close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 11 03


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 11 03
ലക്കം 529
മുൻലക്കം 1985 10 27
പിൻലക്കം 1985 11 10
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചിറ്റൂര്‍ കോളേജിലേക്കുള്ള നടപ്പാതയില്‍ നിന്നു നോക്കിയാല്‍ അങ്ങകലെ നീലമലകളുടെ നിരകള്‍ കാണാം. ചിലപ്പോള്‍ അവയിലൂടെ വെള്ളിരേഖകൾ ഒലിക്കുന്നുണ്ടാവും. ജലപ്രവാഹങ്ങളാണു് അവ. ഇതുപോലുള്ള കാഴ്ചകള്‍ കണ്ടിട്ടാവണം കവി ആനയ്ക്കു ഭസ്മക്കുറിയിട്ടതുപോലെ എന്നു് അലങ്കാരം പ്രയോഗിച്ചതു്. ഹൃദയഹാരിയായ ഈ ദൃശ്യം കണ്ടിട്ടു് നമ്മള്‍ എണ്ണമറ്റ പ്രയാസങ്ങൾ തട്ടിത്തകര്‍ത്തു് ആ മലനിരകളില്‍ ചെന്നുചേര്‍ന്നലോ? ഭംഗി കാണില്ലെന്നു മാത്രമല്ല പേടിതോന്നുകയും ചെയ്യും. ഒരു സൂര്യരശ്മിപോലും കടക്കാത്ത രീതിയില്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. അവയുടെ ഇലച്ചാര്‍ത്തുകള്‍ രശ്മികളെ തടയുന്നതുകൊണ്ട് അര്‍ദ്ധാന്ധകാരമാണു് അവിടെയെങ്ങും. ക്രൂരമൃഗങ്ങളുടെ ആരവം കാതു പിളര്‍ക്കുന്നുണ്ടാവും. വകവയ്ക്കാതെ അകത്തു കടന്നാല്‍ അവയ്ക്കു നമ്മള്‍ ആഹാരമായിത്തീര്‍ന്നുവെന്നുവരാം. സൗന്ദര്യം ദൂരെനിന്നു് ആസ്വദിക്കേണ്ടതു മാത്രമാണോ? അതേയെന്നാണു് പര്‍വ്വത പക്തിയുടെ ഉത്തരം.

രാത്രിയിലാണു് ഇതെഴുതുന്നതു്. ജാലകത്തിലൂടെ നോക്കുമ്പോള്‍ ആകാശത്തു് ഒറ്റത്താരകം. അതൊരു വാതകഗോളമാണെന്നു ശാസ്ത്രജ്ഞന്‍ പറയും. വല്ലാത്ത ചൂടും പ്രകാശവുമുള്ള ഗോളം. സ്വന്തം ഗുരുത്വാകര്‍ഷണംകൊണ്ടു് അതു് അങ്ങനെ നില്ക്കുകയാണു്. വെണ്‍മയാര്‍ന്ന നക്ഷത്രത്തിന്റെ ഉപരിതലത്തിലെ ചൂടു് 20,000 ഡിഗ്രി ആണെന്നു കണക്കാക്കിയിരിക്കുന്നു. പക്ഷേ, കവികള്‍ ഈ ഗോജോഗോളങ്ങളെ എന്തെല്ലാം രീതിയിലാണു് കണ്ടിട്ടുള്ളതു്! “ആകാശത്താമരയിലുപറ്റും ഹിമകണ”മാണതെന്നു് ഒരു കവി. “ചേണഞ്ചും വാസരലക്ഷ്മിയറിയാതെ വീണതാം രത്നംഗുലീയംപോലെ” എന്നു് ആ കവി വീണ്ടും. അന്തരീക്ഷത്തിലെ വജ്രമാണതെന്നു് ഒരു ഇംഗ്ലീഷ് കവി. ഇതൊക്കെ സത്യമാണെന്നു കരുതി അതിന്റെ അടുത്തേക്കു ചെന്നാലോ? അടുത്തു ചെല്ലേണ്ടതില്ല. അതിനു മുന്‍പുതന്നെ ഭസ്മമാകും. നക്ഷത്രമെന്ന ഈ അസാധാരണ സൗന്ദര്യവും മരണവും വിഭിന്നങ്ങളല്ല. ഇതുകൊണ്ടാവണം ദൂരം കാഴ്ചയ്ക്കു് ആകര്‍ഷകത്വമരുളുന്നു എന്ന ചൊല്ലുണ്ടായതു്. വിദൂരസ്ഥിതമായതെന്തും ആകര്‍ഷകമായതുകൊണ്ടാണു് കൃഷ്ണന്‍നായര്‍ പടിഞ്ഞാറന്‍ സാഹിത്യകൃതികളെ വാഴ്ത്തുന്നതെന്നു് ഒരഭിവന്ദ്യമിത്രം പ്രസംഗിക്കുന്നതു കേള്‍ക്കാനിടയായി. അദ്ദേഹത്തിന്റെ ആ അഭിപ്രായത്തിനു സാധുതയില്ല. ദൂരെയുണ്ടായി എന്നതുകൊണ്ടുമാത്രം സാഹിത്യകൃതിക്കു വിദൂരതയില്ല. നമ്മുടെ ഭവനത്തിന്റെ തൊട്ടപ്പുറത്തിരിക്കുന്ന പോസ്റ്റോഫീസ് സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ നമുക്കു് അഭിഗമ്യമല്ല. അതുകൊണ്ടു് അതു് നമ്മില്‍നിന്നു് ആയിരമായിരം നാഴിക അകലെയാണു്. എന്നാല്‍ നമ്മള്‍ നിര്‍വ്യാജം സ്നേഹിക്കുന്ന വ്യക്തിയുടെ ഭവനം ന്യൂയോര്‍ക്കിലാണെങ്കിലും യഥാര്‍ത്ഥത്തില്‍ നമ്മുടെ വീട്ടിന്റെ തൊട്ടപ്പുറത്താണു്. ഇംഗ്ലീഷ് അറിയാവുന്ന മലയാളിക്കു് കീറ്റ്സും ചങ്ങമ്പുഴയും സ്വന്തം സഹോദരന്മാരാണു്. കീറ്റ്സിന്റെ Bright star എന്നു തുടങ്ങുന്ന ഗീതകവും ചങ്ങമ്പുഴയുടെ ‘ആ പൂമാല’ എന്ന കാവ്യവും വര്‍ത്തമാനകാലത്തില്‍ അടുത്തടുത്തുനില്ക്കുന്നു. അവയ്ക്കു തമ്മില്‍ കാലത്തിന്റെയോ സ്ഥലത്തിന്റെയോ വ്യത്യാസമില്ല... പ്രിയപ്പെട്ട വായനക്കാരാ രാത്രിക്കു കനം കൂടിക്കൂടിവരുന്നു എനിക്കും താങ്കള്‍ക്കും ഉറങ്ങണം. നാളെക്കാണാം. ഗുഡ്നൈറ്റ്.

ഒരു സ്വപ്നം

നേരം വെളുത്തു. ഒരു വിളിപ്പാടകലെയുള്ള ക്ഷേത്രത്തില്‍നിന്നു ശംഖനാദമുയരുന്നു. ആ നാദം കാറ്റിലൂടൊഴുകിവന്ന് കാതില്‍ പതിക്കുമ്പോള്‍ വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്ത, ഈശ്വരവിശ്വാസിയാണെങ്കിലും അമ്പലത്തില്‍ പോകാത്ത എനിക്കാഹ്ലാദം. ടെലിവിഷന്റെ ഉപദ്രവം വൈകിട്ടേയുള്ളു. പക്ഷേ റേഡിയോ ഗര്‍ജ്ജിച്ചു തുടങ്ങിയിരിക്കുന്നു. വാക്കുകളെ കരിങ്കല്‍ക്കഷണങ്ങളെയെന്നപോലെ ആ ഉപകരണം ദിഗന്തങ്ങളിലേക്ക് എറിയുകയാണു്. എന്റെ പ്രവൃത്തിയും വിഭിന്നമല്ല. ഞാനെറിയുന്ന വാക്കുകള്‍ക്കു് കരിങ്കല്‍ക്കഷണങ്ങളുടെ കാഠിന്യം മാത്രമല്ല ഉള്ളതു്. അവയില്‍ പലപ്പോഴും ചോര പുരണ്ടിരിക്കും. അതുകൊണ്ടു തന്നെയാണു് പ്രചോദനം കലര്‍ന്ന പദങ്ങള്‍കൊണ്ടു് സുഗതകുമാരിയെപ്പോലെ ‘ഒരു സ്വപ്നം’ എന്ന കാവ്യത്തിനു് രൂപം നല്കാന്‍ എനിക്കൊരിക്കലും കഴിയാത്തതു്. അത്തരം വാക്കുകളെടുത്തു് ‘മനസ്വിനി’യുടെയും ‘കാവ്യനര്‍ത്തകി’യുടെയും ‘നളിനി’യുടെയും ‘മഗ്ദലനമറിയ’ത്തിന്റെയും മുന്‍പില്‍ വയ്ക്കാന്‍ ഞാന്‍ അശക്തനായിപ്പോയതു്. എന്നാലും കാവ്യസൗന്ദര്യം കണ്ടാല്‍ എന്റെ ഹൃദയം ചലനം കൊള്ളും. പ്രകൃതിക്കു നന്ദി. മുറിക്കുള്ളില്‍ നിലവിളക്കില്‍ പിടയുന്ന സ്വര്‍ണ്ണദീപം. താഴെ ഒരു മയില്പീലി. അമ്മ വെണ്‍പട്ടുകൊണ്ടു കെട്ടിയ തൊട്ടില്‍ ചലനം കൊള്ളുന്നു കാറ്റില്‍. അതിനകത്തു് യോഗനിദ്രയ്ക്കു സദൃശമായി നിദ്രയിലാണ്ട കണ്ണന്‍, “പൊന്‍തളയണിഞ്ഞ ഉണ്ണിക്കാലു” മാത്രം തൊട്ടിലില്‍ നിന്നൂര്‍ന്നുകാണുന്നു. ജനാലയ്ക്കു പുറത്തു്, ജന്മങ്ങള്‍ക്കു പുറത്തു് കവി വിഷാദത്തോടെ നില്‍ക്കുന്നു. മനുഷ്യന്‍ ഇവിടെ വന്ന നാള്‍ മുതല്‍ ഇങ്ങനെ വ്യഥയോടെ നില്ക്കുകയാണു്. ഒരിക്കല്‍പ്പോലും അവന്‍ ആ ഉണ്ണിക്കാല്‍ സ്പര്‍ശിച്ചിട്ടില്ല. പരമസത്യം സാക്ഷാത്കരിച്ചിട്ടില്ല.

രസോ ഹമപ”സു കൗന്തേയ പ്രഭാസ്തിശശി സൂര്യയോഃ
പ്രണവഃ സര്‍വ്വവേദേഷു ശബ്ദ ഖേ പൗരുഷം നൃഷു

അര്‍ജ്ജുന, ഞാനാണു ജലത്തിന്റെ സാരസ്യം; സൂര്യന്റെയും ചന്ദ്രന്റെയും ഔജ്ജ്വല്യം; ഞാനാണു് വേദങ്ങളിലെ വിശുദ്ധമായ പ്രണവ ശബ്ദം; ഞാന്‍ തന്നെയാണു് വായുവിലെ നാദവും മനുഷ്യരിലെ പൗരുഷവും, ഈ സാരസ്യവും ഉജ്ജ്വലതയും വിശുദ്ധിയും സാക്ഷാത്കരിക്കാന്‍ യത്നിക്കുമ്പോള്‍, അതിനു കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന ദുഃഖം തന്നെയാണു് യഥാര്‍ത്ഥമായ ദുഃഖം. ആ ദുഃഖത്തിനുള്ളതു് ലൗകിക ദുഃഖത്തിന്റെ സ്വഭാവമല്ല. കവി അതിനെ ചേതോഹരമായി അഭിവ്യഞ്ജിപ്പിക്കുന്നു. പൊന്‍തളയണിഞ്ഞ ആ ഉണ്ണിക്കാലിനെ ഞാനും സ്വപ്നം കാണുന്നു. ഏതു് ഉത്കൃഷ്ടമായ കാവ്യവും കിനാവിന്റെ രാമണീയകം ആവാഹിക്കും. ഈ കാവ്യവും അങ്ങനെതന്നെ. (മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 31-ആം ലക്കത്തിലാണു് കാവ്യം.)

* * *

യേശുദേവന്‍ സമരീയയില്‍ എത്തി. ഉച്ചനേരം, അദ്ദേഹം ഒരു കിണറ്റിനരികെ വിശ്രമിച്ചു. വെള്ളം കോരാനെത്തിയ ഒരു സ്ത്രീയോടു് അദ്ദേഹം പറഞ്ഞു: “എനിക്കു കുടിക്കാന്‍ അല്പം വെള്ളം തരൂ.” സ്ത്രീ മറുപടി നല്കി: “അങ്ങ് ജൂതന്‍, ഞാന്‍ സമരീയക്കാരിയും. പിന്നെങ്ങനെ ജലം ചോദിക്കാന്‍ അങ്ങയ്ക്കു കഴിയും? അവര്‍ തുടര്‍ന്നു സംസാരിച്ചു. അതിനുശേഷം യേശുദേവന്‍ പറഞ്ഞു: “ഈ വെള്ളം കുടിക്കുന്നവന്‍ വീണ്ടും ദാഹമുള്ളവനായിത്തീരും. എന്നാല്‍ ഞാന്‍ കൊടുക്കുന്ന ജലം പാനംചെയ്യുന്നവനു വീണ്ടും ദാഹമുണ്ടാവുകയേയില്ല” (ജോണ്‍ 4 4–28). യേശു നല്കാമെന്നു പറഞ്ഞു ജലമാണു് സാരസ്യമാര്‍ന്നജലം. അതിനെക്കുറിച്ചു തന്നെയാണു് ശ്രീകൃഷ്ണനും പറഞ്ഞതു്’.

തവള, കാമുകി

ടോം റോബിന്‍സ് (Tom Robbins) ‘അണ്ടര്‍ഗ്രൗണ്ട്’ ക്ലാസ്സിക്കുകളുടെ കര്‍ത്താവെന്ന നിലയില്‍ പ്രസിദ്ധനാണു്. Even Cowgirls Get the Blues, Another Roadside Attraction ഈ രണ്ടു കൃതികളാണു് അണ്ടര്‍ഗ്രൗണ്ട് ക്ലാസ്സിക്കുകള്‍, ഇവ എനിക്കു വായിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ above ground നോവലാണു് Still Life with Woodpecker എന്നതു്. ഇതു് ഞാന്‍ വായിച്ചിട്ടുണ്ടു്. ടോം റോബിന്‍സിന്റെ അതിസുന്ദരമായ വേറൊരു ക്ലാസ്സിക്കാണു് ജിറ്റര്‍ബഗ് പെര്‍ഫ്യൂം (Jitterbug Perfume). നോവലിന്റെ മാനങ്ങള്‍വളരെ വര്‍ദ്ധിച്ചിരിക്കുന്ന ഈ ഗ്രന്ഥം അചിരേണ മാര്‍കേസിന്റെ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ പോലെ’ പ്രസിദ്ധമായിത്തീരുമെന്നാണു് എന്റെ വിശ്വാസം. ടോം റോബിന്‍സ് രാഷ്ട്രാന്തരീയ പ്രശസ്തി ആര്‍ജ്ജിക്കുന്ന കാലവും വിദൂരമല്ല. ഈ നോവലില്‍ പ്രേമത്തിന്റെ ഉത്കൃഷ്ടകര്‍മ്മം പ്രേമഭാഷനത്തെ അന്യാദൃശ സ്വഭാവമുള്ളതാക്കിത്തീര്‍ക്കുക എന്നതാണെന്നു പറഞ്ഞിട്ടുണ്ടു് (മൂന്നാംഭാഗം ആദ്യത്തെ ഖണ്ഡിക). പ്രേമവും യുക്തിവാദവും തമ്മിലുള്ള വ്യത്യാസമെന്തു്? കാമുകന്റെ ദൃഷ്ടിയില്‍ തവള രാജകുമാരിയാണു്. യുക്തിവാദിക്കാണെങ്കില്‍ തവള രാജകുമാരിയാണെന്നു് തര്‍ക്കശാസ്ത്രംകൊണ്ടു തെളിയിക്കേണ്ടിയിരിക്കുന്നു. ഇതിനു യത്നിക്കുമ്പോള്‍ വികാരത്തിന്റെ തിളക്കം കെട്ടുപോകുകയും ചെയ്യും. സാഹിത്യകാരന്മാര്‍ ഒരു വിധത്തില്‍ കാമുകന്‍മാരാണു്. യുക്തിവാദമില്ലാതെ അവര്‍ തവളകളെ രാജകുമാരികളായിത്തന്നെ കാണും. അനുവാചകര്‍ക്കു് അങ്ങനെ തോന്നുകയും ചെയ്യും. ശ്രീകൃഷ്ണ വിഗ്രഹത്തിലെ രത്നമാലമോഷ്ടിച്ച സംഭവത്തെ വി. കെ. ശ്രീരാമന്‍ ‘പ്രതിവിധി’ എന്ന കൊച്ചു കഥയിലൂടെ സുന്ദരമാക്കിയിരിക്കുന്നതു നോക്കൂ (കലാകൗമുദി ലക്കം 527). “ഇവിടത്തെ രത്നമാല കട്ടോനെ ഇങ്ങനെ ഞെളിഞ്ഞുനടത്തണതു ശരിയല്ലെ”ന്നു ഓതിക്കല്‍ ശങ്കുണ്ണി. “ഓരോ കള്ളന്മാരു കൊണ്ടുവരണതു എല്ലാം ഇട്ടോണ്ട് നിക്കണ്ടിവരണതു വിധി. ചെലോരതു എടുത്തോണ്ടു പോണതു പ്രതിവിധി” എന്ന ശ്രീകൃഷ്ണന്റെ ഉത്തരം. അദ്ദേഹം ഇതു പറഞ്ഞിട്ടു മാരിക്കാറില്‍ കയറി മറയുന്നു. ശ്രീകൃഷ്ണനെയും ശങ്കുണ്ണിയെയും മാലകൊണ്ടിട്ട കള്ളനെയും അതെടുത്തുകൊണ്ടുപോയ മറ്റൊരു കള്ളനെയും കഥാകാരന്‍ ചിരിപുരണ്ട കണ്ണുകൊണ്ടു നോക്കുന്നു. അതു കാണുന്ന നമുക്കു് ആഹ്ലാദം.

പുറത്തു പുരട്ടൂ

തിരുവനന്തപുരത്തു് രാമകൃഷ്ണപിള്ള എന്നൊരു പ്രസിദ്ധനായ ഡോക്ടറുണ്ടായിരുന്നു. മാധവറാവുവിന്റെ പ്രതിമ നില്ക്കുന്നിടത്തുനിന്നു് കിഴക്കോട്ടുനടന്നാല്‍ അദ്ദേഹത്തിന്റെ ആശുപത്രി കാണാം. ദീര്‍ഘകാലത്തെ ധന്യമായ ജീവിതത്തിനു ശേഷം ആ മഹാനായ ഭിഷഗ്വരന്‍ ഈ ലോകം വിട്ടുപോയി. സാഹിത്യത്തില്‍ താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തെ കാണാന്‍ ഞാന്‍ കൂടക്കൂടെ പോകുമായിരുന്നു. ചിലപ്പോള്‍ പി. കെ. പരമേശ്വരന്‍നായരും കാണും. ‘കഷണ്ടി’ എന്ന മനോഹരമായ ലേഖനമെഴുതി എ. ബാലകൃഷ്ണപിള്ളയുടെ ആദരം നേടിയ എഴുത്തുകാരനുമായിരുന്നു രാമകൃഷ്ണപിള്ള. ഒരിക്കല്‍ കാലില്‍ വ്രണവുമായി ഒരാള്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. വ്രണം നോക്കിയിട്ടു് ഡോക്ടര്‍ മരുന്നെഴുതിക്കൊടുത്തു. “ഗുളിക ദിവസം മൂന്നു തവണ ഓരോന്നു കഴിക്കണം. കുപ്പിയില്‍ തരുന്ന മരുന്നു പുറത്തു പുരട്ടു” എന്നു് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരാഴ്ച കഴിഞ്ഞു് രോഗത്തിനു് ഒരു കുറവുമില്ലെന്നു പറഞ്ഞു് അയാള്‍ ഡോക്ടറുടെ അടുത്തെത്തി. വ്രണം നോക്കിയിട്ടു് അദ്ദേഹം ചോദിച്ചു. “തന്ന മരുന്ന് പുറത്തു പുരട്ടിയില്ലേ?” “പുരട്ടി” എന്നു് ഉത്തരം. “എവിടെ?” എന്നു ഡോക്ടറുടെ ചോദ്യം. രോഗി തിരിഞ്ഞുനിന്നു് മുതുകുകാണിച്ചിട്ട് “ഇതാ ഇവിടെത്തന്നെ” എന്നു പറഞ്ഞു. ‍ഡോക്ടര്‍ ചിരിച്ചു. എന്നിട്ടു് വീണ്ടും നിര്‍ദ്ദേശം നല്കി. “ഗുളിക അതുതന്നെ കഴിച്ചാല്‍ മതി, പിന്നെ കുപ്പിയിലെ മരുന്നു വ്രണത്തില്‍ പുരട്ടണം. വേണമെങ്കില്‍ പുറത്തു (മുതുകിലും) പുരട്ടിക്കൊള്ളൂ.” മരുന്നെടുത്തു് മുതുകില്‍ പുരട്ടുന്ന ആളാണു് എക്സ്പ്രസ്സ് വാരികയില്‍ ‘ഒരൊഴിവുകാലപ്രഭാതം’ എന്ന പീറക്കഥയെഴുതിയ ഉണ്ണിക്കൃഷ്ണന്‍ ചെറായി. പ്രസന്നയുടെ പൂര്‍വകാമുകന്‍ ബാലന്‍ അവളെ കാണാന്‍ വരുന്നു. പഴയ ആളല്ല ബാലന്‍. തടിച്ചിട്ടുണ്ടു്. കുടവയറുണ്ടു്. അവര്‍ അന്യോന്യം കണ്ടു. “പ്രസന്നേ” എന്ന ഒറ്റ വിളി ബാലന്‍ കാച്ചുമ്പോള്‍ കഥ അവസാനിക്കുന്നു. ആവര്‍ത്തിക്കട്ടെ വ്രണം കാലിലാണെന്നു മനസ്സിലാക്കാതെ, ‘പുറത്തു്’ എന്നതു ‘മുതുക്’ എന്നു ധരിച്ചു് അവിടെ മരുന്നു പുരട്ടുന്ന ശുദ്ധാത്മാവാണു് ഉണ്ണിക്കൃഷ്ണന്‍ ചെറായി. അദ്ദേഹം ഇമ്മട്ടില്‍ കഥയെഴുതുന്ന കാലത്തോളം സാഹിത്യാംഗനയുടെ കാലിലെ പുണ്ണു് ഭേദമാകില്ല.

കാസ്ട്രോ

ജനയുഗം വാരികയില്‍ ഫീഡല്‍ കാസ്ടോയ്ക്ക് സ്മാരകം എന്ന വാക്യം കണ്ടപ്പോള്‍ പ്രകാശം എന്നോടു പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെ എഴുതാന്‍ കൗതുകം. ഏതോ ഒരു ലാറ്റിനമേരിക്കന്‍ കവിക്കു് ആശാന്‍ വേള്‍ഡ് സമ്മാനവുമായി അദ്ദേഹം പോയല്ലോ. അപ്പോള്‍ കാസ്ട്രോയെ അദ്ദേഹം കണ്ടു സംസാരിച്ചു. സഭാവേദിയില്‍, സമ്മാനം വാങ്ങിയ കവിക്കു പുറമേ മാര്‍കേസ് തുടങ്ങിയ വലിയ സാഹിത്യകാരന്മാരുണ്ടായിരുന്നു. പക്ഷേ, കാസ്ട്രോയുടെ സാന്നിദ്ധ്യം അവരെയെല്ലാം നിഷ്പ്രഭരാക്കിക്കളഞ്ഞു. അതിഥി സല്‍ക്കാരപ്രിയനായി എത്തിയ കാസ്ട്രോയോട് (കാസ്ട്രോവിനോടു് എന്നു വേണം എഴുതാന്‍) പ്രകാശം പറഞ്ഞു: “ഞങ്ങള്‍ താങ്കള്‍ക്കു് ഒരു ‘മെമൊന്റോ’ കൊണ്ടുവന്നിട്ടുണ്ടു്. സെക്യൂരിറ്റിയിലുള്ളവര്‍ അതു തടഞ്ഞുവച്ചിരിക്കുകയാണു്. ഇതുകേട്ടമാത്രയില്‍ കാസ്ട്രോ അതുടനെ കൊണ്ടുവരട്ടെ എന്നു് ആജ്ഞാപിച്ചു മനോഹരമായ ഒരു കുത്തുവിളക്കു് അദ്ദേഹത്തിന്റെ മുന്‍പിലെത്തി. എന്താണതു് എന്നു് അദ്ദേഹം ചോദിച്ചപ്പോള്‍ തിരിയിട്ടു് വെളിച്ചെണ്ണ ഒഴിച്ച് അതു കത്തിക്കുന്നവിധം പ്രകാശം വിസ്തരിച്ചു. ക്യൂബയില്‍ വെളിച്ചെണ്ണ കിട്ടും. അതു കൊണ്ടുവന്നു. പ്രകാശം വിളക്കു കത്തിച്ചുകാണിച്ചു. കാസ്ട്രോയുടെ മുഖം തിളങ്ങി.

പ്രകാശത്തിന്റെ വേഷം തനി കേരളീയമായിരുന്നു. മുണ്ടുടുത്തിരുന്ന അദ്ദേഹത്തോടു് അതിനെപ്പറ്റി കാസ്ട്രോ ചോദിച്ചു. “ഞങ്ങള്‍ പാദംവരെയെത്തുന്ന രീതിയില്‍ ഇതു് ഉടുത്തിരിക്കുന്നു. പക്ഷേ ഞങ്ങളുടെ നേതാവു് [മഹാത്മാഗാന്ധി] മുട്ടുവരെ എത്തുന്ന രീതിയിലേ ഇതു് ഉടുത്തിരുന്നുള്ളു” എന്നു പ്രകാശം അദ്ദേഹത്തെ അറിയിച്ചു. ചേരിചേരാ സമ്മേളനത്തിനു താന്‍ ഇന്ത്യയിലേക്കു പോകുന്നുണ്ടെന്നു് കാസ്ട്രോ പറഞ്ഞു. ഏതാണു യാത്രയ്ക്കു് എളുപ്പമുള്ളവഴി എന്നും അദ്ദേഹം ആരാഞ്ഞു. അതൊക്കെ നല്ലപോലെ അറിയാമായിരുന്ന കാസ്ട്രോയോടു പ്രകാശം പറഞ്ഞു: “ഞങ്ങൾ ലണ്ടനില്‍ ചെന്നിട്ടാണു് ഇന്ത്യയിലേക്കു പോകുക. താങ്കള്‍ക്കും അതായിരിക്കും എളുപ്പമുള്ളമാര്‍ഗ്ഗം.” അപ്രമേയപ്രഭാവനായ ജനനായകനാണു് കാസ്ട്രോയെന്നു് പ്രകാശം എന്നോടു പറഞ്ഞു.

നിര്‍ദ്ദേശങ്ങള്‍

  1. യു. എന്‍. ഓ-യിലും മറ്റും പല ഭാഷകളിലാണല്ലോ പ്രഭാഷണങ്ങള്‍ നടത്തുക. ഒരംഗം ഇറ്റാലിയന്‍ ഭാഷയിലാണു് പ്രസംഗിക്കുന്നതെന്നിരിക്കട്ടെ. പ്രഭാഷണം നടക്കുമ്പോള്‍ത്തന്നെ അതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ അതുവേണ്ടയാളിനു് കാതില്‍വച്ച ഉപകരണത്തിലൂടെ കിട്ടും. ആഷാമേനോന്‍ മലയാളലിപിയില്‍ നിരൂപണം എഴുതുമ്പോഴെല്ലാം അതിന്റെ മലയാള തര്‍ജ്ജമകൂടി പത്രാധിപന്മാര്‍ വാരികകളില്‍ ചേര്‍ക്കുന്നതു് നന്നായിരിക്കും. ആഷാമേനോന്റെ private language അറിഞ്ഞുകൂടാത്ത ആളാണു് ഞാന്‍, എന്നെപ്പോലെ ലക്ഷക്കണക്കിനു വേറെയും ആളുകളുണ്ടു്.
  2. ടെലിവിഷനില്‍ രൂപവത്കരിക്കുക എന്ന അര്‍ത്ഥത്തില്‍ രൂപീകരിക്കുക എന്നും മഹാവ്യക്തി എന്ന അര്‍ത്ഥത്തില്‍ മഹദ്‌വ്യക്തി എന്നും ആധുനികിരണം എന്ന അര്‍ത്ഥത്തില്‍ ആധുനികവത്കരണമെന്നും യഥാര്‍ത്ഥീകരണമെന്ന അര്‍ത്ഥത്തില്‍ യഥാര്‍ത്ഥവത്കരണമെന്നും ആളുകള്‍ പറയുമ്പോള്‍ അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു് അധികാരം നല്കണം. അവര്‍ക്കു് ജാമ്യം നല്കരുതെന്നു് ഒരു നിയമംകൂടി പീനല്‍കോഡില്‍ എഴുതിച്ചേര്‍ക്കണം.
  3. കോളേജ് ഓഡിറ്റോറിയത്തിലെ പ്ലാറ്റ്ഫോമിനുമുന്‍പില്‍ നാലാള്‍ പൊക്കത്തില്‍ ഒരു സ്റ്റോണ്‍പ്രൂഫ് പ്ലാസ്റ്റിക്ക് മതില്‍ കെട്ടാന്‍ “പ്രിന്‍സിപ്പല്‍മാര്‍ക്കു്” നിര്‍ദ്ദേശം നല്കണം പ്ലാറ്റ്ഫോമും ചുറ്റുമുള്ള പ്രദേശങ്ങളും സൗണ്‍ഡ്പ്രൂഫ് ആക്കുകയും വേണം.
  4. ഒരു സായ്പ് വേറൊരു സായ്പിന്റെ കൃതിയെക്കുറിച്ചു പറഞ്ഞ വാക്യങ്ങള്‍ ഇവിടത്തെ നാടന്‍ സായ്പ് വേറൊരു നാടന്‍സായ്പിനോ നാടന്‍ മദാമ്മയ്ക്കോ ആയി എടുത്തുവയ്ക്കുമ്പോള്‍ മൂലവാക്യങ്ങള്‍ വായനക്കാരായ ഞങ്ങള്‍ക്കു് ഉടനെ ബീംചെയ്തുതരാനായി കേന്ദ്രസര്‍ക്കാര്‍ ശൂന്യാകാശത്തു് ഒരു ഉപഗ്രഹം വയ്ക്കണം (ഉപഗ്രഹം വയ്ക്കാനുള്ള ഈ നിര്‍ദ്ദേശത്തിനു ടോം റോബിന്‍സിനോടു കടപ്പാടുണ്ടെനിക്കു്).

വഞ്ചനയുടെ ലോകം

കുടിയനായ മകന്‍ എന്നും രാത്രി രണ്ടു മണിക്കാണു് വീട്ടിലെത്തുക. ലോകത്തെക്കുറിച്ചു് കൂടുതല്‍ വിവരമുള്ള അച്ഛന്‍ പറയും: നോക്കു് അവന്‍ ദുര്‍മ്മാര്‍ഗ്ഗത്തില്‍ പെട്ടിരിക്കുകയാണു്. അപ്പോള്‍ അമ്മ. “ശ്ശേ, അവനു് ഓഫീസില്‍ വലിയ ജോലിയായിരിക്കും. അതാണു വൈകിവരുന്നതു്.” അച്ഛന്‍ മിണ്ടുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു് മകന്‍ ലിവര്‍ സിറോസിസ് വന്നു മരിച്ചാലും അമ്മയ്ക്കു് അവന്‍ കുടിയനായിരുന്നുവെന്നു സമ്മതിക്കാന്‍ പ്രയാസമായിരിക്കും.

മകള്‍ പാഠപുസ്തകത്തിനകത്തുവച്ചു് പ്രേമലേഖനം വായിക്കുന്നു. അവളുടെ അടുത്തുകൂടെ അമ്മ പോകുന്നു, പെട്ടെന്നു തിടുക്കത്തില്‍ പുസ്തകം അടയ്ക്കുന്നു. പിന്നെ അമ്മ അവളുടെ അച്ഛനോടു “വനജയെക്കുറിച്ചു് എനിക്കു സംശയം. അവള്‍ക്ക് ആരോ കത്തുകൊടുക്കുന്നുണ്ടു്.” അച്ഛന്‍: “ഛേ എന്റെ മകള്‍ അത്തരക്കാരിയല്ല. നിന്റെ വേണ്ടാത്ത സംശയം”. മകള്‍ അടുത്ത വീട്ടിലെ ആക്കറി (ഹോക്കര്‍) കച്ചവടക്കാരനുമൊത്തു് ഒളിച്ചോടുമ്പോഴും ആ പിതാവു പറയും; “അവള്‍ അങ്ങനെ പോകുന്നവളല്ല. വല്ല ആഭിചാരവും അവന്‍ പ്രയോഗിച്ചിരിക്കും.”

ഗൃഹനായകന്‍ ദിവസവും രാത്രി കൂട്ടുകാരുമൊത്തു കോഴിയിറച്ചിയും ബ്രാന്റിയും കഴിക്കുന്നു. രണ്ടിന്റെയും നാറ്റം പോയതിനുശേഷം വീട്ടിലെത്തുന്നു. അയാളുടെ ഭാര്യയ്ക്കു് ഒരു സംശയവുമില്ല. അടുത്ത വീട്ടിലെ അഭ്യുദയകാംക്ഷി അറിയിക്കുന്നു: “നോക്കു് നിന്റെ ഭര്‍ത്താവു് മുഴുക്കുടിയനാണു്. മുഖം കണ്ടാലറിയാം അയാളുടെ. വീങ്ങി തടിച്ചു തടിച്ചു വരുന്നു. ക്രൂരഭാവവും” ഇതുകേട്ട ഭാര്യ: “അനാവശ്യം പറയരുതു്. ഒരു തുള്ളി അദ്ദേഹം കുടിക്കില്ല.” ആഭരണങ്ങള്‍ മുഴുവന്‍ വിറ്റാലും കിടപ്പാടം ഒറ്റി വയ്ക്കാന്‍ അയാള്‍ ശ്രമിച്ചാലും അതു് കുടിച്ചു കുടിച്ചു വരുത്തിവച്ച കടം വീട്ടാനാണെന്നു് അവള്‍ക്കു തോന്നുകില്ല.

ഇങ്ങനെ പലതും ഡിസെപ്ഷന്റെ — വഞ്ചനയുടെ — ലോകത്താണു് ജീവിക്കുന്നതു്. ആരു് ഉപദേശിച്ചാലും ആരു സത്യം പറഞ്ഞുകൊടുത്താലും ആ ലോകത്തു ജീവിക്കുന്നവര്‍ വിശ്വസിക്കില്ല. ‘സുനന്ദ’ വാരികയില്‍ ക്ഷമാപണപൂര്‍വം” എന്ന ചെറുകഥയെഴുതിയ രമാദേവി താന്‍ എഴുതുന്നതൊക്കെ സാഹിത്യമാണെന്ന തെറ്റിദ്ധാരണയില്‍ കഴിഞ്ഞുകൂടുകയാണു്. അതൊരു ഡിസെപ്ഷന്റെ ലോകമാണെന്നു് പ്രായം കൂടിയ ഞാന്‍ പറഞ്ഞാല്‍ ശ്രീമതി വിശ്വസിക്കില്ല. അതുകൊണ്ടു് അവര്‍ അങ്ങനെതന്നെ കഴിയട്ടെ. മേരി കുടുംബത്തിലെ പ്രയാസങ്ങള്‍കൊണ്ടു് വൈകിയാണു് ഓഫീസിലെത്തുക. ഭര്‍ത്താവ് ദൂരെ ജോലിനോക്കുന്നു. പെട്ടെന്നു അയാള്‍ക്കു രണ്ടു കത്തുകള്‍ കിട്ടുന്നു ‘കൊന്നുകളയു’മെന്നു കാണിച്ചു്. പ്രാണഭയത്താല്‍ അയാള്‍ സ്ഥലംമാറ്റം മേടിച്ച് മേരി താമസിക്കുന്നിടത്തു് എത്തുമ്പോള്‍ അവളുടെ പ്രയാസങ്ങള്‍ ഇല്ലാതാവുന്നു. ഭീഷണിക്കത്തുകള്‍ അയച്ചതു് മേരിയുടെ ഓഫീസിലെ ഒരു ജോലിക്കാരന്‍ തന്നെയാണു്. മേരുയുടെ ക്ലേശങ്ങള്‍ ഒതുക്കുവാനായി അയാള്‍ തികഞ്ഞു കാരുണ്യത്തോടെ ചെയ്ത പ്രവൃത്തി മേരിയേയും ഭര്‍ത്താവിനെയും ആഹ്ലാദിപ്പിക്കുന്നു. എന്തൊരു കഥയാണിതു്! ഇതു് സാഹിത്യമാണെന്നു വിശ്വസിക്കുന്നവര്‍ വഞ്ചനയുടെ ലോകത്തല്ലെങ്കില്‍ വേറെ ഏതൊരു ലോകത്താണു് ജീവിക്കുന്നതു്?

* * *

അന്തരീക്ഷത്തിനു താഴെയുള്ളതിലെല്ലാം ‘ഇടങ്കോലിട്ടു്’ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെക്കുറിച്ചു്:

അവര്‍ വിജയം പ്രാപിക്കുന്നില്ലെന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ടു്. കാരണം അന്തരീക്ഷത്തിനു താഴെയുള്ളതു് ഒരു വിശുദ്ധഭാജനമാണു്. അതിനെ താറുമാറാക്കുന്നതു് ആപത്തു നിറഞ്ഞ പ്രവര്‍ത്തനമാണു്. അങ്ങനെ താറുമാറാക്കിയാല്‍ ഫലം അതിനെ ദോഷപ്പെടുത്തുക എന്നതായിരിക്കും. അതിനെ പിടിച്ചെടുക്കുന്നവനോ? അവനു് അതു നഷ്ടമായിപ്പോകും (ദൗ ദേ ജിങ് — Tao Te Ching, ചൈനീസ് ദാര്‍ശനികന്‍ ലൗദ്സു — Lao-izu — എഴുതിയ ഗ്രന്ഥം). എഴുത്തുകാര്‍ പേനയെടുക്കുന്നതിനു മുന്‍പു് ഈ വാക്യങ്ങള്‍ ഓര്‍മ്മിക്കുന്നതു് നന്നു്.

ഈറ്റാലോ കാല്‍വിനോ

ഈറ്റാലോ കാല്‍വീനോ

പതിനെട്ടു് അംഗങ്ങളുള്ള സ്വീഡി‍ഷ് അക്കാഡമിയിലെ ഏറ്റവും ശക്തനായ അംഗം ലുണ്ടു് ക്വിസ്റ്റാണെന്നു് ‘ന്യൂസ് വീക്ക്’ ധ്വനിപ്പിച്ചു് എഴുതിയിരിക്കുന്നു. ലെനിന്‍ സമ്മാനം നേടിയ ഇദ്ദേഹമാണത്രേ പാവ്‌ലോ നെറുദയ്ക്കും വിതന്റേ ആലേഹാന്ദ്രയ്ക്കും (Vicente Aleixandre) മാര്‍കേസിനും നോബല്‍ സമ്മാനം കിട്ടാന്‍ കാരണക്കാരന്‍. 1983-ലെ സമ്മാനം ബ്രിട്ടീഷ് നോവലിസ്റ്റ് വില്യം ഗോള്‍ഡിങ്ങിനു നല്കിയപ്പോള്‍ ലുണ്ടു് ക്വിസ്റ്റ് ബഹളം കൂട്ടിയെന്നു നമ്മള്‍ അറിഞ്ഞു. ക്ലോദ് സീമൊങ്ങിനു് (Claude Simon) അന്നേ സമ്മാനം കൊടുക്കേണ്ടതാണെന്നു് ലുണ്ടു് ക്വിസ്റ്റ് പ്രഖ്യാപനം നടത്തി. 1913-ല്‍ ജനിച്ച ഈ ഫ്രഞ്ച് നോവലിസ്റ്റ് ഫ്രഞ്ച് ദാര്‍ശനികന്‍ ഗാസ്റ്റോങ് ബാഷ്‌ലാറിന്റെ (Gaston Bachelard) സിദ്ധാന്തങ്ങളിലാണു് വിശ്വസിക്കുന്നതെന്നു് മാര്‍ട്ടിന്‍ സേമര്‍ സ്മിത്ത് പറയുന്നു. എല്ലാം അസ്ഥിരമാണു്. എല്ലാമൊരു പ്രവാഹമാണു് എന്നു് ബാഷ്‌ലാര്‍ വിശ്വസിക്കുന്നു. ഈ സിദ്ധാന്തത്തിനു യോജിച്ച വിധത്തില്‍ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അവതരിപ്പിക്കുന്നു ക്ലോദ് സീമൊങ്, ബോര്‍ഹെസ്, അമാദൂ, ഗ്യുന്തര്‍ ഗ്രാസ്, ഗ്രേയം ഗ്രീന്‍, കാര്‍ലോസ് ഫ്വേന്‍റസ്, വാര്‍ഗാസ് യോസ ഇവരില്‍ ആര്‍ക്കെങ്കിലും സമ്മാനം കൊടുക്കാതെ ലുണ്ടു് ക്വിസ്റ്റ് അതു് ക്ലോദ് സീമൊങ്ങിനു കൊടുക്കുമോ? ഏതായാലും നോബല്‍ സമ്മാനത്തിനു് അര്‍ഹതയുണ്ടായിരുന്ന ഈറ്റാലോ കാല്‍വീനോ അടുത്ത കാലത്തു് അന്തരിച്ചു. അദ്ദേഹത്തിന്റെ If on a Winter’s Night (നോവല്‍) Marcovaldo (കഥകള്‍), Adam, One Afternoon (കഥകള്‍) Invisible Cities (നോവല്‍) Italian Folktales (നാടോടിക്കഥകള്‍) ഈ ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ടു് ഓരോ വാക്യംകൊണ്ടെങ്കിലും ഇവയുടെ സവിശേഷത സൂചിപ്പിക്കാന്‍ ഇവിടെ സ്ഥലമില്ല. അന്യാദൃശരങ്ങളായ കലാസൃഷ്ടികള്‍ എന്നു മാത്രം പറയാനാവൂ. കാല്‍വിനോയുടെ ഏറ്റവും പുതിയ പുസ്തകമായ Mr. Palomar (തര്‍ജ്ജമ പ്രത്യക്ഷപ്പെട്ട കാലത്തെ അവലംബിച്ചാണു് പുതിയ പുസ്തകമെന്നു പറഞ്ഞതു്) അസാധാരണത്വമുള്ള കൃതിയാണെന്നു നിരൂപകര്‍ പറയുന്നു വസ്തുക്കളുടെയും വസ്തുതകളുടെയും ഉപരിതലങ്ങളെ ശരിയായി മനസ്സിലാക്കിയാലേ അവയുടെ അഗാധതയിലേക്കു പോകാനാവൂ എന്നതാണു് ഈ കൃതിയുടെ പ്രമേയം. ആ ഉപരിതലങ്ങള്‍ അനന്തങ്ങളും. He spared into phenomenal realms എന്നു് റ്റൈം വാരിക വാഴ്ത്തിയ കാല്‍വീനോ 61ആമത്തെ വയസ്സില്‍ മരിച്ചു. ജീവിച്ചിരുന്നാല്‍ത്തന്നെ സ്വീഡിഷ് അക്കാഡമി അദ്ദേഹത്തിനു സമ്മാനം കൊടുക്കുമെന്നു് എങ്ങനെ കരുതാനാണു്”? പേള്‍ബക്ക്, സ്റ്റൈന്‍ബക്ക്, ഗോള്‍ഡിങ് ഇവരെല്ലാം വാങ്ങിയ സമ്മാനം കാല്‍വീനോക്കു കിട്ടാത്തതും ഒരു കണക്കില്‍ നന്നായി.

ലോനപ്പന്‍ നമ്പാടന്‍

“വ്യക്തിപരമായ നിന്ദ”യാണു് കേരളത്തിലെ വാരികകളില്‍ വരുന്ന ഹാസ്യ ചിത്രങ്ങളില്‍ കൂടുതലുള്ളതു് എന്നു് ലോനപ്പന്‍ നമ്പാടന്‍ അഭിപ്രായപ്പെട്ടതായി കുങ്കുമംവാരികയില്‍ കണ്ടു. സത്യമാണു് അദ്ദേഹം പറഞ്ഞതു്. ഹാസ്യചിത്രകാരന്റെ രേഖകളില്‍നിന്നു് ഹാസ്യത്തിന്റെ തിളക്കമല്ല ഉണ്ടാകുന്നതു്; അസഭ്യപദങ്ങളുടെ ആളിക്കത്തലാണു്. ലോകത്തുള്ള സകല തെറിവാക്കുകളും ആ രേഖകളില്‍നിന്നു തെറിച്ചുവീഴുന്നു. അതുണ്ടാകുമ്പോള്‍ ഹാസ്യചിത്രകാരന്‍ ചെളിയില്‍ താഴ്ന്നു താഴ്ന്നു പോകുകയാണെന്ന പരമാര്‍ത്ഥം അയാളൊട്ടു് അറിയുന്നുമില്ല. കാര്‍ട്ടൂണ്‍ ക്യാമ്പുകളിലെത്തുന്ന യഥാര്‍ത്ഥ ഹാസ്യചിത്രകാരന്മാര്‍. പ്രതിഭാശാലികള്‍ ഇയാളെപ്പോലുള്ളവരെ പിടിച്ചുപൊക്കാന്‍ ശ്രമിക്കാറുണ്ടു്. ഫലമില്ല മാലിന്യത്തിന്റെ ഭാരം കൊണ്ടു് അവര്‍ കൂടുതല്‍ താഴ്ന്നുപോകുന്നതേയുള്ളു. രക്ഷകരായി എത്തുന്നവരെക്കൂടി അവര്‍ ചിലപ്പോള്‍ തങ്ങളുടെ ഗര്‍ത്തത്തിലേക്കു വലിച്ചിട്ടുകളയും.

കല പാവനമാണു് വ്യക്തിശത്രുതയുടെ പേരില്‍ അതിനെ വ്യഭിചരിക്കരുതു ചിത്രകാരന്‍. “വയലാര്‍ രാമവര്‍മ്മ എന്നെ അവഗണിച്ചു. ഞാന്‍ അയാളെക്കുറിച്ചു് നോവലെഴുതും” എന്നു നോവലിസ്റ്റ് (എഴുതി) “എന്റെ കഥ മോശമാണെന്നു് അയാള്‍ പറഞ്ഞു. ഞാന്‍ അയാളെ ആക്ഷേപിച്ചു കഥയെഴുതും” എന്നു കഥാകാരന്‍. (കഥയെഴുതി). “അരവിന്ദനെയും യേശുദാസിനെയും കൃഷ്ണനെയും രാജുനായരെയും അയാള്‍ വാഴ്ത്തുന്നു. എന്നെക്കുറിച്ചു് അയാള്‍ മിണ്ടുന്നതേയില്ല. ഞാന്‍ അയാളെ അടുത്ത വാരികയില്‍ വയ്ക്കും” എന്നു ചിത്രകാരന്‍ .(വച്ചു) ഈ മാനസിക നിലയൊക്കെ അധമമാണു്. എനിക്കു് ഒ. വി. വിജയനോടു വിരോധമുണ്ടെന്നിരിക്കട്ടെ. വേണമെങ്കിൽ എനിക്കു് അദ്ദേഹത്തെ നേരിട്ടു ‘ഡീല്‍’ (deal) ചെയ്യാം. അല്ലാതെ നല്ലയാളായ അദ്ദേഹത്തെ ചീത്തയാളാക്കി ലേഖനമെഴുതുകയല്ല വേണ്ടതു്. അദ്ദേഹത്തിന്റെ സുന്ദരമായ ‘ഖസാക്കിന്റെ ഇതിഹാസം’ വിരൂപമാണെന്നു് എഴുതിപ്പിടിപ്പിക്കുകയല്ല വേണ്ടതു്. അങ്ങനെ ചെയ്താല്‍ ഞാന്‍ ഹീനരില്‍ ഹീനനാണു് ഇന്നത്തെ ഈ ആബറേയ്ഷനെതിരായി — മാര്‍ഗ്ഗഭ്രംശത്തിനെതിരായി — ലോനപ്പന്‍ നമ്പാന്റെ ശബ്ദമുയര്‍ത്തിയതു നന്നായി.

* * *

അറുപതുവയസ്സായ സ്ത്രീ ഇരുപതു വയസ്സുള്ളവളെപ്പോലെ ചിരിക്കുന്നതു് ഞാന്‍ കണ്ടിട്ടുണ്ടു് ജുഗുപ്സാവഹമാണു് അക്കാഴ്ച. എഴുപതുകാരനെ വയസ്സിന്റെ പേരില്‍ വിമര്‍ശിക്കുന്നതു ശരിയല്ല. എങ്കിലും എഴുപതു കഴിഞ്ഞ അയാള്‍ തെറി എഴുതുമ്പോള്‍ നായനക്കാര്‍ക്കു ജുഗുപ്സ.