സാഹിത്യവാരഫലം 1998 03 27
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | സമകാലികമലയാളം |
തിയതി | 1998 03 27 |
മുൻലക്കം | 1998 03 20 |
പിൻലക്കം | 1998 04 03 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
പ്രപഞ്ചത്തിലെ ശക്‌തിവിശേഷങ്ങൾക്ക് അടിമപ്പെട്ടു ഗതിഹീനനായി മനുഷ്യൻ കഴിഞ്ഞുകൂടുന്നു എന്നൊരാശയം. അതല്ല ആ ശക്‌തിവിശേഷങ്ങളെ ജയിച്ചടക്കി അവൻ ചക്രവർത്തിയെപ്പോലെ വിരാജിക്കുന്നു എന്ന് മറ്റൊരാശയം. ഈ ആശയങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് നമ്മൾ എല്ലാക്കാലങ്ങളിലും കണ്ടിട്ടുള്ളത്. ആദ്യത്തെ ആശയത്തിൽ വിശ്വസിക്കുന്നവർ ജീവിതത്തിന്റെ ശൂന്യതയ്‌ക്ക്, മരണത്തിൻ ഊന്നൽ നല്‌കുന്നു. വ്യക്തി പ്രസിഡന്റാകാം, പ്രധാന മന്ത്രിയാകാം, ഡോക്‌ടറാകാം, പ്രതിഭാശാലിയാകാം, ശിപായിയാകാം. ഏതായാലും ആ വ്യക്തി മരണമെന്ന ഗർത്തത്തിൽ വീണ് അപ്രത്യക്ഷനാകും. രണ്ടാമത്തെ ആശയത്തിൽ വിശ്വസിക്കുന്നവർ പരിമിതികളെ ലംഘിച്ച് ഐശ്വരാംശമുള്ളവനായി മാറി പരമസത്യത്തെ സാക്ഷാത്‌കരിക്കുന്നു. അവർ ശങ്കരാചാര്യർ ‘വിവേക ചൂഡാമണി’യിൽ പറഞ്ഞതുപോലെ കളിപ്പാട്ടം കൊണ്ടു കളിക്കുന്ന ശിശുവിനെപ്പോലെ രാജ്യങ്ങൾ പിടിച്ചടക്കിയ ചക്രവർത്തിയെപ്പോലെ ആഹ്ലാദിക്കുന്നു. അവർക്കു മരണത്തിന്റെ ശൂന്യത അനുഭവപ്പെടുന്നില്ല. മുകളിലെഴുതിയ ആദ്യത്തെ ആശയമാണ് അസ്തിത്വവാദികളുടേത്. അതിനു് ആധുനികർ കല്‌പിക്കുന്ന തരത്തിലുള്ള നവീനതയുണ്ടോ എന്നാണ് എന്റെ സംശയം. അടുത്ത കാലത്ത് ‘യോഗവാസിഷ്ഠം’ വായിച്ചപ്പോൾ എറ്റെ ഈ സംശയത്തിനു പരിഹാരമുണ്ടായി. ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് ശ്രീരാമൻ വസിഷ്ഠനോടു പറഞ്ഞമട്ടിൽ കമ്യുവും സാർത്രും അവർക്കു മുൻപ് നീചേയും നമ്മളോടൊന്നും പറഞ്ഞിട്ടില്ല. രാമൻ പറഞ്ഞതെല്ലാം ഇവിടെയെടുത്തു കാണിക്കാൻ വയ്യ. എങ്കിലും ചിലതു ആയിക്കൊള്ളട്ടെ: “മനുഷ്യൻ മരിക്കാനായി ജനിക്കുന്നു. (ജായതേ മൃതയേ ലോകേ) എല്ലാ സമ്പത്തുകളും ദൗർഭാഗ്യങ്ങളാണ്. (ആപദഃസമ്പദ്ഃസർവ:) ജീവിതം മരണത്തിനുള്ളതാണ് (ജീവിതം മരണായൈവ) സമ്പത്ത് സുഖത്തിനുള്ളതല്ല, (ന ശ്രീഃ സുഖായ) സൂക്ഷിച്ചുവച്ചാൽ അതു നശിക്കും. വിഷമമായ വള്ളി മരണമുണ്ടാക്കുന്നതുപോലെ. (ഗുപ്‌താ വിനാശാനം ധത്തേ മൃതിം വിഷലതാ യഥാ) ജീവിതം ശരൽകാലമേഘം പോലെ കൃശമാണ്. എണ്ണയില്ലാത്ത ദീപം പോലെയാണത്. തിര പോലെ അത് ഉരുണ്ടുപോകുന്നു. പോയതായി മാത്രം കാണപ്പെടുന്നു. (പേലവം ശരദീപാഭ്ര മസ്‌നേഹ ഇവ ദീപകഃ തരംഗ ഇവാലോലം ഗതമേ വോപലക്ഷ്യതേ) മരങ്ങളുടെ ജീർണ്ണിച്ച ഇലകൾ വേഗത്തിൽ നശിക്കുന്നതുപോലെ വിവേകമില്ലാത്ത ആളുകൾ ഏതാനും ദിവസങ്ങൾ കൊണ്ട് അപ്രത്യക്ഷരാകുന്നു.
(പർണ്ണാനി ജീർണ്ണാനി യഥാ തരുണാം
സമത്യേ ജന്മാശു ലയം പ്രയാന്തി
തഥൈവ ലോകാഃ സ്വവിവേകഹീനാഃ
സമേത്യ ഗച്ഛന്തി കുതോ പ്യഹോഭിഃ)
അടിസ്ഥാനപരങ്ങളായ കുറെ ആശയങ്ങളുണ്ട് ഈ ലോകത്ത്. ചിലർ ചില ആശയങ്ങൾക്കു പ്രാധാന്യം നല്‌കി അവയെ ബഹുജന ദൃഷ്ടിയിൽ കൊണ്ടു വരുന്നു. അതു ചെയ്യുന്നയാൾ അപ്രമേയ പ്രഭാവനാണെങ്കിൽ ജനതയുടെ മാനസിക മണ്ഡലത്തിൽ അവ സ്വാധീനത ചെലുത്തും. അത്രേയുള്ളൂ.
എസ്. വി. വേണുഗോപാലൻ നായർ
‘യോഗവാസിഷ്ഠ’ ത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണു ഈ ലേഖനം തുടങ്ങിയത്. അതിന്റെ സ്വാധീനതയിൽ അമർന്നിരിക്കുന്നതുകൊണ്ട് അതിലെ ഒരു കഥ തന്നെ ഇവിടെ ചുരുക്കിയെഴുതാം.
ഉത്തര പാണ്ഡവരാജ്യത്ത് ലവണനെന്ന രാജാവ് വാണിരുന്നു. ഒരിക്കൽ ഒരു മന്ത്രികൻ രാജസന്നിധിയിൽ വന്ന് മയിൽപ്പീലി വീശി രാജാവിനെ മാന്ത്രികവിദ്യക്ക് വിധേയനാക്കി. ഉടനേ അദ്ദേഹത്തിൻ ഇനിപ്പറയുന്ന അനുഭവങ്ങളുണ്ടായി. ഒരു പ്രഭു കൊടുത്ത നല്ല കുതിരയുടെ പുറത്തുകയറി രാജാവ് സഞ്ചരിച്ചു. നിയന്ത്രണം വിട്ട് ആ കുതിര വനത്തിലേക്കാണ് ഓടിപ്പോയത്. അശ്വവേഗത്തിൽ അമർഷം പൂണ്ട രാജാവ് വനത്തിലെ ഒരു മരത്തിന്റെ കൊമ്പിൽ കയറിപ്പിടിച്ചു. കുതിര അങ്ങു പോവുകയും ചെയ്തു. വനത്തിൽ അലഞ്ഞുതിരിഞ്ഞ അദ്ദേഹം ഒരു ചണ്ഡാലപ്പെൺകുട്ടിയോടു ഭക്ഷണം യാചിച്ചു. തന്നെ വിവാഹം കഴിക്കാമെങ്കിൽ അതു കൊടുക്കാമെന്ന് അവൾ. അവരുടെ വിവാഹം കഴിഞ്ഞു. ചണ്ഡാല കുടുംബത്തോടൊരുമിച്ചു വസിച്ച രാജാവ് പെൺകുട്ടിയിൽ സന്തത്യുൽപാദനം നടത്തി പല തവണ. ദീർഘകാലം അവരോടോത്തു താമസിച്ചു അദ്ദേഹം. അങ്ങനെയിരിക്കെ അവിടെ ഭീതിദമായ ക്ഷാമമുണ്ടായി. വലിയ കുടുംബത്തെ പോറ്റാൻ വഴിയില്ലെന്നു കണ്ട രാജാവ് തീയിൽ ചാടി മരിച്ചു.
പെട്ടെന്ന് മാന്ത്രികശക്തിയിൽ നിന്നു വിമുക്തനായ രാജാവ് ലവണൻ തന്നെയാണു താനെന്നു മനസ്സിലാക്കി. മാന്ത്രികവിദ്യക്ക് അടിമപ്പെട്ടപ്പോൾ തനിക്കുണ്ടായ അനുഭവങ്ങൾ യഥാർത്ഥങ്ങളാണോ എന്ന് അറിയാൻ വേണ്ടി അദ്ദേഹം സ്വപ്നത്തിൽ പണ്ട് താൻ ചണ്ഡാലനായിക്കഴിഞ്ഞ കാട്ടിലേക്കു പോയി. തന്നെ അദ്ഭുതപ്പെടുത്തുന്ന മട്ടിൽ ഓരോ അനുഭവവും സത്യമായിരുന്നുവെന്ന് രാജാവ് ഗ്രഹിച്ചു. വൈരൂപ്യമുള്ള, കറുത്ത നിറമുള്ള പെൺകുട്ടിയെ അദ്ദേഹം അവിടെ കണ്ടു. ഒപ്പം ഭാര്യാപിതാവിനെയും ഭാര്യാമാതാവിനെയും. ഒരുകാലത്ത്, ഒരു സ്ഥലത്ത് സംവത്‌സരങ്ങൾക്കു മുൻപു നടന്ന സംഭവങ്ങൾ ഏതാനും നിമിഷങ്ങളിലെ അനുഭവങ്ങളായി പ്രത്യക്ഷപ്പെടുത്താമെന്നാണ് ഇക്കഥ വ്യക്തമാക്കുന്നതെന്ന് ഗ്രന്ഥം എഡിറ്റ് ചെയ്ത B. L. Atreya എഴുതുന്നു.
ഇരുപതാം ശതാബ്‌ദത്തിലെ അത്യുജ്ജ്വലമായ നോവൽ എന്നു പരിണത പ്രജ്‌ഞരായ നിരൂപകർ വിശേഷിപ്പിക്കുന്ന ‘Remembrance of Things Past’ എന്ന നോവലിലെ (മർസൽ പ്രുസ്ത് എഴുതിയത്. Marcel Proust 1871-1922) ഒരു ഭാഗം ഇവിടെ എടുത്തു കാണിക്കേണ്ടിയിരിക്കുന്നു. മഞ്ഞുകാലത്ത് ഒരു ദിവസം പ്രുസ്ത് വീട്ടിലെത്തി. മകന് തണുക്കുന്നുവെന്ന് കണ്ട് അമ്മ അവന് ചായയും ഒരു കഷണം കെയ്‌ക്കും കൊടുത്തു. ഒരു സ്പൂൺ നിറയെ ചായയും അതിൽ കുതിർന്ന കെയ്‌ക്കും മർസൽ വായിലേക്കാക്കി. ആ ചൂടുള്ള പാനീയം താലുവിൽ തൊട്ടതേയുള്ളൂ. മർസലിനു ഞെട്ടലുണ്ടായി. എന്തോ അസാധാരണത്വം! തനിക്കു മനസ്സിലാക്കാൻ കഴിയാത്ത ഒരാനന്ദാനുഭൂതി മർസലിന്. എന്താണിത്? എന്താണു കാരണം? മർസൽ ചെറിയ കുട്ടിയായിരുന്നപ്പോൾ കോങ്‌ബ്രേ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. അന്ന് അവന്റെ വല്യമ്മായി ചായയിൽ മുക്കിയ കെയ്‌ക്കിൻ കഷണം അവനു കൊടുക്കുമായിരുന്നു. ഈ ഭൂതകാലാനുഭവം അമ്മ കൊടുത്ത കെയ്‌ക്കിൻ കഷണം വായ്ക്കകത്തേയ്ക്കു വച്ചപ്പോഴും അവനുണ്ടായി. ധിഷണയെസ്സംബന്ധിച്ച ഓർമ്മയല്ല അത്. അനിച്ഛാപൂർവകമായ ഓർമ്മയിലൂടെയുണ്ടായ ഭൂതകാലാനുഭവത്തിന്റെ പ്രതീതിയാണത്. അമ്മ കൊടുത്ത ചായയും കുതിർന്ന കെയ്‌ക്കും മറന്നുപോയ ഒരു തോന്നലിനെ -കോങ്‌ബ്രേയിലെ കെയ്‌ക്ക് കൊടുക്കലിനോടു ബന്ധപ്പെട്ട തോന്നലിനെ- പുനരുൽപാദിപ്പിക്കുന്നു. പ്രുസ്തിന്റെ നോവൽ അനിച്ഛാപൂർവകമായ ഓർമ്മയിലൂടെ ഭൂതകാലത്തെ പ്രത്യാനയിക്കുന്നതിനെയാണു ചിത്രീകരിക്കുന്നത്. (Terence Kelmartin-ന്റെ തർജ്ജമ - പെൻഗ്വിൻ ബുക്ക്‌സ് - വാല്യം 1 - പുറം 50)
ഞാനിത്രയും എഴുതിയതു ശ്രീ. എസ്. വി. വേണുഗോപൻ നായരുടെ ‘വീടിന്റെ നാനാർത്ഥം’ എന്ന മനോഹരമായ ചെറുകഥയിലേക്കു വരാനാണ്. (കഥ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ) വീടു വച്ചവർക്കും ബന്ധുക്കൾ വീടുവച്ചതു കണ്ടവർക്കും അതിനെക്കുറിച്ച് എന്തെല്ലാം സ്മരണകളാവും ഉണ്ടാവുക. പക്ഷേ അവയൊക്കെ വിസ്മരിക്കപ്പെട്ടിരിക്കുന്നു. മാന്ത്രികത്വശക്തിയിൽ നിന്നു മോചനം നേടിയ രാജാവ് ചണ്ഡാലഭവനത്തിൽ പാർത്തതിനെ ഓർമ്മിച്ചതു പോലെ, ചൂടു ചായയിൽ കുതിർന്ന കെയ്‌ക്കിന്റെ താലുവിലുള്ള സ്പർശം വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവത്തെ പ്രത്യാനയിച്ചതു പോലെ വേണുഗോപൻ നായരുടെ കഥ നമ്മുടെ ഭവനനിർമ്മാണ സ്മരണകളെ പ്രത്യാനയിക്കുന്നു. സ്മരണകൾ ഉളവാക്കിയ വികാരങ്ങളും കഥാപാരായണമുളവാക്കിയ വികാരങ്ങളും സദൃശങ്ങളായിബ്‌ഭവിക്കുന്നു. രാജാവിനു ഹർഷാതിരേകം. പ്രുസ്തിനു ഹർഷാതിരേകം. നമുക്കും ഹർഷാതിരേകം.
ഭവനനിർമ്മാണത്തിന്റെ സവിശേഷതയെ ഇങ്ങനെ ആലേഖനം ചെയ്തിട്ടു കഥാകാരൻ ലോകത്താകെയുള്ള നിർമ്മാണങ്ങളിലേക്കും അവയുടെ ദാരുണസ്വഭാവങ്ങളിലേക്കും അനായാസമായി കടന്നു ചെല്ലുന്നു. കിളിയുടെ കൂടു നിർമ്മിതി, സിമെന്റ് പൈപ്പിനുള്ളിലെ കുടുംബജീവിതം, അച്ഛന്റെ വീടുനിർമ്മിതിയുടെ നേർക്കുള്ള മകന്റെ ഉപാലംഭം ഇങ്ങനെ പലതും സൂചിപ്പിച്ചു കഴിയുമ്പോൾ മനുഷ്യജീവിതത്തിന്റെ ദൗർഭാഗ്യം സമ്പൂർണ്ണമായി സ്‌ഫുടീകരിക്കപ്പെടുന്നു. ഇതാണല്ലോ ജീവിതം എന്നു പറഞ്ഞു നമ്മൾ വാരികയടച്ചുവച്ചു ചിന്താധീനരായി ഇരിക്കുന്നു. ആ ചിന്താധീനതയ്ക്കു ദോഷമില്ല. അതു അനുവാചകനെ ഉന്നമിപ്പിക്കുന്നതേയുള്ളൂ. സിദ്ധികളുള്ള കഥാകാരനാണ് എസ്. വി. വേണുഗോപൻനായർ. വീടിന്റെ നാനാർത്ഥങ്ങൾ കാണിച്ച് ജീവിതത്തിന്റെ നാനാർത്ഥങ്ങളിലേക്ക് കഥാകാരൻ എന്നെ നയിക്കുന്നു.
കൈ തളരുന്നു
ഞാൻ ആലപ്പുഴ സനാതനധർമ്മ വിദ്യാലയത്തിൽ പഠിക്കുമ്പോഴാണ് തെക്കനാര്യാട്ടെ ഭാസ്കരപ്പണിക്കരെ പരിചയപ്പെട്ടത്. അദ്ദേഹം ആ വിദ്യാലയത്തിൽ ഫിഫ്‌ത്ത് ഫോമിൽ പഠിക്കുകയായിരുന്നു. കണക്കിനു മോശമായിരുന്ന എന്നെ അതിൽ വിദഗ്‌ദ്ധനായ ഭാസ്കരപ്പണിക്കർ വീട്ടിൽ വന്നു പഠിപ്പിച്ചു. പില്‌ക്കാലത്ത് ഞാൻ തിരുവനന്തപുരത്തേക്കു പോന്നപ്പോൾ ഇന്റർമീഡിയറ്റ് ക്ലാസ്സിലെ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം എന്നോടൊരുമിച്ചു താമസിച്ചുകൊണ്ടാണ് കോളേജിൽ പോയിരുന്നത്. എന്റെ അച്ഛനമ്മമാർ സദ്‌ഗുണ സമ്പന്നനായിരുന്ന ഭാസ്കരപ്പണിക്കരെ മകനെപ്പോലെ സ്നേഹിച്ചു. ഞായറാഴ്ച ദിവസങ്ങളിൽ ഞാനും അദ്ദേഹവും കിള്ളിയാറ്റിൽ കുളിക്കാൻ പോകും. ഒരു ദിവസം ഞങ്ങൾ നൂറു തവണ മുങ്ങാമെന്നു വിചാരിച്ചു മുങ്ങൽ തുടങ്ങി. പൊടുന്നനെ ദിഗന്തങ്ങൾ ഞെട്ടുമാറുള്ള ഒരു ശബ്ദം ആറ്റിൻകരയിലെ കുറ്റിക്കാട്ടിൽ നിന്നുയർന്നു. ഭാസ്കരപ്പണിക്കർ മുങ്ങി നിവർന്നപ്പോഴാണ് ആ ഭയങ്കരമായ നിർഘോഷമുണ്ടായത്. അതുകേട്ട് അദ്ദേഹം ആറ്റിൽ മലർന്നു വീണു. സ്ഥൂലഗാത്രനായ അദ്ദേഹത്തെ വലിച്ചിഴച്ചു കരയിലേക്കു കൊണ്ടുവരാൻ ദുർബ്ബലനായ എനിക്കു കഴിയുമായിരുന്നില്ല. പക്ഷേ ശബ്ദം കൊണ്ടു ഞങ്ങളെ പേടിപ്പിച്ച എന്റെ ബന്ധു കുറ്റിക്കാട്ടിൽനിന്ന് ഇറങ്ങിവന്നു ഭാസ്കരപ്പണിക്കരെ എന്റെ സഹായത്തോടെ വലിച്ചു കരയിലേക്കു കൊണ്ടുവന്നു. കുറേക്കഴിഞ്ഞ് കണ്ണുതുറന്ന അദ്ദേഹത്തെ ഞങ്ങൾ മെല്ലെ നടത്തിച്ച് വീട്ടിലെത്തിച്ചു. ഭാസ്കരപ്പണിക്കർക്കു അന്നു രാത്രി വലിയ പനി. ഡോക്ടർ ചികിത്സിച്ചിട്ടും പനി കൂടിക്കൂടി വന്നതേയുള്ളൂ. അദ്ദേഹത്തെ ഞങ്ങൾ ആലപ്പുഴെ കൊണ്ടു പോയി വീട്ടിലാക്കി. ഏതാനും ദിവസങ്ങൾ കഴിഞ്ഞ്, ഒരിക്കൽ അരോഗദൃഢഗാത്രനായിരുന്ന അദ്ദേഹം മരിച്ചു പോയി. ഞങ്ങളെ പേടിപ്പിച്ച ആളും ഇന്നില്ല. പക്ഷേ ഭാസ്കരപ്പണിക്കരുടെ ചരമത്തിൽ -അറുപതു വർഷം മുൻപുണ്ടായ ചരമത്തിൽ- ഞാൻ ഇന്നും ദുഃഖിക്കുന്നു. പേടിപ്പിച്ചയാൾ മരിച്ചിട്ട് ഇരുപതു വർഷമായി. എങ്കിലും ഞാൻ ആ മനുഷ്യനെ ഇന്നും വെറുക്കുന്നു.
മരങ്ങളുടെ ജീർണ്ണിച്ച ഇലകൾ വേഗത്തിൽ നശിക്കുന്നതു പോലെ വിവേകമില്ലാത്ത ആളുകൾ ഏതാനും ദിവസങ്ങൾ കൊണ്ട് അപ്രത്യക്ഷരാകുന്നു.
ഒരു യഥാർത്ഥ സംഭവം കൂടി പറയട്ടെ. കുസൃതിക്കാരനായ ഒരു പയ്യൻ റബർ കൊണ്ടുണ്ടാക്കിയ പാമ്പിനെ ഒരു ചെറുപ്പക്കാരിയുടെ മുന്നിലേക്കു എറിഞ്ഞുകൊടുത്തു. വിചാരിക്കാതിരിക്കുമ്പോൾ വന്നുവീണ ആ ഇഴജന്തുവിനെക്കണ്ടു യുവതി ഞെട്ടി. അവളുടെ മാനസിക നില തകർന്നു. കാലമേറെക്കഴിഞ്ഞിട്ടും അവൾ അനിയത മാനസിക നിലയോടെ കഴിയുന്നു.
പേടിപ്പിക്കൽ ട്രാജഡിയിലെത്തിക്കും ആളുകളെ. ശ്രീ. കണ്ണൻ മേനോനും ശ്രീമതി ബേബി മേനോനും എഴുതിയ ‘ഓർമ്മിക്കാൻ ഒരു ദിവസം’ എന്ന കഥയിൽ സാങ്കല്പികമോ യഥാർത്ഥമോ ആയ പേടിപ്പിക്കൽ കൊണ്ട് ഒരാളിന് വന്ന മാനസികമായ അനിയത്വമാണ് ചിത്രീകരിച്ചിരിക്കുന്നത് (കഥ മലയാളം വാരികയിൽ). ആഖ്യാനത്തിന്റെ സവിശേഷതയാൽ ‘ഇഫക്ട്’ ഉണ്ടാക്കാൻ കഥയെഴുതിയവർക്കു കഴിയുന്നെങ്കിലും ഇത്തരം കഥകളുടെ കാലം എന്നേ കഴിഞ്ഞുവെന്ന് എനിക്കു പറയാതിരിക്കാൻ വയ്യ. ഇതൊക്കെ വായിക്കുമ്പോൾ ഉത്കൃഷ്ടമായ സാഹിത്യത്തെ മുറുകെപ്പിടിക്കുന്ന എന്റെ കൈക്ക് ശൈഥില്യം സംഭവിക്കുന്നു. അതുപോലെ പല അനുവാചകരുടെയും കൈകൾക്കു അയവു വരുന്നുണ്ടാകുമെന്നും ഞാൻ വിചാരിക്കുന്നു.
വിചാരങ്ങൾ
David Lodge സ്റ്റ്രക്ചറലിസം, പോസ്റ്റ് മോഡേണിസം ഇവയെക്കുറിച്ച് എഴുതുമ്പോൾ എനിക്ക് എല്ലാം മനസ്സിലാകുന്നു. പക്ഷേ ഇവിടെയുള്ളവർ ആ വിഷയങ്ങളെക്കുറിച്ച് എഴുതുന്നത് എനിക്ക് മനസ്സിലാകുന്നില്ല.
സമുദായം നന്നാക്കാനായി ബഹുജനമധ്യത്തിൽ ഇറങ്ങി പ്രയത്നിക്കുന്നവർ വ്യക്ത്യയുടെ കഷ്ടപ്പാടിൽ ശിലയെപ്പോലെ കാഠിന്യമുള്ളവരാണ്. സമുദായത്തെക്കുറിച്ചു പരിഗണിക്കാത്തവർ വ്യക്തികളെ സഹായിക്കും. അവരുടെ കഷ്ടപ്പാടുകളെ ദുരീകരിക്കുകയും ചെയ്യും.
2. വൈലോപ്പിള്ളി പ്രഭാഷകനായിരുന്ന ഒരു സമ്മേളനത്തിന്റെ അധ്യക്ഷൻ എൻ. ഗോപാലപിള്ളയായിരുന്നു. അദ്ദേഹം പ്രസംഗം തുടങ്ങിയത് ഇങ്ങനെ: “ഒരു കാലത്ത് കവിയായിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോൻ … മീറ്റിങ്ങ് കഴിഞ്ഞതിനു ശേഷം ഞാൻ വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകൻ’ എന്ന കാവ്യം ഗോപാലപിള്ളസ്സാറിനെ ചൊല്ലിക്കേൾപ്പിച്ചു. ഉടനെ അദ്ദേഹം പറഞ്ഞു: മാഘമഹാകാവ്യത്തിൽ ഗജ്ജലീലകളെ വർണ്ണിക്കുന്നുണ്ട്. അതു വായിച്ചിട്ടാണ് നിങ്ങളുടെ വൈലോപ്പിള്ളി ‘സഹ്യന്റെ മകൻ’ എഴുതിയത്. ഞാൻ അന്നുതന്നെ മാഘമഹാകാവ്യമെടുത്തു നോക്കി. ഗോപാലപ്പിള്ളസ്സാർ പറഞ്ഞതു ശരിയാണെന്നു ഗ്രഹിക്കുകയും ചെയ്തു.
3. ഒരു സംശയവും വേണ്ട. ‘നേരെ ചൊവ്വേ’ എഴുതാത്തവന് താൻ പ്രതിപാദിക്കുന്ന വിഷയം മനസ്സിലായിട്ടില്ല. ചിന്തയിൽ സ്പഷ്ടതയുള്ളവൻ സ്പഷ്ടമായി എഴുതും. കാറൽ മാർക്സ് മഹാനായ ചിന്തകനാണല്ലോ. അദ്ദേഹത്തിന്റെ The Eighteenth Burmaire of Louis Bonaparte എന്ന പ്രബന്ധം വായിക്കു. സിതോപലത്തിന്റെ സുതാര്യാവസ്ഥ അതിനുണ്ട്. David Lodge സ്റ്റ്രക്ചറലിസം, പോസ്റ്റ് മോഡേണിസം ഇവയെക്കുറിച്ച് എഴുതുമ്പോൾ എനിക്ക് എല്ലാം മനസ്സിലാകുന്നു. പക്ഷേ ഇവിടെയുള്ളവർ ആ വിഷയങ്ങളെക്കുറിച്ച് എഴുതുന്നത് എനിക്ക് മനസ്സിലാകുന്നില്ല.
4. ഫെമിനിസ്റ്റുകൾ സ്ത്രീപീഡനത്തെക്കുറിച്ച് പറയുന്നതൊക്കെ ശരിയാണ്. ഭാര്യയുടെ അച്ഛൻ സ്വത്തു വിട്ടുകൊടുക്കാത്തതിന്റെ പേരിൽ അവളെ ഇഞ്ചിഞ്ചായി ചതയ്ക്കുന്നവരെ എനിക്കറിയാം. സ്ത്രീധനം കിട്ടാത്തതുകൊണ്ട്, അവളെ അഗ്നിക്കിരയാക്കുന്നവരെക്കുറിച്ച് നമ്മൾ എന്നും അറിയുന്നുണ്ട്. ഭാര്യയെ മറ്റൊരുത്തനോടു കൂടി ശയിക്കാൻ ഭർത്താവ് നിർബന്ധിച്ചു. അവൾ വഴങ്ങാത്തതുകൊണ്ട് തിളയ്ക്കുന്ന സാമ്പാർ കൽച്ചട്ടിയോടെ അടുപ്പിൽ നിന്നെടുത്ത് അവളുടെ തലവഴി ഒഴിച്ച ഒരു നരാധമനെ എനിക്കു നേരിട്ടറിയാം. സ്ത്രീപീഡനം ഇപ്പോൾ കൂടുതലുണ്ട്. പക്ഷേ മറ്റൊരു പീഡനം ഫെമിനിസ്റ്റുകളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നു തോന്നുന്നു. ഗൊണോറിയ, സിഫിലിസ് ഈ മാരകരോഗങ്ങളുള്ള ഭർത്താക്കന്മാർ അവയെ ചാരിത്രശാലിനികളായ സഹധർമ്മിണികൾക്കു പകർന്നു കൊടുക്കുന്നു. ഡോക്ടർ തെറ്റിദ്ധരിക്കുമെന്നു വിചാരിച്ച് അവർ ചികിത്സയ്ക്കു പോകുകില്ല. യാതന സഹിച്ച് സഹിച്ച് അവർ മരണത്തിലേക്കു ചെല്ലുന്നു. ലൈംഗികരോഗം ഭാര്യമാർക്കു പകർന്നുകൊടുത്ത് അവരെ അകാലചരമം പ്രാപിപ്പിക്കുന്ന പുരുഷന്മാരുടേ നേർക്കും ഫെമിനിസ്റ്റുകൾ രോഷാഗ്നി ജ്വലിപ്പിച്ചു വിടേണ്ടതാണ്. നിയമം കൊണ്ട് ഈ പാവപ്പെട്ട സ്ത്രീകളെ രക്ഷിക്കാനാവുമോ എന്നു നോക്കേണ്ടതാണ്.
കുതിരയ്ക്കു ക്ഷയം
പണ്ടു തിരുവനന്തപുരത്ത് ജട്ക്ക എന്നു വിളിക്കുന്ന ഒരുതരം കുതിരവണ്ടിയുണ്ടായിരുന്നു. കാണാൻ ഭംഗിയുണ്ട്. പക്ഷേ കയറാൻ, സഞ്ചരിക്കാൻ കഠിനതയും ദുഷ്കരത്വവുമേറെ. ചരിഞ്ഞ ചവിട്ടുപടിയിൽ ചവിട്ടി അകത്തേക്കു കയറിയാൽ ആറടിത്താഴ്ചയിലേക്കു ചെന്നു വീഴും. പിറകുവശത്തെ സീറ്റിലിരുന്നാൽ തിരശ്ചീനമായിട്ടാവും (Slanting) ഇരിപ്പ്. മുൻവശത്തെ സീറ്റിലാണിരിക്കുന്നതെങ്കിൽ മൂക്കുകുത്തി മുൻപോട്ടു വീഴും. കുതിര ഓടിത്തുടങ്ങിയാൽ നിരപ്പുള്ള പാതയിലാണ് സഞ്ചാരമെങ്കിലും അകത്തിരിക്കുന്നവർ പൊങ്ങുകയും താഴുകയും ചെയ്യും. ജനസഞ്ചയത്തിന്റെ ഭാഗ്യം കൊണ്ട് ഈ വാഹനമങ്ങ് അപ്രത്യക്ഷമായി. വണ്ടികൾ ദ്രവിച്ച ഓലഷെഡിൽ കയറ്റിയിട്ടിരുന്നു കുറെക്കാലത്തിനു മുൻപ്. അവയും പൊളിഞ്ഞു പൊളിഞ്ഞു പോയി. ക്ഷയരോഗം പിടിച്ചപോലെയുള്ള ചില കുതിരകൾ ദയനീയമായ മുഖഭാവത്തോടെ ഇന്നും ചില വീടുകളിൽ നിൽക്കുന്നതു ഞാൻ കാണുന്നുണ്ട്. അവയ്ക്കു ജോലി കൊടുക്കാൻ വല്ല മാർഗ്ഗവുമുണ്ടോ? ഉണ്ട്. കടലാസ് കൊണ്ടുണ്ടാക്കുന്ന ഒരുതരം കൊച്ച് കാറ് ഇന്നു പലരും ഓടിക്കുന്നുണ്ട്. കുറെ മാസങ്ങൾ കഴിഞ്ഞാൽ അവ ഓടാതെയാകും. അപ്പോൾ ഈ കുതിരകളെ അവയുടെ മുൻപിൽ കെട്ടി വലിപ്പിക്കാം. ആളുകൾക്ക് കാറിനകത്ത് ഇരിക്കുകയും ചെയ്യാം. Horse Car അങ്ങനെ ധാരാളമായി വരാൻ പോകുന്നു തിരുവനന്തപുരത്ത്. അല്ലെങ്കിൽ അത്രകാലം എന്തിനു കാത്തിരിക്കുന്നു. ചിലരോടിക്കുന്ന വലിയ കാറുകളുടെ മുൻപിൽത്തന്നെ ജോലിയില്ലാത്ത ഈ കുതിരകളെ കെട്ടാം. പെട്രോളൊഴിച്ച് ഓടിക്കുമ്പോഴുണ്ടാകുന്ന ചീറ്റലും തുമ്മലും കുരയും കുതിര വലിക്കുമ്പോൾ കാറിന് ഉണ്ടാവുകയുമില്ല. അശ്വവേഗം പ്രസിദ്ധമാണല്ലോ. അതുകൊണ്ട് പെട്രോൾത്തൈലം ഒഴിച്ചു ഓടിക്കുന്നതിനേക്കാൾ വേഗത്തിൽ പോകും അശ്വമോട്ടോർ വാഹനം. പഴഞ്ചൻ കാറുകൾ ഉന്തിക്കൊണ്ടു നടക്കുന്നവർ ജോലിയില്ലാതെ വാലാട്ടി നിൽക്കുന്ന ഈ കുതിരകളെ വാങ്ങി ഉപയോഗിക്കണമെന്നാണ് എന്റെ അഭ്യർത്ഥന. പെട്രോൾ ക്ഷാമമെങ്കിലും തീരുമല്ലോ.
എനിക്കിനി ജീവിതകാലം വളരെയില്ലെങ്കിലും രാജയക്ഷ്മാവ് പിടിപെട്ട എല്ലൻ കുതിരകൾ പഴഞ്ചൻ കാറുകൾ വലിച്ചുകൊണ്ടു പോകുന്നതു കണ്ടിട്ടേ ഞാൻ അന്ത്യശ്ശ്വാസം വലിക്കൂ. ഭാഗ്യം. അത്ര തന്നെ കാത്തിരിക്കേണ്ടതില്ല. അറുപഴഞ്ചൻ വിഷയമാകുന്ന ശകടത്തെ ബഹുപ്രയുക്തവും സർവസാധാരണവുമായ ഭാഷയുടെ അശ്വം വലിച്ചുകൊണ്ട് നടക്കുന്നത് ഞാൻ ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ കാണുന്നുണ്ട്. ഒരു കൊച്ചി പെൺകുട്ടിയെ ആരോ ബലാത്കാരവേഴ്ച നടത്തിയത്രേ. ആ കുഞ്ഞിനെക്കാണാൻ അവളുടെ അച്ഛനമ്മമാർ പോകുന്നു പോലും. ഇവിടെ വണ്ടിയും കുതിരയും ഒരേ മട്ടിൽ ജീർണ്ണിച്ചവ. ഫോഡ് ലിങ്കണും റോൾസ് റോയിസും രാജരഥ്യകളിലൂടെ ഓടുന്ന ഇക്കാലത്ത് ഈ ഹോഴ്സ് കാറിന്റെ സഞ്ചാരം തികച്ചും ജുഗുപ്സാവഹമായിരിക്കുന്നു. ഞാനെന്തിനു കുറ്റം പറയണം? റോൾസ് റോയിസ് കാറ് വാങ്ങാൻ പണമില്ലാത്തവർ പഴഞ്ചൻ കാറിൽ ചാകാറായ കുതിരയെ കെട്ടി അതിനെ ചാട്ട കൊണ്ടടിക്കും (ശ്രീമതി സാറാ ജേക്കബിന്റെ ‘ശിവനി’ എന്ന കഥയാണ് ഈ വാക്യങ്ങളുടെ രചനയ്ക്കു എന്നെ പ്രേരിപ്പിച്ചത്).
പുതിയ പുസ്തകം
സ്കോട്ടിഷ് സൈക്കൈയട്രിസ്റ്റ് - മനോരോഗ ചികിത്സകൻ - ആർ. ഡി. ലെയ്ങ്ങിന്റെ Conversations with Children, Self and Others, The Voice of Experience, The Facts of Life, The Politics of Experience and The Bird of Paradise ഈ അഞ്ചു പുസ്തകങ്ങളേ ഞാൻ വായിച്ചിട്ടുള്ളൂ. അദ്ദേഹത്തെ വിശ്വവിഖ്യാതനാക്കിയ The Divided Self എന്ന ഗ്രന്ഥം എനിക്കു കിട്ടിയിട്ടില്ല. അതിനാൽ ലെയ്ങ്ങിനെക്കുറിച്ച് എഴുതുമ്പോൾ പരിപൂർണ്ണത വരില്ല. അതൊഴിവാക്കാനായി The Divided Self എന്ന പുസ്തകത്തെക്കുറിച്ച് The Fontana Dictionary of Modern Thinkers എന്ന റഫറൻസ് ഗ്രന്ഥത്തിൽ കണ്ടത് ഞാൻ ചുരുക്കിയെഴുതുകയാണിവിടെ. ഭ്രാന്തിന്റെ കാരണം ജീവശാസ്ത്രത്തിലല്ല തേടേണ്ടത്. കുടുംബ ജീവിതത്തിലെ പിരിമുറക്കങ്ങളിലാണ് അതന്വേഷിക്കേണ്ടതെന്നു ലെയ്ങ് വാദിക്കുന്നു. ബാഹ്യലോകത്തിനു ഉന്മാദമെന്നു തോന്നിക്കുന്നതിൽ ഏതാണ്ടൊരർത്ഥമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മനോരോഗ ചികിത്സകൻ ഈ ബാഹ്യലോകത്തോടു - കുടുംബത്തോടു - ചേർന്നു അനിയതമായി പെരുമാറുന്നവനെ ഭ്രാന്തൻ എന്നു കരുതുന്നു. കുടുംബവും അനിയതാവസ്ഥ വന്നവനും തമ്മിലുള്ള ബന്ധം തകരുമ്പോഴാണ് അവൻ ഭ്രാന്തിൽ ആശ്രയസ്ഥാനം കണ്ടെത്തുന്നത്. സമുദായം ഭ്രാന്തായി, ഭ്രാന്തില്ലായ്മയായി കാണുന്നതിനെ ധീരതയോടെ “ചോദ്യം ചെയ്ത” ചികിത്സകനാണു ലെയ്ങ്. നമുക്കു അന്യരില്ലാതെ ജീവിക്കാൻ വയ്യ. അന്യർക്കു നമ്മളില്ലാതെയും ജീവിക്കാനൊക്കുകയില്ല. അതിനാൽ ഭ്രാന്തു വന്നവനെ മറ്റാളുകളുമായി ബന്ധിപ്പിച്ചാണു കാണേണ്ടത്, ചികിത്സിക്കേണ്ടത്.
Divided Self എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്കു ശേഷം പരിഗണനാർഹങ്ങളായ പല പുസ്തകങ്ങളും ലെയ്ങ് എഴുതി. പിന്നീട് അദ്ദേഹം ബുദ്ധമതതത്ത്വങ്ങളും ഭാരതീയ ദർശനങ്ങളും പഠിക്കാൻ സിലോണിലേക്കും ഭാരതത്തിലേക്കും പോയി. ഗുരുവായി മാറുകയും ചെയ്തു. കവിയുമായിരുന്നു അദ്ദേഹം. 1989 ഓഗസ്റ്റ് 23 - ന് വൈകുന്നേരം ലെയ്ങ് ഒരമേരിക്കൻ ധനികനുമായി ടെന്നീസ് കളിക്കുകയായിരുന്നു. പെട്ടെന്നു അദ്ദേഹം തളർന്നു വീണു മരിക്കുകയും ചെയ്തു. 62 വർഷത്തെ ധന്യമായ ജീവിതത്തിനു ശേഷം ഇവിടെ നിന്ന് അന്തർദ്ധാനം ചെയ്ത മഹാനായ ഈ മനശാസ്ത്രജ്ഞന്റെ, മനോരോഗ ചികിത്സകന്റെ ജീവചരിത്രം അദ്ദേഹത്തിന്റെ മകൻ ഏഡ്രിയൻ ലെയ്ങ് എഴുതിയതു ഞാൻ വായിച്ചു. ആർ. ഡി. ലെയ്ങിന്റെ ജീവിതസംഭവങ്ങളറിയാൻ, അന്യാദൃശ സ്വഭാവമാർന്ന മനഃശാസ്ത്രതത്ത്വങ്ങളറിയാൻ ഈ ജീവചരിത്രം നമ്മളെ സഹായിക്കും (R. D. Laing, A Life - Adrian Laing - Harper Collins Publishers, Pages 248).
|
|