സാഹിത്യവാരഫലം 1986 09 14
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1986 09 14 |
ലക്കം | 574 |
മുൻലക്കം | 1986 09 07 |
പിൻലക്കം | 1986 09 21 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
പതിവായി പത്രം വായിക്കാത്തവര്‍ ചില സാഹചര്യങ്ങളില്‍ ചെന്നുവീഴുമ്പോള്‍ ഒരു പത്രം വിലകൊടുത്തു വാങ്ങിച്ചെന്നുവരും. പിന്നെ വായനയോടുവായനതന്നെ. ഈ വിധത്തില്‍ ഒരാളെ ഈ. വി കൃഷ്ണപിള്ള ചിത്രീകരിച്ചിട്ടുണ്ട്.. എന്റെ കുട്ടിക്കാലത്ത് കൊല്ലത്തുനിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ‘മലയാളരാജ്യം’ പത്രത്തിനായിരുന്നു പ്രധാന്യം. ഈ. വി. കൃഷ്ണപിള്ളയുടെ പത്രംവായനക്കാരന്‍ ഒരു ചക്രമോ ഒന്നരച്ചക്രമോ കൊടുത്തു ഒരു ‘മലയാളരാജ്യം’ വാങ്ങിച്ചുവെന്നു കരുതൂ. അയാള്‍ തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കു പോകുകയാണെന്നും കരുതൂ. വായനതുടങ്ങുന്നു. “മലയാളരാജ്യം. കൊല്ലത്തുനിന്നു പ്രസിദ്ധപ്പെടുത്തുന്നത്.” ഒന്നാംപുറം മുഴുവന്‍ വായിച്ചു. ഇടയ്ക്ക് ഒരു ഖണ്ഡികയും വിടുന്നില്ല. അറിയാതെ വിട്ടുപോയാല്‍ ‘അയ്യോ എന്റെ ഒന്നരചക്രം’ എന്ന തേങ്ങലോടെ ആ ഖണ്ഡിക രണ്ടുതവണ വായിക്കുന്നു. ഇങ്ങനെ മുറയ്ക്ക് എല്ലാ പേജുകളും. ആറാമത്തെ പുറത്താണ് സര്‍ക്കാര്‍ വക പരസ്യങ്ങള്‍. വായിക്കേണ്ട കാര്യമില്ല. എങ്കിലും “എന്റെ ഒന്നരചക്രം.” എന്ന തേങ്ങല്‍. വായിക്കുന്നു. എട്ടാം പേജിന്റെ അവസാനമെത്തി. “പ്രിന്‍റഡ് ആന്‍ഡ് പബ്ളിഷിങ്ങ് ബൈ കെ. ജി. പരമേശ്വരന്‍ പിള്ള ഉണച്ചക്കംവീട് കൊല്ലം” എന്നതു വരെ വായിച്ചു. എഡിറ്റര്‍ ബാപ്പുറാവു തന്നെയാണോ എന്ന് ഒന്നുകൂടെ നോക്കി. പത്രം മടക്കി തന്റെ സീറ്റില്‍ തൊട്ടടുത്തു വച്ചു. എതിരെയിരിക്കുന്ന യാത്രക്കാരന്‍ ചക്കാത്ത് വായനയ്ക്കായി പുഞ്ചിരിയോടെ പത്രത്തില്‍ കണ്ണെറിയുന്നതുകണ്ട് “അയ്യോ ഒന്നരചക്രം” എന്ന് മനസ്സില്‍ പറഞ്ഞ് അതെടുത്തു സഞ്ചിയില്‍ വയ്ക്കുന്നു.
വേറെ ചിലര്‍ ഇങ്ങനെയാല്ല. അവര്‍ക്ക് അന്നന്നുള്ള പത്രത്തോടുമാത്രമായിരിക്കും പ്രിയം. പതിനെട്ടാം തീയതിവന്ന പത്രമാണത്. വായിച്ചു. പലപരിവൃത്തി വായിച്ചു. മന്ത്രിമാരുടെ പ്രസ്താവങ്ങളില്‍ നീരസം പ്രകടിപ്പിച്ച് അതിഥിയോടു ചിലതുപറഞ്ഞു. പിന്നീട് ആ പത്രംകൊണ്ട് ഒരു പ്രയോജനവുമില്ല. എങ്കിലും നിധിപോലെയാണ് അതിനെ കരുതുന്നത്. അടുത്ത വീട്ടുകാരന്‍ വന്ന് ഇന്നത്തെ പത്രം വായിച്ചുകഴിഞ്ഞെങ്കില്‍ ഒന്നുതരൂ” എന്ന് അപേക്ഷിച്ചാല്‍ വട്ടം കറങ്ങി “അതിവിടെ കണ്ടില്ലല്ലൊ” എന്നു മറുപടി നല്‍കും. ഒരുപക്ഷേകൊടുത്താല്‍ അതുടനെ തിരിച്ചുചോദിക്കും. മാവ് അരിയ്ക്കാനായി പത്രം നോക്കി നടക്കുന്ന ഭാര്യ അതെടുത്താല്‍ അയാള്‍ ഒച്ചവയ്ക്കും. “എടീ നിന്നെ കുറ്റം പറയാനില്ല. നിന്നെ വേണ്ടിടത്തോളം പഠിപ്പിക്കാത്ത നിന്റെ തന്തയെയാണ് കുറ്റം പറയേണ്ടത്. വിദ്യാഭ്യാസമുണ്ടെങ്കില്‍ നീ മാവരിക്കാന്‍ ഇന്നത്തെ പത്രമെടുക്കുമായിരുന്നൊ? പതിനെട്ടാം തീയതി കഴിയട്ടെ. പത്തൊന്‍പതാം തീയതിയിലെ പത്രം കാലത്ത് അയാളുടെ വരാന്തയിലേയ്ക്കു പയ്യന്‍ എറിഞ്ഞെന്നിരിക്കട്ടെ. ഉടനെ തലേദിവസത്തെ പത്രത്തോടുള്ള അയാളുടെ അഭിനിവേശം കെട്ടടുങ്ങുകയായി. മൂന്നു വയസ്സു കഴിയാത്ത കുഞ്ഞു തറ മലിനമാക്കിയാല്‍ അതു കോരിയെടുക്കുന്നതിന് പതിനെട്ടാം തീയതിയിലെ പത്രം അയാള്‍ ഭാര്യയ്ക്കു എറിഞ്ഞുകൊടുക്കും. പത്തൊന്‍പതാം തീയതിയിലെ പത്രത്തെ മറ്റൊരു കുഞ്ഞിനെയെന്നപോലെ തടവുകയും നെഞ്ചേറ്റി ലാളിക്കുകയും ചെയ്യും.
ഇന്നുള്ളത്-അത്. എല്ലാവര്‍ക്കും അഭികാമ്യം തന്നെ. ഞാന്‍ ഇന്നു വാങ്ങിയ പുസ്തകം ആര്‍ക്കും വായിക്കാന്‍ കൊടുക്കില്ല. ഇരുപത്തിനാലുമണിക്കൂര്‍ കഴിഞ്ഞാല്‍ അതു വായിക്കാതെ തന്നെ വേറൊരാളിനു വെറുതെ കൊടുക്കും. തിരിച്ചു കിട്ടണമെന്നില്ല എന്നു പറയുകയും ചെയ്യും. ‘ഇന്നി’നോട്, ‘ഇന്നു’ള്ളതോട് എല്ലാ അളുകള്‍ക്കും കമ്പം. ഈ മാനസിക നില സാഹിത്യത്തെസ്സംബന്ധിച്ചും ഉണ്ട്. ഇന്നത്തെ സാഹിത്യം കേമം. പഴയ കാലത്തേത് നിന്ദ്യം. വള്ളത്തോള്‍ വെറും ടെക്നിഷ്യന്‍: എന്നാല്‍ ..എന്ന ആധുനികഓത്തരന്‍ സാക്ഷാല്‍ കവി. ഇന്നേ! ജയിക്കുക.
Contents
ദു:ഖം
തലേദിവസമായിരിക്കണം അവരുടെ വിവാഹം കഴിഞ്ഞത്. അവളുടെ ലജ്ജയും അയാളുടെ ഭാവപാരവശ്യവും കണ്ടാല്‍ അത് ഊഹിക്കാം. രണ്ടുപേരും മധുവിധു ആഘോഷിക്കാനാവാം ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയത്. ഞാനും അവരും ഒരു ലിഫ്റ്റില്‍ കയറിയാണ് അഞ്ചാമത്തൈനിലയിലേക്കു പോയത്. അവളുടെയും അയാളുടെയും കണ്ണുകളില്‍നിന്നു പ്രസരിച്ച പ്രേമത്തിന്റെ ഇളം നീല രശ്മികള്‍ എന്നിലും വന്നുവീണു. ഞാന്‍ ആ നീലവര്‍ണ്ണത്തില്‍ മുങ്ങിനില്‍ക്കുകയായി. അവര്‍ രണ്ടുപേര്‍ക്കു കിടക്കാനുള്ള ഒരുമുറി ഏര്‍പ്പാടുചെയ്തിരുന്നു. നേരംവെളുത്ത ഞാന്‍ അതിന്റെ മുന്‍പിലൂടെ നടന്നപ്പോള്‍ തുറന്നിട്ട വാതിലൂടെ ആ ഇരട്ടക്കിടക്ക കണ്ടു. അവര്‍ പൊയ്ക്കഴിഞ്ഞിരുന്നു. ഷീറ്റുകള്‍ അലങ്കോലപ്പെട്ടിരിക്കുന്നു. ഒരു തലയണയില്‍ വാടിയ പൂക്കള്‍. ആ ഒഴിഞ്ഞ കിടക്കയും വാടിയ പൂക്കളും വിഷാദമാണ് എന്നില്‍ അങ്കുരിപ്പിച്ചത്.
കാവാഫിയുടെ ഒരു കാവ്യം ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നു. “ഇന്നലെ അര്‍ദ്ധരാത്രിയോട് അടുപ്പിച്ച് അവര്‍ ഞങ്ങളുടെ ഞങ്ങളുടെ സ്നേഹിതന്‍ റേമണിനെ കൊണ്ടുവന്നു. ഒരു സംഘട്ടനത്തില്‍ അയാള്‍ക്കു മുറിവേറ്റിരുന്നു. ഞങ്ങള്‍ തുറന്നിട്ട ജനലുകളില്‍കൂടി കിടക്കയില്‍ കിടത്തിയിരുന്ന അയാളുടെ സുന്ദരമായ ശരീരത്തില്‍ ചന്ദ്രന്‍ പ്രകാശം വീഴ്ത്തി. ഇന്നലെ രാത്രി ചന്ദ്രന്‍ അയാളുടെ വൈഷയികതമാര്‍ന്ന മുഖത്തെ പ്രകാശിപ്പിച്ചപ്പോള്‍ ഞാന്‍ പ്ളേറ്റോയുടെ കാര്‍മിഡിസിനെ ഓര്‍മ്മിച്ചു. [കാര്‍മിഡിസ് പ്ളേറ്റോയുടെ അമ്മാവനായിരുന്നു. സൗന്ദര്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായിട്ടാണ് അയാളെ പ്ളേറ്റോ സംഭാഷണത്തില്‍ (സോക്രട്ടീസുമായുള്ള സംഭാഷണത്തില്‍ ) അവതരിപ്പിച്ചത്-ലേഖകന്‍] റേമണിന്റെ സുന്ദരമായ ശരീരം ഓര്‍മ്മിച്ച് എനിക്കു ദു:ഖം.
ഇന്നലെ ടെലിവിഷന്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഒരു മൃതദേഹത്തിന്റെ ചിത്രം. കണ്ണടച്ച്രീക്കുന്നു. അജ്ഞാതനായ ഒരു മദ്ധ്യവയസ്കന്‍. ആ ആളിനെക്കുറിച്ച ആര്‍ക്കെങ്കിലും എന്തെങ്കിലുമറിയാമെങ്കില്‍ അധികാരികളെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥന. മരിച്ച ആള്‍ ആരുമാകട്ടെ. ഒരനാഥപ്രേതത്തിന്റെ അവസ്ഥ ആ മനുഷ്യന് ഉണ്ടാകുന്നതിനെക്കാള്‍ ദയനീയമായ എന്തുണ്ട്? ആ ആളിനെ സ്നേഹിക്കുന്നവരായി കുറെപ്പേരെങ്കിലും ഈ ലോകത്തുകാണാതിരിക്കുമോ? എനിക്കു വിഷാദം.
ഈ രീതിയിലുള്ള ദു:ഖമാണ് കന്യാകുമാരി എന്ന കഥയിലെ (കുങ്കുമം-പി.കെ.നന്ദനനവര്‍മ്മ.) ഒരു മൃതദേഹത്തിന്റെ ഹ്രസ്വമാരയ വര്‍ണ്ണനം എനിക്കുളവാക്കിയത്. ദമ്പതികള്‍ ഒരു ചെറുപ്പക്കാരനെയും ഒരു ചെറുപ്പക്കാരിയേയും കാണുന്നു കടപ്പുറത്ത്. അടുത്തദിവസം കാലത്ത് കടല്‍ക്കരയില്‍ യുവതിയുടെ മൃതദേഹം കിടക്കുന്നു. യുവാവിനെക്കുറിച്ച് ഒരു വിവരവുമില്ല. അയാള്‍ അവളെപ്പിടിച്ചു കടലിൽ തള്ളിയതാവാം. അങ്ങനെയൊരു സൂചനയുണ്ട് ഇക്കഥയില്‍. വൈരസ്യം കൂടാതെ വായിക്കാവുന്ന ഒരു കഥ.
കാവാഫിയുടെ കാവ്യത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു കാവ്യം ഓര്‍മ്മയിലെത്തി:
ഡെല്‍ഫൈയിലെ ദേവവാണി കേട്ടപ്പോള്‍ സിറോക്കു വെഷമ്യമുണ്ടായില്ല.
“എഴുപത്തിമൂന്നാമത്തെ വയസ്സു സുക്ഷിച്ചുകൊള്ളൂ.” രസിക്കാന്‍ ധാരാളം സമയമുണ്ട്. അദ്ദേഹത്തിനു മുപ്പതുവയസ്സേ ആയുള്ളൂ. ഈശ്വരന്‍ നല്കിയ സമയപരിധി ഭാവി വിപത്തുകളെ നേരിടുന്നതിനു മതിയാവും.
ഇപ്പോള്‍ അല്പം ക്ഷീണിച്ച് അദ്ദേഹം റോമിലേക്കു മടങ്ങും-പക്ഷേ ആഹ്ളാദത്തിനു മാത്രം വേണ്ടിയുള്ള ആ യാത്രയാല്‍ വിസ്മയാവഹമായ വിധത്തില്‍ ക്ഷീണിച്ച്, നാടകവേദികള്‍, ഉദ്യാനവിരുന്നുകള്‍, കായിക മത്സരങ്ങള്‍, അക്കയപ്പട്ടണങ്ങളിലെ സായാഹ്നങ്ങള്‍ എല്ലാറ്റിനും മുകളിലായി നഗ്നശരീരങ്ങള്‍ നല്‍കുന്ന ആഹ്ളാദങ്ങള്‍.
ഇത്രയും നീറോയെ സംബന്ധിച്ച്. സ്പെയിനില്‍ ഗല്‍ബ പട്ടാളത്തെ വിളിച്ചുകൂട്ടി പരിശീലിപ്പിക്കുന്നു. ഗല്‍ബയ്ക്ക് ഇപ്പോള്‍ എഴുപത്തിമൂന്നു വയസ്സായി.
(ഡെല്‍ഫൈ എന്ന സ്ഥലത്തെ ദേവവാണികള്‍ക്ക് എപ്പോഴും സന്ദിഗ്ദ്ധതാര്‍ത്ഥതയുൻട്. എഴുപത്തിമൂന്നു വയസ്സു സൂക്ഷിച്ചുകൊള്ളൂ എന്നു ഭാവികഥനമുണ്ടായപ്പോള്‍ നീരോ അതു തനിക്ക് അനുകൂലമായി വ്യാഖ്യാനിച്ചു. പക്ഷേ എഴുപത്തിമൂന്നു വയസ്സുകാരനായ ഗല്‍ബ, നീറോയെ ആക്രമിച്ചു. നീറോക്ക് വിഷംകുടിച്ചു മരിക്കേണ്ടിവന്നു. പിന്നീട് ചക്രവര്‍ത്തിയായത് ഗല്‍ബയാണ്-ലേഖകന്‍)
കുട്ടിക്കളി
സൈബീരിയയിലെ ഒരു പ്രിസൺ ക്യാമ്പ് അടച്ചു. അവിടെയായിരുന്നു റസ്ലന്‍ എന പേരുള്ള പട്ടിക്കു ജോലി. ക്യാമ്പ് അടച്ചാല്‍ യജമാനന്‍ പട്ടിയെ വെടിവച്ചു കൊല്ലും. പക്ഷേ റസ്ലന്‍ വധിക്കപ്പെട്ടില്ല. യജമാനന്‍ അവനെ കൈയൊഴിഞ്ഞതേയുള്ളൂ. എട്ടുകൊല്ലമാണ് അവന്‍ അവിടെ കഴിഞ്ഞുകൂടിയത്. ഇങ്ങനെയൊരു ദൗര്‍ഭാഗ്യം ഉണ്ടാകുമെന്ന അവന്‍ കരുതിയതേയില്ല. ഇനി റസ്ലന് യാചിക്കേണ്ടിവരും. ചീഞ്ഞ മാംസം വല്ല സ്ഥലത്തു നിന്നും പിടിച്ചെടുക്കേണ്ടി വരും. തന്നെ ഉപേക്ഷിച്ച യജമാനനോടു വിദ്വേഷമില്ലാതെ, ആരോടും അഭ്യര്‍ത്ഥന നടത്താതെ പ്രതീക്ഷയോടുകൂടി റ്സ്ലന്‍ ജീവിച്ചു. അവന് ഒരു പുതിയ യജമാനനെ തടവുകാരനെ-കിട്ടി. വ്ളാഡിമോസ് എഴുതിയ Faithful Russian എന്ന നോവലിന്റെ സാരാംശമാണിത്. സ്റ്റാലിനിസത്തെ നിശിതമായി വിമര്‍ശിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ശക്തിയുള്ള നോവല്‍ എന്ന നിലയില്‍ ഇതു പ്രഖ്യാതമായിട്ടുണ്ട്.
സമഗ്രാധിപത്യത്തില്‍ ശ്വാനത്വമുള്ളതുപോലെ ബ്യൂറോക്രസിയിലുമുണ്ട് ശാനത്വം. ഒരു ഗസറ്റഡ് ഓഫീസര്‍ പെന്‍ഷന്‍പറ്റി. ‘സര്‍വീസില്‍’ ആയിരിക്കുമ്പോള്‍ മറ്റുള്ളവരെ ശ്വാനന്മാരായി കണക്കാക്കുന്നവന്‍ പെന്‍ഷന്‍ പറ്റിയാല്‍ ശ്വാനന്മാര്‍ തന്നെ. ആ ഗസ്റ്റഡ് ഓഫീസറെ ശ്വാനസദൃശ്യനായി മറ്റാളുകള്‍ കരുതി. അതുകൊണ്ടു സംസാരിക്കാനും കൂട്ടുകെട്ടിനും വേണ്ടി അയാള്‍ ഒരു പട്ടിയെ വളര്‍ത്തി. അതിന്റെ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ നാട്ടുകാര്‍ പട്ടിക്കു വിഷം നല്കി. അതു ചത്തു. ആകെയുണ്ടായിരുന്ന കൂട്ടുകാരന്‍- പട്ടി-മരിച്ചപ്പോള്‍ ഓഫീസര്‍ക്കു മറ്റു മാര്‍ഗ്ഗമൊന്നുമില്ല. അയാളും പട്ടിയായി മാറി കുരച്ചുതുടങ്ങി. എ. പി. ഐ. സാദിഖ് എഴുഹുതിയ ‘ഗസറ്റഡ് ഓഫീസറുടെ പട്ടി’ എന്ന കഥയ്ക്ക് (ചന്ദ്രിക ആഴചപ്പതിപ്പില്‍) ഒരു പുതുമയുമില്ല. പതറിപ്പോകുന്ന ആഖ്യാനം. ഗസറ്റഡ് ഓഫീസറും അയാളുടെ പട്ടിയും ഒരുതരത്തില്‍ ‘എക്സിസ്റ്റെന്‍ഷ്യല്‍ ഔട്ട്സൈഡേഴ്സാണ്. അവരുടെ ആ അന്യവല്‍ക്കരണം അനുവാചകന്റെ മനസ്സിലേക്കു കടക്കത്തക്കവിധത്തില്‍ കഥ പറയേൻടിയിരുന്നു സാദിഖ്. ഇന്നത്തെ നിലയില്‍ ഇതൊരു കുട്ടിക്കളി മാത്രമാണ്.
മിഹായില്‍ ബുള്‍ഗാകഫിന്റെ (Mkhchal Bulgakov 1891-1940) The Master and Margartia എന്ന മാസ്റ്റര്‍പീസ് ഈ ലേഖകന്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിഒന്റെ Heart of a Dog എന്ന ചെറിയ നോവല്‍ വായിക്കാന്‍ കഴിഞ്ഞില്ല. അതൊകൊണ്ട് സിയോല്‍കോവ്സ്കി നല്‍കുന്ന സംഗ്രഹം ഭാഷാന്തരീകരണം ചെയ്തും ഒന്നുകൂടെ സംഗ്രഹിച്ചും ഇവിടെ കൊടുക്കട്ടെ:
ഒരു വൃത്തികെട്ട പട്ടിയുടെ മേലില്‍ ചൂടുവെള്ളം വീണു പൊള്ളി. പൊള്ളിയ ഭാഗം നക്കിക്കൊണ്ട് അതു നില്‍ക്കുമ്പോള്‍ മസ്തിഷ്കത്തിന്റെ സെപഷലിസ്റ്റായ പ്രൊഫസര്‍ ഫിലിപ്പ് അവിടെയെത്തി. ഹോര്‍മോണ്‍ കുത്തിവച്ചും അവയവങ്ങള്‍ മാറ്റിവച്ചും ആളുകള്‍ക്കു ലൈംഗികോത്തേജനം നല്‍കുന്ന ആളായിരുന്നു അയാള്‍. പ്രൊഫസര്‍ ആ പട്ടിയെ വീട്ടില്‍ കൊണ്ടുപോയി ചികിത്സിച്ചു സുഖപ്പെടുത്തി. എന്നിട്ട് മനുഷയ്ന്റെ വൃക്ഷണങ്ങളും
ഇന്നുള്ളത്-അത് എല്ലാവര്‍ക്കും അഭികാമ്യം തന്നെ. ഞാന്‍ ഇന്നു വാങ്ങിയ പുസ്തകം ആര്‍ക്കും വായിക്കാന്‍ കൊടുക്കില്ല. ഇരുപത്തിനാലുമണിക്കൂര്‍ കഴിഞ്ഞാല്‍ അതു വായിക്കാതെ തന്നെ വേറൊരാളിനു വെറുതെ കൊടുക്കും. തിരിച്ചു കിട്ടണമെന്നില്ല എന്നു പറയുകയും ചെയ്യും. ‘ഇന്നി’നോട്, ‘ഇന്നു’ള്ളതിനോട് എല്ലാ അളുകള്‍ക്കും കമ്പം. ഈ മാനസിക നില സാഹിത്യത്തെസ്സംബന്ധിച്ചും ഉണ്ട്.
പിറ്റ്യൂറ്ററി ഗ്രന്ഥിയും അതില്‍ വച്ചു പിടിപ്പിച്ചു. ഏതാനും ദിവസങ്ങള്‍കൊണ്ട് അത്ഭുതാവഹമായ മാറ്റങ്ങള്‍ പട്ടിയിലുണ്ടായി. നെറ്റിയില്‍ രോമം മുളച്ചു അതിന്. കുരയുടെ തീക്ഷ്ണത മാറി. തലയിലും താടിയിലും നെഞ്ചിലുമൊഴിച്ച് രോമം കൊഴിഞ്ഞു. പ്രായമാകാത്ത ആണിന്റെ ജനനേന്ദ്രിയംപോലെയായി പട്ടിയുടെ ജനനേന്ദ്രിയം. ശസ്ത്രക്രിയകഴിഞ്ഞ് ഒരുമാസമായപ്പോള്‍ ശ്വാനന്‍ ഫ്രസ്വാകായനായ മനുഷ്യനായിത്തീര്‍നു. അവന്റെ അപ്പോഴത്തെ പേരു സഖാവ് ഷരിക്കോഫ് എന്ന്. ആ സഖാവ് പുകവലിച്ചു. കുടിച്ചു, ശപിച്ചു, ഓടഭാഷ സംസാരിച്ചു. പെണ്ണൂങ്ങളെ ഉപദ്രവിച്ചു. പൂച്ചകളെ ഓടിച്ചു. പാര്‍ട്ടിഭാഷ സംസാരിച്ചു. അയാള്‍ക്കു സാനിറ്റേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി കിട്ടി. അലഞ്ഞുതിരിഞ്ഞു വരുന്ന പുച്ചകളെ അയാള്‍ ശ്വാസംമുട്ടിച്ചു കൊല്ലണം. സഖാവ് സര്‍ക്കാരിനു ശത്രുക്കളെസ്സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിത്തുടങ്ങി. പ്രൊഫസര്‍ പ്രതിലോമ വിപ്ളവകാരിയാണെന്ന് അയള്‍ അധികാരികളെ അറിയിച്ചു. അപ്പോള്‍ അയാള്‍ പ്രതികാര നിര്‍വ്വഹണത്തിനു സന്നദ്ധനായി. സഖാവ് ഷരിക്കോഫിനെ വീണ്ടും ശസ്ത്രക്രിയ ചെയ്ത് പട്ടിയാക്കി. കൊലപാതമന്വേഷിച്ച് പൊലീസ് വന്നപ്പോള്‍ പ്രൊഫസര്‍ പട്ടിയെ അവരുടെ മുന്‍പില്‍ ഹാജരാക്കി. ഷരിക്കോഫിന് ആഹ്ളാദം. ശസ്ത്രക്രിയകള്‍ കൂടാതെ പ്രൊഫസറുടെ വീട്ടില്‍ സുഖമായി അവന് കഴിയാമല്ലോ.
കറുത്ത ചായം തേയ്ക്കരുത്
‘കസവുണ്ടോ, കസവുണ്ടോ’ ഒരുതെരുവില്‍ വിളികേള്‍ക്കുകയാണ്. കസവാകുന്ന ഉണ്ട എന്നല്ല ‘കസവുണ്ടോ’ എന്നു വിളിച്ചു ചോദിക്കുകയാണ്. മുതുകില്‍ പൊക്കണം തൂക്കിയ ഒരു പാണ്ടിക്കാരന്‍ വീട്ടിനുള്ളില്‍ കടന്നു. ഒരുൻട കസവ് ആരോ കൊണ്ടുക്കൊടുത്തു. ഞാന്‍ ആലോചിച്ചു. ഈ കസവ് ഒരുകാലത്തു നേരിയതിന് ഭംഗി വർദ്ധിപ്പിച്ചിരുന്നു. കീറിപ്പോയിട്ട് വര്‍ഷങ്ങളേറെയായി. അതിന്റെ ഒരു നൂലുപോലും ഇപ്പോഴില്ല. എങ്കിലും അതിലുണ്ടായിരുന്ന കസവ് ഇപ്പോഴുമിരിക്കുന്നു. ഇനിയും വളരെക്കാലം അതിരിക്കുകയും ചെയ്യും.
കസവിന്റെ ദര്‍ശനം എന്നെ മറ്റു ചിന്തകളിലേക്കു കൊണ്ടുചെല്ലുന്നു. ജീവിതം നേരിയതുപോലെയാണ്. അതിനു ശോഭയുളവാക്കുന്ന കസവാണു ഹാസ്യം. ജീവിത സംഭവങ്ങള്‍ വിസ്മരിക്കപ്പെട്ടാലും ഹാസ്യം നശിക്കില്ല. ശരിയല്ലേ? കുഞ്ചന്‍നമ്പ്യാരുടെയും ഇ.വി.കൃഷ്ണപിള്ളയുടെയും കാലത്തെ ജീവിതം മറക്കപ്പെട്ടു. പക്ഷേ അതിന് അന്നു ശോഭനല്കിയ ഹാസ്യം ഇന്നും വിലസിക്കൊണ്ടിരിക്കുന്നു. നേരിയതു നെയ്യുമ്പോള്‍ കസവു വയ്ക്കാന്‍ പ്രയാസമുണ്ടോ? എങ്കില്‍ കറുത്തനൂല്‍ കട്ടിയായിച്ചേര്‍ത്തു പുളിയിലക്കരയന്‍ നേരിയത് ഉണ്ടാക്കിക്കൊള്ളൂ. അതിനും പ്രയാസമുണ്ടോ? എന്നാല്‍ കരയേ വേണ്ടൂ. അല്ലാതെ കരയുടെ സ്ഥാനത്തു കറുത്ത ചായം തേയ്ക്കരുത്. ഒരുതുള്ളി മഴവെള്ളം വീണാല്‍ അത് പടരും. വൃത്തികേടാവും. ജീവിതപടത്തില്‍ വളരെക്കാലമായി വിജയം രവി കറുത്ത ചായം തേച്ചുകൊൻടിരിക്കുന്നു, നേരിയതിനെയും അതു ധരിക്കുന്ന ആളിനെയും അലങ്കോലമാകുന്നു. സംശയമുണ്ടോ? ഉണ്ടെങ്കില്‍ മനോരാജ്യം വാരികയില്‍ അദ്ദേഹമെഴുതിയ ‘ശിപാര്‍ശയുടെ ശുക്രദശ” എന്ന ലേഖനം വായിച്ചാല്‍ മതി. എന്തൊരു ബോറന്‍ സാധനം!
വരട്ടെ, വന്നാലുമതിന്റെ കൂടെ
ദസ്തെവെവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന നോവലിലെ ഒരു ഭാഗം: കൊലപാതകം ചെയ്ത റസ്കല്‍നികഫ് വേശ്യയെങ്കിലും മനസാക്ഷിയുള്ള സൊന്യായെ കാണാനെത്തുന്നു. അവളെ നോക്കാതെ അയാള്‍ നിശബ്ബ്ദനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒടുവില്‍ അവളുടെ അടുത്തെത്തി. അയാളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ തോളുകള്‍ കൈകള്‍കൊണ്ടു പിടിച്ച് കണ്ണീരൊഴുകുന്ന മുഖത്തേക്ക് അയാള്‍ നോക്കി. അയാളുടെ കണ്ണൂകളില്‍ ജലമേ ഇല്ല. വിങ്ങിയിരിക്കുന്നു അവ. തുളച്ചു കയറുന്നവയും. അയാളുടെ ചുണ്ടുകള്‍ വല്ലാതെ വിറച്ചു…പെട്ടന്ന്, വേഗത്തില്‍ അയാള്‍ കുനിഞ്ഞു. താഴെവീണു. എന്നിട്ട് അവളുടെ കാല് ചുംബിച്ചു. അയാള്‍ക്കു ഭ്രാന്താണെന്നപോലെ സൊന്യ ഭയപ്പെട്ടു പിന്മാറി. സത്യത്തില്‍ അയാൾ മുഴുബ്ഭ്രാന്തനായി കാണപ്പെട്ടു. അവള്‍ പിറുപിറുത്തു. “നിങ്ങള്‍ എന്താണു ചെയ്യുന്നത്? ഇതെന്തിനു ചെയ്തു? അതും എന്നോട്” വിളറിവെളുത്തു അവള്‍. വേദനയാര്‍ന്ന് അവളുടെ ഹൃദയം ചുരുങ്ങി. അയാള്‍ വേഗമെഴുന്നേറ്റു. ഏതാണ്ടു വിചിത്രമായിപ്പറഞ്ഞു. “ഞാന്‍ നമസ്കരിച്ചത് നിന്റെ മുന്‍പിലല്ല. വേദനിക്കുന്ന മനുഷ്യരാശിയുടെ മുന്‍പിലാണ്.” I did not bow down to you. I bowed to the whole of suffering humanity-pocket Books Translated by Mchachel Scammell-page 332 I prostrated myself not to you.but to all human suffering-Raduga Publishers, Moscow. Translated by Julus Katzer-page 343)
സൊന്യായോടു റസ്കല്‍നിക്കഫ് പറഞ്ഞ ഈ വാക്കുകള്‍ ശ്രേഷ്ഠഭാഷണമായി കരുതപ്പെടുന്നു.Supreme utterance. മുന്‍പ് ഉപയോഗിച്ച ഒരു ഉപമ വീണ്ടും ഉപയോഗിക്കട്ടെ. കുളത്തിലേക്ക് എറിഞ്ഞ കല്ല് ആയിരമായിരം തരംഗങ്ങള്‍ നിര്‍മ്മിക്കുന്നതുപോലെ ദസ്തെയെവ്സ്കിയുടെ ഈ പദങ്ങള്‍ നമ്മുടെ മനസ്സില്‍ അനുഭവപരമ്പരകള്‍ ഉളവാക്കുന്നു. അര്‍ത്ഥാന്തരങ്ങള്‍ ഉളവാക്കുന്നു. വാക്കുകള്‍ക്കപ്പുറത്തുള്ള ഒരു മണ്ഡലത്തില്‍ നമ്മള്‍ ചെല്ലുന്നു. ഇതാണ് മഹനീയമായ സാഹിത്യം.
ഇനി മറ്റൊരു ഭാഗം. ‘അന്നാകരേനിന’ എന്ന നോവലില്‍ നിന്ന്. തീവണ്ടിയില്‍ വരുന്ന അമ്മയെ കാണാന്‍ സൈനികോദ്യോഗസ്ഥനായ വ്രൊണ്‍സ്കി പ്ളാറ്റ്ഫോമില്‍ വന്നു നില്‍ക്കുകയാണ്. അയാള്‍ അമ്മയെ കണ്ടു. അവരുടെ കൂടെയുള്ള അന്ന എന്ന സുന്ദരിയായ യുവതിയേയും. അപ്പോള്‍ അവള്‍ വ്രൊണ്‍സ്കിയോടു പറഞ്ഞു: Yes, the countess and I spent the whole time talking, she about her son and I about mine.വ്രൊണ്‍സ്കി അന്നയുടെ കാമുകനാകാന്‍ പോകുന്നു. അതിന്റെ ഫലമായി അവൾ തീവൻടിച്ചക്രങ്ങൾക്കടിയിൽ തലവയ്ക്കാന്‍ പോകുന്നു. അതു മനസ്സിലാക്കിയോ മനസ്സിലാക്കാതെയോ ആ വരികള്‍ വായിക്കൂ. താനും അയാളുടെ അമ്മയും അന്നുമുഴുവന്‍ സമയവും സംസാരിക്കുകയായിരുന്നു. അവര്‍ സ്വന്തം മകനെക്കുറിച്ചും അന്ന തന്റെ മകനെക്കുറിച്ചും, ഞാന്‍ വിവാഹിതനാണ്, എനിക്കു മകനുണ്ട്. എന്റെ സൗന്ദര്യം കൻടു നിങ്ങള്‍ അത്ഭുതപ്പെടേണ്ടതില്ല. അതാസ്വദിക്കാന്‍ മറ്റൊരാളുണ്ട്’ എന്നൊക്കെയാണ് അര്‍ത്ഥാന്തരങ്ങള്‍. ‘നിങ്ങളെക്കുറിച്ചു നിങ്ങളുടെ അമ്മ വാതോരാതെ സംസാരിച്ചു’വെന്ന് അന്ന പറയുമ്പോള്‍ അവള്‍ക്കു വ്രൊണ്‍സ്കിയോടു തോന്നുന്ന അടുപ്പവും വ്യക്തമാണ്. ഇതും ശ്രേഷ്ടഭാഷണമത്രേ. അന്നയുടെയും ഭാവികാമുകന്റെയും ജീവിതത്തിന്റെ ട്രാജഡിയാകെ ആ വാക്യങ്ങളിലുണ്ട്. ഇതുതന്നെയാണ് ‘ഗ്രേറ്റ് റൈറ്റിങ്ങ്.’
ഇതിനെക്കുറിച്ചാണ് കെ. പി.വിജയന്‍ മറ്റൊരുതരത്തില്‍ പ്രതിപാദിക്കുന്നത്. “അര്‍ത്ഥത്തിനപ്പുറം എത്തുന്ന ഭാഷ” എന്ന ലേഖനത്തില്‍ പല ഉദാഹരണങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷേ അവയില്‍ ഒന്നുപോലും അര്‍ത്ഥത്തിനപ്പൂറം എത്തുന്ന ഭാഷയായി കാണപ്പെടുന്നില്ല. “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി”എന്നു തുടങ്ങുന്ന വരികള്‍ എടുത്തെഴുതിയിട്ട് അര്‍ത്ഥത്തിനപ്പുറം സൗന്ദര്യത്തിന്റെ ഒരു മഹാപ്രപഞ്ചംതന്നെ അദ്ദേഹം (ചങ്ങമ്പുഴ) സഹൃദയരുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു എന്ന് വിജയന്‍ എഴുതുന്നു.
ചങ്ങമ്പുഴയുടെ വരികള്‍ ശ്രദ്ധിച്ചു വായിക്കൂ. അവ ഒരു ഇമേജും പ്രദാനം ചെയ്യുന്നില്ലെന്നു ഗ്രഹിക്കാം. അര്‍ത്ഥമുണ്ടോ? ഇല്ല. പിന്നയല്ലേ അര്‍ത്ഥത്തിനപ്പുറമുള്ള ലോകം വരുന്നുള്ളൂ. സ്വരങ്ങളെയും വ്യജ്ഞനങ്ങളെയും ‘തരപ്പെടുത്തി’ ഒരുതരം ബാഹ്യസംഗീതം സൃഷ്ടിക്കുക യാണ് കവി. കവിതയിലെ സംഗീതം ബഹിര്‍ഭാഗസ്ഥമായിരിക്കരുത്. അത് ആന്തരമായിരിക്കണം. ആ ആന്തരസംഗീതത്തെയാണ് ലയമെന്നു വിളിക്കുന്നത്. അര്‍ത്ഥത്തിനപ്പുറമുള്ള ലോകത്തെ ആവിഷ്കരിക്കുന്നതിന് ഉദാഹരണമായി സി.ജെ തോമസിന്റെ സഹധര്‍മ്മിണി എഴുതിയ ഓര്‍മക്കുറിപ്പില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിക്കുന്നുണ്ട് വിജയന്‍. അതിലും ഒന്നുമില്ല. “അടുത്തു പ്രസ്ദ്ധീകരിക്കുന്ന ‘ഗദ്യശില്പി’ എന്ന പുസ്തക”ത്തിലെ ഒരു ഭാഗമാണത്രേ ഈ ലേഖനം. പുസ്തകം വരട്ടെ. അതും സഹിക്കുന്ന “മനക്കരുത്തുൻടാക്കുന്നതല്ലോ ഭുവനസ്വഭാവം.”
തിരുവനന്തപുരത്തെ റോഡുകളില്‍ കരിങ്കല്‍ച്ചില്ലികള്‍ കൂട്ടിയിരിക്കുന്നു. സിറ്റി ബസ്സ് അതിന്റെ അടുക്കലാണ് നിറുത്തുക. യാത്രക്കാരന്‍ കരിങ്കല്‍ക്കഷണങ്ങളില്‍ ചവിട്ടി ഇറങ്ങുന്നു. അവ ചരിച്ച് ഇടിരിക്കുന്നതുകൊണ്ട് കാലു തെന്നുന്നു. അതിനിടയ്ക്ക് ചലനം കൊള്ളുന്ന ബസ്സിന്റെ അടിയിലാകുന്നു കാല്. (എനിക്കു നേരിട്ട ആപത്ത്. ഭാഗ്യംകൊണ്ടോ ദൗര്‍ഭാഗ്യംകൊണ്ടോ കാല് ചതഞ്ഞില്ല.) കരിങ്കല്‍ച്ചില്ലകള്‍ റോഡ് നന്നാക്കാനുള്ളവയാണ്. പക്ഷേ ഇടേണ്ട സ്ഥലത്തു വേണം അവ ഇടാന്‍. ലേഖനമെഴുതാം. ഉചിതജ്ഞതയുടെ കുറവും ആലോചനയുടെ ഇല്ലായ്മയുമാണ് അതിനു പ്രേരണങ്ങളാവുന്നതെങ്കില്‍ കാല് ഇല്ലാതെയാവുന്നതിനെക്കാള്‍ വലിയ ആപത്ത് സംഭവിക്കും.
സയാമീസ് ഇരട്ട
ചൈനാക്കാരായ അച്ഛനമ്മമാര്‍ക്കു ജനിച്ച ചാങ്ങും എബുമാണ് സയാമീസ് ഇരട്ടകള്‍. 1811-ലാണ് അവര്‍ ജനിച്ചത്. തമ്മില്‍ച്ചേര്‍ന്നിരുന്ന അവര്‍ വിവാഹം കഴിച്ചു. ഇരുപത്തിരണ്ടു സന്താനങ്ങളുടെ പിതാക്കാന്മാരായി. 1874-ല്‍ മരിച്ചു. ഒരാള്‍ മരിച്ചു രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറ്റേയാളും മരിച്ചു. ഈ യഥാര്‍ത്ഥ സംഭവത്തെ അവലംബിച്ചാണ് സയാമീസ് ഇരട്ട എന്ന പേര്. തമ്മില്‍ ചേര്‍ന്നു ജനിക്കുന്ന കുട്ടികള്‍ക്ക് ഉണ്ടായത്. വയറ്, നെഞ്ച്, മുതുക്, ഇവയൊക്കെചേര്‍ന്ന് ഇരട്ടയുണ്ടാകാം. പ്രാണാധാരങ്ങളായ അവയവങ്ങള്‍ രണ്ടിനും പ്രത്യേകം പ്രത്യേകമില്ലെങ്കില്‍ അവയെ വേര്‍പെടുത്താനൊക്കുകയില്ല. ചങ്ങമ്പുഴ കൃഷ്ണപിള്ളയും ചങ്ങമ്പുഴ പ്രഭാകരനും സയാമീസ് ഇരട്ടയല്ല. കൃഷ്ണപിള്ളയും പ്രഭാകരനും രണ്ടുകാലങ്ങളിലായി ജനിച്ചു. കൃഷ്ണപിള്ള പോയി. പ്രഭാകരന്‍ ഉണ്ട്. എങ്കിലും അവര്‍ സയാമീസ് ഇരട്ടതന്നെ. അല്ലെങ്കില്‍ ചങ്ങമ്പുഴ പ്രഭാകരന്‍ താഴെച്ചേര്‍ക്കുന്ന വരികള്‍ എങ്ങനെ എഴുതും?
അങ്കുരിതരസോന്മദസ് ഫൂര്‍ത്തി
തങ്കിടുന്ന കിനാക്കളെ പുല്കി
കാല്പനിക സൗന്ദര്യം വരച്ചു
കാട്ടുവാനെളുതാണെന്റെ ചിത്തം
(എക്സ്‌പ്രസ് ആഴ്ചപ്പതിപ്പ്)
കൃത്രിമം
തിരുവനന്തപുരത്തെ റോഡുകളില്‍ കരിങ്കല്‍ച്ചില്ലികള്‍ കൂട്ടിയിരിക്കുന്നു. സിറ്റി ബസ്സ് അതിന്റെ അടുക്കലാണ് നിറുത്തുക. യാത്രക്കാരന്‍ കരിങ്കല്‍ക്കഷണങ്ങളില്‍ ചവിട്ടി ഇറങ്ങുന്നു. അവ ചരിച്ച് ഇട്ടിരിക്കുന്നതുകൊണ്ട് കാലു തെന്നുന്നു. അതിനിടയ്ക്ക് ചലനം കൊള്ളുന്ന ബസ്സിന്റെ അടിയിലാകുന്നു കാല്. കരിങ്കല്‍ച്ചില്ലികള്‍ റോഡ് നന്നാക്കാനുള്ളവയാണ്. പക്ഷേ ഇടേണ്ട സ്ഥലത്തിടണം.
സെക്കന്‍ഡ് ഫോമില്‍ പഠിക്കുന്ന കാലംതൊട്ട് ഞാന്‍ സാഹിത്യത്തില്‍, സംഗീതത്തില്‍ തല്‍പ്പരനായിരുന്നു. ഫോര്‍ത്ത് ഫോമിലെത്തിയപ്പോള്‍ ആ തല്‍പ്പരത്വം വികാസംകൊണ്ടു. അന്ന് വള്ളത്തോളിന്റെ “കോഴി” എന്ന കാവ്യമാണ് ഏറ്റവും ഉത്കൃഷ്ടമെന്നു ഞാന്‍ വിചാരിച്ചു. വൈക്കം വാസുദേവന്‍നായരുടെ പാട്ടാണ് ഉത്തമമായ സംഗീതമെന്നു കരുതി. വൈക്കം വാസുദേവന്‍ നായരും കൂടി അഭിനയിച്ച ‘യാചകി’യാണ് ഏറ്റവും നല്ല നാടകമെന്നു വിശ്വസിച്ചു. 1950-ല്‍ റ്റി. എസ്. എല്യറ്റ് വലിയ കവിയാണെന്നു കരുതി. ഇന്ന് ആ വിചാരങ്ങളില്ല. “കോഴി”യെക്കാള്‍ വൈക്കം വാസുദേവന്‍നായരുടെ പാട്ടിനെക്കാള്‍, ‘യാചകി’യെക്കാള്‍, എല്യറ്റിന്റെ കവിതയെക്കാള്‍ കേമമായി ഈ ലോകത്തു പലതുമുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. മുണ്ടശ്ശേരിയെ ജയിക്കാന്‍ ഒരു നിരൂപകനുണ്ടോ എന്ന് 1945-ല്‍ ഞാന്‍ ചോദിച്ചിരുന്നു. ഇന്ന് അതോര്‍മ്മിക്കുമ്പോള്‍ ലജ്ജിക്കുന്നു. എല്യറ്റിന്റെ ‘വേസ്റ്റ് ലാന്‍ഡ്’ ഒരാശാരിപ്പണി മാത്രമാണെന്നാണ് ഇന്നത്തെ എന്റെ ചിന്ത. അല്പം ചങ്കൂറ്റമുള്ള ആര്‍ക്കും അതെഴുതാം എന്നു ഞാന്‍ വിചാരിക്കുന്നു. ഇതു പരിപാകം എന്ന മാനസിക നിലയാണോ? ആണെങ്കില്‍ ആ പരിപാകത്തോടെ പറയട്ടെ. ‘കലാകൗമുദി’യില്‍ ജോര്‍ജ് ജോസഫ് കെ. എഴുതിയ “ചാവുകടല്‍” കൃത്രിമമാണെന്ന്. അച്ഛന്‍ അമ്മയെ കൊന്നു കുഴിച്ചിടുന്നതു മകന്‍ കാണുന്നു. മകന്‍ അച്ഛനെ കൊന്നു കുഴിച്ചിടുന്നു. ഒടുവില്‍ ശവക്കുഴികള്‍ തോണ്ടി നോക്കുന്നു മകന്‍. അമ്മയില്ല, അച്ഛനില്ല, ആരുമില്ല. ഇതു ഫാന്‍റസിയാണോ? മാനുഷിക ബന്ധങ്ങൾ ആവിഷ്കരിക്കാത്ത, ജീവിത സ്പന്ദമില്ലാത്ത ഈ രചന സാഹിത്യമാണോ? ഇത് ഉത്കൃഷ്ടമായ കഥയാണെന്ന വിചാരം ഈ ജീവിതം അസ്തമിക്കുന്നതിനു മുന്‍പ് എനിക്കുണ്ടാകുമോ?
വടക്കുനോക്കിയന്ത്രം വടക്കോട്ടേ നോക്കൂ. ഇതെഴുതുന്ന ആള്‍ പടിഞ്ഞാറോട്ടു മാത്രം നോക്കുന്നുവെന്നു പരാതി. അതുകൊണ്ട് ഞാന്‍ ടെലിവിഷനിലൂടെ വടക്കോട്ടു നോക്കി. ഗോസായികള്‍ കവിത ചൊല്ലുന്നു. ഓരോ പ്ളാറ്റിറ്റ്യൂഡിനും (മുഷിപ്പിക്കുന്ന സാധാരണമായ പ്രസ്താവം) വാഹ് വാഹ് വിളികള്‍. ‘ഉരുണ്ട ഭൂമി’ എന്നു കവി. ബാക്കിയുള്ളവന്‍ ഒന്നിച്ചു ചേര്‍ന്ന് ‘വാഹ് വാഹ്’. ‘വന്നു വസന്തം’ എന്ന് വേറൊരു കവി. മറ്റുള്ളവര്‍ വിളിക്കുന്നു വാഹ്.വാഹ്’ എന്തൊരു ഹിപൊക്രിസി:
|
|