സാഹിത്യവാരഫലം 1985 07 21
This page is under construction. This text or section is currently in the middle of an expansion or major revamping. However, you are welcome to assist in its construction by editing it as well. Please view the edit history should you wish to contact the person who placed this template. If this article has not been edited in several days please remove this template. Please don't tag with a deletion tag unless the page hasn't been edited in several days. While actively editing, consider adding {{inuse}} to reduce edit conflicts. |
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1985 07 21 |
ലക്കം | 514 |
മുൻലക്കം | 1985 07 14 |
പിൻലക്കം | 1985 07 28 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
താന്‍ കണ്ട ഒരു ജപ്പാനീസ് ചലച്ചിത്രത്തെക്കുറിച്ചു് ഒരു മനഃശാസ്ത്രജ്ഞന് എഴുതിയത് എന്റെ ഓര്‍മ്മയിലെത്തുന്നു. ഒട്ടും ക്രൂരനല്ലാത്ത ഒരു ചെറുപ്പക്കാരന് ഒരു ചെറുപ്പക്കാരിയെക്കണ്ടു് പ്രേമത്തില്‍ വീണു. അവളെക്കാത്ത് അയാള്‍ വിളക്കുതൂണിന്റെ പിറകില്‍ നിൽക്കുകയായിരുന്നു. യുവതി അടുത്തെത്തിയപ്പോള്‍ അയാള്‍ പൊടുന്നനവേ അവളുടെ മുന്പില് വന്നുനിന്നു. ആകസ്മികമായ ആ പ്രത്യക്ഷപ്പെടല്‍ അവളെ പേടിപ്പിച്ചിച്ചിരിക്കണം. യുവതി നിലവിളിച്ചു. നിലവിളികേട്ടു് ആളുകള്‍ ഓടിക്കൂടിയാല്‍ തന്റെ അവസ്ഥ ശങ്കാസ്പദമാകുമല്ലോ എന്നു കരുതി അയാള്‍ അവളുടെ വാ പൊത്തിപ്പിടിച്ചു. ശ്വാസം മുട്ടി യുവതി മരിക്കുകയും ചെയ്തു. ചെറുപ്പക്കാരനു ചെറുപ്പക്കാരിയോടു സ്നേഹമേയുള്ളു. പക്ഷേ മൃതദേഹം കാണുന്ന ബഹുജനം അതു വിശ്വസിക്കില്ല. അവര്‍ ബഹളംകൂട്ടും. പൊലീസ് വരും. അറസ്റ്റുണ്ടാകും. കോടതി അയാള്‍ക്കു വധശിക്ഷ നൽ കിയെന്നുംവരും. നമ്മള് പ്രവൃത്തികളുടെ ഫലങ്ങളെ അവലംബിച്ചുകൊണ്ടാണു തീരുമാനങ്ങളിലെത്തുന്നത്. ആ പ്രവര്‍ത്തനങ്ങളുടെ പിന്നിലുള്ള മാനസികപ്രേരണകളെക്കുറിച്ചു വിചാരിക്കുന്നില്ല. അവ നല്ല ഉദ്ദേശ്യത്തോടുകൂടിയുള്ളവയാണോ എന്നു പരിശോധിക്കുന്നില്ല.
ഈ ലേഖന പരമ്പരയില്‍ ചോരപുരണ്ട വാക്കുകള്‍ കാണാറുണ്ടു്. അവ കഠാരകളായി കഥാഗളനാളങ്ങളെ മുറിക്കാറുണ്ടു്. മുറിക്കുന്നവനെ ആതതായിയെന്നു വിളിക്കുന്നതിനു മുന്‍പു അയാളുടെ ലക്ഷ്യം മലീമസമാണോ അല്ലയോ എന്നു സദയം ആലോചിച്ചാലും.
Contents
ഏ.പി. ഉദയഭാനു
ആലോചിക്കുമ്പോള്‍, വേഗത്തിനും ലഹരിയുണ്ടു് എന്നു് ഏ.പി. ഉദയഭാനു മനോരാജ്യത്തിലെഴുതിയതു് ശരിയാണെന്നു് നമുക്കു ഗ്രഹിക്കാം. മനുഷ്യനു വേണ്ടി മനുഷ്യന് സൃഷ്ടിച്ച ‘വാഹനവേഗം’ അവനെയും എടുത്തുകൊണ്ടു പായുകയാണെന്നും അതിന്റെ ഫലമായി ശാന്തിയും സ്വസ്ഥതയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നതിനോടു് ആരും യോജിക്കും. ഈ വേഗം അല്ലെങ്കില്‍ ആധിക്യം നമ്മുടെ നവീന സംസ്കാരത്തിന്റെ സുപ്രധാന ഘടകമായി ഭവിച്ചിരിക്കുന്നു. എല്ലാ മണ്ഡലങ്ങളിലുമുണ്ടു് ഈ ആധിക്യം. എന്റെ കുട്ടിക്കാലത്തു് ഞാന്‍ നിലവിളക്കിനു മുന്‍പിലിരുന്നാണു് പഠിച്ചതു്. എനിക്കു് എട്ടോ ഒന്‍പതോ വയസ്സായപ്പോള്‍ തിരുവനന്തപുരത്തു് വിദ്യുച്ഛക്തിവന്നു. പതിനഞ്ചുവാട്ട്സ്ബള്ബിന്റെ താഴെയിരുന്നു് വായിച്ചിരുന്നവര് നാല്പതുവാട്സാക്കി. അതറുപതായി. ഇന്നു നൂറാണു് കണക്കു്. എഴുത്തച്ഛന് ഓലയില്‍ നാരായംകൊണ്ടെഴുതിയ ചേതോഹരങ്ങളായ കാവ്യങ്ങള്‍ ഇന്നും കേരളീയരെ കോരിത്തരിപ്പിക്കുന്നു. നമ്മുടെ ഇന്നത്തെ കവികള്‍ക്കു് എഴുതാന്‍ പാര്‍ക്കര്‍ പേന വേണം. സാധാരണമായ കടലാസ്സു പോരാ. പേന തെന്നിത്തെന്നിപ്പോകുന്ന മാനിഫോള്‍ഡ് പേപ്പര്‍ തന്നെ വേണം. ഈ ലേഖനം ഞാന്‍ മാനിഫോള്‍ഡ് കടലാസ്സിലാണു് എഴുതുന്നതു്.
പണ്ടു ജലദോഷം വന്നാല്‍ കരുപ്പട്ടിയും ചുക്കും കുരുമുളകും വെള്ളത്തിലിട്ടു തിളപ്പിച്ചു് പകര്‍ന്നെടുത്തു ചെറു ചൂടോടെ രണ്ടോ മൂന്നോ തവണ കുടിക്കും. അതോടെ തൊണ്ടവേദന മാറും, ജലദോഷം പോകും. ഇന്നു് അംപിസിലിന്‍ എന്ന ആന്റി ബയോട്ടിക് അഞ്ചു ദിവസത്തേക്കു ദിവസം മൂന്നു് എന്ന കണക്കിനു്. അമ്പതു രൂപയോളം വില. കൂടെ വൈറ്റമിനും ചുമയ്ക്കുള്ള മരുന്നും. ഡോക്ടര്ക്കു് അമ്പതു രൂപ. ആശുപത്രിയില്‍ പോയിവരാനുള്ള ടാക്സിക്കാര്‍ ചാര്‍ജ്ജ് നാല്പതുരൂപ. ചുരുക്കത്തില്‍ ജലദോഷം ഭേദമാകുമ്പോള്‍ മുന്നൂറ്റമ്പതു രൂപയെങ്കിലും ചെലവായിരിക്കും. ചുക്കു്, അരിഷ്ടം, സള്ഫഡ്രഗ്, പെനിസിലിന്, അംപിസിലിന്‍ എന്ന മട്ടില്‍ പുരോഗമനം. എന്തിനു് അംപിസിലിന്‍? എന്നു നമ്മള് ചോദിച്ചാല്‍ It has a broader spectrum of anti bacterial activity എന്നായിരിക്കും ഡോക്ടറുടെ ഉത്തരം. ‘ഈശ്വരന് സംഭവങ്ങളുണ്ടാക്കിയാല് ഞാന്‍ റിപ്പോര്‍ട്ട് ചെയ്യും’ എന്നായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നിലപാടു്. ഇന്നു പത്രാധിപന്മാര് സംഭവങ്ങള്‍ ഉണ്ടാക്കുന്നു. ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോള്‍ വാക്കുകളും കൂടുതല്‍ വേണം. അതിനാല്‍ ഷേക്സ്പിയര് പറഞ്ഞതുപോലെ ‘വാക്കുകള്‍, വാക്കുകള്‍, വാക്കുകള്‍’ മാത്രമേയുള്ളു ഇപ്പോള്‍ കാവ്യത്തിലൂടെ, വിമര്‍ശനത്തിലൂടെ, നോവലിലൂടെ വാക്കുകള്‍ നമ്മെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. അംഗം അതിന്റെ മറ്റൊരു രൂപമായ ആധിക്യം — ഇതു നമ്മെ ജീര്ണ്ണതയിലേയ്ക്കു നയിക്കുന്നു.
[പല ചിന്തകന്മാരും ഈ ആധിക്യത്തെക്കുറിച്ചു എഴുതിയിട്ടുണ്ട്. മാര്ലൂണ്, വലേറി ഇവര്‍ പ്രധാനര്‍.]
പടയെ പേടിച്ചു് പന്തളത്തു്
എനിക്കറിയാവുന്ന മോശപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണു് ചിറ്റൂര്‍. പണ്ടത്തെ കാര്യമാണു പറയുന്നതു്. ഇന്നു് ഒരു പക്ഷേ അവിടത്തെസ്ഥിതി മാറിയിരിക്കാം അതുകൊണ്ടു് ആരും വഴക്കിനുവരരുതു്. അന്നാണെങ്കില്‍ വെളിച്ചം കയറുന്നവീടുകള് ചുരുക്കം. ഭക്ഷണശാലകള്‍ ഒന്നോ രണ്ടോ മാത്രം. അവിടെക്കിട്ടുന്ന ചോറു് പാക്കിട്ടു വേകിച്ചതായിരിക്കും. സോപ്പ് പതയാത്ത കനം കൂടിയ കിണറ്റുവെള്ളം. അതില്‍ കുളിച്ചാല്‍ തലമുടിപൊഴിയും. കണ്ണുനീറും. ദൈവം കുട്ടി എന്നു വിളിക്കുന്ന ഒരുതരം കൊച്ചുപാമ്പു്. രാത്രി ഉറങ്ങുമ്പോള്‍ അതു നമ്മുടെ കിടക്കയില്കാണും മിക്കവാറും. ദൈവത്തിന്റെ കുട്ടിയായതുകൊണ്ടു് ആരെയും അതു കടിക്കില്ലപോലും. എങ്കിലും നമ്മള് ഞെട്ടും. ആ സ്ഥലത്തു് ഓട്ടുകമ്പനിക്കാരുടെ ഒരു കെട്ടിടത്തില്‍ ഒരു കട്ടിലും മരത്തിലുള്ള ഒരു പുസ്തകപ്പെട്ടിയുമായി ഞാനും കുടുംബവും കഴിഞ്ഞുകൂടി. സ്നേഹിതരെ വീട്ടിലേക്കു ക്ഷണിക്കാന്‍ എനിക്കു പേടിയായിരുന്നു. അവര്‍ വന്നാല്‍ എവിടെയിരിക്കും? കസേരകളില്ല എന്നല്ല പറയേണ്ടതു്. കസേരയില്ല എന്നാണു്. ഒരിക്കല്‍ നാലഞ്ചു പെണ്‍കുട്ടികള്‍ എന്നെ കാണാന്‍വന്നു. അവരില്‍ ഒരു കുട്ടിയുടെ പേരു ഞാന്‍ ഓര്‍മ്മിക്കുന്നു, ഉഷ. നല്ല പോലെ പാടും; ഭംഗിയായിനൃത്തം ചെയ്യും. സൗന്ദര്യത്തിലും അദ്വിതീയ. ആ കുട്ടികളെ നോക്കി അര്‍ത്ഥശൂന്യമായി “ഇരിക്കു.” എന്നു ഞാന്‍ പറഞ്ഞു. കുട്ടികള്‍ ചുറ്റും നോക്കിയിട്ടുനിന്നു. കുറെനേരംനിന്നു സംസാരിച്ചിട്ടു് അങ്ങു പോകുകയും ചെയ്തു. അങ്ങനെ കഴിഞ്ഞുകൂടുമ്പോള്‍ തത്തമംഗലം എന്ന സ്ഥലത്തേക്ക് ഒരു സായാഹ്നസവാരിപോയി. വഴിയില്വച്ചുകണ്ട ഒരു സഹപ്രവര്‍ത്തകനോടു ഞാന്‍ പറഞ്ഞു. “അല്പനേരം നിങ്ങളുടെ വീട്ടില്‍ വിശ്രമിക്കാം. എനിക്കു് തളര്‍ച്ചതോന്നുന്നു.” സ്നേഹിതന് ഒന്നും മിണ്ടിയില്ല. എങ്കിലും ഞാന്‍ അദ്ദേഹത്തോടൊരുമിച്ചുപോയി. ചെന്നുകയറിയപ്പോഴാണു് മൗനത്തിന്റെ അര്‍ത്ഥം മനസ്സിലായതു്. ഞാന്‍ താമസിക്കുന്നിടത്തു് ഒരു പെട്ടിയെങ്കിലുമുണ്ടു്. വേണ്ടിവന്നാല്‍ ഒരാള്‍ക്കു് അതില്‍ ബലപ്പിക്കാതെ ഇരിക്കാം. സഹപ്രവര്‍ത്തകന്റെ വീട്ടില്‍ അതുമില്ല. ഷീറ്റ് വിരിച്ചു് അദ്ദേഹം താഴെ ഇരിക്കുന്നു, കിടക്കുന്നു.
അന്നത്തെ ഈ ഗതികേടു് ഇന്നു് മറ്റൊരുതരത്തില്‍. ഒരു വാരിക തുറന്നുനോക്കി. എഴുതത്തക്കവിധത്തില്‍ ഒന്നുമില്ല. ഒരു ബോറന് കഥമാത്രം. അതുകൊണ്ടു് അതു താഴെവച്ചിട്ടു് വേറൊരു വാരിക എടുത്തു. ആദ്യത്തെ വാരികയില്‍ ബോറന് കഥയെങ്കിലുമുണ്ട്. പ്രചുരപ്രചാരമാര്‍ന്ന രണ്ടാമത്തെ വാരികയില്‍ അതുമില്ല. അതുകൊണ്ടു് ആദ്യത്തെ വാരികയിലേക്കുതന്നെ വരട്ടെ. വി.എം.എ. ലത്തീഫിന്റെ ‘അഞ്ചാമന്’ എന്ന ചെറുകഥ (ദീപിക). ഒരു ലോഡ്ജിലെ ഒരു മുറിയില്‍ വന്നു താമസിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നു. ഒരു ദിവസം അവിടെയത്തിയ ഒരു ചെറുപ്പക്കാരന് ആത്മഹത്യ ചെയ്യാത്തതില്‍ മറ്റുള്ളവര്‍ക്കു് അത്ഭുതം. ചെറുകഥയുടെ ഒരു സ്വഭാവവുമില്ലാത്ത ഈ സാഹസിക്യം മഷിപുരണ്ടു വരുമ്പോള്‍ അതിനെക്കുറിച്ചെഴുതാന്‍ ഞാന്‍ നിര്‍ബ്ബദ്ധനാകുന്നു. കാന്റിന്റെ “ക്റേറിഗേറിക്കല് ഇംപരറ്റീവി”നെക്കുറിച്ചു് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭാര്യ വന്നു് “ഇതാ എന്നെ കൊതുകു് കടിച്ചതിന്റെ പാടു കണ്ടോ?” എന്നു് കൈനീട്ടിക്കാണിച്ചു ചോദിച്ചാല്‍ ഭര്‍ത്താവിനെന്തു തോന്നും? അയാള്‍ക്കു് എന്തു തോന്നുമോ അതാണു് ലത്തീഫിന്റെ ഈ ക്ഷുദ്രമായ കഥ വായിച്ചപ്പോള്‍ എനിക്കു തോന്നിയതു്. അങ്ങനെ ചോദിക്കുന്ന സ്ത്രീകളുണ്ടു്; ഇങ്ങനെ കഥയെഴുതുന്ന ലത്തീഫുകളുമുണ്ടു്. ലത്തീഫ് ഒറ്റയ്ക്കല്ല. ദീപിക ആഴ്ചപ്പതിപ്പിന്റെ അടുത്ത ലക്കത്തില്‍ ‘വഴിത്തിരിവു്’ എന്ന കഥയെഴുതിയ ജോസ് ലിറ്റുമുണ്ടു് അദ്ദേഹത്തിന്റെ കൂട്ടുകാരനായി. ഒരു മദ്യപന് ഭാര്യ പ്രസവിക്കാറായപ്പോള്‍ ഒട്ടും ശ്രദ്ധിക്കുന്നില്ല. അയാള്‍ കടിക്കാന്‍ പോയി. ഭാര്യ പ്രസവത്തില്‍ മരിച്ചു. കുഞ്ഞു് തനിച്ചു കിടന്നതു കണ്ടപ്പോള്‍ മദ്യപന്റെ മനസ്സുമാറി. ഇതാണു് ‘വഴിത്തിരിവു്.’ Expanding Universe എന്നതു ശാസ്ത്രകാരന്മാരുടെ സങ്കല്പമാണു്. വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ മനുഷ്യന്റെ മനസ്സും വികസിക്കുന്നു. ആ വികാസത്തെ തടസ്സപ്പെടുത്തി സങ്കചിതത്വത്തിലേക്കു നയിക്കാനേ ഇത്തരം കഥകള്‍ പ്രയോജനപ്പെട്ടു.
ആദ്യംതൊട്ടു് അവസാനംവരെ; പിന്നെയും ആദ്യംതൊട്ടു് അവസാനംവരെ — ഇങ്ങനെ നിറുത്താതെയാണു് ഞാന്‍ വാല്മീകിരാമായണം വായിക്കുന്നതു്. തേന്‍ കുടിക്കുന്ന അനുഭൂതിയാണു് ആ പാരായണം ഉളവാക്കുക. മാത്രമല്ല ഏതു സംസ്കൃതശ്ലോകത്തിന്റെയും അര്‍ത്ഥം തെറ്റുകൂടാതെ പറയാനും അതു സഹായിക്കും. സ്വല്പം മുന്‍പു് വായിച്ചുനിറുത്തിയ ഒരു ശ്ലോകം എടുത്തെഴുതാം.
- ആമ്രം ഛിത്വാ കുഠാരേണ
- നിംബം പരിചരേതു യഃ
- യശ്ചൈനം പയസാ സിഞ്ചേത്
- നൈവാസ്യ മധുരോ ഭവേത്.
- ആമ്രം ഛിത്വാ കുഠാരേണ
[കോടാലികൊണ്ടു മാവു മുറിച്ചുകളഞ്ഞതിനുശേഷം വേപ്പുനട്ടിട്ടു് (എന്നും) പാലൊഴിച്ചാലും മാധുര്യമുള്ള ഫലം ലഭിക്കില്ല.]
കേരളത്തിന്റെ സാഹിത്യമണ്ഡലത്തില്‍ ഇപ്പോള്‍ വേപ്പു നട്ടുപിടിപ്പിക്കുകയാണു് ആളുകള്‍. മാമ്പഴത്തിനു വേണ്ടി മറ്റിടങ്ങളിലേക്കു പോകേണ്ടിയിരിക്കുന്നു നമുക്കു്.
പുതിയലോകം വേണം
നൂതനമായ ഉള്‍ക്കാഴ്ചയുണ്ടാക്കുന്ന മനസ്സിന്റെ പ്രവര്‍ത്തനമാണു് ഭാവന. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ‘മരപ്പാവകള്‍’ എന്ന അതിസുന്ദരമായ ചെറുകഥ ഭാവനാത്മകമാണു്. കാരണം അതു് നൂതനമായ ഉള്‍ക്കാഴ്ച ജനിപ്പിക്കുന്നു എന്നതത്രേ. അതു ജനിച്ചു കഴിഞ്ഞാല്‍ കലാസൃഷ്ടി ഉളവാക്കുന്ന ലോകം വിശ്വാസജനകമാകും; യുക്തിക്കുചേരാത്തതാണെങ്കില്പ്പോലും. എം. പദ്മനാഭന് ‘കള്ളന്’ എന്ന കഥ കൊണ്ടു സൃഷ്ടിക്കുന്ന ലോകത്തിനു വിശ്വാസ്യത ഇല്ലെന്നു പറയാന്‍വയ്യ. ഭര്‍ത്താവു് ധ്വജഭംഗമുള്ളവനായതുകൊണ്ടു ഭാര്യ ജാരനെ സ്വീകരിക്കുന്നു. ജാരനു് കയറിവരാന്‍ അവള് കയറു് മരത്തിലോ മറ്റോ കെട്ടി മതിലിനു മുകളിലൂടെ ഇടുന്നു. അതില്‍ പിടിച്ചുകയറുന്ന ജാരനെ തേങ്ങ മോഷ്ടിക്കുന്നവനായി തെറ്റിദ്ധരിച്ചു പൊലീസ് പിടികൂടുന്നു. ഇതൊക്കെ നിത്യജീവിതത്തില്‍ സംഭവിക്കാവുന്നതാണു്. അതു കൊണ്ടു് യുക്തിയുക്തം. അക്കാരണത്താല്‍ വിശ്വാസ്യവും. പക്ഷേ, ഭാവനയുടെ ലോകത്തു് ഇതു് അവിശ്വാസ്യമാണു്. കയറില്‍ പിടിച്ചു കയറുന്നജാരന് കൈവിട്ടു് പൊത്തോ എന്നു് റോഡില്‍ത്തന്നെ വീണു എന്നെഴുതുന്നതും പൊലീസ് വന്നു് പിടികൂടി എന്നെഴുതുന്നതും തമ്മില്‍ എന്തേ വ്യത്യാസം? രണ്ടും ഒരേ മട്ടില്‍ പരിഹാസ ജനകങ്ങളാണു്. ചെമ്മീനെന്ന നോവലിലെ കറുത്തമ്മയും പരീക്കുട്ടിയും ആത്മഹത്യ ചെയ്യുമ്പോള്‍, ‘ഓടയില്‍നിന്നു്’ എന്ന നോവലിലെ പപ്പു ചുമച്ചുകൊണ്ടു് അകന്നകന്നു പോകുമ്പോള്‍ ആ രണ്ടു കഥകള്‍ക്കും വേറൊരു പര്യവസാനം വരാനില്ല എന്നു വായനക്കാര്‍ക്കു തോന്നുന്നു. അതുകൊണ്ടു് അവ കലാത്മകമായ ദൃഢപ്രത്യയം ഉളവാക്കുന്നു. പത്മനാഭന്റെ കഥയുടെ പര്യവസാനം വിശ്വാസമുളവാക്കുന്നില്ല. അതിനാല്‍ അതിനു് സാഹിത്യകോടിയില്‍ പ്രവേശനമില്ല. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതുപോലെ ഒരു പുതിയ ലോകം കണ്ടുപിടിക്കുകയാണു് കലാകാരന്. ആ പ്രക്രിയയ്ക്കു കഴിവില്ല പത്മനാഭനു്.
ക്ളീന്‍ ഫീലിങ്
ഈ ശതാബ്ദത്തിലെ ഏറ്റവും വലിയ ബുദ്ധിശാലിനി സീമോന്‍ ദെ ബോവ്വാറാണു്. അവരുടെ ഓരോ പുസ്തകം വായിക്കുമ്പോഴും ഉണ്ടാകുന്ന അനുഭവം അസാധാരണമാണു്. അന്യാദൃശമാണു്. പക്ഷേ അവരുടെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ജുഗുപ്സാവഹങ്ങളെത്രേ. I had sometimes heard grown — up women urinating with the noise of a cataract — പ്രായമായ സ്ത്രീകള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദത്തോടുകൂടി മൂത്രമൊഴിക്കുന്നതു ചിലപ്പോള്‍ ഞാന്‍ കേട്ടിട്ടുണ്ടു് — എന്നതു് ഒരു ഭാഗമാണു്. നേരേ മറിച്ചാണു് ഇസഡോറ ഡങ്കന്‍ എന്ന വിശ്വവിഖ്യാതയായ നര്‍ത്തകിയുടെ ആത്മകഥ വായിക്കുമ്പോഴുണ്ടാകുന്ന അനുഭവം. രണ്ടു സന്ദര്‍ഭങ്ങള്‍ ഞാനോര്‍മ്മിക്കുന്നു. ഒന്നു് ഫ്രഞ്ച് ശില്പി റൊദങ്, ഇസഡോറയെ കണ്ടയുടനെ കളിമണ്ണുകൊണ്ടു് ഒരു മുല അനായാസമായി നിര്‍മ്മിച്ചിട്ടു് അവരെ ആശ്ലേഷിച്ചതും മറ്റും. രണ്ടാമത്തേതു് ഇംഗ്ലീഷ് അഭിനേത്രി എലന്‍ ടെറിയുടെ മകന് ക്രേഗുമായുള്ള (Craig) അവരുടെ വേഴ്ച. അഗ്നിജ്വാല അഗ്നിജ്വാലയുമായി ഒരുമിച്ചു ചേര്‍ന്നു് ജ്വലിക്കുന്ന വഹ്നിയായി മാറുന്ന മട്ടിലായിരുന്നു ആ ലൈംഗികബന്ധം. മൂന്നോ നാലോ പുറങ്ങളോളമുണ്ടു് ആ വര്‍ണ്ണന. ഒരിടത്തും ഒരശ്ശീലപദമില്ല. വായിച്ചുതീരുമ്പോള്‍ അഗ്നിയുടെ വിശുദ്ധി നമ്മളറിയുന്നു. എ.ഡി. രാജന് കുങ്കുമം വാരികയിലെഴുതിയ ‘ഒരു ദേവിയും കുറെ ഭക്തന്മാരും’ എന്ന കഥയിലെ വിഷയം ഒരു വേശ്യയുമായുള്ള ഒരു യുവാവിന്റെ സംഗമമാണു്. പക്ഷേ പാരായണം ഒരു ക്ലീന്‍ ഫിലിങ് ഉളവാക്കുന്നു. അതുതന്നെയാണു് അക്കഥയുടെ സവിശേഷതയും.
ജപ്പാനീസ് സാഹിത്യകാരന് കാവാബത്തയെപ്പോലെ സെക്സിനെ കാവ്യഭംഗിയോടെ ആവിഷ്കരിച്ച വേറൊരു കലാകാരനില്ല വിശ്വസാഹിത്യത്തില്‍. അദ്ദേഹത്തിന്റെ ‘മോതിരം’ എന്ന കഥ നോക്കുക. നദിയുടെ കുളിക്കടവില്‍ പന്ത്രണ്ടുവയസ്സായ ഒരു പെണ്‍കുട്ടി നഗ്നയായി നില്ക്കുന്നതു് ഒരു സര്വകാലാശാലാവിദ്യാര്ത്ഥി കാണുന്നു. അയാള്‍ ഉടനെ വസ്ത്രങ്ങളഴിച്ചിട്ടു് പരിപൂര്‍ണ്ണനഗ്നനായി അവളുടെ അടുക്കലേക്കു നീന്തിച്ചെല്ലുന്നു. അവള് ഇടതു കൈയുയര്ത്തിയിട്ടു പറഞ്ഞു: “ഞാനിതു് ഊരിവയ്ക്കാന്‍ മറന്നുപോയി…”
“ഭംഗിയുള്ള മോതിരം. ഞാനതുകാണട്ടെ” എന്നു വിദ്യാര്‍ത്ഥി.
“ഇതു് ഓപ്പല്‍ രത്നമാണു്. എന്റെ വിരലുകള്‍ തീരെ മെലിഞ്ഞവയായതുകൊണ്ടു് സ്വര്‍ണ്ണത്തിന്റെ ഭാഗം പ്രത്യേകമായി നിര്‍മ്മിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പക്ഷേ, ആ ഭാഗത്തെ അപേക്ഷിച്ചു് കല്ലു് വളരെവലുതായിപ്പോയിയെന്നാണു് പറയുന്നതു്.”
ലൈംഗികവേഴ്ചയ്ക്കു വയസ്സിന്റെ അന്തരം തടസ്സം സൃഷ്ടിക്കുന്നു എന്നതു് ഇതിനെക്കാള്‍ ഭംഗിയായി പറയുന്നതെങ്ങനെ?
കുഞ്ഞുണ്ണി
- ഒന്നിനൊന്നോടു സാദൃശ്യം
- ചൊന്നാലുപമയാമതു്
- മന്ത്രിവര്യ വിളങ്ങുന്നു
- ചന്ദ്രനെപ്പോലെ നിന്മുഖം.
എന്ന് എ.ആർ. രാജരാജവർമ്മ എഴുതിയത് കുഞ്ഞുണ്ണിയായിരിക്കും ഇങ്ങനെ മാറ്റിയത്.
- ഒന്നിനൊന്നോടു സാദൃശ്യം
- ചൊന്നാലുപമയാമതു്
- മന്ത്രിവര്യ വിളങ്ങുന്നു
- ചന്തിയെപ്പോലെ നിന്മുഖം
ഈ അഭ്യൂഹത്തിനു കാരണമുണ്ടു്. വടകരയിലെ കെ. ഹമീദ് ഇതെടുത്തെഴുതിക്കൊണ്ടു് അദ്ദേഹത്തോടു ചോദിക്കുന്നു: “മന്ത്രിമാരോടു് മാഷ്ക്കെന്താ ഇത്ര വലിയ വിരോധം?” കുഞ്ഞുണ്ണി മറുപടി നല്കുന്നു: പുറം കൊണ്ടെന്നപോലെ അകംകൊണ്ടും മന്ത്രിയായിരിക്കുന്നവരെക്കുറിച്ചു മാഷ്ക്കൊരു വിരോധവുമില്ല. (ചന്ദ്രിക ആഴ്ചപ്പതിപ്പു്) അതു ശരി. കുഞ്ഞുണ്ണി മാഷ്ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും വിരോധമില്ല. പക്ഷേ അമ്മാതിരി ജനനായകര്‍ ഇന്നു് ഉണ്ടാകാത്തതിനു കാരണമെന്താണു്? “നിങ്ങള്‍ക്കു് അര്‍ഹതയുള്ള സര്‍ക്കാര്‍ നിങ്ങള്‍ക്കു കിട്ടുന്നു” എന്നാണു ചൊല്ലു്. ജീര്‍ണ്ണിച്ച സമുദായത്തിന്റെ പ്രതിനിധികള്‍ ജീര്ണ്ണിച്ചവരായിരിക്കും. ‘ഇംഗ്ലീഷുകാരെന്ന ശത്രുക്കളെ നാട്ടില്‍ നിന്നു് ഓടിക്കുക’ എന്ന ചിന്തയോടുകൂടി, അതില്‍നിന്നു ജനിക്കുന്നവികാരത്തോടുകൂടി ജനത പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ ഒരു ഉദാത്തമണ്ഡലത്തില് എത്തി. ആ ഉദാത്തസമുദായത്തിന്റെ പ്രതിനിധികള്‍ മഹാന്മാരായേപറ്റൂ. മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍നെഹ്റു സുഭാഷ് ചന്ദ്രബോസും അങ്ങനെ ഭാരത ത്തിലുണ്ടായി. ഇന്നു നമ്മുടെ സമുദായത്തിനു് ഉല്‍കൃഷ്ടമായ ലക്ഷ്യമൊന്നുമില്ല. ക്ഷുദ്രചിന്തകളും ക്ഷുദ്രവികാരങ്ങളാണു് അതിനെ ഭരിക്കുന്നതു്. അങ്ങനെയുള്ള സമുദായത്തിന്റെ പ്രതിനിധികൾ ധീരന്മാരും മഹാമനസ്കരും ആയിരിക്കണമെന്നു് അഭിലഷിക്കുന്നതാണു തെറ്റു്. പ്രഗല്ഭരും സത്യസന്ധരുമായ വ്യക്തികള്‍ തിരഞ്ഞെടുപ്പിനു നില്‍ക്കില്ല. നില്ക്കുന്നവര് മുന്‍പേ തങ്ങളുടെ കൊള്ളരുതായ്മ പ്രദര്‍ശിപ്പിച്ചിട്ടുള്ളവരാണു്. മറ്റു മാര്‍ഗ്ഗമില്ലാതെ ജനങ്ങള്‍ അവര്‍ക്കുതന്നെ വോട്ട് നല്കുന്നു. അധികാരത്തില്‍ കൊണ്ടു വരുന്നു. The electoral elects them yet despises them (ടോയിന്‍ബി).
പുഴുങ്ങിയ കല്പ, പഴുത്ത മാന്പഴം
എന്റെ കുട്ടിക്കാലത്തു് പ്രൈവറ്റ് സ്കൂളിലെ നാലാംക്ലാസ്സ് ജയിച്ച ഇംഗ്ലീഷ് സ്കൂളിലെ പ്രിപ്പാരട്ടറി ക്ലാസ്സില്‍ ചേരാമെന്നായിരുന്നു ഏര്‍പ്പാടു്. അതു കഴിഞ്ഞാല്‍ ഫസ്റ്റ്, സെക്കന്‍ഡ് ഈ ക്ലാസ്സുകള്‍, സിക്സ്ത് ഫോമില്‍ പബ്ളിക് പരീക്ഷ (പണ്ടത്തെ പത്താം ക്ലാസ്സ്) അതേ സ്കൂളില്‍ നാലാംക്ലാസ്സ് ജയിച്ചു് മലയാളം സ്കൂളില്‍ അഞ്ചു്, ആറു്, ഏഴു് എന്ന കണക്കിനു് ഒന്‍പതാം ക്ളാസ്സ് വരെ പഠിക്കാമെന്ന ഏര്‍പ്പാടുമുണ്ടായിരുന്നു. പത്താംക്ളാസ്സ് ജയിച്ചാല്‍ അധ്യപകന്റെ ജോലി കിട്ടും, ഏഴാം ക്ലാസ്സില്‍ ‘ചിന്താവിഷ്ടയായ തുടങ്ങിയ പ്രൗഢങ്ങളായ കാവ്യങ്ങളാണു് പഠിക്കാനുണ്ടായിരുന്നുതു്.
ഇവിടെ ഇനിയും ഒരു പുറം കൂടി ചേര്‍ക്കാനുണ്ട്.
|
|