close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 02 05


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1999 02 05
മുൻലക്കം 1999 01 29
പിൻലക്കം 1999 02 12
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

അദ്വിതീയം, അനുപമം, അനന്യസാധാരണം എന്നൊക്കെ സംശയം കൂടാതെ വിശേഷിപ്പിക്കാവുന്ന പ്രമാണഗ്രന്ഥമാണ് ന്യൂയോർക്കിലെ ഒക്സ്‌ഫോഡ് യൂനിവർസിറ്റി പ്രസ് പ്രസാധനം ചെയ്ത Encyclopedia of Aesthetics എന്നത്.(നാലു വാല്യങ്ങൾ-പ്രസാധന കാലം 1998-വില രൂപ 99950)ഈ വിശ്വവിജ്ഞാനകോശത്തിന്റെ ആമുഖപ്രബന്ധത്തെ അവലംബിച്ച് ഞാൻ ഇതിന്റെ സ്വഭാവം വിശദമാക്കട്ടെ. അക്ഷരക്രമമനുസരിച്ച് ഉൾക്കൊള്ളിച്ച അറുനൂറു പ്രബന്ധങ്ങളുണ്ട് ഈ ഗ്രന്ഥത്തിൽ. സൗന്ദര്യശാസ്ത്രത്തോടു ബന്ധപ്പെട്ട നാന്നൂറു ചിന്തകർ, സങ്കല്‌പങ്ങൾ, കാലയളവുകൾ, സിദ്ധാന്തങ്ങൾ ഇവയെല്ലാം ഇതിൽ അണിനിരക്കുന്നു. ഗ്രക്കോ-റോമൻ കാലയളവ്, മധ്യകാലയളവുകൾ, നവോത്ഥാനകാലം, ജ്ഞാനപ്രകാശനകാലം, റൊമാന്റിസിസം, മോഡെനിസം, പോസ്റ്റ് മോഡെനിസം (ഗ്രന്ഥപ്രസാധനകാലം വരെയുള്ളത്)ഇവയൊക്കെ വിദ്വജ്ജനോചിതമായി പ്രതിപാദിക്കപ്പെടുന്നു. അഞ്ഞൂറിലധികം തത്വചിന്തകരും കലാചരിത്രകാരന്മാരും മനഃശാസ്ത്രജ്ഞരും ഫെമിനിസ്റ്റ് സൈദ്ധാന്തികരും മറ്റും ചേർന്നാണ് ഈ ഗ്രന്ഥത്തിനു രൂപം നൽകിയത്. സവിശേഷത പ്രബന്ധങ്ങളുടെ സ്‌പഷ്‌ടത മാത്രമല്ല.ഓരോ പ്രസ്ഥാനത്തെയും മറ്റു കലാപ്രക്രിയകളോടും സംസ്കാരമണ്ഢലങ്ങളോടും പ്രബന്ധകാരന്മാർ കൂട്ടിയിണക്കുന്നു എന്നത് അടുത്തതായി പറയേണ്ട സവിശേഷത. മറ്റു പ്രമാണഗ്രന്ഥങ്ങളിൽ നമുക്കു കാണാനാവില്ല ഇത്. കലയെ, സാഹിത്യത്തെ, തത്ത്വചിന്തയെ സ്നേഹിക്കുന്ന ആളുകളുടെയെല്ലാം കൈയിൽ ഈ ഗ്രന്ഥമുണ്ടായിരിക്കണം. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കേണ്ടതല്ല ഇത്. കൂടെക്കൂടെ തുറന്നു് ഒന്നോ രണ്ടോ പ്രബന്ധങ്ങൾ വായിക്കണം. അവയുടെ പാരായണം നമ്മളെ കൂടുതൽ വിജ്ഞന്മാരാക്കും. ഫലമോ? നമ്മൾ കൂടുതൽ മനുഷ്യത്വമുള്ളവരായിബ്‌ഭവിക്കും.

സൗന്ദര്യശാസ്ത്രജ്ഞനും താന്ത്രികനുമായ അഭിനവഗുപ്‌തനെക്കുറിച്ചാണ് ആദ്യത്തെ പ്രബന്ധം. ഭരതന്റെ ‘നാട്യശാസ്ത്ര’ത്തിനും ആനന്ദവർദ്ധന്റെ ‘ധ്വന്യാലോക’ത്തിനും യഥാക്രമം ‘അഭിനവഭാരതി’, ‘ലോചനം’ ഈ വിവൃതികളെഴുതിയ അഭിനവഗുപ്‌തൻ കാശ്‌മീരിലെ ശൈവസിദ്ധാന്തത്തിന്റെ ഉദ്ഘോഷകനാണ്. ആ സിദ്ധാന്തത്തിന്റെ ആത്‌മവിഷയകജ്ഞാനത്തോടു ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സൗന്ദര്യശാസ്ത്രം വിരാജിക്കുന്നത്.

ശിവന്റെ ജഗത്സംബന്ധിതമായ നൃത്തം പോലെയാണ് കലയെന്ന് അഭിനവഗുപ്‌തൻ കരുതുന്നു. അതുകൊണ്ട് കലയുടെ പ്രയോജനത്തെക്കുറിച്ചുള്ള വാദത്തിന് അദ്ദേഹത്തിന്റെ കലാസങ്കല്പത്തിൽ സ്ഥാനമില്ല. കലയുടെ അനുഭവം വൈകാരികാനുഭവമാണെന്നും രസാസ്വാദനമാണ് അതെന്നും അത് ചമത്‌കാരത്തിലൂടെയോ സ്‌പന്ദനത്തിലൂടെയോ സഹൃദയൻ സാക്ഷാത്‌കരിക്കുന്നുവെന്നും അദ്ദേഹം കരുതുന്നു. കലയിൽ നിന്നു കിട്ടുന്ന ആഹ്ലാദം ആധ്യാത്മികമാണെന്നല്ലാതെ മറ്റൊന്നുമില്ലെന്ന് അഭിനവഗുപ്‌തൻ സ്ഥാപിക്കുന്നു.

സൗന്ദര്യാനുഭവം എല്ലവർക്കും തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. വികാരങ്ങളിൽ ഭാഗഭാക്കുകളാകാൻ എല്ലാവർക്കും സാധിക്കും. ഈ സാമാന്യകാരണത്തെ അദ്ദേഹം സാധാരണീകരണമെന്നാണ് വിളിക്കുന്നത്.

ആഹ്ലാദാതിരേകത്തിന്റെ ഒരു വിശുദ്ധ നിമിഷത്തിന് ഊന്നൽ നല്‌കുന്ന അഭിനവഗുപ്‌തന്റെ ആ മതത്തോട് ഈ വിജ്ഞാനകോശത്തിലെ പ്രബന്ധകാരൻ യോജിക്കുന്നില്ല. ഇത് മിസ്റ്റിക്കിനു ശരിയായിത്തോന്നും. സൗന്ദര്യശാസ്ത്രജ്ഞനു ശരിയായി തോന്നില്ല എന്നാണ് പ്രബന്ധകാരന്റെ മതം. കൃതിയിൽ ആവിഷ്കരിക്കുന്ന വികാരത്തിൽ നിന്ന് രസാനുഭൂതി വിഭിന്നമാണെന്ന അഭിനവഗുപ്‌തന്റെ അഭിപ്രായം സ്വീകരിക്കത്തക്കതല്ല എന്നും അദ്ദേഹം പറയുന്നു. കാരണം രാമനോ ലീയറോ അനുഭവിക്കുന്ന ദുഃഖത്തിനും വ്യത്യാസമില്ല എന്നതാണ്. ദുരന്താനുഭവത്തിന്റെ വികാരമുൾപ്പെടെയുള്ള എല്ലാ രസങ്ങളും ആഹ്ലാദദായകമാണെന്ന അഭിനവഗുപ്‌തന്റെ വാദത്തിനും സാധുതയില്ല എന്നു പ്രബന്ധകാരൻ എഴുതുന്നു.

രസാനുഭൂതിക്ക് അലൗകികത്വം നല്‌കുന്ന അഭിനവഗുപ്‌തൻ തന്റെ ആത്‌മവിഷയജ്ഞാനത്തെ അവലംബിച്ചാണ് അങ്ങനെ പ്രവർത്തിക്കുന്നത്. രസാനുഭൂതി അതിനു പ്രേരക വസ്തു ഉള്ളിടത്തോളം കാലമേ നിലനില്‌ക്കുകയുള്ളുവെന്നും യോഗിക്ക് ആ വസ്തു ആവശ്യമില്ലെന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ഇക്കാര്യത്തിൽ; ഭരതനോടും ആനന്ദവർദ്ധനനോടും അഭിനവഗുപ്തൻ യോജിക്കുകയാണ്.

തനിക്ക് മുൻപ് ജീവിച്ച രസജ്ഞാനശാസ്ത്രകാരന്മാരോട് അഭിനവഗുപ്തന് കടപ്പാടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ചിന്തകൾ സമുജ്ജ്വലങ്ങളാണ്. ഭാവനാശക്തിയാൽ, അപഗ്രഥനപാടവത്താൽ അനുഗ്രഹീതനായിരുന്നു അഭിനവഗുപ്തൻ.

ദീർഘതയുള്ളതാണ് അഭിനവഗുപ്തനെസ്സംബന്ധിച്ച പ്രബന്ധം. അതിന്റെയും ഗ്രന്ഥത്തിന്റെയും സ്വഭാവം വ്യക്തമാക്കാൻ ഞാൻ ചില ആശയങ്ങളെടുത്ത് കാണിച്ചതേയുള്ളൂ. അദ്ഭുതാവഹമായ കാര്യം എന്നേ ഈ ഗ്രന്ഥത്ഥിന്റെ പ്രകാശനത്തെക്കുറിച്ച് എനിക്ക് പറയാനുള്ളൂ.

* * *


വലിയ ചിന്തകനാണ് റിച്ചഡ് റൊർടി. അദ്ദേഹത്തിന്റെ ഏതു ഗ്രന്ഥവും വായനക്കാർക്ക് ചിത്തസമുന്നതി നൽകും (മഹാനുഭാവത എന്ന അർത്ഥത്തിലാണ് സമുന്നതിയുടെ പ്രയോഗം. ദർപ്പം എന്ന അർത്ഥത്തിലല്ല). 1998 - ൽ പ്രസിദ്ധപ്പെടുത്തിയ അദ്ദേഹത്തിന്റെ ‘Truth and Progress’ എന്ന പുസ്തകത്തിൽ മനുഷ്യന്റെ ക്രൂരതയെക്കുറിച്ച് പറയുന്നു. വയനക്കാരനെ മോഹാലസ്യത്തിലേക്ക് വീഴ്ത്തുന്ന ക്രൂരതയാണത്.

“A Muslim man in Bosansi Petrovac was forced to bite off the penis of a fellow Muslim”. ഇതെഴുതിയിട്ട് റോർടി പറായുന്നു, “…They (Serbs) are not doing things to fellow human beings, but to Muslims. They are not being inhuman, but rather are discriminating between true humans and pseudo humans. മുസ്ലിം സഹോദരന്മാരെ മനുഷ്യരായി കാണാത്ത സെർബുകളോടുള്ള റൊർടിയുടെ കോപം വിപരീത ലാക്ഷണിക പ്രയോഗത്തിലൂടെ ജ്വലിക്കുന്നത് നോക്കുക (Truth and Progress, Richard Rorty, Cambridge University Press).

* * *

മനുഷ്യത്തെക്കുറിച്ചുള്ള റൊർടിയുടെ ചിന്ത മറ്റൊരു മഹാവ്യക്തിയിലേക്ക് എന്നെ നയിക്കുന്നു. ലോകം കണ്ട ഗണിതശാസ്ത്രജ്ഞന്മാരിൽ പ്രമുഖനാണ് ഏർഡിഷ് (Paul Erdos) വിവാഹം കഴിക്കാത്ത, സെക്സിൽ ഒരു താല്പര്യവുമില്ലാത്ത, സംഖ്യകളെ മാത്രം സ്നേഹിച്ച ഏർഡിഷിന്റെ ജീവചരിത്രം ‘Encyclopaedia Brittanica’ യുടെ പ്രസാധകനായ Paul Hoffman എഴുതിയിട്ടുണ്ട് (1988). Oliver Sacks ഈ ഗ്രന്ഥത്തെ Marvellous, vivid and strangely moving എന്ന് വാഴ്ത്തുന്നു. ഏർഡിഷിന്റെ മനുഷ്യത്വത്തിനും മഹാമനസ്കതയ്കും ഒരുദാഹരണം: റ്റ്യൂഷന് പണമില്ലാത്ത ഒരു വിദ്യാർത്ഥിക്ക് അദ്ദേഹം ആയിരം പവൻ കടം കൊടുത്തു. പ്രയാസമില്ലാത്ത സമയത്ത് അതു തിരിച്ചുകൊടുത്താൽ മതിയാകും എന്നും ഏർഡിഷ് അയാളോട് പറഞ്ഞു. പത്തു വർഷം കഴിഞ്ഞാണ് വിദ്യാർത്ഥിക്ക് പണം കിട്ടിയത്. ഏർഡിഷ് പലിശ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് അയാൾ വേറൊരാളിനോട് ചോദിച്ചു. ഇക്കാര്യമറിഞ്ഞ ഏർഡിഷ് പറഞ്ഞു : “Tell him to do with the thousand dollars what I did”.

രസകരമാണ് ഈ ജീവചരിത്രം. പ്രഖ്യാതനായ മാർടിൻ ഗാർഡ്നർ, ഏർഡിഷിനെ കാണാൻ വന്നപ്പോൾ അദ്ദേഹം (ഏർഡിഷ്) ചോദിച്ചു. ‘When did you arrive?’ മാർടിൻ വാച്ച് നോക്കിയപ്പോൾ ഏർഡിഷിന്റെ അടുത്തിരുന്ന ഒരാൾ പറഞ്ഞുകൊടുത്തു. ‘താങ്കൾ എന്നാണ് ജനിച്ചതെ’ന്ന് ചോദിക്കുകയാണ് അദ്ദേഹം. Bosses എന്ന് ഏർഡിഷ് പറയുന്നത് സ്ത്രീകളെ ലക്ഷ്യമാക്കിയാണ്. Slaves എന്നത് ഭർത്താക്കന്മാരെയും. Captured എന്നതിന് അർത്ഥം വിവാഹം കഴിഞ്ഞുവെന്ന്. liberated എന്നാൽ divorced എന്നാണ്. Poison മദ്യവും, noise സംഗീതവും അണ് ഈ ഗണിതശാസ്ത്രജ്ഞന് ആരെങ്കിലും ‘പോയി’ എന്ന് ഏർഡിഷ് പറഞ്ഞാൽ ശ്രോതാക്കൾ മസ്സിലാക്കേണ്ടത് അയാൾ മരിച്ചു എന്നാണ് (Fourth Estate Ltd. £ 7 = 25).

അനാച്ഛാദിത്വവും ആച്ഛാദിത്വവും

നമ്മൾ എന്തെങ്കിലും എഴുതിയാൽ പര്യവസാനത്തിൽ എത്തുകയും എത്തി എന്ന് കാണിക്കാനായി ഒരു വര വരയ്ക്കുകയും ചെയ്യുമല്ലോ. കുഞ്ഞിരാമൻ നായർക്ക് ആ വരയിടാൻ കഴിയുമായിരുന്നില്ല.

രജസ്വലയായിരുന്ന ദ്രൗപദിയെ ദുശ്ശാസനൻ തലമുടിയിൽ പിടിച്ചുവലിച്ചാണ് മഹാസഭയിൽ കൊണ്ടുവന്നത്. എന്നിട്ട് അവളുടെ വസ്ത്രം അഴിക്കാൻ തുടങ്ങി. അവൾ ശ്രീകൃഷ്ണനോട് ഉള്ളുരുകി പ്രാർത്ഥിച്ചതുകൊണ്ട് അഴിക്കുന്തോറും വസ്ത്രം ശരീരത്തിൽ ഉണ്ടായിക്കൊണ്ടിരുന്നു. ഭീമൻ ദുശ്ശാസനന്റെ മാറു പിളർന്ന് രക്തം കുടിക്കുമെന്നും ആ രക്തം പുരണ്ട കൈ കൊണ്ട് തന്റെ അഴിഞ്ഞുലഞ്ഞ തലമുടി കെട്ടുമെന്നും ദ്രൗപതി ശപഥം ചെയ്തു. ഇതു കള്ളക്കഥയെന്നു പറഞ്ഞ് നമ്മൾ തള്ളിക്കളയേണ്ടതില്ല. ഇന്നും വസ്ത്രാക്ഷേപം നടക്കുന്നുണ്ട്. അത് മറ്റു മണ്ഡലങ്ങളിൽ ആണെന്നേയുള്ളൂ. ഒരാധുനിക കൗരവൻ ഭാഷാദ്രൗപതിയെ നഗ്നയാക്കാൻ ശ്രമിക്കുന്നതു നോക്കുക:

‘പ്രാഥമികമായും, അധികാരബന്ധങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന ഒന്നാണ് വ്യവഹാരമണ്ഡലമെന്നും, അറിവിന്റെ പ്രാഥമിക ഇഫക്ട് ഈ ബന്ധങ്ങളെ പ്രയോഗക്ഷമമക്കുകയെന്നതാണെന്നും ഒരേ സമയം ഫൂക്കോ വാദിക്കുന്നു. അറിവധികാരത്തിന്റെ സങ്കീർണ്ണമായ ഈ ഡൈനാമിക്സ് ചാണക്യരൂപ(ക)ത്തിലൂടെ, അക്ഷരത്തിന്റെ പേരിൽ വീരേങ്ങല പിടിച്ചുപറിക്കുന്നവനിലൂടെ, കഥയുടെ വ്യവഹാര സീമകളെ ഭേദിക്കുന്ന ആഖ്യാന - ശൈലീതന്ത്രങ്ങളിലൂടെ പാഠവത്കരിക്കപ്പെടുകയാണ്. “അക്ഷരം” എന്ന വി. കെ. എൻ. കഥയിൽ’.

ദ്രൗപദിയെ സഹായിച്ചു ശ്രീകൃഷ്ണൻ. ഇവിടെ ഭാഷാദ്രൗപദി നഗ്നീകൃതയായി നിൽക്കുകയാണ് (നേഷണൽ ബുക്ക് ട്രസ്റ്റിന്റെ ‘സമകാലിക മലയാള ചെറുകഥ’ എന്ന പുസ്തകത്തിലാണ് ഈ വസ്ത്രാക്ഷേപമുള്ളത്” കൗരവൻ വി. സി. ഹാരിസ്).

2.

വയലുകൾക്കപ്പുറം വാകപൂത്ത
വഴിയിലൂടന്തി മറഞ്ഞുപോയി.
ചിറകു കുടയുന്നു തെന്നലാറ്റിൻ
കരയിലെ വെള്ളിലത്തോപ്പിനുള്ളിൽ
ഇരുളിനെക്കാത്ത് കിടക്കുമാലിൻ
കരിനിഴലറിയാതുറക്കമായി
കരളോർക്കുമേതോ പുരാണ ശോക
കഥ പോലിശ്ശ്യാമള ഭൂമി കാണ്മൂ

നേഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘സമകാലീക മലയാള കവിത’ എന്ന സമാഹാര ഗ്രന്ഥത്തിലെ ‘പ്രലോഭനം’ എന്ന കാവ്യത്തിന്റെ സമാരംഭമാണിത്. കവി ആർ. രാമചന്ദ്രൻ, ഒന്നുകൂടെ ഇതൊന്നു ഉറക്കെച്ചൊല്ലൂ. യഥാർത്ഥമായ കവിതയുടെ സ്പന്ദം നിങ്ങൾ കേൾക്കുന്നില്ലേ? ആഭ്യാസികനല്ല ഈ കവി. സാരസ്വത വൈഭവമുള്ള കാവ്യകവിയാണ്.

കാക്കപ്പൊന്ന്

അന്യർക്ക് ഉപദ്രവം അല്ലെങ്കിൽ നഷ്ടം ഉണ്ടാക്കുന്ന വികടപ്രവർത്തനങ്ങൾക്ക് ഇംഗ്ലീഷിൽ ‘practical joke’ എന്ന് പറയും. ഇറ്റലിയിൽ ബഫയെന്നും (baffa). ഇറ്റലിയിലെ രാജ്യതന്ത്രജ്ഞനും രാഷ്ട്രവ്യവഹാരതത്വചിന്തകനും ഗ്രന്ഥകാരനുമായ മാക്യാവെല്ലി (Niccolo De Bernardo Machiavelli നിക്കോലോ ഡി ബർനർദോ മാക്യാവെല്ലി 1469-1527) ‘Mandragola ’ എന്ന പേരിലെഴുതിയ നാടകം ബഫയ്ക്ക് ഉദാഹരണമാണ്. നാടകം വളരെക്കാലം മുൻപാണ് ഞാൻ വായിച്ചത്. പുസ്തകം കയ്യിലില്ലാത്തതുകൊണ്ട് ഓർമ്മയെ അവലംബിച്ചാണ് ചിലതെഴുതുന്നത്. ഒരതിസുന്ദരിക്ക് കിഴവനായ ഭർത്താവ്. അതിനാൽ സന്തത്യുല്പാദനം നടക്കുന്നില്ല. ആ യുവതിയെക്കണ്ട് കാമത്തിൽ വീണ ഒരു യുവാവ് സദാചാരതല്പരയായ അവളെ പ്രാപിക്കാൻ ഒരു മാർഗ്ഗം കണ്ടുപിടിക്കുന്നു. മാൻഡ്രേക്ക് എന്ന ഔഷധസസ്യത്തിന്റെ വേരു മരുന്നാക്കിക്കഴിച്ചാൽ ഗർഭമുണ്ടാകുമെന്ന് അവളുടെ ഭർത്താവിനെ ധരിപ്പിച്ചശേഷം കാമാർത്തനായ യുവാവ് ഡോക്‌ടറുടെ വേഷം ധരിച്ച് അവളുമായി ശയിക്കുന്നു. ഇതാണ് practical joke. ഇത്തരം കഥകൾ ഭാരതത്തിലും ഏറെയുണ്ട്. പക്ഷേ നമ്മുടെ സാഹിത്യവും സംസ്‌കാരവും ഏറെ വികസിച്ചതുകൊണ്ട് ഈ വികടകഥകൾക്ക്സാംഗത്യമില്ല. അതിനാൽ ആശാപൂർണ്ണാദേവിയുടെ ‘പ്രശ്നത്തിന്റെ പരിഹാരം’ എന്ന കഥയ്ക്കു (തർജ്ജമ രവിവർമ്മയുടേത്-മലയാളം വാരിക)പ്രകരണ യോഗ്യതയില്ല. ഒരുത്തൻ -ഹസ്തരേഖാശാസ്ത്രജ്ഞൻ- വേറൊരുത്തന് ജീവിതദീർഘതയുണ്ടെന്നു പറയുന്നു. കൈനോട്ടക്കാരൻ സത്യത്തിൽ ഏതാനുമാഴ്ചകൾ കൊണ്ടു മരിക്കും. തന്റെ ഭാര്യയുടെ വൈധവ്യദുഃഖം ഇല്ലാതാക്കാനായി മരിക്കാൻ പോകുന്നവനെക്കൊണ്ട് ഭാര്യയെ വിവാഹം കഴിപ്പിക്കാനാണ് അയാളുടെ പ്ലാൻ. എന്തൊരു കഥ! practical joke ആണെങ്കിലും ഒരന്തസ്സുവേണ്ടേ കഥയ്ക്ക്. ബംഗാൾ ദേശത്തെ രത്‌നങ്ങൾ എടുത്തു വയ്ക്കട്ടെ രവിവർമ്മ. ‘കരഗതമൊരമലമണിവരമുടനുപേക്ഷിച്ച് കാച’ത്തെ കാംക്ഷിക്കരുത് അദ്ദേഹം.

ചോദ്യം, ഉത്തരം

Symbol question.svg.png പി. കുഞ്ഞിരാമൻ നായരുടെ കവിത എങ്ങനെ?

നമ്മൾ എന്തെങ്കിലുമെഴുതിയാൽ പര്യവസാനത്തിൽ എത്തുകയും എത്തി എന്നു കാണിക്കാനായി ഒരു വര വര്യ്ക്കുകയും ചെയ്യുമല്ലോ. കുഞ്ഞിരാമൻ നായർക്കു് ആ വരയിടാൻ കഴിയുമായിരുന്നില്ല. നല്ല കവി. പക്ഷേ അവസാന കാലത്ത് സ്വന്തം ആവർത്തനങ്ങളെ ആവർത്തിക്കുകയായിരുന്നു അദ്ദേഹം.

Symbol question.svg.png അൻഹതാവേയുടെ ഭർത്താവാര്?

വില്യം ഷേക്‌സ്‌പിയർ.

Symbol question.svg.png വർത്തമാനപ്പത്രങ്ങളെക്കുറിച്ച് എന്തു പറയുന്നു?

ഗൊങ്കൂർ (Goncourt) സഹോദരന്മാരുടെ ഓർമ്മക്കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ട് പുസ്തകത്തിന്റെ സ്വാഭാവികശത്രു വർത്തമാനപ്പത്രം. മാന്യതയുള്ള സ്ത്രീയുടെ സ്വാഭാവികശത്രു വേശ്യയെന്ന്’.

Symbol question.svg.png താനൊരു മണ്ടനാണെന്ന് പുരുഷൻ മനസ്സിലാക്കുന്നത് എപ്പോൾ?

സാഹിത്യകാരന്മാരുടെ കുത്സിതങ്ങളായ ഗ്രന്ഥങ്ങളെ വാഴ്‌ത്തി വാരികലെഴുതിക്കഴിയുമ്പോൾ. പ്രേമിച്ച പെണ്ണിനെ വിവാഹം കഴിച്ചു വീട്ടിൽ കൊണ്ടു വരുമ്പോൾ.

Symbol question.svg.png ഇന്ത്യയിലെ വോട്ടർമാർ വിശാലഹൃദയരല്ലേ?

വിശാലമനസ്‌കത കൊണ്ടല്ല ആളുകൾ ചിലർക്ക് വോട്ടുനല്‌കി അധികാരത്തിലേറ്റുന്നത്. ഓന്തിന്റെ ഓർമ്മയാണു ജനങ്ങൾക്ക്. അവർ എന്തും ഉടനടി മറക്കും. ജീവിതം മുഴുവൻ തിഹാർ ജയിലിലും. കുംഭീപാകത്തിൽ കിടക്കത്തക്കവർ, കൈക്കൂലി വാങ്ങിച്ചവർ, ബലാത്സംഗം നടത്തിയവർ, കൊലപാതകം ചെയ്തവർ ഇന്നു നമ്മുടെ നേതാക്കന്മാരായി വിലസുന്നു. അവർ ചെയ്ത ഹീനകൃത്യങ്ങളിൽ ഒന്നുപോലും നമ്മൾ ഓർമ്മിക്കുന്നില്ല.

Symbol question.svg.png ശാസ്ത്രവും കലയും സദൃശങ്ങളല്ലേ?

അല്ല. കല സൃഷ്ടിയിൽ തല്പരമാണ്. ശാസ്ത്രം ഒന്നും സൃഷ്ടിക്കുന്നില്ല. ലോകത്ത് എക്കാലത്തുമുണ്ടായിരുന്നതു കണ്ടുപിടിക്കുന്നതേയുള്ളൂ. ഗ്രാവിറ്റേഷൻ പണ്ടുമുണ്ടായിരുന്നു. ഒരു ശാസ്ത്രജ്ഞൻ അതു കണ്ടുപിടിച്ചു. E=mc2 എന്ന സമവാക്യമെഴുതിയതിന്റെയും ‘മക്‌ബത്ത്’ എഴുതിയതിന്റെയും പിന്നിലുള്ള പ്രക്രിയകൾ ഒന്നാണെന്ന വാദം ശുദ്ധമായ ഭോഷ്ക്.

കല സൃഷ്ടിയിൽ തല്പരമാണ്. ശാസ്ത്രം ഒന്നും സൃഷ്ടിക്കുന്നില്ല.

കലയല്ല, കഥയുമല്ല

വിക്‌റ്റർ ഫ്രാങ്കൽ എന്ന മനഃശാസ്ത്രജ്ഞന്റെ ഗ്രന്ഥങ്ങൾ വായിച്ചുട്ടുണ്ടോ എന്റെ വായനക്കാർ? വായിച്ചിട്ടില്ലെങ്കിൽ വായിക്കണം. ഫ്രാങ്കലിന്റെ ‘Man’s Search for Meaning’ എന്ന പുസ്തകത്തിൽ നാത്‌സി തടങ്കല്പ്പളയത്തിൽ നിന്നു തടവുകാരെ മോചിപ്പിച്ചതിനെക്കുറിച്ച് വിവരണമുണ്ട്. അവർ സ്വതന്ത്രരായിരിക്കുന്നുവെന്ന് നാത്‌സികൾ പറഞ്ഞപ്പോൾ കാരാഗൃഹത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടപ്പോൾ ആ പാവപ്പെട്ടവൻ സൂര്യപ്രകാശത്തിലേക്കു നടന്നു. പക്ഷേ സൂര്യപ്രകാശവും സ്വാതന്ത്ര്യത്തിന്റെ പ്രകാശവും അവർക്കു സഹിക്കാനായില്ല. അവർ തിരിച്ച് തടവറയുടെ ഇരുട്ടിലേക്ക് തന്നെവന്നും. വെർജീനിയ വുൾഫ്.സീമോൻ ദെ ബോവ്വാർ. റബേക്ക വെസ്റ്റ് ഇങ്ങനെ കുറച്ചു പ്രതിഭാശാലിനികളെ ഒഴിച്ചാൽ ശേഷമുള്ളവരെല്ലാം പണ്ടു പറഞ്ഞതിന്റെ അന്ധകാരത്തിലേക്ക് തിരിച്ചുകയറി അവിടെത്തന്നെ ഇരിക്കുന്നവരാണ്. കുങ്കുമം വാരികയിൽ ‘ഉടമ്പടി’ എന്ന കഥയെഴുതിയ എം. ഡി. രത്‌നമ്മയുടെ ഇരിപ്പും ആയിരമായിരം സ്‌ത്രീകൾ ആവർത്തിച്ചു പറഞ്ഞുണ്ടാക്കിയ ഇരുട്ടിൽത്തന്നെ. പുരുഷൻമാർ സ്‌ത്രീകളെ പീഡിപ്പിക്കുന്നതുകണ്ട്, അച്ഛൻ അമ്മയെ വീട്ടുജോലികൾ ചെയ്യിപ്പിച്ചു കഷ്ടപ്പെടുത്തുന്നതുകണ്ട് ഒരു പെണ്ണ് വിവാഹം വേണ്ട എന്നു തീരുമാനിക്കുന്നു. ഉന്മാദം വന്നവളെപ്പോലെ അവൾ സംസാരിക്കുന്നു, പ്രവർത്തിക്കുന്നു. വീട്ടുകാരുടെ നിർബന്ധം കൊണ്ടു പെണ്ണുകാണാൻ വന്നവരുടെ മുൻപിൽ അവൾ നിന്നുകൊടുക്കുന്നു. പുരുഷമേധാവിത്വത്തെ നിന്ദിച്ച് അയാളോടു സംസാരിക്കുന്ന അവൾ തന്റെ ദൃഢനിശ്ചയത്തെയും അറിയിക്കുന്നു. വന്ന ഏഭ്യൻ അഭിമാനമില്ലാത്തവനാണ്. അയാൾ അവൾക്കു ഉറപ്പുകൊടുക്കുന്നു മറ്റു പുരുഷന്മാർ സ്തീകളെ പീഡിപ്പിക്കുന്നതുപോലെ അയാൾ അവളെ പീഡിപ്പിക്കില്ലെന്ന്. ക്‌ളേശിപ്പിക്കില്ലെന്ന്. വിവാഹം നടക്കുന്നു. ഭർത്താവ് നല്ല മനുഷ്യനാണെന്നു ഭാര്യ മനസ്സിലാക്കുന്നു.

ഭാവനയുടെ ഒരംശം പോലുമില്ലാത്ത കല ജനിപ്പിക്കേണ്ട വിശ്വാസം ജനിപ്പിക്കാത്ത രചനയാണിത്. തിരുവനന്തപുരത്തെ മൃഗശാലയിൽ കടുവ ഇരുമ്പുകൂട്ടിനകത്ത് അങ്ങോട്ടുമിങ്ങോട്ടും കോപത്തോടെ നടക്കുന്നതു ഞാൻ പല തവണ കണ്ടിട്ടുണ്ട്. വെളിയിൽ നിൽക്കുന്നവരെ അതു ക്രൂരമായി നോക്കും. പല്ലിളിക്കും. എം. ഡി. രത്‌നമ്മയുടെ കഥാപഞ്ജരത്തിൽ ഭ്രാന്തു വന്നവളെപ്പോലെ നടക്കുകയും അമറുകയും വീരപ്പല്ലുകൾ കാണിക്കുകയും ചെയ്യുന്ന പെൺകടുവയാണു് ഇതിലെ പ്രധാനകഥാപാത്രം. ഇതു കലയല്ല. കഥയുമല്ല.

സംഭവങ്ങൾ

ഒരിക്കൽ വിൻസ്റ്റൺ ചർച്ചിലിനോടു ഒരാൾ ചോദിച്ചു: ‘അങ്ങു അടുത്ത ജന്മത്തിൽ ആരായി ജനിക്കണമെന്നാണ് ആഗ്രഹിക്കുന്നു. ’ ചർച്ചിൽ ഉടനേ മറുപടി പറഞ്ഞു. ‘മിസിസ് ചർച്ചിലിന്റെ ഭർത്താവായി ജനിക്കാനാണ് എന്റെ ആഗ്രഹം’ ഇതിനോടു വേറൊരു സംഭവം താരതമ്യപ്പെടുത്തി നോക്കുക. വീട്ടിലെ ഒരൊഴിഞ്ഞ മുറിയിൽ നിന്ന് ഇടിയുടെ ശബ്‌ദം. ധിം.ധിം.ധിം. ഗൃഹനായിക ഭയന്നു. അവർ ഓടിച്ചെന്നു നോക്കിയപ്പോൾ അവരുടെ മകൻ മകളുടെ കഴുത്തു ഞെരിക്കുന്നതു കണ്ടു. അമ്മ രണ്ടുപേരേയും പിടിച്ചു മാറ്റിയപ്പോൾ അവൻ പറഞ്ഞു. ’ഞങ്ങൾ ശണ്ഠകൂടുകയല്ല. ഡാഡിയും മമ്മിയുമായി കളിക്കുകയാണ്’.(രണ്ടും ഇംഗ്ലീഷ് പുസ്‌തകത്തിൽ കണ്ടത്)

2.യൂണിവേഴ്‌സിറ്റി കോളേജിൽ എന്നെ മലയാളം പഠിപ്പിച്ച സാറിനെ കണ്ടുകളയാമെന്ന വിചാരത്തോടെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. സാറിനു വലിയ സന്തോഷം. ‘ഇരിക്കൂ’. ഞാൻ ഇരുന്നു. ‘കൃഷ്ണൻനായർക്കു വരിക്കച്ചക്ക തിന്നണോ. തേനൊഴുകും’ എന്നു സാറ് പറഞ്ഞു. ‘ഉം’ എന്ന എന്റെ മൂളൽ കേട്ട് സാറ് അകത്തുപോയി പ്ലേറ്റിൽ മൂന്നു ചക്കച്ചുള കൊണ്ടുവന്ന് റ്റീപോയിയിൽ വച്ചു. സാറ് ആദ്യം ഒന്നെടുത്തുതിന്നു. ഞാൻ അനങ്ങാതെയിരിക്കുകയാണ്. രണ്ടാമതും സാറ് ഒരു ചുള ഉള്ളിലാക്കി. പത്തു മിനിറ്റ് കഴിഞ്ഞു. ഞാൻ ശേഷിച്ച ചുള കൈയിലെടുത്തില്ല. രണ്ടു സെക്കന്റിനുശേഷം സാറ് അതുമെടുത്തു വായ്‌ക്കകത്തേക്കാക്കി ചവച്ചു. ‘കൃഷ്ണൻ നായർക്കു ചായവേണോ?’ എന്ന് അദ്ദേഹം ചോദിച്ചു. ഒരു കപ്പ് ചായ കൊണ്ടുവച്ചിട്ട് സാറ് അതുമെടുത്തു കുടിക്കും എന്നു വിചാരിച്ചു ഞാൻ പൊടുന്നനേ പറഞ്ഞു. ചായ വേണ്ട സാർ. ഞാൻ ഹോമിയോ മരുന്നു കഴിക്കുകയാണ്. ചായയും കാപ്പിയും പാടില്ല. (കള്ളമാണിതെന്നു ചിലർക്കു തോന്നിയേക്കും. സാഹിത്യവാരഫലത്തിൽ ഇന്നുവരെ കള്ളമെഴുതിയിട്ടില്ലെന്നു ഞാൻ അവരെ അറിയിച്ചുകൊള്ളട്ടെ.)
3. യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധിയായി മലയാളാധ്യാപകനെ തിരഞ്ഞെടുക്കാൻ ഞാൻ ഒരു കോളേജിലെത്തി. വരാന്തയിൽ കാലു കുത്തിയതേയുള്ളൂ.കാണാൻ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരി കുഴഞ്ഞാടിക്കൊണ്ട് എന്റെ അടുത്തെത്തി. വിശ്വവശ്യമായി ചിരിച്ചു. ‘സാർ എന്നെ മറന്നോ? ഞാൻ രണ്ടുവർഷം സാറിന്റെ ശിഷ്യത്തിയായിരുന്നു എം. എ. ക്ലാസ്സിൽ. ആ ക്ലാസ്സുകൾ മറക്കുന്നതെങ്ങനെ?’ ഞാൻ എത്ര ഓർമ്മിച്ചു നോക്കിയിട്ടും അവളെ പഠിപ്പിച്ചതായി തോന്നിയില്ല. മറവിയായിരിക്കും എന്നു തീരുമാനിച്ച് എം. എ. ക്ലാസ്സിൽ പഠിച്ചിരുന്ന എന്റെ മകളെ അറിയാമോ എന്ന് ഞാൻ അവളോടു ചോദിച്ചു. ‘പിന്നെ ഞങ്ങൾ വലിയ കൂട്ടുകാരല്ലേ. സാറിന്റെ മകൾ എന്നെയങ്ങു മറന്നു കാണും’ എന്നു മറുപടി കിട്ടി. ഇന്റർവ്യൂ കഴിഞ്ഞു. എന്റെ മകളുടെ കൂട്ടുകാരിക്ക്, എന്റെ ശിഷ്യത്തിക്ക് വേണ്ടപോലെ മാർക്ക് കിട്ടിയില്ല. ഞാൻ ഒരധ്യാപകനോട് അവളെക്കുറിച്ചു ചോദിച്ചു. “ആരാണ് അവൾ. എന്റെ സ്റ്റുഡന്റായിരുന്നുവെന്നു പറഞ്ഞല്ലോ’ അദ്ദേഹം പറഞ്ഞു: അയ്യോ കള്ളി. അവളെ എനിക്കറിയാം. യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചിട്ടില്ലെന്നു മാത്രമല്ല തിരുവനന്തപുരം കണ്ടിട്ടുപോലുമില്ല അവൾ. സാറിനെ പറ്റിക്കാൻ ശ്രമിച്ചു ആ പെണ്ണ്.’

അസത്യം

തിരഞ്ഞെടുപ്പിനു വേണ്ടി പ്രചരണം നടത്തുമ്പോൾ സഭാവേദികളിൽ നിന്നു പ്രഭാഷകന്റെ ശബ്‌ദം ഉയരുന്നതു നമ്മളെല്ലാം കേട്ടിട്ടുണ്ട്. അത് ഇങ്ങനെ: ’ഞങ്ങളുടെ പാർട്ടി ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും ഞങ്ങൾ ഗവണ്മെന്റ് രൂപവത്‌കരിക്കുമെന്നും ഞാൻ നിങ്ങളോടു ഉറപ്പിച്ചു പറയുന്നു.’ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു കഴിയുമ്പോഴാണ് ഈ ഉറപ്പിക്കലിന്റെ പൊള്ളത്തരം സ്‌പഷ്‌ടമാകുന്നത്. സർക്കാർ ഉണ്ടാക്കാൻ 250 അംഗങ്ങൾ വേണമെന്നിരിക്കെ പ്രഭാഷകന്റെ കക്ഷിക്ക് ആകെ കിട്ടിയത് പത്തു അംഗങ്ങളെയായിരിക്കും. ഇതു പ്രസംഗക്കാരനും നേരത്തേ അറിയാം. തോറ്റുപോകും എന്ന ഉറപ്പുള്ളതുകൊണ്ടാണ് ’ഞാൻ നിങ്ങളോടു ഉറപ്പിച്ചു പറയുന്നു’ എന്ന് ഉദ്‌ഘോഷിക്കൽ ഉണ്ടാകുന്നത്. ‘എന്റെ ദൃഢവിശ്വാസം നിങ്ങൾ അയാളെ പറ്റിച്ചുവെന്നാണ് എന്ന് ഒരുത്തൻ പറഞ്ഞാൽ വിശ്വാസം ദൃഢമല്ലെന്നു ഉടനേ മനസ്സിലാക്കാം. ‘ഞാൻ നെഞ്ചിൽ കൈവച്ചു പറയുന്നു’ എന്നു പ്രഖ്യാപിച്ച് കൈ നെഞ്ചോടു ചേർക്കുന്നവൻ കള്ളനാണെന്ന് ഉടനേ തീരുമാനിക്കാം. എവിടെ അത്യുക്‌തി വരുന്നുവോ. എവിടെ സ്ഥൂലീകരണം വരുന്നുവോ അവിടെ സത്യമില്ല. ഇതുപോലെയാണ് ചിലർ കഥയെഴുതുമ്പോൾ കാര്യകാരണബന്ധമില്ലാതെ ചില കഥാപാത്രങ്ങളെയങ്ങ് കൊന്നുകളയുന്നത് ദേശാഭിമാനി വാരികയിലെ ‘അപൂർവ്വമായ ഒരു മരണം’ എന്ന കഥ (വിനുവാണ് കഥാകാരൻ) അനപത്യതയുടെ ദുഃഖം ഭാര്യക്കും ഭർത്താവിനും. ആ ദുഃഖം ചിത്രീകരിക്കാൻ അതിഭാവുകത്വമാർന്ന ഭാഷ പ്രയോഗിക്കുന്നു കഥാകാരൻ. വികാര സംക്രമണത്തിന് യോഗ്യതയില്ലാത്ത ചില സംഭവങ്ങൾ വിവരിക്കുന്നു. കഥയെങ്ങനെയെങ്കിലും അവസനിപ്പിക്കണമല്ലോ. അതിനുവേണ്ടി ഭർത്താവ് ചത്തു എന്നു എഴുതുന്നു വിനു. അയാളുടെ മരണം സ്വാഭാവികമല്ല. കഥാ ഗതിയുടെ അർഥനകൾക്കു അനുരൂപമല്ല എന്നു കഥാകാരനു നല്ലപോലെ അറിയാം. അയാൾ ചാകേണ്ട ഒരു കാര്യവുമില്ല എന്നു മനസ്സിലാക്കിക്കൊണ്ട് ഈർക്കിൽപ്പാർട്ടിക്കരനെപ്പോലെ കഥയെഴുതിയ ആൾ കള്ളം പറയുന്നു. അത് അസത്യമാണെന്ന് അറിയാമെന്നതുകൊണ്ടണ് അപൂർവമായ മരണം എന്നു കഥയ്ക്കു തലക്കെട്ടു നല്‌കിയതും. സത്യം പ്രകാശിപ്പിക്കാനുള്ള കഥാകാരന്റെ അഭിവാഞ്‌ഛയല്ല ഇവിടെ കാണുന്നത്. അസത്യത്തെ ഉറപ്പിച്ച പ്രഖ്യാപനത്തിലൂടെ സത്യമാക്കാനുള്ള യത്‌നമാണ്.

ബൽസാക്കിന്റെ ചോദ്യം

പ്രതിബദ്ധതയുള്ള കലയും സാഹിത്യവും രണ്ടാംതരങ്ങളാണ്.

ഫ്രഞ്ച് നോവലിസ്റ്റ് ബൽസാക്കിനെസ്സംബന്ധിച്ച ഒരു കഥയുണ്ട്. അദ്ദേഹം വിഷാദപൂർണമായ മഞ്ഞുകാലത്തെ കാണിക്കുന്ന ഒരു ചിത്രം നോക്കുകയായിരുന്നു. ഭൂവിഭാഗത്തിൽ അങ്ങിങ്ങായി പാവപ്പെട്ട കർഷകർ. ധവളതുഷാരം. കുറച്ചു ചെറ്റക്കുടിലുകൾ. ഒരു ചെറിയ ഭവനത്തിൽ നിന്നു പുക ഉയരുന്നു. അതു മനസ്സിരുത്തി നോക്കിയതിനുശേഷം അദ്ദേഹം പറഞ്ഞു: ‘എത്ര മനോഹരമാണിത്. പക്ഷേ ആ ചെറ്റക്കുടിലിനകത്തുള്ള ആളുകൾ എന്തു ചെയ്യുകയാവും? അവർ എന്താണു ചിന്തിക്കുന്നത്? അവരുടെ വിഷാദങ്ങൾ എന്തൊക്കെയാവും? കൊയ്‌ത്തു നല്ലതായിരുന്നോ? സംശയമില്ല. അവർക്കു ചില ബില്ലുകളുടെ പണം കൊടുക്കനുണ്ടാവും. ഈ സംഭവം വിവരിച്ചിട്ടു ബോദലർ എന്ന ഫ്രഞ്ച് കവി പറയുന്നു: ‘വേണമെങ്കിൽ നിങ്ങൾക്കു ബൽസാക്കിനെ നോക്കി ചിരിക്കാം. മഹാനായ ആ നോവലിസ്റ്റിന്റെ ആത്‌മാവിനെ അഭ്യൂഹം കൊണ്ടും ഉത്‌കണ്ഠ കൊണ്ടും സ്‌പന്ദിപ്പിച്ച ആ ചിത്രകാരന്റെ പേര് എനിക്കറിഞ്ഞുകൂടാ. പക്ഷേ ഇക്കാര്യത്തിൽ ബൽസാക്ക് തന്റെ അഭിനന്ദനാർഹമായ ലാളിത്യം കൊണ്ട് നിരൂപണത്തിന്റെ ഒരു നല്ല പാഠം നമുക്കു തന്നിരിക്കുന്നു എന്നാണ് എന്റെ വിചാരം.’ (The Universal Exhibition of 1855 എന്ന പ്രബന്ധം).

ബൽസാക്കും ബോദലറും എവിടെ? നിസ്സാരനായ ഞാൻ എവിടേ? എങ്കിലും ചോദിക്കുകയാണ്. ചിത്രത്തിന്റെ മനോഹാരിത ആസ്വദിച്ച ബൽസാക്ക് പ്രത്യക്ഷമായും സൗന്ദര്യശാസ്ത്രസംബന്ധമായ മൂല്യത്തെ വാഴ്ത്തുകയാണല്ലോ. അതിനപ്പുറത്ത് എന്തിരിക്കുന്നു? കടിലുകളിൽ താമസിക്കുന്നപാവങ്ങളുടെ ജീവിതത്തിന്റെ ദയനീയതയെക്കൂടി ചിത്രീകരിച്ചാലേ ചിത്രത്തിനു സമ്പൂർണ്ണത വരൂ എന്ന വിചാരം കലാബാഹ്യമല്ലേ. ദരിദ്രരായ കർഷകരുടെ ജീവിതം ആലേഖനം ചെയ്ത വേറൊരു ചിത്രം നോക്കി ‘ഹാ എത്ര സുന്ദരം’ എന്നു ബൽസാക്കിന് ഉദ്ഘോഷിച്ചാൽ പോരേ? അതാസ്വദിക്കുന്ന വേളയിൽ അതിലുള്ള ഒരു ചെറിയ വീടിനെ നോക്കി അതിനകത്തു കഴിയുന്ന ആളുകളുടെ സുഖജീവിതത്തെ കലാകാരൻ ആവിഷ്കരിച്ചില്ലല്ലോ എന്നു ബൽസാക് പറയുമോ? പറഞ്ഞാൽ അതും കലാബാഹ്യമായിഭവിക്കുകില്ലേ? കല ദർശനത്തിന്റെ - വിഷന്റെ - സ്ഫുടീകരണമാണ്. അതു വിജയം വരിച്ചാൽ കലയും വിജയം വരിച്ചു. അതിനപ്പുറമൊന്നുമില്ല. പ്രതിബദ്ധതയുള്ള കലയും സാഹിത്യവും രണ്ടാം തരങ്ങളാണ്.

* * *

ഗൾഫ് രാജ്യങ്ങളിൽ റോഡിന്റെ രണ്ടുവശങ്ങളിലും തെങ്ങുകൾ നട്ട് ഇടവിടാതെ പൈപ്പ് ജലം കൊണ്ട് അവയുടെ ചുവടുകൾ നനയ്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. അവ വളർന്നു വരുന്നു. പക്ഷേ നമ്മുടെ നാട്ടിലെ തെങ്ങുകൾക്കുള്ള പുഷ്ടിയോ ഹരിതാഭയോ അവയ്ക്കില്ല. കൃത്രിമമായ മരം വളർത്തൽ ഒരളവുവരെ മാത്രമേ വിജയം പ്രാപിക്കൂ. കാരണം അവിടത്തെ മണ്ണിന്റെ സ്വഭാവവും അന്തരീക്ഷത്തിന്റെ സവിശേഷതയും കേരവൃക്ഷത്തിന്റെ വളർച്ചയ്ക്ക് അനുകൂലമല്ല എന്നതാണ്. ഗൾഫ് രാജ്യങ്ങളിൽത്തന്നെ ഈന്തപ്പനകൾ സമൃദ്ധിയാർന്നു നിൽക്കുന്നതും ഞാൻ കണ്ടു. ആ വൃക്ഷങ്ങളെ കേരളത്തിൽ വളർത്താൻ ശ്രമിച്ചാൽ പരാജയമായിരിക്കും ഫലം.

മനുഷ്യരുടെ സ്ഥിതിയും ഇതുതന്നെ. നമ്മുടെ കാലാവസ്ഥ. അന്തരീക്ഷം ഇവയെ ആശ്രയിച്ചാണ് നമ്മുടെ ശരീരസ്ഥിതിയുടെ സവിശേഷത. തിരുവനന്തപുരത്തുകാർക്ക് അന്യദേശങ്ങളിലെ ജീവിതം ദുസ്സഹമാണെന്നതു പോകട്ടെ. ഇവിടെയുള്ളവർ പാലക്കാട്ട് ചെന്നു താമസിച്ചാൽ മതി. സുഖക്കേട് വരും. പാലക്കാട്ടുകാർ ഇവിടെവന്നു താമസിച്ചാലും അതു തന്നെയാവും സ്ഥിതി. കഴിയുന്നതും വേഗത്തിൽ പാലക്കാട്ടുകാർ തിരുവനന്തപുരത്തുനിന്നു തിരിച്ചുപോകും. തിരുവനന്തപുരത്തുകാർ പാലക്കാട്ടുനിന്ന് നെട്ടോട്ടം ഓടും. ഞാൻ ഒരിക്കൽ അങ്ങനെ ഓടിയവനാണ്. ആ ഓട്ടത്തിന് എന്നെ സഹായിച്ച മഹാവ്യക്തികളാണ് ഇ. എം. എസ്സും പ്രഫെസർ ജോസഫ് മുണ്ടശ്ശേരിയും.

സാഹിത്യത്തിന്റെ കാര്യത്തിൽ ഈ തത്ത്വം ശരിയായിരിക്കില്ല. ഇവിടത്തെ സാഹിത്യലോകത്തു സ്വൈരവിഹാരം നടത്തുന്നവർ പടിഞ്ഞാറൻ സാഹിത്യലോകത്ത് ഒന്നു ചെന്നാൽ മതി. ആരോഗ്യം കൂടും. ചൈതന്യം കൂടും. പ്രസന്നത കൂടും. അവിടെനിന്ന് ആരു ബഹിഷ്കരിക്കാൻ ശ്രമിച്ചാലും ചെന്നവൻ അവിടെത്തന്നെ പാർക്കും. പടിഞ്ഞാറുള്ളവൻ - സായ്പന്മാർ - മലയാള സാഹിത്യത്തിന്റെ ലോകത്തു ജീവിക്കാൻ വന്നാലോ? ബാക്ടീരിയ അവരെ സമാക്രമിക്കും. രോഗികളായി അവർ തിരിച്ചു സ്വന്തം സാഹിത്യലോകത്തേക്കു പോകും.