close
Sayahna Sayahna
Search

മലയാളകവികൾ


ഓ.എൻ.വി. കുറുപ്പു്

സാഹിത്യവാരഫലം 1985 09 29

ഒ.എന്‍.വി. കുറുപ്പു്

എലിപ്പത്തായത്തില്‍ കിടക്കുന്ന എലികളാണോ നമ്മള്‍? അല്ല. ഖാണ്ഡവ­വനത്തില്‍ തീപിടിച്ചപ്പോള്‍ അതിനകത്തായിപ്പോയ ശാര്‍ങ്ഗക­പ്പക്ഷികളാണ്. ആ പക്ഷികളായ നമ്മുടെ ദൈന്യവും പ്രത്യാശയും കാവ്യാത്മകമായി ആവിഷ്കരിച്ചു് സമകാലിക ലോകത്തിന്റെ ചിത്രംവരയ്ക്കുന്നു ഒ.എന്‍.വി. കുറുപ്പ് (ശാര്‍ങ്ഗകപ്പക്ഷികള്‍, കലാകൗമുദി, ലക്കം 522). സംസ്കാരത്തിന്റെയും പരിഷ്കാരത്തിന്റെയും അടിത്തറ തകര്‍ന്നു കൊണ്ടിരിക്കുന്നു ഇന്ന്. മനുഷ്യര്‍ക്കു മഹാക്ഷോഭവും ആകസ്മികവിപത്തും തകര്‍ച്ചയും വരുത്തിയ ഈ കാലയളവു പോലെ മറ്റൊരു കാലയളവു് ഒരിക്കലും ഉണ്ടായിട്ടില്ല. അവയൊക്കെക്കണ്ട കവിയുടെ മനുഷ്യത്വത്തിന്റെ സാക്ഷ്യപത്രമാണ് ഈ ഉജ്ജ്വലമായ കാവ്യം. അതിനിന്ദ്യമായ നരത്വത്തിലൂടെ നീങ്ങുന്നവരുടെ പ്രതിനിധികളായി രണ്ടുപേരെ കവി അവതരിപ്പിക്കുന്നു. ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റേയാള്‍ ഉണര്‍ന്നിരിക്കുന്നു. രണ്ടുപേരും ഉറങ്ങിയാല്‍ ജീവിതത്തിന്റെ സംഹാരാത്മകശക്തി അവരെ നശിപ്പിച്ചുകളയും. അതുകൊണ്ടു് സുഷുപ്തിതിയില്‍ വീഴുന്ന വ്യക്തിയെ ഉണര്‍ന്നിരിക്കുന്ന വ്യക്തി സൂക്ഷിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ സൂക്ഷിക്കാതിരിക്കും? വെറും കിടാങ്ങളായ അവരെ നടുക്കുന്ന നൃശംസതകളെ കണ്ടാലും:

മാമ്പൂവുരുക്കുന്ന വേനലിലെ — കണ്ണി–
മാങ്ങകള്‍ തല്ലിക്കൊഴിക്കുന്ന കാറ്റിനെ.
പ്രാവിന്‍കുരുന്നിനെ റാഞ്ചും പരുന്തിനെ–
പൂവാങ്കരുന്നിലരിക്കും പുഴുവിനെ–
കുഞ്ഞിന്റെ പൊക്കിളില്‍ നോക്കിയിരുന്നതിന്‍
കന്നിയിളം ചോരയൂറ്റുന്നാരോന്തിനെ–
പോത്തിന്‍ പുറത്തു വന്നെത്തുന്ന രൂപത്തെ–
ഓര്‍ത്തു നടങ്ങും കിടാങ്ങള്‍ നാമിപ്പോഴും.

ലോകത്തിന്റെ പാതകങ്ങളെയും ഉന്മാദങ്ങളെയും ഇങ്ങനെ പ്രതീകങ്ങളിലൂടെ സ്ഫുടീകരിച്ചിട്ട് പ്രസാദാത്മകത്വത്തിന്റെ പ്രകാശം വിതറുന്നു കവി.

“എങ്കിലും സ്വപ്നങ്ങള്‍ കാണുന്ന നമ്മുടെ
കണ്ണുകള്‍ കാലം കവര്‍ന്നില്ലിതുവരെ:
കന്നിവെറിയില്‍ മകരക്കുളിരിനെ
കര്‍ക്കിടകക്കരിവാവില്‍ തെളിവുറ്റ
ചിങ്ങപ്പുലരിയെ സാന്ദ്രമൗനങ്ങളില്‍
സംഗീതധാരയെ–കാളും വിശപ്പിലും
നല്ലോണമുണ്ണുന്ന നാളിനെ കല്ലിന്റെ–”
യുള്ളിലുമേതോ കരുണതന്‍ മൂര്‍ത്തിയെ
നമ്മള്‍ കിനാവു കാണുന്നൂ! കിനാവുകള്‍
നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു”

ശരിയായ ജിവിതം. ധാര്‍മ്മികമായ ചിന്ത ഇവയൊക്കെ ഈ കിനാക്കളുടെ ഫലങ്ങളാണ്. ആ സ്വപ്നങ്ങളെ സാക്ഷാല്‍കരിക്കാന്‍ ആഹ്വാനം നടത്തുന്ന കവി വിഷാദത്തിന്റെ “കരിനീല തടകങ്ങളെ” ദര്‍ശിക്കുന്ന ആളല്ല; ആഹ്ലാദത്തിന്റെ ധവളശൃംഗങ്ങളെ കാണുന്ന വ്യക്തിയാണ്. ഖാണ്ഡവവനത്തില്‍ അകപ്പെട്ട ശാര്‍ങ്ഗകപ്പക്ഷികള്‍ രക്ഷപ്പെട്ടു. ക്രൂരതയുടെ അഗ്നി നാലുപാടും കത്തുന്ന ഈ ലോകത്ത് അകപ്പെട്ട നമ്മളും രക്ഷപ്പെട്ടു. സമകാലിക സമൂഹത്തിന്റെ ചേതനയെ കണ്ടറിഞ്ഞ കവിയാണ് ഒ.എന്‍.വി. കറുപ്പെന്ന് ഈ കാവ്യം ഉദ്ഘോഷിക്കുന്നു.


കടമ്മനിട്ട രാമകൃഷ്ണൻ

സാഹിത്യവാരഫലം 1985 10 13

മനുഷ്യന്‍ പരതന്ത്രനാണു്. ഭൂമിയാണു് ആ പാരതന്ത്ര്യം ഉളവാക്കുന്നതു്. എങ്കിലും അവനു് ഇവിടം വിട്ടുപോകാന്‍ സാദ്ധ്യമല്ല. അന്തരീക്ഷത്തിലേക്കു നയനങ്ങല്‍ വ്യാപരിപ്പിച്ചു് അനന്തതയെ സാക്ഷാത്കരിക്കാന്‍ അവന്‍ ശ്രമിക്കുന്നതെല്ലാം വ്യര്‍ത്ഥം. ഭൂമി പിടയുന്നു. ഞെട്ടുന്നു. അങ്ങനെയുള്ള ഈ ഭൂമിയില്‍ ചെറിയ ചെറിയ സുഖങ്ങല്‍ അനുഭവിച്ചു് അവന്‍ നില്‍ക്കുന്നു. അവയില്‍ പങ്കുകൊള്ളാന്‍ ക്ഷുദ്രജീവികള്‍പോലും എത്തുന്നു. അവയ്ക്കു നിരാശത; മനുഷ്യനും നിരാശത പക്ഷേ ഭൂമിയോടു ബന്ധപ്പെട്ട മനുഷ്യനു് മറ്റെന്തു മാര്‍ഗ്ഗമാണുള്ളതു്? അനന്യങ്ങളിലെത്താന്‍ കൊതിച്ചുകൊണ്ടു്, ആ അഭിലാഷത്തിനു സാഫല്യമില്ലാത, പിടയുന്ന ഭൂമിയില്‍ത്തന്നെ അവന്‍ നില്‍ക്കുന്നു. ഇതാണു് ഇന്നത്തെ മനുഷ്യന്റെ പ്രിഡിക്കമെന്റ് വൈഷമ്യമാര്‍ന്ന സ്ഥിതി. ഇതിനെ അനുഗൃഹിതനയേ കവി കടമ്മനിട്ട ‘പൊരിക്കടല’ എന്ന കൊച്ചു കാവ്യത്തില്‍ ആവിഷ്കരിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പു്)

“കടലയ്ക്കു കൈനീട്ടിനില്‍ക്കുമക്കുഞ്ഞിന്റെ
കണ്ണില്‍ കടല്‍പ്പാമ്പിളക്കം
കണ്ണന്‍ ചിരട്ടയില്‍ കാല്‍തട്ടിവീണെന്റെ
സൂര്യനും താണുപോകുന്നു.
ഇരുളിന്റെ തേറ്റയേറ്റിടറി ഞാന്‍ വീഴുന്നു
പിടയുന്ന ഭൂമിതന്‍ നെഞ്ചില്‍,”

പക്ഷേ “ഇവിടെയിപ്പിടയുന്ന ഭൂമിയിലല്ലാതെനിക്കഭയമില്ലാശ്വാസമില്ല.”


കിളിമാനൂര്‍ രമാകാന്തന്‍

സാഹിത്യവാരഫലം 1986 05 04

ബ്രേതന്‍ ബ്രേതന്‍ ബാഹ് പറഞ്ഞ ഈ മൗലികതയാണു് കിളിമാനൂര്‍ രമാകാന്തന്റെ ‘സുഖമെന്നു വിശ്വസിക്കുന്നു’ എന്ന കാവ്യത്തിന്റെ സവിശേഷത. സ്വാഭാവികമായും കാവ്യത്മകങ്ങളായ വിഷയങ്ങളുണ്ടു്. അവയെ ആകര്‍ഷികമായി പ്രതിപാദിക്കാന്‍ വൈഷമ്യമില്ല. എന്നാല്‍ കാവ്യാത്മകതയില്ലാത്ത രസശൂന്യങ്ങളായ വിഷയങ്ങളെ കാവ്യാത്മകമായി വര്‍ണ്ണിക്കാന്‍ പ്രതിഭയുള്ളവർക്കേ കഴിയൂ. രമാകാന്തന്‍ അത്തരം പ്രതിഭയാല്‍ അനുഗൃഹീതനത്രേ. ബീഡി തെറുക്കുന്നവനെയും ഇസ്തിരിയിടുന്നവനെയും ഇറച്ചിവെട്ടുന്നവനെയും, തെണ്ടുന്നവനെയും വോട്ട് ചോദിക്കുന്നവനെയും മററും ഭാവനാത്മകമായി അവതരിപ്പിച്ചതിനുശേഷം കവി ഹൃദയം ദ്രവിപ്പിക്കുമാറു് ചോദിക്കുന്നു:

അകലെയുറങ്ങുന്നൊരെന്‍
ഗ്രാമഭൂമിയില്‍
ഒരു കൊച്ചു കല്ലറ
അതിലന്തിവേളിയില്‍
ഒരു തിരി കത്തിച്ചു
തിരിപോലെയെരിയുന്ന
വിധവയെക്കാണ്‍മു ഞാന്‍
അടിയിലുറങ്ങും സുഹൃത്തേ
സുഹൃത്തേ, സുഹൃത്തേ
സുഖമോ സുഹൃത്തേ നിനക്ക്?

ലളിതവും ഋജുവുമായ മനസ്സാണു് കിളിമാനൂര്‍ രമാകാന്തനുള്ളതു്. അ മനസ്സുകൊണ്ടു് അദ്ദേഹം ജീവിത്തിന്റെ ഉജ്ജ്വലങ്ങളായ നിമിഷങ്ങളെ കാണുന്നു. നമുക്കുവേണ്ടി അവയെ ചിത്രീകരിക്കുന്നു. ജന്മനാ കവിയായ ഇദ്ദേഹത്തിനു് അര്‍ഹിക്കുന്നിടത്തോളം പ്രശസ്തി ഇല്ല. കാരണം സ്പഷ്ടം. ഒരു പാര്‍ട്ടിയും അദ്ദേഹത്തെ പിന്താങ്ങാനില്ല. കവേ, താങ്കള്‍ക്ക് അതില്‍ വൈഷ്മ്യമരുതു്. സഹൃദയര്‍ താങ്കളെ മാനിക്കുന്നുണ്ടു്.


തകഴി ശങ്കരനാരായണൻ

സാഹിത്യവാരഫലം 1987 03 29

ദാര്‍ശനിക വിഷയങ്ങളെക്കുറിച്ച് എഴുതുന്നവരില്‍ എനിക്കേറ്റവും അഭിമതന്‍ റൈമുണ്ടോപ്പണിക്കരാണ് (Raimundo Panikkar) അദ്ദേഹത്തിന്റെ The Vedic Experience എന്ന ഗ്രന്ഥം ഞാന്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. ദാര്‍ശനിക ചിന്തനത്തിനുള്ള പ്രധാന ഹേതു മോഹഭംഗമാണെന്ന് അദ്ദേഹം ആ ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. പ്രതൃക്ഷാനുഭവങ്ങളുടെ മായിക സ്വഭാവം മനുഷ്യനെ അസ്വസ്ഥനാക്കുന്നു. അവന്‍ ആ അനുഭവങ്ങള്‍ ഭേദിച്ച് അകത്തേക്കു ചെല്ലുന്നു. അദ്ഭുതത്തെസ്സംബന്ധിച്ച ബോധമാണ് ദാര്‍ശനിക ചിന്തനത്തിനു കാരണമായി ഭവിക്കുന്നതെന്നു വേറൊരു മതവുമുണ്ട്. ഇവ രണ്ടും ഒരു സങ്കല്പത്തില്‍നിന്നാണു ജനിക്കുന്നത്. കണ്ണു കാണുന്നതിനെക്കാള്‍ കൂടുതലായി എന്തോ ഉണ്ടെന്ന വസ്തുത. ഈ സങ്കല്പം രണ്ടുവിധത്തിലുള്ള പ്രതികരണങ്ങള്‍ക്കു ഹേതുവായിത്തീരുന്നു. ഒരാള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. ലോകം കൂടുതല്‍ ഭംഗിയുള്ളതാകണം, സത്യാത്മകമാകണം, ഗഹനമാകണം, സമ്പൂര്‍ണ്ണമാകണം. ഈ പ്രസാദാത്മകത്വത്തിന് അടിയേല്‍ക്കുമ്പോള്‍ അയാള്‍ക്കു മോഹഭംഗം ഉണ്ടാകുന്നു. രണ്ടാമത്തെയാളിന് ആദ്യത്തെയാളിനുള്ള പ്രതീക്ഷകളില്ല. ലോകം അത്രകണ്ടു വിരൂപമല്ല. നിരാശതാജനകമല്ല എന്ന വിചാരമാണ് അയാള്‍ക്ക് ഇവിടെ വിഷാദാത്മകത്വമാണ്. അത് അദ്ഭുതത്തിലേക്കു ചെല്ലുന്നു. ആദ്യത്തെയാളിന് മോഹഭംഗം കാരണം സത്യമായത് കാണപ്പെടുന്നില്ല എന്നതുതന്നെ. രണ്ടാമത്തെയാളിന് അദ്ഭുതം ഹേതു വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളവതന്നെ എന്നതാണ് (Page 453, Vedic Experience).

ഈ അദ്ഭുതമാണ് തകഴി ശങ്കരനാരായണന്റെ “പുഷ്കലാവര്‍ത്തച്ചിറകില്‍” എന്ന നല്ല കാവ്യത്തിന് അവലംബം (മനോരാജ്യം) കേട്ടാലും: വിഷയത്തിനു യോജിച്ച ലയവും പദവിന്യാസവും ഈ കാവ്യത്തിന്റെ സവിശേഷതകളാണ്.


പി. ഭാസ്കരന്‍

സാഹിത്യവാരഫലം 1986 08 17

അല്‍ബേര്‍ കമ്യൂവിന്റെ ‘പ്ലേഗ്’ എന്ന നോവല്‍ ഏതു സഹൃദയനെയും എന്തെന്നില്ലാത്തവിധം ആകര്‍ഷിക്കും. അതിലെ ഒരു വാക്യം ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. The order of the world is shaped by death — ലോകത്തിനു വ്യവസ്ഥ നല്കുന്നതു മരണമാണു്. പട്ടണത്തില്‍ പ്ലേഗ് പടര്‍ന്നുപിടിക്കുമ്പോല്‍ മനുഷ്യരെല്ലാവരും ഒന്നാകുന്നു. രോഗം അപ്രത്യക്ഷമായാലും ആപത്തിനെ ഓര്‍ത്തിട്ടു് ആ ഐക്യം അവര്‍ പുലര്‍ത്തിക്കൊണ്ടു പോകുന്നു. അടുത്ത വീട്ടില്‍ മരണമുണ്ടായാല്‍ നമ്മള്‍ ഓടിച്ചെല്ലുന്നു; നമ്മുടെ വീട്ടില്‍ മരണമുണ്ടായാല്‍ അവര്‍ ഓടിവരുന്നു. മൃതദേഹം സംസ്കരിച്ചുകഴിയുമ്പോല്‍ അതുവരെയുണ്ടായിരുന്ന സ്നേഹത്തിനു് ദാര്‍ഢ്യം സംഭവിക്കുന്നു. ഇതുതന്നെയാണു് പി. ഭാസ്കരന്‍ ഹൃദയത്തെ പിടിച്ചുകുലുക്കുമാറു് പറയുന്നതു്.

നാല്‍വഴികള്‍ കൂടുമീക്കവലയില്‍ പുലരിയില്‍
ആള്‍ക്കൂടിയങ്ങിങ്ങു നില്‌പൂ
ഏതോ യുവാവു മൃതനായി
ഏതോ യുവാവു ഹതനായി.

ആ മരണത്തിനു ഹേതുക്കളായവയെ സംക്ഷേപണസാമര്‍ത്ഥ്യത്തോടെ സ്ഫുടീകരിച്ചിട്ടു് കവി പറയുന്നു.

താനേതിരിഞ്ഞു വ്യഥയാര്‍ന്നെന്റെ മാര്‍ഗ്ഗത്തില്‍
ഞാനേകനായി നടകൊള്‍കെ
ആരോ നിഗുഢമൊരു നിശ്ശബ്ദമാം മൊഴിയില്‍
ആര്‍ക്കുന്നിതെന്റെ ചെവിയില്‍
“നീയാണു പോയതു നിനക്കാണു പോയതു
നമുക്കാണു പോയതൊരു തരുണന്‍”

കവിയുടെ ഈ മനുഷ്യസ്നേഹം നമുക്കേവര്‍ക്കും സ്വീകരണീയം. ആദരണീയം. മരിച്ച തരുണന്‍ നമ്മുടെ സഹോദരനാണെന്നു തോന്നുന്നില്ലേ? മരണത്തിന്റെ അര്‍ത്ഥം നമ്മുടെ ജീവിതത്തില്‍ കാണുന്നു പി. ഭാസ്കരന്‍. നമ്മുടെ ജീവിതത്തിന്റെ അര്‍ത്ഥം ആ യുവാവിന്റെ മരണത്തിലും. ഉത്കൃഷ്ടമായ കാവ്യം.


വിഷ്ണുനാരായണൻ നമ്പൂതിരി

സാഹിത്യവാരഫലം 1997 12 26

ഭൂതകാലത്തെ നശിപ്പിച്ചു ശോഭനമായ ഭാവികാലത്തെ സാക്ഷാത്കരിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് കാവ്യം.

കോഴി കൂവിയാണ് പ്രഭാതത്തെ ആഗമിപ്പിക്കുന്നതെന്ന അർത്ഥത്തിൽ എൻ. വി. കൃഷ്ണവാരിയർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവിതയെഴുതിയിരുന്നതായി ഓർമ്മയുണ്ട്. അതു കവി ഭാവനാജന്യമെന്നു മാത്രം കരുതിയാൽ മതി. പ്രഭാതാഗമനത്താൽ പ്രചോദനം കൊണ്ടിട്ടാണു കോഴി കൂവുന്നത്. പക്ഷേ കവിയെന്ന പൂങ്കോഴി കൂവിയാണ് കവിതാ പ്രഭാതത്തെ ആഗമിപ്പിക്കുന്നത്, പ്രഭാതം നവീനമെന്നു നമുക്കു തോന്നും. സൗന്ദര്യാനുഭൂതിയും അതു ജനിപ്പിക്കുന്ന താദാത്മ്യബോധവും പഴയ വിഷയങ്ങളാകാം. പക്ഷേ ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കൈയിൽ അതിന് നൂതനത്വമുണ്ടാകുന്നു. സൗന്ദര്യത്തെ അംഗനയായി സങ്കല്‌പിക്കൂ. കവി അവളുടെ ശ്യാമളനയങ്ങളിലൂടെ നോക്കുന്നു. അവളുടെ പ്രേമകൂജനങ്ങളിലൂടെ കുയിലിന്റെ കൂജനം ശ്രവിക്കുന്നു. ഈ താദാത്‌മ്യത്തെ സ്ഫുടീകരിക്കുകയാണ് വിഷ്ണുനാരായണൻൻമ്പൂതിരി ആ പേരുള്ള സുന്ദരമായ കാവ്യത്തിലൂടെ (ജന്മഭൂമി വാർഷികപ്പതിപ്പ്). ഉചിതങ്ങളായ പദങ്ങൾ ക്രമമായി വിന്യസിക്കുമ്പോൾ ഗദ്യം. ഉചിതങ്ങളായ പദങ്ങളെ ഉചിതജ്ഞതയുള്ള ക്രമത്തിൽ വിന്യസിക്കുമ്പോൾ കവിത എന്ന കോൾറിജിന്റെ മതം സാർത്ഥകമാകുന്നതു കാണണമെങ്കിൽ ഈ കാവ്യം വായിക്കണം.

പടിഞ്ഞാറേ കോണിലെ ചന്ദ്രക്കല വിളർത്തു വിളർത്ത് അൽപാല്‌പമായി അപ്രത്യക്ഷമാകുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്. ഒരു ജാപ്പനീസ് ചലച്ചിത്ര സംവിധായകൻ കാലത്തെഴുന്നേറ്റ് താമരക്കുളത്തിന്റെ കരയിൽ ചെന്നു നിന്ന് പൂക്കൾ വിടരുന്നതിന്റെ ശബ്‌ദം കേൾക്കുമെന്ന് ആത്‌മകഥയിലെഴുതിയതു ഞാൻ വായിച്ചിട്ടുണ്ട്. എനിക്കാണെങ്കിൽ താമരപ്പൂക്കൾ കൂമ്പുന്ന സന്ദർഭത്തിൽ ഉണ്ടാകുന്ന ശബ്‌ദം കേൾക്കാനാണ് കൗതുകം: ചന്ദ്രക്കലയുടെ മരണത്തിൽ എനിക്കു ആഹ്ലാദമുണ്ടാകുന്നതുപോലെയാണത്. സാഗരതരംഗങ്ങൾ ഉയർന്നു വരുമ്പോഴല്ല അവ തീരത്തു വന്നടിച്ചു ചിന്നിച്ചിതറുന്ന ദൃശ്യമാണ് എനിക്കു പ്രിയം.എന്തേ ഈ അനിയത മാനസികനില എനിക്ക് പ്രായം കൂടുകയും മരണമെന്ന യാഥാർത്ഥ്യം അടുത്തടുത്തു വരികയും ചെയ്യുന്നതു കൊണ്ടാവാം. പക്ഷേ കവിതയുടെ മരണം. വിശാലമായ അർത്ഥത്തിൽ കലയുടെ മരണം നോക്കിക്കാണാൻ എനിക്കാവില്ല. വള്ളത്തോൾക്കവിത എന്ന പൂർണ്ണചന്ദ്രൻ നേർത്ത ചന്ദ്രക്കലയായി മാറി അസ്തമയത്തിൽ ചെന്നപ്പോൾ ഞാൻ ദുഃഖിച്ചു.ആ വിഷാദമാണ് ഇന്നത്തെ കവിത കാണുമ്പോഴും എനിക്കുണ്ടാവുക.

സുഗതകുമാരി

സാഹിത്യവാരഫലം 1984 08 05

സുഗതകുമാരി

വിരസമായ, മങ്ങലേറ്റ ഈ അന്തരീക്ഷത്തിൽ എത്രയെത്ര അതിസുന്ദരങ്ങളായ ചിത്രശലഭങ്ങളാണ് വർണ്ണച്ചിറകുകൾ വീശി പറക്കുന്നത്! അവയുടെ ഭംഗികൊണ്ട് അന്തരീക്ഷത്തിന്റെ വൈരസ്യം മാറുന്നു. അവ്യക്തതമാറി ഔജ്ജ്വല്യം ഉണ്ടാകുന്നു. ചിത്രശലഭങ്ങളേ, നിങ്ങൾ സൗന്ദര്യത്തിന്റെ പ്രതീകങ്ങളോ? സത്യത്തിന്റെ ഉടലെടുത്ത രൂപങ്ങളോ? അതോ മായയോ കിനാവോ? പരമാർത്ഥമറിയാൻ ഞാനൊന്നു നിങ്ങളേ സ്പർശിച്ചാൽ മതി. എന്റെ പരുക്കൻ കൈയിൽ രേണുക്കൾ ഒളിവിതറും. അപ്പോൾ എന്റെ സംശയം തീരും. നിങ്ങൾ സൗന്ദര്യമായ സത്യവും സത്യമായ സൗന്ദര്യവുമാണെന്നു ഞാൻ മനസ്സിലാക്കും.

മാതൃഭൂമിയുടെ വെള്ളക്കടലാസ്സിലെ കറുത്ത അക്ഷരങ്ങളിൽ നിന്നു ഉയർന്നു പറക്കുന്ന ഈ ചേതോഹരമായ ചിത്രശലഭമേതാണു? സുഗതകുമാരിയുടെ “ഒരു പാട്ടു പിന്നെയും” എന്ന കാവ്യം. അതിന്റെ പാറിപ്പറക്കൽ, വർണ്ണച്ചിറകുവീശൽ ഇവ ഞാൻ പല പരിവൃത്തി കണ്ടു, ഇനിയും കാണാൻ എനിക്കു കൗതുകമേയുള്ളു. ഈ വിരസമായ അസ്പഷ്ടതയ്ക്കു സ്പഷ്ടത നൽകുകയും ചെയ്യുന്ന ഈ കാവ്യ ശലഭത്തിന്റെ സത്യാത്മകതയെക്കുറിച്ചു സംശയം വേണ്ട. എങ്കിലും ഞാൻ സ്പർശിച്ചു. കരതലമാകെ സുവർണ്ണരേണുക്കൾ.

ചിറകൊടിഞ്ഞ ഒരു കാട്ടുപക്ഷിയുടെ ദയനീയമായ ജീവിതം ആലേഖനം ചെയ്യുകയാണു കവി. ചിറകൊടിഞ്ഞ ആ പക്ഷി ഒരു പാട്ട് പിന്നെയും മൂളി നോക്കുന്നു. അതിനോടൊരുമിച്ചു പാടാൻ വേറൊരു കിളിയില്ല. കൊച്ചുമക്കൾ നേരത്തെ പിരിഞ്ഞുപോയി. എങ്കിലും അതു പാടുന്നു. ആരും കേൾക്കാനില്ലെന്നു കരുതതുത്.

ഇരുളിൽത്തിളങ്ങുമിപ്പാട്ടുകേൾക്കാൻ കൂടെ
മരമുണ്ടു മഴയുണ്ടു കുളുരുമുണ്ടു
നിഴലുണ്ടു പുഴയുണ്ടു തലയാട്ടുവാൻ താഴെ
വഴിമരച്ചോട്ടിലെ പുല്ലുമുണ്ട്
ആരുമില്ലെങ്കിലെന്തായിരം കൊമ്പത്തു
താരുകളുണ്ടു താരങ്ങളുണ്ടു്!
അപ്പാട്ടിലാഹ്ലാദത്തേനുണ്ടു കനിവെഴും
സ്വപ്നങ്ങളുണ്ടു്, കണ്ണീരുമുണ്ടു്.

പക്ഷിയുടെ കഥ മാത്രമല്ലിതു്. ഏകാന്തതയുടെ ദുഃഖം അനുഭവിക്കുന്ന മനുഷ്യന്റെ കഥയുമാണിതു്. അവന്റെ ഭവിതവ്യത മുഴുവൻ ഏതാനും വരികളിൽ ഒതുക്കിയിരിക്കുന്നു സുഗതകുമാരി. കാവ്യത്തിന്റെ പര്യവസാനംകൂടി കണ്ടാലും:

വെട്ടിയ കുറ്റിമേൽചാഞ്ഞിരുന്നാർദ്രമാ
യൊറ്റച്ചിറകിന്റെ താളത്തോടെ
ഒരു പാട്ടുവീണ്ടും തെളിഞ്ഞുപാടുന്നിതാ
ചിറകൊടിഞ്ഞുള്ളൊരിക്കാട്ടുപക്ഷി.

എന്റെ സ്മരണമണ്ഡലത്തിൽ എല്ലാക്കാലവും ഈ കാവ്യം പനിനീർപ്പൂവു പോലെ വിടർന്നുനിൽക്കും. ചിത്രശലഭം പോലെ പാറിക്കളിക്കും.