close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 01 08


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1999 01 08
മുൻലക്കം 1999 01 01
പിൻലക്കം 1999 01 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“The Moving Finger writes; and, having writ
Moves on: nor all thy Piety nor Wit
Shall lure it back to cancel half a Line
Nor all thy Tears wash out a Word of it”

പേർഷൻ കവിയും ഗണിതശാസ്‌ത്രജ്‌ഞനും തത്ത്വചിന്തകനുമായ ഓമാർ ഖയ്യാമിന്റെ ‘റൂബായിയാത്’ എന്ന കാവ്യത്തിൽ നിന്നു് ഈ വരികൾ ഉദ്ധരിച്ചിട്ടു് വെയ്‌ൻ ഡബ്‌ൾയു ഡൈയ്ർ (Wayne W. Dyer) എന്ന ചിന്തകൻ പറയുന്നു: ചലിക്കുന്ന വിരൽ മനുഷ്യന്റെ ശരീരമാണു്. ഒരിക്കൽ അതു എഴുതിക്കഴിഞ്ഞാൽ ആ രേഖപ്പെടുത്തലിനെ ഇല്ലാതാക്കാൻ മനുഷ്യനു സാദ്ധ്യമേയല്ല. അയാൾ എഴുതിയതിനെ ഇല്ലാതാക്കാൻ കണ്ണീരിനൊക്കുകയില്ല. മനുഷ്യനുണ്ടാക്കിയ കാല്പാടാണതു്. ഈ കാല്പാടിനെ–ഭൂതകാലരേഖയെ–കുറ്റപ്പെടുത്താനുള്ള പ്രവണത മനുഷ്യനുണ്ടു്. വർത്തമാനകാലത്തു് ഒന്നും പ്രവർത്തിക്കാതിരിക്കാനായി ഭൂതകാലത്തെ കൂട്ടുവിളിക്കുന്ന രീതി വളരെ കൂടുതലാണു്. അച്ഛനമ്മമാരുടെ പോരായ്‌മകൾ, ഭയങ്ങൾ, കുടുംബാംഗങ്ങളുടെ സഹകരണമില്ലായ്‌മകൾ, ദൗർഭാഗ്യങ്ങൾ ഇവയെല്ലാം മനുഷ്യന്റെ വർത്തമാനകാലത്തു തുറിച്ചുനോക്കും. എങ്കിലും ചലനം കൊള്ളൂന്ന വിരൽ കഥയെഴുതിക്കഴിഞ്ഞു. അതു് നിർമ്മാർജ്ജനം ചെയ്യാൻ ഒക്കുകയില്ല. സത്യമിതായതുകൊണ്ടു് ഡൈയ്ർ ഉപദേശിക്കുന്നു. 1. ഇന്നു ജീവിക്കൂ. ഇന്നത്തെ കാര്യങ്ങൾക്കു ഭൂതകാലസംഭവങ്ങള ഉത്തരവാദിത്വമുള്ളവയാക്കാതിരിക്കൂ. 2. കുറ്റപ്പെടുത്തൽ എന്ന വാക്കു് നിങ്ങളുടെ നിഘണ്ടുവിൽ നിന്നു മാറ്റിക്കളയു. 3. ഭൂതകാലത്തോടു നിങ്ങൾക്കുള്ള ബന്ധത്തിന്റെ അടയാളമായ കണ്ണീർ ഉപേക്ഷിക്കൂ.

ധൈഷണികപ്രഭാവം കാണിക്കുന്ന പ്രസ്താവങ്ങളാണു് അമേരിക്കൻ കവിയും കഥാകാരിയുമായ ഡൊറതി പാർക്കറെ (Dorothy Parker 1893-1967) വിശ്വവിഖ്യാതയാക്കിയതു്. അവരുടെ ‘On Being A Woman’ എന്ന കൊച്ചുകാവ്യം

Why is it when I am in Rome
I’d give an eye to be at home,
But when on native earth I be,
My soul is sick for Italy?

And why with you, my love, my lord,
Am I spectacularly bored,
Yet do you up and leave me-then
I scream to have you back again?

ഡൊറതി റോമിലായിരിക്കുമ്പോൾ വീട്ടിൽ ചെല്ലാനുള്ള ആഗ്രഹമാണു് അവർക്കു്. ജന്മദേശത്തുവന്നാൽ ഇറ്റലിയിൽ വീണ്ടും ചെല്ലാനുള്ള ആശ. കാമുകനോടൊരുമിച്ചു കഴിയുമ്പോൾ വല്ലാത്ത നീരസം. അയാൾ പോയാൽ പുനസ്സമാഗമം കൊതിച്ചു് ഡൊറതി നിലവിളിക്കുന്നു. ഇതിനും ഡൈയ്ർ വിപൃതി നല്‌കുന്നു. നമുക്കില്ലാത്തതു വേണമെന്നു് ആശ. അതു കിട്ടിക്കഴിഞ്ഞാൽ വേണ്ടെന്ന തോന്നൽ. ഇതു മനുഷ്യരാശിക്കാകെയുള്ള ദൗർബ്ബല്യമോ പ്രവണതയോ ആണു്. ഡൈയ്ർ എഴുതാനിരിക്കുമ്പോൾ വലിയ കുടുംബത്തിന്റെ ശബ്ദം ഇല്ലാതിരിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഒറ്റയ്ക്കിരുന്നാലോ കുടുംബം അടുത്തുവേണമെന്ന തോന്നൽ. അപ്പോൾ എന്താണു് അഭികാമ്യം? ഒരു വർത്തമാനകാല നിമിഷത്തിൽ നമ്മൾ വർത്തിക്കുമ്പോൾ മറ്റു സ്ഥലങ്ങളെക്കുറിച്ചു വിചാരിക്കരുതു്. അമേരിക്കനെഴുത്തുകാരനായ തൊറോ (Thoreau) പറഞ്ഞതു ഓർമ്മിക്കണം നമ്മൾ. “He is blessed over all mortals who loses no moment of the passing life in remembering the past” ഡൈയ്ർ നമ്മളെ ഉപദേശിക്കുന്നു:

1. നിങ്ങൾ എവിടെക്കഴിയുന്നുവോ ആ സ്ഥലത്തെ അംഗീകരിക്കുക. അഭിനന്ദിക്കുക.

2. ഒന്നിന്റെയും വില കുറച്ചുകാണരുതു്.

ഇമ്മട്ടിൽ കഴിഞ്ഞ ഇരുപത്തിയഞ്ചു ശതാബ്ദങ്ങളിലെ പ്രമുഖ ചിന്തകരുടെ സൂക്തിരത്‌നങ്ങൾ എടുത്തുകാണിച്ചു് ഡൈയ്ർ വ്യാഖ്യാനിക്കുന്നു. ബുദ്ധൻ, പാസ്‌കൽ, പതഞ്‌ജലി, ഷെയ്ക്സ്‌പിയർ, കീറ്റ്‌സ്, ഷെല്ലി, ഗാന്ധിജി ഇങ്ങനെ അറുപതോളം മഹാവ്യക്‌തികൾ വിഭിന്ന സംസ്‌കാരങ്ങൾക്കു പ്രതിനിധീഭവിച്ചു് നമ്മളോടു സംസാരിക്കുന്നു. അവയ്‌ക്കൊക്കെ ഗ്രന്ഥകാരന്റെ ധൈഷണികശക്‌തിയെ കാണിക്കുന്ന വ്യാഖ്യാനങ്ങളും. ഉത്‌കൃഷ്‌ടമായ ഇപ്പുസ്തകം വായിച്ചാൽ നമ്മൾ വിജ്‌ഞന്മാരായിബ്ഭവിക്കും. (Wisdom of the Ages–Wayne.W.Dyer–Harper Collins–Pages 268–Rs 446=90)

ഋജുരേഖാസഞ്ചാരം

ഓരോ വ്യക്‌തിക്കും ഓരോ മാനസികനിലയാണല്ലോ. എനിക്കു ബൃഹദാകാരമാർന്ന വസ്‌തുക്കൾ ഭയമുളവാക്കുക

യേയുള്ളൂ. ബഹ്റിനെയും സൗദി അറേബ്യയെയും കൂട്ടിയിണക്കുന്ന ഇരുപത്തിയഞ്ചു മൈൽ നീളമുള്ള കടൽപ്പാലം കണ്ടപ്പോൾ എഞ്ചിനിയറിങ് സ്കിൽ ജനിപ്പിക്കേണ്ട അദ്ഭുതവികാരത്തിനല്ല ഞാൻ വിധേയനായതു പേടിക്കാണു. മലമ്പുഴ അണക്കെട്ടിനു അടുത്തുള്ള യക്ഷിപ്രതിമ കാണുമ്പോഴും എനിക്കു ഭയം. ദിഗന്തങ്ങളെ ഭേദിക്കുന്ന നിർഘോഷത്തോടെ തീവണ്ടി പാഞ്ഞുപോകുന്നതു കണ്ടാൽ എനിക്കു ഭീതിയല്ലാതെ വേറൊരു വികാരമില്ല. എന്നാൽ കൊച്ചുകുട്ടി റ്റോയിട്രയിനിന്റെ ചുറ്റുകമ്പി മുറുക്കി തറയിലോടിക്കുന്നതു കണ്ടാൽ എനിക്കു ആഹ്ലാദം. ഏതാനും ദിവസങ്ങൾക്കു മുൻപു അങ്ങനെയൊരു കാഴ്ച ഞാൻ കണ്ടു. കൊച്ചുതീവണ്ടി പാഞ്ഞുപോകുമ്പോൾ ഒരു തീപ്പെട്ടിക്കൂടിൽ തട്ടി ഒരു നിമിഷത്തിന്റെ ആയിരത്തിലൊരംശം നേരം നിന്നു. തീപ്പെട്ടിക്കൂടിനെ തള്ളിമാറ്റിക്കൊണ്ടു കളിപ്പാട്ടം മുന്നോട്ടു പോകുമെന്നാണ് ഞാൻ വിചാരിച്ചത്. അതുണ്ടായില്ല. ട്രെയിൻ വലത്തോട്ടു തിരിഞ്ഞു ഓടാൻ തുടങ്ങി. ഋജുരേഖയിലൂടെ പോകുന്ന വസ്തുകൾക്കു പ്രതിബന്ധമുണ്ടായാൽ അതു ആ പ്രതിബന്ധത്തെ തട്ടിത്തകർക്കാതെ വലത്തോട്ടോ ഇടത്തോട്ടോ ചരിഞ്ഞ് വേറൊരു ഋജുരേഖയിലൂടെ പോകുമെന്ന തത്ത്വം എനിക്കോർമ്മ വന്നു. മനുഷ്യജീവിതവും ഇങ്ങനെ തന്നെയല്ലേ? ‘ഈടാർന്നു വായ്ക്കുമനുരാഗനദിക്കു വിഘ്നം കൂടാത്തൊഴുക്കനുവദിക്കുകയില്ല ഈശ്വരൻ’. പക്ഷേ വിഘ്നത്തെ തട്ടിമാറ്റി ആ നദി മുന്നോട്ടു തന്നെ പോകുമെന്നു കവി പറഞ്ഞില്ല. വിഘ്നത്തിൽ തട്ടി തെല്ലു നേരം നിന്നിട്ട് അതു ചാഞ്ഞോ ചരിഞ്ഞോ മറ്റൊരു മാർഗ്ഗത്തിലേക്കു പോകും. ‘ബന്ധനസ്ഥനായ അനിരുദ്ധൻ’ തടവറയിൽത്തന്നെ കിടക്കും. ബാണാത്മജ നയനനീരൊഴുക്കാതെ വേറൊരുത്തനെ കണ്ടെത്തും. ഇതൊക്കെ പ്രകൃതി നിയമം. ഒരു വികാരത്തിനും സ്ഥായിത്വമില്ല. ഈ പരിവർത്തനത്തെയും സ്ഥായിത്വരാഹിത്യത്തെയും ഭേദപ്പെട്ട രീതിയിൽ ചിത്രീകരിക്കുന്ന കഥയാണു റെജി വർഗീസിന്റെ ‘ജീവിതങ്ങൾ ഒഴുകുന്ന വഴികൾ എന്നത്’ (മലയാളം വാരിക). മറ്റൊരുത്തനെ വിവാഹം കഴിച്ചിട്ടും പൂർവകാമുകനെ മറക്കുന്നില്ല ഒരു യുവതി. പക്ഷേ ക്രമേണ അവളുടെ വികാരം കുറഞ്ഞു കുറഞ്ഞു വരുന്നു. കത്തുകൾ അയയ്ക്കുമ്പോൾ ‘സുമി’ എന്നെഴുതിയിരുന്നവൾ വികാരരാഹിത്യത്തിലെത്തുമ്പോൾ സുമിത്ര എന്നെഴുതുന്നു. കുറഞ്ഞ വാക്കുകൾ കൊണ്ടു റെജി വർഗീസ് ഈ വികാരഭ്രംശം ആലേഖനം ചെയ്തിട്ടുണ്ട്.

ചോദ്യം, ഉത്തരം

നായകത്വം ബഹുജനസേവനത്തിനു പ്രയോജകീ ഭവിക്കണം. ഇൻഡ്യയിൽ അതല്ല സ്ഥിതി.

Symbol question.svg.png മനുഷ്യന്റെ സഹനശക്തിക്കു അതിരുണ്ടോ?

ഉണ്ട്. ആ അതിരിനപ്പുറം പോകാൻ ഒരുത്തനും സാദ്ധ്യമല്ല. അതിസുന്ദരമായ നോവൽ വായിച്ചുകൊണ്ടിരിക്കുമ്പോൾ മൂത്രമൊഴിക്കണമെന്നു തോന്നിയാൽ നോവൽ ദൂരെയെറിഞ്ഞിട്ട് വായനക്കാരൻ ബാത്റൂമിലേക്കു ഓടും. വിമോചനസമരം നടക്കുമ്പോൾ മന്നത്തു പദ്മനാഭൻ രഥത്തിലിരുന്നു നാടെങ്ങും സഞ്ചരിച്ചല്ലോ. ദീർഘസമയം അങ്ങനെയിരുന്നതു അസാധാരണമാണെന്നു കെ. ബാലകൃഷ്ണൻ (കൗമുദി എഡിറ്റർ) അദ്ദേഹത്തോടു പറഞ്ഞപ്പോൾ മന്നം നൽകിയ മറുപടി ഇങ്ങനെ: ‘ബാലാ ഞാൻ മൂത്രമൊഴിക്കാൻ വയ്യാതെ അവിടെയിരുന്നു പുളഞ്ഞതിനെക്കുറിച്ച് നിനക്കു ഊഹിക്കാൻ കഴിയുമോ? അപ്പോൾ വിമോചനസമരവും വേണ്ട, മറ്റൊന്നും വേണ്ട എന്നെനിക്കു തോന്നിപ്പോയി’. മന്നത്തിന്റെ ഈ മറുപടി ഞാൻ കേട്ടു.

Symbol question.svg.png നമ്മുടെ രാഷ്ട്രീയനേതാക്കന്മാരെക്കുറിച്ച് നിങ്ങൾക്കു എന്താണു അഭിപ്രായം?

നായകത്വം ബഹുജനസേവനത്തിനു പ്രയോജകീഭവിക്കണം. ഇന്ത്യയിൽ അതല്ല സ്ഥിതി. ഇവിടെ നേതാക്കന്മാർ ബഹുജനത്തെ പീഡിപ്പിക്കുന്നു. ഒരു നേതാവു വിചാരിച്ചാൽ ജനത്തിനു കഷ്ടപ്പാടുണ്ടാക്കുന്ന ബന്ദും ഹർത്താലും ഇവിടെയുണ്ടാകും. പ്രജാധിപത്യത്തിന്റെ പാരമ്പര്യമുള്ള ഇംഗ്ലണ്ടിൽ ബന്ദില്ല, ഹർത്താലില്ല. പണിമുടക്കു ചില സ്ഥാപനങ്ങളിലുണ്ടായാൽ പൊതുജനത്തിനു ഉപദ്രവം വരാതെയാണു അതു നടത്തുക.

Symbol question.svg.png കാരക്ടർ ഉള്ളവനെ തിരിച്ചറിയുന്നതെങ്ങനെ?

സ്വഭാവമേന്മയുള്ളവൻ (കാരക്ടർ ഉള്ളവൻ) ഹാസ്യമെന്ന പേരിൽ അശ്ലീലത സഭാവേദിയിൽ നിന്നു വിളമ്പുകയില്ല. സ്വഭാവഗുണമുള്ള ശ്രോതാക്കൾ ആ വൃത്തികേടു കേട്ടു ചിരിക്കുകയുമില്ല. ചില അധ്യാപകർ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും പഠിക്കുന്ന ക്ലാസ്സിൽ ഇടവിടാതെ അസഭ്യം പറയും. അങ്ങനെ പറയുന്നവർ സംസ്കാരഹീനരാണ്.

Symbol question.svg.png ഞാൻ തിരുവനന്തപുരത്തു ഇതുവരെ ചെന്നിട്ടില്ല. സാഹിത്യത്തിൽ കൗതുകമുള്ള എനിക്കു ഏതെങ്കിലും സാഹിത്യകാരനോടൊരുമിച്ച് രണ്ടു ദിവസം താമസിക്കണമെന്നുണ്ട്. ആരു എന്നെ പാർപ്പിക്കും?

ഒരു സാഹിത്യകാരനോടും താമസിക്കരുത്. നിങ്ങൾക്കു മൃഗശാലയിലെ സിംഹത്തോടൊരുമിച്ച് പാർക്കാൻ ഞാൻ സൗകര്യമുണ്ടാക്കിത്തരാം. ഏതു വന്യജീവിയും സാഹിത്യകാരനെക്കാൾ മെച്ചപ്പെട്ടതത്രേ.

Symbol question.svg.png നമ്മുടെ സമുദായത്തിൽ ആണുകുട്ടികൾ സംസ്കാര ശൂന്യരായി മാറുന്നത് എന്തുകൊണ്ട്?

അച്ഛനമ്മമാരുടെ കുറ്റം കൊണ്ട്. അച്ഛൻ കൊച്ചുമകളെ ലാളിക്കും. അവൾ തെറ്റു ചെയ്താൽ ശിക്ഷിക്കില്ല. മകനെ ലാളിക്കില്ല. കുറ്റം പറയും. മകൾ ചെയ്ത തെറ്റ് മകൻ ചെയ്താൽ തന്ത അവനെ അടിക്കും. അയാളുടെ ഈ ക്രൂരത അവൻ പ്രായമായാൽ സമുദായത്തോടു കാണിക്കും. എനിക്കറിയാവുന്ന ഒരു ചെറുപ്പക്കാരി മകനെ ഒരിടത്തും കൊണ്ടു പോകില്ല. തന്റെ ചെറുപ്പം ബഹുജനദൃഷ്ടിയിൽ നിലനിറുത്താൻ വേണ്ടിയാണതു. അവന്റെ ജന്മദിനം ആഘോഷിക്കില്ല. മകളുടെ പിറന്നാൾ കേമമായി കൊണ്ടാടും. ഇതൊക്കെ കാണുന്ന ചെറുക്കൻ തെമ്മാടി ആയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ. നമ്മുടെ ചെറുപ്പക്കാർ റൗഡികളാകുന്നതിനു കാരണം അച്ഛനമ്മമാരുടെ ഈ പക്ഷപാതം തന്നെയാണ്.

Symbol question.svg.png കേരളത്തിലെ വാരികകളെ വിലയിരുത്താമോ?

വയ്യ. പക്ഷേ എല്ലാ വാരികയാപ്പീസുകളിലും ചവറ്റുകുട്ടകൾ ധാരാളം വാങ്ങിവയ്ക്കണമെന്നു ഞാൻ പറയും.

Symbol question.svg.png സാഹിത്യസൃഷ്ടിയുടെ മാനദണ്ഡം എന്താണു?

ഫിസിക്സിന്റെ തത്ത്വങ്ങൾ മദ്യശാലയിൽ മദ്യം വിളമ്പുന്നവൾക്കു പോലും മനസ്സിലാകത്തക്കവിധത്തിൽ വിശദീകരിച്ചു കൊടുക്കേണ്ടതാണെന്നു ഐൻസ്റ്റൈൻ പറഞ്ഞിട്ടുണ്ട്. അതുപോലെ സാഹിത്യസൃഷ്ടി സാധാരണ മനുഷ്യർക്കു അഭിഗമ്യമായിരിക്കണം.


വിപര്യാസം

അമേരിക്കൻ നോവലിസ്റ്റായ വില്യം സ്റ്റൈറന്റെ (William Styron-b, 1925) ‘Sophies Choice’ എന്ന നോവൽ വായിച്ചിട്ടില്ലാത്തവർ അതു വായിക്കണമെന്നു എനിക്കു അഭ്യർത്ഥനയുണ്ട്. ഔഷ്‌വീറ്റ്സിലെ ജർമ്മൻ തടങ്കൽപ്പാളയത്തിലാണെന്നാണു എന്റെ ഓർമ്മ. അവിടത്തെ ഒരു ജർമ്മൻ ഉദ്യോഗസ്ഥൻ സോഫിയോടു പറഞ്ഞു അവളുടെ രണ്ടു കുട്ടികളിൽ ഒന്നിനെ ഗാസ് ചെയംബറിൽ അയച്ചു കൊല്ലണമെന്ന്. ഏതു കുട്ടിയെ അയയ്ക്കണമെന്നു തീരുമാനിക്കേണ്ടതു സോഫിയാണു. അവൾ അതു പറഞ്ഞില്ലെങ്കിൽ രണ്ടു കുട്ടികളെയും അയാൾ കൊല്ലും. സോഫി ആത്മഹത്യ ചെയ്തു. ഈ നോവലുയർത്തുന്ന സാന്മാർഗ്ഗിക വിഷയങ്ങളോർത്തു നമ്മൾ ചിന്താകുലരാകും. സോഫിയുടെ അന്ത്യം കണ്ടു നമ്മൾ ഞെട്ടും. നാത്സികളുടെ ക്രൂരതയുടെ മേൽ ആല്പിക്കുന്ന കടുത്ത ആഘാതമാണ് ശക്തിയാർന്ന ഈ നോവൽ. സമീകരിച്ചു പറയുകയല്ല. മഹനീയമായ ഒരു പടിഞ്ഞാറൻ നോവലിനെ ഇവിടത്തെ ഒരു കഥയോടു താരതമ്യപ്പെടുത്തുകയുമല്ല. പാറന്നൂർ പദ്മനാഭന്റെ “വേഴാമ്പൽ” എന്ന കഥയിൽ ഇങ്ങനെയൊരു ‘പ്രശ്ന’മില്ല (പ്രശ്നത്തിനു ചോദ്യം എന്ന അർത്ഥമേയുള്ളൂ. ഇവിടെ മലയാളത്തിൽ പ്രയോഗിക്കുന്നതു പോലെ ആ വാക്കു പ്രയോഗിച്ചിരിക്കുന്നു) (പദ്മനാഭന്റെ കഥ ദേശാഭിമാനി വാരികയിൽ). ശ്രീരേഖ എന്ന സ്ത്രീക്കു വിരസമായ ദാമ്പത്യ ജീവിതം. ഒഴിയാത്ത തലവേദനയും. തലച്ചോറിൽ റ്റ്യൂമർ വന്നു മരിച്ച രാമൻകുട്ടിയുടെ ഭാര്യക്കു സ്വന്തം ഓഫീസിൽ ജോലി നൽകി ഒരു കുടുംബത്തെ രക്ഷിച്ചവളാണ് ശ്രീരേഖ. എങ്കിലും അവളുടെ ഹതവിധി. ഭർത്താവിനു കാലത്തു കാപ്പി കൊടുക്കാൻ പോലും അവൾക്കു കഴിയുന്നില്ല. അസഹനീയമായ തലവേദന കൊണ്ട് ജോലിക്കാരി വരാത്തതിലുള്ള ദുഃഖത്തോടു കൂടി ശ്രീരേഖ കിടക്കുമ്പോൾ പാറന്നൂർ പദ്മനാഭന്റെ രചനാസാഹസിക്യം പര്യവസാനത്തിലെത്തുന്നു. ഇതു സാഹിത്യമല്ല. ആഖ്യാനം ഒന്നാന്തരമാകുമ്പോൾ ജീവിതത്തിലേക്കു അന്തർദൃഷ്ടി വ്യാപാരം കഥാകാരൻ നടത്തുമ്പോൾ മാത്രമേ കഥയ്ക്കു കലാംശമുണ്ടാകൂ. അവസ്ഥാവിശേഷത്തെ ആദ്യം ചിത്രീകരികരിക്കുക. കഥാന്ത്യത്തിൽ അതിനു വിപര്യാസം വരുത്തുക. ആ വിപര്യാസം കണ്ടു അനുവാചകനു അദ്ഭുതവികാരമുണ്ടാവുക. അപ്പോഴാണ് ആഖ്യാനം വിജയം പ്രാപിക്കുക. മോപസാങ്ങിന്റെ ‘നെക്ക്ലേസ്’ എന്ന കഥ നോക്കുക. നൃത്തത്തിനോ മറ്റോ പോകാനായി ക്ലാർക്കിന്റെ ഭാര്യക്കു സ്വർണ്ണ നെക്ക്ലെസ് വേണം. അതു അടുത്ത വീട്ടിലെ സ്ത്രീയുടെ കൈയിൽ നിന്നു കടം മേടിക്കുന്നു. തിരിച്ചുവരുമ്പോൾ മാല നഷ്ടപ്പെടുന്നു. ഉടമസ്ഥയ്ക്കു അതുപോലെയൊരു സ്വർണ്ണ നെക്ക്ലേസ് വാങ്ങിക്കൊടുത്തു ദാരിദ്ര്യത്തിൽ വീഴുന്നു അവർ. ഇതു ആദ്യത്തെ അവസ്ഥാവിശേഷം. കാലം കഴിഞ്ഞു മാല കടം കൊടുത്ത സ്ത്രീ അവരുടെ കഷ്ടപ്പാടിന്റെ കാരണം അന്വേഷിക്കുമ്പോൾ തങ്ങൾക്കുള്ളതെല്ലാം വിറ്റാണ് സ്വർണ്ണമാല വാങ്ങിയതെന്നു അവർ അറിയിക്കുന്നു. മാത്രമല്ല അവൾ മറ്റു വീടുകളിൽ പോയി ജോലി ചെയ്താണ് ആരോഗ്യം നശിച്ചവളായതെന്നും അയൽവീട്ടുകാരി മനസ്സിലാക്കുന്നു. അപ്പോൾ മാല കൊടുത്ത സ്ത്രീ പറയുന്നു: “അയ്യോ ഞാൻ തന്നതു സ്വർണ്ണമാലയല്ല, മുക്കുപണ്ടമായിരുന്നല്ലോ.” ഇവിടെയാണ് ആദ്യത്തെ സ്ഥിതിവിശേഷത്തിനു വിപര്യാസം വരുന്നതും വായനക്കാരൻ വിസ്മയവികാരത്തിനു വിധേയനാകുന്നതും. ചൊൽക്കൊണ്ട എല്ലാക്കഥകളിലും ഇതു (വിപര്യാസം) ഉണ്ട്. ഇല്ലാത്ത രചന കഥയല്ല. പദ്മനാഭന്റെ കഥയിൽ തലവേദന ആദ്യം. ഒടുവിലും തലവേദന. അതുകൊണ്ടു ആഖ്യാനത്തിന്റെ അർത്ഥനകൾ മാനിക്കപ്പെടുന്നില്ല. കലയുടെ മാന്ത്രികപ്രഭാവവും ഈ കഥയ്ക്കില്ല.

മനോഹരമായ കഥ

“നീ വിറച്ചു കൊണ്ടു, തേങ്ങിക്കൊണ്ടു അയാളുടേതാണെന്നു ആണയിട്ടു പറയുമ്പോൾ, അയാൾ തന്റെ ഉത്കടവികാരം അനന്തവും മരിക്കാത്തതുമാണെന്നു ശപഥം ചെയ്യുമ്പോൾ സ്ത്രീയേ ഒന്നു മനസ്സിലാക്കിക്കൊള്ളൂ നിങ്ങൾ രണ്ടുപേരിൽ ഒരാൾ കള്ളം പറയുകയാണെന്ന്”. ഡൊറതി പാർക്കർ പറഞ്ഞതാണിത്. സത്യം തന്നെ. പക്ഷേ കഥാകാരന്മാരും കവികളും സ്നേഹത്തിന്റെ വിശ്വാസ്യതയെയും ഉത്കൃഷ്ടതയെയും എപ്പോഴും ചിത്രീകരിക്കാറുണ്ട്. ആ ചിത്രീകരണംകല ജനിപ്പിക്കേണ്ട വിശ്വാസം ഉളവാക്കിയാൽ കഥ അല്ലെങ്കിൽ കവിത വിജയം പ്രാപിച്ചുവെന്നു കരുതാം. ആശയം സ്വീകരണീയമാണോ അല്ലയോ എന്നു നോക്കിയിട്ടല്ലല്ലോ കലാസ്വാദനം നടക്കുക. സ്നേഹം കാമത്തിന്റെ സംശോധിത രൂപമാണ്. ആ സ്നേഹപ്രകടനത്തിൽ സ്ത്രീക്കും പുരുഷനും തമ്മിൽ വിഭിന്നതയുണ്ട്. പുരുഷനെക്കാൾ സ്ത്രീക്കാണ് ലൈംഗിക വികാരം കൂടുതലെന്നു പറയുന്നത് സ്ത്രീകളല്ല, പുരുഷന്മാരണെന്ന വസ്തുത നമ്മൾ ഓർമ്മിക്കണം.പുരുഷന്മാർ തങ്ങളുടെ ഉത്കൃഷ്ട വികാരത്തെ സ്ത്രീകളിൽ ആരോപിക്കുകയാണെന്നു ഞാൻ കരുതുന്നു. ഇതു വെറും അഭ്യൂഹമല്ല. കാമത്തിന്റെയോ സ്നേഹത്തിന്റെയോ കാര്യത്തിൽ പുരുഷൻ എപ്പോഴും കർമ്മക്ഷമത കാണിക്കുന്നു. സ്ത്രീക്കു നിഷ്ക്രിയത്വവും. ഈ വിഭിന്നതയെ കാണിക്കുന്ന മനോഹരമായ ഒരു കഥയുണ്ട് മാധ്യമം വാരികയിൽ. യൂറാഗ്വീയൻ സാഹിത്യകാരനായ ഓറാത്യോ കീറോഗയുടെ (Horracio Quiroga 1878 - 1937) ‘മൂന്നു കത്തുകളും ഒരടിക്കുറുപ്പും’ എന്ന കഥയുടെ പേര്. വൈക്കം മുരളിയാണ് കഥ ഭാഷാന്തരീകരണം ചെയ്തത്. എന്നും ട്രാമിൽ ജോലിക്കു പോകുന്ന ഒരു യുവതിയെ സ്പർശിക്കാൻ ശ്രമിച്ചും അടുത്തു ചെന്നിരുന്നും അനൽപമായ കാമം പ്രകടിപ്പിക്കുന്ന പുരുഷന്മാരെക്കുറിച്ചാണ് കഥ. അവരുടെ വശീകരണവിദ്യകൾ പത്രത്തിലൂടെ പരസ്യപ്പെടുത്തണമെന്നാണ് യുവതിയുടെ അഭ്യർത്ഥന. കാലുകൊണ്ടു സീറ്റിനടിയിൽക്കൂടി സ്ത്രീയുടെ കാലിൽ തൊടുന്നതാണ് പുരുഷന്റെ വിദ്യ. യുവതിയുടെ കത്തിലൂടെ ഈ പ്രവൃത്തി മനസ്സിലാക്കിയ പത്രാധിപർ എപ്പോഴെങ്കിലും പുരുഷന്റെ സ്പർശം അവൾക്ക് ആഹ്ലാദകജനകമായിട്ടുണ്ടോ എന്നു എഴുതി ചോദിച്ചു. ചെറുപ്പക്കാരി മറുപടി നൽകി. അങ്ങനെ സ്പർശിച്ച വ്യക്തി പത്രാധിപർ തന്നെയായിരുന്നുവെന്നു. അയാളോടുള്ള സ്നേഹം കൊണ്ടു അവൾ ആ സ്പർശം ഒഴിവാക്കാനായി കാലു പിൻവലിച്ചില്ലെന്ന്. സ്ത്രീയുടെ സ്നേഹത്തിന്റെ നിഷ്ക്രിയത്വസ്വഭാവം ഇവിടെ സ്പഷ്ടമാക്കുന്നു. പുരുഷന്റെ ചാപല്യത്തെയും സ്ത്രീയുടെ ചാപല്യമില്ലായ്മയെയും കലയുടെ ഭംഗിയോടെ ചിത്രീകരിക്കുന്ന ചെറുകഥയാണിത്. നമ്മുടെ കഥയെഴുത്തുകാർക്ക് മാർഗ്ഗദർശകങ്ങളായിത്തീരാൻ ഇതു പോലുള്ള ധാരാളം കഥകൾ വാരികകളിൽ വരേണ്ടതാണ്.

പല വിഷയങ്ങൾ

ഫിസിക്സിന്റെ തത്ത്വങ്ങൾ മദ്യശാലയിൽ മദ്യം വിളമ്പുന്നവൾക്കു പോലും മനസ്സിലാകത്തക്ക വിധത്തിൽ വിശദീകരിച്ചു കൊടുക്കേണ്ടതാണെന്നു ഐൻസ്റ്റൈൻ പറഞ്ഞിട്ടുണ്ട്. അതുപോലെ സാഹിത്യസൃഷ്ടി സാധാരണ മനുഷ്യർക്കു അഭിഗമ്യമായിരിക്കണം.

സീമോൻ ദെ ബോവ്വാർ എത്രവേഗം മറക്കപ്പെടുമോ അത്രയും നന്നു എന്നാണ് 1980 - ൽ നോബൽസമ്മാനം നേടിയ പോളിഷ് - അമേരിക്കൻ കവി മീവോഷിന്റെ (Czeslaw Milosz) അഭിപ്രായം. ബോവ്വാറിന്റെ പ്രവർത്തനങ്ങൾ - ഫെമിനസ്സത്തെ സംബന്ധിച്ച പ്രവർത്തനങ്ങൾ - അതിന്റെ പുരോഗമനത്തെ ലക്ഷ്യമാക്കി കർമ്മോദ്യുക്തരായവർക്കു അഭിമാനകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ബോവ്വാറിന്റെ പ്രസിദ്ധമായ നോവലാണു ‘Les Mandarins’. അക്കാലത്തെ ധിഷണാശാലികളെപ്പറ്റി ഏറെ അപവാദങ്ങൾ കുത്തിനിറച്ചിട്ടുള്ള ആ നോവലിലെ കുത്സിതത്വത്തിനു മറുപടി നൽകുന്നില്ലേയെന്നു മീവോഷ്. കമ്യൂവിനോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘One does not answer a gutter’ (ഓടയ്ക്കു ആരും മറുപടി പറയുകയില്ല) കമ്യൂവിന്റെ ആ പ്രസ്താവം ശരിയാണെന്ന് മീവോഷ്.

2)എൻ. ഗോപാലപിള്ള ആധ്യക്ഷ്യം വഹിച്ച ഒരു സമ്മേളനത്തിലെ പ്രഭാഷകനായിരുന്നു സി. എൻ. ശ്രീകണ്ഠൻ നായർ. ശ്രീരാമന്റെയും മറ്റും കഥകൾ നാടകമാക്കിയിട്ടുണ്ടെങ്കിലും ശ്രീകണ്ഠൻ നായർ ഭാരതീയ സംസ്കാരത്തിന്റെ സ്തോതാവായിരുന്നില്ല. അദ്ദേഹം പ്രസംഗിച്ചപ്പോൾ ചൈനയും ഇന്ത്യയും തമ്മിലുണ്ടായ യുദ്ധത്തെക്കുറിച്ചു പറയുകയുണ്ടായി. ഭാരതത്തിന്റെ ഭടന്മാർ ചൈനയിലെ ഭടന്മാരോടു ഏറ്റുമുട്ടി വിജയം വരിക്കാനാവാതെ പിന്തിരിഞ്ഞ് ഓടിയെന്നുശ്രീകണ്ഠൻ നായർ പുച്ഛിച്ചു പറഞ്ഞു. ഉപസംഹാരപ്രഭാഷണത്തിൽ ഗോപാലപിള്ള ശ്രീകണ്ഠൻ നായരുടെ അഭിപ്രായത്തെ വിമർശിച്ചു. പരാജയം സുനിശ്ചിതമാണെന്നു കണ്ടാൽ പിന്തിരിഞ്ഞ് ഓടുന്നതാണു നല്ലതെന്നും മുന്നേറി ശത്രുവിന്റെ വെടിയുണ്ടയേറ്റു മരിക്കുന്നതു ബുദ്ധിശൂന്യതയാണെന്നും ഗോപാലപിള്ള പറഞ്ഞപ്പോൾ അതു ശരിയെന്ന രീതിയിൽ ആളുകൾ കൈയടിച്ചു. ഇവിടെ ഭീരുത്വത്തെ നീതിമത്കരിക്കുകയായിരുന്നു സാറ്. ഈ ജീവിതാസ്തമയത്തിൽ എനിക്കും തോന്നുന്നു ഭീരുത്വം ഗുണമാണെന്ന്. ഒരുത്തൻ അപരാധമൊന്നും ചെയ്യാത്ത എന്നെ ടെലിഫോണിലൂടെ, കത്തിലൂടെ തെറി പറഞ്ഞാൽ എനിക്ക് അങ്ങോട്ടു അതേ മട്ടിൽ അസഭ്യം പറഞ്ഞു ധീരനായി നിൽക്കാം. പക്ഷേ അതിനെക്കാൾ നല്ലതു മിണ്ടാതെ നിന്ന് അതു മുഴുവനും കേൾക്കുക, വായിക്കുക എന്നതാണ്. ഭീരുത്വമായി അതു വ്യാഖാനിക്കപ്പെടും. തരക്കേടില്ല, ആ ഭീരുത്വം മാനുഷികമൂല്യമാണ്. സാഹിത്യസംവാദങ്ങളിൽ ഒരു പക്ഷമെങ്കിലും ഭീരുത്വം കാണിച്ചാൽ അസ്വസ്ഥതകൾ ഒഴിവാക്കാം. ഭീരുത്വം ജയിക്കട്ടെ.

3)ഇതെഴുതുന്നയാൾ പ്രസംഗം നിറുത്തിയിട്ട് മൂന്നു വർഷമായി. അതുകൊണ്ട് ഏറെ സ്വസ്ഥതയുണ്ടെനിക്ക്. എങ്കിലും സമ്മേളനങ്ങൾക്കു പോയതുകൊണ്ട് എനിക്കു ഗുണമുണ്ടായിട്ടുണ്ട്. സ്ക്കൂൾ വാർഷികസമ്മേളനങ്ങളെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഗുണം സമ്മാനദാനച്ചടങ്ങിൽ നിന്നാണ് ലഭിച്ചത്. വർഷത്തിലൊരിക്കൽ മൈക്കിന്റെ മുൻപിൽ നിന്നു സ്പോർട്സിലും മറ്റും വിജയം പ്രാപിച്ച വിദ്യാർത്ഥികളുടെ പേരുകൾ വിളിക്കാൻ ഭാഗ്യം സിദ്ധിച്ച അധ്യാപകൻ സ്വന്തം ശബ്ദം കേൾപ്പിക്കുന്നു. ‘ഫാത്തിമാബീവി, മ്യൂസിക്കൽ ചെയർ,ഒന്നാം സമ്മാനം’. ഫാത്തിമാബീവി സദസ്സിന്റെ അങ്ങേത്തലയ്ക്ക്ലൽ ഒരു ഫർലോങ് അകലെയായി നിൽക്കുകയായിരിക്കും. അവൾ കുണുങ്ങിക്കുണുങ്ങി പ്ലാറ്റ്ഫോമിനു അടുത്തെത്തുമ്പോൾ അരമണിക്കൂർ കഴിഞ്ഞിരിക്കും. ലേഡിറ്റീച്ചർ എടുത്തുതരുന്ന സ്റ്റീൽകിണ്ണം ഞാൻ ബീവിക്കു കള്ളച്ചിരിയോടെ കൊടുക്കുന്നു. അവൾ എന്നെ നോക്കി കൈകൂപ്പുന്നു. എന്നിട്ട് ഒരിഞ്ച് വ്യാസവും അരയിഞ്ച് താഴ്ചയുമുള്ള കിണ്ണം പൊക്കിപ്പിടിച്ച് സദസ്സിനെ നോക്കി കൈകൂപ്പുന്നു. അടുത്തതായി അധ്യാപകന്റെ നിർഘോഷം ‘സുധാകരൻ, ബ്രഡ് ഈറ്റിങ്, ഒന്നാം സമ്മാനം’. സുധാകരൻ താഴെ നിന്ന് ഒറ്റച്ചാട്ടമാണ് വേദിയിലേക്ക്. അയാൾക്കും സ്റ്റീൽകിണ്ണം തന്നെ. അതു വാങ്ങിക്കൊണ്ടു മര്യാദയ്ക്കു പോകുകയില്ല ആ പയ്യൻ. ചൊറിപിടിച്ച കൈ കൊണ്ടു എന്റെ കൈ പിടിച്ചു കുലുക്കുന്നു. പ്ലാറ്റ്ഫോമിൽ നിന്ന് ആ റൊട്ടിഭിക്ഷകൻ താഴത്തേക്കു ചാടുന്നു. ചന്തിതള്ളി നെഞ്ചുതള്ളി അവൻ പെൺപിള്ളേരെ കടാക്ഷിച്ചു കൊണ്ട് നടന്നു പോകുന്നു. ചൊറി പകരുമെന്ന പേടികൊണ്ടു ഞാൻ മുണ്ടിന്റെ അറ്റം കൊണ്ടു എന്റെ കൈ അമർത്തിത്തുടയ്ക്കുന്നു. സ്റ്റീൽ കിണ്ണങ്ങളും സ്റ്റീൽ പ്ലെയ്റ്റുകളും കൊടുത്തു കൊടുത്ത് എന്റെ കൈ കഴയ്ക്കുന്നു. അക്കാരണത്താൽ അടുത്ത ജന്മത്തിൽ ഞാൻ സ്റ്റീൽപ്പാത്രവ്യാപാരിയായി ജനിക്കില്ല. ഒരു സംശയവും വേണ്ട. ഇതുതന്നെയാണ് എനിക്കു കിട്ടിയ ഗുണം.

4)എന്റെ ഒരു ബന്ധു ഇരുന്നിരുന്ന് ഒരു റെഫ്രിജിറെയ്റ്റർ വാങ്ങിച്ചു. അതിനു പണം ഒരുപാടു മുടക്കിയതുകൊണ്ട് അദ്ദേഹം മറ്റുകാര്യങ്ങളിൽ പിശുക്കു കാണിച്ചു തുടങ്ങി. അവിയൽ വച്ച് ഫ്രിജ്ജിനകത്തു ഒരാഴ്ച വയ്ക്കും. മീൻ വാങ്ങിയാൽ അതും ഏഴു ദിവസത്തേക്കു ആ വൈദ്യുതശീതകാരിയുടെ അകത്തേക്കു പോകും. ഫലമോ? നാറ്റംകൊണ്ട് അടുത്ത വീട്ടുകാരനായ എനിക്കു ഇരിക്കപ്പൊറുതിയില്ലാതായി, ബന്ധുവല്ലേ, നഗരസഭയ്ക്കു പരാതി അയയ്ക്കുന്നതെങ്ങനെ? അതുകൊണ്ടു ദുസ്സഹമായ നാറ്റം സഹിച്ചുകൊണ്ട് ഞാൻ എന്റെ വീട്ടിൽ കഴിഞ്ഞു കൂടി. ഭാഗ്യത്താൽ അദ്ദേഹം വേറെ വീടുവച്ചു മാറിപ്പോയി. ഇപ്പോൾ ആ വീട്ടിന്റെ അടുത്തു താമസിക്കുന്നവർ മൂക്കുപൊത്തിപ്പിടിച്ചും ഛർദ്ദിച്ചും കഴിയുകയാവണം.

‘വിശാലകേരള’ത്തിൽ ‘ഒരു സ്നേഹത്തിന്റെ ഓർമ്മയ്ക്കു’ എന്ന കാവ്യമെഴുതിയ ചിറയിൽ ശ്രീധരൻ അതാരംഭിക്കുന്നതിങ്ങനെ: <poem>

എൻ മലർക്കാവിൽ എന്നോ
പുഷ്പിച്ച കിനാക്കളാം
പൊന്മലരെന്നെ വാടി
ക്കൊഴിഞ്ഞു പോയെന്നിട്ടും
വാടിടാതൊളിമങ്ങി
മാഞ്ഞിടാതിന്നും ആത്മ
നീഡത്തിൽപ്പനിനീർപ്പൂവേ
നിന്നെ സൂക്ഷിക്കുന്നു ഞാൻ

/poem> എന്തിനു ഈ സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള വിഷയം? എന്തിനു ഈ സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള ഇമേജുകൾ? വിഷയത്തിന്റെ അവിയലും ഇമേജിന്റെ മത്തിയും രൂപത്തിന്റെ ഫ്രിജ്ജിൽ വച്ചു ഇങ്ങനെ നാറ്റിക്കരുത് അദ്ദേഹം.

റഷൻ സാഹിത്യകാരന്മാരെക്കുറിച്ച്

ഭൂതകാലത്തോട് നിങ്ങൾക്കുള്ള ബന്ധത്തിന്റെ അടയാളമായ കണ്ണീർ ഉപേക്ഷിക്കു.

ഈസാക് ബേബിൽ (Isaak Babel 1894 - 1940) മഹാനായ റഷൻ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തെ സർക്കാർ അറസ്റ്റു ചെയ്തു. 1939 മേ 29 -ആം ന് മുൻപ് അദ്ദേഹത്തെ തടവറയിൽ നിന്ന് ഇൻവെസ്റ്റിഗേറ്ററുടെ ഓഫീസിലേക്കു കൊണ്ടുപോയി ചോദ്യം ചെയ്യാൻ. ആ ക്രോസ് വിസ്താരത്തിന്റെ റിപോർടിന്റെ ഒരു ഭാഗം:

Symbol question.svg.png വിശ്വാസപാതകങ്ങളും പ്രതിലോമപരങ്ങളുമായ സോവിയറ്റ് പ്രവർത്തനങ്ങളുടെ പേരിൽ നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കുറ്റം സമ്മതിക്കുന്നുണ്ടോ നിങ്ങൾ?

ഇല്ല. ഞാൻ സമ്മതിക്കുന്നില്ല.

Symbol question.svg.png ഈ പ്രഖ്യാപനവും അറസ്റ്റും നിങ്ങൾ പരസ്പരം യോജിപ്പിക്കുന്നതെങ്ങനെ?

എഴുതാനുള്ള എന്റെ കഴിവില്ലായ്മയും വിധിവശാലുള്ള സംഭവസന്നിപാതവും ആണ് എന്റെ അറസ്റ്റിനു കാരണം. കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ പ്രാധാന്യമുള്ള ഒറ്റക്കൃതിയും പ്രസിദ്ധപ്പെടുത്തിയില്ല. ഇതു സോവിയറ്റ് പരിതഃസ്ഥിതികളിൽ എഴുതാനുള്ള വൈമുഖ്യവും വിധ്വംസക പ്രവർത്തനവുമായി കരുതപ്പെടാം.

Symbol question.svg.png എഴുത്തുകാരനായതുകൊണ്ട് നിങ്ങളെ അറസ്റ്റ് ചെയ്തു എന്നു പറയാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അതു പരിഹാസ്യമായ ആർജ്ജവത്തിന്റെ അതിരു കടന്ന അവസ്ഥയാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?

നിങ്ങൾ പറയുന്നതു ശരി തന്നെ. എഴുതാൻ കഴിയുന്നില്ല എന്നതിന്റെ പേരിൽ ഗ്രന്ഥകാരന്മാരെ അറസ്റ്റ് ചെയ്യുന്നില്ല.

Symbol question.svg.png അപ്പോൾ നിങ്ങളുടെ അറസ്റ്റിന്റെ യഥാർത്ഥ കാരണമെന്ത്?

ഞാൻ വിദേശത്തു പോയി പ്രാധാന്യമുള്ള ട്രോഡ്സ്കിയിസ്റ്റുകളുമായി സൗഹൃദം സ്ഥാപിച്ചു.

Symbol question.svg.png സോവിയറ്റ് എഴുത്തുകാരനായ നിങ്ങൾ രാജ്യത്തിന്റെ ശത്രുക്കളാൽ എങ്ങനെ ആകർഷിക്കപ്പെട്ടു എന്നതിനു സമാധാനം നൽകൂ. നിങ്ങളുടെ ക്രിമിനലും വഞ്ചനാത്മകവുമായ പ്രവർത്തനത്തിന്റെ കുറ്റസമ്മതം വേണ്ടിയിരിക്കുന്നു.

ഞങ്ങൾ ബലം പ്രയോഗിക്കുന്നതു വരെ നിങ്ങൾ… കാത്തിരിക്കേണ്ടതില്ല. കുറ്റസമ്മതം നടത്തു.

ബേബിലിനെ 1940 ജനുവരി 27 - ആം നു വെടിവച്ചു കൊന്നു. 1934 - ൽ ഗോർക്കിയുടെ മകൻ മരിച്ചു. സ്വാഭാവിക മരണമായിരുന്നില്ലത്രേ അതു. മകന്റെ മരണത്തിൽ തകർന്ന ഗോർക്കിയെ രഹസ്യപ്പോലീസിന്റെ ചീഫായ യഗോദയുടെ നിർദ്ദേശമനുസരിച്ച് അയാളുടെ ആളുകൾ കൊന്നുവെന്നാണ് Vitaly Shantalinsky എഴുതിയ ‘The K. G. B’s Literary Archiev’ എന്ന പുസ്തകത്തിൽ കാണുന്നത് (Translated by John Crowfoot, pages 322). ഗോർക്കിയെ അമിതമായി കുടിപ്പിച്ച് വയറ്റുവേദന വരുത്തി. എന്നിട്ടു വിരേചനൗഷധം നൽകി. വയറിളകി ബോധം കെട്ട ഗോർക്കി മരിച്ചു. ഗ്രന്ഥകാരൻ K. G. B ഗ്രന്ഥരക്ഷാഗാരത്തിലേക്കു ചെന്നു രേഖകൾ പരിശോധിച്ച് ഗവണ്മെന്റിന്റെ അപ്രീതിക്കു പാത്രമായ മഹാന്മാരായ കലാകാരന്മാരുടേ അന്ത്യത്തെക്കുറിച്ച് എഴുതുന്നു. അവരുടെ കൂട്ടത്തിൽ ബുൾഗാകോഫുണ്ട്. മന്ദിലിൽഷ്ടമുണ്ട്. അവരോടു ചോദ്യങ്ങൾ ചോദിക്കുന്നതും അവരെ പീഡിപ്പിക്കുന്നതുമൊക്കെ ഇപ്പുസ്തകത്തിൽ പ്രതിപാദിച്ചതു വായിച്ചാൽ മനുഷ്യർ ഞെട്ടും, കരയും. ഒന്നേ സംശയമായുള്ളൂ K. G. B രേഖകൾ സത്യമാണോ?