സാഹിത്യവാരഫലം 1986 08 03
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1986 08 03 |
ലക്കം | 568 |
മുൻലക്കം | 1986 07 27 |
പിൻലക്കം | 1986 08 10 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
വേണ്ടിടത്തോളം പണമില്ലേ? ദാരിദ്ര്യം ജനിപ്പിക്കുന്ന ആ ദുഃഖം സഹിക്കാം. നിങ്ങൾ സ്നേഹിക്കുന്നവർ നിങ്ങളെ ശത്രുവായി കരുതുന്നോ? അതും സഹിക്കാം. നിങ്ങളുടെ ആഗ്രഹത്തിനും സങ്കൽപ്പത്തിനും വിപരീതമായി സന്താനങ്ങൾ പ്രവർത്തിക്കുന്നുവോ? അതും സഹിക്കാവുന്നതേയുള്ളൂ. എന്നാൽ വീട്ടിലൊരു സന്മാർഗ്ഗവാദിയുണ്ടെങ്കിൽ ഒരു വിധത്തിലും സഹിക്കാനാവുകയില്ല. അയാൾ വൈകുന്നേരം ആപ്പീസിൽ നിന്ന് ഭവനത്തിലെത്തുന്നു. മുറ്റത്ത് ആരോ കീറിയിട്ട രണ്ടു കടലാസ്സുതുണ്ടുകൾ കിടക്കുന്നതു കാണുന്നു. ഭാര്യയെ വിളിച്ച് ഒരു ഉപദേശം: “മുറ്റമിങ്ങനെ വൃത്തികേടായി ഇടരുതെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്?” ഭാര്യ മിണ്ടാതെ നിൽക്കുന്നത് കണ്ടുകൊണ്ട് അയാൾ അകത്തേക്ക് കയറുന്നു. അഞ്ചു വയസ്സായ കുഞ്ഞ് കട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്. “കൊച്ചിനെ സന്ധ്യയ്ക്ക് ഉറക്കരുതെന്ന് ഞാൻ പലപ്പോഴും പഞ്ഞിട്ടില്ലേ?” എന്ന ചോദ്യമെറിയുന്നു അയാൾ. കുഞ്ഞിനെ തട്ടിയുണർത്തി “മോളേ സന്ധ്യയ്ക്ക് ഉറങ്ങരുത്” എന്ന് ഉപദേശം. ഉറക്കത്തിനു ഭംഗം വന്നതുകൊണ്ട് കൊച്ച് തൊണ്ടകീറുന്നതിനിടയിൽ ഭാര്യ പറയുന്നു: “പൈപ്പ് നന്നാക്കാൻ ആളുവന്നിരിക്കുന്നു. ടാപ്പ് മാറ്റിയിട്ടു. അഞ്ചുരൂപ കൂലിവേണമെന്നു പറഞ്ഞതുകൊണ്ടു ഞാനതു കൊടുത്തു.” ഗൃഹനായകനു ദേഷ്യം. “നാലുരൂപയേ കൊടുക്കാൻ പാടുള്ളായിരുന്നു.” ഇങ്ങനെ മൊഴിഞ്ഞുകൊണ്ട് അടുക്കളവശത്തേക്കുകടക്കുമ്പോൾ ഒരു ലോട്ട മൂലയിൽ ഇരിക്കുന്നതു കണുന്നു. ഉടനെ പറയുന്നു: “പാത്രങ്ങൾ ഇരിക്കേണ്ട സ്ഥാനത്തേ ഇരിക്കാവൂ” എന്നു നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്?” പിന്നീട് കുതിച്ചു കുളിപ്പുരയിലേക്ക് ഒരു പോക്കാണ്. ഭാര്യയെ മാത്രമല്ല പ്രായഭേദം നോക്കാതെ എല്ലാവരേയും അയാൾ ഉപദേശിക്കും. അച്ഛനെ, അമ്മയെ, അപ്പൂപ്പനെ, അമ്മൂമ്മയെ എന്നുവേണ്ട കണ്ണിൽപ്പെടുന്ന ‘സകലമാന’ ആളുകളേയും ഉപദേശിക്കും. പക്ഷേ ഈ ഉപദേശരത്നങ്ങളുടെ തിളക്കം തന്നിൽപതിയണമെന്നില്ല അയാൾക്ക്. ആപ്പീസിലെ സുന്ദരിയായ ക്ലാർക്കിനെ വിചാരിച്ചുകൊണ്ട് മുൻവശത്ത് ഇരിക്കും. മദ്യപനായ കൂട്ടുകാരൻ വന്നുവിളിച്ചുകൊണ്ടുപോകുന്നതുവരെ ആ ഇരിപ്പായിരിക്കും. ബാറിലിരുന്ന് ആവോളം മദ്യം ചെലുത്തിക്കഴിയുമ്പോൾ സുഹൃത്തിനോടും ഉപദേശം നടത്തിയേക്കും. “അളിയാ ഇത്ത്രമാത്രം കഴിക്കരുത്.”
ആവർത്തിക്കട്ടെ. ഇത്തരത്തിലുള്ള സന്മാർഗ്ഗ ശാസ്ത്രോപദേശകരാണ് നമ്മുടെ ജീവിതം തകർക്കുന്നത്. അതുകൊണ്ട് ചങ്ങാതികളേ! ഒരു മോറലിസ്റ്റ് നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ ഓടി രക്ഷപ്പെടൂ. സഹോദരികളേ! കുടി കഴിഞ്ഞെത്തുന്ന ഭർത്താവ് കഴുത്തിനു ഞെക്കിക്കൊല്ലാൻ ഭാവിക്കുകയാണെങ്കിൽ സഹിക്കൂ, ക്ഷമിക്കൂ.എന്നാൽ അയാൾ ഉപദേശിക്കാൻ തുടങ്ങുകയണെങ്കിൽ വിവാഹമോചനം നേടാൻ പ്രയത്നിക്കൂ.
സാഹിത്യത്തെസംബന്ധിച്ചും ഇതാണു ശരി. സങ്കീർണ്ണതകൾ നിറഞ്ഞതാണു ജീവിതം. ആ സങ്കീർണ്ണതകളെ ചിത്രീകരിക്കാതെ അവയെ ന്യൂനീകൃതമാക്കിക്കൊണ്ടു വന്ന് ഒരു ഉപദേശമാക്കി മാറ്റുമ്പോൾ സാഹിത്യത്തിന്റെ ശക്തിയും സൗന്ദര്യവും നശിക്കുന്നു. മാത്രമല്ല. ആ സാഹിത്യം അയഥാർത്ഥമായി മാറുകയും ചെയ്യുന്നു. ഉപദേശം എപ്പോഴും ആശയമായിരിക്കും. ആശയം അനുഭവമല്ല, അനുഭവത്തിന്റെ ആവിഷ്കാരമല്ലാത്ത രചന സഹിത്യമേയല്ല.
Contents
ഒരു ശ്ലോകം
ക്ഷമയോടുകൂടി പല്ലുവേദന സഹിക്കുന്ന ഒരു തത്വചിന്തകനും ഉണ്ടായിട്ടില്ല എന്നു പറഞ്ഞത് ഷെയ്ക്സ്പിയറാണ്. പല്ലുവേദനയേക്കാൾ വലിയ വേദനയാണ് വിമർശനം ഉളവാക്കുന്നത്. അതു കവികളും മറ്റു സഹിത്യകാരന്മാരും ക്ഷമിച്ചെന്നുവരും. എന്നാൽ, അവരുടെ ആരാധകർ ക്ഷമിക്കില്ല.
“ലോകത്തിൽ പൂങ്കുയിലുകൾക്കെന്നപോലെ പൂങ്കോഴികൾക്കും സ്ഥാനമുണ്ടെന്ന് ഒരു മഹാകവി പാടിയിട്ടുണ്ട്” എന്ന് സിദ്ധാർത്ഥൻ മനോരാജ്യം വാരികയിൽ. മഹാകവി പാടിയത് അങ്ങനെതന്നെയോ എന്നെനിക്കു സംശയം. ശ്ലോകം എടുത്തെഴുതാം.
“ശങ്കാപേതമുദിക്കുമർത്ഥരുചിയെങ്ങെ
ങ്ങാ വെറും ശബ്ദമാ-
മങ്കോലക്കുരുവിന്റെയെണ്ണയിലെ-
ഴുന്നജ്ജാലകൗതൂഹലം?
ഹൂങ്കാരത്തിലൊതുങ്ങുമോ പര
ഗുണോൽകർഷങ്ങൾ? ഉണ്ടൂഴിയിൽ
പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ!
പുംസ്കോകിലങ്ങൾക്കുമേ.”
“പൂങ്കോഴിപ്രകരത്തിനു തീർച്ചയായും സ്ഥലമുണ്ട്; പുംസ്കോകിലങ്ങൾക്കും സ്ഥലമുണ്ട്” എന്നാണ് കവി പറഞ്ഞത്. മറിച്ചാണ് അദ്ദേഹം പറയേണ്ടിയിരുന്നത്. കവി എഴുതിയ രീതിയനുസരിച്ച് പൂങ്കോഴികൾക്കു പ്രധാന്യവും പുംസ്കോകിലങ്ങൾക്കു പ്രാധാന്യമില്ലായ്മയും വന്നുപോയി. “നാട്ടിൽ രാജാക്കന്മാർക്കു സ്ഥാനമുണ്ട്; ഭിക്ഷക്കാർക്കുമേ” എന്നെഴുതിയാൽ ശരി. “നാട്ടിൽ ഭിക്ഷക്കാർക്കു സ്ഥാനമുണ്ട്; രാജാക്കന്മാർക്കുമേ” എന്നെഴുതിയാൽ ഭിക്ഷക്കാർക്കു ഉത്കൃഷ്ടത വന്നുകൂടും.
അതിരിക്കട്ടെ. ആ ശ്ലോകം തന്നെ അത്ര കേമമാണോ? രാജാവ് എവിടെ? തെണ്ടിയെവിടെ? എന്നു ചോദിക്കുന്നതിനു പകരം “സ്വർണ്ണസിംഹാസനത്തിൽ ഉപവിഷ്ടനായി സുന്ദരാംഗികളാൽ വെഞ്ചാമരംകൊണ്ടു വീശപ്പെട്ട് മന്ദസ്മിതാർദ്രനായി വാണരുളുന്ന രാജശ്രേഷ്ഠനെവിടെ?; കീറിപ്പറിഞ്ഞതും ദുർഗ്ഗന്ധം വമിക്കുന്നതും ആയ വസ്ത്രമുടുത്ത്, പിച്ചച്ചട്ടിയേന്തി, ലാലാജലമൊലിപ്പിച്ച്, ഈച്ചകളാൽ പരിസേവിതനായി വേച്ചു വേച്ചു നടക്കുന്ന തെണ്ടിയെവിടെ?” എന്നു ചോദിച്ചാൽ ശക്തിയാകെ ചോർന്നുപോയില്ലേ? രാജാവിനും തെണ്ടിക്കും നല്കുന്ന വിശേഷണങ്ങളാണ് ശക്തിരാഹിത്യത്തിനു കാരണമായിത്തീരുന്നത്. അതിനാൽ അർത്ഥമെവിടെ? ശബ്ദമെവിടെ? എന്നുവേണം കവി ചോദിക്കേണ്ടിയിരുന്നത്. കവിയുടെ ആരാധകരോട് എനിക്കു മാപ്പുചോദിക്കേണ്ടതില്ല. ഞാനും അദ്ദേഹത്തിന്റെ ആരാധകൻ തന്നെ.
ക്ഷമയോടുകൂടി പല്ലുവേദന സഹിക്കുന്ന ഒരു തത്ത്വചിന്തകനും ഉണ്ടായിട്ടില്ല എന്നു പറഞ്ഞത് ഷെയ്ക്സ്പിയറാണ്. പല്ലുവേദനയേക്കാൾ വലിയ വേദനയാണ് വിമർശനം ഉളവാക്കുന്നത്. അതു കവികളും മറ്റു സാഹിത്യകാരന്മാരും ക്ഷമിച്ചെന്നു വരും. എന്നാൽ അവരുടെ ആരാധകർ ക്ഷമിക്കില്ല. സാഹിത്യകാരന്മാർ ക്ഷമിക്കുന്നതിനു ഹേതുവുണ്ട്. തന്റെ രചനയിൽ സാഹിത്യകാരൻ എപ്പോഴും അസംതൃപ്തനായിരിക്കും. അയാളതു തിരുത്തിക്കൊണ്ടിരിക്കും. തിരുത്താതിരിക്കാൻ വേണ്ടിയാണ് അത് അച്ചടിപ്പിക്കുന്നത് എന്നുവരെ ഒരെഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്.
പ്രകടനാത്മകത
ഈ ശതാബ്ദത്തിലെ സാഹിത്യത്തിന് പരിവർത്തനം വരുത്തിയ ‘യൂലിസസ്’ എന്ന നോവൽ (ജെയിംസ് ജോയിസിന്റേത്) 1922 ഫെബ്രുവരിയിലാണ് പ്രസാധനം ചെയ്തത്. അന്ന് അതിലുണ്ടായിരുന്ന തെറ്റുകൾ ഗ്രന്ഥകാരനെ വേദനിപ്പിച്ചു. കുറ്റം പരിപൂർണ്ണമായി അച്ചടിച്ചവരുടേതായിരുന്നില്ല.
എറണാകുളത്തു ജവഹർലാൽ നെഹ്രുവിന്റെ പ്രഭാഷണം ഉണ്ടായിരുന്ന ഒരു ദിവസം വൈകുന്നേരം. ഏതാണ്ടു ഒരു ലക്ഷമാളുകൾ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ വന്നുകൂടി. അടുത്ത ദിവസം ആ പ്രഭാഷണത്തെ വിമർശിച്ചുകൊണ്ട് ഒരു നേതാവ് പ്രസംഗിക്കുന്നത് ഞാൻ കേട്ടു. വിശദാംശങ്ങൾ ഓർമ്മയിൽനിന്ന് ഓടിപ്പോയിരിക്കുന്നു. എങ്കിലും അത് ഏതാണ്ടിങ്ങനെ: “ഇന്നലെ ഇവിടെ നെഹ്രു പ്രസംഗിച്ചപ്പോൾ ഒരു ലക്ഷത്തിൽപ്പരമാളുകൾ ഉണ്ടായിരുന്നുവെന്ന് ആരോ പറയുകയുണ്ടായി. ശരിയാവാം. ആ ഒരു ലക്ഷത്തിൽ ഇരുപത്തയ്യായിരംപേർ നെഹ്രുവിന്റെ സൗന്ദര്യം കാണാൻ വന്നെത്തിയ പെണ്ണുങ്ങളായിരുന്നു. ശേഷമുള്ള ഇരുപത്തായ്യായിരം പേർ സിവിലിയൻ വേഷത്തിൽ ആളുകളുടെ കൂട്ടത്തിൽ കയറിയിരുന്ന പോലീസുകാരായിരുന്നു. പിന്നീടുള്ള അമ്പതിനായിരം പേരിൽ ഇരുപത്തയ്യായിരം പേർ യൂണിഫോം ധരിച്ച പോലീസുകാരായിരുന്നു. ശേഷിച്ച ഇരുപത്തയ്യായിരമളുകൾ നെഹ്രുവിന്റെ പാർട്ടിയിൽത്തന്നെ ഉൾപ്പെട്ട കോൺഗ്ഗ്രസുകാരും. ഇങ്ങനെയുള്ള സദസ്സിന് ജനതയുടെ പ്രാധിനിത്യസ്വഭാവമുണ്ടോ? അതിനാൽ നെഹ്രുവിന്റെ പ്രസംഗം ആരും കേട്ടില്ല എന്നുതന്നെപറയാം. എന്നാൽ എന്റെ മുൻപിലുള്ള ഈ മനുഷ്യമഹാസമുദ്രം…” [ആകെ അഞ്ഞൂറാളുകളേ അവിടെ കൂടിയിരുന്നുള്ളൂ — ലേഖകൻ]. നെഹ്രുവിനെ തരംതാഴ്ത്തിക്കാണിക്കാനുള്ള ഈ അടവ് അത്യുക്തിയാണോ? അതോ ഇംഗ്ലീഷിൽ ലൈറ്ററ്റീസ് (litotes) എന്നു പറയുന്ന ന്യൂനോക്തിയോ? [ലൈറ്ററ്റീസിന്റെ വിപരീതപദം ഹൈപർബലീ (hyperbole)] എന്തുമാകട്ടെ. ഇത് കരുതിക്കൂട്ടിയുള്ള അസത്യഭാഷണമാണ്. സാഹിത്യത്തിൽ അത്യുക്തിയും (സ്ഥൂലീകരണവും) ന്യൂനോക്തിയും കാണാം. വികാരത്തെ വികാരചാപല്യത്തോളമെത്തിക്കുമ്പോഴാണ് അവിടെ സ്ഥൂലീകരണമുണ്ടാകുന്നത്. ഉദാഹരണം രമാമേനോൻ കുങ്കുമം വരികയിലെഴുതിയ “ദേവകിയുടെ മകൻ” എന്ന കഥ തന്നെ. സന്താനഭാഗ്യമില്ലാത്ത ഒരു സ്ത്രീക്ക് ഒരനാഥബാലനെ വീട്ടിൽ കൊണ്ടുപോയി വളർത്തണം. കുട്ടികൾ ബലൂൺ ഊതിവീർപ്പിക്കുന്നതുപോലെ കഥയെഴുത്തുകാരി ഇതിവൃത്തത്തെ വാവദൂകതകൊണ്ട് പെരിപ്പിക്കുന്നു. ബലൂൺ വീർപ്പിക്കുമ്പോൾ നമുക്ക് അസ്വസ്ഥത; പൊട്ടിപ്പോകുമോ എന്ന പേടി. അതിനു സദൃശ്യമായ അസ്വസ്ഥയും ഭയവും സ്ഥൂലീകരിക്കപ്പെടുന്ന ഈ കഥ ഉളവാക്കുന്നു. ഒരു വികാരം ആവിഷ്കരിക്കുന്ന എഴുത്തുകാരൻ ആ വികാരം ആദ്യമായി സ്വയമനുഭവിക്കണം. എന്നിട്ടുവേണം വാക്കുകളിലൂടെ അതു പകർത്താൻ. വികാരരഹിതമായ മനസ്സ് തനിയെ വികാരത്തിന്റെ കൊടുമുടിയിലേക്കു കുതിക്കാൻ ശ്രമിക്കുമ്പോൾ theatrical fabrication ഉണ്ടാകും. ഈ “പ്രകടനാത്മകമായ അസത്യാത്മകത”യാണ് രമാമേനോന്റെ കഥയുടെ മുദ്ര.
സ്റ്റീൽപ്പാത്രത്തിന്റെ ഉറപ്പ് കാണിക്കാൻവേണ്ടി വില്പനക്കാരൻ അത് കമഴ്ത്തിയിട്ട് അതിന്റെ മുകളിൽ കയറിനിന്ന് ചാടുന്നത് വായനക്കാർ കണ്ടിട്ടില്ലേ? പേനയുടെ നിബ്ബിനു നല്ല ടെംപർ ഉണ്ടെന്നു കാണിക്കാനായി വഴിവാണിഭക്കാരൻ അത് തറയിൽ ആഞ്ഞുകുത്താറില്ലേ? അങ്ങനെ ഒരുത്തൻ കുത്തിയപ്പോൾ നിബ്ബ് മാത്രമല്ല പേനയും ഒടിഞ്ഞുപോയി. ഇടിക്കേണ്ടതില്ല, തറയിൽ കുത്തേണ്ടതില്ല. ഒന്നു നോക്കിയാൽ മതി രമാമേനോന്റെ കഥ തകർന്നു പോകും.
യൂലിസീസ് — പുതിയ പ്രസാധനം
ഈ ശതാബ്ദത്തിലെ സാഹിത്യത്തിന് പരിവർത്തനം വരുത്തിയ ‘യൂലിസസ്’ എന്ന നോവൽ (ജെയിംസ് ജോയിസിന്റേത്) 1922 ഫെബ്രുവരിയിലാണ് പ്രസാധനം ചെയ്തത്. അന്ന് അതിലുണ്ടായിരുന്ന തെറ്റുകൾ ഗ്രന്ഥകാരനെ വേദനിപ്പിച്ചു. കുറ്റം പരിപൂർണ്ണമായി അച്ചടിച്ചവരുടേതായിരുന്നില്ല. ജൊയിസ് ഗ്യാലിപ്രൂഫുകളുടെ അരികുകളിൽ ലക്ഷത്തോളം വാക്കുകൾ കൂടുതലായി എഴുതിചേർത്തു. അവ കൂടെ ചേർത്ത് ഗ്രന്ഥം അച്ചടിച്ചു വന്നില്ല. ചേർത്തിടത്തോളം തെറ്റുകളുമായിരുന്നു. അതുകൊണ്ട് ജൊയിസ് ഉദ്ദേശിച്ച രീതിയിലുള്ള ബഹുജനത്തിന് വായിക്കാനിടവന്നത്. ഈ സത്യം മനസ്സിലാക്കിയ പ്രൊഫസർ ഗേബ്‌ലർ (മ്യൂനിക്ക് സർവകലാശാലയിലെ പ്രൊഫസർ) അനവധി രേഖകൾ പരിശോധിച്ചും കമ്പ്യൂട്ടറിന്റെ സഹായം അവലംബിച്ചും ഒരു പുതിയ പ്രസാധനം 1984-ൽ ലോകത്തിനു നൽകി. ആ പുസ്തകത്തിന്റെ വില 2400 രൂപയാണ്. അതിനെക്കുറിച്ച് അറിവു കിട്ടിയപ്പോൾ ‘യുലിസീസി’ന്റെ നൂതന പ്രസാധനം വായിക്കാതെ തന്നെ എനിക്ക് ഈ ലോകം വിട്ടു പോകേണ്ടതായി വരുമെന്നു തോന്നി. പക്ഷേ ഭാഗ്യം കൊണ്ട് പെൻഗ്വിൻ ബുക്ക്സ് അത് ഈ വർഷം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. (വില 141 രൂപ) ഗ്രന്ഥം എന്റെ കൈയിൽ കിട്ടിയതേയുള്ളു. വായിച്ചില്ല. ജൊയിസിന്റെ ജീവചരിത്രം മനോഹരമായി രചിച്ച റിച്ചേഡ് ഏൽമാൻ എഴുതിയ അവതാരിക മാത്രമേ ഞാൻ വായിച്ചുള്ളു. ഈ പ്രസാധനം എത്രമാത്രം പ്രാധാന്യമാർജ്ജിച്ചതാണെന്നു ഗ്രഹിക്കാൻ വേണ്ടി ഒന്നോ രണ്ടോ മാറ്റങ്ങൾ മാത്രം എടുത്തുകാണിക്കാം. അമ്മയുടെ മരണത്താൽ “അനുധാവനം” ചെയ്യപ്പെട്ട് സ്റ്റീഫൻ ഡബ്ലിൻ നഗരത്തിലൂടെ അലഞ്ഞുതിരിയുകയാണ്. രാത്രിയേറെച്ചെന്നപ്പോൾ മദ്യപിച്ച് ഉന്മത്തനായ സ്റ്റീഫൻ അമ്മയുടെ പ്രേതം കാണുന്നു. “അമ്മേ, അമയ്ക്കറിയാമെങ്കിൽ ആ വാക്ക് എന്നോട് പറയൂ. എല്ലാവർക്കും അറിയാവുന്ന ആ വാക്ക്.” അമ്മ അതു പറയുന്നില്ല. ജൊയിസ് എഴുതിയതും ‘യുലിസീസി’ന്റെ എല്ലാ പ്രസാധനങ്ങളിലും വിട്ടുപോയതുമായ ആ പദം ‘സ്നേഹം’ എന്നതാണ്. ഈ വാക്കു നമുക്കു ലഭിച്ചതോടെ നോവലിന്റെ അർത്ഥമാകെ ഒരു പുതിയ കാഴ്ചപ്പാടിൽ വന്നു വീഴുന്നു. ജൊയിസിന്റെ കൃതിയുടെ സ്വഭാവം മനസ്സിലാക്കാൻ അതു സഹായിക്കുന്നു. കൈയെഴുത്തു പ്രതിയിലുള്ളതും അച്ചടിച്ചപ്പോൾ വിട്ടു പോയതുമായ വാക്യം ഇതാണ്: Do you know what you are talking about? Love. Yes, Word known to all men…” പഴയ പ്രസാധനങ്ങളിൽ “Ask them a question they ask you another. Good idea if you’re in a cart” ഇതിനൊരർത്ഥവുമില്ല. ഈ പുതിയ പ്രസാധനത്തിൽ ഇങ്ങനെ: Ask them a question they ask you another. Good idea if you’re stuck. Gain time. But then you’re in a cart. ഗേബ്‌ലർ മറ്റു രണ്ടു പണ്ഡിതന്മാരുടെ സഹായത്തോടെ തയ്യാറാക്കിയ ഈ ‘സിനോപ്റ്റിക് എഡിഷ്’നായിരിക്കും ഇനി എല്ലാവരും വായിക്കുക.
ഒരു പടിഞ്ഞാറൻ നേരമ്പോക്ക്. കപ്പൽ യാത്ര ചെയ്യുകയായിരുന്നു ഭർത്താവും ഭാര്യയും. ഭർത്താവു പറഞ്ഞു: “ഞാൻ ഡിന്നർ റൂമിൽപ്പോയി ആഹാരം കഴിക്കുകയാണ്. നിനക്കുള്ളത് പയ്യന്റെ കൈയ്യിൽ ഇങ്ങോട്ടു കൊടുത്തയയ്ക്കാം.” ഭാര്യ മറുപടി നൽകി: “അവന്റെ കൈയിൽ കൊടുത്തയയ്ക്ക. പക്ഷേ, അത് ഇങ്ങോട്ടു കൊണ്ടുവരേണ്ടതില്ല. അവൻ ഡെക്കിൽ നിന്നു കൊണ്ടു കടലിലേക്ക് എറിഞ്ഞാൽ മതി” [ഞാൻ വിചാരിച്ചിരുന്നു നമ്മുടെ തീവണ്ടികളിൽ മാത്രമാണ് ദൂരെ എറിഞ്ഞുകളയേണ്ട ഭക്ഷണം കിട്ടുന്നതെന്ന്. അല്ല പടിഞ്ഞാറൻ ദേശത്തും ഇങ്ങനെ തന്നെ]. നമ്മുടെ പ്രസാധകർ ധാരാളം പുസ്തകങ്ങൾ അച്ചടിക്കട്ടെ. അവരുടെ ബുള്ളറ്റിനുള്ളിൽ അവയെക്കുറിച്ചു കേമമായി എഴുതട്ടെ. വേണമെങ്കിൽ അവരുടെ പുസ്തകക്കടകളിൽ അവ നിരത്തിവയ്ക്കട്ടെ. ഓരോ മാസത്തിലും ഒരു നല്ല ദിവസം നോക്കി അവയെ റോഡിലിരിക്കുന്ന കുപ്പത്തൊട്ടിയിൽ എറിഞ്ഞാൽ മതി.
വായിക്കേണ്ട ഒരു റിപ്പോർട്ട്
ഈ ആഴ്ചത്തെ റ്റൈം വാരികയിൽ സിക്ക് ഭീകരൻ ഹിന്ദുക്കളെ എങ്ങനെ ഹിംസിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ലേഖനമുണ്ട്. വായിച്ചിരിക്കേണ്ട പ്രബന്ധമാണത്. ഈ വർഷത്തിൽ മാത്രം നാനൂറുപേർ വധിക്കപ്പെട്ടു എന്നാണ് പോലീസിന്റെ കണക്ക്. ജനങ്ങൾ യാത്ര ചെയ്യാൻ പേടിക്കുന്നു. റോഡുകൾ വിജനങ്ങൾ. ബസ്സുകളിൽ നിന്നു യാത്രക്കാരെ പിടിച്ചിറക്കി ഭീകരർ വെടിവച്ചു കൊല്ലുന്നു. വയലുകളിൽ ജോലി ചെയ്യുന്ന കൃഷിക്കാരെയും ഓഫീസിൽ പോകുന്ന ജോലിക്കാരെയും യഥാക്രമം വയലുകളിലും തെരുവുകളിലും വച്ച് കൊല്ലുകയാണ് അവർ. കളിച്ചുനിൽക്കുന്ന കുഞ്ഞുങ്ങളെയും വധിക്കുന്നു. മരുന്നു തീർന്നുപോയെങ്കിലും വെളിയിൽപ്പോയി അതു വാങ്ങിക്കൊണ്ടുവരാൻ ഒരു ഹിന്ദു ഡോക്ടർക്കു പേടി. അദ്ദേഹത്തിന്റെ മകനെ മറ്റു യാത്രക്കാരോടൊപ്പം ബസ്സിൽ നിന്നു പിടിച്ചിറക്കി ഭീകരർ വെടിവച്ചു കൊന്നു. ആളറിയാതിരിക്കാൻ വേണ്ടി ഹിന്ദുക്കൾ താടി വളർത്തുന്നു. തലപ്പാവു കെട്ടുന്നു. ഭീകരന്മാർ പേടിപ്പിക്കുന്നത് ഒരേ മട്ടിലാണ്. സിക്കുകാർക്കു തങ്ങളുടെ ജന്മഭൂമി സ്വന്തമായി വേണമെന്ന് അവർ പ്രസംഗിക്കുന്നു. സ്ഥലം വിട്ടുപോകാൻ അവർ ഹിന്ദുക്കളോടു ആവശ്യപ്പെടുന്നു. അതേ ആവശ്യം ചുവർപ്പരസ്യങ്ങളായി പ്രത്യക്ഷങ്ങളാകുന്നു. കുറെ ദിവസം കഴിഞ്ഞു മൂന്നോ നാലോ ഭീകരർ മോട്ടോർ സൈക്കിളിലോ സ്കൂട്ടറിലോ സഞ്ചരിച്ച് തങ്ങളാലാവും വിധം ഹിന്ദുക്കളെ വെടിവച്ചു കൊല്ലുന്നു. “എല്ലാവർക്കുമറിയാം കൊലപാതകികൾ ആരാണെന്ന്. തദ്ദേശവാസികൾക്കറിയാം. പോലീസിനറിയാം. ആരും ഒന്നും ചെയ്യുന്നില്ല. പോലീസിലെ എൺപതു ശതമാനം സിക്കുകാരാണ്. ഭീകരന്മാരുടെ വശത്താണത്രേ അവർ. (റ്റൈം, ജൂലൈ 7).
ഇതിന്റെ മറുപുറം ലെസ്റ്റർ (Leicester) കാരാഗൃഹത്തിൽ കഴിയുന്ന മൂന്നു ഭീകരന്മാരോടും സ്വതന്ത്രനായി കഴിയുന്ന ഒരു ഭീകരനോടും പ്രീതിഷ്നന്ദി നടത്തിയ സംഭാഷണങ്ങളിൽ ദർശിക്കാം. എല്ല മാസവും നൂറ്റുക്കണക്കിനു സിക്കുകാരെ കൊല്ലുന്നു എന്നാണ് അവരുടെ പ്രസ്താവം. ഒരു പത്രവും ആ വസ്തുത പ്രകാശിപ്പിക്കുന്നില്ലത്രേ (ഇലസ്ട്രേറ്റഡ് വീക്ക്‌ലി, ജൂലൈ 6–12).
വടക്കുപടിഞ്ഞാറ് സിയാ ഉൾഹക്ക് അമേരിക്ക നൽകുന്ന യുദ്ധോപകരണങ്ങൾ കാണിച്ച് നമ്മളെ പേടിപ്പെടുത്തുന്നു. ഗൂർഖാ രാജ്യം സ്ഥാപിക്കാൻ ചിലർ വടക്കുദേശത്തു ശ്രമിക്കുന്നു. തെക്കുകിഴക്കേ മൂലയിൽ ജയവർദ്ധന എന്നൊരു കംസൻ തമിഴരെ ചുട്ടുകരിക്കുന്നു. ഈ നൃശംസതയുടെ നടുവിൽപ്പെട്ടു നമ്മുടെ പാർലമെന്ററി ഡെമോക്രസി ശ്വാസംമുട്ടി കൈകാലിട്ടടിക്കുന്നു. ഈ സന്ദർഭത്തിൽ മേഷയുദ്ധത്തിൽപ്പെട്ട കുറുനരിയെപ്പോലെ ചില ജംബുകങ്ങൾ രക്തം നക്കിക്കുടിക്കുന്നു. ഏതൊരു വ്യക്തിയെയും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളും വസ്തുതകളുമാണിവ. കുഞ്ഞപ്പ പട്ടാന്നൂർ ഇവ കണ്ട് ഞെട്ടിയതിൽ ഞാൻ അത്ഭുതപ്പെടുന്നില്ല. അദ്ദേഹം കലാകൗമുദിയിൽ എഴുതുന്നു:
പൊരുളും വെളിപാടും അരുളപ്പാടുകളും
വടവൃക്ഷച്ചുവട്ടിലെ മിഥ്യകൾ മാത്രമാണിന്ന്.
ചവിട്ടിക്കയറേണ്ട മലമടക്കുകൾ പലതുണ്ട്
നീന്തിക്കടക്കേണ്ട കടലിടുക്കുകൾ പലതുണ്ട്
പൊരുതിനിൽക്കാൻ പടനിലങ്ങൾ പലതുണ്ട്
പക്ഷേ, പൊരുതിപ്പിന്മാറാാൻപോലും പറ്റാത്ത
കടുത്ത ചാവേറിന്റെ കറുത്ത കാലമാണിത് —
സംഘമിത്രാ!
ഛന്ദസ്സിൽ ഒതുങ്ങാത്ത കവിത എനിക്കിഷ്‌ടമില്ല. പക്ഷേ, മനുഷ്യരക്തം പുഴയായി ഒഴുകുന്നതു കണ്ട് ദുഃഖിക്കുന്ന കുഞ്ഞപ്പ പട്ടാന്നൂരിന്റെ നന്മയാർന്ന ഹൃദയം ഏവർക്കുമുണ്ടായിരുന്നെങ്കിൽ എന്നെനിക്കു തോന്നി.
കൊച്ചു വർത്തമാനം
ഡോക്ടർ രാധാകൃഷ്ണൻ കാലത്ത് പരുന്തിനെ കണ്ടതിനു ശേഷമേ കാപ്പി കുടിക്കുമായിരുന്നുള്ളൂ. ഡോക്ടർ രാജേന്ദ്രപ്രസാദ് ബ്രാഹ്മണന്റെ കാലുകഴുകി വെള്ളം കുടിക്കുമായിരുന്നു. കമ്യൂണിസ്റ്റായി ഭാവിക്കുന്ന ഒരു സാഹിത്യകാരൻ അമ്പലത്തിൽ രഹസ്യമായി പോയി തൊഴാറുണ്ട്. മൊറാൾജി ദേശായി സ്വന്തം മൂത്രം കുടിക്കുന്നു. വേഴ്ചയ്ക്കുശേഷം, ഓടുന്ന തീവണ്ടിയുടെ അടിയിൽ മലർന്നു കിടന്നാൽ ഗർഭം ധരിക്കാമെന്നും കമിഴ്‌ന്നു കിടന്നാൽ ഗർഭം അലസിക്കാമെന്നും ഈജിപ്റ്റിലെ സ്ത്രീകൾ വിശ്വസിക്കുന്നു. രാത്രി കട്ടിലിൽ നിന്നു മറിഞ്ഞു് താഴെ വീഴുന്നവരിൽ പുരുഷന്മാരാണധികം. അഗ്നിശലഭം തവളയുടെ വയറ്റിൽ ചെന്നാലും അതിന്റെ പ്രകാശം പുറത്തേക്കു പ്രസരിക്കും. പുരുഷന്മാരെ ആകർഷിച്ചു് കിടപ്പറയിലേക്കു കൊണ്ടുവന്നിട്ട് അവരുടെ കരണത്തടി കൊടുത്തു വിടുന്ന ഒരു സുന്ദരിയുണ്ടായിരുന്നു തിരുവനന്തപുരത്ത്. സുന്ദരി മരിച്ചുപോയി. അടി കിട്ടിയ പലരും ജീവിച്ചിരിക്കുന്നു. മതി. മറ്റുള്ളവരെക്കുറിച്ചു കൂടുതലെഴുതിയാൽ ഇതിനെ ഗോസിപ്പ് കോളമെന്നു ചിലർ വിളിക്കും. എന്നെപ്പറ്റി എഴുതിയാൽ ‘ഇയാളുടെ കാര്യം കേൾക്കാനാണോ ഞങ്ങൾ വാരിക വാങ്ങുന്നത്?’ എന്നു മറ്റു ചിലർ ചോദിക്കും. എങ്കിലും നമ്മെ വിസ്മയിപ്പിക്കുന്ന വസ്തുതകളാണിവ. വിസ്മയിപ്പിക്കുന്ന ഒന്നുകൂടെ പറയാം. പ്രഭാ മേനോന്റെ കൊച്ചു വർത്തമാനം — സ്മോൾ ടോക്ക് — ചെറുകഥയായി വനിതാ മാസികയിൽ വന്നിരിക്കുന്നു; “മ്‌ളാനതയുടെ തടവറ” എന്ന പേരിൽ.
സൂക്തങ്ങൾ
- ശൂരനാട്ടു കുഞ്ഞൻപിള്ള സർക്കാർ സർവ്വീസിലിരുന്ന കാലത്ത് എന്നോടു പറഞ്ഞത്: “എന്റെ ഓഫീസിലെ ഗോപാലകൃഷ്ണന് പരാതി. ജോർജ്ജിന്റെ ‘കൂർക്കംവലി’ കേട്ട് അയാൾക്ക് ഉറങ്ങാൻ സാധിക്കുന്നില്ലപോലും [പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു — ലേഖകൻ].
- സ്ത്രീകളിരിക്കുന്ന പിറകുവശത്തേക്ക് കൂടുതൽ കൂടുതൽ നീങ്ങുന്ന യാത്രക്കാരനോട് സരസനായ കണ്ടക്ടർ: കൂടുതൽ പിറകോട്ടു് പോകരുത്. കണ്ണാടി പൊട്ടി നിങ്ങൾ റോഡിൽ വീഴും. വേറൊരു സരസനായ കണ്ടക്ടർ യാത്രക്കാരനോടു്: മുൻവശത്തേക്കു നീങ്ങിനിൽക്കണം, ആ ഭാഗവും കിഴക്കേക്കോട്ടയിൽ ചെല്ലും [കിഴക്കേക്കോട്ട; ബസ്സ് പുറപ്പെടുന്നതും ചെന്നു നിൽക്കുന്നതുമായ സ്ഥലം. തിരുവനന്തപുരത്തു്].
- “മാർത്താണ്ഡം ബാങ്കിന്റെ മാനേജരായിരുന്ന ജോർജ്ജിനോടു് ഒരു ദിവസം ഞാൻ ടെലിഫോണിൽ ചോദിച്ചു: “എന്റെ അക്കൗണ്ടിൽ ബാലൻസ് വല്ലതുമുണ്ടോ?” രണ്ടു മിനിറ്റിനു ശേഷം മറുപടി: “ഉണ്ടല്ലോ, ഫൈവ് ഹൺഡ്രണ്ട് നയാപൈസ.” ഇനി ഭാഗികമായിമാത്രം സ്വന്തമായ ഒരു സൂക്തം: പുരുഷന്റെ ജീവിതാവസ്ഥകൾ — ശൈശവം, കൗമാരം, യൗവനം, യൗവനം, യൗവനം, യൗവനം.
- പേരുപറയാൻ മടി. ആധ്യാത്മികത്വത്തിൽ അതിരുകടന്ന അഭിനിവേശവും സന്ന്യാസിമാരിൽ എന്തെന്നില്ലാത്ത താത്പര്യവും ഉള്ള ഒരാഫീസ് സൂപ്രണ്ടാണ് കഥാനായകൻ. പ്രിൻസിപ്പൽ എൻ. ഗോപാലപിള്ളയെ കാണാൻ വന്ന ഒരു സന്ന്യാസിയെ കണ്ട മാത്രയിൽ സൂപ്രണ്ടു് ചാടിയെഴുന്നേറ്റു കൈ കൂപ്പിനിന്നു. കഷായവസ്ത്രക്കാരന്റെ മേൽമുണ്ട് അയാളറിയാതെ ഊർന്നു താഴെ വീണു. സൂപ്രണ്ട് ഭക്ത്യാദരപുരസ്സരം: അങ്ങയുടെ കൗപീനം താഴെ വീണു.
നാനാ വിഷയകം
നിത്യജീവിത സത്യത്തിന്റെ രൂപം മാറ്റി അതിനെ വായനക്കാരന്റെ അനുഭവമാക്കുന്നതിനെയാണു് കലയെന്നുപറയുന്നത്. ഭാര്യയുടെ ചാരിത്രത്തിൽ സംശയം തോന്നിയ ഭർത്താവ് അവളെ കൊല്ലുന്നത് നിത്യജീവിത സത്യം. അതിനെ ഷേയ്‌ക്സ്പിയർ രൂപം മാറ്റി ‘ഒഥല്ലോ’ ആക്കുമ്പോൾ ആ നാടകം നമ്മുടെ ഒരനുഭവമായി മാറുന്നു. ഈ വിധത്തിൽ അനുഭവമായി മാറുന്നില്ല, കെ. എൻ. നമ്പൂതിരി ചന്ദ്രിക ആഴ്ചപ്പതിപ്പിലെഴുതിയ “ചെക്കിണ്യാരുടെ ഭാഗ്യം തെളിയുന്നു” എന്ന കഥ. തക്കാളിവിറ്റു നടന്ന ഒരുത്തൻ കുറേക്കാലം കഴിഞ്ഞു നാണി എന്നൊരുത്തിയെ ഭാര്യയായി സ്വീകരിക്കുന്നു. ഇക്കഥയിൽ നിത്യജീവിത സംഭവത്തിലെ സത്യമോ അർത്ഥമോ ഇല്ല. കലയുടെ കാര്യം പറയാനുമില്ല. വല്ലാത്ത പീഡനമാണു് ഇങ്ങനെയുള്ള കഥകൾ നടത്തുന്നത്. ചിത്രശലഭത്തെ ചില വികൃതിക്കുട്ടികൾ ഒറ്റയടിക്കു കൊല്ലുന്നതുപോലെ കെ. എൻ. നമ്പൂതിരി കലാശലഭത്തെയും ഒറ്റയടിക്കു നിഗ്രഹിക്കുന്നു. ആഴ്ചപ്പതിപ്പിന്റെ ഏഴും എട്ടും പുറങ്ങൾ നോക്കൂ. തകർന്നു കിടക്കുന്ന ചിത്രശലഭത്തെ കാണാം.
ബോർഹെസിന്റെ ആദ്യകാല കഥകളിൽ ഒന്നാണു് “മരണവും വടക്കുനോക്കി യന്ത്രവും” എന്നതു്. ഒരു മത സമ്മേളനത്തിൽ പങ്കുകൊള്ളാൻ വന്ന ഡോക്ടർ യർമോലിൻസ്കിയെ ആരോ കൊന്നു. അദ്ദേഹം മരിച്ചുകിടന്ന മുറിയിൽ ലോയിൻറൂട്ട്, ട്രെവിറാനസ് ഈ രണ്ടു ഡിറ്റക്ടീവ്സ് എത്തി. അവർ യർമോ ലിൻസ്കിയുടെ ടൈപ്പ്റൈറ്ററിൽ ഇങ്ങനെയൊരു വാക്യം കണ്ടു. “പേരിന്റെ ആദ്യത്തെ അക്ഷരം ഉച്ചരിച്ചുകഴിഞ്ഞു.” പിന്നെയും രണ്ടു കൊലപാതകങ്ങൾകൂടി നടന്നു. രണ്ടാമത്തെ കൊലപാതകം നടന്ന സ്ഥലത്ത് “പേരിന്റെ രണ്ടാമത്തെ അക്ഷരം ഉച്ചരിച്ചുകഴിഞ്ഞു” എന്നു് എഴുതിവച്ചിരുന്നു. മൂന്നാമത്തെ കൊലപാതകം നടന്നിടത്തു് “പേരിന്റെ അവസാനത്തെ അക്ഷരം ഉച്ചരിച്ചുകഴിഞ്ഞു” എന്നും എഴുതിവച്ചിരുന്നു. അവിടെ ഇട്ടിരുന്ന ഒരു പുസ്തകത്തിലെ “ജൂത ദിവസം അസ്തമയത്തിൽ തുടങ്ങുന്നു, അടുത്ത ദിവസം അസ്തമയത്തിൽ അവസാനിക്കുന്നു:” എന്ന വാക്യത്തിന്റെ താഴെ വരയിട്ടിരുന്നു. അതിൽനിന്നു നാലാമത്തെ കൊലപാതകം നാലാംതീയതി നടക്കുമെന്നു ലോയിൻറൂട്ട് തീരുമാനിച്ചു. വടക്കുനോക്കിയന്ത്രത്തിന്റെ സഹായത്തോടെ ആ കൊലപാതകം നടക്കുന്ന സ്ഥലം ഡിറ്റക്ടീവ് കണ്ടുപിടിച്ചു. അവിടെയെത്തിയ ലോയിൻറൂട്ടിനെ ഷാർലഹ് എന്ന കൊലപാതകി കൊന്നു. ലോയിൻറൂട്ട് ഷാർലഹിന്റെ സഹോദരനെ ജയിലിലാക്കിയതിന്റെ പ്രതികാരമായിട്ടാണു് ആ വധം അയാൾ നടത്തിയത്. ഈ കഥ അന്തിമമായി ഒരുത്തരം പോലും നൽകുന്നില്ലെന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബോർഹെസിനെക്കുറിച്ച് എഴുതിയ എം. പി പറയുന്നു. ‘സമ്പന്നത’യും സങ്കീർണ്ണതയും കൂടിയ തോതിലുള്ള ഈ കഥയെക്കുറിച്ച് വിശദമായി എഴുതാൻ ഇവിടെ സ്ഥലമില്ല. യുക്തികൊണ്ട് എല്ലാം തെളിയിക്കുന്ന ചെസ്റ്റർടൺ കഥകളിലെ ഫാദർ ബ്രൗണിനെ വിമർശിക്കുകയാണു് ബോർഹെസ്. അങ്ങനെ യുക്തി വിശ്വസിക്കാൻ കൊള്ളരുതാത്തതാണെന്നും വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് ഹൈസ്‌കൂളിലാണു് ഞാൻ പഠിച്ചത്. അക്കാലത്തു് സ്‌കൂളിന്റെ ചുറ്റും വേശ്യാലയങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടാവാം എന്റെ ഒരു സാറു് വേശ്യയോടു ചേർന്നാലുണ്ടാകുന്ന ആപത്തുകളെക്കുറിച്ചു ക്ലാസിൽ വാ തോരാതെ സംസാരിക്കുമായിരുന്നു. ഒരു ദിവസം ഞാൻ സ്‌കൂളിനടുത്തുകൂടെ നടന്നപ്പോൾ സാറു് തലയിൽ തോർത്തിട്ടുമറച്ചുകൊണ്ട് ഒരു വേശ്യാലയത്തിൽ നിന്നിറങ്ങിവരുന്നതു കണ്ടു. എന്റെ ഒരു സ്നേഹിതൻ സംസാരിക്കുന്നതെല്ലാം കാന്റിനേയും ക്ലോദ് ലവിസ്റ്റോസിനെയും ദസ്തെയെവ്സ്കിയെയും കുറിച്ചു്. അദ്ദേഹം എഴുതുന്നതെല്ലാം പൈങ്കിളിക്കഥകൾ.
|
|