കാം. പക്ഷേ പനിനീര്‍പ്പൂവെന്ന സത്യം അപ്പോള്‍ അപ്രത്യക്ഷമാകുന്നു. ആ രാസവസ്തുക്കളെല്ലാം ഒരുമിച്ചു കൂട്ടിയാലും അതിലധികമായി പ്രത്യക്ഷപ്പെടുന്നതേതോ അതാണു റോസാപ്പൂ. കലാസൃഷ്ടി റോസാപ്പൂവാണു് അതിനെനോക്കി Rose is a rose is a rose is a rose എന്നാണു് പറയേണ്ടതു്. നവീനനിരൂപണം ഒരു തരത്തിലുള്ള റിഡക്ഷനിസമാണു്. എഴുത്തച്ഛനും ഇടപ്പള്ളി രാഘവന്‍ പിള്ളയ്ക്കും ഒ.വി. വിജയനും എക്സിസ്റ്റെന്‍ഷ്യല്‍ ദുഃഖം എന്നു് എഴുതിപ്പിടിപ്പിക്കുന്ന നവീന നിരൂപകന്‍ ലഘൂകരണത്തില്‍ വ്യാപരിക്കുകയാണു്. ലഘൂകരണം സാകല്യാവസ്ഥയിലുള്ള സത്യദര്‍ശനമല്ല; അതു് ഭാഗിക വീക്ഷണമത്രേ. കുഞ്ഞുങ്ങള്‍ക്കു പാലു കൊടുക്കുന്നതിനുള്ള അവയവമല്ല സ്തനങ്ങള്‍. അവ സ്ത്രീനിതംബത്തിനു പകരമുള്ളവയാണെന്നു് വാദിക്കുന്ന ഡെസ്മണ്ട് മോറീസിനും ഈ നവീന നിരൂപകര്‍ക്കും തമ്മില്‍ വലിയ വ്യത്യാസമില്ല. (“…female breast-shape has evolved as a mimic of female buttock-signals…” Man Watching, Desmond Morris, Page 240, Jonathan Cape.)

അസഭ്യം

കണിയാന്‍ രാത്രി പത്തു മണിയോടു് അടുപ്പിച്ചു് ഒരിടവഴിയില്‍ കയറി. തിരുവനന്തപുരത്തുകാരുടെ പ്രയോഗമനുസരിച്ചാണെങ്കില്‍ മുടുക്കില്‍ കയറി. ഇടവഴിയുടെ മുന്‍വശത്തു നിന്നു് ആന മദംപൊട്ടി ഓടിവന്നാലോ എന്നു് അയാള്‍ക്കു സംശയം. എന്നാല്‍ തിരിഞ്ഞോടാം. ആന പിറകുവശത്തു നിന്നാണു് ഓടിവരുന്നതെങ്കില്‍? മുന്നോട്ടു് ഓടി രക്ഷപ്പെടാം. അപ്പോള്‍ അയാള്‍ക്കു മറ്റൊരു വിചാരം. രണ്ടറ്റത്തു നിന്നും ഓരോ ആന മദമിളകി പാഞ്ഞു വന്നാല്‍? താന്‍ ചതഞ്ഞരഞ്ഞു പോകില്ലേ? കണിയാന്‍ നിലവിളിച്ചു. നിലവിളി കേട്ടു് ആളുകള്‍ ഓടിക്കൂടി. അവര്‍ അയാളുടെ കഥയില്ലായ്മ കണ്ടു ദേഷ്യപ്പെട്ടു തിരിച്ചുപോയി.

സിറ്റി സര്‍വ്വീസ് ബസ്സ് കാത്തുനില്ക്കുകയായിരുന്നു ഞാന്‍. എനിക്കു കയറേണ്ട ബസ്സല്ല. അതു് സ്റ്റോപ്പില്‍ എത്തി പതുക്കെ നീങ്ങിക്കൊണ്ടിരിക്കുകയാണു്. അതില്‍ കയറാന്‍ ഓടിവന്ന ഒരാള്‍ എന്റെ നെഞ്ചിലിടിച്ചു് എന്നെ തള്ളിത്താഴെയിട്ടു. തലയില്‍ വീലു് തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ഞാന്‍ റോഡില്‍ കിടന്നു. പിടഞ്ഞെഴുന്നോറ്റു. വളരെ നേരത്തേക്കു ഹൃദയം ത്രസിച്ചു. കഷ്ടിച്ചു മരണത്തില്‍ നിന്നു രക്ഷപ്പെട്ടുവെന്നേയുള്ളു.

കണിയാന്‍ നിലവിളിച്ചതു തെറ്റാണെങ്കിലും അയാളെ കുറ്റപ്പെടുത്താന്‍ ആവുമോ? വയ്യ. യാത്രക്കാരന്‍ ഓടിക്കയറിയില്ലെങ്കില്‍ ബസ്സ് അയാളില്ലാതെ പോകും. അതുകൊണ്ടു് അയാള്‍ എന്നെ ഇടിച്ചു് മരണവക്ത്രത്തിലേക്കു് തള്ളിയതും തെറ്റല്ല. എങ്കിലും രണ്ടു പ്രവര്‍ത്തനങ്ങളുടെയും ഫലങ്ങള്‍ നിന്ദ്യങ്ങളായിത്തീരുന്നു. ഇനി ഗൃഹലക്ഷ്മി മാസികയിലെ ഒരു ചോദ്യവും അതിനുള്ള ഉത്തരവും വായിച്ചാലും.

എസ്.
ബോംബെ.

ചോദ്യം
24 കാരിയായ എന്റെ വിവാഹം കഴിഞ്ഞിട്ടു് ഒരു വര്‍ഷമായി. രണ്ടുപേരും ഒരുമിച്ചാണു് താമസം. സംഭോഗസമയത്തു് യോനിയില്‍ നിന്നും ലിംഗം പുറത്തെടുത്താല്‍ ശുക്ലം അപ്പോള്‍ തന്നെ പുറത്തു പോകുന്നു. സംഭോഗസമയത്തു് എനിക്കു് തീരെ സുഖം തോന്നാറില്ല. ഞങ്ങള്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്തുപോയി അവരുടെ നിര്‍ദ്ദേശപ്രകാരം ഡി. ആന്‍ഡ് സി. ചെയ്തു. എനിക്കു് എപ്പോഴും യോനിയില്‍ നിന്നു് കൊഴുത്ത ദ്രാവകം പോകും. ആര്‍ത്തവം കൃത്യമായിട്ടുണ്ടു്. ഞങ്ങള്‍ക്കു് കുട്ടികള്‍ ഉണ്ടാകുമോ?
ഉത്തരം
ലൈംഗികബന്ധത്തിനുശേഷം ശുക്ലം കുറെ വെളിയില്‍ പോകുന്നതു് സാധാരണമാണു്. നിങ്ങള്‍ക്കു് യോനിയില്‍ നിന്നും എപ്പോഴും ദ്രാവകം പോകുന്നുണ്ടെന്നു് തോന്നുന്നുണ്ടെങ്കില്‍ അതു് സാധാരണ എല്ലാവര്‍ക്കും തന്നെ ഉണ്ടാകുന്ന തരത്തിലുള്ളതായിരിക്കാം. കൃത്യമായി ആര്‍ത്തവവും ആരോഗ്യവുമുള്ള നിങ്ങള്‍ക്കു് കുട്ടികളുണ്ടാവാതിരിക്കാന്‍ കാരണമൊന്നുമില്ലല്ലോ. കല്യാണം കഴിഞ്ഞു് ഒരു വര്‍ഷം ആയ നിലയ്ക്കു്, ഗര്‍ഭധാരണം നടന്നില്ലെങ്കില്‍, നിങ്ങളുടെ രണ്ടുപേരുടെയും പരിശോധനകള്‍ തുടങ്ങുവാനുള്ള സമയമായി.

ഈ ചോദ്യവും ഉത്തരവും അന്തസ്സുള്ള ഒരു മാസികയില്‍ വരാമോ എന്നു ചോദിച്ചാല്‍ ശാസ്ത്രമാണു് പ്രതിപാദനം ചെയ്യപ്പെട്ടിരിക്കുന്നതു് എന്നു മറുപടി കിട്ടും. ശരി. കണിയാന്‍ നിലവിളിച്ചതു തെറ്റല്ല. യാത്രക്കാരന്‍ എന്നെ കൊല്ലാന്‍ പോയതും തെറ്റല്ല. പക്ഷേ രണ്ടിന്റെയും ഫലങ്ങള്‍ ആദ്യം സൂചിപ്പിച്ചതു പോലെ ഭയങ്കരങ്ങള്‍. ശാസ്ത്രമാണു് പ്രതിപാദിക്കുന്നതെങ്കിലും പ്രായം കൂടിയ വായനക്കാര്‍ക്കു് അറപ്പും വെറുപ്പും. വിവാഹപ്രായമെത്തിയ യുവാവിനും യുവതിക്കും ഇളക്കം. ശാസ്ത്രത്തിന്റെ മറവില്‍ പച്ചത്തെറി കൈകാര്യം ചെയ്യുന്ന ഈ ഏര്‍പ്പാര്‍ടു് സംസ്കാരത്തിന്റെ നേര്‍ക്കുള്ള കൊഞ്ഞനം കാണിക്കലായി വിവേകശാലികള്‍ പരിഗണിക്കാതിരിക്കില്ല. മാസികയില്‍ ആകെ ഏഴു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമുണ്ടു്. അവയില്‍ ആറു ചോദ്യങ്ങളും സെക്സിനോടു് — വള്‍ഗര്‍ സെക്സിനോടു് — ബന്ധപ്പെട്ടിരിക്കുന്നു.

* * *

ഭസ്മം കൊണ്ടു തുടച്ചാല്‍ കണ്ണാടി മിനുങ്ങും. കുളിച്ചാല്‍ വിയര്‍പ്പിന്റെ വാട പോകും. ശാസ്ത്രത്തിന്റെ ജലാശയത്തില്‍ അസഭ്യത്തെ എത്ര തവണ സോപ്പു് തേച്ചു കുളിപ്പിച്ചാലും അതിന്റെ നാറ്റം പോവുകയില്ല.

ഇല്യൂഷന്‍

പനിനീര്‍പ്പൂ ഉണ്ടാകാത്ത ഒരു ഋതുവില്‍ അതു നിര്‍മ്മിക്കാനായി ഹൃദയം പനിനീര്‍ച്ചെടിയുടെ മുള്ളോടു ചേര്‍ത്തു വച്ചു പാടിയ രാപ്പാടിയുടെ കഥ പ്രസിദ്ധമാണു്. പാടുന്തോറും ദലങ്ങള്‍ വിടര്‍ന്നു വിടര്‍ന്നു വന്നു. പക്ഷേ പൂവിന്റെ അന്തര്‍ഭാഗം വെളുത്തു തന്നെയിരുന്നു. ഉള്ളു ചുവക്കുന്നില്ലെന്നു കണ്ടു് രാപ്പാടി ഹൃദയം മുള്ളിലമര്‍ത്തി. അതു കീറി രക്തമൊലിച്ചു. ചെടിയുടെ സിരകളില്‍ ആ ചോര ഒഴുകിച്ചേര്‍ന്നപ്പോള്‍ പൂവിന്റെ ഉള്ളു് ചുവന്നു. രാപ്പാടി മരിച്ചു വീഴുകയും ചെയ്തു്. മലയാളനാടു വാരികയില്‍ ‘സ്വര്‍ണ്ണമേഘങ്ങളും കാര്‍മ്മുകിലുകളും’ എന്ന കഥയെഴുതിയ സീനത്തിനു് അതിന്റെ അന്തര്‍ഭാഗത്തിനു് ചുവപ്പു നിറം വരുത്താന്‍ അറിഞ്ഞുകൂടാ. മൂന്നുനില മാളികവച്ചു ജീവിക്കാന്‍ കൊതിയുള്ള ഒരു ചെറുപ്പക്കാരിക്കു് ദരിദ്രരുടെ കുടിലുകള്‍ കണ്ടപ്പോള്‍ ആ കൊതി കെട്ടടങ്ങിയെന്നാണു് കഥാകാരന്‍ പറയുന്നതു്. സമകാലിക ജീവിതത്തിലെ പരസ്പര വിരുദ്ധങ്ങളായ രണ്ടു മണ്ഡലങ്ങളെ സീനത്തു് അനാവരണം ചെയ്യുന്നുണ്ടെങ്കിലും ചെമ്പിനെ സ്വര്‍ണ്ണമാക്കുന്ന ആല്‍ക്കമി വിദ്യയില്‍ അദ്ദേഹം അനഭിജ്ഞനാണു്.

ജനവാസമില്ലാതെയായി ജീര്‍ണ്ണിച്ചു പോയ അയോദ്ധ്യയില്‍ കുശന്‍ വന്നു വാഴണമെന്നു് നഗരിയുടെ അധിദേവത അപേക്ഷിക്കുന്ന ഒരു ഭാഗമുണ്ടു് രഘുവംശത്തില്‍. അയോദ്ധ്യയുടെ ജീര്‍ണ്ണിച്ച അവസ്ഥ വ്യക്തമാക്കുന്ന വേളയില്‍ അധിദേവത പറയുന്നു:

“ചിത്രദ്വിപാഃ പത്മ വനാവതീര്‍ണ്ണാഃ
കരേണുഭിര്‍ദ്ദത്ത മൃണാളഭംഗാഃ
നഖാങ്കുശാഘാത വിഭിന്ന കുംഭാഃ
സംരബ്ധ സിംഹപ്രഹൃതം വഹന്തി”

[പത്മവനത്തില്‍ — താമരപ്പൂക്കള്‍ കൂട്ടമായി വിടര്‍ന്നുനില്ക്കുന്നിടത്തു് — പ്രവേശിച്ചു പിടിയാനകള്‍ താമരവളയം പൊട്ടിച്ചു കൊടുക്കുന്ന രീതിയില്‍ (ചുവരുകളില്‍) ആലേഖനം ചെയ്യപ്പെട്ട ആനകള്‍ (അതിലേ പോയ) സിംഹത്തിന്റെ അടിയേറ്റു നഖാങ്കുരങ്ങള്‍ കൊണ്ടു പിളര്‍ന്ന മസ്തകവുമായി നില്ക്കുന്നു.]

ചിത്രത്തിലെഴുതപ്പെട്ട ആനകളെ ജീവനുള്ള ആനകളായി സിംഹം തെറ്റിദ്ധരിച്ചിട്ടാണു് അവയുടെ മസ്തകം അടിച്ചു പൊളിക്കുന്നതു്. ജീവിതത്തിന്റെ ഈ ‘ഇല്യൂഷന്‍’ ഉളവാക്കാത്തതൊന്നും കലയല്ല.

സമയമാം രഥത്തില്‍

പൂര്‍വ കാമുകന്‍ കൊടുത്ത കമ്മലുമായിട്ടാണു് അവള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കാലൂന്നിയതു്. കുറെക്കാലം ഒളിച്ചു വച്ചിട്ടു് ഒരു ദിവസം അവള്‍ അതെടുത്തു കാതിലിട്ടു. എവിടെനിന്നു കിട്ടിയെന്നു ഭര്‍ത്താവിന്റെ ചോദ്യം. കളഞ്ഞു കിട്ടിയെന്നു് അവളുടെ ഉത്തരം. “രണ്ടു കമ്മലായിട്ടു് ഇതു കളഞ്ഞവനാരടാ” എന്നു് അയാളുടെ വീണ്ടുമുള്ള ചോദ്യം. എങ്കിലും അയാള്‍ ഒഥല്ലോ ആയില്ല. അവള്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പൂര്‍വകാമുകന്‍ ഭ്രാന്തനായി എത്തുന്നതു കാണുന്നു. ബോധക്കേടു്. ബോധം വീണ്ടു കിട്ടിയപ്പോള്‍ ഭര്‍ത്താവു് അവളുടെ മുന്‍പില്‍ നില്ക്കുന്നു. വിമര്‍ശനം അര്‍ഹിക്കാത്ത വിധം സെന്റിമെന്റലായ അതുകൊണ്ടു തന്നെ വിലക്ഷണമായ കഥയാണിതു്. (എം.പി. രാജന്‍ മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ കമ്മല്‍ എന്ന കഥ.)

ദീര്‍ഘകാലം ജീവിക്കണമെങ്കില്‍ ഗൗരവമുള്ള എന്തെങ്കിലും രോഗമുണ്ടായിരുന്നാല്‍ മതിയെന്നു് ആരോ പറഞ്ഞിട്ടുണ്ടു്. എന്റെ ഹൃദയത്തിനു് ഇതെഴുതുന്ന സമയം വരെ ഒരു രോഗവുമില്ല. എങ്കിലും കടുത്ത ഹൃദ്രോഗമുള്ളവനെക്കാള്‍ ഞാന്‍ വളരെ മുന്‍പു് മരിച്ചു പോകും. ഹൃദ്രോഗി പുകവലിക്കില്ല, അമിത ഭക്ഷണം വര്‍ജ്ജിക്കും, കൊഴുപ്പുള്ള ആഹാരം കഴിക്കില്ല, മദ്യം കുടിക്കില്ല, അമിതമായി വ്യായാമം ചെയ്യുകില്ല, ആവശ്യകതയ്ക്കു യോജിച്ച വ്യായാമം ചെയ്യാതിരിക്കില്ല. നിദ്രയ്ക്കു ഭംഗം വരുത്തില്ല, ഉത്കട വികാരങ്ങള്‍ക്കു വിധേയനാവില്ല. ഇതെഴുതുന്ന ആള്‍ പുകവലിക്കുമെങ്കിലും ദോഷം വരുന്ന രീതിയില്‍ പുകവലിക്കാറില്ല. വളരെക്കുറച്ചേ ആഹാരം കഴിക്കു. വെജിറ്റേറിയനായ ഞാന്‍ കൊഴുപ്പു് അധികമുള്ള ഭക്ഷണം കഴിക്കില്ല. മദ്യം കുടിക്കില്ല. അങ്ങനെ ദോഷമുള്ളതെല്ലാം ഞാന്‍ ഒഴിവാക്കിയിരിക്കുന്നു. എങ്കിലും ആദ്യം പറഞ്ഞതുപോലെ ഹൃദ്രോഗിയെക്കാള്‍ മുന്‍പേ ഞാന്‍ മരിച്ചുപോകും. കാരണം, പതിവായി ഞാന്‍ മനോരമയിലെ കഥകള്‍ വായിക്കുന്നു എന്നതാണു്. മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്ന കളത്തില്‍ വര്‍ഗ്ഗീസ് എന്റെ വലിയ കൂട്ടുകാരനായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചു. വര്‍ഗ്ഗീസിന്റെ ചേട്ടന്‍ തിരുവല്ലയിലെ എസ്.ബി. സ്കൂളിലെ അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തെ എന്റെയും ഗുരുനാഥനായി ഞാന്‍ കരുതിപ്പോന്നു. എന്റെ അഭിവന്ദ്യസുഹൃത്തു് കളത്തില്‍ വര്‍ഗ്ഗീസ് ഹൃദയാഘാതത്താല്‍ മരിച്ചു. മനോരമയിലെ പൈങ്കിളിക്കഥകള്‍ വായിച്ചതു കൊണ്ടാവണം അതു സംഭവിച്ചതു്. ഒരിക്കല്‍ പി.സി. കുട്ടിക്കൃഷ്ണനോടു് ഒരു കഥാകാരന്റെ കഥ പ്രസിദ്ധപ്പെടുത്താത്തതെന്തു് എന്നു ഞാന്‍ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു: “ഞങ്ങള്‍ക്കു (മനോരമയ്ക്കു് — പി.സി. ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്നു) പറ്റിയ കഥയല്ല അതു്.” “നല്ല കഥയല്ലേ, ഞാന്‍ വായിച്ചു നോക്കി അതു് സാറിനു് അയച്ചുതരുന്നതിനു മുന്‍പു്” എന്നു ഞാന്‍. പി.സി. വീണ്ടും പറഞ്ഞു: “നല്ല കഥയായതുകൊണ്ടു തന്നെയാണു് കൊടുക്കാത്തതു്. മനോരമയ്ക്കു വരുന്ന കഥകളെല്ലാം ഞാന്‍ വായിക്കുന്നു. വാരികയ്ക്കു പറ്റിയ കഥകള്‍ തിരഞ്ഞെടുത്തു വയ്ക്കുന്നു.” പി.സി. കുട്ടിക്കൃഷ്ണന്റെ അകാല ചരമത്തിന്റെ ഹേതു സ്പഷ്ടമായില്ലേ. അഭിവന്ദ്യ സുഹൃത്തുക്കളെ, കളത്തില്‍ വര്‍ഗ്ഗീസ്, പി.സി., ഞാനും നിങ്ങളോടു ചേരാന്‍ വൈകാതെ വരും. അപ്പോള്‍ പി.സി. താങ്കള്‍ ‘വാടക വീടുകള്‍’, ‘രാച്ചിയമ്മ’ ഈ കഥകള്‍ വായിച്ചു കേള്‍പ്പിക്കും. ഞാനും കളത്തിലും രസിക്കും. വര്‍ഗ്ഗീസ്, താങ്കളുടെ നര്‍മ്മ മധുരമായ വര്‍ത്തമാനം കേള്‍ക്കാന്‍ കൊതിയാവുന്നു. ഞാനും പി.സി.യു. അതു കേട്ടു ചിരിക്കും. ഞാന്‍ ‘കമ്മല്‍’ പോലുള്ള കഥകള്‍ ഇടവിടാതെ വായിക്കുന്നുണ്ടു്. അല്പം കൂടെ കാത്തിരിക്കു. മരണം നിസ്സാരം. കഥ വായിക്കുന്നതിന്റെ വേദന അസഹനീയം.

സററയര്‍

സ്ഥാപനങ്ങൾ സ്ഥാപനങ്ങള്‍ക്കുമാത്രം വേണ്ടിയതായി ഭവിക്കുമ്പോള്‍ പ്രയോജന ശൂന്യങ്ങളാവുന്നു. സര്‍വകലാശാലകളിലെ വിവിധങ്ങളായ വകുപ്പുകള്‍ നോക്കുക. അവകൊണ്ടു് അവിടെ പഠിക്കുന്നവര്‍ക്കോ സമൂഹത്തിനോ ഒരു പ്രയോജനവുമില്ല. കാന്റിന്റെ ‘ക്യാറ്റിഗോറിക്കല്‍ ഇംപരറ്റീവ്’ എന്നതിനെക്കുറിച്ചു് വിദഗ്ദ്ധമായി എഴുതി വയ്ക്കുന്ന വിദ്യാര്‍ത്ഥിക്കു് നിത്യജീവിതത്തില്‍ അതുകൊണ്ടു് പ്രയോജനം കിട്ടുന്നില്ല. ഒരാഫീസില്‍ അയാള്‍ക്കു ജോലി കിട്ടിയാല്‍ തെറ്റു കൂടാതെ ക്യാഷ്വല്‍ ലീവിനു് അപേക്ഷയെഴുതാന്‍ അറിഞ്ഞുകൂടാ. സര്‍വകലാശാലകളിലെ പല വകുപ്പുകളും അവിടെ പഠിപ്പിക്കുന്നവര്‍ക്കു മാസന്തോറും വലിയ ശംബളം വാങ്ങാനോ പ്രയോജകീഭവിക്കുന്നുള്ളു. ഗ്രന്ഥശാലകളും ഏതാണ്ടു് ഇമ്മട്ടിലായിട്ടുണ്ടു്. ജ്ഞാനം വിതരണം ചെയ്യുന്ന ഈ ഗ്രന്ഥശാലകള്‍ക്കും മനുഷ്യനെ നന്നാക്കാനാവില്ല. ആവുമെങ്കില്‍ ഈ ലോകത്തു് ഗ്രന്ഥശാലകള്‍ കൂടുന്തോറും അക്രമം കൂടിവരുന്നതെന്തു്? ഈ സത്യത്തിലേക്കു് ഇ.വി. ശ്രീധരന്‍ ഒരു ചെറുകഥയിലൂടെ കൈചൂണ്ടിക്കാണിക്കുന്നു. ഒരു ഗ്രന്ഥാലയത്തിനു് എന്തു ചെയ്യാന്‍ കഴിയും (കലാകൗമുദി). ഈ ചെറുകഥ സററയറാണു്. സററയറില്‍ രചയിതാവിന്റെ ധര്‍മ്മരോഷം കാണും. ധര്‍മ്മരോഷം ഹാസ്യവുമായി ഇടകലരുമ്പോള്‍ സററയര്‍ വിജയം പ്രാപിക്കുന്നു. ഇ.വി.യുടെ കഥയില്‍ ഹാസ്യമുണ്ടെങ്കിലും അതു (കഥ) പരിണാമ രമണീയമല്ല. കഥ ആന്റിക്ലൈമാക്സില്‍ എത്താതിരുന്നെങ്കില്‍ അതിന്റെ ശക്തി കൂടുമായിരുന്നു.

* * *

ജ്ഞാനത്തിനു മനുഷ്യന്റെ അക്രമാസക്തിയെ നിയന്ത്രിക്കാനാവില്ലെങ്കിലും സാഹിത്യസൃഷ്ടിക്കു് മനുഷ്യനിലുള്ള അധിപ്രസരം അസാമാന്യമാണു്. ഞാന്‍ വായിച്ചിട്ടുള്ള നോവലുകളില്‍ എന്നെ ഏറ്റവും ചലിപ്പിച്ചതു ടോള്‍സ്റ്റോയിയുടെ ‘അന്നാകരേനിനയാ’ണു്. അതില്‍ ഒരു കുതിരപ്പന്തയത്തിന്റെ വിവരണമുണ്ടു്. അന്ന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പു് വണ്ടിയിലിരുന്നു ചിന്തയില്‍ വ്യാപരിക്കുന്നതിന്റെ വിവരണമുണ്ടു്. ഈ രണ്ടിനെയും അതിശയിക്കുന്ന ഒന്നും ഞാന്‍ വിശ്വസാഹിത്യത്തില്‍ കണ്ടിട്ടില്ല. ഹോമറിനും ഷേക്സ്പിയര്‍ക്കും ഇക്കാര്യത്തില്‍ ടോള്‍സ്റ്റോയിയെ സമീപിക്കാന്‍ പോലും സാദ്ധ്യമല്ല.

പരിപ്പുവട രാഷ്ട്രീയം

ഞാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സെക്രട്ടേറിയറ്റില്‍ ഗുമസ്തനായിട്ടാണു് ‘ഔദ്യോഗിക’ ജീവിതം തുടങ്ങിയതു്. രാജവാഴ്ച പോയി. പട്ടം താണു പിള്ളയുടെ ജനാധിപത്യ ഗവണ്‍മെന്റ് വന്നു. അക്കാലത്തു് ഒരു നേതൃമ്മന്യന്‍ കൂടക്കൂടെ ഞാനിരിക്കുന്ന സെക്ഷനില്‍ കയറി വരുമായിരുന്നു. മുഖ്യമന്ത്രിയോടു് (അന്നു പ്രൈംമിനിസ്റ്റര്‍) അടുത്ത ആളായതു കൊണ്ടു് ആരും അദ്ദേഹത്തിന്റെ പ്രവേശം നിരോധിച്ചില്ല. ഒരുദിവസം അദ്ദേഹം എന്നോടു പറഞ്ഞു: “ഹേ, സര്‍ക്കാരു് അരി വാങ്ങിയതിന്റെയും ചെലവാക്കിയതിന്റെയും കണക്കു തരൂ. എനിക്കു പൊതുജനത്തെ അറിയിക്കാനാണു്.” ഞാന്‍ അറിയിച്ചു: “സാര്‍, വെറും ക്ലാര്‍ക്കായ ഞാനെങ്ങനെ അതു തരും. ഒഫിഷ്യല്‍ സീക്രട്ട് പരസ്യമാക്കിയെന്നതിന്റെ പേരില്‍ എന്നെ ഡിസ്മിസ്സ് ചെയ്യുകയില്ലേ. താണു പിള്ളസ്സാറു് കല്പിച്ചാല്‍ കണക്കു് ഇന്നു റസിഡന്‍സിയില്‍ എത്തിക്കാം.” നേതാവു് ക്ഷോഭിച്ചു് “You are the foolest of tools” എന്നു പറഞ്ഞു. നോതാവിനു യോജിച്ച ഇംഗ്ലീഷ്. fool, fooler, foolest എന്നു ഡിഗ്രീസ് ഒഫ് കംപാരിസണ്‍. അദ്ദേഹം നേരേ പോയതു് സ്വന്തം വീട്ടിലേക്കു് ആയിരിക്കും. ഊണു കഴിഞ്ഞു് ഉറങ്ങി വൈകുന്നേരം വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഭാര്യയെ വിളിച്ചു പറയും. “ഞാന്‍ കേരള സംസ്ഥാനത്തിന്റെ അതിരു നിര്‍ണ്ണയിക്കാന്‍ വടക്കോട്ടു പോവുകയാണു്. ചിലപ്പോള്‍ പത്തു ദിവസം കഴിഞ്ഞേ വരൂ.” അക്കാലത്തു് തിരുവനന്തപുരത്തെ പുളിമൂടു് എന്ന സ്ഥലത്തു് ഒരു മാന്യന്‍ “രാഷ്ട്രീയ ഹോട്ടല്‍” നടത്തിയിരുന്നു. കേരള സംസ്ഥാനത്തിന്റെ അതിരു നിര്‍ണ്ണയിക്കാന്‍ വീട്ടില്‍ നിന്നു യാത്ര ചോദിച്ചിറങ്ങിയ നേതാവു് അവിടെ നിന്നു് രണ്ടു പരിപ്പുവട വാങ്ങിച്ചു തിന്നും. അര ഗ്ലാസ്സ് ചായ കുടിക്കും. തിരിച്ചു വീട്ടില്‍ച്ചെല്ലും. ഭാര്യയ്ക്കു ഭര്‍ത്താവിന്റെ വിപ്ലവബോധം കണ്ടു ചിരിയായിരിക്കും. ഇദ്ദേഹത്തെ കാണാതെ തന്നെ ഇ.വി. കൃഷ്ണപിള്ള ഒരു കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുണ്ടു്. വൈകുന്നേരമാകുമ്പോള്‍ അയാള്‍ ഭാര്യയെ വിളിച്ചു പറയും: “എടീ ലക്ഷ്മിക്കുട്ടീ ഇന്നു ഞാന്‍ തീപ്പൊരി പ്രസംഗം നടത്താന്‍ പോവുകയാണു്. സര്‍ക്കാര്‍ എന്നെ അറസ്റ്റ് ചെയ്യും. ഞാന്‍ ജയിലിലാകും.” (ഓര്‍മ്മയില്‍ നിന്നെഴുതുന്നതു്.) രാത്രിയാകുമ്പോള്‍ പരിപ്പുവടയും തിന്നിട്ടു് അയാള്‍ വീട്ടില്‍ തിരിച്ചെത്തും. എന്നും വൈകിട്ടു് ഇതു തന്നെ പരിപാടി. ഒരു ദിവസം അയാള്‍ ഭാര്യയോടു് താന്‍ ജയിലിലാകാന്‍ പോകുന്നതിനെക്കുറിച്ചു് ആവേശത്തോടെ പറഞ്ഞപ്പോള്‍ ഭാര്യ മറുപടി നല്‍കി: “ഓ ഇളയ കൊച്ചിനു വയറിളക്കമാണു്. തിരിച്ചു വരുമ്പോള്‍ എന്തെങ്കിലും മരുന്നു കൂടെ വാങ്ങിച്ചുകൊണ്ടു പോരണേ.” അന്നും അയാള്‍ പരിപ്പുവട തിന്നിരിക്കും. മരുന്നു വാങ്ങിക്കൊണ്ടു വീട്ടില്‍ പോയിരിക്കും.

വിപ്ലവത്തെ ഇങ്ങനെ ഇവരെപ്പോലെ വിപ്ലവാഭാസമാക്കുന്ന ചില കഥയെഴുത്തുകാരുണ്ടു്. അവരില്‍ ഒരാളാണു് ദേശാഭിമാനി വാരികയില്‍ “ഒരു കിളിയും ഞങ്ങളും” എന്ന കഥയെഴുതിയ സജിനി എസ്. ഒരുത്തനു ജോലി കിട്ടാന്‍ പ്രയാസം. ഒടുവില്‍ പോസ്റ്റ്മാന്റെ ജോലി ലഭിക്കുന്നു. അതു നോക്കി നോക്കി അയാള്‍ മരിക്കുന്നു. വ്യവസ്ഥിതിയുടെ തകരാറു കൊണ്ടാണു് ജോലി കിട്ടാത്തതു്; കിട്ടിയ ജോലി അപര്യാപ്തമായതു്; മരണം സംഭവിച്ചതിന്റെ ഹേതുവും വേറൊന്നുമല്ല — ഇതാണു് സജിനി കഥയിലൂടെ ധ്വനിപ്പിക്കുന്നതു്. ഇങ്ങനെ പരിവര്‍ത്തനത്തെ പരിവര്‍ത്തനാഭാസമായും വിപ്ലവത്തെ വിപ്ലവാഭാസമായും ചിത്രീകരിക്കുന്നവര്‍ക്കു മാവോയുടെ കാവ്യങ്ങലും ലൂഷന്റെ കഥകളും ഒരുമിച്ചു ചേര്‍ത്തു കഷായം വച്ചുകൊടുക്കണം. മേമ്പൊടിയായി ഗ്രീക്ക് കമ്മ്യൂണിസ്റ്റ് കവി യാനീസ് റീറ്റ്സോസിന്റെ കാവ്യങ്ങള്‍ കൊടുക്കാം. കഥാകാര ശിശുക്കള്‍ കഷായം കുടിച്ചില്ലെങ്കില്‍ “ഗോകര്‍ണ്ണ”മെടുത്തു് അതില്‍ ചെഗുവേരയുടെ കാവ്യങ്ങള്‍ ഒഴിച്ചു് ദെബ്രേയുടെ ആദ്യകാലലേഖനങ്ങളുടെ ദ്രാവകം കൂട്ടിച്ചേര്‍ത്തു് തൊണ്ടക്കുഴിയിലേക്കു് ഒഴിച്ചുകൊടുക്കണം.

* * *

ഈ ലേഖകന്‍ മാര്‍ക്സിസ്റ്റ് സാഹിത്യത്തെയും മാര്‍ക്സിസ്റ്റ് സാഹിത്യ നിരൂപണത്തെയും മാനിക്കുന്നു. ചിലപ്പോള്‍ അവ റിഡക്ഷനിസത്തിലേക്കു ചെല്ലാറുണ്ടെങ്കിലും ചൈനയിലും റഷ്യയിലും മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളില്‍ അടിയുറച്ച എത്രയെത്ര ഉത്കൃഷ്ണങ്ങളായ കൃതികളാണു് ഉണ്ടായിട്ടുള്ളതു്. അവയുടെ രാമണീയകത്തിന്റെ നേര്‍ക്കു് കണ്ണടയ്ക്കുന്നവന്‍ മനുഷ്യനല്ല. മിഹായീല്‍ ഷാലോഹൊഫിന്റെ Fate of Man എന്ന നീണ്ട ചെറുകഥ വായിക്കു. എന്തൊരു ചേതോഹരമായ കലാശില്പമാണതു്! അതും ഷൊലോഹോഫ് മോഷ്ടിച്ചതാണെന്നു സോള്‍ഷെനിറ്റ്സ്യന്‍ പറയുമോ?

സാഹിത്യനിരൂപണത്തില്‍ ലൂക്കാച്ചിനെയും വൊള്‍ട്ടര്‍ ബന്‍യമിനെയും വിട്ടുകളയൂ. അവര്‍ മഹാന്മാരാണല്ലോ. ബന്‍യമിനെക്കുറിച്ചു Terry Eagleton എഴുതിയ Walter Benjamin — On towards a revolutionary criticism എന്ന പുസ്തകം വായിക്കു. മാര്‍ക്സിസ്റ്റ് സാഹിത്യ നിരൂപണത്തിനു് എത്രത്തോളം ഉയരാന്‍ കഴിയുമെന്നതിനു് ആ ഗ്രന്ഥം നിദര്‍ശകമാണു്. ഇവിടെയെങ്ങും കിട്ടാത്ത ആ പുസ്തകം എനിക്കു വായിക്കാന്‍തന്ന സമുന്നതനായ നേതാവിന്റെ പേരു് ഇവിടെ എഴുതുന്നില്ല. അദ്ദേഹത്തിനു നന്ദി പറയുന്നതേയുള്ളൂ.

യൂ ഇറ്റ് പ്ലീസ്

“സബറ്റാഷ്” (Sabotage) എന്ന പേരില്‍ ഞാനൊരു ഫ്രഞ്ച് ഏകാങ്ക നാടകം വായിച്ചിട്ടുണ്ടു്. രചയിതാവിന്റെ പേരു് ഓര്‍മ്മയില്ല. പീയര്‍ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകനാണു്. ഇലക്ട്രീഷ്യനാണു്. പ്രധാനപ്പെട്ട പല പാര്‍ട്ടി സമ്മേളനങ്ങളും അയാള്‍ക്കു നഷ്ടമായി. കാരണം അയാളുടെ കുഞ്ഞിനു സുഖമില്ല എന്നതാണു്. അന്നു് അയല്‍ക്കാരനെ കുട്ടിയെ ഏല്പിച്ചിട്ടു് അയാള്‍ മീറ്റിങ്ങിനു പോയി. അയാള്‍ പോയയുടനെ കുഞ്ഞിന്റെ രോഗം കൂടി. അയല്ക്കാരന്‍ വിളിച്ചുകൊണ്ടു വന്ന ഡോക്ടര്‍ കുട്ടിയെ ഇലക്ട്രിക് ലൈറ്റിന്റെ താഴെക്കിടത്തി ‘ട്രേക്കിയോറ്റമി’ എന്ന ശസ്ത്രക്രിയയ്ക്കു ഭാവിച്ചു. കഴുത്തില്‍ അദ്ദേഹം ഒരു കീറലുണ്ടാക്കിയതേയുള്ളൂ. അപ്പോഴേക്കും ഇലക്ട്രിക് ലൈറ്റ് കെട്ടു. മെഴുകുതിരി കൊണ്ടുവരുന്നതിനു മുന്‍പു് കുട്ടി മരിച്ചു. Somebody has killed the child എന്നു ഡോക്ടര്‍. ആ സന്ദര്‍ഭത്തില്‍ കുടിച്ചു ലക്കില്ലാതെ പീറ്റര്‍ പ്രവേശിക്കുന്നു. അയാള്‍ പറയുകയാണു്: “ഇനി ലൈറ്റില്ല. ഞാന്‍ ഡയനമോ ഒളിച്ചു വച്ചു. പണി മുടക്കുകാര്‍ ജാഥയായി പോകുന്ന ശബ്ദം കേള്‍ക്കുന്നില്ലേ?” അയാളെക്കണ്ടയുടനെ You miserable fool എന്നു ഡോക്ടര്‍ വിളിച്ചു. “കൊലപാതകി, കൊലപാതകി, നീ എന്റെ കുഞ്ഞിനെ കൊന്നു” എന്നു പറഞ്ഞു് ഭാര്യ അയാളുടെ നേര്‍ക്കു ചാടുമ്പോള്‍ യവനിക വീഴുന്നു. ഈ നാടകം വെറും ക്രാഫ്റ്റാണു്. ഈ കുരവിരുതുപോലും എം. പദ്മനാഭന്‍ കുങ്കുമം വാരികയിലെഴുതിയ “രക്തസാക്ഷികള്‍” എന്ന കഥയിലില്ല. വിദ്യുച്ഛക്തി സമരത്തില്‍ പങ്കെടുത്ത ഒരുത്തന്റെ കുഞ്ഞു് ആശുപത്രിയിലെത്തുന്നതിനു മുന്‍പു് മരിക്കുന്നതാണു് ഇക്കഥയുടെ വിഷയം. ഇത്തരം കഥകള്‍ വായിച്ചാലുടനെ താളുകള്‍ കീറി കാറ്റില്‍ പറത്താനാണു് ഈശ്വരന്‍ നമുക്കു കൈകള്‍ തന്നിരിക്കുന്നതു്. Do it please…

നിഷ്ഠുരം പരുഷം ഗ്രാമ്യമശ്ളീലം

ഒരു തരുണിയുടെ ആഗമനം ഒരു യുവാവില്‍ ഉളവാക്കിയ പ്രതികരണങ്ങള്‍ കാല്പനികമായി ചിത്രീകരിക്കുന്നു സുരേന്ദ്രന്‍ പയ്യാനക്കല്‍ (ആഗമനം, ചന്ദ്രിക വാരിക). ഇക്കഥയിലെ ഒരു വാക്യം. “അവളുടെ സമൃദ്ധമായ കളേബരം കാറ്റില്‍ പറക്കുന്നു.” കളേബരത്തിനു ശരീരമെന്നേ അര്‍ത്ഥമുള്ള തിരുവനന്തപുരത്തു്. പയ്യാനക്കലില്‍ മുടിയെന്ന അര്‍ത്ഥം കാണും. അരിക്കച്ചവടക്കാരന്‍ അരിയില്‍ മണല്‍ ചേര്‍ക്കുന്നത്രേ (ജോണ്‍ ആലുങ്കലിന്റെ കഥ മനോരാജ്യത്തില്‍). കള്ളനോട്ടടിച്ചാല്‍ ജയിലില്‍ പോകും. വ്യാജസാഹിത്യം രചിച്ചാല്‍ പ്രതിഫലവും വാങ്ങി സുഖമായി കഴിയാം. ജി. ശങ്കരപ്പിള്ളയുടെ “രാപ്പക്ഷികള്‍” എന്ന ഏകാങ്ക നാടകം (മാതൃഭൂമി വാരിക) എനിക്കിതു മനസ്സിലായില്ല. പടച്ചവനാണെ സത്യം.

* * *

വികാരം സ്വാഭാവികമായി വരും, വരണം. അതു് ആരും മാനുഫാക്ചര്‍ ചെയ്യരുതു്.