close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 07 11


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 07 11
മുൻലക്കം 1997 07 04
പിൻലക്കം 1997 07 18
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

1982ൽ സാഹിത്യത്തിനുള്ള നോബൽസ്സമ്മാനം നേടിയ കൊളമ്പിയൻ നോവലിസ്റ്റ് ഗാർസിയ മാർകേസിനിന്റെ (Gabriel Garcia Marquez (1928-) എറ്റവും പുതിയ പുസ്തകമായ “News of A Kidnapping” വെറും ‘ന്യൂസ്പേയ്പ്പർ ജേണലിസ’മാണെന്ന് വിഖ്യാതനായ അമേരിക്കൻ നോവലിസ്റ്റ് റോബർട് സ്റ്റോൺ (Robert Stone (1937-) അഭിപ്രായപ്പെട്ടിരിക്കുന്നു. മാർകേസിന്റെ സാഹിത്യം ആസ്വദിക്കുന്നവരെക്കാൾ മയക്കുമരുന്നു കച്ചവടത്തിൽ താല്പര്യമുള്ളവരെയാകും ഇപ്പുസ്തകം കൂടുതൽ രസിപ്പിക്കുന്നതെന്നും സ്റ്റോൺ പറയുന്നു. മയക്കുമരുന്നിനോടു ബന്ധപ്പെട്ട രോഗനിദാനശാസ്ത്രത്തെക്കുറിച്ചാണല്ലോ മാർകേസിന്റെ പുസ്തകം. പക്ഷേ അതിന്റെ ആഴത്തിലേക്ക് അദ്ദേഹം പോയിട്ടില്ലെന്നും സ്റ്റോൺ ധ്വനിപ്പിക്കുന്നു.

നോവലല്ല ഈ കൃതി. വസ്തുനിഷ്ഠമായ റിപോർടിങ് മാത്രമാണിത്. ഇതിലെ നായകൻ പാവ്‌ലോ ഏസ്കോബാർ ഗവീറിയ (Pablo Escobar Gaviria) എന്ന കള്ളക്കടത്തുകാരനാണു്. കോകെയ്ൻ (Cocaine) തുടങ്ങിയ മയക്കുമരുന്നുകൾ കള്ളക്കടത്തു നടത്തി അമേരിക്കൻ ഡോളർ സമ്പാദിക്കുന്ന ഏസ്കോബാറിനെ അമേരിക്കൻ സർക്കാരിനു കൊളമ്പിയയിൽനിന്നു വിട്ടുകിട്ടണം. പക്ഷേ ആ രാജ്യവും അമേരിക്കയും തമ്മിൽ ‘എക്സ്ട്രഡിഷൻ’ ഏർപ്പാട് ഇല്ല. കൊളമ്പിയൻ സർക്കാരിനു എക്സ്ട്രഡിഷൻ ( കുറ്റം ചെയ്തവനെ മറ്റൊരു സർക്കാരിന്റെ ആവശ്യമനുസരിച്ച് വിട്ടുകൊടുക്കൽ) നടപ്പാക്കിയാൽ കൊള്ളാമെന്നുണ്ട്. അതിനു അനുകൂലിച്ച ബഹുജനനേതാക്കന്മാരെയും സർക്കാരുദ്യോഗസ്ഥന്മാരെയും ഏസ്കോബാറിന്റെ ആജ്ഞയാൽ നിഗ്രഹിച്ചു. ആന്റി എക്സ്ട്രഡിഷൻ നിയമത്തിനു തടസ്സം സൃഷ്ടിച്ച ഒരു ഡപ്യൂട്ടിയുടെ ബന്ധുവായ ഒരു സ്ത്രീയെയും അവരുടെ സിസ്റ്റർ-ഇൻ-ലോയെയും ഏസ്കോബാറിന്റെ അനുചരന്മാർ തട്ടിക്കൊണ്ടുപോയി. കൊളമ്പിയയിൽ പ്രസിഡന്റായിരുന്ന ഹുല്യോയുടെ മകളെയും മറ്റ് അഞ്ചുപേരെയും അവർ അപഹരിച്ചു. ഈ തട്ടിക്കൊണ്ടുപോകലിന്റെ പിന്നിലുള്ള ലക്ഷ്യം സർക്കാരിനെ പേടിപ്പിക്കല്ലാണു്. എസ്ക്ട്രാഡിഷൻ വന്നാൽ ഏസ്കോബാറും കൂട്ടുകാരും അമേരിക്കൻ ജയിലുകളിൽ ആകുമല്ലോ. ഇങ്ങനെ പലരെയും ‘കിഡ്നാപ്’ ചെയ്തും കൊന്നും കഴിഞ്ഞ ഏസ്കോബാർ ഒടുവിൽ കീഴടങ്ങി. തടവറയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ആ കള്ളക്കടത്തു രാജാവ് വെടിയേറ്റു മരിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെന്നും അപ്പോൾ വെടിവയ്ക്കാൻ തങ്ങൾ നിർബ്ബദ്ധരായിയെന്നുമാണു് അധികാരികൾ പറഞ്ഞത്. തട്ടിക്കോണ്ടുപോകപ്പെട്ടെങ്കിലും പിന്നീട് രക്ഷപ്രാപിച്ച ഒരു സ്ത്രീയുടെയും അവരുടെ ബന്ധുവിന്റെയും അഭ്യർത്ഥനയനുസരിച്ചാണു് മാർകേസ് ഈ പുസ്തകമെഴുതിയത്. അഭ്യർത്ഥന ചെയ്തവർ അദ്ദേഹത്തിന്റെ കൂട്ടുകാർ. ആ സുഹൃത്തുക്കളെക്കരുതി എഴുതിയതാണു് പുസ്തകമെന്നു അതു വായിച്ചാൽ തോന്നുമെന്ന് റോബർട് സ്റ്റോൺ പറയുന്നു.

അമേരിക്കനെഴുത്തുകാർക്ക് ലാറ്റിനമേരിക്കൻ എഴുത്തുകാരോടും വിശേഷിച്ച് മാർകേസിനോടുമുള്ള വിദ്വേഷത്തിനു് ഒരു വലിയ ‘മാർജ്ജിൻ’ ഇടൂ. എന്നാലും സ്റ്റോണിന്റെ അഭിപ്രായം സത്യത്തിൽ അടിയുറച്ചതല്ല എന്നു നമുക്കു പറയാനാവുകയില്ല. നോബൽസ്സമ്മാനം നേടിയ നോവലിസ്റ്റുകളിൽ പ്രമുഖനായ മാർകേസ് എന്തിനിങ്ങനെ ഒരു ന്യൂസ്പേയ്പ്പർ ജേണലിസത്തിൽ വ്യാപരിച്ചു? മനുഷ്യസഹജമായ ദൗർബല്യം എന്നേ മറുപടി പറയാനാവൂ. (ഞാൻ മാർകേസിന്റെ പുസ്തകം വായിച്ചില്ല. സ്റ്റോണിന്റെ ലേഖനത്തെ അവലംബിച്ചാണു ഇത്രയും എഴുതിയത്.)

ചോദ്യം, ഉത്തരം

Symbol question.svg.png ആടിനെ പട്ടിയാക്കുക എന്നതു ചൊല്ലാണോ?

ചൊല്ലാണെന്നു തോന്നുന്നില്ല. പഞ്ചതന്ത്രത്തിൽ ഇമ്മാതിരിക്കഥ വായിച്ചതായി ഓർമ്മയുണ്ട്. ഒരു ബ്രാഹ്മണൻ ചന്തയിൽനിന്ന് ആടിനെ വാങ്ങിച്ചു മുതുകിലേറ്റി കൊണ്ടുവരുന്നത് മൂന്നു കള്ളന്മാർ കണ്ടു. അവർ ഇടവിട്ട് മൂന്നു സ്ഥലത്തുനിന്നു. ബ്രാഹ്മണൻ ആദ്യത്തെ കള്ളന്റെ അടുത്തെത്തിയപ്പോൾ അവൻ ചോദിച്ചു: ‘എവിടെയാണു പട്ടിയെയും കൊണ്ട്?’ ബ്രാഹ്മണന്റെ അന്തരംഗം അല്പമൊന്നിളകി. അയാൾ രണ്ടാമത്തെ കള്ളന്റെ അടുത്തെത്തിയപ്പോൾ അവനും ചോദിച്ചു, ‘പട്ടിയെ എവിടെ കൊണ്ടുപോകുന്നു?” ബ്രാഹ്മണൻ അമ്പരന്നു. മൂന്നാമത്തെ കള്ളന്റെ കള്ളന്റെ അടുത്തെത്തി- ബ്രാഹ്മണൻ. അവൻ ചോദിച്ചു- ‘അല്ല, പട്ടിയെ എങ്ങോട്ടാണു കൊണ്ടുപോകുന്നത്?’ ബ്രാഹ്മണൻ ആടിനെ ദൂരെയെറിഞ്ഞു. നിന്ദ്യമായ മൃഗം തന്റെ ശരീരത്തെ അശുദ്ധമാക്കിയെന്നു വിചാരിച്ച് അയാള്‍ വീട്ടില്‍ച്ചെന്നു കുളിച്ചു. ആടിനെ കിട്ടിയ കള്ളന്മാര്‍ അതിനെ കൊന്നു പാചകം ചെയ്തു തിന്നു. ഗഹനങ്ങളായ മന:ശാസ്ത്രതത്ത്വങ്ങളെ അനായാസമായി കഥകളിലൂടെ പ്രകാശിപ്പിക്കാന്‍ ഭാരതീയനു കഴിയും.

കൊലപാതകം കണ്ടാലുണ്ടാകുന്ന ജുഗുപ്സയാണ് കൊലപാതകത്തിന്റെ വർണ്ണന ജനിപ്പിക്കുന്നതെങ്കിൽ തദ്‌വൃത്തിയേ നടക്കുന്നുള്ളു. വർണ്ണനം ഭാവാനുഭൂതിയോ രസാനുഭൂതിയോ ജനിപ്പിച്ചാൽ തത്സമവൃത്തിയാണ് നടക്കുക.

Symbol question.svg.png നിങ്ങള്‍ ഇരുപത്തിയേഴു കൊല്ലമായി എഴുതുന്നു. എല്ലാം മൗലികമാണോ?

അറിഞ്ഞുകൊണ്ട് ഒരാളുടെയും ആശയം കടം വാങ്ങിയിട്ടില്ല. അറിയാതെ ചിലപ്പോള്‍ പരകീയാശയങ്ങള്‍ വന്നുപോകാം. തിരുവനന്തപുരത്തെ പ്രതിമകള്‍ ആളുകള്‍ക്ക് അവയുടെ സാന്നിദ്ധ്യത്തിന്റെ ബോധമുളവാക്കുന്നില്ലെന്ന് അടുത്തകാലത്ത് ഞാന്‍ ഒരു വാരികയില്‍ എഴുതി. ഇന്നലെ മൂസിലിന്റെ ഒരു ലേഖനം വായിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ ആശയമാണെന്ന് ഗ്രഹിച്ചു. നേരത്തെ മൂസിലില്‍നിന്നു കിട്ടിയ ആശയം ഉപബോധമനസ്സില്‍ കിടന്നത് ഞാന്‍ അറിയാതെ എന്റെ ലേഖനത്തില്‍ വന്നതാണു്. അല്ലെങ്കില്‍ത്തന്നെ ആശയങ്ങള്‍ക്കു കോപ്പിറൈറ്റുണ്ടോ?

Symbol question.svg.png അറുപതു വയസ്സുകഴിഞ്ഞവന്‍ ബാലചാപല്യങ്ങള്‍ കാണിക്കുന്നത് എന്തുകൊണ്ട്?

വൈലോപ്പിള്ളി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തോടു നിങ്ങള്‍ ചോദിക്കേണ്ടതായിരുന്നു ഈ ചോദ്യം. ‘എന്തുകൊണ്ട്?’ എന്നതിന് എനിക്ക് ഉത്തരമറിഞ്ഞുകൂടാ. അമ്പതു വയസ്സോളമായ സര്‍ക്കാര്‍ ഗുമസ്തന്‍ ഈവനിങ് കോളേജിലെ വിദ്യാര്‍ത്ഥിയായാല്‍ എല്ലാച്ചാപല്യങ്ങളും കാണിക്കും. ആ പ്രായമുള്ള അധ്യാപകന്‍ ഏതെങ്കിലും പരീക്ഷ എഴുതിയാല്‍ ബാലന്മാരെപ്പോലെ കോപ്പിയടിച്ചെന്നു വരും. ഇരുപത്തിയഞ്ചുവയസ്സുള്ള ഡോക്ടറുടെ മുന്‍പില്‍ നില്‍ക്കുന്ന എഴുപതുവയസ്സായ രോഗി ചാപല്യം കാണിക്കാതിരിക്കുകയില്ല. ‘സ്റ്റുപിഡായ’ ഒരുപാടു ചോദ്യങ്ങള്‍ അയാള്‍ ഡോക്ടറോട് ചോദിക്കുകയും ചെയ്യും.

Symbol question.svg.png ചെറുപ്പക്കാര്‍ ഇത്ര വളരെ സമയം കണ്ണാടിയുടെ മുന്‍പില്‍ ചെലവഴിക്കുന്നത് എന്തിന്?

ചെറുപ്പക്കാര്‍ അത്രവളരെസ്സമയം കണ്ണാടിയുടെ മുന്‍പില്‍ നില്‍ക്കാറില്ല. മധ്യവയസ്കന്മാര്‍, മധ്യവയസ്കകള്‍, വൃദ്ധന്മാര്‍, വൃദ്ധകള്‍ ഇവരാണു കണ്ണാടിയുടെ മുന്‍പില്‍നിന്നു മാറാത്തത്.

Symbol question.svg.png എനിക്കു മുത്തുമാല ഇഷ്ടമാണു, നിങ്ങള്‍ക്കോ?

എനിക്കു പ്രായമേറെയായതുകൊണ്ട് ചെറുപ്പക്കാരികളോട് അസൂയയാണ്. യുവതികള്‍ മുത്തുമാലയിടുമ്പോള്‍ വൃദ്ധകളെപ്പോലെയാവും. അതിനാല്‍ എന്റെ അസൂയയെ ഇല്ലാതാക്കുന്ന വിധത്തില്‍ ചെറുപ്പക്കാരികള്‍ മുത്തുമാലയിട്ടു വൃദ്ധകളായി പ്രത്യക്ഷകളാകുന്നത് എനിക്കേറെ ഇഷ്ടം.

Symbol question.svg.png ഇന്ത്യയുടെ പ്രത്യേകതയെന്ത്?

മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി ആളുകള്‍ ഓടുന്ന സ്ഥലമാണിത്. ഇതുപോലെ വേറൊരു രാജ്യം ഈ ലോകത്തില്ല.

ആഖ്യാനത്തിന്റെ ശക്തി, വേഗം

Robert L. Van de Castle എഴുതിയ “Our Dreaming Mind’ എന്ന വിശിഷ്ടമായ പുസ്തകത്തില്‍ ഇംഗ്ലീഷുകാരിയായ ഒരു ഗൃഹനായിക കണ്ട സ്വപ്നത്തിന്റെ വിവരണമുണ്ട്. ബാര്‍ബറ ഗാര്‍വെല്‍ എന്നാണു അവരുടെ പേര്. 1981 സെപ്റ്റംബറിലെ ഏതോ ഒരു ദിവസത്തിലാണ് അവര്‍ സ്വപ്നം കണ്ടത്. സ്റ്റേഡിയത്തില്‍ ഒരു വരിയായി പുരുഷന്മാര്‍ ഇരിക്കുന്നു. ഇരുണ്ട നിറത്തിലുള്ള വേഷമാണ് അവരുടേത്. മധ്യപൂര്‍വ്വദേശത്തെ സ്ഥലമാണ് അതെന്നു സ്വപനംകണ്ട സ്ത്രീക്കു തോന്നി. കാപ്പിയുടെ നിറമുള്ള രണ്ടു പട്ടാളക്കാര്‍ വരിയായി ഇരുന്ന ആളുകളുടെ അടുത്തേക്കുചെന്ന് ഓട്ടോമാറ്റിക് റൈഫിളില്‍ നിന്ന് അവരുടെ നേര്‍ക്ക് വെടിയുണ്ടകള്‍ വര്‍ഷിച്ചു. ഈ സ്വപ്നത്തിനുശേഷം മൂന്നാഴ്ച കഴിഞ്ഞു. 1981 ഒക്ടോബര്‍ 6-ആം തീയതി ഈജിപ്റ്റിലെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ ഇമ്മട്ടില്‍ വധിച്ചു. മിലിറ്ററി പരേഡ് നടക്കുമ്പോള്‍ നാല് പട്ടാളക്കാര്‍ (ഈജിപ്റ്റിലെ സൈന്യത്തിലുള്ളവര്‍) വാഹനത്തില്‍ നിന്നു ചാടിയിറങ്ങി സ്വപ്നത്തിലെ സ്റ്റേഡിയത്തിനു സദൃശമായ വളഞ്ഞ സ്റ്റാന്‍ഡിനടുത്തിരുന്ന ഈജിപ്റ്റിലെ അധികാരികളുടെ നേര്‍ക്കു ഓട്ടോമാറ്റിക് റൈഫിളില്‍ നിന്നു വെടിയുണ്ടകള്‍ പായിച്ചു. ഇരുണ്ട നിറത്തിലുള്ള യൂനിഫോം ധരിച്ചിരുന്ന സാദത്ത് നിഗ്രഹിക്കപ്പെട്ടു. ഈജിപ്റ്റിലെ പ്രസിഡന്റിനെ കൊല്ലുന്നതിനു മുന്‍പു ബാര്‍ബറയ്ക്കുണ്ടായ സ്വപ്നം സ്വപ്നവ്യാഖ്യാനതൽപരര്‍ മനസ്സിലാക്കിയിരുന്നു എന്നതിനു രേഖയുണ്ട്. വിചിത്രമായ സംഭവസന്നിപാതമെന്നു പറഞ്ഞ് ഇതിനെ പുച്ഛിച്ചുതള്ളാമെങ്കിലും സ്വപ്നവും സത്യവും തമ്മില്‍ നിഷേധിക്കാന്‍ വയ്യാത്ത ബന്ധമുണ്ട് എന്നതിന്റെ നേര്‍ക്കു നമുക്കു കണ്ണടയ്ക്കാന്‍ വയ്യ.

സ്ത്രീകള്‍ ഗര്‍ഭകാലത്ത് ധാരാളം സ്വപ്നങ്ങള്‍ കാണുന്നുവെന്നു മന:ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ശരിയാവാം. പിരിമുറുക്കം (റ്റെന്‍ഷന്‍) വളരെക്കൂടിയ സമയമാണത്. ജനിക്കുന്ന കുഞ്ഞ് എങ്ങനെയിരിക്കും, പ്രസവത്തിനുശേഷം സൗന്ദര്യം നഷ്ടപ്പെടുമോ, ഭര്‍ത്താവിന്റെ സ്നേഹത്തിനു ലോപം വരുമോ എന്നൊക്കെ ആലോചിച്ച് റ്റെന്‍ഷനു വിധേയയാകുന്ന ഗര്‍ഭിണിക്കു ദുസ്സ്വപ്നങ്ങള്‍ ധാരാളമുണ്ടാകാം. ഒരുപക്ഷേ ഈ തത്വത്തെ അവലംബിച്ചാകാം ശ്രീ. പ്രഭാകരന്‍ പഴശ്ശി, ‘സ്വപ്നത്തില്‍ നിന്നുള്ള ദൂരം’ എന്ന കഥയെഴുതിയത് (കലാകൗമുദി) കഥയിലെ ഗര്‍ഭിണിക്കുണ്ടാകുന്ന സ്വപ്നം സമകാലികാവസ്ഥയ്ക്കു യോജിച്ചതാണ്. ഭര്‍ത്താവിനെ കൊല്ലാന്‍ വരുന്ന വിപ്ലവകാരികളെയാണു അവള്‍ കിനാവില്‍ കാണുന്നത്. ഒടുവില്‍ ക്രൂരതയുടെ പരകോടികാണിച്ചുകൊണ്ട് പ്രഭാകരന്‍ കഥ അവസാനിപ്പിക്കുന്നു. അങ്ങനെ ഈ രചന സമകാലികമായ നൃശംസതയെ ചിത്രീകരിക്കുന്നു. ആഖ്യാനത്തിന്റെ ശക്തിയും വേഗവും കൊണ്ട് സ്വപ്നത്തിലൂടെ യാഥാതഥ്യബോധമുളവാക്കാന്‍ കഥാകാരനു കഴിഞ്ഞിട്ടുണ്ട്.

കലാസൃഷ്ടിയല്ല

തെര്‍വാന്‍തേസിനു ശേഷം (Carvantes 1547-1616) സ്പെയിന്‍ കണ്ട പ്രതിഭാശാലികളില്‍ അദ്വിതീയന്‍ എന്നു വാഴ്ത്തപ്പെടുന്ന ഗാര്‍തിആ ലൊര്‍ക (Garcia Lorca 1898-1936) എഴുതിയ Lament for Ignacio Sanchez Mejias (1935) ഈഗ്നാത്യോ സാന്‍ചേത് മെഹിയസിനു വേണ്ടിയൊരു വിലാപം - എന്ന കാവ്യം അത്യുല്‍കൃഷ്ടമാണ്. നല്ല കവിയും ലൊര്‍കയുടെ ആപ്തമിത്രവും പ്രശസ്തനായ കാളപ്പോരുകാരനുമായിരുന്നു സാന്‍ചേത് മെഹിയസ്. അദ്ദേഹം കാളപ്പോരില്‍ മരിച്ചു. ആ മരണത്തെക്കുറിച്ചു ലൊര്‍ക എഴുതിയ വിലാപകാവ്യം മരണത്തെക്കാള്‍ ശക്തമാണ്. കാവ്യത്തിന്റെ തുടക്കം ഇങ്ങനെ:

At five in the afternoon.
It was exactly five in the afternoon.
A boy brought the white sheet
at five in the afternoon.
A frail of time ready prepared
at five in the afternoon.
The rest was death and death alone
at five in the afternoon.

തുടര്‍ന്ന് ഏറെ വരികള്‍. പിന്നെ ലൊര്‍കയുടെ ദൃഢനിശ്ചയം.

I will not see it!

 
Tell the moon to come
for I do not want to see the blood
of Ignacio on the sand
I will not see it!

സുഹൃത്തിന്റെ മുഖം കൈലേസുകൾ കൊണ്ട് മൂടുന്നത് കവിക്ക് ഇഷ്ടമല്ല. ചങ്ങാതി കൊണ്ടു നടന്ന മരണം അദ്ദേഹത്തിനു പരിചിതമാവട്ടെ. ഈഗ്നാത്യോ, പോകൂ; കാളയുടെ ചൂടാർന്ന അലർച്ച അറിയാതിരിക്കൂ. ഉറങ്ങൂ. പറക്കൂ. വിശ്രമിക്കൂ. സമുദ്രം പോലും മരിക്കുന്നു.

 
The back of the stone does not know you,
nor the black satin in which you crumble.
Your silent memory does not know you
because you have died for ever

ആർക്കും അന്തരിച്ച സുഹൃത്തിനെ അറിഞ്ഞുകൂടാ. പക്ഷേ ലൊർക അദ്ദേഹത്തിനുവേണ്ടി പാടുന്നു. ഭാവി തലമുറകൾക്കുവേണ്ടി അദ്ദേഹത്തിന്റെ ആകാരത്തെക്കുറിച്ചും ചാരുതയെക്കുറിച്ചും ലൊർക പാടുന്നു. കവിതയുടെ ഒടുവിലത്തെ വരികൾ.

I sing of his elegance with
words that groan,
and I remember a sad
breeze through the olive trees.

മരണമാണല്ലോ മനുഷ്യനെ അപഹരിക്കുന്നത്. ഇവിടെ നേരെ മറിച്ചാണു സംഭവിക്കുക. കാളപ്പോരുകാരൻ മരണത്തെ എപ്പോഴും കൊണ്ടുനടക്കുകയാണ് (the death he carries) കാളയുടെ മുക്രയിടൽ കേൾക്കാതെ അദ്ദേഹം കാലത്തിലൂടെ പറക്കുന്നു. സമുദ്രം പോലും മരിക്കും. അതുകൊണ്ട് വിഷാദിക്കാനെന്തിരിക്കുന്നു.

കാവ്യമാകെ വായിച്ചുകഴിയുമ്പോൾ മരണം ക്ഷുദ്രം എന്നൊരു തോന്നൽ നമുക്കുണ്ടാകുന്നു. അതുകൊണ്ടാണ് ഇതു മരണത്തെക്കാൾ സുശക്തമാണെന്ന് ഞാൻ എഴുതിയത്.

കലസൃഷ്ടി ഏതു വിഷയം കൈകാര്യം ചെയ്താലും അനുവാചകനെ ഉദാത്തമണ്ഡലത്തിലേക്ക് ഉയർത്തണം. ഓസ്റ്റ്രിയൻ സാഹിത്യകാരൻ ആർറ്റൂർ ഷ്നിറ്റ്സ്ലറുടെ (Arthur Schnitzlor 1862-1931) ‘മരിച്ചവർ മിണ്ടുകില്ല’ (പ്രഫെസർ എസ്. ഗുപ്തൻനായർ തർജ്ജമ ചെയ്തത്) ടോൾസ്റ്റോയിയുടെ ‘ഐവാൻ ഇലച്ചിന്റെ മരണം’ ഈ കഥകൾക്കു മരണത്തെക്കാൾ ശക്തിയുണ്ട് എന്നതിൽ ഒരു സംശയവുമില്ല. അതല്ല ശ്രീ. ബാലകൃഷ്ണൻ മാങ്ങാട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘സത്യമേവ ജയതേ’ എന്ന ചെറുകഥയുടെ സ്ഥിതി. പോലീസ് ഉദ്യോഗസ്ഥനും നികുതി ഉദ്യോഗസ്ഥനും വ്യാപാരിയും രാഷ്ട്രീയ നേതാവും ഒക്കെച്ചേർന്ന് അമിതമായ മദ്യപാനം നടത്തുന്നു. കൂടെ ഇറച്ചിതിന്നുകയും. ഇതിന്റെ പരകോടിയിൽ വ്യഭിചാരംകൂടി വേണമല്ലോ. ഒരു പാവപ്പെട്ട പെണ്ണിനെ അവിടെ കൊണ്ടുവരുന്നു. പോലീസ് ഓഫീസർ വ്യഭിചരിക്കാൻ സന്നദ്ധനായി ചെല്ലുമ്പോൾ പെണ്ണിരുന്ന മുറി അകത്തുനിന്നു സാക്ഷയിട്ടിരിക്കുന്നു. കതകു ഇടിച്ചുപൊളിച്ച് അയാളും കൂട്ടുകാരും അകത്തുകയറുമ്പോൾ പെണ്ണു തൂങ്ങിമരിച്ചതായി കാണുന്നു. മൃതശരീരത്തിന്റെ ചൂടുപോകാത്തതുകൊണ്ട് ആർക്കുവേണമെങ്കിലും ഒരു കൈ നോക്കാമെന്ന് നിർദ്ദേശമുണ്ടാകുന്നു. ശവം പെണ്ണിന്റെ വീട്ടിലെ കഴുക്കോലിൽ തൂക്കാൻ വേണ്ടി പോലീസ് ഓഫീസർ തീരുമാനിക്കുമ്പോൾ കഥ അവസാനിക്കുന്നു. സമകാലിക സമുദായത്തിന്റെ ഒരു പരിച്ഛേദമായിട്ടുണ്ട് ബാലകൃഷ്ണന്റെ കഥയെങ്കിലും അതു കലാസൃഷ്ടിയല്ല. ഇതു വായിക്കുന്ന ഏതൊരാളിന്റെയും മനസ്സിന് താഴ്ച മാത്രമേ ഉണ്ടാകൂ. ഈ കഥ വായിച്ചുകഴിഞ്ഞതിനു ശേഷമുണ്ടായ അസഹനീയമായ ‘ഡിപ്രഷ’നോടുകൂടിയാണ് ഞാൻ ഈ വരികൾ കുറിക്കുന്നത്.

ആലങ്കാരിക തദ്‌വൃത്തി, തത്സമവൃത്തി ഇങ്ങനെ രണ്ടു വൃത്തികളെക്കുറിച്ചു പറയുന്നുണ്ട്. കൊലപാതകം കണ്ടാലുണ്ടാകുന്ന ജുഗുപ്സയാണു കൊലപാതകത്തിന്റെ വർണ്ണന ജനിപ്പിക്കുന്നതെങ്കിൽ തദ് വൃത്തിയേ നടക്കുന്നുള്ളൂ. വർണ്ണനം ഭാവാനുഭീതിയോ രസാനുഭൂതിയോ ജനിപ്പിച്ചാൽ തത്സമവൃത്തിയാണ് നടക്കുക. (ഉദാ. ഒതലോ സഹധർമ്മിണിയെ കഴുത്തുഞെരിച്ചു കൊല്ലുന്ന രംഗം) ബാലകൃഷ്ണൻ മാങ്ങാടിന്റെ കഥയിൽ തത്സമവൃത്തിയില്ല. അതിനാൽ രചന സഹൃദയന് ഉദ്വേഗജനകമായിബ്ഭവിക്കുന്നു.

നിർവ്വചനങ്ങൾ

സ്വാതന്ത്ര്യം: ഭാര്യ കുറെക്കാലത്തേക്കു മകളുടെയോ മകന്റെയോ കൂടെ പോയി താമസിക്കുമ്പോൾ ഒറ്റയ്ക്കു കഴിയുന്ന ഭർത്താവ് അനുഭവിക്കുന്നത്.

കീർത്തി: നിരൂപകന്മാർ കഴിവില്ലാത്ത കവിക്കും കഥാകാരനും ഉണ്ടാക്കിക്കൊടുക്കുന്നത്.

അച്ഛൻ: അമ്മ കഴിഞ്ഞാൽ വീട്ടിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ. (ബർനാർഡ്ഷാ പറഞ്ഞത്)

ഭവനനിർമ്മാണം: നവീനം: ആഹാരം കഴിക്കാനുള്ള മുറിയുടെ തൊട്ടടുത്ത് കക്കൂസും കൂടി നിർമ്മിക്കുന്ന ഒരു ഏർപ്പാട്.

തിരുവനന്തപുരത്തെ വാടകവീടുകൾ: വിഭിന്നരായ പത്താളുകൾക്കു താമസിക്കാൻ കൊടുക്കാമെന്നു ഒരേസമയത്ത് വാഗ്ദാനം നടത്തിയിട്ട് പതിനൊന്നാമത്തെ ആളിനു ഉടമസ്ഥർ നല്‍കുന്ന പാർപ്പിടങ്ങൾ.

പത്രങ്ങൾ: സംസ്കാര മണ്ഡലത്തിലെ നേതാക്കന്മാരെ അവഗണിച്ച് ചലച്ചിത്രതാരങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന കടലാസുകൾ. (കടലാസ് എന്ന പ്രയോഗത്തിനു പട്ടം താണുപിള്ളയോടു കടപ്പാട്.)

ശ്ലേഷപ്രയോഗം: ഇപ്പോഴത്തെ രചനകളിലെ അശ്ലീലപ്രയോഗത്തിനു പകരമായി പണ്ടത്തെ രചനകളിൽ ധാരാളമായി നടത്തിയിരുന്ന ഒരു അസഭ്യപ്രക്രിയ.

ഏപ്രിൽ ഏറ്റവും ക്രൂരം

“ഇന്ത്യയുടെ പ്രത്യേകതയെന്ത്?” “മുൻകൂർ ജാമ്യത്തിനുവേണ്ടി ആളുകൾ ഓടുന്ന സ്ഥലമാണിത്. ഇതുപോലെ വേറൊരു രാജ്യം ഈ ലോകത്തിലില്ല.”

ഉറക്കത്തിന്റെ മാധുര്യം നിറഞ്ഞ നിമിഷങ്ങളിൽ ഡോർബെൽ തുടരെത്തുടരെ ശബ്ദിച്ചാൽ നിങ്ങൾക്ക് എന്തു തോന്നും? മനസ്സുകൊണ്ട് അടുത്തവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പരമബോറൻ വീട്ടിൽ കയറിവന്ന് ‘അപ്പോൾ സി. വി. രാമൻപിള്ള എങ്ങനെ സാർ’ എന്നു ചോദിച്ചുകൊണ്ട് സംഭാഷണം തുടങ്ങിയാൽ നിങ്ങൾക്ക് എന്തു തോന്നും? മീറ്റിംങ്ങിനു നിങ്ങളെ കൊണ്ടുപോകാൻ സംഘാടകർ കാർ കൊണ്ടുവന്നു വീട്ടിന്റെ മുൻപിലിട്ടിരിക്കുന്നു. അതിനകത്ത് കരമന ജനാർദ്ദനൻ നായർ, സുകുമാർ, ഏഴാച്ചേരി രാമചന്ദ്രൻ ഈ മാന്യന്മാർ ഇരിക്കുന്നു. കാറിൽ കയറാനായി നിങ്ങൾ തിടുക്കത്തിൽ വീട്ടിൽനിന്നു മുറ്റത്തേക്ക് ഇറങ്ങുമ്പോൾ റ്റെലിഫോൺ ശബ്ദിക്കുന്നു. മര്യാദയുടെ പേരിൽ തിരിച്ചുവന്ന് റിസീവറെടുത്തു കാതിൽ വയ്ക്കുമ്പോൾ മറ്റേത്തലയ്ക്കൽ നിന്നു നിറുത്താതെയുള്ള വർത്തമാനം. മാന്യനായ അയാളെ വേദമിപ്പിക്കാൻ വയ്യ. കാറിലിരിക്കുന്നവരെ കൂടുതൽ മുഷിപ്പിക്കാൻ വയ്യ. ഈ അവസ്ഥയിൽ നിങ്ങളുടെ മാനസികനില എന്തായിരിക്കും?

മരണം നടന്ന വീട്ടിൽ ഞാൻ ഒരാളുമായി മരിച്ചയാളിനെക്കുറിച്ചു സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. പൊടുന്നനെ എന്റെ കൈയിൽ പനിനീർ പൂവിന്റെ സ്പർശം. തിരിഞ്ഞുനോക്കി. ഒരു ചലച്ചിത്രതാരം ചിരിച്ചുകൊണ്ട് ചോദിക്കുന്നു. “ഞാൻ.. സാറെന്നെ മറന്നോ?” മറന്നില്ലല്ലോ എന്നു പറയാൻ ഭാവിച്ചതാണ് ഞാൻ. പക്ഷേ ആ വാക്ക് പൂര്‍ണ്ണമാക്കാന്‍ സാധിച്ചില്ല. അതിനു മുന്‍പ് ഒരു മനുഷ്യനാരായം ചാടിയെത്തി ‘നിങ്ങള്‍ എഴുതുന്നതെന്തും ഞാന്‍ വായിക്കുന്നു. ഞാന്‍… വകുപ്പില്‍ ജോലി ചെയ്യുന്നു.’ എന്നറിയിക്കുന്നു. ആരേയും അവഗണിക്കരുതല്ലോ എന്നു വിചാരിച്ച് അയാളുടെ നേര്‍ക്കു ഞാന്‍ തിരിയുമ്പോള്‍ തന്നെ അവഗണിച്ചുവെന്നു വിചാരിച്ച സുന്ദരി തലവെട്ടിച്ച് ഒറ്റപ്പോക്ക്. പ്രിയപ്പെട്ട വായനക്കാരേ? എങ്കിലും ഞാന്‍ നിരസം ഉളളില്‍ സൂക്ഷിക്കുകയേയുള്ളു. ആഫ്രിക്കന്‍ സാഹിത്യകാരിയായ ബെസിഹെഡ്ഡിന്റെ കൃതികളെ അവലംബിച്ചു തീസിസ് എഴുതുന്ന ഒരു കോളേജധ്യാപിക വീട്ടിലെത്തി എന്നോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ബോറന്‍ വന്നുകയറി. ഇരിക്കാന്‍ പറഞ്ഞു. ഇരുന്നപാടേ ഒരു ചോദ്യം എന്റെ നേര്‍ക്കെറിഞ്ഞു അയാള്‍. “April is the cruellest month എന്ന് റ്റി. എസ്. എല്യറ്റ് പറഞ്ഞത് എന്തുകൊണ്ടാണ്?” ഇതു ചോദിച്ചയാള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ ഏതോ ഒരു ദിവസത്തിലാണ് എന്നെക്കാണാന്‍ എത്തിയത്. ക്രെഡിററ് കാര്‍ഡ് കൊണ്ട് അതുമിതും വാങ്ങിയവകയില്‍ പതിനായിരം രൂപ ബാങ്കില്‍ ഒടുക്കേണ്ടിയിരുന്നു എനിക്ക്. രണ്ടു ദിവസത്തിനകം അതു കൊടുത്തില്ലെങ്കില്‍ എന്റെ മൂക്കു മുറിച്ചുകളയുമെന്ന് ബാങ്ക് അധികാരികള്‍ എഴുതിയത് ആലോചിച്ച് വൈഷമ്യമത്തോടെ ഇരുന്ന എന്നോടായിരുന്നു ആഗതന്റെ ചോദ്യം. മൂക്കില്ലാതെയാകാന്‍ പോകുന്ന ഞാന്‍ അറിയാതങ്ങു പറഞ്ഞുപോയി ഇങ്ങനെ: “റ്റി. എസ്. എല്യറ്റിനു ബാങ്ക് കൊടുത്ത ക്രഡിറ്റ് കാര്‍ഡ് ഉണ്ടായിരുന്നിരിക്കും. അതുകൊണ്ട് അദ്ദേഹം പതിനായിരം പവന്‍ കടംവരുത്തിയിരിക്കും. ഏപ്രില്‍ മാസത്തിലായിരിക്കും. The Waste Land എന്ന കാവ്യം അദ്ദേഹം തുടങ്ങിയത്. അതുകൊണ്ടു ‘April is the cruellest month’ എന്ന് അദ്ദേഹം എഴുതി.” തന്നെ അപമാനിച്ചുവെന്നു കരുതി ആഗതന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.

മുകളിലെഴുതിയ സംഭവങ്ങളില്‍ വായനക്കാര്‍ക്കും എനിക്കുമുണ്ടാകുന്ന മാനസിക നിലകളാണ് എനിക്ക് ദേശാഭിമാനി വാരികയിലെ ‘ഘടദീപം.’ ‘പനി’ ഈ “കാവ്യങ്ങള്‍” വായിച്ചപ്പോഴും ഉണ്ടാകുന്നത്. പ്രശാന്തമായ ജലാശയത്തില്‍ ആരെങ്കിലും ഒരു കല്ലെറിഞ്ഞാല്‍ അനേകം ഓളങ്ങളുണ്ടാകും. സ്വസ്ഥതയോടെ ഇരിക്കുന്നവന്റെ മനസ്സില്‍ അസ്വസ്ഥതയുടെ ഓളങ്ങള്‍ ഇളക്കിവിടരുത് കവിതയെഴുതുന്നവര്‍.

1996-ല്‍ സാഹിത്യത്തിനുള്ള നോബല്‍സ്സമ്മാനം നേടിയ ഹിബ്രുനോവലിസ്റ്റ് ഷീ ആഗ്നോണിനെ ബഹുജനം മാത്രമല്ല സര്‍ക്കാരും മാനിച്ചിരുന്നു. (S. Y. Agnon, 1888-1970) അദ്ദേഹം താമസിച്ച പ്രദേശത്തിനടുത്തുള്ള ഒരു ഹോട്ടലില്‍ വിനോദ സഞ്ചാരികള്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ സര്‍ക്കാരിനോടു ബന്ധപ്പെട്ട അധികാരികള്‍ “Quiet, Agnon is writing” എന്നെഴുതിയ ബോര്‍ഡ് അവിടെ കൊണ്ടുവച്ചു. ഇവിടെയാണെങ്കിലോ? ‘അഭിമുഖ സംഭാഷണത്തിനു ചെല്ല്.’ അയാള്‍ പറയാത്തതൊക്കെ പത്രത്തില്‍ അച്ചടിച്ചു വീട് എന്നാവും ചിലരുടെ നിര്‍ദ്ദേശം.