close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 01 20


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 01 20
ലക്കം 488
മുൻലക്കം 1985 01 13
പിൻലക്കം 1985 01 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ ഇടയന്‍ ആടുകള്‍ക്കു ചുറ്റും നാലു കാലില്‍ നീങ്ങി കൂടെക്കൂടെ കരയ്ക്കുന്നു. ആടുകളെ സൂക്ഷിക്കാനുള്ള നായു് പല്ലുകള്‍ക്കിടയില്‍ പൈപ്പ് വച്ചു കൊണ്ടു തണുപ്പാര്‍ന്ന നിഴലില്‍ ഇരിക്കുന്നു. ചുട്ടു പഴുത്ത നിലാവു് പുല്ലുകളെ കരിക്കുകയാണു്.” പലരും വാഴ്ത്തിയ ഒരു നവീന കാവ്യത്തിന്റെ ഒരു ഭാഗമാണിതു്. അങ്ങനെ പ്രശംസിക്കത്തക്ക വിധത്തില്‍ ഇതിലെന്തുണ്ടു് എന്നതുമാത്രം വ്യക്തമല്ല. ഇമേജൂകളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാല്‍ കവിതയാകുമോ? എന്നാല്‍ താഴെച്ചേര്‍ക്കുന്നവയാകെ കവിത തന്നെ. പരിചാരിക സോപ്പ് പൊടി വെള്ളത്തില്‍ കലക്കി പതയ്ക്കുമ്പോള്‍ പ്ലാസ്റ്റിക്‍ തൊട്ടിയിലെങ്ങും വെളുത്ത മേഘത്തുണ്ടുകള്‍. അന്തരീക്ഷത്തിലെ നീലജലത്തില്‍ സോപ്പ് പത; അടുക്കളയില്‍ അടുപ്പിനുള്ളില്‍ അമര്‍ന്നു് എരിയുന്ന കാമം. അടുക്കളക്കാരിയായ ചെറുപ്പക്കാരിയുടെ ഉള്ളില്‍ അടങ്ങിക്കിക്കത്തുന്ന അഗ്നി; മേശപ്പുറത്തു് ചന്ദ്രന്‍. ആകാശത്തു് വട്ടത്തിലുള്ള സ്റ്റീല്‍ ആഷ്ട്രേ; നദിയില്‍ കണ്ണുകള്‍. സുന്ദരിയുടെ മുഖത്തു് രണ്ടു മത്സ്യങ്ങള്‍; മില്‍ക്ക്ബൂത്തിന്റെ കട്ടിളപ്പടിയില്‍ വെളുത്തവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍. കോണ്‍വെന്റിന്റെ നടയില്‍ പാലുനിറച്ച കുപ്പികള്‍ — ഇങ്ങനെ ഇമേജുകളെ ‘ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ട്രാന്‍സ്ഫര്‍’ നടത്തിയാല്‍ കവിതയാവില്ല. ഒരു പോളിഷ് കവിയുടെ കൊച്ചുകാവ്യം ഓര്‍മ്മയിലെത്തുന്നു.

ചിത്രശലഭം ഊറ്റത്തോടെ അതിന്റെ ചിറകുകള്‍ അടച്ചാല്‍ ഒരാഹ്വാനം ഉണ്ടാകും: “ദയവായി നിശ്ശബ്ദത പാലിക്കു” ഞെട്ടിയ പക്ഷിയുടെ ഒരു തൂവല്‍ ഒരു രശ്മിയുമായി ഇടഞ്ഞാല്‍ ഒരാഹ്വാനമുണ്ടാകും: “ദയവായി നിശ്ശബ്ദത പാലിക്കു.” ഇമ്മട്ടില്‍ ശബ്ദം കൂടാതെ ഭൂമിയില്‍ നടക്കാന്‍ മനുഷ്യനെ അഭ്യസിപ്പിച്ചിരിക്കുന്നു. പേടിയാര്‍ന്നവനില്‍ നിന്നു് രോമമെഴുന്നു നില്ക്കുന്നതുപോലെ ഭൂതലത്തില്‍ നിന്നു് മരങ്ങള്‍ നിശ്ശബ്ദമായി ഉയര്‍ന്നു നില്ക്കുന്നു.

കവികള്‍ ‘ശബ്ദംകൂടിയ’ ഇമേജറി കൊണ്ടു് വായനക്കാരെ ക്ലേശിപ്പിക്കരുത്. “സൈലെന്‍സ് പ്ലീസ്.”

ശബ്ദം

എവിടെ ശബ്ദം ഉയരുന്നുവോ അവിടെ ആപത്തുണ്ടു്. സംഗീതത്തെസ്സംബന്ധിച്ചും ഇതുശരിയാണെന്നു് ജര്‍മ്മന്‍ നോവലിസ്റ്റ് ഹെസ്സെ പറഞ്ഞു. ചൈനയിലെ രണ്ടു ജനമര്‍ദ്ദകര്‍ ശബ്ദം കൂടിയ സംഗീതം സൃഷ്ടിച്ചിട്ടു് അതാണു് സുന്ദരമെന്നു് ഉദ്ഘോഷിച്ചു. സകല വിധത്തിലുള്ള അതിരുകളും അവര്‍ ലംഘിച്ചു. സംഗീതം സമനിലയില്‍ നിന്നാണു് ഉണ്ടാകുന്നതു്. ആ സമനിലയെ തകര്‍ത്തുകൊണ്ടു് ഉച്ചത്തിലുള്ള സംഗീതം ആവിര്‍ഭവിക്കുമ്പോള്‍ രാഷ്ട്രം തകരും (ഹെസ്സെയുടെ Magister Ludi എന്ന നോവല്‍ വായിച്ച ഓര്‍മ്മയില്‍നിന്നു്). ഇന്നു് ഏതു മണ്ഡലത്തിലും മഹാസ്വനമേയുള്ള രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലം നോക്കുക. വിമാനം റാഞ്ചുന്നതിന്റെയും കൊലപാതകം നടത്തുന്നതിന്റെയും മഹാ ശബ്ദകാരിത്വം. ആത്മാഹുതിയും ഇതുപോലെയൊരു ഉച്ചഭാഷണമാണു്. അതിനെയാണു് തോപ്പില്‍ ഭാസി നിന്ദിക്കുന്നതു്. അമ്മ, ഭാര്യ, മകന്‍ ഇവര്‍ക്കു് രോഗം വരുമ്പോഴോ അല്ലെങ്കില്‍ അവര്‍ മരിക്കുമ്പോഴോ ചത്തുകളയാമെന്നു വിചാരിക്കാത്തവന്‍ “ഒരു രാഷ്ട്രീയനേതാവിന്റെ രോഗത്തിലുള്ള ദുഃഖം കൊണ്ടു മരിക്കാന്‍ തയ്യാറായാല്‍ ആ കഴുതയങ്ങു ചാകുന്നതാണു നല്ലതു്. എനിക്കതിലുള്ള ദുഃഖം കുറച്ചു മണ്ണെണ്ണ നഷ്ടപ്പെടുന്നല്ലോ എന്നുള്ളതു മാത്രമാണു്” എന്നു് ഭാസി എഴുതുന്നു (കുങ്കുമം വാരിക). എനിക്കു പറയാനുള്ളതു് മറ്റൊരാള്‍ പറയുമ്പോള്‍ എനിക്കു് ആഹ്ലാദം. ആ വിധത്തില്‍ ഭാസി പറഞ്ഞതു കേട്ടു് ഞാന്‍ ആഹ്ലാദിക്കുന്നു. ആ ആഹ്ലാദം പ്രകടിപ്പിക്കുന്നതിലും എനിക്കു് ആഹ്ലാദമുണ്ടു്. കുട്ടിക്കു് ആടാന്‍ ഊഞ്ഞാലിട്ടു കൊടുത്താല്‍ അവന്‍ അതില്‍ ഇരുന്നും നിന്നും ആടി സന്തോഷം പ്രദര്‍ശിപ്പിക്കും. ഞാന്‍ ഒരു നല്ല കാവ്യമോ കഥയോ വായിച്ചു രസിച്ചാല്‍ അതു പരസ്യമായി പറയുകയില്ല. രചയിതാവിനെ കാണാനിടവന്നാല്‍ കാവ്യം കണ്ടില്ല. കഥ കണ്ടില്ല എന്ന രീതിയില്‍ അങ്ങു നടന്നു പോകും. ഈ നിശ്ശബ്ദത അധമമാണു്. അതുകൊണ്ടു് ഭാസിയുടെ നിരീക്ഷണം നന്നായിയെന്നു് ഉറക്കെപ്പറയുന്നു. ശബ്ദത്തിന്റെ ശത്രുക്കളായ ഹെസ്സെയും ഷോപന്‍ഹോവറും ക്ഷമിക്കട്ടെ.

* * *

വേണാടു് എക്സ്പ്രസ് നീങ്ങി. കാതടപ്പിക്കുന്ന ചൂളം വിളി. അപ്പോള്‍ പ്ലാറ്റ് ഫോമില്‍നിന്നു് ഒരാറു വയസ്സുകാരന്‍ — ചുവന്ന നിക്കറിട്ടു് വെള്ള ബനിയന്‍ ധരിച്ചു നില്‍ക്കുന്ന ഒരു കൊച്ചു സുന്ദരന്‍ പരിചയമില്ലാത്ത എന്നെ നോക്കി കൈ വീശി. വര്‍ഷങ്ങളേറെയായിട്ടും അവന്റെ ആഹ്ലാദത്തിന്റെ നിശ്ശബ്ദത മറക്കാനാവുന്നില്ല എനിക്കു്.

കലാഹിംസ

ലെനിനും ട്രോട്സ്കിയും കലയെ സംബന്ധിച്ച കാര്യങ്ങളില്‍ പ്രതിലോമകാരികളായിരുന്നു. പ്രചാരണാത്മകമായ നവീന റഷ്യന്‍ സാഹിത്യത്തിന്റെയും ചൈനീസ് സാഹിത്യത്തിന്റെയും ദോഷങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ലെനിന്‍, ട്രോട്സ്കി ഇവരുടെ മതങ്ങള്‍ എടുത്തെഴുതി നിന്ദനത്തിന്റെ ശബ്ദമുയര്‍ത്തുന്നതു് ശരിയല്ല. ആ ലേഖകന്‍ അമ്മട്ടില്‍ പ്രസംഗിച്ചിട്ടുണ്ടു്, എഴുതിയിട്ടുണ്ടു്. അതു തെറ്റിപ്പോയി. ലെഷ്ഷക്ക് കൊലകോവിസ്കി പറഞ്ഞതു പോലെ വ്യക്തിഗതങ്ങളായ അഭിരുചികള്‍ക്കു പ്രാധാന്യം കല്പിച്ചവരാണു് അവര്‍. (Lenin and Trotsky were old-fashioned in their personal testes and had no time for avant-garde literature or for Proletkult. Main Currents of Marxism, Vol III Page 51.) പക്ഷേ പ്രചാരണാത്മകമായ കഥയും കാവ്യവും കലയുടെ പരിധിക്കുള്ളില്‍ വര്‍ത്തിക്കണമെന്നു് ഇതെഴുതുന്ന ആള്‍ കരുതുന്നു. അതു് ഇല്ലെങ്കില്‍ ലഘുലേഖ എഴുതിയാല്‍ മതിയല്ലേ. ഉടുത്ത സാരിക്കും വയറ്റിനുമിടയ്ക്കു കൈലേസ് തിരുകി വയ്ക്കുന്ന സ്ത്രീയെപ്പോലെ എവിടെയോ ഒളിച്ചുവച്ച ഒരു ചുവപ്പുതുണി കഥയുടെ പര്യവസാനത്തില്‍ എടുത്തുവീശി വിപ്ലവം ജയിക്കട്ടെ എന്നു വിളിക്കുന്ന ടി.കെ.സി. വടുതലയുടെ ‘പൊട്ടിത്തെറിക്കുന്ന കര്‍ഷകന്‍’ എന്ന കഥ കുങ്കുമം വാരികയില്‍ വായിച്ചപ്പോള്‍ ഇങ്ങനെ കുറിക്കണമെന്നു തോന്നി. നിലത്തിന്റെ ഉടമസ്ഥനായിരുന്ന സമ്പന്നന്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ആ നിലത്തില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ആളുകളെത്തിയപ്പോള്‍ മരിച്ച സമ്പന്നന്റെ തൊഴിലാളി വിപ്ലവവീര്യം പ്രസരിപ്പിക്കുന്നു. ഐഡിയോളജിയുടെ ശബ്ദം ഉച്ചത്തില്‍ കേള്‍പ്പിക്കുന്ന ഈ കഥ പഴഞ്ചനാണു്. അയഥാര്‍ത്ഥമാണു്. ബോധമണ്ഡലം അസത്യം കൊണ്ടു നിറഞ്ഞിരിക്കുമ്പോള്‍ മാത്രമാണു് ഇത്തരത്തിലുള്ള കലാഹിംസകള്‍ നടക്കുന്നതു്.

ഫൊര്‍സ്റ്റര്‍

ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ഗോര്‍ഡന്‍ ഫൊര്‍സ്റ്ററുടെ (Gordon Vorster — ഫൊര്‍സ്റ്റര്‍ എന്നു് ഉച്ചാരണം) The Textures of Silence എന്ന നോവല്‍ ഇന്നലെ വായിച്ചു തീര്‍ത്തു. ചിത്രകാരനും ഫിലിം ഡയറക്ടറും അഭിനേതാവും കവിയും ഒക്കെയായ ഫൊര്‍സ്റ്ററുടെ ഒരേയൊരു നോവലാണിതു്. With “The Textures of Silence” he emerges as a major new novelist to rank alongside Nadine Gordimer, J.M. Coetzee and Andre Brink എന്നാണു് നിരൂപകന്റെ മതം. “A Novel that will alter your view of the world in which we live” എന്നു വേറൊരു നിരൂപകന്‍. ലൈംഗിക രോഗമുള്ള സ്ത്രീയുടെ മകനായി പിറന്നതുകൊണ്ടു് ഡാന്‍ അന്ധനായിപ്പോയി. നൈരാശ്യത്താല്‍ അമ്മ മകന്റെ തലയില്‍ ഒരടി കൊടുത്തതിനാല്‍ അവന്‍ ബധിരനും മൂകനുമായി. തലച്ചോറിന്റെ തളര്‍ച്ചയും അവനുണ്ടായി. അങ്ങനെ അമ്പതു വയസ്സു വരെയുള്ള ജീവിതം. അപ്പോള്‍ മേരിയ എന്ന നേഴ്സ് അയാളെ പരിചരിക്കാൻ എത്തുന്നു. കുട്ടിക്കാലത്തു് കാറപകടത്തില്‍ പെട്ടു് വൈരുപ്യമുള്ളവളായിത്തീര്‍ന്ന മേരിയ — അവള്‍ കുട്ടിക്കാലത്തു് സുന്ദരിയായിരുന്നു. മേരിയയുടെ സാന്നിദ്ധ്യവും പരിചരണവും വിദഗ്ദ്ധനായ ഡോക്ടറുടെ ചികിത്സയും ഡാനിന്റെ എല്ലാ വൈകല്യങ്ങളും മാറ്റുന്നു. I was awed by the beauty of the music and by the loveliness of the voices of Mina and Maria… I emerged from my cocoon of silence…” എന്നു് അയാള്‍ പറയുന്നു. അന്ധനും മൂകനും ബധിരനും ആയ ഡാന്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയുടെ സിംബലാണു്. തന്റെ രാജ്യത്തിന്റെ ഉയര്‍ച്ചയെ ലാക്ഷണികമായി ചിത്രീകരിക്കാനാണു് ഫൊര്‍സ്റ്ററുടെ യത്നം. അതില്‍ അദ്ദേഹം വിജയം പ്രാപിച്ചിട്ടുമുണ്ടു്; സെക്സിന്റെ അതിപ്രസരം തെല്ലൊരു അസ്വസ്ഥത വായനക്കാര്‍ക്കു് ഉളവാക്കുമെങ്കിലും. നോവലിന്റെ ഒരു ഭാഗത്തു് if you feel strongly enough about even a piece of rock it will receive your message or your vibrations എന്നു പറഞ്ഞിട്ടുണ്ടു്. നോവലിന്റെ സന്ദേശവും സ്പന്ദനവും എനിക്കു ലഭിച്ചു എന്നതാണു് ഇതിന്റെ സവിശേഷത.

കള്ളക്കത്തു്

വിലാസിനിയോടുള്ള എല്ലാ ബഹുമാനത്തോടു കൂടി പറയട്ടെ, അദ്ദേഹത്തിന്റെ ഹാസ്യം ക്രൂരമാണു്. ക്രൂരത വരുമ്പോള്‍ ഹാസ്യം കുറയും. സറ്റയറിസ്റ്റിനു് കൈയടി ലഭിക്കുന്നതു് മറ്റുള്ളവരുടെ സ്നേഹത്താലല്ല. പേടിയില്‍ നിന്നാണല്ലോ.

ഞാനും മഹാപണ്ഡിതനായ ബാലരാമപ്പണിക്കര്‍ സാറും ഒരു സമ്മേളനത്തിനു പോകുകയായിരുന്നു. എന്‍. ഗോപാലപിള്ള സാറ്, ജി. ശങ്കരക്കുറുപ്പിനയച്ച ഒരു സംസ്കൃത ശ്ലോകം എഴുതി കടല്ലാസ്സു് ഞാന്‍ പണിക്കര്‍ സാറിനെ കാണിച്ചു. ‘ഒന്നും കാണാന്‍ വയ്യ’ എന്നു പറഞ്ഞു് അദ്ദേഹം അതു തിരിച്ചു തന്നു. ഞാന്‍ അദ്ഭുതപ്പെട്ടു. അത്രയ്ക്കു സ്പഷ്ടമായിട്ടാണു് ഗോപാലപിള്ള സാറ് കവിത എഴുതിയിരുന്നതു്. ഞാന്‍ പെട്ടെന്നു നോക്കിയപ്പോള്‍ പണിക്കര്‍ സാറിന്റെ മൂക്കുകണ്ണാടി മുഴുവന്‍ പൊടിയും അഴുക്കും പറ്റിയിരിക്കുന്നതു കണ്ടു. സോഡ കുടിക്കാന്‍ കാറ് നിര്‍ത്തിയപ്പോള്‍ ഞാന്‍ ആ കണ്ണട വാങ്ങി കഴുകി തുടച്ചു കൊടുത്തു. എന്നിട്ടു് ശ്ലോകവും കൊടുത്തു. “കവിത ഒന്നാന്തരം. ‘ഭദ്രാസനേ’ എന്ന പ്രയോഗം അതിലും കേമം” എന്നു് അദ്ദേഹം പരഞ്ഞു. മൂക്കു കണ്ണാടിയില്‍ അഴുക്കു പറ്റിയാല്‍ വായിക്കാനാവില്ല. വികല വീക്ഷണമുള്ളവര്‍ക്കു് അന്യരെ കുറ്റം പറയാനേ കഴിയൂ. മോഹന്‍ എന്ന പേരില്‍ എനിക്കു ലഭിച്ച ഒരു കത്തില്‍ ഇങ്ങനെ ചില വാക്യങ്ങള്‍: “…ഭൂരിപക്ഷാഭിപ്രായത്തിനാണു പ്രസക്തിയെന്നതിനാല്‍ കൃഷ്ണഃ എന്നുച്ചരിക്കാം. അതിനാല്‍ കൃഷ്ണഹനായഹ എന്നാണു് ശരിയായ ഉച്ചാരണം (രജിസ്റ്ററില്‍ കൃഷ്ണന്‍ നായര്‍ എന്നു ചേര്‍ത്തതു് താങ്കളുടെ അച്ഛന്‍ പാമരനായതുകൊണ്ടായിരിക്കണം).” നോക്കുക. പൊടിപറ്റിയ കണ്ണാടി കൊണ്ടു് പതിനാറു വര്‍ഷത്തെ നിരന്തരമായ സേവനത്തെ നോക്കുന്നു. എന്നിട്ടു് തന്തയ്ക്കു പറയുകയും ചെയ്യുന്നു. കാസര്‍ഗോഡ് എന്ന ഡേറ്റ്സ്റ്റാമ്പുള്ള ഈ കത്തു് മെഡിക്കല്‍കോളേജിലെ ഏതോ വിദ്യാര്‍ത്ഥി എഴുതിയതാണു്. “താങ്കളുടെ ഉറ്റസുഹൃത്തായ ചിത്തരോഗാശുപത്രിയിലെ ഡോക്ടര്‍ പ്രഭാകരനോടു പറയു ഒരു ചിത്തരോഗാതുരമാസിക (Magazine De Lunatic — മഗാഴീന്‍-ദെ-ലൂനാത്തേ എന്നു മെഡിറ്ററേനിയന്‍ ഭാഷയില്‍) പ്രസിദ്ധീകരിക്കാന്‍; അതിന്റെ Chief Managing Editor ആയി സര്‍വ്വഥാ യോഗ്യനായ താങ്കളെ നിയമിക്കാനും. താങ്കള്‍ക്കാവശ്യം 66KV E.C.T. യും (Electrical Convulsive Therapy [കത്തില്‍ ശരിയായിട്ടല്ല എഴുതിയിരിക്കുന്നതു് — ലേഖകന്‍] I.C.T.യും (Insulin Coma Therapy –– ഇന്‍സ്യുലിന്‍ കാമ്യു തേറപ്പേ) ആണു്. കത്തിനു നന്ദി. പരിഹാസവും കൊള്ളാം. പക്ഷേ എനിക്കു് ഈശ്വരനാരാണെന്നും അച്ഛന്‍ ആരാണെന്നും ഗുരുനാഥന്‍ ആരാണെന്നും നല്ല നിശ്ചയമുണ്ടെന്നു് ഈ കത്തെഴുതിയ ആളിനെ അറിയിക്കാന്‍ ആഗ്രഹമുണ്ടു്. അങ്ങനെ നിശ്ചയം ഇല്ലാതിരുന്നെങ്കില്‍ ഞാനും ഭീരുവായി അന്യനു കള്ളക്കത്തെഴുതുമായിരുന്നു.

വിലാസിനി

നോവലിസ്റ്റായ വിലാസിനി സറ്റയര്‍ രചിക്കുന്നതിലും വിദഗ്ദ്ധനാണു്. കായിക്കര രാജു നടത്തിക്കൊണ്ടിരുന്ന ഒരു മാസികയില്‍ അദ്ദേഹം എന്നെ പരിഹസിച്ചു്. ഒരു കഥയെഴുതിയിരുന്നു. ഞാനും അതു വായിച്ചു രസിച്ചു. അമേരിക്കന്‍ എഴുത്തുകാരിയായ അന്നാ കവാനെക്കുറിച്ചു് ഞാന്‍ നടത്തിയ ഒരു പരാമര്‍ശത്തെ കളിയാക്കി അദ്ദേഹമെഴുതിയ ഒരു കത്തു് മലയാളനാടു് പത്രാധിപര്‍ എനിക്കയച്ചു തന്നു. വളരെ പ്രാധാന്യം കൊടുത്തു് അതു് വാരികയില്‍ കൊടുക്കണമെന്നു് അപേക്ഷിച്ചു കൊണ്ടു് ഞാന്‍ പത്രാധിപര്‍ക്കു് എഴുതി. പക്ഷേ അതു് അച്ചടിച്ചു കണ്ടില്ല. അതിനു ശേഷം അദ്ദേഹമെഴുതുന്ന സറ്റയറാണു് കലാകൗമുദിയിലെ “ഒരത്യന്താധുനിക മിത്ത്” എന്നതു്. ആരെ ലക്ഷ്യമാക്കി അദ്ദേഹം ഇതെഴുതിയോ ആ ആള്‍ എന്റെ മിത്രമല്ല. നിരന്തരം അദ്ദേഹം എന്നെ തേജോവധം ചെയ്യുന്നതായി പലരും വന്നു പറയാറുമുണ്ടു്. എങ്കിലും നിരൂപണത്തിലും വിമര്‍ശനത്തിലും വ്യാപരിക്കുന്ന ഞാന്‍ സത്യസന്ധനായിരിക്കേണ്ടതാണു്. അതുകൊണ്ടു വിലാസിനിയോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയുന്നു അദ്ദേഹത്തിന്റെ സറ്റയര്‍ അല്പം ക്രൂരമാണെന്നു്. ക്രൂരത വരുമ്പോള്‍ ഹാസ്യം കുറയും. സറ്റയറിസ്റ്റിനു് കൈയടി (കരഘോഷം) ലഭിക്കുന്നതു മറ്റുള്ളവരുടെ പേടിയാലാണെന്നും സ്നേഹത്താലല്ലെന്നും ഹാസ്ലിറ്റ് പറഞ്ഞിട്ടുണ്ടു്. ഞാന്‍ കൈയടിക്കുന്നില്ല.

യുവാവിന്റെ കണ്ണുനീരു്

“സാര്‍ ഒന്നു ഫോണ്‍ ചെയ്തോട്ടോ” പരിചയമില്ലാത്ത ഒരു യുവാവു് വീട്ടില്‍ക്കയറിവന്നു ചോദിച്ചു. എന്നു ചോദിച്ചു. എപ്പോള്‍ ചോദിച്ചു എന്നൊന്നും പറയുന്നില്ല ഞാന്‍. കുറെക്കാലത്തിനു മുന്‍പു് എന്നു മാത്രം പറയാം. “ഓഹോ, വരൂ,” ഞാന്‍ മുറി കാണിച്ചു കൊടുത്തു. അന്യന്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ അവിടെ ഇസ്പീഡ് ഗുലാനെപ്പോലെ നില്‍ക്കുന്നതു് ശരിയല്ല. അതുകൊണ്ടു് ഞാന്‍ ദൂരെപ്പോയി ഇരുന്നു. എങ്കിലും യുവാവിന്റെ ദയനീയ സ്വരം എന്റെ കാതില്‍ വന്നു വീണു. “…സംസാരിക്കുകയാണു്. പതിനായിരം രൂപയോ? അയ്യോ രണ്ടായിരം കൈയിലുണ്ടു്. മൂവായിരം കൂടി ഭാര്യയുടെ ആഭരണം പണയം വച്ചു വാങ്ങാം, സാര്‍ സ്ഥലം മാറ്റം കൊടുക്കണം എന്റെ ഭാര്യയ്ക്കു്. പതിനായിരത്തിനു് എന്നെക്കൊണ്ടാവില്ല സാര്‍ ങേഹേ ങേഹേ…” യുവാവു് നനഞ്ഞ കണ്ണുകളോടു കൂടി എന്റെ അടുക്കല്‍ വന്നു യാത്ര ചോദിച്ചു. “ആരോടാണു് ഈ അപേക്ഷ?” മര്യാദ കെട്ട ചോദ്യം ഞാന്‍ ചോദിച്ചു. അയാള്‍ മറുപടി പറഞ്ഞു: “…മന്ത്രിയുടെ ഓഫീസില്‍” ഇതു തന്നെയാണു് എം.പി. നാരായണപിള്ള വേറൊരു വിധത്തില്‍ തുറന്നു പറയുന്നതു്. കേട്ടാലും:

“നമ്മുടെ നാട്ടിലെ കാര്യം തന്നെ എടുക്കാം. ഇടതു മുന്നണി ഭരിച്ചാലും വലതു മുന്നണി ഭരിച്ചാലും അഴിമതി അഴിമതിയായി തുടരും. അഴിമതിയില്‍ മറിയുന്ന കാശിനു പോലും വലിയ ഏറ്റക്കുറച്ചിലില്ല. ആകെ ഞാന്‍ കണ്ടിട്ടുള്ള ഒരു വ്യത്യാസം വലതു മുന്നണിക്കാരനു് കാശു കൊടുത്താല്‍ കാര്യം നടക്കും. ഇടതു മുന്നണിക്കാരനു് കാശു കൊടുത്താല്‍പ്പോലും കാര്യം നടന്നു കിട്ടില്ല.”
(കലാകൗമുദി)

ഒരിക്കല്‍ മദ്യപിച്ചാല്‍ വീണ്ടും മദ്യപിക്കും. ഒരിക്കല്‍ പരസ്ത്രീഗമനം നടത്തിയാല്‍ പിന്നെയും അതുണ്ടാകും. ഒരിക്കല്‍ മനഃസാക്ഷിയെ വിറ്റാല്‍ വീണ്ടും അതു വിറ്റേ മതിയാകൂ.

വാക്കു് എന്ന പഞ്ജരം

മുന്‍പു് തിരുവനന്തപുരത്തു് ഒരു ചിത്ര പ്രദര്‍ശനമുണ്ടായിരുന്നു. ഭാരതത്തിലെങ്ങും പ്രശസ്തനാണു് ആ ചിത്രകാരനെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ പേരു മറന്നു പോയി. ചിത്രങ്ങളുടെ കൂട്ടത്തില്‍

ഒരു സൂര്യകാന്തിച്ചെടിയുടെ ചിത്രവുമുണ്ടായിരുന്നു. ആന്തരമായ ഊര്‍ജ്ജം ഉയര്‍ന്നു് ചെടിയില്‍ നിന്നു രക്ഷപ്രാപിക്കാന്‍ ശ്രമിക്കുന്ന പ്രതീതി. വളരെ നേരം ഞാനതു നോക്കിക്കൊണ്ടു നിന്നു. പ്രകൃതിയിലാകെ കാണുന്നതു് ഇതുതന്നെയല്ലേ? രാജകീയ പ്രൌഢീയോടെ കാനനത്തില്‍ നടക്കുന്ന സിംഹം അതിന്റെ ശരീരത്തെ പിന്‍തള്ളി ചൈതന്യം പ്രസരിപ്പിക്കാന്‍ ശ്രമിക്കുകയാണു്. കഥാകാരന്‍ ഭാഷ എന്ന പഞ്ജരത്തെ ഭേദിച്ചു സ്വന്തം ചൈതന്യം ബഹിര്‍ഗമിപ്പിക്കുന്നു. കവിയും അങ്ങനെ തന്നെ. ചിലര്‍ അതിനു യത്നിക്കുമ്പോള്‍ ഭാഷയുടെ അടിമയായിപ്പോകുന്നു. ആവിധത്തിലൊരു അടിമയാണു് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ആരൂപികളുടെ രാത്രി’ എന്ന കഥയെഴുതിയ പി.എഫ്. മാത്യൂസ്. ഒരു സ്ത്രീക്കു് അമ്മാവനെയും അമ്മായിയെയും ഇഷ്ടമില്ല. അവള്‍ക്കു ഭര്‍ത്താവോടുകൂടി മറ്റൊരു വീട്ടില്‍ മാറിത്താമസിക്കണം. അതു നടക്കാത്തതുകൊണ്ടു ദുഃഖം. ഭാര്യയുടെ ദുഃഖം കണ്ടു ഭര്‍ത്താവു മദ്യപനായി. ഒടുവില്‍ അവരെ രണ്ടുപേരെയും തറവാട്ടിലയയ്ക്കാന്‍ അമ്മാവനും അമ്മായിയും തീരുമാനിച്ചു. അയാള്‍ അവിടെച്ചെന്നു തൂങ്ങിച്ചാകാന്‍ ശ്രമിച്ചു. പിന്നീടു് ആ യത്നം ഉപേക്ഷിച്ചു തിരിച്ചു പോന്നു. വാക്കുകളുടെ ബഹളമല്ലാതെ ഇക്കഥയില്‍ ഒന്നുമില്ല. കഥാകാരന്റെ ചൈതന്യം ചിറകൊതുക്കി വാക്കുകളുടെ പഞ്ജരത്തില്‍ കയറിയിരിക്കുന്നു. ആരു വിചാരിച്ചാലും ആ പക്ഷിയെ തുറന്നു വിടാന്‍ വയ്യ.

ദുഃഖമകലാന്‍

വര്‍ഷങ്ങള്‍ക്കു മുന്‍പു് തോപ്പില്‍ ഭാസിയുടെ ഒരടുത്ത ബന്ധുവിനെ — കോളേജ് വിദ്യാര്‍ത്ഥിനിയെ — പാമ്പു കടിച്ചു. ആ കുട്ടി മരിച്ചുപോയി. തോപ്പില്‍ ഭാസി എന്റെ സുഹൃത്താണെങ്കിലും ആ കുട്ടിയെ ഞാനറിയില്ലായിരുന്നു. എങ്കിലും പഠിക്കാനിരുന്ന ആ കുട്ടിയെ പാമ്പു് മേശയ്ക്കടിയില്‍ വന്നു ദംശിച്ചതും ബന്ധുക്കള്‍ പാമ്പിനെ കണ്ടതും ഷോക്ക് ഉണ്ടാകാതിരിക്കാന്‍ പാമ്പല്ല കടിച്ചതു് എന്നു് ആ കുട്ടിയെ ധരിപ്പിച്ചതുമൊക്കെ ഞാന്‍ പത്രത്തില്‍ വായിച്ചു. ഏകാന്തത്തിലിരുന്നു കണ്ണീരൊഴുക്കി. ആ വലിയ ദുഃഖം ഒട്ടൊന്നു കെട്ടടങ്ങിയതു് എന്റെ ഒരു സ്നേഹിതന്‍ അനുശോചനമെന്ന മട്ടില്‍ ഒരു ശ്ലോകം ജനയുഗം വാരികയില്‍ എഴുതിയതു വായിച്ചപ്പോഴാണു്. അത്രയ്ക്കു പരിഹാസ്യമായിരുന്നു ശ്ലോകം. ഭോപാലിലെ ദുരന്തം കണ്ടു നമ്മളെല്ലാം വിറച്ചിരിക്കുകയാണു്. ആ ഞെട്ടലില്‍ നിന്നും മഹാദുഃഖത്തില്‍ നിന്നും നമ്മളെ താല്‍കാലികമായിട്ടെങ്കിലും മോചിപ്പിച്ചു കളയുന്നു ജി. തോമസ് എം.എ. ശാസ്താംകോട്ട ദീപിക ആഴ്ചപ്പതിപ്പിലെഴുതിയ കാവ്യം. കുറച്ചു കേട്ടിട്ടു വാരിക അടയ്ക്കാം വായനക്കാരേ നിങ്ങളുടെ ദുഃഖവും അല്പനേരത്തേക്കു അകലട്ടെ.

“നിന്നിലുള്ള വിനാശ ശക്തികള്‍
നിന്നെയിങ്ങനെ ശ്വാസം മുട്ടിക്കവേ,
നിന്നു പോകൂ ഞാന്‍ മര്‍ത്യ മഹത്വോത്ഥാപിതന്‍
നിഷ്കളങ്കന്‍ ജനി മൃതിവൈരുദ്ധ്യോന്മുഖകന്‍.
വിട നല്കുക വിധ്വംസചിന്തകള്‍ക്കു്
ശടകുടഞ്ഞെഴുന്നേല്ക്കുക സ്നേഹശക്തികള്‍
പുതുയുഗ കാഹളധ്വനികളാല്‍
പുളകിതമാകട്ടെ മാനവചേതനകള്‍.”

പണ്ടു് ദുശ്ശാസനന്‍ ദ്രൗപദിയുടെ വസ്ത്രമഴിച്ചു. ശ്രീകൃഷ്ണന്‍ രക്ഷിക്കാൻ ഉണ്ടായിരുന്നതുകൊണ്ടു് ശ്രീമതി രക്ഷപ്പെട്ടു. ദുശ്ശാസനന്റെ കൃത്യം കുത്സിതമല്ലെന്നു തോന്നുന്നതു് ഇമ്മട്ടിലുള്ള കവിതകള്‍ വായിക്കുമ്പോഴാണു്. സീലിങ് വാക്സ് വാക്സേ അല്ല. ടര്‍ക്കിഷ് ബാത്തിനു ടര്‍ക്കിയുമായി ഒരു ബന്ധവുമില്ല. പേപ്പട്ടിയെ ഹൈഡ്രോഫോബിയയുമായി (വെള്ളം കണ്ടാലുണ്ടാകുന്ന പേടി) ബന്ധിപ്പിക്കുന്നതില്‍ ഒരു യുക്തിയുമില്ല. പേപ്പട്ടി വെള്ളം കണ്ടാല്‍ അതില്‍ ചാടും. കടല്‍ നാക്കിനു് കടലുമായി, നാക്കുമായി ഒരു ബന്ധവുമില്ല. ഒരു മത്സ്യത്തിന്റെ അസ്ഥിയാണതു്. കൈനാറിപ്പൂവിനു നാറ്റമില്ല, സൗരഭ്യമേയുള്ളൂ. തോമസിന്റെ കാവ്യത്തിനു കവിതയുമായുള്ള ബന്ധം കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലെയാണു് (കടലാടി = ഒരു പച്ചമരുന്നു്).

* * *

മന്നത്തു പദ്മനാഭന്‍ അദ്ധ്യാപകനായിരുന്നു. ക്ലാസ്സ് ഭിത്തിയില്‍ തൂക്കിയ ഹെഡ് മാസ്റ്ററുടെ പടത്തില്‍ ഏതോ കുസൃതിക്കാരന്‍ മീശ വരച്ചുവച്ചു. മന്നം ക്ളാസ്സില്‍ കയറിയപ്പോഴാണു് അതു കണ്ടതു്. അദ്ദേഹം ഉടനെ ചോദിച്ചു: “ഹെഡ് മാസ്റ്റര്‍ക്കു മീശവച്ച ക്ഷുരകന്‍ ആരാണു്? എഴുന്നേറ്റു നില്ക്കട്ടെ.” (മനോരാജ്യം, സമ്പാദകന്‍ = വിജയം രവി.) പ്രത്യുല്‍പന്നമതിത്വം വളരെക്കൂടിയ നേതാവായിരുന്നു മന്നം. ഒരിക്കല്‍ അദ്ദേഹം പ്രസംഗിച്ച സ്ഥലത്തു് ഞാനും പ്രഭാഷകനായിരുന്നു. മൈക്കു് കൂടക്കൂടെ പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍ അല്പം ദേഷ്യത്തോടെ അദ്ദേഹം പറഞ്ഞു: “ഞാന്‍ ജനിക്കുന്നതിനും മുന്‍പു ജനിച്ച ഈ മൈക്കു് എന്റെ ശബ്ദം നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരാന്‍ അസമര്‍ത്ഥമാണു്.”

വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഒരു കുട്ടിക്കു് എം.എസ്.സി. ക്ലാസ്സില്‍ അഡ്മിഷന്‍ വേണമെന്നു പറഞ്ഞു മന്നത്തിന്റെ അടുത്തെത്തി. വളരെ സ്നേഹത്തോടെ അദ്ദേഹം ചന്ദ്രശേഖരന്‍ നായരെ അടുത്തു പിടിച്ചിരുത്തി: “അഡ്‌മിഷനോ? തരാമല്ലോ. പിന്നെ ഒരു ചെറിയ തുക ഡൊണേഷനായി തരണം.” തുക എത്രയാണെന്നു് വൈക്കം വിനയത്തോടെ അന്വേഷിച്ചു. മന്നം: “അയ്യായിരം രൂപ.” “അയ്യായിരമോ?” വൈക്കത്തിന്റെ അത്ഭുതം കലര്‍ന്ന ചോദ്യം. മന്നം: “അതേ, മറ്റുള്ള ജാതിക്കാര്‍ക്കു നാലായിരം. ഈ പയ്യന്‍ നായരല്ലേ? അതുകൊണ്ടു് അയ്യായിരം.” നായരുടെ കോളേജ് നന്നാക്കാന്‍ നായര്‍ തന്നെ പണം കൊടുക്കണമെന്നാവാം മന്നത്തിന്റെ അഭിപ്രായം.

കഥയെന്ന പാമ്പു്

സ്നേഹിതന്മാരെ നഷ്ടപ്പെടുന്നതെങ്ങനെ? ഒരാള്‍ പറഞ്ഞതു് മറ്റൊരാളോടു പറയുക, എന്റെ അഭിപ്രായം ശരി എന്ന മട്ടില്‍ സംസാരിക്കുക, സ്നേഹിതന്‍ പറയുന്നതു ശ്രദ്ധിക്കാതിരിക്കുക. അയാള്‍ വന്നു കുറെനേരമിരുന്നു സംസാരിച്ചു കഴിയുമ്പോള്‍ ‘എവിടെ താമസിക്കുന്നു?’ എന്നു ചോദിക്കുക [അയാള്‍ പോകാനുള്ള ആഗ്രഹമാണു് ഈ ചോദ്യമായി മാറുന്നതു്]. ഞാന്‍ തെറ്റു ചെയ്യാത്തവനാണു്, സത്യസന്ധനാണു് എന്നു പറയുക, എന്തെങ്കിലും രഹസ്യം പറഞ്ഞിട്ടു് ‘പുറത്തു പറയരുതു്’ എന്നു നിര്‍ദ്ദേശിക്കുക. ഇങ്ങനെ പലതും. ഇതൊക്കെ സ്നേഹിതരേ ശത്രുക്കളാക്കുന്ന വിദ്യകള്‍. എല്ലാ ആളുകളെയും വെറുപ്പിക്കണമെങ്കില്‍ മണിയയെപ്പോലെ ‘നന്മ നേരുന്നു’ എന്ന ചെറുകഥ എഴുതിയാല്‍ മതി. സുന്ദരിയായ ചെറുപ്പക്കാരി തീവണ്ടിയാപ്പീസില്‍വച്ചു് ഒരു കൂട ഒരു സ്ത്രീയെ ഏല്പിച്ചിട്ടു കടന്നു കളയുന്നു. സ്റ്റേഷന്‍മാസ്റ്റരുടെ മുന്‍പില്‍ വച്ചു് കൂട തുറന്നപ്പോള്‍ ഒരു കുഞ്ഞിന്റെ ശരീരം. കുഞ്ഞു മരിച്ചാല്‍ കഥയുണ്ടോ? ഇല്ല. മരിച്ചിട്ടില്ല മയക്കു മരുന്നു കൊടുത്തിട്ടേയുള്ളു. ചികിത്സ കൊണ്ടു കുഞ്ഞു രക്ഷപ്പെട്ടു, കൂട ഏറ്റു വാങ്ങിയ സ്ത്രീ കുഞ്ഞിനെ വളര്‍ത്താന്‍ തീരുമാനിക്കുന്നു. ഇത്തരം കഥകളെക്കുറിച്ചു് വിമര്‍ശനത്തിന്റെ ഭാഷയില്‍ എന്തെങ്കിലും എഴുതിയാല്‍ അതു് വിമര്‍ശനത്തെത്തന്നെ നിന്ദിക്കലാവും. എനിക്കോര്‍മ്മ വരുന്നതു് എന്റെ മുത്തച്ഛന്‍ പാമ്പുകളെ കൊല്ലുന്ന വിധമാണു്. ഏതു വിഷമുള്ള പാമ്പിനെ കണ്ടാലും അദ്ദേഹം ഓടിച്ചെല്ലും. വാലില്‍ പിടിക്കും. തലകീഴാക്കി തൂക്കി ഒന്നു കുടയും. ദൂരെ എറിയും എല്ലാം ഒരു നിമിഷം കൊണ്ടു്. പാമ്പു് അപ്പോള്‍ത്തന്നെ ചത്തിരിക്കും. ഈ കഥാഭുജംഗമത്തെ വാലില്‍പ്പിടിച്ചു കുടഞ്ഞു ദൂരെ എറിയാന്‍ ആരുണ്ടു്?

* * *

“ആധുനിക നാടകങ്ങളെന്ന വ്യാജേന കാവാലവും നരേന്ദ്ര പ്രസാദുമൊക്കെ കാട്ടിക്കൂട്ടുന്ന കോപ്രാട്ടികള്‍ക്കു് ഞാനിടുന്ന പേരു് “ഒപ്പക്കളി” എന്നാണു് — എ.പി.പി. നമ്പൂതിരി പറഞ്ഞതാണു് ഇതു് (ഈയാഴ്ച വാരിക). ഇതേ കോപ്രാട്ടികള്‍ കവിതയിലും കഥയിലുമുണ്ടല്ലോ. അവയെക്കുറിച്ചു് എ.പി.പിക്കു ദുരഭിപ്രായമില്ല താനും. അപ്പോള്‍ കാവാലത്തിനെയും നരേന്ദ്രപ്രസാദിനെയും വിമര്‍ശിക്കാന്‍ അദ്ദേഹത്തിനെന്തധികാരം?

* * *

പ്രകൃതിവര്‍ണ്ണന കവിതയില്‍ നിന്നു് അപ്രത്യക്ഷമായിക്കഴിഞ്ഞു. എങ്കിലും “വരുമോ കുങ്കുമം തൊട്ട സാന്ധ്യശോഭകണക്കവള്‍?” എന്നു് പി. കുഞ്ഞിരാമന്‍ നായര്‍ ചോദിക്കുമ്പോള്‍ എനിക്കതു് വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹം.